Monday 31 December 2018

Remembering Delhi new year


ഡല്‍ഹിയിലെ പുതുവത്സരം 

ശരിക്കും പുതുവത്സരാഘോഷങ്ങളൊക്കെ തുടങ്ങിയത് ഡല്‍ഹി കേരള ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജോയിന്‍ ചെയ്ത ശേഷമാണ്. ട്രാവന്‍കൂര്‍ ഹൌസിലും കേരള ഹൌസിലും കുടുംബങ്ങള്‍ ചേര്‍ന്നും അല്ലാതെയും നടത്തിയ ഒരുപാട് ആഘോഷങ്ങള്‍. കേരള ഹൌസ് കോണ്‍ഫറന്‍സ് ഹാളും   ക്വാര്‍ട്ടേഴ്സിന് മുന്നിലുള്ള മുറ്റവും  ടെറസും   ഇപ്പോള്‍ അഡീഷണല്‍ ബ്ലോക്കില്‍ കാന്‍റീന്‍ നടത്തുന്ന ഹാളുമൊക്കെ ആഘോഷവേദികളായിട്ടുണ്ട്. ഇതില്‍ ഏറ്റവുമധികം പ്രശ്നമായി മാറിയത് അഡീഷണല്‍ ബ്ലോക്കില്‍ നടന്ന ആഘോഷമായിരുന്നു. ഗസ്റ്റുകള്‍ താമസമുള്ള ഇടമാണ്. അവിടെ അര്‍ദ്ധരാത്രിവരെ നീളുന്ന ആട്ടവും പാട്ടും പുറത്തെ വിവിധ വാഹനങ്ങളിലെ മൊബൈല്‍ ബാറും ഒക്കെ പ്രശ്നമാവും എന്ന അറിവുണ്ടായിട്ടും അക്കാലത്തെ ഒരഹങ്കാരം എന്നുവേണമെങ്കില്‍ ഇപ്പോള്‍ ചിന്തിക്കാന്‍ കഴിയുന്ന വിധമുള്ള ആഘോഷം. ഡപ്യൂട്ടേഷനില്‍ വന്നിട്ടുള്ള കുറച്ചുപേരും ഒപ്പം പുറത്തുനിന്നുള്ള സുഹൃത്തുക്കളും. കേരളഹൌസ് ജീവനക്കാര്‍ക്ക് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. പുറമെ ചില ഗസ്റ്റുകള്‍ക്കും. അവര്‍ അഡീഷണല്‍ റസിഡന്‍റ് കമ്മീഷണര്‍ ആനന്ദ് കുമാര്‍ സാറിനെ വിളിച്ച് പരാതിപ്പെട്ടു. അദ്ദേഹം ഫിറോസ് സാറിനെയും എന്നെയും വിളിച്ചു വിവരമന്വേഷിച്ചു. രാവിലെ എത്തുമ്പോഴേക്കും എല്ലായിടവും വൃത്തിയാക്കി ഇടണം , പരാതി വരാന്‍ പാടില്ല എന്നൊക്കെ പറഞ്ഞു. രാവിലെ തന്നെ ഇത്തരമൊരാഘോഷം അവിടെ നടന്നിട്ടില്ല എന്നുതോന്നും വിധം ജോലിക്കാരെ വച്ച് വൃത്തിയാക്കിച്ചു. ചടങ്ങിന് ഒരു അന്വേഷണമൊക്കെ നടന്നു എന്നു തോന്നുന്നു. അത്രതന്നെ . ഇപ്പോള്‍  2019 തുടങ്ങുന്ന ഈ വേളയില്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍, ഇതൊക്കെയെ ബാക്കിയുള്ളു എന്നു തോന്നുന്നു. ഇന്ന് വിചാരിച്ചാലും നടക്കാത്ത കാര്യം.

 കോളനിയിലെ കുട്ടികളുടെ പാട്ടും നൃത്തവും തംബോലയും ഭക്ഷണവും പൂത്തിരിയും മത്താവുമൊക്കെയായി മറ്റൊരുതരം ആഘോഷത്തിന്  ഇപ്പോള്‍ താമസിക്കുന്ന  വൃന്ദാവന്‍ കോളനി
 അവസരമൊരുക്കുന്നുണ്ട് എന്നതും സന്തോഷപൂര്‍വ്വം ഓര്‍ക്കുന്നു. ഇപ്പോഴും പുറത്ത്  2019 നെ വരവേല്‍ക്കുന്ന  ആഘോഷം നടക്കുകയാണ്.

 ഡല്‍ഹിയില്‍   കൂടെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്ന ഫിറോസ് സാര്‍, സജീവ്, ജിമ്മിച്ചായന്‍ , അങ്ങിനെ പലരും ഓര്‍മ്മയായി മാറിക്കഴിഞ്ഞു.മറക്കാനാവാത്ത സങ്കടങ്ങള്‍ തന്നുള്ള യാത്രയിലാണ് അവര്‍.

ഹരിദാസും  ശ്രീദേവനും കൃഷ്ണചന്ദ്രനും ഗോപനും കണ്ണനും ഗോപിനാഥന്‍ നായര് സാറും മോഹനനും  വിനോദും ജയരാജും    ഹരി നായരുമെല്ലാം   എന്നെ പോലെ ഈ ഓര്‍മ്മകള്‍ അയവിറക്കുന്നുണ്ടാകാം. 2019  മധുരമുള്ള ഓര്‍മ്മകളുടേതാകട്ടെ. എല്ലാവര്‍ക്കും ക്ഷേമ ഐശ്വര്യങ്ങള്‍ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു .

Trip to Manali

2002 ല്‍‍ ആയിരുന്നു ആ യാത്ര. കേരള ഹൌസില്‍ നിന്നും കൃഷ്ണചന്ദ്രനും ശ്രീദേവനും കുടുംബവുമുണ്ടായിരുന്നു. പുറമെ നിന്നും വിനോദും കുടുംബവും കുട്ടിസാബും കുടുംബവും പിന്നെ ബാച്ചിലറായ ശ്രീരാജ് മേനോനും. ഒരു ബസിലായിരുന്നു യാത്ര. മറ്റുള്ളവരെ ഓര്‍മ്മ വരുന്നില്ല.

മഞ്ഞുമലകളുടെ മണാലിയിലൂടെ 



മഞ്ഞിന്‍റെ സാന്ദ്രമായ ശുഭ്രതയില്‍ കുളിച്ചു നില്‍ക്കുന്ന ഭൂമിക. സമതലത്തിനു ചുറ്റാകെ മലകള്‍. മഞ്ഞിന്‍റെ  വെണ്മ പുതച്ച മലകളില്‍ പ്രഭാതസൂര്യന്‍റെ കതിരുകള്‍ സ്വര്‍ണ്ണ ശോഭയേറ്റുമ്പോള്‍ ബിയാസ് നദിയിലെ തെളിമയാര്‍ന്ന  ജലത്തിനും പത്തരമാറ്റ് തിളക്കം. ശരീരവും മനസ്സും യാത്രക്ഷീണം വിട്ടുണര്‍ന്നു . ബിയാസിലെ തണുത്തജലം മുഖത്തുവീണപ്പോള്‍ അമൃത് കഴിച്ച വീര്യം. ദല്‍ഹിയില്‍ നിന്നും പതിനാറുമണിക്കൂര്‍ യാത്ര ചെയ്ത് എത്തിച്ചേര്‍ന്ന ദേവദാരുവിന്‍റെ നാട്.

  മാര്‍ച്ച്  മാസത്തിന്‍റെ ഒടുക്കം. വിനോദസഞ്ചാരികളുടെ പ്രവാഹം തുടങ്ങിയിട്ടില്ല. ഇനിയും രണ്ടാഴ്ചയോളം കഴിയണം. ഹിമാചല്‍ ടൂറിസത്തിന്‍റെ ഹോട്ടല്‍ റോത്താങ്ങ് മണാല്‍സുവിലെ പരിചാരകരിലും ആലസ്യത്തിന്‍റെ ചലനങ്ങള്‍ മാത്രം. എല്ലാം പതുക്കെയാണ്. എന്നും മഞ്ഞണിഞ്ഞു കിടക്കുന്ന ഈ പര്‍വ്വതഭൂവില്‍ മനുഷ്യരെല്ലാം പൊതുവെ തിരക്കില്ലാത്തവരാണ്. നഗരത്തിലെ തിരക്കുകളടെ ജാടകളില്ലാത്ത നിസ്വരുടെ ലോകം.
മണാലിയിലെ ക്ഷേത്രങ്ങളിലും പഴയ കെട്ടിടങ്ങളിലും ബുദ്ധമത സ്വാധീനം തെളിഞ്ഞു കാണാം. 45 വര്‍ഷം  പഴക്കമുള്ള തിബറ്റന്‍ ആശ്രമത്തില്‍ പതിനാലടി വലുപ്പമുള്ള ഒരു ബുദ്ധവിഗ്രഹവും ദലൈലാമ നാട്ടുകാരെ അഭിസംബോധന ചെയ്ത ഒരു ചെറിയ ആശ്രമവും കാണാന്‍ കഴിഞ്ഞു.

ശ്രീരാമന്‍റെ കുലഗുരു വസിഷ്ഠന്‍റെ പേരിലും ഒരു ക്ഷേത്രം മണാലിയിലുണ്ട്. ഏതാണ്ട് ഒന്നര കിലോമീറ്ററോളം കുന്നുകയറിയാണ് വസിഷ്ഠക്ഷേത്രത്തിലെത്തിയത്. 1800 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണെന്ന് പൂജാരിണി സോമവതി പറഞ്ഞു. അവരുടെ മകനാണ് അവിടത്തെ മഹാപൂജാരി. ഒരു കുടുംബം വക ക്ഷേത്രം പോലെയെ തോന്നുകയുള്ളു. ക്ഷേത്രപുനരുദ്ധാരണ ജോലികളും തകൃതിയായി നടക്കുന്നുണ്ട്.തൊട്ടടുത്ത് ഒരു രാമക്ഷേത്രമുണ്ട്. വസിഷ്ഠമുനി അവിടെ പാര്‍ത്തിരുന്നെന്നും ലക്ഷ്മണന്‍ അദ്ദേഹത്തിന് കുളിക്കാന്‍ ചൂടുവെള്ളത്തിനായി അഗ്നിബാണമെയ്ത് ചൂടുവെള്ളം വരുത്തിയെന്നും ഐതീഹ്യം. കുളിക്കാനായി ചൂടുവെള്ളം സദാസമയവും പൈപ്പിലൂടെ ഒഴുകിവരുന്നുണ്ട് എന്നത് സത്യം. മലയടിയില്‍ നിന്നും വരുന്ന ഗന്ധകജലമാണതെന്നു മാത്രം. പുഴുങ്ങിയ മുട്ടയുടെ ഗന്ധമുള്ള ജലം. അതില്‍ കുളിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നും വിശ്വാസികള്‍ അവകാശപ്പെടുന്നു. സ്ത്രീകള്‍ക്കും  പുരുഷന്മാര്‍ക്കും  കുളിക്കാന്‍ പ്രത്യേകം കടവുകള്‍ തീര്‍ത്തിട്ടുണ്ട്.

   പാണ്ഡവരുടെ വനവാസക്കാലത്തിന്‍റെ നല്ലൊരു പങ്ക് കുളുവിലും മണാലിയിലുമായി ചിലവഴിച്ചിട്ടുണ്ട് എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. പുരാതന ക്ഷേത്രങ്ങളില്‍ പലതും പാണ്ഡവരുമായി ബന്ധപ്പെട്ട കഥകളില്‍ കുരുങ്ങികിടപ്പാണ്. അതിലൊന്നാണ് ഹഡിംബദേവി ക്ഷേത്രം. വനവാസക്കാലത്ത് ഭീമന്‍ ഹിഡുംബിയെ കണ്ടതും അനുരക്തനായതും ഇവിടെവച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹിഡുംബിയില്‍ ഭീമന്‍റെ പുത്രന്‍ ഘടോല്‍കചന്‍റെ ജനനവും ഇതേ ഇടത്താണെന്ന് നാട്ടുകാര്‍ കരുതുന്നു. 1553 ല്‍ രാജാ ബഹദൂര്‍ സിംഗാണ് ഇന്നു കാണുന്ന ക്ഷേത്രം പണികഴിപ്പിച്ചത്. പഗോഡയുടെ ആകൃതിയാണ് ക്ഷേത്രത്തിന്.

  മണാലിയുടെ മറ്റൊരാകര്‍ഷണം ബിയാസ് നദി തന്നെ. എത്രനേരം കണ്ടിരുന്നാലും തൊട്ടറിഞ്ഞാലും മടുക്കാത്ത മഞ്ഞുരുകിയ ജലം. രാത്രിയിലെ ഇരുളിലും ദൂരെ മലകളില്‍ മഞ്ഞിന്‍റെ മനോഹരമായ വെളുപ്പ്. അത് കണ്ടുകിടക്കെ ഉറക്കം അറിയാതെ വന്നു തഴുകുന്നു.

അടുത്ത പ്രഭാതവും പുത്തന്‍ ഉണര്‍വ്വുകള്‍ പകര്‍ന്നു  നല്‍കി. മണാലിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കോത്തിയില്‍ ഇറങ്ങി പ്ലാസ്റ്റിക് ഷൂസും മഞ്ഞിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും ഗ്ലൌസും മഞ്ഞില്‍ കുത്തിനടക്കാനുള്ള വടിയും വാടകയ്ക്കെടുത്തു. അവിടെനിന്നും ഗുലാബാ ക്യാമ്പിലേക്ക് കുന്നുകയറുമ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്കിടെ വഴിയരുകിലും വഴിയിലുമായി ചെറിയ മഞ്ഞുമലകള്‍. വടികുത്തുമ്പോള്‍ കുഴിഞ്ഞിറങ്ങുന്ന നനഞ്ഞ പഞ്ചസാര പോലെ മഞ്ഞ്. ഹോളിദിനത്തില്‍ നിറങ്ങള്‍ വാരിയെറിയുന്നതിനു പകരം മഞ്ഞുവാരിയെറിഞ്ഞ് ഞങ്ങള്‍ രസിച്ചു. പിന്നെയും മുകളിലേക്ക്,  കയറാവുന്ന പരമാവധി ദൂരം. മഞ്ഞുമൂടിയ ഒരു നീണ്ട കുന്നിന്‍ ചരിവില്‍ നൂറുകണക്കിന് ജനങ്ങള്‍ ആഹ്ലാദിക്കുന്നു. ഞങ്ങളും അവരില്‍ ഒരാളായി. കാറ്റുനിറച്ച ട്യൂബില്‍ കയറിയിരുന്നു നിരങ്ങിയും മഞ്ഞില്‍ തെന്നിനടന്നും വീണും എത്രയോ സമയം! നേരം വൈകിയിട്ടും മഞ്ഞുവിട്ടിറങ്ങാന്‍ മനസുമടിച്ചു. ശുദ്ധവായുവിന്‍റെ നിറസമൃദ്ധിയില്‍ നിന്നും നാളെ നഗരത്തിന്‍റെ മാലിന്യത്തിലേക്ക് എടുത്തെറിയപ്പെടുന്നതിന്‍റെ വേദന എവിടെയോ മുറിവേല്‍പ്പിക്കുന്നു. നടക്കാന്‍ കഴിയാത്തവര്‍ക്കായി കുതിരകള്‍ വിശ്രമമില്ലാതെ ഓടുന്നു. അതിന്‍റെ  കടിഞ്ഞാണില്‍ കൈമുറുക്കി മലമക്കള്‍ നടക്കുകയാണ്, പ്രഭാതം മുതല്‍ പ്രദോഷം വരെ.
രാവിലെ മലയിറങ്ങുമ്പോള്‍ നദി കൂടെയുണ്ട്. ബിയാസ് വേര്‍പെടാന്‍ മനസില്ലാത്ത കാമുകിയെപോലെ എത്രയോ ദൂരം കൂടെവന്നു. മലയില്‍ നിന്നും അകലും തോറും അവളുടെ നിറം മാറി. അവള്‍ അഴുക്കുകള്‍ ഏറ്റുവാങ്ങി, ഭംഗി നഷ്ടപ്പെട്ട് വൃദ്ധയായി. നഗരമെ, ഈ ഗ്രാമസുന്ദരിയെ നീ എത്രവേഗം വിവശയും പടുവൃദ്ധയുമാക്കി. ഓര്‍മ്മകളില്‍ തെളിയുന്ന വെള്ളിപ്പാദസരകിലുക്കത്തിന്‍റെ താളത്തില്‍ മെല്ലെ കണ്ണുകളടച്ചു. പിന്നെ ഉറക്കമുണരുമ്പോള്‍ മുന്നില്‍ നഗരവും ഇടതടവില്ലാതെ ഓടുന്ന വാഹനങ്ങളും നഗരവാസികളുടെ തിരക്കും.
“ഇനി വീണ്ടും എന്നാണ് മണാലിക്ക് ?”, മനസ് ചോദിച്ചു.
   

Tuesday 25 December 2018

മസിലുപിടുത്തം - നര്‍മ്മഭാഷണം



(2005 ല്‍ ആഴ്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്)

മസിലുപിടുത്തം

“നമ്മുടെ വറുഗീസിനെ ഇന്നലെ സെക്രട്ടേറിയറ്റില്‍ വച്ചു കണ്ടഡേ”, ദേവരാജന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, “ആരാ, നമ്മുടെ മസിലു വര്‍ഗീസോ “
“ഓ – പ്പൊ ഈച്ചേയടിയാ. അതോണ്ട് തന്നെ പത്തി വിടര്‍ത്തിയാടിയ പാമ്പിന്‍റെ അവസ്ഥേന്ന് മസിലുപൊട്ടിയ ചേരേന്റെ സ്ഥിതിയിലാ അവനിപ്പൊ.ഗൌനിക്കാതെ പോയ എന്നെ വിളിച്ചുനിര്‍ത്തി  ഒരു ലോഹ്യം ചോദിപ്പ്. എന്നിട്ട് ഇത് കൂടി പറഞ്ഞു, ഞാന്‍ കഴിഞ്ഞ മാസം റിട്ടയര്‍‍ ചെയ്തെന്ന്. “
“ഈ അധികാരവും മസിലും തമ്മില് കൊറച്ച് ബന്ധമുണ്ട് – ല്ലെ ദേവരാജാ”, ഞാന്‍ ചോദിച്ചു.
“അധികാരികള്‍ക്ക് മാത്രമല്ലഡെ, അല്ലാതെയുമുണ്ട് മസില്. ശരിക്കും ഒരു ഗവേഷണത്തിന് സ്കോപ്പുള്ള സാധനാ മസിലുപിടുത്തം. ജീവിതത്തില്‍ ഒരിക്കലെങ്കിലും മസിലുപിടിച്ചിട്ടില്ലാത്ത ഒരാളും ഉണ്ടാവില്ല. താനൊന്ന് ഓര്‍ത്തുനോക്ക്. കൂടുതല്‍ സംസാരിച്ചിരിക്കാന്‍ നേരമില്ല, എന്റെ  ജോലി മുടങ്ങും”, ഒരു ട്രാവല്കുമ്പനി ഉടമയായ ദേവരാജന്‍ യാത്രപറഞ്ഞിറങ്ങി.

 സമയമുള്ളതുകൊണ്ട് ഞാന്‍ മസിലുപിടുത്തത്തിന് പിന്നാലെ കൂടി. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ്  കോളേജില്‍ പഠിക്കുന്ന കാലത്ത് ബാലചന്ദ്രന്‍ എന്നൊരു സുഹൃത്തുണ്ടായിരുന്നു. ഇന്നും ആ സൌഹൃദം തുടരുന്നുണ്ട്. അന്നദ്ദേഹം മിസ്റ്റര്‍ കോളേജ് ആയിരുന്നു. ജിംനേഷ്യത്തില്‍ പോയി കഷ്ടപ്പെട്ട് രൂപപ്പെടുത്തിയ ശരീരം. എണ്ണയിട്ട് മസിലുപിടിച്ച് ബാലു നില്ക്കു ന്ന ചിത്രം അസൂയയോടെ നോക്കിനിന്നിട്ടുണ്ട് ഞാന്‍. അപ്പോള്‍ എന്റെ ക്ഷീണിതരൂപം എന്നോടുതന്നെ പറയുമായിരുന്നു, നീ ഇതുകണ്ട് മസിലുപിടിക്കണ്ടാന്ന്. ഗുസ്തിക്കാരുടെയും ഭാരോദ്വഹന ചാമ്പ്യന്മാരുടെയും ഈ മസിലുകള്‍ക്ക്  ഒരു ചന്തമുണ്ട്. ഇതുകണ്ട് നീര്‍ക്കോലിയും തവളയുമൊക്കെ മസിലുപിടിക്കുമ്പോഴാണ് അപകടം.

  കഴിഞ്ഞയാഴ്ച ശേഖരേണ്ണന്‍ പറഞ്ഞ സംഭവം ഞാന്‍ ഓര്‍ത്തുപോയി. ശേഖരേണ്ണന്‍ കൊറേ ദിവസമായി താലൂക്കാഫീസില്‍ കയറിയിറങ്ങി നടക്കുകയാണ്, ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍. ചെറുക്കന് കോളേജിലെ ആവശ്യത്തിനാണ് സര്‍ട്ടിഫിക്കറ്റ്. ഫയലെഴുതേണ്ടത് തങ്കപ്പന്‍ സാറാണ്. അദ്ദേഹം അടുത്തിരിക്കുന്ന കുസുമകുമാരിയുമായി തമാശ പറഞ്ഞിരിക്കുമ്പോഴാണ് ശേഖരേണ്ണന്‍ ചെന്നത്. അണ്ണന്‍ പ്രത്യക്ഷപ്പെട്ടതോടെ സാറ് ഇല്ലാത്ത മസിലിനിട്ടൊരു പിടുത്തം. ആവശ്യത്തിലേറെ തടിയും കുടവയറുമുണ്ട് തങ്കപ്പന്‍ സാറിന്. തവള ശരീരം വീര്‍പ്പിക്കുംപോലെ ശ്വാസമെടുത്ത്, കഴുത്തൊന്നു കുറുക്കി ചരിഞ്ഞൊരു നോട്ടവും “ങും- എന്താ” എന്നൊരു ഭാവവും.
അണ്ണന്‍ ഒന്നു തൊഴുതു. “- ന്റെ മോന്റെു ജാതി സര്‍ട്ടിഫിക്കറ്റ്”
“- ഉം- ഉം- മനുഷ്യന്‍ മുള്ളിന്മേല്‍ നിന്ന് പണിയെടുക്കുവാ, അപ്പോഴാ തന്റെയൊരു ജാതി. എടോ, ഏത് ജാതിയായാലെന്താ- മനസു നന്നാവണം – ത്രേ -ള്ളു. അടുത്താഴ്ച ശരിയാക്കാം. അതിനായി ഇവിടെ നിന്ന് മനുഷ്യനെ മെനക്കെടുത്തണ്ട” , തങ്കപ്പന്‍ സാറ് മസിലുവിടാതെതന്നെ പറഞ്ഞു. ഇനിയും അവിടെ നിന്നാല്‍ വീണ്ടും തീയതി നീട്ടിയാലോ എന്നു കരുതി ശേഖരേണ്ണന്‍ സ്ഥലം വിട്ടു. തങ്കപ്പന്‍ സാറ് മസിലുവിട്ട് പഴയ ആളായി, കുസുമകുമാരിയോട് കിന്നാരം പറയാന്‍ തുടങ്ങുന്നത് ശേഖരേണ്ണന്‍ ജനലിലൂടെ കണ്ടു. സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിലും തങ്കപ്പന്റെ  മസിലുപിടുത്തം അണ്ണന്‍ നന്നായി ആസ്വദിച്ചു.

 ചില മുതലാളിമാര്‍ക്കുുമുണ്ട് മസിലുപിടുത്തം. വളരെ പെട്ടെന്ന് വ്യവസായം തടിച്ചുകൊഴുക്കുമ്പോള്‍ സ്വന്തം തടിയും കൊഴുക്കും. പിന്നെ നാലാളിനെ കണ്ടാലുടന്‍ ഒറ്റ മസിലുപിടുത്തമാണ്. ചാരായക്കച്ചോടം നടത്തിയിരുന്ന വേലപ്പന്‍, വേലപ്പന്‍ മൊതലാളിയായപ്പോഴാണ് കക്ഷിക്ക് മസിലുവച്ചത്. കൂലി സംബ്ബന്ധിച്ച് തര്‍ക്കം വന്നാലുടന്‍ ചുമട്ടുതൊഴിലാളിയും മസിലുപിടിക്കും. നാട്ടീന്ന് കൊറച്ച് ഫര്‍ണിച്ചര്‍ കൊണ്ടുവന്നപ്പൊ അതിറക്കാന്‍ വന്ന ചങ്ങാതിമാര്‍ മസിലുപിടിക്കുന്നത് കണ്ടാസ്വദിക്കാന്‍ കഴിഞ്ഞത് ഞാന്‍ ഓര്‍ത്തു. ചോദിച്ച തുക കിട്ടിയപ്പോഴാണ് അവര്‍ മസില്‍ അയച്ചുവിട്ടത്.

ഈയിടെ നാട്ടില്‍ പോയപ്പോള്‍ രഘുനന്ദനുണ്ടായ അനുഭവം അവന്‍ പറഞ്ഞതോര്‍ത്തു . അയാള്‍ ഇളയമാമന്റെ വീട്ടില്‍ കയറിയിട്ടാണ് മൂത്തയാളിന്റ‍ടുത്ത് പോയത്. “അല്ലാ ഇതാര്, രഘുനന്ദനോ, എടീ രാധമ്മെ, ചായയെടുക്ക് “, മൂത്തമാമന്‍ സന്തോഷത്തോടെ അയാളെ സ്വീകരിച്ചു. “ചായ വേണ്ട മാമാ, വന്ന വഴി മോഹനമ്മാമന്റെ അവിടെ ഒന്നു കയറി. ചായയും കുടിച്ചു.” ഇത്രയും പറഞ്ഞു തീര്‍ന്നില്ല അതിനുമുന്പെ മാമന്‍ മസിലുപിടിച്ചു. പിന്നെ ചോദ്യങ്ങളെല്ലാം ഔദ്യോഗികം മാത്രം. എപ്പം വന്നു, എന്നു പോകും എന്നൊക്കെ. ഈ ചേട്ടാനിയന്മാര്‍ തമ്മിലുള്ള മസിലുപിടുത്തത്തിനിടയില്‍ രഘുനന്ദന്‍ പെട്ടുപോയതാണ്. ഞാനോ വലുത് നീയോ എന്ന നിലയില്‍ ചെറുപ്പംതൊട്ടെ ഇവര്‍ മസിലുപിടുത്തമാണ്. വയസാംകാലത്തെങ്കിലും ഇത് തീരുമെന്നു കരുതിയ രഘുനന്ദനാണ് അബദ്ധം പറ്റിയത്. അയാള്‍ അധികനേരം നില്ക്കാതെ അവിടെനിന്നും തടിയൂരി. മാമന് എത്രനേരം മസിലുപിടിച്ച് നില്ക്കാന്‍ കഴിയും. വയസാംകാലത്ത് ഹൃദയമസിലു വല്ലതും ഉളുക്കിയാല്‍ തീര്‍ന്നില്ലെ കാര്യം.

പെങ്ങളുടെ കല്യാണം വിളിക്കാന്‍ പോയ സുനിലിനുണ്ടായ അനുഭവമാണ് സീരിയല്‍ മസിലുപിടുത്തം. വൈകിട്ടാണ് അവന്‍ കേശവേട്ടന്റെ വീട്ടില്‍ പോയത്. കാളിംഗ് ബല്ലമര്‍ത്തി ഏറെ കഴിഞ്ഞാണ് വാതില്‍ തുറന്നത്. കേശവേട്ടനും ചന്ദ്രേടത്തിയും അമ്മയും മക്കളുമെല്ലാം ടെലിസീരിയലിന്റെ തീവ്രസംഘര്‍ഷത്തില്‍ പെട്ടിരിക്കയായിരുന്നു. കേശവേട്ടന്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും ചിരി വന്നില്ല.അപ്പോഴാണ് മസിലുപിടിച്ചിരിക്കയാണ് എന്ന് സുനിലിന് മനസിലായത്. അകത്തു കടന്നപ്പോള്‍ അവനു മനസിലായി സീരിയല്‍ മസിലുപിടുത്തമാണെന്ന്. കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരേഭാവം. വല്ല വിധേനയും കാര്‍ഡു നല്കി സുനില്‍ അവിടെനിന്നും രക്ഷപെട്ടു.

ധനപാലന്‍ രാഷ്ട്രീയരംഗത്ത് ഒന്നുമല്ലാതിരുന്ന കാലത്തേയുള്ള പരിചയക്കാരനാണ് ശ്രീധരന്‍. അതുകൊണ്ട് അയാളുടെ ഉയര്‍ച്ചകളെല്ലാം സന്തോഷത്തോടെയാണ് ശ്രീധരന്‍ കണ്ടിരുന്നത്. അയാള്‍ എംഎല്‍എ ആയപ്പോള്‍ ആദ്യം അഭിനന്ദിക്കാന്‍ എത്തിയവരിലും ശ്രീധരനുണ്ടായിരുന്നു. ധനപാലനില്‍ ചെറിയ തോതില്‍ മസിലുവളരുന്നുണ്ടോ എന്ന് ശ്രീധരന് സംശയം തോന്നിയെങ്കിലും തോന്നലാണ് എന്ന് സ്വയം സമാധാനിച്ചു. എന്നാല്‍ മന്ത്രിയായി കഴിഞ്ഞപ്പോള്‍ അത് തോന്നലല്ല എന്നു ബോധ്യപ്പെട്ടു. രാവിലെ കുളിച്ച് ഖദറിട്ടാല്‍ രാത്രിയില്‍ അത് ഊരുംവരെയും ധനപാലന്‍ മസിലുപിടിച്ചു തന്നെയായിരുന്നു. പിന്നാ മസിലുവിട്ടത് തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചപ്പോഴാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഭരണകക്ഷിയുടെ മസില്‍ വിടുമെന്നും പ്രതിപക്ഷത്തെ ചോട്ടാ നേതാക്കള്‍ക്കുപോലും മസിലുകൂടുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

മറ്റൊരു മസിലുപിടുത്തം സ്വകാര്യമാണ്. വല്ലപ്പോഴും രണ്ട് പെഗ്ഗടിച്ച് കൂട്ടുകാര്‍ക്കൊപ്പം തമാശ പറഞ്ഞിരുന്ന് അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ ചെന്നു കയറുമ്പോള്‍ ഭാര്യയുടെ ഒരു മസിലുപിടുത്തമുണ്ട്. – ന്റെ ദേവീ , സമസ്ത മസിലുകളും തോല്ക്കുന്ന സൂപ്പര്‍ മസിലുപിടുത്തമാണത്.

Lord Ayyappa and girl child - skit script


യൂത്ത് ഫെസ്റ്റിവലിന് സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയ ശബരിമല സംഭവുമായി ബന്ധപ്പെട്ട ഒരു സ്കിറ്റിന്‍റെ സ്ക്രിപ്റ്റ് 
SKIT—SCRIPT
( Stage can be considered as a house in a village of Kerala. A small family consisting of father(Balu), mother and a girl child, Malu. Balu is reading a newspaper. Malu approaching him and says, “ Acha, I wish to see Lord Ayyappa. This time I will also come with you .”
Balu- No, molu, you see, there is big fight between devotees . How can we go now? It is not safe at all. “
Malu- Don’t say like that, Acha . I love to see the diety
Balu- You have to take “vritha “ for 41 days. Can’t eat meat or fish and not even egg
Malu- No problem. I will do
Balu- But, molu ,it is not at all safe now
Malu- I know well, nothing will happen, God will help us.
(Mother coming with a cup of tea )
Mother- See Baluvetta, now a days, she always telling about Ayyappa only. You take her this time. Now she is only nine. “Save Sabarimala people” will not object her entry. Later ,it may be a problem .
Balu- Ok, agreed.
(Malu hugs Balu and Mother and says “Thank you so much”
(Voice- After 41 days , all preparations were done and they are ready with irumudi and heading towards Sabarimala)
Mother –( blesses daughter ) All the best Molu. God will grant you all blessings and protect you from evils.
(With chants of “Swamiyae Ayyappo, Ayyappo Swamiyae” both are moving )
(They reached Pampa. Can hear the sound of the flowing river)
Balu- Molu, this is Pampa – the devotional river and that hill is Sabarimala. You have to climb all the way to reach the abode of Ayyappa
Malu- I am ready for that Acha.
( One person enters .He is in black cloths and has a writing “Save Sabarimala” in his kurtha )
Devotee – Hello, who are you?
Balu – I am a devotee
Devotee- Ok, who is she ?
Balu- She is my daughter
Devotee- What is her age?
Balu – she is nine
Devotee- Show me the identity card
( Balu takes a card and giving the same to him . He looks on the card, then on malu and Balu and smiles. Then, changes his face with anger and says “ No, she can’t enter the steps “ )
Balu – why not?
Devotee- See her date of birth. It is 1.11.2008. That means today her age is 10. We will not allow you to pollute the temple. My friends, chant the mantras.
( Back ground – chanting by Chorus – “ Swamiyae ayyappo ayyappo swamiyae “—it continues . 2 persons enter. One is a police officer and another is a devaswom staff . Malu cries )
Balu – ( try to pacify her ) Don’t cry molu. I will explain the fact to them . you will get permission. Don’t be panic
Malu – I want to see Ayyappa, I am a devotee .
Devotee- Don’t pour tears in this sacred place. It is the garden of Ayyappa , stop it
Police – Don’t behave like this to a child , man . What is the problem?
Devotee- See , her birthday is today. Till yesterday, she was nine, now ,she is ten. We can’t allow her entry to the hills. You can take her only by crossing our bodies . We are here to maintain the sanctity of Sabarimala.
Staff – See, if there is any dispute , we can discuss and solve. No need to fight for the safety of God. Molu, you can sit in the office, we will discuss and finalize. Please go inside.
Balu- Molu, be brave, don’t be panic. Please sit there , I will come soon.
(She is going inside. They meet the Tantri and discussion continues )
Devotee- Ayyappan doesn’t permit the ladies aged between 10 and 50. Till yesterday ,its OK, now the situation changed , she is 10.
Police- It is just a matter of a day, you should understand.
Devotee- A day or a second is not a matter. We have to save our Ayyappa.
Staff – You stop argue , Tantri will tell
Tantri ( emotionally)- What the girl’s father tells is right. But this can’t be solved on the basis of emotions. We can’t disturb the sanctity of the deity. If we permit one, then, have to permit others also.
(Discussion continues , action only . Voice- “The debate continued for hours and finally Tantri denied the entry. The desperate father came back to the office to say sorry to his daughter , but she was not there. Panicky he came back )
Balu – Where is my daughter? ( looking to devotee ) Are your people kidnapped her ?
Dev- No, no, we will not do that
Balu ( to police )-- Sir, please help. Find out my daughter
Police – Don’t be panic , we can search ( He is announcing “ One girl is missing, police force, be alert , make search and find her . Her name is Malu. Common, quick “ .)
(Sound of police march . Suddenly Malu enters with a smile in her face )
Malu- Acha
Balu – (with happiness ) Molu, where have you gone?
Malu – Acha, I went to Sabarimala, crossed 18 steps and saw the deity, spent some time there and came back
Balu/ Dev/ Police/Staff/ tantry – (together ) How?
Malu- While I am sitting at the office, Lord Ayyappa came and asked me, would you like to see the deity. I said ,yes. Then we moved together to the top of the hill, saw the deity and spent some time there. While on return , he said he pains on all wrong doings on his name. He loves to see all people irrespective of age, gender or religion at any time any day. Then, he said , he loves to see the calmness of the forest. He asked me to give his message to devotees to plant more trees , ask Government to stop constructions and limit entry of devotees per day to maintain peace and serenity. He says, open the temple on all days and ensure all devotees should plant a sapling every year and ensure it grows.
( All are stunned , stops the bhajans and pin drop silence )
Voice – “No more war in the name of Lord Ayyappa . we can reconstruct our state with full of greenery and can make it Ayyappan’s Poonkavanam “

Tuesday 18 December 2018

Odiyan - my views


ഒടിയന്‍ - ആസ്വാദനം

മോഹന്‍ലാല്‍ വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തിനുകൂടി ജീവന്‍ നല്‍കിയിരിക്കുന്നു. ഒടിയന്‍ മാണിക്യന്‍.
 പാലക്കാട്ടെ തെങ്കുറിശി ഗ്രാമത്തിലെ ഒരു തറവാടും മാണിക്യന്‍ അടിയാനും കേന്ദ്രകഥാപാത്രങ്ങളാവുന്ന ഒടിയന്‍ എന്ന സിനിമ അതിഭാവുകത്വത്തിലേക്കും മിത്തുകളിലേക്കും കടന്നുകയറാതെയാണ് കഥ പറയുന്നത്.
ഗര്‍ഭസ്ഥശിശുവിനെ ഗര്‍ഭിണികളില്‍ നിന്നും പുറത്തെടുത്ത് തലകീഴായി കെട്ടിത്തൂക്കി ഊറിവരുന്ന നെയ്യെടുത്ത് ചെവിയിലെ കടുക്കനില്‍ തേച്ച് ഒടിയന്‍ വിവിധ മൃഗങ്ങളുടെ രൂപം സ്വീകരിക്കുമെന്നും തിരികെ വീട്ടിലെത്തുമ്പോള് വീട്ടുകാര്‍ ചാണകവെള്ളം തളിച്ച് രൂപഭേദം വരുത്തും എന്നൊക്കെയുള്ള മിത്തുകളിലേക്ക് കടക്കാതെ, ഒടിയന് വേഷം കെട്ടുകയാണ് എന്ന് കൃത്യമായി പറയുന്നത് പുരോഗമനപരമായ രീതിയായി. ഇന്ദ്രജാലവും കൈയ്യടക്കവും വേഗതയും ഇരുട്ടും ഇരുണ്ട കംബളവും കൊമ്പുള്ള മുഖംമൂടിയും കുളമ്പുള്ള പൊയ്ക്കാലുമൊക്കെയായിട്ടാണ് ഒടിയന്‍ ഒടിവയ്ക്കുന്നത്. ഒടിയന്‍ മാണിക്കനും മുന്‍ഗാമികളും ഒടിവച്ച് ആളുകളെ പേടിപ്പിക്കുകയും വേദനിപ്പിക്കുകയുമെ ചെയ്യുകയുള്ളു. എന്നാല്‍ കൂലിക്ക് കൊല ചെയ്യുന്ന ഒടിയന്മാരുമുണ്ട് എന്ന് സിനിമ നമ്മളോട് പറയുന്നു.
പൊതുവായി എല്ലാ സിനിമകളെയുംപോലെ ഒടിയനും പ്രണയവും കാമവും ഭീരുത്വവും ചതിയും പ്രതികാരവുമൊക്കെയാണ് കൈകാര്യം ചെയ്യുന്നത്.ആദ്യ പകുതി നല്‍കുന്ന വേഗതയും കഥ പറയുന്ന രീതിയും രണ്ടാം പകുതിയില്‍ കുറച്ചു കുറഞ്ഞു എന്നത് സത്യമാണ്. കണ്ടുപോകുന്ന രംഗങ്ങളും കേള്‍ക്കുന്ന സംഭാഷണവുമൊന്നും തീവ്രമായി മനസില്‍ തട്ടുന്നില്ല എന്നത് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍റെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെയും പാളിച്ചയാണ് എന്നു പറയാം. ഇവര്‍ക്ക് വരുംകാലം ഇതിനേക്കാള്‍ മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞേക്കും.
മോഹന്‍ലാല്‍ മാണിക്യന്‍റെ യൌവ്വനകാലം അനിതരസാധാരണമായി അവതരിപ്പിച്ചു. ഏറ്റവും മികച്ച ശരീരഭാഷ എന്നു വിശേഷിപ്പിക്കാന്‍ കഴിയും അതിനെ. പ്രകാശ് രാജ് തികഞ്ഞ അഭിനേതാവാണ് എന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ശബ്ദം നല്‍കിയ ഷമ്മി തിലകനും ഒരു ഡബിള്‍ കൈയ്യടി നല്‍കേണ്ടതുണ്ട്. മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഉദാഹരണം സുജാതയിലാണ് നമ്മള്‍ ശരിക്കും കണ്ടത്. അതിന്‍റെ തുടര്‍ച്ചയായി മികച്ച അഭിനയം ഒടിയനിലും കാണാന്‍ കഴിഞ്ഞു. മാണിക്കന്‍റെ മുത്തച്ഛനായി വരുന്ന മനോജ് ജോഷി, സുഹൃത്തുക്കളായി വരുന്ന ഇന്നസെന്‍റ്, സിദ്ദിഖ്, വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നന്ദു, നരേന്‍, കൈലാഷ്, സന അല്‍താഫ്, ശ്രീജയ നായര്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ മികച്ചതാക്കി.
പാലക്കാടിന്‍റെ ഭംഗിയും ദുരൂഹമായ തെങ്കുറിശിയുടെ രാത്രികളും നന്നായി ദൃശ്യവത്ക്കരിച്ചിട്ടുണ്ട്. വാരണാസിയും വാഗമണും ആതിരപ്പിള്ളിയും ചിത്രത്തിന് ചാരുത പകരുന്നു.
സി.എസ്.സാമിന്‍റെ പശ്ഛാത്തല സംഗീതവും എം.ജയഛന്ദ്രന്‍റെ സംഗീതത്തില്‍ റഫീഖ് അഹമ്മദ് എഴുതി ശ്രേയ ഘോഷലും സുദീപ് കുമാറും ചേര്‍ന്നു പാടിയ കൊണ്ടോരാം എന്ന ഗാനവും അഭിനന്ദനം അര്‍ഹിക്കുന്നു.
മമ്മൂട്ടിയുടെ നറേഷന്‍ ചിത്രത്തിന്‍റെ വാണിജ്യമൂല്യം ഉയര്‍ത്തിയിട്ടുണ്ടാവാം. ഷാജി കുമാറിന്‍റെ ക്യാമറയും ജോണ്‍കുട്ടിയുടെ എഡിറ്റിംഗും ശരാശരി നിലവാരം പുലര്‍ത്തി. പ്രശാന്ത് മാധവന്‍ തെങ്കുറിശിയെ പുന:സൃഷ്ടിച്ചത് നന്നായിട്ടുണ്ട്. പീറ്റര്‍ ഹെയ്നിന്‍റെ ആക്ഷന്‍ കോറിയോഗ്രാഫിയും മികച്ചതാണ്.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ബ്രഹ്മാണ്ഡ ചിത്രമല്ല ഒടിയന്‍, എന്നാല്‍ ഒരു വട്ടം തീയറ്ററില്‍ കാണുന്നത് നഷ്ടമാകില്ല എന്നുറപ്പ്. ചിത്രത്തിനെതിരെ ഒരു കണക്കുകൂട്ടിയുള്ള ഓപ്പറേഷന്‍ നടന്നു എന്നത് തള്ളിക്കളയാന്‍ കഴിയില്ല.

Monday 17 December 2018

light song written in 1995


ലളിതഗാനം – 1995 ല്‍ എഴുതിയത്

വെള്ളാമ്പലുകള്‍ വിരിയും പുഴയുടെ അരുകില്‍ നീ വന്നൂ
വെളുവെളെ മിന്നും പൌര്‍ണ്ണമിയഴകാം
രാവിന്‍ മണിയൊച്ചയായ് – നീയന്ന്
രാവിന്‍ മണിയൊച്ചയായ് ( വെള്ളാമ്പലുകള്‍ ---- )

   അരയാലിലക്കണ്ണനമൃതം പൊഴിക്കും
   ഓടക്കുഴല്‍ നാദമായ് – ഞാനന്നൊ-
   രോടക്കുഴല്‍ നാദമായ് ,
   സിന്ദൂരത്തുടിപ്പുള്ള നിന്‍ ചുണ്ടിണകളില്‍
   സിന്ദോള രാഗമായ് വിടര്‍ന്നു – ഞാനൊരു
   സിന്ദോള രാഗമായ് വിടര്‍ന്നു ( വെള്ളാമ്പലുകള്‍ ---  )

വെള്ളിക്കൊലുസാല്‍ പദങ്ങളാടി
പുഴയിലെ ഓളത്തില്‍ പുളകച്ചാര്‍ത്തായ്
മഴമേഘവര്‍ണ്ണന്‍റെ അരുകില്‍ വന്നു –നീയീ
മഴമേഘവര്‍ണ്ണന്‍റെ അരുകില്‍ വന്നു.( വെള്ളാമ്പലുകള്‍ --- )

Sunday 16 December 2018

Gundert centenary at Delhi -- 1994


1994 ഏപ്രില്‍ മാസത്തിലാണ് ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി. ശ്രീ.എ.ഫിറോസാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.ഓഫീസില്‍ ആള്‍ ഇന്‍ ആളായി സിഎ ശ്രീ.എം.ഹരിദാസുമുണ്ട്.അംബാസഡര്‍ സ്റ്റേഷന്‍ വാഗണ്‍ പണിതീര്‍ത്ത് വര്‍ക്ക്ഷോപ്പില്‍ നിന്നും കൊണ്ടുവന്നിട്ടുണ്ട്. ദിവസവേതനത്തില്‍ ഒരു ഹിന്ദിക്കാരനാണ് ഡ്രൈവര്‍. റൊട്ടീന്‍ പത്രസമ്മേളനങ്ങളും പത്രക്കുറിപ്പുമല്ലാതെ നടന്ന ആദ്യത്തെ പ്രധാന പരിപാടിയായിരുന്നു 1994 ജൂണ്‍ എട്ടിന് നടന്ന ഗുണ്ടര്‍ട്ട് ശതാബ്ദി ആഘോഷം. സാംസ്ക്കാരിക വകുപ്പു മന്ത്രി ശ്രീ.ടി.എം.ജേക്കബ്ബ് ഉത്ഘാടനം ചെയ്തു. സാംസ്ക്കാരിക- ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി  ശ്രീ.കെ.ജയകുമാര്‍ ഐഎഎസ് പിആര്‍ഡി ഡയറക്ടര്‍ ശ്രീ.വി.ബി.പ്യാരേലാല്‍ ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു. ശതാബ്ദിയുടെ ഭാഗമായി ഒരു സെമിനാറും സംഘടിപ്പിച്ചിരുന്നു. വിഷയം –The Role of Scientific Study of Indian Languages in National Integration. പരിപാടി മികച്ചതാകണം എന്ന താത്പ്പര്യത്തോടെ ഞങ്ങള്‍ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ്ഗിലെ മാക്സ് മുള്ളര്‍ ഭവനുമായി ബന്ധപ്പെട്ടു. അവര്‍ സഹകരിക്കാന്‍ തയ്യാറായി. പുസ്തകങ്ങളുടെ പ്രദര്‍ശനവും ഡോക്യുമെന്‍ററി പ്രദര്‍ശനവുമൊക്കെ അവര്‍ വാഗ്ദാനം ചെയ്തു. ഭവന്‍ ഡയറക്ടര്‍ സെമിനാറില്‍ സംസാരിക്കാമെന്നും സമ്മതിച്ചു. ഡല്‍ഹിയിലെ പ്രമുഖ മലയാളികളെയെല്ലാം സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തി. അന്ന് മൊബൈലൊന്നുമില്ല. അതുകൊണ്ട് രാത്രിയും പകലും ഓഫീസിലെ ലാന്‍ഡ് നമ്പരില്‍ നിന്നു വിളിച്ചാണ് ആളുകളെ ക്ഷണിക്കുന്നത്. എല്ലാവര്‍ക്കും ക്ഷണക്കത്തും അയച്ചു. ജര്‍മ്മനിയിലെ ട്യൂബിംഗന്‍ ലൈബ്രറിയില്‍ പോയി ഗുണ്ടര്‍ട്ടിനെ കുറിച്ച് പഠനം നടത്തിയ പ്രൊഫസര്‍.സ്കറിയ സഖറിയുമൊക്കെ സെമിനാറില്‍ സംസാരിച്ചിരുന്നു. അദ്ദേഹം കാര്യവട്ടത്ത് ഗവേഷണ കാലം എന്‍റെ അയല്‍ക്കാരനായിരുന്നു എന്നതും ഓര്‍ക്കുന്നു.
രാവിലെ ജയകുമാര് സാറിനെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, ആരെങ്കിലുമൊക്കെ വരുമോ  അതോ കേരളഹൌസ് ജീവനക്കാര് തന്നെയാവുമോ. ഇല്ല സാര്‍, ധാരാളം പേരെ വിളിച്ചിട്ടുണ്ട്. ഉം, നോക്കാം എന്നു പറഞ്ഞു. രാവിലെ 10.30നായിരുന്നു ഉത്ഘാടനം. 10 മണിക്കുതന്നെ പ്രൊഫസര്‍ ഓംചേരി, ശ്രീ.എംകെജി പിള്ള തുടങ്ങി പ്രധാനപ്പെട്ട മലയാളികളൊക്കെ എത്തി. 10.30ന് ഹാള്‍ നിറഞ്ഞ് ഡല്‍ഹി മലയാളികള്‍. എല്ലാം വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വന്നവരും എഴുത്തുകാരുമൊക്കെയാണ്. വൈകിട്ട് നാലുമണിക്കാണ് പരിപാടി സമാപിച്ചത്. ജയകുമാര് സാര്‍ അന്ന് കാണുമ്പോഴെല്ലാം ജനപങ്കാളിത്തത്തെ അഭിനന്ദിക്കുകയുണ്ടായി. എനിക്കും ഫിറോസ് സാറിനും ഹരിദാസിനും ഏറെ സന്തോഷം  തോന്നിയ ഒരു പരിപാടിയായിരുന്നു അത്. നല്ല തുടക്കമായിരുന്നു. പിന്നെ എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിക്കാന്‍ കഴിഞ്ഞത്!! ( അന്നത്തെ ഇലക്ട്രോണിക് ടൈപ്പ് റൈറ്ററില്‍ ഹരിദാസ് ടൈപ്പു ചെയ്ത ഒരു ഷീറ്റ് പേപ്പറാണ് ഈ ഓര്‍മ്മകളിലേക്ക് പോകാന്‍ അവസരം നല്‍കിയത്.)     

Light song

ലളിത ഗാനം ---- (1990- ല്‍ എഴുതിയത്)

കറുകവയലിലെ മഞ്ഞുതുള്ളിയോ
ചെമ്പരത്തിപൂവിന്‍റെ പൂംപൊടിയോ
മലവാഴക്കൂമ്പിലെ തേന്‍തുള്ളിയോ
കര്‍പ്പൂര ദീപത്തിന്‍ പൊന്‍പ്രഭയോ ( കറുക-- )

കുളിച്ചു തൊഴുത് തിലകം ചാര്‍ത്തി
വളയിട്ട കൈകളില്‍ പുളകമണിയുമായ്
ദേവാലയം ചുറ്റും സുന്ദരി നീ
സ്വര്‍ഗ്ഗലോകത്തിന്‍റെ പുഞ്ചിരി ശോഭയോ
ഇന്ദ്രനീലത്തിന്‍ മെയ്യഴകോ ( കറുക -- )

പുഞ്ചവയല്‍ വരമ്പിലെ സംഗീതമോ
നിന്‍മൊഴിയുണര്‍ത്തുന്ന രാഗമാല (2)
കവികള്‍ വാഴ്ത്തിപ്പാടും നടനസുഖം
നീ നടന്നെത്തുന്ന പാദസരമേളമോ (2)
( കറുക -- )

Saturday 15 December 2018

poem -- Balimrigam

1995 ലാകണം, ഡല്‍ഹിയില്‍ നിന്നും മുകുന്ദന്‍ ഇരിങ്ങണ്ണൂരും അനിലും ചേര്‍ന്ന്  കുറിമാനം എന്നൊരു ഇന്‍ലന്‍റ് മാസിക തുടങ്ങി. നാലഞ്ച് മാസം പ്രസിദ്ധീകരിച്ചു എന്നാണ് ഓര്‍മ്മ. മുകുന്ദന്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ അധ്യാപകനാണ്. ചിലപ്പോഴൊക്കെ വിളിച്ച് സംസാരിക്കും. ശരിക്കും ഒരു ഫിലോസഫറാണ് കക്ഷി. പ്രാരാബ്ദങ്ങള്‍ എഴുത്തിനെ ബാധിച്ചുപോയ ഒരാള്‍. നല്ല കഥകളും ലേഖനങ്ങളും  എഴുതിയിരുന്നു  ഒരു കാലത്ത്.  കുറിമാനത്തില്‍  പ്രസിദ്ധീകരിച്ച എന്‍റെ  ഒരു കവിത ചുവടെ ചേര്‍ക്കുന്നു.


ബലിമൃഗം 

ഉഷ്മമാപിനിയുടെ രസനിലവാരമുയര്‍ന്നൊരു-
ഗ്രീഷ്മര്‍ത്തുവില്‍,
ദാഹജലം കിട്ടാതുണങ്ങിയ നാവുമായ്
മഹാനഗരത്തിന്‍റെ തെരുവോരത്തിലൂടെ നടക്കവെ
ദൂരെ ഹൂങ്കാരം, നാനവര്‍ണ്ണകൊടികള്‍
കണ്ഠനാളം പൊട്ടുമുച്ചത്തില്‍ രണഭേരി.

  രാജാവിന്‍റെ ജന്മനാളാണ്,നാടിന്‍റെയും
  സമ്പന്നന്‍റെ പണം തെരുവില്‍
 പട്ടിണിക്കാരന്‍റെ ശബ്ദമാവുന്നു

തൊണ്ട വരളുന്നു, മുന്നില്‍ ഇരുട്ടു നിറയുന്നു
വഴിയില്‍ , മുനിസിപ്പാലിറ്റിയുടെ വെള്ളം പെട്ടിയിലടച്ച-
പയ്യന്‍ നിന്നും ചിരിക്കുന്നു.

ജുബ്ബയുടെ കീശയില്‍ ആകെ പരതി കിട്ടിയ
നാലണതുട്ടെടുത്തു നീട്ടി.
അവന്‍റെ മുഖം അമാവാസിപോലെയായി

രാജാവിന്‍റെ ജന്മനാള്, നാടിന്‍റെയും,
ഇന്ന് ദാഹജലം ഗ്ലാസൊന്നിന് ഒരു രൂപ !
പണമില്ലാത്തവന്‍ പിണം !
നടക്കൂ!ഡ്രയിനേജ് വെള്ളം കുടിച്ചു മരിക്കൂ.

    അയാളുടെ ചുറ്റും കോളകള്‍ പൊട്ടിയൊഴുകി
വിദേശ ഗന്ധം മൂര്‍ഛിച്ചു നിന്നൊരു നഗരമധ്യത്തിന്‍റെ
ചൂടാര്‍ന്ന നെറുക കത്തിയുരുകിയ തീയില്‍
തൊണ്ട പൊള്ളി ബോധശൂന്യനായി അയാള്‍

    രണഭേരി, നാനാ വര്‍ണ്ണകൊടികള്‍
    സമ്പന്നന്‍റെ ചിരി, പട്ടിണിക്കാരന്‍റെ വിയര്‍പ്പ്
എല്ലാം കലര്‍ന്ന് പൊടിപടലം നഗരത്തെ മൂടി
ആ മൂടാപ്പില്‍ അയാള്‍ അലിഞ്ഞില്ലാതെയായി.

Friday 14 December 2018

poem -- deena bharatheeyan -- 1997

1997  ല്‍ പ്രസിദ്ധീകരിച്ച  കവിത, ഡല്‍ഹി കാലം

ദീനഭാരതീയന്‍

കാല്‍നടക്കാരനായ്  ഈ നഗര വീഥികള്‍
താണ്ടുവോനാണിന്നു ഞാന്‍
വിഷപ്പുക തുപ്പുന്നൊരായിരം വണ്ടികള്‍
നേദിച്ചു നല്‍കുന്ന രോഗങ്ങള്‍
കൈനീട്ടി വാങ്ങുവോനാണിന്നു ഞാന്‍.
നടവഴി തോറും വിരലറ്റ കൈകളാല്‍ യാചിച്ചു നില്‍ക്കുന്ന
രോഗിതന്‍ ദു:ഖങ്ങള്‍ കൈയ്യേറ്റു വാങ്ങുവോനാണിന്നു ഞാന്‍
തണല്‍ മരച്ചുവട്ടിലെ കല്‍പ്പടിയില്‍ പഴക്കുട്ടയുമായ്
ജീവിത കണക്കുകള്‍ കൂട്ടി കിഴിക്കുന്ന ബാലന്‍ തന്‍
ദീനത കണ്‍കളില്‍ ഏറ്റുവാങ്ങുന്നോനാണിന്നു ഞാന്‍

    രാത്രിയില്‍ തലച്ചോറ് ചൂടു പിടിപ്പിച്ച്
കണ്‍തടം കറുക്കും ഭയത്തിന്‍ നിഴലുകള്‍ -
കണ്ടു കിടക്കുവോനാണിന്നു ഞാന്‍
ചെരുപ്പു കുത്താനെത്തും ബാബതന്‍
തോല്‍സഞ്ചി പോലെയായ് മനസ്
ഒരു നൂറുകൂട്ടം തുണ്ടുകള്‍, എവിടെയും തങ്ങാതെ -
മണ്ടി നടക്കുന്ന ചിന്തതന്‍ ശകലങ്ങള്‍ മാത്രം.

    വിഷവാഹിനിയായ്, കരിങ്കാളിയായിട്ടൊഴുകുന്ന
യമുനയുടെ തീരത്ത് പൈതങ്ങള്‍ നിത്യവും
വൃദ്ധരായ് മാറുന്ന കഥകേട്ട് ദു:ഖം കനത്തിടുന്നു
ബുള്‍ഡോസറാം ഭീമസത്വമിരമ്പും വഴികളില്‍
ദീനഭാരതീയന്‍റെ രോദനം മുഴങ്ങുന്നു

   മനസിലേക്ക് തുറക്കും വാതായനങ്ങള്‍ കൊട്ടിയടയ്ക്കാന്‍
ശീതീകരിച്ചൊരോഫീസും വീടും യാത്രയ്ക്ക്
ചെറിയൊരു മാരുതിയും തരമായി കിട്ടിയാല്‍
ഒക്കെ മറന്നിട്ടൊരുന്നത ഭാരതീയനായ്
ശിഷ്ട ജീവിതം നയിക്കാന്‍ കഴിഞ്ഞേനെ

   പാലുകുടിക്കും ദൈവങ്ങളോടൊക്കെ കേണു പറയുന്നു ഞാന്‍
വയ്യ, വയ്യെനിക്കൊരു കാല്‍നടക്കാരനായ്
ഈ നഗര വീഥികള്‍ താണ്ടുവാന്‍ .

Tuesday 11 December 2018

song

1985 ല്‍  ആകാശവാണി പ്രക്ഷേപണം ചെയ്ത ഒരു ലളിതഗാനം

മാമ്പൂ മണം പേറി വരുന്ന കാറ്റെ
മാദക പൂംകാറ്റേ
കണിക്കൊന്ന തണലിലെ
മുല്ലപ്പൂം പന്തലില്‍
നാണംകുണുങ്ങി പെണ്ണു നിന്നിരുന്നോ
ഒരു കിന്നാരമെങ്ങാനും ചൊല്ലിത്തന്നോ
                                   ( മാമ്പൂ ----------------)

നീ തഴുകിയുണര്‍ത്തിയോ
പൂംചേല അഴിഞ്ഞുവോ
കള്ളക്കാണ്ണാലൊന്നു നോക്കിപ്പോയൊ
നിന്‍റെ മേലാകെയൊന്നു തരിച്ചുപോയോ

                                    ( മാമ്പൂ ---------------)
ചൊല്ലുകാറ്റെ, എല്ലാം ചൊല്ലുകാറ്റെ
ഈ ഏകാന്ത കാമുകന്‍റെ ദു:ഖതടവറയില്‍
ഒരു ചെറുചിരിയായി  വിടരുകാറ്റേ-
നീ വിടരു കാറ്റെ

                                   ( മാമ്പൂ ---------------- )

saropadesam -- poem

1992  മെയ് 3 ലെ കുങ്കുമം വാരികയില്‍ വന്ന കവിത

സാരോപദേശം 

കുലയില്‍ കുത്തല്ലെ (1 ) മകനെ
സ്വന്തം കുലവും മറക്കല്ലെ മകനെ
ആണായി പെണ്ണായിട്ടെത്ര പേരീവീട്ടില്‍ -
പൊട്ടിക്കരഞ്ഞും ചിരിച്ചും ,തളിരായി, പൂവായി
മാമുണ്ടു ഫലമായി, മരമായ് വളര്‍ന്നു നീയറിയൂ.

  ഓര്‍മ്മകളെ പിച്ചകമാലയായ് മാറ്റുക
  ഓടങ്ങള്‍  മെല്ലെ തുഴഞ്ഞു നീ നീങ്ങുക
 ആവണിപ്പാട്ടുകളില്‍ താളം പിടിക്കുക
 മരംപെയ്ത്ത് കൊള്ളാതെ മാറി നിന്നീടുക.

ഓര്‍ക്കാനൊരായിരം കാര്യങ്ങള്‍ ചേര്‍ക്കുക
ഓര്‍ക്കേണ്ട നേരം വരും വരെ മൂടുക
കണ്ണുകാണാക്കാലം വന്നിടും നേരത്ത്
ഉള്‍ക്കണ്ണു മെല്ലെ തുറന്നു പിടിക്കുക

നല്ലവര്‍ നാലഞ്ചു വാക്കുകള്‍ ചൊല്ലിയാല്‍
നന്നായി കേട്ടിട്ടു കാതടച്ചീടുക
പിന്നൊരു കാലം നിനക്കു വരുംനേരമാ-
പഴംവാക്കുകള്‍ മെല്ലെപെറുക്കി നീ നാവിലിറ്റിക്കുക

പുതുനാമ്പുപൊട്ടി മുളച്ചു വരുംനേരം
നല്‍പ്പിരാനാ (2 ) യിരുന്നിട്ടവയോതുക
കുലയില്‍ കുത്തല്ലെ മകനെ
സ്വന്തം കുലവും മറക്കല്ലെ മകനെ
--
1 . കുലയില്‍ കുത്തുക - കുടുംബം നശിപ്പിക്കുക
2 . നല്‍പ്പിരാന്‍ ----  -------- നല്ല തമ്പുരാന്‍ 

Monday 10 December 2018

Sufism - painting exhibition

 സൂഫിസം -  ചിത്രപ്രദര്‍ശനം 

സൂഫിസം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആത്മീയതയുടെ ഒരു പ്രത്യേക തലത്തിലേക്ക് നമ്മള്‍ ഉയര്‍ത്തപ്പെടും. സൂഫി സംഗീതവും ജീവിത രീതികളും മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിച്ചു നിര്‍ത്തുന്ന ഒരു മാസ്മരികതയാണ്. പ്രവാചകനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സൂഫിസത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്.

അഹങ്കാരവും അധികാരവും പണവും മാംസദാഹവും ഒക്കെ ചേര്‍ന്ന് ദൈവനാമത്തില്‍ സംസാരിക്കുന്നവരൊക്കെ കടുത്ത പാപികളായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇസ്ലാമിക തീവ്രവാദവും ക്രിസ്തീയ കോര്‍പ്പറേറ്റ് സംവിധാനവും ഹിന്ദുതീവ്രവാദവും വഴിതെറ്റിയ ബുദ്ധമതവും മറ്റ് മതവിഭാഗങ്ങളും അവയ്ക്കൊപ്പം നീങ്ങുന്ന രാഷ്ട്രീയവും ഒക്കെകൂടി ലോകത്തെ കീഴ്മേല്‍ മറിക്കുന്ന കാലത്താണ് സൂഫിസം എന്ന പെയിന്‍റിംഗ് എക്സിബിഷന് പ്രസക്തിയുള്ളത്.

തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തില്‍ ഡിസംബര്‍ 9 ന് ആരംഭിച്ച്  13 ന്  അവസാനിക്കുന്ന സാപ്ഗ്രീന്‍  ആര്‍ട്ടിസ്റ്റ്സ്  ഗ്രൂപ്പിന്‍റെ ചിത്രപ്രദര്‍ശനത്തില്‍ 14 കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. സൂഫികളുടെ മെഡിറ്റേഷനും സാധാരണ മനുഷ്യരുടെ ജീവിതവും ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളും സന്തോഷ- സന്താപങ്ങളുമെല്ലാം ചിത്രങ്ങളായി രൂപപ്പെട്ടിരിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധവും കുടുംബവും സമൂഹവും ഇഴചേരുന്ന ലോകവും അഹത്തെകുറിച്ചുള്ള ആധിയും വ്യാധിയുമൊക്കെ ഓരോ ചിത്രങ്ങളിലും നമുക്ക് കാണാന്‍ കഴിയും. സൂഫിസം പ്രമേയമാക്കി തയ്യാറാക്കിയ ആദ്യ പെയിന്‍റിംഗ് എക്സിബിഷനാകാം ഇവിടെ നടക്കുന്നത്.

തിരുവനന്തപുരം പുളിയറക്കോണത്തെ മധുവന്‍ ആശ്രമത്തില്‍ നടന്ന ഒരു ക്യാമ്പിലാണ് ഈ ആശയം രൂപപ്പെട്ടതെന്ന് അടൂര്‍കാരനായ  ആര്‍ട്ടിസ്റ്റ് വിനോദ്.എം.എസ് പറഞ്ഞു. ഇദ്ദേഹം ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന യോഗ പ്രാക്ടീഷണറുമാണ്. വിനോദിന് പുറമെ അനില്‍ അഷ്ടമുടി, കെ.ജി.അനില്‍ കുമാര്‍, ബിനില്‍.ആര്‍, ഡോക്ടര്‍ ആനന്ദപ്രസാദ്, ദിവ്യ രാമചന്ദ്രന്‍, ഗായത്രി, ഗ്രേസി ഫിലിപ്പ്, പാര്‍ത്ഥസാരഥി വര്‍മ്മ, പ്രമോദ് കരുമ്പാല, ആര്‍.പ്രകാശം രാജേഷ്.വി.എസ്, സതീഷ്.ആര്‍, ഉണ്ണികൃഷ്ണന്‍.ജി എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്..







Sunday 9 December 2018

Kunjali Marakkar -- telefilm script

കുഞ്ഞാലി മരയ്ക്കാര്‍  -- ടെലിഫിലിം




കമന്‍ററി  ----------  1498 -ല്‍ വാസ്കോഡഗാമ പന്തലായനി കൊല്ലത്ത് കപ്പലടുപ്പിക്കും വരെയും                                                                  
                               മലബാര്‍ തീരം ശാന്തിയുടെയും സമാധാനത്തിന്‍റെയും   ഐശ്വര്യത്തിന്‍റെയും   കേന്ദ്രമായിരുന്നു.സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടത്തിനായി യവനരും ഗ്രീക്കുകാരും അറബികളും ചീനരും സ്ഥിരമായി എത്തിയിരുന്ന തീരം. കള്ളവും ചതിയുമില്ലാത്ത ഈ കച്ചവടകേന്ദ്രത്തിലേക്കാണ് ഗാമയും സംഘവും എത്തിയത്. കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി ഇവരെ സ്വീകരിക്കുകയും കച്ചവടത്തിന് അനുമതി നല്‍കുകയും ചെയ്തു. അറബി വ്യാപാരികളില്‍ നീരസമുണ്ടാക്കിയ ഒരു സംഭവമായി ഇത് മാറി. ദൂരദേശത്തു നിന്നും ഒരു കപ്പല്‍ നിറയെ കടല്‍കൊള്ളക്കാര്‍ വരുമെന്നും അവര്‍ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ശത്രുക്കളായിരിക്കുമെന്നും അവര്‍ ഇന്ത്യ കീഴടക്കുമെന്നും വിശ്വസിച്ചിരുന്ന അറബികള്‍ ഗാമയെ ശത്രുവായാണ് കണ്ടത്. 

പോര്‍ച്ചുഗീസുകാരും മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥയാണ് പിന്നീട് മലബാര്‍ കടപ്പുറത്തിന് പറയാനുണ്ടായിരുന്നത്. സാമൂതിരിയും കോലത്തിരിയും കൊച്ചി രാജാക്കന്മാരും സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി പറങ്കികളുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ടുപോയി. പറങ്കികളുടെ ആക്രമണം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ സാമൂതിരിക്ക് പിന്‍തുണയുമായി വന്ന മരയ്ക്കാര്‍ കുടുംബത്തിലെ നേതാവിന് കുഞ്ഞാലി അഥവാ പ്രിയപ്പെട്ട അലി എന്ന ബിരുദം നല്‍കി നാവികസേനയുടെ നേതൃത്വം ഏല്‍പ്പിച്ച് നല്‍കുകയാണുണ്ടായത്.      

കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍ എന്ന കുട്ടി അലി മരയ്ക്കാര്‍ അനുയായികള്‍ക്ക് യുദ്ധപരിശീലനം നല്‍കുകയും വേഗതയേറിയ തോണികളില്‍ സഞ്ചരിച്ച് പറങ്കികളെ ആക്രമിക്കുകയും ചെയ്തു. കടല്‍ ഗറില്ല യുദ്ധരീതിയായിരുന്നു മരയ്ക്കാരുടേത്. ആദ്യം വിജയിച്ചത് മരയ്ക്കാരാണെങ്കിലും അന്തിമ വിജയം പറങ്കികള്‍ക്കായിരുന്നു. അവര്‍ കുഞ്ഞാലി ഒന്നാമനെ പിടികൂടി വധിച്ചു. കുഞ്ഞാലി മരയ്ക്കാര്‍ രണ്ടാമനും കൂട്ടുകാരും യുദ്ധം ശക്തമാക്കി. പൂര്‍വ്വതീരത്തും സിലോണിലുമുള്ള പറങ്കി കേന്ദ്രങ്ങള്‍ പോലും ആക്രമിച്ച് നശിപ്പിച്ചു. സമരം തുടര്‍ന്നുകൊണ്ടേയിരുന്നു. പോര്‍ച്ചുഗീസുകാരോട് നേരിട്ട് യുദ്ധം ചെയ്യാതെ ഒളിപ്പോര് നടത്തുകയായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമന്‍ ചെയ്തത്. 1584 ല്‍ സാമൂതിരി പറങ്കികള്‍ക്ക് പൊന്നാനിയില്‍ ഫാക്ടറി പണിയാന്‍ സ്ഥലം അനുവദിച്ചതിന്‍റെ പേരില്‍ രാജാവുമായി അലോസരമുണ്ടായി. കുഞ്ഞാലിയെ പിണക്കാതിരിക്കാന്‍ രാജാവ് കോട്ടപ്പുറത്ത് കോട്ടകെട്ടാന്‍ അനുമതി നല്‍കി. ഒരിക്കലും തോല്‍ക്കാത്ത കുഞ്ഞാലിക്ക്  നാടിന്‍റെ ഭാവിയെ കുറിച്ച് കടുത്ത ആശങ്കയുണ്ടായിരുന്നു. 1594 ല്‍ പന്തലായനിയില്‍ വച്ച് പറങ്കികളെ തോല്‍പ്പിച്ച് വിജയം ആഘോഷിക്കാന്‍ നാട്ടുകാര്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കപ്പലിറങ്ങി വരുമ്പോള്‍ കാല്‍വഴുതി വീണ് പരുക്കുപറ്റിയാണ് മരയ്ക്കാര്‍ മരണമടഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അനന്തിരവന്‍ മുഹമ്മദ് മരയ്ക്കാര്‍ കോട്ടയ്ക്കല്‍ കോട്ടയുടെ അധിപനായി. കുഞ്ഞാലിയുടെ സൈനിക ശക്തി മനസിലാക്കിയ പറങ്കികള്‍ , സാമൂതിരിയും കുഞ്ഞാലിയും                                                           തമ്മിലുള്ള അഭിപ്രായവ്യത്യാസം മുതലെടുത്ത് യുദ്ധതന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു. നേരും നെറിയുമില്ലാത്ത പോര്‍ച്ചുഗീസ് സാമ്രാജ്യശക്തിയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു. ആത്മമിത്രങ്ങളായിരുന്ന കുഞ്ഞാലിയും സാമൂതിരിയും ബദ്ധശത്രുക്കളായി. പോര്‍ച്ചുഗീസുകാരെ തോല്‍പ്പിക്കാനായി ബിരുദം നല്‍കി അനുഗ്രഹിച്ച അതേ സാമൂതിരിമാര്‍ തന്നെ കുഞ്ഞാലിവംശത്തിന്‍റെ അന്തകരായി മാറുന്ന കാഴ്ചയാണ് 1600 ല്‍ കേരളം കണ്ടത്. 

സീന്‍ 1 - -- ടൈറ്റില്‍ - 1600 മാര്‍ച്ച് - ഗോവന്‍ കടപ്പുറം

 ( പോര്‍ച്ചുഗീസുകാര്‍ ആവേശത്തോടെ നോക്കി നില്‍ക്കുകയാണ്.ദൂരെ നിന്നും ഒരു കപ്പല്‍ വരുന്നു. ആള്‍ക്കാരുടെ ഒച്ചയും ബഹളവും. കൂട്ടത്തില്‍ ഒരാള്‍ ചങ്ങലയിലാണ്. അയാള്‍ പറങ്കിയല്ല, മലയാളിയാണെന്ന് മനസിലാക്കാം. കപ്പല്‍ തീരത്തടുക്കുന്നു. കപ്പലില്‍ നിന്നും ആളുകള്‍ ഇറങ്ങുന്നു. ഒപ്പം തടവുകാരും .അവര്‍ കുഞ്ഞാലിയും കൂട്ടരുമാണ്. പറങ്കികളുടെ നേതാവ് ഉറക്കെ വിളിച്ചു പറയുന്നു. (പറങ്കി ഭാഷ വേണം. മലയാളം സബ്ടൈറ്റില്‍ നല്‍കാം. ) 

--- പന്നീടെ മോന്‍, പാടുപെടുത്തിക്കളഞ്ഞു ഞങ്ങളെ. ഇവനെ കൊന്നാലും തീരില്ല പക. അത്രയ്ക്കുണ്ട് ഈ തെണ്ടിയുടെ ഉപദ്രവം. കൊന്ന് ഉപ്പിലിടണം കഴുവേറിയെ. 

(ആളുകള്‍ കല്ലെറിയുന്നു.) 

--- എറിയരുത്, എറിയരുതെന്നാ പറഞ്ഞെ, ഇവനെ ആവശ്യമുണ്ട്, ജീവനോടെ വേണം നമുക്ക് 

(ആളുകള്‍ ഏറ് നിര്‍ത്തുന്നു. ഈ സമയം ചങ്ങലയിലുള്ളയാള്‍ കുഞ്ഞാലിയുടെ അടുത്ത് എത്തുന്നു. )

--- കുഞ്ഞാലിക്കാ, നിങ്ങള്‍ എങ്ങിനാ തോറ്റത്.

കുഞ്ഞാലി ---- എന്‍റെ മച്ചുനന്‍ - എന്‍റെ മച്ചുനന്‍ - നീ -- 

പട്ടാളക്കാര്‍ അവനെ തള്ളുന്നു.( പോര്‍ച്ചുഗീസ് ഭാഷയില്‍ ) --- പെഡ്രോ, മാറിപ്പോകൂ, മാറിപ്പോകാന്‍ -- 

അവന്‍ തിരിഞ്ഞു തിരിഞ്ഞു നോക്കൂന്നു. കുഞ്ഞാലിയും പട്ടാളവും മുന്നോട്ടും പെഡ്രോ പിറകിലുമാകുന്നു. 

കഞ്ഞാലി --- മച്ചുനാ, കോട്ടകള്‍ കെട്ടരുത്, അത് നമ്മുടെ സാധ്യതകള്‍ പരിമിതപ്പെടുത്തും. അനന്ത വിശാലമായ കടല്‍, തമ്പുരാന്‍ നമുക്ക് തന്ന സാമ്രാജ്യമാണത്. അത് അറിയാന്‍  വൈകിപ്പോയി മച്ചുനാ. നീ കരുത്തനാകും, നീ പകരം വീട്ടുമെടാ- എനിക്കറിയാം - യാ റബുല്‍ ആലമീനായ തമ്പുരാനെ - ഇവന് ശക്തി നല്‍കേണമെ --

ഈ സമയം മഴ പെയ്യുന്നു. മഴ നനഞ്ഞ് മുന്നോട്ടുപോകുന്ന കൂട്ടം. 

സീന്‍ - 2 

ടൈറ്റില്‍ ----  ഗോവയിലെ ട്രോങ്കോ തടവറ 

ജയിലിനുള്ളില്‍ പട്ടാളക്കാര്‍ നടക്കുന്ന കാഴ്ച. തടവറയില്‍ കുഞ്ഞാലി. ഒരു പാതിരി നടന്ന് കുഞ്ഞാലിയുടെ തടവറയില്‍ എത്തുന്നു. (മലയാളം അറിയാവുന്ന പാതിരി ) 

പാതിരി ---- കുഞ്ഞാലി, നിന്‍റെ പാപങ്ങള്‍ കര്‍ത്താവായ ഈശോ മിശിഹ കഴുകിക്കളയും. നീ പാപങ്ങളില്‍ നിന്നും മുക്തനാവും, നീ കര്‍ത്താവില്‍ വിശ്വസിക്ക. 

കുഞ്ഞാലി --- എന്‍റെ ദൈവം കരുണാമയനായ അല്ലാഹുവാണ്. മറ്റൊരു ദൈവത്തിലും ഞാന്‍ വിശ്വസിക്കയില്ല. അതിനായി താങ്കള്‍ ബുദ്ധിമുട്ടുകയും വേണ്ട. 

കുഞ്ഞാലി പ്രാര്‍ത്ഥനാ നിരതനായി.

പാതിരി  ദേഷ്യത്തോടെ ----- കര്‍ത്താവിന്‍റെ വഴിയില്‍ കല്ലും മുള്ളും പാകുന്നവനാണിവന്‍. ഇവന് ആഹാരമോ വെള്ളമോ കൊടുക്കേണ്ടതില്ല. പാപികള്‍ക്ക് മുന്നില്‍ സ്വര്‍ഗ്ഗരാജ്യം എപ്പോഴും അടഞ്ഞുതന്നെ കിടക്കും. 

പാതിരി നടന്നു പോകുന്നു 

സീന്‍ - 3 

കപ്പല്‍ നിര്‍മ്മാണ കേന്ദ്രം. ഡോണ്‍ പെട്രോ റോഡ്രിഗ്സ്  ചങ്ങലയിലാണെങ്കിലും പണിയെടുക്കുന്നു. അവന്‍ ഉള്ളിലുള്ള ദേഷ്യത്തിന്‍റെ കനലില്‍ ആവേശത്തോടെ ജോലി ചെയ്യുന്നു. 

അവന്‍റെ ഓര്‍മ്മ -- ഫ്ളാഷ് ബാക്ക് 

സീന്‍ - 4 
കുഞ്ഞാലിയുടെ കോട്ട. യുദ്ധത്തിനുള്ള തയ്യാറെടുപ്പ്  നടക്കുന്നു. കുഞ്ഞാലിയുടെ ഉമ്മ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നു. 

ഉമ്മ ---- കുഞ്ഞാലീ, നീ കണ്ടോ - മ്മടെ കുട്ടി അഹമ്മദിനെ. അവനും വരുന്നുപോലും യുദ്ധത്തിന് 

കുട്ടി അഹമ്മദ് യുദ്ധ വേഷത്തില്‍. ഒട്ടൊരു നാണവുമുണ്ട് 

കുട്ടി അഹമ്മദ് -- എന്‍റെ പഠനം കഴിഞ്ഞൂന്ന്  ഉസ്താദ് പറഞ്ഞിട്ടുണ്ട്. ഇനി യുദ്ധത്തിന് പുറപ്പെട്ടോളാനും പറഞ്ഞിട്ടുണ്ട്. 

കുഞ്ഞാലി -- ഇത്തിരീം കൂടി കഴിഞ്ഞോട്ടെ മച്ചുനാ . യുദ്ധം ചെയ്യാനുള്ള കൈത്തഴമ്പായിട്ടുപോരെ ഈ പുറപ്പെടല്‍ 

കുട്ടി അഹമ്മദ് --- കുഞ്ഞാലിക്കാ എന്നെ തടയരുത്, ഞാനും വരും . ഇതെന്‍റെ ഒടുക്കത്തെ പൂതിയാ. 

കുഞ്ഞാലി ചിരിക്കുന്നു. 

കുഞ്ഞാലി -- ഉം- ശരി, ശരി, നിന്‍റെ ആഗ്രഹം അതാണെങ്കില്‍  ആയ്ക്കോട്ടെ. 

സീന്‍ -4 -എ 

കുഞ്ഞാലിയും സംഘവും ചെറുവള്ളങ്ങളില്‍ യുദ്ധത്തിന് പുറപ്പെടുന്നു. കുഞ്ഞാലി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. 

കുഞ്ഞാലി --- ഫുര്‍കാസോ ചില്ലറക്കാരനല്ല. നമ്മള്‍ നാല് ഭാഗത്തു നിന്നും ആക്രമിച്ച് കയറണം. കപ്പലിനുള്ളില്‍ കയറുന്നവര്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടാതെ നോക്കണം. മോശം സാഹചര്യമാണെന്ന് ബോധ്യമായാല്‍  കടലിലേക്ക് ചാടണം. അത്തരക്കാരെ രക്ഷിക്കാന്‍ താഴെ നില്‍ക്കുന്നവര്‍ ശ്രദ്ധിക്കണം . ഇതൊരു ജീവന്‍ മരണ പോരാട്ടമാണ്. തമ്പുരാന്‍റെ കൃപ നമുക്കൊപ്പമുണ്ടാകും. ( അള്ളാഹു അക്ബര്‍ എന്നു തുടങ്ങുന്ന ഭാഗം ചേര്‍ക്കാം. ) 

സീന്‍ -5 

യുദ്ധം. വലിയ കപ്പലിലെ പീരങ്കികളില്‍പെടാതെയുള്ള  വേഗതയാര്‍ന്ന യുദ്ധം. ചെറുവള്ളങ്ങളാണ് യുദ്ധനിരയില്‍. പല പോര്‍ച്ചുഗീസുകാരും മരിക്കുന്നു. കപ്പലില്‍ കയറുന്നവരില്‍ കുട്ടി അഹമ്മദുമുണ്ട്. പലരും കൊലചെയ്യപ്പെടുന്നു. കുട്ടി അഹമ്മദ് പോര്‍ച്ചുഗീസ് പിടിയിലാവുന്നു. 

സീന്‍ -6 

കുഞ്ഞാലിയുടെ കോട്ട. ഉമ്മയും മറ്റുള്ളവരുമുണ്ട്. കുഞ്ഞാലി ദുഖിതനായിരിക്കുന്നു. 

കുഞ്ഞാലി -  നമ്മുടെ വീരന്മാര്‍ പലരും പോയി. എങ്കിലും കുട്ടി അഹമ്മദ്-- അതാണ് ഉമ്മാ സഹിക്കാന്‍ കഴിയാത്തത്. കൊച്ചുകുട്ടിയായിരുന്നില്ലെ അവന്‍ - എനിക്ക് വിലക്കാമായിരുന്നു -- ഇതെന്‍റെ പിഴ - 

ഉമ്മ -- കുഞ്ഞാലി , യുദ്ധത്തില്‍ മരണപ്പെടുന്നത്  വീരചരമം. അവനെ അള്ളാഹു വിളിച്ചു, അവന്‍ പോയി എന്ന് സമാധാനിച്ചാല്‍ മതി. നഷ്ടങ്ങളെ ഓര്‍ത്ത്  സങ്കടപ്പെടാന്‍ നമുക്ക് സമയമില്ല മോനെ. പറങ്കികളെ ഈ തീരത്തുനിന്നോടിക്കുക എന്നതാണല്ലൊ നമ്മുടെ നാടിന് വേണ്ടി നമുക്ക് ചെയ്യാവുന്ന കടമ. നീ എണീറ്റുവാ -- വല്ലതും കഴിക്ക് . 

ഫ്ളാഷ് ബാക്ക് കഴിയുന്നു 

സീന്‍ - 7 

ജയിലില്‍ കിടക്കുന്ന കുഞ്ഞാലിയുടെ  ആത്മഗതം  ---- കുട്ടി അഹമ്മദ്, അവന്‍ മരിച്ചൂന്നാ കരുതിയത്. -- എന്നിട്ടിപ്പൊ പറങ്കികളുടെ അടിമയായി -- എന്‍റെ തമ്പുരാനെ -- എന്താ അവന്‍റെ നിയോഗം--- നീ എന്താണവന് കണ്ടുവച്ചിരിക്കുന്നത്.

സീന്‍ -7 എ 

ജോലിയില്‍ മുഴുകി  നില്‍ക്കുന്ന പെഡ്രോ 

സീന്‍ -8 

വൈസ്രോയിയുടെ മുറി, പാതിരിയും സൈന്യാധിപന്മാരുമുണ്ട്. 

പാതിരി --- അവന്‍ മതം മാറില്ല. അവന്‍റെ മനസും മാറില്ല. ഇനി വിചാരണയും ശിക്ഷയുമെ ബാക്കിയുള്ളു. അത് നടപ്പിലാക്കുക. 

വൈസ്രോയി --- എങ്കില്‍ നാളെത്തന്നെ കോടതി ചേരാന്‍ നിര്‍ദ്ദേശം നല്‍കുക. ചടങ്ങുകള്‍ വേഗം അവസാനിപ്പിച്ച് ശിക്ഷ നടപ്പാക്കണം. 

സീന്‍ - 9 

കോടതി മുറി. കുഞ്ഞാലിയേയും കൂട്ടരേയും നിരത്തി നിര്‍ത്തിയിരിക്കുന്നു. ജഡ്ജി ഇരിപ്പുണ്ട്. വക്കീല്‍ സംസാരിക്കുന്നു. 

വക്കീല്‍ -- മി ലോഡ് , ഈ നില്‍ക്കുന്ന പ്രതികള്‍ ദേശദ്രോഹികളാണ്. സമാധാനപരമായി കച്ചവടം നടത്തിവരുന്ന നൂറുകണക്കിന് പോര്‍ച്ചുഗീസുകാരെ അതിക്രൂരമായി വധിച്ചിട്ടുള്ളവരാണ് ഈ കാടന്മാര്‍. കൊള്ളയും കൊള്ളിവയ്പ്പും ശീലമാക്കിയ ഇവര്‍ക്ക് മരണശിക്ഷ തന്നെ നല്‍കണമെന്ന് ഞാന്‍ ബഹുമാനപ്പെട്ട കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു. 

കുഞ്ഞാലി -- പറങ്കികളാണ്  യഥാര്‍ത്ഥ രാജ്യദ്രോഹികള്‍. സമാധാനപരമായി കച്ചവടം ചെയ്തുവന്ന അറബികളെയും മുസ്ലീങ്ങളേയും കൊള്ള ചെയ്തും കൊലപ്പെടുത്തിയും മലബാറിന്‍റെ സമാധാനം നശിപ്പിച്ചത് പറങ്കികളാണ്. പാവപ്പെട്ട സ്ത്രീകളെയും കുട്ടികളെയും വരെ കൊലചെയ്യാന്‍ മടിക്കാത്ത നീചന്മാരായ കൊള്ളക്കാര്‍. കള്ളവും ചതിവും മാത്രം കൈമുതലായുള്ള പറങ്കികളോട് പോരാടിയ ധീരദേശാഭിമാനികളാണ് ഞങ്ങള്‍. ഒരു തെറ്റും ചെയ്തിട്ടില്ലാത്ത ഞങ്ങള്‍ക്ക് യാ റസൂല്‍ അലമീനായ തമ്പുരാന്‍ വിധിച്ചിരിക്കുന്ന എന്ത് ശിക്ഷയും ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കും. ഈ നീതിപീഠത്തില്‍ നിന്നും ഞങ്ങള്‍ കരുണ പ്രതീക്ഷിക്കുന്നില്ല. ഇത് നീതിയുടെ പീഠമല്ല, അനീതിയുടേതാണ്  എന്ന ഉത്തമബോധ്യം ഞങ്ങള്‍ക്കുണ്ട് . -- അല്ലാഹു അക്ബര്‍-- ലാ ഇലാഹ ഇല്ലല്ലാ--


വക്കീല്‍ -- ഇനി ഒരു വിശദീകരണത്തിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല മി ലോഡ്. കുറ്റക്കാരായ  ഇവര്‍ പശ്ചാത്തപിക്കാന്‍ പോലും തയ്യാറല്ലെന്ന് മാത്രമല്ല തികഞ്ഞ അഹങ്കാരികളുമാണ്. ആയതിനാല്‍ ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ നടപടിയുണ്ടാവണമെന്ന് ബഹുമാനപ്പെട്ട കോടതിയോട്  അഭ്യര്‍ത്ഥിക്കുന്നു. 
ജഡ്ജി വിധി പ്രസ്താവം എഴുതുന്നു. കോടതിയില്‍ കൂടിയിട്ടുള്ളവരുടെ  വിവിധ ഭാവങ്ങള്‍ 

ജഡ്ജി ----- എനിക്ക് മുന്നില്‍ വിചാരണ ചെയ്യപ്പെട്ട ഇവര്‍ കടുത്ത ദേശദ്രോഹികളും അഹങ്കാരികളും ചതിയന്മാരും കര്‍ത്താവില്‍ വിശ്വസിക്കാത്തവരുമാണെന്ന് കോടതിക്ക്  ബോധ്യപ്പെട്ടിരിക്കുന്നു. ചെയ്ത തെറ്റുകളില്‍ പശ്ചാത്തപിക്കാന്‍ പോലും തയ്യാറാകാത്ത ഇവര്‍ക്ക് മരണത്തില്‍ കുറഞ്ഞ ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലിയേയും കൂട്ടരേയും ശിരച്ഛേദം ചെയ്ത് കൊലപ്പെടുത്താനും നാടിന്‍റെ നാനാഭാഗത്തുമായി പ്രദര്‍ശിപ്പിക്കാനും നാം ഉത്തരവിടുന്നു. നേതാവായ കുഞ്ഞാലിയുടെ ശരീരം കൊത്തിനുറുക്കി ജീവികള്‍ക്ക് തീറ്റയായി നല്‍കേണ്ടതാണ്. ഈ മലബാറില്‍ ഒരാളും ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യാതിരിക്കാനായി ഇയാളുടെ തല മലബാര്‍ തീരത്ത്  പ്രദര്‍ശിപ്പിക്കേണ്ടതാണ്. വിധി പ്രസ്താവം കുറ്റക്കാര്‍ കേട്ട് അംഗീകരിച്ചതായി കരുതുന്നു. കോടതി പിരിയുകയാണ്. 

കുഞ്ഞാലിയും കൂട്ടരും യാതൊരു ഭാവഭേദവുമില്ലാതെ വിധി കേട്ടു. അവര്‍ ഒന്നിച്ച് അല്ലാഹു അക്ബര്‍  വിളി മുഴക്കുന്നു 

സീന്‍ - 10 

പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുന്ന ഉമ്മ. അവരുടെ കൈകളിലേക്ക് കുഞ്ഞാലിയുടെ ഉറുമാല്‍ പറന്നു വീഴുന്നു. അവര്‍ ഞെട്ടുന്നു. ഒപ്പമുള്ള കുട്ടിയും മറ്റ് സ്ത്രീകളും അത് ശ്രദ്ധിക്കുന്നു. 

ഉമ്മ -- യാ റബ്ബുല്‍ ആലമീനായ തമ്പുരാനെ--  ന്‍റെ കുഞ്ഞാലിക്ക്  എന്താണ് സംഭവിച്ചിരിക്കുന്നത്. എന്‍റെ മനസ് ആകെ അസ്വസ്ഥമായിരിക്കുന്നു. എല്ലാം  ബലിയായി സ്വീകരിച്ച്  , ഇവളെ മാത്രം എന്തിനിങ്ങനെ തീയില്‍ നിര്‍ത്തിയിരിക്കുന്നു. അത്രയ്ക്ക്  പാപിയാണോ ഈ വൃദ്ധ. 

അനുചര ---- ഉമ്മ സമാധാനിക്ക്.  ഇക്കയ്ക്ക് ഒന്നും സംഭവിക്കില്ല. അവര്‍ തിരിച്ചുവരും.

ഉമ്മ  ----------  മോളെ , ആശ്വാസ വചനങ്ങള്‍കൊണ്ട്  എന്നെ തണുപ്പിക്കാന്‍ കഴിയില്ല. യോദ്ധാക്കളുടെ പരമ്പരയില്‍ പെട്ടവളാണ്  ഈ ഉമ്മ. എത്രയോ മരണങ്ങള്‍ കണ്ടവള്‍. യുദ്ധത്തില്‍ കുഞ്ഞാലി വീരമൃത്യു വരിച്ചെങ്കില്‍ എനിക്കിത്ര സങ്കടമുണ്ടാവില്ലായിരുന്നു. ഇത് -- ഇത് ചതിയല്ലെ.  എന്‍റെ കുഞ്ഞാലിയെ ചതിച്ചില്ലെ പൊന്നു തമ്പുരാന്‍. അതിനുതക്ക എന്ത് പാപമാണ് ഞാന്‍ ചെയ്തത് തമ്പുരാനെ 

അവര്‍ കരയുന്നു. (ഫ്ളാഷ്ബാക്ക് ) 

സീന്‍ - 11 

ക്ഷോഭിച്ചു നില്‍ക്കുന്ന തിരകളുടെ  വിഷ്വല്‍ 
കുഞ്ഞാലിയും ഉമ്മയും ഒന്നിച്ചിരിക്കുന്നു.

ഉമ്മ -- ചോരയുടെ  മണം നിറഞ്ഞ ഈ കടല്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു മോനെ. എന്നെങ്കിലും ഈ യുദ്ധം അവസാനിക്കുമോ ? നമ്മുടെ ചെറുപ്പക്കാരെല്ലാം മയ്യത്താവുന്ന കാഴ്ച, വിധവകളായ പെണ്ണുങ്ങള്‍ , ബാപ്പയില്ലാത്ത മക്കള്‍ -- ഇതൊന്നവസാനിക്കണ്ടെ മോനെ - 

കുഞ്ഞാലി --- ഉമ്മ പറഞ്ഞുവരുന്നത്  എനിക്ക് മനസിലാകുന്നുണ്ട്. എന്താണ്  പരിഹാരം ?

ഉമ്മ -- നീയ് സാമൂതിരിയുമായുള്ള വഴക്ക് നിര്‍ത്തണം . പറങ്കികളും സാമൂതിരിയും ചേര്‍ന്ന ശക്തിക്ക് മുന്നില്‍ നമുക്ക്  എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും മോനെ . ഒരാളെ വിട്ട് നമ്മുടെ ആഗ്രഹം തമ്പുരാനെ അറിയിക്ക്. നമ്മുടെ കലവറ കാലിയായിതുടങ്ങി. കൊണ്ടുവന്ന അരിയും പലചരക്കും പറങ്കികള്‍ പിടിച്ചെടുത്തില്ലെ. പട്ടിണിക്കിട്ട്  കൊല്ലാനാവും അവരുടെ അടവ്. 

സീന്‍ -12 

കുഞ്ഞാലി മരയ്ക്കാറും ചൈനാലിയും കുട്ട്യാലിയും കുഞ്ഞിമൂസയും കൂടിയാലോചിക്കുന്നു. 

കുഞ്ഞാലി ---- നമ്മുടെ കലവറ ഒഴിയാറായി. പട്ടിണി കിടന്ന് യുദ്ധം ചെയ്യാന്‍ കഴിയില്ലല്ലോ കുട്ട്യാലി. ഫുര്‍ത്താവുസോയുടേത്  തന്ത്രപരമായ നീക്കമാണ്. നമുക്ക് ഭക്ഷണവുമായി വന്ന എല്ലാ കപ്പലുകളും അവര്‍ പിടിച്ചെടുത്തു. സ്ത്രീകളെയും കുട്ടികളേയുമെങ്കിലും രക്ഷിക്കണം. അതിന് കീഴടങ്ങള്‍ മാത്രമേയുള്ളു മുന്നില്‍

കുട്ട്യാലി --- പറങ്കികള്‍ക്ക് കീഴടങ്ങുന്നതിലും നല്ലത് മരണം തന്നെയാണ്

കുഞ്ഞാലി --- നമുക്ക് പൊന്നു തമ്പുരാന് മുന്നില്‍ കീഴടങ്ങാം. മലബാറിനുവേണ്ടിയുള്ള യുദ്ധമല്ലെ നമ്മുടേത്. അത് തമ്പുരാന്‍ മനസിലാക്കുന്ന കാലം വരും. പറങ്കികളുടെ വലയിലായ തമ്പുരാന് ഇപ്പൊ കണ്ണു കാണാന്‍ വയ്യാത്ത അവസ്ഥയാണ്. ഇത് മാറും കുട്ട്യാലി

ചൈനാലി --- തമ്പുരാനെയും പറങ്കികളെയുമൊന്നും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പക്ഷെ, നമുക്കൊരു ബദലില്ല എന്നതാണ് സത്യം. 

കുഞ്ഞാലി -- നമുക്ക് കീഴടങ്ങിയ ശേഷം നാടുവിടാം. രാമേശ്വരത്ത് എല്ലാ സൌകര്യങ്ങളും ഒരുക്കി നല്‍കാന്‍ മധുര രാജാവ് തയ്യാറാണ്. അവിടെ താമസിച്ചുകൊണ്ട് നമുക്ക് പറങ്കികളോട് പോരാടാം. നമ്മുടെ സ്വത്തുക്കളെല്ലാം അവിടെ എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 

കുഞ്ഞിമൂസ --- നമ്മുടെ കണക്കുകള്‍ പിഴച്ച സ്ഥിതിക്ക് ഇനി മറ്റ് മാര്‍ഗ്ഗങ്ങളില്ല. കരയും കടലും പുഴയും അവര്‍ സ്വന്തമാക്കിയിരിക്കുന്നു. നമ്മള്‍ മാളത്തിലകപ്പെട്ട എലിയുടെ സ്ഥിതിയിലാണിപ്പോള്‍ 

കുഞ്ഞാലി --- കീഴടങ്ങല്‍ സന്ദേശവുമായി തമ്പുരാനെ കാണാന്‍ നമ്മുടെ ദൂതന് നിര്‍ദ്ദേശം നല്‍കുക. ഞാനല്‍പ്പം വിശ്രമിക്കട്ടെ.

സീന്‍ -12  എ

കോട്ടമുറ്റം. പട്ടാളക്കാരും സ്ത്രീകളും കുട്ടികളും നിറഞ്ഞു നില്‍ക്കുന്നു. ഉയര്‍ന്ന മണ്ഡപത്തിലേക്ക് കുഞ്ഞാലി വരുന്നു. തികഞ്ഞ നിശബ്ദത

കുഞ്ഞാലി --- എന്‍റെ ഉടപ്പിറപ്പുകളെ, കുഞ്ഞുങ്ങളെ, മതം, ദേശം, പ്രായം എന്നിവയ്ക്കൊന്നും വേര്‍തിരിക്കാനാവാത്തവിധം ഒറ്റ മനസായാണ് നമ്മള്‍ നാളിതുവരെ പോരാടിയത്. വിജയവും പരാജയവും നിശ്ചയിക്കുന്നത് കാലമാണ്. നമ്മളെയും തമ്പുരാനെയും പിണക്കിയവര്‍ക്ക് ഉടയോന്‍ മാപ്പു കൊടുക്കട്ടെ. പറങ്കികളുമായുള്ള സന്ധിയില്ലാ സമരം നമ്മുടെ അനേകം ധീരനായകന്മാരുടെ ജീവന്‍ അപഹരിച്ചു. അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം കുടുംബങ്ങളോട് ക്ഷമ ചോദിക്കാനും ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. വീരന്മാര്‍ ഒരിക്കലെ മരിക്കുകയുള്ളു. ഭീരുക്കള്‍ പലവട്ടം മരിക്കുന്നു. വീരന്മാരുടെ ഊര്‍ജ്ജം എന്നും നമ്മോടൊപ്പമുണ്ടാകും. നമ്മള്‍ യുദ്ധം അവസാനിപ്പിക്കുകയാണ്. തമ്പുരാനുമായുണ്ടാക്കിയ കരാര്‍ പ്രകാരം നിങ്ങളെയെല്ലാം സ്വതന്ത്രരായി പോകാന്‍ അനുവദിക്കും. എല്ലാവരും രാമേശ്വരത്ത് എത്തണം. പറങ്കികള്‍ക്കെതിരായ അന്തിമപോരാട്ടം നമുക്കവിടെ നിന്നും ആരംഭിക്കാം. അന്തിമ വിജയം നമ്മുടേത് തന്നെയാകും. ഏതാനും നിമിഷങ്ങള്‍ക്കകം വെള്ളകൊടി ഉയരും. അതോടെ കോട്ടവാതില്‍ തുറക്കും. ആദ്യം സ്ത്രീകളും കുട്ടികളും പുറത്തിറങ്ങണം. പരിക്കേറ്റവരേയും രോഗികളെയും ഭടന്മാര്‍ പുറത്തേക്ക് കൊണ്ടുപോകണം. തുടര്‍ന്ന് മറ്റുള്ളവരും. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ഞാന്‍ നിങ്ങളോട് ചെയ്തിട്ടുള്ള എല്ലാ തെറ്റുകള്‍ക്കും അല്ലാഹുവിന്‍റെ നാമത്തില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളെ ഉടയതമ്പുരാന്‍ കാത്തുകൊള്ളട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

ഭടന്മാര്‍ മുദ്രാവാക്യം വിളിക്കുന്നു ---- കുഞ്ഞാലി മരയ്ക്കാര്‍ നീണാള്‍ വാഴട്ടെ,  കുഞ്ഞാലി മരയ്ക്കാര്‍ നീണാള്‍ വാഴട്ടെ 

കരഞ്ഞുകൊണ്ടു നില്‍ക്കുന്ന സ്ത്രീകളുടെ അടുത്തെത്തുന്ന കുഞ്ഞാലി -------- എന്‍റെ അമ്മമാരും പെങ്ങന്മാരും മക്കളുമാണ് നിങ്ങള്‍. ധീരന്മാരുടെ കുലത്തില്‍പെട്ട നിങ്ങള്‍ ധൈര്യം കൈവിടരുത്. എല്ലാ ദുരിതങ്ങളില്‍ നിന്നുമുള്ള മോചനാണ് ഇപ്പോഴുണ്ടാകുന്നത്. യുദ്ധത്തിന്‍റെ ശാപഗ്രസ്തമായ ദിനങ്ങള്‍ അവസാനിക്കുകയാണ്. ഈ സമയം സന്തോഷിക്കാനുള്ളതാണ്, കരയരുത് 

കുഞ്ഞാലി ഒരു സ്ത്രീയുടെ കണ്ണീര്‍ തുടയ്ക്കുന്നു. മുന്നിലേക്ക്ക നടക്കുമ്പോള്‍ ഉമ്മയും ചെറുമക്കളും വായപൊത്തി വിതുമ്പുന്നു. അവരെ ചേര്‍ത്തു പിടിച്ച്  കുഞ്ഞാലി ---- വീരശൂരപരാക്രമിയായ കുഞ്ഞാലിയുടെ ഉമ്മ കരയുകയോ -- എന്താ ഉമ്മ ഇത്. ഞാന്‍ ഉടനെ രാമേശ്വരത്ത് എത്തില്ലെ. അവിടെ ഇതിനേക്കാള്‍ വലിയൊരു കോട്ട പണിത് ഉമ്മയെ ഞാനതില്‍ പാര്‍പ്പിക്കും. പറങ്കികളെ അറബിക്കടലില്‍ നിന്നോടിക്കുക എന്ന കാരണവന്മാരുടെ സ്വപ്നം പൂര്‍ത്തിയാക്കും. ഉമ്മയുടെ മോന്‍ നല്‍കുന്ന വാക്കാണ്, ഞാനിത് നിറവേറ്റും ഉമ്മ

ഉമ്മ ആശങ്കയില്‍ തന്നെ 

ഉമ്മ-- എന്നെയും ഈ കുഞ്ഞിനെയും ആരെ ഏല്‍പ്പിച്ചാണ് കുഞ്ഞാലി നീ പോകുന്നത്

കുഞ്ഞാലി കുഞ്ഞിനെ എടുത്ത് സന്തോഷത്തോടെ സംസാരിക്കുന്നു -------- വല്യുപ്പ കൊറച്ചീസം കഴിയുമ്പൊ മോളെ കാണാന്‍ വരും. രണ്ട് കൈ നിറയെ ചക്കര മിഠായിയുമായി വരും. -- ന്‍റെ മോള്  മിടുക്കിയാവണം- കേട്ടോ 

കുട്ടി തലയാട്ടി ചിരിക്കുന്നു. കുഞ്ഞാലി അവള്‍ക്ക് മുത്തം നല്‍കുന്നു. കഴുത്തില്‍ ചുറ്റിയിരുന്ന ഉറുമാല്‍ എടുത്ത് ഉമ്മയുടെ കണ്ണുനീര്‍ തുടച്ച് അത് അവരെ ഏല്‍പ്പിക്കുന്നു. 

കുഞ്ഞാലി --- ഉമ്മ ഇത് വച്ചോളീന്‍ -- എനിക്കിപ്പൊ തരാന്‍ മറ്റൊന്നുമില്ല

അവര്‍ അത് കൈയ്യില്‍ ചുരുട്ടി വീണ്ടും സങ്കടപ്പെടുന്നു. കുഞ്ഞാലി മുന്നോട്ട് നടക്കുന്നു. സങ്കടമുള്ളത് കാണിക്കാതെയും തിരിഞ്ഞു നോക്കാതെയും പറയുന്നു ------ ഉമ്മ ഓള്‍ടെ കൈവിടല്ലെ, കുരുത്തംകെട്ട പെണ്ണാണ്, മുറുകെ പിടിച്ചോണം 

ഉമ്മ പ്രാര്‍ത്ഥിക്കുന്നു ------ യാ റസൂല്‍ ആലമീനായ തമ്പുരാനെ --- ന്‍റെ മോനെ കാത്തോളണെ 

സീന്‍-12  ബി 

വെള്ളക്കൊടി ഉയര്‍ന്നു. കോട്ടവാതില്‍ തുറന്നു. കുഞ്ഞാലിയും കൂട്ടരും മുകളില്‍ നിന്ന് കാഴ്ച കണ്ടു. ആദ്യം സ്ത്രീകളും അവരുടെ കൈ പിടിച്ച് കുട്ടികളും പുറത്തേക്കിറങ്ങി. കോട്ടയും ഇരുവശവും പോര്‍ച്ചുഗീസ് -- നായര്‍ പട്ടാളങ്ങള്‍ ഒരിടനാഴി തീര്‍ത്തിരിക്കുന്നു. അതിനിടയിലൂടെ കുനിഞ്ഞ ശിരസും ഉറച്ച കാല്‍വയ്പുകളുമായി അവര്‍ നടന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്നിലായി അംഗവൈകല്യമുള്ളവര്‍, അവരെ സഹായിക്കുന്നവര്‍. സ്ത്രീകളുടെ നിരയ്ക്ക് പിന്നിലായി ഉമ്മയും കുഞ്ഞും. കുഞ്ഞ് തിരിഞ്ഞുനോക്കുന്നുണ്ട്. വല്യുപ്പയെയാണവള്‍ നോക്കുന്നത്. അവള്‍ കുഞ്ഞാലിയെ കാണുന്നില്ല. അവള്‍ വീണ്ടും നേരെ നോക്കി നടത്തം തുടര്‍ന്നു. തികഞ്ഞ നിശബ്ദത. അവര്‍ നടക്കുന്ന പാദപതനം വ്യക്തമായി കേള്‍ക്കാം. 

കുഞ്ഞാലി --- തമ്പുരാനെ , എല്ലാം അവിടത്തെ ഇഷ്ടം. സുബാനള്ളാ , സുബാനള്ളാ

സീന്‍-12  സി 

ആ മനുഷ്യ ഇടനാഴിയുടെ അങ്ങേയറ്റത്തായി സാമൂതിരി കസേരയില്‍ ഇരിക്കുന്നു. മന്ത്രിമാര്‍ സമീപത്തുണ്ട്. ഉപദേശികളായ പാതിരിമാരും . ആദ്യസംഘം സാമൂതിരിപ്പാടിനു മുന്നിലെത്തി തൊഴുതു. അവരോട് പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിക്കുന്നു. അങ്ങിനെ ഓരോ സംഘമായി അവര്‍ ഇടത്തേക്കും വലത്തേക്കും തിരിഞ്ഞുപോയി. 

സീന്‍ -13 

കുഞ്ഞാലി കൂട്ടുകാരെ നോക്കി ---- ഇനി നമ്മുടെ ഊഴമാണ്, തയ്യാറാകൂ

അവര്‍ ആയുധങ്ങള്‍ താഴെ വച്ച് ഇറങ്ങാന്‍ തയ്യാറായി. 

കുഞ്ഞാലിയുടെ മുറി. കുഞ്ഞാലി ഒരു കറുത്ത ഉറുമാല്‍ എടുത്ത് തലയില്‍ കെട്ടി. ഉടവാളെടുത്ത് ഉയര്‍ത്തി.

കുഞ്ഞാലി --- എന്‍റെ മനസും ശരീരവുമായ കാരണവന്മാരെ, ഈ കോട്ടയെ വലംവച്ചുപോകുന്ന മുരാട് പുഴേ, എന്‍റെ ഉപ്പായ അറബിക്കടലെ, എന്നെ പോറ്റി വളര്‍ത്തിയ  എന്‍റെ പ്രിയ നാടേ, എന്നെ ഞാനാക്കിയ ഈ കോട്ട വിട്ടിറങ്ങുകയാണ്. ശരിയോ തെറ്റോ എന്നറിയില്ല. ഇതല്ലാതെ മറ്റൊരു തീരുമാനം എടുക്കാന്‍ കഴിയില്ലായിരുന്നു എന്ന വിശ്വാസത്തോടെ ഞാന്‍ പടിയിറങ്ങുന്നു. എന്നന്നേയ്ക്കുമായി - എന്‍റെ ഉടപ്പിറപ്പുകളെയും വിശ്വസ്തരായ എന്‍റെ ചങ്ങാതികളെയും കാത്തുകൊള്ളണേ തമ്പുരാനെ 

പ്രാര്‍ത്ഥന കഴിഞ്ഞ് കുഞ്ഞാലി പുറത്തിറങ്ങി. കിഴക്കോട്ടു തിരിഞ്ഞ് വാള്‍ പതിയെ തലകീഴായി പിടിച്ചു. ഇടത്ത് ചൈനാലി, വലത്ത് കുട്ട്യാലി, പിന്നില്‍ കുട്ടിമൂസ , അതിനുപിന്നില്‍ നിരായുധരായ സേനാനായകര്‍. വാള്‍ ആചാരപൂര്‍വ്വം താഴ്ത്തിപ്പിടിച്ച് കുഞ്ഞാലി നടന്നു. 

സീന്‍ -13 എ 

റോഡിലൂടെ കുഞ്ഞാലി നടക്കുന്ന ദൃശ്യങ്ങള്‍
കുഞ്ഞാലിയുടെ ചുണ്ടില്‍ അല്ലാഹു അക്ബര്‍ മാത്രം.

സീന്‍ - 14 

സാമൂതിരിയുടെ ഇരിപ്പിടം. കുഞ്ഞാലിയും കൂട്ടരും അവിടെ എത്തുന്നു. കടുത്ത നിശബ്ദത മാത്രം. കുഞ്ഞാലി രാജാവിന് മുന്നിലെത്തി. ഉടവാള്‍ കാല്‍ക്കല്‍ സമര്‍പ്പിച്ച് താണുതൊഴുതു. 

കുഞ്ഞാലി --- എന്‍റെ സമസ്താപരാധങ്ങളും പൊറുക്കണം തമ്പുരാനെ. അടിയനേയും കൂട്ടരേയും പോകാന്‍ അനുവദിക്കണം തമ്പുരാനെ. ഇനി അങ്ങയ്ക്ക് ഞങ്ങളില്‍ നിന്നും യാതൊരുവിധ ശല്യവുമുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്നു. പറങ്കികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ അങ്ങയ്ക്ക് ശക്തിയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 

ഇത്രയും പറഞ്ഞ് മെല്ലെ തലയുയര്‍ത്തി തമ്പുരാനെ നോക്കി. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ണുകളുടെ കൂട്ടിമുട്ടല്‍. മുഖത്ത് വിവിധ ഭാവങ്ങള്‍. സാമൂതിരി എന്തെങ്കിലും പറയും മുന്‍പ് സൈന്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞു നിന്ന ഫുര്‍ത്താസോയും സംഘവും ചാടി വീണു. പിടിവലിയും ചങ്ങലകിലുക്കവും പൊടിപടലവും. മരയ്ക്കാരുടെ സംഘത്തിലെ ഭൂരിപക്ഷത്തെയും അവര്‍ ചങ്ങലയ്ക്കിട്ടു. എന്നിട്ട് വലിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. 

കുഞ്ഞാലി സാമൂതിരിപ്പാടിനെ നോക്കി ആക്രോശിച്ചു ---- പറങ്കികളുടെ അടിമയായ രാജാവെ, ഇത് ചതി, കൊടും ചതി. യുദ്ധം ചെയ്ത് മരിക്കാന്‍ കഴിയാഞ്ഞിട്ടല്ല, നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് നമ്മള്‍ കീഴടങ്ങിയത്. പറങ്കി കഴുകന്മാര്‍ക്ക് ഞങ്ങളെ ഇരകളാക്കിയ നിങ്ങള്‍ക്ക് ഇനി ഈ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. ഒന്നോര്‍ത്തോളൂ രാജാവെ, ഒരു രാത്രികൊണ്ട് മറച്ചുപിടിച്ചാല്‍  സൂര്യന്‍ ഇല്ലാതാവില്ല. ഒരായിരം സൂര്യന്മാര്‍ ഉദിച്ചുയരും. നിങ്ങളെയും ചതിയന്മാരായ പറങ്കികളെയും കെട്ടുകെട്ടിക്കുന്ന ഒരു കാലം വരും. കുഞ്ഞാലിയാണ് പറയുന്നത്.  നേരും നെറിയും മാത്രമുള്ളവന്‍.  ഇനി നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ മാത്രം. ഞാന്‍ പറയുന്നു -- ഇനി നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ മാത്രം. 

പോര്‍ച്ചുഗീസുകാര്‍ ബലമായി കുഞ്ഞാലിയെ കൊണ്ടുപോകുന്നു. നായര്‍ പടയാളികള്‍ ക്ഷുഭിതരാകുന്നു. കീഴടങ്ങള്‍ വ്യവസ്ഥ ലംഘിച്ചിരിക്കയാണ്. രാജാവിനെതിരെ ആളുകള്‍ പ്രതിഷേധിച്ചു. എവിടെ നിന്നോ ഒക്കെ ശബ്ദമുയര്‍ന്നു ------- ഇത് ചതി. 

കീഴടങ്ങല്‍ നിയമം ലംഘിച്ചിരിക്കുന്നു. 
മഹാരാജാവ് നീതി പാലിക്കുക. 
രാജാവ് പറങ്കികളുടെ പാവയാകരുത് .
 ഞങ്ങള്‍ നോക്കുകുത്തികളല്ല, രാജാവ് നീതി പാലിക്കുക 

രാജാവ്  എഴുന്നേല്‍ക്കുന്നു 

രാജാവ് ---  ശാന്തരാകൂ, ശാന്തരാകൂ -- കുഞ്ഞാലിയെ അവര്‍ ഒന്നും ചെയ്യില്ല. ഇതൊരു വിചാരണ ചടങ്ങുമാത്രം. നമുക്ക് നമ്മുടെ നിയമമുള്ളതുപോലെ അവര്‍ക്ക് അവരുടെ നിയമം നടപ്പിലാക്കണ്ടെ- അത്രമാത്രം. കൊട്ടാരത്തിലെത്തിയ ശേഷം ബാക്കിയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാം. ഇവിടെ ആദ്യം നമ്മുടെ ദൌത്യം പൂര്‍ത്തിയാക്കുക. 

ഫ്ളാഷ് ബാക്ക് പൂര്‍ത്തിയാവുന്നു. 

സീന്‍ - 15 

ഗോവയിലെ  ചത്വരത്തിന്  സമീപം 

കൂവിയാര്‍ക്കുന്ന  വന്‍ജനസമൂഹം. കൂട്ടത്തില്‍ ചങ്ങലയില്‍ ബന്ധിതനായ  പെഡ്രോയും . ചത്വരം ഉയരുന്നു. കുഞ്ഞാലിയേയും കൂട്ടരേയും കൊലചെയ്യാനുള്ള മണ്ഡപങ്ങളാണ് ഉണ്ടാക്കുന്നത്. കുഞ്ഞാലിയേയും കൂട്ടരേയും കൊണ്ടുവരുന്നു. ജനം വലിയ ബഹളത്തിലാണ്. 

ജനക്കൂട്ടത്തില്‍ ഒരാള്‍  --- കൊല്ലണം അവനെ. 
മറ്റൊരുവന്‍ ---------------------  കൊത്തി നുറുക്കണം.
മറ്റൊരാള്‍ ---------------------- സ്രാവിന് കൊടുക്കണം 
മറ്റൊരുവന്‍ ------------------  പട്ടിക്ക്  കൊടുക്കണം 

യാതൊരു ഭാവഭേദവുമില്ലാതെ  ബലിക്കല്ലില്‍ കുഞ്ഞാലിയും കൂട്ടരും. 

കുഞ്ഞാലി ---- എന്‍റെ നാടിനെ രക്ഷിക്കാന്‍ യാ റബ്ബുല്‍ ആലമീനായ തമ്പുരാന്‍ എന്‍റെ ബലി ചോദിക്കുന്നു. ഞാന്‍ സസന്തോഷം എന്നെ അങ്ങയ്ക്കായി സമര്‍പ്പിക്കുന്നു. ലാ ഇലാഹ് ഇല്ലല്ലാഹ് -- ലാ ഇലാഹ്  ഇല്ലല്ലാഹ്.  

കൈകള്‍ പിറകില്‍ കെട്ടി തല ബലിക്കല്ലില്‍ വയ്ക്കുന്നു. ആരാച്ചാരുടെ മഴു ഉയരുന്നു. മഴുവിന്‍റെ തിളക്കം. ചോര ചീറ്റിത്തെറിക്കുന്നു. പലവട്ടം ഉയരുന്ന മഴു. കൊത്തിയരിയുന്ന ശബ്ദം. ജനങ്ങളും പ്രകൃതിയും ദൃശ്യത്തില്‍. 

സീന്‍ - 16 

ശാന്തമായ കടലിനു മുന്നില്‍ കണ്ണൂര്‍ ചന്ത.
അവിടെ കുഞ്ഞാലിയുടെ തല കുത്തി നിര്‍ത്തിയിരിക്കുന്നു. കാവലിന് പറങ്കി പട്ടാളം 

കമന്‍ററി ( ആവശ്യമായ വിഷ്വലുകളും സ്കെച്ചുകളും ) ---- 

 ചതിയനായ രാജാവും പറങ്കികളും  ഒന്നുചേര്‍ന്നപ്പോള്‍ ഒരു വീരനായകന് കിട്ടിയ മരണം ഇങ്ങനെ. യുദ്ധം ചെയ്ത് വീരമൃത്യു വരിക്കാനുള്ള അവസരമാണ് സാമൂതിരി നഷ്ടപ്പെടുത്തിയത്. ചരിത്രം മാപ്പുകൊടുക്കാത്ത ഹീനകൃത്യം. ഹിന്ദു- മുസ്ലിം മൈത്രിയ്ക്ക് കളങ്കം ചാര്‍ത്തിയ സാമൂതിരി ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയ ഭ്രാന്തിനടിപ്പെട്ട് മരണം കൈവരിച്ചു. പറങ്കികള്‍ മലബാര്‍ തീരം കൈയ്യടക്കി. വിദേശിയെ തുരത്താന്‍ മറ്റൊരു വിദേശി വേണ്ടിവന്നു എന്നത് ചരിത്രത്തിന്‍റെ മറ്റൊരു ഏട് മാത്രം. 1604 ല്‍ ഡച്ചുകാര്‍ ഗോവന്‍ തുറമുഖം ആക്രമിച്ചു. പെഡ്രോയും ഭാര്യ ഹന്നയും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ ഒരു ദിവസം അധികാരികളെയും പാതിരിമാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പെഡ്രോയും ഹന്നയും രക്ഷപെട്ടു. ഒരു വര്‍ഷം കൊണ്ട് അവര്‍ ഒരു ചെറുകിട യുദ്ധക്കപ്പല്‍ സംഘടിപ്പിച്ചു. അയാള്‍ പറങ്കികളെ ആക്രമിക്കാന്‍ തുടങ്ങി. 

1618 ല്‍ അഞ്ച് വലിയ കപ്പലുകള്‍, പെഡ്രോയ്ക്ക്  സ്വന്തമായി . ആയുധങ്ങളും വെടിക്കോപ്പുകളും ആളുകളുമായി. മാലിദ്വീപില്‍ പണ്ടികശാല തുറന്നു. 

കൊങ്കണ്‍ മലബാര്‍ തീരത്ത് പോര്‍ച്ചുഗീസുകാര്‍ നിരന്തരം ആക്രമണത്തിന് വിധേയരായി. കുഞ്ഞാലിയുടെ പ്രേതമാണ്  ആക്രമണം നടത്തുന്നതെന്ന് അവര്‍ വിശ്വസിച്ചു. പോര്‍ച്ചുഗീസുകാരെ മലബാര്‍ തീരത്തുനിന്നും ഓടിക്കും വരെ പെഡ്രോ അവിശ്രമം പോരാടി. ഒടുവില്‍ എവിടെയോ അപ്രത്യക്ഷനായി. ഒരുപാട് കഥകള്‍ ഒതുക്കി വയ്ക്കുന്ന കടലിന്‍റെ ഉള്ളിലെവിടെയോ ഒരു കോട്ടകെട്ടി  അതില്‍ പെഡ്രോ കഴിയുന്നുണ്ടാവും. എല്ലാറ്റിനും മൂകസാക്ഷിയായി , പോരാട്ടങ്ങളുടെ കഥകള്‍ തലമുറകള്‍ക്ക് പറഞ്ഞുതരാനായി വെള്ളിയാങ്കല്ല് മാത്രം ഇന്നും നിലനില്‍ക്കുന്നു.