Tuesday 18 December 2018

Odiyan - my views


ഒടിയന്‍ - ആസ്വാദനം

മോഹന്‍ലാല്‍ വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തിനുകൂടി ജീവന്‍ നല്‍കിയിരിക്കുന്നു. ഒടിയന്‍ മാണിക്യന്‍.
 പാലക്കാട്ടെ തെങ്കുറിശി ഗ്രാമത്തിലെ ഒരു തറവാടും മാണിക്യന്‍ അടിയാനും കേന്ദ്രകഥാപാത്രങ്ങളാവുന്ന ഒടിയന്‍ എന്ന സിനിമ അതിഭാവുകത്വത്തിലേക്കും മിത്തുകളിലേക്കും കടന്നുകയറാതെയാണ് കഥ പറയുന്നത്.
ഗര്‍ഭസ്ഥശിശുവിനെ ഗര്‍ഭിണികളില്‍ നിന്നും പുറത്തെടുത്ത് തലകീഴായി കെട്ടിത്തൂക്കി ഊറിവരുന്ന നെയ്യെടുത്ത് ചെവിയിലെ കടുക്കനില്‍ തേച്ച് ഒടിയന്‍ വിവിധ മൃഗങ്ങളുടെ രൂപം സ്വീകരിക്കുമെന്നും തിരികെ വീട്ടിലെത്തുമ്പോള് വീട്ടുകാര്‍ ചാണകവെള്ളം തളിച്ച് രൂപഭേദം വരുത്തും എന്നൊക്കെയുള്ള മിത്തുകളിലേക്ക് കടക്കാതെ, ഒടിയന് വേഷം കെട്ടുകയാണ് എന്ന് കൃത്യമായി പറയുന്നത് പുരോഗമനപരമായ രീതിയായി. ഇന്ദ്രജാലവും കൈയ്യടക്കവും വേഗതയും ഇരുട്ടും ഇരുണ്ട കംബളവും കൊമ്പുള്ള മുഖംമൂടിയും കുളമ്പുള്ള പൊയ്ക്കാലുമൊക്കെയായിട്ടാണ് ഒടിയന്‍ ഒടിവയ്ക്കുന്നത്. ഒടിയന്‍ മാണിക്കനും മുന്‍ഗാമികളും ഒടിവച്ച് ആളുകളെ പേടിപ്പിക്കുകയും വേദനിപ്പിക്കുകയുമെ ചെയ്യുകയുള്ളു. എന്നാല്‍ കൂലിക്ക് കൊല ചെയ്യുന്ന ഒടിയന്മാരുമുണ്ട് എന്ന് സിനിമ നമ്മളോട് പറയുന്നു.
പൊതുവായി എല്ലാ സിനിമകളെയുംപോലെ ഒടിയനും പ്രണയവും കാമവും ഭീരുത്വവും ചതിയും പ്രതികാരവുമൊക്കെയാണ് കൈകാര്യം ചെയ്യുന്നത്.ആദ്യ പകുതി നല്‍കുന്ന വേഗതയും കഥ പറയുന്ന രീതിയും രണ്ടാം പകുതിയില്‍ കുറച്ചു കുറഞ്ഞു എന്നത് സത്യമാണ്. കണ്ടുപോകുന്ന രംഗങ്ങളും കേള്‍ക്കുന്ന സംഭാഷണവുമൊന്നും തീവ്രമായി മനസില്‍ തട്ടുന്നില്ല എന്നത് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍റെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെയും പാളിച്ചയാണ് എന്നു പറയാം. ഇവര്‍ക്ക് വരുംകാലം ഇതിനേക്കാള്‍ മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞേക്കും.
മോഹന്‍ലാല്‍ മാണിക്യന്‍റെ യൌവ്വനകാലം അനിതരസാധാരണമായി അവതരിപ്പിച്ചു. ഏറ്റവും മികച്ച ശരീരഭാഷ എന്നു വിശേഷിപ്പിക്കാന്‍ കഴിയും അതിനെ. പ്രകാശ് രാജ് തികഞ്ഞ അഭിനേതാവാണ് എന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ശബ്ദം നല്‍കിയ ഷമ്മി തിലകനും ഒരു ഡബിള്‍ കൈയ്യടി നല്‍കേണ്ടതുണ്ട്. മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഉദാഹരണം സുജാതയിലാണ് നമ്മള്‍ ശരിക്കും കണ്ടത്. അതിന്‍റെ തുടര്‍ച്ചയായി മികച്ച അഭിനയം ഒടിയനിലും കാണാന്‍ കഴിഞ്ഞു. മാണിക്കന്‍റെ മുത്തച്ഛനായി വരുന്ന മനോജ് ജോഷി, സുഹൃത്തുക്കളായി വരുന്ന ഇന്നസെന്‍റ്, സിദ്ദിഖ്, വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നന്ദു, നരേന്‍, കൈലാഷ്, സന അല്‍താഫ്, ശ്രീജയ നായര്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ മികച്ചതാക്കി.
പാലക്കാടിന്‍റെ ഭംഗിയും ദുരൂഹമായ തെങ്കുറിശിയുടെ രാത്രികളും നന്നായി ദൃശ്യവത്ക്കരിച്ചിട്ടുണ്ട്. വാരണാസിയും വാഗമണും ആതിരപ്പിള്ളിയും ചിത്രത്തിന് ചാരുത പകരുന്നു.
സി.എസ്.സാമിന്‍റെ പശ്ഛാത്തല സംഗീതവും എം.ജയഛന്ദ്രന്‍റെ സംഗീതത്തില്‍ റഫീഖ് അഹമ്മദ് എഴുതി ശ്രേയ ഘോഷലും സുദീപ് കുമാറും ചേര്‍ന്നു പാടിയ കൊണ്ടോരാം എന്ന ഗാനവും അഭിനന്ദനം അര്‍ഹിക്കുന്നു.
മമ്മൂട്ടിയുടെ നറേഷന്‍ ചിത്രത്തിന്‍റെ വാണിജ്യമൂല്യം ഉയര്‍ത്തിയിട്ടുണ്ടാവാം. ഷാജി കുമാറിന്‍റെ ക്യാമറയും ജോണ്‍കുട്ടിയുടെ എഡിറ്റിംഗും ശരാശരി നിലവാരം പുലര്‍ത്തി. പ്രശാന്ത് മാധവന്‍ തെങ്കുറിശിയെ പുന:സൃഷ്ടിച്ചത് നന്നായിട്ടുണ്ട്. പീറ്റര്‍ ഹെയ്നിന്‍റെ ആക്ഷന്‍ കോറിയോഗ്രാഫിയും മികച്ചതാണ്.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ബ്രഹ്മാണ്ഡ ചിത്രമല്ല ഒടിയന്‍, എന്നാല്‍ ഒരു വട്ടം തീയറ്ററില്‍ കാണുന്നത് നഷ്ടമാകില്ല എന്നുറപ്പ്. ചിത്രത്തിനെതിരെ ഒരു കണക്കുകൂട്ടിയുള്ള ഓപ്പറേഷന്‍ നടന്നു എന്നത് തള്ളിക്കളയാന്‍ കഴിയില്ല.

No comments:

Post a Comment