Thursday 28 September 2023

Naveen kumar - a good role model for corporation counsellors

 


നവീന്‍ കുമാര്‍ - കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍മാര്‍ക്ക് ഒരു നല്ല മാതൃക. 

- വി.ആര്.അജിത് കുമാര്

   മുപ്പത്തിയഞ്ച് വയസുകാരനായ ജി.നവീന്‍ കുമാര്‍ കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ അഞ്ചാം വാര്‍ഡായ വിളാംകുറിച്ചിയിലെ കൌണ്‍സിലറാണ്. രാഷ്ട്രീയമായി ഒരു കോണ്‍ഗ്രസുകാരന്‍. ഈ വര്‍ഡില്‍ അന്‍പത് സാനിറ്ററി വര്‍ക്കേഴ്സാണുള്ളത്. അവര്‍ സൂര്യനുദിക്കും മുന്നെ വീട്ടില്‍ നിന്നും ഇറങ്ങുന്നവരാണ്. രാവിലെ ഏഴുമണിക്ക് മിക്കവാറും വെറുംവയറ്റിലോ അതല്ലെങ്കില്‍ ഒരു ചായയുടെ ബലത്തിലോ ആകും അവര്‍ പണി തുടങ്ങുക. തലേദിവസം കഴിച്ചു തീര്‍ക്കാന്‍ കഴിയാതെ വലിച്ചെറിഞ്ഞ ഭക്ഷണമുള്‍പ്പെടെ നഗരവാസികളുടെ അഴുക്കുകളും ഉച്ഛിഷ്ടങ്ങളും വാരുന്ന ജോലിയില്‍ അവര്‍ ഏര്‍പ്പെടുന്നു. ഇവരുടെ ഈ ജീവിതാവസ്ഥ നവീനില്‍ ഒരു മുറിവായി വളര്‍ന്നു. ഇവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത ആഴത്തിലുണ്ടായി. അതില്‍ നിന്നാണ് ആഴ്ചയില്‍ ഒരു ദിവസം പോഷകകരമായ ഒരു പ്രഭാതഭക്ഷണം കൊടുക്കാം എന്ന് തീരുമാനിച്ചത്.

 

  കൌണ്‍സിലര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ ശമ്പളമൊന്നും നല്‍കില്ല എന്നതിനാല്‍ കൈയ്യില്‍ നിന്നും വേണം പണം ചിലവാക്കാന്‍. എല്ലാ ദിവസവും ഭക്ഷണം കൊടുക്കണം എന്നതാണ് നവീനിന്‍റെ സ്വപ്നമെങ്കിലും ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ അതിന് അനുകൂലമല്ല. അതുകൊണ്ട് ബുധനാഴ്ച മാത്രമാണ് ഇപ്പോള്‍ ഭക്ഷണം കൊടുക്കുന്നത്. മില്ലറ്റ് പൊങ്കല്‍,റാഗി സേമിയ,ഗോതമ്പ് ഉപ്പുമാവ്,ഇഡ്ഡലി,വട,മുട്ട എന്നിവയാണ് പ്രഭാതഭക്ഷണമായി നല്‍കുന്നത്. ഇതിനായി ആഴ്ചയില്‍ 4500-5000 രൂപവരെ ചിലവാകുന്നുണ്ട്. കോവിഡ് വാരിയേഴ്സ് എന്ന് നമ്മള്‍ സ്നേഹിച്ചുവിളിക്കുന്ന സാനിറ്ററി ജോലിക്കാരോടുള്ള ആദരവാണ് ഈ പ്രഭാതഭക്ഷണമെന്ന് നവീന്‍ പറയുന്നു. മാസത്തില്‍ ഒരു ദിവസം ഉച്ചഭക്ഷണവും രണ്ട് മാസത്തിലൊരിക്കല്‍ നോണ്‍-വെജിറ്റേറിയന്‍ സദ്യയും നവീന്‍ ഒരുക്കുന്നുണ്ട്. നവീനിന്‍റെ താത്പ്പര്യപ്രകാരം ആ വാര്‍ഡില്‍ ജന്മദിനാഘോഷം,വിവാഹവാര്‍ഷികം തുടങ്ങിയവ നടത്തുന്ന കുടുംബങ്ങളും ആ ദിവസം ഇവര്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ഈ നല്ല മാതൃക പിന്‍തുടരാന്‍ കോയമ്പത്തൂരിലെ മറ്റ് കൊണ്‍സിലര്‍മാരാരും തയ്യാറായിട്ടില്ല എങ്കിലും മാറ്റം വരും എന്നാണ് നവീനും സാനിറ്ററി വര്‍ക്കേഴ്സും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ബസ്റ്റ് പെര്‍ഫോമിംഗ് കൌണ്‍സിലര്‍ പുരസ്ക്കാരവും നവീനിന് ലഭിച്ചിരുന്നു. നവീന്‍ കുമാര്‍- മൊ- 9944555640,ഇമെയില്‍- naveekumar.iyc@gmail .com🙏

Wednesday 27 September 2023

Review of " My beautiful journey -Kashmir to Kanyakumari" by Dr.C.K.Gariyali IAS

 


ഗറിയാലിയുടെ ബ്യൂട്ടിഫുള്‍ ജേര്‍ണി

- വി.ആര്.അജിത് കുമാര് 

ഡോക്ടര്‍ സി.കെ.ഗറിയാലി ഐഎഎസിന്‍റെ മൈ ബ്യൂട്ടിഫുള്‍ ജേര്‍ണി, കാശ്മീര്‍ ടു കന്യാകുമാരി എന്ന ആത്മകഥ ഈയിടെയാണ് വായിച്ചത്. വളരെ കൃത്യമായി ഡയറി എഴുതി സൂക്ഷിച്ച് മനോഹരമായി അവതരിപ്പിച്ച ഒരു ജീവിതകഥയാണത്. കാശ്മീര്‍ പണ്ഡിറ്റുകളുടെയും മുസ്ലിങ്ങളുടെയും സൌഹൃദത്തിന്‍റെയും ഒത്തുപോകലിന്‍റെയും കഥകളാണ് പുസ്തകത്തില്‍ ആദ്യം പറയുന്നത്. നമുക്ക് പരിചിതമല്ലാത്ത ആ അന്തരീക്ഷവും ജീവിതരീതിയും വായിക്കാന്‍ ഒരു പ്രത്യേക സുഖമാണ്. സരസ്വതി നദിയുടെ തീരത്ത് താമസിച്ചിരുന്നവരാണ് കാശ്മീര്‍ പണ്ഡിറ്റുകള്‍ എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഭൂമികുലുക്കത്തില്‍ നദി അപ്രത്യക്ഷമായതോടെയാണ് കാശ്മീര്‍ താഴ്വരയില്‍ താമസമാക്കിയത്. തണുപ്പ് കാലത്ത് പച്ചക്കറി കിട്ടാന്‍ ബുദ്ധിമുട്ടായപ്പോള്‍ പട്ടിണിയില്‍ നിന്നും രക്ഷ നേടാന്‍ മാംസം കഴിക്കേണ്ടിവരും എന്ന അവസ്ഥയായി. അങ്ങിനെ പണ്ഡിറ്റുകള്‍ കോണ്‍ക്ലേവ് കൂടി ചര്‍ച്ച ചെയ്തു. ഒടുവില്‍ ഇങ്ങിനെ ഒരു തീരുമാനത്തിലെത്തി. ഒരു മൃഗത്തെ മാത്രം കഴിക്കാം. പക്ഷെ അതിന് പൊക്കം കുറവായിരിക്കണം,പച്ചിലകള്‍ മാത്രം കഴിക്കുന്നതാകണം. ലക്ഷ്യം ആട് തന്നെയായിരുന്നു. അങ്ങിനെ ആടിനെ കഴിച്ചുതുടങ്ങി. മീന്‍ ജീവിയല്ല എന്ന നിലപാടാണോ എന്നറിയില്ല, മീനും കഴിക്കും. എന്നാല്‍ മുട്ട,ഉള്ളി,വെളുത്തുള്ളി,തക്കാളി എന്നിവ ഒഴിവാക്കി. ഇത്രയ്ക്കേ ഉള്ളൂ നമ്മള്‍ കൊണ്ടുനടക്കുന്ന ആചാരങ്ങള്‍ക്ക് ആയുസ് എന്ന് ഗറിയാലി വ്യക്തമാക്കുന്നു. എന്നാല്‍ വിവാഹകാര്യത്തില്‍ ഉപജാതിയില്‍ ഉറച്ചുനിന്നവരായിരുന്നു പണ്ഡിറ്റുകള്‍. ഭട്ട,ഗോര്‍,കന്‍ഡൂര്‍,വാസ, ബോറ എന്നിങ്ങനെയാണ് ഉപജാതികള്‍. എന്നാല്‍ ഗറിയാലി പ്രണയിച്ച് വിവാഹം കഴിച്ചത് കൊച്ചി പള്ളുരുത്തി സ്വദേശിയായ ഗൌഡസാരസ്വത വിഭാഗത്തിലെ രാജ്കുമാറിനെ ആയിരുന്നു.

കാശ്മീര്‍ പണ്ഡിറ്റ് കുടുംബത്തില്‍ ജനിച്ച്, അവിടെനിന്നും ഓള്‍ഡ് ദില്ലിയില്‍ കുടിയേറി ഡല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്നും മാസ്റ്റേഴ്സ് എടുത്ത ആളാണ് ഗറിയാലി. ഓള്‍ഡ് ദില്ലിയിലെ സീതാറാം ബസാറിലായിരുന്നു ബാല്യ-കൌമാരം. ഹിന്ദു,മുസ്ലിം,പഞ്ചാബി,മുള്‍ട്ടാനി,പെഷ്വാറി,സിഖ് എന്നിങ്ങനെ വിവിധ ദേശങ്ങളില്‍ നിന്നും വിഭജനകാലത്ത് വന്നുചേര്‍ന്നവരും വിഭജനത്തെ അതിജീവിച്ചവരും ഒരുമയോടെ കഴിയുന്ന സീതാറാം ബസാറിലെ ജീവിതവും വായനയ്ക്ക് സുഖം പകരുന്നതാണ്. ഹിന്ദി മാധ്യമമായുള്ള സ്കൂളിലായിരുന്നു പഠനം. തുടര്‍ന്ന് ടിടിസിക്ക് പോവുകയും പ്രൈമറി സ്കൂളില്‍ അധ്യാപികയാവുകയും ചെയ്തു. ഇത് 1996ലാണ്. 1998 ല്‍ വിദൂരപഠനത്തിലൂടെ ബിരുദം നേടി,മാസ്റ്റേഴ്സിനായി ഡല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ ചേര്‍ന്നു. ഡോക്ടര്‍ ടി.കെ.ഉമ്മന്‍ ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ അന്നവിടെയുണ്ട്. സോഷ്യല്‍ വര്‍ക്കും ആക്ടിവിറ്റികളും സജീവമായ കാലം. മെഡിക്കല്‍ ആന്‍റ് സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്കായിരുന്നു വിഷയം. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശീലനവും ജോലിയും, തുടര്‍ന്ന് ഐസിഎംആര്‍ റിസര്‍ച്ച് പദ്ധതിയുടെ ഭാഗമായി എയിംസില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിയമനവും ലഭിച്ചു. അവിടെ വച്ചാണ് ഡോക്ടര്‍ രാജ്കുമാറിനെ പരിചയപ്പെടുന്നത്. രാജ്കുമാറിന്‍റെ തീവ്രപ്രണയം ഒടുവില്‍ വിവാഹത്തില്‍ കലാശിച്ചു. ഈ സമയത്താണ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നതും നിയമനം ലഭിക്കുന്നതും. 1972 ല്‍ മുസൂറി അക്കാദമിയില്‍ പരിശീലനം തുടങ്ങി. കേരള കേഡറുകാരായ ഗോപാല്‍കൃഷ്ണപിള്ള, സുധ പിള്ള, കിരണ്‍ ബേദി എന്നിവരൊക്കെ ഗറിയാലിക്കൊപ്പം ഉണ്ടായിരുന്നു.

 അസിസ്റ്റന്‍റ് കളക്ടറായി എത്തിയത് കോയമ്പത്തൂരാണ്. അവിടെ കളക്ടറായിരുന്ന ശിവകുമാറാണ് സര്‍വ്വീസിലെ ആദ്യ ഗുരു. അദ്ദേഹത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ അവര്‍ പറയുന്നുണ്ട്. കേട്ടുകേള്‍വികള്‍ വിശ്വസിക്കരുത്.നൂറ് ശതമാനം ഉറപ്പില്ലാതെ ഒരാള്‍ക്ക് പ്രതികൂലമായ ഉത്തരവുകള്‍ ഇറക്കരുത്, നിയമത്തെ വളച്ചും പാവങ്ങളെ സഹായിക്കണം,സമൂഹത്തിന്‍റെ ആവശ്യം മനസിലാക്കി സിസ്റ്റത്തില്‍ മാറ്റം കൊണ്ടുവരണം, ചുവപ്പുനാടകള്‍ മുറിച്ചുമാറ്റണം, മാറ്റങ്ങള്‍ക്കായി ഉറച്ചുനില്‍ക്കണം, വിജയം പിന്നാലെ വരും.ഈ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ജോലി ചെയ്തതെന്നന്നത് ഗറിയാലിയുടെ സര്‍വ്വീസ് സ്റ്റോറിയില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്.

ചെംഗല്‍പെട്ടിലെ തിരുവള്ളൂര്‍ ഡിവിഷനില്‍ സബ്കളക്ടര്‍ ആയിരുന്ന കാലത്ത് നാട്ടില്‍ പട്ടിണിയുടെ കാലമായിരുന്നു. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുകയായിരുന്നു സബ്കളക്ടറുടെ പ്രധാന ജോലി. പാവപ്പെട്ടവര്ക്കുവേണ്ടി വാദിച്ച് എംഎല്എയുടെ ശത്രുവായി. അയാളെ അറസ്റ്റു ചെയ്യിക്കേണ്ടിവന്നു. പിന്നീട് കരൂരായിരുന്നു നിയമനം.സിസേറിയന്‍ കഴിഞ്ഞ് രണ്ട് മാസം പ്രായമായ കുഞ്ഞുമായി വന്ന് ജോയിന്‍ ചെയ്തു. അന്ന് അങ്ങിനെയാണ് തോന്നിയത് എന്നവര്‍ പറയുന്നു. എന്നാല്‍ പിന്നീട് സര്‍വ്വീസില്‍ വന്ന പെണ്‍കുട്ടികള്‍ക്ക് ഗറിയാലി നല്‍കിയ ഉപദേശം ഒരു വര്‍ഷം അവധിയില്‍ നിന്ന് കുഞ്ഞിനെ നോക്കിയിട്ടേ ജോലിയില്‍ തിരികെ പ്രവേശിക്കാവൂ എന്നാണ്. അനുഭവം തന്നെയാണല്ലോ ഗുരു. വാതിലുകള്‍ കൃത്യമായി അടയാത്ത, മെയിന്‍റനന്‍സ് നടന്നിട്ടില്ലാത്ത ഒരു കെട്ടിടത്തില്‍ അമ്മയും കുഞ്ഞും മാത്രം. അയലത്ത് താമസിച്ചിരുന്ന നാഗപ്പന്‍ ചൊക്കലിംഗവും വൈരവും ഗറിയാലിയുടെ വളര്‍ത്തച്ഛനും അമ്മയുമായത് അക്കാലത്താണ്.

സെക്രട്ടേറിയറ്റില്‍ വലിയ ഉത്തരവാദിത്തങ്ങളില്ലാത്ത അണ്ടര്‍സെക്രട്ടറി തസ്തിക നന്നായി ആസ്വദിച്ചതും ഗറിയാലി എഴുതുന്നു. എന്നാല്‍ കൃഷി വകുപ്പിന്‍റെ ചുമതല വന്നതോടെ കാര്യങ്ങള്‍ മാറി. അവിടെയാണ് മറ്റൊരു ഗുരുവിനെ ലഭിക്കുന്നത്. വെങ്കട്ടരാമന്‍. സെക്രട്ടേറിയറ്റിലെ അസിസ്റ്റന്‍റ് അയയ്ക്കുന്ന ഫയല്‍ വെറുതെ ഒപ്പിട്ട് അയച്ചാല്‍ അദ്ദേഹം തിരിച്ചുവിടും. നന്നായി വായിച്ച് എന്തെങ്കിലും കറക്ഷന്‍ വരുത്തുകയും കമന്‍റ് എഴുതുകയും നിര്‍ബ്ബന്ധം. ഫയല്‍ എന്തെന്നറിയണം, മനസിലാക്കണം,ചിന്തിക്കണം, കോണ്‍ട്രിബ്യൂട്ട് ചെയ്യണം ഇല്ലെങ്കില്‍ ബാബുമാര്‍ ഭരിക്കും എന്നതായിരുന്നു ഉപദേശം. ബാബുമാരെ കൊട്ടുക,ചുവപ്പുനാട മുറിക്കുക എന്നാണ് അതിന് അദ്ദേഹം പേരിട്ടിരുന്നത്. വകുപ്പ് തലവന് പകരം സെക്രട്ടേറിയറ്റിലെ ക്ലാര്‍ക്ക് സെക്രട്ടറിയെ ഗൈഡ് ചെയ്യുന്ന നിലവിലെ രീതി കടുത്ത നാണക്കേടാണ് എന്നും അദ്ദേഹം പറയുമായിരുന്നു. സെക്രട്ടേറിയറ്റിലെ ദന്തഗോപുരത്തില്‍ ഇരുന്ന് സുഖിക്കരുത് എന്നു പറഞ്ഞ് ഗറിയാലിയെ നിരന്തരം ഫീല്‍ഡില്‍ അയച്ചിരുന്നു വെങ്കിട്ടരാമന്‍. ഫീല്‍ഡിലെ അറിവ് ഫയലില്‍ മണ്ടത്തരം എഴുതുന്നത് ഒഴിവാക്കാന്‍ സഹായിക്കും എന്നും വെങ്കട്ടരാമന്‍ പഠിപ്പിച്ചു.

  ഇരുപത്തിയെട്ടാം വയസ്സില്‍ രാജ്ഭവനില്‍ അണ്ടര്‍ സെക്രട്ടറിയായി എത്തി വൈകാതെ ഗവര്‍ണ്ണറുടെ സെക്രട്ടറിയായി.അന്ന് രാഷ്ട്രപതി ഭരണമാണ്. ഇന്ദിരാഗാന്ധി കരുണാനിധി സര്‍ക്കാരിനെ പിരിച്ചുവിട്ടു. മോഹന്‍ലാല്‍ സുഖാദിയ ഗവര്‍ണ്ണറായി വന്നു. അദ്ദേഹത്തിന് കൃത്യനിഷ്ഠ,വേഗത, ശരിയായ നിലപാട് എന്നിവയായിരുന്നു മന്ത്രങ്ങള്‍. അതിനൊത്ത് നിന്നു. ഒരു രൂപയായിരുന്നു അദ്ദേഹം ശമ്പളമായി കൈപ്പറ്റിയിരുന്നത്. തുടര്‍ന്ന് പ്രഭുദാസ് പട്വാരി എന്ന ഗവര്‍ണ്ണര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ചെറുപ്പം രാജ്ഭവനില്‍ തളയ്ക്കപ്പെടരുത് എന്ന് ചീഫ്സെക്രട്ടറി നിര്‍ദ്ദേശിച്ചു. പക്ഷെ ഗവര്‍ണ്ണര്‍ പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ ഭര്‍ത്താവ് രാജ്കുമാറിന് കോമണ്‍വെല്‍ത്ത് ഫെലോഷിപ്പ് കിട്ടി ലണ്ടനിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സൈക്കിയാട്രിയില്‍ പഠനത്തിന് പോയപ്പോള്‍ ഒപ്പം ചേരാനായി രാജ്ഭവന്‍ വിട്ടു.

അവിടെനിന്നും വന്നപ്പോള്‍ ഡയറക്ടര്‍ ഓഫ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷന്‍, ഡയറക്ടര്‍ ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍ എന്നീ ചുമതലകള്‍ കിട്ടി. മന്ത്രി ഒരു വനിത. നല്ല ബന്ധമായിരുന്നു. എന്നാല്‍ ബാഗ്ദാദില്‍ നടന്ന ഇന്‍റര്‍നാഷണല്‍ വിമന്‍സ് കോണ്‍ഫറന്‍സോടെ താളം തെറ്റി. അവിടെ ഗറിയാലിക്ക് വലിയ പ്രോമിനന്‍സ് കിട്ടി. ഇത് മന്ത്രിക്ക് അനിഷ്ടമായി. സദ്ദാമിന്‍റെ നാട്ടില്‍ സ്ത്രീകള്‍ സുരക്ഷിതരും സ്വതന്ത്രരുമായിരുന്നു എന്ന് ഗറിയാലി ഓര്‍ക്കുന്നു. നാട്ടിലെത്തി വൈകാതെ കൊളിജിയറ്റ് എജ്യൂക്കേഷന്‍,സാംസ്ക്കാരികം, സ്പോര്‍ട്ട്സ് എന്നിവയുടെ ചുമതലയിലായി. അത് തമിഴ് സംസ്ക്കാരവും പുരാരേഖകളുമൊക്കെ പഠിക്കാന്‍ അവസരമൊരുക്കി. മന്ത്രി അരംഗനായകം നല്ല പിന്‍തുണയും നല്‍കി. സൌത്ത് ആര്‍ക്കോട്ട് കളക്ടറായിട്ടായിരുന്നു പിന്നെ നിയമനം. അവിടെ റോബര്‍ട്ട് ക്ലൈവ് താമസിച്ചിരുന്ന വീട്ടിലെ ജീവിതം വര്‍ണ്ണിക്കുന്നുണ്ട് ഗറിയാലി. അവിടെയും ഒരു എംഎല്എയുമായി പ്രശ്നമുണ്ടായി. അക്കാലത്താണ് ഡാനിഷ് സര്‍ക്കാരനിന്‍റെ ഫണ്ടില്‍ ആരോഗ്യവകുപ്പിലെ സബ്സെന്‍ററുകളുണ്ടാക്കിയത്. അക്കൌണ്ടബിലിറ്റി കൃത്യമായി പഠിച്ചത് അന്നാണ്. സര്‍ക്കാര്‍ പണത്തിലെ നിര്മ്മാണങ്ങളില്‍ വേണ്ടത്ര അക്കൌണ്ടബിലിറ്റി ഇല്ല എന്നത് ഒരു യാഥാര്ത്ഥ്യമാണല്ലോ. എന്നാല്‍ ഡെന്‍മാര്‍ക്കുകാര്‍  ജനല്‍,സ്വിച്ച്, വയര്‍ എന്നിവ ഉള്‍പ്പെടെ അസ്സസ്സ് ചെയ്യും. പല ഘട്ടത്തില് പല ആളുകള്‍ അന്വേഷണം നടത്തും. അതൊരു വലിയ പാഠമായിരുന്നു.

 

 തുടര്‍ന്ന് യുകെയിലെ സസക്സില് സ്കോളര്‍ഷിപ്പോടെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡവലപ്പ്മെന്‍റ് സ്റ്റഡീസില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പഠനം. തിരികെ വന്ന് ടൂറിസം-ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയായി. 1996 ല്‍ ജയലളിത ഭരണത്തില്‍ നിന്നും മാറി. അവരെ വീട്ടില്‍ പോയി കണ്ടവരില്‍ ഗറിയാലിയും ഉണ്ടായിരുന്നു. അതോടെ പുതിയ സര്ക്കാരിന് അതൃപ്തിയായി. നിയമനത്തില്‍ അത് പ്രതിഫലിച്ചു. ആര്‍ക്കൈവ്സ് ഡയറക്ടറായി. ഈ സമയം രാജ്കുമാര്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും വിആര്‍എസ് എടുത്ത് ആസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയി. ഗറിയാലിക്കെതിരെ പലവിധ അന്വേഷണങ്ങള്‍ ആരംഭിക്കുന്നു എന്നറിഞ്ഞിരുന്നു. ഏതായാലും ഓക്സ്ഫഡില്‍ ക്വീന്‍ എലിസബത്ത് ഹോം ഫെലോഷിപ്പ് കിട്ടി ചെന്നൈയില്‍ നിന്നും തടിതപ്പി. പക്ഷെ തരികെ എത്തിയപ്പോള്‍ ആദ്യം കിട്ടിയത് ചാര്‍ജ്ജ് മെമ്മോ ആണ്. പിന്നെ വിജിലന്‍സ് അന്വേഷണം,ജുഡീഷ്യല്‍ അന്വേഷണം ഒക്കെ വന്നു. പത്തുവര്ഷം മുന്നെയൊക്കെയുള്ള ഫയലുകള് വച്ചായിരുന്നു അന്വേഷണം. അവിടെ ഗറിയാലി പറയുന്നൊരു കാര്യമുണ്ട്. നമുക്കെതിരെ കുറ്റാരോപണം വരുന്നത് നമ്മള്‍ തെറ്റ് ചെയ്തതുകൊണ്ടാകണമെന്നില്ല, മറ്റൊരാള്‍ക്ക് നമ്മളെ ഇഷ്ടമല്ല എന്നതുകൊണ്ടോ അതല്ലെങ്കില്‍ നമ്മള്‍ ജോലി ചെയ്തത് ആരോടൊപ്പമാണോ അയാളെ അവര്‍ക്ക് ഇഷ്ടമല്ലാത്തുകൊണ്ടോ ആവാം. നമ്മള്‍ ഏതെങ്കിലും രാഷ്ട്രീയക്കാരോടൊപ്പം അടുത്തുനിന്ന് ജോലി ചെയ്ത് അതിന്‍റെ ധവളിമ നേടുമ്പോള്‍ ഓര്‍ക്കുക, ഭാവിയില്‍ ഇതിന് ഒരു ബദലുണ്ടാകും.

ഈ കാലത്ത് ഓഫീസും ജീവനക്കാരും ഇല്ലാതെ സയന്‍സ് സിറ്റി എന്ന് കണ്‍സെപ്റ്റിന്‍റെ വൈസ് ചെയര്‍പേഴ്സണായി നിയമിച്ചു. ഗറിയാലി നല്‍കുന്നൊരു പാഠമുണ്ട്. ഏത് തിരിച്ചടിയേയും നമുക്ക് അനുകൂലമാക്കി ആസ്വദിക്കുക എന്നത്. ഡയറക്ടര്‍ ആര്‍ക്കൈവ്സ് ആയപ്പോഴും സയന്‍സ് സിറ്റിയില്‍ എത്തിയപ്പോഴും അവര്‍ അതാണ് ചെയ്തത്. അവിടെ ടെക്നോക്രാറ്റ്സ് ഏറെ സഹായിച്ചു.ബ്യൂറോക്രാറ്റ്സിനേക്കാളും നന്മ ടെക്നോക്രാറ്റ്സിനാണ് എന്ന് ഗറിയാലി പറയുന്നു. അവരുടെ സഹായത്തോടെ ഓഫീസായി, സ്റ്റാഫ് ആയി. ഒടുവില്‍ ജിഞ്ചി-അഡയാര്‍ ഭാഗത്ത് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സയന്‍സ് സിറ്റി യാഥാര്‍ത്ഥ്യമായി. ഈ കാലം ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം അണ്ണാ സര്‍വ്വകലാശാല ഗസ്റ്റ്ഹൌസില്‍ ഒരുമുറിയില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന് അനേകം ഗവേഷക വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. അവിടെനിന്നാണ് അദ്ദേഹം രാഷ്ട്രപതിയായി പോകുന്നത്. തിരികെ വന്നപ്പോള്‍ വീണ്ടും താമസമാക്കിയതും അവിടെത്തന്നെ. ഗറിയാലി അദ്ദേഹവുമായി നല്ല സൌഹൃദത്തിലായിരുന്നു.2001 ല്‍ ജയലളിത മുഖ്യമന്ത്രി ആയപ്പോള് അവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. മദ്യഷാപ്പുകള് സര്‍ക്കാര്‍ ഏറ്റെടുത്തതും മഴവെള്ള സംഭരണം ജനകീയമാക്കിയതും ആള്‍ വിമന്‍ പോലീസ് സ്റ്റേഷന്‍ തുടങ്ങിയതും ക്ഷേത്രങ്ങളില്‍ സ്ത്രീകളെ എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചതുമൊക്കെ അക്കാലത്താണ്. 1982 ല്‍ തന്നെ എംജിആര്‍ 30 ശതമാനം സ്ത്രീ സംവരണം സര്‍ക്കാരില്‍ കൊണ്ടുവന്നിരുന്നു. സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കിയതും സ്ത്രീകള്‍ക്കായി സ്വയം സഹായ ഗ്രൂപ്പുകള്‍ ആരംഭിച്ചതും അക്കാലത്താണ്.

2005 ല്‍ സുര്‍ജിത് സിംഗ് ബര്‍ണാല ഗവര്‍ണ്ണറായപ്പോള്‍ അദ്ദേഹത്തിന്‍റെ നിര്‍ബ്ബന്ധം കാരണം വീണ്ടും രാജ്ഭവനിലെത്തി. അതുകൊണ്ട് 2006 ലെ സര്‍ക്കാര്‍ മാറ്റത്തില് പണിഷ്മെന്‍റ് ട്രാന്‍സ്ഫര് ഒഴിവായി. 2007 ഡിസംബര്‍ 31 ന് വിആര്‍എസ് എടുത്തു. തുടര്‍ന്ന് ഇന്ത്യക്ലീന്‍ എന്ന എന്‍ജിഓയുടെ കണ്‍ട്രി ഡയറക്ടറായി, 2008 ല്‍ ഇക്വിറ്റാസ് എന്ന സ്ഥാപനത്തിലേക്ക് മാറി. ഗറിയാലി ജീവിതം പറച്ചില്‍ ഇവിടെ അവസാനിപ്പിക്കുന്നു. തികച്ചും പോസിറ്റീവായും ഊര്‍ജ്ജസ്വലമായും ജീവിച്ച ഒരു വനിതയെയാണ് നമ്മള്‍ ഇവിടെ പരിചയപ്പെടുന്നത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ധാരാളം പുസ്തകങ്ങള്‍ എഴുതിയും യാത്ര ചെയ്തും ക്ലാസ്സുകള്‍ എടുത്തും ഗറിയാലി ഇപ്പോഴും സജീവമാണ് എന്ന് മനസിലാക്കാന്‍ കഴിയുന്നു.

 

Sunday 24 September 2023

Aaron - Story

 


കഥ

ആരോണ്‍

-വി.ആര്‍.അജിത് കുമാര്‍

വര- സതീഷ് തോപ്രത്ത്

ജോണും തമിഴരസിയും ദേവിയെ ആദ്യമായി കണ്ടത് ഒരു നനഞ്ഞ പ്രഭാതത്തിലായിരുന്നു. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ആഞ്ഞടിക്കുന്ന,തോരാത്ത മഴയുള്ള ആ ദിവസം അവര്‍ക്കൊരിക്കലും മറക്കാന്‍ കഴിയുന്നതായിരുന്നില്ല.കുഞ്ഞിനെ പൊതിഞ്ഞുപിടിച്ച്  ആട്ടോയില്‍ നിന്നും ആശുപത്രിയുടെ മുന്നില്‍ ഇറങ്ങുമ്പോള്‍,ദേവി ഒരു വലിയ കുടയും പിടിച്ച് അവിടെ നില്‍പ്പുണ്ടായിരുന്നു. ആ കുടയുടെ കവചത്തിലാണ് അമ്മയും കുഞ്ഞും നനയാതെ ആശുപത്രിപടികള്‍ കയറിയത്.ആശുപത്രിയില്‍ ഒരു വലിയ പുരുഷാരം തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ മനുഷ്യരില്‍ അധികവും രോഗികളാണ് എന്നതാണ് അവസ്ഥ.അത് പറയുമ്പോള്‍ ദേവിയുടെ മുഖത്ത് നിഷ്കളങ്കമായ ഒരു ചിരിയുണ്ടായിരുന്നു. പണ്ടെവിടെയോ കണ്ടുമറന്ന ഒരു ബന്ധുവിന്‍റെയോ കൂട്ടുകാരിയുടെയോ ഛായ. അവളുടെ കവിളിലെ നുണക്കുഴി ഓരോ ചിരിയിലും തെളിഞ്ഞു വന്നു.

എന്തൊരു മഴയാ ഇത്. തോരുമെന്നേ തോന്നുന്നില്ല.എന്തേ കുടയെടുക്കാഞ്ഞേ ,അവള്‍ ചോദിച്ചു. അപ്പോള്‍ പിറകെ വരുന്ന ജോണിനെ അവള്‍ നോക്കി. ഓ- ചേട്ടന്‍റെ കൈയ്യില്‍ കുടയുണ്ടായിരുന്നു-ല്ലെ. ഞാനത് ശ്രദ്ധിച്ചില്ല. ഞാന്‍ ആശുപത്രി കാന്‍റീനില്‍ ജോലി നോക്കുകയാണ്.രാവിലത്തെ പണിയൊക്കെ കഴിഞ്ഞു.ഇനി കുറേനേരം ഇവിടുണ്ടാകും. ആശുപത്രിയില്‍ വരുന്നവരെ സഹായിക്കുക എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാ”, അവള്‍ പറഞ്ഞു.

വരാന്തയില്‍ പലയിടത്തും വെള്ളം കെട്ടിനില്‍ക്കുന്നുണ്ടായിരുന്നു. സൂക്ഷിക്കണേ, പായല്‍ കാണും’,അവള്‍ പറഞ്ഞു. അവള്‍ ജോണിനെ തിരിഞ്ഞു നോക്കി. ചേട്ടാ,നിങ്ങള്‍ ഇവിടിരിക്ക്. ഞങ്ങള്‍ പോയി കുഞ്ഞിനെ കാണിച്ചുവരാം. എന്താ അസുഖം, അവള്‍ ചോദിച്ചു.

അസുഖമൊന്നുമില്ല.ഒരു മാസമായി പിറന്നിട്ട്. വാക്സിനേഷന്‍ എടുക്കണം, അയാള്‍ പറഞ്ഞു.

ചേട്ടന്‍ ഇവിടിരുന്നോ, ഞാന്‍ ഓപിയില്‍ നിന്നും സ്ലിപ്പ് എടുത്തുവരാം.കുഞ്ഞിന്‍റെ പേരെന്താ?, അവള്‍ ചോദിച്ചു.

നെല്‍സണ്‍, ഇതാ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്”, അയാള്‍ സര്‍ട്ടിഫിക്കറ്റ് അവളെ ഏല്‍പ്പിച്ചു.

 

അവള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ജോണ്‍ പറഞ്ഞു,എല്ലാം കര്‍ത്താവിന്‍റെ കളികളാ.എനിക്കാണെങ്കി ആശുപത്രിയില്‍ കേറിയാ എന്താ ചെയ്യേണ്ടതെന്നറിയില്ല.ഭാഗ്യത്തിനാ അവളെ കിട്ടിയത്.മിടുക്കിയാണെന്നു തോന്നുന്നു

അതെ അതെ,എനിക്കും ആകെ ഭയമാണ്. പരിചയമുള്ള ഒരാളുള്ളപ്പോള്‍ വലിയ സുഖം തന്നെയാ,തമിഴരശി പറഞ്ഞു.

കുഞ്ഞ് തണുപ്പിന്‍റെ സുഖത്തില്‍ മയങ്ങുകയായിരുന്നു. ചുറ്റിനും പല പ്രായത്തിലുള്ള കുട്ടികള്‍ കരയുന്നുണ്ട്. ദേവി വേഗം മടങ്ങിയെത്തി. തമിഴരശിയേയും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയി. പോളിയോ മരുന്നും ഇന്‍ജക്ഷനും കഴിഞ്ഞു. കുഞ്ഞ് ഒന്നു കരഞ്ഞു.

നീ അവനിത്തിരി പാല് കൊടുക്ക്,ദേവി പറഞ്ഞു.കുട്ടിയേയും തള്ളയേയും നോക്കുവാന്‍ അമ്മ കൂടെയില്ലാത്തതിന്‍റെ കേട് മാറിയപോലെ തമിഴരസിക്ക് തോന്നി. അവള്‍ ബഞ്ചില്‍ വന്നിരുന്ന് കുഞ്ഞിന് മുലകൊടുക്കുവാന്‍ തുടങ്ങി. ദേവി ജോണുമായി സംസാരിച്ചിരുന്നു.

ജോണ്‍ ഒരു ചരക്കുലോറിയിലെ ഡ്രൈവറാണ്. മിക്കപ്പോഴും യാത്രയിലാവും. ചിലപ്പോള്‍ വൈകിട്ട് മടങ്ങിയെത്തും. മറ്റു ചിലപ്പോള്‍ ഒരുനാള്‍ കഴിയും. ദേവി അയാളുടെ കഥകള്‍ കേട്ടിരുന്നു. പിന്നീടവള്‍ അവരെ കാന്‍റീനില്‍ കൊണ്ടുപോയി. അവര്‍ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും കഴിച്ചു. ചായ കുടിച്ചു.ഇത് നമ്മുടെ കാന്‍റീനാ ചേട്ടാ,പൈസ കൊടുക്കണ്ട എന്നു പറഞ്ഞ് ദേവി കൈകഴുകാന്‍ പോയി. പക്ഷെ ജോണ്‍ ബില്ലുവാങ്ങി കൌണ്ടറില്‍ വന്ന് പൈസ കൊടുത്തു. അവള്‍ കൈകഴുകിവന്ന് ,പണം കൊടുത്തതിന് പരിഭവിച്ചു. എന്നിട്ട് അവര്‍ക്കൊപ്പം നടന്നു. അവരെ ആട്ടോയില്‍ കയറ്റിവിട്ടശേഷമാണ് അവള്‍ മടങ്ങിയത്. അതിന് മുന്നെ അവരുടെ വിലാസമൊക്കെ അവള്‍ വാങ്ങി. ഒരു ദിവസം വരാം,അവിടെ എവിടെയെങ്കിലും ഒരു വാടകവീട് കിട്ടുമോ എന്ന് നോക്കണം. എനിക്ക് നാട്ടില്‍ നിന്നും കുട്ടികളെ കൊണ്ടുവരണമെന്നുണ്ട്. ഇനി പഠിപ്പൊക്കെ ഇവിടെയാക്കണം. നല്ല ജോലിയൊക്കെ കിട്ടണമെങ്കില്‍ പട്ടണത്തില്‍തന്നെ പഠിക്കണം,അവള്‍ പറഞ്ഞു. അവര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു. തമിഴരശി ജോണിനോട് പറഞ്ഞു, കാര്‍ത്താവെ, എന്ത് നല്ല സ്ത്രീ. ജോണും തലകുലുക്കി സമ്മതിച്ചു.

രണ്ട് നാള്‍ കഴിഞ്ഞപ്പോള്‍ ദേവി അയണവാരത്തെ വീട്ടിലെത്തി. അപ്പോള്‍ ജോണും വീട്ടിലുണ്ടായിരുന്നു. ചെന്നൈയില്‍ ഒരു വീട് കണ്ടുപിടിക്കാനൊന്നും വലിയ പ്രയാസമില്ല, ന്നയുടന്‍ അവള്‍ പറഞ്ഞു. അവരുടെ ഒറ്റമുറി വീട്ടിലെ അടുക്കളയിലായിരുന്നു തമിഴരശി. കുഞ്ഞ് തൊട്ടിലില്‍ കിടന്ന് കൈകാലിട്ടടിക്കുന്നു. അവള്‍ നേരെപോയി കുഞ്ഞിനെ എടുത്തു. അവന്‍ സന്തോഷത്തോടെ ചിരിച്ചു. ദേവി കുറേനേരം അവനെ കളിപ്പിച്ചു. ജോണ്‍ ജോലിക്കായി പുറപ്പെട്ടു.  

ദേവി ഉച്ചഭക്ഷണം കഴിഞ്ഞ് പോയാല്‍ മതി,പുറത്തേക്കിറങ്ങുമ്പോള്‍ അയാള്‍ പറഞ്ഞു.

എനിക്കൊരു വീട് കിട്ടുമോ എന്നു നോക്കണം, അവള്‍ പറഞ്ഞു.

അത് നമുക്ക് ശരിയാക്കാം,അയാള്‍ പറഞ്ഞു.ദേവി വീട്ടിലേക്ക് കയറി, തമിഴരശിയുമായി സംസാരിച്ചിരുന്നു. അവരുടേത് പ്രണയവിവാഹമാണെന്നും രണ്ട് വീട്ടുകാരുമായും പിണക്കത്തിലാണെന്നുമൊക്കെ അവള്‍ ദേവിയോട് പറഞ്ഞു.നിനക്കിനി കൂട്ടിന് ഈ ചേച്ചിയില്ലെ,പിന്നെന്തിന് വിഷമിക്കണം, ദേവി പറഞ്ഞു.

ദൈവമായിട്ട് കൊണ്ടുതന്ന കൂട്ടാ,നിങ്ങളുടേത് ,”അവള്‍ യേശുക്രിസ്തുവിന്‍റെ ഫോട്ടോയിലേക്ക് നോക്കി കുരിശുവരച്ചു.

എനിക്കും വലിയ സങ്കടമാ.കുട്ടികളെ നാട്ടില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം നിര്‍ത്തിയിരിക്കയാണ്. അവരെ ഇവിടെ കൊണ്ടുവരണം,എങ്കിലേ ഒരു സമാധാനമുള്ളു. മൂത്തവന്‍ രണ്ടിലായി. ഇളയയാള്‍ ഒന്നിലും. കുട്ടികളെ പഠിപ്പിച്ച് നല്ല നിലയിലാക്കണം. ഭര്‍ത്താവ് കുടിയനാ.അയാളെ ഇങ്ങോട്ട് കൊണ്ടുവരില്ല. കൊണ്ടുവന്നാല്‍ കുടിക്കാന്‍ കാശും കൊടുക്കണം,പിന്നെ തല്ലും വാങ്ങണം, അവള്‍ തന്‍റെ സങ്കടം പറഞ്ഞ് തമിഴരസിയെ സമാധാനിപ്പിച്ചു. നിനക്ക് സ്നേഹമുള്ളൊരു ഭര്‍ത്താവില്ലെ, അത് തന്നെ മോളെ ഭാഗ്യം.ഇങ്ങിനെ ഒരുപാട് കഥകള്‍ ദേവി പറഞ്ഞു. ഉച്ചയൂണ് കഴിഞ്ഞ് കുഞ്ഞിനെ അവള്‍തന്നെ ഉറക്കികിടത്തി, പോവുകയും ചെയ്തു. സ്വന്തം ചേച്ചിയോ അമ്മയോ വീട്ടില്‍വന്നുപോകുന്നപോലെ ഒരു വേദന തമിഴരശിക്കുണ്ടായി. അവള്‍ കുഞ്ഞിനൊപ്പം കിടന്നുമയങ്ങി. അപ്പോള്‍ അവളുടെ സ്വപ്നത്തില്‍ വന്ന മാലാഖയുടെ മുഖം ദേവിയുടേതാണെന്ന് അവള്‍ക്ക് തോന്നി.

പിന്നീട് പലവട്ടം ദേവി വീട്ടില്‍ വന്നുപോയി. അവള്‍ വരുമ്പോഴെല്ലാം ആപ്പിളും പലഹാരങ്ങളും വാങ്ങിവന്നു. അങ്ങിനെ ഒരുമാസംകൊണ്ട് തമിഴരശിയുടെയും ജോണിന്‍റെയും അടുത്ത ബന്ധുവായി അവള്‍ മാറി. ഒരു ദിവസം തമിഴരശി തൊട്ടുത്തുള്ള റേഷന്‍ കടയില്‍ അരിയും പലചരക്കും വാങ്ങാന്‍ പോകുന്നതിന് തയ്യാറെടുക്കുമ്പോഴാണ് ദേവി എത്തിയത്.നീ എങ്കെ പോകിറത്,അവള്‍ ചോദിച്ചു. റേഷന്‍ വാങ്കണം,അക്കാ. “

കൊളന്തയെ വെയില്‍ കായാന്‍ കൊണ്ടുപോകണ്ട,നീ പോയി വരൂ. ഞാനും അവനും ഇവിടെ തങ്കിറുരേന്‍, അവള്‍ പറഞ്ഞു. തമിഴരശിക്ക് ആശ്വാസമായി. അവള്‍ കുട്ടിയെ ഏല്‍പ്പിച്ച് വേഗം പോയി വരാം എന്നു പറഞ്ഞ് ഇറങ്ങി. വെയില്‍ കനത്തിരുന്നു. കുളിച്ച് കഴിഞ്ഞശേഷം മുഖത്തിട്ട പൌഡര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അക്ക കൈലേസുകൊണ്ട് അവളുടെ മുഖം തുടച്ചു. കുഞ്ഞുവാവ സന്തോഷത്തോടെ ദേവിയുടെ കൈകളിലേക്ക് ചെന്നു. തമിഴരശി അവന് ഒരു മുത്തവും നല്‍കി പുറത്തിറങ്ങി.

കടയില്‍ നല്ല തിരക്കുണ്ടായിരുന്നു. അരിയും പയറും എണ്ണയുമൊക്കെവാങ്ങി അവള്‍ തിരികെ നടന്നു. വരുന്നവഴി അക്കയ്ക്ക് നല്‍കാനായി തട്ടുകടയില്‍ നിന്നും മെതുവടയും വാങ്ങി. വീട്ടിലെത്തുമ്പോള്‍ വാതില്‍ ചാരിയിരിക്കയായിരുന്നു. രണ്ടുപേരും കൂടി ഉറക്കമായിട്ടുണ്ടാകും എന്നു കരുതി അവള്‍ മെല്ലെ വാതില്‍ തുറന്നു. അകത്തെ മുറിയില്‍ അവരെ കണ്ടില്ല. പിന്നാമ്പുറത്തെ പുളിമരച്ചുവട്ടിലുണ്ടാകും എന്നു കരുതി അങ്ങോട്ടിറങ്ങി. അവിടെയും കണ്ടില്ല. അവള്‍ സാധനങ്ങള്‍ താഴെവച്ചു. അവള്‍ക്ക് ഉള്ളില്‍ നിന്നും ഒരാന്തലുണ്ടായി. അവള്‍ ഭ്രാന്തെടുത്തപോലെ ചുറ്റാകെ നടന്നുനോക്കി. ആരെയും കണ്ടില്ല. അടുത്ത വീടുകളില്‍ പോയി ചോദിച്ചു.അവരാരും ഒന്നും കണ്ടില്ലെന്നു പറഞ്ഞു. അവള്‍ എങ്ങോട്ടെന്നില്ലാതെ ഓടി. ഒരു ചിന്നകൊളന്തയുമായി ഒരുവള്‍ പോകുന്നകണ്ടോ എന്ന് വഴിയില്‍ കണ്ടവരോടൊക്കെ അവള്‍ ചോദിച്ചുകൊണ്ടിരുന്നു. ചിലര്‍ കണ്ടില്ലെന്നും മറ്റു ചിലര്‍ കണ്ടെന്നും പറഞ്ഞു. അവള്‍ കരഞ്ഞുതളര്‍ന്നു. ഓടിക്കൂടിയവരുടെ നിര്‍ദ്ദേശപ്രകാരം തിരുമുല്ലവയല്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കി. അവര്‍ അന്വേഷിക്കാം എന്നുറപ്പും നല്‍കി. വൈകിട്ട് ജോണ്‍ വരുംവരെ അവള്‍ ജലപാനം പോലും നടത്തിയില്ല. യേശുവിന് മുന്നില്‍ പ്രാര്‍ത്ഥനയിലായിരുന്നു അവള്‍. ജോണ്‍ സംഭവം കേട്ട് നിശ്ചേതനായി. അവളെ കുറ്റപ്പെടുത്താനും അയാള്‍ക്ക് കഴിഞ്ഞില്ല. ദേവിയെകുറിച്ച് നേരിയ സംശയം പോലും അയാള്‍ക്കും ഉണ്ടായിരുന്നില്ലല്ലോ.

കരഞ്ഞു തളര്‍ന്ന ദിനങ്ങളായിരുന്നു തമിഴരശിയുടേത്. അവളുടെ മാതൃത്വം ചുരന്ന പാല്‍, കണ്ണീരും വിയര്‍പ്പും കലര്‍ന്ന് കിടക്കപ്പായ നനച്ചു. രാത്രികളില്‍ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് അവള്‍ ഞെട്ടിയുണര്‍ന്നു. പലപ്പോഴും പുറത്തേക്ക് ഇറങ്ങിയോടി. ജോണും കടുത്ത നിശബ്ദതയിലായിരുന്നു. ജോലി ചെയ്യാനുള്ള ഉത്സാഹം നഷ്ടമായിരുന്നു. ദിവസവും രാവിലെ അയാള്‍  പോലീസ് സ്റ്റേഷനില്‍ പോകും. അവര്‍ അന്വേഷണം പുരോഗമിക്കുന്നു എന്നു പറയും. അവിടെനിന്നും വരുംവഴി പള്ളിയില്‍ കയറും.അച്ചനോട് സങ്കടങ്ങള്‍ പറയും. കര്‍ത്താവിന്‍റെ പരീക്ഷണമാണ് ജോണെ, എല്ലാം കലങ്ങിത്തെളിയും. ഞാനും എസ്ഐയെ വിളിച്ച് സംസാരിക്കാം.”, അച്ചന്‍ ആശ്വസിപ്പിച്ചു.

  ഒരു ദിവസം അച്ചന്‍ ജോണിനോട് പറഞ്ഞു, ജോണേ, തമിഴരസി മകന്‍ നഷ്ടപ്പെട്ട ഷോക്കില്‍ നിന്നും മോചിതയായിട്ടില്ല. അവള്‍ക്ക് ഒരു കൌണ്‍സിലിംഗ് കൊടുക്കണം. നീ അവളെ കൂട്ടിവരൂജോണ്‍ ഒരുപാട് നിര്‍ബ്ബന്ധിച്ചശേഷമാണ് അവള്‍ വഴങ്ങിയത്. എല്ലാം കര്‍ത്താവിന്‍റെ നിശ്ചയമാണ്,അവനെയും നിങ്ങളേയും ദൈവം പരീക്ഷിക്കുകയാണ്.ഒടുവില്‍ എല്ലാം ശുഭമായിടും എന്ന വിശ്വാസം അവളില്‍ ജനിപ്പിക്കാന്‍ കൌണ്‍സിലിംഗ് ഉപകാരപ്പെട്ടു.ദിവസങ്ങള്‍ കഴിയുന്തോറും അവരുടെ പ്രതീക്ഷകളും മാഞ്ഞുതുടങ്ങിയിരുന്നു. ജോണ്‍ എന്നും പോലീസ് സ്റ്റേഷനില്‍ പൊയ്ക്കൊണ്ടിരുന്നത് രണ്ട് ദിവസം കൂടുമ്പോഴായി,പിന്നെ ആഴ്ചയില്‍ ഒരിക്കലായി. ഒരു വര്‍ഷം അങ്ങിനെ കടന്നുപോയി. ഇടയ്ക്കിടെ ഉണ്ടാകുന്ന ഓര്‍മ്മയില്‍ നെഞ്ചുരുകിയും കണ്ണുകലങ്ങിയും ജീവിതം പഴയപടിയായി.

ജോണ്‍ ഇനി ഇതന്വേഷിച്ചു നടക്കണ്ട. അവന്‍ മക്കളില്ലാത്ത ഏതെങ്കിലും ദമ്പതികള്‍ക്കൊപ്പം സുഖമായി കഴിയുന്നുണ്ടാകും എന്ന് സമാധാനിക്കുക. ഇത്തരം കേസുകള്‍ നമുക്ക് നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല ജോണേ, ഞങ്ങളിത് ക്ലോസ് ചെയ്യുകയാണ്, ഒരു ദിവസം സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു. ജോണ്‍ പുറത്തേക്കിറങ്ങുമ്പോള്‍,സ്റ്റേഷന്‍ ഓഫീസര്‍ അവിടെയിരുന്ന ആളിനോട് പറയുന്നത് കേട്ടു,രണ്ട് മാസം പ്രായമായ ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാ. ഇപ്പോള്‍ ഒരു വര്‍ഷമായി. പാവം,അതിനെ തട്ടിയെടുത്തവള്‍ ആര്‍ക്കെങ്കിലും വിറ്റിട്ടുണ്ടാകും.ഇപ്പോള്‍ കുട്ടികള്‍ക്കൊക്കെ വലിയ ഡിമാന്‍ഡാ.അവയവ കച്ചവടവും ഒക്കെയാണല്ലോ നടക്കുന്നത്. പണ്ടൊക്കെ കൈകാലൊടിച്ചും കണ്ണുപൊട്ടിച്ചുമുള്ള ഭിക്ഷാടനമായിരുന്നു, ഇപ്പൊ ഇതും ഹൈട്ടെക്കായി.

ജോണ്‍ അവിടെനിന്നും ഇറങ്ങി വേഗം ലോറിയില്‍ കയറി.തലയില്‍ വല്ലാത്ത ഇരമ്പല്‍.തിരക്കേറിയ റോഡാണ്.അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ആ റോഡിന് പാകമല്ലാത്ത വേഗതയില്‍ കുറേദൂരം ലോറി ഓടിച്ചു. എവിടെയെങ്കിലും വണ്ടി ഇടിച്ചുനില്‍ക്കുമോ എന്ന് തന്നെ ഭയപ്പെട്ടു. പലരും തെറിവിളിക്കുന്നുണ്ടായിരുന്നു.അയാള്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.കുറ്റബോധവും ഭയവുമെല്ലാം കലര്‍ന്ന വല്ലാത്തൊരവസ്ഥയിലായിരുന്നു ജോണ്‍.ഒടുവില്‍ വിജനമായ ഒരിടത്ത് വണ്ടി നിര്‍ത്തി അയാള്‍ സ്റ്റിയറിംഗില്‍ തലവെച്ച് കുറേ നേരം കരഞ്ഞു. പിന്നീട് പള്ളിയില്‍ പോയി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

    തമിഴരശിയുടെ ദുഖം മാറാന്‍ ഇനി ഒരു കുട്ടിയുടെ ജന്മം മാത്രമാണ് പരിഹാരമെന്ന് അവനെ പലരും ഉപദേശിച്ചു. അവന്‍ അവള്‍ക്ക് ഒത്തിരി സ്നേഹം പകര്‍ന്നു നല്‍കി. പലയിടത്തും കൂട്ടിക്കൊണ്ടുപോയി, കാഴ്ചകള്‍ കാണിച്ച് സന്തോഷിപ്പിച്ചു. അവളുടെ ഉള്ള് തണുത്തു. ആ തണുപ്പില്‍ അവര്‍ കെട്ടിപ്പുണര്‍ന്നു കിടന്നു. ആ ചൂടില്‍ അവര്‍ ഒന്നായി. അവളുടെ ശ്രദ്ധ പിന്നീട് ഉള്ളില്‍ വളരുന്ന കുഞ്ഞിലായി. നഷ്ടപ്പെട്ട മകന്‍ ഇടയ്ക്കൊക്കെ അവളുടെ ഉള്ളുലയ്ക്കുമെങ്കിലും വയറ്റില്‍ വളരുന്ന കുഞ്ഞിന് ദോഷം വരരുത് എന്നു കരുതി അവള്‍ അതൊക്കെ അടക്കി. എന്നാല്‍ ജോണിനെ ദേവിയുടെ മുഖം ഇടയ്ക്കിടെ വന്ന് ഭയപ്പെടുത്തിയിരുന്നു. ഓരോ യാത്രയിലും അവന്‍ ദേവിയെ കണ്ടെത്താം എന്ന് പ്രതീക്ഷിച്ചു. പലപ്പോഴും സാമ്യമുള്ള മുഖങ്ങള്‍ നോക്കി അവരുടെ പിന്നാലെപോയി ചീത്തകേട്ടു. അവന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതുപോലും അവളെ കണ്ടാല്‍ വീഡിയോ എടുത്ത് പോലീസിന് നല്‍കാനും പോലീസിനെ വിളിക്കാനുമൊക്കെയായിരുന്നു.

കാലം എല്ലാം മായ്ക്കുന്ന കാഴ്ചകളുടെ ഉത്സവമാണല്ലൊ. കുഞ്ഞുപിറന്നതോടെ അവള്‍ കൂടുതല്‍ സന്തോഷത്തിലായി. അവനും നെല്‍സണ്‍ എന്നു തന്നെ പേരിട്ടു. ഒരു നിമിഷം പോലും കുഞ്ഞിനെ വേര്‍പെടാതെ അവള്‍ ഒപ്പം നിന്നു. അവന്‍ വളര്‍ന്ന് രണ്ട് വയസ്സായപ്പോള്‍ അവള്‍ വീണ്ടും ഗര്‍ഭിണിയായി. ഇത്തവണ പിറന്നത് ഒരു പെണ്‍കുഞ്ഞായിരുന്നു. അവള്‍ കുട്ടികളുടെ കാര്യത്തില്‍ തിരക്കിലായതോടെ നഷ്ടപ്പെട്ട മകന്‍ ഓര്‍മ്മയില്‍ നിന്നും മാഞ്ഞപോലെയായി. ഓര്‍ക്കാന്‍ സമയമില്ല എന്നത് തന്നെ കാരണം. പക്ഷെ ജോണ്‍ ഉള്ളില്‍ കെടാത്തൊരു മോഹം സൂക്ഷിച്ചിരുന്നു. തന്‍റെ മകനെ തിരികെ കിട്ടും എന്നതായിരുന്നു അത്. മോനെ നഷ്ടമായിട്ട് ഏഴ് വര്‍ഷങ്ങള്‍ ആയി.അവന്‍റെ ജന്മദിനത്തിന് ജോണ്‍ അനാഥാലത്തിലെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ആ ചടങ്ങുകഴിഞ്ഞ് വരുംവഴി അണ്ണാനഗറില്‍ വാഹനമൊതുക്കി ഒരു ചായ കുടിച്ചു നില്‍ക്കെയാണ് ജോണ്‍ അവളെ കണ്ടത്. കുടിച്ചു പകുതിയായ ചായ അവിടെവച്ച് അവന്‍ അവള്‍ക്കു പിന്നാലെ പാഞ്ഞു. ചായയുടെ കാശ് തന്നിട്ടുപോടാ എന്നൊക്കെ കടയുടമ വിളിച്ചുപറയുന്നുണ്ടായിരുന്നു. അവന്‍ അതൊന്നും കേട്ടില്ല. എതിര്‍വശത്തുകൂടി വന്ന് അവളുടെ വീഡിയോ എടുത്തശേഷം ഉടനെ നൂറില്‍ വിളിച്ചു. ബുദ്ധിപരമായ നീക്കമായിരുന്നു അവന്‍റേത്. അവള്‍ സ്ത്രീയാണ്. നാട്ടിലെ നിലവിലുള്ള നിയമങ്ങളെല്ലാം അവള്‍ക്കനുകൂലമാണ്. അവളെ കടന്നുപിടിച്ചാല്‍ കാണുന്നവരെല്ലാം ചേര്‍ന്ന് തല്ലും. പോലീസ് വന്നാലും തന്‍റെ കഥകളൊന്നും അവര്‍ വിശ്വസിക്കില്ല. താന്‍ ജയിലിലാകും എന്നുറപ്പ്. ഇത്തരം ബോദ്ധ്യങ്ങളും അനുഭവസാക്ഷ്യങ്ങളും ഉള്ളതിനാലാണ് അയാള്‍ സാഹസികമായ നീക്കങ്ങള്‍ക്കൊന്നും മുതിരാതിരുന്നത്.

പോലീസ് വരാനായി അവന്‍ കാത്തുനിന്നു. താടിയും മീശയുമൊക്കെ നീട്ടി വളര്‍ത്തിയ ജോണിനെ അവള്‍ക്ക് കൃത്യമായി മനസിലായില്ല. എങ്കിലും എന്തോ പന്തികേടുണ്ട് എന്നവള്‍ക്കു തോന്നി. അവള്‍ പെട്ടെന്നൊരു ആട്ടോ കൈകാണിച്ച് അതില്‍ കയറിപോയി. പോലീസ് എത്തിയപ്പോള്‍ നടന്നതെല്ലാം ജോണ്‍ വിശദീകരിച്ചു. അവര്‍ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജോണ്‍ തിരുമുല്ലവയല്‍ സ്റ്റേഷനിലെത്തി താന്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ കൊടുത്ത കേസ്സ് റീഓപ്പണ്‍ ചെയ്യിച്ചു. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ അപേക്ഷയും നല്‍കി. അതോടെ പോലീസ് കൂടുതല്‍ ഗൌരവത്തോടെ കേസ്സ് അന്വേഷിക്കാന്‍ തുടങ്ങി. നിരന്തരമായ അന്വേഷണത്തിനൊടുവില്‍ കാഞ്ചീപുരത്തുനിന്നാണ് പോലീസ് അവളെ അറസ്റ്റു ചെയ്തത്.

 കുട്ടിയെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഒരു ദിവസം വെള്ളവും ഭക്ഷണവും നല്‍കാതിരുന്നതോടെ അവള്‍ എല്ലാം ഓര്‍ത്തെടുത്തു പറയാന്‍ തുടങ്ങി. കുട്ടികളുണ്ടാകാത്തതിനാല്‍ ഭര്‍ത്താവില്‍ നിന്നും അമ്മാവിയമ്മയില്‍ നിന്നും ഒരുപാട് അപമാനങ്ങള്‍ ഏറ്റുവാങ്ങിയ ജീവിതമായിരുന്നു അവളുടേത്. ഒടുവില്‍ അവള്‍ വീട് വിട്ടിറങ്ങി. ഒരു വര്‍ഷത്തോളം ഭര്‍ത്താവിനെയും കുടുംബക്കാരെയും കാണാതെ പലവിധ തൊഴിലുകള്‍ ചെയ്ത് ജീവിച്ചു. ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളു, ഒരു പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് തന്‍റേതെന്നു പറഞ്ഞ് അവരെ കാട്ടണം. ആ വാശിയില്‍ അവള്‍ ആശുപത്രിയില്‍ വരുന്ന അമ്മാരുമായി സൌഹൃദം നടിച്ച് പല ശ്രമങ്ങളും നടത്തി. അതില്‍ വിജയിച്ചത് തമിഴരശിയുടെ കാര്യത്തിലായിരുന്നു. കുഞ്ഞിനേയും കൊണ്ട് നാട്ടില്‍ പോയി എല്ലാവരേയും കാണിച്ച് താനും ഒരമ്മയായി എന്നു തെളിയിച്ച് മടങ്ങിയതോടെ അവള്‍ക്ക് കുഞ്ഞിനോടുള്ള താത്പ്പര്യം നഷ്ടമായി. ദത്തെടുക്കാന്‍ ആരെങ്കിലും വന്നാല്‍ കൊടുത്ത് കാശ് വാങ്ങാം എന്ന് കരുതി ആ വഴിക്ക് കുറേ ശ്രമം നടത്തി നോക്കി.അതും നടന്നില്ല.

ഞാനവനെ നന്നായി നോക്കിയിരുന്നു സാറെ.ജോലിക്ക് പോകുന്നിടത്തും അവനെ കൊണ്ടുപോകുമായിരുന്നു.നല്ല ഭക്ഷണവും കൊടുത്തിരുന്നു, അവള്‍ പറഞ്ഞു. കുഞ്ഞിന് മൂന്ന് വയസുള്ളപ്പോഴാണ് അവനെ വില്‍ക്കാന്‍ എന്നോടൊപ്പം താമസിച്ചിരുന്ന മണിയന്‍ തീരുമാനിച്ചത്. കച്ചവടത്തില്‍ പപ്പാതി എന്നവന്‍ പറഞ്ഞു. കുഞ്ഞിനെ കൊടുക്കില്ലെന്ന് ഞാന്‍ വാശിപിടിച്ചു. ഒടുവില്‍ അടിപിടിയായി. വഴക്കിനിടെ വീടിന്‍റെ സ്ലാബില്‍ തട്ടി മണിയന്‍ താഴെവീണു സാറെ. തലയ്ക്കേറ്റ ക്ഷതം കാരണം അവന്‍ മരിച്ചു. ഞാന്‍ പോലീസിനോട് കുറ്റം ഏറ്റുപറഞ്ഞു. കുഞ്ഞ് എന്‍റെ സ്വന്തമാണ് എന്നായിരുന്നു ഞാനവരോട് പറഞ്ഞത്. അങ്ങിനെ അവര്‍ അവനെ ടി നഗറിലെ ബാലമന്ദിര്‍ കാമരാജ് ട്രസ്റ്റിന്‍റെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. ഞാന്‍ ജയിലിലുമായി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി എന്നെ വെറുതെ വിട്ടു സാറെ. എനിക്ക് ചെക്കനെ കാണണം എന്നാഗ്രഹമുണ്ടായിരുന്നു. ജയിലിലായിരുന്ന കാലത്ത് എനിക്ക് വലിയ കുറ്റബോധം തോന്നിയിരുന്നു സാറെ. തമിഴരശിയുടെ കണ്ണീരാണ് എന്നെ ജയിലിലാക്കിയതെന്ന് ഞാന്‍ വിശ്വസിച്ചു. അവനെ അവള്‍ക്ക് തിരികെ കിട്ടിയിട്ടുണ്ടാകും എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. അവന്‍റെ മുഖമിപ്പോള്‍ എങ്ങിനെ എന്നൊക്കെ ഞാന്‍ മനസില്‍ ചിന്തിച്ചുനോക്കി സ്വപ്നം കാണുമായിരുന്നു സാറെ. അഥവാ അവന്‍ അനാഥാലയത്തിലുണ്ടെങ്കില്‍ ഞാന്‍ തിരികെ കൊണ്ടുവന്നാല്‍ അവന്‍ പട്ടിണിയിലാകും. മാത്രമല്ല,അമ്മ കൊലപാതകിയാണ് എന്ന ചിന്ത അവനെ അലട്ടുകയും ചെയ്യും. ഞാന്‍ തനിച്ചായതിനാല്‍ എനിക്ക് എന്ത് ജോലിയും ചെയ്ത് ജീവിക്കാമല്ലോ എന്നു കരുതി. അതുകൊണ്ടാ സാറെ ഞാനവനെ കാണാന്‍ പോകാതിരുന്നത്, അവള്‍ പറഞ്ഞു.

ജോണ്‍ ഇപ്പോഴും എന്നെ തിരിച്ചറിഞ്ഞ് പിടിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല, സാറെ. ഇപ്പോള്‍ അതും ഉണ്ടായി. എല്ലാം ആ അച്ഛനമ്മമാരുടെ കണ്ണീരും ശാപവുമാ സാറെ,അവള്‍ പറഞ്ഞു.

വിവരങ്ങളറിഞ്ഞ ജോണും തമിഴരശിയും പോലീസ് സ്റ്റേഷനിലെത്തി. അവര്‍ക്ക് കുഞ്ഞിനെകാണാന്‍ തിടുക്കമായി. നിങ്ങള്‍ തിടുക്കപ്പെടരുത്. ഇതിന് ഒരുപാട് നിയമതടസ്സങ്ങളുണ്ട്. ആദ്യം കുഞ്ഞ് നിങ്ങളുടേതാണ് എന്നു തെളിയിക്കണം. അതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തണം, സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

ഒരു മാസത്തെ ശ്രമഫലമായി ഡിഎൻഎ പരിശോധന നടന്നു. റിസള്‍ട്ട് വരാന്‍ വീണ്ടും ഒരുമാസമെടുത്തു. കുട്ടിയുടെ മാതാപിതാക്കള്‍ അവരാണ് എന്ന് വ്യക്തമാക്കുന്ന  ഡിഎന്‍എ മാച്ചിംഗ് കിട്ടി. ഇനി നിങ്ങള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യണം, പോലീസ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. ജോണ്‍ കേസ് ഫയല്‍ ചെയ്തു. കുട്ടി ഇപ്പോള്‍ രണ്ടാം ക്ലാസ് പഠനം കഴിഞ്ഞു. അവന് ആരോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അവന്‍റെ ഓര്‍മ്മയില്‍ ഈ അമ്മയും അച്ഛനും ഉണ്ടാവില്ല. ശിശുവിഹാറിലെ ജീവനക്കാരും അന്തേവാസികളും സ്കൂളിലെ അധ്യാപകരും കുട്ടികളുമാണ് അവന്‍റെ ലോകം. പെട്ടെന്ന് രണ്ടുപേര്‍ വന്ന് അച്ഛനും അമ്മയുമാണ് എന്നു പറയുന്നത് അവന് വലിയ ഷോക്കാവും. അതവന് സ്വീകാര്യവുമാവില്ല. അതുകൊണ്ട് കുറച്ചുമാസം കൂടി അവന്‍ അവിടെത്തന്നെ താമസിക്കട്ടെ. ഇവര്‍ക്ക് ഇടയ്ക്കുചെന്ന് കാണുകയും ക്രമേണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആവാം. പുരോഗതി വിലയിരുത്തി തീരുമാനമെടുക്കുന്നതാവും ഉചിതം”, കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഭിപ്രായപ്പെട്ടു.  കോടതി ഈ നിര്‍ദ്ദേശം ശരിവച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ ജോണും തമിഴരശിയും ഒരു ദിവസം ആരോണിനെ കാണാനായി ശിശുവിഹാറിലെത്തി. കുട്ടിയെ കാണുംമുന്നെ അവര്‍ക്കായി ഒരു കൌണ്‍സിലിംഗ് ഉണ്ടായിരുന്നു. നിങ്ങള്‍ വികാരപരമായി കുഞ്ഞിനെ സമീപിക്കരുത്. മകനേ എന്നു വിളിച്ച് കെട്ടിപ്പിടിക്കുക,കരയുക ഇതൊന്നും പാടില്ല. അവന്‍റെ ബന്ധുക്കളാണ്, ഇപ്പോഴാണ് നീ ഇവിടുണ്ടെന്നറിഞ്ഞത് എന്നൊക്കെയേ പറയാവൂ. കൊണ്ടുവന്ന ആപ്പിളും ചോക്ലേറ്റുമൊക്കെ നല്‍കാം എന്നൊക്കെ ശട്ടം കെട്ടി.

പിടയ്ക്കുന്ന നെഞ്ചും വിങ്ങുന്ന മനസുമായി അവര്‍ ഏറെനേരം കാത്തിരുന്നിട്ടാണ് ആരോണ്‍ അവര്‍ക്കു മുന്നിലെത്തിയത്. അവന്‍ അവരുടെ മുഖത്തുനോക്കാന്‍ മടിച്ചു. അമ്മയുടെ വാത്സല്യം ചുരത്തിയ മാറിടം തുടിച്ചു. അവള്‍ അവനെ മെല്ലെ തൊട്ടു. ഒരു മാസം പ്രായമായ ഒരു കുഞ്ഞിന്‍റെ മൃദുലത അപ്പോള്‍ അവള്‍ക്കനുഭവപ്പെട്ടു. അവള്‍ കൈ പിന്‍വലിച്ചില്ല. ഏറെനേരം അവനെ ശരീരത്തോട് ചേര്‍ത്തുനിര്‍ത്തി. പഠിത്തത്തെപറ്റിയൊക്കെ ചോദിച്ചു. അവന്‍ കുറച്ചൊക്കെ സംസാരിച്ചു. അനുവദിച്ച സമയം കഴിയാറായി. അപ്പോള്‍ അവന്‍ ചോദിച്ചു, എന്‍റെ അമ്മയെ പോലീസ് പിടിച്ചുകൊണ്ടുപോയി ഉപദ്രവിച്ചോ? അവരിപ്പോള്‍ എവിടെയാണ്?”

അവന്‍റെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ ആ അച്ഛനമ്മമാരുടെ കണ്ണുകള്‍ നിറഞ്ഞു. എല്ലാം അവനോട് തുറന്നു പറയാം എന്ന് തമിഴരശി കരുതി. അതിനായി അവള്‍ തൊണ്ട ശരിയാക്കുമ്പോഴേക്കും ഹോസ്റ്റല്‍ മേട്രണ്‍ വന്നു. സമയം കഴിഞ്ഞു. ഇനി അടുത്തയാഴ്ച വന്നാല്‍ മതി, അവര്‍ പറഞ്ഞു. കണ്ണുകളില്‍ നിറഞ്ഞു കവിഞ്ഞ ജലരാശികള്‍ക്കിടയിലൂടെ,സമ്മാനപ്പൊതിയും നെഞ്ചത്തടുക്കി ആരോണ്‍ ദൂരേക്ക് ഓടിപ്പോകുന്നത് നോക്കിനിന്ന് അവള്‍ ,എന്‍റെ മോന്‍, എന്‍റെ ആരോണ്‍എന്ന് വിതുമ്പിക്കൊണ്ട് അവിടെ ഇരുന്നു.🙏

 

 




Friday 22 September 2023

Haridas from Tiruvannamalai - a journey from juvenile home to a motivator

 


നമുക്കിന്ന് ഹരിദാസിനെ പരിചയപ്പെടാം.

തിരുവണ്ണാമലയില്‍ ഒരു പലചരക്കുകടയില്‍ ജോലിചെയ്യുന്ന അച്ഛനും സുഖമില്ലാത്ത അമ്മയും മാത്രമുള്ള ഹരിദാസിനെ അവന്‍റെ അമ്മാവന്‍ നിത്യാനന്ദനാണ് കാഞ്ചീപുരത്ത് കൊണ്ടുവന്നത്. അവന്‍ അവിടെ പച്ചയ്യപ്പാ സ്കൂളില്‍ പഠിക്കാന്‍ ചേര്‍ന്നു. സിലംബാട്ടത്തില്‍ മിടുക്കാനായ അവന്‍ എന്‍സിസിയിലും മികച്ച കേഡറായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവന്‍റെ ജീവിതം കലങ്ങിമറിഞ്ഞത്. അവനും കൂട്ടുകാരും കൂടി ഒരു യാത്ര പോയി. ഒരു സുഹൃത്തിന്‍റെ മൊബൈലും കടം വാങ്ങിയായിരുന്നു യാത്ര. പോയവഴിയില്‍ മൊബൈല്‍ നഷ്ടമായി. ഭയവും നഷ്ടബോധവുമായി തിരികെ കാഞ്ചീപുരത്തെത്താന്‍ ധൈര്യമില്ലാതിരുന്ന അവന്‍ തരുവണ്ണാമലയ്ക്ക് മടങ്ങി. അമ്മാവന്‍ അവനെ അന്വേഷിച്ചില്ല. സുഖമില്ലാത്ത അമ്മയും ചെറിയജോലി ചെയ്ത് ജീവിക്കുന്ന അച്ഛനും അവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചില്ല. സര്‍വ്വതന്ത്ര സ്വതന്ത്രനായ ഹരിദാസ് നാട്ടിലെ ചെറിയ കുറ്റവാളി സംഘങ്ങളുമായി ബന്ധപ്പെട്ട് അടിപിടക്കേസുകളുമൊക്കെയായി നടന്നു. അങ്ങിനെ 2010 ല്‍ ഒരു കേസ്സില്‍പെട്ട് അവന്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത ഹരിദാസിനെ ഡിറ്റന്‍ഷന്‍ ഹോമിലാക്കി. അവിടെ എത്തി രണ്ട് മാസം കഴിഞ്ഞപ്പോഴായിരുന്നു ശിശുദിനം. അന്ന് അവന്‍ നടത്തിയ പ്രസംഗവും അവന്‍റെ ചിത്രപ്രദര്‍ശനവും ഇന്‍മേറ്റ്സിനെയും അധ്യാപകരേയും സ്വാധീനിച്ചു.

  ഇവന് മാറ്റമുണ്ടാകും എന്നുമാത്രമല്ല മറ്റുള്ളവരെമാറ്റിയെടുക്കാനും ഇവന് കഴിയും എന്ന് അവിടത്തെ ഹെഡ്മിസ്ട്രസ് കല്യാണിയമ്മയ്ക്ക് ബോധ്യമായി. അവര്‍ അവനെ പ്രോത്സാഹിപ്പിച്ചു. അവന്‍ പഠനം തുടങ്ങി. പതിനാറ് വയസില്‍ പോലീസ് അകമ്പടിയോടെ പരീക്ഷ എഴുതി. സ്പെഷ്യല്‍ ഹോമില്‍ നിന്നും ആ വര്‍ഷം പത്താംതരം പരീക്ഷ  എഴുതിയ ഏകവിദ്യാര്‍ത്ഥി അവനായിരുന്നു. മറ്റു വിദ്യാര്‍ത്ഥികള്‍ സംശയത്തോടെയും ഭയപ്പാടോടെയും അവനെ നോക്കി. അവന്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കാതെ പരീക്ഷ എഴുതി പാസ്സായി. കോടതിയില്‍ അവന്‍റെ കേസ് വന്നപ്പോള്‍ മജിസ്ട്രേറ്റ് സുന്ദര്‍ ജീവിതം നന്നാക്കാന്‍ അവന് അവസരം നല്‍കി. പിന്നീട് അവനെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചത് ഫാദര്‍ വിന്‍സന്‍റ് സേവ്യറായിരുന്നു. ഡിറ്റന്‍ഷന്‍ സെന്‍ററില്‍ നിന്നും ഇറങ്ങിയ അവന്‍ പ്ലസ് ടു പഠനം കഴിഞ്ഞ് യേലഗിരിയിലെ ഡോണ്‍ബോസ്കോ കോളേജില്‍ നിന്നും ബിരുദവും ചെന്നൈ ലയോളയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും നേടി.

 അതിനെതുടര്‍ന്ന് ജീവിതം എന്തിനാകണം എന്ന കൃത്യമായ കാഴ്ചപ്പാടോടെ ഹരിദാസ് തന്‍റെ കൌണ്‍സിലിംഗ് ആരംഭിച്ചു. ജുവനൈല്‍ ഹോമിലും ജയിലിലും കഴിയുന്ന കുട്ടികളെയും ചെറുപ്പക്കാരെയും മോട്ടിവേറ്റ് ചെയ്യുകയാണ് ഹരിദാസിന്‍റെ ലക്ഷ്യം. സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ കേന്ദ്രങ്ങളിലും സ്പെഷ്യല്‍ ഹോമിലും പ്രൊട്ടക്ടീവ് ഷെല്‍ട്ടറുകളിലും കഴിയുന്ന കുട്ടികളെ ലഹരിയില്‍ നിന്നും കുറ്റവാസനയില്‍ നിന്നും മോചിപ്പിക്കുകയാണ് ഇപ്പോള്‍ ഹരിദാസ് ചെയ്യുന്നത്. അവര്‍ക്ക് ഹരിദാസ് ഹരി അണ്ണനാണ്. ഇരുപത്തിയെട്ടുകാരനായ ഹരിദാസ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പുഴല്‍ ജയിലിലെ രണ്ടായിരം ഇന്‍മേറ്റ്സിനെ കൌണ്‍സിലിംഗ് ചെയ്യുകയുണ്ടായി. അവരൊന്നും തുടര്‍ന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ഹരിദാസ് പറയുന്നു. പലരും അവരുടെ ഉള്ളിലെ കഴിവുകള്‍ മനസിലാക്കുകയും ജീവിതവിജയം നേടുകയും ചെയ്തു. വിശ്വാസവും ശ്രദ്ധയും സ്നേഹവും ഇതാണ് ഹരിദാസ് ഉപയോഗിക്കുന്ന രീതി. കുട്ടികളുടെ വിശ്വാസം നേടിയെടുക്കുകയാണ് പ്രധാനം. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സ്നേഹത്തോടെ പെരുമാറുന്നതിലൂടെയും അവരില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയും എന്ന് ഹരിദാസ് പറയുന്നു.

പ്രിസണേഴ്സ് റൈറ്റ്സ് ഇന്‍റര്‍വെന്‍ഷന്‍ സപ്പോര്‍ട്ട് മിഷന്‍ ആരംഭിച്ച പട്ടം പദ്ധതിയില്‍ പ്രവര്‍ത്തിക്കുകയാണ് ഹരിദാസ് ഇപ്പോള്‍. സൈക്കോളജിസ്റ്റുകളും കൌണ്‍സിലേഴ്സും പരിശീലകരും ഉള്‍പ്പെടുന്ന ടീമാണ് കുറ്റം ചെയ്ത് ജയിലിലെത്തുന്ന ചെറുപ്പക്കാരെ അത് ആവര്‍ത്തിക്കാതിരിക്കാന്‍ മോട്ടിവേറ്റ് ചെയ്യുന്നത്. പോലീസും കോടതിയും ജയില്‍ അധികാരികളും സംയുക്തമായാണ് ഈ പദ്ധതി വിജയകരമായി നടത്തിവരുന്നത്. ഇതിന് പുറമെ കോളേജുകളില്‍ മോട്ടിവേഷണല്‍ ക്ലാസുകള്‍ എടുക്കുകയും ഡ്രഗ് അഡിക്ടുകളെ കൌണ്‍സിലിംഗ് നടത്തുകയും ചെയ്യുന്നു. പേരന്‍റിംഗിലെ കുഴപ്പങ്ങളാണ് മിക്ക കുട്ടികളും തെറ്റായവഴിക്ക് പോകാന്‍ കാരണം എന്നാണ് ഹരിദാസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന വിഷയളില്‍ അറസ്റ്റ്, കേസ്,ശിക്ഷ തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് ഹരിദാസ് പറയുന്നു. അത് അവരെ നിരാശരും പ്രതീക്ഷനഷ്ടപ്പെട്ടരുമാക്കുമെന്ന് ഹരിദാസ് വിശ്വസിക്കുന്നു. ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലെ ഓരോരുത്തരോടും ഹരിദാസ് പറയുന്നത് ഇതാണ്, ഈ മതിലുകള്‍ക്കപ്പുറത്ത് അവസരങ്ങളുടെ ഒരു മനോഹരലോകം നിങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു. അതാസ്വദിക്കാന്‍ നിങ്ങള്‍ തയ്യാറാകുക. ജീവിതത്തില്‍ നിരാശ ബാധിക്കുന്ന എല്ലാവര്‍ക്കുമായുള്ള ഒരു സന്ദേശമാണ് ഹരിദാസ് പകര്‍ന്നു നല്‍കുന്നത്.🙏

Thursday 21 September 2023

Ambedkar's book on partition - last part -15- Want Pakistan ? Who will decide ?

 


അംബദ്ക്കറും  ഇന്ത്യ വിഭജനവുംപരമ്പര – (15) അവസാന ഭാഗം

-വി.ആര്‍.അജിത് കുമാര്‍

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

 പാകിസ്ഥാന്‍ വേണമോ ? ആര് നിശ്ചയിക്കും ?

 ജിന്ന പാകിസ്ഥാനുവേണ്ടി വാദിക്കുന്നു. എന്നാല്‍ അതിര്‍ത്തി എങ്ങിനെയാവണം എന്നതിനെ കുറിച്ച് പറയുന്നില്ല. പാകിസ്ഥാന്‍ എന്ന നിലപാട് സ്വീകാര്യമായാലേ അതിര്‍ത്തി സംബ്ബന്ധിച്ച് ചര്‍ച്ച വേണ്ടതുള്ളു എന്നാണ് ജിന്നയുടെ നിലപാട്. ലീഗും ഹിന്ദുമഹാസഭയും സ്വയം നിര്‍ണ്ണയത്തിനാണ് വാദിക്കുന്നത്. ലീഗ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളും മുസ്ലിം ഭരിക്കുന്ന ഇടങ്ങളും പാകിസ്ഥാനില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കാശ്മീരും ഹൈദരാബാദും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഹിന്ദുവും മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതുതന്നെയാണ്. എന്നാല്‍ ഈ നിലപാട് സ്വയം നിര്‍ണ്ണയത്തെ അട്ടിമറിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും സ്വയം നിര്‍ണ്ണയാവകാശം നല്‍കുകയാണെങ്കില്‍ നൂറു കണക്കിന് പാകിസ്ഥാനുകള്‍ ഇന്ത്യയ്ക്കുള്ളിലുണ്ടാകും. പഞ്ചാബിനെത്തന്നെ പല കഷണങ്ങളാക്കണം എന്നാണ് രണ്ടുകൂട്ടരും പറയുന്നത്. 1942 ലെ ജിന്നയുടെ പ്രസംഗത്തില്‍ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലും സിന്ധിലും പോലും ഈ വിഭജനം വേണമെന്നു പറയുന്നു. പല ഹിന്ദുനേതാക്കളും സംശയിക്കുന്നത് പാകിസ്ഥാന്‍ എന്നത് പൊല്ലാപ്പിനെ ഗര്‍ഭം ധരിച്ച സംവിധാനമാണ് എന്നാണ്. പാകിസ്ഥാന്‍ വാദികളുടെ പെട്ടെന്നുള്ള ലക്ഷ്യം അയലത്തുള്ള മുസ്ലിം രാജ്യങ്ങളുമായി ചേര്‍ന്ന് മുസ്ലിം ഫെഡറേഷനുണ്ടാക്കുക എന്നതാണെന്നും അവരുടെ ആത്യന്തിക ലക്ഷ്യം മുസ്ലിം ഫെഡറേഷനിലൂടെ ഹിന്ദുസ്ഥാനെ ആക്രമിച്ച് പിടിച്ചെടുക്കുകയും വീണ്ടും മുസ്ലിം സാമ്രാജ്യമാക്കി മാറ്റുകയുമാണ് എന്നും അവര്‍ ഭയപ്പെടുന്നു. ഒരാള്‍ക്കും മുസ്ലിം മനസ് ആഴത്തില്‍ മനസിലാക്കാനോ പാകിസ്ഥാന്‍ എന്ന ആവശ്യത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനോ കഴിയുന്നില്ല. പാകിസ്ഥാന്‍ പൂര്‍ണ്ണമായും മതപരമായ തര്‍ക്കങ്ങളില്ലാത്ത ഇടമാകണം. എന്നാല്‍ ജിന്നയുടെ ഇപ്പോഴത്തെ അജണ്ട സംശയമുണര്‍ത്തുന്നതാണ്.

         പാകിസ്ഥാന്‍ രൂപീകരിക്കുമ്പോള്‍ ഏറ്റവും പ്രശ്‌നകരമായ വിഷയം അവിടത്തെ ന്യൂനപക്ഷത്തിന്‍റെ സുരക്ഷയാണ്. ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ അവകാശങ്ങള്‍ രേഖപ്പെടുത്തണം.അല്ലെങ്കില്‍ അവരെ ഹിന്ദുസ്ഥാനിലേക്ക് മാറ്റണം. ഇതിനെ അമ്പരപ്പിക്കുന്നതും നടക്കാത്തതുമായ വിഷയമായിട്ടാണ് പലരും ചിത്രീകരിക്കുന്നത്. പഞ്ചാബും ബംഗാളും വിഭജിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഇതിലുള്ളു. ഹിന്ദുസ്ഥാനില്‍ ജീവിക്കുന്ന മുസ്ലിം പാകിസ്ഥാനിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ മാറണമെന്ന് ലീഗും ആഗ്രഹിക്കുന്നില്ല. വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രോവിന്‍സിലേയും സിന്ധിലേയും ബലൂചിസ്ഥാനിലേയും ഹിന്ദുക്കളും അവിടം വിടാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ കുടിയേറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുകയാണ് പ്രധാനം. സ്ഥാവരസ്വത്തുക്കള്‍ കൊണ്ടുപോകാന്‍ കഴിയില്ലല്ലോ. വില്‍ക്കുന്ന വസ്തുവിന് വില കിട്ടില്ല എന്ന ആശങ്കയുണ്ടാകും. പെന്‍ഷനും മറ്റു സഹായങ്ങളും നഷ്ടമാകുമോ എന്ന ആശങ്കയും സ്വാഭാവികം. കറന്‍സി ഫിക്‌സിംഗിലും ബുദ്ധിമുട്ടുണ്ടാകും. ഇതെല്ലാം പരിഹരിക്കാന്‍ കഴിയുംവിധം രണ്ട് രാജ്യങ്ങളിലെയും തുല്യ അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതിയുണ്ടാക്കണം എന്നാണ് അംബദ്ക്കര്‍ നിര്‍ദ്ദേശിക്കുന്നത്. എങ്കില്‍ മാത്രമെ കുഴപ്പമില്ലാതെ കുടിയേറ്റം ഉറപ്പിക്കാന്‍ കഴിയൂ. സ്ഥാവര വസ്തുക്കള്‍ക്ക് ന്യായമായ വില ലഭിക്കണം. തുകയുടെ നാലില്‍ ഒന്ന് അന്നാട്ടിലെ പണമായും നാലില്‍ മൂന്ന് ഭാഗം സ്വര്‍ണ്ണമായോ ഹ്രസ്വകാല സ്വര്‍ണ്ണബോണ്ടായോ നല്‍കണം. പെന്‍ഷന്‍ ലഭിച്ചുവന്നവര്‍ക്ക് അത് പുതിയ രാജ്യത്തും ലഭ്യമാക്കണം. കുടിയേറ്റം പ്രേരണയാല്‍ ആകരുത്, സ്വമേധയാ ആകണം. വംശീയമോ മതപരമോ ആയ വ്യത്യാസം കാരണം വിവേചനത്തിനോ ഇരകളാക്കപ്പെടാനോ സാധ്യതയുള്ള എല്ലാ ന്യൂപക്ഷങ്ങള്‍ക്കും കുടിയേറ്റത്തിന് സൗകര്യം ഒരുക്കണം. സ്ഥാവരസ്വത്തുക്കള്‍ക്ക് സര്‍ക്കാര്‍ മൂല്യം നിശ്ചയിക്കുന്ന രീതി അഞ്ചുവര്‍ഷത്തേക്ക് നല്‍കിയാല്‍ മതിയാകും. തുടര്‍ന്നും കുടിയേറുന്നവര്‍ സ്വന്തമായിത്തന്നെ അതെല്ലാം നിര്‍വ്വഹിക്കണം എന്നും നിയമം വേണം. ആദം സ്മിത്ത് പറഞ്ഞിട്ടുണ്ട്, കൊണ്ടുപോകാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചരക്ക് മനുഷ്യനാണെന്ന്. അത് ഇവിടെയും പ്രസക്തമാണ്.

 

  പാകിസ്ഥാന്‍റെ കാര്യത്തില്‍ വ്യക്തതയുണ്ടാകും വരെ സ്വാതന്ത്ര്യം നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല എന്നു വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുണ്ട്. അതിലൊരാളാണ് ഞാന്‍ എന്ന് അംബദ്ക്കര്‍ പറയുന്നു. അനിവാര്യതയെ അഭിമുഖീകരിച്ചേ പറ്റൂ. ചുറ്റിനും നടക്കുന്നതെന്തന്നറിയാതിരിക്കാന്‍ തല മണലില്‍ പൂഴ്ത്തി വച്ചിട്ടു കാര്യമില്ല, കാരണം അതിന്‍റെ ശബ്ദം നിങ്ങളെ അസ്വസ്ഥതപ്പെടുത്തും.

    മൂന്ന് വര്‍ഷത്തെ തന്‍റെ ആലോചനയില്‍ നിന്നും ഉരുത്തിരിഞ്ഞ കാര്യങ്ങളെ ഇത്തരത്തിലൊരു നിയമമാക്കാം എന്ന് അംബദ്ക്കര്‍ രേഖപ്പെടുത്തുന്നു. മുസ്ലിം ഭൂരിപക്ഷ പ്രോവിന്‍സുകളിലെ പ്രതിനിധി സഭ കൂടി ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും വേര്‍പിരിയണം എന്ന് തീരുമാനമെടുക്കണം. തുടര്‍ന്ന് അവിടെ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷ തീരുമാനം അറിയിക്കണം. പാകിസ്ഥാന്‍ രൂപീകരണത്തെ അനുകൂലിക്കുന്നുവോ ഇല്ലയോ എന്ന ഒറ്റ ചോദ്യമേ പാടുള്ളു. മുസ്ലിം-അമുസ്ലിം വോട്ടര്‍പട്ടിക പ്രത്യേകം വേണം. ഭൂരിപക്ഷ മുസ്ലിം വിഭജനം ആവശ്യപ്പെടുകയും ന്യൂനപക്ഷം എതിര്‍ക്കുകയും ചെയ്താല്‍ അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷനെ നിയമിക്കണം. അവര്‍ മുസ്ലിം ഭൂരിപക്ഷ ജില്ലകളും പ്രദേശങ്ങളും കണ്ടെത്തി പട്ടികജില്ലകളായി പ്രഖ്യാപിക്കണം. അവ ചേര്‍ത്ത് പാകിസ്ഥാന്‍ രൂപീകരിക്കുകയും ബാക്കിയുള്ളവ ഹിന്ദുസ്ഥാന്‍റെ ഭാഗമായി പ്രഖ്യാപിക്കുകയും വേണം. തുടര്‍ന്ന് പട്ടികജില്ലകളില്‍ ഒരു വോട്ടെടുപ്പ് കൂടി നടത്തണം. ഉടനടി വേര്‍പിരിയല്‍ വേണമോ കാലാവധി നിശ്ചയിച്ച് പിരിയണമോ എന്നതാകണം ചോദ്യം. ഉടന്‍ വേര്‍പരിയലിന് അനുകൂലമെങ്കില്‍ പാകിസ്ഥാനും ഹിന്ദുസ്ഥാനും രണ്ട് ഭരണഘടന ഉണ്ടാക്കണം. അതല്ല ഭൂരിപക്ഷ തീരുമാനം ഒന്നിച്ച് നില്‍ക്കണം എന്നാണെങ്കില്‍ അതിന് പറ്റിയ ഏകീകൃത ഭരണഘടന ഉണ്ടാക്കണം. പത്ത് വര്‍ഷത്തേക്ക് ഇതില്‍ മാറ്റം വരുത്തില്ല എന്നും നിശ്ചയിക്കണം.

 

 പാകിസ്ഥാനും ഹിന്ദുസ്ഥാനും വന്നു കഴിഞ്ഞാല്‍ ഒരു കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകരിച്ച് ഭരണഘടന രൂപപ്പെടുത്തണം. പാകിസ്ഥാന്‍ ,ഹിന്ദുസ്ഥാന്‍ സര്‍ക്കാരുകളെയും നിയമനിര്‍മ്മാണ സഭകളെയും പരസ്പ്പരം ബന്ധിപ്പിക്കുന്നതാകണം കൗണ്‍സില്‍. പരസ്പ്പര ആശയവിനിമയം,പൊതുവിഷയങ്ങളിലെ ഏകീകരണം, ഭരണസംവിധാനം തുടങ്ങി യോജിക്കാവുന്ന മേഖലകളിലെ നടത്തിപ്പുകള്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. കൗണ്‍സിലില്‍ ബ്രിട്ടന്‍ നിശ്ചയിക്കുന്ന പ്രസിഡന്‍റും പാകിസ്ഥാനിലെയും ഹിന്ദുസ്ഥാനിലെയും 20 അംഗങ്ങള്‍ വീതവും ഉണ്ടാകണം. ലോക്‌സഭ വേണം അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. രണ്ട് രാജ്യങ്ങള്‍, രണ്ട് ഭരണം,പൊതുവായി ഒരു കൗണ്‍സില്‍. ഈ സംവിധാനം ഗുണപ്രദമല്ല എന്നു കണ്ടാല്‍ പത്ത് വര്‍ഷത്തിന് ശേഷം വേര്‍പരിയാം. വേര്‍പിരിയുകയോ ഒന്നിക്കുകയോ ചെയ്യത്തക്കവിധം വാതില്‍ തുറന്നുവയ്ക്കാം. സ്റ്റാഫോര്‍ഡ് ക്രിപ്‌സ് മിഷന്‍ പ്രോവിന്‍സുകളെ കേന്ദ്രീകരിച്ചുള്ള ഡിവിഷനാണ് നിര്‍ദ്ദേശിച്ചത് . അംബദ്ക്കര്‍ പിന്‍തുണച്ചത് മതാടിസ്ഥാനത്തിലുള്ള ഡിവിഷനായിരുന്നു. തന്‍റെ പരിഹാര നിര്‍ദ്ദേശങ്ങള്‍ പല ബുദ്ധികേന്ദ്രങ്ങളില്‍ നിന്നും സ്വരൂപിച്ച ഒന്നാണ് എന്ന് അംബദ്ക്കര്‍ പറയുന്നു. പരിഹാരത്തിന് നാല് വഴികള്‍ തെരഞ്ഞെടുക്കാം. ബ്രിട്ടന്‍ തീരുമാനം കൈക്കൊള്ളാനുളള അധികാരകേന്ദ്രമാകാം. അതല്ലെങ്കില്‍ ഹിന്ദു-മുസ്ലിം നേതാക്കള്‍ ചേര്‍ന്നിരുന്ന് തീരുമാനിക്കാം. അന്തര്‍ദ്ദേശീയ മാദ്ധ്യസ്ഥ സമിതിക്ക് വിടുക എന്നതാണ് മറ്റൊരു രീതി. അതല്ലെങ്കില്‍ ആഭ്യന്തര കലാപത്തിലൂടെ തീരുമാനിക്കുക .

 

 1942 ലെ അലഹബാദില്‍ നടന്ന അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയില്‍ ജഗത് നാരായണ്‍ ലാലിന്‍റെ  പ്രമേയത്തില്‍ ആവശ്യപ്പെട്ടത് പാകിസ്ഥാന്‍ രൂപീകരണം ഒരുകാരണവശാലും അംഗീകരിക്കരുത് എന്നാണ്. എങ്കില്‍ പിന്നെ രണ്ട് വഴിയേ ഉള്ളൂ. ഒന്ന് ജനങ്ങള്‍ നിശ്ചയിക്കുക എന്നതാണ്. രണ്ടാമത്തേത് അന്താരാഷ്ട്ര മാധ്യസ്ഥമാണ്. ഞാന്‍ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് അംബദ്ക്കര്‍ വ്യക്തമാക്കുന്നു. ലീഗ് റഫറണ്ടം ആഗ്രഹിക്കുന്നില്ല. ബ്രിട്ടന്‍ അയര്‍ലന്‍റിനെ വിഭജിച്ച് വടക്കന്‍ അയര്‍ലന്‍റും തെക്കന്‍ അയര്‍ലന്‍റും ഉണ്ടാക്കിയ മാതൃക ഇവിടെയും സ്വീകരിക്കാവുന്നതാണ്. ബ്രിട്ടന് അതിനുള്ള പരമാധികാരവുമുണ്ട്. പക്ഷെ അവരത് പ്രയോഗിക്കുമോ എന്നതിലാണ് സംശയം. അങ്ങിനെ ചെയ്താല്‍ പോലും രണ്ട് രാജ്യങ്ങളും ശത്രുക്കളെപോലെ പെരുമാറുന്ന രീതി വരും. വോട്ടെടുപ്പാണെങ്കില്‍ അങ്ങിനെ സംഭവിക്കില്ല എന്ന് അംബേദ്ക്കര്‍ വിശ്വസിച്ചു.

 

 ഇവിടെ നേതാക്കള്‍ക്ക് പൊതുവെ ഉള്ളത് ചരിത്രപരമായ ദേശസ്‌നേഹത്തിന്‍റെ ഒരു തെറ്റായ വികാരമാണ്. മറ്റൊന്ന് ഓരോ പ്രദേശത്തിന്‍റെയും പ്രത്യേക ഉടമസ്ഥതയെക്കുറിച്ചുള്ള തെറ്റായ ആശയമാണ്. സ്വയം ചിന്തിക്കാനുള്ള കഴിവിന്‍റെ അഭാവമാണ് മറ്റൊരു കാര്യം. ഇവിടെ ഹിന്ദു ഭൂരിപക്ഷം കോണ്‍ഗ്രസ്  ഗ്രൂപ്പിലും കോണ്‍ഗ്രസ് ഗാന്ധിയുടെ കൈപ്പിടിയിലുമാണ് എന്ന സത്യത്തെ അംഗീകരിച്ചേ കഴിയൂ. ഗാന്ധി ശരിയായ നേതൃത്വമല്ല കൊടുക്കുന്നത്. ഗാന്ധി പറയുന്നത് വിഭജിക്കല്‍ ഒരു പാപമാണെന്നും അതില്‍ പങ്കുചേരില്ലെന്നുമാണ്. വിഭജനം ധാര്‍മ്മികമോ അധാര്‍മ്മികമോ അല്ല ,മറിച്ച് ജൈവീകമാണ് എന്ന് അംബദ്ക്കര്‍ കരുതുന്നു. അംബദ്ക്കര്‍ വോട്ടെടുപ്പ് വേണം എന്നു നിര്‍ദ്ദേശിക്കാന്‍ പ്രധാന കാരണം ലീഗ് മുഴുവന്‍ മുസ്ലിങ്ങളേയും പ്രതിനിധീകരിക്കുന്നില്ല എന്നതാണ്. ഇപ്പോള്‍ ശരിക്കും പാകിസ്ഥാന്‍ എന്നത് ജിന്നയുടെ ഒരു ഫാന്‍സിയാണ്. പ്രതിനിധിയായി സഭയില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വിശുദ്ധ ഖുറാനില്‍ മുത്തമിടുന്നതിനപ്പുറം ജിന്ന ഒരു തികഞ്ഞ ഇസ്ലാം ആയിരുന്നില്ലെന്ന് അംബദ്ക്കര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ആളാകെ മാറി. അവരുടെ ക്വയ്ഡ്-ഇ-അസം അഥവാ ഉന്നത നേതാവായി മാറി. ഇപ്പോള്‍ വിശ്വാസി മാത്രമല്ല മതത്തിനായി മരിക്കാനും തയ്യാറാണ് എന്നു പറയുന്നു. വിഭജനം ഒഴിവാക്കാന്‍ ഗാന്ധി ലക്ഷ്യമിട്ടത് ദേശീയ മുസ്ലിമിനെയാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പോലും പറയുന്നത് ലീഗ് മുസ്ലിമും കോണ്‍ഗ്രസ് മുസ്ലിമും തമ്മില്‍ വ്യത്യാസമില്ല എന്നാണ്. കോണ്‍ഗ്രസിനുള്ളിലെ ദേശീയ മുസ്ലിം വര്‍ഗ്ഗീയ മുസ്ലിമിന്‍റെ ഒരു ഔട്ട്‌പോസ്റ്റ് മാത്രമാണ്.

 

 ഗാന്ധിജിക്ക് പിഴച്ചത് ജിന്നയെയും ലീഗിനേയും കണക്കിലെടുക്കാതെ 1942 ആഗസ്റ്റ് എട്ടിന് ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയതാണ്. ന്യൂനപക്ഷ വിഷയത്തില്‍ ബ്രിട്ടനെ ഇടപെടുത്താതെ സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം അതിലുണ്ടായിരുന്നു. അത് പരാജയപ്പെട്ടു. കോണ്‍ഗ്രസുകാര്‍തന്നെ തുടങ്ങിവച്ച ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്കുതന്നെയാണ് നഷ്ടങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് 21 ദിവസം ഗാന്ധി നിരാഹാരം കിടന്നു. 1943 മാര്‍ച്ച് ആയപ്പോഴേക്കും മുന്നോട്ടുപോകാനുള്ള ബസും റോഡും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഗാന്ധിയും കോണ്‍ഗ്രസും. തുടര്‍ന്നാണ് വൈസ്രോയിയുമായി ചര്‍ച്ച തുടങ്ങിയത്. ജിന്നയേയും കാണാന്‍ ഗാന്ധി തയ്യാറായി. 1944 ജൂലൈ 17 ന് ജിന്നയെ കാണാന്‍ ആഗ്രഹിക്കുന്നു എന്നറിയിച്ചു. സെപ്തംബര്‍ 9 ന് ബോംബെയില്‍ ജിന്നയുടെ വീട്ടില്‍ കൂടിക്കാഴ്ച നടന്നു. അതോടെ ഇതുവരെ കാണാതിരുന്ന വെളിച്ചം ഗാന്ധി കാണുകയായിരുന്നു. എന്നിട്ടും പതിനെട്ടു ദിവസം നീണ്ട ചര്‍ച്ച പരാജയപ്പെട്ടു.

 

 ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മാധ്യസ്ഥന്‍ വഴിയുള്ള ഒത്തുതീര്‍പ്പും നല്ലതാണ്. ബ്രിട്ടീഷുകാരല്ലാത്ത വ്യക്തികള്‍ ആകണം അംഗങ്ങള്‍  എന്നു മാത്രം. അവരെ തെരഞ്ഞെടുക്കാന്‍ മുസ്ലിം, പട്ടികജാതി,സിഖ്,ക്രിസ്ത്യന്‍ എന്നിവര്‍ക്ക് അവകാശം കൊടുക്കണം.തീരുമാനം എല്ലാവരും അംഗീകരിക്കുകയും വേണം. ഇതെല്ലാം ഞാന്‍ മനസിലാക്കിയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഉത്തരങ്ങളാണ്. നമ്മള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെ തീരു. ഒരു പക്ഷെ ഞാന്‍ പറയുന്നതാകില്ല ഇവയ്ക്കുള്ള ഉത്തരം. എങ്കില്‍ പിന്നെ എന്ത്? ഏതായാലും കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്തിയേ തീരു. ഒന്നു ഞാന്‍ പറയാം, കൃത്യതയുള്ളതും ഉറച്ചതും എല്ലാ കൂട്ടര്‍ക്കും സംതൃപ്തി നല്‍കുന്നതുമായ ഒരുത്തരം കണ്ടെത്താതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയില്ല.

    പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യയുടെ വിഭജനം എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുകയാണ്. തുടര്‍ന്ന് എന്താണ് സംഭവിച്ചത് എന്നത് നമ്മുടെ കണ്‍മുന്നിലെ ചരിത്രമാണ്. അതിനെ ഓരോരുത്തരും ഓരോ തരത്തില്‍ വ്യാഖ്യാനിക്കുന്നു, വിശദീകരിക്കുന്നു. ഏതായാലും ഒന്നുറപ്പ്. അംബദ്ക്കറുടെ ഈ ഗവേഷണ ഗ്രന്ഥം വായിക്കാതെ ഇന്ത്യയിലെ ഹിന്ദു-മുസ്ലിം  ചരിത്രം മനസിലാക്കുന്നതും വിഭജനം സംബ്ബന്ധിച്ച് അഭിപ്രായം രൂപീകരിക്കുന്നതും മതേതര ഇന്ത്യയെ നോക്കിക്കാണുന്നതും ഇന്നത്തെ ഇന്ത്യയെ വിലയിരുത്തുന്നതും പാതിവെന്ത ഭക്ഷണം കഴിക്കുന്നപോലെയാകും. ദഹനപ്രക്രിയ പൂര്‍ത്തിയാകില്ല എന്നുറപ്പ് ( അവസാനിച്ചു )

Wednesday 20 September 2023

Ambedkar's book -Review -part -14 - Minoroties

 


അംബദ്ക്കറും  ഇന്ത്യ വിഭജനവുംപരമ്പര – ഭാഗം - 14

-വി.ആര്‍.അജിത് കുമാര്‍

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

 ന്യൂനപക്ഷം

 മുസ്ലിങ്ങളില്‍ ന്യൂനപക്ഷം എന്ന വികാരം അരനൂറ്റാണ്ടായി നിലനിന്നതിനാല്‍ പ്രത്യേക രാജ്യം എന്നതിന് പകരം എപ്പോഴും ന്യൂനപക്ഷ സുരക്ഷ എന്നതിനായിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്. 1885 ല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനായിരുന്നല്ലൊ. 1885-1906 കാലത്ത് ഇത്തരമൊരു പോരാട്ടത്തില്‍ നിന്നും മുസ്ലിം മൊത്തമായി മാറിനിന്നു. 1906 ലാണ് രാഷ്ട്രീയ ഇടപെടല്‍ വേണം എന്ന് മുസ്ലിങ്ങള്‍ക്ക് തോന്നിയത്. അങ്ങിനെ മുസ്ലിംലീഗ് രൂപീകരിച്ചു. കോണ്‍ഗ്രസ്-ലീഗ് യോഗങ്ങള്‍ എപ്പോഴും ഒത്തുതീര്‍പ്പു ചര്‍ച്ചകളായിരുന്നു. ചിലപ്പോള്‍ വിജയിക്കുകയും മിക്കപ്പോഴും പരാജയപ്പെടുകയും ചെയ്യുന്ന ചര്‍ച്ചകള്‍. 1916 ലെ ചര്‍ച്ച വിജയിച്ചെങ്കില്‍ 1925 ല്‍ അത് പരാജയപ്പെട്ടു. ഖിലാഫത്തില്‍ ഒന്നിച്ചുനിന്നെങ്കിലും ആ ഐക്യം തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇവിടെ പ്രസക്തമായ കാര്യം പാകിസ്ഥാന്‍ എന്ന വികാരമായിരുന്നു. സ്വതന്ത്ര ഇന്ത്യ ഒരു രാജ്യമായി തുടര്‍ന്നാല്‍ വിളര്‍ച്ചയും രോഗവും ബാധിച്ച് ജീവഛവമാകും, ഒരുതരത്തില്‍, മരിച്ചിട്ടും ശവമടക്കാത്ത മട്ട്. ഒരു ഭരണഘടനയ്ക്ക് കീഴില്‍ പരസ്പ്പര വിശ്വാസമില്ലാത്ത സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഒട്ടും ഗുണകരമാകില്ല. തര്‍ക്കപരിഹാരത്തിന് എപ്പോഴും മൂന്നാംകക്ഷി വേണ്ടിവരും.

 പാകിസ്ഥാന്‍ രൂപീകരണത്തിന് സാധ്യത പകരുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. ഭൂരിപക്ഷം മുസ്ലിങ്ങള്‍ പ്രത്യേക ഇടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ വിഭജിക്കാന്‍ എളുപ്പമാണ്. ഇന്ത്യക്കാര്‍ തമ്മിലടിക്കുമെങ്കിലും അതിനൊരു ഭൂമിശാസ്ത്രപരമായ അതിര്‍ത്തിയുണ്ട്. അതിന്‍റെ ഒത്തൊരുമയ്ക്ക് പ്രകൃതിയോളം പഴക്കവുമുണ്ട്.150 വര്‍ഷമായി ഇവിടത്തെ സംസ്‌ക്കാരം, രാഷ്ട്രീയം ,സാമ്പത്തികം ,നിയമം,ഭരണം എന്നിവ പൊതുവായിട്ടുള്ളതാണ്. എങ്കിലും ഇപ്പോള്‍ വിഭജനം അനിവാര്യമായിരിക്കുന്നു. 1920-35 കാലത്താണ് മതകലഹങ്ങള്‍ ഏറിയത്. 1935 ലെ ഗവണ്മെന്‍റ് ഓഫ് ഇന്ത്യ നിയമം വന്നതോടെ അത് സജീവമായി. ദേശീയതയുടെ ദോഷങ്ങള്‍ പറയുന്ന ഇക്കാലത്ത് ജിന്ന മുസ്ലിം ദേശീയതയുടെ ചാമ്പ്യനായത് സങ്കടമെന്ന് ചിലര്‍ പറയുന്നു. രണ്ട് സമുദായത്തിന്‍റെയും സമാനതകള്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ ഒരു രാജ്യത്ത് രണ്ട് ദേശം വരും. വ്യത്യസ്തതകള്‍ നോക്കിയാല്‍ പ്രത്യേക രാജ്യങ്ങള്‍ വരും. ജിന്ന പറയുന്നത് ഇന്ത്യന്‍സ് ഒരു ജനത മാത്രമാണ് എന്നാണ്. അതൊരു ദേശമല്ല. ബ്രിട്ടീഷുകാരുടെ ചുവട് പിടിച്ചാണ് ജിന്ന സംസാരിക്കുന്നത്. ഒരു ദേശമായി ജീവിച്ചാല്‍ മുസ്ലിങ്ങളില്‍ ബാക്കിയുളള ഇസ്ലാമിക സംസ്‌ക്കാരവും നശിക്കും എന്ന് മുസ്ലിം നേതാക്കള്‍ ഭയപ്പെടുന്നു. 

       സ്വരാജ് എന്നാല്‍ ഹിന്ദുരാജ് എന്നാണ് പൊതുവായ വിശ്വാസം. ഹിന്ദുരാജാക്കന്മാരുടെ ഹിന്ദുരാജില്‍ ദശലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ കഷ്ടപ്പെടുന്നുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ ഭരണത്തിലും അങ്ങിനെതന്നെ. ഇനി അത് സഹിക്കില്ല എന്നതാണ് മുസ്ലിം നിലപാട്. ഹിന്ദു സമൂഹം ജനാധിപത്യപരമല്ല എന്നത് സത്യമാണ്. അതില്‍ തൊട്ടുകൂടാത്തവരും ശൂദ്രരും ബ്രാഹ്‌മണര്‍ അല്ലാത്തവരും കഷ്ടപ്പെടുന്നു. വിദ്യാഭ്യാസം,പൊതുസേവനം,ഭരണപരിഷ്‌ക്കാരം തുടങ്ങി എല്ലാറ്റിന്‍റെയും ഗുണം ലഭിക്കുന്നത് പത്ത് ശതമാനത്തില്‍ താഴെ വരുന്ന ഉന്നതജാതികള്‍ക്കു മാത്രമാണ്. അപ്പോള്‍ ഹിന്ദു സമുദായത്തിലെ തന്നെ വലിയ പങ്കിന് നിഷേധിക്കുന്ന അവകാശം മുസല്‍മാന് എങ്ങിനെ കിട്ടും? തൊട്ടുകൂടാത്തവര്‍ക്ക് ഒരു രാഷ്ട്രീയ ഇളവും നല്‍കാന്‍ അനുവദിക്കാത്ത ഗാന്ധി മുസല്‍മാന് ബ്ലാങ്ക് ചെക്ക് എങ്ങിനെ നല്‍കും? സത്യത്തില്‍ ഹിന്ദു ഭരണവര്‍ഗ്ഗം ശൂദ്രനും തൊട്ടുകൂടാത്തവര്‍ക്കും നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ മുസല്‍മാനുമായി പങ്കിടാന്‍ തയ്യാറാകുമെങ്കിലും ഹിന്ദുസമൂഹത്തിന്‍റെ ജനാധിപത്യവിരുദ്ധതയെപറ്റി പരാതി പറയാന്‍ മുസ്ലിമിന് കഴിയില്ല എന്നതാണ് സത്യം. ഭൂരിപക്ഷ ഹിന്ദുവിന്‍റെ ഭരണം വന്നാല്‍ ദുരന്തമാകും ഉണ്ടാവുക. കാരണം അത് സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീഷണിയാണ്. അത് ജനാധിപത്യത്തിന് യോജിക്കുന്നതുമല്ല.

 

 കാനഡ, ദക്ഷിണാഫ്രിക്ക,സ്വിറ്റ്‌സര്‍ലന്‍റ് തുടങ്ങിയ ഇടങ്ങളില്‍ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ ഇല്ല. ഇവിടെയും അത് അനുവദിക്കാന്‍ പാടില്ല. അങ്ങിനെ വന്നാല്‍ ഭൂരിപക്ഷ സമുദായം ഭരണം കൈയ്യാളും. മുസ്ലിം ഹിന്ദുമഹാസഭയെ എതിര്‍ക്കുന്നു. എന്നാല്‍ ഈ പ്രസ്ഥാനം ഉണ്ടാകാന്‍ കാരണം ആരാണ്? അത് ലീഗാണ് എന്നതവര്‍ മറക്കുന്നു. ലീഗ് രൂപീകരിച്ചപ്പോള്‍ അതിനോടുള്ള പ്രതികരണം മാത്രമായിരുന്നു മഹാസഭ. ലീഗ് പിരിച്ചുവിട്ട് ഒരു സ്വതന്ത്ര പാര്‍ട്ടിയുണ്ടാക്കുന്നതാണ് ഹിന്ദുരാജ് വരാതിരിക്കാന്‍ നല്ലത്. ഭരണഘടനാപരമായ സുരക്ഷിതത്വം വന്നാല്‍ കോണ്‍ഗ്രസുമായുള്ള തര്‍ക്കം തീരും. അതിന് സാധ്യതയുമുണ്ട്. അത് വന്നാല്‍ സമുദായപാര്‍ട്ടികളെ ഒഴിവാക്കി മിശ്രിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹിക- സാമ്പത്തിക പുനരുജ്ജീവനത്തിന് ശ്രമിക്കാം. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടു കിടക്കുന്ന താണജാതിക്കാര്‍ ഉറപ്പായും മുസ്ലിങ്ങളുമായി കൈകോര്‍ക്കാന്‍ തയ്യാറാകും. ഈ സാധ്യത ഒരു സാഹസിക ചിന്തയല്ല, അതൊരു കൃത്യവും തെളിവുള്ളതുമായ പാതയാണ്. മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ് പരിഷ്‌ക്കാരത്തെ തുടര്‍ന്ന് മിക്ക പ്രോവിന്‍സുകളിലും 1920-37 കാലത്ത് മുസ്ലിങ്ങളും അബ്രാഹ്‌മണരും അടിച്ചമര്‍ത്തപ്പെട്ടവരും ഒന്നിച്ചുനിന്ന് പരിഷ്‌ക്കാരങ്ങള്‍ക്കായി വാദിച്ചിട്ടുണ്ട്. അത് തുടരാവുന്നതാണ്. ജിന്നയ്ക്ക് ഈ പാത എളുപ്പമാകും. ആ വഴിക്ക് ശ്രമിച്ചാല്‍ വിജയിക്കാന്‍ കഴിയുന്ന നേതാവാണ് ജിന്ന. സംഘാടകമികവും ദേശീയതാ പരിവേഷവും ഉണ്ട്. ഇതിനുള്ള ഒരാഹ്വാനം ജിന്നയില്‍ നിന്നുണ്ടായാല്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഹിന്ദുക്കളും ഒപ്പം കൂടും. എന്നാല്‍ 1937 ല്‍ ജിന്ന എടുത്തത് വിചിത്രമായ നിലപാടാണ്. ഏകദേശം മരണപ്പെട്ട ലീഗിനെ പുനരുജ്ജീവിപ്പിച്ചു. അവിടെ ഏക ആശ്വാസം ജിന്ന നേതൃത്വം കൊടുക്കുമ്പോള്‍ അത് വെറും മതപാര്‍ട്ടിയാകില്ല എന്നതു മാത്രമാണ്.

 

 1939 ലാണ് അസാധാരണമായ തരത്തില്‍ പാകിസ്ഥാന്‍ സംബ്ബന്ധിച്ച പ്രമേയത്തിലേക്ക് ജിന്ന എത്തിയത്. അതോടെ ലീഗ് ,ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ടാം ഫിഡില്‍ എന്ന നിലയില്‍ നിന്നും മാറുകയാണ്. പാകിസ്ഥാന്‍ രൂപീകരിക്കുന്നതോടെ ഹിന്ദുസ്ഥാനിലെ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ ഹിന്ദുരാജ് വരുന്നതിനെ തടയാന്‍ കഴിയുമോ എന്ന ചോദ്യത്തിന്  ഇല്ല എന്നതാണ് ശരിയായ ഉത്തരം. മുസ്ലിം ഭൂരിപക്ഷമുള്ള പ്രോവിന്‍സുകളില്‍ പാകിസ്ഥാന്‍ രൂപീകരിച്ചില്ലെങ്കിലും ഹിന്ദുരാജ് വരില്ല എന്നതാണ് മറ്റൊരു സവിശേഷത.കാരണം അവിടെ മുസ്ലിം ഭൂരിപക്ഷമായിരിക്കുമല്ലോ ഭരിക്കുക.അപ്പോള്‍ പിന്നെ പാകിസ്ഥാന്‍ രൂപീകരണം കൊണ്ട് എന്താണ് ഗുണം?

പാകിസ്ഥാന്‍ രൂപീകരണത്തോടെ മുസ്ലിം ന്യൂനപക്ഷത്തെ സഹായിക്കാന്‍ രൂപീകൃതമായ ലീഗ് മുസ്ലിം ഭൂരിപക്ഷത്തിന്‍റെ വക്താവായി മാറുകയാണ് ചെയ്യുന്നത്. ക്രിസ്ത്യന്‍ മിഷനറികള്‍ക്ക് ഒരു രീതിയുണ്ട്. അവര്‍ തര്‍ക്കത്തിന് ഒരു ദിനം നിശ്ചയിക്കും. ക്രിസ്തുമതത്തെ പ്രതിനിധീകരിച്ച് മിഷനറിയും ഹിന്ദുമതത്തെ പ്രതിനിധീകരിച്ച് ഒരു ബ്രാഹ്‌മണനും വരും. മതംമാറാന്‍ വരുന്നവര്‍ക്കു മുന്നില്‍ മതം സംബ്ബന്ധിച്ച തര്‍ക്കം നടക്കും. വിജയിക്കുന്നവരെ മറ്റവര്‍ സ്വീകരിക്കണം. പാകിസ്ഥാന്‍റെ കാര്യത്തിലും ഇത്തരമൊരു തര്‍ക്കത്തിന് അവസരം ഒരുക്കുന്നത് നല്ലതാണ്. പാകിസ്ഥാന്‍ രൂപീകരിക്കണമോ വേണ്ടയോ എന്നൊരു ചോദ്യം സമൂഹത്തിന് മുന്നില്‍ വയ്ക്കാം. രണ്ടു കൂട്ടരും വാദഗതികള്‍ നിരത്തട്ടെ. എന്നിട്ട് ജനങ്ങള്‍ക്ക് വേണ്ടത് സ്വീകരിക്കാം.  എന്നാല്‍ ലീഗ് ഇത്തരമൊരു പ്രക്രിയയ്ക്ക്  തയ്യാറാകുമെന്നു തോന്നുന്നില്ല.

 

 സ്വാതന്ത്ര്യം എന്നതിനേക്കാള്‍ പ്രധാനമാണ് ലഭിച്ച സ്വാതന്ത്ര്യം നിലനിര്‍ത്തുക എന്നത്. അതില്‍ പ്രധാനം സേനയാണ്. രാജ്യത്തിനുവേണ്ടി ഏത് ഘട്ടത്തിലും പ്രവര്‍ത്തിക്കുന്ന സേന. ഒരു മിശ്രിത സേന അതിര്‍ത്തിയില്‍ നിന്നും ഒരു മുസ്ലിം ആക്രമണമുണ്ടായാല്‍ എന്ത് നിലപാട് സ്വീകരിക്കും ? ഇവിടെ ഇരട്ട രാഷ്ട്ര സിദ്ധാന്തം മുസ്ലിങ്ങളായ സേനാംഗങ്ങള്‍ക്ക് എത്രമാത്രം തലക്കുപിടിച്ചു എന്നത് പ്രധാനമാകും. അത് അവരെ ആഴത്തില്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ സേന സുരക്ഷിതമല്ല എന്നുറപ്പ്. രാഷ്ട്രീയ ചേരി ഉള്ള സൈന്യം എന്നത് സേന ഇല്ലാത്ത നിലയേക്കാള്‍ അപകടകരമാകും. മറ്റൊന്ന് മുസ്ലിം സമുദായത്തിന്  അംഗീകരിക്കാന്‍ കഴിയാത്ത ഭരണഘടനയാണ് ഒന്നിച്ചുള്ള രാജ്യത്തിനായി തയ്യാറാക്കുന്നതെങ്കില്‍ അത് കടുത്ത ദുരന്തമാകും എന്നതാണ്. സ്ഥിരമായ ലഹളകളാകും ഫലം. ഇവിടെ അംബദ്ക്കര്‍ തന്‍റെ നിലപാടിന് കൂടുതല്‍ സുതാര്യത പകരുന്നു. ഞാന്‍ ഇന്ത്യയുടെ ഐക്യത്തേക്കാള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യയെ മുസ്ലിം ഇന്ത്യ, അമുസ്ലിം ഇന്ത്യ എന്നിങ്ങനെ വിഭജിക്കുന്നതാണ് ഇരുവരുടെയും പ്രതിരോധത്തിനുള്ള ഏറ്റവും ഉറപ്പായതും സുരക്ഷിതമായതുമായ മാര്‍ഗ്ഗം എന്ന് അദ്ദേഹം  കരുതുന്നു. ( തുടരും) 🙏

 

Tuesday 19 September 2023

Pak 0r Partition of India- Part- 13 - Muhammad Ali Jinnah

 


അംബദ്ക്കറും ഇന്ത്യ വിഭജനവും – പരമ്പര – ഭാഗം - 13
==========================================
-വി.ആര്.അജിത് കുമാര്
====================
പാകിസ്ഥാന് അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്
===========================================
മുഹമ്മദ് അലി ജിന്ന
================
മുസ്ലിം സമൂഹത്തിലെ വേറിട്ട ശബ്ദമായിരുന്നു ജിന്ന. 1906 ല് ലിന്റോ പ്രഭുവിനെ കണ്ട് മുസ്ലിങ്ങള്ക്ക് പ്രാതിനിധ്യത്തിന് പ്രത്യേക വോട്ടര് പട്ടിക വേണം എന്നാവശ്യപ്പെട്ട നേതാക്കള്ക്കൊപ്പം ജിന്ന ഉണ്ടായിരുന്നില്ല. 1918 ല് വിചാരണയില്ലാതെ ആരെയും ശിക്ഷിക്കാന് അധികാരം നല്കുന്ന റൗളറ്റ് നിയമത്തില് പ്രതിഷേധിച്ച് ഇംപീരിയല് ലെജിസ്ലേറ്റീവ് കൗണ്സിലില് നിന്നും രാജിവച്ചുകൊണ്ട് ജിന്ന പറഞ്ഞു, ജനങ്ങളുടെ വികാരങ്ങള് പ്രകടിപ്പിക്കുന്ന അവരുടെ പ്രതിനിധിക്കും അഭിപ്രായങ്ങള്ക്കും മൂല്യം കല്പ്പിക്കാത്ത സഭയില് ഇനി ഞാന് തുടരുന്നില്ല. 1919 ല് ഗവണ്മെന്റ് ഓഫ് ഇന്ത്യ റിഫോംസ് സംബ്ബന്ധിച്ച ജോയിന്റ് സെലക്ട് കമ്മറ്റി മുന്പാകെ ജിന്ന പറഞ്ഞു, മതാടിസ്ഥാനത്തിലുള്ള വേര്തിരിവുകള് ഇല്ലാത്ത ഒരു രാഷ്ട്രീയ സമീപനമാണ് താന് ആഗ്രഹിക്കുന്നത്. ഇന്ത്യക്കാരുടെ കൈയ്യിലേക്ക് അധികാരം കൈമാറിയാല് ആഭ്യന്തര കലാപം ഉണ്ടാവില്ലെ എന്ന ചോദ്യത്തിന് അങ്ങിനെ താന് കരുതുന്നില്ല എന്നായിരുന്നു മറുപടി. മുന്കാലത്തെ കലാപങ്ങളിലെല്ലാം പോലീസിന്റെ പക്ഷപാതമായിരുന്നു അതിന് കാരണമെന്നും ജിന്ന ആരോപിച്ചു. അതിന് കാരണമായ ഓഫീസര് സ്ഥലം മാറിപോകുന്നതോടെ കലാപവും അവസാനിച്ചിരുന്നു എന്ന് ജിന്ന ഓര്മ്മിപ്പിച്ചു. ക്രമസമാധാനപാലനം ഏതെങ്കിലും ഒരു മതത്തിന്റെ പ്രതിനിധിക്ക് ലഭ്യമായാല് പ്രശ്‌നമല്ലെ എന്ന ചോദ്യത്തിന് ഞാനാണ് ആ സ്ഥാനത്തെങ്കില് നീതി മാത്രമാകും നോക്കുക , ശരിയുടെ ഭാഗത്തേ നില്ക്കൂ എന്നായിരുന്നു മറുപടി.സെലക്ട് കമ്മറ്റി പറയുന്ന വാദം പത്ത് വര്ഷം മുന്നെ ശരിയായിരുന്നേക്കാം, ഇപ്പോള് അങ്ങിനെയല്ല എന്നും ജിന്ന അഭിപ്രായപ്പെട്ടു. ഉദാഹരണമായി ബോംബെ താനയിലെ ഒരനുഭവം അദ്ദേഹം വിശദീകരിച്ചു.അവിടെ എല്ലാ ഉദ്യോഗസ്ഥരും ഇന്ത്യക്കാരാണ്, എന്നു മാത്രമല്ല ഹിന്ദുക്കളുമാണ്. നാളിതുവരെ അവരെക്കുറിച്ച് ഒരു പരാതിയും ഉണ്ടായിട്ടുമില്ല. പത്ത് വര്ഷം മുന്നെ പ്രാതിനിധ്യം സംബ്ബന്ധിച്ച ദേശീയ യോഗത്തില് എണ്പതിലേറെ മുസ്ലിം അംഗങ്ങള് പ്രത്യേക വോട്ടര്പട്ടിക ആവശ്യപ്പെട്ടപ്പോള് അതിനെ എതിര്ത്തത് നാല്പ്പത് പേരായിരുന്നു. എന്നാല് ഇപ്പോള് പ്രത്യേക വോട്ടര്പ്പട്ടിക വേണം എന്നാവശ്യപ്പെടുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. ഇനിയും ഈ നില മെച്ചപ്പെടുകയേയുള്ളു എന്നും ജിന്ന അഭിപ്രായപ്പെട്ടു.
ലീഗിലും ഹോംറൂള് ലീഗിലും കോണ്ഗ്രസിലും ജിന്ന അംഗമായിരുന്നു. മൂന്ന് പ്രസ്ഥാനത്തിലേയും എല്ലാ നയങ്ങളോടും യോജിക്കുന്ന സമീപനമായിരുന്നില്ല ജിന്നയുടേത്. എതിര്ക്കേണ്ടവയെ എതിര്ക്കുക തന്നെ ചെയ്തു. അദ്ദേഹം സ്വതന്ത്രനും ദേശീയവാദിയും ആയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനും എതിരായിരുന്നു ജിന്ന. അതിര്ത്തിക്കപ്പുറമുള്ള വിഷയങ്ങളില് ഇന്ത്യന് മുസ്ലിം ഇടപെടേണ്ടതില്ല എന്നതായിരുന്നു സമീപനം. കോണ്ഗ്രസിന്റെ നിസ്സഹകരണ പ്രസ്ഥാനവും നിയമലംഘന പ്രസ്ഥാനവും കൗണ്സില് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണവും ജിന്നയെ പാര്ട്ടി വിടാന് പ്രേരിപ്പിച്ച ഘടകങ്ങളാണ്. എന്നാല് ജിന്ന ഒരിക്കലും കോണ്ഗ്രസിനെ ഹിന്ദു സമിതി എന്നു കുറ്റപ്പെടുത്തിയിരുന്നില്ല. 1924 ഡിസംബര് 30 ന് ഖിലാഫത്തിന് ശേഷം ഇന്ത്യന് രാഷ്ട്രീയത്തെ ഗൗരവമായി കണ്ട ലീഗ് യോഗത്തില് ജിന്നയും പങ്കെടുത്തു. നമ്മുടെ കൂട്ടായ്മ ഹിന്ദുവുമായി വഴക്കിടാനല്ല, അവരുമായി ഒത്തുകൂടാനും സഹകരിക്കാനുമാണ് എന്ന് ജിന്ന അഭിപ്രായപ്പെട്ടു. നമ്മുടെ നാടിനുവേണ്ടി, ഹിന്ദുമഹാസഭയോടുപോലും ചേര്ന്നുനിന്ന് ലോകത്തോട് പറയണം, നമ്മള് സഹോദരങ്ങളാണെന്ന്. മുസ്ലിമിന്റെ അവകാശങ്ങള് ഉയര്ത്തിക്കാട്ടാന് 33 പ്രധാന മുസ്ലിങ്ങളെ ചേര്ത്ത് ആ യോഗത്തില് സമിതിയുണ്ടാക്കി. അതിനുളള പ്രമേയം അവതരിപ്പിച്ചതും ജിന്നയായിരുന്നു. ഞാന് ഇവിടെ നില്ക്കുന്നത് ഒരു വര്ഗ്ഗീയവാദിയായല്ല, ഞാനൊരു ദേശീയവാദിയാണ്, ജിന്ന പറഞ്ഞു. നിയമനിര്മ്മാണ സഭയില് ഏറ്റവും മികച്ചവര് വരണം എന്നാണ് താന് ആഗ്രഹിക്കുന്നത് എന്നും ജിന്ന വ്യക്തമാക്കി. എന്നാല് യോഗത്തില് പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും ജിന്നയുടെ വാദത്തോട് യോജിച്ചില്ല. അവര്ക്ക് പ്രത്യേക പ്രാതിനിധ്യം വേണമെന്നായിരുന്നു അഭിപ്രായം. എല്ലാവരും സ്വരാജിന് പോരാടാന് തയ്യാറാണ്, എന്നാല് സംരക്ഷണം ഉറപ്പാക്കണം എന്നും അഭിപ്രായപ്പെട്ടു. എല്ലായിടത്തും ഉള്ളപോലെ കുഴപ്പക്കാര് ആ യോഗത്തിലും ഉണ്ടായിരുന്നു.
നമ്മള് സ്വതന്ത്രരാകണമെങ്കില് ഒന്നിച്ചു നില്ക്കണം. അല്ലെങ്കില് ചെറിയ ചെറിയ കാര്യങ്ങളുടെ പേരില് കലപില കൂടി ഇംഗ്ലീഷുകാരന്റെ മധ്യസ്ഥതയുടെയും ബ്യൂറോക്രസിയുടെയും അടിമകളായി കഴിയേണ്ടിവരും എന്ന് ജിന്ന ഓര്മ്മിപ്പിച്ചു. 1927 ല് ലീഗ് വേദിയില് ജിന്ന പറഞ്ഞു, ഞാന് പ്രത്യേക വോട്ടര്പട്ടികയ്ക്ക് എതിരാണ്. 1928 ല് സെമണ് കമ്മീഷനെതിരായ പ്രസ്ഥാനത്തില് ജിന്ന കോണ്ഗ്രസിനൊപ്പം നിന്നു. അത് ലീഗില് ഭിന്നതയുണ്ടാക്കി. 1931 ആഗസ്റ്റ് എട്ടിന് യുപി മുസ്ലിം കോണ്ഫറന്സില് ജിന്ന സംസാരിച്ചു, മുസ്ലിങ്ങള് ഭിന്നത മറന്ന് ഒന്നിച്ചു നില്ക്കേണ്ട സമയമാണ് എന്നാഹ്വാനം ചെയ്തു. സമുദായത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള് അവസാനിപ്പിക്കണം. ഗാന്ധി പറയുന്നു, അദ്ദേഹം ഹിന്ദുവിനേയും മുസ്ലിമിനെയും ഒരുപോലെ സ്‌നേഹിക്കുന്നെന്ന്.ഞാന് അത്രയ്ക്ക് പോകുന്നില്ല, രണ്ട് സമുദായങ്ങള്ക്കും നീതിബോധം തോന്നുന്ന ഒരു നിലപാട് ഉണ്ടാകണം. പഞ്ചാബിലും ബംഗാളിലും മുസ്ലിം ഭൂരിപക്ഷം അംഗീകരിക്കാന് ഹിന്ദുക്കള് തയ്യാറായാല് ഒരു ഒത്തുതീര്പ്പിന് സാധ്യതയുണ്ട്. അത് പൊതുവോട്ടര്പട്ടികയിലേക്ക് എത്താനും സാധ്യതയുണ്ട്. ഭൂരിപക്ഷ മുസ്ലിം അതാഗ്രഹിക്കുന്നില്ല എങ്കില് പോലും ഹിന്ദു-മുസ്ലിം അവിശ്വാസം,സംശയം,ഭയം ഇവ മാറിയാല് നമ്മുടെ പുതിയ ഭരണഘടന പ്രകാരം പ്രത്യേക വോട്ടര് പട്ടിക ഒഴിവാക്കാന് കഴിയും എന്നദ്ദേഹം വിശ്വസിച്ചിരുന്നു. ഇതിനെല്ലാം ആദ്യം വേണ്ടത് മുസ്ലിം ഐക്യമാണ്. പിന്നീടത് ഹിന്ദു-മുസ്ലിം ഐക്യത്തില് എത്തിച്ചേരും. ഇതുണ്ടാവില്ലെങ്കില് ബ്രിട്ടീഷ് മാധ്യസ്ഥം തുടരും. അധികാരം അവരുടെ കൈകളില്ത്തന്നെയാകും.
മുസ്ലിം ആവശ്യപ്പെടുന്നതെല്ലാം അംഗീകരിക്കാം എന്നാണ് ഗാന്ധി പറയുന്നത്. അതൊരു ബ്ലാങ്ക് ചെക്കാണ്. ഞാന് പറയുന്നത് അതിലും കുറഞ്ഞതാണ്. ലീഗ് മുന്നോട്ടുവയ്ക്കുന്ന പതിനാല് പോയിന്റുകള് കോണ്ഗ്രസ് അംഗീകരിക്കുക എന്നതാണത്. ഭരണഘടന ഫെഡറല് ആയിരിക്കണം, പ്രോവിന്സുകള്ക്ക് സ്വതന്ത്രഭരണം നടത്താന് കഴിയണം, എല്ലാ പ്രോവിന്സുകളിലും ന്യൂനപക്ഷങ്ങള്ക്ക് അധികാരപങ്കാളിത്തം ഉറപ്പാക്കണം,കേന്ദ്ര ലജിസ്ലേച്ചറില് മുസ്ലിമിന് മൂന്നില് ഒന്നില് കുറയാത്ത പങ്കാളിത്തം ഉറപ്പാക്കണം,പൂര്ണ്ണമതസ്വാതന്ത്ര്യം ഉണ്ടാകണം തുടങ്ങിയവയായിരുന്നു പതിനാല് പോയിന്റുകളില് ഉണ്ടായിരുന്നത്. നമുക്കാവശ്യം ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യന് ജനതയുടെ ശാന്തിയും സമാധാനവുമാണ് എന്ന് ജിന്ന ഓര്മ്മപ്പെടുത്തി.
1928 ല് ഡോക്ടര് അന്സാരി നേതൃത്വം കൊടുക്കുന്ന ദേശീയ മുസ്ലിം പാര്ട്ടി ഉണ്ടായി. നെഹ്‌റു റിപ്പോര്ട്ടിനെ പൂര്ണ്ണമായി അംഗീകരിക്കുന്ന വിഭാഗമായിരുന്നു ഇത്. 1927 ല് ജിന്നയ്‌ക്കൊപ്പം നിന്ന ബര്ക്കത്ത് അലി അന്സാരിക്കൊപ്പം ചേര്ന്നു. അദ്ദേഹം 1931 ല് പഞ്ചാബില് നടന്ന ദേശീയ മുസ്ലിം കോണ്ഫറന്സില് നടത്തിയ പ്രസംഗത്തില് ഇങ്ങിനെ പറഞ്ഞു, ഇന്ത്യയ്ക്ക് പൂര്ണ്ണ സ്വാതന്ത്ര്യം കിട്ടണം. മുസ്ലിം ആദ്യം, ഇന്ത്യ രണ്ടാമത് തുടങ്ങിയ പ്രചരണങ്ങളില് വീഴരുത്. ഇന്ത്യയും ഇന്ത്യയിലെ ഇസ്ലാമും ഒന്നു തന്നെയാണ്. നമ്മുടെ അന്യരാജ്യത്തുള്ള സഹോദരന്മാരോട് കൂറും സഹായവും പുലര്ത്തണമെങ്കില് തന്നെ ആദ്യം നമ്മള് സ്വതന്ത്രരാകണം. ഏതെങ്കിലും ഘട്ടത്തില് ഒരു മുസ്ലിം രാജ്യം നമ്മെ ആക്രമിച്ചാല് നമ്മള് ഇവിടത്തെ അനിസ്ലാമികര്ക്കൊപ്പം നിന്ന് എതിര്ക്കണം. ഇടുങ്ങിയ മനസ്ഥിതിക്കാരായ ചില ഹിന്ദു നേതാക്കള് അതിര്ത്തിക്കപ്പുറത്തു നിന്നുള്ള ആക്രമണത്തെ ആശങ്കപ്പെടുന്നു എന്നതില് അര്ത്ഥമില്ല. മതങ്ങള്ക്ക് അപ്പുറമുള്ള ഒരിന്ത്യയെ നമ്മള് വിഭാവന ചെയ്യണം. അല്ലെങ്കില് അത് നമ്മുടെ മരണമണിയായിരിക്കും. അശോകനും ചന്ദ്രഗുപ്തനും മുഗളരും എല്ലാം ഭരിച്ചപ്പോഴും ഒരിന്ത്യ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ നമുക്ക് പ്രത്യേക വോട്ടര് പട്ടികയും വേണ്ട.
അംബദ്ക്കര് പറയുന്നത് ഇതാണ്. ബ്രിട്ടീഷുകാര്ക്ക് നാളിതുവരെ ഹിന്ദുവിനെയും മുസല്മാനെയും ഭിന്നിപ്പിച്ച് ഭരിക്കാന് കഴിഞ്ഞെങ്കില് അത്ര ആഴത്തിലുള്ള വ്യത്യാസം രണ്ട് സമുദായങ്ങളും തമ്മിലുണ്ട് എന്നതും അംഗീകരിക്കേണ്ടതുണ്ട്.ദേശീയ മുസ്ലിമായിരുന്ന ജിന്ന ക്രമേണ പാകിസ്ഥാന് എന്ന ആശയത്തിന് പിന്തുണ നല്കിയതും അതിന്റെ നേതൃത്വത്തില് എത്തിയതും പ്രത്യയശാസ്ത്രപരമായ പരിവര്ത്തനമാണ് എന്നു മനസിലാക്കണം. ബ്രിട്ടീഷുകാര്ക്ക് സ്വാധീനിക്കാന് കഴിയുന്ന വ്യക്തിത്വമല്ല ജിന്നയുടേത്. സ്വന്തം അഭിപ്രായത്തില് സ്വാധീനത്തിന് ഇടം നല്കാത്ത വ്യക്തിയാണ് ജിന്ന. മുഖംമൂടി ഇല്ലാത്തൊരു അഹംഭാവി എന്നു പറയാം. അസാധാരണ ബുദ്ധിയോ ക്രയശേഷിയോ ഇല്ലെങ്കിലും അഹങ്കാരം അല്പ്പം ഉയര്ന്നുനില്ക്കുന്ന പ്രകൃതം. കവിഞ്ഞൊഴുകുന്ന ആശയങ്ങളുടെ ഉടമയല്ല ജിന്ന. അദ്ദേഹത്തിന്റെ പ്രതിയോഗികള് പറയുന്നത് മറ്റുള്ളവരുടെ ആശയങ്ങളില് ജീവിക്കുന്ന പൊള്ളയായ തലയുള്ള വ്യക്തിത്വമാണ് ജിന്ന എന്നാണ്. ഗൗരവമേറിയ ചിന്തകള്ക്കു പകരം കലാപരമായി കെട്ടിപ്പൊക്കിയതാണ് ജിന്നയുടെ പ്രശസ്തി എന്നതില് സംശയമില്ല. അതേ സമയം നീതിയുക്തനായ എന്ന വിശേഷണം ഇത്രയേറെ ഇണങ്ങുന്ന ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയില് വേറെയുണ്ടോ എന്നതും സംശയമാണ്. ബ്രിട്ടീഷുകാരെ എന്നും എതിര്ത്തിട്ടുള്ള ജിന്നയെ ആര്ക്കും വിലയ്‌ക്കെടുക്കാന് കഴിയില്ല എന്ന് അംബദ്ക്കര് രേഖപ്പെടുത്തുന്നു. ജിന്നയുടെ മാറ്റം മുസ്ലിം പ്രത്യയശാസ്ത്രത്തില് വന്ന മാറ്റം തന്നെയാണ്. ഹിന്ദു-മുസ്ലിം ഐക്യം നടക്കാത്തത് ,അത് ഭൗതികമായി ചെയ്യാവുന്ന ഒന്നല്ല എന്നതുകൊണ്ടുതന്നെയാണ്. മറിച്ച് ചരിത്രപരവും സാംസ്‌ക്കാരികവും മതപരവും സാമൂഹികവുമാണ് രണ്ടു മതങ്ങളെയും സ്വാധീനിക്കുന്നതും നിലനിര്ത്തുന്നതുമായ സ്വത്തം. രാഷ്ട്രീയ വിരോധം അതിന്റെ പ്രതിഫലനം മാത്രം.
തുര്ക്കിയിലെ ക്രിസ്ത്യന്-മുസ്ലിം സംഘട്ടനം പോലെയാണ് ഇന്ത്യയിലെ ഹിന്ദു-മുസ്ലിം സംഘട്ടനവും. ഒരു ഹിന്ദുവിന് യാതൊരു പ്രശ്‌നവുമില്ലാതെ ക്രിസ്ത്യാനിയാകാം. എന്നാല് ഇസ്ലാം ആകുമ്പോള് സാമുദായിക കലാപമോ മറ്റുവിധത്തിലുള്ള പ്രശ്‌നങ്ങളോ ഉണ്ടാകുന്നു. ഇസ്ലാം ഒരു അതാര്യ കോര്പ്പറേഷനാണ്. അവിടെ സാഹോദര്യമുണ്ട്, പക്ഷെ അതിന്റെ പ്രയോജനം ആ കോര്പ്പറേഷനില് ഉള്ളവര്ക്ക് മാത്രമായി ഒതുങ്ങുന്നു. പുറത്തു നില്ക്കുന്നവരോട് അവജ്ഞയും ശത്രുതയും മാത്രമാണുള്ളത്. മുസ്ലിമിന് ഒരു പ്രാദേശിക സ്വയം ഭരണമല്ല മറിച്ച് സാമൂഹിക സ്വയം ഭരണമാണുള്ളത്. കാരണം ഒരു മുസ്ലിമിന്റെ വിധേയത്വം അവന് ജീവിക്കുന്ന പ്രദേശത്തോടല്ല, മറിച്ച് വിശ്വാസത്തിലാണ്. പാകിസ്ഥാന് പ്രത്യേകമാകുന്നതോടെ ഇറാന്,ഇറാഖ്,അറേബിയ,തുര്ക്കി, ഈജിപ്ത് എന്നിവയുമായി ചേര്ന്ന് മുസ്ലിം രാജ്യങ്ങളുടെ ഫെഡറേഷന് രൂപീകരിക്കാം. അതോടെ കോണ്സ്റ്റാന്റിനോപ്പിള് മുതല് ലാഹോര് വരെ നീളുന്ന ഇസ്ലാമിക രാഷ്ട്രം ഉണ്ടാകും. ഇത് ആകര്ഷകമായി തോന്നുന്നില്ലെങ്കില് ഇന്ത്യന് മുസല്മാന് വെറും മണ്ടനാണെന്നു കരുതേണ്ടി വരും എന്നും അംബദ്ക്കര് പറയുന്നു. (തുടരും) ✍️