Tuesday, 25 December 2018

മസിലുപിടുത്തം - നര്‍മ്മഭാഷണം



(2005 ല്‍ ആഴ്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്)

മസിലുപിടുത്തം

“നമ്മുടെ വറുഗീസിനെ ഇന്നലെ സെക്രട്ടേറിയറ്റില്‍ വച്ചു കണ്ടഡേ”, ദേവരാജന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, “ആരാ, നമ്മുടെ മസിലു വര്‍ഗീസോ “
“ഓ – പ്പൊ ഈച്ചേയടിയാ. അതോണ്ട് തന്നെ പത്തി വിടര്‍ത്തിയാടിയ പാമ്പിന്‍റെ അവസ്ഥേന്ന് മസിലുപൊട്ടിയ ചേരേന്റെ സ്ഥിതിയിലാ അവനിപ്പൊ.ഗൌനിക്കാതെ പോയ എന്നെ വിളിച്ചുനിര്‍ത്തി  ഒരു ലോഹ്യം ചോദിപ്പ്. എന്നിട്ട് ഇത് കൂടി പറഞ്ഞു, ഞാന്‍ കഴിഞ്ഞ മാസം റിട്ടയര്‍‍ ചെയ്തെന്ന്. “
“ഈ അധികാരവും മസിലും തമ്മില് കൊറച്ച് ബന്ധമുണ്ട് – ല്ലെ ദേവരാജാ”, ഞാന്‍ ചോദിച്ചു.
“അധികാരികള്‍ക്ക് മാത്രമല്ലഡെ, അല്ലാതെയുമുണ്ട് മസില്. ശരിക്കും ഒരു ഗവേഷണത്തിന് സ്കോപ്പുള്ള സാധനാ മസിലുപിടുത്തം. ജീവിതത്തില്‍ ഒരിക്കലെങ്കിലും മസിലുപിടിച്ചിട്ടില്ലാത്ത ഒരാളും ഉണ്ടാവില്ല. താനൊന്ന് ഓര്‍ത്തുനോക്ക്. കൂടുതല്‍ സംസാരിച്ചിരിക്കാന്‍ നേരമില്ല, എന്റെ  ജോലി മുടങ്ങും”, ഒരു ട്രാവല്കുമ്പനി ഉടമയായ ദേവരാജന്‍ യാത്രപറഞ്ഞിറങ്ങി.

 സമയമുള്ളതുകൊണ്ട് ഞാന്‍ മസിലുപിടുത്തത്തിന് പിന്നാലെ കൂടി. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ്  കോളേജില്‍ പഠിക്കുന്ന കാലത്ത് ബാലചന്ദ്രന്‍ എന്നൊരു സുഹൃത്തുണ്ടായിരുന്നു. ഇന്നും ആ സൌഹൃദം തുടരുന്നുണ്ട്. അന്നദ്ദേഹം മിസ്റ്റര്‍ കോളേജ് ആയിരുന്നു. ജിംനേഷ്യത്തില്‍ പോയി കഷ്ടപ്പെട്ട് രൂപപ്പെടുത്തിയ ശരീരം. എണ്ണയിട്ട് മസിലുപിടിച്ച് ബാലു നില്ക്കു ന്ന ചിത്രം അസൂയയോടെ നോക്കിനിന്നിട്ടുണ്ട് ഞാന്‍. അപ്പോള്‍ എന്റെ ക്ഷീണിതരൂപം എന്നോടുതന്നെ പറയുമായിരുന്നു, നീ ഇതുകണ്ട് മസിലുപിടിക്കണ്ടാന്ന്. ഗുസ്തിക്കാരുടെയും ഭാരോദ്വഹന ചാമ്പ്യന്മാരുടെയും ഈ മസിലുകള്‍ക്ക്  ഒരു ചന്തമുണ്ട്. ഇതുകണ്ട് നീര്‍ക്കോലിയും തവളയുമൊക്കെ മസിലുപിടിക്കുമ്പോഴാണ് അപകടം.

  കഴിഞ്ഞയാഴ്ച ശേഖരേണ്ണന്‍ പറഞ്ഞ സംഭവം ഞാന്‍ ഓര്‍ത്തുപോയി. ശേഖരേണ്ണന്‍ കൊറേ ദിവസമായി താലൂക്കാഫീസില്‍ കയറിയിറങ്ങി നടക്കുകയാണ്, ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍. ചെറുക്കന് കോളേജിലെ ആവശ്യത്തിനാണ് സര്‍ട്ടിഫിക്കറ്റ്. ഫയലെഴുതേണ്ടത് തങ്കപ്പന്‍ സാറാണ്. അദ്ദേഹം അടുത്തിരിക്കുന്ന കുസുമകുമാരിയുമായി തമാശ പറഞ്ഞിരിക്കുമ്പോഴാണ് ശേഖരേണ്ണന്‍ ചെന്നത്. അണ്ണന്‍ പ്രത്യക്ഷപ്പെട്ടതോടെ സാറ് ഇല്ലാത്ത മസിലിനിട്ടൊരു പിടുത്തം. ആവശ്യത്തിലേറെ തടിയും കുടവയറുമുണ്ട് തങ്കപ്പന്‍ സാറിന്. തവള ശരീരം വീര്‍പ്പിക്കുംപോലെ ശ്വാസമെടുത്ത്, കഴുത്തൊന്നു കുറുക്കി ചരിഞ്ഞൊരു നോട്ടവും “ങും- എന്താ” എന്നൊരു ഭാവവും.
അണ്ണന്‍ ഒന്നു തൊഴുതു. “- ന്റെ മോന്റെു ജാതി സര്‍ട്ടിഫിക്കറ്റ്”
“- ഉം- ഉം- മനുഷ്യന്‍ മുള്ളിന്മേല്‍ നിന്ന് പണിയെടുക്കുവാ, അപ്പോഴാ തന്റെയൊരു ജാതി. എടോ, ഏത് ജാതിയായാലെന്താ- മനസു നന്നാവണം – ത്രേ -ള്ളു. അടുത്താഴ്ച ശരിയാക്കാം. അതിനായി ഇവിടെ നിന്ന് മനുഷ്യനെ മെനക്കെടുത്തണ്ട” , തങ്കപ്പന്‍ സാറ് മസിലുവിടാതെതന്നെ പറഞ്ഞു. ഇനിയും അവിടെ നിന്നാല്‍ വീണ്ടും തീയതി നീട്ടിയാലോ എന്നു കരുതി ശേഖരേണ്ണന്‍ സ്ഥലം വിട്ടു. തങ്കപ്പന്‍ സാറ് മസിലുവിട്ട് പഴയ ആളായി, കുസുമകുമാരിയോട് കിന്നാരം പറയാന്‍ തുടങ്ങുന്നത് ശേഖരേണ്ണന്‍ ജനലിലൂടെ കണ്ടു. സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിലും തങ്കപ്പന്റെ  മസിലുപിടുത്തം അണ്ണന്‍ നന്നായി ആസ്വദിച്ചു.

 ചില മുതലാളിമാര്‍ക്കുുമുണ്ട് മസിലുപിടുത്തം. വളരെ പെട്ടെന്ന് വ്യവസായം തടിച്ചുകൊഴുക്കുമ്പോള്‍ സ്വന്തം തടിയും കൊഴുക്കും. പിന്നെ നാലാളിനെ കണ്ടാലുടന്‍ ഒറ്റ മസിലുപിടുത്തമാണ്. ചാരായക്കച്ചോടം നടത്തിയിരുന്ന വേലപ്പന്‍, വേലപ്പന്‍ മൊതലാളിയായപ്പോഴാണ് കക്ഷിക്ക് മസിലുവച്ചത്. കൂലി സംബ്ബന്ധിച്ച് തര്‍ക്കം വന്നാലുടന്‍ ചുമട്ടുതൊഴിലാളിയും മസിലുപിടിക്കും. നാട്ടീന്ന് കൊറച്ച് ഫര്‍ണിച്ചര്‍ കൊണ്ടുവന്നപ്പൊ അതിറക്കാന്‍ വന്ന ചങ്ങാതിമാര്‍ മസിലുപിടിക്കുന്നത് കണ്ടാസ്വദിക്കാന്‍ കഴിഞ്ഞത് ഞാന്‍ ഓര്‍ത്തു. ചോദിച്ച തുക കിട്ടിയപ്പോഴാണ് അവര്‍ മസില്‍ അയച്ചുവിട്ടത്.

ഈയിടെ നാട്ടില്‍ പോയപ്പോള്‍ രഘുനന്ദനുണ്ടായ അനുഭവം അവന്‍ പറഞ്ഞതോര്‍ത്തു . അയാള്‍ ഇളയമാമന്റെ വീട്ടില്‍ കയറിയിട്ടാണ് മൂത്തയാളിന്റ‍ടുത്ത് പോയത്. “അല്ലാ ഇതാര്, രഘുനന്ദനോ, എടീ രാധമ്മെ, ചായയെടുക്ക് “, മൂത്തമാമന്‍ സന്തോഷത്തോടെ അയാളെ സ്വീകരിച്ചു. “ചായ വേണ്ട മാമാ, വന്ന വഴി മോഹനമ്മാമന്റെ അവിടെ ഒന്നു കയറി. ചായയും കുടിച്ചു.” ഇത്രയും പറഞ്ഞു തീര്‍ന്നില്ല അതിനുമുന്പെ മാമന്‍ മസിലുപിടിച്ചു. പിന്നെ ചോദ്യങ്ങളെല്ലാം ഔദ്യോഗികം മാത്രം. എപ്പം വന്നു, എന്നു പോകും എന്നൊക്കെ. ഈ ചേട്ടാനിയന്മാര്‍ തമ്മിലുള്ള മസിലുപിടുത്തത്തിനിടയില്‍ രഘുനന്ദന്‍ പെട്ടുപോയതാണ്. ഞാനോ വലുത് നീയോ എന്ന നിലയില്‍ ചെറുപ്പംതൊട്ടെ ഇവര്‍ മസിലുപിടുത്തമാണ്. വയസാംകാലത്തെങ്കിലും ഇത് തീരുമെന്നു കരുതിയ രഘുനന്ദനാണ് അബദ്ധം പറ്റിയത്. അയാള്‍ അധികനേരം നില്ക്കാതെ അവിടെനിന്നും തടിയൂരി. മാമന് എത്രനേരം മസിലുപിടിച്ച് നില്ക്കാന്‍ കഴിയും. വയസാംകാലത്ത് ഹൃദയമസിലു വല്ലതും ഉളുക്കിയാല്‍ തീര്‍ന്നില്ലെ കാര്യം.

പെങ്ങളുടെ കല്യാണം വിളിക്കാന്‍ പോയ സുനിലിനുണ്ടായ അനുഭവമാണ് സീരിയല്‍ മസിലുപിടുത്തം. വൈകിട്ടാണ് അവന്‍ കേശവേട്ടന്റെ വീട്ടില്‍ പോയത്. കാളിംഗ് ബല്ലമര്‍ത്തി ഏറെ കഴിഞ്ഞാണ് വാതില്‍ തുറന്നത്. കേശവേട്ടനും ചന്ദ്രേടത്തിയും അമ്മയും മക്കളുമെല്ലാം ടെലിസീരിയലിന്റെ തീവ്രസംഘര്‍ഷത്തില്‍ പെട്ടിരിക്കയായിരുന്നു. കേശവേട്ടന്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും ചിരി വന്നില്ല.അപ്പോഴാണ് മസിലുപിടിച്ചിരിക്കയാണ് എന്ന് സുനിലിന് മനസിലായത്. അകത്തു കടന്നപ്പോള്‍ അവനു മനസിലായി സീരിയല്‍ മസിലുപിടുത്തമാണെന്ന്. കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരേഭാവം. വല്ല വിധേനയും കാര്‍ഡു നല്കി സുനില്‍ അവിടെനിന്നും രക്ഷപെട്ടു.

ധനപാലന്‍ രാഷ്ട്രീയരംഗത്ത് ഒന്നുമല്ലാതിരുന്ന കാലത്തേയുള്ള പരിചയക്കാരനാണ് ശ്രീധരന്‍. അതുകൊണ്ട് അയാളുടെ ഉയര്‍ച്ചകളെല്ലാം സന്തോഷത്തോടെയാണ് ശ്രീധരന്‍ കണ്ടിരുന്നത്. അയാള്‍ എംഎല്‍എ ആയപ്പോള്‍ ആദ്യം അഭിനന്ദിക്കാന്‍ എത്തിയവരിലും ശ്രീധരനുണ്ടായിരുന്നു. ധനപാലനില്‍ ചെറിയ തോതില്‍ മസിലുവളരുന്നുണ്ടോ എന്ന് ശ്രീധരന് സംശയം തോന്നിയെങ്കിലും തോന്നലാണ് എന്ന് സ്വയം സമാധാനിച്ചു. എന്നാല്‍ മന്ത്രിയായി കഴിഞ്ഞപ്പോള്‍ അത് തോന്നലല്ല എന്നു ബോധ്യപ്പെട്ടു. രാവിലെ കുളിച്ച് ഖദറിട്ടാല്‍ രാത്രിയില്‍ അത് ഊരുംവരെയും ധനപാലന്‍ മസിലുപിടിച്ചു തന്നെയായിരുന്നു. പിന്നാ മസിലുവിട്ടത് തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചപ്പോഴാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഭരണകക്ഷിയുടെ മസില്‍ വിടുമെന്നും പ്രതിപക്ഷത്തെ ചോട്ടാ നേതാക്കള്‍ക്കുപോലും മസിലുകൂടുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

മറ്റൊരു മസിലുപിടുത്തം സ്വകാര്യമാണ്. വല്ലപ്പോഴും രണ്ട് പെഗ്ഗടിച്ച് കൂട്ടുകാര്‍ക്കൊപ്പം തമാശ പറഞ്ഞിരുന്ന് അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ ചെന്നു കയറുമ്പോള്‍ ഭാര്യയുടെ ഒരു മസിലുപിടുത്തമുണ്ട്. – ന്റെ ദേവീ , സമസ്ത മസിലുകളും തോല്ക്കുന്ന സൂപ്പര്‍ മസിലുപിടുത്തമാണത്.

No comments:

Post a Comment