Tuesday, 11 December 2018

saropadesam -- poem

1992  മെയ് 3 ലെ കുങ്കുമം വാരികയില്‍ വന്ന കവിത

സാരോപദേശം 

കുലയില്‍ കുത്തല്ലെ (1 ) മകനെ
സ്വന്തം കുലവും മറക്കല്ലെ മകനെ
ആണായി പെണ്ണായിട്ടെത്ര പേരീവീട്ടില്‍ -
പൊട്ടിക്കരഞ്ഞും ചിരിച്ചും ,തളിരായി, പൂവായി
മാമുണ്ടു ഫലമായി, മരമായ് വളര്‍ന്നു നീയറിയൂ.

  ഓര്‍മ്മകളെ പിച്ചകമാലയായ് മാറ്റുക
  ഓടങ്ങള്‍  മെല്ലെ തുഴഞ്ഞു നീ നീങ്ങുക
 ആവണിപ്പാട്ടുകളില്‍ താളം പിടിക്കുക
 മരംപെയ്ത്ത് കൊള്ളാതെ മാറി നിന്നീടുക.

ഓര്‍ക്കാനൊരായിരം കാര്യങ്ങള്‍ ചേര്‍ക്കുക
ഓര്‍ക്കേണ്ട നേരം വരും വരെ മൂടുക
കണ്ണുകാണാക്കാലം വന്നിടും നേരത്ത്
ഉള്‍ക്കണ്ണു മെല്ലെ തുറന്നു പിടിക്കുക

നല്ലവര്‍ നാലഞ്ചു വാക്കുകള്‍ ചൊല്ലിയാല്‍
നന്നായി കേട്ടിട്ടു കാതടച്ചീടുക
പിന്നൊരു കാലം നിനക്കു വരുംനേരമാ-
പഴംവാക്കുകള്‍ മെല്ലെപെറുക്കി നീ നാവിലിറ്റിക്കുക

പുതുനാമ്പുപൊട്ടി മുളച്ചു വരുംനേരം
നല്‍പ്പിരാനാ (2 ) യിരുന്നിട്ടവയോതുക
കുലയില്‍ കുത്തല്ലെ മകനെ
സ്വന്തം കുലവും മറക്കല്ലെ മകനെ
--
1 . കുലയില്‍ കുത്തുക - കുടുംബം നശിപ്പിക്കുക
2 . നല്‍പ്പിരാന്‍ ----  -------- നല്ല തമ്പുരാന്‍ 

No comments:

Post a Comment