Friday 30 March 2018

Sudani from Nigeria



Sudani from Nigeria 
 
Today saw the movie Sudani from Nigeria at Kairali Theatre, Thiruvananthapuram. It is really a must see movie. A very positive and controlled script with soft and sober direction. I appreciate Zakariya Mohammed, Muhsin Parari and the team. Zakariya succeeded in presenting a game so close to people of Malappuram, the sevens football and the people who live with it, struggle to manage the team and the crisis they face. Just like the movie, Parava, that also told about a game , I enjoyed the movie. Soubin Shahir took his masterly acting for the movie as Majeed ,the manager of a sevens club  . Like Fahad, he acts well with the eyes . The innocent smile of Nigerian Samuel Abiola Robinson will remain with us.
The love and affection of village people and the sincerity of mother Jameela acted by Savithri Sreedharan and Beeyumma by Sarasa Balussery will remain with us even after the show is over.We never feel the language and country barrier in interaction between Samuel and Majeeds mother.  KTC Abdulla as step father of  Majeed , Lukman Lukku as Rajesh, Abhiram Pothuval as Kunjippa, Aneesh.G.Menon as Nizar, Navas Vallikunnu as Latheef ,Sidheek Kodiyathur as Naserkka , Ashraf Thangal as Bavakka made excellent acting. The attitude of police is shown in a well manner with a little humour. The film tells things as its comes and with small ups and downs and that is the beauty of the movie. Shyju Khalids camera, songs by Rex Vijayan and Shahabaz Aman also supported the movie to excel. Naufal Abdullahs editing is perfect that the audience never feel a cut even in their mind.
Congratulations to the producers Sameer Thahir and Shyju Khalid for the risk they took for making such a movie with less actors

Sunday 25 March 2018

Sikkim trip - Chapter -10

മാലിന്യ നിര്‍മ്മാര്‍ജന രീതി

കൂട്ടയോട്ടം  നടത്തുന്ന കുട്ടികള്‍


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി പത്താം ഭാഗം
ഫോട്ടോ വി.ആര്‍.പ്രമോദ് & നാസര്‍
2017 നവംബര്‍ 17
രാവിലെ നേരത്തെ ഉണര്‍ന്നു. ഞാനും പ്രമോദും തണുത്തപ്രഭാതത്തില്‍ ഒരു സവാരിക്കിറങ്ങി. വളരെ വിജനമായ റോഡില്‍ പെട്ടെന്ന് കിളികള്‍ വന്നിറങ്ങിയപോലെ യൂണിഫോമില്‍ കുട്ടികള്‍. സ്വച്ച്ഭാരത് പ്രചരണാര്ത്ഥമുള്ള ഒരു കൂട്ടഓട്ടമാണ്. ആ കാഴ്ച കണ്ട് കുറച്ചു സമയം നിന്നു. പിന്നെ നാംചിയിലെ ചെറിയൊരു ചായക്കടയില്‍ നിന്നും ഒരു ചായ കുടിച്ചു. അവിടെ പലയിടത്തും മാലിന്യമെടുക്കാന്‍ വരുന്ന വാഹനത്തിന്‍റെ സമയം എഴുതിവച്ചിരിക്കുന്നത് കണ്ടു. ഡ്രൈവറുടെ മൊബൈല്‍ നമ്പരും കൊടുത്തിട്ടുണ്ട്.ആളുകള്‍ ആ സമയം മാലിന്യവുമായി അവിടെ എത്തുന്നു. മാലിന്യം കത്തിച്ചുകളയുകയാണ് സിക്കിമിന്‍റെ രീതി എന്നാണ് മനസിലാക്കിയത്. ഒരു പോലീസുകാരനെ പരിചയപ്പെട്ടു. ലാ ആന്‍റ് ഓര്‍ഡറിനെ പറ്റി ചോദിച്ചു. ഇവിടെ സുഖമാണ് എന്നയാള്‍ പറഞ്ഞു. ക്രൈം റേറ്റ് തുലോം കുറവ് ,ഇല്ലെന്നുതന്നെ പറയാം. അടിപിടി, തര്‍ക്കം , രാഷ്ട്രീയം ,കയ്യാങ്കളി ഒന്നും തന്നെയില്ല. സമരം കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. വല്ലപ്പോഴും മോഷണം നടക്കും. വീട്ടിലേക്ക് പോവുക എന്നാണ് അവരതിന് പറയുക. കുറച്ചുദിവസം സുഖമായി തിന്നുകുടിച്ച് കിടക്കാം, അത്രന്നെ. പോലീസിലെ ശമ്പളം മോശമല്ല, കേന്ദ്ര സര്ക്കാര്‍  സ്കെയിലാണ്. 58 വരെ പണിയെടുക്കാം. അയാള്‍ ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ഞങ്ങള്‍ തിരികെ വരുമ്പോള്‍ നാസര്‍ ക്യാമറയുമായി നടത്തത്തിനിറങ്ങിയത് കണ്ടു. കുട്ടികളുടെ വലിയ സംഘം കടന്നുപോയിരുന്നെങ്കിലും ഒറ്റപ്പെട്ട സംഘങ്ങളുടെ ചിത്രങ്ങള്‍ നാസറിന് കിട്ടി.
ഒന്‍പത് മണിയോടെ അവിടെനിന്നിറങ്ങി. നേരെ സാംദ്രുപ്സെയിലേക്ക്. 7000 അടി ഉയരത്തിലാണ് കുന്ന് നില്‍ക്കുന്നത്. ഉറങ്ങുന്ന ഒരഗ്നിപര്‍വ്വതമാണിതെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. പര്‍വ്വതം ഉണരാതിരിക്കാനുള്ള പൂജാമന്ത്രങ്ങളാണ് ഇവിടെ നിത്യവും നടത്തുന്നത്. ഗുരു റിന്‍പോച്ചെ അഥവാ ഗുരു പത്മസംഭവയുടെ കൂറ്റന്‍ പ്രതിമകണ്ട് പുറത്തിറങ്ങി. സ്വര്‍ണ്ണം പൂശിയ പ്രതിമ ഇളവെയിലില്‍ തിളങ്ങുന്നത് മനോഹര കാഴ്ചയാണ്. ഇവിടെ നിന്ന് കാഞ്ചന്ജംഗയും കാണാം. 30 രൂപയാണ് ടിക്കറ്റ്. സിക്കിം ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനവുമുണ്ട്. അവിടെനിന്ന് എല്ലാവരും മൊമന്‍റോകള്‍ വാങ്ങി. ഓര്‍മ്മസാക്ഷികള്‍ എന്നു പറയാം. അവിടത്തെ റസ്റ്റാറന്‍റില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചു. ഇനി ഇറക്കമാണ്. ബംഗാളിലേക്ക്. പോകുന്ന വഴിയില്‍ തെമിയിലെ ഓര്‍ഗാനിക് ടീ ഗാര്‍ഡന്‍ സന്ദര്‍ശിച്ചു. ഒരു മലയിറമ്പിലാണ് തോട്ടം. ഇവിടം ഒരു പ്രധാന ടൂറിസകേന്ദ്രമായി മാറിക്കൊണ്ടിരിക്കയാണ്. അവിടെ നിന്നും ഒരു തെമി ചായകുടിച്ചു. കാഴ്ചകളില്‍ അഭിരമിച്ച് വാഹനം കുറേ ഓടി. അപ്പോള്‍ വഴിയില്‍ നല്ല നിറവും ചന്തമുള്ള പച്ചക്കറികള്‍ വില്‍ക്കാന്‍‌ വച്ചിരിക്കുന്നു. അവിടെ ഇറങ്ങി ,അവരുമായി കുശലം പറഞ്ഞു, കുറച്ച് മരത്തക്കാളി വാങ്ങി. ക്യാരറ്റും ചീരയും മത്തനും ബീന്‍സും ചേമ്പുമൊക്കെയുണ്ട്  വില്‍പ്പനയ്ക്ക്. ഡാംതാങ്ങ് പ്രവിശ്യയിലെ സ്ത്രീകളുടെ സഹകരണ സംഘമാണ് ഇത് നടത്തുന്നത്. ഗഡ്ഡി ഖോല എന്നയിടത്തെ റൂറല്‍ മാര്‍ക്കറ്റിലാണ് ഞങ്ങള്‍ ഇറങ്ങിയത്. മാര്‍ക്കറ്റ് എന്നാല്‍ മൂന്ന് സ്ത്രീകള്‍ വഴിയിലെ കടയില്‍ കച്ചവടം ചെയ്യുന്നതാണ്. ജനവാസം കുറഞ്ഞ സിക്കിമില്‍ നമുക്കിത് വ്യത്യസ്തമായ അനുഭവമാകുന്നു. ജോര്‍താംഗിലും ലോകബാങ്കിന്‍റെ സഹായത്തോടുകൂടിയ റൂറല്‍ ലൈവ്ലിഹുഡ് പ്രോജക്ടിന്‍റെ ഭാഗമായുള്ള കൃഷിയുണ്ടെന്ന് അവര്‍ പറഞ്ഞു. ദാരിദ്യം ഒഴിവാക്കാന്‍ ഈ പദ്ധതികള്‍ മതിയാകുമോ എന്ന് സംശയം തോന്നാതിരുന്നില്ല.
ഞങ്ങള്‍ യാത്ര തുടര്‍ന്നു. വഴിയില്‍ ഒറ്റ വാഹനം കടന്നുപോകുന്ന ഒരു പാലത്തിനരുകില്‍ വണ്ടി നിര്‍ത്തി. താഴെ എപ്പൊഴോ ഒഴുകിവറ്റിയ ഒരു പുഴ. വെളുത്തുരുണ്ട കല്ലുകള്‍ മാത്രം. അടുത്തുള്ള കടയില്‍ നിന്നും മോമോ കഴിച്ചു. അപ്പോള്‍ ഒരു സ്ത്രീ മുതുകില്‍ വലിയ ഭാരമുള്ള കുട്ടയില്‍ വിറകുമായി വന്നു. അവര്‍ അതിറക്കിവച്ച് കടയില്‍ വന്നിരുന്ന് കുശലം പറഞ്ഞു. അപ്പോള് നാസറിന് ഓരാഗ്രഹം. കുട്ട മുതുകില്‍ എടുത്തുയര്‍ത്തണം. അവര്‍ സഹായിച്ചു. അങ്ങിനെ പണിപ്പെട്ട്   നാസര്‍ അതുയര്‍ത്തി. സിക്കിം സ്ത്രീകള്‍ അതാസ്വദിച്ചു. ഇനി യാത്രയില്‍ അടുത്ത ചെറിയ പട്ടണം സെവോക്കാണ്. അവിടെ നിന്നും ചായകുടിച്ച്  വീണ്ടും യാത്ര തുടരുമ്പോള്‍ ഒരു ട്രാഫിക് ബ്ലോക്ക്. സിലിഗുരിയിലേക്ക് ഇറങ്ങുകയാണ് എന്നുറപ്പായി. മലയുടെയും പഹാഡി ജനതയുടേതുമല്ലാത്ത  സ്വഭാവ രീതികളെ കാണുകയും അതിനൊപ്പമാവുകയും ചെയ്യേണ്ടിയിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍ മനസ്സും ശരീരവും സ്വീകരിച്ചു. സിലിഗുരിയിലെ ഒരു ഹോട്ടലില്‍ താമസമാക്കി. നാളെ രാവിലെയാണ് വിമാനം. ലാംഗ്ഡോയുടെ കണക്കുകള്‍ സെറ്റില്‍ ചെയ്ത് അവന്‍ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട ടിപ്പും നല്‍കി സന്തോഷത്തോടെ യാത്രയാക്കി. അടുത്ത ദിവസം രാവിലെ എയര്‍പോര്‍ട്ടിലെത്തി. ബാഗ് ദോഗ്ര ഡല്‍ഹി- തിരുവനന്തപുരം ടിക്കറ്റാണ്. വിമാനത്തില്‍ കയറി ഇരുന്നു, സമയം കടന്നു പോകുന്നു. ചെറിയ ടെക്നിക്കല്‍ പ്രശ്നമാണ്. ഇപ്പോള്‍ ശരിയാകും എന്ന് പൈലറ്റ് അനൌണ്‍സ് ചെയ്തു. അത് നീണ്ടു നീണ്ടുപോയി. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ഫൈനല്‍ വിസില്‍ മുഴങ്ങി. വിമാനം ക്യാന്‍സല്‍ ചെയ്യുന്നു. നാളെ ഇതേ സമയം യാത്ര തുടരാം. തനിച്ചായിരുന്നെങ്കില്‍ വലിയ ഷോക്കാകുമായിരുന്നു. സംഘമായതിനാല്‍ വലിയ പ്രയാസം തോന്നിയില്ല. ഇന്‍ഡിഗോയെ യാത്രയുടെ തുടക്കത്തില്‍ പ്രകീര്‍ത്തിച്ചതിന് കിട്ടിയ പണിയാണെന്ന് സമാധാനിച്ചു. എന്നുമാത്രമല്ല .യാത്രയില്‍ ഇതുവരെ തടസങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ ഒരു ചെറിയ ഡോസ് എന്ന് സമാധാനിച്ചു. പരീക്ഷയ്ക്ക് എത്തേണ്ടവര്‍, ഇന്‍റര്‍വ്യൂ ഉള്ളവര്‍ ,ഇങ്ങനെ പലരുമുണ്ട് കൂട്ടത്തില്‍. ചിലര്‍ക്കൊക്കെ ബദല്‍ സംവിധാനം ഒരുക്കി. ബാക്കിയുള്ളവരെ ഹോട്ടലില്‍ താമസിപ്പിച്ച് ചിലവ് വഹിക്കേണ്ട ഉത്തരവാദിത്തം ഇന്‍ഡിഗോയ്ക്ക് ഉള്ളതാണ്. അതവര്‍ ചെയ്തില്ല. ഭാഗ്യത്തിന് ഡല്‍ഹി തിരുവനന്തപുരം ടിക്കറ്റും ഇന്‍‍ഡിഗോയിലായിരുന്നു. ഇല്ലെങ്കില്‍ ആ ഫ്ലൈറ്റ് മിസ് ആകുന്നത് വഴിയുള്ള സാമ്പത്തിക നഷ്ടവും വന്നുചേരുമായിരുന്നു.
അടുത്ത ദിവസത്തെ ടിക്കറ്റ് ഉറപ്പാക്കി ഞങ്ങള്‍ ഒരു ഹോട്ടല്‍ കണ്ടെത്തി അവിടെ താമസമാക്കി. സിലിഗുരി വളരെ മോശപ്പെട്ട ഒരു നഗരമാണ്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാന്‍ തോന്നിയില്ല. വൈകിട്ട് രാധാകൃഷ്ണന്‍ കുട്ടികള്‍ക്ക് സ്വീറ്റ്സ് വാങ്ങണം എന്നു പറഞ്ഞതാനില്‍ ഒന്നു പുറത്തിറങ്ങി. അടുത്ത ദിവസം വിമാനം പറന്നുയര്‍ന്നു. ഡല്‍ഹിയില്‍ രണ്ടു മണിക്കൂര് ചിലവിട്ട് വൈകുന്നേരം തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. എങ്കിലും കുറേ ദിവസത്തേക്ക് സിക്കിമിന്‍റെ തണുപ്പും ആലസ്യവുമൊക്കെ മനസിനെയും ശരീരത്തെയും ബാധിച്ചിരുന്നു. ഇനി ഒരിക്കല്‍ കൂടി സീറോ പോയിന്‍റില്‍ പോകുമോ എന്നറിയില്ല. റിം പോച്ച വന്നിരുന്ന ഗുരു ദോംഗ് മാര്‍ കരയില്‍ ധ്യാനനിമഗ്ദനാവുമോ എന്നു പറയാന്‍ വയ്യ, എങ്കിലും ഹിമാലയ പരിസരങ്ങള്‍ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇനിയും ഏറെയുണ്ട് കാഴ്ചകള്‍ എന്നാരോ ചെവിയിലോതുന്നുണ്ട്. പ്രമോദ് ഒരു രേഖ വരച്ചാല്‍ അതിലൂടെ ഞങ്ങള്‍ നടന്നു കയറും , അത് അടുത്ത നവംബറാണോ അതിന് മുന്‍പാണോ എന്നു പറയാന്‍ കഴിയില്ലെന്നു മാത്രം. ----------------------------------------------
അവസാനിച്ചു. -------------------------------------------------------------





ഗുരു പത്മ സംഭവില്‍

ഗുരു പത്മ സംഭവ്

തെമി ഓര്‍ഗാനിക് ടീ ഗാര്‍ഡനില്‍

തെമിയില്‍ സംഘം

നാട്ടുചന്ത

പ്രമോദിന്‍റെ പരിശ്രമം

നാസറിന്‍റെ വിജയം

Sikkim trip -- Chapter -- 9

താഗ്സിംഗ് റിട്രീറ്റിലെ സുഹൃത്തുക്കള്‍ക്കൊപ്പം

ഫെവ്മ വെള്ളച്ചാട്ടം

കിര്‍തേശ്വര്‍ ക്ഷേത്രം

കിര്‍തേശ്വറില്‍ സംഘം

സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിഒന്‍പതാം ഭാഗം
ഫോട്ടോ വി.ആര്‍.പ്രമോദ് & നാസര്‍
2017 നവംബര്‍ 16 
സിക്കിമില്‍ വീടുകള്‍ക്ക് നമ്പര്‍ നല്‍കുന്നത് ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്,മോണിറ്ററിംഗ് ആന്‍റ് ഇവാലുവേഷന്‍ വകുപ്പാണ്. ഇവിടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം വലിയ പ്രചാരമുള്ള ഒന്നാണ്.എന്നാല്‍ പ്ലാസ്റ്റിക് കത്തിക്കല്‍ സാധാരണമാണ് താനും. ലാച്ചനില്‍ പ്ലാസ്റ്റിക് കുപ്പി കൈയ്യില്‍ വച്ചാല്‍ 5,000 രൂപ പിഴ ഈടാക്കും എന്ന് പലയിടത്തും എഴുതി വച്ചിട്ടുമുണ്ട്. മടക്കയാത്രയില്‍ തെങ് എന്ന ഇടത്ത് പുതിയ തുരങ്കം ഉണ്ടാക്കുന്നുണ്ടായിരുന്നു. അവിടെ വഴി ഇടിയുന്നത് സാധാരണമാണ്. അതൊഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ദിഗ്ചു പാലവും മഖ്ഹാ ഔട്ട്പോസ്റ്റും കടന്ന് സിര്‍വാണി വേസൈഡ് റിസോര്‍ട്ടിലെത്തി ഭക്ഷണം കഴിച്ചു. 275 മീറ്റര്‍ ഉയരത്തില്‍ നിന്നും പതിക്കുന്ന ഫെവ്മ വെള്ളച്ചാട്ടത്തിനടുത്തും കുറേ സമയം ചിലവഴിച്ചു. 3 തട്ടുകളിലായാണ് ജലം ഒഴുകിയിറങ്ങുന്നത്.ഫെവ്മ എന്നാല്‍ റെഡ് സ്നേക്ക് എന്നാണ് നാട്ടുഭാഷയില്‍. കാഴ്ചകള്‍ കണ്ടും കറങ്ങിയും  ഞങ്ങള്‍ രംഗീത് നദിയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള കിര്തേശ്വര്‍ മഹാദേവക്ഷേത്രത്തിലെത്തി. ഇവിടെ സൊളോപോക്ക് ചാര്‍ധാമില്‍ പ്രധാനക്ഷേത്രത്തിന് 108 അടി ഉയരമുണ്ട്. 87 അടി ഉയരമുള്ള ശിവനും 12 ജ്യോതിര്‍ലിംഗങ്ങളുടെ പതിപ്പുകളും ആകര്‍ഷണങ്ങളാണ്. നാംചിയില്‍ നിന്നും 5 കിലോമീറ്റര്‍ മാറിയാണ് കിര്തേശ്വര്‍ ക്ഷേത്രം.പടിഞ്ഞാറന്‍ സിക്കിമിലെ പെല്ലിംഗിലേക്കുള്ള യാത്രാ വഴിയാലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാംചിയിലെ മറ്റൊരാകര്‍ഷണം  ആഗ്രഹപൂര്‍ത്തീകരണം നടക്കും എന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന സാംദ്രുപ്സെ എന്ന ഉയരമുള്ള കുന്നാണ്. ഇവിടെ ഗുരു പദ്മസംഭവയുടെ പ്രതിമ 135 അടി ഉയരത്തിലാണ്. കിര്തേശ്വറില്‍ നിന്നും നമ്മള്‍ നാംചിയിലേക്ക് മടങ്ങുമ്പോള്‍ യാത്രയിലുടനീളം പത്മസംഭവിനെ കാണാന്‍ കഴിയും വിധം മനോഹരമായ ഇടമാണ് സാംദ്രുപ്സെ.പുരാന നാംചിയില്‍ ലാംഗ്ഡു ആദ്യം കാണിച്ച  ഹോട്ടല്‍ ഞങ്ങള്‍ക്ക്  ഇഷ്ടമായില്ല. രണ്ടാമത് കണ്ട ഹോട്ടല്‍ ഇഷ്ടമായി.അവിടെ താമസമാക്കി. പ്ലസ് ടു വരെ പഠിച്ച ശേഷം വിവാഹിതയായി പഠിത്തം നിര്‍ത്തിയ ആളാണ് ഉടമ പേംകിത് തപ്ച്ച.സൊബ്രാലിയ എന്ന സ്റ്റാര്‍ ഹോട്ടലിന് എതിര്‍വശമാണ് ഞങ്ങളുടെ  ഹോട്ടല്‍ സോയോക്ക് ഹാംഗ്.(മൊബൈല്‍- 7602539257) മുറിയെടുത്ത് കുളിച്ചശേഷം ഞങ്ങള്‍ നടക്കാനിറങ്ങി. ഇരുട്ട് പരന്ന വഴികളിലൂടെ നടക്കുമ്പോള്‍ വലത് വശം ഉയര്‍ന്നയിടത്ത് കാട് പോലെ തോന്നി. ഇവിടെ കരടി ഉറപ്പ് എന്ന് ഹരി പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ അതിനെ കളിയാക്കിക്കൊണ്ട് നടന്നു. തമാശകള്‍ പറഞ്ഞ് ചിരിച്ച് പോകുമ്പോള് ചെറിയ വെളിച്ചത്തില്‍ ഒരമ്മയും മുതിര്‍ന്ന കുട്ടിയും പിന്നാലെ നടന്നു വരുന്നുണ്ടായിരുന്നു. ഇരുട്ടായിട്ടും അപരിചിതരായ ഞങ്ങളോട് സംസാരിക്കാന്‍ അവര് താത്പ്പര്യം കാട്ടി. നാടേത്, എന്തിന് വന്നു എന്നിങ്ങനെ. ഞങ്ങള്ക്ക് അത്ഭുതം തോന്നി. കേരളത്തില്‍ സന്ധ്യകഴിഞ്ഞ് സ്ത്രീകള്‍ നാട്ടുകാരായ അപരിചിതരോട് പോലും ഇത്തരത്തില്‍ സംസാരിക്കുമെന്ന് തോന്നുന്നില്ല. മകളുടെ സ്കൂളില്‍ മലയാളിയായ ഒരധ്യാപികയുണ്ട് എന്നും അവര്‍ പറഞ്ഞു.മകള്‍ ഒന്‍പതിലാണ് പഠിക്കുന്നത്. അവള്‍ക്ക് സിവില്‍ സര്‍വ്വീസില്‍ ചേരാനാണ് ആഗ്രഹമെന്ന് പറഞ്ഞു. എന്‍റെ മകള്‍ ഐഎഎസിലാണ് എന്ന്  പറഞ്ഞപ്പോള്‍ വലിയ സന്തോഷമായി. കുറച്ചു സമയം സംസാരിച്ചശേഷം അവര്‍ ഉയരമുള്ള ഭാഗത്തേക്ക് ടോര്‍ച്ച് തെളിച്ച് യാത്രയായി. ഈ ഭാഗത്ത് കരടിയില്ല എന്നിപ്പോള് എനിക്ക് ബോധ്യമായി എന്ന് ഹരി. അല്ലെങ്കില് അവര്‍ ആ വഴിക്ക് പോകില്ലല്ലോ. അടുത്തുള്ള മനോഹരമായ ഫ്ളേവേഴ്സ് റസ്റ്റാറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ചു. നന്നായി ഡിസൈന്‍ ചെയ്ത ചെറിയ ബാര്‍ ഹോട്ടല്‍. അവിടെ ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പ്പെട്ട ടീം കരോക്കില്‍ മനോഹരമായി പാട്ട് പാടുന്നുണ്ടായിരുന്നു. കുറേ സമയം അതും ആസ്വദിച്ചു .

Friday 23 March 2018

Sikkim trip --chapter 8

ഭൂകമ്പത്തില്‍ തകര്‍ന്ന ഇടം

സീറോ പോയിന്‍റിലേക്കുള്ള റോഡ്

ഇലകളിലെ മഞ്ഞ്

റോഡ് അവസാനിക്കുന്ന സീറോ പോയിന്‍റ്

സീറോ പോയിന്‍റിലെ പെമയുടെ കട


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിഎട്ടാം  ഭാഗം
ഫോട്ടോ വി.ആര്‍.പ്രമോദ്

2017 നവംബര്‍ 15

       ഞങ്ങള്‍ രാവിലെ സീറോ പോയിന്‍റിലേക്ക് പുറപ്പെട്ടു. ഏകദേശം 50 കിലോമീറ്റര്‍ ദൂരമുണ്ട് .2011 ലെ ഭൂകമ്പത്തില്‍ നശിച്ച ഹിമാചലിന്‍റെ ഭീകര കാഴ്ചകളിലൂടെയായിരുന്നു യാത്ര. എത്രയോ കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്ന പാറകള്‍ കിടക്കുന്നത്. ഒരു ക്യമാറയ്ക്കും ഒപ്പിയെടുത്തു നല്‍കാന്‍ കഴിയാത്ത കാഴ്ച. ആ കാഴ്ച കണ്ടുതന്നെ അറിയണം.ഭൂകമ്പത്തില്‍ ഒരു തടാകം തന്നെ ഇല്ലാതായി. ജിയോളജിയില്‍ പിജിയുള്ള ഹരി യാത്രയ്ക്കിടെ ശാസ്ത്രീയമായ വിശദീകരണങ്ങള്‍ നല്‍കി ഞങ്ങളുടെ അറിവ് വര്‍ദ്ധിപ്പിച്ചു. ലക്ഷക്കണക്കിന് കിലോമീറ്റര്‍ ചതുപ്പാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം  ഏഷ്യയിലേക്കുള്ള ഇടിച്ചു കയറിയതിലൂടെ ഹിമാലയമായി മാറിയത്. ഇതിന്‍റെ മിക്ക ഭാഗങ്ങളും ബലമില്ലാത്ത പൊടിയും ചെളിയുമാണ്. പത്തുപേര്‍ ഒന്നിച്ച് കൈയ്യടിച്ചാലും ഹിമാലയത്തില്‍ നിന്നും കുറച്ച് പൊടി  താഴേക്ക് വീഴും എന്ന ഹരിയുടെ പ്രസ്താവന ശരിയെന്ന് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. ചിലയിടങ്ങള്‍ ബലപ്പെട്ട് പാറയായിട്ടുണ്ട്. മറ്റ് ചിലയിടങ്ങള്‍ പാറയാകാന്‍ ശ്രമിക്കുന്നുണ്ട് എന്നിങ്ങനെ പല അറിവുകളും ഹരി നല്‍കി.  കാട്ടിലൂടെയാണ് യാത്ര.കാടെന്നാല്‍ ഇടതൂര്‍ന്ന വനമല്ല. നിറവും ഇലകളും കുറവുള്ള ഹിമാലയന്‍ മരങ്ങള്‍. അതില്‍ പല ജീവികളുടെ രൂപത്തിലുള്ള പായലുകളുടെ സമൂഹം.താഴെ കരിയിലകളില്‍ ഐസ്ക്രീം പോലെ പറ്റിയിരിക്കുന്ന മഞ്ഞ്. ജലം മടിച്ച്മടിച്ച് ഖരരൂപമാകുന്ന കാഴ്ചകള്‍.  ഷിംഗ്ബാ റോഡോഡെന്‍ഡ്രന്‍ വന്യജീവി സങ്കേതത്തിലൂടെയാണ് യാത്ര.വഴിയില്‍ റോഡോ മരങ്ങള്‍ ധാരാളം. മാര്‍ച്ചിലാണ് റോഡോ പൂക്കുക.യുമെ സാംഡോഗ് പോലീസ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ പിന്നെ വിജനമായ ഇടങ്ങളാണ്. 13000 അടിയിലെ ജിലേബി പോയിന്‍റും കടന്ന് യും താങ്ങ് വാലിയിലൂടെ  സീറോ പോയിന്‍റിലേക്ക് യാത്ര തുടര്‍ന്നു.യുമേ സാം ദോംഗ് എന്നും സീറോ പോയിന്‍റ് അറിയപ്പെടുന്നു.15300 അടി ഉയരത്തില്‍ അവിടെ വഴി അവസാനിക്കുന്നു. മലകള്‍ക്കിടയിലൂടെ ഊര്‍ന്നുവരുകയാണ് നദി. അവിടെ ജലവും ജലം രൂപാന്തരപ്പെട്ട് മഞ്ഞും ഉണ്ടാകുന്ന പ്രകൃതിയുടെ അത്ഭുത കാഴ്ചകള്‍. പെമയുടെ കടയില്‍ കാപ്പിപോലെ മദ്യവും വില്‍പ്പനയ്ക്കുണ്ട്.പെമ ലാച്ചെന്‍കാരിയാണ്.അവിടെ നിന്നും കാപ്പികുടിച്ചശേഷം  ഞങ്ങളും പുഴയുടെ തീരത്തേക്കിറങ്ങി. പുഴ എന്നാല്‍ ഉരുളന്‍ പാറകള്‍ക്കിടയിലെ ചില കുഞ്ഞൊഴുക്കുകള്‍ മാത്രം. ഐസ് വാരിയും എറിഞ്ഞും കളിക്കുന്ന അനേകം ആളുകള്‍. ഒരു പെണ്‍കുട്ടി ഐസുകൊണ്ട് വീട് നിര്‍മ്മിക്കുന്നു. എത്ര ശ്രദ്ധയോടെയാണ് അവളത് ചെയ്യുന്നത് .കുറേനേരം നോക്കിനിന്നു. അഭിനന്ദിക്കാനും  മറന്നില്ല. അവള്‍ക്കും സന്തോഷം.പ്രകൃതി അണിയിച്ചൊരുക്കിയ ഐസ് പ്ലാന്‍റില്‍ നിര്‍മ്മിച്ച ഒരു ഐസ് പ്ലേറ്റ് ഞാന്‍ കൈയ്യിലെടുത്തു. പ്രമോദാണ് പറഞ്ഞത് ,അതുയര്‍ത്തി കൈയ്യലേക്കിടാന്‍. അത് കൈയ്യില്‍ വീണ് ചിതറി. പ്രമോദും നാസറും അത് ക്യാമറയില്‍ പകര്‍ത്തി. കുറേ സമയത്തേക്ക് കത്തികൊണ്ടുമുറിഞ്ഞപോലെ വേദനയായിരുന്നു വിരലുകളില്‍. അത് ഷാര്‍പ്പായി വീണാല്‍ വീണിടം മുറിച്ചേ പോകൂ എന്ന് പിന്നീടാണറിഞ്ഞത്. സീറോ പോയിന്‍റില്‍ ഇന്ത്യ അവസാനിക്കുകയാണ്. അപ്പുറം ചൈനയാണ്. മലയാണ് അതിര്. അവിടെ ഉയരങ്ങളില്‍ നമ്മുടെ ടാങ്കുകള്‍ ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യാന്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നു, മല മുകളില്‍ നില്‍ക്കുന്നവനാണ് അഡ്വാന്‍റേജ് എന്ന ഉത്തമ ബോധ്യത്തോടെ.എത്ര മണിക്കൂര്‍ ചിലവഴിച്ചാലും  മതിയാകാത്ത ഇടമാണ് സീറോ പോയിന്‍റ്. എങ്കിലും അവിടെ നിന്നും ഞങ്ങള്‍ മടങ്ങി . രാത്രിയാകും മുന്‍പ് കാട് കടക്കണം.
      മടക്കയാത്രയിലാണ് സിങ്കി എന്ന മണമുള്ള ചെടി കണ്ടത്. അതിനെകുറിച്ച് ലാംഗ്ഡു പറയുന്നുണ്ടായിരുന്നു. സ്റ്റോലാഗ്മൈറ്റ്സ് വെള്ളച്ചാട്ടം കണ്ട ശേഷമാണ് യുംതാങ് വാലിയിലെ ഹോട്ട്സ്പ്രിംഗില്‍ പോയത്. അവിടെ ഹോട്ട് സ്പ്രിംഗ് കാണാന് കഴിഞ്ഞില്ല. രോഗിയായ ഒരു ബുദ്ധസന്ന്യാസിയെ കുളിപ്പിക്കുകയായിരുന്നു അതിനുള്ളില്‍. വഴിയില്‍ വണ്ടി പങ്ചറായി. ലാംഗ്ഡു അത് ശരിയാക്കുമ്പോള്‍ ഞാനും രാധാകൃഷ്ണനും പതുക്കെ നടന്നു. വണ്ടി വരുമ്പോള് കയറാം എന്ന് ചിന്തിച്ചായിരുന്നു യാത്ര. കുറച്ചു കഴിഞ്ഞാണ് ഹരീന്ദ്രന്‍ ഇത് മനസിലാക്കിയത്. ഇവന്മാരെന്ത് പണിയാണ് കാണിച്ചതെന്നു പറഞ്ഞ് ഹരിയും സന്തോഷും പിന്നാലെ വന്നു. കാരണം ഈ പ്രദേശം കാടാണ്. കരടി ഇറങ്ങുന്ന ഇടം. അവന്‍ പിന്നാലെയാണ് വരുക .ഒറ്റയടിക്ക് കഥ കഴിക്കും. ഇത് പറഞ്ഞപ്പോള്‍  മാത്രമാണ് അതിന്‍റെ ഭീകരത ഉള്‍ക്കൊണ്ടത്. പങ്ചര്‍ ടയര്‍ മാറ്റി യാത്ര തുടര്‍ന്നു. ഇനി നാംചിയാണ് ലക്ഷ്യം.പോകും വഴി സേനയുടെ ഒരു സൂക്തം ശ്രദ്ധേയമായി തോന്നി The God have mercy on our enemies, we wont .അന്നേ ദിവസവും ലാച്ചുംഗില്‍ താഗ്സിംഗ് റിട്രീറ്റിലാണ് താമസിച്ചത്.ലാച്ചുംഗിലെ ഏക എടിഎം എസ്ബിടിയുടേതാണ്.അത് ബാങ്കിന്‍റെ മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബാങ്ക് അതിനുള്ളിലിരിക്കുന്നയാളിന്‍റെ സൌകര്യാര്‍ത്ഥമെ തുറക്കൂ. പണമെടുക്കാന്‍ പ്രമോദ് ചെന്നപ്പോള്‍ അയാള്‍ തുറന്നില്ല. പുറത്ത് വണ്ടി കഴുകിക്കൊണ്ടു നില്‍ക്കുന്ന  ചെറുപ്പക്കാരന്‍ പറഞ്ഞു, 500 രൂപ തന്നാല്‍ തുറക്കാന്‍ പറയാം, ഇതാണ് ഇവിടത്തെ ഫീസ്. നാട്ടുകാര്‍ പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാറില്ല, ടൂറിസ്റ്റുകളില് നിന്നും പണം പിടുങ്ങുകയും ചെയ്യാം. ഇവര്‍ സിക്കിംകാരാകാനുള്ള സാധ്യത കുറവാണ് എന്ന് ഞങ്ങള്‍ക്ക് തോന്നി. ഞങ്ങള്‍ പണം എടുക്കാതെ മടങ്ങി. എസ്ബിഐക്ക് പരാതി നല്‍കണം എന്ന് കരുതിയെങ്കിലും പിന്നീട് അതൊക്കെ മറന്നു. നമ്മുടെ പൊതുവായ അലസത, അല്ലാതെന്താ.  ഹോട്ടിലിനെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു.പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഹോട്ടലാണ്. റിസപ്ഷനിലെ നുരു ഷെര്‍പ എന്ന പഹാഡി സുന്ദരന്‍ എപ്പോഴും ചിരിക്കുന്ന ഒരു പയ്യനാണ്. അവന്‍റെ വീട് ഗാംഗ്ടോക്കിലാണ്. വര്‍ഷത്തില്‍ ഒരു തവണയെ പോകൂ. ശമ്പളം ആറായിരം മാത്രം. ആര്‍ക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റം.പത്ത് വരെയെ പഠിച്ചിട്ടുള്ളെങ്കിലും നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഹോട്ടലിന്‍റെ ഉടമ താഗ് തുഗ് ഭൂട്ടിയ ഗാംഗ്ടോക്കിലാണ്. അവര്‍ക്ക് കൂടുതല്‍ ഹോട്ടലുകളും റിയല്‍ എസ്റ്റേറ്റുമൊക്കെയുണ്ട്. ഇടയ്ക്ക് വന്ന് കണക്കുകള്‍ നോക്കിപ്പോകും, അത്രതന്നെ. അയാളുടെ മകന്‍ ആര്‍ക്കിടെക്റ്റാണ്. കര്‍മ്മാ ലെന്‍ഡുപ് ഭൂട്ടിയ .അയാള്‍ 1999ലെ ഒന്‍പതാമത് ഒസാക്ക ഡിസൈന്‍ കണ്‍സപ്റ്റ് മത്സരത്തില്‍ വെങ്കലമെഡല്‍ നേടിയതിന്‍റെ വിവരമൊക്കെ പ്രധാന ഹാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടല്‍ നടത്തിപ്പിനുള്ള ഹൌസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത് ഇക്കണോമികസ്-സ്റ്റാറ്റിസ്റ്റിക്സ് മോണിറ്ററിംഗ് ആന്‍റ് ഇവാലുവേഷന്‍ വകുപ്പാണ്.രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിയമ വകുപ്പാണ്.  വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടും വനം വകുപ്പും ചേര്‍ന്ന് ലാച്ചുംഗ് താഴ്വരയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ പരിശീലനം നല്‍കിയത് ഇവിടെവച്ചായിരുന്നു എന്ന് നുരു പറഞ്ഞു. തോക്ക്, വലിയ ഫ്ളാസ്ക്കുകള്‍ തുടങ്ങി നിറയെ അലങ്കാര വസ്തുക്കളാണ്. നുരുവിന് പുറമെ 16 ജീവനക്കാരുണ്ട് അവിടെ. നാലായിരം അയ്യായിരമൊക്കെയാണ് ശമ്പളം. ഇവര്‍ക്ക് പുറമെ കാവലാളായി ഒരു പട്ടിയും.അവനും ഒരു കഥയുണ്ട്. കൃഷിയിടത്തില്‍ കരടി ശല്യം ഒഴിവാക്കാന്‍ തയ്യാറാക്കിയിരുന്ന കെണിയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ചെന്നുപെട്ടു ചങ്ങാതി. കെണിയില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ അധികദിവസം അവിടെ കഴിഞ്ഞു. ഒടുവില്‍ എങ്ങനെയോ രക്ഷപെട്ട് കൈകാലുകളിലും നടുവിലും പരുക്കുകളുമായി എത്തി. മരിച്ചുപോകും എന്നു കരുതിയാണ്. പക്ഷെ ആയുസുണ്ടായിരുന്നു. അവന്‍ രക്ഷപെട്ടു, മിടുക്കനായി , പഴയ ഉഷാറിലേക്ക് തിരികെ എത്തുകയും ചെയ്തു. പ്രമോദുമായി ഇഷ്ടന്‍ നല്ല ചങ്ങാത്തത്തിലായി. രാത്രി ഉറങ്ങാന്‍ കിടന്നിട്ട് കണ്ണിന് മുന്നില്‍ നടന്നുകയറാനുള്ള ഒരു മലയുടെ ദൃശ്യം മാത്രം. അത് ഇന്ത്യയുടെ അപാരതയുടെ പ്രകൃതി തീര്‍ത്ത അതിരായിരുന്നു. പച്ചപ്പില്ലാത്ത തണുപ്പിന്‍റെ ആ നനുനനുപ്പ് സാവധാനം ശരീരത്തിലേക്ക് പടര്‍ന്നിറങ്ങി.

മഞ്ഞ് രൂപപ്പെടുന്ന സീറോ പോയിന്‍റ്

ഐസ് പാളിയുമായി അജിത്

ഐസ് പാളി മുകളിലേക്ക്

ഐസ് പാളി തകരുന്നു

സംഘം സീറോ പോയിന്‍റില്‍

അപ്പുറം ചൈന

യും താങ്ങ് വാലി

സീറോ പോയിന്‍റ്

നാസര്‍ സീറോ പോയിന്‍റില്‍

ലാച്ചുംഗിലെ മോഡേണ്‍ റസിഡന്‍സി ഹോട്ടല്‍