Friday 14 December 2018

poem -- deena bharatheeyan -- 1997

1997  ല്‍ പ്രസിദ്ധീകരിച്ച  കവിത, ഡല്‍ഹി കാലം

ദീനഭാരതീയന്‍

കാല്‍നടക്കാരനായ്  ഈ നഗര വീഥികള്‍
താണ്ടുവോനാണിന്നു ഞാന്‍
വിഷപ്പുക തുപ്പുന്നൊരായിരം വണ്ടികള്‍
നേദിച്ചു നല്‍കുന്ന രോഗങ്ങള്‍
കൈനീട്ടി വാങ്ങുവോനാണിന്നു ഞാന്‍.
നടവഴി തോറും വിരലറ്റ കൈകളാല്‍ യാചിച്ചു നില്‍ക്കുന്ന
രോഗിതന്‍ ദു:ഖങ്ങള്‍ കൈയ്യേറ്റു വാങ്ങുവോനാണിന്നു ഞാന്‍
തണല്‍ മരച്ചുവട്ടിലെ കല്‍പ്പടിയില്‍ പഴക്കുട്ടയുമായ്
ജീവിത കണക്കുകള്‍ കൂട്ടി കിഴിക്കുന്ന ബാലന്‍ തന്‍
ദീനത കണ്‍കളില്‍ ഏറ്റുവാങ്ങുന്നോനാണിന്നു ഞാന്‍

    രാത്രിയില്‍ തലച്ചോറ് ചൂടു പിടിപ്പിച്ച്
കണ്‍തടം കറുക്കും ഭയത്തിന്‍ നിഴലുകള്‍ -
കണ്ടു കിടക്കുവോനാണിന്നു ഞാന്‍
ചെരുപ്പു കുത്താനെത്തും ബാബതന്‍
തോല്‍സഞ്ചി പോലെയായ് മനസ്
ഒരു നൂറുകൂട്ടം തുണ്ടുകള്‍, എവിടെയും തങ്ങാതെ -
മണ്ടി നടക്കുന്ന ചിന്തതന്‍ ശകലങ്ങള്‍ മാത്രം.

    വിഷവാഹിനിയായ്, കരിങ്കാളിയായിട്ടൊഴുകുന്ന
യമുനയുടെ തീരത്ത് പൈതങ്ങള്‍ നിത്യവും
വൃദ്ധരായ് മാറുന്ന കഥകേട്ട് ദു:ഖം കനത്തിടുന്നു
ബുള്‍ഡോസറാം ഭീമസത്വമിരമ്പും വഴികളില്‍
ദീനഭാരതീയന്‍റെ രോദനം മുഴങ്ങുന്നു

   മനസിലേക്ക് തുറക്കും വാതായനങ്ങള്‍ കൊട്ടിയടയ്ക്കാന്‍
ശീതീകരിച്ചൊരോഫീസും വീടും യാത്രയ്ക്ക്
ചെറിയൊരു മാരുതിയും തരമായി കിട്ടിയാല്‍
ഒക്കെ മറന്നിട്ടൊരുന്നത ഭാരതീയനായ്
ശിഷ്ട ജീവിതം നയിക്കാന്‍ കഴിഞ്ഞേനെ

   പാലുകുടിക്കും ദൈവങ്ങളോടൊക്കെ കേണു പറയുന്നു ഞാന്‍
വയ്യ, വയ്യെനിക്കൊരു കാല്‍നടക്കാരനായ്
ഈ നഗര വീഥികള്‍ താണ്ടുവാന്‍ .

No comments:

Post a Comment