Tuesday 8 January 2019

kadalasu pookkal - katha

കഥ

കടലാസ് പൂക്കള്‍  ( 1981 ല്‍ എഴുതിയത്)


"മുരളിക്ക് എന്നെ ശരിക്കും അറിയില്ല. ഒരായുസിന്‍റെ മുഴുവന്‍ ദു:ഖവും അനുഭവിച്ചവളാണ് ഞാന്‍", മുരളിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചുകൊണ്ട് ശ്രീ പറഞ്ഞു. മില്‍ട്ടന്‍റെ ദ പാരഡൈസ് ലോസ്റ്റില്‍ നിന്നും മിഴി ഉയര്‍ത്തി അവള്‍ അവനെ നോക്കി. അവളുടെ കണ്ണില്‍ ദു:ഖത്തിന്‍റെ വേരുകള്‍ പടര്‍ന്നുകിടക്കുന്നത് അവന്‍ കണ്ടു. അതിന്‍റെ ഓരോ ശാഖയില്‍ നിന്നും ഒഴുകിയെത്തിയ തുള്ളികള്‍ ഒന്നുചേര്‍ന്ന് കണ്‍കോണില്‍ തളംകെട്ടി. അവന്‍ ആ കണ്ണീരൊപ്പാന്‍ തുനിഞ്ഞു. തുടുത്ത ചുണ്ടുകള്‍ ചലിപ്പിച്ച് വശ്യമായി ചിരിച്ചുകൊണ്ടവള്‍ തുടര്‍ന്നു. "ഇതാണെന്‍റെ ഏകആശ്വാസം.കണ്ണുകള്‍ നിറഞ്ഞൊഴുകുമ്പോള്‍ ഞാന്‍ സ്വതന്ത്രയാകുന്നു.മനസിന്‍റെ ഭാരം കുറയുന്നു. ഞാന്‍ സുഖത്തിന്‍റെ ഒരു തുരുത്തില്‍ അഭയം കണ്ടെത്തുന്നു", അവള്‍ ഒന്നുനിര്‍ത്തി.

   ഒന്നും മനസിലാകാതെ മൂകനായിരിക്കുന്ന മുരളിയെനോക്കി അവള്‍ ചോദിച്ചു, "എൻറെ കഥ തനിക്ക് താല്പ്പര്യമില്ലാത്തതാണെന്നു തോന്നുന്നു. എങ്കിലും കേള്‍ക്കേണ്ടതാവശ്യമാണ്." അവള്‍ പുഞ്ചിരിച്ചു."ഞാന്‍ എന്‍റെ കഥ എഴുതും. പക്ഷെ പ്രസിദ്ധീകരിക്കാനുള്ള ധൈര്യം എനിക്കില്ല.കഥാവസാനത്തില്‍ മുരളിക്കും ഒരു സ്ഥാനമുണ്ടാകും", അവള്‍ പറഞ്ഞു.

   ഗവേഷണ വിദ്യാര്‍ത്ഥികള്‍ റഫറന്‍സ് പുസ്തകങ്ങളുമായി മേശയ്ക്കുചുറ്റും സ്ഥലം പിടിക്കുകയായിരുന്നു. അവള്‍ പുസ്തകം മടക്കിവച്ചു. മുരളിക്കൊപ്പം പുറത്തിറങ്ങി. നിറയെപൂത്ത കൊന്നയുടെ ചുവട്ടിലെത്തിയപ്പോള്‍ അവള്‍ നിന്നു. ഒരു കുല പൂപറിച്ച് ഓരോന്നായി ഇറുത്തെടുത്തു. കൈ നിറയെ പൂവ്.മുരളിയുടെ തലയിലൂടെ പൂവിതറി അവള്‍ പൊട്ടിച്ചിരിച്ചു. പക്ഷെ അവന് ചിരിക്കാന്‍ കഴിഞ്ഞില്ല. ഒരായിരം ചോദ്യങ്ങള്‍ അവനുചുറ്റും മൂടല്‍മഞ്ഞ് സൃഷ്ടിച്ചു.

"കൊന്നപൂവും സ്വര്‍ണ്ണമാലയും മോതിരവും പുടവയും വച്ച താലവും എഴുതിരിയിട്ട വിളക്കുമുള്ള  വിഷുക്കണി എനിക്കോര്‍മ്മ വരുന്നു മുരളി. പ്രഭാതത്തിന്‍റെ ആദ്യവെളിച്ചം വരുംമുന്‍പെ അമ്മ വന്ന് കണ്ണുപൊത്തി വിളക്കിനുമുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുമായിരുന്നു. അന്നൊക്കെ ചേച്ചിമാരും ഹരിയേട്ടനുമൊക്കെ എത്ര വെള്ളിരൂപകള്‍ തരുമായിരുന്നെന്നോ! ഇന്നെല്ലാം വെറും സ്വപ്നങ്ങള്‍ മാത്രം", അവള്‍ നെടുവീര്‍പ്പിട്ടു.

അവന്‍ ഓരോ പൂക്കളും ഇതള്‍കീറി തന്‍റെ അസ്വസ്ഥത വെളിപ്പെടുത്തുകയായിരുന്നു. അവളുടെ കണ്ണുകളിലെ ദുരൂഹതയുടെ ഓളം അവനെ കൂടുതല്‍ അസ്വസ്ഥനാക്കി. അനേകം ചോദ്യങ്ങള്‍ അവന്‍റെ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു."മുരളി, ഞാന്‍ പോവുകയാണ്, ഗീത വരുന്നുണ്ട്", അവള്‍ മറുപടിക്ക് നില്‍ക്കാതെ വേഗം നടന്നു.

ശ്രീയെ പരിചയപ്പെട്ട നാള്‍ മുതല്‍ മുരളിക്ക് പലതും ചോദിക്കണമെന്ന് തോന്നിയിരുന്നു.എന്നാല്‍ ഗവേഷണ വിഷയത്തിനപ്പുറം ഒന്നും അവര്‍ സംസാരിച്ചിരുന്നില്ല. ഈ ചുരുങ്ങിയ സമയംകൊണ്ട് ശ്രീ ഒരായിരം കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തു. ടെറസിന്‍റെ മുകളില്‍ കിടന്നുകൊണ്ട് മുരളി ഉറക്കത്തിനായി കാത്തു.ദൂരെ രഹസ്യങ്ങള്‍ ഒളിപ്പിച്ചുവച്ചുറങ്ങുന്ന നക്ഷത്രങ്ങള്‍ മാത്രമായിരുന്നു അവന് കൂട്ട്.

അടുത്ത ദിവസം മുരളി വളരെനേരത്തെ തന്നെ ലൈബ്രറിയില്‍ എത്തി.ചുവന്ന സാരിയും ബ്ലൌസുമായിരുന്നു ശ്രീയുടെ വേഷം. ചെവിയില്‍ ചുവന്ന കല്ലുകള്‍ പതിച്ചിരുന്നു.എഴുതിക്കൊണ്ടിരുന്ന നോട്ട്സില്‍ നിന്നും കണ്ണുയര്‍ത്തി  അവള്‍ അവനെ അഭിവാദ്യം ചെയ്തു.മുരളിയുടെ കണ്ണിലേക്ക് ഉറ്റുനോക്കികൊണ്ടവള്‍ പറഞ്ഞു, "സാഹിത്യകാരന്മാര്‍ പൊതുവെ മാനസിക രോഗികളാണ് - ല്ലെ മുരളി ? ". മറുപടി പ്രതീക്ഷിക്കാത്തതുപോലെ അവള്‍ തുടര്‍ന്നു. "ഷേക്സ്പിയര്‍ തന്നേക്കാള്‍ വളരെ മുതിര്‍ന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചു. കീറ്റ്സ് പ്രേമത്തിന്‍റെ മായാവലയത്തില്‍ കിടന്നുവീര്‍പ്പുമുട്ടി. കോളറിഡ്ജ് ലഹരിമരുന്നുകള്‍ക്കടിമയായി. എങ്കിലും അവര്‍ക്കെല്ലാം ജീവിതം ഒരനുഭവമായിരുന്നു", ശ്രീ ദീര്‍ഘശ്വാസമെടുത്തു. അവളുടെ മെലിഞ്ഞ ശരീരം ഉയര്‍ന്നുതാണു. കഴുത്തിലെ ഞരമ്പുകള്‍ ത്രസിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. ശബ്ദത്തിന്  എന്തോ ഒരു പതര്‍ച്ച പോലെ

."മുരളി, എന്‍റെ ജീവിതം ഒരു കടംകഥയാണ്, ഉത്തരമില്ലാത്ത കടംകഥ. തനിക്കറിയാമോ, ഞാനൊരു ലക്ചററായിരുന്നു. ഗവേഷണ വിദ്യാര്‍ത്ഥിയാകുന്നതിന് മുന്‍പ് എനിക്കാജോലി നഷ്ടപ്പെടുത്തേണ്ടി വന്നു. അതിലെനിക്ക് ദു:ഖമില്ല, വലിയ ദു:ഖങ്ങള്‍ക്കിടയില്‍ ശബ്ദമുണ്ടാക്കാതെ വീണൊരു കരിയില മാത്രമാണത്. "

മുരളി ചോദ്യങ്ങള്‍ക്കുവേണ്ടി പരതുകയായിരുന്നു. അവള്‍ തുടര്‍ന്നു. "കോളേജ് ജീവിതം അനുഭവങ്ങളുടെ ഒരു കുന്നാണ്.എനിക്ക് അസ്തമയസൂര്യനെ നോക്കിനില്‍ക്കുന്ന കുന്നായിതീര്‍ന്നെന്നു മാത്രം.", ശ്രീ എന്തോ ആലോചിച്ച് ഒന്ന് മന്ദഹസിച്ചു. "എത്രയെത്ര തമാശകള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നോ? ഒരിക്കല്‍ ഷേക്സ്പിയറുടെ നാടകം പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫ്റലിറ്റി, ദൈ നെയിം ഈസ് വുമണ്‍ എന്ന വാക്യം ക്ലാസില്‍ അവതരിപ്പിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വിരുതന്‍റെ ചോദ്യം, ടീച്ചര്‍,എല്ലാ സ്ത്രീകള്‍ക്കും ഈ നിര്‍വ്വചനം യോജിക്കുമോ എന്ന്. എക്സെപ്റ്റ് മീ എന്ന എന്‍റെ മറുപടി ക്ലാസില്‍ കൂട്ടചിരിയുയര്‍ത്തി. മുരളി, ഇന്ന് കൊടുക്കേണ്ട പുസ്തകമാണ്, ഞാന്‍ ബാക്കി നോട്ട്സ് കൂടി എഴുതട്ടെ. ഇനി ബാക്കി കഥ പിന്നീടാകാം", അവള്‍ ദുരൂഹത ബാക്കിയാക്കി നോട്ട്സ് എഴുതാന്‍ തുടങ്ങി.

മുരളിക്ക് മനസിലുണ്ടായിരുന്ന ആശങ്കകള്‍ തീ പിടിച്ച മട്ടായി. ഗവേഷണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തവിധം ശ്രീയുടെ വാക്കുകള്‍ ആവര്‍ത്തിച്ച് മനസിലേക്ക് കയറിവന്നുകൊണ്ടിരുന്നു.പുസ്തകങ്ങള്‍ക്കിടയില്‍ ഇരട്ടവാലനും ചിലന്തിയും സ്വൈരവിഹാരം നടത്തി.ഒന്നും വായിക്കാന്‍ കഴിയാതെ മുരളി ഏറെ വിഷമത്തിലായി.

  ഞായറാഴ്ച വൈകിട്ട് ബീച്ചിലെത്തണമെന്ന ഫോണ്‍ സന്ദേശം കിട്ടുമ്പോഴും മുരളിയില്‍ ആശങ്കയുടെ  ചങ്ങലകള്‍ മുറുകുകയായിരുന്നു. അവന്‍ സമയത്തെ ശപിച്ചുകൊണ്ട് ഏറെ സമയം അസ്വസ്ഥനായി ചുറ്റിനടന്നു.ഐസ്ക്രീം ഹാളില്‍ നിന്നും പുറത്തിറങ്ങി ബീച്ചിലൂടെ നടക്കുമ്പോള്‍ കാറ്റടിച്ച് ശ്രീയുടെ മുടി പറന്നുയര്‍ന്നു. അത് മുഖം മറച്ചുനൃത്തം ചവുട്ടി. കടലിരമ്പുന്നതിനാല്‍ മനസിന്‍റെ താളം കേള്‍ക്കാന്‍ കഴിഞ്ഞില്ല. മണ്ണില്‍ പുതയുന്ന ഓരോ കാലടികളും കടല്‍ മായ്ക്കുന്നതുനോക്കി അവള്‍ നടന്നു.

"മനുഷ്യമനസ് കടലിനടിയില്‍ കിടക്കുന്ന ഒരു മുത്തുച്ചിപ്പി പോലെയാണ്. എത്ര ആഴത്തില്‍ മുങ്ങിയാലും നമുക്കത് തുറന്നു നോക്കാന്‍ കഴിയില്ല. എനിക്കിതുവരെ എന്‍റെ മനസ് ഒന്നു തുറന്നുനോക്കാന്‍ , ആ മുത്തിന്‍റെ ഭംഗി ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല", അവള്‍ അല്പ്പം നിര്‍ത്തി, തിരമാലകളിലേക്ക് നോക്കിനിന്നു.എന്നിട്ട് വളരെ സാധാരണമായ മട്ടില്‍ പറഞ്ഞു, "" മുരളി, ഞാനൊരു കുട്ടിയുടെ അമ്മയാണ്." അവള്‍ മുരളിയെ നോക്കി. അവള്‍ പ്രതീക്ഷിച്ചവിധം മുരളി സ്തംബ്ദനായി നില്‍ക്കുകയായിരുന്നു.അവള്‍ അവനെ മണലില്‍ ഇരുത്തി അവളും ഒപ്പമിരുന്നു. മുരളി മണ്ണില്‍ വിരലുകള്‍ ആഴ്ത്തി ബലം പ്രയോഗിച്ചു. മണല്‍തരികള്‍ കൈകളില്‍ ഇരുന്ന് ഞെരുങ്ങുമ്പോള്‍ മുഖത്ത് പേശികള്‍ വലിഞ്ഞു മുറുകുകയും കണ്ണുകള്‍ ചുവക്കുകയും ചെയ്യുന്നത് ശ്രീ അറിഞ്ഞു.

"മുരളി ശാന്തമായിരുന്നു കേള്‍ക്കണം. എല്ലാം യാദൃശ്ചികമായിരുന്നു. അനന്തതയോളം ആഴമുള്ള കണ്ണുകളും അലസമായ മുടിയും താടിയും ദൃഢമായ ശൈലിയും എല്ലാം സുഭാഷിന്‍റെ പ്രത്യേകതകളായിരുന്നു. ഒരു നക്സല്‍.ഇന്ത്യന്‍ മണ്ണില്‍ മാവോയിസത്തിന്‍റെ വിത്തു കിളിപ്പിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവന്‍. അവന്‍റെ തീഷ്ണതയാര്‍ന്ന വാക്കുകളും പ്രവര്‍ത്തനവും എന്നെ അവനിലേക്കാകര്‍ഷിക്കുകയായിരുന്നു. ഒരു വല്ലാത്ത കാന്തശക്തി. ബന്ധുക്കളെല്ലാം എതിര്‍ത്തെങ്കിലും ഞങ്ങള്‍ ഒന്നായി. പിന്നീടാണ് ഞെട്ടിക്കുന്ന ഒരു സത്യം ഞാന്‍ മനസിലാക്കിയത്. സുഭാഷ് ലഹരിമരുന്നുകളുടെ അടിമയാണെന്ന്. മോചനമില്ലാത്ത അടിമ. ഞാന്‍ കുറെ കരഞ്ഞു. വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി പുറമെ ചിരിച്ചു നടന്നു. ഒടുവില്‍ പിടിച്ചുനില്‍ക്കാന്‍  കഴിയാതെയായി. ഞാന്‍ ജോലി ഉപേക്ഷിച്ച് സുഭാഷിനെ ചികിത്സിച്ചു. പക്ഷെ അപ്പോഴേക്കും അയാളൊരു മാനസിക രോഗിയായി കഴിഞ്ഞിരുന്നു. അതയാളുടെ ആത്മഹത്യയിലാണ് അവസാനിച്ചത്. എനിക്കുണ്ടായ മുറിവുണക്കാന്‍ സഹോദരങ്ങള്‍ എത്തി. ഹരിയേട്ടന്‍റെ താല്പര്യംകൊണ്ടാണ് ഗവേഷണത്തിന് ചേര്‍ന്നത്. പുസ്തകങ്ങള്‍ക്കിടയിലെ ഈ ബന്ധനം എന്നെ സംബ്ബന്ധിച്ചിടത്തോളം ഒരാശ്വാസമായി", അവള്‍ പറഞ്ഞവസാനിപ്പിച്ചു.
"എനിക്കിപ്പോള്‍ സ്വപ്നങ്ങളില്ല മുരളി, ജീവിതത്തിന്‍റെ മണലാരണ്യം മാത്രമെ എനിക്ക് കാണാന്‍ കഴിയുന്നുള്ളു. എന്‍റെ മരിച്ച സ്വപ്നങ്ങളുടെ സന്തതിയായ മകനോടുപോലും എനിക്കത്ര വാത്സല്യമില്ല",
ശ്രീയുടെ ശബ്ദം താഴ്ന്നു.അവള്‍ മണല്‍വാരി കടലിലേക്കെറിഞ്ഞുകൊണ്ടിരുന്നു.മണ്ണൊഴിഞ്ഞിടത്ത്  ജലം ഊറിക്കൂടുന്നത് നോക്കി അവളിരുന്നു. മുരളി കണ്ണീര്‍ തുടച്ചെഴുന്നേറ്റു. ഒരത്ഭുതജീവിയെ എന്നപോലെ കുറെ നേരം അവളെ നോക്കിനിന്നു. എന്നിട്ട് ഒന്നും പറയാതെ തിരികെ നടന്നു. അയാള്‍ വളരെ ദൂരെ ഒരു ബിന്ദുവായലിയും വരേക്കും അവള്‍ അവന്‍റെ യാത്ര നോക്കി നിന്നു. 

Thursday 3 January 2019

Poem - Koottilae kili

കവിത

കൂട്ടിലെ കിളി 

എനിക്ക് ദു:ഖമുണ്ട്, കൂട്ടിലെ കിളികളെ തുറന്നുവിടാന്‍
അവര്‍ സ്വതന്ത്രരായിരുന്നു എങ്കിലുമെന്‍റെ കൂടവര്‍ മറന്നില്ല,
വരുംനാളുകള്‍ അവര്‍ക്കൊരഗ്നി പരീക്ഷ

 അങ്ങുദൂരെ വിശാലമാം മണല്‍ പരപ്പില്‍ 
തീയിലൂടെ ചാട്ടമുണ്ട്, 
ഒഴുക്കുവെള്ളത്തില്‍ നീന്തലുണ്ട്,
എങ്കിലും എനിക്ക് ഭയമില്ല, അവര്‍ വിജയികളാവും
അവര്‍ യോദ്ധാക്കളാണ്, ധീരരാണ്.

എങ്കിലുമെനിക്ക് ദു:ഖമുണ്ട്
അവര്‍ ജയിക്കട്ടെ, അവര്‍ക്കായ് പക്ഷിസങ്കേതങ്ങള്‍ കാത്തിരിക്കുന്നു
അവിടെ നല്ല തീറ്റ കിട്ടും, അവര്‍ക്ക് നന്നായി ജീവിക്കാം.

എങ്കിലുമെനിക്ക്  ദു:ഖമുണ്ട്
ആകാശം വിശാലമാണ്, ഭൂമിയും 
ഞാനൊരു പഥികന്‍, ഭൂമി മാത്രം കണ്ടവന്‍ 
ആകാശം കാണുന്ന നിങ്ങള്‍ ഈ പഥികനെ മറക്കരുത്

സ്നേഹത്തിന്‍റെ കൂട് മറക്കരുത്
കൂടിന്‍റെ നാലതിരുകള്‍ മറക്കരുത്
അഴികള്‍ മറക്കരുത്
ചിറകടിച്ചുരുമ്മിയ കൂട്ടരെ മറക്കരുത്
ബുദ്ധി വിളമ്പിയ ഗുരുക്കളെ മറക്കരുത്
പീഡനം നല്‍കിയ കൈകളെ മറക്കരുത്

എങ്കിലുമെനിക്ക് ദു:ഖമുണ്ട്
എന്‍റെ ദു:ഖം ഒരു സ്വകാര്യദു:ഖം
എന്‍റെ പക്ഷികള്‍ കഥ പറഞ്ഞിരുന്നു
അവരുടെ ചുണ്ടില്‍ മന്ദഹാസമുണ്ടായിരുന്നു
അവരുടെ മനസ് നിശ്ചലമായ കടലായിരുന്നു
അവര്‍ക്ക് പരാതകളില്ലായിരുന്നു
അവര്‍ എന്നെ സ്നേഹിച്ചിരുന്നു
എങ്കിലും അവര്‍ പോകണം, പോകതിരിക്കാനൊക്കില്ല

നാളെ പുലര്‍ച്ചക്ക് ഞാനെന്തു ചെയ്യും
ഇന്നുവരെ എനിക്ക് കൂട്ടായി കിളികളുണ്ടായിരുന്നു
അവരുടെ ചിറകടി കേട്ടാണുണര്‍ന്നിരുന്നത്
നാളെ എല്ലാം നിശബ്ദം, ശാന്തം 

ഇന്നെനിക്കെല്ലാം ദു:ഖം
പൂന്തോട്ടത്തില്‍ കാറ്റടിക്കുന്ന ദു:ഖം
പൂമ്പാറ്റകള്‍ ചിറകടിക്കുന്ന ദു:ഖം
വണ്ടുകള്‍ മൂളുന്ന ദു:ഖം
രാവുകള്‍ പകലാവുന്ന ദു:ഖം
തിരമാലകള്‍ പാറകളില്‍ അടിക്കുന്ന ദു:ഖം
ആകാശത്ത് മഴവില്ല് വിരിയുന്ന ദു:ഖം
താമരപൂക്കള്‍ വിടരുന്ന ദു:ഖം

ഇന്നെനിക്കെല്ലാം ദു:ഖമാണ്
ഞാന്‍ നിങ്ങളെ ശകാരിച്ചു, ശിക്ഷിച്ചു
നിങ്ങളെന്നെ വെറുത്തു, ശപിച്ചു.

എനിക്ക് ദു:ഖമില്ല, എല്ലാം നന്മക്കുവേണ്ടി മാത്രം
വരാന്‍ പോകുന്നൊരഗ്നി പരീക്ഷയ്ക്ക് വേണ്ടി
എന്‍റെ മനസ് കരയുന്നത് ഞാനറിയുന്നു
നിങ്ങള്‍ ശപിക്കുന്നതും

നാളെ ഞാന്‍ നിങ്ങള്‍ക്കൊരന്യന്‍
ഇന്ന് പോകുംവരേയ്ക്കൊരു മാന്യന്‍ 
പോകുക, പോകുക, പോയി ജയിക്കുക
നേടുക, നേടുക നിങ്ങള്‍ 
ഞാനെന്‍റെ ദു:ഖമാം ചെപ്പുമെടുത്തെന്‍റെ 
ഏകാന്തദ്വീപില്‍ തപസിരിക്കാം.