Sunday 26 January 2020

Is India a republic ?



   
 ഭാരതത്തിന്‍റെ ഭരണഘടന ശുദ്ധീകരിക്കപ്പെടുകയല്ലെ വേണ്ടത് ?



      അനേകം വര്‍ഷങ്ങളക്ക് ശേഷം വളരെ വ്യത്യസ്തമായൊരു റിപ്പബ്ലിക് ദിനം കടന്നുപോയി. ഇത്രയും ജനപങ്കാളിത്തം ,പ്രതിഷേധത്തിന്റെ പേരിലായാലും സ്‌നേഹത്തിന്റെ പേരിലായാലും, നാട്ടില്‍ ഇതുവരെ ഉണ്ടായിട്ടില്ല. നാളിതുവരെ ഭരണഘടന വായിക്കാതിരുന്നവരും അതിന്റെ ആമുഖമെങ്കിലും വായിച്ചു. ഞാന്‍ തന്നെ ഇന്നലെ മനോരമ കണ്ടപ്പോഴാണ് എത്രയോ വര്‍ഷിന് ശേഷം ആമുഖം ഒന്നു വായിക്കുന്നത്. ഏതോ സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ , ഇത് വായിച്ചു കഴിഞ്ഞപ്പോഴാണ് ഒന്നോര്‍ത്തത്, ഒരിക്കലും നടക്കാത്ത സ്വപ്‌നമാണല്ലൊ അംബദ്ക്കറും കൂട്ടാളികളും ചേര്‍ന്ന് എഴുതി തയ്യാറാക്കിയത് എന്ന്.

    1947 കാലത്ത് ലോകത്ത് നിലനിന്ന ജനാധിപത്യ വ്യവസ്ഥിതി ഉള്‍പ്പെടെയുള്ള എല്ലാ വ്യവസ്ഥിതികളിലെയും നന്മകള്‍ മാത്രം കൂട്ടിച്ചേര്‍ത്താണ് നമ്മുടെ ഭരണഘടന ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെയാകണം ഏറ്റവും വലിയ ഭരണ ഘടന ആയതും ഒരോ നിയമവും മറ്റൊന്നിന് വിരുദ്ധമായി വരുന്ന വിധം ഒരുപാട് കാര്യങ്ങള്‍ ഇതില്‍ വന്നു ചേര്‍ന്നതും. കോടതികള്‍ പോലും ഒരു നിയമത്തെ ഇന്റര്‍പ്രട്ട് ചെയ്യുമ്പോള്‍, മറ്റൊന്ന് വിരുദ്ധമായി വരുന്നു. നാളിതുവരെ ഉണ്ടായ ഭേദഗതികള്‍ 103. അതായത് വര്‍ഷത്തില്‍ ഒന്നിന് മേല്‍ ഭേദഗതികള്‍ ഉണ്ടായിരിക്കുന്നു. ഇനിയും ഉണ്ടാവുകയും ചെയ്യും. അപ്പോള്‍ ഒരു മതഗ്രന്ഥം പോലെ ഇതിനെ സംരക്ഷിക്കുന്നതെങ്ങിനെ?

      മതഗ്രന്ഥങ്ങളിലെ അബദ്ധങ്ങളെല്ലാം ദൈവസൃഷ്ടമാണെന്നു പറഞ്ഞ് മതനേതാക്കളുടെ സൗകര്യാര്‍ത്ഥം അര്‍ത്ഥം മാറ്റി പറഞ്ഞും പറയാതെയും കൊണ്ടു നടക്കാം. പക്ഷെ, ഭരണഘടന മനുഷ്യനിര്‍മ്മിതവും അനേകം പേരുടെ താത്പ്പര്യങ്ങള്‍ ഉള്‍ക്കൊണ്ടതുമായതിനാല്‍ മാറ്റം അനിവാര്യമാണ്. ഇനിയും അത് സംഭവിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ഭരണഘടനാ സംരക്ഷണം എന്നല്ല, ശരിക്കും ഭരണഘടനാ ശുദ്ധീകരണം എന്നാണ് പറയേണ്ടത്. സുപ്രീം കോടതിയും പാര്‍ലമെന്റുമാണ് ഈ ശുദ്ധീകരണം നടത്തേണ്ടവര്‍. അത് നടക്കുന്നുമുണ്ട്.

  സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. റിപ്പബ്ലിക് എന്നു പറഞ്ഞാല്‍ തന്നെ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പരമാധികാരമുള്ള സംവിധാനം എന്നാണ്. ജനപ്രതിനിധികള്‍ക്ക് പരമാധികാരമുണ്ട്, എന്നാല്‍ ജനങ്ങള്‍ക്ക് അതില്ല എന്നതാണ് സത്യം. കാലുമാറുന്ന ഒരു ജനപ്രതിനിധിയെ തിരിച്ചു വിളിക്കാന്‍ പോലും ജനങ്ങള്‍ക്ക് അവകാശമില്ല. അതുണ്ടാവുമ്പോഴെ നമുക്ക് നമ്മുടെ നാടിനെ റിപ്പബ്ലിക് എന്നു വിളിക്കാന്‍ കഴിയൂ.

 ജനാധിപ്യം എന്നത് ജനങ്ങളുടെ മേല്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെയും ഉദ്യോഗസ്ഥരുടെയും സമ്പന്നരുടെയും ആധിപത്യമാണ് എന്നതൊരു സത്യമാണ്. ഇത് മാറുമൊ എന്നറിയില്ല.

   മതേതരം എന്നാല്‍ എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ സമീപിക്കുന്ന സംവിധാനം എന്നാണ് ഇന്ത്യന്‍ വിവക്ഷ. അതുപോലും നേരാം വണ്ണം നടക്കുന്നില്ല. ശരിക്കും മതേതരത്വം എന്നാല്‍ സമൂഹ്യജീവിതത്തില്‍ മതങ്ങളുടെ ഇടപെടല്‍ അനുവദിക്കാത്ത സംവിധാനം എന്നാണ്. എന്നാല്‍ ഇവിടെ മതമാണ് നമ്മെയെല്ലാം ഭരിക്കുന്നത്. ഭരണാധികാരികളെ പോലും. അപ്പോള്‍ സെക്കുലര്‍ ആകണമെങ്കില്‍ ഇനി എത്രകാലമെടുക്കും? 

  സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയുമായ നീതി നടപ്പിലാക്കുക എല്ലതാണ് മറ്റൊരു ലക്ഷ്യം. ഇതിനുള്ള ചെറിയ ശ്രമമെങ്കിലും നടന്നിട്ടുള്ള ഒരിടം കേരളം മാത്രമായിരിക്കും. മറ്റെവിടെയെങ്കിലും, പോട്ടെ ഭാവിയില്‍, കേരളത്തില്‍ പോലും ഇത് നടക്കാനുളള സാധ്യത വിദൂരമാണ്. കേരളം ഇപ്പോള്‍ ഈ വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളോട് മത്സരിക്കുകയാണ്.

പദവിയിലും അവസരത്തിലും സമത്വം എന്നത് രേഖപ്പെടുത്തിവയ്ക്കാന്‍ മാത്രം കഴിയുന്ന ഒന്നാണ്. അതെങ്ങനെ സാധിക്കും?

വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം - ഇത് സര്‍ക്കാരിനോ പാര്‍ട്ടികള്‍ക്കോ നിയമ വ്യവസ്ഥയ്ക്കുപോലുമൊ എത്തിപ്പെടാന്‍ കഴിയാത്ത ഔന്നത്യമാണ്. അതങ്ങിനെ നില്‍ക്കട്ടെ !!

 പിന്നെ നമുക്ക് ആശ്വസിക്കാവുന്ന ഒന്നേയുള്ളു. നമ്മുടെ ചുറ്റുവട്ട രാജ്യങ്ങളെ പരിശോധിക്കുമ്പോള്‍ നാം ഏറെ മുന്നിലാണ്. അതില്‍ അഭിമാനിക്കാം. വരും കാലങ്ങളില്‍ ശുഭകരമായ മാറ്റങ്ങളുണ്ടാകും എന്നും പ്രതീക്ഷിക്കാം. തമ്മിലടിച്ചു കഴിയുന്നത് രാഷ്ട്രീയക്കാര്‍ക്ക് നേട്ടമാകാം, പക്ഷെ ജനങ്ങള്‍ക്ക് കോട്ടം മാത്രമാകും നല്‍കുക എന്നോര്‍ത്ത് ജീവിക്കാം.