ഡല്‍ഹിയിലെ പുതുവത്സരം
ശരിക്കും പുതുവത്സരാഘോഷങ്ങളൊക്കെ തുടങ്ങിയത് ഡല്‍ഹി കേരള ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജോയിന്‍ ചെയ്ത ശേഷമാണ്. ട്രാവന്‍കൂര്‍ ഹൌസിലും കേരള ഹൌസിലും കുടുംബങ്ങള്‍ ചേര്‍ന്നും അല്ലാതെയും നടത്തിയ ഒരുപാട് ആഘോഷങ്ങള്‍. കേരള ഹൌസ് കോണ്‍ഫറന്‍സ് ഹാളും ക്വാര്‍ട്ടേഴ്സിന് മുന്നിലുള്ള മുറ്റവും ടെറസും ഇപ്പോള്‍ അഡീഷണല്‍ ബ്ലോക്കില്‍ കാന്‍റീന്‍ നടത്തുന്ന ഹാളുമൊക്കെ ആഘോഷവേദികളായിട്ടുണ്ട്. ഇതില്‍ ഏറ്റവുമധികം പ്രശ്നമായി മാറിയത് അഡീഷണല്‍ ബ്ലോക്കില്‍ നടന്ന ആഘോഷമായിരുന്നു. ഗസ്റ്റുകള്‍ താമസമുള്ള ഇടമാണ്. അവിടെ അര്‍ദ്ധരാത്രിവരെ നീളുന്ന ആട്ടവും പാട്ടും പുറത്തെ വിവിധ വാഹനങ്ങളിലെ മൊബൈല്‍ ബാറും ഒക്കെ പ്രശ്നമാവും എന്ന അറിവുണ്ടായിട്ടും അക്കാലത്തെ ഒരഹങ്കാരം എന്നുവേണമെങ്കില്‍ ഇപ്പോള്‍ ചിന്തിക്കാന്‍ കഴിയുന്ന വിധമുള്ള ആഘോഷം. ഡപ്യൂട്ടേഷനില്‍ വന്നിട്ടുള്ള കുറച്ചുപേരും ഒപ്പം പുറത്തുനിന്നുള്ള സുഹൃത്തുക്കളും. കേരളഹൌസ് ജീവനക്കാര്‍ക്ക് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. പുറമെ ചില ഗസ്റ്റുകള്‍ക്കും. അവര്‍ അഡീഷണല്‍ റസിഡന്‍റ് കമ്മീഷണര്‍ ആനന്ദ് കുമാര്‍ സാറിനെ വിളിച്ച് പരാതിപ്പെട്ടു. അദ്ദേഹം ഫിറോസ് സാറിനെയും എന്നെയും വിളിച്ചു വിവരമന്വേഷിച്ചു. രാവിലെ എത്തുമ്പോഴേക്കും എല്ലായിടവും വൃത്തിയാക്കി ഇടണം , പരാതി വരാന്‍ പാടില്ല എന്നൊക്കെ പറഞ്ഞു. രാവിലെ തന്നെ ഇത്തരമൊരാഘോഷം അവിടെ നടന്നിട്ടില്ല എന്നുതോന്നും വിധം ജോലിക്കാരെ വച്ച് വൃത്തിയാക്കിച്ചു. ചടങ്ങിന് ഒരു അന്വേഷണമൊക്കെ നടന്നു എന്നു തോന്നുന്നു. അത്രതന്നെ . ഇപ്പോള്‍ 2019 തുടങ്ങുന്ന ഈ വേളയില്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍, ഇതൊക്കെയെ ബാക്കിയുള്ളു എന്നു തോന്നുന്നു. ഇന്ന് വിചാരിച്ചാലും നടക്കാത്ത കാര്യം.
കോളനിയിലെ കുട്ടികളുടെ പാട്ടും നൃത്തവും തംബോലയും ഭക്ഷണവും പൂത്തിരിയും മത്താവുമൊക്കെയായി മറ്റൊരുതരം ആഘോഷത്തിന് ഇപ്പോള്‍ താമസിക്കുന്ന വൃന്ദാവന്‍ കോളനി
അവസരമൊരുക്കുന്നുണ്ട് എന്നതും സന്തോഷപൂര്‍വ്വം ഓര്‍ക്കുന്നു. ഇപ്പോഴും പുറത്ത് 2019 നെ വരവേല്‍ക്കുന്ന ആഘോഷം നടക്കുകയാണ്.
ഡല്‍ഹിയില്‍ കൂടെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്ന ഫിറോസ് സാര്‍, സജീവ്, ജിമ്മിച്ചായന്‍ , അങ്ങിനെ പലരും ഓര്‍മ്മയായി മാറിക്കഴിഞ്ഞു.മറക്കാനാവാത്ത സങ്കടങ്ങള്‍ തന്നുള്ള യാത്രയിലാണ് അവര്‍.
ഹരിദാസും ശ്രീദേവനും കൃഷ്ണചന്ദ്രനും ഗോപനും കണ്ണനും ഗോപിനാഥന്‍ നായര് സാറും മോഹനനും വിനോദും ജയരാജും ഹരി നായരുമെല്ലാം എന്നെ പോലെ ഈ ഓര്‍മ്മകള്‍ അയവിറക്കുന്നുണ്ടാകാം. 2019 മധുരമുള്ള ഓര്‍മ്മകളുടേതാകട്ടെ. എല്ലാവര്‍ക്കും ക്ഷേമ ഐശ്വര്യങ്ങള്‍ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു .
No comments:
Post a Comment