Monday, 31 December 2018

Trip to Manali

2002 ല്‍‍ ആയിരുന്നു ആ യാത്ര. കേരള ഹൌസില്‍ നിന്നും കൃഷ്ണചന്ദ്രനും ശ്രീദേവനും കുടുംബവുമുണ്ടായിരുന്നു. പുറമെ നിന്നും വിനോദും കുടുംബവും കുട്ടിസാബും കുടുംബവും പിന്നെ ബാച്ചിലറായ ശ്രീരാജ് മേനോനും. ഒരു ബസിലായിരുന്നു യാത്ര. മറ്റുള്ളവരെ ഓര്‍മ്മ വരുന്നില്ല.

മഞ്ഞുമലകളുടെ മണാലിയിലൂടെ 



മഞ്ഞിന്‍റെ സാന്ദ്രമായ ശുഭ്രതയില്‍ കുളിച്ചു നില്‍ക്കുന്ന ഭൂമിക. സമതലത്തിനു ചുറ്റാകെ മലകള്‍. മഞ്ഞിന്‍റെ  വെണ്മ പുതച്ച മലകളില്‍ പ്രഭാതസൂര്യന്‍റെ കതിരുകള്‍ സ്വര്‍ണ്ണ ശോഭയേറ്റുമ്പോള്‍ ബിയാസ് നദിയിലെ തെളിമയാര്‍ന്ന  ജലത്തിനും പത്തരമാറ്റ് തിളക്കം. ശരീരവും മനസ്സും യാത്രക്ഷീണം വിട്ടുണര്‍ന്നു . ബിയാസിലെ തണുത്തജലം മുഖത്തുവീണപ്പോള്‍ അമൃത് കഴിച്ച വീര്യം. ദല്‍ഹിയില്‍ നിന്നും പതിനാറുമണിക്കൂര്‍ യാത്ര ചെയ്ത് എത്തിച്ചേര്‍ന്ന ദേവദാരുവിന്‍റെ നാട്.

  മാര്‍ച്ച്  മാസത്തിന്‍റെ ഒടുക്കം. വിനോദസഞ്ചാരികളുടെ പ്രവാഹം തുടങ്ങിയിട്ടില്ല. ഇനിയും രണ്ടാഴ്ചയോളം കഴിയണം. ഹിമാചല്‍ ടൂറിസത്തിന്‍റെ ഹോട്ടല്‍ റോത്താങ്ങ് മണാല്‍സുവിലെ പരിചാരകരിലും ആലസ്യത്തിന്‍റെ ചലനങ്ങള്‍ മാത്രം. എല്ലാം പതുക്കെയാണ്. എന്നും മഞ്ഞണിഞ്ഞു കിടക്കുന്ന ഈ പര്‍വ്വതഭൂവില്‍ മനുഷ്യരെല്ലാം പൊതുവെ തിരക്കില്ലാത്തവരാണ്. നഗരത്തിലെ തിരക്കുകളടെ ജാടകളില്ലാത്ത നിസ്വരുടെ ലോകം.
മണാലിയിലെ ക്ഷേത്രങ്ങളിലും പഴയ കെട്ടിടങ്ങളിലും ബുദ്ധമത സ്വാധീനം തെളിഞ്ഞു കാണാം. 45 വര്‍ഷം  പഴക്കമുള്ള തിബറ്റന്‍ ആശ്രമത്തില്‍ പതിനാലടി വലുപ്പമുള്ള ഒരു ബുദ്ധവിഗ്രഹവും ദലൈലാമ നാട്ടുകാരെ അഭിസംബോധന ചെയ്ത ഒരു ചെറിയ ആശ്രമവും കാണാന്‍ കഴിഞ്ഞു.

ശ്രീരാമന്‍റെ കുലഗുരു വസിഷ്ഠന്‍റെ പേരിലും ഒരു ക്ഷേത്രം മണാലിയിലുണ്ട്. ഏതാണ്ട് ഒന്നര കിലോമീറ്ററോളം കുന്നുകയറിയാണ് വസിഷ്ഠക്ഷേത്രത്തിലെത്തിയത്. 1800 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണെന്ന് പൂജാരിണി സോമവതി പറഞ്ഞു. അവരുടെ മകനാണ് അവിടത്തെ മഹാപൂജാരി. ഒരു കുടുംബം വക ക്ഷേത്രം പോലെയെ തോന്നുകയുള്ളു. ക്ഷേത്രപുനരുദ്ധാരണ ജോലികളും തകൃതിയായി നടക്കുന്നുണ്ട്.തൊട്ടടുത്ത് ഒരു രാമക്ഷേത്രമുണ്ട്. വസിഷ്ഠമുനി അവിടെ പാര്‍ത്തിരുന്നെന്നും ലക്ഷ്മണന്‍ അദ്ദേഹത്തിന് കുളിക്കാന്‍ ചൂടുവെള്ളത്തിനായി അഗ്നിബാണമെയ്ത് ചൂടുവെള്ളം വരുത്തിയെന്നും ഐതീഹ്യം. കുളിക്കാനായി ചൂടുവെള്ളം സദാസമയവും പൈപ്പിലൂടെ ഒഴുകിവരുന്നുണ്ട് എന്നത് സത്യം. മലയടിയില്‍ നിന്നും വരുന്ന ഗന്ധകജലമാണതെന്നു മാത്രം. പുഴുങ്ങിയ മുട്ടയുടെ ഗന്ധമുള്ള ജലം. അതില്‍ കുളിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നും വിശ്വാസികള്‍ അവകാശപ്പെടുന്നു. സ്ത്രീകള്‍ക്കും  പുരുഷന്മാര്‍ക്കും  കുളിക്കാന്‍ പ്രത്യേകം കടവുകള്‍ തീര്‍ത്തിട്ടുണ്ട്.

   പാണ്ഡവരുടെ വനവാസക്കാലത്തിന്‍റെ നല്ലൊരു പങ്ക് കുളുവിലും മണാലിയിലുമായി ചിലവഴിച്ചിട്ടുണ്ട് എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. പുരാതന ക്ഷേത്രങ്ങളില്‍ പലതും പാണ്ഡവരുമായി ബന്ധപ്പെട്ട കഥകളില്‍ കുരുങ്ങികിടപ്പാണ്. അതിലൊന്നാണ് ഹഡിംബദേവി ക്ഷേത്രം. വനവാസക്കാലത്ത് ഭീമന്‍ ഹിഡുംബിയെ കണ്ടതും അനുരക്തനായതും ഇവിടെവച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹിഡുംബിയില്‍ ഭീമന്‍റെ പുത്രന്‍ ഘടോല്‍കചന്‍റെ ജനനവും ഇതേ ഇടത്താണെന്ന് നാട്ടുകാര്‍ കരുതുന്നു. 1553 ല്‍ രാജാ ബഹദൂര്‍ സിംഗാണ് ഇന്നു കാണുന്ന ക്ഷേത്രം പണികഴിപ്പിച്ചത്. പഗോഡയുടെ ആകൃതിയാണ് ക്ഷേത്രത്തിന്.

  മണാലിയുടെ മറ്റൊരാകര്‍ഷണം ബിയാസ് നദി തന്നെ. എത്രനേരം കണ്ടിരുന്നാലും തൊട്ടറിഞ്ഞാലും മടുക്കാത്ത മഞ്ഞുരുകിയ ജലം. രാത്രിയിലെ ഇരുളിലും ദൂരെ മലകളില്‍ മഞ്ഞിന്‍റെ മനോഹരമായ വെളുപ്പ്. അത് കണ്ടുകിടക്കെ ഉറക്കം അറിയാതെ വന്നു തഴുകുന്നു.

അടുത്ത പ്രഭാതവും പുത്തന്‍ ഉണര്‍വ്വുകള്‍ പകര്‍ന്നു  നല്‍കി. മണാലിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കോത്തിയില്‍ ഇറങ്ങി പ്ലാസ്റ്റിക് ഷൂസും മഞ്ഞിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും ഗ്ലൌസും മഞ്ഞില്‍ കുത്തിനടക്കാനുള്ള വടിയും വാടകയ്ക്കെടുത്തു. അവിടെനിന്നും ഗുലാബാ ക്യാമ്പിലേക്ക് കുന്നുകയറുമ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്കിടെ വഴിയരുകിലും വഴിയിലുമായി ചെറിയ മഞ്ഞുമലകള്‍. വടികുത്തുമ്പോള്‍ കുഴിഞ്ഞിറങ്ങുന്ന നനഞ്ഞ പഞ്ചസാര പോലെ മഞ്ഞ്. ഹോളിദിനത്തില്‍ നിറങ്ങള്‍ വാരിയെറിയുന്നതിനു പകരം മഞ്ഞുവാരിയെറിഞ്ഞ് ഞങ്ങള്‍ രസിച്ചു. പിന്നെയും മുകളിലേക്ക്,  കയറാവുന്ന പരമാവധി ദൂരം. മഞ്ഞുമൂടിയ ഒരു നീണ്ട കുന്നിന്‍ ചരിവില്‍ നൂറുകണക്കിന് ജനങ്ങള്‍ ആഹ്ലാദിക്കുന്നു. ഞങ്ങളും അവരില്‍ ഒരാളായി. കാറ്റുനിറച്ച ട്യൂബില്‍ കയറിയിരുന്നു നിരങ്ങിയും മഞ്ഞില്‍ തെന്നിനടന്നും വീണും എത്രയോ സമയം! നേരം വൈകിയിട്ടും മഞ്ഞുവിട്ടിറങ്ങാന്‍ മനസുമടിച്ചു. ശുദ്ധവായുവിന്‍റെ നിറസമൃദ്ധിയില്‍ നിന്നും നാളെ നഗരത്തിന്‍റെ മാലിന്യത്തിലേക്ക് എടുത്തെറിയപ്പെടുന്നതിന്‍റെ വേദന എവിടെയോ മുറിവേല്‍പ്പിക്കുന്നു. നടക്കാന്‍ കഴിയാത്തവര്‍ക്കായി കുതിരകള്‍ വിശ്രമമില്ലാതെ ഓടുന്നു. അതിന്‍റെ  കടിഞ്ഞാണില്‍ കൈമുറുക്കി മലമക്കള്‍ നടക്കുകയാണ്, പ്രഭാതം മുതല്‍ പ്രദോഷം വരെ.
രാവിലെ മലയിറങ്ങുമ്പോള്‍ നദി കൂടെയുണ്ട്. ബിയാസ് വേര്‍പെടാന്‍ മനസില്ലാത്ത കാമുകിയെപോലെ എത്രയോ ദൂരം കൂടെവന്നു. മലയില്‍ നിന്നും അകലും തോറും അവളുടെ നിറം മാറി. അവള്‍ അഴുക്കുകള്‍ ഏറ്റുവാങ്ങി, ഭംഗി നഷ്ടപ്പെട്ട് വൃദ്ധയായി. നഗരമെ, ഈ ഗ്രാമസുന്ദരിയെ നീ എത്രവേഗം വിവശയും പടുവൃദ്ധയുമാക്കി. ഓര്‍മ്മകളില്‍ തെളിയുന്ന വെള്ളിപ്പാദസരകിലുക്കത്തിന്‍റെ താളത്തില്‍ മെല്ലെ കണ്ണുകളടച്ചു. പിന്നെ ഉറക്കമുണരുമ്പോള്‍ മുന്നില്‍ നഗരവും ഇടതടവില്ലാതെ ഓടുന്ന വാഹനങ്ങളും നഗരവാസികളുടെ തിരക്കും.
“ഇനി വീണ്ടും എന്നാണ് മണാലിക്ക് ?”, മനസ് ചോദിച്ചു.
   

No comments:

Post a Comment