Wednesday 31 July 2019

Adikesava perumal temple ,Thiruvattar


 
തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രം



 തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ ത്വാത്തികോര്‍ജ്ജം ആവാഹിക്കപ്പെട്ടിരിക്കുന്നത് സുകുമാരന്‍ നായരിലാണെന്നു തോന്നും. ക്ഷേത്രത്തിലെത്തുന്ന അന്വേഷണത്വരയുള്ള ഏതൊരാള്‍ക്കും ക്ഷേത്രസംബ്ബന്ധിയായ വിവരങ്ങള്‍ നല്‍കാന്‍ ഈ എഴുപത്കാരന് അത്യുത്സാഹമാണ്. ശ്രീകോവിലിലേക്കുള്ള പ്രധാനവാതില്‍ അടച്ചിട്ടിരിക്കുന്നതിനാല്‍  എതിലെയാണ് കയറേണ്ടത് എന്ന സംശയത്തില്‍ നില്‍ക്കുമ്പോള്‍ സുകുമാരന്‍ നായരുടെ പ്രസന്നമായ മുഖം ഞങ്ങളെ തേടിയെത്തി. വരൂ, ഇടതുവശത്തെ ഈ വാതിലിലൂടെ കടക്കാം. വാലായ്മയായതിനാലാണ് പ്രധാന വാതില്‍ തുറക്കാത്തത്, അദ്ദേഹം പറഞ്ഞു. അകത്തുകയറിയ ഉടന്‍ മൂന്ന് വാതിലും തുറന്നിട്ട ആദികേശവ രൂപം കണ്ടു. തെക്കോട്ട് തലവച്ച് ഇടംകൈ അനന്തന് മുകളില്‍ ഉദാസീനമായി ചരിച്ചിട്ടും വലംകൈ ഉയര്‍ത്തിയുമുള്ള യോഗനിന്ദ്ര അഥവാ അഭയഹസ്ത എന്ന നിലയാണ് വിഗ്രഹം. ആദിശേഷന്‍ കാലത്തിന്റെ പ്രതീകമാണ് എന്നു വിശ്വസിക്കപ്പെടുന്നു. സമാധാനപൂര്‍വ്വം പടിഞ്ഞാറോട്ടുനോക്കിയാണ് കിടപ്പ്. പ്രപഞ്ചത്തെ സ്വപ്‌നം കണ്ടുള്ള ആനന്ദശയനമായതിനാല്‍ നരസിംഹമൂര്‍ത്തിയുടെ ക്ഷേത്രം പ്രധാനക്ഷേത്രത്തിന് പുറത്തായി തെക്കു ദിക്കില്‍ നദിയോട് ചേര്‍ന്നാണുള്ളത്. 22 അടി നീളമുള്ള  വിഗ്രഹത്തിന്റെ അസ്ഥി കരിമരമാണ്. തേങ്ങാത്തൊണ്ടാണ് നാഡീവ്യവസ്ഥ. 16008 സാളഗ്രമങ്ങളാണ് ശരീരാവയവങ്ങളെയും ശരീരത്തെയും പ്രതിനിധീകരിക്കുന്നത്. ത്വക്ക് അഥവാ പുറം കവചം കടുശര്‍ക്കര കൊണ്ട് നിര്‍മ്മിതം. അതുകൊണ്ടുതന്നെ ആദികേശവനെ അഭിഷേകം ചെയ്യാറില്ല.  വിഗ്രഹത്തിന് പിന്നിലായി ഗരുഢന്‍,സൂര്യ -ചന്ദ്രന്മാര്‍,പഞ്ചായുധങ്ങള്‍, മധു, കൈബദ എന്നീ അസുരന്മാര്‍ എന്നിവരെ കാണാം. മുന്നില്‍ തലഭാഗത്ത് മഹര്‍ഷി ഹദലേയനും നടുക്കായി ശ്രീദേവിയും ഭൂദേവിയും ഇരിക്കുന്നു. പാദഭാഗത്താണ് ശിവലിംഗം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലും വിഗ്രഹത്തില്‍ സൂര്യരശ്മി പതിയുംവിധമാണ് നിര്‍മ്മാണം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പത്മനാഭപുരം കേന്ദ്രമാക്കി വേണാടും തിരുവിതാംകൂറും ഭരിച്ചിരുന്ന കാലത്ത് ആദികേശവനായിരുന്നു കുലദൈവം. പിന്നീട് തിരുവന്തപുരത്തേക്ക് തലസ്ഥാനം മാറ്റിയപ്പോള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചു. അതോടെ രാജാവിന്റെ വരവ് കുറഞ്ഞു, എന്നാല്‍ പള്ളിവേട്ട, ആറാട്ട് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അമുന്‍തുരുത്തി മഠം പോറ്റിക്കാണ് രാജാവിന്റെ അധികാരം തുല്യം ചാര്‍ത്തി നല്‍കിയിരുന്നത്. അതിപ്പോഴും തുടര്‍ന്നു വരുന്നു. 18 അടി നീളത്തിലുള്ള ശ്രീ പത്മനാഭന്‍ കിഴക്കോട്ട് ദര്‍ശനത്തില്‍ ആദി കേശവനെ നോക്കികിടക്കുന്നു എന്നാണ് സങ്കല്‍പ്പം. ശ്രീരംഗത്തെ വിഗ്രഹം 16 അടിയാണ്. മലയാള നാട്ടിലെ പ്രധാന 13 ദേശങ്ങളില്‍ ഒന്നും 108 ദിവ്യക്ഷേത്രങ്ങളില്‍ ഒന്നുമാണ് ആദികേശവ ക്ഷേത്രം. ചേരവംശത്തിന്റെ ശ്രീരംഗം എന്നും വിളിപ്പേരുണ്ടായിരുന്നു. പട്ടാളത്തിലും തുടര്‍ന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും ജോലി ചെയ്തിരുന്ന സുകുമാരന്‍ നായര്‍ക്ക് കന്യാകുമാരി ജില്ല കേരളത്തിന്റെ ഭാഗമല്ലാതായിതീര്‍ന്നതിന്റെ  ദുഃഖം ഇപ്പോഴുമുണ്ട്. സമ്പല്‍സമൃദ്ധവും ചരിത്രപരമായും ഭൂമിശാസ്ത്രപരമായും കേരളത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ഇടവുമായ കന്യാകുമാരിയെ പാലക്കാടിന്റെ ഒരു ചെറിയ ഇടം വാങ്ങി വിട്ടുകൊടുത്തില്ലെ എന്ന സങ്കടം അദ്ദേഹത്തിന്റെ മാത്രമല്ല, കന്യാകുമാരിയില്‍ പരിചയപ്പെടുന്ന ഓരോ പഴയ തിരുവിതാംകൂറുകാരന്റെയും വികാരമാണ്. നമ്മള്‍ യാത്രചെയ്യുമ്പോഴും ഏത് ഭാഗവും കേരളമാണെന്നേ തോന്നുകയുള്ളു താനും. മലയാളം പറയുന്നവര്‍ ധാരാളവും.
 

  2500 വര്‍ഷം പഴക്കമുള്ള ആദികേശവ ക്ഷേത്രത്തില്‍ ഇപ്പോള്‍ വലിയ പണികള്‍ നടക്കുകയാണ്. പത്തുവര്‍ഷം മുന്നെ വരുമ്പോള്‍ കണ്ട ക്ഷേത്രമല്ല ഇപ്പോള്‍. അന്ന് കടുത്ത ദാരിദ്ര്യം പേറുന്ന, ഉറക്കച്ചടവ് മാറാത്തൊരു ,ക്ഷയിച്ച ഇല്ലം പോലെ തോന്നിച്ചിരുന്ന ക്ഷേത്രത്തിന് ഇപ്പോള്‍ കുറച്ച് ഉഷാറൊക്കെ വന്നിട്ടുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 98 ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. പുറമെ പലരും സഹായിക്കുന്നു. വലിയ തുക വേണ്ടിവരും എന്നാണ് കണക്ക്. ഞങ്ങള്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ ഒരു സംഘം ഹരേകൃഷ്ണക്കാര്‍ അവിടെ വന്നു പോകുന്നത് കണ്ടു. ക്ഷേത്രകൊടിമരമെന്നത് മനുഷ്യന്റെ നട്ടെല്ലുപോലെയാണ് എന്നു സുകുമാരന്‍ നായര്‍. 32 കശേരുക്കള്‍ പോലെ 32 ഖണ്ഡങ്ങളാണ് കൊടിമരത്തിനുള്ളത്. കശേരുക്കള്‍ തേഞ്ഞാല്‍ മനുഷ്യന്‍ വളഞ്ഞുപോകുന്നപോലെ കൊടിമരത്തിന് തേയ്മാനം സംഭവിച്ചാല്‍ ക്ഷേത്രത്തിന് ബലക്ഷയം വരുമെന്ന് നായര്‍ പറഞ്ഞു. അത്തരത്തില്‍ അടിത്തറയിക്ക് തേയ്മാനം സംഭവിച്ച ആദികേശവ ക്ഷേത്രത്തിലെ കൊടിമരം ഒരു ഹിന്ദുവിന്റെ മരണാനന്തര ചടങ്ങുകള്‍പോലെ പൂജകള്‍ നടത്തി ദഹിപ്പിച്ച് ഭസ്മം പുഴയിലൊഴുക്കിയ ശേഷം പുതിയ കൊടിമരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് 2016ലാണ്. കോന്നിയില്‍ നിന്നും കൊണ്ടുവന്ന 70 അടിയിലേറെ നീളമുള്ള തേക്കിന്‍ തടി എള്ളെണ്ണ തോണിയില്‍ ഇട്ടിരിക്കയാണ്. അത് പാകമാകാന്‍ 18 മാസം വേണം. ആ സമയം കഴിഞ്ഞിരിക്കയാണ്. ഇനി  ചെമ്പ് പൂശി സ്ഥാപിക്കുന്നതോടെ ക്ഷേത്രത്തിന് നഷ്ടമായ പ്രതാപം വീണ്ടുകിട്ടുമെന്ന് സുകുമാരന്‍ നായര്‍ വിശ്വസിക്കുന്നു. ഞങ്ങളോട് സംസാരിച്ചു നില്‍ക്കെ സഹപൂജാരി വന്നുപറഞ്ഞു, പൂജയ്ക്ക് സമയമയെന്ന്. അദ്ദേഹം ബാലാലയത്തിന് മുന്നില്‍ കയര്‍കെട്ടി നിവേദ്യപൂജയ്ക്ക് സൗകര്യമൊരുക്കി.

        ആദികേശവന് നാല് കാവല്‍ക്കാരാണുള്ളത്. ജയവിജയന്മാര്‍ കൊടിമരത്തിനടുത്തും ചണ്ഡനും പ്രചണ്ഡനും ശ്രീകോവിലനടുത്തുമാണുള്ളത്. കൊടിമരം തൊഴുത് ബലിപീഠം കടന്നുപോകുമ്പോള്‍ ഭക്തനെ ആവാഹിച്ചിട്ടുള്ള ദോഷങ്ങള്‍ ഒഴിവാകുന്നു എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. ഈ ഭാഗത്ത് നാല് വ്യാളികളും വിഭീഷണനും ശംഖുചൂഡനും താണ്ഡവമാടുന്ന ശിവപെരുമാളും ശ്രീകൃഷ്ണനും ഇന്ദ്രജിത്തും രതി മന്മഥന്മാരും കൊത്തിയിട്ടുണ്ട്. ശിവപെരുമാളിന് ചുറ്റിലുമായി വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും ഹനുമാന്റെയും സാന്നിധ്യം കാണാം. എത്ര മനോഹരമായ ബിംബങ്ങളെയാണ് കല്ലില്‍ കൊത്തിവയ്ക്കുന്നത്.  ഇത്തരം ക്ഷേത്രങ്ങളെല്ലാം നമ്മെ അത്ഭുത്തപ്പെടുത്തുന്നു, കലാകാരന്മാരെ നമ്മള്‍ ബഹുമാനപുരസരം നമിക്കുന്നു. ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന് ചുറ്റും ജീവികള്‍ ലയിച്ചു നില്‍ക്കുന്നു. പാമ്പിന്റെ തലയില്‍ എലി, സിംഹത്തിന്റെ പാല് കുടിക്കുന്ന മാന്‍കുട്ടി എന്നിങ്ങനെ സംഗീതത്തിന്റെ ദിവ്യത്വം അറിയിക്കുന്ന ശില്‍പ്പങ്ങള്‍.

     ഉദയമാര്‍ത്താണ്ഡ വര്‍മ്മ മണ്ഡപം ഒറ്റക്കല്ലിലാണ് തീര്‍ത്തിരിക്കുന്നത്. 18 അടി നീളവും വീതിയും മൂന്നടി കനവുമുള്ള മണ്ഡപത്തിന്റെ മഖപ്പും തൂണുകളും തടിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. മനോഹരമായ ചെറുതും വലുതുമായ ശില്പ്പങ്ങളാണ് സൂക്ഷ്മതയോടെ നടയില്‍ കൊത്തിയിരിക്കുന്നത്. അഷ്ടദിക് പാലകര്‍ക്കു പുറമെ പാലാഴി മഥനമാണ് കൊത്തിയിട്ടുള്ളത്. വാസുകി സര്‍പ്പത്തെ ഉപയോഗിച്ച് പാലാഴി കടയുന്നു. ഒരു വശത്ത് ദേവന്മാര്‍. അതില്‍ മുന്നെ നില്‍ക്കുന്നത് ഗണപതിയാണ്. മറുവശം അസുരന്മാരും. ഗണപതി തീറ്റപ്രിയനായതിനാല്‍ ഗണപതിക്കുള്ള ഭക്ഷണം കൊണ്ടുവരുന്നതാണ് മറുവശം കൊടുത്തിരിക്കുന്നതെന്ന് സുകുമരന്‍ നായര്‍ പറയുന്നു. അസുരന്മാര്‍ക്ക് വിശപ്പില്ല. അവര്‍ രാക്ഷസികളുടെ നൃത്തം കണ്ടുകൊണ്ടാണ് പാലാഴി കടയുന്നത്. ഐപിഎല്‍ നടക്കുമ്പോഴത്തെ നൃത്തവുമായാണ് സുകുമാരന്‍ നായര്‍ അതിനെ ഉപമിക്കുന്നത്. ഏറ്റവും അത്ഭുതമുണര്‍ത്തുന്ന ഒന്നാണ് തിരുഅള്ള മണ്ഡപം. 1740ല്‍ ആര്‍ക്കോട്ട് നവാബാണ് ഇത് നിര്‍മ്മിച്ചത്. രണ്ടര കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു തൊപ്പി അദ്ദേഹം സംഭാവന ചെയ്തിരുന്നു. എന്നാലത് പില്‍ക്കാലത്ത്‌മോഷണം പോയി എന്നതാണ് സങ്കടകരം.ഇപ്പോഴും വര്‍ഷത്തില്‍ 21 ദിവസം തിരുഅള്ള പൂജ നടക്കുന്നുണ്ട്.  ക്ഷേത്രച്ചുവരുകളിലെ ചുവര്‍ചിത്രങ്ങള്‍ നഷ്ടമായത് ആരെയും വേദനിപ്പിച്ചില്ല എന്നതും സങ്കടമുണര്‍ത്തുന്ന കാര്യമാണ്. അധികാരികളില്‍ കല, സംസ്‌കാരം, ചരിത്രം എന്നിവയെകുറിച്ച് അവബോധമില്ലാതെ വരുന്നതിനാല്‍ നമുക്ക് കൈമോശം വരുന്നത് വലിയ സംഭാവനകളാണ്. ഇത് ലോകമൊട്ടാകെ സംഭവിച്ചുകൊണ്ടിരിക്കുന്നു.


  മാര്‍ത്താണ്ടത്തുനിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ ഹരിതാഭ നിറഞ്ഞ ഇടങ്ങളിലൂടെ സഞ്ചരിച്ചാണ് തിരുവട്ടാറിലെത്തുക. അവിടെ ആല്‍ത്തറയില്‍ നാഗപൂജ കാണാം. 30 അടി ഉയരത്തിലാണ് ക്ഷേത്രമതില്‍. വണ്ടി ക്ഷേത്രമുറ്റത്തുതന്നെ പാര്‍ക്ക് ചെയ്യാം. കിഴക്കോട്ട് പടവുകളിറങ്ങിയാല്‍ പുഴയായി. പടവുകളും കല്‍മണ്ഡപവും വേണ്ടത്ര വൃത്തിയായി സൂക്ഷിച്ചിട്ടില്ല. പുഴയിലേക്ക് ഇറങ്ങുന്ന ഭാഗവും അങ്ങിനെതന്നെ. പടിഞ്ഞാറു ഭാഗത്തുള്ള ആറാട്ടുകടവില്‍ ജലം തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. അവിടെ ആളുകള്‍ കുളിക്കുന്നുണ്ടായിരുന്നു.ഇടതുവശത്തായി കുട്ടികളുടെ ഒരു പാര്‍ക്കുണ്ട്. അവിടെ നില്‍ക്കുന്ന കൂറ്റന്‍ ഇലവുമരവും നമ്മെ അതിശയിപ്പിക്കും. ക്ഷേത്രത്തിലേക്ക് കിഴക്കേനട വഴിയും പടിഞ്ഞാറെ നട വഴിയും പ്രവേശിക്കാം. ഉള്‍വരാന്തകള്‍ വളരെ വിശാലമാണ്. അവിടെ തൂണുകളിലെ 224 ദീപാലക്ഷ്മിമാരും വ്യത്യസ്ത മുഖഭാവമുള്ളവരാണ്.  ഒരേക്കറിലേറെ വരുന്ന ക്ഷേത്രപറമ്പില്‍ തമിഴ്‌നാട് ദേവസ്വം കേന്ദ്രസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെയാണ് പുനരുദ്ധാരണം നടത്തുന്നത്. ക്ഷേത്രത്തില്‍ വിവിധ ഇടങ്ങളിലായി വട്ടെഴുത്തിലും മറ്റുമായി 50 ഭാഗങ്ങളില്‍ തമിഴിലും സംസ്‌കൃതത്തിലും രേഖപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്. കുലോത്തുംഗ ചോളന്‍ I, രാജേന്ദ്ര ചോളന്‍ I എന്നിവരുടെ കാലത്തെ പണികളെകുറിച്ചും രേഖകളുണ്ട്.  

    എല്ലാ ക്ഷേത്രങ്ങള്‍ക്കുമെന്നപോലെ ആദികേശവനെകുറിച്ചും ഐതീഹ്യങ്ങളുണ്ട്. ഒരു കഥ ഇങ്ങിനെയാണ്. ദേവന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് വിഷ്ണു ഭഗവാന്‍ കേശവപ്പെരുമാളായി വന്ന് കേശി എന്ന അസുരനെ നിഗ്രഹിച്ചു. അയാളുടെ ഭാര്യ കഠിന പ്രാര്‍ത്ഥനയിലൂടെ ഗംഗയെയും താമ്രപര്‍ണ്ണിയെയും കൊണ്ടുവന്ന് ക്ഷേത്രത്തിന് നാശം വിതയ്ക്കാന്‍ തീരുമാനിച്ചു. ജലം ക്ഷേത്രത്തെ വിഴുങ്ങാതിരിക്കാന്‍ ഭൂമാതാവ് ക്ഷേത്രത്തെ ഉയര്‍ത്തി. ഭഗവല്‍ സാന്നിധ്യം മനസിലാക്കിയ നദികള്‍ ക്ഷമ യാചിക്കുകയും ഭഗവാനെ ചുറ്റാന്‍ ആരംഭിക്കുകയും ചെയ്തു. ക്ഷേത്രത്തിനെ നദികള്‍ ചുറ്റുന്നതിനാലാണ് പ്രദേശത്തിന് തിരുവട്ടാര്‍ എന്നു പേരുവന്നത്. മറ്റൊരു ഐതീഹ്യം ഇങ്ങിനെ. സരസ്വതി ദേവിയുടെ സാന്നിധ്യമില്ലാതെ ബ്രഹ്മാവ് യാഗം നടത്തി. കോപിഷ്ടയായ സരസ്വതി ദേവി കേശന്‍, കേശി എന്നീ അസുരന്മാരെ ഹോമാഗ്നിയില്‍ നിന്നും ജ്വലിപ്പിച്ചെടുത്തു. ഇവര്‍ മൂന്നു ലോകത്തിലും ശല്യമുണ്ടാക്കാന്‍ തുടങ്ങി. ദേവന്മാര്‍ വിഷ്ണുവിനെ സമീപിച്ചു. വിഷ്ണു കേശവപെരുമാളായി വന്ന് കേശനെ തോല്‍പ്പിച്ചു. കേശിയുടെ ആക്രമത്തില്‍ നിന്നും ദേവനെ രക്ഷിക്കാനായി ആദിശേഷന്‍ കേശവനെ പൊതിഞ്ഞു നിന്നു. അതാണ് ആദികേശവന്‍ എന്ന പേരുലഭിക്കാന്‍ കാരണം. സഹോദരന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ കേശിയും സുഹൃത്തായ കോതൈയും രണ്ട് നദികളായി രൂപം മാറി ക്ഷേത്രത്തെ നശിപ്പിക്കാന്‍ പുറപ്പെട്ടു. ഭൂമിദേവി ക്ഷേത്രത്തെ സംരക്ഷിച്ചു. നദികള്‍ ഇപ്പോഴും ചുറ്റി ഒഴുകുന്നു എന്നതാണ് മറ്റൊരു കഥ. പറളിയും കോതൈയും താമ്രപര്‍ണ്ണിയുമാണ്  ചുറ്റി ഒഴുകുന്ന നദികള്‍. കേശനെ കൊന്നശേഷം കേശിയെ തലയണയാക്കി എന്നും കഥയുണ്ട്. 12 കൈകളുള്ള കേശി രക്ഷപെടാന്‍ പലവട്ടം ശ്രമിച്ചു. ഒടുവില്‍ 12 രുദ്രാക്ഷങ്ങള്‍ കൈയ്യിലിട്ട് ബന്ധിച്ചുവെന്നും ഈ രുദ്രക്ഷങ്ങള്‍ വളര്‍ന്ന് 12 ശിവക്ഷേത്രങ്ങളായി എന്നും വിശ്വാസം. ഈ ക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടത്തുന്നത്. അത് സമാപിക്കുന്നത് തിരുവട്ടാറിലും .

   ഉച്ചയോടെ ക്ഷേത്രം അടയ്ക്കും മുന്നെ സുകുമാരന്‍ നായരോട് യാത്ര പറഞ്ഞിറങ്ങി. ഒരു ദക്ഷിണ നല്‍കട്ടെ എന്ന ചോദ്യത്തിന് ഭഗവാന്‍ രണ്ട് പെന്‍ഷനുകളിലായി നാല്‍പ്പതിനായിരത്തിലേറെ രൂപ നല്‍കുന്നുണ്ട്. ഇതെന്റെ സന്തോഷമാണ്. രാവിലെ തുടങ്ങി ഉച്ചവരെയും വൈകിട്ടും ഇങ്ങിനെ കര്‍മ്മം ചെയ്ത് തുടരാന്‍ ഭഗവാന്റെ അനുഗ്രഹം മാത്രംമതി എന്ന് സന്തോഷം രേഖപ്പെടുത്തി. ഒരു പൂമാലയും തന്നു. സജീവ് മൊബൈല്‍ നമ്പര്‍ ചോദിച്ചു. അതൊന്നും ഇല്ലാത്തിന്റെ സുഖത്തിലാണ് ജീവിതം എന്നു മറുപടിയും. ക്ഷേത്രപറമ്പില്‍ ഒരു ടോയ്‌ലറ്റ് സമുച്ചയമുണ്ട്. അവിടെ ആണ്‍-പെണ്‍ എന്നത് തമിഴിലാണ് എഴുത്ത്. ചിത്രവുമില്ല. തമിഴ് അറിയാത്തവന് അടി കിട്ടാന്‍ സാധ്യതയുണ്ട്  എന്ന ബോധ്യത്തോടെ ഞങ്ങള്‍ ( ഞാനും ജയശ്രീയും സജീവും രാധാകൃഷ്ണനും) വണ്ടിയില്‍ കയറി. ഇനി യാത്ര ചിതറാള്‍ മലയിലേക്ക്. 

Wednesday 24 July 2019

Aayirathil oruvan - technically perfect film with an imperfect script


 ആയിരത്തില്‍ ഒരുവന്‍




  1965 ല്‍ ഇറങ്ങിയ  ഒരു എംജിആര്‍ ചിത്രമാണ് ആയിരത്തിലൊരുവന്‍. അതേ പേരില്‍ 2010 ല്‍ ഇറങ്ങിയ ചിത്രവും പഴയ ചിത്രവും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും ഒരു കപ്പല്‍ യാത്രയുടെ ദൃശ്യങ്ങളില്‍ അതിലെ ഒരു പാട്ടുകൂടി ചേര്‍ത്തിട്ടുണ്ട്  പുതിയ ചിത്രത്തിന്റെ സംവിധായകന്‍ ശെല്‍വരാഘവന്‍. സാഹസികതയും സംഘട്ടനങ്ങളും നിറഞ്ഞ ചിത്രമാണ് ആയിരത്തിലൊരുവന്‍. എഡി 1279ല്‍ ചോളസാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച് പാണ്ഡ്യപ്പട തമിഴകം സ്വന്തമാക്കി. ചോളന്മാര്‍ക്ക് എന്തു സംഭവിച്ചു, ആ വംശം പൂര്‍ണ്ണമായും അറ്റുപോയോ എന്ന ചോദ്യത്തില്‍ നിന്നാകണം സംവിധായകന്‍ ഇത്തരമൊരു ചിത്രത്തിന്റെ ബീജം കണ്ടെത്തിയത്. പരാജിതനായ ചോള ചക്രവര്‍ത്തി മരിക്കും മുന്നെ തന്റെ മകനെയും കുറെ വിശ്വസ്തരെയും ഒരു രഹസ്യനാട്ടിലേക്ക് കടത്തിയെന്നും എന്നെങ്കിലും ഒരു സന്ദേശവാഹകന്‍ വന്ന് തഞ്ചാവൂരില്‍ അധികാരമേറാന്‍ വിളിക്കുമെന്നും അപ്പോള്‍ മടങ്ങാമെന്ന പ്രതീക്ഷയോടെ ്അവര്‍ ഒരു ദ്വീപില്‍ കഴിയുന്നുവെന്നുമുളള രീതിയിലാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നത്. രഹസ്യ താവളം മലേഷ്യയുടെയും വിയറ്റ്‌നാമിന്റെയും തായ്‌ലന്റിന്റെയും അതിരാണെന്നും സങ്കല്‍പ്പിക്കുന്നു. പാണ്ഡ്യരുടെ അനന്തരാവകാശികള്‍ക്കും ഇവരെ കണ്ടെത്തി നശിപ്പിക്കുകയും അവരുടെ പ്രിയപ്പെട്ട ഒരു വിഗ്രഹം വീണ്ടെടുക്കുകയും വേണം.

  കഥ തുടങ്ങുന്നത് 2009 ല്‍ ചോളരെ അന്വേഷിച്ചുപോയ ചന്ദ്രമൗലി എന്ന ആര്‍ക്കയോളജിസ്റ്റ് മടങ്ങി വരാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അയാളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുന്നതോടെയാണ്. അനിത എന്ന ക്രൂര സ്വാഭാവത്തിനു പേരുകേട്ട ഇന്റലിജന്‍സ് ഓഫീസറും രവിശേഖരന്‍ എന്ന മറ്റൊരു പരുക്കന്‍ പട്ടാളമേധാവിയും പട്ടാളക്കാരുമാണ് സംഘത്തിലുള്ളത്. ചന്ദ്രമൗലിയുമായി പിണങ്ങികഴിയുന്ന അയാളുടെ മകള്‍ ലാവണ്യയുടെ കൈയ്യില്‍ അച്ഛന്‍ തയ്യാറാക്കിയ റൂട്ടും വിവര ശേഖരവുമുണ്ട്. അതിനാല്‍ അവളെയും ഒപ്പം കൂട്ടുന്നു. മുത്തു എന്ന പോര്‍ട്ടര്‍ നേതാവിന്റെ നേതൃത്വത്തിലുളള ഒരു പോര്‍ട്ടര്‍ സംഘവും ഒപ്പമുണ്ട്.

  ഇവരുടെ സാഹസിക യാത്രയാണ് സിനിമ പറയുന്നത്. ചോളര്‍ വിരിച്ചിട്ട ഏഴ് ട്രാപ്പുകള്‍ അതിജീവിച്ചാലെ അവര്‍ക്ക് ദ്വീപിലെത്താന്‍ കഴിയൂ. കടല്‍ ജീവികളാണ് ആദ്യ ട്രാപ്പ്. അവിടെ കുറേപേര്‍ മരിക്കും. പിന്നീട് മനുഷ്യരെ തിന്നികള്‍, യോദ്ധാക്കള്‍, പാമ്പുകള്‍, പട്ടിണിയുടെ നാളുകള്‍, വേഗം പ്രകൃതി മാറുന്ന മണല്‍കാട്, ബ്ലാക് മാജിക്കിന്റെ ഗ്രാമം ഇങ്ങിനെയാണ് സ്വീക്വന്‍സ്. ഓരോ ഘട്ടത്തിലും മരണങ്ങളും വേര്‍പെടലും വേദനയുമാണ്. വളരെ സാഹസപ്പെട്ടാണ് ഷൂട്ടിംഗ് നടത്തിയിരിക്കുന്നത്.

   കുറച്ചധികം ഭാഗം  ആതിരപ്പിളളിയിലാണ്  ഷൂട്ട് ചെയ്തിരിക്കുന്നത്. കുറേ കാടുകള്‍ നശിപ്പിക്കുന്ന കാഴ്ച കാണേണ്ടി വന്നു. മണലാരണ്യത്തിലെ ഷോട്ടുകളും പാമ്പുകളുടെ ആനിമേഷനുമൊക്കെ വളരെ നന്നായി ചെയ്തിട്ടുണ്ട്. സിനിമയുടെ ഒരു സ്വഭാവമനുസരിച്ച് പോര്‍ട്ടര്‍ മുത്തു ഒരു സൂപ്പര്‍ ഹീറോയായി അവതരിപ്പിക്കപ്പെടുന്നു. അവനോട് റൊമാന്‍സുമായി ഇന്റലിജന്‍സ് മേധാവിയും ആര്‍ക്കയോളജിസ്റ്റും. അതുമായി ബന്ധപ്പെട്ട രംഗങ്ങളും പാട്ടുകളും കൊമേഴ്‌സ്യല്‍ സിനിമയുടെ അനിവാര്യതകള്‍ എന്നെ പറയേണ്ടു. ഒടുവില്‍ അനിതയും ലാവണ്യയും മുത്തുവും ചോളരുടെ അടുത്തെത്തുന്നു. ഇതിലാരാണ് സന്ദേശവാഹകന്‍ എന്നറിയാതെ അനിതയെ വിശ്വസിക്കുന്ന രാജാവിന് അബദ്ധം പറ്റുന്നു. യഥാര്‍ത്ഥത്തില്‍ അനിത പാണ്ഡ്യ പരമ്പരയിലെ കണ്ണിയാണ്. അവള്‍ വിഗ്രഹം സ്വന്തമാക്കുകയും സൈന്യത്തെ എത്തിക്കുകയും ചെയ്യുന്നു. മുത്തുവാണ് സന്ദേശവാഹകന്‍ എന്നവര്‍ തിരിച്ചറിയുന്നു. അനിത നല്‍കിയ വിഷം കാരണം മരണപ്പെടുന്ന പുരോഹിതന്‍ അതിനു മുന്‍പായി അത്ഭുത സിദ്ധികള്‍ മുത്തുവിന് നല്‍കുന്നു. പ്രാകൃതായുധങ്ങള്‍ മാത്രമുളള ചോളരും ആധുനിക യുദ്ധ സന്നാഹമുള്ള ഇന്ത്യന്‍ സൈന്യവും ഏറ്റുമുട്ടുന്നു. രാജാവ് ഉള്‍പ്പെടെയുള്ളവര്‍ മരിക്കുന്നു. എന്നാല്‍ മുത്തു ഇളമുറയിലെ രാജകുമാരനെയും കൊണ്ട് രക്ഷപെടുന്നു. ഇതാണ് ശെല്‍വരാഘവന്റെ സിനിമ പറയുന്നത്.

  3000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വച്ച് സിനിമ ചെയ്യുക, പഴയ കാലം ചിത്രീകരിക്കുക, ഫാന്റസി കൊണ്ടു വരുക, ആക്ഷന്‍ ഒരുക്കുക തുടങ്ങി പ്രയാസമേറിയ ഒത്തിരി സംഗതികള്‍ ചിത്രത്തിലുണ്ട്. ആനിമേഷന്റെയും സാങ്കേതികതയുടെയും ധാരാളം മഹൂര്‍ത്തങ്ങള്‍. ആര്‍.രവീന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന് സിനിമാറ്റോഗ്രാഫി ചെയ്തത് രാംജിയും സംഗീതം ജി.വി.പ്രകാശ് കുമാറും എഡിറ്റിംഗ് കോല ഭാസ്‌ക്കറുമാണ് നിര്‍വ്വഹിച്ചത്. റാംബോ രാജ്കുമാറിന്റെ ആക്ഷന്‍ എടുത്തു പറയേണ്ടതാണ്.

  മുത്തുവായി കാര്‍ത്തിയും അനിതയായി റീമ സെന്നും ലാവണ്യയായി ആന്‍ഡ്രിയ ജെര്‍മിയയും ചോളരാജാവായി പാര്‍ത്ഥിപനും രവിശേഖരനായി അഴകം പെരുമാളും ചന്ദ്രമൗലിയായി പ്രതാപ് പോത്തനും വേഷമിട്ട ചിത്രം കുറേക്കൂടി ഒതുക്കി ചെയ്യാമായിരുന്നു എന്നു തോന്നി. കാര്‍ത്തിയുടെയും പെണ്ണുങ്ങളുടെയും തമാശകള്‍ കുറച്ചും ചോളരുടെ ജീവിതത്തിലെ ചിത്രീകരണം ഒതുക്കിയും ചെയ്യേണ്ടതായിരുന്നു. ചിത്രത്തിന് പിന്നിലെ അധ്വാനം ഒന്നു മാത്രം ചിന്തിച്ചാല്‍ ഒരിക്കല്‍ കണ്ടിരിക്കേണ്ട ചിത്രമാണ് എന്നു പറയാന്‍ കഴിയും. 

Sunday 21 July 2019

kadaram kondan -- An interesting action thriller

 കാദരം കൊണ്ടാന്‍ -  ആദ്യാവസാനം മുഷിയാതെ കാണാവുന്ന  ആക്ഷന്‍ ത്രില്ലര്‍



 കാദരം കൊണ്ടാന്‍ എന്നാല്‍ കാദരം കീഴടക്കിയവന്‍ എന്നാണര്‍ത്ഥം.ആധുനിക മലേഷ്യയിലെ കേഡ (Kedah) ജില്ലയാണ് കാദരം. 1025ല്‍ കാദരം കീഴടക്കിയ വീരരാജേന്ദ്ര ചോളനാണ് ഇങ്ങനൊരു അപരനാമത്തില്‍ അറിയപ്പെടുന്നത്. ചിത്രത്തിലെ നായകന്‍ കെകെ (വിക്രം) മലേഷ്യന്‍ പോലീസിനെ മണ്ടന്മാരാക്കി, അവിടത്തെ അധോലോകത്തിന്റെ ഭാഗമായി കഴിയുന്ന ഡബിള്‍ ഏജന്റാണ്. ഒരു കേസിലും പ്രതിയാകാതെയുള്ള ഗയിമുകളിലൂടെ അയാള്‍ തന്റെ ജീവിതം തുടരുന്നതാണ് സിനിമയില്‍ കാണിക്കുന്നത്. ഒരു പക്ഷെ അതുകൊണ്ടുതന്നെയാകാം ചിത്രത്തിന് മലേഷ്യ പ്രദര്‍ശനാനുമതി നല്‍കാത്തതും.

  2010 ല്‍ ഇറങ്ങിയ പോയിന്റ് ബ്ലാങ്ക് എന്ന ഫ്രഞ്ച് സിനിമയുടെ റീമേക്കായ കാദരം കൊണ്ടാന്‍ ആദ്യാവസാനം മുഷിയാതെ കാണാവുന്ന ആക്ഷന്‍ ത്രില്ലറാണ്.വിക്രത്തിന്റെ കെട്ടും മട്ടും ആകെ മാറിയിരിക്കുന്നു. ലൂസിഫറിലെ ലാലിനെപ്പോലെ ഭംഗിയുള്ള നരച്ച തായിടുമൊക്കെയായി ഒരു സെമിവില്ലന്‍ ക്യാരക്ടര്‍. ചിത്രം തുടങ്ങുമ്പോഴുള്ള നായകന്റെ പ്രവേശനം തന്നെ ചിത്രത്തിന്റെ പോക്ക് വ്യക്തമാക്കുന്നതാണ്. പൂര്‍ണ്ണമായും മലേഷ്യയില്‍ ഷൂട്ടു ചെയ്ത ചിത്രത്തില്‍ വിക്രം രംഗത്തെത്തുന്നത് മലേഷ്യയിലെ പ്രസിദ്ധമായ പെട്രോണാസ് ട്വിന്‍ ടവറിലെ ഒരു കെട്ടിടത്തില്‍ നിന്നും ഗ്ലാസ് ജനാല പൊട്ടിച്ച് ചാടുന്നതായിട്ടാണ്.രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ പിടിക്കപ്പെടുന്നു. പോലീസ് സംരക്ഷരണയില്‍ ആശുപത്രിയില്‍ ചികത്സയിലാകുന്ന കെകെയെ അഡ്മിറ്റു ചെയ്ത വാര്‍ഡിലെ നൈറ്റ് ഷിഫ്റ്റ് നഴ്‌സാണ് വാസു(അബി ഹസ്സന്‍).ഗര്‍ഭിണിയായ ഭാര്യ ആതിര( അക്ഷര ഹസ്സന്‍)യ്‌ക്കൊപ്പം മലേഷ്യയിലെത്തിയിട്ട് പത്തു ദിവസമെ ആകുള്ളു.അമ്മ സഹായിക്കാനായി വരുമൊ എന്നു ചോദിക്കാനായി ഫോണെടുക്കുമ്പോഴാണ് ഒരുവന്‍ കെകെയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മെഷീനുകള്‍ വേര്‍പെടുത്തി പോകുന്നത് അവന്‍ കാണുന്നത്. പെട്ടെന്നുള്ള ഇടപെടലിലൂടെ അവന്‍ കെകെയെ രക്ഷിക്കുന്നു.

  ഈ സംഭവം വീട്ടില്‍ വന്ന് പറയുന്ന സമയത്താണ് വീട്ടിലെത്തുന്ന ഒരുവന്‍ അവനെ അടിച്ചിട്ട് ആതിരയെ തട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് അവസാനംവരെയും രസച്ചരട് മുറിയാതെ മുന്നോട്ടു പോകുന്ന ത്രില്ലറായാണ് ചിത്രം വികസിക്കുന്നത്. മലേഷ്യന്‍ പോലീസിലെ രണ്ട് അന്വേഷണ സംഘങ്ങള്‍ തമ്മിലുള്ള പോരും കഥയുടെ ഭാഗമാണ്. ചിത്രത്തിന്റെ ഒന്നാം പാതി രണ്ടാം പാതിയുടെ ആക്ഷന്‍ ഷോട്ടുകള്‍ക്കുള്ള തയ്യാറെടുപ്പാണെന്നു പറയാം. അനാവശ്യ ഷോട്ടുകളൊ മടുപ്പിക്കുന്ന ഗാനരംഗങ്ങളൊ ഇല്ല എന്നത് ആശ്വാസകരം. എടുത്തുപറയേണ്ടത് ജിബ്രാന്റെ സംഗീതമാണ്. സാധാരണ ആക്ഷന്‍ ചിത്രങ്ങള്‍ അരോചകമായ സംഗീതം കൊണ്ട് നമ്മളെ വിഷമിപ്പിക്കും, എന്നാല്‍ ഈ ചിത്രത്തില്‍ സംഗീതം നമുക്കൊപ്പമാണ് സഞ്ചരിക്കുന്നത്. രാജേഷ് ശെല്‍വ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസിന്റെ ക്യാമറയും പ്രവീണിന്റെ എഡിറ്റിംഗും നല്ല നിലവാരം പുലര്‍ത്തുന്നു. ലെന, ജാസ്മിന്‍,ചെറി മാര്‍ദിയ, സിദ്ധാര്‍ത്ഥ,വികാസ്,രാജേഷ് കുമാര്‍, രവീന്ദ്ര, പുറവാളന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Saturday 20 July 2019

Athiran - a film that could be made better


 അതിരന്‍ - മെച്ചമാക്കാമായിരുന്ന ചിത്രം




 വിവേകിന്റെ ആദ്യ ചിത്രമാണ് അതിരന്‍. കഥയുടെ ത്രഡ് വിദേശിയാണെങ്കിലും കേരളത്തിലെ എഴുപതുകളുടെ പശ്ചാത്തലത്തിലേക്ക് അതിനെ കൊണ്ടുവരുകയും വളരെ ക്ലീഷെ ഉളവാക്കുന്ന കോവിലകത്തെ സ്വത്ത് തര്‍ക്കത്തിലേക്കും അതുമായി ബന്ധപ്പെട്ട കോലപാതക പരമ്പരകളിലേക്കും അതിനെ ഏറ്റിയിടാനും വിവേക് ശ്രമിച്ചു. ഒരു സൈക്കോ-ത്രില്ലറിന് ആവശ്യമായ വിധം കോവിലകത്തെ ഇളയ തലമുറയില്‍ ഒരാളെ സ്‌കിസോഫ്രീനിയയ്ക്കും  മറ്റൊരാളെ ഓട്ടിസത്തിനും വിട്ടുകൊടുത്തു. ഇവരുടെ കഥയാണ് അതിരന്‍. ഊട്ടിയിലെ മനോഹരമായ ലൊക്കേഷനും പലപ്പോഴും കണ്ടതാണെങ്കിലും ഇഷ്ടം തോന്നുന്ന ഊട്ടിയുടെ പ്രകൃതി ഭംഗിയും ബ്രിട്ടീഷ് കാലത്തെ കെട്ടിടങ്ങളും നന്നായി സന്നിവേശിപ്പിക്കാന്‍ സംവിധായകനും ക്യാമറ ചെ്ത അനു മൂത്തേടത്തിനും കഴിഞ്ഞിട്ടുണ്ട്. പി.എഫ്. മാത്യൂസിന് കുറേക്കൂടി സമയമെടുത്തും മനസിരുത്തിയും തിരക്കഥ-സംഭാഷണം തയ്യാറാക്കാന്‍ കഴിഞ്ഞെങ്കില്‍ ഷട്ടര്‍ ഐലന്റ് പോലെയല്ലെങ്കിലും മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു മനോഹര സൈക്കോ ത്രില്ലറാക്കി ഇതിനെ മാറ്റാമായിരുന്നു.

  തുടക്കത്തില്‍ ചിത്രം നല്കുന്ന പ്രതീക്ഷകള്‍ ക്രമേണ കുറഞ്ഞു വരുന്നു എന്നതാണ് ഇതിലെ കുഴപ്പം. പേരന്‍പില്‍ ഓട്ടിസം കൈകാര്യം ചെയ്യുന്ന രീതി നമ്മള്‍ കണ്ടതാണ്. സായി പല്ലവി നന്നായി ഈ ചിത്രത്തില്‍ ഓട്ടിസം ബാധിച്ച ഒരു കൗമാരക്കാരിയെ അവതരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്, എങ്കിലും സംവിധായകന് വേണ്ടത്ര മികവില്‍ ആ കഥാപാത്രത്തെ എത്തിക്കാന്‍ കഴിഞ്ഞില്ല. പാട്ടിനുവേണ്ടിയും പ്രണയത്തിനുവേണ്ടിയുമൊക്കെ ഒരുക്കിയ രംഗങ്ങള്‍ കുറയ്ക്കാമായിരുന്നു. എങ്കില്‍ സിനിമ കാണുന്നവര്‍ക്ക് റിലാക്‌സ് ചെയ്യാന്‍ അവസരം കൊടുക്കാതെ മുന്നോട്ടു പോകാമായിരുന്നു. ഡോക്ടര്‍ ബഞ്ചമിനായി വരുന്ന അതുല്‍ കുല്‍ക്കര്‍ണിയുടെ ക്യാരക്ടറിനെയും കുറേക്കൂടി മെച്ചമാക്കാന്‍ കഴിയേണ്ടതായിരുന്നു. കൊട്ടാരവും 500 ഏക്കര്‍ ഭൂമിയുമുള്‍പ്പെടുന്ന സ്വത്ത് ബെഞ്ചമിനെ ഏല്‍പ്പിക്കുന്നതിലുമൊക്കെ ഒരു കണ്‍വിന്‍സിംഗ് എലിമെന്റ് കുറവാണ്. ഫഹദിന് സൈക്കോളജിസ്റ്റ് ഡോക്ടര്‍.നായരുടെ അപരന്‍ വേഷം ഭംഗിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അയാളൊരു സ്‌കിസോഫ്രീനിക്കാണ് എന്ന് കൊടുംസൈക്കോളജിസ്റ്റായ ബെഞ്ചമിന് മനസിലാവുന്നില്ല എന്നത് പോരായ്മയാണ് . വളരെ കുറച്ചു കഥാപാത്രങ്ങളെ ഉള്ളുവെങ്കിലും എല്ലാവരും മനസില്‍ തട്ടും വിധം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല.

  എങ്കിലും ഒരു തവണ കണ്ടിരിക്കുന്നതില്‍ മുഷിവ് തോന്നാത്ത ചിത്രമാണ് അതിരന്‍. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഇതില്‍ നിന്നും ഉള്‍ക്കൊണ്ട അനുഭവ പാഠത്തില്‍ നിന്നംു വിവേക് മനോഹരമായ ഒരു ചിത്രവുമായി 2020ല്‍ നമുക്ക് മുന്നിലെത്തും എന്നു പ്രതീക്ഷിക്കാം. പശ്ചാത്തല സംഗീതമൊരുക്കിയ ജിബ്രാനും എഡിറ്റിംഗ് നിര്‍വ്വഹിച്ച അയൂബ് ഖാനും അഭിനന്ദനം അര്‍ഹിക്കുന്നു.

  ശാന്തി കൃഷ്ണ, ലെന, പ്രകാശ് രാജ്, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, ലിയോണ ലിഷോയ്, സുരഭി ലക്ഷ്മി, വിജയ് മേനോന്‍ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 

Friday 19 July 2019

Tamil movie - KEE - a spoiled theme


 കീ - നിരാശപ്പെടുത്തിയ  തമിഴ് ചിത്രം 



  ഇന്റര്‍നെറ്റിന്റെ ലോകം നന്മയ്ക്കും തിന്മയ്ക്കും ഉപയോഗിക്കാം. നന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍ നമുക്കതില്‍ ആനന്ദം കണ്ടെത്താം, തിന്മയാണെങ്കില്‍ അതിലേക്ക് അറിഞ്ഞൊ അറിയാതെയൊ ചെന്നുചാടുന്നവര്‍ക്കെല്ലാം നാശമുണ്ടാകും. ബ്ലൂവെയ്ല്‍ പോലുള്ള ഗയിമുകള്‍ എത്രയൊ പേരുടെ മരണത്തിന് ഇടയാക്കി. ഹാക്കേഴ്‌സിലും നല്ലവരും കെട്ടവരുമുണ്ട്. തമാശയ്ക്കായി ഹാക്ക് ചെയ്യുന്ന ,എന്നാല്‍ എന്‍ജിനീയറിംഗ് പഠനത്തില്‍ വലിയ താത്പര്യം കാണിക്കാത്ത ഒരു വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ്. ജീവിതം മൊത്തത്തില്‍ ഒരു തമാശയായി കാണുന്ന അപ്പന്‍ ഗണേശ് റാവുവും ഗൗരവക്കാരിയായ അമ്മ വള്ളിയും അവന്റെ സുഹൃത്ത് മാര്‍ക്കും ചേര്‍ന്നാണ് കഥയുടെ പശ്ചാത്തലമൊരുക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്ണുങ്ങളാണ് ദിയയും വന്ദനയും.

ഹാക്കിംഗിലൂടെ പെണ്‍കുട്ടികളുടെ സ്വകാര്യതപോലും കണ്ടെത്തുന്ന കഥാപാത്രമാണ് സിദ്ധാര്‍ത്ഥ്. അങ്ങിനെയിരിക്കെ, നാട്ടില്‍ കുറെ അപകടങ്ങള്‍ സംഭവിക്കുന്നു. എല്ലാംതന്നെയും അദൃശ്യനായ ഒരാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഭവിക്കുന്നതും. ആ അദൃശ്യന്‍ ശിവം എന്ന മാനസികരോഗിയായ കംപ്യൂട്ടര്‍ വിദഗ്ധനും അവന്റെ സുഹൃത്തുക്കളുമാണ്. സിദ്ധാര്‍ത്ഥ് അവരുടെ ശത്രുവായി മാറുന്നത് അവന്‍ അവര്‍ക്ക് മാര്‍ഗ്ഗതടസമാകുമ്പോഴാണ്. സിദ്ധാര്‍ത്ഥിനെ ഇല്ലായ്മ ചെയ്യാനുള്ള ശിവത്തിന്റെ ശ്രമത്തില്‍ സിദ്ധാര്‍ത്ഥിന് നഷ്ടമാകുന്നത് അവന്റെ പ്രിയപ്പെട്ട അച്ഛനെയാണ്. തുടര്‍ന്ന് ,അവന്‍ അതിസാഹസികമായി തന്ത്രങ്ങള്‍ മെനഞ്ഞ് ശിവത്തെയും കൂട്ടരെയും ഇല്ലായ്മ ചെയ്യുന്നു. ഇതാണ് കഥ.

എന്നാല്‍ തിരക്കഥ സംവിധാനം നിര്‍വ്വഹിച്ച കാളീസിന് ചിത്രത്തെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കാന്‍ കഴിഞ്ഞില്ല. കളിയും തമാശയും ഇടയ്ക്കല്‍പ്പം ഗൗരവവും എന്ന വിധമായിപ്പോയി ചിത്രം. അതുകൊണ്ടുതന്നെ ഇതൊരു കൊമേഷ്യല്‍ കോമഡിയുമായില്ല സയന്‍സ് ഫിക്ഷനുമായില്ല. എവിടെയും എത്താതെപോയൊരു ചിത്രം. കഥാപാത്രങ്ങള്‍ക്കൊന്നും മനസില്‍ ഇടം കിട്ടാതെപോയി. അബിനന്ദന്‍ രാമാനുജത്തിന്റെ ക്യാമറയും നാഗൂരന്റെ എഡിറ്റിംഗും വിശാല്‍ ചന്ദ്ര ശേഖറിന്റെ സംഗീതവും ശരാശരിക്ക് മുകളിലാണ്. എങ്കിലും സംവിധായകന്റെ അസാന്നിധ്യം ചിത്രത്തെ തകര്‍ത്തുകളഞ്ഞു.

സിദ്ധാര്‍ത്ഥായി ജീവയും ശിവമായി ഗോവിന്ദ് പത്മസൂര്യയും ദിയയായി നിക്കി ഗില്‍റാണിയും വന്ദനയായി അനൈക സോതിയും പ്രത്യക്ഷപ്പെട്ടു. സിദ്ധാര്‍ത്ഥിന്റെ സുഹൃത്തായ മാര്‍ക്കിനെ അവതരിപ്പിച്ച ആര്‍.ജെ.ബാലാജിയും അച്ഛനായി വന്ന രാജേന്ദ്ര പ്രസാദും അമ്മയായി അഭിനയിച്ച സുഹാസിനിയുമാണ് കുറച്ചെങ്കിലും ശ്രദ്ധ കിട്ടിയ കഥാപാത്രങ്ങള്‍.

കാലീസ് ഭാവിയില്‍ ചിത്രമെടുക്കുമ്പോള്‍ നല്ല ഹോംവര്‍ക്ക് ചെയ്യും എന്നു പ്രതീക്ഷിക്കാം. 

Thursday 18 July 2019

Super Deluxe - A super duper Tamil movie

 സൂപ്പര്‍ ഡീലക്‌സ്

തമിഴ് ഭാഷയില്‍ അടുത്തകാലത്ത് കണ്ട മികച്ച ചിത്രം ഏതെന്നു ചോദിച്ചാല്‍ തീര്‍ച്ചയായും അത് സൂപ്പര്‍ ഡീലക്‌സാണ്. വളരെ വ്യത്യസ്തമായ നാല് ജീവിതാനുഭവങ്ങളുടെ മനോഹരമായ ഇഴചേര്‍ക്കലിലൂടെയാണ് ത്യാഗരാജന്‍ കുമാരരാജ താനൊരു മികച്ച സംവിധായകനാണ് എന്നു തെളിയിക്കുന്നത്. അതും ആറുവര്‍ഷം നീണ്ട മൗനത്തിനുശേഷമുള്ള പുനഃപ്രവേശനത്തിലൂടെ.

ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മനുഷ്യരുടെ നെറിയും നെറികേടും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കുറ്റങ്ങളും കുറവുകളും അറിവില്ലായ്മയും അന്ധവിശ്വാസവും ഒപ്പം കുറെ നന്മകളുമാണ് സംവിധായകനും തിരക്കഥാകാരന്മാരും ചേര്‍ന്ന് അവതരിപ്പിക്കുന്നത്.

ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയം മുന്‍കാമുകനെ വിളിച്ചുവരുത്തി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വയമ്പിലൂടെയാണ് കഥ തുടങ്ങുന്നത്. ബന്ധപ്പെടുന്നതിനിടയില്‍ അവന്‍ മരിക്കുന്നു. ബോഡി എന്തുചെയ്യും എന്നറിയാതെ അമ്പരക്കുന്ന അവളുടെ മുന്നില്‍ ഭര്‍ത്താവ് മുഗില്‍ പ്രത്യക്ഷപ്പെടുന്നത് അടുത്ത ഫ്‌ളാറ്റിലെ താമസക്കാരന്റെ അതിഥികളെ വിശ്രമിക്കാനായി കൂട്ടിക്കൊണ്ടുവന്നുകൊണ്ടാണ്. അതില്‍ വികൃതിയായ ഒരു പയ്യനും. അവര്‍ അവിടെ ഇരിക്കുമ്പോള്‍ത്തന്നെ വയമ്പ് മുഗിലിനോട് കാര്യം പറയുന്നു. അവള്‍ കുറ്റമേറ്റ് പോലീസിന് കീഴടങ്ങാന്‍ തയ്യാറാകുന്നുണ്ടെങ്കിലും വലിയ അഭിനേതാവാകാന്‍ സ്വപ്‌നം കണ്ട് കഴിയുന്ന മുഗില്‍ അതിനെ എതിര്‍ക്കുന്നു. ബോഡി ഡിസ്‌പോസ് ചെയ്താലുടന്‍ ഡൈവോഴ്‌സ് എന്ന വ്യവസ്ഥയില്‍ അവര്‍ എത്തിച്ചേരുന്നു. ശരീരം സൂക്ഷിച്ചിരിക്കുന്നത് ഫ്രിഡ്ജിലാണ്. അതിഥികള്‍ക്ക് ചായയുണ്ടാക്കാന്‍ ഫ്രിഡ്ജില്‍ നിന്നും പാലെടുക്കുമ്പോള്‍ ഒരു സ്ത്രീയുടെ ചോദ്യമുണ്ട്, ഫ്രിഡ്ജില്‍ നോണ്‍ വെജ് ഒന്നുമില്ലല്ലൊ --ല്ലെ ?  ഇവിടെ തുടങ്ങി ബ്ലാക് ഹ്യൂമറിന്റെ ഒരു ഘോഷയാത്രയാണ് ചിത്രത്തില്‍.

ഈ കുടുംബത്തിന്റെ കഥയ്ക്ക് സമാന്തരമായി മൂന്ന് കഥകളുണ്ട്. ഒന്ന്, നീലചിത്രംകാണാന്‍ ക്ലാസ് കട്ട് ചെയ്ത് തുയവന്റെ വീട്ടില്‍ കൂടുന്ന കൂട്ടുകാര്‍.ചിത്രം തുടങ്ങുമ്പോള്‍ കാണുന്നത് കൂട്ടത്തിലുള്ള സൂരിയുടെ അമ്മയെയാണ്. സൂരി വയലന്റാവുന്നു. ടിവി തല്ലിയുടച്ച ശേഷം അവന്‍ ഇറങ്ങി ഓടുന്നു. മോഹന്‍ എന്ന സുഹൃത്ത് പിന്നാലെയും.

തുയവന് ജീവിതം വഴിമുട്ടിയപോലെയായി. വൈകിട്ട് അച്ഛന്‍ വരുന്നതിന് മുന്‍പ് പുതിയ ടിവി വാങ്ങിവച്ച് പഴയതിനെ മാറ്റണം. കൂട്ടുകാരായ ബാലാജിയും വസന്തും ഒപ്പം ചേര്‍ന്നു. അവര്‍ പൈസയുണ്ടാക്കാനായി ഒരു ലോക്കല്‍ ഗുണ്ടയില്‍ നിന്നംു ഒരു ക്വട്ടേഷന്‍ വര്‍ക്ക് എടുക്കുന്നു.

ഈ സമയം ജ്യോതിയുടെ വീട്ടില്‍ ആഘോഷത്തിരക്കാണ്. ജ്യോതിയുടെ ഭര്‍ത്താവ് മാണിക്കം ഏഴുവര്‍ഷത്തിന് മുന്‍പ് വീട് വിട്ടുപോയിട്ട് മടങ്ങി വരുകയാണ്. ബന്ധുക്കളൊക്കെ കൂടിയിട്ടുണ്ട്. മകന്‍ റാസൂട്ടി ത്രില്ലിലാണ്. ഒടുവില്‍ വന്നിറങ്ങുന്നത് ട്രാന്‍സ് വുമണായി മാറിയ ശില്‍പ്പ എന്ന മാണിക്കം. എല്ലാവരും തരിച്ചു നില്‍ക്കുമ്പോള്‍ റാസൂട്ടിമാത്രം നോര്‍മല്‍. അവന് അപ്പായെ സ്‌കൂളില്‍ കൊണ്ടുപോകണം.കൂട്ടുകാരെ കാണിച്ചു കൊടുക്കണം.

അമ്മയെ കൊല്ലാന്‍ സ്‌ക്രൂ ഡ്രൈവറുമായി പോയ സൂരി പടിയില്‍ കാലുതെറ്റി വീണതോ സ്വയം കുത്തിയതോ എന്നറിയാത്തവിധം നെഞ്ചത്ത് മുറിവോടെ വീടിന് മുന്നില്‍ വീഴുന്നു. അമ്മ ലീല അവനെ ആസ്പത്രിയില്‍ കൊണ്ടുപോകുന്നു. അവള്‍ വേശ്യാവൃത്തി ചെയ്ത് കുടുംബം പോറ്റേണ്ടി വന്നത് ഭര്‍ത്താവ് ധനശേഖരന്‍ അന്ധവിശ്വാസിയായി മാറിയതിനാലാണ്. സുനാമിയില്‍ രക്ഷപെട്ടവനാണ് ധനശേഖരന്‍. അവന്‍ കെട്ടിപ്പിടിച്ചു കിടന്ന പ്രതിമയാണ് അവനെ രക്ഷിച്ചത് എന്ന വിശ്വാസത്തില്‍ ആ പ്രതിമയെ പൂജിക്കുന്ന ധനശേഖരന്‍ അര്‍പ്പുതം എന്നാണറിയപ്പെടുന്നത്.പ്രാര്‍ത്ഥനയിലൂടെ രോഗങ്ങള്‍ മാറ്റാന്‍ കഴിവുണ്ട് തനിക്കെന്ന് അര്‍പ്പുതം വിശ്വസിക്കുന്നു. അവന്‍ ആശുപ്രത്രിയില്‍ നിന്നും മകനെ തട്ടിയെടുത്ത് പ്രതിമയ്ക്കുമുന്നില്‍ കൊണ്ടുവന്ന് രോഗശാന്തി ശുശ്രൂഷ ചെയ്യുന്നു. ലീല വന്ന് ബലമായി അവനെ തിരികെ കൊണ്ടുപോകുന്നു.

മാണിക്കവും മോനും സ്‌കൂളിലേക്ക് പോകും വഴി റാസക്കുട്ടിയെ മൂത്രമൊഴിക്കാന്‍ യൂറിനലില്‍ കൊണ്ടുപോകുന്നു. ഒരു പോലീസുകാരന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ആളാണ് മാണിക്കമെന്ന ധാരണയില്‍ അവനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോകുന്നു. ബെര്‍ലിന്‍ എന്ന വിടനായ സ്‌റ്റേഷന്‍ ഓഫീസര്‍ മാണിക്കം എന്ന ശില്‍പ്പയെ ഓറല്‍ സെക്‌സിന് വിധേയയാക്കുന്നു. അവിടെ നിന്നും അവനും മകനും സ്‌കൂളിലെത്തുമ്പോള്‍ അവിടെയും മോശമായ അനുഭവമുണ്ടാകുന്നു. അതോടെ മാണിക്കം തിരികെ മുംബയ്ക്കുപോകാന്‍ ടിക്കറ്റെടുക്കുന്നു. ഇതിനിടെ റാസക്കുട്ടിയെ കാണാതാകുന്നു.

ബോഡി ഫ്‌ളാറ്റില്‍ നിന്നും സമര്‍ത്ഥമായി പുറത്തുകൊണ്ടുവന്ന് റയില്‍വെ ട്രാക്കില്‍ വണ്ടി നിര്‍ത്തി ട്രെയിന്‍ വണ്ടിയിലിടിച്ച് മരണപ്പെട്ടു എന്ന സാഹചര്യം സൃഷ്ടിക്കാനായിരുന്നു മുഗിലിന്റെ പദ്ധതി. എന്നാല്‍ ബര്‍ലിന്‍ ഇത് കണ്ടെത്തുന്നു. അവിടെയും ബര്‍ലിന് ആവശ്യം സുന്ദരിയായ വയമ്പിനെയാണ്. പണം കൊടുക്കാമെന്നു പറയുന്നത് അയാള്‍ കേള്‍ക്കുന്നില്ല. ഭാര്യയും ഭര്‍ത്താവും കടുത്ത മനസിക സമ്മര്‍ദ്ദത്തിലാവുന്നു.

ടിവി വാങ്ങാന്‍ പണമുണ്ടാക്കാന്‍ ക്വാട്ടേഷന്‍ ഏറ്റെടുത്ത് പരാജയപ്പെട്ട കുട്ടികള്‍ക്ക് ലേക്കല്‍ ഗുണ്ട നിശ്ചയിച്ച ബാധ്യതകൂടി നിറവേറണ്ട അവസ്ഥയാണുണ്ടാവുന്നത്. ഗത്യന്തരമില്ലാതെ അവര്‍ ഒരു സേട്ടുവിന്റെ വീട്ടില്‍ കയറി മോഷണം നടത്തുന്നു. പക്ഷെ ലഭിക്കുന്നത് കാലഹരണപ്പെട്ട 500 ന്റെ നോട്ടുകളായിരുന്നു. അവര്‍ വീണ്ടും സേട്ടുവിന്റെ വീട്ടില്‍ത്തന്നെ പോകുന്നു. അവിടെവച്ച് ഒരു പെണ്‍കുട്ടിയെ കാണുന്നു. അവള്‍ പണം നല്കാന്‍ സമ്മതിക്കുന്നു. പക്ഷെ അവള്‍ ഒരന്യഗ്രഹ ജീവിയാണ് എന്നകാര്യം അവരെ ബോധ്യപ്പെടുത്തുന്നു. സേട്ടുവുമായി ലിങ്ക് ചെയ്താണ് അവള്‍ ഭൂമിയില്‍ ജീവിച്ചിരുന്നത്. സേട്ടു മരിച്ചതോടെ അവള്‍ക്കൊരു ബന്ധക്കാരന്‍ വേണം പകരമായി. ബാലാജിയില്‍ ഇഷ്ടം തോന്നിയ അവള്‍ ബാലാജിയുടെ ഒരു ക്ലോണിനെ ഉണ്ടാക്കി ഒപ്പം നിര്‍ത്തി അപരനെ കൂട്ടുകാര്‍ക്കൊപ്പം വിട്ടു. അവര്‍ ടിവി വാങ്ങി വീട്ടില്‍ വച്ചു.

ബര്‍ലിന്‍ ഒരൊഴിഞ്ഞ ഷെഡിലേക്ക് മുഗിലെനെയും വയമ്പിനെയും കൊണ്ടുവരുന്നു. മുഗിലിനെ വണ്ടിയില്‍ ചെയിനില്‍ നിര്‍ത്തിയശേഷം വയമ്പിനെ ബാലാല്‍ക്കാരത്തിനൊരുങ്ങുന്നു. പഴയ ടിവി എടുത്ത് ഫ്‌ളാറ്റിന് മുകളില്‍ നിന്നും കുട്ടികള്‍ വലിച്ചെറിയുന്നത് ഈ സമയത്താണ്. മേല്‍ക്കൂരകീറി അത് കൃത്യമായി ബെര്‍ലിന്റെ തലയില്‍ വീണ്  അയാള്‍ മരിക്കുന്നു. രണ്ട് ബോഡിയും ഒന്നിച്ച് വാഹനത്തില്‍ ഇരുത്തി വയമ്പും മുഗിലും സ്‌കൂട്ടാവുന്നു.

റാസക്കുട്ടിയെ കാണാതായ മാണിക്കം പോകുംവഴി അര്‍പ്പുതത്തെ കാണുന്നു. മാണിക്കവും സുനാമിയില്‍ നിന്നംു രക്ഷപെട്ടാതാണെന്നും എന്നിട്ടും പാപിയായ ഞാന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി വിറ്റെന്നും അവര്‍ കണ്ണും കൈയ്യുമില്ലാതെ ഭിക്ഷാടനം നടത്തുന്നത് കണ്ടിട്ടുണ്ടെന്നുമൊക്കെ പറയുന്നു. മകന്റെ ചികിത്സയ്ക്ക് പണംകിട്ടാതെ ഭ്രാന്ത് മൂത്ത് അര്‍പ്പുതം പ്രതിമ തകര്‍ക്കുന്നു. വലരെകാലം മുന്‍പ് മുങ്ങിയ ഒരിറ്റാലിയന്‍ കപ്പലിലുണ്ടായിരുന്ന പ്രതിമയായിരുന്നു അത്. പ്രതിമ പൊട്ടിയപ്പോള്‍ പുറത്തേക്ക് ചിതറിയത് ഡയമണ്ടുകള്‍. പണം കിട്ടിയതോടെ അര്‍പ്പുതം മകന്റെ ഓപ്പറേഷന്‍ നടത്തിക്കുന്നു. ലീലയ്‌ക്കൊപ്പം ജീവിതത്തിലേക്ക് മടങ്ങുന്നു.

മാണിക്കം വീട്ടിലെത്തുമ്പോള്‍ മകന്‍ അവിടെയുണ്ട്.അച്ഛന്‍ മടങ്ങിപ്പോകുമെന്നത് അവനെ വേദനിപ്പിച്ചു. അവനുവേണ്ടി അയാള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നു. വയമ്പും മുഗിലും ഒന്നിച്ചു തന്നെ ജീവിക്കാന്‍ തീരുമാനിക്കുന്നു.

 ജീവിതത്തെക്കുറിച്ചുള്ള ചില ഫിലോസഫികള്‍ ഒരു പോണ്‍ഡോക്ടര്‍ പറയുന്നതിന്റെ വിഷ്വലുകളും ഇഴചേര്‍ത്ത്, നീയും ഞാനും ഈ പ്രപഞ്ചവും കണികകളും എല്ലാം ഒന്നാണെന്ന് അന്യഗ്രഹ ജീവിയായ പെണ്‍കുട്ടി പറയുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

സിനിമയുടെ കഥ ത്യാഗരാജന്റേതുതന്നെയാണ്. തിരക്കഥ നാല് പേര്‍ ചേര്‍ന്നാണ് തയ്യാറാക്കിയത്. ത്യാഗരാജന് പുറമെ മിസ്‌ക്കിനും നളന്‍ കുമാരസ്വാമിയും നീലന്‍.കെ.ശേഖറുമാണ് ഇത് നിര്‍വ്വഹിച്ചത്. കൂട്ടായ്മയുടെ ഒരു ശക്തി തിരക്കഥയ്ക്കുണ്ട്. പി.എസ്.വിനോദും നിരവ് ഷായും ചേര്‍ന്ന് ഒപ്പിയെടുത്ത ദൃശ്യങ്ങളെ കോര്‍ത്തിണക്കിയത് സത്യരാജ് നടരാജനാണ്. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം ചിത്രത്തിന് മാറ്റുകൂട്ടി. അഭിനേതാക്കള്‍ ഒന്നിനൊന്ന് മികച്ചു നിന്നു. ശില്‍പ്പ എന്ന മാണിക്കമായി വിജയ് സേതുപതി തന്റെ മറ്റൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. വയമ്പായി സാമന്തയും മുഗിലായി ഫഹദ് ഫാസിലും മികച്ച അഭിനയം കാഴ്ചവച്ചു. രമ്യ കുഷ്ണന്റെ ലീലയും മിസ്‌ക്കിന്റെ അര്‍പ്പുതവും മികവുറ്റതായി. ബര്‍ലിനായി വരുന്ന ഭഗവതി പെരുമാളിനോട് തോന്നുന്ന പക അയാളുടെ മരണത്തിലും തീരാത്തവിധമാക്കാന്‍ ആ നടന് കഴിഞ്ഞു. റാസൂട്ടിയായി വന്ന അശ്വന്തും അമ്മ ജ്യോതിയായി വന്ന ഗായത്രിയും  കൗമാരക്കാരായ വിജയ്, നവീന്‍, ജയന്ത്, അബ്ദുള്‍ ജബ്ബാര്‍, രാമസാമിയായി വന്ന രാമണ,അന്യഗ്രഹജീവിയായി വന്ന മൃണാളിനി രവി എന്നിവരെ എടുത്തു പറയേണ്ടതുണ്ട്. തീര്‍ച്ചയായും ത്യാഗരാജനില്‍ നിന്നും വീണ്ടും മികച്ച രചനകള്‍ പ്രതീക്ഷിക്കാം. 



Saturday 13 July 2019

The Sixth Sense -- a 1999 Hollywood movie


 ദ സിക്‌സ്ത് സെന്‍സ് 

 1999 ല്‍ മനോജ് നൈറ്റ ് ശ്യമളന്‍ എഴുതി സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമാണ് ദ സിക്‌സ്ത് സെന്‍സ്. ഒരുപാട് ട്വിസ്റ്റുകളുള്ള ചിത്രം പോലെതന്നെയായിരുന്നു ഇതിന്റെ നിര്‍മ്മാണവും. മനോജ് കഥ പറഞ്ഞപ്പോള്‍ തന്നെ വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോയിലെ പ്രൊഡക്ഷന്‍ പ്രസിഡന്റ് ഡേവിഡ് വോഗലിന് കഥ ഇഷ്ടമായി.കമ്പനി അധികൃതരോട് ആലോചിക്കാതെതന്നെ 3 ദശലക്ഷം ഡോളര്‍ നല്‍കി സ്‌ക്രിപ്റ്റ് വാങ്ങി മനോജിനോട് തന്നെ സംവിധാനം ചെയ്യണം എന്നും നിര്‍ദ്ദേശിച്ചു. പക്ഷെ കമ്പനിക്ക് കഥയില്‍ വലിയ പ്രതീക്ഷ തോന്നിയില്ല. അവര്‍ വോഗലിനെ പുറത്താക്കി. നിര്‍മ്മാണാവകാശം സ്‌പൈ ഗ്ലാസ് എന്റര്‍ടെയിന്‍മെന്റിന് വില്‍ക്കുകയും ചെയ്തു. വിതരാണവകാശവും 12.5 ശതമാനം ബോക്‌സ് ഓഫീസ് അവകാശവും നിലനിര്‍ത്തി. 40 ദശലക്ഷത്തിന് ചിത്രം പൂര്‍ത്തിയാക്കി. പരസ്യച്ചിലവ് ഉള്‍പ്പെടെയായിരുന്നു ഈ തുക. പിന്നെയുണ്ടായത് ചരിത്രമാണ്. ആ വര്‍ഷം സ്റ്റാര്‍ വാര്‍സ് -എപ്പിസോഡ് -1 ദ ഫാന്റം മെനേസിന് പിന്നില്‍ കളക്ഷനില്‍ രണ്ടാം സ്ഥാനം നേടി ചിത്രം. അമേരിക്കയില്‍ മാത്രം 293 ദശലക്ഷം ഡോളറും പുറത്ത് 379 ദശലക്ഷം ഡോളറും.

സിക്‌സ്ത് സെന്‍സിന്റെ കഥ ഇങ്ങനെ.

മാല്‍ക്കവും ഭാര്യയും ഒരു ഫങ്ക്ഷന്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ബാത്ത്‌റൂമില്‍ നില്‍ക്കുകയായിരുന്ന ഒരു മാനസിക രോഗി അയാളെ വെടിവയ്ക്കുന്നു. ബാലനായിരുന്നപ്പോള്‍ മാല്‍ക്കം വിഭ്രാന്തിക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നവനായിരുന്നു അക്രമി. അവനോട് എന്തെങ്കിലും വിശദീകരിക്കും മുന്നെ അവന്‍ വെടിയുതിര്‍ത്തു.

മാല്‍ക്കം സീയറിനെ കൗണ്‍സില്‍ ചെയ്യുന്നതാണ് പിന്നീട് നമ്മള്‍ കാണുന്നത്. സിയറിന്റെ സ്വഭാവം അമ്മയെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു. അവന്‍ മാനസികാസ്വാസ്ഥ്യം കാട്ടുകയും ശരീരത്തില്‍ സ്ഥിരമായി മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യുമായിരുന്നു. കുറച്ചടുപ്പമായപ്പോള്‍ അവന്‍ മാല്‍ക്കത്തോട് കാര്യം തുറന്നു പറഞ്ഞു. മരിച്ചവര്‍ അവന്റടുത്തുവന്ന് സംസാരിക്കാറുണ്ട് എന്നതാണ് അവനറിയിച്ചത്. സിയറിന് മതിവിഭ്രമമാണ് എന്നതിനാല്‍ ഈ കേസ് ഉപേക്ഷിക്കാം എന്നു തന്നെ മാല്‍ക്കം തീരുമാനിച്ചു. എങ്കിലും അവന്‍ നല്‍കിയ ഒരു ടേപ്പ് കേള്‍ക്കെ അതില്‍ സ്പാനിഷ് ഭാഷയില്‍ ഒരാള്‍ കരഞ്ഞുകൊണ്ട് യാചിക്കുന്നത് മാല്‍ക്കത്തിന്റെ ശ്രദ്ധയില്‍പെട്ടു. അതോടെ മാല്‍ക്കം സിയറിനെ വിശ്വസിക്കാന്‍ തുടങ്ങി. സിയറിന് കിട്ടിയ ഈ സിദ്ധി വഴി പ്രേതങ്ങളുടെ പൂര്‍ത്തിയാക്കാത്ത ആഗ്രഹം സാധിച്ചുകൊടുത്തുകൂടെ എന്ന നിര്‍ദ്ദേശം മാല്‍ക്കം മുന്നോട്ടു വയ്ക്കുന്നു. സീയര്‍ ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ സമ്മതിക്കുന്നു.

അന്ന് രാത്രിയില്‍ ഒരു പെണ്‍കുട്ടി സിയറിന് മുന്നില്‍ വന്ന് ഛര്‍ദ്ദിച്ചു വീഴുകയും അവന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. അവന്‍ മരണവീട്ടിലെത്തി  അവളുടെ ആഗ്രഹപ്രകാരം ഒരു വീഡിയോ ടേപ്പ് അച്ഛന് നല്‍കുന്നു. അവളുടെ രണ്ടാനമ്മ അവള്‍ക്ക് വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കുന്നതായിരുന്നു വീഡിയോയില്‍. ഇളയ സഹോദരിയെ ഇത്തരത്തില്‍ കൊലചെയ്യുന്നതില്‍ നിന്നും രക്ഷിക്കുകയായിരുന്നു ആ ആത്മാവിന്റെ ദൗത്യം.

തുടര്‍ന്ന് ഇത്തരം ചില സംഗതികള്‍ കൂടി അവര്‍ ചെയ്യുന്നു. സ്‌കൂളില്‍ ചീത്തപ്പേരുണ്ടായിരുന്ന സിയര്‍ സ്‌കൂള്‍ നാടകത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്നു. ഒടുവില്‍ മാല്‍ക്കം യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അയാളുടെ ഭാര്യ അന്ന ഉറങ്ങിക്കിടക്കുമ്പോള്‍ അവളോട് സംസാരിക്കണം എന്ന് സിയര്‍ നിര്‍ദ്ദേശിക്കുന്നു.
അന്ന്  അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ റോഡില്‍ വാഹന തടസം ഉണ്ടാകുന്നു. അവന്‍ അമ്മയോട് പറയുന്നു, മുന്നില്‍ ഒരു സ്ത്രീ അപകടത്തില്‍പെട്ട് മരിച്ചിട്ടുണ്ടെന്ന്. അതെങ്ങിനെ അറിയാം എന്ന ചോദ്യത്തിന് എന്റെ സീറ്റിന് വലതുവശം അവര്‍ നില്‍പ്പുണ്ട് എന്നവന്‍ മറുപടി നല്‍കുന്നു. അവര്‍ അവിശ്വസിക്കുമ്പോള്‍ അവന്‍ മരണപ്പെട്ട അമ്മുമ്മയോട് സംസാരിച്ച കാര്യങ്ങള്‍ പറയുന്നു. അതില്‍ അമ്മയുടെ കുട്ടിക്കാലത്തെ കാര്യങ്ങളും ഉള്‍പ്പെട്ടിരുന്നു. അവന് പ്രേതങ്ങളുമായി സംസാരിക്കാന്‍ കഴിയുമെന്ന് അമ്മ മനസിലാക്കുന്നു.

മാല്‍ക്കം വീട്ടിലെത്തുമ്പോള്‍ അന്ന അവരുടെ വിവാഹ വീഡിയൊ ടിവിയിലിട്ട് കണ്ട് ആ കിടപ്പില്‍ ഉറങ്ങുകയായിരുന്നു. നീ എന്തിനെന്നെ വിട്ടുപോയി എന്ന് അന്ന ഉറക്കത്തില്‍ ചോദിക്കുന്നുണ്ടായിരുന്നു. ആ ചോദ്യത്തിനൊപ്പം അവരുടെ വിവാഹമോതിരം അവളുടെ കൈയ്യില്‍ നിന്നും താഴെ വീഴുന്നു. പെട്ടെന്ന് വെടിയേറ്റ ഓര്‍മ്മ മാല്‍ക്കത്തിന് തിരികെ എത്തുന്നു. അയാള്‍ ശരീരത്തിന്റെ പിന്‍ഭാഗത്ത് തൊട്ടുനോക്കുന്നു. അപ്പോഴും ചോരയുടെ നനവ്. താന്‍ മരണപ്പെട്ടവനാണെന്ന തിരിച്ചരിവ് മാല്‍ക്കത്തിനുണ്ടാകുന്നു. മരിക്കും മുന്‍പ് പറയാന്‍ ബാക്കിവച്ച വാക്കുകള്‍ അയാള്‍ ഉരുവിടുന്നു. അന്ന, നിന്നെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു, മറ്റെന്തിനേക്കാളും അധികം. ഇത്രയും പറയുന്നതോടെ മാല്‍ക്കം അപ്രത്യക്ഷനാകുന്നു.

ഇതില്‍ സാധാരണ ഭയം ജനിപ്പിക്കുന്ന ഹോളിവുഡ്  ചിത്രങ്ങളിലെ പോലെ ശബ്ദവും ദൃശൃവും അനാവശ്യമായി ഉപയോഗിക്കാതെ കുടുംബബന്ധം , വ്യക്തിബന്ധംം, മനശാസ്ത്ര പരമായ വിഷയങ്ങള്‍ ഒക്കെ മനോഹരമായി അപഗ്രഥിക്കുകയാണ് എഴുത്തുകാരനും സംവിധായകനും. എന്നാല്‍ കാണികളില്‍ ഒരു സുഖമുള്ള ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. ചിത്രത്തിലെ സസ്‌പെന്‍സും  അവസാനമുള്ള ട്വിസ്റ്റുമാണ് ഏറ്റവും  വലിയ പ്രത്യേകത. അതുതന്നെയാണ് 20 വര്‍ഷത്തിനുശേഷവും ഈ ചിത്രം പുതുമ നശിക്കാതെ നിലനില്‍ക്കുന്നതും.



Monday 8 July 2019

Water scarcity - Kerala should take some harsh steps

ജലദൗര്‍ലഭ്യം - മുന്‍കരുതല്‍ അനിവാര്യം 



ഇന്ത്യയൊട്ടാകെ കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. തമിഴ്‌നാട് അതീവഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അയല്‍വക്കത്തെ ഈ അവസ്ഥയിലേക്ക് കേരളം എപ്പോള്‍ വേണമെങ്കിലും വീഴാം എന്നതാണ് സത്യം. വീഴട്ടെ എന്നിട്ടുനോക്കാം എന്നു ചിന്തിക്കുന്നതിനേക്കാള്‍ വീഴാതിരിക്കാനുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുകയാവും നല്ലത്. കടുത്തത് എന്നാല്‍ വലിയ എതിര്‍പ്പിന് സാധ്യതയുള്ളത് എന്നുതന്നെയാണ് അര്‍ത്ഥം.


   കേരളം ഭൂസാന്ദ്രത കുറഞ്ഞതും ജനസാന്ദ്രത കൂടിയതുമായ സംസ്ഥാനമാണല്ലൊ. എന്നാല്‍ വ്യക്തിസമ്പന്നതയിലും മറ്റ് സാമൂഹ്യ ഇന്‍ഡക്‌സുകളിലും മികച്ചും നില്‍ക്കുന്നു. അതുകൊണ്ടുതന്നെ മലയാളികള്‍ കൂട്ടുകുടുംബം ഉപേക്ഷിച്ച് അണുകുടുംബങ്ങളായി മാറി. പണ്ട് 50 സെന്റ് ഭൂമിയുണ്ടായിരുന്ന കുടുംബങ്ങള്‍ പല തലമുറകള്‍ക്കായി വീതം വച്ച് 10-5 സെന്റുകളുടെ ഉടമയായി. എല്ലാവരും അവരവരെകൊണ്ട് കഴിയുന്നതിലും വലിയ വീടുകള്‍ വച്ചു. ചിലര്‍ നിക്ഷേപമെന്ന നിലയില്‍ ഒന്നിലേറെ വീടുകള്‍ വച്ചു. അതിനുപുറമെ ഫ്‌ളാറ്റുകള്‍ വാങ്ങി. ഇതിനിടയില്‍ ഒന്നുമില്ലാത്ത പാവപ്പെട്ടവര്‍ തോടുകളുടെയും പുഴകളുടെയുമടുത്ത് സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ വച്ചു. മെല്ലെ അടിസ്ഥാനം കെട്ടിയും തകരം മറച്ചുമൊക്കെ ഭാഗിക വീടുകളാക്കി. ഇങ്ങിനെ കേരളം കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഒരു മഹാനഗരമായി മാറി.

 രണ്ടര സെന്റു മുതല്‍ 10 സെന്റ് വരെ നിറഞ്ഞു നില്‍ക്കുന്ന വീടുകളാണ് നമുക്കുള്ളത്. ആ പ്രദേശത്തുണ്ടായിരുന്ന മുഴുവന്‍ മരങ്ങളും വെട്ടിമാറ്റി, കാലില്‍ മണ്ണും ചെളിയും പറ്റാതിരിക്കാന്‍ തറ കോണ്‍ക്രീറ്റു ചെയ്തും ടൈല്‍സിട്ടും നമ്മള്‍ മണ്ണിനെയും വെളളത്തെയും മഴയെയും വെറുക്കുന്നവരായി മാറി. കാറില്‍ നിന്നും നേരെ വീട്ടിലെ എയര്‍കണ്ടീഷന്‍ മുറിയിലേക്ക് കടക്കാനുളള വ്യഗ്രതയിലാണ് നമ്മള്‍. സര്‍ക്കാര്‍ ഭൂമികളിലും ആരാധനാലയങ്ങളുടെ ഭൂമിയില്‍ പോലും ഇത്തിരി മണ്ണ് കണ്ടാല്‍ അവിടെ ഒരു കെട്ടിടം പണിയുക എന്നതായി മലയാളിയുടെ മാനസികാവസ്ഥ. ഇതിനു പിന്നില്‍ പണത്തോടുളള ആര്‍ത്തിയും സൗകര്യങ്ങളേടുള്ള ഭ്രമവും ഒക്കെയുണ്ടാവാം. ഏതായാലും ശരിയായ ദിശയിലല്ല കാര്യങ്ങളുടെ പോക്ക്.

   വലിയ വെള്ളപ്പൊക്കവും തുടര്‍ന്ന് വലിയ വരള്‍ച്ചയും എന്ന നിലയില്‍ കേരളം മാറുകയാണ്. കാടും മേടും ഇല്ലാതാക്കുന്നതിലാണ് നമുക്ക് താത്പ്പര്യം. കുളങ്ങള്‍ നികത്തുക, പാടങ്ങള്‍ നികത്തുക, ചതുപ്പുകള്‍ നികത്തുക, മലകള്‍ ഇടിച്ചിറക്കുക, മൂന്നാറിലും വയനാട്ടിലുമൊക്കെ വമ്പന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക, ഇതെല്ലാം വികസനമാണ് എന്നുകൂവി നടക്കുക എന്നതാണ് വിദ്യാഭ്യാസവും വിവരവും ഉണ്ടെന്നവകാശപ്പെടുന്ന മലയാളി ഇപ്പോള്‍ ചെയ്യുന്നത്.

  ഭൂസാന്ദ്രത കുറഞ്ഞ കേരളത്തിന് ഇങ്ങിനെ മുന്നോട്ടുപോകാന്‍ കഴിയില്ല. യൂറോപ്പിലൊ അമേരിക്കയിലൊ കാനഡയിലൊ പോയി സെറ്റില്‍ ചെയ്യാം എന്നു കുരുതുന്ന നേതാക്കള്‍ക്കൊ വ്യവസായികള്‍ക്കൊ ഒക്കെ എങ്ങിനെയും പോകട്ടെ നാട് എന്നു കരുതാമായിരിക്കാം. എന്നാല്‍ ഇടത്തരം-താണ വരുമാനക്കാര്‍ക്ക് ഈ മണ്ണ് പ്രിയപ്പെട്ടതാണ്. അവര്‍ക്ക് ചേക്കേറാന്‍ മറ്റൊരിടമില്ല. അവര്‍ സമ്പന്നരുടെയും അധികാരികളുടെയും അഹങ്കാരങ്ങള്‍ക്ക് കൂട്ടുനിന്നാല്‍ അവര്‍ നേടുകയും പാവങ്ങള്‍ക്ക് നഷ്ടപ്പെടുകയും ചെയ്യും. നമുക്ക് തിരിച്ചറിവുണ്ടാകേണ്ടിയിരിക്കുന്നു. ലോകത്തിലെ ഭൂ ഇടങ്ങളില്‍ ഏറ്റവും മികച്ച ഒന്നിനെയാണ് പ്രകൃതി പശ്ചിമഘട്ടിത്തനിപ്പുറം തന്നത്. അതിനെ നമ്മളായിട്ട് ഇല്ലായ്മ ചെയ്യുകയാണ്. ഇത് നിയന്ത്രിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.

   നിര്‍ദ്ദേശങ്ങള്‍

1. കേരളത്തില്‍ വീടുനിര്‍മ്മാണത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണം. ഗ്രാമങ്ങളിലുള്‍പ്പെടെ ഫ്‌ളാറ്റുകള്‍ മാത്രമെ അനുവദിക്കാവൂ. അതും വീടില്ലാത്തവര്‍ക്ക് വേണ്ടി മാത്രം.ഒരു വീട് വയ്ക്കുമ്പോള്‍ കവര്‍ ചെയ്തുപോകുന്ന മണ്ണില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചാല്‍ കുറഞ്ഞത് 20 നില പണിതാല്‍ 20 വീടുകള്‍ക്കുളള ഇടമായി മാറും. ബാക്കി ഭൂമി വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ചും മഴക്കുഴികളുണ്ടാക്കിയും സംരക്ഷിക്കാം. 

2. എല്ലാ വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മഴവെള്ള സംഭരണികള്‍ സ്ഥാപിക്കണം. സ്ഥാപിക്കലും മേല്‍നോട്ടവും പരിപാലനവും ഒറ്റ ഏജന്‍സിയില്‍ നിക്ഷിപ്തമാക്കണം.അതല്ലെങ്കില്‍ സംഭരണികളുണ്ടാക്കും, പക്ഷെ പ്രയോജനപ്പെടുത്തില്ല. നിര്‍മ്മാണത്തിലാണല്ലൊ പൊതുവെ എല്ലാവര്‍ക്കും നോട്ടവും താത്പ്പര്യവും.

3. എല്ലാ സ്ഥാപനങ്ങള്‍ക്കും സൗരോര്‍ജ്ജം നിര്‍ബ്ബന്ധമാക്കണം

4. ഒഴിഞ്ഞു കിടക്കുന്ന എല്ലാ സ്ഥലങ്ങളിലും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് പ്രദേശിക വനങ്ങളുണ്ടാക്കണം.

5. പശ്ചിമഘട്ട പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തി വയ്ക്കണം.

6. ആദിവാസികളെ കാടിന് വെളിയിലേക്ക് മാറ്റി പാര്‍പ്പിച്ച്, വനം വകുപ്പില്‍ ജോലി നല്‍കണം. കാടും നാടും തമ്മില്‍ വേര്‍തിരിക്കുന്ന രണ്ട് കിലേമീറ്റര്‍ വ്യാസത്തിലുളള ബഫര്‍ സോണുണ്ടാക്കണം. പ്രവര്‍ത്തനക്ഷമമല്ലാത്ത എല്ലാ പ്ലാന്റേഷനുകളും വനം വകുപ്പിന്റെ കീഴിലാക്കി വനവത്ക്കരണം നടത്തണം.

7. ഒന്നിലേറെ വീടുള്ളവരില്‍ നിന്നും പരിസ്ഥിതി സെസ് ഈടാക്കണം. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ ഉടമകളില്‍ നിന്നും പരിസ്ഥിതി പെനാല്‍റ്റി ഈടാക്കണം.

8. എല്ലാ വാര്‍ഡുകളിലും കുറഞ്ഞത് ഒരു കുളമെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണം.

9. കുഴല്‍കിണറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം.

10. നദികളും കായലുകളും സംരക്ഷിക്കാന്‍ അധികാരമുള്ള പ്രാദേശിക സമിതികളുണ്ടാക്കണം.

11. കായല്‍ ടൂറിസം നിയന്ത്രിച്ച് പരിസ്ഥിതി മെച്ചപ്പെടുത്തണം

12. ഏഷ്യയില്‍ ഭൂട്ടാനും യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലന്റും പോലെ ഹൈഎന്‍ഡ് ടൂറിസം മാത്രം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി നാശം പരമാവധി കുറയ്ക്കണം

  വികസന ഇന്‍ഡക്‌സിനേക്കാള്‍ ഹാപ്പിനസ് ഇന്‍ഡ്കസിന്  പ്രാധാന്യം നല്‍കിയും ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തെ നിലനിര്‍ത്തിയും ഇവിടെ വസിക്കുന്നവര്‍ക്ക് ജലദൗര്‍ലഭ്യമുണ്ടാകില്ല എന്നുറപ്പാക്കുന്നതാവട്ടെ കേരളത്തിന്റെ ഭരണസംവിധാനം. നമുക്ക് നഷ്ടമായ നദികളെയും ഹരിതാഭയെയും അതിനെ ചുറ്റിപ്പറ്റി നിന്ന ജീവജാലങ്ങളെയുമെല്ലാം തിരിച്ചുപിടിക്കാം. വികസന ഇന്‍ഡക്‌സ് മനഃസമാധാനം ഇല്ലാതാക്കുമെങ്കില്‍ ഹാപ്പിനസ് ഇന്‍ഡക്‌സ് അത് തിരികെകൊണ്ടുവരും എന്ന പാഠം നമുക്കുള്‍ക്കൊള്ളാം. രാഷ്ട്രീയത്തിനുപരിയായി നമുക്ക് ഭാവിയെകുറിച്ച് ചര്‍ച്ച ചെയ്യാം. മനുഷ്യനും പ്രകൃതിയുമുണ്ടെങ്കിലല്ലെ രാഷ്ട്രീയവും ദൈവവുമുണ്ടാകൂ !!

Sunday 7 July 2019

Story - Thikachum sadharanam

കഥ

തികച്ചും സാധാരണം

(2004 ല്‍ ജൂലൈയില്‍ കുങ്കുമത്തില്‍  പ്രസിദ്ധീകരിച്ചത്)

പുലരിവെട്ടം വീണ് കുളിര്‍മ്മ മാറിയ മുറ്റം. അവിടം നിറയെ റോസാപ്പൂക്കളുടെ സുഗന്ധം പരത്തുന്ന കാറ്റ്.

ഇത് പ്രൊഫസര്‍ ജോസഫ് അഗസ്റ്റിന്‍ ഫെര്‍ണാണ്ടസിന്റെയും ചിന്നമ്മു ഫെര്‍ണാണ്ടസിന്റെയും വീട്ടുമുറ്റം. ഇവരെകൂടാതെ ഈ വീട്ടില്‍ ഏക മകള്‍ റോസിയും ഡ്രൈവര്‍ സുരേഷും അടുക്കളയില്‍ ത്രേസ്യ ചേച്ചിയും പിന്നെ കുറെ കിളികളും ഒരു പൊമറേനിയന്‍ നായയും സുന്ദരിപ്പൂച്ചയുമുണ്ട്.

കിളികള്‍ കൊത്തിച്ചിനയ്ക്കുന്ന ബഹളത്തിനൊപ്പം അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ കിലുങ്ങുന്ന സ്വരവും വ്യക്തമായി കേള്‍ക്കാം.

പ്രൊഫസര്‍ സുസ്‌മേരവദനനായി പ്രധാനഹാളിലെത്തി. ഹാള്‍ നിറയെ കോളേജ് കുമാരന്മാരും കുമാരികളും. ഹാളിലെ ബഹളം പെട്ടെന്നു നിലച്ചു.

പ്രൊഫസര്‍ ഒന്നുരണ്ട് കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് ശേഷം പുസ്തകം കൈയ്യിലെടുത്ത് മാക്ബത്ത് നാടകത്തിന്റെ രണ്ടാമങ്കത്തിലേക്ക് ഓടിക്കയറി.

നാടകാന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രൊഫസറുടെ ചാതുര്യം അപാരമാണ്. ഉയര്‍ന്ന ശബ്ദവും ഭാവങ്ങളും കരചലനവും കൊണ്ട് കുട്ടികളെ നിശബ്ദരാക്കിയിരുത്താന്‍ പ്രൊഫസര്‍ക്ക് തീരെ പ്രയാസമില്ല.

ശ്വാസമടക്കിയിരുന്ന് കേള്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. മണിക്കൂറുകള്‍ വിടചൊല്ലി പിരിഞ്ഞു. എല്ലാം മറന്നുള്ള ഒഴുക്കാണ്. ആര്‍ക്കും തടയാന്‍ തോന്നാത്തൊരൊഴുക്ക്. എന്നാല്‍ തടയാതിരിക്കാനും കഴിയില്ല. കോളേജില്‍ എത്തേണ്ട കുട്ടികളാണ്. പ്രൊഫസര്‍ക്കും കോളേജില്‍ എത്തേണ്ടതുണ്ട്. സമയത്തിനൊപ്പം ഒരിക്കലും നടക്കാത്ത ആളാണ് പ്രൊഫസര്‍. പലപ്പോഴും പിന്നാലെ, ചിലപ്പോള്‍ മുന്നെയും.

' സാര്‍ ', സുരേഷ് വിളിച്ചു. വാതിലിനു മുന്നില്‍ അവന്‍ പ്രത്യക്ഷപ്പെട്ട് നല്‍കുന്ന സൂചന എന്തെന്ന് പ്രൊഫസര്‍ക്കറിയാം. സമയം ഏറെയാകുന്നു, ക്ലാസ് മതിയാക്കാം എന്നാണ് ആ സൂചന. പ്രൊഫസര്‍ തലയുയര്‍ത്തി വിളിയുടെ പൊരുള്‍ മനസിലാക്കി പുസ്തകം മടക്കി. കുട്ടികള്‍ ഹാള്‍വിട്ട് പുറത്തേക്ക് പാഞ്ഞു. ഇനി അടുത്ത വണ്ടി കിട്ടിയിട്ടുവേണം കോളേജിലെത്താന്‍.

പ്രൊഫസറും ധൃതിയില്‍ ഒരുങ്ങിയിറങ്ങി.

ആദ്യ പീരിയഡ് സെക്കന്റ് ബിഎയ്ക്കാണ്.

സുരേഷിന്റെ കരചലനങ്ങള്‍ക്കൊപ്പം മാരുതി പാഞ്ഞു. വേഗത പോരായെന്ന് പ്രൊഫസര്‍ക്കു തോന്നി. എഴുപതിന് താഴെയായാല്‍ പിന്നെ  അസ്വസ്ഥതയാണ്.

' എന്താടാ സുരേഷെ, ഇത് എറുമ്പുവണ്ടിയൊ ? ', പ്രൊഫസര്‍ കളിയാക്കും.

' സാര്‍, ട്രാഫിക്  ?', അവന്‍ പതിയെ പറയും

' എന്ത് ട്രാഫിക്, നീ മാറ് , ഞാനോടിച്ച് കാണിക്കാം ', അവന്‍ വെറുതെ ചിരിച്ചു, പതിവുള്ളൊരു പരാതി കേട്ടപോലെ.

 കാറിനുള്ളിലെ കണ്ണാടിയില്‍ പ്രൊഫസര്‍ സൂക്ഷിച്ചുനോക്കി. കാലം മുഖത്ത് അനേകം വികൃതികള്‍ കാട്ടിയിരിക്കുന്നു.

കണ്ണിനു താഴെ കറുപ്പ്.

വികസിച്ചു വരുന്ന നെറ്റി

തേജസു കുറഞ്ഞ മുഖചര്‍മ്മം.

എങ്കിലും മനസില്‍ യൗവ്വനം ചിറകടിക്കുന്നു, ഒരു മോഹപക്ഷിയായി പറന്നുയരാന്‍ കൊതിക്കുന്നു.

കോളേജ് എത്തിയതറിഞ്ഞില്ല. വണ്ടിയില്‍ നിന്നിറങ്ങി നേരെ ക്ലാസിലേക്ക് -

ഹാളില്‍ നിറഞ്ഞു നില്‍ക്കുന്ന നിറങ്ങളുടെ പ്രസരിപ്പ്. കൗമാരത്തിന്റെ ഗന്ധമാണ് ചുറ്റിലും. പ്രൊഫസറുടെ കണ്ണിലേക്ക്, തലച്ചോറിലേക്ക് ഒരു ജ്വാലയായിറങ്ങി വന്നത് സുമവും രാജിയും.

കുട്ടികളാണെങ്കിലും തീഷ്ണമായ ഒരാവേശത്തോടെ അവര്‍ -

പലപ്പോഴും കുറ്റബോധത്തിന്റെ ഒരു ചങ്ങല -

പിന്നെ എല്ലാം മറന്നൊരു സുഖാനുഭൂതി

വീണ്ടും --

ആവര്‍ത്തിക്കപ്പെടുന്ന ശരികളുടെയും തെറ്റുകളുടെയും മലകളിലൂടെ ചവിട്ടിത്തളര്‍ന്ന് ഒടുവില്‍ -

പര്‍ണ്ണശാല കെട്ടി പഴങ്ങളും കഴിച്ച് ,പുഴവെള്ളം കുടിച്ച് ഒരു വാത്മീകത്തിലൊളിക്കാന്‍ കഴിഞ്ഞാല്‍ -

എങ്കില്‍ - എല്ലാ തെറ്റുകളില്‍ നിന്നും മോചനമായി.

പിന്നൊരു രാമായണം കഥ

അതുറക്കെ പാടി , കിളിപ്പെണ്ണിനെ പാടി പഠിപ്പിച്ച് --

സ്വപ്‌നജീവിയായ പ്രൊഫസര്‍ക്ക് ചിന്നമ്മു ഫെര്‍ണാണ്ടസിനെ കുറിച്ച് ചിന്തിക്കാന്‍ എവിടെ നേരം. ചിലപ്പോള്‍ ഒന്നോ രണ്ടോ വാക്കുകള്‍, പലപ്പോഴും മറുപടിയായി നീണ്ട മൗനം.
ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ വ്യാപ്തിയും രാസഘടനയുമൊന്നും ആലോചിച്ച് പ്രൊഫസര്‍ സമയം കളയാറില്ല. അതൊക്കെ ഒരുതരം പഴഞ്ചന്‍ --

കോളേജില്‍ പഠിക്കുമ്പോള്‍ മോഹമുല്ല പൂത്തപോലെയായിരുന്നു ചിന്നമ്മുവിന് ജോസഫുമായുണ്ടായ പ്രേമബന്ധം. പുതുതായി വന്ന ലക്ചററും കോളേജ് ബ്യൂട്ടിയും തമ്മിലുള്ള പ്രണയം അന്നൊരു ചര്‍ച്ചാവിഷയമായിരുന്നു. സദാചാരത്തിന്റെ ഏതോ മുന ഒടിഞ്ഞതായും മറ്റും കോളേജ് ചുവരുകളില്‍ പരസ്യം വന്ന കാലം. വീട്ടുകാരുടെയും പള്ളിക്കാരുടെയും അനുഗ്രഹത്തോടെ വിവാഹം നടന്നപ്പോള്‍ എന്തൊക്കെയൊ നേടിയെന്നു കരുതിയ ചിന്നമ്മുവിന് പലതും നഷ്ടപ്പെടുകയായിരുന്നു.

ചിന്നമ്മു ഗര്‍ഭിണിയാകും വരെ ജോസഫിന് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അതിനുശേഷം അയാള്‍ അകലാന്‍ തുടങ്ങി. വീട്ടില്‍ ചിലവഴിക്കുന്ന സമയം ചുരുങ്ങി. രണ്ടുപേരും ഒന്നിച്ചുള്ള യാത്രകള്‍ ഇല്ലാതായി.

ചിന്നമ്മുവിന്റെ സ്വപ്‌നങ്ങള്‍ക്ക് ക്ഷതമേറ്റു. അവള്‍ നിരാശയായി. ദുഃഖം താങ്ങാനാവാതെ ഒരിക്കല്‍ അവള്‍ ചോദിച്ചു, ' നിങ്ങള്‍ക്കെന്നോട് ഒട്ടും സ്‌നേഹമില്ല- ല്ലെ? '
നീണ്ട മൗനമായിരുന്നു മറുപടി.

' എന്റെ വയറ്റില്‍ വളരുന്ന നിങ്ങളുടെ കുഞ്ഞിനോടെങ്കിലും - ' , അവര്‍ പറഞ്ഞുതീരും മുന്‍പ് അയാളുടെ മറുപടി വന്നു.

' എനിക്കാരോടും അത്ര മമതയില്ല , എന്നോടുപോലും . സൗന്ദര്യാസ്വാദകനാണു ഞാന്‍. തേനുണ്ടെങ്കില്‍ നുകരും. സ്വാതന്ത്യത്തോടെ പറന്നു നടക്കും. നീ ഇന്നു സ്വതന്ത്രയല്ല, നിന്റെയുള്ളില്‍ മറ്റൊരു ജീവന്‍ തുടിക്കുന്നു. ബന്ധത്തിന്റെ ആ ചങ്ങല മുറിച്ചാല്‍ - ', ചിന്നമ്മുവിന് സഹിക്കാവുന്നതിലും ഏറെയായിരുന്നു അത്. അവള്‍ കോപം കൊണ്ടു ജ്വലിച്ചു.

' നിര്‍ത്തൂ നിങ്ങളുടെ പ്രസംഗം. ഐ ഹേറ്റ് യൂ. നിങ്ങള്‍ - നിങ്ങള്‍ -- ഒരു മാതാവാകാനുള്ള എന്റെ സ്വാതന്ത്രൃം ഞാന്‍ നഷ്ടപ്പെടുത്തില്ല'

അയാള്‍ക്കും ദേഷ്യം വന്നു. ' ചിന്നമ്മു, നീ പറഞ്ഞതുതന്നെ ഞാനും ആവര്‍ത്തിക്കുന്നു. ഐ ഹേറ്റ് യൂ. നിന്റെ തുറന്നുകണ്ട ഈ ശരീരം, നിന്റെ ഗന്ധം, വീര്‍ത്തുവരുന്ന ഈ വയര്‍- എല്ലാം- എല്ലാം -', അയാള്‍ സിഗററ്റിന്റെ പുകയൂതി ,മദ്യഗ്ലാസില്‍ നിന്നും ഒരു സിപ്പെടുത്തു.

ദുഃഖഭാരം താങ്ങാനാവാതെ ചിന്നമ്മു കട്ടിലില്‍ കമിഴ്ന്നു വീണു കരഞ്ഞു. ജോസഫ് ഒരു പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.

ചിന്നമ്മുവില്‍ ദുഃഖം കടുത്ത് വൈരാഗ്യത്തിന്റെ രൂപം പ്രാപിച്ചു. ജോസഫിനൊപ്പം അവള്‍ പുറത്തിറങ്ങാതായി. വീട്ടില്‍ പ്രത്യേകം മുറികളിലേക്ക് മാറിയില്ലെങ്കിലും അവര്‍ക്കിടയില്‍ അകല്‍ച്ചയുടെ ഒരു മറയുണ്ടായി.

ചിന്നമ്മു പ്രസവിച്ചു. പ്രകൃതിയുടെ നിയോഗംപോലെ അവള്‍ വളര്‍ന്നു. വളര്‍ച്ചയുടെ പടവുകളിലൊന്നും അവള്‍ അച്ഛനെ കണ്ടില്ല. അന്യഥാബോധത്തോടെ ദൂരെനിന്നു മാത്രം അവള്‍ പ്രൊഫസറെ വീക്ഷിച്ചു. അമ്മയില്‍ നിന്നും അപൂര്‍വ്വമായി ലഭിക്കുന്ന ലാളനയേറ്റും ചിലപ്പോള്‍ അച്ഛനോടുള്ള ദേഷ്യം തീര്‍ക്കുന്ന കോപാഗ്നിയില്‍ എരിഞ്ഞും സ്‌നേഹമെന്തെന്നറിയാതെ അവള്‍ -

ത്രേസ്യത്തള്ളയാണെങ്കില്‍ എപ്പോഴും സങ്കടം പറച്ചിലാണ്.' പാവം കുട്ടി, രാജകുമാരിയെപോലെ ജീവിക്കേണ്ടതാണ്, എന്നിട്ടിപ്പോള്‍ -- കഷ്ടം തന്നെ '

അത് കേള്‍ക്കുമ്പോള്‍ അവള്‍ക്ക് ദേഷ്യവും സങ്കടവും വരും. സന്തോഷത്തോടെ എന്തെങ്കിലുമൊന്നു പറയാന്‍ ആരുമില്ല.

വെള്ളയും കറുപ്പും ഇടകലര്‍ന്ന മുഖമുള്ള സുന്ദരനായ പൊമറേനിയന്‍ നായയും സപ്തവര്‍ണ്ണ കൂടാരത്തിലെ ലവ് ബേര്‍ഡ്‌സും സുന്ദരിപ്പൂച്ചയുമായിരുന്നു അവളുടെ കൂട്ടുകാര്‍. കിളികളോട് കളി പറഞ്ഞും നായയ്ക്കും പൂച്ചയ്ക്കുമൊപ്പം കളിച്ചും നടക്കാന്‍ നല്ല രസം. അവള്‍ അങ്ങിനെ വളര്‍ന്നു.

പ്രൊഫസര്‍ ജോസഫ് അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് കാര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഡ്രൈവറെക്കുറിച്ചായിരുന്നു വേവലാതി. പരാതിപ്പെടാത്തവന്‍ വേണം.
വേഗത്തില്‍ വണ്ടിയോടിക്കണം
ബന്ധുജനങ്ങളുടെ രോഗം, കല്യാണം ഇതൊന്നും പറഞ്ഞ് ജോലിക്ക് വരാതിരിക്കരുത്.
എല്ലാം ഒത്തുവന്നപ്പോള്‍ ഡ്രൈവറായി സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.

സുമുഖനായ ചെറുപ്പക്കാരന്‍. ആരോരുമില്ലാത്തവന്‍. വേഗത്തില്‍ വണ്ടിയോടിച്ച് എത്തേണ്ടിടത്ത് എത്തിക്കും.
പ്രൊഫസര്‍ക്ക് അവനെ ഇഷ്ടമായി.
വീട്ടില്‍ പോകാന്‍ ധൃതി കൂട്ടില്ല
വീടുണ്ടെങ്കിലല്ലെ പ്രശ്‌നമുള്ളു.

രാത്രിയില്‍ വളരെ താമസിച്ച് , ബോധം കെട്ട്, ക്ലബ്ബില്‍ നിന്നിറങ്ങുന്ന പ്രൊഫസറെ കൃത്യമായി വീട്ടിലെത്തിക്കുന്ന വിശ്വസ്തന്‍.

' അവന്‍ കൊള്ളാം, നല്ല കൊച്ചനാടോ ', പ്രൊഫസര്‍ റിട്ടയേര്‍ഡ് മേജര്‍ തമ്പിയോട് പറഞ്ഞു. ' ഭാര്യയും പിള്ളേരും നന്നായില്ലെങ്കിലും ഡ്രൈവര്‍ നന്നായിരിക്കണം, അതാ പ്രധാനം. '
മേജര്‍ തലകുലുക്കി സമ്മതിച്ചു. ' പയ്യന്‍ ചെറുപ്പമാണ്, താമസം തന്റെ വീട്ടിലും. കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാ ', തമ്പിയുടെ വാക്കുകളില്‍ ദുഃസൂചന.

' എന്ത് ശ്രദ്ധയെടൊ തമ്പി, കിളികളെ ആരാ ശ്രദ്ധിക്കുന്നത്. അവ വളരുന്നു. മാനുകളെ കണ്ടിട്ടുണ്ടൊ താന്‍. കാട്ടില്‍ സിംഹത്തെയും പുലിയെയും വെട്ടിച്ച് അവരും വളരുന്നു. എത്ര ശ്രദ്ധിച്ചാലും ഇല്ലെങ്കിലും കാലം മുന്നോട്ടൊഴുകുമെടൊകൂവെ', തമ്പി ഒഴിച്ചുകൊടുത്ത ഒരു ലാര്‍ജ്കൂടി പ്രൊഫസര്‍ മോന്തി.

സുരേഷിന്റെ തല വാതിലില്‍ പ്രത്യക്ഷപ്പെട്ടു.

പ്രൊഫസര്‍ പറഞ്ഞു, ' കണ്ടൊ, അവനാ എന്റെ ഘടികാരം. സമയമായെന്ന്, ഇനി കുടിക്കണ്ടാന്ന്. എടാ സുരേഷെ, ഒരു സ്മാളുകൂടി '

' വേണ്ട സാര്‍, ഇന്ന് ഒരു പെഗ്ഗധികാ '

' എന്നാ വേണ്ടാടോ കണക്കപ്പിള്ളെ , പോകാം', പ്രൊഫസര്‍ ആടിക്കുഴഞ്ഞ് എഴുന്നേറ്റു. സുരേഷ് താങ്ങായി നിന്നു.  ' തമ്പി, എടോ മേജറെ, നാളെ കാണാം', അവര്‍ നടന്നു തുടങ്ങി.

പ്രൊഫസറെ താങ്ങിയെടുത്ത് മുറിയില്‍ കൊണ്ടുകിടത്തുക സുരേഷിന്റെ പതിവ് ജോലിയില്‍ പെട്ടിരുന്നു. ത്രേസ്യത്തള്ള നല്ല ഉറക്കമായിരിക്കും. ചിന്നമ്മുവാണ് സഹായിയാവുക. സുരേഷിന് ഭക്ഷണം വിളമ്പികൊടുക്കുന്നതും അവര്‍ തന്നെ. ഇങ്ങിനെ തുടര്‍ന്നുവന്ന അനേകം രാത്രികളിലൊന്നിലാണ് ചിന്നമ്മുവും സുരേഷും സ്പര്‍ശനത്തിന്റെ  ആവേഗത്തിലൂടെ പ്രേരണകള്‍ക്ക് വിധേയരായത്.

അനേകകാലമായി  അടക്കിവച്ചിരുന്ന വികാരത്തിന്റെ ചങ്ങലകള്‍ പൊട്ടി. വിയര്‍പ്പിന്റെ ഗന്ധം മുറിയാകെ പരന്നു. പ്രതികാരത്തിന്റെ വശ്യത മുറ്റിയ ദിനങ്ങള്‍ കടന്നുപോയി. ചിന്നമ്മു രാവുകളില്‍ പ്രസന്നവതിയായി. ദുഃഖത്തിന്റെ കറുത്തകണ്ണട മാറി നേര്‍പ്രകാശം ജ്വലിച്ചു. സുരേഷ് ചിന്നമ്മുവിന്റെ സ്വപ്‌നങ്ങള്‍ക്ക് ചായം പൂശി. ' ഭരണിയിലടച്ച ഭൂതത്തിന് മോചനം കിട്ടിയപോലെയാണ് എനിക്കിപ്പോള്‍. നിനക്കറിയോ, ആ കഥ', ചിന്നമ്മു ഒരിക്കല്‍ അവനോട് ചോദിച്ചു.

' എനിക്കറിയില്ല. എനിക്ക് കഥ പറഞ്ഞുതരാന്‍ അമ്മച്ചിയുണ്ടായിരുന്നില്ലല്ലൊ', അവന്‍ പറഞ്ഞു.

' എങ്കില്‍ കേട്ടോളൂ-'

ഭരണിയിലടച്ച് കടലിലെറിഞ്ഞ ഭൂതത്തെ മുക്കുവന്‍ തുറന്നുവിട്ട കഥ അവര്‍ രസകരമായി പറഞ്ഞുകേള്‍പ്പിച്ചു. മാതൃത്വത്തിന്റെ പനിയേറ്റുകിടന്ന് അവന്‍ കഥ കേട്ടു.

പിന്നെ എത്രയെത്ര കഥകള്‍.

ആയിരത്തൊന്നു രാവുകളിലെ കഥകള്‍. വിക്രമാദിത്യന്‍ കഥകള്‍

ഗന്ധര്‍വന്മാരുടെയും മോഹിനിയുടെയും രതിക്കഥകള്‍.

അങ്ങിനെ- അങ്ങിനെ -

രാത്രിയുടെ അന്ത്യയാമങ്ങളില്‍ പറഞ്ഞുതീരാത്ത കഥകളുമായി ഇണപിരിയുന്ന ചിന്നമ്മുവും സുരേഷും.

റോസി ഇപ്പോഴും കുട്ടികളെപോലെയാണ്. നായയ്‌ക്കൊപ്പം കളിച്ചും കിളികളോടൊത്ത് രസിച്ചും അവള്‍ -
സുന്ദരിപ്പൂച്ചയെ താലോലിക്കുന്നതോടൊപ്പം അവള്‍ പുസ്തകങ്ങളും വായിക്കുമായിരുന്നെന്നു മാത്രം.

സമയം കിട്ടുമ്പോഴൊക്കെ സുരേഷ് പൊമറേനിയന്‍ നായയുമായി ചങ്ങാത്തം കൂടും. പന്ത് കളിക്കാനും രണ്ടുകാലില്‍ നടക്കാനുമൊക്കെ അവനെ പഠിപ്പിച്ചത് സുരേഷാണ്. അങ്ങിനെയാണ് റോസിക്ക് സുരേഷിനെ ഇഷ്ടമായത്. സുരേഷിന്റെ ചിരിയും തമാശയും അഭ്യാസങ്ങളും അഭിനയിച്ചുള്ള കഥ പറച്ചിലും അവളെ അവനിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു.

ചിന്നമ്മു പറഞ്ഞുകൊടുത്ത കഥകള്‍ ഒന്നൊന്നായി അവന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു.

ഭൂതത്തിന്റെ കഥ-

ആയിരത്തൊന്നു രാവുകളിലെ കഥകള്‍

വിക്രമാദിത്യന്‍ കഥകള്‍

ഗന്ധര്‍വന്മാരുടെയും മോഹിനിയുടെയും രതിക്കഥകള്‍

പിന്നെ ചിന്നമ്മു പറയാത്ത കഥകളും

' എന്താടാ സുരേഷെ, ഈയിടെ ഒരു പകലുറക്കം', കാറിലിരുന്നു മയങ്ങുകയായിരുന്ന സുരേഷ് ഞെട്ടിയുണര്‍ന്നു. ' എെന്നപോലെ കണ്ടെടം നിരങ്ങുന്ന സൂക്കേട് നിനക്കും തുടങ്ങിയൊ ? ഉം-പോയി മുഖം കഴുകി വാ ', പ്രൊഫസര്‍ കാറില്‍ കയറി ഇരുന്നു.

അവന്‍ ഓടിപ്പോയി പൈപ്പ് വെള്ളത്തില്‍ മുഖം കഴുകി മടങ്ങി വന്നു.

പ്രൊഫസര്‍ക്ക് എന്തെങ്കിലും സംശയം -?

ഓ - എന്ത് സംശയം -മകളുടെ പ്രായമുള്ള കുട്ടികള്‍ക്കൊപ്പം --

- ശ്ശെ - ഓര്‍ക്കുമ്പോള്‍തന്നെ വല്ലാതെയാകുന്നു

അപ്പോള്‍ ചിന്നമ്മു -

അതൊരു പ്രതികാരമല്ലെ, തന്നെ ഉപയോഗിച്ചുള്ള ഒരു പ്രതികാരം. എങ്കിലും --?

വേണ്ട, ഒന്നും ഓര്‍ക്കണ്ട. ഓര്‍മ്മകള്‍ പലതും വല്ലായ്മകളാണ്. അതൊഴിവാക്കാനായി അവന്‍ റോഡിലേക്ക് അലസമായി നോക്കി വണ്ടിയോടിച്ചു.

അനേകം വൈരുദ്ധ്യങ്ങള്‍ നിലനിന്നെങ്കിലും കാലത്തിന്റെ കുത്തൊഴുക്കില്‍ പറ്റിക്കിടക്കുന്ന പരല്‍മീനുകള്‍ പോലെ ജീവിതം മാറ്റമില്ലാതെ തുടര്‍ന്നു.

ഒരു ദിനം ആ പതിവുകളെല്ലാം തെറ്റി.

തികച്ചും സാധാരണമായൊരു പകലിന്റെ തുടക്കത്തില്‍ പ്രൊഫസറുടെ വീട്ടുമുറ്റത്തെ കിളികള്‍ ചിലച്ചില്ല.

നായ കുരച്ചില്ല

ത്രേസ്യത്തള്ള മുറ്റത്തിറങ്ങി നോക്കി. 

കിളിയും കിളിക്കൂടും നഷ്ടമായിരിക്കുന്നു.

പൊമറേനിയന്‍ നായയെ കാണാനില്ല.

കര്‍ത്താവിനെ വിളിച്ച് സങ്കടം പറഞ്ഞ് അങ്കലാപ്പോടെ ഓടിവന്ന് അവര്‍ റോസിക്കുഞ്ഞിന്റെ മുറി തള്ളിത്തുറന്നു.

മുറി ശൂന്യം.

പ്രൊഫസര്‍ ജോസഫ് അഗസ്റ്റിന്‍ ഫെര്‍ണാണ്ടസിന്റെ മാരുതി ചലനമറ്റ് കാര്‍ഷെഡില്‍ തന്നെകിടപ്പുണ്ട്. അകത്തെ മുറിയില്‍ എവിടെയോ നിന്ന് ചിന്നമ്മുവിന്റെ അടക്കിപ്പിടിച്ചുള്ള കരച്ചില്‍ മാത്രം അവ്യക്തമായി, ഒരു കിളിയുടെ രോദനം പോലെ , പുറത്തേക്ക് ഒഴുകിവന്നു. 

Friday 5 July 2019

Story -- Ormacheppu thurannappol

കഥ

  ഓര്‍മ്മച്ചെപ്പ്തുറന്നപ്പോള്‍ 

( 2001  ല്‍ എഴുതിയ കഥ) 

ഓഫീസിന്റെ ഒരരുകിലായി കസേരയില്‍ ചാരിയിരുന്ന് ശ്വാസത്തിന് ബുദ്ധിമുട്ടുകയായിരുന്നു ശങ്കരേട്ടന്‍.

' ശങ്കരേട്ടാ, വലിവ് തുടങ്ങിയൊ ? ', ക്ലാര്‍ക്ക് മജീദ് ചോദിച്ചു.

' സഹിക്കാന്‍ വയ്യാണ്ടായിരിക്കുന്നു. പ്രായം ഏറെയായില്ലെ കുഞ്ഞെ ', ശങ്കരേട്ടന്‍ കിതപ്പിനിടയില്‍ അത്രയും പറഞ്ഞു.

' എത്രയായി ?', മജീദ് വിടാന്‍ ഭാവമില്ല

' അന്‍പത്താറു കഴിഞ്ഞു', ശങ്കരേട്ടന്‍ മാറിടം തടവി.

'ങ്‌ഹേ - അപ്പോള്‍ പെന്‍ഷന്‍ --? ', മജീദ് സംശയം പ്രകടിപ്പിച്ചു.

' അഞ്ചു വര്‍ഷത്തെ മിലിിട്ടറി സര്‍വ്വീസിന്റെ ആനുകൂല്യം', സൈനികസേവനകാര്യം പറഞ്ഞപ്പോള്‍ ശങ്കരേട്ടന് അല്‍പ്പം ഊര്‍ജ്ജം കൂടിയപോലെ.

' അപ്പൊ ശങ്കരേട്ടന്‍ വിമുക്തഭടനാണ്-ല്ലെ ', മജീദ് പുതിയൊരറിവിന്റെ തുടര്‍ച്ചയ്ക്കായി കാതോര്‍ത്തു.

' ഓ- അത് വളരെ രസകരമായൊരനുഭവമാ കുഞ്ഞെ. അറുപത്തിരണ്ടിലാ സംഭവം. അന്ന് ഇരുപത്തിയഞ്ച് ഇരുപത്തിയാറ് വയസുകാണും. ഇന്ത്യ ചൈനയുമായടിച്ച് മുട്ടുമടക്കിയ സമയം. കൃഷ്ണ മേനോന്‍ സാറ് പ്രതിരോധം ശക്തമാക്കണമെന്ന് പറയുമ്പോഴൊക്കെ സമാധാനം സമാധാനം എന്നു വിളിച്ചുകൂവിയവര്‍ക്ക് വെള്ളിടിയേറ്റ അവസ്ഥയായിരുന്നു. വൈകിയുദിച്ച ബുദ്ധി നേതാക്കളെ ഉണര്‍ത്തിയപ്പോള്‍, തടിമിടുക്കുള്ളവരെ മിലിട്ടറിയിലേക്ക് തെരഞ്ഞെടുക്കുവാന്‍ തീരുമാനമായി. അമ്മ മരിച്ചതിനു ശേഷം വലിയ നിയന്ത്രണമൊന്നുമില്ലാതെ, കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുകയായിരുന്നു ഞാന്‍. അച്ഛനാണെങ്കില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നെല്ലളവും മറ്റുമായി മുഴുവന്‍ സമയവും ക്ഷേത്രത്തിലാണ്. അച്ഛന്റെ കീശയില്‍ നിന്നും പണം കിട്ടും. കുടിച്ചും കളിച്ചും നടക്കുകയാണ് പതിവ്. ഒന്നുരണ്ട് സുഹൃത്തുക്കള്‍ എറണാകുളത്തുണ്ടായിരുന്നു. ഒരു ദിവസം അവരെ കാണാമെന്നു കരുതി കുറെ പണവുമെടുത്ത് സ്ഥലം വിട്ടു.'

 ശങ്കരേട്ടന്‍ ഒരു ബീഡിക്ക് തീ കൊളുത്തി ശ്വാസം ഒന്നാഞ്ഞു വലിച്ചു. എന്നിട്ട് തുടര്‍ന്നു. ' കുറച്ചു ദിവസം കറങ്ങി നടന്ന് പണമൊക്കെ തീര്‍ത്ത് കോളേജ് ഗ്രൗണ്ടിനുമുന്നിലൂടെ പോകവെ ഒരാള്‍ക്കൂട്ടം കണ്ടു. വെറുതെ കയറി നോക്കി. മിലിട്ടറിയിലേക്ക് ആളെടുപ്പാണെന്നറിഞ്ഞു. ഇന്നത്തെപോലെയല്ല, പട്ടാളത്തില്‍ ചേരാന്‍ ആളുകള്‍ നന്നെ കുറവാണ്. ഉള്ളവരില്‍തന്നെ കൊള്ളാവുന്നവര്‍ വിരലിലെണ്ണാന്‍ മാത്രം. ഒരു സര്‍ദാര്‍ജിയാണ് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനി. അയാള്‍ ഓരോരുത്തരെയായി വന്നുനോക്കി കൈയ്യില്‍ പിടിച്ചൊന്നമര്‍ത്തും. കൊള്ളാമെന്നു തോന്നുന്നവരെ ഉള്ളിലേക്ക് കടത്തി വിടും. ഇതൊക്കെ നോക്കിനിന്ന എന്റെ കൈയ്യില്‍ സര്‍ദാറിന്റെ കൈ വീണപ്പോള്‍ ഞാനൊന്നു ഞെട്ടി. ഹിന്ദി അറിയില്ല. എന്തു പറയണമെന്നും നിശ്ചയമില്ല. അയാള്‍ എന്നെ ഉള്ളിലേക്ക് കടത്തിവിട്ടു. പരിശോധന കഴിഞ്ഞു. നൂറു ശതമാനവും ഫിറ്റ്. കത്തയയ്ക്കും, വന്നാല്‍ മതി എന്നു പറഞ്ഞു. ഞാന്‍ തിരികെ പോന്നു. പോരുന്ന വഴിക്ക് ചിന്തിച്ചു, ഒന്നു പോയാലെന്താ  ? വെറുതെ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് നാടിന് എന്തെങ്കിലും ചെയ്യുന്നതല്ലെ. ഒന്നൂല്ലെങ്കിലും കുടിക്കാന്‍ നല്ല മദ്യമെങ്കിലും കിട്ടുമല്ലൊ. അങ്ങിനെ ഒരു തീരുമാനമെടുത്തു. കത്ത് കിട്ടിയപ്പോള്‍ അച്ഛനോടുപോലും പറയാതെ വണ്ടി കയറി. മദ്രാസും ആന്ധ്രയും മഹാരാഷ്ട്രയും കടന്ന് വടക്കേ ഇന്ത്യയിലേക്കുള്ള ആദ്യ യാത്ര. യുദ്ധം കഴിഞ്ഞ സമയമായതിനാല്‍ പട്ടാളക്കാര്‍ നാടിന് ഒരാവേശമായിരുന്നു. വണ്ടി നിര്‍ത്തുന്നിടത്തെല്ലാം സ്ത്രീകള്‍ ഭക്ഷണവുമായി വന്നു നില്‍ക്കുമായിരുന്നു. പട്ടാളക്കാര്‍ക്ക് ഭക്ഷണം നല്‍കി, തിലകം ചാര്‍ത്തി അവര്‍ സംതൃപ്തരാകും. നാടിന്റെ അഭിമാനം സംരക്ഷിക്കേണ്ടവരല്ലെ, വീണ്ടെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടവര്‍. ഇതായിരുന്നു അന്നത്തെ വികാരം. ഇന്നിപ്പോള്‍ മറ്റെല്ലാ തൊഴിലുംപോലെ ഒന്നായിമാറി പട്ടാളസേവനം', ശങ്കരേട്ടന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.

 'ഗ്വാളിയറില്‍ എത്തുമ്പോള്‍ തണുത്ത് വിറയ്ക്കുകയായിരുന്നു. ഡിസംബറിലെ കൊടും തണുപ്പ്. ചത്തുപോകുമെന്നു തോന്നി. ഇപ്പോഴും ആ തണുപ്പ് തൊട്ടനുഭവപ്പെടുന്നുണ്ട് ഉള്ളില്‍. ദില്ലി കാന്റിലെ ക്യാമ്പിലെത്തി ജോയിന്‍ ചെയ്തു. അവിടെ ഹവില്‍ദാര്‍ ക്ലാര്‍ക്ക് പാങ്ങോടുകാരന്‍ ദിവാകരനാണെന്നറിഞ്ഞു. വേഗം പോയി ചപ്പാത്തി കഴിച്ചുവന്നൊ, കമ്പിളിയും ഷൂസുമെല്ലാം എടുത്തു വയ്ക്കാം, അയാള്‍ പറഞ്ഞു. അപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. പിന്നീടും അത്തരം ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമ്മള്‍ മലയാളികള്‍ സംസ്ഥാനം വിട്ടാല്‍ നല്ല യോജിപ്പാ, പ്രത്യേകിച്ചും പട്ടാളത്തില്‍. ചപ്പാത്തി കഴിച്ച് തിരികെ വന്നപ്പോള്‍ എല്ലാം റഡി. സുഖമായുറങ്ങി. അടുത്ത ദിവസം പ്രഭാതത്തില്‍  പ്രഭാകരന്‍ നായര്‍, വര്‍ഗ്ഗീസ്, വാസുദേവന്‍ പിള്ള തുടങ്ങിയവരെ പരിചയപ്പെട്ടു. നാടുവിട്ട ദുഃഖവും മാറി. അടുത്ത ചില ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ നൈനിത്താളില്‍ നിയമനമായി. ജോലി സുഖമുള്ളതായിരുന്നു. നേപ്പാളികളും ടിബറ്റുകാരും മറ്റും വലിയ കലുങ്കുകളും റോഡുകളും നിര്‍മ്മിക്കുമ്പോള്‍ സൂപ്പര്‍വൈസ് ചെയ്യുക, അത്യാവശ്യം ചില സഹായങ്ങളും ചെയ്യുക. രണ്ടുരൂപ കൊടുക്കുമ്പോള്‍ റം കിട്ടും. വാങ്ങിച്ച് കുടിച്ചുകൊണ്ടിരിക്കാം', ശങ്കരേട്ടന്‍ ആ ഓര്‍മ്മകളില്‍ അല്‍പ്പനേരം രസിച്ചു. എന്നിട്ട് തുടര്‍ന്നു.

    ' അന്നത്തെ സിക്കുകാര്‍ ഒരു പ്രത്യേക സ്വഭാവക്കാരാ.ഇന്ത്യ അവരുടേതാ, നമ്മള് തെക്കേഇന്ത്യക്കാര്‍ എന്തൊ മോശക്കാരാ എന്ന രീതി. വല്ലപ്പോഴും ചില കുഴപ്പങ്ങളൊക്കെയുണ്ടാകും. ഞങ്ങളുടെ നേതൃത്വം ഒരു മലയാളി സുബേദാര്‍ മേജര്‍ക്കായിരുന്നു.ഒരു മേനോന്‍. അധികം സംസാരിക്കുകയൊന്നുമില്ലെങ്കിലും മനുഷ്യപ്പറ്റുള്ളോനാ. അടുത്ത ടെന്റില്‍ സിക്കുകാരായിരുന്നു.കര്‍ത്താര്‍ സിഗ് എന്ന തലേക്കെട്ടുകാരനാണ് തലവന്‍. ചുവന്ന കണ്ണും രൗദ്രഭാവവുമുള്ള മൊരുടന്‍. ഒരു ദിവസം വെള്ളമെടുക്കുന്ന കാര്യത്തില്‍ പ്രഭാകരന്‍ നായരും മറ്റേ ക്യാമ്പിലെ കല്യാണ്‍സിംഗും തമ്മില്‍ ഒന്നുടക്കി. സിംഗ് ഇരുമ്പു മഗ്ഗുകൊണ്ട് നായരുടെ തലയ്ക്കടിച്ചു. ഞാന്‍ കുന്നിന്‍മുകളില്‍ നിന്ന് ഇത് കണ്ടു. പെട്ടെന്ന് മഞ്ഞിലൂടെ തെന്നിതാഴെയിറങ്ങിവന്ന് സിംഗിന് ഞാനൊന്നു കൊടുത്തു. അവന്‍ എന്നെ തല്ലാന്‍ വന്നു. അപ്പോഴേക്കും വര്‍ഗ്ഗീസും വാസുദേവന്‍ പിള്ളയും എത്തി. പൊരിഞ്ഞ അടിയായി. പ്രഭാകരന്‍ നായര്‍ ഒരു മണ്‍കോരികൊണ്ട് സിംഗിനെ നന്നായി ചാര്‍ത്തി. ഞങ്ങളുടെ ചീഫ് വിവരമറിഞ്ഞ്  ഓടിയെത്തി. സംഗതി കുഴപ്പമാണെന്നറിഞ്ഞ് എന്നോടും പ്രഭാകരനോടും ബോധംകെട്ടപോലെ കിടന്നുകൊള്ളാന്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയില്‍ വിവരമറിയിച്ചു. വാന്‍ വന്നു. ഞങ്ങളെ രണ്ടുപേരെയും തലയ്ക്കു പരുക്കേറ്റ സിംഗിനെയും ആശുപത്രിയില്‍ കൊണ്ടുപോയി അഡ്മിറ്റു ചെയ്തു. ഡോക്ടര്‍ വന്നു പരിശോധിച്ചു. അറിയാവുന്ന ഹിന്ദിയില്‍ തട്ടിമുട്ടി ചിലതൊക്കെ പറഞ്ഞു. അപ്പോഴാണ് ഡോക്ടറുടെ മുഖത്തുവിടര്‍ന്ന പുഞ്ചിരി ശ്രദ്ധിച്ചത്. ', ആ തമാശ ഓര്‍ത്തിട്ടെന്നവണ്ണം ശങ്കരേട്ടന്‍ ഒന്നു ചിരിച്ചു.

' മധ്യവയസുള്ള സരസനും കഷണ്ടിക്കാരനുമായ ഡോക്ടര്‍ പറഞ്ഞു, എടാ മോനെ, നീ തിരുവനന്തപുരത്തുകാരനാ- ല്യോ ? എന്താന്നുവച്ചാ നല്ല ഭാഷേലങ്ങു പറ . എനിക്കാശ്വാസമായി. ഞാന്‍ സംഭവം വിവരിച്ചു. രണ്ടുപേര്‍ക്കും ക്ഷതമൊന്നുമില്ല. എങ്കിലും ഞാന്‍ സി ഗ്രേഡിട്ടേക്കാം. ശരീരമനക്കാന്‍ കഴിയാത്തവിധം ക്ഷതം - ന്താ - പോരെ. അദ്ദേഹം കണ്ണിറുക്കി ചിരിച്ചു. ഞാന്‍ കൈകൂപ്പി. സുഖഭക്ഷണത്തോടെ രണ്ടാഴ്ച ആശുപത്രിയില്‍ കഴിഞ്ഞു. എല്ലാം ശുഭം എന്നുകരുതിയപ്പോള്‍ കഷ്ടകാലം വരവായി. തിരികെ ടെന്റിലെത്തുമ്പോഴേക്കും ഞങ്ങളുടെ ചീഫ് മാറികഴിഞ്ഞിരുന്നു. കല്യാണ്‍സിംഗിന്റെ ക്യാമ്പിലെ പഴയ ചീഫ് കര്‍ത്താര്‍ സിംഗാണ് പുതിയ കാരണവര്‍. സംഗതി ഗുലുമാല് തന്നെ. ഇനി എന്ത് ? ', ശങ്കരേട്ടന്‍ സങ്കടത്തോടെ ഒരു ശ്വാസമെടുത്തു.

  ' കര്‍ത്താസിംഗില്‍ പ്രതികാരം ജ്വലിച്ചു. അയാള്‍ രണ്ടാമതൊരന്വേഷണം വച്ചു. ഞാനും പ്രഭാകരനും കുറ്റക്കാരെന്നു വിധിച്ച് ഒരു മാസത്തേക്ക് ശിക്ഷിച്ചു. ജയിലില്‍ മണ്ണുചുമന്നും പാറപൊട്ടിച്ചും വശം കെട്ടു. വിവരങ്ങള്‍ വീട്ടിലേക്ക് എഴുതാന്‍പോലും മാര്‍ഗ്ഗമില്ല. കത്ത് അധികാരികള്‍ വായിച്ച് നോക്കിയെ അയയ്ക്കൂ. ഈ സമയം ദൈവദൂതനെപോലെ പഴയ ചീഫ് ജയിലിലെത്തി. നിങ്ങളെ അവന്‍ വെറുതെ വിടില്ല. ഇനിയും ശിക്ഷയുണ്ടാകും. ഒരു മാസം കഴിഞ്ഞാല്‍ മറ്റൊരു ജയിലിലേക്ക് മാറ്റാനും സൈന്യത്തില്‍ നിന്നും നീക്കാനും സാധ്യതയുണ്ട്. അതുകേട്ടതോടെ ആകെയൊരു മരവിപ്പ് അനുഭവപ്പെട്ടു. ഏതായാലും വിവരമെല്ലാം എഴുതിത്തന്നോളൂ. കത്ത് ആരും കാണാതെ ഞാന്‍ നാട്ടിലേക്ക് അയയ്ക്കാം,അദ്ദേഹം പറഞ്ഞു. ആ നല്ല മനുഷ്യന്റെ കാരുണ്യം കൊണ്ട് ഞങ്ങളുടെ ദുഃസ്ഥിതി വീട്ടിലറിയിച്ചു. നാട്ടിലെ സ്വാധീനമെല്ലാം ഉപയോഗപ്പെടുത്തി പട്ടാളത്തില്‍ നിന്നും പിരിഞ്ഞുപോരാനുള്ള അനുമതി സംഘടിപ്പിച്ച് ഒരുവിധം തടി രക്ഷിച്ചു', ശങ്കരേട്ടന്‍ സാഹസിക ജീവിതം പറഞ്ഞവസാനിപ്പിച്ചു.

  ' ഏറെ താമസിയാതെ കല്യാണ്‍ സിംഗ് മരിച്ചതായി കൂട്ടുകാര്‍ അറിയിച്ചു. സത്യത്തില്‍ അപ്പോള്‍ തോന്നിയ ദുഃഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല. പിന്നീട് പഞ്ചാബികള്‍ക്ക് എെന്തല്ലാം മാറ്റമുണ്ടായി. നമ്മള്‍ എത്ര മാറി. സൈന്യം എത്ര മാറ്റങ്ങള്‍ക്ക് വിധേയമായി. ങ്ഹാ - ഇപ്പൊ എല്ലാം പഴങ്കഥ പോലെ', ശങ്കരേട്ടന്‍ പറഞ്ഞുനിര്‍ത്തി എഴുന്നേറ്റു. തൊണ്ട കുറുകുകയായിരുന്നു. ഒന്നു ചുമച്ച് കഫം പറിച്ചെറിഞ്ഞ് വീണ്ടും കസേരയില്‍ വന്നു ചാരിയിരുന്നു. ഞങ്ങള്‍ ഉച്ചയുടെ ഇടവേള കഴിഞ്ഞെന്നു ബോധ്യപ്പെട്ട് അവരവരുടെ കസേരകളിലേക്ക് മടങ്ങി.


 

Tuesday 2 July 2019

campus politics and murders


 
ഈ ചുവരെഴുത്ത് കാണാതിരിക്കരുത്

2018ല്‍ എറകുളം ണാമഹാരാജാസില്‍
കൊലചെയ്യപ്പെട്ട അഭിമന്യു



എറണാകുളം മഹാരാജാസ് കോളേജില്‍ രസതന്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു കുത്തേറ്റു മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു. പരുക്കേറ്റ അര്‍ജുന്‍ കോളേജില്‍ വന്നു തുടങ്ങിയിട്ടുണ്ടാകാം. എന്തായിരുന്നു ഈ കൊലയ്ക്കു പിന്നിലെ പ്രചോദനം?
 തീവ്രവര്‍ഗ്ഗീയതയുള്ള സംഘടനകള്‍ക്ക് വളരാന്‍ കഴിയും വിധം കേരളം പാകമായത് എങ്ങിനെ എന്ന് നമ്മള്‍ ആദ്യം പരിശോധിക്കണം. പേരില്‍ വര്‍ഗ്ഗീയതയുണ്ടെങ്കിലും താരതമ്യേന വര്‍ഗ്ഗീയത കുറഞ്ഞ പ്രസ്ഥാനമായിരുന്നു മുസ്ലിംലീഗ്. ഇന്നാല്‍ ഇന്നത് അങ്ങിനെയാണെന്നു പറയാന്‍ കഴിയില്ല. മുനീറിനെപോലെ ചിലരുണ്ടാകാം.
 ലീഗിനെ തളര്‍ത്താനുള്ള നീക്കങ്ങളും വിദേശ ഫണ്ടിംഗുമാണ് പിഡിപി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ വളരാന്‍ ഇടം നല്‍കിയത്. ഈ വളര്‍ച്ചയില്‍ ഇടതുപക്ഷവും മൗനാനുവാദം നല്‍കി. ഒടുവിലത് ഇന്ദിരാഗാന്ധിക്ക് ബാധ്യതയായി മാറിയ ഭിന്ദ്രന്‍വാലയെപോലെ വളര്‍ന്നു. കുടത്തില്‍ നിന്നും തുറന്നു വിട്ട ഭൂതം പോലെയായി ഇത്തരം പ്രസ്ഥാനങ്ങള്‍. അതില്‍ നിന്നും തീവ്രവാദമുള്‍ക്കൊണ്ടവര്‍ ഐഎസിനെപറ്റിയും ചിന്തിക്കാന്‍ തുടങ്ങി.ന്യൂനപക്ഷ തീവ്രവാദത്തില്‍ മൃദുസമീപനമുളള എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്.
  ആദിവാസി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന മാവോവാദികളോട് കാട്ടുന്ന സമീപനമെങ്കിലും ഇത്തരം തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളോട് ആദ്യം തന്നെ കാട്ടിയിരുന്നെങ്കില്‍ അഭിമന്യുവിനെപോലുള്ള കുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നു. എത്രയൊ മിടുക്കരായ മുസ്ലിം കുട്ടികള്‍ ഈ പുതിയ പ്രസ്ഥാനങ്ങളുടെ വലയില്‍പെട്ട് നശിച്ചുപോകുന്നു. അതും ഒഴിവാക്കാമായിരുന്നു.
ഇവിടെ അഭിമന്യു മരിച്ചത് ചുവരെഴുത്ത് സംബ്ബന്ധിച്ച അടികലശലിലാണ്. മഹാരാജാസില്‍ തികഞ്ഞ ഏകാധിപത്യ സമീപനത്തോടെ ഭരിക്കുന്ന എസ്എഫ്‌ഐ മറ്റാരെയും ഇവിടെ വളരാന്‍ അനുവദിക്കില്ല. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ്, വിമന്‍സ് കോളേജ് എന്നിവ പോലെ. യഥാര്‍ത്ഥത്തില്‍ ഇത് ഭീരുത്വമാണ്. ഭയപ്പെടുത്തി നടത്തിയെടുക്കേണ്ട ഒന്നല്ല ജനാധിപത്യ പ്രക്രിയ. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടായിസത്തെ എതിര്‍ക്കുന്ന അതേ വീര്യത്തോടെ നമ്മുടെ കാമ്പസുകളിടെ ഈ ധിക്കാരത്തെയും എതിര്‍ക്കേണ്ടതുണ്ട്.
 അഭിമന്യു മരിച്ചത് വലിയൊരു വിപ്ലവ സമരത്തിന്റ മുന്നില്‍ നിന്ന് പട നയിച്ചതിനല്ല, പകരം പുതിയ വിദ്യര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന മുദ്രാവാക്യം എഴുതാനുള്ള ഭിത്തി സംബ്ബന്ധിച്ച തര്‍ക്കത്തിലാണ്. നമ്മുടെ കാമ്പസുകള്‍, സ്വന്തം ഇഷ്ടങ്ങളും താത്പ്പരൃങ്ങളും നേടിയെടുക്കാനായി കുട്ടികളെ ബലികൊടുക്കുന്ന കഴുകന്മാരായ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാവരുത്. അത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമല്ല ഞാന്‍ എന്ന് മാതാപിതാക്കള്‍ ഉറക്കെ പറയണം.
മരണം വരിക്കുന്ന കുരുന്നുകളൊന്നും നേതാക്കളാകാനോ മന്ത്രിയാകാനോ വന്നവരല്ല, കാമ്പസിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് കാമ്പസ് പൊളിറ്റിക്‌സ്. അവരതിന്റെ ഭാഗമായവരാണ്. അത് ഒരിക്കലും ആദര്‍ശപരമല്ല, കാരണം ആദര്‍ശം പറയത്തക്ക ഒരു പ്രസ്ഥാനവും ഇന്നു നമുക്കില്ല.
നമ്മുടെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നതുപോലും മുതിര്‍ന്ന നേതാക്കളുടെ പ്രേരണായാലാണ്. അവര്‍ക്ക് സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുളള അവസരം ലഭിക്കുന്നില്ല. നേതാക്കളുടെ മക്കളൊക്കെ പഠിച്ചുമിടുക്കരാകുമ്പോള്‍ ഒരു പക്ഷെ ഒരു പി.ജയരാജന്റെ മകനൊ മറ്റോ ഉണ്ടാകും കാമ്പസ് രാഷ്ട്രീയത്തില്‍. മറ്റുള്ളവര്‍ എവിടെ ?
ഈ ചുവരെഴുത്ത് നമ്മ്ള്‍ കാണണം. നമുക്ക് കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് കൊടുക്കാന്‍ കഴിയണം. അവരെ ചിന്തിപ്പിക്കാന്‍ പഠിപ്പിക്കണം. മുദ്രാവാക്യമെഴുതുന്ന മതിലല്ല ജീവിതം, പുഷ്പ്പാഞ്ജലി അര്‍പ്പിക്കാനുള്ള ഫോട്ടോ അല്ല ജീവിതം എന്നു പഠിപ്പിക്കണം. ലോകത്തു നടക്കുന്ന എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ഇടമായി മാറണം കാമ്പസ്. കാമ്പസ് ഫ്രണ്ടും എസ്എഫ്‌ഐയും ഐഎസിനെ കുറിച്ച് ചര്‍ച്ച ചെയ്യട്ടെ. രാജ്കുമാറിന്റെ കസ്റ്റഡി മരണം ചര്‍ച്ച ചെയ്യട്ടെ. പ്രണയവും സിനിമയും നാടകവും ചര്‍ച്ച ചെയ്യട്ടെ.
അവര്‍ ആയുധങ്ങള്‍ മാറ്റിവച്ച് പരസ്പ്പരം കൈകോര്‍ത്ത് പാട്ടുപാടട്ടെ, മരങ്ങള്‍ വച്ചു പിടിപ്പിക്കട്ടെ. അറിവും വിവേകവും കൈയ്യില്‍ വന്നാല്‍ പാര്‍ട്ടിയെന്തിനാ, പാര്‍ട്ടി കൊടിയെന്തിനാ എന്നവര്‍ ചോദിക്കട്ടെ.
 വാക്കുകളും വരികളും വരകളും സംഗീതവും നൃത്തവും കൊണ്ട് ആശയപോരാട്ടം നടത്തുന്ന കാമ്പസ്,അതാകണം നമ്മുടേത്. അതിനുളള ബോധവത്ക്കരണം വീടുകളില്‍ നടക്കട്ടെ. മക്കള്‍ നന്നായാല്‍ സമൂഹം നന്നാകും.
 കോളനി വാഴ്ചയ്‌ക്കെതിരെ പോരാടിയവര്‍ രക്തസാക്ഷികളാണ്, പുന്നപ്ര വയലാറിലുണ്ടായതും രക്തസാക്ഷികളാണ്. അതിര്‍ത്തിയില്‍ വെടിയേറ്റു മരിക്കുന്നതും രക്തസാക്ഷികളാണ്. തീവ്രവാദി ആക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരും രക്തസാക്ഷികളാണ്. എന്നാല്‍ ചുവരെഴുത്ത് തര്‍ക്കത്തില്‍ മരിക്കുന്നവരെ രക്തസാക്ഷികളാക്കി നമ്മളതിനെ ചെറുതാക്കരുത്. അവര്‍ രക്തസാക്ഷികളല്ല, മാമാങ്കനാളില്‍ നാട്ടുരാജാക്കന്മാര്‍ക്കുവേണ്ടി പോരാടി മരിച്ച ചാവേറുകളുടെ അനന്തര തലമുറയാണ്. ഇനി അതുണ്ടാകരുത്. പ്രസ്ഥാനങ്ങള്‍ വളരാന്‍ നമുക്ക് ചാവേറുകള്‍ വേണ്ട. നമ്മുടെ കുട്ടികള്‍ ചാവേറുകളല്ല, അച്ഛനമ്മമാരുടെ സന്തോഷത്തിന്റെ വിത്തുകളാണ്. അവ വഴിയില്‍ കരിഞ്ഞു വീഴേണ്ടവയല്ല, പൂത്ത് മണം പരത്തേണ്ടവയാണ്. അവരെ തല്ലിക്കെടുത്തല്ലെ എന്നു നമുക്ക് പ്രസ്ഥാനങ്ങളോട് , അവയുടെ നേതാക്കളോട് അപേക്ഷിക്കാം