Sunday, 9 December 2018

Kunjali Marakkar -- telefilm script

കുഞ്ഞാലി മരയ്ക്കാര്‍  -- ടെലിഫിലിം




കമന്‍ററി  ----------  1498 -ല്‍ വാസ്കോഡഗാമ പന്തലായനി കൊല്ലത്ത് കപ്പലടുപ്പിക്കും വരെയും                                                                  
                               മലബാര്‍ തീരം ശാന്തിയുടെയും സമാധാനത്തിന്‍റെയും   ഐശ്വര്യത്തിന്‍റെയും   കേന്ദ്രമായിരുന്നു.സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടത്തിനായി യവനരും ഗ്രീക്കുകാരും അറബികളും ചീനരും സ്ഥിരമായി എത്തിയിരുന്ന തീരം. കള്ളവും ചതിയുമില്ലാത്ത ഈ കച്ചവടകേന്ദ്രത്തിലേക്കാണ് ഗാമയും സംഘവും എത്തിയത്. കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി ഇവരെ സ്വീകരിക്കുകയും കച്ചവടത്തിന് അനുമതി നല്‍കുകയും ചെയ്തു. അറബി വ്യാപാരികളില്‍ നീരസമുണ്ടാക്കിയ ഒരു സംഭവമായി ഇത് മാറി. ദൂരദേശത്തു നിന്നും ഒരു കപ്പല്‍ നിറയെ കടല്‍കൊള്ളക്കാര്‍ വരുമെന്നും അവര്‍ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ശത്രുക്കളായിരിക്കുമെന്നും അവര്‍ ഇന്ത്യ കീഴടക്കുമെന്നും വിശ്വസിച്ചിരുന്ന അറബികള്‍ ഗാമയെ ശത്രുവായാണ് കണ്ടത്. 

പോര്‍ച്ചുഗീസുകാരും മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥയാണ് പിന്നീട് മലബാര്‍ കടപ്പുറത്തിന് പറയാനുണ്ടായിരുന്നത്. സാമൂതിരിയും കോലത്തിരിയും കൊച്ചി രാജാക്കന്മാരും സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി പറങ്കികളുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ടുപോയി. പറങ്കികളുടെ ആക്രമണം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ സാമൂതിരിക്ക് പിന്‍തുണയുമായി വന്ന മരയ്ക്കാര്‍ കുടുംബത്തിലെ നേതാവിന് കുഞ്ഞാലി അഥവാ പ്രിയപ്പെട്ട അലി എന്ന ബിരുദം നല്‍കി നാവികസേനയുടെ നേതൃത്വം ഏല്‍പ്പിച്ച് നല്‍കുകയാണുണ്ടായത്.      

കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍ എന്ന കുട്ടി അലി മരയ്ക്കാര്‍ അനുയായികള്‍ക്ക് യുദ്ധപരിശീലനം നല്‍കുകയും വേഗതയേറിയ തോണികളില്‍ സഞ്ചരിച്ച് പറങ്കികളെ ആക്രമിക്കുകയും ചെയ്തു. കടല്‍ ഗറില്ല യുദ്ധരീതിയായിരുന്നു മരയ്ക്കാരുടേത്. ആദ്യം വിജയിച്ചത് മരയ്ക്കാരാണെങ്കിലും അന്തിമ വിജയം പറങ്കികള്‍ക്കായിരുന്നു. അവര്‍ കുഞ്ഞാലി ഒന്നാമനെ പിടികൂടി വധിച്ചു. കുഞ്ഞാലി മരയ്ക്കാര്‍ രണ്ടാമനും കൂട്ടുകാരും യുദ്ധം ശക്തമാക്കി. പൂര്‍വ്വതീരത്തും സിലോണിലുമുള്ള പറങ്കി കേന്ദ്രങ്ങള്‍ പോലും ആക്രമിച്ച് നശിപ്പിച്ചു. സമരം തുടര്‍ന്നുകൊണ്ടേയിരുന്നു. പോര്‍ച്ചുഗീസുകാരോട് നേരിട്ട് യുദ്ധം ചെയ്യാതെ ഒളിപ്പോര് നടത്തുകയായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമന്‍ ചെയ്തത്. 1584 ല്‍ സാമൂതിരി പറങ്കികള്‍ക്ക് പൊന്നാനിയില്‍ ഫാക്ടറി പണിയാന്‍ സ്ഥലം അനുവദിച്ചതിന്‍റെ പേരില്‍ രാജാവുമായി അലോസരമുണ്ടായി. കുഞ്ഞാലിയെ പിണക്കാതിരിക്കാന്‍ രാജാവ് കോട്ടപ്പുറത്ത് കോട്ടകെട്ടാന്‍ അനുമതി നല്‍കി. ഒരിക്കലും തോല്‍ക്കാത്ത കുഞ്ഞാലിക്ക്  നാടിന്‍റെ ഭാവിയെ കുറിച്ച് കടുത്ത ആശങ്കയുണ്ടായിരുന്നു. 1594 ല്‍ പന്തലായനിയില്‍ വച്ച് പറങ്കികളെ തോല്‍പ്പിച്ച് വിജയം ആഘോഷിക്കാന്‍ നാട്ടുകാര്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കപ്പലിറങ്ങി വരുമ്പോള്‍ കാല്‍വഴുതി വീണ് പരുക്കുപറ്റിയാണ് മരയ്ക്കാര്‍ മരണമടഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അനന്തിരവന്‍ മുഹമ്മദ് മരയ്ക്കാര്‍ കോട്ടയ്ക്കല്‍ കോട്ടയുടെ അധിപനായി. കുഞ്ഞാലിയുടെ സൈനിക ശക്തി മനസിലാക്കിയ പറങ്കികള്‍ , സാമൂതിരിയും കുഞ്ഞാലിയും                                                           തമ്മിലുള്ള അഭിപ്രായവ്യത്യാസം മുതലെടുത്ത് യുദ്ധതന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു. നേരും നെറിയുമില്ലാത്ത പോര്‍ച്ചുഗീസ് സാമ്രാജ്യശക്തിയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു. ആത്മമിത്രങ്ങളായിരുന്ന കുഞ്ഞാലിയും സാമൂതിരിയും ബദ്ധശത്രുക്കളായി. പോര്‍ച്ചുഗീസുകാരെ തോല്‍പ്പിക്കാനായി ബിരുദം നല്‍കി അനുഗ്രഹിച്ച അതേ സാമൂതിരിമാര്‍ തന്നെ കുഞ്ഞാലിവംശത്തിന്‍റെ അന്തകരായി മാറുന്ന കാഴ്ചയാണ് 1600 ല്‍ കേരളം കണ്ടത്. 

സീന്‍ 1 - -- ടൈറ്റില്‍ - 1600 മാര്‍ച്ച് - ഗോവന്‍ കടപ്പുറം

 ( പോര്‍ച്ചുഗീസുകാര്‍ ആവേശത്തോടെ നോക്കി നില്‍ക്കുകയാണ്.ദൂരെ നിന്നും ഒരു കപ്പല്‍ വരുന്നു. ആള്‍ക്കാരുടെ ഒച്ചയും ബഹളവും. കൂട്ടത്തില്‍ ഒരാള്‍ ചങ്ങലയിലാണ്. അയാള്‍ പറങ്കിയല്ല, മലയാളിയാണെന്ന് മനസിലാക്കാം. കപ്പല്‍ തീരത്തടുക്കുന്നു. കപ്പലില്‍ നിന്നും ആളുകള്‍ ഇറങ്ങുന്നു. ഒപ്പം തടവുകാരും .അവര്‍ കുഞ്ഞാലിയും കൂട്ടരുമാണ്. പറങ്കികളുടെ നേതാവ് ഉറക്കെ വിളിച്ചു പറയുന്നു. (പറങ്കി ഭാഷ വേണം. മലയാളം സബ്ടൈറ്റില്‍ നല്‍കാം. ) 

--- പന്നീടെ മോന്‍, പാടുപെടുത്തിക്കളഞ്ഞു ഞങ്ങളെ. ഇവനെ കൊന്നാലും തീരില്ല പക. അത്രയ്ക്കുണ്ട് ഈ തെണ്ടിയുടെ ഉപദ്രവം. കൊന്ന് ഉപ്പിലിടണം കഴുവേറിയെ. 

(ആളുകള്‍ കല്ലെറിയുന്നു.) 

--- എറിയരുത്, എറിയരുതെന്നാ പറഞ്ഞെ, ഇവനെ ആവശ്യമുണ്ട്, ജീവനോടെ വേണം നമുക്ക് 

(ആളുകള്‍ ഏറ് നിര്‍ത്തുന്നു. ഈ സമയം ചങ്ങലയിലുള്ളയാള്‍ കുഞ്ഞാലിയുടെ അടുത്ത് എത്തുന്നു. )

--- കുഞ്ഞാലിക്കാ, നിങ്ങള്‍ എങ്ങിനാ തോറ്റത്.

കുഞ്ഞാലി ---- എന്‍റെ മച്ചുനന്‍ - എന്‍റെ മച്ചുനന്‍ - നീ -- 

പട്ടാളക്കാര്‍ അവനെ തള്ളുന്നു.( പോര്‍ച്ചുഗീസ് ഭാഷയില്‍ ) --- പെഡ്രോ, മാറിപ്പോകൂ, മാറിപ്പോകാന്‍ -- 

അവന്‍ തിരിഞ്ഞു തിരിഞ്ഞു നോക്കൂന്നു. കുഞ്ഞാലിയും പട്ടാളവും മുന്നോട്ടും പെഡ്രോ പിറകിലുമാകുന്നു. 

കഞ്ഞാലി --- മച്ചുനാ, കോട്ടകള്‍ കെട്ടരുത്, അത് നമ്മുടെ സാധ്യതകള്‍ പരിമിതപ്പെടുത്തും. അനന്ത വിശാലമായ കടല്‍, തമ്പുരാന്‍ നമുക്ക് തന്ന സാമ്രാജ്യമാണത്. അത് അറിയാന്‍  വൈകിപ്പോയി മച്ചുനാ. നീ കരുത്തനാകും, നീ പകരം വീട്ടുമെടാ- എനിക്കറിയാം - യാ റബുല്‍ ആലമീനായ തമ്പുരാനെ - ഇവന് ശക്തി നല്‍കേണമെ --

ഈ സമയം മഴ പെയ്യുന്നു. മഴ നനഞ്ഞ് മുന്നോട്ടുപോകുന്ന കൂട്ടം. 

സീന്‍ - 2 

ടൈറ്റില്‍ ----  ഗോവയിലെ ട്രോങ്കോ തടവറ 

ജയിലിനുള്ളില്‍ പട്ടാളക്കാര്‍ നടക്കുന്ന കാഴ്ച. തടവറയില്‍ കുഞ്ഞാലി. ഒരു പാതിരി നടന്ന് കുഞ്ഞാലിയുടെ തടവറയില്‍ എത്തുന്നു. (മലയാളം അറിയാവുന്ന പാതിരി ) 

പാതിരി ---- കുഞ്ഞാലി, നിന്‍റെ പാപങ്ങള്‍ കര്‍ത്താവായ ഈശോ മിശിഹ കഴുകിക്കളയും. നീ പാപങ്ങളില്‍ നിന്നും മുക്തനാവും, നീ കര്‍ത്താവില്‍ വിശ്വസിക്ക. 

കുഞ്ഞാലി --- എന്‍റെ ദൈവം കരുണാമയനായ അല്ലാഹുവാണ്. മറ്റൊരു ദൈവത്തിലും ഞാന്‍ വിശ്വസിക്കയില്ല. അതിനായി താങ്കള്‍ ബുദ്ധിമുട്ടുകയും വേണ്ട. 

കുഞ്ഞാലി പ്രാര്‍ത്ഥനാ നിരതനായി.

പാതിരി  ദേഷ്യത്തോടെ ----- കര്‍ത്താവിന്‍റെ വഴിയില്‍ കല്ലും മുള്ളും പാകുന്നവനാണിവന്‍. ഇവന് ആഹാരമോ വെള്ളമോ കൊടുക്കേണ്ടതില്ല. പാപികള്‍ക്ക് മുന്നില്‍ സ്വര്‍ഗ്ഗരാജ്യം എപ്പോഴും അടഞ്ഞുതന്നെ കിടക്കും. 

പാതിരി നടന്നു പോകുന്നു 

സീന്‍ - 3 

കപ്പല്‍ നിര്‍മ്മാണ കേന്ദ്രം. ഡോണ്‍ പെട്രോ റോഡ്രിഗ്സ്  ചങ്ങലയിലാണെങ്കിലും പണിയെടുക്കുന്നു. അവന്‍ ഉള്ളിലുള്ള ദേഷ്യത്തിന്‍റെ കനലില്‍ ആവേശത്തോടെ ജോലി ചെയ്യുന്നു. 

അവന്‍റെ ഓര്‍മ്മ -- ഫ്ളാഷ് ബാക്ക് 

സീന്‍ - 4 
കുഞ്ഞാലിയുടെ കോട്ട. യുദ്ധത്തിനുള്ള തയ്യാറെടുപ്പ്  നടക്കുന്നു. കുഞ്ഞാലിയുടെ ഉമ്മ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നു. 

ഉമ്മ ---- കുഞ്ഞാലീ, നീ കണ്ടോ - മ്മടെ കുട്ടി അഹമ്മദിനെ. അവനും വരുന്നുപോലും യുദ്ധത്തിന് 

കുട്ടി അഹമ്മദ് യുദ്ധ വേഷത്തില്‍. ഒട്ടൊരു നാണവുമുണ്ട് 

കുട്ടി അഹമ്മദ് -- എന്‍റെ പഠനം കഴിഞ്ഞൂന്ന്  ഉസ്താദ് പറഞ്ഞിട്ടുണ്ട്. ഇനി യുദ്ധത്തിന് പുറപ്പെട്ടോളാനും പറഞ്ഞിട്ടുണ്ട്. 

കുഞ്ഞാലി -- ഇത്തിരീം കൂടി കഴിഞ്ഞോട്ടെ മച്ചുനാ . യുദ്ധം ചെയ്യാനുള്ള കൈത്തഴമ്പായിട്ടുപോരെ ഈ പുറപ്പെടല്‍ 

കുട്ടി അഹമ്മദ് --- കുഞ്ഞാലിക്കാ എന്നെ തടയരുത്, ഞാനും വരും . ഇതെന്‍റെ ഒടുക്കത്തെ പൂതിയാ. 

കുഞ്ഞാലി ചിരിക്കുന്നു. 

കുഞ്ഞാലി -- ഉം- ശരി, ശരി, നിന്‍റെ ആഗ്രഹം അതാണെങ്കില്‍  ആയ്ക്കോട്ടെ. 

സീന്‍ -4 -എ 

കുഞ്ഞാലിയും സംഘവും ചെറുവള്ളങ്ങളില്‍ യുദ്ധത്തിന് പുറപ്പെടുന്നു. കുഞ്ഞാലി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. 

കുഞ്ഞാലി --- ഫുര്‍കാസോ ചില്ലറക്കാരനല്ല. നമ്മള്‍ നാല് ഭാഗത്തു നിന്നും ആക്രമിച്ച് കയറണം. കപ്പലിനുള്ളില്‍ കയറുന്നവര്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടാതെ നോക്കണം. മോശം സാഹചര്യമാണെന്ന് ബോധ്യമായാല്‍  കടലിലേക്ക് ചാടണം. അത്തരക്കാരെ രക്ഷിക്കാന്‍ താഴെ നില്‍ക്കുന്നവര്‍ ശ്രദ്ധിക്കണം . ഇതൊരു ജീവന്‍ മരണ പോരാട്ടമാണ്. തമ്പുരാന്‍റെ കൃപ നമുക്കൊപ്പമുണ്ടാകും. ( അള്ളാഹു അക്ബര്‍ എന്നു തുടങ്ങുന്ന ഭാഗം ചേര്‍ക്കാം. ) 

സീന്‍ -5 

യുദ്ധം. വലിയ കപ്പലിലെ പീരങ്കികളില്‍പെടാതെയുള്ള  വേഗതയാര്‍ന്ന യുദ്ധം. ചെറുവള്ളങ്ങളാണ് യുദ്ധനിരയില്‍. പല പോര്‍ച്ചുഗീസുകാരും മരിക്കുന്നു. കപ്പലില്‍ കയറുന്നവരില്‍ കുട്ടി അഹമ്മദുമുണ്ട്. പലരും കൊലചെയ്യപ്പെടുന്നു. കുട്ടി അഹമ്മദ് പോര്‍ച്ചുഗീസ് പിടിയിലാവുന്നു. 

സീന്‍ -6 

കുഞ്ഞാലിയുടെ കോട്ട. ഉമ്മയും മറ്റുള്ളവരുമുണ്ട്. കുഞ്ഞാലി ദുഖിതനായിരിക്കുന്നു. 

കുഞ്ഞാലി -  നമ്മുടെ വീരന്മാര്‍ പലരും പോയി. എങ്കിലും കുട്ടി അഹമ്മദ്-- അതാണ് ഉമ്മാ സഹിക്കാന്‍ കഴിയാത്തത്. കൊച്ചുകുട്ടിയായിരുന്നില്ലെ അവന്‍ - എനിക്ക് വിലക്കാമായിരുന്നു -- ഇതെന്‍റെ പിഴ - 

ഉമ്മ -- കുഞ്ഞാലി , യുദ്ധത്തില്‍ മരണപ്പെടുന്നത്  വീരചരമം. അവനെ അള്ളാഹു വിളിച്ചു, അവന്‍ പോയി എന്ന് സമാധാനിച്ചാല്‍ മതി. നഷ്ടങ്ങളെ ഓര്‍ത്ത്  സങ്കടപ്പെടാന്‍ നമുക്ക് സമയമില്ല മോനെ. പറങ്കികളെ ഈ തീരത്തുനിന്നോടിക്കുക എന്നതാണല്ലൊ നമ്മുടെ നാടിന് വേണ്ടി നമുക്ക് ചെയ്യാവുന്ന കടമ. നീ എണീറ്റുവാ -- വല്ലതും കഴിക്ക് . 

ഫ്ളാഷ് ബാക്ക് കഴിയുന്നു 

സീന്‍ - 7 

ജയിലില്‍ കിടക്കുന്ന കുഞ്ഞാലിയുടെ  ആത്മഗതം  ---- കുട്ടി അഹമ്മദ്, അവന്‍ മരിച്ചൂന്നാ കരുതിയത്. -- എന്നിട്ടിപ്പൊ പറങ്കികളുടെ അടിമയായി -- എന്‍റെ തമ്പുരാനെ -- എന്താ അവന്‍റെ നിയോഗം--- നീ എന്താണവന് കണ്ടുവച്ചിരിക്കുന്നത്.

സീന്‍ -7 എ 

ജോലിയില്‍ മുഴുകി  നില്‍ക്കുന്ന പെഡ്രോ 

സീന്‍ -8 

വൈസ്രോയിയുടെ മുറി, പാതിരിയും സൈന്യാധിപന്മാരുമുണ്ട്. 

പാതിരി --- അവന്‍ മതം മാറില്ല. അവന്‍റെ മനസും മാറില്ല. ഇനി വിചാരണയും ശിക്ഷയുമെ ബാക്കിയുള്ളു. അത് നടപ്പിലാക്കുക. 

വൈസ്രോയി --- എങ്കില്‍ നാളെത്തന്നെ കോടതി ചേരാന്‍ നിര്‍ദ്ദേശം നല്‍കുക. ചടങ്ങുകള്‍ വേഗം അവസാനിപ്പിച്ച് ശിക്ഷ നടപ്പാക്കണം. 

സീന്‍ - 9 

കോടതി മുറി. കുഞ്ഞാലിയേയും കൂട്ടരേയും നിരത്തി നിര്‍ത്തിയിരിക്കുന്നു. ജഡ്ജി ഇരിപ്പുണ്ട്. വക്കീല്‍ സംസാരിക്കുന്നു. 

വക്കീല്‍ -- മി ലോഡ് , ഈ നില്‍ക്കുന്ന പ്രതികള്‍ ദേശദ്രോഹികളാണ്. സമാധാനപരമായി കച്ചവടം നടത്തിവരുന്ന നൂറുകണക്കിന് പോര്‍ച്ചുഗീസുകാരെ അതിക്രൂരമായി വധിച്ചിട്ടുള്ളവരാണ് ഈ കാടന്മാര്‍. കൊള്ളയും കൊള്ളിവയ്പ്പും ശീലമാക്കിയ ഇവര്‍ക്ക് മരണശിക്ഷ തന്നെ നല്‍കണമെന്ന് ഞാന്‍ ബഹുമാനപ്പെട്ട കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു. 

കുഞ്ഞാലി -- പറങ്കികളാണ്  യഥാര്‍ത്ഥ രാജ്യദ്രോഹികള്‍. സമാധാനപരമായി കച്ചവടം ചെയ്തുവന്ന അറബികളെയും മുസ്ലീങ്ങളേയും കൊള്ള ചെയ്തും കൊലപ്പെടുത്തിയും മലബാറിന്‍റെ സമാധാനം നശിപ്പിച്ചത് പറങ്കികളാണ്. പാവപ്പെട്ട സ്ത്രീകളെയും കുട്ടികളെയും വരെ കൊലചെയ്യാന്‍ മടിക്കാത്ത നീചന്മാരായ കൊള്ളക്കാര്‍. കള്ളവും ചതിവും മാത്രം കൈമുതലായുള്ള പറങ്കികളോട് പോരാടിയ ധീരദേശാഭിമാനികളാണ് ഞങ്ങള്‍. ഒരു തെറ്റും ചെയ്തിട്ടില്ലാത്ത ഞങ്ങള്‍ക്ക് യാ റസൂല്‍ അലമീനായ തമ്പുരാന്‍ വിധിച്ചിരിക്കുന്ന എന്ത് ശിക്ഷയും ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കും. ഈ നീതിപീഠത്തില്‍ നിന്നും ഞങ്ങള്‍ കരുണ പ്രതീക്ഷിക്കുന്നില്ല. ഇത് നീതിയുടെ പീഠമല്ല, അനീതിയുടേതാണ്  എന്ന ഉത്തമബോധ്യം ഞങ്ങള്‍ക്കുണ്ട് . -- അല്ലാഹു അക്ബര്‍-- ലാ ഇലാഹ ഇല്ലല്ലാ--


വക്കീല്‍ -- ഇനി ഒരു വിശദീകരണത്തിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല മി ലോഡ്. കുറ്റക്കാരായ  ഇവര്‍ പശ്ചാത്തപിക്കാന്‍ പോലും തയ്യാറല്ലെന്ന് മാത്രമല്ല തികഞ്ഞ അഹങ്കാരികളുമാണ്. ആയതിനാല്‍ ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ നടപടിയുണ്ടാവണമെന്ന് ബഹുമാനപ്പെട്ട കോടതിയോട്  അഭ്യര്‍ത്ഥിക്കുന്നു. 
ജഡ്ജി വിധി പ്രസ്താവം എഴുതുന്നു. കോടതിയില്‍ കൂടിയിട്ടുള്ളവരുടെ  വിവിധ ഭാവങ്ങള്‍ 

ജഡ്ജി ----- എനിക്ക് മുന്നില്‍ വിചാരണ ചെയ്യപ്പെട്ട ഇവര്‍ കടുത്ത ദേശദ്രോഹികളും അഹങ്കാരികളും ചതിയന്മാരും കര്‍ത്താവില്‍ വിശ്വസിക്കാത്തവരുമാണെന്ന് കോടതിക്ക്  ബോധ്യപ്പെട്ടിരിക്കുന്നു. ചെയ്ത തെറ്റുകളില്‍ പശ്ചാത്തപിക്കാന്‍ പോലും തയ്യാറാകാത്ത ഇവര്‍ക്ക് മരണത്തില്‍ കുറഞ്ഞ ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലിയേയും കൂട്ടരേയും ശിരച്ഛേദം ചെയ്ത് കൊലപ്പെടുത്താനും നാടിന്‍റെ നാനാഭാഗത്തുമായി പ്രദര്‍ശിപ്പിക്കാനും നാം ഉത്തരവിടുന്നു. നേതാവായ കുഞ്ഞാലിയുടെ ശരീരം കൊത്തിനുറുക്കി ജീവികള്‍ക്ക് തീറ്റയായി നല്‍കേണ്ടതാണ്. ഈ മലബാറില്‍ ഒരാളും ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യാതിരിക്കാനായി ഇയാളുടെ തല മലബാര്‍ തീരത്ത്  പ്രദര്‍ശിപ്പിക്കേണ്ടതാണ്. വിധി പ്രസ്താവം കുറ്റക്കാര്‍ കേട്ട് അംഗീകരിച്ചതായി കരുതുന്നു. കോടതി പിരിയുകയാണ്. 

കുഞ്ഞാലിയും കൂട്ടരും യാതൊരു ഭാവഭേദവുമില്ലാതെ വിധി കേട്ടു. അവര്‍ ഒന്നിച്ച് അല്ലാഹു അക്ബര്‍  വിളി മുഴക്കുന്നു 

സീന്‍ - 10 

പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുന്ന ഉമ്മ. അവരുടെ കൈകളിലേക്ക് കുഞ്ഞാലിയുടെ ഉറുമാല്‍ പറന്നു വീഴുന്നു. അവര്‍ ഞെട്ടുന്നു. ഒപ്പമുള്ള കുട്ടിയും മറ്റ് സ്ത്രീകളും അത് ശ്രദ്ധിക്കുന്നു. 

ഉമ്മ -- യാ റബ്ബുല്‍ ആലമീനായ തമ്പുരാനെ--  ന്‍റെ കുഞ്ഞാലിക്ക്  എന്താണ് സംഭവിച്ചിരിക്കുന്നത്. എന്‍റെ മനസ് ആകെ അസ്വസ്ഥമായിരിക്കുന്നു. എല്ലാം  ബലിയായി സ്വീകരിച്ച്  , ഇവളെ മാത്രം എന്തിനിങ്ങനെ തീയില്‍ നിര്‍ത്തിയിരിക്കുന്നു. അത്രയ്ക്ക്  പാപിയാണോ ഈ വൃദ്ധ. 

അനുചര ---- ഉമ്മ സമാധാനിക്ക്.  ഇക്കയ്ക്ക് ഒന്നും സംഭവിക്കില്ല. അവര്‍ തിരിച്ചുവരും.

ഉമ്മ  ----------  മോളെ , ആശ്വാസ വചനങ്ങള്‍കൊണ്ട്  എന്നെ തണുപ്പിക്കാന്‍ കഴിയില്ല. യോദ്ധാക്കളുടെ പരമ്പരയില്‍ പെട്ടവളാണ്  ഈ ഉമ്മ. എത്രയോ മരണങ്ങള്‍ കണ്ടവള്‍. യുദ്ധത്തില്‍ കുഞ്ഞാലി വീരമൃത്യു വരിച്ചെങ്കില്‍ എനിക്കിത്ര സങ്കടമുണ്ടാവില്ലായിരുന്നു. ഇത് -- ഇത് ചതിയല്ലെ.  എന്‍റെ കുഞ്ഞാലിയെ ചതിച്ചില്ലെ പൊന്നു തമ്പുരാന്‍. അതിനുതക്ക എന്ത് പാപമാണ് ഞാന്‍ ചെയ്തത് തമ്പുരാനെ 

അവര്‍ കരയുന്നു. (ഫ്ളാഷ്ബാക്ക് ) 

സീന്‍ - 11 

ക്ഷോഭിച്ചു നില്‍ക്കുന്ന തിരകളുടെ  വിഷ്വല്‍ 
കുഞ്ഞാലിയും ഉമ്മയും ഒന്നിച്ചിരിക്കുന്നു.

ഉമ്മ -- ചോരയുടെ  മണം നിറഞ്ഞ ഈ കടല്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു മോനെ. എന്നെങ്കിലും ഈ യുദ്ധം അവസാനിക്കുമോ ? നമ്മുടെ ചെറുപ്പക്കാരെല്ലാം മയ്യത്താവുന്ന കാഴ്ച, വിധവകളായ പെണ്ണുങ്ങള്‍ , ബാപ്പയില്ലാത്ത മക്കള്‍ -- ഇതൊന്നവസാനിക്കണ്ടെ മോനെ - 

കുഞ്ഞാലി --- ഉമ്മ പറഞ്ഞുവരുന്നത്  എനിക്ക് മനസിലാകുന്നുണ്ട്. എന്താണ്  പരിഹാരം ?

ഉമ്മ -- നീയ് സാമൂതിരിയുമായുള്ള വഴക്ക് നിര്‍ത്തണം . പറങ്കികളും സാമൂതിരിയും ചേര്‍ന്ന ശക്തിക്ക് മുന്നില്‍ നമുക്ക്  എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും മോനെ . ഒരാളെ വിട്ട് നമ്മുടെ ആഗ്രഹം തമ്പുരാനെ അറിയിക്ക്. നമ്മുടെ കലവറ കാലിയായിതുടങ്ങി. കൊണ്ടുവന്ന അരിയും പലചരക്കും പറങ്കികള്‍ പിടിച്ചെടുത്തില്ലെ. പട്ടിണിക്കിട്ട്  കൊല്ലാനാവും അവരുടെ അടവ്. 

സീന്‍ -12 

കുഞ്ഞാലി മരയ്ക്കാറും ചൈനാലിയും കുട്ട്യാലിയും കുഞ്ഞിമൂസയും കൂടിയാലോചിക്കുന്നു. 

കുഞ്ഞാലി ---- നമ്മുടെ കലവറ ഒഴിയാറായി. പട്ടിണി കിടന്ന് യുദ്ധം ചെയ്യാന്‍ കഴിയില്ലല്ലോ കുട്ട്യാലി. ഫുര്‍ത്താവുസോയുടേത്  തന്ത്രപരമായ നീക്കമാണ്. നമുക്ക് ഭക്ഷണവുമായി വന്ന എല്ലാ കപ്പലുകളും അവര്‍ പിടിച്ചെടുത്തു. സ്ത്രീകളെയും കുട്ടികളേയുമെങ്കിലും രക്ഷിക്കണം. അതിന് കീഴടങ്ങള്‍ മാത്രമേയുള്ളു മുന്നില്‍

കുട്ട്യാലി --- പറങ്കികള്‍ക്ക് കീഴടങ്ങുന്നതിലും നല്ലത് മരണം തന്നെയാണ്

കുഞ്ഞാലി --- നമുക്ക് പൊന്നു തമ്പുരാന് മുന്നില്‍ കീഴടങ്ങാം. മലബാറിനുവേണ്ടിയുള്ള യുദ്ധമല്ലെ നമ്മുടേത്. അത് തമ്പുരാന്‍ മനസിലാക്കുന്ന കാലം വരും. പറങ്കികളുടെ വലയിലായ തമ്പുരാന് ഇപ്പൊ കണ്ണു കാണാന്‍ വയ്യാത്ത അവസ്ഥയാണ്. ഇത് മാറും കുട്ട്യാലി

ചൈനാലി --- തമ്പുരാനെയും പറങ്കികളെയുമൊന്നും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പക്ഷെ, നമുക്കൊരു ബദലില്ല എന്നതാണ് സത്യം. 

കുഞ്ഞാലി -- നമുക്ക് കീഴടങ്ങിയ ശേഷം നാടുവിടാം. രാമേശ്വരത്ത് എല്ലാ സൌകര്യങ്ങളും ഒരുക്കി നല്‍കാന്‍ മധുര രാജാവ് തയ്യാറാണ്. അവിടെ താമസിച്ചുകൊണ്ട് നമുക്ക് പറങ്കികളോട് പോരാടാം. നമ്മുടെ സ്വത്തുക്കളെല്ലാം അവിടെ എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 

കുഞ്ഞിമൂസ --- നമ്മുടെ കണക്കുകള്‍ പിഴച്ച സ്ഥിതിക്ക് ഇനി മറ്റ് മാര്‍ഗ്ഗങ്ങളില്ല. കരയും കടലും പുഴയും അവര്‍ സ്വന്തമാക്കിയിരിക്കുന്നു. നമ്മള്‍ മാളത്തിലകപ്പെട്ട എലിയുടെ സ്ഥിതിയിലാണിപ്പോള്‍ 

കുഞ്ഞാലി --- കീഴടങ്ങല്‍ സന്ദേശവുമായി തമ്പുരാനെ കാണാന്‍ നമ്മുടെ ദൂതന് നിര്‍ദ്ദേശം നല്‍കുക. ഞാനല്‍പ്പം വിശ്രമിക്കട്ടെ.

സീന്‍ -12  എ

കോട്ടമുറ്റം. പട്ടാളക്കാരും സ്ത്രീകളും കുട്ടികളും നിറഞ്ഞു നില്‍ക്കുന്നു. ഉയര്‍ന്ന മണ്ഡപത്തിലേക്ക് കുഞ്ഞാലി വരുന്നു. തികഞ്ഞ നിശബ്ദത

കുഞ്ഞാലി --- എന്‍റെ ഉടപ്പിറപ്പുകളെ, കുഞ്ഞുങ്ങളെ, മതം, ദേശം, പ്രായം എന്നിവയ്ക്കൊന്നും വേര്‍തിരിക്കാനാവാത്തവിധം ഒറ്റ മനസായാണ് നമ്മള്‍ നാളിതുവരെ പോരാടിയത്. വിജയവും പരാജയവും നിശ്ചയിക്കുന്നത് കാലമാണ്. നമ്മളെയും തമ്പുരാനെയും പിണക്കിയവര്‍ക്ക് ഉടയോന്‍ മാപ്പു കൊടുക്കട്ടെ. പറങ്കികളുമായുള്ള സന്ധിയില്ലാ സമരം നമ്മുടെ അനേകം ധീരനായകന്മാരുടെ ജീവന്‍ അപഹരിച്ചു. അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം കുടുംബങ്ങളോട് ക്ഷമ ചോദിക്കാനും ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. വീരന്മാര്‍ ഒരിക്കലെ മരിക്കുകയുള്ളു. ഭീരുക്കള്‍ പലവട്ടം മരിക്കുന്നു. വീരന്മാരുടെ ഊര്‍ജ്ജം എന്നും നമ്മോടൊപ്പമുണ്ടാകും. നമ്മള്‍ യുദ്ധം അവസാനിപ്പിക്കുകയാണ്. തമ്പുരാനുമായുണ്ടാക്കിയ കരാര്‍ പ്രകാരം നിങ്ങളെയെല്ലാം സ്വതന്ത്രരായി പോകാന്‍ അനുവദിക്കും. എല്ലാവരും രാമേശ്വരത്ത് എത്തണം. പറങ്കികള്‍ക്കെതിരായ അന്തിമപോരാട്ടം നമുക്കവിടെ നിന്നും ആരംഭിക്കാം. അന്തിമ വിജയം നമ്മുടേത് തന്നെയാകും. ഏതാനും നിമിഷങ്ങള്‍ക്കകം വെള്ളകൊടി ഉയരും. അതോടെ കോട്ടവാതില്‍ തുറക്കും. ആദ്യം സ്ത്രീകളും കുട്ടികളും പുറത്തിറങ്ങണം. പരിക്കേറ്റവരേയും രോഗികളെയും ഭടന്മാര്‍ പുറത്തേക്ക് കൊണ്ടുപോകണം. തുടര്‍ന്ന് മറ്റുള്ളവരും. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ഞാന്‍ നിങ്ങളോട് ചെയ്തിട്ടുള്ള എല്ലാ തെറ്റുകള്‍ക്കും അല്ലാഹുവിന്‍റെ നാമത്തില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളെ ഉടയതമ്പുരാന്‍ കാത്തുകൊള്ളട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

ഭടന്മാര്‍ മുദ്രാവാക്യം വിളിക്കുന്നു ---- കുഞ്ഞാലി മരയ്ക്കാര്‍ നീണാള്‍ വാഴട്ടെ,  കുഞ്ഞാലി മരയ്ക്കാര്‍ നീണാള്‍ വാഴട്ടെ 

കരഞ്ഞുകൊണ്ടു നില്‍ക്കുന്ന സ്ത്രീകളുടെ അടുത്തെത്തുന്ന കുഞ്ഞാലി -------- എന്‍റെ അമ്മമാരും പെങ്ങന്മാരും മക്കളുമാണ് നിങ്ങള്‍. ധീരന്മാരുടെ കുലത്തില്‍പെട്ട നിങ്ങള്‍ ധൈര്യം കൈവിടരുത്. എല്ലാ ദുരിതങ്ങളില്‍ നിന്നുമുള്ള മോചനാണ് ഇപ്പോഴുണ്ടാകുന്നത്. യുദ്ധത്തിന്‍റെ ശാപഗ്രസ്തമായ ദിനങ്ങള്‍ അവസാനിക്കുകയാണ്. ഈ സമയം സന്തോഷിക്കാനുള്ളതാണ്, കരയരുത് 

കുഞ്ഞാലി ഒരു സ്ത്രീയുടെ കണ്ണീര്‍ തുടയ്ക്കുന്നു. മുന്നിലേക്ക്ക നടക്കുമ്പോള്‍ ഉമ്മയും ചെറുമക്കളും വായപൊത്തി വിതുമ്പുന്നു. അവരെ ചേര്‍ത്തു പിടിച്ച്  കുഞ്ഞാലി ---- വീരശൂരപരാക്രമിയായ കുഞ്ഞാലിയുടെ ഉമ്മ കരയുകയോ -- എന്താ ഉമ്മ ഇത്. ഞാന്‍ ഉടനെ രാമേശ്വരത്ത് എത്തില്ലെ. അവിടെ ഇതിനേക്കാള്‍ വലിയൊരു കോട്ട പണിത് ഉമ്മയെ ഞാനതില്‍ പാര്‍പ്പിക്കും. പറങ്കികളെ അറബിക്കടലില്‍ നിന്നോടിക്കുക എന്ന കാരണവന്മാരുടെ സ്വപ്നം പൂര്‍ത്തിയാക്കും. ഉമ്മയുടെ മോന്‍ നല്‍കുന്ന വാക്കാണ്, ഞാനിത് നിറവേറ്റും ഉമ്മ

ഉമ്മ ആശങ്കയില്‍ തന്നെ 

ഉമ്മ-- എന്നെയും ഈ കുഞ്ഞിനെയും ആരെ ഏല്‍പ്പിച്ചാണ് കുഞ്ഞാലി നീ പോകുന്നത്

കുഞ്ഞാലി കുഞ്ഞിനെ എടുത്ത് സന്തോഷത്തോടെ സംസാരിക്കുന്നു -------- വല്യുപ്പ കൊറച്ചീസം കഴിയുമ്പൊ മോളെ കാണാന്‍ വരും. രണ്ട് കൈ നിറയെ ചക്കര മിഠായിയുമായി വരും. -- ന്‍റെ മോള്  മിടുക്കിയാവണം- കേട്ടോ 

കുട്ടി തലയാട്ടി ചിരിക്കുന്നു. കുഞ്ഞാലി അവള്‍ക്ക് മുത്തം നല്‍കുന്നു. കഴുത്തില്‍ ചുറ്റിയിരുന്ന ഉറുമാല്‍ എടുത്ത് ഉമ്മയുടെ കണ്ണുനീര്‍ തുടച്ച് അത് അവരെ ഏല്‍പ്പിക്കുന്നു. 

കുഞ്ഞാലി --- ഉമ്മ ഇത് വച്ചോളീന്‍ -- എനിക്കിപ്പൊ തരാന്‍ മറ്റൊന്നുമില്ല

അവര്‍ അത് കൈയ്യില്‍ ചുരുട്ടി വീണ്ടും സങ്കടപ്പെടുന്നു. കുഞ്ഞാലി മുന്നോട്ട് നടക്കുന്നു. സങ്കടമുള്ളത് കാണിക്കാതെയും തിരിഞ്ഞു നോക്കാതെയും പറയുന്നു ------ ഉമ്മ ഓള്‍ടെ കൈവിടല്ലെ, കുരുത്തംകെട്ട പെണ്ണാണ്, മുറുകെ പിടിച്ചോണം 

ഉമ്മ പ്രാര്‍ത്ഥിക്കുന്നു ------ യാ റസൂല്‍ ആലമീനായ തമ്പുരാനെ --- ന്‍റെ മോനെ കാത്തോളണെ 

സീന്‍-12  ബി 

വെള്ളക്കൊടി ഉയര്‍ന്നു. കോട്ടവാതില്‍ തുറന്നു. കുഞ്ഞാലിയും കൂട്ടരും മുകളില്‍ നിന്ന് കാഴ്ച കണ്ടു. ആദ്യം സ്ത്രീകളും അവരുടെ കൈ പിടിച്ച് കുട്ടികളും പുറത്തേക്കിറങ്ങി. കോട്ടയും ഇരുവശവും പോര്‍ച്ചുഗീസ് -- നായര്‍ പട്ടാളങ്ങള്‍ ഒരിടനാഴി തീര്‍ത്തിരിക്കുന്നു. അതിനിടയിലൂടെ കുനിഞ്ഞ ശിരസും ഉറച്ച കാല്‍വയ്പുകളുമായി അവര്‍ നടന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്നിലായി അംഗവൈകല്യമുള്ളവര്‍, അവരെ സഹായിക്കുന്നവര്‍. സ്ത്രീകളുടെ നിരയ്ക്ക് പിന്നിലായി ഉമ്മയും കുഞ്ഞും. കുഞ്ഞ് തിരിഞ്ഞുനോക്കുന്നുണ്ട്. വല്യുപ്പയെയാണവള്‍ നോക്കുന്നത്. അവള്‍ കുഞ്ഞാലിയെ കാണുന്നില്ല. അവള്‍ വീണ്ടും നേരെ നോക്കി നടത്തം തുടര്‍ന്നു. തികഞ്ഞ നിശബ്ദത. അവര്‍ നടക്കുന്ന പാദപതനം വ്യക്തമായി കേള്‍ക്കാം. 

കുഞ്ഞാലി --- തമ്പുരാനെ , എല്ലാം അവിടത്തെ ഇഷ്ടം. സുബാനള്ളാ , സുബാനള്ളാ

സീന്‍-12  സി 

ആ മനുഷ്യ ഇടനാഴിയുടെ അങ്ങേയറ്റത്തായി സാമൂതിരി കസേരയില്‍ ഇരിക്കുന്നു. മന്ത്രിമാര്‍ സമീപത്തുണ്ട്. ഉപദേശികളായ പാതിരിമാരും . ആദ്യസംഘം സാമൂതിരിപ്പാടിനു മുന്നിലെത്തി തൊഴുതു. അവരോട് പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിക്കുന്നു. അങ്ങിനെ ഓരോ സംഘമായി അവര്‍ ഇടത്തേക്കും വലത്തേക്കും തിരിഞ്ഞുപോയി. 

സീന്‍ -13 

കുഞ്ഞാലി കൂട്ടുകാരെ നോക്കി ---- ഇനി നമ്മുടെ ഊഴമാണ്, തയ്യാറാകൂ

അവര്‍ ആയുധങ്ങള്‍ താഴെ വച്ച് ഇറങ്ങാന്‍ തയ്യാറായി. 

കുഞ്ഞാലിയുടെ മുറി. കുഞ്ഞാലി ഒരു കറുത്ത ഉറുമാല്‍ എടുത്ത് തലയില്‍ കെട്ടി. ഉടവാളെടുത്ത് ഉയര്‍ത്തി.

കുഞ്ഞാലി --- എന്‍റെ മനസും ശരീരവുമായ കാരണവന്മാരെ, ഈ കോട്ടയെ വലംവച്ചുപോകുന്ന മുരാട് പുഴേ, എന്‍റെ ഉപ്പായ അറബിക്കടലെ, എന്നെ പോറ്റി വളര്‍ത്തിയ  എന്‍റെ പ്രിയ നാടേ, എന്നെ ഞാനാക്കിയ ഈ കോട്ട വിട്ടിറങ്ങുകയാണ്. ശരിയോ തെറ്റോ എന്നറിയില്ല. ഇതല്ലാതെ മറ്റൊരു തീരുമാനം എടുക്കാന്‍ കഴിയില്ലായിരുന്നു എന്ന വിശ്വാസത്തോടെ ഞാന്‍ പടിയിറങ്ങുന്നു. എന്നന്നേയ്ക്കുമായി - എന്‍റെ ഉടപ്പിറപ്പുകളെയും വിശ്വസ്തരായ എന്‍റെ ചങ്ങാതികളെയും കാത്തുകൊള്ളണേ തമ്പുരാനെ 

പ്രാര്‍ത്ഥന കഴിഞ്ഞ് കുഞ്ഞാലി പുറത്തിറങ്ങി. കിഴക്കോട്ടു തിരിഞ്ഞ് വാള്‍ പതിയെ തലകീഴായി പിടിച്ചു. ഇടത്ത് ചൈനാലി, വലത്ത് കുട്ട്യാലി, പിന്നില്‍ കുട്ടിമൂസ , അതിനുപിന്നില്‍ നിരായുധരായ സേനാനായകര്‍. വാള്‍ ആചാരപൂര്‍വ്വം താഴ്ത്തിപ്പിടിച്ച് കുഞ്ഞാലി നടന്നു. 

സീന്‍ -13 എ 

റോഡിലൂടെ കുഞ്ഞാലി നടക്കുന്ന ദൃശ്യങ്ങള്‍
കുഞ്ഞാലിയുടെ ചുണ്ടില്‍ അല്ലാഹു അക്ബര്‍ മാത്രം.

സീന്‍ - 14 

സാമൂതിരിയുടെ ഇരിപ്പിടം. കുഞ്ഞാലിയും കൂട്ടരും അവിടെ എത്തുന്നു. കടുത്ത നിശബ്ദത മാത്രം. കുഞ്ഞാലി രാജാവിന് മുന്നിലെത്തി. ഉടവാള്‍ കാല്‍ക്കല്‍ സമര്‍പ്പിച്ച് താണുതൊഴുതു. 

കുഞ്ഞാലി --- എന്‍റെ സമസ്താപരാധങ്ങളും പൊറുക്കണം തമ്പുരാനെ. അടിയനേയും കൂട്ടരേയും പോകാന്‍ അനുവദിക്കണം തമ്പുരാനെ. ഇനി അങ്ങയ്ക്ക് ഞങ്ങളില്‍ നിന്നും യാതൊരുവിധ ശല്യവുമുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്നു. പറങ്കികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ അങ്ങയ്ക്ക് ശക്തിയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 

ഇത്രയും പറഞ്ഞ് മെല്ലെ തലയുയര്‍ത്തി തമ്പുരാനെ നോക്കി. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ണുകളുടെ കൂട്ടിമുട്ടല്‍. മുഖത്ത് വിവിധ ഭാവങ്ങള്‍. സാമൂതിരി എന്തെങ്കിലും പറയും മുന്‍പ് സൈന്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞു നിന്ന ഫുര്‍ത്താസോയും സംഘവും ചാടി വീണു. പിടിവലിയും ചങ്ങലകിലുക്കവും പൊടിപടലവും. മരയ്ക്കാരുടെ സംഘത്തിലെ ഭൂരിപക്ഷത്തെയും അവര്‍ ചങ്ങലയ്ക്കിട്ടു. എന്നിട്ട് വലിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. 

കുഞ്ഞാലി സാമൂതിരിപ്പാടിനെ നോക്കി ആക്രോശിച്ചു ---- പറങ്കികളുടെ അടിമയായ രാജാവെ, ഇത് ചതി, കൊടും ചതി. യുദ്ധം ചെയ്ത് മരിക്കാന്‍ കഴിയാഞ്ഞിട്ടല്ല, നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് നമ്മള്‍ കീഴടങ്ങിയത്. പറങ്കി കഴുകന്മാര്‍ക്ക് ഞങ്ങളെ ഇരകളാക്കിയ നിങ്ങള്‍ക്ക് ഇനി ഈ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. ഒന്നോര്‍ത്തോളൂ രാജാവെ, ഒരു രാത്രികൊണ്ട് മറച്ചുപിടിച്ചാല്‍  സൂര്യന്‍ ഇല്ലാതാവില്ല. ഒരായിരം സൂര്യന്മാര്‍ ഉദിച്ചുയരും. നിങ്ങളെയും ചതിയന്മാരായ പറങ്കികളെയും കെട്ടുകെട്ടിക്കുന്ന ഒരു കാലം വരും. കുഞ്ഞാലിയാണ് പറയുന്നത്.  നേരും നെറിയും മാത്രമുള്ളവന്‍.  ഇനി നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ മാത്രം. ഞാന്‍ പറയുന്നു -- ഇനി നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ മാത്രം. 

പോര്‍ച്ചുഗീസുകാര്‍ ബലമായി കുഞ്ഞാലിയെ കൊണ്ടുപോകുന്നു. നായര്‍ പടയാളികള്‍ ക്ഷുഭിതരാകുന്നു. കീഴടങ്ങള്‍ വ്യവസ്ഥ ലംഘിച്ചിരിക്കയാണ്. രാജാവിനെതിരെ ആളുകള്‍ പ്രതിഷേധിച്ചു. എവിടെ നിന്നോ ഒക്കെ ശബ്ദമുയര്‍ന്നു ------- ഇത് ചതി. 

കീഴടങ്ങല്‍ നിയമം ലംഘിച്ചിരിക്കുന്നു. 
മഹാരാജാവ് നീതി പാലിക്കുക. 
രാജാവ് പറങ്കികളുടെ പാവയാകരുത് .
 ഞങ്ങള്‍ നോക്കുകുത്തികളല്ല, രാജാവ് നീതി പാലിക്കുക 

രാജാവ്  എഴുന്നേല്‍ക്കുന്നു 

രാജാവ് ---  ശാന്തരാകൂ, ശാന്തരാകൂ -- കുഞ്ഞാലിയെ അവര്‍ ഒന്നും ചെയ്യില്ല. ഇതൊരു വിചാരണ ചടങ്ങുമാത്രം. നമുക്ക് നമ്മുടെ നിയമമുള്ളതുപോലെ അവര്‍ക്ക് അവരുടെ നിയമം നടപ്പിലാക്കണ്ടെ- അത്രമാത്രം. കൊട്ടാരത്തിലെത്തിയ ശേഷം ബാക്കിയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാം. ഇവിടെ ആദ്യം നമ്മുടെ ദൌത്യം പൂര്‍ത്തിയാക്കുക. 

ഫ്ളാഷ് ബാക്ക് പൂര്‍ത്തിയാവുന്നു. 

സീന്‍ - 15 

ഗോവയിലെ  ചത്വരത്തിന്  സമീപം 

കൂവിയാര്‍ക്കുന്ന  വന്‍ജനസമൂഹം. കൂട്ടത്തില്‍ ചങ്ങലയില്‍ ബന്ധിതനായ  പെഡ്രോയും . ചത്വരം ഉയരുന്നു. കുഞ്ഞാലിയേയും കൂട്ടരേയും കൊലചെയ്യാനുള്ള മണ്ഡപങ്ങളാണ് ഉണ്ടാക്കുന്നത്. കുഞ്ഞാലിയേയും കൂട്ടരേയും കൊണ്ടുവരുന്നു. ജനം വലിയ ബഹളത്തിലാണ്. 

ജനക്കൂട്ടത്തില്‍ ഒരാള്‍  --- കൊല്ലണം അവനെ. 
മറ്റൊരുവന്‍ ---------------------  കൊത്തി നുറുക്കണം.
മറ്റൊരാള്‍ ---------------------- സ്രാവിന് കൊടുക്കണം 
മറ്റൊരുവന്‍ ------------------  പട്ടിക്ക്  കൊടുക്കണം 

യാതൊരു ഭാവഭേദവുമില്ലാതെ  ബലിക്കല്ലില്‍ കുഞ്ഞാലിയും കൂട്ടരും. 

കുഞ്ഞാലി ---- എന്‍റെ നാടിനെ രക്ഷിക്കാന്‍ യാ റബ്ബുല്‍ ആലമീനായ തമ്പുരാന്‍ എന്‍റെ ബലി ചോദിക്കുന്നു. ഞാന്‍ സസന്തോഷം എന്നെ അങ്ങയ്ക്കായി സമര്‍പ്പിക്കുന്നു. ലാ ഇലാഹ് ഇല്ലല്ലാഹ് -- ലാ ഇലാഹ്  ഇല്ലല്ലാഹ്.  

കൈകള്‍ പിറകില്‍ കെട്ടി തല ബലിക്കല്ലില്‍ വയ്ക്കുന്നു. ആരാച്ചാരുടെ മഴു ഉയരുന്നു. മഴുവിന്‍റെ തിളക്കം. ചോര ചീറ്റിത്തെറിക്കുന്നു. പലവട്ടം ഉയരുന്ന മഴു. കൊത്തിയരിയുന്ന ശബ്ദം. ജനങ്ങളും പ്രകൃതിയും ദൃശ്യത്തില്‍. 

സീന്‍ - 16 

ശാന്തമായ കടലിനു മുന്നില്‍ കണ്ണൂര്‍ ചന്ത.
അവിടെ കുഞ്ഞാലിയുടെ തല കുത്തി നിര്‍ത്തിയിരിക്കുന്നു. കാവലിന് പറങ്കി പട്ടാളം 

കമന്‍ററി ( ആവശ്യമായ വിഷ്വലുകളും സ്കെച്ചുകളും ) ---- 

 ചതിയനായ രാജാവും പറങ്കികളും  ഒന്നുചേര്‍ന്നപ്പോള്‍ ഒരു വീരനായകന് കിട്ടിയ മരണം ഇങ്ങനെ. യുദ്ധം ചെയ്ത് വീരമൃത്യു വരിക്കാനുള്ള അവസരമാണ് സാമൂതിരി നഷ്ടപ്പെടുത്തിയത്. ചരിത്രം മാപ്പുകൊടുക്കാത്ത ഹീനകൃത്യം. ഹിന്ദു- മുസ്ലിം മൈത്രിയ്ക്ക് കളങ്കം ചാര്‍ത്തിയ സാമൂതിരി ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയ ഭ്രാന്തിനടിപ്പെട്ട് മരണം കൈവരിച്ചു. പറങ്കികള്‍ മലബാര്‍ തീരം കൈയ്യടക്കി. വിദേശിയെ തുരത്താന്‍ മറ്റൊരു വിദേശി വേണ്ടിവന്നു എന്നത് ചരിത്രത്തിന്‍റെ മറ്റൊരു ഏട് മാത്രം. 1604 ല്‍ ഡച്ചുകാര്‍ ഗോവന്‍ തുറമുഖം ആക്രമിച്ചു. പെഡ്രോയും ഭാര്യ ഹന്നയും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ ഒരു ദിവസം അധികാരികളെയും പാതിരിമാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പെഡ്രോയും ഹന്നയും രക്ഷപെട്ടു. ഒരു വര്‍ഷം കൊണ്ട് അവര്‍ ഒരു ചെറുകിട യുദ്ധക്കപ്പല്‍ സംഘടിപ്പിച്ചു. അയാള്‍ പറങ്കികളെ ആക്രമിക്കാന്‍ തുടങ്ങി. 

1618 ല്‍ അഞ്ച് വലിയ കപ്പലുകള്‍, പെഡ്രോയ്ക്ക്  സ്വന്തമായി . ആയുധങ്ങളും വെടിക്കോപ്പുകളും ആളുകളുമായി. മാലിദ്വീപില്‍ പണ്ടികശാല തുറന്നു. 

കൊങ്കണ്‍ മലബാര്‍ തീരത്ത് പോര്‍ച്ചുഗീസുകാര്‍ നിരന്തരം ആക്രമണത്തിന് വിധേയരായി. കുഞ്ഞാലിയുടെ പ്രേതമാണ്  ആക്രമണം നടത്തുന്നതെന്ന് അവര്‍ വിശ്വസിച്ചു. പോര്‍ച്ചുഗീസുകാരെ മലബാര്‍ തീരത്തുനിന്നും ഓടിക്കും വരെ പെഡ്രോ അവിശ്രമം പോരാടി. ഒടുവില്‍ എവിടെയോ അപ്രത്യക്ഷനായി. ഒരുപാട് കഥകള്‍ ഒതുക്കി വയ്ക്കുന്ന കടലിന്‍റെ ഉള്ളിലെവിടെയോ ഒരു കോട്ടകെട്ടി  അതില്‍ പെഡ്രോ കഴിയുന്നുണ്ടാവും. എല്ലാറ്റിനും മൂകസാക്ഷിയായി , പോരാട്ടങ്ങളുടെ കഥകള്‍ തലമുറകള്‍ക്ക് പറഞ്ഞുതരാനായി വെള്ളിയാങ്കല്ല് മാത്രം ഇന്നും നിലനില്‍ക്കുന്നു. 


















No comments:

Post a Comment