Friday 21 June 2019

NRK -- story published in 2000 March

 കഥ

 എന്‍ ആര്‍ കെ
( 2000 ത്തില്‍ പ്രസിദ്ധീകരിച്ച കഥ)

' നീ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലങ്ങു സുഖിക്കുവാ- ല്യോടാ ', അല്‍പ്പം അസൂയ നിറഞ്ഞ ശബ്ദത്തിലാണ് പ്രദീപ് രാജ് ചോദിച്ചത്.

 അപ്പോഴും അവന്റെ നോട്ടം തന്നിലേക്കെത്തിയിട്ടില്ലെന്ന് അരവിന്ദന്‍ അറിഞ്ഞു. അവന്‍ എല്ലാം നോക്കിക്കണ്ടു കഴിയട്ടെ എന്ന് അരവിന്ദനും വിചാരിച്ചു. ഉയരത്തിലുള്ള ചുറ്റുമതിലുകള്‍ക്ക് മുകളില്‍ വെട്ടിനിര്‍ത്തിയിരിക്കുന്ന ബൊഗയിന്‍ വില്ലകളും മുല്ലകളും മുന്‍വശത്ത് നീളത്തില്‍ പരവതാനി വിരിച്ചപോലെയുള്ള മണല്‍പാതയും വന്നിറങ്ങിയപ്പോല്‍ തന്നെ പ്രദീപ് ശ്രദ്ധിച്ചിരുന്നു. ഇരുവശങ്ങളിലുമുള്ള മനോഹരമായ പൂക്കളും അവനെ വല്ലാതെ ആകര്‍ഷിച്ചു. ചെറുകുളത്തിലെ താമരപൂക്കളെ ലാളിച്ചും അരയന്നങ്ങളോട് കിന്നാരം പറഞ്ഞും കുറച്ചു നേരം നിന്നശേഷമാണ് അയാള്‍ അരവിന്ദന്റെ സാന്നിധ്യം ഉള്‍ക്കൊണ്ടതുതന്നെ.

 നാലുകെട്ടിന്റെ മാതൃകയില്‍ ആധുനിക സൗകര്യങ്ങളോടെ തീര്‍ത്ത വീടാണ് അരവിന്ദന്റേത്.

' അമേരിക്കയിലെ ആ ബോറന്മാരുടെ ഇടയില്‍ നിന്നും നീ ശരിക്കും രക്ഷപെട്ടുകളഞ്ഞെടാ. മക്കളെയും ഭാര്യയേയും അങ്ങോട്ടെഴുന്നള്ളിക്കാതിരുന്നതിന്റെ നേട്ടമെ! കൂടെ കൊണ്ടുപോയവനെല്ലാം എന്റെ ഗതിയാ. മടങ്ങണമെന്നു വിചാരിച്ചാ മദാമ്മയും മക്കളും സമ്മതിക്കണ്ടെ. ചിലപ്പൊ തോന്നും ബന്ധവും കുന്തവും വിചാരിക്കാതെ കളഞ്ഞിട്ടിങ്ങുപോന്നാലോന്ന്. പക്ഷെ കഴിച്ച ലാര്‍ജിന്റെ കെട്ടിറങ്ങുമ്പൊ ആ വിചാരോം അങ്ങിറങ്ങിപ്പോകും. '

അപ്പോഴും അരവിന്ദന്‍ ചിരിച്ചതേയുള്ളു.

' അല്ലാ ഉവ്വെ ഇയ്യാളെന്താ മിണ്ടാത്തെ'

' ഞാനെന്നാ മിണ്ടാനാ, നീ തന്നെ അങ്ങ് പറഞ്ഞോണ്ടിരിക്കുവല്യോ', അരവിന്ദന്‍ പറഞ്ഞു.

' എടാ ഇനി നീ പറ. എങ്ങിനെ ജീവിതം? സമയം പോകുന്നുണ്ടൊ ഇവിടെ ? തെരക്കൊന്നുമില്ലാതെ കഴിയാന്‍ പ്രയാസമുണ്ടോടെ? മദാമ്മമാരുടെ കാലും കോപ്പുമൊന്നും കാണാതെ ജീവിച്ചിട്ട് മടുപ്പൊന്നും തോന്നുന്നില്ലല്ലൊ!', പ്രദീപ് രാജ് ഒറ്റ ശ്വാസത്തില്‍ കുറേ ചോദ്യങ്ങളെറിഞ്ഞു.

' ഒരു ശതമാനവും മടുപ്പില്ലാന്നു പറയാം. നമ്മുടെ പെണ്ണുങ്ങടെ ഭംഗിയല്ലെ ശരിക്കും പ്രകൃതിജന്യം, വന്യം, സുഖദം,സുഖദായകം ', അരവിന്ദന്‍ പറഞ്ഞു.

' ഓ-  ഇയാള് നാട്ടീ വന്ന് നല്ല മലയാളമൊക്കെ പഠിച്ചെന്നറിയിക്കുവായിരിക്കും.എന്റടുത്തു വേണ്ട കൂവെ തന്റെ സാഹിത്യം. നീ നിന്റെ ജീവിതമൊന്നു വിവരിക്ക് . എവിടെ പിള്ളേര് ? എവിടെ നിന്റെ കെട്ട്യോള് ലക്ഷ്മി ? ', പ്രദീപ് അസ്വസ്ഥനായി.

' ഒക്കെ പറയാം. നീ ഇത്തിരിനോരമൊന്നിരിക്ക്. ഒരു ലാര്‍ജടിക്ക്. എന്നിട്ടാവുമ്പൊ കുറച്ചൂടെ മയം വരും, വര്‍ത്തമാനം പറയാന്‍ ഒരു സുഖവും കിട്ടും', അരവിന്ദന്‍ അകത്തുപോയി മദ്യവും ഗ്ലാസുകളും കൊണ്ടുവന്ന് മുന്നില്‍ വച്ചു.

ഓരോ ലാര്‍ജൊഴിച്ച്, ഇത്തിരി സോഡയും വീഴ്ത്തി. ,ചിയേഴ്‌സ് പറഞ്ഞ് ഗ്ലാസ് ചുണ്ടോടടുപ്പിച്ച് രണ്ട് സിപ്പെടുത്തിട്ട് പ്രദീപന്‍ പറഞ്ഞു, ' എടാ ഈ നാലുകെട്ടും നടുമുറ്റവും ഇവിടെ കറങ്ങിനടക്കുന്ന മുല്ലപ്പൂഗന്ധമുള്ള കാറ്റുമൊക്കെകൂടി എന്നെ വല്ലാണ്ട് മോഹിപ്പിക്കുന്നു. ഒരു പോയകാല ജനറേഷനിലെ അപ്പന്മാരാരോ പണിതവീട്ടില്‍ ഒരു സുഖാലസ്യത്തിലാണ്ട തലച്ചോറിന്റെ ഓര്‍മ്മച്ചെപ്പുതുറന്നപോലെ. ചുറ്റിനും ദേവദാസികള്‍ വന്നുനിന്ന് കൊച്ചുവര്‍ത്തമാനം പറയുന്നപോലെ. എടാ, സത്യത്തില്‍ നീ ഒരു രാജാവായി മാറിയൊ? നിനക്ക് ദേവദാസികള്‍ പൂജ ചെയ്യാറുണ്ടൊ? സത്യം പറ. എനിക്കിതൊക്കെ മണക്കണുണ്ട് ', അവന്‍ പറഞ്ഞു.

' എടാ രണ്ട് സിപ്പെടുത്തപ്പൊഴേ നീ ഈ പരുവമായാ കുറച്ചുകഴിയുമ്പൊ എന്താകും സ്ഥിതി', അരവിന്ദന്‍ ചോദിച്ചു

' ഓ - ഒന്നൂല്ലെടാ, ഒരു പെഗ്ഗല്ല ഒരു ബോട്ടില്‍ തന്നെ തീര്‍ന്നാലും എനിക്കൊന്നുമാകില്ലെന്ന് നിനക്കറിയാമല്ലൊ. ഞാനിപ്പൊ അരക്കില്ലത്തില്‍ വന്നുപെട്ട കൗരവപ്രമാണിമാരുടെ സ്ഥിതിയിലാ. ഒരു സ്ഥലജലവിഭ്രാന്തി. നീ എന്റെ ആവേശം കെടുത്താതെ കഥയൊക്കെ പറ', പ്രദീപ് തിരക്കുപിടിച്ചു.

പൊരിച്ച കരിമീനും കപ്പയുമൊക്കെ അടുക്കളേന്നെടുത്തുകൊണ്ടുവന്ന് അരവിന്ദന്‍ അവിടെ വച്ചു. ' ഓ- ദുഷ്ടാ, ഇതൊക്കെ കണ്ടിട്ട് എന്റെ അസൂയ കൂടുന്നെടാ.' പ്രദീപ് മാംസം അടര്‍ത്തി വായിലിട്ട് രുചി നോക്കി. ഒപ്പം മൂന്നു വിരലില്‍ കപ്പയെടുത്ത് രുചിച്ചു.

' എടാ എവിടെ നിന്റെ ഭാര്യ ? അവള് പെണങ്ങിപ്പോയോ ? ', പ്രദീപ് ഉറക്കെ ചിരിച്ചു.

' എടാ, കരിനാക്കുകൊണ്ടൊന്നും പറയല്ലെ. അവളാ എന്റെയൊരു ശക്തി. സ്‌നേഹസമ്പന്നയായൊരു ഭാര്യയാ അവള്. ഞാനവളെ വല്ലാതങ്ങു മോട്ടിവേറ്റു ചെയ്തിരിക്കയാ. അതുകൊണ്ടുതന്നെ എന്നോടവള്‍ക്കൊരു ആരാധനയൊക്കെയുണ്ട്. പിന്നെ ഈ അമേരിക്കന്‍ മണമടിച്ചാല്‍ നമ്മടാള്‍ക്കാര് വെറുതെ അങ്ങ് വീഴുകേം ചെയ്യുമല്ലൊ. ഒരിക്കലല്ലെ അവള്‍ അമേരിക്ക കണ്ടിട്ടുള്ളു. അമേരിക്കയിലെ സ്ത്രീസ്വാതന്ത്ര്യവും വ്യക്തിത്വവികാസവുമൊക്കെ പറഞ്ഞ് ഞാനവളെ ഒരു സോഷ്യല്‍ ആക്ടിവിസ്റ്റാക്കി. വെറുമൊരധ്യാപികയായിരിക്കാന്‍ ആര്‍ക്കും കഴിയും; എന്നാല്‍ പുതുതലമുറയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അപൂര്‍വ്വം ചിലര്‍ക്കെ കഴിയൂ എന്ന് ഞാനവളോട് പറഞ്ഞു. അവളത് ഉള്‍ക്കൊണ്ടു. അതുകൊണ്ടെന്താ, സയന്‍സ് എക്ലിബിഷന്‍, സ്‌പോര്‍ട്ട്‌സ്, യുവജനോത്സവം തുടങ്ങി എന്തുകൊട്ടിപ്പാട്ടുണ്ടായാലും അവളതങ്ങേറ്റെടുക്കും. പിന്നെ കുട്ട്യോളുമായി യാത്രയാണ്. ഇപ്പോള്‍ പാലക്കാട്ടാ ഉള്ളത്. യൂത്ത്‌ഫെസ്റ്റിവലാ. നാളെയെ വരൂ', അരവിന്ദന്‍ പറഞ്ഞു.

' എടാ അപ്പൊ നിന്റെ കാര്യം കട്ടപ്പൊകയാണല്ലെ, ഭാര്യ വീട്ടിലില്ലാത്ത അവസ്ഥ. അമേരിക്കയില് ഒന്നൂല്ലെങ്കി -ഡ്യൂട്ടി കഴിഞ്ഞുവരുമ്പൊ പരസ്പ്പരം കാണുകയും ഒന്നുമ്മവയ്ക്കുകയുമെങ്കിലും ആകാം. ഇതിപ്പൊ-- അതൂടി --ല്ലാണ്ടായൊ ? ', പ്രദീപ് പരിതപ്പിച്ചു.

അരവിന്ദന്‍ ചിരിച്ചു. ' നീ ബാക്കികൂടി കേട്ടോ. പിള്ളാര് രണ്ടും ഊട്ടിയിലാ. നമ്മുടെ എന്‍ആര്‍ഐ സ്റ്റാറ്റസും വച്ചോണ്ട് ഇവിടെങ്ങാനും പഠിപ്പിക്കാന്‍ പറ്റ്വോ. അതോണ്ട് രണ്ടിനേം ഊട്ടീലാക്കി. അവര്‍ക്ക് പരമസുഖം'

' എടാ അരവിന്ദാ,അപ്പൊ നീ ഈ മഹാപ്രപഞ്ചത്തില്‍ കൂടുതല്‍ സമയവും ഏകനാ-ല്യോ ? അമേരിക്കേല് ഒറ്റക്കായാലും കൊഴപ്പമില്ല. ഒരു ബഹളമൊക്കെയുണ്ട്. ഇവിടെ ഈ കിളികളുടെ ശബ്ദമൊക്കെ കേട്ട് എത്രനേരാ ഇരിക്ക്യാ? ', പ്രദീപ് സങ്കടത്തോടെ അരവിന്ദനെ നോക്കി.

' എടാ, ഞാന്‍ എല്ലാമൊന്നു പറഞ്ഞുതീരട്ടെ. എനിക്കിവിടെ ടൗണിലൊരു കംപ്യൂട്ടര്‍ സ്ഥാപനമുണ്ട്. സ്വന്തം സ്ഥലവും കെട്ടിടവുമാ. അവിടെ മൂന്ന് പെണ്‍പിള്ളാരെ, അങ്ങിനെ പറഞ്ഞ് ചെറുതാക്കുന്നത് ശരിയല്ലല്ലൊ, നല്ല മണി മണി പോലുള്ള തരുണികളെ ജോലിക്ക് വച്ചിട്ടുണ്ട്. ശമ്പളമിനത്തില്‍ മാസം അയ്യായിരം വച്ചുകൊടുക്കും. പിന്നെ കറണ്ടും ഫോണും ഒക്കെയായി ഒരു പതിനയ്യായിരം. ആകെ മുപ്പതിനായിരം രൂപ. സംഗതി നഷ്ടാ, എങ്ങിനായാലും പതിനയ്യായിരമെങ്കിലും നഷ്ടം വരും. പക്ഷെ സ്‌നേഹമുള്ള പിള്ളേരാ. അവര്‍ക്കെന്നെ ജീവനാ, എനിക്കവരെയും. അവരിവിടെ വരും. ഞങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിക്കും. ചിലപ്പൊ ഈ നടുമുറ്റത്തു നിന്നു കുളിക്കും. ഞാന്‍ ഓടക്കുഴല്‍ വായിക്കും. അവര്‍ ഗോപികമാരാകും. കേരളത്തിന്റെ മനഃശാസ്ത്രം നിനക്കറിയാലൊ? ഒരു ചെറിയ കാര്യം മതി , സ്ത്രീ പീഡനം, പെണ്‍വാണിഭന്നൊക്കെ പറഞ്ഞ് ഉറഞ്ഞുതുള്ളാന്‍. ഇതൊന്നും കഴിയാത്തോന്‍ അസൂയ തീര്‍ക്കുന്നതങ്ങനെയാ. ഇതിനൊക്കെ ഇടനിലക്കാരനും പെണ്ണിനുമൊക്കെ കൊടുക്കേണ്ട തുകയൊ ഭീമവും. പിടി വീണാ പിന്നെ പരിചയമുള്ള എല്ലാരെടേം പേര് പിള്ളേരങ്ങ് പറയും. തീര്‍ന്നില്ലെ, എത്ര കാലം കേസുപറയണം. പത്രത്തില്‍ പേരുവരും, ചാനലുകാര്‍ കഥ മെനയും. ഇതാകുമ്പൊ അതൊന്നുമില്ല. അവര്‍ മാന്യമായി തൊഴില്‍ ചെയ്യുന്നു. ഞാന്‍ ശമ്പളം കൊടുക്കുന്നു. ലക്ഷ്മി കൂടുതല്‍ സമയവും തിരക്കിലായതിനാല്‍ അവള്‍ക്ക് ഞാനൊരു ശല്യവുമാകുന്നില്ല. ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ടുള്ള തുകയുടെ പലിശയ്ക്കപ്പുറം ഞാന്‍ തോണ്ടാറില്ല. അതുകൊണ്ടുള്ള കസര്‍ത്തേയുള്ളു. സുഖം. ഇനി നീ പറ, ജീവിതം നായ നക്കിയൊ ഇല്ലയൊ ? ', അരവിന്ദന്‍ ഗ്ലാസ് കാലിയാക്കി ചുണ്ടുതുടച്ചു.

പ്രദീപന്‍ ഒരപസര്‍പ്പക നോവല്‍ കേട്ട കുട്ടിയുടെ വികാരത്തോടെ സ്തംഭിച്ചിരുന്നു. എന്നിട്ട് പെട്ടെന്നൊരു പെഗ്ഗുകൂടി ഒഴിച്ച് സോഡ ചേര്‍ത്തു കുടിച്ച് അരവിന്ദനെ കുറെ നേരം കൂടി നോക്കിയിരുന്നിട്ട് 'വൃത്തികെട്ടവന്‍ 'എന്നു വിളിച്ച ശേഷം എഴുന്നേറ്റു.

പടിയിറങ്ങുമ്പോള്‍ അവന്‍ തിരിഞ്ഞുനോക്കാതെ പറഞ്ഞു, ' മറ്റുള്ളവന്റെ സ്വസ്ഥത കെടുത്തുന്ന ദുഷ്ടന്‍. നശിച്ചുപോകും നീ.  '

അരവിന്ദന്‍ അവന്റെ യാത്ര നോക്കിനിന്നു. മുറ്റത്തു നില്‍ക്കുന്ന പൂക്കളെ ചുംബിച്ചും അരയന്നങ്ങളെ ലാളിച്ചും അവന്‍ വണ്ടിയില്‍ കയറി, തിരിഞ്ഞു നോക്കി ചിരിച്ചു. എന്നിട്ടു വിളിച്ചു, ' എടാ, കഴുവേര്‍ട മോനെ!!'.

വണ്ടി സ്റ്റാര്‍ട്ടാക്കി ഒരു മിന്നല്‍പോലെ അവന്‍ റോഡിലേക്ക് കുത്തിയൊഴുകി.

Tuesday 18 June 2019

Nalamidathae prasnangal - story published in Mathrubhumi weekly 1999 Dec-12-18


ചെറുകഥ

നാലാമിടത്തെ പ്രശ്‌നങ്ങള്‍
( 1999 ഡിസംബര്‍ 12-18 ലക്കം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്) 

  ഓഫീസിന്റെ ഗ്ലാസ് ഡോര്‍ തുറന്ന് അയാള്‍ ഉള്ളിലേക്ക് വന്നു. നമസ്‌തെ പറഞ്ഞ് തികച്ചും പതിഞ്ഞ സ്വരത്തില്‍ അയാള്‍ ചോദിച്ചു,' ജസ്റ്റീസ് കൃഷ്ണയ്യര്‍ ദില്ലിയിലുണ്ടോ എന്നറിയാമൊ? എനിക്കദ്ദേഹത്തെ ഒന്നു കാണണമായിരുന്നു.'

അഞ്ചരയടിക്ക് താഴെ മാത്രം ഉയരമുള്ള, കൃശഗാത്രനായ സര്‍ദാര്‍ജിയുടെ തലപ്പാവ് അയാള്‍ക്കൊരു ഭാരമാണെന്നു തോന്നി. ഗോലിപോലെ ചലിക്കുന്ന കണ്ണുകളില്‍ വ്യഥ നിറഞ്ഞുനില്‍ക്കുന്നു. പ്രായം മുറിവേല്‍പ്പിച്ച മനസാണ്. ബാല്യ-കൗമാര-യൗവ്വനങ്ങള്‍ പിന്നിട്ട് നാലാമിടത്തെത്തിയതോടെ ദൃഢത കൈവിട്ടുപോയിരിക്കുന്നു.

' ഇരിക്കൂ ', ഞാന്‍ പറഞ്ഞു.

അയാള്‍ മുന്നിലെ കസേരയില്‍ ഇരുന്നു.

സഞ്ജയനോട് ഒരു ഗ്ലാസ് തണുത്ത വെള്ളം കൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. അയാള്‍ നന്ദി പറഞ്ഞ് അത് കുടിച്ചു.

'ജസ്റ്റീസ് ദില്ലിയില്‍ വന്നാല്‍ കേരളഹൗസിലാണ് തങ്ങാറ്. പക്ഷെ ഇപ്പോള്‍ നാട്ടിലാണുള്ളത്.'

അയാളുടെ മുഖം മങ്ങി.ജസ്റ്റിസിനെ ഉടന്‍ കാണാന്‍ കഴിയാത്തതിലുള്ള നിരാശ മുഖത്ത് പ്രകടമായി.

എഴുപതിനടുത്ത് പ്രായം വരുന്ന ഈ മനുഷ്യനെ അലട്ടുന്ന പ്രശ്‌നം എന്താകാം ? പെട്ടെന്നോര്‍ത്തത് എണ്‍പത്തിനാലിലെ ലഹളയാണ്.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് ദില്ലിയില്‍ ധാരാളം സിക്കുകാര്‍ കൊല ചെയ്യപ്പെട്ടിരുന്നു. ഒരു പക്ഷെ ഇയാളുടെ കുടുംബം - ?

ഇനിയും നീതി കിട്ടാതെ അലയുന്നൊരു മനുഷ്യനാകാം തന്റെ മുന്നില്‍.

' ഫോണ്‍ നമ്പര്‍ തന്നേക്കൂ, അദ്ദേഹം വരുന്ന സമയം നോക്കി അറിയിക്കാം.'

നിരാശ പടര്‍ന്ന മുഖം അല്‍പ്പം പ്രസന്നമായി.

' വളരെ സന്തോഷം, എന്റെ നമ്പര്‍ ഒന്നെഴുതിക്കോളൂ. '

അയാള്‍ പറഞ്ഞ നമ്പര്‍ ഡയറിയില്‍ കുറിച്ചിട്ടു.

' എന്റെ വീട്ടുടമ മിസിസ് കൗളിന്റെ നമ്പരാണിത്. അവര്‍ക്ക് മെസേജ് നല്‍കിയാല്‍ മതി', അയാള്‍ പറഞ്ഞു.

' താങ്കളുടെ പേര് പറഞ്ഞില്ല'

' ഓ- സോറി, അത് ഞാന്‍ മറന്നു. എന്റെ പേര് ഹര്‍ബജന്‍ സിംഗ് എന്നാണ്', അയാള്‍ പോകാനുള്ള തയ്യാറെടുപ്പോടെ തന്റെ ഊന്നുവടി കൈയ്യിലെടുത്തു. അയാളുടെ പ്രശ്‌നം എന്തെന്നറിയാനുള്ള ആകാംഷ മനസില്‍ നിറഞ്ഞ് തികട്ടിയെങ്കിലും മര്യാദ പാലിച്ചു.

ശ്രീധരന്‍ ചായയുമായി എത്തിയത് അപ്പോഴാണ്.

' സര്‍ദാര്‍ജിക്കും ഒരു ചായ കൊടുക്കൂ ശ്രീധരാ', അയാള്‍ നിഷേധവാക്കുകള്‍ പറയാതെ ചായ സ്വീകരിച്ചു. അയാള്‍ക്ക് തന്നെകുറിച്ച് സംസാരിക്കണമെന്നുണ്ട് എന്ന് ആ മുഖം വ്യക്തമാക്കി. ഞാന്‍ ചെവിയോര്‍ത്തു.

' ഞാനൊരു കേബിള്‍ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു. ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഒരു മകനും ഉള്‍പ്പെട്ട സന്തുഷ്ട കുടുംബം. ഫാക്ടറിയും വീടുമല്ലാതെ മറ്റൊരു ലോകമില്ലായിരുന്നു എനിക്ക്. വളരെ കൃത്യമായും സത്യസന്ധമായും ജോലി നിര്‍വ്വഹിക്കുകയും വീട്ടിലെത്തി കുടുംബത്തോടൊപ്പം ശേഷസമയം ഉല്ലാസത്തോടെ ചിലവാക്കുകയും ചെയ്തിരുന്ന ഒരാളാണ് ഞാന്‍. കുട്ടികള്‍ക്ക് എന്നെ ജീവനായിരുന്നു. അവര്‍ക്ക് കഥ പറഞ്ഞുകൊടുക്കുകയും പാട്ടു പാടുകയും പഠിത്തത്തില്‍ സംശയങ്ങള്‍ തീര്‍ത്തുനല്‍കുകയും ചെയ്യുമായിരുന്നു ഞാന്‍.'

അയാളുടെ ശബ്ദം പതറുന്നത് ഞാനറിഞ്ഞു.

' ഭാര്യയും വരുമാനത്തില്‍ ഒതുങ്ങി നിന്ന് ജീവിക്കാന്‍ സമര്‍ത്ഥയായിരുന്നു.അവളും എന്നെ സ്‌നേഹിച്ചിരുന്നതായി എനിക്കു തോന്നി. ഒരു ശരാശരി മനുഷ്യന്റെ സംതൃപ്തിക്ക് ഇതിലധികം എന്തേ വേണ്ടത് ! ', അയാള്‍ ഒരു ചോദ്യമിട്ട് എന്നെ നോക്കി. ഞാന്‍ തലകുലുക്കി സമ്മതിച്ചു.

' കുട്ടികള്‍ പഠിക്കാന്‍ മോശമായിരുന്നില്ല.അവര്‍ കോളേജില്‍ പരീക്ഷ നല്ലനിലയില്‍ പാസായി. പെണ്‍കുട്ടികള്‍ക്ക് സ്വകാര്യകമ്പനികളില്‍ ജോലികിട്ടി. ഉള്ള സമ്പാദ്യങ്ങള്‍ ഉപയോഗിച്ച് അവരുടെ വിവാഹവും നടത്തിക്കൊടുത്തു. അവര്‍ മക്കളും ഭര്‍ത്താക്കന്മാരുമായി സുഖമായി കഴിയുന്നു. മോന് ബാങ്കില്‍ ജോലി കിട്ടി. ഒരച്ഛന് സന്തോഷിക്കാന്‍ പിെന്നന്താ വേണ്ടത്!', അയാള്‍ വീണ്ടും ചോദ്യമിട്ട് എന്നെ നോക്കി. എന്റെ തല അറിയാതെ ആടി.

ഇതുപോലൊരു വാര്‍ധക്യം തനിക്കും കാണില്ലെ? അന്നൊരു ഊന്നുവടിയുമായി താനും--! , മനസ് വഴിതെറ്റിയോടിയപ്പോള്‍ അതിനെ പിടിച്ച് വീണ്ടും സിംഗിന് കാഴ്ച വച്ചു.

' സര്‍വ്വീസില്‍ നിന്നും വിരമിച്ചതോടെ എനിക്ക് വല്ലാത്ത മടുപ്പുതോന്നി. സമയം പോകുന്നില്ല. വീട്ടില്‍ തന്നെ ഇരിക്കുക, ടിവി കണ്ട് മുഷിപ്പു മാറ്റുക, ഇതൊന്നും എനിക്ക് ശീലമില്ലാത്തതാണ്. കിട്ടിയ പിഎഫ്, ഗ്രാറ്റുവിറ്റി ഒക്കെ ഉപയോഗിച്ച് ഒരു കച്ചവടം തുടങ്ങണം എന്നായിരുന്നു മനസില്‍. ഭാര്യയും മകനും അതിന് സമ്മതിച്ചില്ല. വയസുകാലത്ത് വിശ്രമിച്ചാല്‍ മതി എന്നായിരുന്നു അവരുടെ അഭിപ്രായം. ഉള്ള പണം ബാങ്കിലിട്ടാല്‍ അതിന്റെ പലിശയെടുത്ത് ചെലവുനടത്താം. ആ ഉപദേശത്തിന് വഴങ്ങേണ്ടിവന്നു. മോന്‍ ബാങ്കിലല്ലെ, അവന്റെ ബാങ്കില്‍തന്നെ തുക നിക്ഷേപിക്കാനായി നല്‍കി. ഫോറവും പൂരിപ്പിച്ചുകൊടുത്തു. ആദ്യമൊക്കെ മാസംതോറും കുറച്ചു പൈസ അവന്‍ നല്‍കിയിരുന്നു. എന്നാല്‍ അവന്റെ വിവാഹം കഴിഞ്ഞതോടെ അത് മുടങ്ങി. പുറത്തൊന്നു ചുറ്റിയടിക്കാനും സിഗററ്റ് വാങ്ങാന്‍ പോലും പണമില്ലാതായി. കോളേജില്‍ പഠിക്കുമ്പോള്‍, കൂട്ടുകാര്‍ക്കൊപ്പം സിനിമയ്ക്ക് പോകാനും റസ്‌റ്റോരന്റുകളില്‍ കയറാനും മോന് പണം നല്‍കാതിരുന്നതിന്റെ പകവീട്ടലാകുമൊ ഇതെന്ന് ഞാന്‍ സംശയിച്ചു. ഭാര്യയോട് പറയുകയും ചെയ്തു. അവള്‍ അതൊന്നും അത്ര കാര്യമാക്കിയില്ല. കുറെ യാത്ര ചെയ്തതല്ലെ, ഇനി അടങ്ങിയൊതുങ്ങി ഇരിക്ക് എന്നായിരുന്നു മറുപടി. മാത്രമല്ല, എന്റെ കാര്യങ്ങള്‍ അവള്‍ തീരെ ശ്രദ്ധിക്കാതെയുമായി. ഞാന്‍ വരുമാനമില്ലാത്തൊരു വ്യക്തിയായി മാറിയെങ്കിലും ഒന്നിച്ച് എത്രയോ വര്‍ഷം സുഖദുഃഖങ്ങള്‍ പങ്കിട്ടതാണ്. അവള്‍ക്കത്ര വേഗം എന്നെ മറക്കാന്‍ കഴിയുമൊ? ', അയാള്‍ വീണ്ടുമൊരു ചോദ്യമിട്ടു. മറക്കാന്‍ പാടില്ലെന്ന മട്ടില്‍ ഞാന്‍ തലയാട്ടി.

' നിക്ഷേപത്തുകയുടെ പലിശ കിട്ടാതായപ്പോള്‍ ഞാന്‍ ബാങ്കില്‍ പോയി. മാനേജരെ കണ്ട് വിവരം പറഞ്ഞു. അയാള്‍ അന്വേഷിച്ചപ്പോഴാണ് ഞാന്‍ വഞ്ചിക്കപ്പെട്ടൂന്ന് ബോധ്യമായത്'.

മകന്‍ അച്ഛനെ വഞ്ചിക്കുകയൊ? മനസ് ഒന്നുകൂടി സഞ്ചാരം നടത്തി. താന്‍ എപ്പോഴെങ്കിലും അച്ഛനെ വഞ്ചിട്ടുണ്ടോ ? ഉണ്ട്. ഉണ്ടാകാം; സന്ദര്‍ഭങ്ങള്‍ ഓര്‍മ്മ വരുന്നില്ല.

' തുക നിക്ഷേപിച്ചിരിക്കുന്നത് മകന്റെയും അമ്മയുടെയും  പേരിലാണ്. ഞാന്‍ ശരിക്കും ചെറുതായൊരു നിമിഷമായിരുന്നു അത്. അതിനെചൊല്ലി ഞാനെന്റെ ഭാര്യയും മകനുമായി കലഹിച്ചു. നിങ്ങള്‍ അനവശ്യച്ചിലവുകാരനാണ്. അതുകൊണ്ട് എന്റെ കാര്യം ഞാന്‍ നോക്കണ്ടെ. മോനും ഞാനും വളരെ ആലോചിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് അവള്‍ എന്നോടുപറഞ്ഞു. പണം ചെറുതോ വലുതോ ആകട്ടെ, മനുഷ്യനും ഉപരിയാണതെന്ന് വയസുകാലത്ത് അവരെന്നെ പഠിപ്പിച്ചു. ഭാര്യയിലും മകനിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട ഞാന്‍ അന്ന് വീടുവിട്ടു. എന്നെ തിരികെ വിളിക്കാന്‍ അവള്‍ വരുമെന്ന് ഞാന്‍ കരുതി. എന്റെ കണക്കുകള്‍ തെറ്റി. അതവള്‍ക്കൊരാശ്വാസമായപോലെ. പെണ്‍മക്കളുടെ വീട്ടില്‍ പോയെങ്കിലും അവിടെയും എനിക്ക് തങ്ങാന്‍ കഴിഞ്ഞില്ല. അവരെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല. നെഞ്ചിലും തോളത്തും വച്ചുവളര്‍ത്തിയ കുട്ടികളാ. പക്ഷെ വളര്‍ന്നു കഴിഞ്ഞാല്‍ അവരുടെ നെഞ്ചേറാന്‍ അവരുടെ കുട്ടികളായി. പിന്നെ,വൃദ്ധനായ എന്നെ നോക്കാന്‍ എവിടെ നേരം. ഈ മഹാനഗരത്തിലെ ജോലിത്തിരക്കും ചെറിയ വീടുകളിലെ താമസവുമൊക്കെയായി അവരുടെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ഒരാളാകാന്‍ എനിക്ക് വിഷമം തോന്നി. നാല്‍പ്പതു വര്‍ഷത്തിലേറെ ഞാന്‍ സേവിച്ച എന്റെ കുടുംബം വിഷമം മാത്രം നല്‍കിയപ്പോള്‍, വയസുകാലത്ത് എനിക്ക് തുണയായത് തൊഴില്‍ ചെയ്ത കമ്പനിയാണ്. അവിടെ കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്ത ഈ കിഴവന് അവര്‍ ഒരു ജോലിതന്നു. കുറഞ്ഞൊരു ശമ്പളവും. അങ്ങിനെ ഞാന്‍ മിസിസ് കൗറിന്റെ വീട്ടില്‍ ഒരു മുറി വാടകയ്‌ക്കെടുത്ത് താമസമാക്കി. ഇപ്പോള്‍ എനിക്ക് പ്രിയപ്പെട്ടവര്‍ മിസിസ് കൗറാണ്. ഞാന്‍ ലോകത്തെ കാണുന്നത് അവരിലൂടെയാണ്. അവരുടെ മക്കളിലൂടെയും അവര്‍ നല്‍കുന്ന സ്‌നേഹത്തിലൂടെയുമാണ്. രക്തബന്ധത്തില്‍ പെട്ട ഭാര്യയും മകനും എനിക്കിപ്പോള്‍ മിത്രങ്ങളല്ല. അവരില്‍ നിന്നും നീതി കിട്ടാന്‍ എനിക്ക് മനുഷ്യാവകാശ കമ്മീഷനില്‍ ബന്ധപ്പെടണം. എന്റെ അധ്വാനത്തിന്റെ ഫലമായ തുക എനിക്ക് തിരികെ കിട്ടണം. ഞാന്‍ ഈ കാര്യങ്ങള്‍ കാണിച്ച് ജസ്റ്റീസിന് എഴുതിയിരുന്നു. അദ്ദേഹം ദില്ലിയില്‍ വരുമ്പോള്‍ വന്നു കാണൂ, സംസാരിക്കൂ എന്നാണ് എഴുതിയിരുന്നത്. വയസുചെന്നു ദുര്‍ബ്ബലനായ എനിക്ക് നീതി ലഭിക്കുമൊ എന്ന് അദ്ദേഹത്തോട് ചോദിക്കണം.'

അയാളുടെ ശബ്ദം വിറച്ചു.കൈകളും വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ സഹതാപത്തോടെ ആ മനുഷ്യനെ നോക്കി. അദ്ദേഹത്തിന്റെ കരം ഗ്രഹിച്ച് ആശ്വസിപ്പിച്ചു.

' ഇപ്പോള്‍ എന്റെ മകനേക്കാള്‍ സ്‌നേഹം എനിക്ക് നിങ്ങളോട് തോന്നുന്നു. ക്ഷമയോടുകൂടി ഇത്രയും സമയം എനിക്കൊപ്പമിരിക്കാന്‍ പോലും അവന് കഴിയില്ല. എന്തിനവനെ കുറ്റം പറയുന്നു, അവന്റമ്മയ്ക്കു കഴിയില്ലല്ലൊ. ഞാനിറങ്ങുന്നു കുട്ടീ, തനിക്കൊരു ബുദ്ധിമുട്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം വരുന്ന വിവരമറിഞ്ഞാല്‍ ഉടന്‍ വിളിക്കണം, മറക്കരുത്'.
ഞാന്‍ സമ്മതിച്ചു.

അയാള്‍ വളരെ ശ്രദ്ധിച്ച്  വാതില്‍ തുറന്ന് പടിയിറങ്ങിപോകുന്നത് നോക്കിനിന്നപ്പോള്‍ കണ്ണുകള്‍ നനഞ്ഞു.

അന്ന് ജോലിയില്‍ തീരെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. വൃദ്ധന്റെ പളുങ്കുമണികള്‍ പോലുള്ള കണ്ണുകളിലെ ദൈന്യം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. തിരികെ വീട്ടിലെത്തിയപ്പൊഴും ആ കണ്ണുകള്‍ പിന്നാലെ വന്നു.

' അനിയനിപ്പോള്‍ ചെറുപ്പമാണ്. ഏറെ നടക്കുമ്പോള്‍ എന്നെപോലെ വടിയൂന്നി, അശരണനായി --', അയാള്‍ പിറകെ നടന്ന് ഉപദേശിക്കുന്നതായി തോന്നി.

എന്നെ കണ്ടപ്പോള്‍ മോന്‍ ഓടിവന്ന് സന്തോഷത്തോടെ കെട്ടിപ്പുണര്‍ന്നു. അവന്‍ വികൃതികള്‍ കാട്ടാന്‍ തുടങ്ങി. ഞാന്‍ ആ നിഷ്‌ക്കളങ്കമായ കണ്ണുകളിലേക്ക് നോക്കി. ഇവനില്‍ കാപട്യം നിറയുന്നത് എന്നാണ് ?

രാത്രിയില്‍ ചോറും ഇഷ്ടവിഭവങ്ങളും വിളമ്പി അന്നത്തെ വിശേഷങ്ങള്‍ പറയുന്ന ഭാര്യയുടെ സ്‌നേഹസ്പര്‍ശം - ഇതവസാനിക്കുന്നത് എന്നാകും ?

Sunday 16 June 2019

E-waste - the wild monster

ഭൂമിയെ തുറിച്ചുനോക്കി ഇ-വേസ്റ്റിന്റെ കൂമ്പാരം

  5 ജി നല്‍കുന്ന സൗകര്യങ്ങളെ സ്വപ്‌നം കാണുന്ന കോടിക്കണക്കായ മനുഷ്യര്‍ പ്രകൃതിക്ക് മറ്റൊരാഘാതമേല്‍പ്പിക്കാനാണ് കച്ചകെട്ടി നില്‍ക്കുന്നത്. 4 ജി സൗകര്യ നല്‍കിവന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ വലിച്ചെറിയാനുള്ള വ്യഗ്രതയിലാണ് 5 ജി പ്രേമികള്‍. എവിടേക്കാണ് ഇവയെ എറിയുക ? നമ്മുടെ ചുറ്റുപാടുകളിലേക്ക്, അതായത് ഇ-വേസ്റ്റുകൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന ഭൂമിയിലേക്ക്.

അമേരിക്കയിലെ റീസൈക്കിളിംഗ് ഭീമനായ ഇആര്‍ഐയുടെ ഫ്രെസ്‌നോ പ്ലാന്റില്‍ ഒരു മാസം ഉപേക്ഷിക്കപ്പെട്ട 6 മില്ല്യണ്‍ പൗണ്ട് ഇലക്ട്രോണിക് ഉത്പ്പന്നങ്ങളാണ് റീസൈക്കിള്‍ ചെയ്യുന്നത്. 8 മെഗാപിക്‌സല്‍ ക്യാമറ മാത്രമുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണുകള്‍,12 ജിബി സ്‌റ്റോറേജ് മാത്രമുണ്ടായിരുന്ന ടാബ്ലറ്റുകള്‍ എന്നിവയാണ് കൂടുതലായും ഇ-വേസ്റ്റായി എത്തുന്നത്. ഒരിക്കല്‍ ഓമനയായി കൈയ്യില്‍ കൊണ്ടുനടന്ന ഈ ഉപകരണങ്ങളെ വളരെ നിര്‍ദ്ദയമായാണ് വലിച്ചെറിയുന്നത്. അവയില്‍ ഒരു ചെറിയ പങ്കാണ് റീസൈക്കിളിംഗിന് വരുന്നത്. പ്ലാന്റില്‍ റീസൈക്കിഴിംഗിന്റെ ആദ്യപടിയായി ഫോണിനെയും ടാബിനെയും ചുറ്റികകള്‍ അടിച്ചുടയ്ക്കും. തുടര്‍ന്ന് ലിത്തിയം അയോണ്‍ ബാറ്ററികള്‍ തുടങ്ങി അപകടകാരികളായ ഭാഗങ്ങള്‍ നീക്കം ചെയ്യും. പിന്നീട് അവ കണ്‍വെയര്‍ ബല്‍റ്റിലൂടെ അനേകദൂരം സഞ്ചരിച്ച് പല മെഷീനുകള്‍ ഉടച്ച് ചെമ്പും അലൂമിനിയവും സ്റ്റീലുമായി വേര്‍തിരിക്കുന്നു.

 ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായി 2010 ല്‍ അമേരിക്കക്കാര്‍ ചിലവഴിച്ചതിന്റെ അഞ്ചിരട്ടി തുകയാണ് 2017ല്‍ ചിലവഴിച്ചത്. അത് 71 ബില്ല്യണ്‍ ഡോളര്‍ വരും. ആപ്പിള്‍ മാത്രം 60 മില്ല്യണ്‍ ഐഫോണ്‍ 2017 ല്‍ അമേരിക്കയില്‍ മാത്രം വിറ്റു എന്നതുതന്നെ അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രത്യേകത ഒന്നു വാങ്ങുമ്പോള്‍ മറ്റൊന്നിനെ ഉപേക്ഷിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഖരമാലിന്യങ്ങളില്‍ മുന്‍പനായി ഇ- വേസ്റ്റ് മാറുന്നതും.

5 ജി വരുന്നതോടെ ഇ-വേസ്റ്റ് ഒരു കൊടുങ്കാറ്റായി മാറാന്‍ പോവുകയാണ്. ദശലക്ഷക്കണക്കിന് സ്മാര്‍ട്ട് ഫോണുകളും മോഡങ്ങളും മറ്റ് ഉപകരണങ്ങളുമാണ് അനാഥമാകാന്‍ പോകുന്നത്. ബ്ലാക്ക് & വൈറ്റില്‍ നിന്നും കളറിലേക്കും അനലോഗില്‍ നിന്നും ഡിജിറ്റലിലേക്കും മാറിയതിന്റെ എത്രയോ ഇരട്ടി ഭീതിദമായ അവസ്ഥ .റീ സൈക്കിള്‍ ചെയ്യുന്നതിന്റെ മൂന്നിരട്ടി ഇ-  ഇവേസ്റ്റ് ഇപ്പോള്‍ തന്നെ പ്രകൃതിയില്‍ കെട്ടിക്കിടക്കുകയാണ് എന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു . റീ സൈക്കിള്‍ ചെയ്യാതെ മണ്ണിലും ജലത്തിലും കിടക്കുന്ന ഇ-വേസ്റ്റിലെ മെര്‍ക്കുറിയും ബെറിലിയവും മറ്റും ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണി ഓര്‍ക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്.

കമ്പനികള്‍ ഇപ്പോള്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത് കുറഞ്ഞകാല ഉപയോഗം ലക്ഷ്യമിട്ടാണ്. അതവരുടെ കച്ചവടക്കണ്ണ്. 1970-80 കാലത്തെ ടെലിവിഷനുകള്‍പോലും ഇപ്പൊഴും പ്രവര്‍ത്തിക്കുമ്പോള്‍, പുത്തന്‍ ഉപകരണങ്ങളുടെ ആയുസ് രണ്ട് വര്‍ഷമായി ചുരുങ്ങിയിരിക്കുന്നു. ഇത് മാറണം. സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി  കേടായാല്‍പോലും മാറ്റാന്‍ കഴിയാത്ത അവസ്ഥ, പുതിയ ലാപ്‌ടോപ്പ് പഴയ കേബിളില്‍ ചാര്‍ജ്ജാകാത്ത അവസ്ഥ ഇങ്ങിനെ പഴയതിനെ എല്ലാം തിരസ്‌കരിക്കുന്ന കച്ചവടരീതിയും ആര്‍ത്തിയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

നിര്‍മ്മാണ കമ്പനികള്‍ തന്നെ റീ സൈക്കിളിംഗ് ചിലവും വഹിക്കണം എന്ന നിയമം വരണം. ചിലയിടങ്ങളില്‍ Extended producer responsibilty(EPR) നിയമം വന്നു കഴിഞ്ഞു. ഈ നിയമം ലോകമൊട്ടാകെ നടപ്പിലാവണം. 2018 ല്‍ ആപ്പിള്‍ ,ഡയ്‌സി എന്നൊരു റോബോട്ടിനെ രംഗത്ത് കൊണ്ടുവന്നു. ഇത് സ്മാര്‍ട്ട് ഫോണ്‍ റീസൈക്കിളിംഗ് റോബോട്ടാണ്. ഒരു മണിക്കൂറില്‍ 200 ഐഫോണുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ ഇതിന് കഴിയും. കഴിഞ്ഞ വര്‍ഷം 48,000 മെട്രിക്ടണ്‍ ഇലക്ട്രിക് വേസ്റ്റ് ഈ വിധം റീസൈക്കിള്‍ ചെയ്യാന്‍ ആപ്പിളിന് കഴിഞ്ഞു. പക്ഷെ ഇത് നിറഞ്ഞുതുളുമ്പുന്ന ഇ-വേസ്റ്റ് ബക്കറ്റിലെ ഒരു തുള്ളിമാത്രമെ ആകുന്നുള്ളു. കാരണം 50 മില്യണ്‍ ടണ്‍ ഇ വേസ്റ്റാണ് മുന്‍ വര്‍ഷം ലോകം സൃഷ്ടിച്ചത്.

5 ജിയുടെ അരങ്ങേറ്റത്തോടെ ഇത് ഇതിലും എത്രയോ ഇരട്ടിയായി മാറും. ഇ-വേസ്റ്റുകൊണ്ടു നിര്‍മ്മിച്ച റോഡുകളും കെട്ടിടങ്ങളുമൊക്കെ ഭാവിയില്‍ വന്നാലും അത്ഭുതപ്പെടേണ്ട. എന്തിനും ഒരു ബദലുണ്ടാകുമല്ലൊ?




Thursday 13 June 2019

US - China techno war



   അമേരിക്ക - ചൈന സാങ്കേതിക യുദ്ധം 

  യുദ്ധം ആയുധം ഉപയോഗിച്ചാവണമെന്നില്ല എല്ലതാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട് നമ്മെ പഠിപ്പിക്കുന്നത്. കച്ചവട രംഗത്തും സാങ്കേതിക മേഖലയിലും എന്നല്ല മാനസികമായിപോലും രാജ്യങ്ങളെ തളര്‍ത്താനും തളയ്ക്കാനും വരുംകാലത്ത് ശ്രമങ്ങളുണ്ടാകും. അനുസരിക്കുക അല്ലെങ്കില്‍ അനുഭവിക്കുക എന്നതാകും രീതി. സത്യവും അസത്യവും തിരിച്ചറിയാന്‍ കഴിയാതെ വരുന്നതാണ് അപകടകരമായ മറ്റൊരവസ്ഥ. അത്തരത്തിലൊരവസ്ഥ അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെടെ അനുഭവിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ട്രമ്പും ഹുവായ് കമ്പനിയുമായി ഇപ്പോള്‍ നടക്കുന്ന സാങ്കേതിക രംഗത്തെ യുദ്ധം. ഇതിനെ ഒരു 5-ജി വാര്‍ എന്നു വിശേഷിപ്പിക്കാം. 

  ട്രമ്പിന് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഒരു വാക്കാണ് ഹുവായ്. പക്ഷെ, അമേരിക്കയുടെ വളരെ റിമോട്ടായ പ്രദേശങ്ങളിലെ പ്രാദേശിക വയര്‍ലസ് പ്രൊവൈഡേഴ്‌സിന് ഈ നാമം പ്രിയങ്കരമാണുതാനും. പ്രാദേശിക വയര്‍ലസ് നെറ്റുവര്‍ക്കുകാര്‍ കര്‍ഷകര്‍ക്കുള്‍പ്പെടെ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നത് ഹുവയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ഈ ഹ്യുവയുമായാണ് ട്രമ്പ് കൊമ്പുകോര്‍ത്തിരിക്കുന്നത്. അതിന് പ്രധാനകാരണം ഇതിന്റെ ഉടമയായ റെന്‍ ഷെംഗ്ഫി (Ren Zhengfie) ചൈനക്കാരനാണ് എന്നതാണ്. ആള്‍ ചില്ലറക്കാരനല്ല.ചൈനയിലെ മിലിറ്ററി എന്‍ജിനീയറായിരുന്ന റെന്‍ 1987 ലാണ് വെറും 5600 ഡോളര്‍ മുതല്‍മുടക്കി ഹുവയ് തുടങ്ങിയത്. ഹോങ്കോങ് നിര്‍മ്മിത ടെലഫോണ്‍ സ്വിച്ചുകളുടെ റീസെല്ലിംഗുമായി തുടങ്ങിയ സ്ഥാപനത്തിലിപ്പോള്‍ 1,88,000 ജീവനക്കാരുണ്ട്. ഹുവയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഫാക്ടറിയില്‍ ഓരോ 28.5 സെക്കന്റിലും ഒരു സ്മാര്‍ട്ട് ഫോണ്‍ വീതം പുറത്തിറങ്ങുന്നു. കഠിനമായ ജീവിതസാഹചര്യങ്ങളില്‍ നിന്നും വന്നൊരാള്‍ക്കെ ഇങ്ങിനെ വളരാന്‍ കഴിയൂ. 

അതിന്റെ കഥ ഇങ്ങനെ. ചൈനയിലെ ഏറ്റവും ദരിദ്രമായ സെന്‍ട്രല്‍ പ്രോവിന്‍സായ ഗൈഷോവിലെ (Guizhou) കടുത്ത പട്ടിണി പേറുന്ന കുടുംബത്തിലെ ഏഴുമക്കളില്‍ ഒരുവനായിരുന്നു റെന്‍. രണ്ടു വിവാഹങ്ങളിലായി മുന്നു കുട്ടികളുള്ള റെന്നിന് കമ്പനിയെ വളര്‍ത്താനുള്ള തത്രപ്പാടില്‍ മക്കളെ ലാളിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല. പട്ടാള പരിശീലനത്തില്‍ നിന്നും കിട്ടിയ  ചിട്ടയും ഉപഭോക്തൃകേന്ദ്രീകൃത വ്യവസായവുമാണ് ഹുവായിയെ വളര്‍ത്തിയതെന്ന് റെന്‍ പറയും. കമ്പനി ജീവനക്കാരെ കഠിന ശിക്ഷകള്‍ക്കുവരെ വിധേയനാക്കിയാണ് കമ്പനി വളര്‍ത്തിയതെന്ന് ആരോപണമുണ്ടെങ്കിലും എന്തും ചെയ്യാന്‍ കഴിയുന്ന മനുഷ്യവിഭവമാണ് ഹുവായുടെ വിജയ രഹസ്യം എന്നതില്‍ സംശയമില്ല. അസാധാരണമായതും നടപ്പിലാക്കാന്‍ റെന്നിന്റെ ടീമിന് കഴിയുന്നു. സമുദ്രനിരപ്പില്‍ നിന്നും 17000 അടി ഉയരത്തില്‍ എവറസ്റ്റ് കൊടുമുടിയിലും 4 ജി സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് ഇതിന് തെളിവാണ്. അത് 5 ജി ആക്കാനും കമ്പനി ലക്ഷ്യമിടുന്നു. 

ഹുവായുടെ 2018ലെ റവന്യൂ വരുമാനം 107 ബില്യണ്‍ ഡോളറാണ്. 170 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുകയാണ് ഹുവായ് സാമ്രാജ്യം. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തില്‍ സാംസംഗിനും ആപ്പിളിനുമിടയില്‍ രണ്ടാം സ്ഥാനക്കാരാണ് ഹുവായ്. കമ്പനിയുടെ വളര്‍ച്ചയില്‍ അണ്‍എത്തിക്കലായി പലതുമുണ്ട് എന്നാണ് അമേരിക്ക ആരോപിക്കുന്നത്. ശരിയാകാം, ആകാതിരിക്കാം.ബൗദ്ധിക സ്വത്ത് ചോരണം, അമേരിക്കയുടെ സാങ്കേതിക വിദ്യ ശത്രുരാജ്യങ്ങളായ ഇറാന്‍, വടക്കന്‍ കൊറിയ എന്നിവയ്ക്ക് വിറ്റു തുടങ്ങി ആരോപണങ്ങള്‍ നിരവധിയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ട്രോജന്‍ കുതിര എന്ന വിശേഷണം പോലും ചാര്‍ത്തി നല്‍കിയിട്ടുണ്ട് കമ്പനിക്ക്. 

2019 മെയ് 15ന് ഹുവയിയെ അമേരിക്കയുടെ എന്റിറ്റി ലിസ്റ്റില്‍ (Entity list) ഉള്‍പ്പെടുത്തി . അതായത് അമേരിക്കന്‍ കമ്പനികള്‍ക്ക് ഹുവായിയുമായി ഇടപാടുകള്‍ നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. അതിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഹുവായിയെ ബ്ലോക്ക് ചെയ്തു കഴിഞ്ഞു. അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളും കരാറുകള്‍ ഒഴിവാക്കി . മുന്‍വര്‍ഷം 10 ബില്ല്യണ്‍ ഡോളറിന്റെ കച്ചവടം അമേരിക്കന്‍ ചിപ്പ് കമ്പനികള്‍ക്ക് ഹുവായില്‍ നിന്നും ലഭിച്ചിരുന്നു. ഇതോടെ അവര്‍ക്ക് ആ കച്ചവടം നഷ്ടമായി.

കാര്യങ്ങള്‍ പതിയെ കൈവിട്ടുപോവുകയാണ്. അമേരിക്കയുടെ നിലപാട് ആഗോള സാങ്കേതിക വിതരണ ശ്രുംഖലയെ മൊത്തത്തില്‍ തന്നെ ദോഷകരമായി ബാധിക്കാനും സാധ്യത കാണുന്നുണ്ട്. 2019 മെയ് 20 ന് കടുത്ത തുടര്‍ നടപടികള്‍ക്ക് 90 ദിവസത്തെ ഇടവേള അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹുവയ് അതിന് വലിയ പ്രാധാന്യം നല്‍കാതെ സ്വന്തമായി സെമി കണ്ടക്ടര്‍ ചിപ്‌സും ആന്‍ഡ്രോയിഡിന് പകരമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റവും വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. 

ഈ ശീതയുദ്ധം പ്രധാനമായും ബാധിച്ചത് ലോകത്തിന്റെ 5 ജി സ്വപ്‌നങ്ങളെയാണ്. ഹുവായ് 5 ജിയുമായി ശക്തമായ രംഗപ്രവേശം നടത്താനിരിക്കെയാണ് അമേരിക്ക യുദ്ധം പ്രഖ്യാപിച്ചത്. 5 ജിയില്‍ മേല്‍ക്കൈ നേടുന്നതോടെ ഹുവായിയെ തളയ്ക്കാന്‍ കഴിയില്ല എന്ന് അമേരിക്ക മനസിലാക്കുന്നു. അവര്‍ 5 ജി വരവ് പരമാവധി വൈകിക്കാനാണ് ലക്ഷ്യമിടുന്നത്. ചിക്കാഗോയിലും മിനാപൊളിസിലും 2019 ഏപ്രില്‍ മൂന്നിനാണ് 5 ജി അരങ്ങേറിയത്. എന്നാല്‍ 15 മാസം മുന്‍പെ ഹാംഗ്ഷൂവിലും ഷാംഗ്ഹായിലും വുഹാനിലും ജനം ഇതാസ്വദിച്ചു തുടങ്ങി. ഫാംഗ്ഷാനില്‍ ആട്ടോണോമസ് വാഹനങ്ങള്‍ അപകടം ഒഴിവാക്കാനായി 5 ജി ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്. 

ആട്ടോമേറ്റഡ് വാഹനങ്ങളിലും വ്യവസായങ്ങളിലും വലിയമാറ്റം 5 ജി കൊണ്ടുവരും. ഫാക്ടറികള്‍, പവര്‍ ഹൗസുകള്‍,എയര്‍പോര്‍ട്ടുകള്‍,ആശുപത്രികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെ 5 ജി കൂട്ടിയിണക്കും.ഈ കെട്ടുപിണയല്‍ നല്‍കുന്ന സൗകര്യങ്ങള്‍ പോലെതന്നെ അപകടവുമുണ്ട്. ഒറ്റ ആക്രമണത്തിലൂടെ ആകെ സമൂഹത്തെ തകര്‍ക്കാന്‍ ഈ അപ്രമാദിത്തം കാരണമായേക്കാം എന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു. 

അമേരിക്കയുടെ അസ്വസ്ഥത അവിടെയാണ്. നാളിതുവരെ എല്ലാ സാങ്കേതികതയും ആദ്യം എത്തിയിരുന്നത് അമേരിക്കയിലാണ്. അതിന്റെ സാമ്പത്തിക കൊയ്ത്തും അവരാണ് നടത്താറുള്ളത്. പക്ഷെ 5 ജി കൈവിട്ടുപോയി എന്നതാണ് അവരെ ഭയപ്പെടുത്തുന്നത്. ഭാവിയിലെ ഇന്‍രര്‍നെറ്റ് ഭീമന്മാര്‍ ചൈനയില്‍ നിന്നാണ് ജന്മമെടുക്കുക എങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? 3 ജിയില്‍ നിന്നും 4 ജിയിലേക്കുള്ള മാറ്റം പോലെ ചെറുതല്ല 5 ജി. 80 കളിലെ അനലോഗ് സിഗ്നലില്‍ നിന്നുള്ള ഗുണമേന്മ കുറഞ്ഞ ഫോണ്‍വിളിതന്നെ അന്ന് അത്ഭുതമായിരുന്നു. പിന്നീട് 90കളില്‍ 2 ജിയില്‍ അത്യാവശ്യം ടെക്‌സറ്റ്  മെസ്സേജും ഇ മെയിലുമൊക്കെ ഉപയോഗിച്ചതോടെ മനുഷ്യരുടെ പ്രിയ ഉപകരണമായി മൊബൈല്‍ മാറി. 2000 ആയപ്പോള്‍ വെബ് സര്‍ഫിംഗിനും വീഡിയോ സ്ട്രീമിംഗിനും ഡേറ്റാ പ്ലാനിംഗുമായി 3 ജി വന്നു.മണിക്കൂറുകളോളം മിനക്കെട്ടിരുന്ന് സിനിമകളൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ഷമയുണ്ടായി. 2010ല്‍ വേഗതയുടെ 4 ജി വന്നു. വീഡിയൊ ചാറ്റിംഗും മീഡിയ ഷെയറിംഗും സാധ്യമായി. ഒരു മണിക്കൂര്‍ കാത്തിരുന്നു ചെയ്ത ഡൗണ്‍ലോഡിംഗിന് രണ്ടു മിനിട്ട് മതിയെന്നായി. എന്നിട്ടും ക്ഷമ ഇല്ലാതാകുന്ന അവസ്ഥയിലാണ് അനന്ത സാധ്യതകളുമായി 5 ജി വരുന്നത്. രണ്ട് മിനിട്ട് കാത്തിരുന്നു നേടിയ ഡൊണ്‍ലോഡിന് ഇനി നാല് സെക്കന്റുകള്‍ മതിയാകും. ആ സാധ്യതയാണ് രാഷ്ട്രീയ കുരുക്കില്‍ പെട്ടിരിക്കുന്നത്. 

  കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഹുവയ് 2 ബില്ല്യണ്‍ ഡോളറാണ് 5 ജി സാങ്കേതികത്തികവിനായി ചിലവാക്കിയിരിക്കുന്നത്. 40 അന്താരാഷ്ട്ര കാരിയറുകളുമായി കരാറുണ്ടാക്കി കഴിഞ്ഞു. 70,000 , 5 ജി ബേസ് സ്‌റ്റേഷനുകള്‍ വിവിധ രാജ്യങ്ങളിലേക്ക് അയച്ചു കഴിഞ്ഞു. എന്നാല്‍ ഇവ സ്ഥാപിക്കും മുന്‍പെ പടയൊരുക്കം നടത്തുകയാണ് അമേരിക്ക. അമേരിക്കയില്‍ മാത്രമല്ല സൗഹൃദ രാജ്യങ്ങളിലും അവര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതിനായി രാജ്യസുരക്ഷ എന്ന ട്രംപ് കാര്‍ഡാണ് ഉപയോഗിക്കുന്നത്. ആസ്‌ട്രേലിയയും ന്യൂസിലാന്റും ജപ്പാനും അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്നു കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ തുറന്നു പറയുന്നില്ലെങ്കിലും അമേരിക്കയെ പിണക്കാന്‍ കഴിയില്ലെന്ന സ്ഥിതിയിലാണ്. അമേരിക്കയുടെ ഈ നീക്കം നിയമവിരുദ്ധമാണ് എന്ന നിലപാടിലാണ് ഹുവായ്. എന്നാല്‍ അമേരിക്കയുെട നിലപാടില്‍ ന്യായം കാണുന്നവരുമുണ്ട്. 

2017ലെ ചൈനീസ് നാഷണല്‍ ഇന്റലിജന്‍സ് നിയമത്തിലെ ആര്‍ട്ടിക്കില്‍ 7 പ്രകാരം ചൈനയിലെ ഏത് സ്ഥാപനവും വ്യക്തിയും സര്‍ക്കാരിന്റെ ഇന്റലിജന്‍സ് പ്രവര്‍ത്തനത്തെ സഹായിക്കുകയും സഹകരിക്കുകയും വേണം. അപ്പോള്‍ ഹുവയ്ക്കു മുകളില്‍ ഒരു സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകും എന്നുറപ്പ്. മാത്രമല്ല എല്ലാ ഓഫീസുകളിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ നിയന്ത്രണം ശക്തമായിരിക്കും. അത് കമ്പനി അനുസരിക്കേണ്ടതായും വരും.

ഇതൊന്നും യാഥാര്‍ത്ഥ്യവുമായി അടുത്തു നില്‍ക്കുന്നതല്ല എന്നു പറയാന്‍ ഹുവായ് പരമാവധി ശ്രമിക്കുന്നുണ്ട്. ബൗദ്ധിക സ്വത്തവകാശ മോഷണം എന്ന ആരോപണത്തെ ഹുവായ് ചെറുക്കുന്നതിങ്ങനെ. കമ്പനിക്ക് ശക്തമായ റിസര്‍ച്ച് വിംഗുണ്ട്. 14 ശതമാനം റവന്യൂവും ഇതില്‍ നിന്നും ലഭിക്കുന്നു. 45 % ജീവനക്കാര്‍, അത് ഏകദേശം 80,000 വരും, ഇവര്‍ 14 അന്താരാഷ്ട്ര കേന്ദ്രങ്ങളിലായി ഗവേഷണം നടത്തുന്നു. അതിന്റെ ഫലമായി 2018 ല്‍ മാത്രം 5405 പേറ്റന്റ് ഫയലുകളാണ് കമ്പനി സമര്‍പ്പിച്ചിരിക്കുന്നത്. ലോകത്ത് ടെലികോം ഉപയോഗിക്കുന്ന 40% ജനത ഹുവായ് ഉപകരണങ്ങളുടെ ഗുണം അനുഭവിക്കുന്നവരാണ് എന്നും കമ്പനി അവകാശപ്പെടുന്നു. 

  അമേരിക്ക ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ബൗദ്ധിക സ്വത്തവകാശം തട്ടിയെടുക്കല്‍, മറ്റു സ്ഥാപനങ്ങളുടെ സാങ്കേതിക വിദ്യ ചോര്‍ത്തല്‍, ചോര്‍ത്താന്‍ മിടുക്കരായ കമ്പനി ജീവനക്കാര്‍ക്ക് ബോണസ് എന്നിവ ആരോപണങ്ങളില്‍പെടുന്നു. സിസ്‌കോ, മോട്ടറോള, ടി മൊബൈല്‍ എന്നിവര്‍ക്ക് IP മോഷണത്തിന് ഹുവയ് നഷ്ടപരിഹാരം നല്‍കി എന്ന് യുഎസ് ആരോപിക്കുന്നു. 2018ല്‍ അമേരിക്കന്‍ കമ്പനിയായ അഖാന്‍ സെമികണ്ടക്ടര്‍ ഡയമണ്ട് ഗ്ലാസ് സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീന്‍ ഹുവയില്‍ ടെസ്റ്റിംഗിനയച്ചു. അത് പരിശോധനയ്ക്ക് ശേഷം പൊട്ടിച്ചാണ് മടക്കി അയച്ചത്. എഫ്ബിഐ അന്വേഷണത്തില്‍ റിവേഴ്‌സ് എന്‍ജിനീയറിംഗിനായി ഹൈപവര്‍ ലേസര്‍ ഉപയോഗിച്ച് കമ്പനി നടത്തിയ ആക്രമണത്തിലാണ് ഗ്ലാസ് പൊട്ടിയത് എന്നു കണ്ടെത്ത്ി എന്നതാണ് മറ്റൊരാരോപണം.6 മില്ല്യണ്‍ ഡോളര്‍ മുടക്കിയാണ് അഖാന്‍ പരീക്ഷണം നടത്തിയിരുന്നതെന്ന് അമേരിക്ക പറയുന്നു. 

സോഫ്റ്റ് വെയറിലും ഹാര്‍ഡ്വെയറിലും സ്വകാര്യ ഡേറ്റ ചോര്‍ത്താനായി ബാക്ക് ഡോര്‍സ് , അതായത് സിക്രട്ട് വള്‍നറബിലിറ്റീസ് ഉപയോഗിക്കുന്നു എന്നതാണ് തെളിയപ്പെട്ടിട്ടില്ലാത്ത മറ്റൊരാരോപണം. അതീവസുരക്ഷ സങ്കേതങ്ങളില്‍ വരെ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ നടത്തുന്ന സെക്യൂരിറ്റി കോഡ് അപ്‌ഡേറ്റ്‌സ് വരെ ചൈനയുടെ കൈയ്യിലെത്തും എന്ന് അമേരിക്ക ഭയപ്പെടുന്നു. ഈ ഭയം അമേരിക്കയുമായി മിലിറ്ററി & ഇന്റലിജന്‍സ് സഹകരണമുള്ള രാജ്യങ്ങളുമായി അവര്‍ പങ്കുവയ്ക്കുന്നു. മാത്രമല്ല അമേരിക്കയെ അനുസരിക്കുവാനും തയ്യാറാകുന്നു. 

യുദ്ധം വ്യാപിക്കുന്നതിന്റെ പുതിയ കഥകള്‍ വന്നു തുടങ്ങി. അമേരിക്കയുടെ ആവശ്യപ്രകാരം കാനഡ റെന്നിന്റെ മകളും കമ്പനി എംഡിയുമായ മെംഗ് വാങ്ങ്ഷൂവിനെ അറസ്റ്റു ചെയ്തു. അമേരിക്കന്‍ നിയമം ലംഘിച്ചു എന്നായിരുന്നു ആരോപണം. ചൈന ഉടനെ തിരിച്ചടിച്ചു. പല കുറ്റങ്ങള്‍ ആരോപിച്ച് 13 കാനഡക്കാരെ അവരും അറസ്റ്റു ചെയ്തു. അമ്പിനമ്പ് എന്നതാണ് നയം എന്നുറപ്പ്.

ഒടുവില്‍ കാര്യങ്ങള്‍ ഇങ്ങനെ ആയേക്കാം. ലോകത്ത് രണ്ടുതരം രാജ്യങ്ങള്‍. ചൈനയുടെ 5 ജി ഉപയോഗിക്കുന്നവരും അല്ലാത്തവരും. അപ്പോള്‍ അമേരിക്ക ഉള്‍പ്പെടെ ഇപ്പോള്‍ ഹുവയ് ഉപകരണങ്ങളും സാങ്കേതികതയും ഉപയോഗിക്കുന്ന 170 രാജ്യങ്ങളിലെ ചെറുതും വലുതുമായ കമ്പനികള്‍ക്ക് ഓപ്ഷനില്ലാതെ വരും. ചെറിയ തുകയ്ക്ക് നടത്താന്‍ കഴിയുമായിരുന്ന അപ്ഗ്രഡേഷന് വന്‍തുക ചിലവാക്കേണ്ടി വരും. 

ഹുവയുടെ അഡ്വാന്റേജുകള്‍ ഇവയാണ്. മറ്റ് കമ്പനികളേക്കാളും 18 മാസം മുന്നിലാണ് അവരുടെ തയ്യാറെടുപ്പ്. ഇവരുടെ ബേസ് സ്റ്റേഷനും വയര്‍ലെസ് നെറ്റുവര്‍ക്കിംഗ് എക്യുപ്‌മെന്റ്‌സും ചെറുതാണ്. എതിരാളികളുടെ ഉത്പ്പന്നങ്ങളേക്കാള്‍ 30 % വിലകുറവുമുണ്ട്. തീര്‍ച്ചയായും ആരെയും ആകര്‍ഷിക്കാന്‍ മതിയായ കാരണങ്ങളാണിത്. അമേരിക്കയ്ക്ക് ഈ തടയിടലിലൂടെ നേരിട്ട് വലിയ നേട്ടമൊന്നുമുണ്ടാവില്ല. കാരണം അമേരിക്കന്‍ കമ്പനികളൊന്നും 5 ജി രംഗത്തില്ല. സ്വീഡന്റെ എറിക്‌സണും ഫിന്‍ലാന്റിന്റെ നോക്കിയയുമാണ് പകരക്കാര്‍.

ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് ട്രമ്പ് നടത്താന്‍ സാധ്യതയുള്ള നെഗോഷിയേഷനാണ്. മുന്‍വര്‍ഷം ചൈനീസ് കമ്പനിയായ ZTE യുമായി വ്യാപാരതര്‍ക്കമുണ്ടായതാണ്. ഒടുവില്‍ ട്രംമ്പ് നെഗോഷിയേഷന്‍ നടത്തി ഒരു ബില്യണ്‍ ഡോളര്‍ ഫൈന്‍ അടപ്പിച്ച് കാര്യങ്ങള്‍ അവസാനിപ്പിച്ചു. ചിലപ്പോള്‍ അത്തരമൊരു കോംപ്രമൈസിന് ട്രമ്പ് ഭരണകൂടം മുതിര്‍ന്നേക്കാം. അല്ലെങ്കില്‍ ട്രമ്പിന്റെ അനുകൂലികളായ പല കമ്പനികളും ട്രമ്പ് ക്യാമ്പ് വിടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

ഏതായാലും രാഷ്ട്രീയവും അധികാരവും സാങ്കേതികതയും സാമ്പത്തികവും ചേര്‍ന്നു വരുന്ന ഈ യുദ്ധത്തില്‍ അമേരിക്കയും ചൈനയും ഒരുമിച്ചു മുന്നോട്ടുപോകുമൊ മറ്റൊരു ശീതസമരത്തിന് വഴി തുറക്കുമൊ എന്ന് 2019 വിധിയെഴുതും. 



USA- China trade war


     അമേരിക്ക- ചൈന വ്യാപാര സംഘര്‍ഷം 

  അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം മുറയ്ക്ക് വാര്‍ത്തയാകുന്നുണ്ടെങ്കിലും ഇത് അമേരിക്കന്‍ ജനതയെ ഏത് വിധമാകും ബാധിക്കുക എന്നതിനെ കുറിച്ച് എനിക്ക് വ്യക്തത കുറവായിരുന്നു. ടൈം മാസികയില്‍ Alana Semuels എഴുതിയ ലേഖനം ലളിതമായി കാര്യങ്ങള്‍ പറഞ്ഞു തരുന്നു. വ്യാപാരരംഗത്തെ സംഘര്‍ഷം രൂക്ഷമായത് ഡൊണാള്‍ഡ് ട്രമ്പ് പ്രസിഡന്റായ ശേഷമാണ്. മുന്‍പ് ആയുധവില്‍പ്പനയില്‍ ആര് മുന്‍പന്‍ എന്ന നിലയില്‍ അമേരിക്കയും റഷ്യയും തമ്മിലൊരു സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ ചൈന- അമേരിക്ക താരിഫ് വാര്‍ എല്ലാ മേഖലകളിലേക്കും പ്രതിസന്ധി വ്യാപിപ്പിച്ചിരിക്കയാണ്.

ലോകം ഒറ്റ ഗ്രാമംപോലെയായി തീര്‍ന്നതോടെ ദേശ-ഭാഷ വ്യത്യാസമില്ലാതെ വ്യാപാര സൗഹൃദങ്ങള്‍ വികസിക്കുകയായിരുന്നു. അമേരിക്കയിലെ ഒരു സ്റ്റീല്‍ ഉത്പ്പന്ന നിര്‍മ്മാണ യൂണിറ്റിന് അവന്റെ കച്ചവടം ലാഭകരമാകണമെങ്കില്‍ ചൈനയില്‍ നിന്നുള്ള വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ സ്‌പെയര്‍ പാര്‍ട്ടസുകള്‍ വേണം. അങ്ങിനെ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുമ്പോഴാണ് ട്രംപ് സ്വദേശി കാര്‍ഡ് വീശിയത്.ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ - അലൂമിനിയം ഉതപ്പന്നങ്ങളുടെ താരിഫ് വര്‍ദ്ധിപ്പിച്ചുകൊണ്ടു തുടങ്ങിയ യുദ്ധം ഇപ്പോള്‍ 200 ബില്യണ്‍ ഡോളറിന് മുകളിലുള്ള ചൈനീസ് ഉതപ്പന്നങ്ങളെ ബാധിച്ചു കഴിഞ്ഞു.

നാട്ടിലുണ്ടാക്കുക, ഉപയോഗിക്കുക എന്നതാണ് ട്രമ്പിന്റെ ആഹ്വാനം. ലോകമാകെ വാങ്ങിയും വിറ്റും ആഘോഷിക്കുമ്പോള്‍ അമേരിക്കന്‍ കമ്പനികളും ജനതയും സ്വദേശിവത്ക്കരണത്തിന്റെ തുടര്‍ച്ച എന്താകും എന്ന് അമ്പരന്നു നില്‍ക്കുകയാണ്.

വളരെ പഴക്കമുള്ള ആശയമാണ് സ്വദേശിവത്ക്കരണം. ഇന്ത്യ ,വിദേശവസ്ത്രങ്ങള്‍ ബഹിഷ്‌ക്കരിക്കുകയും സ്വദേശിപ്രസ്ഥാനം തുടങ്ങുകയുമൊക്കെ ചെയ്തത് സ്വാതന്ത്യ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. അമേരിക്കയില്‍ ജോര്‍ജ്ജ് വാഷിംഗ്ടണും രാജ്യത്തിന്റെ വ്യാവസായിക വത്ക്കരണത്തിന്റെ തുടക്കകാലത്ത് സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിച്ചിരുന്നു. 1920-30 കാലത്ത് മൈഗ്രേഷന്‍ വ്യാപകമായപ്പോഴും അമേരിക്ക സ്വദേശികളുടെ അവകാശത്തിനുള്ള പ്രക്ഷോഭം നടത്തി. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ, ശക്തമായ രാജ്യം എന്ന നിലയില്‍ അമേരിക്ക, ലോകമാകെ ആവശ്യമായ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചു വിറ്റും റീട്ടെയില്‍ ശ്രംഖലകള്‍ ആരംഭിച്ച് വിപണികള്‍ കൈയ്യടക്കിയും മുന്നോട്ടുപോവുകയും  പ്രാദേശിക വാദത്തെ അടച്ചുപൂട്ടിവച്ച് വന്‍ കൊയ്ത്തു നടത്തുനടത്തുകയും ചെയ്തു. കൊയ്ത്ത് കുറയുമ്പോളാണ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നത്. 1990 കളില്‍ അമേരിക്കന്‍ റോഡുകള്‍ ജപ്പാന്റ വാഹനങ്ങള്‍ കൈയ്യടക്കിയപ്പോള്‍ വീണ്ടും പ്രാദേശികവാദം ഉയര്‍ന്നെങ്കിലും വേഗം കെട്ടുപോയി.

എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. അമേരിക്കയില്‍ നിര്‍മ്മിക്കുന്ന മിക്ക ഉത്പ്പന്നങ്ങളുടെയും പാര്‍ട്ടുകള്‍ വരുന്നത് ചൈനയില്‍ നിന്നാണ്. വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നാണ്. 2013ല്‍ ട്രമ്പിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് വാള്‍മാര്‍ട്ട് 50 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്നും വാങ്ങിയപ്പോള്‍ അത് അവരുടെ ആകെ പര്‍ച്ചേയ്‌സിന്റെ 1.5 ശതമാനം മാത്രമായിരുന്നു എന്നതാണ് തമാശ.

ഇ-കൊമേഴ്‌സിന്റെ ഇന്നത്തെ കാലത്ത് ഉത്പ്പാദകരുടെ വെല്ലുവിളി നിരവധിയാണ്. റീട്ടെയിലേഴ്‌സ് സാധനങ്ങള്‍ വാങ്ങി സ്‌റ്റോക്കു ചെയ്യുന്ന രീതി കുറഞ്ഞു. അമേരിക്കയിലെ ലേബര്‍ കോസ്റ്റ് മറ്റെവിടത്തേതിലും കൂടുതലാണ്. ഇതിനോട് ചേര്‍ന്ന് സ്‌പെയര്‍ പാര്‍ട്ട്‌സിന്റെ ഉയര്‍ന്ന താരിഫ് കൂടി വന്നതോടെ അവര്‍ വിഷമവൃത്തത്തിലായിരിക്കയാണ്.

യൂറോപ്പിലും മറ്റുമുള്ള കോംപറ്റീറ്റേഴ്‌സ് കുറഞ്ഞ വിലയ്ക്ക് സാധനങ്ങല്‍ വിപണിയിലിറക്കുമ്പോള്‍ ചൈനയില്‍ നിന്നും വിലകുറവുള്ള നിര്‍മ്മാണ വസ്തുക്കള്‍ വാങ്ങാന്‍ കഴിയാത്ത അമേരിക്കന്‍ കമ്പനികള്‍ ലോകവിപണിയില്‍ പിന്‍തള്ളപ്പെടുക സ്വാഭാവികം. എങ്ങിനെയും സ്വദേശിവത്ക്കരണം നടപ്പിലാക്കാം എന്നു കരുതിയാല്‍ ചില പാര്‍ട്ട്‌സുകള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ തന്നെ അമേരിക്കയിലില്ല എന്നതാണ് പരമാര്‍ത്ഥം. ഇനി ഉണ്ടായിവരാന്‍ കാലമെടുക്കും. പിന്നൊരു മാര്‍ഗ്ഗം മറ്റേതെങ്കിലും രാജ്യത്ത് നിര്‍മ്മിച്ച് അമേരിക്കയില്‍ അസംബിള്‍ ചെയ്യുക എന്നതാണ്. അങ്ങിനെ വരുമ്പോള്‍ നിലവിലുള്ള ഒരു നല്ല പങ്ക് അമേരിക്കന്‍ തെഴിലാളികളെ പിരിച്ചു വിടേണ്ടി വരും.

ഉപഭോക്താക്കളായ അമേരിക്കക്കാര്‍ക്ക് ട്രമ്പിന്റെ ഈ പ്രാദേശിക വികാരത്തോട് കമ്പമില്ലെന്ന് സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. 2017ലെ സര്‍വ്വെ പറയുന്നത് 69% ആളുകള്‍ക്കും വിലയാണ് പ്രധാനം എന്നാണ്. 77 % പേര്‍ ഗുണമേന്മ ശ്രദ്ധിക്കുമ്പോള്‍ 32 % ആളുകളെ മെയ്ഡ് ഇന്‍ യുഎസ്എ ക്ക് പ്രാധാന്യം നല്‍കുന്നുള്ളു. ട്രമ്പിന്റെ രാഷ്ട്രീയ ഭാവിയുമായിപോലും ബന്ധപ്പെട്ടിരിക്കുന്ന ഈ 'ചൈന യുദ്ധം' നമുക്കും കൗതുകത്തോടെ കണ്ടിരിക്കാം.

Monday 10 June 2019

Virus -A must see movie


വൈറസ് നമ്മെ അത്ഭുതപ്പെടുത്തും 

ആഷിക് അബു സംവിധാനം ചെയ്ത വൈറസ് പ്രതീക്ഷിച്ചതിലും അപ്പുറം മികവുറ്റ ചിത്രമായി. ഒരു ഡോക്യുമെന്ററിയുടെ തലത്തിലേക്ക് ഏത് നിമിഷവും വീണുപോകാവുന്ന ഒരു അന്വേഷണാത്മക ത്രില്ലര്‍ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. പക്ഷെ ഇവിടെ അന്വേഷിക്കുന്നത് കൊലപാതകിയായ ഒരു വ്യക്തിയെ അല്ല. ഒരു ഏകകോശജീവിപോലുമല്ലാത്ത വൈറസാണ് ഇവിടെ ക്രിമിനല്‍. മുഖവും രൂപവുമില്ലാതെ ക്രൈം ചെയ്യുന്ന ചില കഥാപാത്രങ്ങളെ ഹോളിവുഡില്‍ നമ്മള്‍ കാണാറുണ്ട്, എന്നാല്‍ അവരെ നശിപ്പിക്കാനുള്ള എന്തെങ്കിലുമൊന്ന് ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടാവും എന്നു മാത്രമല്ല അതൊരു ഫിക്ഷനുമാണ്.

എന്നാല്‍ ഇവിടെ നമ്മള്‍ കണ്ടറിയുകയൊ കേട്ടറിയുകയൊ ചെയ്തിട്ടില്ലാത്ത ഒരു സാംക്രമിക രോഗത്തിന്റെ അടിമകളായി മാറിയ ,നിസാരരായി തീര്‍ന്ന മനുഷ്യരുടെയും അതിനു മുന്നില്‍ പകച്ചു നില്‍ക്കാതെ , കരുതലോടെ മുന്നേറി വിജയിക്കുന്ന മനുഷ്യരുടെയും ഗാഥയാണ് പറയുന്നത്. പണ്ട് വസൂരിക്കാലത്ത് രോഗിയെ ഉപേക്ഷിച്ച് ഓടിയ മനുഷ്യരെ കുറിച്ച്, ഉറ്റവരെ കുറിച്ചൊക്കെ കഥകള്‍ ഏറെ കേട്ടവരാണ് പഴയ തലമുറ. കൊതുക് പകര്‍ത്തുന്ന ഡെങ്കി ഉള്‍പ്പെടെ അനേകം രോഗങ്ങളെ മഴക്കാലം സംഭാവന ചെയ്യാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരുന്നു നിപ്പ. ഒരുവന് രോഗം പിടിപെട്ടാല്‍ അവന്റെ മുന്നില്‍ മുന്‍ കരുതലില്ലാതെയും അറിയാതെയും വന്നുപെടുന്ന ആര്‍ക്കും രോഗം പിടിപെടാം എന്നതും കൃത്യമായ ചികിത്സയോ മരുന്നോ കണ്ടെത്തിയിട്ടില്ല എന്നതും രോഗഭീതി വല്ലാതെ ഉയര്‍ത്തി.

നമ്മള്‍ പലവിധ വാര്‍ത്തകളില്‍ ഒന്ന് എന്നനിലയില്‍ ഒരു വര്‍ഷം മുന്‍പ് പാതികേട്ടും പാതി വായിച്ചും തള്ളിവിട്ട രോഗം കുറേപേരെ മരണത്തിലേക്ക് കൊണ്ടുപോയി എന്നതും രോഗിയെ ചികിത്സിച്ച നഴ്‌സിന്റ മരണവും ആ കുട്ടിയെ ഐക്യരാഷ്ട്ര സംഘടന ആദരിച്ചതും ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതുമൊക്കെയായ വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഭരണകൂടവും ആരോഗ്യ മന്ത്രിയും തൊഴില്‍ മന്ത്രിയും കലക്ടറും ആരോഗ്യ പ്രവര്‍ത്തകരം മറ്റ് ഉദ്യോഗസ്ഥരും വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു എന്നതിലും സംശയം ആര്‍ക്കുമില്ലായിരുന്നു. എന്നാല്‍ ഈ ചിത്രം കാണുമ്പോഴാണ് ആ ദിവസങ്ങളില്‍ ഒരു സര്‍ക്കാര്‍ സംവിധാനം എങ്ങിനെ പ്രവര്‍ത്തിച്ചു, നിപ്പയെ തുരത്താന്‍ ഇടപെട്ട ചെറുതും വലുതുമായ മനുഷ്യരുടെ ഇതിലുള്ള പങ്ക് എന്തായിരുന്നു, വേണ്ടപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളുടെ വേദന, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കരാര്‍ തൊഴിലാളികല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറന്മാര്‍ തുടങ്ങിയ കണ്ണികള്‍, ആത്മാര്‍ത്ഥത മാത്രം കൈമുതലാക്കി പണിയെടുത്തവര്‍ എന്നിങ്ങനെ നീണ്ട ഗവേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും കെട്ടുകള്‍ അഴിയുന്നത്.

ഒരു ചിത്രം ചെയ്യുമ്പോള്‍ അതിന്റെ പിന്നില്‍ അതിതീവ്രമായ ഗവേഷണവും അന്വേഷണവും ആവശ്യമായി വരുക അപൂര്‍വ്വമാണ്. ടേക്ക് ഓഫ് അത്തരമൊരു ചിത്രമായിരുന്നു. പഴയ കാല ചിത്രങ്ങളെടുത്താന്‍ സിബിഐ ഡയറിക്കുറിപ്പ് അത്തരമൊരു ചിത്രമായിരുന്നു. അതിനേക്കാളൊക്കെ ഉയര്‍ന്ന നിലയിലുള്ള പരിശ്രമം വൈറസിന്റെ സ്‌ക്രിപ്റ്റിലുണ്ട്. ഇത് പൂര്‍ത്തിയാക്കിയ തിരക്കഥാകാരന്മാരെയും അവരെ സഹായിച്ചവരെയും സ്മരിച്ചുകൊണ്ടു മാത്രമെ ഇങ്ങനെയൊരു ചിത്രത്തെകുറിച്ച് സംസാരിക്കാന്‍ കഴിയൂ.മുഹ്‌സിന്‍ പരാരിയും ഷര്‍ഫും സുഹാസും തയ്യാറാക്കിയ തിരക്കഥ ഗംഭീരമെന്നെ പറയേണ്ടു.

 ആഷിക്കിനെ നന്നായി തുണച്ച സിനിമാറ്റോഗ്രാഫര്‍ രാജീവ് രവി, കിറുകൃത്യമായ എഡിറ്റിംഗ് നിര്‍വ്വഹിച്ച സാജു ശ്രീധരന്‍, വളരെ അപൂര്‍വ്വമായി മാത്രം ഉയര്‍ന്നുപോയി എന്ന് വേണമെങ്കില്‍ ആക്ഷേപമുന്നയിക്കാവുന്ന, എന്നാല്‍ മികച്ച സംഗീതം നിര്‍വ്വഹിച്ച സംഗീത സംവിധായകന്‍ സുഷിന്‍ ശ്യം, എന്നിവരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

  നിപ്പ ബാധിച്ചു മരിച്ച നഴ്‌സിനെ ചുറ്റിപ്പറ്റി ഒരു ചിത്രം എന്ന ധാരണയിലായിരുന്നു ചിത്രം കാണാന്‍ പോയത്. പക്ഷെ തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ ബോധ്യമായി ചിത്രത്തിലെ പ്രധാന കഥാപാത്രം വൈറസാണെന്ന്. ബാക്കിയെല്ലാവരും തുല്യനിലയില്‍ ശക്തരായ കഥാപാത്രങ്ങള്‍ മാത്രം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശക്തമായ കൂട്ടായ്മയുടെ വിജയ ചിത്രമാണ് വൈറസ്. അഭിനയത്തികവുളള അഭിനേതാക്കളെ കഥാപാത്രങ്ങളുടെ കുപ്പായമിടുവിച്ച് അനശ്വരമാക്കുക എന്നതായിരുന്നു ആഷിക്കിന്റെ ടെക്‌നിക്. അതിലയാള്‍ പൂര്‍ണ്ണമായും വിജയിച്ചു. ചെറുതും വലുതുമായ കഥാപാത്രങ്ങളില്ല, എല്ലാം വലിയ കഥാപാത്രങ്ങള്‍ മാത്രം.

ഇന്ദ്രജിത്ത്, കുഞ്ചാക്കൊ ബോബന്‍, പാര്‍വ്വതി, റിമ കല്ലിംഗല്‍, സൗബിന്‍, അസിഫ് അലി,ടൊവിനൊ, രേവതി,റഹ്മാന്‍, ഇന്ദ്രന്‍സ്,പൂര്‍ണ്ണിമ,ശ്രീനാഥ് ഭാസി,മഡോണ,ജോജു, രമ്യ നമ്പീശന്‍, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ,ഷറഫുദീന്‍, സഖറിയ മുഹമ്മദ്, ഷെബിന്‍ ബന്‍സണ്‍,സുധീഷ്,സാവിത്രി ശ്രീധരന്‍, ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ്, ലുക്ക്മാന്‍ ലുക്ക്, ആന്‍ സലിം, ഹാരിസ് സലിം, സജിദ മഠത്തില്‍, ലിയോണ്‍, നിഖില്‍ രവീന്ദ്രന്‍, സനൂപ്, ശ്രീകാന്ത് മുരളി , വെട്ടുകിളി പ്രകാശ്, ശ്രീദേവി ഉണ്ണി, സീനത്ത് തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ ഒരു പിടി താരങ്ങളാണ് ചിത്രത്തിന്റെ ദൃശ്യപൊലിമ.

22 ഫീമെയില്‍ കോട്ടയത്തിന് ശേഷം ആഷിക്കിന്റെ മറക്കാന്‍ കഴിയാത്തൊരു സംഭാവനയായി വൈറസ് രേഖപ്പെടുത്തപ്പെടും എന്നതില്‍ സംശയമില്ല.

Saturday 1 June 2019

Story- Puthuvarsham thudangunnathu


                                                                                 
                               കഥ

   1996 ഏപ്രില്‍ മാസത്തിലെ കുങ്കുമം വാരികയില്‍ പ്രസിദ്ധീകരിച്ചത്

                       പുതുവര്‍ഷം തുടങ്ങുന്നത് 

   തണുപ്പ് അരിച്ചു കയറുന്ന പുതുവര്‍ഷത്തലേന്ന്. പോയവര്‍ഷത്തെ പ്രധാന സംഭവങ്ങള്‍ വിവരിക്കുന്ന ദൂരദര്‍ശന്‍ പരിപാടി കഴിഞ്ഞു. ശോഭനമായൊരു പുതുവര്‍ഷം ആശംസിച്ച് സുന്ദരിയായ അവതാരക സ്‌ക്രീനില്‍ നിന്നു മറഞ്ഞപ്പോഴാണ് കോളിംഗ് ബല്‍ മുഴങ്ങിയത്. ക്ലോക്കില്‍ പതിനൊന്നടിച്ചു.

  തണുപ്പിന്റെ കാഠിന്യമേറിയ ഈ രാത്രിയില്‍ ആരാകും വിരുന്നുകാരന്‍, രാജഗോപാല്‍ ചിന്തിച്ചു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ എല്ലാവര്‍ഷവും ഒത്തുകൂടാറുള്ളത് പാര്‍ക്ക് ഹോട്ടലിലാണ്. ഇത്തവണ കമ്പനികളൊന്നുമില്ലാതെ സ്വസ്ഥമായിരുന്ന് മൂന്ന് പെഗ്, അതും റം.

  വിസ്‌കി തണുപ്പിന് കൊള്ളില്ലെന്നാണ് ശ്രീദേവന്‍ പറഞ്ഞത്.

  പോയവര്‍ഷത്തെ പ്രധാന സംഭവങ്ങള്‍ മനസില്‍ ഓടിയെത്തി. രാജന്‍ പിള്ളയുടെ ദാരുണാന്ത്യം, കല്‍ക്കരി ഖനിയിലെ ദുരന്തം, ഹരിയാനയിലെ തീ പിടുത്തം, അനേകം രാഷ്ട്രീയ നാടകങ്ങള്‍, സഞ്ജയ്ദത്തിന്റെ മോചനം.

  മദ്യം തലച്ചോറിനു നല്‍കിയ മന്ദത മൂലമാകാം ആദ്യത്തെ വിളി കാര്യമാക്കാഞ്ഞത്. വീണ്ടും കോളിംഗ് ബെല്ലിന്റെ മുഴക്കം. രാജഗോപാല്‍ എഴുന്നേറ്റു.കാലുകള്‍ നിലത്ത് ഉറയ്ക്കുന്നില്ല. വാതില്‍പടിയില്‍ പിടിച്ച് അടുത്ത മുറിയിലേക്ക് നടന്നു.ഭാര്യയും മകളും ഉറങ്ങിക്കഴിഞ്ഞു. ഈ തണുത്ത നാളുകളില്‍ സിരകളില്‍ അല്‍പ്പം ലഹരിയില്ലെങ്കില്‍, എടിഎന്നൊ സ്റ്റാര്‍ ടിവിയൊ കണ്ടില്ലെങ്കില്‍, ആരായാലും ഉറങ്ങിപോകും.

  വാതിലിന്റെ കൊളുത്തെടുത്ത് പകുതി തുറന്നപ്പോഴെ സന്ദര്‍ശകയെ മനസിലായി; രജിത. തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന ദേവദത്തന്റെ മകള്‍.

' എന്താ മോളെ ', രാജഗോപാല്‍ ചോദിച്ചു.

' അങ്കിള്‍, പപ്പാ - ' ,അവളുടെ വാക്കുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

തലയുടെ മന്ദത പെട്ടെന്ന് കുറഞ്ഞു. ' എന്തേ, പപ്പയ്‌ക്കെന്തു പറ്റി ? ' , അയാള്‍ ചോദിച്ചു.

' കുറെ ദിവസമായി പനിയായിരുന്നു. ഒപ്പം പതിവുള്ള ഗ്യാസ്ട്രബിളും. ഇപ്പോള്‍ വയറ്റിനു നല്ല വേദനയുണ്ട് ', അവള്‍ പറഞ്ഞു.

വാതിലിന്റെ കുറ്റി പുറത്തുനിന്നിട്ട് അയാള്‍ രജിതയ്‌ക്കൊപ്പം നടന്നു. ദേവദത്തന്റെ ഭാര്യ അയാളുടെ വയറ് തടവുന്നുണ്ടായിരുന്നു. ദേവദത്തന്‍ അധികമാരോടും സംസാരിക്കാറില്ല. ഒരു കേന്ദ്രമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലാണെങ്കിലും ബന്ധങ്ങള്‍ വളരെ കുറവാണ്. പലപ്പോഴും ഒരു ചിരിയിലൊതുങ്ങുന്ന സൗഹൃദങ്ങള്‍. ഇയാളെക്കൊണ്ട് എന്തെങ്കിലുമൊക്കെ പറയിക്കാന്‍ രാജഗോപാലിനെ കഴിയൂ എന്ന് എം.കെ.ചൗധരിയും കെ.എന്‍.സിംഗും പറയാറുണ്ട്. ഈ പറയുന്നവരും സാമൂഹ്യബന്ധങ്ങളില്‍ വട്ടപ്പൂജ്യമാണെന്ന് രാജഗോപാല്‍ മനസില്‍ വിചാരിക്കും.

എല്ലാവര്‍ക്കും എപ്പോഴും തിരക്കാണ്. പണമുണ്ടാക്കാന്‍, അത് വേണ്ടവിധം നിക്ഷേപിക്കാന്‍, പിന്നെ കൂട്ടലുകള്‍,കിഴിക്കലുകള്‍. ഒരല്‍പ്പസമയം കിട്ടിയാല്‍ അത് ടിവി കാണാനും വാഹനത്തിന്റെ മെയിന്റനന്‍സിനുമായി മാറ്റിവയ്ക്കും. വല്ലപ്പോഴും കുടുംബമായി ഇന്ത്യാഗേറ്റിലൊ ലോദി ഗാര്‍ഡനിലൊ ഒരു കറക്കം. കുറച്ച് പെപ്‌സി, ഐസ്‌ക്രീ, അങ്കിള്‍ ചിപ്‌സ്.

  ഈ ലോകം വളരെ ഇടുങ്ങുകയാണ്.അതിനിടയില്‍ തന്നെപോലെ ചില ബോറന്മാര്‍ മാത്രം വലിഞ്ഞുകയറി സംസാരിക്കാന്‍. രാജഗോപാലന്‍ പലപ്പോഴും ചിന്തിച്ച് ചിരിക്കാറുണ്ട്.

' ദേവദത്തന്‍, രാത്രിയില്‍തന്നെ ഹോസ്പിറ്റലില്‍ പോകണൊ?', രാജഗോപാല്‍ ചോദിച്ചു.

' വേണ്ട, മിസ്റ്റര്‍ രാജഗോപാല്‍, കുറച്ച് സുഖമുണ്ട്. ഇത് ഗ്യാസ്ട്രബിളാ. വയറ് വല്ലാണ്ട് കത്തുന്നു. ഗുളികകള്‍ തീര്‍ന്നു.തന്റടുത്ത് ഉറക്കഗുളികയുണ്ടൊ, എങ്കില്‍ ഒന്ന് തന്നോളൂ. രാത്രി കഴിച്ചുകൂട്ടിയാല്‍ സമാധാനമായി. രാവിലെ ഡോകടര്‍ മഹാജനെ കാണാം', ദേവദത്തന്‍ പറഞ്ഞു.

 എപ്പോഴും ഉറക്കഗുളികകള്‍ സൂക്ഷിക്കാറുള്ള രാജഗോപാലിന്റെ കൈയ്യില്‍ അന്നേ ദിവസം ഒരെണ്ണം പോലും എടുക്കാനുണ്ടായിരുന്നില്ല. ഭയം നിറഞ്ഞ നാളെകള്‍ മാത്രമുള്ള ഈ നാട്ടില്‍ ഉറക്കഗുളികകളില്ലാതെ എങ്ങിനെ കഴിയാന്‍ ?

' സോറി,മിസ്റ്റര്‍ ദേവദത്തന്‍, സ്‌റ്റോക്കെല്ലാം കഴിഞ്ഞു. ഇന്ന് പുതുവര്‍ഷത്തെ കാത്തിരാക്കാന്‍ നേരത്തെ തയ്യാറെടുത്തതിനാല്‍ ഗുളിക വാങ്ങാന്‍ പോയതുമില്ല, സോറി'

' ഓ, സാരമില്ല, എങ്ങിനെയെങ്കിലും ഈ രാത്രി കഴിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു', ദേവദത്തന്‍ അസ്വസ്ഥനായി.

പുതുവര്‍ഷം ജന്മമെടുക്കുന്നതിന്റെ പേറ്റുനോവാണൊ അതെന്ന് തലയില്‍ നുരകുത്തിയ ലഹരി തന്നോടുതന്നെ ചോദിച്ചു. ദേവദത്തന്റെ സ്ഥിതി കണ്ടിട്ട് രാജഗോപാലിന് ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാതെയായി. ഉറക്കം കണ്ണുകളിലേക്ക് ചാല് തുറന്നതായും അയാളറിഞ്ഞു.

' മിസിസ് ദേവദത്തന്‍, ഇഞ്ചിയുണ്ടോ, ഇഞ്ചി ', രാജഗോപാല്‍ ചോദിച്ചു.

' ഉണ്ടല്ലൊ ', അവര്‍ പറഞ്ഞു.

' കുറച്ച് ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് പഞ്ചസാരയും ചേര്‍ത്ത് കൊടുക്കൂ. ഗ്യാസിന് ശമനമുണ്ടാകും. നേരം വെളുക്കുമ്പോള്‍ ആശുപത്രിയില്‍ പോകാം.ഉറങ്ങാന്‍ ശ്രമിക്കൂ മിസ്റ്റര്‍ ദേവദത്തന്‍, ഏതായാലും നേരം പുലരട്ടെ.', ആടുന്ന കാലുകള്‍ ഉറപ്പിച്ച് രാജഗോപാല്‍ തിരികെ നടന്നു.

രജിതയും രഞ്ജനയും അടുക്കളയിലേക്ക് പോയി. ഇഞ്ചി നീരുണ്ടാക്കിയത്  കുടിച്ച് ദേവദത്തന്‍ സുഖമായുറങ്ങട്ടെ എന്ന് പ്രാര്‍ത്ഥിച്ച് രാജഗോപാല്‍ മുറിയില്‍ കടന്ന് രസായിയുടെ ചൂടിലേക്ക് കടന്നുകയറി.

മുറിയില്‍ കൂര്‍ക്കം വലിയുടെ ഉച്ചസ്ഥായിയിലും കീഴ്സ്ഥായിയിലുമുള്ള താളങ്ങള്‍. രാജലക്ഷ്മിയും മോളും നല്ല ഉറക്കത്തിലാണ്. അക്ഷയ്കുമാറിന്റെ പടം കാണാന്‍ അനുവദിച്ചില്ലെന്ന പരാതിയോടെയാണ് ഈ വര്‍ഷത്തിന് വിട പറഞ്ഞ് അവര്‍ ഉറങ്ങാന്‍ പോയത്. ഒരാളിന് ഒരു ടിവി എന്നതിന്റെ പ്രസക്തി മനസിലായതും അപ്പോഴാണ്.

പലതും ഓര്‍ത്തു കിടക്കെ രാജഗോപാലന്‍ ഉറക്കത്തിലേക്ക് കൂപ്പുകുത്തി. എപ്പോഴോ കാളിംഗ്‌ബെല്‍ പലതവണ ശബ്ദിച്ചു. രാത്രിയുടെ രണ്ടാം യാമത്തിലെ ഉറക്കമാണ്. രാജലക്ഷ്മി കുലുക്കിയുണര്‍ത്തിയപ്പോഴാണ് ബോധം വീണത്. ബഡ്‌സ്വിച്ചമര്‍ത്തി രസായിയില്‍ നിന്നും പുറത്തുകടന്ന് കണ്ണട തപ്പിയെടുത്ത് മൂക്കിലുറപ്പിച്ച് വാതിലിനടുത്തെത്തി പാളി തുറന്നു. രജിതയാണ്. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

' എന്താ മോളെ  '

' അങ്കിള്‍, പപ്പായ്ക്ക് തീരെവയ്യ. ഇപ്പോള്‍ത്തന്നെ-- ', അവളുടെ വാക്കുകള്‍ക്കൊപ്പം അയാള്‍ നടന്നു. മുറിയില്‍ ഇളയമകള്‍ രഞ്ജനയും മിസിസ് ദേവദത്തനും കരഞ്ഞുകൊണ്ടിരിക്കുന്നു. ദേവദത്തന്റെ കണ്ണുകള്‍ വല്ലാതെ ഓടുന്നുണ്ടായിരുന്നു. ബോധം അത്രയ്ക്കില്ലാത്തവിധം നാക്ക് കുഴയുന്നു. വയര്‍ പതിവിലധികം വീര്‍ത്തിട്ടുണ്ടോ എന്ന് സംശയം തോന്നി. നാളെ മിനിസ്റ്ററെ കാണണം, ന്യൂ ഇയര്‍ ആശംസ നേരണം എന്നൊക്കെ അബോധമായി പറയുന്നുണ്ട്.

രാജഗോപാലന്‍ ഉടന്‍ തന്നെ പുറത്തിറങ്ങി മിസ്റ്റര്‍ ചൗധരിയുടെ വാതിലിലെ ബെല്ലമര്‍ത്തി. ഏറെ നേരം കഴിഞ്ഞ് അയാള്‍ പുറത്തുവന്നു. തീരെ ഇഷ്ടപ്പെടാത്ത മുഖഭാവം. ക്ഷമ ചോദിച്ച് രാജഗോപാല്‍ കാര്യങ്ങള്‍ പറഞ്ഞു, ' ഇപ്പോള്‍തന്നെ ദേവദത്തനെ ആശുപത്രിയില്‍ കൊണ്ടുപോകണം, ഒന്നു സഹായിക്കണം '

' രാജഗോപാല്‍, മറ്റൊന്നും വിചാരിക്കരുത്. എനിക്ക് പുലര്‍ച്ചെ നാലുമണിക്ക് ഒരിടം പോകാനുള്ളതാണ്. സിംഗിനോട് പറയൂ, അല്‍പ്പം കൂടി ഉറങ്ങിയില്ലെങ്കില്‍-- ഹോ- നശിച്ചൊരു തലവേദനയുണ്ടെനിക്ക്, അത് വരും. വന്നാല്‍ പിന്നെ -- ', ചൗധരിയുടെ പാഴാങ്കം കേട്ടുനില്‍ക്കാന്‍ സമയമില്ലെന്ന മട്ടില്‍ രാജഗോപാല്‍ പടികളിറങ്ങി.

താഴെ സിംഗിന്റെ വീടാണ്. ഒരു പ്രത്യേക സ്വഭാവക്കാരനാണയാള്‍. ഭാര്യയ്ക്ക് രോഗമാണെന്നു പറഞ്ഞാല്‍ പോലും ശ്രദ്ധിക്കില്ല.ഇക്കണോമിക് ടൈംസില്‍ വരുന്ന ഷെയര്‍ നിലവാരമാണ് അങ്ങേരുടെ ജീവിതത്തെ തുലനം ചെയ്യുന്നത്. ഏതായാലും നോക്കുക തന്നെ എന്ന് രാജഗോപാല്‍ തീരുമാനിച്ചു.

അഞ്ചുമിനിട്ടോളം വേണ്ടിവന്നു സിംഗ് വാതില്‍ തുറക്കാന്‍. കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാളും തന്ത്രത്തില്‍ ഒഴിഞ്ഞു. വണ്ടിക്ക് സ്റ്റാര്‍ട്ടിംഗ് ട്രബിളാണ്. ബാറ്ററി വളരെ വീക്ക്. ചൗധരിയുടെ വണ്ടിയുണ്ട്, അതെടുക്കാം എന്ന് രാജഗോപാല്‍ പറഞ്ഞുനോക്കി. എനിക്ക് മറ്റ് വണ്ടികള്‍ ഓടിച്ചു ശീലമില്ല എന്നു പറഞ്ഞ് സിംഗ് വാതിലടച്ചു.

വണ്ടി ഓടിക്കാന്‍ പഠിക്കാതിരുന്നതില്‍ സ്വയം ശപിച്ചുകൊണ്ട് രാജഗോപാല്‍ താഴേക്കിറങ്ങി.

മനുഷ്യത്വത്തിന്റെ മതിലുകള്‍ ഇടിച്ച് സാമ്പത്തികവല്‍ക്കരിക്കപ്പെട്ട മഹത്തായ ഇന്ത്യയില്‍ ഇനി ടാക്‌സിതന്നെ മാര്‍ഗ്ഗം എന്ന് രാജഗോപാല്‍ മനസിലാക്കി. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടാക്‌സി സ്റ്റാന്റുകള്‍ ഈ മഹാനഗരത്തിലെ രോഗികള്‍ക്ക് ഭാഗ്യദേവതയാകുന്നു എന്ന ബോധം രാജഗോപാലിന് അപ്പോഴാണുണ്ടായത്. തണുപ്പില്‍ കൂട്ടിയിടിക്കുന്ന പല്ലുകള്‍ക്കിടയില്‍ സിഗരറ്റ് തിരുകി കൊളുത്തി ടാക്‌സി സ്റ്റാന്‍ഡിലെത്തി പഹ്വായുടെ അസിസ്റ്റന്റുമാരില്‍ ഒരാളെ വിളിച്ചുണര്‍ത്തി.

മനുഷ്യപ്പറ്റുള്ളവരാ പാവങ്ങള്‍ എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു. ഇത്തരം വിളംബരങ്ങള്‍ക്ക് പറ്റിയ ഇടമല്ലാത്തതിനാല്‍ വന്ന വാക്കുകള്‍ പുറത്തുകളയാതെ ടാക്‌സിയില്‍ കയറിയിരുന്നു. അതിവേഗം ഓടിച്ചെത്തിയ വണ്ടിയില്‍ ദേവദത്തനെ കയറ്റി. ഫ്‌ളാറ്റില്‍ ഉറങ്ങുന്ന സുഖജീവികളോട് അസൂയപ്പെട്ടും ദുഷ്ടന്മാരോട് തോന്നിയ കോപം അടക്കിയും വണ്ടിയില്‍ കയറവെ മിസിസ് ദേവദത്തന്റെ തേങ്ങല്‍ രാത്രിയുടെ നിശബ്ദതയെ ഞെട്ടിച്ചു.

സമയബോധമില്ലാത്തൊരു തെമ്മാടിയാണ് മരണം എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ നിമിത്തങ്ങള്‍ അപശകുനമായാലൊ ? നന്നായി ഓടിയെത്തിയ വണ്ടിയാണ്, പെട്ടെന്നാണ് തകരാരിലായത്. പയ്യന്‍ പണികളെല്ലാം പയറ്റി പരാജിതനായി, വണ്ടി നീങ്ങുന്നില്ല.

ദേവദത്തന്റെ കൈകളില്‍ തണുപ്പുബാധിച്ചുവൊ എന്നൊരു സംശയം. ' എടേ, നീ പോയി വേഗം മറ്റൊരെണ്ണം പിടിച്ചോണ്ടു വാ ', തലേക്കെട്ടുകാരന്‍ പയ്യന്‍ ഇറങ്ങിയോടി. അരണ്ട വെളിച്ചത്തില്‍ ദേവദത്തന്റെ കണ്ണുകളിലേക്ക് നോക്കാന്‍ ഭയം തോന്നി. അവ ചലിക്കുന്നില്ല. എവിടെയോ തറച്ചുനില്‍ക്കുന്ന നോട്ടം. കൈയ്യിലെ ധമനിയില്‍ രക്തം ഓടുന്നുണ്ടോ എന്നു സംശയം.

' അങ്കിള്‍, പപ്പാ- പപ്പേടെ കണ്ണുകള്‍ അനങ്ങുന്നില്ല അങ്കിള്‍' രജിതയും അത് കണ്ടെത്തിയിരിക്കുന്നു. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ രാജഗോപാല്‍ കുഴങ്ങി.

അടുത്ത വണ്ടിയെത്തി. പയ്യന്‍മാരുടെ സഹായത്തോടെ ദേവദത്തനെ , ശവം എന്നു പറയാമൊ എന്നറിയില്ല; ശവമായി കഴിഞ്ഞാല്‍ പിന്നെ ദേവദത്തനും രാജഗോപലനും തമ്മിലെന്തു ഭേദം. ശരീരം എടുത്ത് വണ്ടിയില്‍ കയറ്റി. കൈകാലുകള്‍ മടങ്ങാന്‍ മടിച്ചുനില്‍ക്കുന്നു. വണ്ടി വെല്ലിംഗ്ടണ്‍ ആസ്പത്രിയിലെ എമര്‍ജന്‍സിക്കു മുന്നില്‍ ബ്രേക്കിട്ടു നിന്നു. സ്ട്രച്ചറില്‍ കയറ്റി ഡോക്ടര്‍ക്കു മുന്നില്‍ എത്തിച്ചപ്പോഴെ രാത്രി ഡ്യൂട്ടിക്കാരുടെ കണ്ണുകളില്‍ സംശയത്തിന്റെ നിഴല്‍ തെളിഞ്ഞു. എങ്കിലും ഒരു ശ്രമമെന്ന നിലിയില്‍ അകത്തെ മുറിയില്‍ കൊണ്ടുപോയി നെഞ്ചില്‍ മര്‍ദ്ദിക്കുകയും കൃത്രിമ ശ്വാസോഛ്വാസം നല്‍കാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്തു. പാഴ്വേലകള്‍.

രോഗിയെ--അല്ല, ശവത്തെ ചുമന്നെത്തിയവരെ ആശ്വസിപ്പിക്കാന്‍ -.

മരണം നടന്നിട്ട് അരമണിക്കൂറായെന്ന് കൃത്യമായിത്തന്നെ അവര്‍ പറഞ്ഞു.ആദ്യ വണ്ടി ചലനമറ്റ അതേ നിമിഷം.

അമ്മയുടെയും മകളുടെയും ഉയര്‍ന്നുപൊങ്ങിയ കരച്ചില്‍ കേട്ട് കരിമ്പടത്തിനുള്ളില്‍ നിന്നും പലരും തലപൊക്കിനോക്കി. ഒരു പതിവ് സംഭവത്തിന് സാക്ഷിയായെന്ന് ബോദ്ധ്യപ്പെടുത്തി അവര്‍ വീണ്ടും കരിമ്പടത്തിലേക്ക് കയറി. ഡോക്ടര്‍മാര്‍ മറ്റ് രോഗികളെ ശ്രദ്ധിക്കാനും തുടങ്ങി.

പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കേണ്ടി വന്നു.ശവവും കയറ്റി മടങ്ങിയെത്തിയപ്പോള്‍ അഞ്ചുമണിയായി. സിംഗും ചൗധരിയും മറ്റനേകം പേരും ഇപ്പോഴും ഉറക്കത്തിലാണ്. ഇവര്‍ക്കൊക്കെ ഉണര്‍ന്നേ പറ്റൂ, ദേവദത്തനൊഴികെ.അയാള്‍ക്ക് പുതുവഷാശംസകള്‍ ചൊരിയേണ്ട. കാപട്യം നിറഞ്ഞ ചിരി നല്‍കേണ്ട. കൈപിടിച്ചു കുലുക്കേണ്ട. സിംഗും ചൗധരിയും രാജഗോപാലനും ഇനിയും എന്തെല്ലാം അനുഭവിക്കാനിരിക്കുന്നു.

ശവം മുകളിലെ മുറിയിലെത്തിച്ച് പണം വാങ്ങാതെ പയ്യന്മാര്‍ സ്ഥലം വിട്ടു. രഞ്ജന കൂടി കരച്ചിലില്‍ ചേര്‍ന്നതോടെ ഫ്‌ളാറ്റില്‍ പലയിടത്തും വെളിച്ചം പരന്നു. രാജലക്ഷ്മിയും മോളും വന്ന് കൂട്ടുചേര്‍ന്നു. പലരും വന്നു നോക്കി ഒറ്റവാക്കില്‍ സങ്കടം പറഞ്ഞ് മുറികളിലേക്ക് മടങ്ങി.

തികച്ചും സാധാരണമായ മറ്റൊരു പകലിന്റെ തുടക്കം. ചൗധരി പതിവുസമയത്തെ വീടുവിട്ടു പോയുള്ളു. സിംഗിന്റെ വണ്ടി യാതൊരു കുഴപ്പവുമില്ലാതെ ഓടിത്തുടങ്ങുന്നതും രാജഗോപാല്‍ കണ്ടു. തലേദിവസം കഴിച്ച് ബാക്കിയായ മദ്യം സോഡചേര്‍ത്ത് അകത്താക്കി രാജഗോപാല്‍ അസ്വസ്ഥനായി മുറിയില്‍ നടന്നു.

പുതുവര്‍ഷത്തിലെ ആദ്യനാളാണ്. ഓഫീസിലെത്തി നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്താ വേണ്ടത് ? ഒന്നു പോയിട്ട് മടങ്ങി വരണോ അതോ അവധിക്കപേക്ഷിക്കണോ ?

രാജഗോപാലിനാണിത് സംഭവിച്ചതെങ്കില്‍ ദേവദത്തന്‍ എന്തു ചെയ്യുമായിരുന്നു. ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല. മോള്‍ സ്‌കൂളില്‍ പൊയ്ക്കഴിഞ്ഞു. രാജലക്ഷ്മിയും അടുക്കളജോലിയില്‍ വ്യാപൃതയായി. മിസിസ് ദേവദത്തന്റെയും കുട്ടികളുടെയും മനോനില ഇപ്പോള്‍ എന്താവും. അതുകൂടി കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഈ കഥ പൂര്‍ത്തിയാക്കാമായിരുന്നു.

ഒരു കഥ ഇങ്ങിനെ അവസാനിപ്പിക്കുന്നതിലും വലിയ തെറ്റില്ലെന്നു കരുതാം.

രാജഗോപാല്‍ ഒരു സിഗററ്റിനു കൂടി തീ കൊളുത്തി, പുറത്തേക്ക് നോക്കി. പഹ്വയുടെ അസിസറ്റന്റുമാര്‍ ചത്തുകിടക്കുന്ന വണ്ടി പണിയുന്നതും നോക്കി അയാള്‍ നിന്നു.