Thursday 30 April 2020

Short story -- Voluntary retirement



 ചെറുകഥ

വോളണ്ടറി റിട്ടയര്‍മെന്റ്
            - വി.ആര്‍.അജിത് കുമാര്‍

ഗീതമ്മ ഒരു കത്തുകൊണ്ടുവന്നു നല്‍കിയപ്പോള്‍ ശേഖരന്‍ ഒട്ടൊരു ഹാസ്യത്തോടും ഒപ്പം ഉദാസീനമായും അത് വാങ്ങി. ഏതായാലും പ്രണയലേഖനമൊന്നുമല്ലെന്നുറപ്പ്. ചെറുപ്പകാലത്തുപോലും ഒരു കത്തെഴുതി തന്നിട്ടില്ലാത്ത ഗീതമ്മ അന്‍പത് കടന്ന ശേഷം അത്തരമൊരു സാഹസം കാട്ടുമെന്നു ചിന്തിക്കുന്നതേ അപകടം. കത്തില്‍ ഇത്രമാത്രമെ എഴുതിയിട്ടുള്ളു. ഒരു വീട്ടമ്മ എന്ന നിലയിലുള്ള എന്റെ സേവനം അവസാനിപ്പിക്കുകയാണ്.പെന്‍ഷന്‍, ഗ്രാറ്റുവിറ്റി,പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കണക്കാക്കി എത്രയും വേഗം അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇതല്ലാതെ മറ്റൊന്നും അതില്‍ രേഖപ്പെടുത്തിയില്ല. ഒപ്പിട്ടിട്ടുണ്ട്.  അയാള്‍ കുറച്ചുനേരം കത്തും പിടിച്ചിരുന്നു. ശരിക്കും ഇപ്പോള്‍ കിട്ടിയ ചായ വീട്ടമ്മ എന്ന നിലയില്‍ അവളുണ്ടാക്കുന്ന അവസാനത്തെ ചായയാണോ? ശ്ശെ -ആയിരിക്കില്ല, ശേഖരന്‍ ആത്മഗതം ചെയ്തു.

   കുറച്ചു ദിവസമായി തൊട്ടും തൊടാതെയും ഗീതമ്മ പലതും പറയുന്നുണ്ടായിരുന്നു.ഒരംഗീകാരവും ഇല്ലാത്ത പണിയാണ് വീട്ടമ്മയുടേത്. മാന്യമായ ശമ്പളമില്ല. ആഹാരവും താമസവും വസ്ത്രവും മാത്രം ലഭിക്കുന്ന അടിമപ്പണി. മറ്റേതൊരു ജോലിയിലും ഇടയ്‌ക്കൊരു സ്ഥലം മാറ്റം ,പ്രൊമോഷന്‍ ഒക്കെയുണ്ടാകും. വീട്ടമ്മയ്ക്ക് മാത്രം ലോവര്‍ ഡിവിഷനും അപ്പര്‍ ഡിവിഷനും സെലക്ഷന്‍ ഗ്രേഡുമില്ല. സൂപ്പര്‍വൈസറി തസ്തികയുമില്ല. ഈ പണി ഇഷ്ടപ്പെട്ടു ചെയ്യുന്നവരുണ്ട്. അമേരിക്കയിലെ ഒക്കെപോലെ അവര്‍ അവശരാകുമ്പോഴാണ് അവരുടെ റിട്ടയര്‍മെന്റും. തറ തുടയ്ക്കുന്നതിനിടയിലാണ് ഗീതമ്മയുടെ കലമ്പല്‍. ശേഖരന്‍ പത്രം നിവര്‍ത്തിപ്പിടിച്ച് വായിക്കുന്ന മട്ടിലിരുന്നു.

  സംഭാഷണത്തിന്റെ തുടര്‍ച്ചയുണ്ടാകുന്നത് തുണി കഴുകുമ്പോഴാണ്. പണ്ടൊക്കെയാണെങ്കില്‍ മരുമക്കള്‍ വരുമ്പോള്‍ അമ്മാവിയമ്മമാര്‍ക്ക് സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം കിട്ടുമായിരുന്നു. ഇപ്പൊ എല്ലാവരും തൊഴിലെടുക്കുന്നവരായി. അവരുടെ തുണികൂടി കഴുകിക്കൊടുത്താല്‍ നന്നായി എന്നതാണ് നിലപാട്. ഇനി എനിക്കിത് വയ്യ. ഞാന്‍ വിആര്‍എസ് എടുക്കുകയാണ്. ങും, എടുക്കും, എടുക്കും എന്ന മട്ടില്‍ ഒന്നു തലയാട്ടിയതെയുള്ളു ശേഖരന്‍. പക്ഷെ ഇതിപ്പൊ കളി കാര്യമായിരിക്കയാണ്. പകരം വയ്ക്കാന്‍ ആളെ കിട്ടാത്ത ഏര്‍പ്പാടാണ്. തെങ്ങില്‍ കയറാനും പുറം പണിക്കുമെല്ലാം അതിഥിത്തൊഴിലാളിയെ കിട്ടും. വീട്ടുജോലിക്ക് , പ്രത്യേകിച്ചും ഭക്ഷണമുണ്ടാക്കാന്‍ ആളിനെ കിട്ടുക എളുപ്പമല്ല. മാത്രമല്ല ഒരാളിനെ വയ്ക്കാമെന്നുവച്ചാല്‍ ദിവസക്കൂലി കുറഞ്ഞത് ആയിരം രൂപയെങ്കിലും കൊടുക്കേണ്ടിവരും. ശേഖരന്റെ പെന്‍ഷന്‍ തുക തന്നെ അതിലും കുറവാണ്.

  അനുരഞ്ജനമല്ലാതെ വഴിയില്ല. ശേഖരന്‍ വലിയൊരു ഷീറ്റ് പേപ്പറെടുത്ത് വീട്ടമ്മയെ പ്രകീര്‍ത്തിക്കുന്ന ലേഖനമെഴുതാന്‍ തുടങ്ങി. രാജി പിന്‍വലിച്ചില്ലെങ്കിലോ എന്ന ഭയം കാരണം പേനത്തുമ്പില്‍ വാക്കുകളും വരുന്നില്ല. സമാനഹൃദയര്‍ സഹായിക്കണം എന്നൊരു ഫേയ്‌സ് ബുക്ക് പോസ്റ്റും വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുമിട്ട് ശേഖരന്‍ പേനയും പിടിച്ച് ഇരിപ്പായി. ഗീത ഈ സമയം എവിടെയോ പോകാന്‍ ഒരുങ്ങുകയായിരുന്നു. മൊബൈല്‍ ബല്ലടിച്ചു. ശേഖരന്‍ പാളിനോക്കി.ഗീതമ്മയുടെ  കൂട്ടുകാരി റജീനയാണ്. ഗീതമ്മ ഫോണെടുത്തു, നീ  പേപ്പര്‍ കൊടുത്തോ?  കൊടുത്തു എന്നാവണം അപ്പുറത്തു നിന്നുള്ള മറുപടി. നന്നായി, അപ്പൊ  വേഗം ഇറങ്ങിക്കോ, നമുക്ക് ബ്യൂട്ടി പാര്‍ലറില്‍ വച്ചു കാണാം എന്നു പറഞ്ഞ് ബാഗുമെടുത്ത്, സ്വാതന്ത്ര്യം പ്രഖ്യാപിച്ച മട്ടില്‍ ഗീതമ്മ ഇറങ്ങി നടന്നു. ശേഖരന്‍ ജനാലയിലൂടെ ആ കാഴ്ച നോക്കിനിന്നു.

Monday 27 April 2020

mini story -- Survival


 മിനിക്കഥ
                                       അതിജീവനം

                                                         -വി.ആര്‍.അജിത് കുമാര്‍

                    ചെറിയാച്ചന് അതിജീവനത്തിനുള്ള കഴിവ് വളരെ കൂടുതലാണ്. ജോലിയിലായാലും ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലായാലും അതിജീവനം കൃത്യമയി നടന്നിരുന്നു. അസുഖങ്ങളില്‍ നിന്നും പരീക്ഷകളുടെ കാഠിന്യങ്ങളില്‍ നിന്നും പ്രണയത്തിന്റെ കുരുക്കുകളില്‍ നിന്നുമെല്ലാം അതിജീവിച്ചയാളാണ് ചെറിയാച്ചന്‍. ഭാര്യയുടെ വലക്കണ്ണികളില്‍ കുരുങ്ങാതെയാണ് ഈ അറുപതിലും ജീവിതം മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഭാവിയില്‍ വരാന്‍പോകുന്ന കുഴപ്പങ്ങളൊക്കെ ചെറിയാച്ചന്‍ മനസിലാക്കും. വുഹാനില്‍ കൊറോണ പിച്ചവച്ചപ്പൊഴെ സുഹൃത്തക്കളോടൊക്കെ ചെറിയാന്‍ പറഞ്ഞു, ഈ വരുന്നവന്‍ വെറു കുഞ്ഞനല്ല, ഇവന്‍ പലരേയും കൊണ്ടേ പോകൂ, പൊതുജീവിതം ഇവന്‍ കോഞ്ഞാട്ടയാക്കും.ചെറിയാന്റെ വാക്കുകള്‍ ആരും അത്ര കാര്യമായെടുത്തില്ല.

  വൈകിട്ട് മ്യൂസിയം ഗ്രൗണ്ടിലെ നടത്ത കഴിഞ്ഞുള്ള ചായകുടിക്കിടെ ചെറിയാന്‍ ഇതാവര്‍ത്തിച്ചു പറഞ്ഞു. ഒടുവില്‍ തമ്പി പറഞ്ഞു, ചെറിയാച്ചാ, ഒന്നു വെറുതെ ഇരുന്നേ, മനുഷ്യനെ പേടിപ്പിക്കാതെ. ചെറിയാന്‍ ഒന്നു പറഞ്ഞില്ല. നടത്തക്കിടയില്‍ ചെറിയാന്‍ സംസാരിക്കില്ല. ശ്രദ്ധ മുഴുവന്‍ മുന്നിലും എതിരെയും വരുന്ന സുന്ദരികളിലാണ്. ആര്‍ക്കും ഒരുപദ്രവവുമുണ്ടാക്കാത്ത വെറും നോട്ടം. അത് യൗവ്വനം നിലനിര്‍ത്താനുളള മരുന്നാണെന്നാണ് ചെറിയാന്റെ അഭിപ്രായം. കേരളത്തിലുള്‍പ്പെടെ കോറോണക്കാറ്റടിച്ചതോടെ തമ്പിക്കുപോലും ചെറിയാനോട് ബഹുമാനം തോന്നി. അപ്പോഴാണ് ചെറിയാന്റെ മറ്റൊരു പ്രവചനം വന്നത്. എടാ, തമ്പി, ഇത് കടുക്കും. എല്ലാം സ്തംഭിക്കും, ബാറും ബെവറേജസും അടയ്ക്കും.

  ത്തവണ എതിര്‍ത്തു പറഞ്ഞത് ഗോപനാണ്. ബെവറേജസും ലോട്ടറിയും എന്തായാലും നിര്‍ത്തിവയ്ക്കില്ല. പിന്നെ സര്‍ക്കാരെങ്ങിനെ മുന്നോട്ടുപോകും, നിങ്ങളോരോ പ്രാന്ത് വിളിച്ചു പറയല്ലെ ചെറിയാച്ചാ. ചെറിയാച്ചന്‍ തന്റെ താടി ഉഴിഞ്ഞതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഒടുവില്‍ കാര്യങ്ങളൊക്കെ കൈവിട്ടുപോയി. ചെറിയാന്‍ പറഞ്ഞപോലെയായി കാര്യങ്ങള്‍. വൈകിട്ട് മ്യൂസിയം ഗ്രൗണ്ടില്‍ പോയിട്ട് മര്യാദയ്ക്ക് കുഞ്ഞോനാച്ചന്റെ ചായപ്പീടിക വരെപോലും പോകാന്‍ കഴിയാതായി. ചെറിയാച്ചന്‍ മദ്യപന്മാരായ സുഹൃത്തുക്കളുടെ വിളികള്‍ എടുക്കാതായി.വിളിക്കുന്നവന്റെ ഉദ്ദേശം ചെറിയാന് നന്നായറിയാം. മറ്റുള്ളവരുമായി  അല്‍പ്പം സ്വറ പറയും , അത്രതന്നെ
 
 അതിജീവനത്തിന്റെ ഉസ്താദായ ചെറിയാന്‍ കാര്യങ്ങളൊക്കെ ഒന്നു ചിട്ടപ്പെടുത്തി. രാവിലെ എഴുന്നേറ്റ്  പ്രാഥമിക ജോലികള്‍ കഴിഞ്ഞാല്‍ ഒന്നര മണിക്കൂര്‍ യോഗ. പിന്നെ പത്രം വായന. അത് കഴിയുന്നതോടെ ആമസോണിലോ നെറ്റ്ഫ്‌ളിക്‌സിലോ ഒരു സിനിമ.ഇത് ഇടയ്ക്കിടെ കണ്ടും സോഷ്യല്‍ മീഡിയയില്‍ കണ്ണോടിച്ചും രണ്ടു മണിയാക്കും. പിന്നെ ഭക്ഷണം, ചെറിയൊരു മയക്കം. അത് കഴിയുമ്പോഴേക്കും മുഖ്യമന്ത്രിയുടെ പത്രസമ്മേളനമായി. തുടര്‍ന്ന് അല്‍പ്പസമയം വാര്‍ത്ത കേള്‍ക്കും. പിന്നീട് ഇറങ്ങി പോലീസിനെ വെട്ടിച്ച് ഇടറോഡുകളിലൂടെ ഒരു മണിക്കൂര്‍ നടത്തം. മ്യൂസിയത്തില്‍ കിട്ടുന്ന മാനസികസുഖമില്ലെങ്കിലും ആരോഗ്യത്തിന് ഇതാവശ്യമാണ് എന്നുതന്നെയാണ് ചെറിയാച്ചന്റെ പക്ഷം. തിരികെ വന്ന് കുളി കഴിഞ്ഞാല്‍ ടിവിക്ക് മുന്നിലിരിക്കും. രണ്ടര പെഗ്ഗാണ് പതിവ്. അത് കൂടുകയുമില്ല കുറയുകയുമില്ല. ഭേദപ്പെട്ട ഒരത്താഴവും കഴിച്ച് സുഖമായുറങ്ങും.

  ചെറിയാച്ചന്റെ കണക്കുപ്രകാരം കൊറോണകാര്യങ്ങള്‍ അവസാനിക്കാന്‍ സമയമായി. വാങ്ങിക്കൂട്ടിയ മദ്യമൊക്കെ തീരാറായി. രണ്ടാഴ്ച കൂടി ഓടുമായിരിക്കും. അതു കഴിഞ്ഞാല്‍?  ചെറിയാച്ചന് ഇപ്പോള്‍ ഇടയ്‌ക്കൊക്കെ ഉറക്കം ഞെട്ടും. ട്രമ്പിനെപോലെ പിച്ചുപേയും പറയും. മുപ്പത് വര്‍ഷം വരെ പ്രായമുള്ള പെഗ്ഗ് ബോട്ടിലുകള്‍ അലമാരയില്‍ ഇരുപ്പുണ്ട്. ഏകദേശം ഇരുനൂറോളം വരുന്ന കുപ്പികള്‍.ചിലര്‍ പേനകള്‍,വാച്ചുകള്‍,പെയിന്റിംഗുകള്‍ ഒക്കെ സൂക്ഷിക്കുംപോലെയാണ് ചെറിയാച്ചന്‍ ഈ കുപ്പികള്‍ സൂക്ഷിക്കുന്നത്. ഓരോ കുപ്പിയും ഓരോ ഓര്‍മ്മകളാണ്. വിവിധ രാജ്യങ്ങള്‍,വിവിധ പ്രണയങ്ങള്‍ അങ്ങിനെ അങ്ങിനെ. ഒഴിയുന്ന കുപ്പികളിലേക്കും ഷോകേസിലെ കുഞ്ഞന്‍ ബോട്ടിലുകളിലേക്കും നോക്കിയിരിക്കെ ചെറിയാന്‍ ആത്മഗതം ചെയ്യും, കര്‍ത്താവ് ഒരു വഴി കാണിക്കാതിരിക്കില്ല. ബിവറേജ് തുറക്കുമായിരിക്കും, ഇല്ലെങ്കില്‍ തനിക്ക് പ്രിയപ്പെട്ട ഈ കുപ്പികള്‍ തുറക്കേണ്ടി വന്നേക്കാം.അതിജീവനത്തിന്റെ കണക്കുകള്‍ ജീവിതത്തിലാദ്യമായി തെറ്റും, അതുണ്ടാവുമോ? ചെറിയാന്‍ ആകാംഷയിലാണ്. 

Wednesday 22 April 2020

mini story - major covid


 
മിനിക്കഥ


                                                            മേജര്‍ കോവിഡ്

                                                                                         -വി.ആര്‍.അജിത് കുമാര്‍

 മേജര്‍ രവീന്ദ്രന്‍ പട്ടാളത്തില്‍ പുലിയായിരുന്നു,വെറും പുലിയല്ല പുപ്പുലി. പക്ഷെ വീട്ടില്‍ അങ്ങിനെയായിരുന്നില്ല. അനുസരണയുള്ളൊരു പൂച്ച മാത്രം. രാജേശ്വരിയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മിലട്ടറി ആശുപത്രിയിലെ നഴ്‌സായിരുന്നു സുന്ദരിയായ രാജേശ്വരി. വിവാഹം കഴിഞ്ഞതോടെ മേജര്‍ ജോലിയില്‍ കഠിന ഹൃദയനും വീട്ടില്‍ ഉരുകുന്ന മഞ്ഞുമായി മാറി. രണ്ട് പെണ്‍മക്കളായിരുന്നു അവര്‍ക്ക്. അമ്മയുടെ ശക്തമായ നിയന്ത്രണത്തില്‍ വളര്‍ന്ന കുട്ടികള്‍ വിവാഹം കഴിഞ്ഞതോടെ ഉയിരുംകൊണ്ട് രക്ഷപെട്ടു. പിന്നീടവരുടെ വരവ് വര്‍ഷത്തിലൊരിക്കല്‍ മാത്രമായി.വന്നാലും വീട്ടില്‍ തങ്ങില്ല.ഹോട്ടലില്‍ താമസിച്ച് അമ്മയെയും അച്ഛനെയും വന്നു കണ്ടുപോകും. മക്കളും കൊച്ചുമക്കളും വീട് വൃത്തികേടാക്കും എന്നായിരുന്നു രാജേശ്വരി പറയുക.

   മേജര്‍ക്ക് പക്ഷെ പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ പല്ലുപോയൊരു സിംഹത്തെപോലെ അവിടെ കഴിഞ്ഞുകൂടുകയായിരുന്നു. പഴയ കാല റൊമാന്‍സുമായൊക്കെ ചെന്നാല്‍ രാജേശ്വരി കണ്ണുരുട്ടും. അതുകൊണ്ടുതന്നെ ജീവിതക്രമം താഴെ പറയും പ്രകാരമായിരുന്നു. രാവിലെ ഉണര്‍ന്നാല്‍ ഒരു മണിക്കൂര്‍ നടത്തം. തിരികെ വന്ന് കുളി കഴിഞ്ഞ് പ്രഭാതഭക്ഷണം കഴിച്ചാലുടന്‍ ഇറങ്ങും. ലൈബ്രറിയിലേക്കാണ് യാത്ര.ഉച്ചഭക്ഷണം അവിടത്തെ കാന്റീനില്‍ തന്നെ. വൈകിട്ട് എട്ടുമണിയ്ക്ക് ലൈബ്രറി അടയ്ക്കുമ്പോള്‍ ഇറങ്ങും. വീട്ടിലെത്തുമ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ ചില കുറ്റങ്ങളും കുറവുകളുമൊക്കെ രാജേശ്വരി പറയും. ഒന്നിനും മറുപടി പറയാതെ കുളി കഴിഞ്ഞുവന്ന് രണ്ട് പെഗ്ഗ് സേവിക്കും. ഭക്ഷണം കഴിക്കും. തന്റെ മുറിയില്‍ തനിക്കു മാത്രമായി സെറ്റു ചെയ്തിട്ടുളള ടിവിയില്‍ ബിബിസി വാര്‍ത്ത കേള്‍ക്കും. പത്തു മണിയോടെ ഉറക്കം പിടിക്കും.

 വളരെ മനോഹരമായി ജീവിതം ഇത്തരത്തില്‍ നീങ്ങവെയാണ് ഇത്തിരി കുഞ്ഞന്‍ ചൈനീസ് കൊറോണ ആടിത്തുള്ളാന്‍ തുടങ്ങിയത്. അതൊരു പ്രചണ്ഡതാളമായി കേരളത്തിലെത്തിയപ്പോഴും മേജര്‍ പതിവ് നടത്തം മുടക്കിയില്ല. പക്ഷെ ലൈബ്രറി അടഞ്ഞുകിടന്നത് വലിയ ക്ഷീണമായി. നടത്ത കഴിഞ്ഞുവന്ന് വീട്ടിലെ സ്വന്തം മുറിയില്‍ ഒതുങ്ങിക്കൂടും. എങ്കിലും ഇടയ്‌ക്കൊക്കെ രാജേശ്വരിയെ കാണേണ്ടി വരുന്നതും ഉച്ചഭക്ഷണവുമൊക്കെ രണ്ടു കൂട്ടര്‍ക്കും ബുദ്ധിമുട്ടായിരുന്നു. സഹിച്ചല്ലെ പറ്റൂ. വൈകിട്ടുള്ള സേവയായിരുന്നു ഏക ആശ്വാസം. എന്നാല്‍ ക്വാട്ട തീര്‍ന്നതോടെ ജീവിതം താളം തെറ്റാന്‍ തുടങ്ങി. രാവിലെയുളള നടത്തം കഴിയുന്നതോടെ ജീവിതം കോവിഡ് ബാധിച്ചപോലെയായി. രാവിലത്തെ നടത്തം ഡ്രോണ്‍ കണ്ടെത്തിയതോടെ അതും നിലച്ചു. ഇപ്പോള്‍ മേജര്‍ ഭക്ഷണത്തിനായി മാത്രമെ കട്ടിലില്‍ നിന്നിറങ്ങാറുള്ളു. ആരുമായും മിണ്ടാട്ടവുമില്ല, ഉരിയാടലുമില്ല. ചുരുണ്ടുകൂടി ഒരു കിടപ്പാണ്. രാജേശ്വരിക്ക് ഇതൊക്കെ ഒരു തമാശപോലെയായിരുന്നു. അവരുടെ പതിവ് ജീവിതത്തിന് കോവിഡ് ഒരു പ്രശ്‌നമെ ആയിരുന്നില്ല. അവര്‍ക്ക് സാധാരണ തോന്നാത്തൊരു വികൃതിയാണ് അപ്പോള്‍ തോന്നിയത്. വീടിന് മുന്നിലെ മേജര്‍  രവീന്ദ്രന്‍ എന്ന ബോര്‍ഡില്‍ രവീന്ദ്രന്‍ എന്നതിന് മുകളിലായി അവര്‍ ഇങ്ങിനെ എഴുതി ഒട്ടിച്ചു. കോവിഡ്. എന്നിട്ടവര്‍ വായിച്ചു. മേജര്‍ കോവിഡ്. ദൂരെ മാറി നിന്ന് അതിന്റെ ചന്തം നോക്കിയ ശേഷം അവര്‍ സ്വയം പറഞ്ഞു,  എന്താ -ല്ലെ ?

Monday 13 April 2020

Mini story- Panikkarettantae Aswasthathakal

മിനിക്കഥ
 പണിക്കരേട്ടന്റെ അസ്വസ്ഥതകള്‍

 സര്‍വ്വീസിലായിരുന്ന കാലത്ത് ഓഫീസില്‍ ആദ്യം എത്തുന്നതും ഒടുവില്‍ പോകുന്നതും പണിക്കരേട്ടനായിരുന്നു. പണിക്കരേട്ടനെപ്പോലെ വര്‍ക്കഹോളിക്കായവരെ കാണാന്‍ പ്രയാസമാ എന്ന് ജൂനിയേഴ്‌സ് പറയുമായിരുന്നു. അപ്പോള്‍ പണിക്കരേട്ടന്‍ ചുമ്മാ ചിരിക്കും.മറുപടിയുണ്ടാവില്ല. വല്ലപ്പോഴുമുള്ള സായാഹ്ന സേവയിലാണ് അദ്ദേഹം മനസുതുറക്കുക. വീട്ടിലെത്തിയാല്‍ അവള്‍ പാഴാങ്കം തുടങ്ങും. 25- 30 വര്‍ഷമായി കേള്‍ക്കുന്ന ഒരേ പല്ലവി. വാങ്ങിയ സ്ത്രീധനത്തിന്റെ കണക്കുമുതല്‍ ഇന്നലെ നടന്നുതുവരെയുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള അസ്വസ്ഥമായ ആഭ്യന്തര കലാപം. ഇതില്‍ നിന്നും പരമാവധി സമയം മാറിനില്‍ക്കുന്നതിനാണ് വര്‍ക്കഹോളിക് എന്നു പറയുന്നത്. മൂന്നാം പെഗ്ഗില്‍ കയ്‌പേറിയ ദാമ്പത്യ കഥകള്‍ പറയാന്‍ തുടങ്ങും പണിക്കര്‍.

 പെന്‍ഷനായതോടെ സംഭവം കുറേക്കൂടി വഷളായി. എവിടെപോകും. അരമണിക്കൂര്‍ കൂടുമ്പോള്‍ പുക വലിക്കാനോ ചായ കുടിക്കാനോ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനോ ഒക്കെയായി ഇറങ്ങും. വൈകിട്ട് സമാന ഹൃദയരുമായി ഒത്തുകൂടി സൊറ പറയും. സീരിയലുകളും മറ്റ് തരികിടകളും തുടങ്ങുന്നതോടെ വൈകുന്നേരം ഉപദ്രവമില്ലാതെ കഴിഞ്ഞുപോകും. ഇങ്ങിനെ പോകുമ്പോഴാണ് ഇടിത്തീപോലെ ലോകത്തെ പിടിച്ചു കുലുക്കി കൊറോണ എന്ന കുഞ്ഞുവില്ലന്‍ വന്നത്. കേരളം ലോക്ഡൗണിലായതോടെ പണിക്കരുചേട്ടനും ജയിലിലടച്ച മാതിരിയായി. ജയിലാണെങ്കില്‍ വേണ്ടില്ലായിരുന്നു, തൊട്ടതിനെല്ലാം കുറ്റം പറയുന്ന ഭാര്യക്കൊപ്പം പീഢിതജീവിതമായതോടെ പണിക്കര്‍ എന്തും വരട്ടെ എന്നു കരുതി ഇറങ്ങി നടക്കാന്‍ തുടങ്ങി.

  ഭാര്യയുടെ തെറിവാക്കുകള്‍ക്ക് മൂര്‍ച്ച കൂടി. നിങ്ങള്‍ക്ക് മാത്രം വരുന്ന രോഗമാണെങ്കില്‍ വേണ്ടില്ലായിരുന്നു. ഇതിപ്പൊ വീട്ടിലെല്ലാവര്‍ക്കും പകരുകയുമില്ലെ. അതല്ലെ കഷ്ടം. പോരാത്തിന് 60 കഴിഞ്ഞവരാണ് സൂക്ഷിക്കേണ്ടതെന്ന് സര്‍ക്കാര്‍ പ്രത്യേകം പറയുന്നുമുണ്ട്. ദൈവമെ, ഈ മനുഷ്യനെ പോലീസുകാര്‍ക്കും വേണ്ടാതായോ എന്നൊക്കെ പരിതപിച്ചു. എന്നിട്ടും പണിക്കര്‍ക്കൊരു കൂസലുമില്ല. അയാള്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും പുറത്തുപോവുക പതിവാക്കി. ചായയും സിഗററ്റുമൊന്നും കിട്ടില്ലെങ്കിലും സ്വസ്ഥത കിട്ടുമല്ലൊ എന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് ഫോണില്‍ പറയുക.

 ഒരു ദിവസം പണിക്കര്‍ തിരികെ വന്നപ്പോള്‍ ഭാര്യ പഴയൊരു ഫയലെടുത്ത് പരിശോധിക്കുകയായിരുന്നു. ' നീ എന്തിനാ ഈ ഫയലെടുത്തെ? ' , പണിക്കര്‍ ചോദിച്ചു.

 'പെന്‍ഷന്‍ അനുവദിച്ച പേപ്പര്‍ നോക്കുകയായിരുന്നു', അവര്‍ പറഞ്ഞു.

' അതെന്തിനാ?' ,പണിക്കര്‍ ചോദിച്ചു.

' ഫാമിലി പെന്‍ഷന്‍ എത്ര കിട്ടുമെന്നു നോക്കിയതാ. ഏതായാലും നിങ്ങടെ കാര്യം ലോക്ക്ഡൗണില്‍ തീരുമാനമാകുമല്ലൊ ' , അവര്‍ പറഞ്ഞു

പണിക്കര്‍ മറുപടി ഒന്നും പറയാതെ മുറിയില്‍ കയറി കതകടച്ചു.

Sunday 12 April 2020

Mini story- Ettavum marakamaya aayudham



മിനിക്കഥ

ഏറ്റവും മാരകമായ ആയുധം
ഗുരുവും ശിഷ്യന്മാരും സംവാദത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നു. അന്നത്തെ വിഷയം ആയുധമായിരുന്നു. ഗുരു ശിഷ്യന്മാരോട് ചോദിച്ചു. ഭൂമിയില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ആയുധങ്ങളില്‍ ഏറ്റവും ശക്തവും മാരകവുമായ ആയുധം ഏതാണ്?

 ഭൂരിപക്ഷംപേരും പറഞ്ഞത് ന്യൂക്ലിയര്‍ ബോംബ് എന്നായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഏറ്റവും പ്രകൃതമായ ഇരുമ്പായുധങ്ങള്‍ മുതല്‍ രാസായുധങ്ങളും ജൈവായുധങ്ങളും വരെ.

  എല്ലാം കേട്ടശേഷം ഗുരു ഒന്നു മന്ദഹസിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു. നിങ്ങളുടെ സാമര്‍ത്ഥ്യത്തെ ഞാന്‍ അംഗീകരിക്കുന്നു, നിരീക്ഷണത്തെയും. ഒരു സമൂഹം ഒറ്റയടിക്കില്ലാതാകുന്ന, വരും തലമുറകളിലേക്കുപോലും വ്യാപിക്കുന്ന ഭീകരായുധം ന്യക്ലിയര്‍ ബോംബും ഹൈഡ്രജന്‍ ബോംബുമൊക്കെത്തന്നെയാവാം. എന്നാല്‍ ഒരു വ്യക്തിയെ സംബ്ബന്ധിച്ചിടത്തോളം ഏറ്റവും ഭീകരമായ ആയുധം നാവ് തന്നെയാണ്.

  ശിഷ്യന്മാര്‍ ഗുരുവിനെ അത്ഭുതത്തോടെ നോക്കി. അദ്ദേഹം തുടര്‍ന്നു, നാവില്‍ നിന്നും വീഴുന്ന മോശമായ വാക്കുകള്‍ പലപ്പോഴും അതേല്‍ക്കുന്ന വ്യക്തിയുടെ ജീവിതാവസാനം വരെ അയാളെ അസ്വസ്ഥനാക്കി പിന്‍തുടരും. അതൊരു നീണ്ടവേട്ടയാടലാണ്. അവനെ സാവധാനം മരണത്തിലേക്ക് നടത്തുന്ന ഒന്ന്. രണ്ടാമത്തെ ആയുധം അക്ഷരമാണ്. ഒരാളിനെ മോശക്കാരനാക്കിയും ആക്ഷേപിച്ചും എഴുതപ്പെടുന്ന വാക്കുകള്‍ അയാളെ നിരന്തരം വേദനിപ്പിക്കും. നാവില്‍ നിന്നുതിരുന്ന വാക്കിന്റ അത്ര വേദന അതിനുണ്ടാവില്ല. മനുഷ്യനെ ഒറ്റയടിക്ക് മരണത്തിലേക്ക് തള്ളിവിടുന്ന ഏതായുധവും ഭീകരമല്ല. അത്തരത്തില്‍ നോക്കുമ്പോള്‍ ആണവായുധമാണ് തമ്മില്‍ ഭേദം. ഒന്നും അറിയാതെ ഒറ്റ നിമിഷം കൊണ്ട് ജീവിതം ഇല്ലാതെയാകും. മറ്റുള്ള എല്ലാ ആയുധങ്ങളേയും  നാവിനും അണുവിനും ഇടയിലായി യുക്തിപൂര്‍വ്വം നിങ്ങള്‍ക്കുറപ്പിക്കാം.

  ശിഷ്യന്മാര്‍ക്ക് അന്നത്തേക്കുള്ള അത്താഴ വിഭവം നല്‍കിയ സംതൃപ്തിയോടെ ഗുരു തന്റെ മുറിയിലേക്ക് മടങ്ങി.