Wednesday 31 January 2024

Chanakyaneeti - Part 5- Wealth - Stanzas 1 to 10

 

ചാണക്യനീതി -ഭാഗം - 5 - സമ്പത്ത്- ശ്ലോകം 1 മുതല് 10 വരെ
=========================
വി.ആര്.അജിത് കുമാര്
===================
5.1
ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ഒപ്പം പണമില്ലാതെ ജീവിക്കുന്നതിലും ഭേദം കടുവയും ആനയും വിഹരിക്കുന്ന കാട്ടില് ,ഒരു മരച്ചുവട്ടില് ഇലകളും പഴങ്ങളും കഴിച്ചും വെള്ളം കുടിച്ചും മരവുരി ധരിച്ചും പുല്ലില് ഉറങ്ങിയും ജീവിക്കുന്നതാണ്.
5.2
ഈ ലോകത്ത് മനുഷ്യന്റെ യഥാര്ത്ഥ മിത്രം പണമാണ്. പണമില്ലാത്തവനെ സുഹൃത്തുക്കളും ഭാര്യയും അഭ്യുദയകാംക്ഷിളും ആശ്രിതരും ഉപേക്ഷിച്ചുപോകും. പണം തിരികെ വന്നാല് ഉപേക്ഷിച്ചവരെല്ലാം തിരികെയെത്തും.
5.3
വിഡ്ഢികൾ ആരാധിക്കപ്പെടാത്ത,ഭക്ഷ്യധാന്യങ്ങൾ ശരിയായി സംഭരിക്കപ്പെടുന്ന, ഭാര്യയും ഭർത്താവും ഏറ്റുമുട്ടാത്ത ഇടങ്ങളില് ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മി സ്വന്തം ഇഷ്ടപ്രകാരം വന്നുചേരും.
5.4
അലക്കാത്ത വസ്ത്രം ധരിക്കുന്നവനും വൃത്തികെട്ട പല്ലുകൾ ഉള്ളവനും ആർത്തിയുള്ളവനും പരുഷമായി സംസാരിക്കുന്നവനും സൂര്യോദയത്തിനു ശേഷവും ഉറങ്ങുന്നവനും ലക്ഷ്മിയുടെ പ്രീതി നഷ്ടപ്പെടും
5.5 അന്യായമായി സമ്പാദിച്ച പണം പത്തു വർഷം നിലനിൽക്കും, പതിനൊന്നാം വർഷത്തിൽ, മുതലും പലിശയും ചേര്ന്ന് അത് അപ്രത്യക്ഷമാകും
5.6
മല്ലടിച്ചോ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയോ സമ്പത്ത് ഉണ്ടാക്കരുത്
5.7
ഒരു വൈക്കോൽ ഭാരം കുറഞ്ഞതാണ്, പഞ്ഞി അതിനേക്കാൾ ഭാരം കുറഞ്ഞതാണ്. ഏറ്റവും ഭാരം കുറഞ്ഞത് യാചകനാണ്. എന്തുകൊണ്ടാണ് കാറ്റ് അവനെ പറത്തിവിടാത്തത്? കാരണം അവൻ ഭിക്ഷ ചോദിക്കുമെന്ന് കാറ്റുപോലും ഭയപ്പെടുന്നു!
5.8
മോശം കാലത്തേക്ക് ഒരാള് പണം സൂക്ഷിച്ചുവയ്ക്കണം.ധനികർക്ക് ദുരന്തമുണ്ടാകുമോ എന്ന് സംശയിക്കേണ്ടതില്ല. എന്തെന്നാൽ, ലക്ഷ്മി ചഞ്ചലയാണ്, അവൾ പുറത്തേക്ക് പോകുമ്പോൾ, കുമിഞ്ഞുകൂടിയ സമ്പത്തും ഇല്ലാതാകും!
5.9
സമ്പത്ത് ശ്രദ്ധയോടെ വിനിയോഗിക്കപ്പെടേണ്ടതാണ്. ഏക ഭര്തൃവതിയായ സ്ത്രീയെ പോലെയോ വഴിയാത്രക്കാർ പോലും ആസ്വദിക്കുന്ന തെരുവിലെ സ്ത്രീയെപ്പോലെയോ ആകാന് പാടില്ല. ഇതിനിടയിലാണ് സമ്പത്തിനുള്ള സ്ഥാനം.
(ഇവിടെയും പുരുഷകേന്ദ്രീകൃതമായ സമൂഹത്തില് സ്ത്രീയുടെ സ്ഥാനം ഉപഭോഗവസ്തുവിനെപോലെയാണ് എന്നു കാണാം. )
5.10
പണവുമായി ബന്ധപ്പെടുമ്പോള് മഹാന്മാരുടെ പ്രവൃത്തികൾ പോലും വിചിത്രമാണ്. സമ്പത്ത് ഇല്ലാത്തപ്പോള് അവർ അതിനെ വൈക്കോൽ പോലെ ഭാരം കുറഞ്ഞതായി കണക്കാക്കുന്നു, എന്നാൽ സമ്പത്ത് ലഭിച്ചു തുടങ്ങുമ്പോൾ, അവർ അതിനെ കൈവിടാതെ അതിന് മുകളിലേക്ക് വളയുന്നു!✍️

Tuesday 30 January 2024

Chanakyaneeti- Part-4 - Learning - Stanzas -11 to 21

 

ചാണക്യനീതി – ഭാഗം -4- പഠനം- ശ്ലോകം 11 മുതല് 21 വരെ
===============================
-വി.ആര്.അജിത് കുമാര്
===================
4.11
ഒരു ദൂതനും ആകാശത്ത് ചുറ്റി സഞ്ചരിക്കാനാവില്ല. അവിടെ നിന്ന് വാർത്തകൾ കൈമാറുന്നില്ല, അതിലെ നിവാസികളുടെ ശബ്ദം കേൾക്കുന്നുമില്ല, അവരുമായി ഒരു ബന്ധവുമില്ലതാനും. അതിനാൽ, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും പ്രവചിക്കാൻ കഴിയുന്ന ഒരു ബ്രാഹ്മണനെ പണ്ഡിതൻ എന്ന് വിളിക്കണം
4.12
ഒരു കോടാലി ഉപയോഗിച്ച് ഭൂഗർഭത്തിൽ നിന്ന് ശുദ്ധജലം കണ്ടെത്തുന്നതുപോലെ, ഉത്സാഹിയായ ഒരു വിദ്യാർത്ഥി തന്റെ അധ്യാപകനിൽ നിന്ന് അറിവ് നേടിയെടുക്കുന്നു.
4.13
മഹത്തായ ഗ്രന്ഥങ്ങള് എണ്ണമറ്റതാണ്, അതിലെ അറിവും സമൃദ്ധമാണ്, എന്നാല് നമുക്ക് ലഭിക്കുന്ന സമയം കുറവാണ്, ഉള്ള സമയം ഉപയോഗിക്കുന്നതിലും പല തടസ്സങ്ങളുമുണ്ട്. അതിനാൽ, പാൽ-വെള്ളം മിശ്രിതത്തിൽ നിന്ന് പാൽ മാത്രം കുടിക്കുന്ന ഹംസത്തെപോലെ നിങ്ങളും വിവേകത്തോടെ ഗ്രന്ഥങ്ങള് തിരഞ്ഞെടുക്കുക
4.14
നിങ്ങള് സിംഹത്തിൽ നിന്നും കൊക്കില് നിന്നും ഓരോന്നും, കോഴിയിൽ നിന്ന് നാലും കാക്കയിൽ നിന്ന് അഞ്ചും നായയിൽ നിന്ന് ആറും കഴുതയിൽ നിന്ന് മൂന്നും ഗുണങ്ങൾ പഠിക്കേണ്ടതുണ്ട്.
4.15
നിങ്ങള് ഏറ്റെടുക്കുന്ന ജോലി ചെറുതോ വലുതോ ആകട്ടെ, അത് പൂർണ്ണ മനസ്സോടെയും ആത്മാര്ത്ഥതയോടെയും ചെയ്യണം എന്നതാണ് സിംഹത്തിൽ നിന്ന് പഠിക്കേണ്ടത്.
4.16
ഒരു ജ്ഞാനി കൊക്കിനെപോലെ തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് സ്ഥലവും സമയവും തന്റെ കഴിവും കൃത്യമായി പരിശോധിച്ച ശേഷം വേണം ലക്ഷ്യങ്ങൾ നിറവേറ്റാന് ഇറങ്ങേണ്ടത്.
4.17
നേരത്തെ എഴുന്നേൽക്കുക, പോരിൽ ധീരമായ നിലപാട് സ്വീകരിക്കുക, ലഭിക്കുന്നതൊക്കെ ബന്ധുക്കളുമായി പങ്കുവയ്ക്കുക, കഠിനാധ്വാനത്തിലൂടെ സ്വന്തം ആഹാരം കണ്ടെത്തുക എന്നിവയാണ് പൂവന്കോഴിയിൽ നിന്ന് പഠിക്കാൻ കഴിയുന്ന കാര്യങ്ങൾ.
4.18
സ്വകാര്യമായ പ്രണയം,പേടിയില്ലായ്മ, ഉപയോഗപ്രദമായ വസ്തുക്കൾ സൂക്ഷിച്ചുവയ്ക്കല്, ജാഗ്രത , ആരെയും എളുപ്പത്തിൽ വിശ്വസിക്കാതിരിക്കല് എന്നീ അഞ്ച് ഗുണങ്ങളാണ് കാക്കയിൽ നിന്ന് പഠിക്കേണ്ടത്.
4.19
നായ ഭക്ഷണപ്രിയനാണ് എന്നാൽ കിട്ടുന്നതില് സംതൃപ്തനുമാണ്, സുഖനിദ്രയുള്ളവനാണ്, എന്നാൽ ചെറു ചലനങ്ങള് പോലും തിരിച്ചറിയുന്നവനുമാണ്.അതീവവിശ്വസ്തനും ധൈര്യശാലിയുമാണ്. ഈ ആറ് ഗുണങ്ങളാണ് നായയില് നിന്നും പഠിക്കേണ്ടത്.
4.20
കഴുത ക്ഷീണിതനായാലും ഭാരം ചുമന്ന് എത്തേണ്ടിടത്ത് എത്തുന്നു. ചൂടും തണുപ്പും അവഗണിച്ചും തന്റെ കടമ നിര്വ്വഹിക്കുന്നു. കിട്ടുന്നത് എന്താണോ അത് ഭക്ഷിക്കുന്നു. കഴുതയിൽ നിന്ന് പഠിക്കേണ്ട മൂന്ന് ഗുണങ്ങൾ ഇവയാണ്.
4.21
മേല് സൂചിപ്പിച്ച ഇരുപത് കാര്യങ്ങള് അനുഷ്ഠിക്കുന്നവന് ഏതു സാഹചര്യത്തിലും അജയ്യനായിരിക്കും✍️

Monday 29 January 2024

Chanakyaneeti - Part - 4- Learning- Stanzas 1 to 10

 

ചാണക്യനീതി –ഭാഗം -4 - പഠനം- ശ്ലോകം 1 മുതല് 10 വരെ
===============================
വി.ആര്.അജിത് കുമാര്
==================
4.1
കുട്ടികള്ക്ക് വിദ്യാഭ്യാസം കൊടുക്കാത്ത മതാപിതാക്കളാണ് അവരുടെ യഥാര്ത്ഥ ശത്രുക്കള്. വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടി അരയന്നങ്ങള്ക്കിടയില്പെട്ട കൊക്കിനെപോലെ സമൂഹത്തില് ഒറ്റപ്പെട്ടുപോകും.
4.2
സംസ്‌കൃതം എന്റെ മനസ്സിനെ ശുദ്ധീകരിച്ചിട്ടുണ്ടെങ്കിലും, മറ്റ് ഭാഷകളും പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അമൃത് കഴിച്ചതിനു ശേഷവും ദേവന്മാർ അപ്സരസുകളുടെ ചുംബനങ്ങൾക്കായി കൊതിക്കുന്നതുപോലെ.
4.3
ഒരു പണ്ഡിതൻ എല്ലായിടത്തും ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. അറിവ് എല്ലാ നേട്ടങ്ങളും ആദരവും ലഭ്യമാക്കുന്നു.
4.4
സൌന്ദര്യവും സമ്പത്തും കുലീനമായ കുടുംബപശ്ചാത്തലവുമുള്ള ഒരു മനുഷ്യന് വിദ്യാഭ്യാസമില്ലെങ്കില്, പരിമളമില്ലാത്ത ചമതപ്പൂവ് പോലെ അവന് മൂല്യം കുറഞ്ഞവനായി മാറും.
4.5
വിദ്യാഭ്യാസമില്ലാത്ത മനുഷ്യർക്ക് കുലീനമായ കുടുംബം കൊണ്ട് എന്ത് പ്രയോജനം. താഴ്ന്ന കുടുംബത്തിൽ നിന്നായാല് പോലും ഒരു പണ്ഡിതൻ ദൈവത്തിന്റെ പ്രശംസ നേടുന്നു.
4.6
ആഗ്രഹങ്ങള് സാധിച്ചു നല്കുന്ന ഒരു കാമധേനുവാണ് അറിവ്. പ്രയാസകരമായ സമയങ്ങളിൽ പോലും അറിവ് നമുക്ക് തുണയാകും. വിദേശത്തായിരിക്കുമ്പോൾ, അറിവ് ഒരമ്മയെപ്പോലെ നമ്മെ പരിപാലിക്കും. മറഞ്ഞിരിക്കുന്ന നിധി പോലെയാണ് അറിവ്.
4.7
ദരിദ്രർക്ക് ആവശ്യങ്ങളും ആഗ്രഹങ്ങളും കുറവായിരിക്കും.എന്നാല്, സമ്പന്നന്നന്റെ ആഗ്രഹങ്ങള്ക്ക് അവസാനമില്ല. ശരിയായ അറിവ് നേടാത്തവരാണ് കൂടുതല് കൂടുതല് ആഗ്രഹിക്കുന്നത്.
4.8
എത്രതന്നെ ശ്രമിച്ചാലും ഒരു തെമ്മാടിയെ നന്മയുള്ളവനാക്കി മാറ്റാന് കഴിയില്ല. പാലിലും നെയ്യിലും കുതിർത്താലും വേപ്പുമരം മധുരതരമാകില്ലല്ലോ.
4.9
ഒരു വാക്ക് മാത്രം പഠിപ്പിച്ച ഗുരുവിനെ പോലും ബഹുമാനിക്കണം. ഗുരുവിനെ ബഹുമാനിക്കാത്തവൻ നൂറു വർഷം നായയായും ഒടുവിൽ ചണ്ഡാളനായും ജനിക്കുന്നു
(ഇവിടെയാണ് ചാതുര്വര്ണ്ണ്യത്തിനും പുറത്ത് നില്ക്കുന്ന ഒരു വ്യക്തിയെ അടയാളപ്പെടുത്തുന്നത്. നായയെക്കാളും താഴെ നില്ക്കുന്നവനാണ് ചണ്ഡാളന്. ആരായിരുന്നു ചണ്ഡാളന്. ആര്യന് അധിനിവേശം സംഭവിച്ചപ്പോള് ഓടിപ്പോകേണ്ടിവന്ന ദ്രാവിഡനാണോ? ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്തവര്ക്കൊപ്പം ചേരാന് കഴിയാതെ ഒറ്റപ്പെട്ട്, കാടുകളില് അഭയം തേടിയവരാണോ? ആ ചോദ്യം ബാക്കിയാവുന്നു.)
4.10
ഗുരുവിന്റെ ഒരു വാക്ക് പോലും, ശിഷ്യനെ ഗുരുവിനൊപ്പമാക്കി മാറ്റുന്നു. ഭൂമിയിലുള്ള ഒരു സമ്പത്തുകൊണ്ടും ഗുരുവിനുള്ള കടം വീട്ടാൻ കഴിയില്ല. ✍️

Sunday 28 January 2024

Chanakyaneeti- Part-3-Worldly wisdom - Stanzas 41 to 44

 ചാണക്യനീതി - ഭാഗം- 3-ലൌകിക ജ്ഞാനം -ശ്ലോകം 41മുതൽ 44 വരെ

================

വി. ആർ. അജിത് കുമാർ

=====================

3.41 

രാജാവ് ഒരു കാര്യം ഒരു തവണ മാത്രമേ പറയൂ, പണ്ഡിതര്‍ ശിഷ്യരോട് ഒരു കാര്യം ഒരു തവണ മാത്രമേ പറയൂ, ഒരാൾ തന്‍റെ മകളെ ഒരു തവണ മാത്രമേ വിവാഹം കഴിപ്പിക്കുകയുള്ളു. ഇവ മൂന്നും ഒരിക്കൽ മാത്രമേ നടക്കുകയുള്ളു.

( ഇവിടെയും കാലഘട്ടം സ്ത്രീപക്ഷമായിരുന്നില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. എത്രമോശപ്പെട്ട ഭര്‍ത്താവാണെങ്കിലും അയാളെ പരിചരിച്ച് ജീവിക്കുവാനെ സ്ത്രീക്ക് അവകാശമുണ്ടായിരുന്നുള്ളു എന്ന് വ്യക്തം. മാത്രമല്ല, ഭര്‍ത്താവ് മരിച്ചാല്‍ പുനര്‍വിവാഹവും ഉണ്ടായിരുന്നില്ല എന്നും മനസിലാക്കണം)

3.42 

അസംതൃപ്തനായ ബ്രാഹ്മണനും  സംതൃപ്തനായ രാജാവും  വിനയമുള്ള വേശ്യയും  ധിക്കാരിയായ ഗൃഹനാഥയും വേഗത്തില്‍ നശിച്ചുപോകും.

3.43

അവസരത്തിനൊത്ത് സംസാരിക്കുന്നവനും കഴിവനുസരിച്ച് സഹായിക്കുന്നവനും അധികാരം മനസിലാക്കി കോപിക്കുന്നവനുമാണ് യഥാര്‍ത്ഥ പണ്ഡിതന്‍.

3.44

സ്വർണ്ണത്തിന് സുഗന്ധം നല്‍കാനും, കരിമ്പിന് പഴം നല്‍കാനും, ചന്ദനമരത്തിന് പൂക്കൾ നൽകാനും, പണ്ഡിതന് സമ്പത്ത് നൽകാനും, രാജാവിന് ദീർഘായുസ്സ് നൽകാനും സ്രഷ്ടാവായ ബ്രഹ്മാവിനെ  ആരും ഉപദേശിച്ചിട്ടില്ലായിരിക്കാം🙏🏿

Saturday 27 January 2024

Chanakyaneeti- Part-3-Worldly wisdom - Stanzas 31 to 40

 ചാണക്യനീതി –ഭാഗം -3 -ലൌകികജ്ഞാനം- ശ്ലോകം 31 മുതൽ 40 വരെ

====================

വി. ആർ. അജിത് കുമാർ

======================

3.31

തേന്‍ പോലെ മധുരമുള്ളവനും ഔഷധങ്ങളുടെ ദേവനുമായ ചന്ദ്രൻ, അമൃത് പോലെ അനശ്വരനും ശോഭയുള്ളവനുമാണ്. എന്നാല്‍ സൂര്യന്‍റെ സാന്നിധ്യത്തിൽ അതിന്‍റെ പ്രഭ നശിക്കുന്നു. അതുപോലെയാണ് മറ്റൊരാളുടെ വീട്ടിൽ താമസിക്കുന്നവന്‍റെയും സ്ഥിതി. അവന്‍ അപകർഷതകൊണ്ട് വിളറിപ്പോകുക സ്വാഭാവികം.

3.32 

ദാരിദ്ര്യത്തെ മനക്കരുത്തുകൊണ്ട് മറികടക്കാം. മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാം. പാകംചെയ്യാത്ത ഭക്ഷണം ചൂടാക്കി ഉപയോഗിക്കാം. വൈരൂപ്യത്തെ നല്ല സ്വഭാവം കൊണ്ട് മറികടക്കാം.

3.33 

സമ്പത്തല്ല, സദ്‌ഗുണങ്ങളാണ് എല്ലായിടത്തും അഭിനന്ദിക്കപ്പെടുക. അര്‍ദ്ധചന്ദ്രന്‍ കളങ്കമില്ലാത്തവനാണെങ്കിലും പൂർണ്ണചന്ദ്രനെയാണ് എല്ലാവരും  ആരാധിക്കുക എന്നോര്‍ക്കുക.

3.34 

ഒരു വ്യക്തിയുടെ പെരുമാറ്റം അവന്‍റെ കുടുംബമഹിമ സൂചിപ്പിക്കുന്നു. ഭാഷ അവന്‍ ജനിച്ച പ്രദേശത്തെ തിരിച്ചറിയാന്‍ ഉപകരിക്കുന്നു. ഊഷ്മളതയും വാത്സല്യവും സൗഹൃദത്തെ സൂചിപ്പിക്കുന്നു.  ശരീരഘടന പോഷണത്തെ സൂചിപ്പിക്കുന്നു.

3.35

ഭൂഗർഭജലം ശുദ്ധമാണ്, ഭർത്താവിനോട് വിശ്വസ്തയായ സ്ത്രീയും ശുദ്ധയാണ്. ഉദാരമതിയായ രാജാവും സംതൃപ്‌തനായ ബ്രാഹ്മണനും ഇത്തരത്തില്‍ ശുദ്ധതയുള്ളവരാണ്.

3.36

പഠിച്ച കാര്യങ്ങള്‍ നിലനില്‍ക്കാന്‍ പരിശീലനം അനിവാര്യമാണ്. അംഗങ്ങളുടെ നല്ല പെരുമാറ്റത്തിലൂടെ മാത്രമെ കുടുംബബന്ധങ്ങൾ നിലനില്‍ക്കുകയുള്ളു. ഒരു ആര്യന്‍ അവന്‍റെ ഉത്തമഗുണങ്ങളാല്‍ അറിയപ്പെടുന്നു. കണ്ണുകളിലാണ് കോപം പ്രതിഫലിക്കുന്നത്.

3.37

വിവേകമുള്ള  വ്യക്തി നേടിയെടുക്കുന്ന നൻമ തിളങ്ങുന്ന സ്വർണ്ണത്തിൽ പതിച്ച രത്നംപോലെ തിളക്കമേറ്റുന്നതാണ്.

3.38

ബുദ്ധിയുള്ളവൻ ശക്തിയിലും സമ്പന്നനാണെങ്കിൽ, അവനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ദുരഹങ്കാരിയെങ്കില്‍ അഹങ്കാരിയായ സിംഹത്തെ ഒരു കുറുനരി മരണത്തിലേക്ക് കൊണ്ടെത്തിച്ച പോലെയുള്ള അനുഭവമാകും ഉണ്ടാവുക.

(ഇവിടെ പഞ്ചതന്ത്രം കഥയാണ് ചാണക്യന്‍ ഉദാഹരണമാക്കുന്നത്.ആരോഗ്യം നശിച്ച സിംഹത്തിന് വേട്ടയാടാന്‍ കഴിയാതെയായി. തന്‍റെ ക്ഷേമം അന്വേഷിക്കാന്‍ ദിവസവും ഓരോ മൃഗങ്ങള്‍ തന്‍റെ ഗുഹയിലെത്തണമെന്ന് സിംഹം നിര്‍ദ്ദേശിച്ചു. മൃഗങ്ങളെത്തുമ്പോള് വാതില്ക്കല് കിടക്കുന്ന സിംഹം അകത്തുപോയി മരുന്നെടുത്ത് കൊണ്ടുവരാന്‍ മൃഗത്തോട് നിര്‍ദ്ദേശിക്കും. അത് കത്തുകയറുമ്പോള് സിംഹം പിന്നാലെ ചെന്ന് അതിനെ ഭക്ഷണമാക്കും. സിംഹത്തെ കാണാന്‍പോയ സുഹൃത്തുക്കളുടെ തിരോധാനം അറിയാനായി കുറുക്കന് എത്തി. അവനോടും മരുന്നെടുത്തുവരാൻ സിംഹം നിര്‍ദ്ദേശിച്ചു. മൃഗങ്ങളുടെ കാല്‍പ്പാടുകള്‍ അകത്തേക്ക് മാത്രമെയുള്ളു, അവരൊന്നും തിരികെ മടങ്ങിയിട്ടില്ല എന്നത് അപ്പോഴാണ് കുറുക്കന് ശ്രദ്ധിച്ചത്. അവന്‍ അത് ചോദിച്ചപ്പോള് ആ കാല്‍പ്പാടുകള്‍ താന്‍ മായ്ച്ചുകളഞ്ഞതാണെന്ന് സിംഹം കളവ് പറഞ്ഞു. രാജാവ് കള്ളം പറയുകയാണ് എന്നു മനസിലാക്കിയ കുറുക്കന് താങ്കളുടെ ചതി ഞാന് കാട്ടിലെല്ലാവരേയും അറിയിക്കും എന്നു പറഞ്ഞ് മടങ്ങി. അതിന് ശേഷം ഒരു മൃഗവും സിംഹത്തിനെ കാണാന് വന്നില്ല. അവന്‍ പട്ടിണികിടന്ന് മരിക്കുകയും ചെയ്തു.)

3.39 

ബലവാന്മാർക്ക് ഭാരമുള്ള ജോലി ഏതാണ്? വ്യാപാരിക്ക് വളരെ അകലെയുള്ള സ്ഥലം ഏതാണ്? ഏത് രാജ്യമാണ് പണ്ഡിതർക്ക് അന്യമായത്? മൃദുഭാഷികളോട് ആർക്കാണ് പരുഷമായി പെരുമാറാൻ കഴിയുക?

3.40 

അത്യാഗ്രഹത്തേക്കാൾ മോശമായ വൈകല്യം എന്താണ്? വഞ്ചനയെക്കാൾ നീചമായ പ്രവൃത്തി എന്താണ്? നിങ്ങൾ സത്യസന്ധനാണെങ്കിൽ, പുണ്യം നേടാന്‍ വ്രതമനുഷ്ഠിക്കേണ്ടതില്ല. നിങ്ങൾ നല്ല ധര്‍മ്മബോധമുള്ള വ്യക്തിയാണെങ്കിൽ, ആത്മശുദ്ധിക്കായി തീർത്ഥാടനം നടത്തേണ്ടതില്ല. നന്മ  പോലെ വിശിഷ്ടമായ ഒന്നുംതന്നെയില്ല എന്നറിയുക. നിങ്ങൾ ശ്രേഷ്ടനാണെങ്കിൽ, നിങ്ങൾക്ക് മറ്റ് അലങ്കാരങ്ങള്‍ ആവശ്യമില്ല. വിദ്യാഭ്യാസത്തേക്കാൾ മികച്ച സമ്പത്ത് എങ്ങും ലഭിക്കില്ല.  മരണത്തേക്കാൾ മോശമാണ് കുപ്രസിദ്ധി എന്നും അറിയുക.🙏🏿

Friday 26 January 2024

Chanakyaneeti- Worldly wisdom- Part -3-Stanzas -21 to 30

 ചാണക്യനീതി - ഭാഗം- 3-ലൌകിക ജ്ഞാനം -ശ്ലോകം 21മുതൽ 30 വരെ

================

വി. ആർ. അജിത് കുമാർ

=====================


3.21

ഒരേ വസ്തുവിനെ മൂന്ന് വിധത്തിൽ മനസ്സിലാക്കാം: ഒരു യോഗിക്ക് സ്ത്രീ വെറുമൊരു ശരീരം മാത്രമാണ്. എന്നാല്‍ ഒരു കാമഭ്രാന്തന് അവള്‍ കാമവസ്തുവും നായ്ക്കള്‍ക്ക് വെറും ഇരയും മാത്രമാണ്.


( ഇവിടെ സ്ത്രീ ഒരു വസ്തുവിന് തുല്യമായി കണക്കാക്കപ്പെടുന്നത് ആ കാലത്തെ പുരുഷ സമീപനത്തിന് ഉദാഹരണമായി കാണാം.)


3.22 

 മദപ്പാടുള്ള ആനയുടെ തലയിൽ നിന്ന് ഒഴുകുന്ന ദ്രാവകം തേടിയെത്തുന്ന തേനീച്ചകളെ ചെവികൊണ്ട് അടിച്ചോടിക്കാന്‍ ആന ശ്രമിക്കുമ്പോള്‍ അതിന്‍റെ നെറ്റിപ്പട്ടം താഴെവീണുപോകും. ആനയുടെ നഷ്ടത്തെ കൂസാതെ തേനീച്ച താമര നിറഞ്ഞ തടാകത്തിലേക്ക് മടങ്ങി സന്തുഷ്ടനായി തേന്‍ ഭുജിക്കും.


(ശല്യക്കാരായ ചില മനുഷ്യരും വലിയ പദവികളിലുള്ളവരെ ഇത്തരത്തില്‍ ഉപദ്രവിക്കുകയും അവര്‍ക്കുണ്ടാകുന്ന അപമാനത്തില്‍ ആനന്ദിക്കുകയും ചെയ്യാറുണ്ട് .)


3.23 

ജന്മനാ അന്ധരായവര്‍ ജീവിതത്തില്‍ ഒന്നുംതന്നെ കാണുന്നില്ല. അതുപോലെയാണ് കാമത്തിന്‍റെ പിടിയില്‍ അമരുന്നവരും.അവരുടെ മനസ് അന്ധമായിരിക്കും. അഹങ്കാരികൾക്ക് തിന്മയെക്കുറിച്ച് യാതൊരു ധാരണയുമുണ്ടാകില്ല, അതുപോലെ സമ്പന്നരാകാൻ ശ്രമിക്കുന്നവരും അവരുടെ പ്രവൃത്തികളിലെ പാപം കാണാതെപോകും.


3.24 

ഭയാനകമായ ഒരു വിപത്തിൽ നിന്നും, ഒരു വിദേശ ആക്രമണത്തിൽ നിന്നും, ദാരുണമായ ക്ഷാമത്തിൽ നിന്നും, ദുഷ്ടന്മാരുടെ സൗഹൃദത്തിൽ നിന്നും ഓടിരക്ഷപെടുന്നവര്‍ സുരക്ഷിതരായിരിക്കും.


3.25

 രാഹുവിന് അമൃത് മാരകമായതുപോലെയും വിഷം ശങ്കരന് അലങ്കാരമായതുപോലെയും, ഒരു ദുഷ്ടന്‍ ചെയ്യുന്ന പുണ്യം പോലും അനുചിതമായിരിക്കും,എന്നാല്‍ ഒരു സ്വാമി ചെയ്യുന്ന അബദ്ധപ്രവൃത്തി പോലും ശരിയായി വരുകയും ചെയ്യും.


(ഇവിടെ സ്വാമി എന്നത് മേന്മയുള്ള വ്യക്തി എന്നര്‍ത്ഥത്തിലാകണം ഉപയോഗിച്ചിരിക്കുന്നത്)


3.26 

ബ്രാഹ്മണന്‍റെ ശക്തി അവന്‍റെ അറിവാണ്. രാജാവിന്‍റെ ശക്തി അവന്‍റെ സൈന്യമാണ്, വൈശ്യന്‍റെ ശക്തി അവന്‍റെ പണമാണ്, ശൂദ്രന്‍റെ ശക്തി അവന്‍റെ വിനയമാണ്


3.27

 പ്രയോഗത്തില്‍ വരുത്താത്ത അറിവ് നഷ്ടമായ അറിവിന് തുല്യമാണ്. അജ്ഞതയില്‍ കഴിയുന്ന മനുഷ്യൻ മൃഗതുല്ല്യനാണ്. സൈന്യാധിപനില്ലാത്ത സൈന്യം പരാജയമാണ്. ഭര്‍ത്താവില്ലാത്ത സ്ത്രീ പാഴ്ജന്മമാണ്.


( ചാണക്യന്‍റെ കാലത്ത് സ്ത്രീ വീട്ടിനുള്ളില്‍ കഴിയുന്നവളും ഭര്‍ത്താവിനെ ആശ്രയിച്ച് ജീവിക്കുന്നവളുമായിരുന്നു എന്ന് വ്യക്തം.)


3.28

 കൂറ്റൻ ആനയെ ആനക്കാരന്‍ അടക്കി നിർത്തുന്നത് ചെറിയൊരു തോട്ടി ഉപയോഗിച്ചാണ്. തോട്ടി ആനയുമായി താരമ്യം ചെയ്യുമ്പോള്‍ എത്രയോ ചെറുതാണ്. വിളക്ക് കത്തുമ്പോൾ അത് ഇരുട്ടിനെ അകറ്റുന്നു. ഇരുട്ടിന്‍റെ വ്യാപ്തി നോക്കുമ്പോള്‍ വിളക്ക് എത്രയോ ചെറുതാണ്. ഇടിമിന്നലേറ്റാൽ ഒരു പർവ്വതം തകരും. ഇടിമിന്നൽ കാഴ്ചയില്‍ എത്രയോ ചെറുതാണ്. സത്യത്തില്‍ അധികാരം ഉള്ളവനാണ് ശക്തന്‍. വലിപ്പത്തിൽ ഒരുകാര്യവുമില്ല.


3.29 

ഒരു കുയിലിന്‍റെ സൗന്ദര്യം അതിന്‍റെ ശബ്ദമാണ്. ഒരു സ്ത്രീയുടെ സൗന്ദര്യം ഭർത്താവിനോടുള്ള അവളുടെ വിശ്വസ്തതയാണ്. മുഖസൌന്ദര്യമില്ലാത്തവന് അറിവുണ്ടെങ്കില്‍ അതവന്‍റെ സൌന്ദര്യമാണ്. ക്ഷമിക്കാനുള്ള കഴിവാണ് സന്യാസിയുടെ സൗന്ദര്യം.


3.30

മുന്‍കാലചെയ്തികളിലെ തെറ്റുകള്‍ മനസിലാക്കി മുന്നേറുന്നതാണ് തിരിച്ചറിവ്. അത് എത്രനേരത്തെ സംഭവിക്കുന്നുവോ അത്രയേറെ അഭിവൃദ്ധിയും ഉണ്ടാകും?👍🏼

Thursday 25 January 2024

Chanakyaneeti- Part -3 – Worldly wisdom – Stanzas 11-20

 


ചാണക്യനീതി -ഭാഗം-3- ലൌകിക ജ്ഞാനം- ശ്ലോകം 11 മുതല് 20 വരെ
===================
-വി.ആര്.അജിത് കുമാര്
===================
3.11 ജാഗ്രത്തായും ബുദ്ധിപരമായും ഭാവിക്കായി തയ്യാറെടുക്കുന്നവന് ഭാഗ്യവാനും സന്തോഷവാനും ആയിരിക്കും. എന്നാൽ തയ്യാറെടുപ്പുകളില്ലാതെ ഭാഗ്യത്തെ പൂർണ്ണമായി ആശ്രയിക്കുന്നവൻ നശിച്ചുപോകും.
3.12 പുസ്‌തകങ്ങളിൽ നിന്നുള്ള അറിവ് മാത്രം നേടിയ ഒരുവന് ആ അറിവ് ആവശ്യം വരുമ്പോള് ഉപയോഗിക്കാനാവില്ല. തന്റെ സമ്പത്ത് മറ്റുള്ളവരുടെ കൈയ്യിൽ അകപ്പെട്ടവര്ക്ക് ആ സമ്പത്തും ആവശ്യമുള്ള ഘട്ടത്തില് ഗുണപ്പെടില്ല.
3.13 സത്ഗുണങ്ങള് നേടാനും സൽകർമ്മങ്ങൾ ചെയ്യാനും പരിശ്രമിക്കുന്നവന്റേതാണ് യഥാര്ത്ഥ ജീവിതം.സത് ഗുണങ്ങളില്ലാത്തവന്റെയും സൽകർമ്മങ്ങള് ചെയ്യാത്തവന്റേയും ജീവിതം വ്യർത്ഥമാണ്.
3.14 സീതയെ വിഷമത്തിലാക്കിയത് അവരുടെ സൗന്ദര്യമായിരുന്നു, രാവണന് ദോഷമായത് അമിതമായ അഹങ്കാരമായിരുന്നു, ബലിക്ക് ദോഷമായത് അമിതമായ ഔദാര്യമായിരുന്നു. അമിതമാകുന്ന എന്തും ഒരുവനെ ദോഷകരമായി ബാധിക്കും.
3.15 നല്ല പ്രവര്ത്തികളാണ് ഫലം കൊണ്ടുവരുക. ബുദ്ധിമാന്മാര് മുന്കാല അനുഭവങ്ങളെ പിന്തുടര്ന്നാണ് പ്രവര്ത്തികള് രൂപപ്പെടുത്തുക. വിവേകവും മഹത്വവും ഉള്ളവര് നന്നായി ആലോചിച്ചതിനുശേഷമേ പ്രവർത്തികള് ആരംഭിക്കൂ.
3.16 നിങ്ങള് വ്യാപരിക്കുന്ന ലോകത്തിന്റെ നിയന്ത്രണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ മനസിനെ വഴിതെറ്റിക്കുന്ന പതിനഞ്ച് കാര്യങ്ങളില് നിയന്ത്രണ ശക്തി നേടണം.അഞ്ച് ഇന്ദ്രിയങ്ങൾ, അതിന് കാരണമാകുന്ന അഞ്ച് വസ്തുക്കള്,അഞ്ച് പ്രവർത്തന അവയവങ്ങൾ എന്നിവയാണവ.
(കണ്ണും കാതും മൂക്കും നാക്കും ത്വക്കുമാണ് അഞ്ച് ഇന്ദ്രിയങ്ങള്.ഇന്ദ്രിയവസ്തുക്കള് കാഴ്ചയും ശബ്ദവും മണവും രുചിയും സ്പര്ശനവുമാണ്.പ്രവര്ത്തന അവയവങ്ങള് കൈകളും കാലുകളും വായും ലൈംഗികാവയവങ്ങളും വിസര്ജ്ജനാവയവങ്ങളുമാണ്)
3.17 ശരിയായ സമയം, ശരിയായ സുഹൃത്തുക്കൾ, ശരിയായ സ്ഥലം, ശരിയായ വരുമാന മാർഗ്ഗം, ശരിയായ ചിലവഴിക്കലും സമ്പാദ്യവും, ഇവയാകണം നിങ്ങളുടെ യഥാർത്ഥ ശക്തി
3.18 സംസാര ശുദ്ധി, ശുദ്ധമനസ്സ്, ശുദ്ധമായ ഇന്ദ്രിയങ്ങൾ, കരുണയുള്ള ഹൃദയം എന്നിവയാണ് ഒരാളെ ദൈവികതയിലേക്ക് ഉയര്ത്തുന്ന ഗുണങ്ങൾ
3.19 അശ്രദ്ധമായി പണവും സമയവും ചെലവഴിക്കുന്നവന്, വീടില്ലാത്ത കുട്ടി,നിരന്തരം വഴക്കടിക്കുന്നവന്, ഭാര്യയെ അവഗണിക്കുന്നവന്, പ്രവൃത്തികളിൽ അശ്രദ്ധ കാണിക്കുന്നവന്,ഇവരെല്ലാം നാശത്തിലേക്കാണ് നീങ്ങുക എന്നുറപ്പ്.
3.20 അന്ധന് മുഖം നോക്കുന്ന കണ്ണാടികൊണ്ടുള്ള ഉപയോഗം മാത്രമെ ബുദ്ധി ഉപയോഗിക്കാത്ത മനുഷ്യന് പുസ്തകങ്ങൾ കൊണ്ടും ലഭിക്കുകയുള്ളു✍️

Kerala plans database to monitor student migration

 


പഠനത്തിനായുള്ള കുടിയേറ്റം –രജിസ്ട്രേഷന് സമ്പ്രദായം സ്വാഗതാര്ഹം
=========================
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്സില് ഈയിടെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ ചെയര്മാന് ഡിജിറ്റല് സര്വ്വകലാശാല വൈസ്ചാന്സലര് സജി ഗോപിനാഥായിരുന്നു. കേരളത്തില് നിന്നും ചെറുപ്പക്കാര് പഠനത്തിനായി അന്യ സംസ്ഥാനങ്ങളിലേക്കോ അന്യ രാജ്യങ്ങളിലേക്കോ ചേക്കേറുന്നത് സംബ്ബന്ധിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. അവര് അവരുടെ നിര്ദ്ദേശങ്ങള് സമര്പ്പിച്ചിട്ടുണ്ട്. അതില് പ്രധാനം കുടിയേറ്റം മോണിറ്റര് ചെയ്യാനായി ഒരു സമഗ്രമായ ഡേറ്റബേസ് ഉണ്ടാക്കണം എന്നാണ്. വിദ്യാഭ്യാസ കണ്സള്ട്ടന്സി സേവനം നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റ വിദ്യാര്ത്ഥികള്ക്കായി ഒരു രജിസ്ട്രേഷന് പോര്ട്ടല് ആരംഭിക്കണമെന്നും സമിതി ശുപാര്ശ ചെയ്തിട്ടുണ്ട്. ഇത് ഉന്നത വിദ്യാഭ്യാസ കൌണ്സിലിന്റെയോ നോര്ക്ക റൂട്ട്സിന്റെയോ കീഴിലാകണം എന്നും സമിതി പറയുന്നു. വിദ്യാര്ത്ഥി കുടിയേറ്റം സംബ്ബന്ധിച്ച ഗവേഷണത്തിനും സഹായം നല്കണമെന്നും സമിതി ശുപാര്ശ ചെയ്തിട്ടുണ്ട്. ഈ നീക്കം സ്വാഗതാര്ഹമാണ്. കുറഞ്ഞ പക്ഷം എത്ര കുട്ടികള് വര്ഷം തോറും നാടുവിടുന്നു എന്നെങ്കിലും അറിയാമല്ലോ. ഏത് ഏജന്സി വഴിയാണ് പോകുന്നത് എന്നും അറിയേണ്ടതുണ്ട്. കോടിക്കണക്കിന് രൂപയാണ് ഓരോ വര്ഷവും കുട്ടികളുടെ കുടിയേറ്റം വഴി കേരളത്തില് നിന്നും പുറത്തേക്ക് പോകുന്നത്. ഏജന്സികള്ക്ക് പത്ത് ശതമാനം മുതല് മുകളിലേക്കാണ് കമ്മീഷന് ലഭിക്കുന്നത്. ചില ഏജന്സികള് എത്തിപ്പെടുന്ന നാട്ടില് കുട്ടികള്ക്ക് താമസം ,ഭക്ഷണം തുടങ്ങിയവ ഒരുക്കിയും പണം സമ്പാദിക്കുന്നുണ്ട്. ഇതെല്ലാം അക്കൌണ്ടബിള് ആക്കുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസ കൌണ്സിലിന് വലിയൊരു ഉത്തരവാദിത്തം കൂടിയുണ്ട് എന്നത് മറക്കണ്ട.
നമ്മുടെ ഉന്നതവിദ്യാഭ്യാസം ഇത്തരമൊരു കൌണ്സില് വന്നതുകൊണ്ട് ഏതെങ്കിലും തരത്തില് മെച്ചപ്പെട്ടിട്ടുണ്ടോ എന്നൊരന്വേഷണം കൂടി നടത്തേണ്ടതുണ്ട്. ഈ സമിതിക്കായി മുടക്കുന്ന കോടികള് അവിടെ തൊഴിലെടുക്കാന് എത്തിപ്പെടുന്നവര്ക്കല്ലാതെ കുട്ടികള്ക്കും അധ്യാപകര്ക്കും ഉപകാരപ്പെടുന്നുണ്ടോ എന്നതാണ് അന്വേഷിക്കേണ്ടത്. ഗുണകരമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് പൊതുജനത്തിനറിയാമെങ്കിലും ഔദ്യോഗികമായി ഒരു സമിതി പറയുന്നതാണല്ലൊ ശരിയായ രീതി. ഒന്നും ചെയ്യാന് കഴിയുന്നില്ലെങ്കില് കാമ്പസുകളിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന് നടപടിയെടുക്കണം എന്ന് സര്ക്കാരിനോട് ആവശ്യപ്പെടുകയെങ്കിലും ചെയ്തുകൂടെ. കുട്ടികളെ അടിപിടിയും വെട്ടുകുത്തും പഠിപ്പിക്കുന്ന ഇടമാകരുത് കാമ്പസുകള് എന്നു പറയാന് കൊണ്സിലിന് കഴിയണ്ടെ. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുഗുണമായി സിലബസും സംവിധാനങ്ങളും പരിഷ്ക്കരിച്ച് നമ്മുടെ കുട്ടികള്ക്ക് നാട്ടില് തൊഴില് ചെയ്ത് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കാനെങ്കിലും ആവശ്യപ്പെട്ടുകൂടെ. പോര്ട്ടലുണ്ടാക്കുമ്പോള് അതില് ഒരു കോളം കൂടി ഉള്പ്പെടുത്താന് കൌണ്സില് ശുപാര്ശ ചെയ്യണം. ഞാന് എന്തുകൊണ്ട് നാടുവിടുന്നു എന്നതുകൂടി രേഖപ്പെടുത്താന് കുട്ടികളോട് പറയണം. രാഷ്ട്രീയ അതിപ്രസരം കൊണ്ട് പോക്കണം കെട്ടുകിടക്കുന്ന ഒരു സംസ്ഥാനത്തുനിന്നും രക്ഷപെടാനാണ് അവരുടെ ഈ സാഹസം എന്ന് വെളിവാകുന്നതോടെയെങ്കിലും രാഷ്ട്രീയക്കാര്ക്ക് നേരംവെളുത്തു എന്ന് ബോധം ഉണ്ടാകുമെങ്കില് അത് നല്ലതാണ്. ബുദ്ധിജീവികളുടെ സമിതി കണ്ടെത്തുന്ന അക്കാദമിക ജാര്ഗണുകളേക്കാള് ജീവനുണ്ടാകും കുട്ടികളുടെ ഈ അഭിപ്രായത്തിന് എന്നതില് സംശയമില്ല✍️

Wednesday 24 January 2024

Review of P.K.Sreenivasan's novel Rathri muthal rathri varae

 


പി.കെ.ശ്രീനിവാസന്റെ നോവല്-രാത്രി മുതല് രാത്രി വരെ- ആസ്വാദനം
====================================
വി.ആര്.അജിത് കുമാര്
===================
പ്രമുഖ എഴുത്തുകാരനും പത്രപ്രവര്ത്തകനുമായ പി.കെ.ശ്രീനിവാസന്റെ രാത്രി മുതല് രാത്രി വരെ എന്ന നോവല് വായിച്ചു. 1975 ല് ഇരുപത്തിയൊന്നു മാസക്കാലം അരങ്ങേറിയ അടിയന്തിരാവസ്ഥയാണ് രാത്രി മുതല് രാത്രി വരെയില് അവതരിപ്പിക്കുന്നത്. ഇന്ത്യയൊട്ടാകെ ഇരുട്ടുബാധിച്ച ആ കാലഘട്ടത്തിന്റെ പ്രതിരണനങ്ങള് കേരളത്തിലും ഉണ്ടായി. ഇത് സംബ്ബന്ധിച്ച് പലപ്പോഴായി അനേകം ലേഖനങ്ങളും പുസ്തകങ്ങളും സിനിമയും ഡോക്യുമെന്ററിയുമൊക്കെയുണ്ടായി. അതൊക്കെ നമ്മള് വായിച്ചു,കണ്ടു. ഇത്രയേറെ രചനകള് ഇത് സംബ്ബന്ധിച്ച് ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ഏകീകരിക്കപ്പെട്ട എഴുത്ത് ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. അധികാരം മനുഷ്യനെ മത്തുപിടിപ്പിക്കുമെന്നും അമിതാധികാരം ഭ്രാന്തനാക്കുമെന്നും ഇന്ത്യന് മനസാക്ഷിയെ ബോധ്യപ്പെടുത്തിയ കാലമായിരുന്നു അത്.
സ്വതന്ത്ര ഇന്ത്യക്ക് അത് ആദ്യത്തെ അനുഭവമായിരുന്നെങ്കില് ലോകമാകെ പല ജനതകളും വ്യത്യസ്തമായ രീതിയില് ഇതിലും വലിയ പീഢനങ്ങള് ഏറ്റുവാങ്ങിയിരുന്നു. ഇന്നും അത് തുടരുകയാണ്. ജനാധിപത്യ ഇന്ത്യയിലും അടിയന്തിരാവസ്ഥ ഇല്ലെങ്കിലും എല്ലാ ഭരണാധികാരികളും ചെറിയ അളവിലോ വലിയ അളവിലോ അഭിപ്രായസ്വാതന്ത്ര്യത്തെയും പ്രതിഷേധിക്കാനുള്ള അവകാശത്തെയും അടിച്ചമര്ത്തുന്നത് നമ്മള് കാണുന്നുണ്ട്. നമ്മുടെ കൊച്ചുകേരളവും അക്കാര്യത്തില് ഭിന്നമല്ല എന്നും കാണാം.
നോവലിന്റെ തുടക്കത്തില് തന്നെ മാര്ക്സിന്റെ വചനം കൊടുക്കുന്നുണ്ട്. “ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്ത്തിക്കും.”ആ സത്യം നമ്മള് കാണുന്നുമുണ്ട്. അധികാരത്തിന്റെ അവസാന ലക്ഷ്യം എന്നും അധികാരം നിലനിര്ത്തുക മാത്രമാണ് എന്നും നോവലിസ്റ്റ് പറയുന്നു. 1974 ഏപ്രിലിലാണ് രാത്രി മുതല് രാത്രി വരെ എന്ന കഥ തുടങ്ങുന്നത്. കപിലന് എന്ന ദളിത് വിദ്യാര്ത്ഥി തിരുവനന്തപുരത്ത് എത്തുന്നത് ആ മാസത്തിലാണ്. അയാള് പിന്നീട് കുമാര്ജിയെ പരിചയപ്പെടുന്നു, അതുവഴി പൊതുജനം പത്രാധിപര് ബാലകൃഷ്ണന്റെ അടുത്ത് എത്തുകയും ക്രമേണ പത്രപ്രവര്ത്തകനായി മാറുകയും ചെയ്യുന്നു. കുമാര്ജിയും ബാലകൃഷ്ണനും സാങ്കല്പ്പിക സൃഷ്ടികളാണെങ്കിലും എഴുത്തുകാരന് പരിചയപ്പെട്ട അനേകം വ്യക്തികള് ഈ കഥാപാത്രങ്ങളില് സ്വാംശീകരിച്ചിട്ടുള്ളതായി എഴുത്തുകാരന് പറയുന്നുണ്ട്.
നക്സലിസം തുടങ്ങിയ കാലഘട്ടത്തിലൂടെയാണ് എഴുത്ത് നീങ്ങുന്നത്. രാഷ്ട്രീയം നന്നായി ചര്ച്ച ചെയ്യുന്ന അധ്യായങ്ങളാണ് തുടര്ന്നുവരുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ ഫോക്കസ് അതിലേക്കാവുന്നു.വലതുപക്ഷ രാഷ്ട്രീയം അഴുക്ക് നിറഞ്ഞതാണ് എന്ന് എല്ലാവര്ക്കും അറിയാം. എഴുപതുകളില്തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിലും മാലിന്യം കടന്നുകൂടിയിട്ടുണ്ട് എന്ന് കണ്ടെത്തുകയാണ് കപിലന്. ഗോപി എന്ന നക്സലൈറ്റ് പറയുന്നു, “മലയാളിയുടെ മൈന്ഡ്സെറ്റ് ക്രൂക്കഡാണ്. സാധാരണ തമിഴന്റെയോ തെലുങ്കന്റെയോ മാനസികാവബോധം മലയാളിക്കുണ്ടാവില്ല. ഏത് പാര്ട്ടിയായാലും പത്ത് ഫ്രാക്ഷനുണ്ടാകും. സിപിഎം അതിനെ അടിച്ചൊതുക്കും.ജാതിയും മതവുമാണ് പ്രധാനം. മതങ്ങള് കേന്ദ്രീകരിച്ചാണ് സിപിഎം നീങ്ങുന്നത്. കേരളത്തില് പ്രതിലോമകരമായ ഒരു ആശയസംഹിതയുണ്ട്.അതില് നിന്ന് മാറ്റമില്ല.”
ഗോപി തുടരുന്നു. “മാവോ എന്താണ് ചെയ്തത്?വിപ്ലവത്തിന് പണം സ്വരൂപിച്ചത് കഞ്ചാവും ഓപ്പിയവും വളര്ത്തിയല്ലേ? സാധാരണക്കാരില് നിന്നും പണം തട്ടിയെടുത്തു,മടക്കിക്കൊടുത്തില്ല.അയാള് സ്വന്തം പാര്ട്ടിയില്പെട്ട നേതാക്കന്മാരെ രായ്ക്കുരാമാനം കൊന്നുകളഞ്ഞില്ലേ. എന്നിട്ട് പറയും മറ്റവന് കൊന്നതാണെന്ന്” പറയുന്നതിന് നേരെ വിപരീതമായി പ്രവര്ത്തിക്കുന്നതാണ് ഫാസിസം എന്ന് ലെനിന് പറഞ്ഞിട്ടുണ്ട് എന്നും ഗോപി ഓര്മ്മിപ്പിക്കുന്നു.
ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ നേതാക്കളെ അതിരൂക്ഷമായി വിമര്ശിക്കുന്നുണ്ട് നോവലില്. നക്സലൈറ്റായിരുന്ന വേണുവിനെ പരിഹസിക്കുന്ന ഇടങ്ങള് ധാരാളമുണ്ട്. “ഭാഷാ ഇന്സ്റ്റിട്യൂട്ടില് ജോലി കിട്ടിയിരുന്നെങ്കില് വേണു നക്സലൈറ്റാകില്ലായിരുന്നു എന്ന് പലരും പറഞ്ഞു. മോഹഭംഗത്തില് നിന്നും നിരാശയില് നിന്നുമാണ് കെ.വേണു നക്സലൈറ്റാകുന്നത്. കവിത എഴുതിയിട്ടും ക്ലച്ച് പിടിച്ചില്ല.എന്നാല് നക്സലൈറ്റാകാം നല്ല പോപ്പുലാരിറ്റി കിട്ടും” എന്നിങ്ങനെയാണ് പരാമര്ശങ്ങള്.
ഇന്ദിരാഗാന്ധി,സഞ്ജയ്ഗാന്ധി, കെ.കരുണാകരന്, അച്യുതമേനോന്, ജയറാം പടിക്കല്, ലക്ഷ്മണ തുടങ്ങി ഒരു വലിയനിര നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും രൂക്ഷവിമര്ശനത്തിന് പാത്രമാകുന്നു. സിപിഐയെയും കണക്കിന് പരിഹസിക്കുന്നുണ്ട്. അടിയന്തിരാവസ്ഥ കാലത്തെ പീഢനകഥകളും കൊലപാതകങ്ങളും നന്നായി ഗവേഷണം നടത്തി രേഖപ്പെടുത്തിയിട്ടുണ്ട് നോവലില്. പി.ഗോവിന്ദപ്പിള്ളയ്ക്ക് നക്സലുകളായ ചെറുപ്പക്കാരോട് ഉണ്ടായിരുന്ന ആര്ദ്രത അദ്ദേഹത്തിനുണ്ടാക്കിയ നഷ്ടങ്ങളും നോവല് പറയുന്നുണ്ട്.
രാജന്കേസ് പലവിധത്തില് ചര്ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് ഈ നോവലിലും ഗൌരവമായി ചര്ച്ച ചെയ്യുന്നു. ഉന്മൂലന സിദ്ധാന്തം കൊണ്ടുനടന്ന, ജന്മിമാരുടെയും ശത്രക്കളുടെയും തലവെട്ടിയെടുത്ത നക്സലൈറ്റുകളെ കുറിച്ച് കുമാര്ജി പറയുന്നു, “ലോകത്തിലെ ഏറ്റവും വലിയ ഭീരുക്കളാണ് നക്സലൈറ്റുകള്. “സ്ട്രീറ്റ് മാസികയുടെ ഉടമ സുഭാഷ് ചന്ദ്ര ബോസ്, ഉത്തരം മാസിക പത്രാധിപര് സുബ്രഹ്മണ്യദാസ് തുടങ്ങി ഒട്ടേറെപേരുടെ ആത്മഹത്യകളും നോവലില് വിവരിക്കുന്നു. ഇ.കെ.നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇ.എന്.മുരളീധരന് നായരുടെ ആര്ദ്രതയും നോവലില് പരാമര്ശിക്കപ്പെടുന്നു.
കുമാര്ജി എഴുതുന്ന അവസാന ലേഖനത്തില് ഇങ്ങിനെ പറയുന്നു. “അധികാരത്തിന്റെ സോപാനങ്ങളില് കയറിയപ്പോള് കമ്മ്യൂണിസത്തിന്റെ ആര്ദ്രവും പുളിച്ചുപഴകി. അതെന്തിനെ എതിര്ക്കാനാണോ ഒരുമ്പെട്ടിറങ്ങിയത് അതിന്റെ ദുസ്വഭാവങ്ങളെല്ലാം സ്വാംശീകരിച്ച് ചരിത്രത്തിലെ ഗംഭീരമായ ഒരു ചതിയായി കലാശിച്ചു. “
2022 ഒക്ടോബര് രണ്ടിന് കപിലന് കെ.ബാലകൃഷ്ണന് എഴുതുന്ന കത്തിലാണ് നോവല് അവസാനിക്കുന്നത്. അതില് കെബി പറയുന്നു, “വര്ത്തമാന ഭാരതം ഇന്നനുഭവിക്കുന്ന ദുരിതങ്ങളുടെ വിളവെടുപ്പ് പരിശോധിച്ചാല് നമ്മെ ഭയപ്പെടുത്തുന്ന എത്രയെത്ര വിഭ്രമത്തെയ്യങ്ങളാണ് കണ്മുന്നില് ചുവടുവെച്ച് മുന്നേറുന്നത്!”
ചുരുക്കത്തില്, അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് എവിടെയും എന്നാണ് നോവലിസ്റ്റ് നമ്മെ ബോധ്യപ്പെടുത്തുന്നത്. സാധാരണ നോവല് സങ്കല്പ്പങ്ങളെ തിരുത്തുന്ന ഒരു രീതിയാണ് പി.കെ.ശ്രീനിവാസന് സ്വീകരിച്ചിരിക്കുന്നത്. അടിയന്തിരാവസ്ഥ, ആ കാലത്തെ ഇരുട്ട്, നക്സല് പ്രസ്ഥാനം, അതിന്റെ അപചയം, അടിയന്തിരാവസ്ഥയില് ദുരിതമനുഭവിച്ച കുറേ ജീവിതങ്ങള്, ഇതെല്ലാം ഉള്പ്പെട്ട ഒരു പത്രപ്രവര്ത്തകന്റെ അന്വേഷണ-പഠന റിപ്പോര്ട്ടായും നമുക്കിതിനെ കാണാം. കുറച്ചുകൂടി ക്ഷമയോടെ എഡിറ്റു ചെയ്യാവുന്ന ചില ആവര്ത്തനങ്ങള് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും മലയാളികള് നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് രാത്രി മുതല് രാത്രി വരെ. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 380 രൂപയാണ് വില✍️

Chanakyaneeti- Part -3 – Worldly wisdom – Stanzas 1-10

 

ചാണക്യനീതി -ഭാഗം-3- ലൌകിക ജ്ഞാനം- ശ്ലോകം 1 മുതല് 10 വരെ
===========================
-വി.ആര്.അജിത് കുമാര്
===================
3.1
ധര്മ്മാചരണം, അറിവ് ഉള്പ്പെടെയുള്ള സ്വത്ത് സമ്പാദനം, ആഗ്രഹപൂര്ത്തീകരണം,മോക്ഷം എന്നിവ നേടുന്നതിൽ പരാജയപ്പെടുന്നവൻ ആടിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന മാംസം പോലെ ഉപയോഗശൂന്യമായ ജീവിതമാകും നയിക്കുന്നത്.
3.2
ഈ ഭൂമിയിൽ യഥാർത്ഥത്തിൽ മൂന്ന് രത്നങ്ങളാണുള്ളത്, വെള്ളവും ഭക്ഷ്യധാന്യങ്ങളും നല്ല വാക്കുകളുമാണവ.എന്നാൽ മന്ദബുദ്ധികള് ഉരുളൻ കല്ലുകളെ രത്നങ്ങളായി കരുതുന്നു.
3.3
ലോകം ഒരു കയ്പേറിയ വൃക്ഷമാണ്.എന്നാല് അതിൽ രണ്ട് അമൃത് നിറഞ്ഞ പഴങ്ങൾ തൂങ്ങിക്കിടപ്പുണ്ട്. മധുരതരവും വിജ്ഞാനപ്രദവുമായ വാക്കുകളും നല്ല മനുഷ്യരുമായുള്ള സംസര്ഗ്ഗവുമാണ് ആ പഴങ്ങള്.
3.4
നന്മ സൗന്ദര്യത്തിന്റെ അലങ്കാരമാണ്, കുടുംബത്തിന്റെ മഹത്വം സൗമ്യതയാണ്, പൂർണ്ണതയാണ് പഠനത്തിന്റെ കിരീടം, അന്യര്ക്ക് ഉപകാരപ്പെടലാണ് ഐശ്വര്യത്തിന്റെ സൗന്ദര്യം.
3.5
ഒരുവന് ഇരിക്കുന്ന ഉയര്ന്ന ഇടമല്ല, മറിച്ച് അവന്റെ സദ്ഗുണങ്ങളാണ് അവനെ വലിയവനാക്കുന്നത്. കൊട്ടാരത്തിന് മുകളില് ചേക്കേറിയെന്നാല് ഒരു കാക്കയ്ക്ക് ഗരുഡനാകാനാകുമോ?
3.6
സ്വർണ്ണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാന് നാല് മാര്ഗ്ഗങ്ങളുണ്ട്. അതിനെ ഉരച്ചുനോക്കും,മുറിക്കും,ചൂടാക്കും, അടിച്ചുപരത്തും. അതുപോലെ, മനുഷ്യനെയും പരീക്ഷിക്കേണ്ടതുണ്ട്.അവന്റെ ആത്മത്യാഗം, പെരുമാറ്റം, സദ്ഗുണങ്ങൾ, സത്പ്രവൃത്തികൾ എന്നിവയാണ് നാല് ഉരകല്ലുകള്.
3.7
സാവധാനവും ക്രമമായും വെള്ളത്തുള്ളികള് ഒരു കുടത്തില് വീണ് നിറയും പോലെയാണ് അറിവും സത്ഗുണങ്ങളും സമ്പത്തും ഒരുവനില് നിറയുന്നത്.
3.8
മഴവെള്ളത്തിന് തുല്യമായി മറ്റൊന്നില്ല എന്നതുപോലെയാണ് ആത്മബലവും. അതിന് തുല്യമായ മറ്റൊരു ശക്തിയില്ല. കണ്ണിന്റെ കാഴ്ചയ്ക്ക് തുല്യവും മറ്റൊന്നില്ലതന്നെ. ഭക്ഷ്യധാന്യങ്ങളേക്കാൾ പ്രിയങ്കരമായ ഒരു സമ്പത്തും ഇല്ലെന്നും ഓര്ക്കുക.
3.9
ജോലിയിലൂടെ ദാരിദ്ര്യം ഇല്ലാതാകുന്നു, പ്രാർത്ഥന പാപങ്ങളെ മായ്ച്ചുകളയുന്നു, നിശബ്ദത വഴക്കുകളെ ശമിപ്പിക്കുന്നു, ജാഗ്രത ഭയത്തെ അകറ്റുന്നു.
3.10
ജ്ഞാനികള് ഭൂതകാലത്തെക്കുറിച്ചോര്ത്ത് വിഷമിക്കില്ല, ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടില്ല, അവര് വർത്തമാന നിമിഷത്തിലെ കര്മ്മങ്ങളിലാണ് ശ്രദ്ധയര്പ്പിക്കുക.✍️

Tuesday 23 January 2024

Chanakyaneeti- Part -2 – Spiritual wisdom – Stanzas 51-57

 


ചാണക്യനീതി -ഭാഗം-2- ആത്മീയ ജ്ഞാനം- ശ്ലോകം 51 മുതല് 57 വരെ
======================================
-വി.ആര്.അജിത് കുമാര്
====================
2.51
അതിവിദൂരത്തിലുള്ളതോ ചെയ്യാൻ പ്രയാസമായതോ പ്രവർത്തിക്കാനാകാത്തതോ ആയ എന്തും ഒരുവന് തപസ്സിലൂടെ നേടിയെടുക്കാം. തപസ്സ് കുറ്റംകണ്ടെത്താനാവാത്ത സിദ്ധിയാണ്.
2.52
സ്വാദിഷ്ടമായ ഭക്ഷണവും അത് കഴിക്കാനുള്ള ആരോഗ്യവും, സുന്ദരികളായ സ്ത്രീകളും അവരെ പ്രണയിക്കാനുള്ള കഴിവും സമൃദ്ധമായ സമ്പത്തും അത് പങ്കിടാനുള്ള മനസ്സും സാധാരണ തപസ്സിനുള്ള പ്രതിഫലമല്ല തന്നെ.
( ഭൌതികജീവിത സുഖത്തിലും വലുതാണ് ആത്മീയജീവിതം എന്നാണ് ചാണക്യന് സൂചിപ്പിക്കുന്നത്.)
2.53
മുൻകാല ജീവിതത്തിലെ ദാനധർമ്മങ്ങൾ, ജ്ഞാനസമ്പാദനം, മിതത്വം എന്നിവ ഈ ജീവിതത്തിലും ഒരാള്ക്ക് തുടരാന് കഴിയുന്നത് വർത്തമാനകാല ജീവിതവും മുൻകാലങ്ങളുമായുള്ള ബന്ധത്തിലൂടെയാണ്.
(മനുഷ്യ ജന്മം ഒരിക്കല് മാത്രമെ ലഭിക്കൂ എന്നും മറ്റൊരിടത്ത് പറയുന്നുണ്ട്!എന്നാല് ഇവിടെ മുന്കാല മനുഷ്യജന്മത്തെകുറിച്ചാണ് പറയുന്നത്)
2.54
ഉറപ്പുള്ള കാര്യത്തെ ഉപേക്ഷിച്ച് ക്ഷണികമായതിന്റെ പിന്നാലെ ഓടുന്ന ഒരാൾക്ക് ശാശ്വതമായ പലതും നഷ്ടമാകും, നശ്വരമായവ അപ്രത്യക്ഷവുമാകയും ചെയ്യും.
2.55
ജ്ഞാനി ഭക്ഷണത്തെക്കുറിച്ച് ആകുലപ്പെടാറില്ല. അവന് ധാർമ്മിക കാര്യങ്ങളില് വ്യാപൃതനാകുന്നത് സംബ്ബന്ധിച്ചാകും ആകുലപ്പെടുക.ഓരോ മനുഷ്യനും അവന് ആവശ്യമുള്ള ഭക്ഷണം അവന്റെ പിറവിയിലേ നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നറിയുക .
2.56
സമ്പത്തും ശ്വാസവും ജീവിതവും വാസസ്ഥലവുമെല്ലാം ക്ഷണികമാണ്. ലോകത്തിലെ ക്ഷണികവും അചഞ്ചലവുമായ കാര്യങ്ങൾക്കിടയിൽ, ഭക്തി മാത്രമാണ് ശാശ്വതമായത്
2.57
ദാനധർമ്മം ദാരിദ്ര്യത്തിനും നീതിപൂർവകമായ പെരുമാറ്റം ദുരിതത്തിനും വിവേകം അജ്ഞതയ്ക്കും സൂക്ഷ്മനിരീക്ഷണം ഭയത്തിനും അറുതിവരുത്തും✍️