Monday 25 July 2016

power centers of Sangha period

സംഘകാലത്തെ അധികാര കേന്ദ്രങ്ങള്‍
സംഘകാലത്ത് ഐമ്പെരുങ്കഴു അഥവാ അഞ്ചു മഹാസഭകളാണ്  രാജാവിന്‍റെ അധികാരങ്ങളെ  നിയന്ത്രിച്ചിരുന്നത്. ചാരന്മാര്‍, പുരോഹിതന്മാര്‍, സേനാനായകന്മാര്‍,രാജദൂതന്മാര്‍,മന്ത്രിമാര്‍ എന്നിവരടങ്ങിയ ഈ സഭകള്‍ ജനതയുടെ അവകാശങ്ങളും അധികാരങ്ങളും  കാത്തു സൂക്ഷിച്ചു. ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന മറ്റൊരു കൂട്ടര്‍ എണ്‍പേരായമായിരുന്നു. കരണത്തിയലവര്‍(കണക്കപ്പിള്ളമാര്‍),കരുമക്കാരര്‍(കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍),കനകചൂറ്റം(ഖജാന ഉദ്യോഗസ്ഥര്‍),കടൈ കാപ്പാളര്‍(കൊട്ടാരം കാവല്‍ക്കാര്‍)നഗര മാന്തര്‍(ജനക്ഷേമത്തെ സംബ്ബന്ധിച്ച് രാജാവിനെ ധരിപ്പിക്കുന്ന  നഗരമൂപ്പന്മാര്‍),പടത്തലവര്‍(കാലാള്‍ നായകര്‍),ആന വീരര്‍(ആനപ്പട നായകര്‍),ഇവുളി മറവര്‍(കുതിരപ്പട നായകന്മാര്‍) എന്നിവര്‍ ഉള്‍പ്പെട്ടതാണ് എണ്‍പേരായം.
അമയ്ച്ചന്‍ എന്ന പേരിലാണ് മന്ത്രിമാര്‍ വിളിക്കപ്പെട്ടിരുന്നത്. ചെങ്കുട്ടുവന്‍റെ മന്ത്രിമാര്‍ വില്യവന്‍ കോതയും അഴുമ്പില്‍ വേളുമായിരുന്നു. കോത,ചേരകുടുംബാംഗവും വേള്‍  വേളനുമായിരുന്നു. മോശക്കാരനായ  രാജാവിനെപ്പോലും നന്നാക്കേണ്ട ചുമതല മന്ത്രിമാര്‍ക്കായിരുന്നു. ഉത്സാഹിയും വിദ്വാനും പ്രയോഗവിചക്ഷണനുമായവരെയാണ്  മന്ത്രിമാരായി നിയമിച്ചിരുന്നത്. പ്രജകളുടെ രക്ഷിതാവും ശത്രുക്കളെ ഒഴിവാക്കാന്‍ കഴിവുള്ളവരും ഉചിതമായ സൌഹൃദ ബന്ധങ്ങള്‍  ഉറപ്പിക്കാന്‍  മിടുക്കുള്ളവരും അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞൊതുക്കുവാനുള്ള സാമര്‍ത്ഥ്യമുള്ളവരുമായിരുന്നു മന്ത്രിമാര്‍ . കരുതലോടെ  ഫലപ്രദമായി സംസാരിക്കുന്നവരും പ്രായോഗിക പരിചയമുള്ളവരുമായിരുന്നു  അവര്‍. ക്രൂരനായ ഏകാധിപതിയെ  ഉപദേശിക്കുമ്പോള്‍കൂടി സത്യം തുറന്നു പറയണം എന്നതായിരുന്നു രീതി. ചതിയനായ മന്ത്രി പരലക്ഷം പരസ്യ ശത്രുക്കളേക്കാളും അപായകാരിയാണെന്ന് വിശ്വസിച്ചിരുന്നു.

മൂന്നു തരം രാജദൂതന്മാരാണ്  ഉണ്ടായിരുന്നത്. സ്വന്തം നാടിന്‍റെ കാര്യങ്ങള്‍ തങ്ങള്‍ക്കു യുക്തമായി തോന്നുന്ന നിലയില്‍ രാജസഭയില്‍ കൈകാര്യം ചെയ്യാന്‍  സ്വാതന്ത്ര്യമുള്ളവര്‍, തങ്ങളുടെ രാജാവില്‍ നിന്നോ സഭ നിര്‍ദ്ദേശിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കുവാനും  അന്യരാജസഭകളില്‍ പ്രവര്‍ത്തിക്കുവാനും അധികാരമുള്ളവര്‍, സ്വരാജ്യത്തിന്‍റെ മുദ്രവച്ച കത്ത് നല്‍കാന്‍ മാത്രം അവകാശമുള്ളവര്‍  എന്നിങ്ങനെയാണ് ഇവരെ തരം തിരിച്ചിരുന്നത്.  ചില ദൂതന്മാര്‍ നാടുനീളെ വിളിച്ചുകൂവി നടക്കുകയും അദ്ദേഹത്തിന് സഹായം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ആദി ഹെയ്മന്‍ എന്ന ദൂതന്‍ നെടുമാന്‍ അഞ്ചിയുടെ ദൂതുമായി  ഔവ തോണ്ടമാനെ കാണാന്‍ പോയ സംഭവം  ഇങ്ങനെ. തോണ്ടമാന്‍ തന്‍റെ പടക്കോപ്പുപുര ആദി ഹെയ്മാനെ കാണിച്ചു കൊടുത്തു. ഭംഗിയില്‍ തിളങ്ങുന്ന പടക്കോപ്പുകള്‍  കണ്ട ആദി സ്വതഃസിദ്ധമായ പരിഹാസ ചാതുരിയോടെ പറഞ്ഞു, എന്‍റെ രക്ഷാധികാരിയായ അഞ്ചിയുടെ ആയുധങ്ങള്‍ ഒടിഞ്ഞു പോയതിനാല്‍ നന്നാക്കാന്‍ കൊടുത്തിരിക്കുകയാണ്. അതിനാല്‍ ആയുധശാല മിക്കവാറും ശൂന്യമാണ്. അങ്ങയുടെ ആയുധശാലയാകട്ടെ ,ഒടിവും ചതവുമില്ലാത്ത മിന്നിത്തിളങ്ങുന്ന  ഒന്നാംതരം ആയുധങ്ങളാല്‍ ശോഭിക്കുന്നതില്‍ ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. അഞ്ചി നല്ല പോരാളിയാകയാല്‍  ആയുധങ്ങള്‍ കൈകാര്യം ചെയ്യാറുണ്ടെന്നും  തോണ്ടമാന്‍ യുദ്ധത്തില്‍ എടുത്തു ചാടാതെ മുന്‍കരുതലോടെ ജീവിക്കുന്ന രാജാവാണെന്നുമുള്ള  സൂചനയാണ് ആദി നല്‍കിയത്.

ആരും ഇഷ്ടപ്പെടുന്ന പെരുമാറ്റം,ഉത്കൃഷ്ട കുടുംബജാതത്വം,ദയാശീലം,പ്രഭാഷണ ചാതുരി, അന്തസ്സും ഭംഗിയുമുള്ള ആകൃതി, ഉത്കൃഷ്ട വിദ്യാഭ്യാസ യോഗ്യത ,ഭയമോ  പക്ഷപാതമോ കൂടാതെ സന്ദേശം എത്തിക്കാനുള്ള കഴിവ് ,മരണം നിശ്ചയമെന്നു കണ്ടാലും ധൈര്യം വിടാതിരിക്കല്‍ എന്നിവ മാതൃകാ ദൂതന് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളായിരുന്നു.തലയില്‍ കെട്ടും കഞ്ചുകവുമായിരുന്നു ഇവരുടെ വേഷം.കഞ്ചുകമാക്കള്‍  എന്നും ഇവര്‍ അറിയപ്പെട്ടു. ഇത് ഗ്രീക്ക് വേഷത്തിന്‍റെ അനുകരണമാണ്  എന്നഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുമുണ്ട്.
ഗോത്രകാലത്തെ കന്നുകാലി മോഷണ രീതിയില്‍ നിന്നാണ് ചാരപ്രവര്‍ത്തനം തുടങ്ങുന്നത്. ചാരന്മാരെ ഒറ്റര്‍ എന്നും ചാരപ്രവര്‍ത്തിക്ക് വേയ് എന്നും പറഞ്ഞുവന്നു. നേരത്തെ പരിശീലിക്കുന്ന പലവിധ അടയാള ശബ്ദങ്ങളിലൂടെ  സന്ദേശങ്ങള്‍ കൈമാറാന്‍ ഇവര്‍ക്കു കഴിയും. ശത്രുപാളയത്തിലെ വിവരം ശേഖരിച്ചു വരുന്നവര്‍ക്ക് പരിതോഷികവും നല്‍കിയിരുന്നു. ചാരന്മാരെ രാജാവിന്‍റെ കണ്ണുകളായി കണക്കാക്കിയിരുന്നു. വേഷപ്രച്ഛന്നരായി ചുറ്റിത്തിരിയുന്ന ഇവര്‍ പിടിക്കപ്പെട്ടാല്‍ ധൈര്യം വിടാതെയും സമ്പാദിച്ച വിവരങ്ങള്‍ പുറത്തു പറയാതെയും  ഇരിക്കാന്‍  പ്രത്യേകം ശ്രദ്ധിക്കും.ഒരു ചാരനെ മറ്റൊരു ചാരനും അവനെ മൂന്നാമതൊരുവനും നിരീക്ഷിച്ചിരുന്നു. പിടിക്കപ്പെടുന്ന ചാരന്മാര്‍ക്ക് വധശിക്ഷ ഉറപ്പായിരുന്നു.   
ബ്രാഹ്മണപുരോഹിതരെ രാജാക്കന്മാര്‍ അനുസരിച്ചിരുന്നു.പല്യാനൈ ചെല്‍ക്കഴു കുട്ടുവന്‍ എന്ന ചേരരാജാവിന് നെടുമ്പാര തായനാര്‍ എന്നൊരു പുരോഹിതനുണ്ടായിരുന്നു.അദ്ദേഹം ലൌകിക ജീവിതം ഉപേക്ഷിച്ചു വനവാസത്തിനു പോയപ്പോള്‍ രാജാവും പിന്‍തുടര്‍ന്നു എന്നും പറയപ്പെടുന്നു.മംഗള ശുഭമുഹൂര്‍ത്തങ്ങളിലും ശുഭശകുനങ്ങളിലും  വിശ്വസിച്ചിരുന്ന രാജാക്കന്മാര്‍ അവരുടെ സഭയില്‍ ജ്യോത്സനും നല്ല പ്രാധാന്യം  നല്‍കിയിരുന്നു.ജ്യോത്സ്യന്‍ കണിയെന്നും മുഖ്യജ്യോത്സ്യന്‍ പെരുങ്കണിയെന്നും അറിയപ്പെട്ടു. പതിവുള്ളതും അല്ലാത്തുമായ രാജകീയ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള നല്ല സമയം നിശ്ചയിക്കുക ജ്യോത്സ്യന്‍റെ ചുമതലയായിരുന്നു. 

             ദിവസത്തിന്‍റെ മണിക്കൂറുകള്‍ കണക്കാക്കി വയ്ക്കുന്ന ഉദ്യോഗസ്ഥനായിരുന്നു നാഴിക കണക്കന്‍. നാഴികയുടെ എണ്ണം കണക്കാക്കാന്‍ നാഴിക വട്ടിലാണ് ഉപയോഗിച്ചിരുന്നത്. സമയ കണക്കന്മാര്‍ ഊഴം വച്ച് ഉറങ്ങാതെ രാവും പകലും മണിക്കൂറുകള്‍ എണ്ണിക്കൊണ്ടിരുന്നു.
ഗുമസ്തന്മാര്‍ മന്ത്രക്കണക്കര്‍ എന്നറിയപ്പെട്ടു.അവര്‍ മന്ത്രയോലയെഴുതി ലാക്കോട്ടുകള്‍ ഭദ്രമായി സൂക്ഷിച്ചു. ചെളിമണ്ണുകൊണ്ടാണ് മുദ്രവച്ചിരുന്നത്. ഈ  രേഖകള്‍ മണ്ണടൈ മുടങ്ങല്‍  എന്നറിയപ്പെട്ടു. ഓലയുടെ അറ്റങ്ങള്‍ കെട്ടി അതിനുമുകളില്‍ മെഴുകടയാളവും ഉറപ്പിച്ചിരുന്നു.ന്യായോപദേഷ്ടാക്കളെ  അറക്കളത്ത് അന്തണര്‍ എന്നും ഭരണ നിര്‍വ്വാഹകരെ തന്ത്രവിനൈകര്‍ എന്നും മതപരമായ നോട്ടക്കാരെ  ധര്‍മ്മവിനൈഞര്‍ എന്നും നികുതി പിരിവിന്‍റെ ചുമതലക്കാരെ ആയക്കണക്കര്‍ എന്നും വിളിച്ചുവന്നു.


അടിമകളെപ്പോലെ തന്നെയായിരുന്നു  സേവകരായ ഉരിമെയ് ചുറ്റവും. നൃത്തക്കാര്‍,കണ്ണീര്‍ കുഴല്‍ വിളിക്കാര്‍,കുയിലുവര്‍,വിദൂഷകന്മാര്‍ ,നകൈ വേഴമ്പര്‍ എന്നിങ്ങനെ കലാകാരന്മാരെയും രാജസഭകളില്‍ നിയോഗിച്ചിരുന്നു. രാജാവിനെ പ്രശംസിക്കുന്നതിനും ഒരു കൂട്ടരുണ്ടായിരുന്നു. അവരായിരുന്നു അകവര്‍ . സൂതന്‍,മാഗധന്‍,വൈതാളികന്‍ എന്നിങ്ങനെ മൂന്നു വിഭാഗത്തില്‍ പെട്ടവരായിരുന്നു ഇക്കൂട്ടര്‍. സൂതര്‍ നിന്നു കൊണ്ടും മാഗധര്‍ ഇരുന്നും വൈതാളികര്‍ ചെണ്ടകൊട്ടിനനുസരിച്ച് നൃത്തം ചെയ്തും രാജാവിന്‍റെ ഉദാര പ്രവര്‍ത്തികളെ ശ്ലാഘിച്ചിരുന്നു. വേലക്കാരികളെ കൂളിയര്‍ എന്നു വിളിച്ചുവന്നു. രാജാവിനെ രസിപ്പിക്കാന്‍ കൂനന്മാരെയും കൊട്ടാരം വാര്‍ത്തകള്‍ വെളിയില്‍ പോകാതിരിക്കാന്‍ മൂകന്മാരെയും ജോലിക്ക് വച്ചിരുന്നു. കൊട്ടാരത്തില്‍ സഞ്ചരിക്കുന്ന രാജാവിനൊപ്പം വിളക്കുമായി സുന്ദരികളായ വേലക്കാരികള്‍ ഒപ്പം നടന്ന് സ്തുതിക്കുന്ന രീതിയും നിലനിന്നിരുന്നു. വളയണിഞ്ഞ ദാസിമാര്‍ സ്വര്‍ണ്ണ ചഷകത്തില്‍ കള്ളും വിദേശമദ്യവും അത്താഴത്തിനായി വിളമ്പിയിരുന്നതായും രേഖകള്‍ പറയുന്നു. ഇവര്‍ പടപ്പാളയത്തില്‍ പോലും  രാജാവിനെ സേവിച്ചിരുന്നു. കൊട്ടാരം കാവല്‍ക്കാര്‍ യവനന്മാരായിരുന്നു

Saturday 9 July 2016

certain markings of kings' rule

രാജഭരണത്തിലെ ചില  അടയാളപ്പെടുത്തലുകള്‍

പേകന്‍ എന്ന രാജാവ് മറ്റൊരു സ്ത്രീയില്‍ അനുരക്തനാവുകയും രാജ്ഞിയായ കണ്ണകിയെ വിവാഹബന്ധം വേര്‍പെടുത്തി പുറത്താക്കുകയും ചെയ്തു. പ്രമുഖ കവികളായ കപിലര്‍,പരണര്‍,വരിശില്‍ കിഴാര്‍, പെരുങ്കന്‍റൂര്‍ കിഴാര്‍ എന്നിവര്‍ രാജാവിനെ ഉപദേശിക്കുകയും കണ്ണകിക്കു വേണ്ടി വാദിക്കുകയും ചെയ്തു. ഗാര്‍ഹിക മണ്ഡലത്തില്‍ ഇത്തരത്തിലൊരു നിന്ദ്യ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെങ്കിലും  പൊതുവായ മനുഷ്യ സ്നേഹവും ഔദാര്യവും ഉള്ളയാളായിരുന്നു പേകന്‍. അന്തഃപ്പുര സ്ത്രീകള്‍ ഉരിമെയ് കിളിര്‍  എന്നാണറിയപ്പെട്ടിരുന്നത്. യുദ്ധത്തില്‍ പിടിച്ച സ്ത്രീകള്‍ അടിമകളായിരുന്നു. അവര്‍ പൊതുസ്ഥലത്ത് ഒത്തുകൂടി മരക്കുറ്റിയെ ദൈവമെന്ന് കരുതി മാലയിട്ട് പൂജിച്ചിരുന്നു. റോമക്കാരായ വണിക്കുകളും രാജാക്കന്മാര്‍ക്കായി യുവസുന്ദരികളെ  കാഴ്ചവച്ചിരുന്നു. വിദേശികളായ ഷണ്ഡന്മാരെ കൊട്ടാര വേലക്കാരായി വച്ചിരുന്നു. ഭാഷയറിയില്ല എന്നതും ഷണ്ഡന്മാരാണെന്നുമുള്ളത്  അവരെ അന്തഃപുരത്തില്‍ നിയോഗിക്കുന്നതിന്  കാരണമായി പറയപ്പെടുന്നു.

ഗായകന്മാര്‍,നടന്മാര്‍,ബ്രാഹ്മണര്‍,കവികള്‍,ദൂതന്മാര്‍  എന്നിവര്‍ക്ക് കൊട്ടാരത്തില്‍ പ്രവേശനം എളുപ്പമായിരുന്നു. വാള്‍,കൊടി,കുട,പെരുമ്പറ ,കുതിര,ആന,തേര്,ഹാരം,കിരീടം എന്നിവയായിരുന്നു രാജചിഹ്നങ്ങള്‍.കുട വൃത്താകാരത്തിലും വലുപ്പത്തിലും തൂവെള്ള നിറത്തിലുമുള്ളതായിരുന്നു. വെണ്‍കുട എന്നും വെണ്‍കൊറ്റക്കുടയെന്നും ഇതിനെ വിളിച്ചിരുന്നു.
രാജാവ് രാജ്യം പിടിക്കാന്‍ പോകുമ്പോള്‍ കുടയെ വന്ദിക്കുമായിരുന്നു. അതിനുള്ളില്‍ ദേവത കുടികൊള്ളുന്നു  എന്നായിരുന്നു വിശ്വാസം. യുദ്ധരംഗത്ത് കൊടി താഴ്ത്തുകയോ നശിപ്പിക്കപ്പെടുകയോ ചെയ്താലും കുട നശിപ്പിക്കപ്പെട്ടാലും ആ രാജാവ് അപമാനിതനായി കരുതപ്പെട്ടിരുന്നു.
കുട സൂചിപ്പിക്കുന്നത് തണലാണ്. രാജാവിന്‍റെ കുട ഭരണകൂടമാണ്. അതിന് കീഴെ നില്‍ക്കുന്ന ജനതയുടെ സംരക്ഷകനാണല്ലോ രാജാവ്. രാജാവിന്‍റെ കുടയ്ക്കുണ്ടാകുന്ന ആപത്ത് കുറിക്കുന്നത് ജനതയുടെ ശാന്തതയുടെയും രക്ഷയുടെയും  നഷ്ടമാണ്. ഒരു രാജ്യം കീഴടക്കിയാല്‍  അത് തന്‍റെ കുടക്കീഴിലായി  എന്നാണ് പറയുക. അങ്ങിനെയാണ് വലിയ പ്രദേശങ്ങളുടെ അധിപനായ രാജാവിനെ ഏകഛത്രാധിപതി എന്ന ബിരുദം നല്‍കി  ആദരിക്കുന്ന  രീതി നിലവില്‍ വന്നത്. കുടത്തണ്ടു മുറിച്ച് അളവു കോലാക്കുന്നതും രാജാവിനെയും ദേശത്തെയും അപമാനിക്കലായിരുന്നു.

കൊത്തിവച്ച സിംഹങ്ങളാണ്  സിംഹാസനം താങ്ങിയിരുന്നത്. അരശുകട്ടില്‍ എന്നും സിംഹാസനം അറിയപ്പെട്ടു. സിംഹാസനാരോഹണത്തിന് അരശുകട്ടില്‍ ഏറുതല്‍ എന്നു പറഞ്ഞിരുന്നു. യുദ്ധത്തില്‍ പിടിച്ച ആനകളുടെ കൊമ്പുകൊണ്ടായിരുന്നു  കസേരക്കാലുകള്‍ നിര്‍മ്മിച്ചിരുന്നത്. പില്‍ക്കാലത്ത് ശത്രുരാജാവിനെ തോല്‍പ്പിച്ച് സിംഹാസനം കൂടി കൊണ്ടുപോരിക പതിവായി. മഴവരായന്‍,കലിംഗരായന്‍ എന്നിങ്ങനെ പരാജിത രാജാക്കന്മാരുടെ പേരുകള്‍ സിംഹാസനങ്ങള്‍ക്ക് നല്‍കിയിരുന്നു.
രാജാധികാരത്തിന്‍റെ ചിഹ്നമായിരുന്നു പെരുമ്പറ. ഇതിന് ദിവ്യശക്തിയുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിനെ ശുദ്ധജലത്തില്‍ കുളിപ്പിച്ചും മാലയണിയിച്ചും ആരാധിച്ചു വന്നു. പെരുമ്പറ വയ്ക്കാന്‍ മുരശുകട്ടിലാണ്  ഉപയോഗിച്ചിരുന്നത്. ചെണ്ടയ്ക്കുള്ളില്‍ ദേവത കുടികൊള്ളുന്നതായി  വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ  ദേവതയെ ഭജിക്കുമ്പോള്‍ പെരുമ്പറ ഉച്ചത്തില്‍ കൊട്ടുമായിരുന്നു. ഉത്സവാഘോഷങ്ങള്‍ക്ക് പെരുമ്പറ ആനപ്പുറത്തു കയറ്റി നഗരം ചുറ്റിയിരുന്നു. രാജവിളംബരങ്ങള്‍,ആനമദമിളകുന്നത് പോലെയുള്ള അറിയിപ്പുകള്‍ ഒക്കെ പെരുമ്പറ കൊട്ടിയാണ് അറിയിച്ചിരുന്നത്. പെരുമ്പറ ഉപയോഗിക്കേണ്ട അവസരം,ഉപയോഗിക്കാന്‍ അധികാരപ്പെട്ട അധികാരികള്‍, അവര്‍ക്ക്  അതിന് അധികാരം നല്‍കേണ്ടവര്‍ തുടങ്ങി പലതിനും ക്രമം വച്ചിരുന്നു. കൊട്ടുകൊണ്ട പാടുകള്‍ തോലില്‍ പ്രേതദൃഷ്ടി പോലെ കാണപ്പെട്ടിരുന്നു. യുദ്ധപ്രഖ്യാപന വിളംബരം രാവിലെയാണുണ്ടാവുക. അതിനെ കാലൈമുരശു എന്നു പറയും. കടുവയെ  ആക്രമിച്ചു കൊന്ന കാളയുടെ തോലുകൊണ്ടാണ്  യുദ്ധപ്പെരുമ്പറ ഉണ്ടാക്കിയിരുന്നത്. വാളും കുടയും പോലെ പെരുമ്പറയും ഒരു ശുഭമുഹൂര്‍ത്തത്തിലാണ്  പടക്കളത്തില്‍  കൊണ്ടുപോവുക. ഭടന്മാരില്‍ ആവേശമുണ്ടാക്കാന്‍  പെരുമ്പറ മുഴക്കിയിരുന്നു. ശത്രുരാജാവിന്‍റെ ഗോത്രചിഹ്നമായി  അറിയപ്പെടുന്ന  വൃക്ഷത്തിന്‍റെ തടികൊണ്ടാണ് പെരുമ്പറയ്ക്ക് ചട്ടക്കൂടുണ്ടാക്കുക. കുടയും പെരുമ്പറയും പിടിച്ചെടുക്കുന്ന പട്ടാളക്കാരനെ ആദരിക്കുകയും  പെരുമ്പറ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. വിജയത്തിന് വീരമുരശും ദാനത്തിന് ത്യാഗമുരശും നീതിക്ക് ന്യായമുരശും ഉപയോഗിച്ചു. സാമന്തന്മാര്‍ കപ്പവുമായി രാജാവിനെ കാണാന്‍ വരുമ്പോഴും മുരശ് മുഴക്കും. പ്രഭാതത്തിന്‍റെ വരവറിയിക്കാന്‍ മുഴക്കുന്നത് മുരശം പള്ളി എഴുച്ചി മുരശമാണ്.

ശത്രു നിഗ്രഹത്തിന്‍റെ ചിഹ്നമായിരുന്നു  വാള്‍. അത് തീര്‍ത്ഥത്തില്‍ കുളിപ്പിക്കുകയും  മാലയണിയിക്കുകയും  ചെയ്തിരുന്നു.പരുത്തികൊണ്ടോ പട്ടുകൊണ്ടോ ഉണ്ടാക്കിയ തുണിക്കഷണത്തില്‍ രാജാവിന്‍റെ പ്രത്യേക മുദ്ര അടയാളപ്പെടുത്തി പല പൊക്കത്തിലുളള  തണ്ടിലോ തൂണിലോ കെട്ടി കൊടി പറപ്പിച്ചിരുന്നു. ചേരന് വില്ല്,ചോളന് കടുവ,പാണ്ഡ്യന്  മത്സ്യം എന്നിവ കൊടിയടയാളങ്ങളായിരുന്നു.ക്ഷേത്രം,ഗൃഹം,കോട്ടകൊത്തളങ്ങള്‍,
യുദ്ധത്തിനു പോകുന്ന ആനകള്‍,രഥങ്ങള്‍ എന്നിവയുടെയെല്ലാം  മുകളില്‍ കൊടികള്‍ പാറിച്ചിരുന്നു. ക്ഷേത്രക്കൊടി ഉത്സവത്തെയും യുദ്ധരംഗത്തെ കൊടി വിജയത്തെയും കള്ളുഷാപ്പിന്‍റെ കൊടി മറ്റു സ്ഥാപനങ്ങളില്‍ നിന്നും അതിനുള്ള വ്യത്യാസത്തേയും സൂചിപ്പിച്ചു.
ചേരരാജാക്കന്മാര്‍  പനയോല മാലയും ചോളര്‍ അത്തിമാലയും പാണ്ഡ്യര്‍ വേപ്പുമാലയും ധരിച്ചു. കഴുത്തിലെ മാലയ്ക്ക് താരെന്നും തോളത്തതിനെ കണ്ണിയെന്നും വിളിച്ചുവന്നു. യുദ്ധരംഗത്ത് ഇതിനുപുറമെ വെച്ചി,കരണ്ട,വഞ്ചി,കാഞ്ചി,നൊച്ചി,ഉഴിഞ്ഞ,തുമ്പ,വാക എന്നീ പൂക്കളും അണിഞ്ഞു. സൈനികോദ്യോഗസ്ഥരും ഗജങ്ങളും മാലയണിയുമായിരുന്നു. കവരി ചമരി എന്ന പ്രത്യേകയിനം  മാനിന്‍റെ വെളുത്തവാല്‍ രോമങ്ങള്‍ സഞ്ചയിച്ചാണ് വെണ്‍ചാമരം ഉണ്ടാക്കിയിരുന്നത്. ഭരണചക്രം തിരിക്കുന്നവന്‍ എന്ന നിലയിലാവണം ചക്രവര്‍ത്തി  എന്ന പദമുണ്ടായത്. രാജകീയ വാഹനമായിരുന്നു ഗജം. രണ്ടറ്റവും മണി കെട്ടിയ കയര്‍ ആനപ്പുറത്ത് വശങ്ങളിലായി തൂക്കിയിട്ട് അതിന്‍റെ വരവ് അറിയിച്ചിരുന്നു. രാജാവ് ഇറങ്ങിക്കഴിഞ്ഞാലുടന്‍ മണി  അഴിച്ചുമാറ്റുകയും ചെയ്യും. ആനയ്ക്ക് മദമിളകിയാല്‍ അതിന്‍റെ യാത്ര നിയന്ത്രിക്കാനായി  മുള്ളുകള്‍ പോലെയുള്ള കൂര്‍ത്ത ഇരുമ്പു കമ്പികള്‍  വിതറും.അതില്‍ ചവിട്ടാന്‍ മടിച്ച് ആന ഓടാതെ നില്‍ക്കും അപ്പോഴാണ് അതിനെ ബന്ധിക്കുക. മസ്തകത്തില്‍ ഒരു കൊടിയും ശംഖും ചേര്‍ത്തു കെട്ടും. രാജക്കന്‍മാര്‍ കുതിര സവാരിയും ഇഷ്ടപ്പെട്ടിരുന്നു. സവാരിക്കുതിരയെയും മാലയണിയിക്കുമായിരുന്നു. നെയ് ചേര്‍ത്ത ആഹാരമാണ് കുതിരയ്ക്ക് നല്കുക. കുഞ്ചിരോമങ്ങള്‍ മുറിച്ച് ഭംഗി വരുത്തുകയും ചെയ്യുമായിരുന്നു. കുതിര വലിക്കുന്ന ഇരുചക്ര വാഹനത്തിലും മണി കെട്ടി ആഗമനം അറിയിക്കുമായിരുന്നു.

വംശംവൃക്ഷത്തിനും വലിയ പ്രാധാന്യം നല്‍കിയിരുന്നു. വംശവൃക്ഷത്തില്‍ ദേവത കുടികൊള്ളുന്നുവെന്നും ആ മരം മുറിക്കാന്‍ ഇടയായാല്‍ നഗരം നശിക്കുമെന്നും വിശ്വസിച്ചിരുന്നു. പരദേവതാവൃക്ഷത്തില്‍ ആനയെ തളയ്ക്കാന്‍ ശത്രുവിന് കഴിഞ്ഞാല്‍ അത് മരം മുറിക്കുന്നതിന് തുല്യമായി കണക്കാക്കിയിരുന്നു. മോകൂറിലെ പഴയന്‍റെ വംശംവൃക്ഷം വേപ്പായിരുന്നു. ദ്വീപ് വാസികളുടേത് കടമ്പു മരമായിരുന്നു.
വിശിഷ്ട സേവനത്തിന് ബഹുമതി അഥവാ മാരായം നല്‍കിയിരുന്നു. എട്ടി, കാവിതി,ഏനാതി എന്നിവയായിരുന്നു ബഹുമതികള്‍. എട്ടിയും കാവിതിയും പ്രാദേശിക ബഹുമതികളും ഏനാതി ഉന്നത ബഹുമതിയുമായിരുന്നു. വണിക്കുകള്‍ക്ക് നല്‍കിവന്ന സ്വര്‍ണ്ണപുഷ്പ്പമാണ് എട്ടി. കാവിതി സ്ഥാനം നേടുന്നയാള്‍ക്ക് ആശാന്‍(പുരോഹിതന്‍)
,പെരുങ്കണി(മഹാജോത്സ്യന്‍),അറക്കുള അന്തണന്‍(ന്യായോപദേഷ്ടാവ്),ഓലൈ മന്തിരം(കണക്കപ്പിള്ള) എന്നിവരെപോലെ രാജാവിനെ മുഖം കാണിക്കാന്‍ അവകാശമുണ്ടായിരുന്നു. കരമിളവുള്ളതിനാല്‍ ഇവരെ വരിയിലാര്‍ എന്നു വിളിച്ചിരുന്നു. കാവിതികളും സ്വര്‍ണ്ണപ്പൂവു് ധരിക്കുകയും രാജകുടുംബവുമായി സംബ്ബന്ധം കൂടുകയും ചെയ്തു. വിശിഷ്ട സൈനികര്‍ക്കാണ് ഏനാതിപ്പട്ടം നല്‍കി വന്നത്. അവര്‍ക്ക് രത്നം പതിച്ച മോതിരം നല്‍കിയിരുന്നു. ഏനാതിനാഥ നായനാര്‍ എന്നൊരു സേനാപതിയുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ഏനാതി സ്ഥാനം നല്‍കാനുള്ള ശുഭദിനം നിശ്ചിയിച്ച് ജോത്സ്യന്മാര്‍,ഉപദേഷ്ടാക്കള്‍,കുടുംബാംഗങ്ങള്‍,ഭാര്യമാര്‍,സേനാ വിഭാഗം എന്നിവരെയെല്ലാം  ക്ഷണിച്ച് അവരുടെ മുന്നില്‍ വച്ചാണ് സ്ഥാനം നല്കുക. ഭൂമി,കുതിര,തേരുകള്‍,ആനകള്‍ തുടങ്ങി പാരിതോഷികങ്ങളും നല്‍കുമായിരുന്നു. പ്രത്യേക കഞ്ചുകം ധരിക്കാനും ചിലര്‍ക്ക് രാജനാമം പേരിനൊപ്പം ചേര്‍ക്കാനും അനുമതി നല്‍കിയിരുന്നു.


രാജാവിന്‍റെ അംഗരക്ഷകരായി സേവനമനുഷ്ടിക്കുന്ന സ്ത്രീകള്‍ക്ക് അടച്ചുമൂടിയ വാഹനത്തില്‍ അംഗരക്ഷകരോടൊപ്പം യാത്ര ചെയ്യാനും പല്ലക്കില്‍ സഞ്ചരിക്കാനും വെറ്റില സൂക്ഷിക്കാനുള്ള സ്വര്‍ണ്ണപ്പെട്ടി, ചെറിയ വാള്‍,വീശാന്‍ വേലക്കാര്‍ എന്നിവയും നല്‍കിയിരുന്നു. സേനാധിപനെ കുറിക്കുന്ന മുതലി അഥവാ സേനൈമതലി എന്ന പദവിയാണ് പില്‍ക്കാലത്ത് മുതലിയാര്‍ എന്ന  ജാതിയായി  മാറിയത്. 

Wednesday 6 July 2016

donation styles of Sangham kings

സംഘകാല രാജാക്കന്മാരുടെ  ദാനരീതികള്‍
സംഘകാല രാജാക്കന്മാര്‍ സൂക്ഷമദര്‍ശികളായ നിരൂപകരും തികഞ്ഞ പണ്ഡിതന്മാരുമായിരുന്നു. അവരില്‍ കവികളുമുണ്ടായിരുന്നു. കവിത,നൃത്തം,നാടകം എന്നിവയെ അവര്‍ പ്രോത്സാഹിപ്പിച്ചു. കരികാലന്‍ എന്ന രാജാവ് സര്‍വ്വകലാവല്ലഭനായിരുന്നു. പാണ്ഡ്യന്‍ അറിവുടൈ നമ്പിയും നെടുഞ്ചേഴിയന്മാരും കവികളായിരുന്നു. ഉദാരമതികളായ രാജാക്കന്മാരുടെ സമ്മാനങ്ങള്‍  പലപ്പോഴും ദുര്‍വ്യയത്തിന്‍റെ വക്കുവരെ എത്തിയിരുന്നു. കവികളും കലാകാരന്മാരും അന്തസ്സും മാന്യതയും കല്‍പ്പിക്കാത്ത  പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നില്ല.രാജാവ് നേരിട്ട് നല്‍കുന്നവയല്ലാതെ  പ്രതിനിധികള്‍ നല്‍കുന്ന സമ്മാനവും അവര്‍ വാങ്ങിയിരുന്നില്ല. തമിഴ് സംഘ രാജാക്കന്മാരില്‍ ഏഴ് പ്രഭുക്കന്മാര്‍ ഉദാര പ്രവൃത്തികള്‍ക്ക് പ്രത്യേകം പേരുകേട്ടവരായിരുന്നു.
മുന്നൂറു ഗ്രാമങ്ങളും ഒരു ചെറുകുന്നും ചേര്‍ന്ന പറമ്പുനാട്ടിലെ ഭരണാധിപനായ പാണിയെ ,അദ്ദേഹത്തിന്‍റെ ആസ്ഥാന കവിയും സുഹൃത്തും തത്വജ്ഞാനിയും ഉപദേഷ്ടാവുമായ കവിലര്‍ അത്യന്തം പ്രശംസിച്ചിട്ടുണ്ട്. ഒരിക്കല്‍ കൊടിപ്പന്തലില്ലായ്കയാല്‍ മുകളിലേക്ക് പിടിച്ചു കയറാന്‍ വിഷമിച്ച ഒരു മുല്ലവള്ളിക്ക് സ്വന്തം രഥം തന്നെ അദ്ദേഹം ആ ആവശ്യത്തിലേക്ക് നല്‍കിയതായി  കവി പറയുന്നുണ്ട്. കൊല്ലിമലയിലെ ഓരി, പെണ്ണാറിന്‍റെ കരയിലെ കോവലൂരിലെ മലയമാന്‍ കാരി  എന്നിവരും ഉദാരമതികളായിരുന്നു. തകടൂരിലെ (ധര്‍മ്മപുരി) രാജാവായ അദിഹെയ്മാന്‍ നെടുമാന്‍ അഞ്ചി സുപ്രസിദ്ധ കവയിത്രിയായ അവ്വയാര്‍ക്കു്  രക്ഷാധികാരിയായി വര്‍ത്തിച്ചിരുന്നു. ഭക്ഷിക്കുന്നവര്‍ക്ക്  അമരത്വം നല്‍കുന്ന ഒരു നെല്ലിപ്പഴം ഒരിക്കല്‍ ഇദ്ദേഹം അവര്‍ക്കു നല്‍കി. ആ പഴം താന്‍ തന്നെ ഭക്ഷിക്കാതെയും അതിന്‍റെ  ദൈവീക ശക്തി  വെളിപ്പെടുത്താതെയുമാണ്  നെല്ലിപ്പഴം അദ്ദേഹം  നല്‍കിയതെന്നാണ്  രേഖയില്‍ പറയുന്നത്. മറ്റു ജീവജാലങ്ങളോട് തുല്യത പ്രഖ്യാപിച്ചിരുന്ന  നല്ലൂരിലെ പേകന്‍ ഒരു മയിലിന് കമ്പിളി പുതപ്പ് സമ്മാനിച്ചതായും പറയപ്പെടുന്നു. പൊതിയാല്‍ മലകളിലെ ഭരണാധിപനായ ആയി, കവികള്‍ക്ക്  ഉദാരമായി ആനകളെ  സംഭാവന ചെയ്തിരുന്നു. മുതിര മലകളിലെ പ്രധാനിയായിരുന്ന കുമണന്‍,ദരിദ്ര കവിയായ പെരുഞ്ചിത്തിരനാരോട് തന്‍റെ തല വെട്ടിക്കൊണ്ടു പോകാന്‍  അപേക്ഷിക്കുകയുണ്ടായി. കുമണന്‍റെ തലയ്ക്ക് പ്രതിഫലം  നല്‍കുമെന്നു  പ്രഖ്യാപിച്ച അനുജന്‍ ഇളങ്കമണനില്‍ നിന്നും അങ്ങിനെ കവിക്കു പണം കിട്ടിക്കൊള്ളട്ടെ എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
കരികാലന്‍ എന്ന ചോളരാജാവ്  ,കടിയലൂര്‍ രുദ്രന്‍ കണ്ണനാര്‍ രചിച്ച മുന്നൂറ്റിയൊന്നു വരികളുള്ള പട്ടിനപ്പാല എന്ന കവിതയ്ക്ക് 16 ലക്ഷം പൊന്ന്  സമ്മാനമായി നല്‍കിയതായി പറയുന്നു. ലക്ഷം ഇന്നു നാം  അറിയുന്ന ലക്ഷമാകില്ല എന്നുറപ്പ്. എങ്കിലും മോശമല്ലാത്ത പാരിതോഷികമാണെന്നുറപ്പ്. ഇമയവരമ്പന്‍  നെടുഞ്ചേരലാതനില്‍ നിന്ന് ചേരനാട്ടിലെ ഉമ്പര്‍ക്കാട്ടു ജില്ലയിലെ (ആനമല) അഞ്ഞൂറു ഗ്രാമങ്ങളുടെ ബ്രഹ്മദായാവകാശവും മുപ്പത്തിയെട്ടു കൊല്ലത്തേക്ക് തെക്കുള്ള പ്രദേശങ്ങളിലെ നികുതിയില്‍ പങ്കും  കവി കമടൂര്‍ക്കനാര്‍ക്കു ലഭിച്ചതായും പറയപ്പെടുന്നു. ഒന്‍പത് വൈദിക യാഗങ്ങള്‍ നടത്താനുള്ള സൌകര്യങ്ങളും സഹായവും പതയാനൈ ശെതക്കഴു കുട്ടുവനില്‍ നിന്നും പലൈ ഗൌതമനാര്‍ക്കു സിദ്ധിച്ചതായും രേഖയുണ്ട്. രാജാവിന്‍റെ വരുമാനത്തില്‍  ഓരോഹരിയും പത്ത് ദശ ലക്ഷം പൊന്നും കാപ്പിയാറ്റു കാപ്പിയനാര്‍ക്ക് കളങ്കായ്  കണ്ണിനാര്‍ മുടിചേരലില്‍ നിന്നു ലഭിച്ചിരുന്നതായും പറയപ്പെടുന്നു. പരണര്‍ക്ക് ചെങ്കുട്ടുവനില്‍ നിന്നും കിട്ടിയത് ഉമ്പര്‍ക്കാട്ടുവാരിയും (വിളവ്) കുട്ടുവന്‍ ചേരല്‍ രാജകുമാരന്‍റെ രക്ഷാധികാരവും ആയിരുന്നു.
ഒരു കവയിത്രിയായ കാക്കൈ പാടിനിയാര്‍ നന്മെ ഇളയാര്‍ക്ക് ആട്ടുകോട് പാട്ടുചേരലാതര്‍ ആഭരണങ്ങള്‍ക്കായി ഒന്‍പത് കാശ് സ്വര്‍ണ്ണവും മറ്റൊരു ലക്ഷം കാണം സ്വര്‍ണ്ണവും നല്‍കിയതിനു പുറമെ  തന്‍റെ പാര്‍ശ്വത്തില്‍ തന്നെ ഇരിപ്പിടവും അനുവദിച്ചിരുന്നു. ചെരുവക്കടുങ്കോട വാഴിയാതനില്‍ നിന്നും കപിലര്‍ക്ക്  ഒരു ലക്ഷം കാണം സ്വര്‍ണ്ണവും നവരക്കുന്നിന്‍റെ മേല്‍ നിന്നു നോക്കുമ്പോള്‍ രാജാവിനും കവിക്കും കാണാന്‍ കഴിഞ്ഞ ഭൂമിയുടെയെല്ലാം ബ്രഹ്മദായാവകാശവുമായിരുന്നു  ലഭിച്ചിരുന്നത്. അരിശില്‍ കിഴാര്‍ എന്ന കവിക്ക് പെരുഞ്ചേരല്‍ ഇരുമ്പൊറൈയില്‍  നിന്നും ഒന്‍പത് ലക്ഷം കാണം സ്വര്‍ണ്ണവും രാജാവിന്‍റെ അധീനതയിലുള്ള പ്രദേശങ്ങളുടെ മേല്‍ അധീശാധികാരവും നല്‍കിയിരുന്നതായി പറയപ്പെടുന്നു.രാജാവും രാജ്ഞിയും സമ്പത്തെല്ലാം കവിക്ക്  നല്‍കി കൊട്ടാരം വിട്ട് ഇറങ്ങിപ്പോയി. പക്ഷെ ആ ദാനം സ്വീകരിക്കാന്‍  കവി വിസമ്മതിക്കുകയും മന്ത്രിപദം മാത്രം സ്വീകരിക്കുകയുമാണുണ്ടായത്.
ഇങ്കളഞ്ചേരല്‍ ഇരുമ്പൊറൈ , പെരുങ്കന്‍റൂര്‍ കിഴാര്‍ക്ക് മുപ്പത്തീരായിരം കാണം  സ്വര്‍ണ്ണവും എണ്ണമറ്റ നഗരങ്ങളും ഗ്രാമങ്ങളും കണക്കില്ലാത്ത സമ്പത്തും അദ്ദേഹത്തിന്‍റെ സമ്മതം ആരായാതെ  അനുവദിച്ചു കൊടുത്തതായും ചരിത്രം പറയുന്നു. മഹത്തായ ദാനത്തിന്‍റെ  ഐതിഹാസിക ബഹുമതികള്‍  നേടാനായി  രാജാക്കന്മാര്‍ പരസ്പ്പരം മത്സരിച്ചിരുന്നു എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അവ്വയാര്‍ ഒരിക്കല്‍ പറഞ്ഞു,ഞാന്‍ ഒരു പിടി ചോറുമാത്രം ആവശ്യപ്പെടുമ്പോള്‍ മലപോലെയുള്ള  ഒരു മഹാഗജത്തെയാണ് എനിക്കു തരുന്നത്. ഏത് സമ്മാനം എപ്പോള്‍  ആര്‍ക്കുകൊടുക്കണമെന്ന  കാര്യം രക്ഷാധികാരികള്‍ക്ക് അറിഞ്ഞുകൂടാ
കവികള്‍ക്കും ബ്രാഹ്മണര്‍ക്കും സ്വര്‍ണ്ണത്താമര ദാനം  നല്‍കിയിരുന്നതായും കഥകളുണ്ട്. നര്‍ത്തകര്‍ക്കും പാരിതോഷികം നല്‍കിവന്നു. പുകാറിലെ ചോളരാജാവില്‍ നിന്നും മാധവിക്ക് അദ്ദേഹത്തിന്‍റെ ഹാരവും ആയിരത്തെട്ടു കഴഞ്ച് സ്വര്‍ണ്ണവും കിട്ടിയതായി കാണുന്നുണ്ട്. ബ്രാഹ്മണര്‍ക്ക്  ബ്രഹ്മതായവും നല്‍കി വന്നു.
സമ്മാനങ്ങള്‍ കിട്ടിയിരുന്നെങ്കിലും കവികള്‍ ദരിദ്രരായിത്തന്നെ കഴിഞ്ഞു എന്നു പറയപ്പെടുന്നു. അതിന്‍റെ കാരണം കണ്ടുപിടിക്കേണ്ടതുണ്ട്. തങ്ങളുടെ വിശപ്പ് എത്രയും പഴക്കമുള്ളതാണെന്ന്  അവര്‍  കവിതയിലൂടെ പരാതിപ്പെടുന്നുണ്ട്. കവികള്‍ക്ക് കള്ള്,ഇറച്ചി,പലഹാരങ്ങള്‍ എന്നിവ കൂടാതെ  ഉത്തമ വസ്ത്രങ്ങളും നല്‍കിയാണ് കൊട്ടാരത്തില്‍ ആദരിച്ചിരുന്നത്. ചെരുവക്കൊടുങ്കോ വാഴി ആതന്‍ - ഓത്ര എന്ന പ്രത്യേക ഇനം നെല്ലിനു പേരുകേട്ട ഒകന്തൂര്‍ ഗ്രാമം തിരുമാന്‍(വിഷ്ണു) ക്ഷേത്രത്തിന് ദാനം ചെയ്തതായി രേഖയുണ്ട്. ചെങ്കുട്ടുവന്‍ കണ്ണകിക്ഷേത്രത്തിനും വസ്തുവകകള്‍ വിട്ടുകൊടുത്തായി കാണുന്നുണ്ട്.