Friday 28 April 2023

Scam called Total solution providers

 


ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡേഴ്സ് എന്ന തട്ടിപ്പ്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാമറ റോഡുകളില്‍ സ്ഥാപിക്കേണ്ടതുണ്ടോ, ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്ക് പുറമെ കുട്ടിയെ കൂടി കയറ്റാമോ എന്നൊക്കെയുള്ള വിഷയങ്ങളുടെ മെരിറ്റും ഡീമെരിറ്റുകളും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. കെല്‍ട്രോണ്‍ എന്ന സ്ഥാപനത്തെപറ്റി സംസാരിക്കാം.

മറ്റെല്ലാ പൊതുമേഖല സ്ഥാപനങ്ങളും പോലെ കെല്‍ട്രോണും മികച്ച തുടക്കമാണ് നടത്തിയത്.ഇലക്ട്രോണിക്സ് രംഗത്തായിരുന്നു മികവ് പുലര്‍ത്തിയത്. 1973 ല്‍ കെ.പി.പി നമ്പ്യാരുടെ നേതൃത്വത്തിലായിരുന്നു തുടക്കം. ആദ്യം 5000 ബ്ലാക്ക്&വൈറ്റ് ടെലിവിഷനുള്ള ഓര്‍ഡര്‍ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നല്‍കിയത്. 1974 ല്‍ കെല്‍ട്രോണിന്‍റെ കീഴില്‍ ഇലക്ട്രോണിക് റിസര്‍ച്ച്& ഡവലപ്പ്മെന്‍റ് സെന്‍റര്‍ ആരംഭിച്ചു. ബല്‍ജിയം കമ്പനിയായ സ്പ്രേഗ് ഇലക്ട്രോമാഗുമായി ചേര്‍ന്ന് അലൂമിനിയം ഇലക്ട്രോമിറ്റിക്സ് കപ്പാസിറ്റേഴ്സും ഫ്രാന്‍സിലെ കണ്‍ട്രോള്‍ ബയ് ലിയുമായി ചേര്‍ന്ന് കണ്‍ട്രോള്‍ ഇന്‍സ്ട്രമെന്‍റേഷന്‍ & പാനല്‍സും ആരംഭിച്ചു. അന്ന് ശക്തമായ റിസര്‍ച്ച്& ഡവലപ്പ്മെന്‍റ് വിഭാഗം നമ്പ്യാര്‍ക്കൊപ്പമുണ്ടായിരുന്നു. ഏഷ്യന്‍ ഗയിംസിന് മുന്നാലെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കളര്‍ ടിവി നിര്‍മ്മിച്ചു തുടങ്ങിയത്. അത് പാന്‍ ഇന്ത്യ ബ്രാന്‍ഡായി.യുപി സര്‍ക്കാരിന്‍റെ അപ്ട്രോണും കേരളയുടെ കെല്‍ട്രോണുമായിരുന്നു ഈ രംഗത്ത് ഉണ്ടായിരുന്നത്.

സ്ത്രീകളുടെ സഹകരണ സംഘം വഴി റേഡിയോ അസംബ്ലിംഗും പിന്നീട് കാല്‍ക്കുലേറ്ററും വാച്ചും മറ്റും കെല്‍ട്രോണ്‍ മാര്‍ക്കറ്റിലിറക്കി. ദൂരദര്‍ശന്‍ തുടങ്ങും മുന്നെ റഷ്യന്‍ സാറ്റലൈറ്റ് ഉപയോഗിച്ച് തിരുവനന്തപുരത്തുകാര്‍ക്കായി വിഎച്ച്എസ് ടേപ്പ് ഉപയോഗിച്ച് സിനിമ ടെലികാസ്റ്റ് ചെയ്തു. 1986 ല്‍ നമ്പ്യാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറിയായി പോയതോടെ കെല്‍ട്രോണും മാര്‍ക്കറ്റില്‍ നിന്നും പടിയിറങ്ങാന്‍ തുടങ്ങി. ഗവേഷണ സ്ഥാപനമായ ഇആര്‍&ഡിസിയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു.അതാണ് ഇപ്പോഴത്തെ സി-ഡാക്. ആഗോളവത്ക്കരണവും സ്വകാര്യവത്ക്കരണവും വന്നതോടെ ബഹുരാഷ്ട്ര കമ്പനികളും വമ്പന്‍ ടെക്നോളജികളും ഇന്ത്യയിലെത്തി. കെല്‍ട്രോണും അപ്ട്രോണുമൊക്കെ നിലംപരിശായി. പ്രൊജക്ടേഴ്സും റെക്ടിഫയേഴ്സും ഡയോഡ്സും നിര്‍മ്മിക്കുന്ന സബ്സിഡിയറി കമ്പനികള്‍ അടച്ചു. ട്രാഫിക് സിഗ്നല്‍ സംവിധാനത്തില്‍ കെല്‍ട്രോണിന് ഒരു മേല്‍ക്കൈ ഉണ്ടായിരുന്നു. ഡല്‍ഹി ട്രാഫിക് സിഗ്നലൊക്കെ കെല്‍ട്രോണാണ് കൈകാര്യം ചെയ്തിരുന്നത്.

2000 ലാണ് ആലസ്യത്തിലായിരുന്ന കെല്‍ട്രോണിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങുന്നത്. നേവല്‍ ഡിഫന്‍സ് സെക്ടറിലും സ്പേയ്സ് ടെക്നോളജിയിലുമൊക്കെ കുറച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ കെല്‍ട്രോണ്‍ നിലനില്‍ക്കുന്നതും ലാഭം കൊയ്യുന്നതും സര്‍ക്കാര്‍ പദ്ധതികളുടെ ഇടനിലക്കാരായ ടോട്ടല്‍ സെല്യൂഷന്‍ പ്രൊവൈഡര്‍ എന്ന നിലയിലാണ്.

നമുക്ക് ഒരു മേഖലയിലും മികവ് കാട്ടാന്‍ കഴിയില്ലെങ്കില്‍ പിന്നെ ചെയ്യാവുന്നത് മികവുള്ളവരെ കൂട്ടിയിണക്കുന്ന ലിങ്ക് ആകുക എന്നതാണ്. അതിന്‍റെ പേരാണ് ടോട്ടല്‍‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ അഥവാ മൊത്ത പരിഹാര ദാതാവ്.ഞാന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍(ഇപ്പോള്‍ സര്‍വ്വീസിലില്ല) ഏത് പദ്ധതി വന്നാലും ചെയ്യുക കെല്‍ട്രോണ്‍,സിഡിറ്റ്, സിഡ്കോ,കെഎസ്ഐഇ തുടങ്ങിയ മൊത്ത പരിഹാര ദാതാക്കളില്‍ ആരെയെങ്കിലും ഇതങ്ങ് പിടിച്ചേല്‍പ്പിക്കുക എന്നതാണ്. അതല്ലെങ്കില്‍ ഇത്തരം ജോലികള്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള ഊരാളുങ്കല്‍,കോസ്റ്റ്ഫോര്‍ഡ്, റബ്കോ തുടങ്ങിയ സ്ഥാപനങ്ങളെ ആശ്രയിക്കും.നേരിട്ട് ക്വട്ടേഷന്‍ വിളിച്ച് നല്ല സ്ഥാപനങ്ങളെ കണ്ടെത്തി കൊടുക്കുന്നതാണ് നല്ലത്. പക്ഷെ അതിന്‍റെ തുടര്‍ച്ചയായി ലോക്കല്‍ഫണ്ട് ഓഡിറ്റ്, ഏജി ഓഡിറ്റ് ,അതിനെ തുടര്‍ന്നുള്ള ക്വറികള്‍ തുടങ്ങിയ വയ്യാവേലികള്‍ പെന്‍ഷനായി കഴിഞ്ഞാലും തുടര്‍ന്നുകൊണ്ടിരിക്കും . ഇതാകുമ്പോള്‍ ഓഡിറ്റുകളും സാമ്പത്തിക ഇടപാടുകളുടെ തൊന്തരവുമൊക്കെ പരിഹാര ദാതാവിന്‍റെ ഉത്തരവാദിത്തമാകുമല്ലൊ. തുടക്കത്തില്‍ പത്ത്-ഇരുപത് ശതമാനമൊക്കെയായിരുന്നു മൊത്ത പരിഹാര ദാതാവിന്‍റെ കമ്മീഷന്‍. ഇപ്പോഴത് വലിയ നിലയില്‍ വര്ദ്ധിച്ചു എന്നുവേണം മനസിലാക്കാന്‍. അതല്ലെങ്കില്‍ ചെറിയ ഇടപാടുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതിരുന്നതിനാലാകാം കമ്മീഷന്‍ കുറച്ചു വാങ്ങിയിരുന്നത്. ഇപ്പോഴത് യഥാര്‍ത്ഥ മൂല്യത്തിന്‍റെ മൂന്നിരട്ടി വരെയൊക്കെയായിരിക്കുന്നു എന്നത് അതിശയപ്പെടുത്തുന്നു.

ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ വച്ചുണ്ടായ ഒരനുഭവം കൂടി സൂചിപ്പിക്കട്ടെ. വകുപ്പിലെ വിഷ്വല്‍ മറ്റീരിയലുകള്‍ ആര്‍ക്കൈവ് ചെയ്യാന്‍ കെല്‍ട്രോണ്‍ എന്ന മൊത്ത പരിഹാര ദാതാവിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഒരാള്‍ ഓഫീസിലെത്തി. കെല്‍ട്രോണില്‍ നിന്നാണ് എന്നു പറഞ്ഞു. അവിടെയുള്ള ചില പരിചയക്കാരെകുറിച്ചൊക്കെ ചോദിച്ചപ്പോള്‍ ഈ ചങ്ങാതിക്ക് ആരെയും അറിയില്ല. ഒടുവില്‍ അയാള്‍ പറഞ്ഞു, ഞങ്ങള്‍ അവിടെ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ്, ഈ വര്‍ക്ക് ഞങ്ങളാണ് ചെയ്യുന്നത്. സമാനമായ വര്‍ക്ക് എവിടെയെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായി മറുപടി. പിന്നെ നിങ്ങള്‍ ഇതെങ്ങിനെ ചെയ്യും എന്ന് ചേദിച്ചപ്പോള്‍ അതിനൊക്കെ ആളിനെകിട്ടും എന്നായി. അപ്പോള്‍ മൂന്നാമന്‍ അരങ്ങേറുന്നു എന്നര്‍ത്ഥം. ആര്‍ക്കൈവ് വിഷയത്തില്‍ വകുപ്പില്‍ വിദഗ്ധരാരും ഇല്ലാത്തതിനാല്‍ ഏജന്‍സിയുടെ കഴിവ് മനസിലാക്കാനായി ഒരു സമിതിയുണ്ടാക്കി. ഏഷ്യാനെറ്റിലെ ബിജു,ഐടി മിഷനിലെ ഒരു വിദഗ്ധന്‍, ധനവകുപ്പിലെ ഒരു ദ്യോഗസ്ഥന്‍, പിആര്‍ഡിയില്‍ നിന്നും രണ്ട് പേര്‍ ഒക്കെ ഉള്‍പ്പെട്ടിരുന്നു. കെല്‍ട്രോണിനെ പ്രതിനിധീകരിക്കുന്നത് പുറത്തുനിന്നുള്ള സ്ഥാപന പ്രതിനിധിയാണ്. അയാളുടെ അറിവ് വളരെ പരിമിതമാണ് എന്ന് കണ്ടെത്തിയ സമിതി ഏഷ്യനെറ്റ് ആര്‍ക്കൈവ് കാണാനും ആ മാതൃക പിന്‍തുടരാനുമൊക്കെ തീരുമാനിച്ചു. കെല്‍ട്രോണിന്‍റെ ഇടപാടുകാരനെ പിന്നെ ഞാന്‍ കണ്ടില്ല. ഞാന്‍ ആ സീറ്റില്‍ നിന്നും മാറി കുറേ നാളുകള്‍ക്കുശേഷം പിആര്‍ഡി ഇടനാഴിയില്‍ ഈ കഥാപാത്രത്തെ കണ്ടു. അയാള്‍ പറഞ്ഞു, സാര്‍,ഞങ്ങള്‍ ആ വര്‍ക്ക് തുടങ്ങി. ഏതോ സമ്മര്‍ദ്ദത്തില്‍ വകുപ്പ് ആ ജോലി അവരെ ഏല്‍പ്പിച്ചുകാണും. ചിലപ്പോള്‍ ഭംഗിയായി ആ കൃത്യം നിര്‍വ്വഹിച്ചിട്ടും ഉണ്ടാകും.  

ഇത്തരത്തിലുള്ള അനേകം ഉടായിപ്പുകള്‍ കെല്‍ട്രോണ്‍ വശവും മറ്റ് മൊത്ത പരിഹാര സ്ഥാപനങ്ങളുടെ വശവും ഉണ്ടാകും. അത്തരത്തിലൊന്നാകണം നമ്മെസേഫ്   ആക്കാന്‍ ഏര്‍പ്പാടാക്കിയ എസ്ആര്‍ഐടിയും മറ്റ് ഉപ സ്ഥാപനങ്ങളും. ഇതൊന്നും പുതിയ കാര്യമല്ല. രണ്ടായിരത്തിന് ശേഷം നടന്ന പരിണാമത്തിന്‍റെ രീതിയാണിത്. ഇതില്‍ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവുമെല്ലാം ഉള്‍പ്പെടുന്നുണ്ടാകും. ഇതൊക്കെ ഒരു തരം നിര്‍മ്മിത ബുദ്ധിയാണ്”. എങ്കിലും പഴംചൊല്ല് മാറ്റമില്ലാതെ തുടരും. കാട്ടിലെ തടി,തേവരുടെ ആന,വലിയെടാ വലി😎


Wednesday 26 April 2023

Remembering Mamukoya

 

മാമുക്കൊയയെ ഓര്ക്കുമ്പോള്

-----------------------


പ്രിയപ്പെട്ട മാമുക്കോയയെ കുറിച്ചുള്ള ഒരോര്മ്മ ഇവിടെ പങ്കുവയ്ക്കാം. 2001 ലോ 2002 ലോ ആണെന്നുതോന്നുന്നു. ഡല്ഹി പുഷ്പവിഹാര് മലയാളി സമാജം വാര്ഷികം നടക്കുകയാണ്. ഡല്ഹി ഡവലപ്പമെന്റ് അതോറിറ്റി കമ്മീഷണര് അല്ഫോണ്സ് കണ്ണന്താനമാണ് അന്ന് ഡല്ഹി മലയാളികളുടെ ആരാധനാപാത്രം. ഡിമോളിഷന് മാന് എന്ന നിലയില് ഡല്ഹിയിലെ രാഷ്ട്രീയക്കാരെ വരെ വിറപ്പിച്ചുനില്ക്കുന്ന കാലം. അദ്ദേഹമാണ് വാര്ഷികം ഉത്ഘാടനം ചെയ്യുന്നത്. ശ്രീ.മാമുക്കോയ മുഖ്യാതിഥിയും. ഡല്ഹി ഇന്ഫര്മേഷന് ഓഫീസറായ ഞാന് ആംശസ പ്രാസംഗികനും.
അല്ഫോണ്സ് കണ്ണന്താനം ബ്ലാക് ക്യാറ്റ്സും അരയില് തോക്കുമൊക്കെയായി എത്തി. ജനം ആരാധനയോടെ നോക്കി നില്ക്കുകയാണ്. മാമുക്കോയയ്ക്ക് വല്ല സിനിമ ഷൂട്ടിംഗുമാണോ എന്ന് സംശയം തോന്നിയിട്ടുണ്ടാകും. ഏതായാലും ഉത്ഘാടകൻ ഡല്ഹിയില് താന് നടത്തുന്ന പോരാട്ടമൊക്കെ വിശദീകരിച്ചു. നിലവിലുള്ള ജനാധിപത്യ സംവിധാനത്തെ കണക്കിന് കളിയാക്കുകയും രാഷ്ട്രീയക്കാര്ക്കെതിരെ വലിയ വിമര്ശനം നടത്തുകയും ചെയ്തു. വലിയ ഹര്ഷാരവമായിരുന്നു സദസില്. തുടര്ന്നായിരുന്നു മാമുക്കോയയുടെ പ്രസംഗം. വെടിക്കെട്ട് തമാശ പ്രതീക്ഷിച്ച ജനത്തിന് മുന്നില് അദ്ദേഹം വളരെ സീരിയസ്സായി. അല്ഫോണ്സ് പറഞ്ഞതിന്റെ ചുവട് പിടിച്ച് ഒരു ഹ്രസ്വപ്രസംഗം. ജനം നിരാശരായി എന്ന് അവരുടെ മുഖഭാവം കണ്ടാല് അറിയാം.
സ്വേച്ഛാധിപതികളും സൈനികമേധാവികളും രാജാക്കന്മാരുമൊക്കെ ഭരിക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള് എത്രമോശമായ ജനാധിപത്യവും അതിനേക്കാള് മെച്ചമാണെന്നേ ഞാന് പറയൂ എന്നൊക്കെ ഞാനും പ്രസംഗിച്ചു. സമ്മേളനം കഴിഞ്ഞ് ഭക്ഷണത്തിനിരുന്നപ്പോള് ഞാന് മാമുക്കോയയോട് പറഞ്ഞു, ജനം നിങ്ങടെ തമാശ കേള്ക്കാനിരിക്കയായിരുന്നു. അപ്പോള് അദ്ദേഹം പറഞ്ഞു, എഴുതിത്തരുന്ന ഡയലോഗ് കഥാപാത്രത്തിനനുസരിച്ച് നന്നായി അവതരിപ്പിക്കും എന്നല്ലാതെ ഇന്നസന്റിനെപോലെ ഇന്സ്റ്റന്റ് നര്മ്മമൊന്നും എനിക്ക് വരൂല്ല. സിനിമയല്ലല്ലോ ജീവിതം. പിന്നീട് ഒരുപാട് നേരം സിനിമയെക്കുറിച്ചും കോഴിക്കോടിനെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു.
പിന്നീടദ്ദേഹത്തെ കണ്ടത് കോഴിക്കോടുവച്ച് സംസ്ഥാന സര്ക്കാരിന്റെ ദേശീയ നാടകോത്സവം നടത്തിയപ്പോഴാണ്. അന്ന് ഞങ്ങള് ഡല്ഹി സംഭവമൊക്കെ ഓര്ത്തെടുത്തു. മിക്ക ദിവസങ്ങളിലും നാടകം കാണാന് ഒരു സാധാരണക്കാരനെപോലെ അദ്ദേഹം വന്നിരുന്നു. നടന്റെ ആടയാഭരണങ്ങളും ഈഗോയും ഒന്നുമില്ലാതെ ഒരാസ്വാദകനായി വന്നിരുന്ന് നാടകം കണ്ട് പോയി. കോഴിക്കോടുകാര്ക്കും തങ്ങളോടൊപ്പം എപ്പോഴുമുള്ള ഒരു സാധാരണ മനുഷ്യന് തന്നെയായിരുന്നു മാമുക്കോയ എന്നെനിക്ക് തോന്നി🙏


Wednesday 19 April 2023

Campus and the mental pressure

 

കാമ്പസുകളും മാനസിക സമ്മര്‍ദ്ദവും

ഇന്നത്തെ ലോകത്ത് മനുഷ്യര്‍,പ്രത്യേകിച്ചും ചെറുപ്പക്കാര്‍ ഏറ്റവുമധികം അഭിമുഖീകരിക്കുന്നത് മാനസിക സമ്മര്‍ദ്ദങ്ങളാണ്. മത്സരത്തിന്‍റെ ലോകത്ത് വലിയ സ്വപ്നങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത് വിജയിക്കുന്നവരാണ് എല്ലാവരുടെയും മനസില്‍. ഈ മത്സരങ്ങളില്‍ പരാജയപ്പെടുന്ന ഒരു ചെറുസമൂഹത്തെ ഒപ്പം കൂട്ടാനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ടാകേണ്ടതുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐഐടി,എന്‍ഐടി,ഐഐഎം തുടങ്ങിയ ഇടങ്ങളിലെ ആത്മഹത്യകള്‍ ഇത്തരമൊരനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് . ഇത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടുക എന്നത് ഒരു വിദ്യാര്‍ത്ഥിയെ സംബ്ബന്ധിച്ചിടത്തോളം എവറസ്റ്റ് കീഴടക്കിയ സന്തോഷമാണ് പ്രധാനം ചെയ്യുക. രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വലിയ അഭിമാനവും. കഠിനാദ്ധ്വാനത്തിലൂടെയാണ് അവിടെ എത്തിപ്പെടുന്നത്. ശരിക്കും അഞ്ചാം ക്ലാസുമുതലെ ഒരു കുട്ടി ഇതിനായി ശ്രമിച്ചു തുടങ്ങുന്നു എന്നു പറയാം. പ്രത്യേകമായ കോച്ചിംഗ് കേന്ദ്രങ്ങള്‍ തന്നെ ഇവര്‍ക്കായി നടത്തുന്നുണ്ട് രാജ്യത്ത് പലയിടത്തും. എന്നാല്‍ മത്സരപരീക്ഷ വിജയിച്ച് കാമ്പസില്‍ എത്തിക്കഴിയുമ്പോഴുണ്ടാകുന്ന പലവിധ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാതെ തളര്‍ന്നു പോകുന്നവരുമുണ്ട്. കാമ്പസ് ദൂരെ നിന്നു കാണുന്നപോലെ അത്ര മോഹിപ്പിക്കുന്നതാകില്ല അടുത്ത് കാണുമ്പോള്‍.

    വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തുന്ന പെണ്‍കുട്ടി തന്‍റെ സ്വപ്നങ്ങള്‍ തകരുന്നു എന്ന് കാണുമ്പോള്‍ മാതാപിതാക്കളോട് വിവരം പറയുകയോ പരമാവധി സഹിക്കുകയോ ചെയ്യും. മാതാപിതാക്കള്‍ സമൂഹത്തോടും ബന്ധുക്കളോടും എന്ത് പറയും എന്ന ദുരഭിമാനത്തില്‍ തൂങ്ങി എങ്ങിനെയും പിടിച്ചു നില്‍ക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബ്ബന്ധിക്കും. അതിന് കഴിയാതെവരുമ്പോള്‍ അവള്‍ ആത്മഹത്യ ചെയ്യും. അതുപോലുള്ള അനുഭവമാണ് കാമ്പസുകളിലും നടക്കുന്നത്. തനിക്ക് സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ കഴിയുന്നില്ല എന്നറിയിക്കുന്ന കുട്ടിയെ അവിടെ തുടരാന്‍ രക്ഷിതാക്കള്‍ നിര്‍ബ്ബന്ധിക്കും. അതല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് മാനക്കേടാകും എന്നുകരുതി കുട്ടി അവിടെ തുടരുകയും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയും ചെയ്യും. രക്ഷിതാക്കളുടെ പിന്‍തുണ ലഭിക്കുന്ന വധു വിവാഹമോചനം നേടുന്ന പോലെ രക്ഷിതാക്കള്‍ താങ്ങാവുന്ന വിദ്യാര്‍ത്ഥി കാമ്പസില്‍ നിന്നും ഡ്രോപ്പ് ഔട്ട് ആകുന്നു. ഈ സാഹചര്യം മാറേണ്ടതുണ്ട്.

  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉന്നതമായ കാമ്പസുകളില്‍ നടന്ന ആത്മഹത്യകള്‍ 61 ആണ്. ഐഐടികളില്‍ 33, എന്‍ഐടികളില്‍ 24, ഐഐഎമ്മില്‍ നാല്. അതിസാങ്കേതികതാപഠനം നടക്കുന്ന ഐഐടി-എന്‍ഐടികളിലാണ് കൂടുതല്‍ മരണമുണ്ടായിട്ടുള്ളത്. അവിടെ സാമൂഹിക ജീവിതം ചര്‍ച്ച ചെയ്യുന്നില്ല എന്നത് ഒരു കാരണമാകാം. ഐഐഎം കുറച്ചുകൂടി സമൂഹികമായ പഠനം നടക്കുന്ന ഇടമാണല്ലൊ. ഇവിടെ ശ്രദ്ധേയമാകുന്നത് ആത്മഹത്യ ചെയ്തവര്‍ കൂടുതലും പട്ടികജാതി,പട്ടികവര്‍ഗ്ഗ ,ഓബിസി വിഭാഗത്തിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലും ഉള്‍പ്പെട്ടവരാണ് എന്നതാണ്.

  വലിയ കാമ്പസുകളില്‍ കുട്ടികള്‍ തമ്മിലോ മുതിര്‍ന്ന കുട്ടികളുമായോ അധ്യാപകരുമായോ അധികാരികളുമായോ സ്വതന്ത്രവും നീതിയുക്തവുമായ ആശയവിനിമയം നടക്കുന്നില്ല എന്നതാണ് പ്രധാന കാരണമെന്ന് ട്രിച്ചി എന്‍ഐടിയിലെ പ്രൊഫസര്‍ ഭക്തവത്സലവും ജാമിയ മിലിയയിലെ പ്രൊഫസര്‍ ഫുര്‍ഖാന്‍ ക്വാമറും ചേര്‍ന്നെഴുതിയ ലേഖനത്തില്‍ പറയുന്നു. തികച്ചും അക്കാദമികമായ വിഷയങ്ങള്‍ക്കപ്പുറം മനസുകളുടെ ഒരു വ്യാപാരം അവിടെ ഉണ്ടാകുന്നില്ല. എല്ലാവരും അവരവരുടെ പഠനത്തിലും പഠിപ്പിക്കലിലും തിരക്കായി ജീവിക്കുന്ന ഇടങ്ങളാണ് വലിയ കാമ്പസുകള്‍. അവിടെ വൈകാരികമായ വിഷയങ്ങളുടെ പ്രസക്തി നഷ്ടമാകുന്നു. അധ്യാപര്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയുടേയും മാനസിക നില അപഗ്രഥനം ചെയ്യാനുള്ള സമയമോ പാടവമോ ഇല്ല എന്നതാണ് സത്യം. ഓരോ ദുരന്തങ്ങള്‍ നടക്കുമ്പോഴും ഒരന്വേഷണവും ചില നിര്‍ദ്ദേശങ്ങളും ഉണ്ടാകുന്നു എന്നതിനപ്പുറത്തേക്ക് ഗൌരവമായ ചര്‍ച്ചകള്‍ ഇത് സംബ്ബന്ധിച്ച് ഉണ്ടാകുന്നില്ല.

ആത്മഹത്യക്ക് കാരണം അക്കാദമിക സമ്മര്‍ദ്ദം, കുടുംബപശ്ഛാത്തലം,വ്യക്തിപരമായ കാരണങ്ങള്‍,സാമ്പത്തിക പ്രശ്നങ്ങള്‍,ജാതിപരമായ വിവേചനം തുടങ്ങി പലതാകാം. ഇതില്‍ പലതും കാമ്പസില്‍ നിന്നുണ്ടാകുന്നതല്ല, വ്യക്തിയുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളാണ് കാരണമാകുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരും സമൂഹവും സ്ഥാപനങ്ങളും കുടുംബവും ചേര്‍ന്നുള്ള ഒരു സമീപനം അനിവാര്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരവും സാസംസ്ക്കാരികവും മാനസികവുമായ കൌണ്‍സിലിംഗ് നല്‍കുന്നതിന് ഔപചാരികമായ ചില സംവിധാനങ്ങള്‍ നിലവിലുണ്ട്. ഓണ്‍ലൈനായും ഓഫ് ലൈനായും രഹസ്യസ്വാഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ കൌണ്‍സിലിംഗ് നല്‍കുന്നു. ഇതിനായി ദോസ്ത്, സാഥി, മിത്ര് തുടങ്ങിയ ആപ്പുകളുമുണ്ട്. ബോധവത്ക്കരണ ക്ലാസുകളും സെന്‍സിറ്റൈസേഷന്‍ ക്ലാസുകളും നടത്താറുണ്ട്. ഇവിടെ വിദ്യാര്‍ത്ഥി താത്പ്പര്യപ്പെട്ട് കൌണ്‍സിലിംഗിന് എത്തണം എന്നൊരപകാതയുണ്ട്. പലരും ഇതിന് തയ്യാറാകാറില്ല. അതുകൊണ്ടുതന്നെ ഒരു സര്‍ക്കാര്‍ സംവിധാനം എന്നതിനപ്പുറം ഈ രീതിക്ക് ഒരു ഹൃദയമില്ലാതെ പോകുന്നു.

വികസിത രാജ്യങ്ങളില്‍ വളരെ ഗൌരവമേറിയ സൈക്കോളജിക്കല്‍ സര്‍വ്വീസാണ് നല്‍കുന്നത്. അവിടെ കൂട്ടായും വ്യക്തിപരമായും മാനസിക നിലയുടെ മൂല്യനിര്‍ണ്ണയവും കൌണ്‍സിലിംഗും കൂടിയാലോചനയും ചികിത്സയും കൃത്യമായി നടക്കുന്നു. ഇന്‍റര്‍നാഷണല്‍ അക്രഡിറ്റേഷനുള്ള സൈക്കോളജിസ്റ്റുകളും സൈക്കിയാട്രിസ്റ്റുകളും ക്ലിനിക്കല്‍ തെറാപ്പിസ്റ്റുകളും മെന്‍റല്‍ ഹെല്‍ത്ത് വര്‍ക്കേഴ്സും സോഷ്യല്‍ വര്‍ക്കേഴ്സും ഇതിന്‍റെ ഭാഗമാകുന്നു. ഇത്തരം വിപുലമായ സംവിധാനം വലിയ കാമ്പസുകളില്‍ വരേണ്ടതുണ്ട്. സംവരണത്തിന്‍റെ ആനുകൂല്യം ചിലര്‍ക്ക് നല്‍കേണ്ടിവരുന്നത് എന്തുകൊണ്ട് എന്ന് തിരിച്ചറിയാന്‍ കഴിയും വിധം മറ്റുള്ളവരെ ബോധവത്ക്കരിക്കുകയും സംവരണത്തിന്‍റെ ആനുകൂല്യത്തില്‍ എത്തിപ്പെട്ടവരേയും ഒപ്പം ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകേണ്ടതിന്‍റെ ആവശ്യകത മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ബുദ്ധിപരമായ ഏറ്റക്കുറച്ചിലുകള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്നും ഓരോ ആളുകള്‍ക്കും ജന്മസിദ്ധമായി അവരവരുടേതായ മെരിറ്റും ഡീമെരിറ്റ്സും ഉണ്ടെന്നുംബോധ്യമാക്കുകയും പരമാവധി ടീം വര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ പുതുതായി എത്തുന്നവരുടെ മെന്‍റര്‍ ആക്കുന്ന ഒരു രീതി ഗുണകരമാകും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും രണ്ടാം വര്‍ഷക്കാരന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എന്ന മട്ടിലുള്ള ഈ മെന്‍റര്‍ഷിപ്പ് ഗുണകരമാകും.

എക്സ്ട്രാ കരിക്കുലാര്‍ ആക്ടിവിറ്റികളും ഇടയ്ക്കൊക്കെ കുടുംബത്തോടൊപ്പമുള്ള കൌണ്‍സിലിംഗുകളും സാഹചര്യം മെച്ചമാക്കാന്‍ സാഹായിച്ചേക്കും. ഈയിടെ ചേര്‍ന്ന ഐഐടി കൌണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി –എക്സിറ്റ് ഓപ്ഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് നല്ലൊരു നിലപാടാണ്. പഠന സമ്മര്‍ദ്ദം കുറയ്ക്കാനും പരാജയഭീതിയും പിന്‍തള്ളപ്പെടുമെന്ന ഭീതിയും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവേചനപരമായ സമീപനങ്ങള്‍ക്കെതിരെ കടുത്ത നടപടികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യക്ക് മാത്രമല്ല ലോകത്തിനാകെത്തന്നെ വലിയ സംഭാവന ചെയ്യാന്‍ കഴിയുന്ന മിടുക്കരായ കുട്ടികളില്‍ ഒരാള്‍പോലും ഇനി ആത്മഹത്യ ചെയ്യാന്‍ ഇടവരാത്തവിധം കാമ്പസുകള്‍ ജൈവീകമാകും എന്ന് പ്രതീക്ഷിക്കാം.

Tuesday 18 April 2023

When paracetamol is dangerous !!

 

പാരസെറ്റമോള്‍ അപകടകാരിയാകുമ്പോള്‍!!

കുട്ടികള്‍ക്ക് പനി വരുമ്പോള്‍ മാതാപിതാക്കള്‍ ഡോക്ടറെ കണ്ടും അല്ലാതെയും കുട്ടികള്‍ക്ക് നല്‍കുന്ന മരുന്നാണ് പാരസെറ്റമോള്‍. മുതിര്‍ന്നവര്‍ക്ക് ഭക്ഷണം പോലെ പ്രിയപ്പെട്ടതും. എന്തിനും ഏതിനും സംഹാരി പാരസെറ്റമോളാണ്. ശിശുരോഗ വിദഗ്ധരെ ഇപ്പോള്‍ ആശങ്കയിലാക്കിയിരിക്കുന്നത് കുട്ടികളിലെ പാരസെറ്റമോള്‍ അമിതോപയോഗമാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവിനപ്പുറം ഒരു കാരണവശാലും പാരസെറ്റമോള്‍ നല്‍കരുത് എന്നതാണ് പുതിയ നിര്‍ദ്ദേശം.

ഇപ്പോഴത്തെ പുതിയ വൈറല്‍ പനികള്‍ മിക്കപ്പോഴും ശ്വാസസംബ്ബന്ധിയായവയാണ്. ഇവ കുറച്ചു കടുപ്പവുമാണ്. ആദ്യ മൂന്ന് നാല് ദിവസം കടുത്ത പനിയുണ്ടാകും. പിന്നീടത് കുറഞ്ഞ് ആറ് ഏഴ് ദിവസം കൊണ്ട് നോര്‍മലാകും. വൈറല്‍ രോഗങ്ങള്‍ക്ക് അലോപ്പതിയില്‍ മരുന്നില്ല എന്നതിനാല്‍ ലക്ഷണങ്ങള്‍ക്കാണ് ചികിത്സ. വൈറല്‍പനി ചികിത്സിച്ചാല്‍ ഏഴ് ദിവസംകൊണ്ടും ചികിത്സിച്ചില്ലെങ്കില്‍ ഒരാഴ്ചകൊണ്ടും മാറും എന്ന് തമാശയായി ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. കാഞ്ചി കാമകോടി ചൈല്‍ഡ്സ് ട്രസ്റ്റ് ഹോസ്പ്പിറ്റലിലെ ഡപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ജനനി ശങ്കര്‍ പറയുന്നത് ആദ്യ മൂന്ന് നാളുകളില്‍ ചൂട് വിടാതെ നില്‍ക്കുമ്പോഴാണ് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഈ ഓവര്‍ഡോസ് നല്‍കുന്നതെന്നാണ്. പനി 105-106 ല്‍ എത്തുമ്പോഴെല്ലാം മരുന്ന് നല്‍കുന്നത് അപകടമാണ്. പനി കൂടി അപസ്മാരമുണ്ടാകും എന്ന ഭയത്തില്‍ നിന്നാണ് ഇതുണ്ടാകുന്നത്. നനഞ്ഞ തുണികൊണ്ട് തുടച്ച് പരമാവധി ചൂട് നിയന്ത്രിക്കാവുന്നതാണ്.

പാരസെറ്റമോള്‍ അധികമായി ഉള്ളില്‍ ചെല്ലുന്നതോടെ ഛര്‍ദ്ദിയും മയക്കവും കരള്‍ വീക്കവും ഉണ്ടാകും. ആശുപത്രിയിലെ റെക്കോര്‍ഡ് പ്രകാരം നാല് മാസം പ്രായമായ കുട്ടികള്‍ മുതല്‍ 17 വയസ്സെത്തിയവര്‍ വരെ പാരസെറ്റമോള്‍ ഓവര്‍ഡോസിന് ചികിത്സ തേടി എത്തിയിട്ടുണ്ട്. രണ്ടും നാലും മണിക്കൂറിന്‍റെ ഇടവേളകളില്‍ കഴിക്കുന്ന മരുന്നാണ് ഓവര്‍ഡോസായി പരിണമിക്കുന്നത്. ഇന്‍സ്റ്റിട്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ഡയറക്ടര്‍ രമ ചന്ദ്രമോഹന്‍ പറയുന്നത് പനിയെ വല്ലാതെ ഭയക്കരുത് എന്നാണ്. ശരീരത്തിലുള്ള രോഗാണുവിനോട് ശരീരം പ്രതികരിക്കുന്നതിന്‍റെ ലക്ഷണമാണ് പനി. അതുകൊണ്ടുതന്നെ പനിയെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. തെര്‍മോമീറ്റര്‍ വച്ച് സ്ഥിരമായി ചൂട് അളക്കുകയും ഡോക്ടറെ അറിയിക്കുകയുമാണ് വേണ്ടത്. ഡോക്ടര്‍ നിശ്ചയിക്കുന്ന ഡോസിനപ്പുറം മരുന്ന് നല്‍കാന്‍ പാടില്ല. പാരസെറ്റമോള്‍ തുള്ളികളും സിറപ്പും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത മാതാപിതാക്കളുണ്ട്. അവര്‍ സംശയങ്ങള്‍ തീര്‍ത്ത് വേണം ഡോക്ടറുടെ അടുത്തുനിന്നും പോകാന്‍. ഒരു മില്ലി പാരസെറ്റമോള്‍ തുള്ളി 5 മില്ലി സിറപ്പിന് തുല്യമാണ്. സിറപ്പിന് പകരം ഡ്രോപ്പ്സ് വാങ്ങി അളവ് തെറ്റി നല്‍കുന്നതും അപകടമാണ്. ദിവസം നാല് നേരത്തിലധികം പാരസെറ്റമോള്‍ ഒരു കാരണവശാലും കുട്ടികള്‍ക്ക് നല്‍കരുത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എന്താണ് പാരസെറ്റമോള്‍? വേദന കുറയ്ക്കാനും പനി കുറയാനും സഹായിക്കുന്ന അസെറ്റാമിനോഫെന്‍ എന്ന കെമിക്കലാണ് പാരസെറ്റമോള്‍. ഇവ അനാള്‍ജെസിക്കും ആന്‍റിപൈററ്റിക്സും ആണ്. തലവേദന, പേശിവേദന, പല്ലുവേദന,ആര്‍ത്തവ സംബ്ബന്ധിയായ വയറുവേദന, വാതസംബ്ബന്ധിയായ വേദനകള്‍ എന്നിവയ്ക്കും പനി കുറയ്ക്കാനും ഇവ ഉപയോഗിക്കുന്നു.വേദനയും പനിയുമുണ്ടാക്കുന്ന ചില കെമിക്കലുകള്‍ ശരീരത്തില്‍ ഉത്പ്പാദപ്പിക്കുന്നതിനെ തടയുക എന്നാതാണ് പാരസെറ്റമോള്‍ ചെയ്യുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിച്ചാല്‍ കുഴപ്പമില്ല ,എന്നാല്‍ പാരസെറ്റമോള്‍ അധികമായാല്‍ പണി കിട്ടും എന്നുറപ്പ്👀

Monday 17 April 2023

Criminals and politics

ക്രിമിനലുകളും രാഷ്ട്രീയവും 

നമ്മള്‍ വായിച്ചറിഞ്ഞിട്ടുള്ള ഏറ്റവും വലിയ അധോലോകം ദാവൂദ് ഇബ്രാഹിമിന്‍റേതാണ്. വലിയ ക്രൂരതകള്‍ അരങ്ങേറിയ മുംബയില്‍ നിന്നും ദുബായിലും പാകിസ്ഥാനിലും ചേക്കേറി ദാവൂദ് രക്ഷപെട്ടു. ഇപ്പോഴും ജീവിക്കുന്നു. രാഷ്ട്രീയ-സിനിമ-പോലീസ് –ഭരണസംവിധാന ബന്ധങ്ങള്‍ ശക്തമായിരുന്നു ദാവൂദിന്. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള അധോലോകനായകന്മാരുടെ പിടിയിലാണ്. അവര്‍ രാഷ്ട്രീയത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കാളികളാകുന്നു.ജനങ്ങളെ ഭയപ്പെടുത്തിയോ അവരുടെ ആരാധനാ പാത്രമായോ സ്വാധീനിച്ചോ അവര്‍ എംഎല്‍എ ആകുന്നു അല്ലെങ്കില്‍ എംപി ആകുന്നു. തന്‍റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയാക്കുകയാണ് ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തെ. ഇത്തരത്തിലുള്ള നൂറുകണക്കിന് ക്രിമിനലുകളുടെ പ്രതിനിധിയാണ് ഉത്തര്‍പ്രദേശില്‍ മരണപ്പെട്ട ആതിഖ് അഹമ്മദ്. 1979 ല്‍ പതിനെട്ടാം വയസില്‍ ഒരു കൊലപാതകം നടത്തി രംഗത്തെത്തിയ ആതിഖ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍റെ അതിരുകളിലൂടെ ഇക്കാലമത്രയും ചുമ്മ നടക്കുകയായിരുന്നു. തന്റെ ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ പിന്നാലെ നടക്കുന്നതിലും നല്ലത് സ്വയം ജനപ്രതിനിധിയാവുകയാണ് എന്നു മനസിലാക്കി 1989 ല്‍ അലഹബാദ് വെസ്റ്റില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എ ആയി. 1991 ലും 1993 ലും സീറ്റ് നിലനിര്‍ത്തി. 1996 ല്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിച്ചു ജയിച്ചു. പിന്നീട് അപ്നാദളില്‍ ചേരുകയും 2002 ല്‍ വീണ്ടും ജയിക്കുകയും ചെയ്തു. 2004 ല്‍ ഫുല്‍പ്പൂരില്‍ നിന്നും അന്‍പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ലോക്സഭയിലെത്തി. ആ വര്‍ഷം തന്നെയാണ് സഹോദരന്‍ അഷ്റഫിനെ അലഹബാദ് വെസ്റ്റില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. അയാള്‍ ബിഎസ്പിയുടെ രാജു പാലിനോട് തോറ്റു. 2005 ജാനുവരിയില്‍ രാജുപാലിനെ കൊലചെയ്തു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ രാജു പാലിന്‍റെ ഭാര്യ പൂജയെ അഷ്റഫ് തോല്‍പ്പിച്ചു. രാജുപാലിന്‍റെ കൊലയിലെ മുഖ്യസാക്ഷി അഡ്വക്കേറ്റ് ഉമേഷ് പാലിനെ 2006 ല്‍ തട്ടിക്കൊണ്ടുപോവുകയും കേസാവുകയും ചെയ്തു. 2008 ല്‍ ആതിഖ് പോലീസിന് കീഴടങ്ങി. ഇയാളെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പിന്നീട് ജാമ്യത്തിലിറങ്ങി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2023 ഫെബ്രുവരി 24 നാണ് ഉമേഷ്പാലിനെ കൊലപ്പെടുത്തിയത്. ജയിലില്‍ ഇരുന്നുകൊണ്ട് ആസൂത്രണം ചെയ്തതായിരുന്നു ആ കൊല. ഇത് കോളിളക്കം സൃഷ്ടിച്ചതോടെയാണ് ഇപ്പോഴുണ്ടായ സംഭവങ്ങള്‍. ആതിഖിന്‍റെ 19കാരനായ മകന്‍ പോലീസ് ഏറ്റുമുട്ടലില്‍ മരിച്ചു.അടുത്ത ദിവസം ആതിഖും സഹോദരന്‍ അഷ്റഫും പോലീസുകാരുടെയും മാധ്യമങ്ങളുടെയും മുന്നില്‍ വച്ച് അരുണ്‍ മൌര്യ, സണ്ണി, ലവ്ലേഷ് തിവാരി എന്നീ മൂന്ന് ചെറുപ്പക്കാരുടെ വെടിയേറ്റ് മരിച്ചിരിക്കയാണ്. ചില സിനിമകളില്‍ കാണുന്നപോലെ ,പുതിയ അധോലോകം ഉടലെടുക്കുകയാണ്. നിലവിലെ വലിയൊരു സാമ്രാജ്യം തകര്‍ന്നടിഞ്ഞു. ഇവിടെ പ്രസക്തമാകുന്ന പല വിഷയങ്ങളുണ്ട്. ഒന്ന് ഏത് ക്രിമിനലിനും നാട്ടില്‍ ജനപ്രതിനിധിയായി ആ സൌകര്യങ്ങളുപോയോഗിച്ച് മാഫിയ നേതാവായി വാഴാന്‍ കഴിയുന്നു എന്നതാണ്. ഇത് നമ്മുടെ ഭരണഘടനയും നിയമങ്ങളും ഉണ്ടാക്കിയവരുടെ ഭാഗത്തുണ്ടായ പിഴവായി കാണേണ്ടതുണ്ട്. ഇലക്ഷന്‍ കമ്മീഷനിലെ നിയമങ്ങളും മാറേണ്ടിയിരിക്കുന്നു. മറ്റൊന്ന് ക്രിമിനലുകളെ പോറ്റുന്ന രാഷ്ട്രീയക്കാരാണ്. ഇവര്‍ പൊതുസമൂഹത്തിന് ഗുണമല്ല ദോഷമാണ് ഉണ്ടാക്കുന്നത്. മറ്റൊന്ന് നൂറിലേറെ കേസുകള്‍ ഉണ്ടായിട്ടും ഒരാള്‍ക്ക് കൂസലില്ലാതെ വീണ്ടും വീണ്ടും കൊലകളും കുറ്റങ്ങളും ചെയ്യാന്‍ സൌകര്യമൊരുക്കുന്ന നമ്മുടെ ജുഡീഷ്യറി ഉള്‍പ്പെടെയുള്ള സംവിധാനമാണ്. സാക്ഷികളെ ഭയപ്പെടുത്തിയും തെളിവുകള്‍ നശിപ്പിച്ചും മികച്ച വക്കീലന്മാരെ വച്ചും ജഡ്ജിമാരെപോലും ഭയപ്പെടുത്തിയും അവനവന് ആവശ്യമായ വിധി സമ്പാദിക്കുന്ന സംവിധാനത്തിന് എന്ന് മാറ്റം വരും. വെറും സാങ്കേതികതയില്‍ നിന്നും നമ്മള്‍ മാറേണ്ടതില്ലെ. അതിന് പരിഹാരം ഏറ്റുമുട്ടല്‍ കൊലയോ അല്ലെങ്കില്‍ ഒരു ക്രിമിനലിനെ ഇല്ലാതാക്കാന്‍ മറ്റൊരു ക്രിമിനലിനെ വളര്‍ത്തുകയാണോ എന്നൊക്കെ നിരവധി ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഏതായാലും വലിയതോതിലുള്ള അഴിച്ചുപണികളിലൂടെ മാത്രമെ അന്തസും ആഭിജാത്യവുമുള്ള ജനതയായി ഇന്ത്യന്‍ സമൂഹത്തെ മാറ്റാന്‍ കഴിയൂ എന്നത് ഉറപ്പ്. ദുഷ്ടനെ പനപോലെ വളര്‍ത്തുന്നത് ദൈവമല്ല, രാഷ്ട്രീയ സംവിധാനവും അധികാര ശ്രേണികളുമാണ് എന്നത് സാധാരണ ജനങ്ങള്‍ മാത്രം തിരിച്ചറിഞ്ഞാല്‍ പോര, സംവിധാനങ്ങള്‍ മൊത്തമായി രാകിമിനുക്കേണ്ടതുണ്ട്.

Sunday 16 April 2023

Honour killing continiues ,so tragic

 

വീണ്ടും ദുരഭിമാന കൊല

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഉതന്‍ഗരെയിലെ ഒരു തയ്യല്‍ക്കാരനാണ് ദണ്ഡപാണി. അന്‍പത് വയസുകാരനായ ഇയാളുടെ ഇരുപത്തിയേഴ് വയസുള്ള മകന്‍ സുഭാഷ് തിരുപ്പൂരിലെ ഒരു ഗാര്‍മെന്‍റ് ഫാക്ടറിയിലെ ജീവനക്കാരനാണ്. അവന്‍ അവിടെ ജോലി ചെയ്യുന്ന അരിയനല്ലൂര്‍കാരി ഇരുപത്തിയഞ്ച് വയസുള്ള അനുസൂയയുമായി പ്രണയത്തിലാകുന്നു. ആ കൂട്ടി പട്ടികജാതിയില്‍പെട്ടവളാണ്.ദണ്ഡപാണി വിവാഹത്തെ എതിര്‍ക്കുന്നു. അത് വകവയ്ക്കാതെ അവര്‍ മാര്‍ച്ച് 27ന് തിരുപ്പൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. തിരുപ്പട്ടൂരില്‍ ഒരു വാടക വീടെടുത്ത് താമസവുമായി. ദണ്ഡപാണി ദേഷ്യം പുറത്തുകാട്ടാതെ അയാളുടെ അമ്മ എഴുപത് വയസുകാരി കണ്ണമ്മയെ കൊണ്ട് അവരെ അരുണപതിയിലുള്ള വീട്ടിലേക്ക് ക്ഷണിച്ചു. അച്ഛന്‍റെ മനസ് മാറിയതാകും എന്ന് മകനും മകന്‍ എല്ലാം ക്ഷമിച്ചതാകുമെന്ന് ദണ്ഡപാണിയുടെ അമ്മയും കരുതി.

അങ്ങിനെ തമിഴ് പുതുവര്‍ഷം തുടങ്ങുന്ന ഏപ്രില്‍ 14ന് അവര്‍ അരുണപതിയിലെ വീട്ടിലെത്തി അവിടെ തങ്ങി. ഏപ്രില്‍ 14 അംബദ്ക്കറുടെ ജന്മദിനമാണ് എന്നത് യാദൃശ്ചികം. സമുദായനേതാക്കള്‍ക്കും ആചാരങ്ങള്‍ക്കും വലിയ പ്രാധാന്യമുള്ള തമിഴ്നാട്ടില്‍ ദണ്ഡപാണി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നിരിക്കണം. അയാള്‍ ആ രാത്രിയില്‍ ഉറങ്ങിയില്ല. ഒരുപക്ഷെ സ്വജാതിയില്‍പെട്ട പലരോടും ചര്‍ച്ചകളും നടത്തിയിട്ടുണ്ടാകും. ഏതായാലും ശനിയാഴ്ച വെളുപ്പിന് അയാള്‍ മകനും മരുമകളും കിടക്കുന്ന മുറിയില്‍ കയറി അവനെ കത്തികൊണ്ട് വെട്ടാന്‍ തുടങ്ങി. അവന്‍റെ അലര്‍ച്ച കേട്ട് ഓടിവന്ന കണ്ണമ്മാളും അനുസൂയയും അച്ഛനെ തടയാന്‍ ശ്രമിച്ചു. അയാള്‍ അവരെയും ആക്രമിച്ചു. അമ്മുമ്മയും മകനും അവിടെത്തന്നെ മരിച്ചുവീണു. അനുസൂയ അതീവഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയിലുമായി.വൈകിട്ടോടെ ദണ്ഡപാണിയെയും അറസ്റ്റു ചെയ്തു. അയാള്‍ ആത്മഹത്യക്ക് ശ്രമം നടത്തിയതായും തെളിഞ്ഞു.

ഇവിടെ പ്രസക്തമാകുന്ന ചില കാര്യങ്ങളുണ്ട്. സ്വന്തം അമ്മയേക്കാളും മകനേക്കാളും അയാള്‍ പ്രാധാന്യം നല്‍കിയത് അയാളുടെ ജാതിക്കാണ്. തനിക്ക് ജന്മം നല്‍കിയ അമ്മയേയും താന്‍ ജന്മം കൊടുത്ത മകനേയും വെട്ടി അരിയാന്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായില്ല. മതതീവ്രവാദികളും മറ്റും നടത്തുന്ന കൊലയേക്കാള്‍ ഭീകരമാണിത്. ഇന്ത്യ സ്വതന്ത്രയായി എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭീകരമായ ജാതിവാദമാണ് ഇവിടത്തെ ഹിന്ദുസമൂഹം ഗൌരവമായി കാണേണ്ടത്. ആര്‍എസ്എസ് സത്യസന്ധമായി ഹിന്ദുസമൂഹത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത്തരം അരുംകൊലകള്‍ നടക്കാത്തവിധം സമൂഹത്തെ ബോധവത്ക്കരിക്കാന്‍ ശ്രമം ആവശ്യമാണ്. കുറഞ്ഞപക്ഷം മാതാപിതാക്കള്‍ക്ക് ഇത്തരം വിവാഹങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ കുട്ടികളെ സ്വതന്ത്രമായി ജീവിക്കാനെങ്കിലും അനുവദിക്കണം. ഇവിടെ ഒരു കുടുംബം പൂര്‍ണ്ണമായും ഇല്ലാതാകുകയും വിവാഹജീവിതം സ്വപ്നം കണ്ട ഒരു പെണ്‍കുട്ടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരക്കേണ്ടതായും വന്നിരിക്കയാണ്. എങ്ങിനെയാണ് ഒരു സാധാരണക്കാരനായ മനുഷ്യന്‍ പെട്ടെന്ന് ഇത്ര വലിയ ക്രൂരനായി മാറുന്നത് എന്ന് മനസിലാക്കാന്‍ കഴിയുന്നില്ല. മൃഗങ്ങളില്‍ നിന്നും നീചമായ അകലം പാലിക്കുകയാണ് ഇത്തരം കൃത്യങ്ങളിലൂടെ മനുഷ്യര്‍ ചെയ്യുന്ന്. മൃഗത്തിന് ഇത്തരം വൃത്തികെട്ട അക്രമവാസന ഇല്ലല്ലോ

Thursday 13 April 2023

A memorandum submitted by Idukki Chinnakkanal Arikkomban

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് ഇടുക്കി ചിന്നക്കനാല്‍ താമസം അരിക്കൊമ്പന്‍ സമര്‍പ്പിക്കുന്ന നിവേദനം 

ബഹുമാനപ്പെട്ട ഹൈക്കോടതി എന്നോട് കാട്ടുന്ന സ്നഹവും കാരണ്യവും താങ്കള്‍ അറിഞ്ഞിട്ടുണ്ടാവുമല്ലൊ. ഇപ്പോള്‍ കുറേ കാലമായി കാട്ടുജീവികളും നാട്ടുജീവികളായ മനുഷ്യരും തമ്മില്‍ നടക്കുന്ന ജീവിതമത്സരവും എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ. സത്യത്തില്‍ കാടും നാടും എന്ന രീതി വിട്ട് എല്ലാവരും ഒന്നിച്ചു കഴിയുന്നതാണ് നല്ലത്. മനുഷ്യരുടെ മോശപ്പെട്ട സ്വഭാവങ്ങളൊക്കെ കുറച്ചു മാറി കിട്ടിയേനെ. അതിനുള്ള സാധ്യത വിദൂരമാണ് എന്നതിനാല്‍ വിഷയത്തിലേക്ക് കടക്കാം. കാട്ടില്‍ ഭക്ഷണമൊക്കെ തീരെ കുറഞ്ഞുതുടങ്ങി. ഹൈക്കോടതി പറഞ്ഞപോലെ,പുല്ലൊക്കെ നശിപ്പിച്ച് യൂക്കാലിപ്റ്റസ് നട്ടുപിടിക്കുന്നതരം തലതിരിഞ്ഞ പരിപാടികളാണല്ലൊ നിങ്ങള്‍ക്കുള്ളത്. ഞങ്ങള്‍ക്ക് ആഹാരമാകുന്ന ഈറ്റയൊക്കെ വെട്ടിനശിപ്പിച്ചു. അങ്ങിനെ ഇരിക്കെയാണ് ഒരു ദിവസം കുറച്ച് അരി കഴിക്കാന്‍ ഇടയായത്. സത്യം പറയാമല്ലൊ, നിങ്ങള്‍ മനുഷ്യര്‍ മദ്യം കഴിക്കുകയോ കഞ്ചാവ് പുകയ്ക്കുകയോ ചെയ്യുന്നപോലെ ഒരു അഡിക്ഷന്‍ എനിക്ക് വന്നുപോയിരിക്കുന്നു. അതുകൊണ്ടാണ് ഈ കാണുന്ന പ്രക്ഷോഭമൊക്കെ എന്ന് മനസിലായി . എന്നെ പിടിച്ച് പാലക്കാട്ടുള്ള പറമ്പിക്കുളത്ത് നടതള്ളാം എന്ന് കരുതുന്നത് ശരിയല്ല. അവിടെയും പച്ചരി തിന്ന് ജീവിക്കുകയെ നിവര്‍ത്തിയുള്ളു. നാറാണത്തുകാരന്‍ പറഞ്ഞപോലെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുന്നതിന് തുല്യമാകും ആ തീരുമാനം. അങ്ങിനെ ചെയ്യുന്നതിന് മയക്കുവെടി വയ്ക്കണം. അതെനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല. വരുംകാലം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. പിന്നെ ഈ കുങ്കികളും കൂടും വണ്ടിയും അനുസരിപ്പിക്കലും ഒക്കെയായി അനാവശ്യകാര്യങ്ങളിലേക്ക് സംഗതി നീക്കണ്ട. കാടിനുള്ളില്‍ വലിയ വാഹനവ്യൂഹമുണ്ടാക്കുന്നതൊന്നും എനിക്കിഷ്ടമല്ല. എന്‍റെ മൃഗ സുഹൃത്തുക്കളും അതിഷ്ടപ്പെടുന്നില്ല. ആയതിനാല്‍ താഴെ പറയുന്ന നിര്‍ദ്ദേശം നടപ്പിലാക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ചിന്നക്കനാല്‍ അരിക്കൊമ്പന്‍ എന്ന എന്നെ നാട്ടിലെ റേഷന്‍ ഡീലേഴ്സ് അസോസിയേഷനെ ഏല്‍പ്പിക്കുക. ഒരു ദിവസം ഒരു റേഷന്‍ കട എന്ന നിലയില്‍ നമുക്ക് അരി എത്തിച്ചുനല്‍കുക. അതല്ലെങ്കില്‍ അടിയന്‍ അവിടെ എത്തി ഏറ്റുവാങ്ങിക്കൊള്ളാം. ആ പ്രദേശത്ത് റേഷനരി സറണ്ടര്‍ ചെയ്യാനാഗ്രഹിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് അരിക്കൊമ്പനുവേണ്ടി എന്ന് പറഞ്ഞ് അരി സറണ്ടര്‍ ചെയ്യാന്‍ അനുവദിക്കുക. അരിക്ക് പകരം ഗോതമ്പോ ചെറുധാന്യമോ ആയാലും സ്വീകാര്യം. കോടതിയും ഇത് അംഗീകരിക്കും എന്നാണ് എന്‍റെ വിശ്വാസം. സമക്ഷത്തില്‍ നിന്നും ദയവുണ്ടായി ഈ അപേക്ഷ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. നന്ദിയോടെ , താങ്കളുടെ അരിക്കൊമ്പന്‍

Wednesday 12 April 2023

When CPI is not a national party ??---

 

സി പി ഐ ദേശീയ പാർട്ടി അല്ലാതാകുമ്പോൾ

================================================

സത്യം പറയുമ്പോൾ വിഷമം തോന്നരുത്. ഒരു മുന്‍ സി പി ഐ കുടുംബാംഗം എന്ന നിലയില്‍ പാര്‍ട്ടിയുടെ ഈ അവസ്ഥയില്‍ വിഷമമുണ്ട്. പക്ഷെ പ്രകൃതി നിയമം അനുസരിച്ച് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെ സംരക്ഷിക്കുന്നപോലെ പ്രസ്ഥാനങ്ങളെ സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയില്ലല്ലോ. ഇവിടെ ശക്തന്മാര്‍ക്കേ നിലനില്‍പ്പുള്ളു. ദുര്‍ബ്ബലനും ഉറച്ച നിലപാടില്ലാത്തവനും ഇല്ലാതെയാകും.

 

 ഞാന്‍ പാര്‍ട്ടിയില്‍ വന്നത് രാഷ്ട്രീയം പഠിച്ചിട്ടല്ല. അച്ഛന്‍ സിപിഐയിലായിരുന്നു. അതുകൊണ്ട് ഞാനും അങ്ങിനെയായി. ഞാന്‍ മാത്രമല്ല ജ്യേഷ്ഠനും. നാട്ടില്‍ അമ്മയുടെ ബന്ധുക്കള്‍ ഭൂരിപക്ഷവും സിപിഎമ്മിലും. അവരെല്ലാം കൂടി പലതരത്തില്‍ അച്ഛനെ രാഷ്ട്രീയമായി ഉപദ്രവിക്കുന്ന കാഴ്ചകള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ഇത് വ്യക്തിപരമായ കാര്യം.

 

 ഇനി രാഷ്ട്രീയം നോക്കാം. 1920 ല്‍ താഷ്കെന്‍റില്‍ തുടങ്ങിയ ചര്‍ച്ചകളും ഇന്ത്യയില്‍ പലയിടത്തായി നടന്ന ചര്‍ച്ചകളുമാണ് 1925 ല്‍ കാണ്‍പൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന് കാരണമായത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നിസഹകരണ പ്രസ്ഥാനവും സത്യാഗ്രഹവുമൊന്നും സ്വാതന്ത്ര്യം നേടിത്തരില്ലെന്നും സായുധ സമരം വേണമെന്നതുമായിരുന്നു പാര്‍ട്ടി നിലപാട്. ഇതിലെ അപകടം മണത്തറിഞ്ഞ ബ്രിട്ടന്‍ പ്രസ്ഥാനത്തെ തുടക്കത്തിലെ അടിച്ചൊതുക്കി. 1942 വരെ അവിടവിടെ ചില കൂട്ടായ്മകള്‍ മാത്രമുണ്ടായി. എന്നാല്‍ ബ്രിട്ടനും റഷ്യയും ചങ്ങാത്തത്തിലായതോടെ പാര്‍ട്ടിയെ നിയമവിധേയമാക്കി. ക്വിറ്റ് ഇന്ത്യ സമരത്തിന് എതിര്‍നിന്നതോടെ ബ്രിട്ടന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വീകാര്യരായി. പാര്‍ട്ടിയിലുണ്ടായ ആദ്യ മായം ചേര്‍ക്കലായി ഇതിനെ കാണാം. തീവ്രനിലപാടില്‍ നിന്നും കോണ്‍ഗ്രസിനേക്കാള്‍ താണഅവസ്ഥയിലേക്ക് പാര്‍ട്ടി പോയി. എന്നിട്ടും പ്രസ്ഥാനം ക്ലച്ച് പിടിച്ചില്ല. ഇന്ത്യ വിഭജനത്തെ എതിര്‍ത്തുനിന്ന പാര്‍ട്ടി സ്വാതന്ത്യദിനാചരണത്തില്‍ നിന്നും വിട്ടുനിന്നു.

 

തുടര്‍ന്ന് പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ ഭാഗമായി തീര്‍ന്ന് കമ്മ്യൂണിസം ഉപേക്ഷിച്ചു. പ്രതിപക്ഷം എന്ന നിലയില്‍ ശക്തിപ്രാപിച്ചു. സാധാരണക്കാരെ ആകര്‍ഷിക്കുന്ന മികച്ച നയങ്ങളായിരുന്നു പാര്‍ട്ടിയുടേത്. സ്ത്രീകള്‍ക്ക് തുല്യപരിഗണന, പ്രായപൂര്‍ത്തി വോട്ടവകാശം, സ്വകാര്യസ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണം, ഭൂപരിഷ്ക്കരണം,താണജാതിക്കാര്‍ക്ക് സാമൂഹ്യനീതി,അവകാശങ്ങള്‍ക്കായി സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശം എന്നിവയായിരുന്നു അവ.

 

 1951 ഓടെ പ്രായോഗിക രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞ് , ജനകീയ ജനാധിപത്യത്തില്‍ നിന്നും ദേശീയ ജനാധിപത്യത്തിലേക്ക് ചുവട് മാറ്റി. 1951,57,62 ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ നല്ല നേട്ടമുണ്ടാക്കി. 1957 ല്‍ കേരളത്തില്‍ അധികാരത്തിലുമെത്തി. എന്നാല്‍ പാര്‍ട്ടിയിലെ പ്രമാണിമാര്‍ തമ്മിലുള്ള അസൂയ നിറഞ്ഞ സംഘട്ടനങ്ങള്‍ അന്നേ ആരംഭിച്ചിരുന്നു. ഏതായാലും ഭൂപരിഷ്ക്കരണവും വിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങളുമൊക്കെ കേരളത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു. ജാതി-മത നേതാക്കള്‍ക്ക് പ്രാധാന്യം ലഭിക്കാതെ പോയ ആ സര്‍ക്കാരിനെ മതനേതാക്കളും കോണ്‍ഗ്രസും ചേര്‍ന്ന് അട്ടിമറിച്ചു. നെഹ്റുവിന്‍റെ ആദ്യത്തെ ഫാസിസ്റ്റ് നടപടിയായിരുന്നു അത്. 1960 ഓടെ പാര്‍ട്ടി ദുര്‍ബ്ബലപ്പെടാന്‍ തുടങ്ങി.

 

1962 ലെ ചൈന ആക്രമണത്തോടെ പാര്‍ട്ടി നേതാക്കളുടെ കുറുമ്പിന് ശക്തി കൂടി. ഒരാള്‍ സോവിയറ്റ് കമ്മ്യൂണിസമാണ് ശരി എന്ന് വിശ്വസിക്കുമ്പോള്‍ അയാളെ ഇഷ്ടമില്ലാത്തവര്‍ ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്നു. ഇന്ത്യയില്‍ ഇത് രണ്ടും നടപ്പാകില്ല എന്ന് ഉത്തമബോധ്യം രണ്ട് കൂട്ടര്‍ക്കും ഉണ്ടായിരുന്നു. ഫണ്ട് കിട്ടും എന്നല്ലാതെ. ഏതായാലും ചൈന അനുകൂലികള്‍ പാര്‍ട്ടി വിട്ടു. ഈഎംഎസും ഒപ്പം ചേര്‍ന്നു. ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പോയ പാര്‍ട്ടിയലേക്ക് സാധാരണക്കാരായ പ്രവര്‍ത്തകര്‍ ഒഴുകി. അങ്ങിനെ സിപിഎം ശക്തമായി. സിപിഐ കുറേ കാരണവന്മാരുടെ പാര്‍ട്ടിയായി അവസാനിച്ചു.

 

ദേശീയ തലത്തില്‍ സിപിഎം സിപിഐയേക്കാള്‍ വലിയ പാര്‍ട്ടിയായി മാറി. സിപിഐ കോണ്‍ഗ്രസ് പക്ഷത്തേക്ക് മാറി. 1970-77 കാലം കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണം നടത്തി. അടിയന്തിരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസുമായി അകന്നു. അതോടെ പാര്‍ട്ടിയുടെ വംശനാശം ആരംഭിച്ചു. കാരണം രണ്ട് കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ പ്രസക്തമാകുന്നത് ആശയപരമായ വ്യത്യാസമുള്ളപ്പോഴാണല്ലൊ. ആ പ്രശ്നം അവസാനിച്ചതോടെ അന്ന് പാര്‍ട്ടി പിരിച്ചുവിട്ട് ഇഷ്ടമുള്ള പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നുകൊള്ളൂ എന്നു പറയുന്നതായിരുന്നു ശരി. അല്ലെങ്കില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെങ്കിലും അവര്‍ക്കൊപ്പം തുടരും എന്ന രീതി സ്വീകരിച്ചിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റുകാരുടെ ആയാറാം ഗയാറാം    സംഭവത്തിനൊരു വേദിയെങ്കിലും നല്‍കാമായിരുന്നു. ആദര്‍ശവും വ്യത്യസ്തപാര്‍ട്ടി എന്ന തരത്തിലുള്ള നിലനില്‍പ്പും ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇല്ലാത്തതിനാല്‍ അധികാര രാഷ്ട്രീയത്തിന്‍റെ വരത്തുപോക്കില്‍ കോണ്‍ഗ്രസിലോ ബിജെപിയിലോ ചേക്കേറാതെ സിപിഐക്കാര്‍ക്ക് സിപിഎമ്മിലും സിപിഎംകാര്‍ക്ക സിപിഐയിലും ചാടിക്കളിക്കാമായിരുന്നു. ഒന്നിച്ച് ഒരു മുന്നണിയാകുമ്പോള്‍ ആ സാധ്യത ഇല്ലാതാകുകയാണ്.

 

ഇനി ഒന്നേ രക്ഷയുള്ളു. സീതാറാം യെച്ചൂരി പറഞ്ഞപോലെ , കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ലയനം. അതിന് പിണറായി സമ്മതിക്കുമെങ്കില്‍ പട്ടിണികൂടാതെ കിടന്നുറങ്ങാം. അല്‍പ്പം ചില അടിയും തൊഴിയുമൊക്കെ ഏല്‍ക്കേണ്ടി വന്നാലും കുഴപ്പമില്ല, കാരണം നേതാക്കളുടെ മാത്രം പാര്‍ട്ടിയായി, പുതുതായി ആരും പ്രസ്ഥാനത്തിലേക്ക് വരാനില്ലാതെ എത്രകാലം ഈ പ്രസ്ഥാനം മുന്നോട്ടുപോകും. അങ്ങിനെപോയാല്‍ ജനഹൃദയങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രസ്ഥാനമായി സിപിഐ മാറും എന്നതില്‍ സംശയമില്ല.

 

അടിവാക്ക് :-ഈ ദുരവസ്ഥയിലും കേരളത്തില്‍ മാത്രം കാണപ്പെടുന്ന സിപിഐ എന്ന പ്രസ്ഥാനത്തില്‍ പരസ്പ്പരം കണ്ടുകൂടാത്തവരും കണ്ടാല്‍ മിണ്ടാത്തവരും പാര പണിയുന്നവരും പണിഞ്ഞ പാര വയ്ക്കുന്നവരുമുണ്ട് എന്നും പറയപ്പെടുന്നു. എല്ലാറ്റിനും കാനം രാശി, ഇസ്മയില്‍ പൊരുത്തം !