Wednesday 19 July 2017

Short stories - Aparathayil thirakkolukal

അപാരതയില്‍ തിരക്കോളുകള്‍
               മുപ്പത്തിയഞ്ച് വര്‍ഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ ജീവിച്ച് നാട്ടില്‍ മടങ്ങിയെത്തിയ വിജയന്‍ മടപ്പള്ളിയുടെ ചെറുകഥാ സമാഹാരമാണ് അപാരതയില്‍ തിരക്കോളുകള്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെ സംബ്ബന്ധിച്ച് മികച്ച ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുള്ള വിജയന്‍ നാടക നടനും നാടകകൃത്തും എന്നുമാത്രമല്ല വിവിധ സാഹിത്യ മേഖലകളില്‍  തന്‍റേതായ അടയാളം പതിപ്പിച്ചിട്ടുള്ള വ്യക്തിത്വമാണ്. അനന്തയാത്ര, കാത്തിരിപ്പിന്‍റെ അവസാനം , മരണത്തിന്‍റെ കാലൊച്ച, അപാരതയില്‍ തിരക്കോളുകള്‍ എന്നീ കഥകളുടെ സമാഹാരമാണ് പെരുമ്പാവൂര്‍ യെസ് പ്രസ്സ് ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഓരോ കഥയും വ്യത്യസ്തമായ അനുഭവങ്ങളാണ് അനുവാചകന് നല്‍കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. ജന്മം നല്‍കി ഉപേക്ഷിച്ചുപോയ അച്ഛന്‍ എന്ന ബിംബം ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന സഹദേവന്‍റെ കഥ സുഹൃത്ത് പറയുന്നതാണ് അനന്തയാത്ര. വടകരയുടെ ഭാഷ നന്നായി ഉപയോഗിച്ചിട്ടുള്ള തീവ്രാനുഭവങ്ങളുടെ പ്രവാഹമാണ് ഈ കഥ. കഥയേക്കാള്‍ നമ്മെ ആകര്‍ഷിക്കുക കഥാകാരന്‍റെ നിരീക്ഷണങ്ങളും അസാധാരണമായ ഉപമകളുമാണ്. കറുത്ത പായല്‍ പോലെ സ്വന്തം മാറില്‍ ചുരുണ്ടുകിടക്കുന്ന നീണ്ട മുടിച്ചുരുളുകള്‍ തുടങ്ങിയ പ്രയോഗങ്ങള്‍. ഊര്‍ജ്ജമുള്ള ഭാഷയ്ക്ക് ഉദാഹരണമായി ചിലതു് പറയാനുണ്ട്, ഒരു കറുത്ത പ്രഭാതത്തില്‍ ആകാശത്തിന്‍റെ മാറ് പിളര്‍ന്നൊഴുകിയ മഴ, പ്രകൃതി പോലും ബോധം കെട്ടുറങ്ങിയ അര്‍ദ്ധരാത്രി എന്നിങ്ങനെ. കഥയുടെ അവസാനം മനോഹരമായ വിധമാണ് ചിത്രീകരിച്ചിട്ടുള്ളത്.
കാത്തിരിപ്പിന്‍റെ അവസാനത്തില്‍ ഒളിച്ചുവച്ച നര്‍മ്മമുണ്ട്, നാട്ടിന്‍ പുറത്തിന്‍റെ നന്മയുമുണ്ട്. ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങളില്‍ ഇത്തരം നിര്‍മ്മലമാനസരായ മനുഷ്യരുണ്ടായിരുന്നു, ഇന്നും ഉണ്ടാകാം. മരണത്തിന്‍റെ കാലൊച്ച കടുത്ത ആകാംഷയോടും ദുഃഖചിന്തയോടും മാത്രമെ വായിക്കാന്‍ കഴിയൂ. ആശുപത്രികളില്‍ മാറാരോഗങ്ങളുടെ ചികിത്സയുമായി നടക്കുന്നവര്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും മാത്രം അനുഭവമാകുന്ന ഒരുപാട് ദൃശ്യങ്ങള്‍ വരച്ചിടുന്നുണ്ട് കഥാകാരന്‍. തുടക്കത്തില്‍ ആശുപത്രി വളപ്പിലെ  കാഴ്ചകള്‍ വിശദീകരിക്കുന്ന കവിതാത്മകമായ വരികള്‍ മറക്കാന്‍ കഴിയില്ല. താപം ചൊരിയുന്ന ആകാശത്തിന് കീഴെ ഗ്രീഷ്മം നഗ്നമാക്കിയ പേരറിയാത്ത ഒറ്റയാന്‍ മരം, ജര ബാധിച്ച ചില്ലകളില്‍ കാലഹരണം വന്ന വസന്തസ്മൃതികള്‍ കണക്കെ അങ്ങിങ്ങ് ഒറ്റപ്പെട്ട കരിയലകള്‍ എന്നിങ്ങനെ.

അപാരതയില്‍ തിരക്കോളുകള്‍ സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ട കാര്‍നിക്കോബാറിലെ മലയാളിയുടെ കഥയാണ് പറയുന്നത്. ജീവിതത്തിന്‍റെ നല്ലകാലം ആന്‍ഡമാനില്‍ ചിലവഴിച്ച എഴുത്തുകാരന് സ്വന്തം തട്ടകമാണ് ആ കൊച്ചു ദ്വീപ്. സുനാമി ചതച്ചരച്ച ജീവിതങ്ങളുടെ വിങ്ങലുകളും ശ്വാസവും നമുക്കനുഭവേദ്യമാക്കുന്നു ഈ കഥ. നാല് കഥകളുടെ സമാഹാരമാണെങ്കിലും നൂറുകഥകളുടെ ഗൌരവം അര്‍ഹിക്കുന്നുണ്ട് ഈ പുസ്തകത്തിന്. വിജയന്‍ മടപ്പള്ളിക്ക് അഭിവാദനങ്ങള്‍. ( വില - 60 രൂപ)

Thursday 6 July 2017

Malayalam film Thondimuthalum Driksaskshiyum

തൊണ്ടിമുതലും ദൃക്സാക്ഷിയും
മലയാള സിനിമയ്ക്ക്  അസാധാരണമായ  സാധാരണത്വം  നല്‍കിയ സംവിധായകനാണ്  ദിലീഷ് പോത്തന്‍. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം  പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും അതൊരിക്കല്‍ കൂടി  അടിവരയിട്ട് ഉറപ്പിച്ചു. നാട്ടിന്‍പുറത്തിന്‍റെ നന്മയും  ഫലിതസമാനമായ ജീവിതവും നന്നായി അവതരിപ്പിച്ച് തുടങ്ങുന്ന സിനിമ പ്രസാദിന്‍റെയും  ശ്രീജയുടെയും മിശ്രവിവാഹത്തോടെ  ദിശമാറി ഒഴുകുകയാണ്. വൈക്കത്തുനിന്നും  കാസര്‍കോട്ടേക്ക്  പറിച്ചു നടപ്പെടുമ്പോള്‍ ജീവിതത്തിന്‍റെ നിറവും പച്ചപ്പും നഷ്ടപ്പെട്ട് ഊഷരമാകുന്ന അവസ്ഥ. ചിത്രത്തില്‍ കള്ളനെ രംഗത്തവതരിപ്പിക്കുന്ന  രീതി ഗംഭീരമാണ്. ഒരു സന്ദര്‍ഭത്തില്‍ അവന്‍ പറയുന്നപോലെ , എത്ര സ്നേഹത്തോടെയും പ്രണയഭാവത്തോടെയുമാണ് അവന്‍ മാല മോഷ്ടിക്കുന്നത്. മോഷണം മികച്ച കലയാവുകയാണ് ഇതില്‍. ബൈക്കില്‍ വന്ന് മാല പൊട്ടിക്കുന്നവനോടുള്ള പുച്ഛം ആ പ്രൊഫഷനിലെ അവന്‍റെ പാഷന്‍ വ്യക്തമാക്കുന്നു.
പോലീസ്സ് സ്റ്റേഷനിലെ രംഗങ്ങള്‍ ആക്ഷന്‍ ഹീറോ ബിജുവിലേതിനേക്കാള്‍ സ്വാഭാവികമായിട്ടുണ്ട്. ഒരു സാധാരണ സ്റ്റേഷനുള്ളില്‍ കാമറ വച്ച് ചിത്രീകരിച്ച നിലയില്‍ സ്വാഭാവികം. തീവ്രമായ  ആത്മസംഘര്‍ഷങ്ങളും  തമാശകളും ഇതള്‍ചേര്‍ന്നു വരുന്ന കഥയുടെ വികാസം ഓരോ നിമിഷവും നമ്മെ ഓരോ കഥാപാത്രങ്ങളുടെ ഇഷ്ടക്കാരാക്കി മാറ്റുന്നു. സിനിമയിലെ ഒരു കഥാപാത്രത്തോടും  ദേഷ്യം തോന്നില്ല എന്നതാണ് കഥയുടെ പോസിറ്റീവ് വശം.

ഫഹദ് ഫാസില്‍ കള്ളന്‍ പ്രസാദായും സുരാജ് വെഞ്ഞാറമൂട് പാവം പ്രസാദായും  മികച്ച അഭിനയം കാഴ്ച വച്ചു. ശ്രീജയായി അഭിനയിച്ച നിമിഷ സജയന്‍ ഏറ്റവും മികവുറ്റ അഭിനയത്തിലൂടെ നമുക്കൊപ്പം തീയറ്റര്‍ വിടുമ്പോഴും ഉണ്ടാകും. എഎസ്ഐ ചന്ദ്രനായി  വേഷമിട്ട അലന്‍സിയറും സബ് ഇന്‍സ്പെക്ടറായി വന്ന സാജനും സിഐയും നിയമോപദേശം നല്‍കുന്ന യൂണിഫോമിടാത്ത പോലീസ്സുകാരനും  തുടങ്ങി ഒരു കഥാപാത്രം പോലും മോശമായി എന്നോ ആവശ്യമുണ്ടായിരുന്നില്ല എന്നോ തോന്നുകയില്ല. 135 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ദിലീഷിന്‍റെ സംവിധാനത്തിന് അടിത്തറയിട്ട കഥ,തിരക്കഥാകാരനായ  സജീവ് പാഴൂരും മേമ്പൊടി ചേര്‍ത്ത ശ്യാം പുഷ്ക്കരനും  പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. രാജീവ് രവിയുടെ മികച്ച ക്യാമറയും കിരണ്‍ദാസിന്‍റെ എഡിറ്റിംഗും ബിജിബാലിന്‍റെ സംഗീതവും റഫീക്ക് അഹമ്മദിന്‍റെ ഗാനങ്ങളും ചിത്രത്തിന് കൂടുതല്‍ മിഴിവേകി. ലാളിത്യവും സത്യസന്ധതയും പുലര്‍ത്തുന്ന ഈ ചിത്രം തീയറ്ററില്‍ തന്നെ കാണേണ്ട ഒന്നാണ്. 

Wednesday 5 July 2017

malayalam film georgettan's pooram

ജോര്‍ജ്ജേട്ടന്‍സ്  പൂരം
കെ. ബിജു കഥയെഴുതി  സംവിധാനം ചെയ്ത ചിത്രമാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. വൈ.വി.രാജേഷാണ് തിരക്കഥയെഴുതിയിരിക്കുന്നത്. തികച്ചും ദുര്‍ബ്ബലമായ കഥയും തിരക്കഥയുമാണ് ചിത്രം നല്‍കുന്നത്. ആദ്യ പകുതി കടത്തിവിടാന്‍ സംവിധായകനും തിരക്കഥാകൃത്തും പെടാപ്പാട് പെടുന്നത് കാണാം. തൊഴിലില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന നാല് ചെറുപ്പക്കാരാണ് കേന്ദ്രകഥാപാത്രങ്ങള്‍. അതിലൊരാള്‍ പള്ളീലച്ഛന്‍റെ മകനും. ദിലീപാണ് ആ വേഷം കൈകാര്യ ചെയ്യുന്നത്. ഒരു രംഗത്ത്പോലും മികച്ച അഭിനയം കാഴ്ചവെയ്ക്കേണ്ടി വന്നില്ല എന്നത് ദിലീപിന്‍റെ ഭാഗ്യം. രണ്ടാം ഭാഗം കുറച്ചെങ്കിലും സിനിമ നല്‍കി എന്ന് സമാധാനിക്കാം.

മത്തായിപ്പറമ്പ് , കബഡി ചാമ്പ്യനായ മത്തായി, പള്ളിക്ക് നല്‍കിയതാണ്. ചെറുപ്പക്കാര്‍ കബഡി കളിച്ചു വളരാന്‍. എന്നാല്‍ പറമ്പ് അനാഥവും അനാശാസ്യകേന്ദ്രവുമായി മാറി. അതിന്‍റെ അധികാരികള്‍ ജോസഫേട്ടനും  ജോര്‍ജ്ജ് വടക്കനും കൂട്ടുകാരുമായി മാറി. നല്ല വിലകിട്ടുന്ന ഈ ഇടത്ത് അധികാരം സ്ഥാപിക്കാന്‍ മത്തായിയുടെ മകന്‍  പീറ്റര്‍ മത്തായി അവതരിക്കുമ്പോഴാണ് കഥ തുടങ്ങുന്നത്. അപ്പോഴേക്കും ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ കബഡി കളിയുടെ കഥയായി ഇത് മാറുന്നു. കബഡിയില്‍ വിജയിക്കുന്നവര്‍ക്ക് ഭൂമി എന്ന നിലയില്‍ അവസാനം അല്പ്പം വാശിയും താത്പ്പര്യവും കാണികള്‍ക്ക് നല്‍കി കഥ അവസാനിക്കുന്നു. സംഗീതം നല്‍കിയ ഗോപി സുന്ദറിനും ക്യാമറ ചലിപ്പിച്ച വിനോദ് ഇല്ലംപള്ളിക്കും എഡിറ്റര്‍ ലിജോ പോളിനും സംഭാവനകള്‍ ഒന്നും നല്‍കാന്‍ കഴിഞ്ഞില്ല. നായിക മെര്‍ലിനായി വന്ന രജീഷ വിജയനൊക്കെ വെറുതെ ശമ്പളം പറ്റാനെ കഴിഞ്ഞുള്ളു. പഞ്ച് ഡയലോഗ്ജോസഫേട്ടന്‍റെ  ഉപജാതി  അറിയാത്തിനാല്‍ പള്ളിയില്‍ അടക്കുന്നതിനെ എതിര്‍ക്കുന്നവരോട്  ജോര്‍ജ്ജിന്‍റെ ചോദ്യംകര്‍ത്താവ് ഏതേ പള്ളിക്കാരനായിരുന്നെന്ന് പറയാമോ ? അതാണ് ഈ സിനിമയില്‍ നിന്നും വ്യത്യസ്തമായി  കിട്ടിയതും. 

Tuesday 4 July 2017

Malayalam Film Great Father

ഗ്രേറ്റ് ഫാദര്‍
വളരെ ഗൌരവമേറിയ  ഒരു പ്രമേയം സൂപ്പര്‍ സ്റ്റാറിന് വേണ്ടി മനഃപൂര്‍വ്വം സൃഷ്ടിച്ച ചില രംഗങ്ങളിലൂടെയും സ്ലോ മോഷനിലൂടെയും ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിലൂടെയും  ഗൌരവം ചോര്‍ത്തി അവതരിപ്പിച്ചു എന്നതാണ് ഈ ചിത്രത്തില്‍ ഹനീഫ് അദേനി  ചെയ്ത പാപം. പുതിയ നിയമവും മുന്നറിയിപ്പും പോലെ തീവ്രതയോടെ ചിത്രം കാണാന്‍ കഴിഞ്ഞില്ല. ഏകദേശം അവസാന ഭാഗം വരെ വില്ലനെ ഒളിപ്പിക്കാന്‍ കാണിച്ച കൌശലം എടുത്തു പറയാവുന്നതാണ്. സസ്പെന്‍സ് നിലനിര്‍ത്താന്‍ ആദ്യഭാഗത്ത് നല്ല ശ്രമം നടത്തിയിട്ടുണ്ട്. ചില ഷോട്ടുകള്‍ പ്രത്യേകം എടുത്തു പറയേണ്ടവയാണ്. ഒരു കുട്ടിയെ കൊന്നിട്ടിരിക്കുന്ന ഇടത്തേക്ക് ആളുകള്‍ എത്തുന്നതിന്‍റെ മുകളില്‍ നിന്നുള്ള ഷോട്ട് ഇതിലൊന്നാണ്.

മമ്മൂട്ടിയെ സൂപ്പര്‍ ഹീറോയാക്കി അവതരിപ്പിക്കാന്‍ തയ്യാറാക്കിയ സന്ദര്‍ഭങ്ങള്‍ ദുര്‍ബ്ബലമായിപ്പോയി. ചെറിയ റോളാണെങ്കിലും വില്ലനായി വേഷമിട്ട സന്തോഷ് കീഴാറ്റൂരാണ് ശ്രദ്ധേയന്‍. ബേബി അനിഘ ഉള്‍പ്പെടെയുള്ള കുട്ടികളും നല്ല നിലവാരം പുലര്‍ത്തി. മമ്മൂട്ടി ഫാന്‍സിന് ആവശ്യമുള്ളതൊക്കെ സിനിമ നല്‍കുന്നുണ്ട്. അതിഭാവുകത്വങ്ങളെ വിമര്‍ശിക്കാനുള്ള മനസ്സ് മാറ്റി വച്ച് സിനിമ കാണാനിരുന്നാല്‍  മുഷിപ്പില്ലാതെ കാണാവുന്ന ചിത്രമാണ്  ഗ്രേറ്റ് ഫാദര്‍. അതിലെ സന്ദേശം ചിന്തോദ്ദീപകം തന്നെ എന്ന് ഉറപ്പായും പറയാം."പൊക്കിളിനും മുട്ടിനുമിടിയല്‍ സ്ത്രീക്ക് എന്തോ നഷ്ടപ്പെടാനുണ്ട് എന്ന സമൂഹത്തിന്‍റെ തോന്നലിനാണ് അവസാനമാകേണ്ടത് " എന്ന നിലയില്‍ സൈക്കോളജിസ്റ്റിന്‍റ ഒരു ഡയലോഗുണ്ട് ഇതില്‍. അത് ഏറ്റവും ശ്രദ്ധേയമാണ്.