Monday 10 December 2018

Sufism - painting exhibition

 സൂഫിസം -  ചിത്രപ്രദര്‍ശനം 

സൂഫിസം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആത്മീയതയുടെ ഒരു പ്രത്യേക തലത്തിലേക്ക് നമ്മള്‍ ഉയര്‍ത്തപ്പെടും. സൂഫി സംഗീതവും ജീവിത രീതികളും മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിച്ചു നിര്‍ത്തുന്ന ഒരു മാസ്മരികതയാണ്. പ്രവാചകനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സൂഫിസത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്.

അഹങ്കാരവും അധികാരവും പണവും മാംസദാഹവും ഒക്കെ ചേര്‍ന്ന് ദൈവനാമത്തില്‍ സംസാരിക്കുന്നവരൊക്കെ കടുത്ത പാപികളായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇസ്ലാമിക തീവ്രവാദവും ക്രിസ്തീയ കോര്‍പ്പറേറ്റ് സംവിധാനവും ഹിന്ദുതീവ്രവാദവും വഴിതെറ്റിയ ബുദ്ധമതവും മറ്റ് മതവിഭാഗങ്ങളും അവയ്ക്കൊപ്പം നീങ്ങുന്ന രാഷ്ട്രീയവും ഒക്കെകൂടി ലോകത്തെ കീഴ്മേല്‍ മറിക്കുന്ന കാലത്താണ് സൂഫിസം എന്ന പെയിന്‍റിംഗ് എക്സിബിഷന് പ്രസക്തിയുള്ളത്.

തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തില്‍ ഡിസംബര്‍ 9 ന് ആരംഭിച്ച്  13 ന്  അവസാനിക്കുന്ന സാപ്ഗ്രീന്‍  ആര്‍ട്ടിസ്റ്റ്സ്  ഗ്രൂപ്പിന്‍റെ ചിത്രപ്രദര്‍ശനത്തില്‍ 14 കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. സൂഫികളുടെ മെഡിറ്റേഷനും സാധാരണ മനുഷ്യരുടെ ജീവിതവും ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളും സന്തോഷ- സന്താപങ്ങളുമെല്ലാം ചിത്രങ്ങളായി രൂപപ്പെട്ടിരിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധവും കുടുംബവും സമൂഹവും ഇഴചേരുന്ന ലോകവും അഹത്തെകുറിച്ചുള്ള ആധിയും വ്യാധിയുമൊക്കെ ഓരോ ചിത്രങ്ങളിലും നമുക്ക് കാണാന്‍ കഴിയും. സൂഫിസം പ്രമേയമാക്കി തയ്യാറാക്കിയ ആദ്യ പെയിന്‍റിംഗ് എക്സിബിഷനാകാം ഇവിടെ നടക്കുന്നത്.

തിരുവനന്തപുരം പുളിയറക്കോണത്തെ മധുവന്‍ ആശ്രമത്തില്‍ നടന്ന ഒരു ക്യാമ്പിലാണ് ഈ ആശയം രൂപപ്പെട്ടതെന്ന് അടൂര്‍കാരനായ  ആര്‍ട്ടിസ്റ്റ് വിനോദ്.എം.എസ് പറഞ്ഞു. ഇദ്ദേഹം ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന യോഗ പ്രാക്ടീഷണറുമാണ്. വിനോദിന് പുറമെ അനില്‍ അഷ്ടമുടി, കെ.ജി.അനില്‍ കുമാര്‍, ബിനില്‍.ആര്‍, ഡോക്ടര്‍ ആനന്ദപ്രസാദ്, ദിവ്യ രാമചന്ദ്രന്‍, ഗായത്രി, ഗ്രേസി ഫിലിപ്പ്, പാര്‍ത്ഥസാരഥി വര്‍മ്മ, പ്രമോദ് കരുമ്പാല, ആര്‍.പ്രകാശം രാജേഷ്.വി.എസ്, സതീഷ്.ആര്‍, ഉണ്ണികൃഷ്ണന്‍.ജി എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്..







No comments:

Post a Comment