ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം (കലാകൌമുദി പ്രസിദ്ധീകരിക്കുന്ന ലേഖനം —ഭാഗം – 1 )
**************
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം:അനിവാര്യ മാറ്റത്തിന് ആര് തയ്യാറാവും?
********************
എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന ചോദ്യത്തിന് കേരള ജനത മറുപടി നൽകി കഴിഞ്ഞ ശേഷം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യാഥാർത്ഥ കാരണങ്ങളെ മൂടിവയ്ക്കാനായി സിപിഎം നേതൃത്വം സ്വയം തീർത്ത പ്രതിരോധകോട്ടയിൽ വിള്ളലുണ്ടാക്കിക്കൊണ്ട് തീർത്തും ദുർബ്ബലമായ പോളിറ്റ്ബ്യൂറോയും എതിർസ്വരങ്ങളുടെ വക്താക്കളും നടത്തിയ ഇടപെടലിലൂടെയാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ സാന്നിധ്യത്തിൽ കോഴിക്കോട്ട് സിപിഎം വിപുലീകൃത സംസ്ഥാന കമ്മറ്റി ചേർന്നത്.തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണ് എന്ന് പാർട്ടി ഭാഗികമായെങ്കിലും സമ്മതിച്ചു.അച്ചടക്ക നടപടികളോ സംഘടനാപരമായ പുനഃസംഘടനയോ ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്ന സംസ്ഥാന നേതൃത്വത്തിന്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പാർട്ടി ശാസന എന്ന തീരുമാനം അംഗീകരിക്കേണ്ടിവന്നു.സിപിഎം സെക്രട്ടറിമാരായിരിക്കെ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും അച്ചടക്ക നടപടികൾ നേരിട്ടിട്ടുണ്ടെങ്കിലും അത് ആശയപരവും വ്യക്തികേന്ദ്രീകൃതവുമായ അവരുടെ പോര് പരസ്യവിമർശനമായി മാറിയ സാഹചര്യത്തിലായിരുന്നു.എന്നുമാത്രമല്ല,പോളിറ്റ്ബ്യൂറോ കുറേക്കൂടി കരുത്താർജ്ജിച്ചിരുന്ന കാലവുമായിരുന്നു അത്.തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നടപടി നേരിടുന്ന ആദ്യ പോളിറ്റ്ബ്യൂറോ അംഗമാണ് ഗോവിന്ദൻ.
എതിർശബ്ദങ്ങളെ താത്ക്കാലികമായി അടക്കിനിർത്താൻ കഴിയുന്ന ചില തീരുമാനങ്ങളും യോഗത്തിലുണ്ടായി.എല്ലാത്തരം വർഗീയതയ്ക്കുമെതിരായ പോരാട്ടം ശക്തമാക്കാനും വർഗീയ ശക്തികളെ നേരിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനും പാർട്ടി തീരുമാനിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ കെട്ടിപ്പടുക്കാനും കേരളത്തിന്റെ ഇടതുപക്ഷ ചായ്വുള്ള സാമൂഹിക കാഴ്ചപ്പാട് കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വം നൽകാനും ജില്ലാ തലത്തിലും സമാനമായ യോഗങ്ങൾ സംഘടിപ്പിക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും സമ്മേളനം തീരുമാനിച്ചു.കണ്ണൂരിലെ പ്രധാന നേതാവായ പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നതും ശ്രദ്ധേയമായ മാറ്റമാണ്.ഈ സാഹചര്യത്തിൽ സ്വതന്ത്ര ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങിനെ കേരളത്തിലെ പ്രതിപക്ഷമുന്നണിയുടെ മാത്രം നേതൃത്വം അവകാശപ്പെടാവുന്ന ഒരു ചെറുപാർട്ടിയായി മാറി എന്നത് ചിന്തിക്കുന്നത് പ്രസക്തമാകും.ആ വിലയിരുത്തലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെ ഇങ്ങനെയായി എന്ന ഈ പരമ്പര.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വളർച്ച ബോണ്സായ് വൃക്ഷം പോലെയാണെന്ന് കാണാൻ സാധിക്കും.വളർന്ന് പന്തലിക്കാൻ സാധ്യതയുള്ള,മനുഷ്യർക്കും പക്ഷികള്ക്കും പരിസ്ഥിതിക്കും ഗുണം ചെയ്യാൻ കഴിയുന്ന,ശക്തമായ അടിവേര് വളരേണ്ടുന്ന ആൽമരം പോലുള്ള വൃക്ഷങ്ങളുടെ തൈകളാണ് തായ് വേര് മുറിച്ച് ബോണ്സായ് ആക്കുന്നത്.അത്തരത്തിലുള്ള ബോണ്സായ് വിദഗ്ധർ തുടക്കം മുതലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്നു.വലിയ തോതിലുള്ള മുന്നേറ്റം പ്രസ്ഥാനം നടത്തുമ്പോഴെല്ലാം അതിന്റെ തായ് വേരും ശാഖകളും മുറിക്കാൻ കഴിയുന്ന ഒരു കൂട്ടം നേതാക്കള് അതിന്റെ നിർണ്ണായക അധികാരകേന്ദ്രങ്ങളിലെത്തുകയും പാർട്ടിയെ ദുർബ്ബലപ്പെടുത്തുന്ന തീരുമാനങ്ങള് എടുക്കുകയും ചെയ്യുന്നത് കാണാം. വളരെ പുരോഗമന സ്വഭാവമുള്ള ഒരു സിദ്ധാന്തമാണ് കമ്മ്യൂണിസത്തിന്റെ അടിസ്ഥാനമെങ്കിലും അതനുസരിച്ച് ലോകത്തൊരിടത്തും ഭരണം നടന്നിട്ടില്ല,ഇനി നടക്കുകയുമില്ല എന്ന യാഥാർത്ഥ്യം തുറന്നു പറയേണ്ട സമയമാണിത്.ഇന്ത്യൻ ജനാധിപത്യത്തേയും ദേശീയതയേയും അംഗീകരിക്കുകയും വൈരാഗ്യബുദ്ധിയില്ലാതെ എല്ലാവർക്കും നന്മയുണ്ടാകാനും അഴിമതിരഹിതവും പക്ഷപാതിത്വമില്ലാത്തുമായ ഒരു വികസിത ജനതയെ വാർത്തെടുക്കാനും ശ്രമിക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമാണ്.അതാകും പ്രസ്ഥാനത്തിന്റെ ഭാവിക്കും നല്ലത്.കുറഞ്ഞപക്ഷം പ്രസ്ഥാനത്തിന്റെ ബാല്യ-കൌമാരങ്ങളിലെ അപക്വനിലപാടുകള് ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാനുള്ള ചർച്ചയ്ക്കെങ്കിലും ഈ വൈകിയവേളയിൽ ശ്രമമുണ്ടായാലും അത് പ്രതീക്ഷഭരിതമാകും എന്ന് കരുതാം.
തുടക്കകാലത്ത് കോണ്ഗ്രസിന് ബദൽ എന്ന രീതിയിൽ വളര്ച്ച പ്രാപിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇപ്പോള് മുരടിച്ച് കേരളത്തിൽ മാത്രം ശേഷിക്കുന്നു എന്ന നിലയിലാണ് എത്തിനിൽക്കുന്നത്.എന്നാൽ ആ സത്യമുള്ക്കൊള്ളാനുള്ള പക്വത നേതൃത്വങ്ങളോ അണികളോ പാർട്ടിയുടെ സാമൂഹിക മാധ്യമ എഴുത്തുകാരോ കാണിക്കുന്നില്ല എന്നത് സങ്കടകരമാണ്.പൊതുസമൂഹത്തിന് പ്രസ്ഥാനത്തോട് ഇനിയും ബാക്കി നിൽക്കുന്ന പ്രതീക്ഷ നശിപ്പിക്കും വിധമാണ് ഓരോരുത്തരും സംസാരിക്കുന്നതും പെരുമാറുന്നതും.ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വംശനാശമുണ്ടാകാതെ നിലനില്ക്കണമെങ്കിൽ പൂർണ്ണമായും ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമായി പാർട്ടി മാറേണ്ടതുണ്ട്.യൂറോപ്പിലെ ജീവിതസാഹചര്യങ്ങളെ അടിസ്ഥാനമാക്കി കാറല് മാര്ക്സ് തയ്യാറാക്കിയ ഒരു സാമ്പത്തിക ശാസ്ത്രത്തെ വേദപുസ്തകം പോലെ കണ്ട് പിന്തുടരുകയും സോവിയറ്റ് യൂണിയനിലും ചൈനയിലും നടന്ന വിപ്ലവങ്ങളെ അതേപടി ഇന്ത്യയില് പകര്ത്താം എന്ന് വ്യാമോഹിക്കുകയും ചെയ്ത ഒരു ചെറുസംഘത്തിന്റെ സ്വപ്നവിപ്ലവമായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കം എന്ന് പറയാം.ആ പ്രതീക്ഷയിൽ ഒപ്പം അണിചേർന്ന അനേകലക്ഷമാളുകള് മോഹഭംഗത്തിന് ഇരയാവുകയും നിരാശാബോധം ബാധിച്ചവരായി മാറുകയും ചെയ്തു.തൊഴിലാളികള്ക്കും കര്ഷകര്ക്കും പൊതുസമൂഹത്തിനും മനസ്സിലാകാത്ത ഭാഷാപ്രയോഗങ്ങളിലൂടെ,അവര്ക്ക് മനസിലാകാത്ത ആശയ സംഹിതകളുടെ പിന്ബലത്തില്,അവരെ ഒരുപാട് സ്വപ്നങ്ങള് കാണിക്കുകയും അതിന്റെ മോഹവലയത്തില്പെട്ട് അനേകംപേര് ജീവത്യാഗം ചെയ്യുകയും ചെയ്തതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് ഭോഗസംസ്ക്കാരത്തിന്റെ സുഖാലസ്യത്തിലേക്ക് പാർട്ടി നേതാക്കളെല്ലാം എത്തി നിൽക്കുന്നത് എന്ന് ഓർക്കുവാനെങ്കിലും നമുക്ക് ഈ സമയം വിനിയോഗിക്കാം.
ഒരു തികഞ്ഞ ദേശീയവാദിയും കമ്മ്യൂണിസ്റ്റുമായിരുന്ന മുൻ കേരള മുഖ്യമന്ത്രി അച്യുതമേനോൻ എംഎൻ അനുസ്മരണ ലേഖനത്തിൽ പറയുന്ന വാക്കുകള് കൂടി ഓർത്തുകൊണ്ട് നമുക്ക് ലേഖനത്തിലേക്ക് കടക്കാം.”കമ്മ്യൂണിസ്റ്റുകാർ സാർവ്വദേശീയവാദികളാണെന്ന് എല്ലാവർക്കുമറിയാം.ചില കമ്മ്യൂണിസ്റ്റുകളുടെ സാർവ്വദേശീയവാദം അവരുടെ നൈസർഗ്ഗികമായ ദേശസ്നേഹത്തെപോലും ചിലപ്പോള് ചോദ്യം ചെയ്യുന്നതരത്തിൽ ആയിത്തീരുന്നു.മനുഷ്യർ വിവേകത്തോടെ പെരുമാറിയാൽ ഇങ്ങനെയൊരവസ്ഥ ഉണ്ടാകേണ്ടതില്ല.പക്ഷെ പ്രത്യയശാസ്ത്രം പലരെയും അന്ധരാക്കുന്നു”. ഇപ്പോള് പ്രത്യയശാസ്ത്രമല്ല,പാർട്ടി കൂറും നേതാക്കളോടുള്ള കൂറുമാണ് പലരെയും അന്ധരാക്കുന്നത് എന്ന് കൂടി നമുക്കോർക്കാം.
ഇന്ത്യന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കം
****************************************
സാമ്രാജ്യത്വത്തിന്റെ തകര്ച്ചയുടെ കാലത്താണ് യൂറോപ്പില് തൊഴിലാളി വിപ്ലവങ്ങളും ഏഷ്യന്-ആഫ്രിക്കന് രാഷ്ട്രങ്ങളില് സ്വാതന്ത്ര്യസമരങ്ങളും ഉദിച്ചുവന്നത്.ഇത് ലോകജനതയ്ക്ക് പുതിയ പ്രതീക്ഷകള് നല്കി.റഷ്യന് വിപ്ലവം അടിച്ചമര്ത്തപ്പെട്ട ജനതയില് ആവേശം ജനിപ്പിച്ചു.മാര്ക്സിസത്തിന്റെ സന്ദേശം ലോകമെങ്ങും എത്തിയെന്നു മാത്രമല്ല സോഷ്യലിസത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരം ഊര്ജ്ജിതപ്പെടുകയും ചെയ്തു.ഇന്ത്യയിലും സ്വാഭാവികമായും ഇതിന്റെ അലകളുണ്ടായി.ദേശീയവാദികളും തൊഴിലാളി നേതാക്കളുമായ കുറേ യുവാക്കള് ചേര്ന്ന് 1921 ല് ആദ്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുണ്ടാക്കി.1923 ഓടെ ആശയപ്രചരണത്തിന് പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു.കല്ക്കത്തയില് നിന്നും മുസാഫിര് അഹമ്മദ് പത്രാധിപരായി നവയുഗവും ബോംബെയില് എസ്.എ.ഡാങ്കെയുടെ നേതൃത്വത്തില് സോഷ്യലിസ്റ്റും ലാഹോറില് ഗുലാം ഹുസൈന്റെ ഉറുദു മാസിക ഈന്ക്വിലാബും പുറത്തുവന്നു.1921 ല് തന്നെ ഗാന്ധിയും ലെനിനും എന്ന ഡാങ്കെയുടെ പുസ്തകം പ്രസിദ്ധീകൃതമായി.കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ബംഗാളി മറാത്തി പരിഭാഷകളും ഇക്കാലത്ത് പുറത്തു വന്നിരുന്നു.ബോംബെ ഗ്രൂപ്പില് എസ്.വി.ഘാട്ടെയും പങ്കാളിയായി.1923 ല് മദിരാശിയില് വക്കീലായ ശിങ്കാരവേലു ചെട്ടിയാരും കമ്മ്യൂണിസ്റ്റ് പ്രവര്ത്തനം തുടങ്ങി.ഇന്ത്യക്കാരായ യുവാക്കള് രാജ്യത്തിന് പുറത്തും ചില കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള് സംഘടിപ്പിച്ചിരുന്നു.ആ കൂട്ടത്തില് പ്രധാനിയായ എം.എന്.റോയ് ജര്മ്മനിയിലാണ് ഗ്രൂപ്പുണ്ടാക്കിയത്.ആ കാലത്ത് ഇന്ത്യയില് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ നേതൃത്വം ബൂര്ഷ്വാ ചിന്തകന്മാരുടെ കൈകളിലായിരുന്നു.മാര്ക്സിസ്റ്റ് സിദ്ധാന്തമനുസരിച്ച് മുതലാളിത്ത സമൂഹത്തിലെ ഉത്പ്പാദനോപാധികള് കൈവശം വച്ചിരിക്കുന്ന സമ്പന്നവര്ഗ്ഗം അല്ലെങ്കില് മുതലാളി വര്ഗ്ഗമാണ് ബൂർഷ്വാസി.സ്വകാര്യ സ്വത്ത്,ബിസിനസ് അല്ലെങ്കില് മൂലധനം എന്നിവ വഴി അധികാരം കൈയ്യാളുന്നവരാണിവര്.പൊതുവെ യാഥാസ്ഥിതിക മനോഭാവം പുലര്ത്തുന്നവരുമാണ് ഈ കൂട്ടർ.കമ്മ്യൂണിസത്തിലേക്ക് ആകൃഷ്ടരായി നേതൃത്വത്തിലെത്തിയ പലരും മാര്ക്സിസ്റ്റ് സിദ്ധാന്തപ്രകാരം ബൂര്ഷ്വ പരിധിയില് ഉള്പ്പെടുന്നവരായിരുന്നു.എങ്കിലും അവരുടെ ആശയങ്ങളിലും പ്രസംഗങ്ങളിലും ആകൃഷ്ടരായി സമരരംഗത്തിറങ്ങിയിരുന്നത് പാവപ്പെട്ട തൊഴിലാളികളായിരുന്നു.1918 ല് അഹമ്മദാബാദ്,കല്ക്കട്ട,കാണ്പൂര്,മദ്രാസ് എന്നീ നഗരങ്ങളില് കൂലി വര്ദ്ധനവിനും അനുവദിച്ച കൂലി കൃത്യമായി ലഭിക്കുന്നതിനും ഉച്ചഭക്ഷണത്തിന് സമയമനുവദിച്ചു കിട്ടുന്നതിനും അനാവശ്യ ഫൈനുകള് വെട്ടിച്ചുരുക്കുന്നതിനും പ്രവര്ത്തി സമയം ചുരുക്കിക്കിട്ടാനുമായി തൊഴിലാളികള് സമരരംഗത്തിറങ്ങിയിരുന്നു.
ഗാന്ധിജിയുടെ അഹിംസയിലൂന്നിയുള്ള സമരമാര്ഗ്ഗങ്ങളില് അതൃപ്തിയുള്ള അനേകം ചെറുപ്പക്കാര് പുതിയ പ്രസ്ഥാനങ്ങളില് ആകൃഷ്ടരായെത്തി.1922 ല് സിവില് നിയമ ലംഘന പ്രസ്ഥാനം നാടിനെ ഇളക്കിമറിച്ച സമയത്ത്,അക്രമങ്ങളുടെ പേരുപറഞ്ഞ് ഗാന്ധിജി സമരം അവസാനിപ്പിച്ചത് ചെറുപ്പക്കാരെ ഞെട്ടിക്കുകയും അസംതൃപ്തരാക്കുകയും ചെയ്തു.അവര്ക്കെല്ലാം ഒരാശ്രയം കമ്മ്യൂണിസ്റ്റ് ആശയമായിരുന്നു.തൊഴിലാളികള് സ്വതന്ത്രമായി രാഷ്ട്രീയ രംഗത്ത് വരികയും ദേശീയ രംഗത്ത് പുതിയ ചിന്താഗതികളും പുതിയ ചൈതന്യവും തെളിയുകയും ചെയ്തു.1913 ല് ഗദര് പാര്ട്ടിയും ബംഗാള് റവല്യൂഷണറി പാര്ട്ടിയും സ്ഥാപിക്കപ്പെട്ടതും ബാലഗംഗാധര തിലക്,ലാല ലജ്പത് റായ്,ബിപിന് ചന്ദ്രപാല് തുടങ്ങിയ തീവ്രവാദ ചിന്താഗതിക്കാര് കോണ്ഗ്രസ്സില് വേറിട്ട ചിന്തകള് സൃഷ്ടിച്ചതും കമ്മ്യൂണിസ്റ്റ് ആശയപ്രചരണത്തിന് വേഗം നല്കി.ബ്രിട്ടീഷ് ഭരണം പൂര്ണ്ണമായി നശിപ്പിക്കാന് സായുധകലാപം വേണമെന്ന ആശയം ഈ കൂട്ടരില് ശക്തമായിരുന്നു.ഇന്ത്യയുടെ ലക്ഷ്യം പൂര്ണ്ണസ്വാതന്ത്ര്യ സമ്പാദനമാണെന്നും അത് സാധിതമാകണമെങ്കില് നാടുവാഴിത്തവ്യവസ്ഥ പൂര്ണ്ണമായി നിര്മ്മാര്ജ്ജനം ചെയ്യണമെന്നും കമ്മ്യൂണിസ്റ്റുകള് വിശ്വസിച്ചു.കോളനി വിരുദ്ധ സമരമല്ല മറിച്ച് സാമ്രാജ്യത്വ വിരുദ്ധ സമരമാണ് ആവശ്യം എന്ന് അവര് ഊന്നിപ്പറഞ്ഞു.ഇത് ഒരു പരിധിവരെ ഇന്ത്യന് നാഷണല് കോണ്ഗ്രസ്സ് അംഗീകരിക്കുകയും ചെയ്തു.
ലോകമൊട്ടാകെയുള്ള കമ്മ്യൂണിസ്റ്റുകളുമായി ഇവര് ചെറിയ തോതില് ബന്ധം സ്ഥാപിച്ചിരുന്നു.1924 മുതല് 1929 വരെ എം.എന്.റോയ് കമ്മ്യൂണിസ്റ്റ് ഇന്റര്നാഷണലിന്റെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.ഒരു ഏകീകൃത പാര്ട്ടിയുണ്ടാക്കാന് ഇവര്ക്ക് താത്പ്പര്യമുണ്ടായിരുന്നെങ്കിലും സര്ക്കാര് മര്ദ്ദന മുറകള് ഇതിന് തടസ്സമായി.1924 ല് കാണ്പൂരില് ഒരു ചെറുസംഘം യോഗം ചേര്ന്നു.1917 ല് നടന്ന റഷ്യന് വിപ്ലവത്തില് ആവേശം കൊണ്ടവരായിരുന്നു അവര്.അവരുടെ ആ യോഗത്തെ ബ്രിട്ടീഷുകാര് വല്ലാതെ ഭയന്നു.ഇന്ത്യന് കമ്മ്യൂണിസ്റ്റുകളെ ഒരു പാര്ട്ടിയായിമാറുംമുന്നെതന്നെ ഒരു രാഷ്ട്രീയ ഭീഷണിയായി ബ്രിട്ടീഷ് സര്ക്കാര് മുദ്രകുത്തിയ നിമിഷം കൂടിയായിരുന്നു ഇത്.യോഗത്തില് പങ്കെടുത്ത നേതാക്കള്ക്കെതിരെ ബ്രിട്ടീഷ് കൊളോണിയല് സര്ക്കാര് പ്രോസിക്യൂഷന് തുടങ്ങി.വിപ്ലവകരമായ മാര്ഗ്ഗങ്ങളിലൂടെ ഇന്ത്യയില് ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാന് ഗൂഢാലോചന നടത്തുകയാണ് ഇക്കൂട്ടർ എന്ന് ഭരണാധികാരികള് ഭയപ്പെട്ടു.ബ്രിട്ടനിലെ രാജാവിനെതിരെ യുദ്ധം ചെയ്യാനുള്ള ഗൂഢാലോചന നടത്തി എന്ന കുറ്റമാരോപിച്ച് ഇന്ത്യന് ശിക്ഷാനിയമത്തിലെ സെക്ഷന് 121-എ പ്രകാരമായിരുന്നു നടപടി.യോഗം ചേർന്നവർ സായുധരോ ആക്രമണം നടത്താൻ പ്രാപ്തരോ ആയിരുന്നില്ല.സംഘാടകരും എഴുത്തുകാരും യൂണിയന് പ്രവര്ത്തകരുമായ ഈ ചെറുസംഘത്തെ ബ്രിട്ടീഷുകാര് ഭയന്നു എന്നത് ശ്രദ്ധേയമാണ്.
കാണ്പൂർ സമ്മേളനം
*****************************
അന്ന് കാണ്പൂര് ഒരു പ്രധാന വ്യവസായ മേഖലയായിരുന്നതിനാലാണ് അവിടെ യോഗം ചേര്ന്നത്.വിചാരണയെ തുടർന്ന് നിരവധി പ്രതികളെ നാല് വര്ഷത്തേക്ക് ശിക്ഷിച്ചു.ചിലരെ നാടുകടത്തി,മറ്റുള്ളവരെ നിരീക്ഷണത്തിലാക്കി.എന്നാല് ഇത് ഇന്ത്യന് കമ്മ്യൂണിസത്തിന് ഒരു പൊതുഐഡന്റിറ്റി നല്കി.അത് കമ്മ്യൂണിസ്റ്റ് ആശയം പിന്തുടരുന്ന പല നാടുകളിലുള്ളവരെ ഏകീകരിക്കാനും മാര്ക്സിസത്തെ ജനപ്രിയമാക്കാനും ഉപകരിച്ചു.കോടതി നടപടികള് വ്യാപകമായി റിപ്പോര്ട്ടുചെയ്യപ്പെട്ടു.മാര്ക്സിസ്റ്റ് ആശയങ്ങള് വിശാലമായ രീതിയില് പ്രചാരണം നേടി.ബ്രിട്ടീഷുകാരുടെ ഈ നടപടിയാണ് സിപിഐയുടെ രൂപീകരണത്തിന് വേഗം കൂട്ടിയത്.1925 ഡിസംബറില് കാണ്പൂരില് തന്നെ ചേര്ന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് ഇന്ത്യന് കമ്മ്യൂണിസ്റ്റ് പാര്ട്ടി രൂപീകരിച്ചത്.ഘാട്ടെ,മുസാഫര് അഹമ്മദ്,ശിങ്കാരവേലു ചെട്ടിയാര്,ഹസറത്ത് മൊഹാനി,ജാനകി പ്രസാദ്,നിസ്കര്,ജോഗ്ലേക്കര് തുടങ്ങിയവര് അതില് പങ്കെടുത്തു.1929 വരെ ഘാട്ടെ പാർട്ടിയുടെ ആദ്യ ജനറല് സെക്രട്ടറിയായി പ്രവര്ത്തിച്ചു.സമ്മേളനം പരസ്യമായി നടന്നതിനാല് സര്ക്കാര് വളരെയധികം ശ്രദ്ധിക്കുകയും പാര്ട്ടി കെട്ടിപ്പടുക്കാന് നടത്തിയ ഓരോ നീക്കവും തകര്ക്കാന് ശ്രമിക്കുകയും ചെയ്തിരുന്നു.കോണ്ഗ്രസ്സില് നിന്നുകൊണ്ടുതന്നെ പാര്ട്ടി പ്രവര്ത്തനം വ്യാപിപ്പിക്കുക എന്ന തന്ത്രമായിരുന്നു ആദ്യകാലത്ത് കൈക്കൊണ്ടത്.അങ്ങിനെ 1926 മുതല് 1929 വരെ നല്ല കുറേ നീക്കങ്ങള് നടത്താൻ സഖാക്കള്ക്ക് കഴിഞ്ഞു.തൊഴിലാളി സംഘടനകള്,യുവജനസംഘടനകള്,കര്ഷക പ്രസ്ഥാനങ്ങള് എന്നിവ സംഘടിപ്പിക്കാനും മാര്ക്സിസ്റ്റ് ആശയങ്ങള് പ്രചരിപ്പിക്കാനും ഈ തുടക്കകാലത്ത് സാധിച്ചു.
ഇതേ കാലയളവിലുണ്ടായ മറ്റൊരു സംഭവം കര്ഷകതൊഴിലാളി പാര്ട്ടികളുടെ ഉദയമായിരുന്നു.ഇതിന്റെ നേതാക്കളും കമ്മ്യൂണിസ്റ്റുകാരായിരുന്നു.ഉത്തര് പ്രദേശില് പി.സി.ജോഷിയും ബംഗാളില് മുസാഫര് അഹമ്മദും ബോംബെയില് മിറാജ്കറും പഞ്ചാബില് സോഹന്സിംഗ് ജോഷും ഇതിന് നേതൃത്വം നല്കി.അവര് ബംഗാളില് ഗണവാണി,മഹാരാഷ്ട്രയില് ക്രാന്തി,പഞ്ചാബില് കീര്ത്തി എന്നീ പത്രങ്ങളും ആരംഭിച്ചു.ഇതോടെ തൊഴിലാളി സമരങ്ങള്ക്കും കര്ഷക പ്രക്ഷോഭങ്ങള്ക്കും സാമ്രാജ്യവിരുദ്ധ സമരത്തിനും ആക്കം കൂടി.തൊഴിലാളികള് കൂടുതല് അവകാശങ്ങള്ക്കുവേണ്ടിയും നഷ്ടമായ അവകാശങ്ങള് പുന:സ്ഥാപിക്കുന്നതിനുവേണ്ടിയും നിരന്തര സമരങ്ങളില് ഏര്പ്പെട്ടു.അതിലെല്ലാംതന്നെ കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ സജീവപങ്കാളിത്തമുണ്ടായിരുന്നു.1927 ല് ബോംബെയില് നടന്ന ടെക്സ്റ്റയില് തൊഴിലാളി സമരം,ഗോരഖ്പൂര് വര്ക്ക്ഷോപ്പിലെ എണ്ണായിരം റയില്വേ തൊഴിലാളികള് നടത്തിയ പണിമുടക്ക്,നാഗപ്പൂര് റയില്വേയിലെ നാല്പ്പതിനായിരം റയില്വേ തൊഴിലാളികള് നടത്തിയ പണിമുടക്ക്,മദിരാശിയിലും മൈസൂറിലും വിവിധ ഫാക്ടറികളില് നടന്ന പണിമുടക്കുകള് എന്നിവ എടുത്തു പറയേണ്ടവയാണ്.1928 ആയപ്പോഴേക്കും ബോംബെയിലെ സമരം കുറേക്കൂടി രൂക്ഷമായി.ഒന്നരലക്ഷം ടെക്സ്റ്റയില് തൊഴിലാളികള് ആറുമാസം നീണ്ടുനിന്ന പണിമുടക്കില് പങ്കെടുത്തു.ലഭിച്ചുകൊണ്ടിരുന്ന കൂലിയിൽ ഏഴര ശതമാനം വെട്ടിക്കുറവ് വരുത്തിയതിനെതിരെ നടന്ന ആ സമരത്തില് തൊഴിലാളികള് വിജയിക്കുകയും ചെയ്തു.
അവകാശങ്ങള്ക്ക് വേണ്ടിയുള്ള സമരത്തിനുപുറമെ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിലും തൊഴിലാളികള് സജീവമായിരുന്നു.1919 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ തുടര്ച്ചയായി 1927 ല് ബ്രിട്ടീഷ് സര്ക്കാര് രൂപീകരിച്ച ഇന്ത്യന് സ്റ്റാറ്റ്യൂട്ടറി കമ്മീഷനെതിരായ പ്രക്ഷോഭത്തിലും അവർ സജീവ പങ്കാളികളായി.ജോണ് സൈമണ് നേതൃത്വം കൊടുത്ത കമ്മീഷനിലെ അംഗങ്ങള് ഏഴ് ബ്രിട്ടീഷ് എംപിമാരായിരുന്നു. ഒറ്റ ഇന്ത്യക്കാരനും സമിതിയിലുണ്ടായിരുന്നില്ല.ലാഹോറില് നടന്ന പ്രതിഷേധത്തെ നേരിട്ട പോലീസിന്റെ ക്രൂരമായ ലാത്തിച്ചാര്ജ്ജില് പ്രമുഖ നേതാവായ ലാലാ ലജ്പത്റായി മരണപ്പെട്ടു.ഇതോടെ പൂര്ണ്ണ സ്വരാജിനുള്ള പ്രക്ഷോഭം ശക്തമായി. ഭഗത്സിംഗിനപ്പോലെ തീവ്രനിലപാടുള്ളവരുടെ എണ്ണം വര്ദ്ധിക്കുകയും ചെയ്തു.ഇന്ത്യന് നാഷണല് കോണ്ഗ്രസ്സില് ജവഹർലാൽ നെഹ്റു,സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ പുരോഗമനവാദികള്ക്ക് പ്രാധാന്യവും ലഭിച്ചു തുടങ്ങിയിരുന്നു.1927 ലെ കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ മദിരാശി സമ്മേളനം പൂര്ണ്ണ സ്വാതന്ത്ര്യ പ്രമേയത്തെ അംഗീകരിച്ചു.സാമ്രാജ്യത്വവിരുദ്ധ ലീഗുമായി ബന്ധം സ്ഥാപിക്കാനും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന ചൈനയെ സഹായിക്കാനും ഒരു പുതിയ ഭരണഘടന സ്വന്തമായി എഴുതിയുണ്ടാക്കാനും ഈ സമ്മേളനം തീരുമാനിച്ചു.
1927 നവംബറില് അഖിലേന്ത്യാ തൊഴിലാളി കര്ഷക പാര്ട്ടി സമ്മേളനം നടന്നു.നൂറിലധികം പ്രതിനിധികള് ഇന്ത്യയുടെ നാനാഭാഗങ്ങളില് നിന്നും പങ്കെടുത്ത യോഗത്തില് സോഹന്സിംഗ് ജോഷായിരുന്നു അധ്യക്ഷന്.ദേശീയ വിമോചന സമരത്തിന്റെ നേതൃത്വം തൊഴിലാളികള് ഏറ്റെടുക്കണമെന്നും ജന്മികള്ക്ക് പ്രതിഫലം നല്കാതെ തന്നെ ജന്മിത്വം അവസാനിപ്പിക്കണമെന്നും മിനിമം കൂലി നിജപ്പെടുത്തണമെന്നും പ്രവൃത്തിസമയം ചുരുക്കണമെന്നും ട്രെയ്ഡ് യൂണിയന് സ്വാതന്ത്ര്യവും പൌരസ്വാതന്ത്ര്യവും അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങള് സമ്മേളനം അംഗീകരിച്ചു.സൈമണ് കമ്മീഷനെ തള്ളിയ കോണ്ഗ്രസ് മോട്ടിലാല് നെഹ്റുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭാവി ഇന്ത്യക്കായുള്ള ഭരണഘടനയെയും സിപിഐ നിരാകരിച്ചു.ഹിന്ദു മുസ്ലിം ഐക്യം വളര്ത്താനും ദേശീയ പ്രസ്ഥാനങ്ങളില് വിപ്ലവകരമായ ആശയങ്ങള് പ്രചരിപ്പിക്കാനും കമ്മ്യൂണിസ്റ്റുകള് മുന്കൈ എടുത്തു.മാര്ക്സിസ്റ്റ് ആശയങ്ങള് പ്രചരിപ്പിക്കുന്നതിനു പുറമെ മെയ്ദിനം,റഷ്യന് വിപ്ലവ ദിനം,ലെനിന് ദിനം എന്നിവയും പാര്ട്ടി ആചരിക്കാൻ തുടങ്ങി.
മീററ്റ് ഗൂഢാലോചനയും തുടർനടപടികളും
**************************
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്ച്ച തടയാനായി സര്ക്കാര് ശ്രമങ്ങള് ശക്തിപ്പെട്ടെങ്കിലും അവകാശങ്ങള്ക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങള് തുടര്ന്നുകൊണ്ടേയിരുന്നു.സ്വാതന്ത്യസമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന കോണ്ഗ്രസിനേക്കാളും ബ്രിട്ടീഷുകാർ ഭയപ്പെട്ടത് തികച്ചും ന്യൂനപക്ഷമായ കമ്മ്യൂണിസ്റ്റുകളെയായിരുന്നു.കോണ്ഗ്രസ് കൈയ്യിലൊതുങ്ങുന്ന പ്രസ്ഥാനമാണ് എന്നവർക്ക് ഉറപ്പുണ്ടായിരുന്നു.ആഗോളതലത്തിൽ വലിയ തരംഗമാകുന്ന കമ്മ്യൂണിസം എല്ലാ അധികാരകേന്ദ്രങ്ങളെയും നശിപ്പിക്കുന്ന കൊടുങ്കാറ്റാകുമെന്ന് അവർ ഭയപ്പെട്ടു.അതുകൊണ്ട് മുളയിലെ നുള്ളുക എന്ന തന്ത്രമാണ് അവർ കൈക്കൊണ്ടത്.മധ്യ പ്രോവിൻസിലെ മീററ്റിൽ സമ്മേളിച്ച് ബ്രിട്ടീഷ് സര്ക്കാരിനെ തകര്ക്കാന് കമ്മ്യൂണിസ്റ്റുകള് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 1929 മാർച്ച് 20 ന്, ഇന്ത്യയിലുടനീളമുള്ള പ്രമുഖ ട്രേഡ് യൂണിയനിസ്റ്റുകളെയും കമ്മ്യൂണിസ്റ്റ് നേതാക്കളെയും ബ്രിട്ടീഷ് അധികാരികൾ അറസ്റ്റ് ചെയ്തു.പതിനാല് കമ്മ്യൂണിസ്റ്റുകാരടക്കം മുപ്പത്തിയൊന്ന് ഇടതുപക്ഷ പ്രവര്ത്തകര്ക്കെതിരെയാണ് മീററ്റ് ഗൂഢാലോചനക്കേസ് കൊണ്ടുവന്നത്.തൊഴിലാളി പ്രസ്ഥാനങ്ങളില് വര്ദ്ധിച്ചുവരുന്ന കമ്മ്യൂണിസ്റ്റ് സ്വാധീനം തകര്ക്കുകയായിരുന്നു അവരുടെ ലക്ഷ്യം.മാര്ക്സിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കല്,പണിമുടക്കുകള് സംഘടിപ്പിക്കല്,ട്രേഡ് യൂണിയനുകളെ വിപ്ലവത്തിന്റെ ഉപകരണമാക്കല്,കമ്മ്യൂണിസ്റ്റ് ഇന്റര്നാഷണലിന്റെ നിര്ദ്ദേശപ്രകാരം പ്രവര്ത്തിക്കല് എന്നിവയായിരുന്നു കുറ്റാരോപണങ്ങള്.ഡാംഗെ,മുസാഫര് അഹമ്മദ്,ഘാട്ടെ,അധികാരി,മിറാജ്കര്,പി.സി.ജോഷി,ഷൌക്കത്ത് ഉസ്മാനി തുടങ്ങിയ നേതാക്കള്ക്ക് പുറമെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റായ ഫിലിപ്പ് സ്പ്രാറ്റും ബെന് ബ്രാഡ്ലിയും ഗൂഢാലോചനയിലെ പ്രതികളായിരുന്നു.ഇവരെ മീററ്റിലെത്തിച്ചായിരുന്നു വിചാരണ.ഒരു ജൂറി ഇല്ലാതെ വിചാരണ നടത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ബോംബെ, കൽക്കട്ട പോലുള്ള പ്രധാന വ്യാവസായിക കേന്ദ്രങ്ങൾക്ക് പകരം, മീററ്റിനെ ബ്രിട്ടീഷുകാർ തന്ത്രപരമായി വിചാരണ വേദിയായി തിരഞ്ഞെടുത്തത്.അക്കാലത്തെ നിയമപ്രകാരം, ഒരു പ്രസിഡൻസി പട്ടണത്തിൽ വിചാരണ നടത്തുന്നതിന് ഒരു ജൂറി ആവശ്യമായി വരുമായിരുന്നു, അത് തൊഴിലാളി നേതാക്കളോട് അനുഭാവം പുലർത്തുമെന്ന് ബ്രിട്ടീഷുകാർ ഭയപ്പെട്ടു.
ബ്രിട്ടീഷ് രാജാവിന് ഇന്ത്യയിലുള്ള പരമാധികാരം നഷ്ടപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 121-എ പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. പ്രതികൾ ഒരു പൊതു പണിമുടക്കിലൂടെയും സായുധ പ്രക്ഷോഭത്തിലൂടെയും സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിടുന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏജന്റുമാരാണ് എന്നായിരുന്നു ബ്രിട്ടീഷ് വിലയിരുത്തൽ.
കൊളോണിയൽ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു ഇത്.1929 മുതൽ 1933 വരെ നാല് വര്ഷത്തിലേറെ നീണ്ട വിചാരണയില് 27 പേര്ക്ക് മൂന്ന് വര്ഷം മുതല് ജീവപര്യന്തം വരെ ശിക്ഷ വിധിച്ചു.ചില പ്രതികള് വിചാരണക്കിടയില് മരിച്ചു.ബ്രിട്ടീഷുകാര് കമ്മ്യൂണിസത്തെ അടിച്ചമര്ത്താനാണ് ശ്രമിച്ചതെങ്കിലും ഈ സംഭവത്തോടെ പാര്ട്ടിക്ക് ഇന്ത്യയൊട്ടാകെ വലിയ സ്വീകാര്യത ലഭിച്ചു.സര്വ്വകലാശാലകള്,യുവജനകൂട്ടായ്മകള് എന്നിടങ്ങളില് മാത്രമല്ല റാഡിക്കല് കോണ്ഗ്രസ് ഗ്രൂപ്പുകളിലും പാർട്ടിക്ക് സ്വാധീനം ചെലുത്താൻ കഴിഞ്ഞു.ഇത് കോണ്ഗ്രസ് സോഷ്യലിസ്റ്റ് പാര്ട്ടിയുടെ പിറവിക്കും കാരണമായി.നെഹ്റു ഉള്പ്പെടെയുള്ള യുവനേതാക്കള് ഇടതുപക്ഷത്തേക്ക് ചുവടുമാറ്റി.ബോംബെ,മദ്രാസ്,ബംഗാള്,കേരളം എന്നിവിടങ്ങളില് പാര്ട്ടി ശക്തമായി.മീററ്റ് കേസ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തു എന്നു മാത്രമല്ല പലയിടത്തായി ചിതറിയ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഇത് ഒന്നിപ്പിക്കുകയും ചെയ്തു.1930കളുടെ തുടക്കത്തിൽ നേതാക്കളുടെ മോചനത്തിനുശേഷം സിപിഐ കൂടുതൽ വ്യവസ്ഥാപിതമായി സ്വയം പുനഃസംഘടിപ്പിക്കുന്നതിനും ഈ നീക്കം ഉപകരിച്ചു.
1920 ൽ ബോംബെയിൽ സ്ഥാപിതമായ എഐടിയുസി അന്ന് സിപിഐയുടെ ഭാഗമായിരുന്നില്ല.ലാലാ ലജ്പത് റായ് ആയിരുന്നു ആദ്യ പ്രസിഡന്റ്.ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നുള്ള ദേശീയവാദികളും ആദ്യകാല കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും തൊഴിലാളി പ്രവർത്തകരും ഇതിന്റെ ഭാഗമായിരുന്നു.1929 ല് നാഗപ്പൂരില് നടന്ന എഐടിയുസി സമ്മേളനത്തില് കമ്മ്യൂണിസ്റ്റുകാര് പ്രതിനിധികളായി പങ്കെടുത്തിരുന്നു.മീററ്റ് പ്രതികളെ വിട്ടയയ്ക്കാനും തുണിമില് തൊഴിലാളികളുടെ ഗിര്നികാംഗര് യൂണിയനെ അംഗീകരിക്കാനും എഐടിയുസിയെ സാമ്രാജ്യത്വ വിരുദ്ധ ലീഗുമായി ബന്ധിപ്പിക്കാനും വിറ്റ്ലി കമ്മീഷനെ ബഹിഷ്ക്കരിക്കാനും കമ്മ്യൂണിസ്റ്റുകള് ആവശ്യപ്പെട്ടു.1929ല് ബ്രിട്ടീഷ് എംപി ജോണ് ഹെന്റി വിറ്റ്ലി ചെയര്മാനായി രൂപീകരിച്ച ഇന്ത്യന് ലേബര് കമ്മീഷന് ട്രേഡ് യൂണിയനുകളുടെ ദ്രുതഗതിയിലുള്ള വളര്ച്ച,തൊഴിലാളികള്ക്കിടയിലെ കമ്മ്യൂണിസ്റ്റ് സ്വാധീനം,ടെക്സ്റ്റയില്,ചണം,റയില്വേ,തുറമുഖം,തോട്ടം മേഖലകളിലെ നിരന്തര പണിമുടക്ക് എന്നിവ പഠിക്കാനും മാറ്റങ്ങള് നിര്ദ്ദേശിക്കാനുമായാണ് രൂപീകരിച്ചത്.ജോലിസമയം നിയന്ത്രിക്കാനും ജോലിക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനും തൊഴിലെടുക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാനും ട്രേഡ് യൂണിയനുകളെ അംഗീകരിക്കാനും വ്യവസായതര്ക്കപരിഹാരത്തിന് സംവിധാനം കൊണ്ടുവരാനും ഭവന-ക്ഷേമ മേഖല മെച്ചപ്പെടുത്താനും കമ്മീഷൻ ശുപാര്ശ ചെയ്തു.ഇന്ത്യയിലെ പില്ക്കാല തൊഴില് നിയമങ്ങള്ക്ക് അടിത്തറയിട്ടത് വിറ്റ്ലിയുടെ ശുപാര്ശകളാണ് എന്നത് ശ്രദ്ധേയമാണ്.ബ്രിട്ടീഷുകാരുടെ ലക്ഷ്യം കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് തടയിടുകയാണ് എന്നു മനസ്സിലാക്കിയാണ് പാര്ട്ടി വിറ്റ്ലി കമ്മീഷനെ എതിര്ത്തത്.നാഗപ്പൂര് സമ്മേളന തീരുമാനങ്ങളെ കോണ്ഗ്രസ്സുകാര് പൊതുവെ അനുകൂലിച്ചെങ്കിലും മിതവാദികളായ വലതുപക്ഷ നേതാക്കള് ഇവ അംഗീകരിച്ചില്ല.അവർ എഐടിയുസിയെ ഭിന്നിപ്പിക്കുകയും ദേശീയ ട്രേയ്ഡ് യൂണിയൻ ഫെഡറേഷൻ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു.
ദേശീയ ബൂര്ഷ്വാസികള് എല്ലാക്കാലത്തും ഇത്തരത്തിലാണ് പ്രവർത്തിച്ചിരുന്നത്.അവർ നിലപാടുകളിൽ ചാഞ്ചാടിക്കൊണ്ടിരിക്കുകയും ബ്രിട്ടനുമായി സന്ധിചെയ്യുകയും ബ്രിട്ടീഷ് അനുകൂല നിലപാടുകള് സ്വീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.സ്വാതന്ത്ര്യം ബൂര്ഷ്വാസിയും ആഗ്രഹിക്കുന്നുണ്ടെങ്കിലും അവര് സാമ്രാജ്യത്വത്തിന് നിരന്തരം കീഴടങ്ങുകയും ഉയര്ത്തെഴുന്നേല്ക്കുകയും ചെയ്യുന്ന ദിത്വസ്വഭാവമാണ് നിലനിർത്തിയത്.1928 ലെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ അഥവാ കോമിന്ടേണ് കോളനികളിലെ സമരതന്ത്രങ്ങള് ആവിഷ്ക്കരിക്കുമ്പോള്,ആ പ്രദേശത്തിന്റെ ദേശീയ സ്വഭാവം കൂടി മനസ്സിലാക്കിവേണം നിലപാടെടുക്കുവാൻ എന്ന് ആഹ്വാനം ചെയ്തിരുന്നു.ബൂര്ഷ്വാസികളുടെ പരിഷ്ക്കരണവാദങ്ങള്ക്കെതിരെ നിരന്തര സമരം സംഘടിപ്പിക്കണമെന്നും നാടുവാഴിത്തത്തിനെതിരെ കാര്ഷികവിപ്ലവം വളര്ത്തിക്കൊണ്ടുവരണമെന്നും സാമ്രാജ്യവിരുദ്ധ സമരത്തില് തൊഴിലാളിവര്ഗ്ഗം നേതൃത്വം കൈയ്യാളണമെന്നും കമ്മ്യൂണിസ്റ്റ് ഇന്റര്നാഷണല് നിര്ദ്ദേശിച്ചു.ഭൂരിപക്ഷജനത പിന്തുണയ്ക്കുന്ന ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന സാമ്രാജ്യവിരുദ്ധ ശക്തിയുടെ ബലം വേണ്ടത്ര കാണാതെയുള്ള ഒരു പദ്ധതിയാണ് കോമിന്റേണ് ശുപാർശ ചെയ്തിരുന്നത്.ഭാവിയിൽ ഇന്ത്യയിൽ വിപ്ലവകരമായ ഭരണഘടനാ നിര്മ്മാണ സഭയും ജനാധിപത്യ റിപ്പബ്ലിക്കും നിലവില് വരുന്നത് ദീർഘദർശനം ചെയ്യാൻ കോമിന്റേണിന് അന്ന് കഴിഞ്ഞില്ല.1933–34 ൽ മീററ്റ് ഗൂഢാലോചന കേസ്സിൽ നിന്നും മോചിതരായ നേതാക്കൾ സിപിഐ പുനഃസംഘടിപ്പിച്ചു.1934 ൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഇന്ത്യൻ വിഭാഗമായി സിപിഐ അംഗീകാരവും നേടി. (തുടരും)


