1994 ഏപ്രില്‍ മാസത്തിലാണ്
ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി.
ശ്രീ.എ.ഫിറോസാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.ഓഫീസില്‍ ആള്‍ ഇന്‍ ആളായി സിഎ
ശ്രീ.എം.ഹരിദാസുമുണ്ട്.അംബാസഡര്‍ സ്റ്റേഷന്‍ വാഗണ്‍ പണിതീര്‍ത്ത് വര്‍ക്ക്ഷോപ്പില്‍
നിന്നും കൊണ്ടുവന്നിട്ടുണ്ട്. ദിവസവേതനത്തില്‍ ഒരു ഹിന്ദിക്കാരനാണ് ഡ്രൈവര്‍.
റൊട്ടീന്‍ പത്രസമ്മേളനങ്ങളും പത്രക്കുറിപ്പുമല്ലാതെ നടന്ന ആദ്യത്തെ പ്രധാന
പരിപാടിയായിരുന്നു 1994 ജൂണ്‍ എട്ടിന് നടന്ന ഗുണ്ടര്‍ട്ട് ശതാബ്ദി ആഘോഷം.
സാംസ്ക്കാരിക വകുപ്പു മന്ത്രി ശ്രീ.ടി.എം.ജേക്കബ്ബ് ഉത്ഘാടനം ചെയ്തു. സാംസ്ക്കാരിക- ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി ശ്രീ.കെ.ജയകുമാര്‍ ഐഎഎസ് പിആര്‍ഡി ഡയറക്ടര്‍ ശ്രീ.വി.ബി.പ്യാരേലാല്‍
ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു. ശതാബ്ദിയുടെ ഭാഗമായി ഒരു സെമിനാറും
സംഘടിപ്പിച്ചിരുന്നു. വിഷയം –The Role
of Scientific Study of Indian Languages in National Integration. പരിപാടി മികച്ചതാകണം എന്ന താത്പ്പര്യത്തോടെ ഞങ്ങള്‍ കസ്തൂര്‍ബാ
ഗാന്ധി മാര്‍ഗ്ഗിലെ മാക്സ് മുള്ളര്‍ ഭവനുമായി ബന്ധപ്പെട്ടു. അവര്‍ സഹകരിക്കാന്‍
തയ്യാറായി. പുസ്തകങ്ങളുടെ പ്രദര്‍ശനവും ഡോക്യുമെന്‍ററി പ്രദര്‍ശനവുമൊക്കെ അവര്‍ വാഗ്ദാനം
ചെയ്തു. ഭവന്‍ ഡയറക്ടര്‍ സെമിനാറില്‍ സംസാരിക്കാമെന്നും സമ്മതിച്ചു. ഡല്‍ഹിയിലെ
പ്രമുഖ മലയാളികളെയെല്ലാം സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തി. അന്ന്
മൊബൈലൊന്നുമില്ല. അതുകൊണ്ട് രാത്രിയും പകലും ഓഫീസിലെ ലാന്‍ഡ് നമ്പരില്‍ നിന്നു
വിളിച്ചാണ് ആളുകളെ ക്ഷണിക്കുന്നത്. എല്ലാവര്‍ക്കും ക്ഷണക്കത്തും അയച്ചു. ജര്‍മ്മനിയിലെ
ട്യൂബിംഗന്‍ ലൈബ്രറിയില്‍ പോയി ഗുണ്ടര്‍ട്ടിനെ കുറിച്ച് പഠനം നടത്തിയ പ്രൊഫസര്‍.സ്കറിയ
സഖറിയുമൊക്കെ സെമിനാറില്‍ സംസാരിച്ചിരുന്നു. അദ്ദേഹം കാര്യവട്ടത്ത് ഗവേഷണ കാലം എന്‍റെ
അയല്‍ക്കാരനായിരുന്നു എന്നതും ഓര്‍ക്കുന്നു.
രാവിലെ ജയകുമാര്
സാറിനെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, ആരെങ്കിലുമൊക്കെ വരുമോ അതോ കേരളഹൌസ് ജീവനക്കാര് തന്നെയാവുമോ. ഇല്ല സാര്‍,
ധാരാളം പേരെ വിളിച്ചിട്ടുണ്ട്. ഉം, നോക്കാം എന്നു പറഞ്ഞു. രാവിലെ 10.30നായിരുന്നു
ഉത്ഘാടനം. 10 മണിക്കുതന്നെ പ്രൊഫസര്‍ ഓംചേരി, ശ്രീ.എംകെജി പിള്ള തുടങ്ങി
പ്രധാനപ്പെട്ട മലയാളികളൊക്കെ എത്തി. 10.30ന് ഹാള്‍ നിറഞ്ഞ് ഡല്‍ഹി മലയാളികള്‍.
എല്ലാം വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വന്നവരും എഴുത്തുകാരുമൊക്കെയാണ്. വൈകിട്ട്
നാലുമണിക്കാണ് പരിപാടി സമാപിച്ചത്. ജയകുമാര് സാര്‍ അന്ന് കാണുമ്പോഴെല്ലാം
ജനപങ്കാളിത്തത്തെ അഭിനന്ദിക്കുകയുണ്ടായി. എനിക്കും ഫിറോസ് സാറിനും ഹരിദാസിനും ഏറെ
സന്തോഷം തോന്നിയ ഒരു പരിപാടിയായിരുന്നു
അത്. നല്ല തുടക്കമായിരുന്നു. പിന്നെ എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിക്കാന്‍
കഴിഞ്ഞത്!! ( അന്നത്തെ ഇലക്ട്രോണിക് ടൈപ്പ് റൈറ്ററില്‍ ഹരിദാസ് ടൈപ്പു ചെയ്ത ഒരു ഷീറ്റ്
പേപ്പറാണ് ഈ ഓര്‍മ്മകളിലേക്ക് പോകാന്‍ അവസരം നല്‍കിയത്.)
No comments:
Post a Comment