സീന്‍ -12
കുഞ്ഞാലി മരയ്ക്കാറും ചൈനാലിയും കുട്ട്യാലിയും കുഞ്ഞിമൂസയും കൂടിയാലോചിക്കുന്നു.
കുഞ്ഞാലി ---- നമ്മുടെ കലവറ ഒഴിയാറായി. പട്ടിണി കിടന്ന് യുദ്ധം ചെയ്യാന്‍ കഴിയില്ലല്ലോ കുട്ട്യാലി. ഫുര്‍ത്താവുസോയുടേത് തന്ത്രപരമായ നീക്കമാണ്. നമുക്ക് ഭക്ഷണവുമായി വന്ന എല്ലാ കപ്പലുകളും അവര്‍ പിടിച്ചെടുത്തു. സ്ത്രീകളെയും കുട്ടികളേയുമെങ്കിലും രക്ഷിക്കണം. അതിന് കീഴടങ്ങള്‍ മാത്രമേയുള്ളു മുന്നില്‍
കുട്ട്യാലി --- പറങ്കികള്‍ക്ക് കീഴടങ്ങുന്നതിലും നല്ലത് മരണം തന്നെയാണ്
കുഞ്ഞാലി --- നമുക്ക് പൊന്നു തമ്പുരാന് മുന്നില്‍ കീഴടങ്ങാം. മലബാറിനുവേണ്ടിയുള്ള യുദ്ധമല്ലെ നമ്മുടേത്. അത് തമ്പുരാന്‍ മനസിലാക്കുന്ന കാലം വരും. പറങ്കികളുടെ വലയിലായ തമ്പുരാന് ഇപ്പൊ കണ്ണു കാണാന്‍ വയ്യാത്ത അവസ്ഥയാണ്. ഇത് മാറും കുട്ട്യാലി
ചൈനാലി --- തമ്പുരാനെയും പറങ്കികളെയുമൊന്നും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പക്ഷെ, നമുക്കൊരു ബദലില്ല എന്നതാണ് സത്യം.
കുഞ്ഞാലി -- നമുക്ക് കീഴടങ്ങിയ ശേഷം നാടുവിടാം. രാമേശ്വരത്ത് എല്ലാ സൌകര്യങ്ങളും ഒരുക്കി നല്‍കാന്‍ മധുര രാജാവ് തയ്യാറാണ്. അവിടെ താമസിച്ചുകൊണ്ട് നമുക്ക് പറങ്കികളോട് പോരാടാം. നമ്മുടെ സ്വത്തുക്കളെല്ലാം അവിടെ എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കുഞ്ഞിമൂസ --- നമ്മുടെ കണക്കുകള്‍ പിഴച്ച സ്ഥിതിക്ക് ഇനി മറ്റ് മാര്‍ഗ്ഗങ്ങളില്ല. കരയും കടലും പുഴയും അവര്‍ സ്വന്തമാക്കിയിരിക്കുന്നു. നമ്മള്‍ മാളത്തിലകപ്പെട്ട എലിയുടെ സ്ഥിതിയിലാണിപ്പോള്‍
കുഞ്ഞാലി --- കീഴടങ്ങല്‍ സന്ദേശവുമായി തമ്പുരാനെ കാണാന്‍ നമ്മുടെ ദൂതന് നിര്‍ദ്ദേശം നല്‍കുക. ഞാനല്‍പ്പം വിശ്രമിക്കട്ടെ.
സീന്‍ -12 എ
കോട്ടമുറ്റം. പട്ടാളക്കാരും സ്ത്രീകളും കുട്ടികളും നിറഞ്ഞു നില്‍ക്കുന്നു. ഉയര്‍ന്ന മണ്ഡപത്തിലേക്ക് കുഞ്ഞാലി വരുന്നു. തികഞ്ഞ നിശബ്ദത
കുഞ്ഞാലി --- എന്‍റെ ഉടപ്പിറപ്പുകളെ, കുഞ്ഞുങ്ങളെ, മതം, ദേശം, പ്രായം എന്നിവയ്ക്കൊന്നും വേര്‍തിരിക്കാനാവാത്തവിധം ഒറ്റ മനസായാണ് നമ്മള്‍ നാളിതുവരെ പോരാടിയത്. വിജയവും പരാജയവും നിശ്ചയിക്കുന്നത് കാലമാണ്. നമ്മളെയും തമ്പുരാനെയും പിണക്കിയവര്‍ക്ക് ഉടയോന്‍ മാപ്പു കൊടുക്കട്ടെ. പറങ്കികളുമായുള്ള സന്ധിയില്ലാ സമരം നമ്മുടെ അനേകം ധീരനായകന്മാരുടെ ജീവന്‍ അപഹരിച്ചു. അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം കുടുംബങ്ങളോട് ക്ഷമ ചോദിക്കാനും ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. വീരന്മാര്‍ ഒരിക്കലെ മരിക്കുകയുള്ളു. ഭീരുക്കള്‍ പലവട്ടം മരിക്കുന്നു. വീരന്മാരുടെ ഊര്‍ജ്ജം എന്നും നമ്മോടൊപ്പമുണ്ടാകും. നമ്മള്‍ യുദ്ധം അവസാനിപ്പിക്കുകയാണ്. തമ്പുരാനുമായുണ്ടാക്കിയ കരാര്‍ പ്രകാരം നിങ്ങളെയെല്ലാം സ്വതന്ത്രരായി പോകാന്‍ അനുവദിക്കും. എല്ലാവരും രാമേശ്വരത്ത് എത്തണം. പറങ്കികള്‍ക്കെതിരായ അന്തിമപോരാട്ടം നമുക്കവിടെ നിന്നും ആരംഭിക്കാം. അന്തിമ വിജയം നമ്മുടേത് തന്നെയാകും. ഏതാനും നിമിഷങ്ങള്‍ക്കകം വെള്ളകൊടി ഉയരും. അതോടെ കോട്ടവാതില്‍ തുറക്കും. ആദ്യം സ്ത്രീകളും കുട്ടികളും പുറത്തിറങ്ങണം. പരിക്കേറ്റവരേയും രോഗികളെയും ഭടന്മാര്‍ പുറത്തേക്ക് കൊണ്ടുപോകണം. തുടര്‍ന്ന് മറ്റുള്ളവരും. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ഞാന്‍ നിങ്ങളോട് ചെയ്തിട്ടുള്ള എല്ലാ തെറ്റുകള്‍ക്കും അല്ലാഹുവിന്‍റെ നാമത്തില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളെ ഉടയതമ്പുരാന്‍ കാത്തുകൊള്ളട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
ഭടന്മാര്‍ മുദ്രാവാക്യം വിളിക്കുന്നു ---- കുഞ്ഞാലി മരയ്ക്കാര്‍ നീണാള്‍ വാഴട്ടെ, കുഞ്ഞാലി മരയ്ക്കാര്‍ നീണാള്‍ വാഴട്ടെ
കരഞ്ഞുകൊണ്ടു നില്‍ക്കുന്ന സ്ത്രീകളുടെ അടുത്തെത്തുന്ന കുഞ്ഞാലി -------- എന്‍റെ അമ്മമാരും പെങ്ങന്മാരും മക്കളുമാണ് നിങ്ങള്‍. ധീരന്മാരുടെ കുലത്തില്‍പെട്ട നിങ്ങള്‍ ധൈര്യം കൈവിടരുത്. എല്ലാ ദുരിതങ്ങളില്‍ നിന്നുമുള്ള മോചനാണ് ഇപ്പോഴുണ്ടാകുന്നത്. യുദ്ധത്തിന്‍റെ ശാപഗ്രസ്തമായ ദിനങ്ങള്‍ അവസാനിക്കുകയാണ്. ഈ സമയം സന്തോഷിക്കാനുള്ളതാണ്, കരയരുത്
കുഞ്ഞാലി ഒരു സ്ത്രീയുടെ കണ്ണീര്‍ തുടയ്ക്കുന്നു. മുന്നിലേക്ക്ക നടക്കുമ്പോള്‍ ഉമ്മയും ചെറുമക്കളും വായപൊത്തി വിതുമ്പുന്നു. അവരെ ചേര്‍ത്തു പിടിച്ച് കുഞ്ഞാലി ---- വീരശൂരപരാക്രമിയായ കുഞ്ഞാലിയുടെ ഉമ്മ കരയുകയോ -- എന്താ ഉമ്മ ഇത്. ഞാന്‍ ഉടനെ രാമേശ്വരത്ത് എത്തില്ലെ. അവിടെ ഇതിനേക്കാള്‍ വലിയൊരു കോട്ട പണിത് ഉമ്മയെ ഞാനതില്‍ പാര്‍പ്പിക്കും. പറങ്കികളെ അറബിക്കടലില്‍ നിന്നോടിക്കുക എന്ന കാരണവന്മാരുടെ സ്വപ്നം പൂര്‍ത്തിയാക്കും. ഉമ്മയുടെ മോന്‍ നല്‍കുന്ന വാക്കാണ്, ഞാനിത് നിറവേറ്റും ഉമ്മ
ഉമ്മ ആശങ്കയില്‍ തന്നെ
ഉമ്മ-- എന്നെയും ഈ കുഞ്ഞിനെയും ആരെ ഏല്‍പ്പിച്ചാണ് കുഞ്ഞാലി നീ പോകുന്നത്
കുഞ്ഞാലി കുഞ്ഞിനെ എടുത്ത് സന്തോഷത്തോടെ സംസാരിക്കുന്നു -------- വല്യുപ്പ കൊറച്ചീസം കഴിയുമ്പൊ മോളെ കാണാന്‍ വരും. രണ്ട് കൈ നിറയെ ചക്കര മിഠായിയുമായി വരും. -- ന്‍റെ മോള് മിടുക്കിയാവണം- കേട്ടോ
കുട്ടി തലയാട്ടി ചിരിക്കുന്നു. കുഞ്ഞാലി അവള്‍ക്ക് മുത്തം നല്‍കുന്നു. കഴുത്തില്‍ ചുറ്റിയിരുന്ന ഉറുമാല്‍ എടുത്ത് ഉമ്മയുടെ കണ്ണുനീര്‍ തുടച്ച് അത് അവരെ ഏല്‍പ്പിക്കുന്നു.
കുഞ്ഞാലി --- ഉമ്മ ഇത് വച്ചോളീന്‍ -- എനിക്കിപ്പൊ തരാന്‍ മറ്റൊന്നുമില്ല
അവര്‍ അത് കൈയ്യില്‍ ചുരുട്ടി വീണ്ടും സങ്കടപ്പെടുന്നു. കുഞ്ഞാലി മുന്നോട്ട് നടക്കുന്നു. സങ്കടമുള്ളത് കാണിക്കാതെയും തിരിഞ്ഞു നോക്കാതെയും പറയുന്നു ------ ഉമ്മ ഓള്‍ടെ കൈവിടല്ലെ, കുരുത്തംകെട്ട പെണ്ണാണ്, മുറുകെ പിടിച്ചോണം
ഉമ്മ പ്രാര്‍ത്ഥിക്കുന്നു ------ യാ റസൂല്‍ ആലമീനായ തമ്പുരാനെ --- ന്‍റെ മോനെ കാത്തോളണെ
സീന്‍-12 ബി
വെള്ളക്കൊടി ഉയര്‍ന്നു. കോട്ടവാതില്‍ തുറന്നു. കുഞ്ഞാലിയും കൂട്ടരും മുകളില്‍ നിന്ന് കാഴ്ച കണ്ടു. ആദ്യം സ്ത്രീകളും അവരുടെ കൈ പിടിച്ച് കുട്ടികളും പുറത്തേക്കിറങ്ങി. കോട്ടയും ഇരുവശവും പോര്‍ച്ചുഗീസ് -- നായര്‍ പട്ടാളങ്ങള്‍ ഒരിടനാഴി തീര്‍ത്തിരിക്കുന്നു. അതിനിടയിലൂടെ കുനിഞ്ഞ ശിരസും ഉറച്ച കാല്‍വയ്പുകളുമായി അവര്‍ നടന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്നിലായി അംഗവൈകല്യമുള്ളവര്‍, അവരെ സഹായിക്കുന്നവര്‍. സ്ത്രീകളുടെ നിരയ്ക്ക് പിന്നിലായി ഉമ്മയും കുഞ്ഞും. കുഞ്ഞ് തിരിഞ്ഞുനോക്കുന്നുണ്ട്. വല്യുപ്പയെയാണവള്‍ നോക്കുന്നത്. അവള്‍ കുഞ്ഞാലിയെ കാണുന്നില്ല. അവള്‍ വീണ്ടും നേരെ നോക്കി നടത്തം തുടര്‍ന്നു. തികഞ്ഞ നിശബ്ദത. അവര്‍ നടക്കുന്ന പാദപതനം വ്യക്തമായി കേള്‍ക്കാം.
കുഞ്ഞാലി --- തമ്പുരാനെ , എല്ലാം അവിടത്തെ ഇഷ്ടം. സുബാനള്ളാ , സുബാനള്ളാ
സീന്‍-12 സി
ആ മനുഷ്യ ഇടനാഴിയുടെ അങ്ങേയറ്റത്തായി സാമൂതിരി കസേരയില്‍ ഇരിക്കുന്നു. മന്ത്രിമാര്‍ സമീപത്തുണ്ട്. ഉപദേശികളായ പാതിരിമാരും . ആദ്യസംഘം സാമൂതിരിപ്പാടിനു മുന്നിലെത്തി തൊഴുതു. അവരോട് പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിക്കുന്നു. അങ്ങിനെ ഓരോ സംഘമായി അവര്‍ ഇടത്തേക്കും വലത്തേക്കും തിരിഞ്ഞുപോയി.
സീന്‍ -13
കുഞ്ഞാലി കൂട്ടുകാരെ നോക്കി ---- ഇനി നമ്മുടെ ഊഴമാണ്, തയ്യാറാകൂ
അവര്‍ ആയുധങ്ങള്‍ താഴെ വച്ച് ഇറങ്ങാന്‍ തയ്യാറായി.
കുഞ്ഞാലിയുടെ മുറി. കുഞ്ഞാലി ഒരു കറുത്ത ഉറുമാല്‍ എടുത്ത് തലയില്‍ കെട്ടി. ഉടവാളെടുത്ത് ഉയര്‍ത്തി.
കുഞ്ഞാലി --- എന്‍റെ മനസും ശരീരവുമായ കാരണവന്മാരെ, ഈ കോട്ടയെ വലംവച്ചുപോകുന്ന മുരാട് പുഴേ, എന്‍റെ ഉപ്പായ അറബിക്കടലെ, എന്നെ പോറ്റി വളര്‍ത്തിയ എന്‍റെ പ്രിയ നാടേ, എന്നെ ഞാനാക്കിയ ഈ കോട്ട വിട്ടിറങ്ങുകയാണ്. ശരിയോ തെറ്റോ എന്നറിയില്ല. ഇതല്ലാതെ മറ്റൊരു തീരുമാനം എടുക്കാന്‍ കഴിയില്ലായിരുന്നു എന്ന വിശ്വാസത്തോടെ ഞാന്‍ പടിയിറങ്ങുന്നു. എന്നന്നേയ്ക്കുമായി - എന്‍റെ ഉടപ്പിറപ്പുകളെയും വിശ്വസ്തരായ എന്‍റെ ചങ്ങാതികളെയും കാത്തുകൊള്ളണേ തമ്പുരാനെ
പ്രാര്‍ത്ഥന കഴിഞ്ഞ് കുഞ്ഞാലി പുറത്തിറങ്ങി. കിഴക്കോട്ടു തിരിഞ്ഞ് വാള്‍ പതിയെ തലകീഴായി പിടിച്ചു. ഇടത്ത് ചൈനാലി, വലത്ത് കുട്ട്യാലി, പിന്നില്‍ കുട്ടിമൂസ , അതിനുപിന്നില്‍ നിരായുധരായ സേനാനായകര്‍. വാള്‍ ആചാരപൂര്‍വ്വം താഴ്ത്തിപ്പിടിച്ച് കുഞ്ഞാലി നടന്നു.
സീന്‍ -13 എ
റോഡിലൂടെ കുഞ്ഞാലി നടക്കുന്ന ദൃശ്യങ്ങള്‍
കുഞ്ഞാലിയുടെ ചുണ്ടില്‍ അല്ലാഹു അക്ബര്‍ മാത്രം.
സീന്‍ - 14
സാമൂതിരിയുടെ ഇരിപ്പിടം. കുഞ്ഞാലിയും കൂട്ടരും അവിടെ എത്തുന്നു. കടുത്ത നിശബ്ദത മാത്രം. കുഞ്ഞാലി രാജാവിന് മുന്നിലെത്തി. ഉടവാള്‍ കാല്‍ക്കല്‍ സമര്‍പ്പിച്ച് താണുതൊഴുതു.
കുഞ്ഞാലി --- എന്‍റെ സമസ്താപരാധങ്ങളും പൊറുക്കണം തമ്പുരാനെ. അടിയനേയും കൂട്ടരേയും പോകാന്‍ അനുവദിക്കണം തമ്പുരാനെ. ഇനി അങ്ങയ്ക്ക് ഞങ്ങളില്‍ നിന്നും യാതൊരുവിധ ശല്യവുമുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്നു. പറങ്കികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ അങ്ങയ്ക്ക് ശക്തിയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഇത്രയും പറഞ്ഞ് മെല്ലെ തലയുയര്‍ത്തി തമ്പുരാനെ നോക്കി. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ണുകളുടെ കൂട്ടിമുട്ടല്‍. മുഖത്ത് വിവിധ ഭാവങ്ങള്‍. സാമൂതിരി എന്തെങ്കിലും പറയും മുന്‍പ് സൈന്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞു നിന്ന ഫുര്‍ത്താസോയും സംഘവും ചാടി വീണു. പിടിവലിയും ചങ്ങലകിലുക്കവും പൊടിപടലവും. മരയ്ക്കാരുടെ സംഘത്തിലെ ഭൂരിപക്ഷത്തെയും അവര്‍ ചങ്ങലയ്ക്കിട്ടു. എന്നിട്ട് വലിച്ചുകൊണ്ടുപോകാന്‍ തുടങ്ങി.
കുഞ്ഞാലി സാമൂതിരിപ്പാടിനെ നോക്കി ആക്രോശിച്ചു ---- പറങ്കികളുടെ അടിമയായ രാജാവെ, ഇത് ചതി, കൊടും ചതി. യുദ്ധം ചെയ്ത് മരിക്കാന്‍ കഴിയാഞ്ഞിട്ടല്ല, നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് നമ്മള്‍ കീഴടങ്ങിയത്. പറങ്കി കഴുകന്മാര്‍ക്ക് ഞങ്ങളെ ഇരകളാക്കിയ നിങ്ങള്‍ക്ക് ഇനി ഈ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. ഒന്നോര്‍ത്തോളൂ രാജാവെ, ഒരു രാത്രികൊണ്ട് മറച്ചുപിടിച്ചാല്‍ സൂര്യന്‍ ഇല്ലാതാവില്ല. ഒരായിരം സൂര്യന്മാര്‍ ഉദിച്ചുയരും. നിങ്ങളെയും ചതിയന്മാരായ പറങ്കികളെയും കെട്ടുകെട്ടിക്കുന്ന ഒരു കാലം വരും. കുഞ്ഞാലിയാണ് പറയുന്നത്. നേരും നെറിയും മാത്രമുള്ളവന്‍. ഇനി നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ മാത്രം. ഞാന്‍ പറയുന്നു -- ഇനി നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ മാത്രം.
പോര്‍ച്ചുഗീസുകാര്‍ ബലമായി കുഞ്ഞാലിയെ കൊണ്ടുപോകുന്നു. നായര്‍ പടയാളികള്‍ ക്ഷുഭിതരാകുന്നു. കീഴടങ്ങള്‍ വ്യവസ്ഥ ലംഘിച്ചിരിക്കയാണ്. രാജാവിനെതിരെ ആളുകള്‍ പ്രതിഷേധിച്ചു. എവിടെ നിന്നോ ഒക്കെ ശബ്ദമുയര്‍ന്നു ------- ഇത് ചതി.
കീഴടങ്ങല്‍ നിയമം ലംഘിച്ചിരിക്കുന്നു.
മഹാരാജാവ് നീതി പാലിക്കുക.
രാജാവ് പറങ്കികളുടെ പാവയാകരുത് .
ഞങ്ങള്‍ നോക്കുകുത്തികളല്ല, രാജാവ് നീതി പാലിക്കുക
രാജാവ് എഴുന്നേല്‍ക്കുന്നു
രാജാവ് --- ശാന്തരാകൂ, ശാന്തരാകൂ -- കുഞ്ഞാലിയെ അവര്‍ ഒന്നും ചെയ്യില്ല. ഇതൊരു വിചാരണ ചടങ്ങുമാത്രം. നമുക്ക് നമ്മുടെ നിയമമുള്ളതുപോലെ അവര്‍ക്ക് അവരുടെ നിയമം നടപ്പിലാക്കണ്ടെ- അത്രമാത്രം. കൊട്ടാരത്തിലെത്തിയ ശേഷം ബാക്കിയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാം. ഇവിടെ ആദ്യം നമ്മുടെ ദൌത്യം പൂര്‍ത്തിയാക്കുക.
ഫ്ളാഷ് ബാക്ക് പൂര്‍ത്തിയാവുന്നു.
ജനക്കൂട്ടത്തില്‍ ഒരാള്‍ --- കൊല്ലണം അവനെ.
മറ്റൊരുവന്‍ --------------------- കൊത്തി നുറുക്കണം.
മറ്റൊരാള്‍ ---------------------- സ്രാവിന് കൊടുക്കണം
മറ്റൊരുവന്‍ ------------------ പട്ടിക്ക് കൊടുക്കണം
യാതൊരു ഭാവഭേദവുമില്ലാതെ ബലിക്കല്ലില്‍ കുഞ്ഞാലിയും കൂട്ടരും.
കുഞ്ഞാലി ---- എന്‍റെ നാടിനെ രക്ഷിക്കാന്‍ യാ റബ്ബുല്‍ ആലമീനായ തമ്പുരാന്‍ എന്‍റെ ബലി ചോദിക്കുന്നു. ഞാന്‍ സസന്തോഷം എന്നെ അങ്ങയ്ക്കായി സമര്‍പ്പിക്കുന്നു. ലാ ഇലാഹ് ഇല്ലല്ലാഹ് -- ലാ ഇലാഹ് ഇല്ലല്ലാഹ്.
കൈകള്‍ പിറകില്‍ കെട്ടി തല ബലിക്കല്ലില്‍ വയ്ക്കുന്നു. ആരാച്ചാരുടെ മഴു ഉയരുന്നു. മഴുവിന്‍റെ തിളക്കം. ചോര ചീറ്റിത്തെറിക്കുന്നു. പലവട്ടം ഉയരുന്ന മഴു. കൊത്തിയരിയുന്ന ശബ്ദം. ജനങ്ങളും പ്രകൃതിയും ദൃശ്യത്തില്‍.
സീന്‍ - 16
ശാന്തമായ കടലിനു മുന്നില്‍ കണ്ണൂര്‍ ചന്ത.
അവിടെ കുഞ്ഞാലിയുടെ തല കുത്തി നിര്‍ത്തിയിരിക്കുന്നു. കാവലിന് പറങ്കി പട്ടാളം
കമന്‍ററി ( ആവശ്യമായ വിഷ്വലുകളും സ്കെച്ചുകളും ) ----
ചതിയനായ രാജാവും പറങ്കികളും ഒന്നുചേര്‍ന്നപ്പോള്‍ ഒരു വീരനായകന് കിട്ടിയ മരണം ഇങ്ങനെ. യുദ്ധം ചെയ്ത് വീരമൃത്യു വരിക്കാനുള്ള അവസരമാണ് സാമൂതിരി നഷ്ടപ്പെടുത്തിയത്. ചരിത്രം മാപ്പുകൊടുക്കാത്ത ഹീനകൃത്യം. ഹിന്ദു- മുസ്ലിം മൈത്രിയ്ക്ക് കളങ്കം ചാര്‍ത്തിയ സാമൂതിരി ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയ ഭ്രാന്തിനടിപ്പെട്ട് മരണം കൈവരിച്ചു. പറങ്കികള്‍ മലബാര്‍ തീരം കൈയ്യടക്കി. വിദേശിയെ തുരത്താന്‍ മറ്റൊരു വിദേശി വേണ്ടിവന്നു എന്നത് ചരിത്രത്തിന്‍റെ മറ്റൊരു ഏട് മാത്രം. 1604 ല്‍ ഡച്ചുകാര്‍ ഗോവന്‍ തുറമുഖം ആക്രമിച്ചു. പെഡ്രോയും ഭാര്യ ഹന്നയും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ ഒരു ദിവസം അധികാരികളെയും പാതിരിമാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പെഡ്രോയും ഹന്നയും രക്ഷപെട്ടു. ഒരു വര്‍ഷം കൊണ്ട് അവര്‍ ഒരു ചെറുകിട യുദ്ധക്കപ്പല്‍ സംഘടിപ്പിച്ചു. അയാള്‍ പറങ്കികളെ ആക്രമിക്കാന്‍ തുടങ്ങി.
1618 ല്‍ അഞ്ച് വലിയ കപ്പലുകള്‍, പെഡ്രോയ്ക്ക് സ്വന്തമായി . ആയുധങ്ങളും വെടിക്കോപ്പുകളും ആളുകളുമായി. മാലിദ്വീപില്‍ പണ്ടികശാല തുറന്നു.
കൊങ്കണ്‍ മലബാര്‍ തീരത്ത് പോര്‍ച്ചുഗീസുകാര്‍ നിരന്തരം ആക്രമണത്തിന് വിധേയരായി. കുഞ്ഞാലിയുടെ പ്രേതമാണ് ആക്രമണം നടത്തുന്നതെന്ന് അവര്‍ വിശ്വസിച്ചു. പോര്‍ച്ചുഗീസുകാരെ മലബാര്‍ തീരത്തുനിന്നും ഓടിക്കും വരെ പെഡ്രോ അവിശ്രമം പോരാടി. ഒടുവില്‍ എവിടെയോ അപ്രത്യക്ഷനായി. ഒരുപാട് കഥകള്‍ ഒതുക്കി വയ്ക്കുന്ന കടലിന്‍റെ ഉള്ളിലെവിടെയോ ഒരു കോട്ടകെട്ടി അതില്‍ പെഡ്രോ കഴിയുന്നുണ്ടാവും. എല്ലാറ്റിനും മൂകസാക്ഷിയായി , പോരാട്ടങ്ങളുടെ കഥകള്‍ തലമുറകള്‍ക്ക് പറഞ്ഞുതരാനായി വെള്ളിയാങ്കല്ല് മാത്രം ഇന്നും നിലനില്‍ക്കുന്നു.