Tuesday, 31 October 2023

Come around - a travel experience -Part-1

 


യാത്രാനുഭവം – ഭാഗം -1

ഒന്നു ചുറ്റി വന്നു

-വി.ആര്‍.അജിത് കുമാര്‍

കിളികള്‍ക്കൊരു സ്വഭാവമുണ്ട്. മരത്തിലങ്ങിനെയിരുന്ന് മുഷിയുമ്പോള്‍ ഒന്ന് പറന്ന് ചുമ്മാചുറ്റിക്കറങ്ങി ,വല്ല തീറ്റയും കിട്ടിയാല്‍ അതും കഴിച്ച് പഴയ സ്ഥലത്തുതന്നെ വന്നിരിക്കും. മനുഷ്യര്‍ അത്തരം യാത്രകള്‍ നടത്തുക ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ യാത്ര അത്തരത്തിലായിരുന്നില്ല, ചില ഉദ്ദേശങ്ങളും അതിന് പിന്നിലുണ്ടായിരുന്നു.

ഒക്ടോബര്‍ ഇരുപത്തിയഞ്ചിനാണ് ജയശ്രീയും ശ്രീക്കുട്ടനും രാജശ്രീയും ഞാനും കൂടി ശിവഗംഗയില്‍ നിന്നും യാത്ര പുറപ്പെട്ടത്. കൊച്ചുമകള്‍ പത്മാവതിയെ നോക്കാനായി നാട്ടില്‍ നിന്നും വിഷ്ണുവിന്‍റെ അമ്മ ഗീതയും രാമനാഥപുരത്തുനിന്നും നാഗറാണിയും എത്തിയതോടെ സമാധാനമായി. മോളെ സ്കൂളിലാക്കിയശേഷം പുറപ്പെട്ടപ്പോള്‍ രാവിലെ പതിനൊന്നരയായി. 2015 മുതല്‍ കൂട്ടിനുള്ള മാരുതി സ്വിഫ്റ്റിനെ നാല് ദിവസം മുന്നെ കാര്‍ഡോക്ടറെ കാണിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. ആറ് മാസം മുന്നെ ചെന്നൈയില്‍ വച്ച് ഷെല്‍ കമ്പനിയുടെ എന്‍ജിന്‍ ഓയില്‍ വാങ്ങി ഒഴിച്ചതാണ്. അത് മാരുതിവണ്ടിക്ക് ശരിയാകില്ല എന്ന് പറഞ്ഞ് വര്‍ക്ക്ഷോപ്പുകാരന്‍ അത് മാറ്റി. അതുകൊണ്ട് അയ്യായിരത്തിന് മുകളില്‍ ചിലവ് വന്നു. ആ അബദ്ധം പറ്റാതിരിക്കാന്‍ വായനക്കാരും ശ്രദ്ധിക്കുക.

    മധുര, വിരദുനഗര്‍,ചെങ്കോട്ട, ആര്യങ്കാവ് ,കുളത്തൂപ്പുഴ,മടത്തറ വഴി നിലമേലേക്കാണ് യാത്ര. നല്ല റോഡ്, പ്രകൃതി ദൃശ്യങ്ങള്‍, ഇടയ്ക്കൊക്കെ ചെറിയ മഴ, നല്ല ചൂടുള്ള കാപ്പി, ചായ, വട,പഴംപൊരി ഇത്യാദികളുടെ അകമ്പടിയോടെയാണ് യാത്ര. ഉച്ചയ്ക്ക് നല്ല മഴയുടെ താളത്തിനൊപ്പം വീട്ടില്‍ നിന്നും കൊണ്ടുവന്ന ഫ്രൈഡ് റൈസ് കഴിച്ചു. ഉലഹപ്പന്‍ എന്ന കൈപ്പുണ്യമുള്ള ചെട്ടിനാടുകാരന്‍ തയ്യാറാക്കിത്തന്നതായിരുന്നു അത്. മല കയറിഇറങ്ങുമ്പോള്‍ ജയശ്രിക്കുണ്ടായ തലവേദനയും അസ്വാസ്ഥ്യവും ഒഴിച്ചാല്‍ യാത്ര സുന്ദരം,സുഖകരം. വൈകിട്ട് ആറ് മണി കഴിഞ്ഞപ്പോള്‍ നിലമേലെത്തി. കൊട്ടാരക്കര ഗണപതികോവിലില്‍ നിന്നും കിട്ടുന്നപോലെ സ്വാദിഷ്ടമായ ഉണ്ണിയപ്പം, വിനീത തയ്യാറാക്കി വച്ചിരുന്നു. അതൊക്കെ കഴിച്ച് അവിടെയിരുന്നു കുറേ നേരം വിശേഷം പറഞ്ഞു. അമ്മയ്ക്ക് പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിലും പ്രായാധിക്യത്തിന്‍റെ ചില അസ്വസ്ഥതകള്‍. അമ്മയുടെ ചെറിയ വിഷമങ്ങളൊക്കെ കേട്ടു. ഫിഷ്ലാന്‍റില്‍ നിന്നും പതിവുപോലെ താറാവും ബീഫും പൊറോട്ടയും വാങ്ങി. കപ്പ പുഴുങ്ങിയതും ചപ്പാത്തിയും മുട്ടക്കറിയുമൊക്കെ  വീട്ടിലുണ്ടായിരുന്നു. സമൃദ്ധമായ അത്താഴം കഴിഞ്ഞ് പരവൂരേക്ക് പോയി. പത്തുമണി കഴിഞ്ഞു അവിടെ എത്തിയപ്പോള്‍. പാരിപ്പള്ളി-പരവൂര്‍ റോഡ് വര്‍ഷങ്ങളായി കേടില്ലാതെ കിടക്കുകയായിരുന്നു. ഇപ്പോള്‍ അവിടവിടെ പണി നടക്കുന്നു. യാത്രക്ഷീണം കാരണം നന്നായി ഉറങ്ങി.

രാവിലെ ഏഴുമണിക്ക് എഴുന്നേറ്റു തയ്യാറായി. എട്ടേമുക്കാലിന് കടല്‍തീരത്തുള്ള പനമൂട്ടില്‍ ക്ഷേത്രത്തിലെത്തി. പൂജയ്ക്ക് ഞാനും ജയശ്രീയും മാത്രമെ ഉണ്ടായിരുന്നുള്ളു. കടലിരമ്പവും മണിയൊച്ചയും മന്ത്രവും ഭക്തിപാട്ടും മാത്രം. അമ്പലത്തിലെ മുഖ്യപ്രതിഷ്ഠ ശിവനാണ്. അതൊന്നും എനിക്കത്ര നിശ്ചയമില്ലാത്തതിനാല്‍ ഞാന്‍ ആദ്യം തൊഴുതത് വിഷ്ണുവിനേയും പിന്നെ മഹാലക്ഷ്മിയേയുമാണ്. അപ്പോള്‍ പോറ്റി പറഞ്ഞു ഇതല്ല രീതിയെന്ന്. അതിന്‍റെ കാരണവും മൂപ്പിളപ്പവുമൊന്നും പുള്ളിയോട് ചോദിക്കാന്‍ പോയില്ല. തര്‍ക്കിക്കാനല്ലല്ലോ അമ്പലത്തില്‍ പോകുന്നത്. തിരക്കില്ലാത്ത ക്ഷേത്രമാണെങ്കില്‍ മണിയൊച്ച കേള്‍ക്കുമ്പോള്‍ കണ്ണടച്ചുനിന്നാല്‍ ഒരു പ്രത്യേക സുഖമാണ്. അവിടെനിന്നും പായസവും വാങ്ങി മടങ്ങി. രാജശ്രീയെ പരവൂരാക്കി ഞങ്ങള്‍ ഇടവയിലേക്ക് പോയി. ബാങ്കില്‍ ചില ഇടപാടുകളുണ്ടായിരുന്നു. വിജയശ്രീ പേപ്പറുകളെല്ലാം നേരത്തെ ശരിയാക്കി വച്ചിരുന്നു. സജീവും ഒപ്പം വന്നതിനാല്‍ ജോലികള്‍ വേഗം തീര്‍ന്നു. അവിടെനിന്നും മടങ്ങും വഴി സജീവിന്‍റെ സുഹൃത്ത് നിസ്സാറിന്‍റെ വെറ്റക്കടയിലുള്ള റിസോര്‍ട്ടില്‍ കയറി. ഇടവയ്ക്കും കാപ്പിലിനും ഇടയില്‍ കടലിനോട് ചേര്‍ന്നുള്ള ഒരു കുന്നിലാണ് മറീന്‍ പ്രൈഡ്. രണ്ട് നിലയിലായി പണി നടക്കുന്ന റിസോര്‍ട്ടിലെ താഴത്തെ നില ഇപ്പോള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. ദിവസവാടക 5000 രൂപയാണ്. മനോഹരമായ പുല്‍ത്തകിടിയും കടല്‍ കണ്ടിരിക്കാന്‍ ഇരിപ്പിടങ്ങളും നല്ലൊരു റസ്റ്റാറന്‍റും ഇവിടുണ്ട്. ഇപ്പോള്‍ കടല്‍ ക്ഷോഭിച്ചുകിടക്കുന്നതിനാല്‍ ബീച്ചില്ല. എന്നാല്‍ നവംബര്‍ മുതല്‍ ബീച്ച് പ്രത്യക്ഷപ്പെടുമെന്ന് നിസ്സാര്‍ പറഞ്ഞു. താമസിക്കാന്‍ താത്പ്പര്യമില്ലാത്തവര്‍ക്ക് റസ്റ്ററന്‍റില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങാം. ജന്മദിനം,വിവാഹവാര്‍ഷികം തുടങ്ങിയവ ആഘോഷിക്കാനും നല്ല ഇടമാണിത്. സജീവ് വിളിച്ചപ്പോള്‍ നിസ്സാര്‍ വന്നു,പരിചയപ്പെട്ടു.സഹൃദയനായ ഒരു മദ്ധ്യവയസ്ക്കന്‍.ബഹ്റിനിലാണ് ജോലി ചെയ്യുന്നത്. വിരമിച്ചു വരുമ്പോള്‍ സമയം പോക്കാന്‍ ഒരു ചെറിയ കട തുടങ്ങണം എന്നായിരുന്നു മോഹം. ബാപ്പ കടല്‍ത്തീരത്ത് കുറച്ചു ഭൂമിയുള്ളത് മക്കള്‍ക്കായി വീതിച്ചപ്പോള്‍ മറ്റുള്ളവരുടേതുകൂടി നിസ്സാര്‍ വാങ്ങി.അടുത്തുള്ള വസ്തു മറ്റൊരു ബന്ധുവിന്‍റേതായിരുന്നു. അതുകൂടി വാങ്ങാന്‍ അവര്‍ നിര്‍ബ്ബന്ധിച്ചു. അങ്ങിനെ കൈവന്ന ഭൂമിയിലാണ് മറീന്‍ പ്രൈഡ് ഉയര്‍ന്നത്. മലയാളികളും മറുനാട്ടുകാരുമായി പതിനഞ്ച് ജോലിക്കാരുണ്ട്. നിസ്സാര്‍ ബഹ്റിനിലും നാട്ടിലുമായി സമയം ചിലവഴിക്കുന്നു. ഫാത്തിമ കോളേജില്‍ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ ബിരുദം നേടിയ ആളാണ് നിസ്സാര്‍. പൈനാപ്പിള്‍ ജ്യൂസും കഴിച്ച് ,നല്ലൊരു സുഹൃത്തിനെ ലഭിച്ച സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി.

 തീരദേശം വഴി കൊല്ലത്തേക്ക് പുറപ്പെട്ടു. പാറയടുക്കി കരയെരക്ഷിക്കാന്‍ പരമാവധി ശ്രമം നടക്കുന്നുണ്ടെങ്കിലും കരയെടുക്കാന്‍ കിട്ടുന്ന ഇടങ്ങളൊന്നും കടല്‍ ഉപേക്ഷിക്കുന്നില്ല. തീരദേശത്തുകൂടിയുള്ള യാത്ര മനോഹരമാണ്. പലയിടത്തും കായലിനും കടലിനും ഇടയിലൂടെയാണ് യാത്ര. നല്ല പെടയ്ക്കുന്ന മീനും വില്‍പ്പനയ്ക്കുണ്ട്. ആ യാത്ര ചെന്നെത്തിയത് കൊല്ലം ക്ലോക്ക്ടവറിനടുത്തുള്ള നാണി ഹോട്ടലിലാണ്. രവി മുതലാളിയുടെ നാണി. ഇടയ്ക്ക് കുറച്ചുകാലം അടച്ചിട്ടിരിക്കയായിരുന്നു. തീരെ തിരക്കില്ല. ഞങ്ങള്‍ ചെല്ലുമ്പോള്‍ ആറ്പേരെ കഴിക്കാനുണ്ടായിരുന്നുള്ളു. പണ്ട് ചെമ്മീന്‍ ബിരിയാണി കഴിച്ച ഓര്‍മ്മയിലായിരുന്നു സജീവ്. ഞാനാണെങ്കില്‍ താലിമീല്‍സിന്‍റെ ഓര്‍മ്മയിലും. ഏതായാലും താലി മീല്‍സ് ഉണ്ടായിരുന്നു. ബിരിയാണിയൊന്നും തുടങ്ങിയിട്ടില്ല. ഒരു വെജ് മീല്‍സ്, ഒരു നോണ്‍വെജ് മീല്‍സ്, ചാപ്പാത്തി, പൊറോട്ട, കൊഞ്ച് വഴറ്റിയത്, ബീഫ് ഒക്കെയായി ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണം, നല്ല വിളമ്പുകാര്‍,നല്ല അന്തരീക്ഷം. പൊതുവെ അത് നന്നായി. ജയശ്രീയുടെ ശാസ്ത്രപ്രകാരം തിരക്കില്ലാത്ത ഹോട്ടലിലെ ഭക്ഷണം പഴയതാകും എന്നതാണ്. എന്നാല്‍ ഇവിടെ അവര്‍ അന്തസ് കാത്തുസൂക്ഷിക്കുന്നുണ്ട്. വിളമ്പുകാരെ സന്തോഷം അറിയിച്ച് അവിടെനിന്നും ഇറങ്ങി. സജീവിന് യാത്ര പറഞ്ഞ് ഞങ്ങള്‍ വള്ളിക്കീഴിലെത്തി. അവിടെ സ്കൂളിനോട് ചേര്‍ന്നാണ് കൊല്ലം ഗോപിനാഥന്‍ നായരും സരസ്വതിയമ്മ സാറും താമസിക്കുന്നത്. പ്രസിദ്ധ കഥാപ്രാസംഗികന്‍ കൊല്ലം ബാബുവിന്‍റെ ജ്യേഷ്ടനാണ് ഗോപിനാഥന്‍ സാര്‍. ഞങ്ങളുടെ വളരെവേണ്ടപ്പെട്ട കുടുംബസുഹൃത്തുക്കളാണ്. കരുനാഗപ്പള്ളിയിലുണ്ടായിരുന്ന കാലം ഒരു കുടുംബം പോലെ കഴിഞ്ഞവര്‍. പിന്നെ കാലം ഓരോരുത്തരേയും പലവഴിക്കാക്കി. ഏതാണ്ട് മുപ്പത് വര്‍ഷത്തിന് ശേഷമാണ് അവരെ കാണുന്നത്.

ഗോപിസാര്‍ ഈയിടെ നവതി ആഘോഷിച്ചു. സാറമ്മ എണ്‍പത്തിനാലിലും എത്തി. നവതി വലിയ ആഘോഷമായിരുന്നു. മകന്‍ പ്രസിദ്ധ സംഗീതജ്ഞന്‍ ബാലമുരളി ഒരുക്കിയ സംഗീതസദസില്‍ സംഗീതസംവിധായകന്‍ എം.ജയഛന്ദ്രന്‍ ഉള്‍പ്പെടെ പല പ്രഗത്ഭരും പങ്കെടുത്തിരുന്നു. സമ്മിശ്രവികാരങ്ങള്‍ നിറഞ്ഞൊരു കൂടിക്കാഴ്ചയായിരുന്നു അത്. ഗോപിസാറ് എപ്പോഴും സംഗീതത്തോടൊപ്പമാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സന്തോഷവാനും മനസുകൊണ്ട് ചെറുപ്പക്കാരനുമാണ്. സാറമ്മ വര്‍ഷങ്ങള്‍ക്കുമുന്നെ കണ്ട അതേ ഉഷാറില്‍ ഓടിനടക്കുന്നു. ജീവിതത്തില്‍ സങ്കീര്‍ണ്ണങ്ങളായ പല അവസ്ഥകളേയും അതിജീവിക്കുന്നവരുടെ ഊര്‍ജ്ജം അവരില്‍ ദൃശ്യമായിരുന്നു. ശ്രുതിപ്പെട്ടിവച്ച് അദ്ദേഹം നാല് പാട്ടുകള്‍ പാടി. സാറമ്മയും അദ്ദേഹവും ചേര്‍ന്ന് പാടി പലവട്ടം കേട്ട ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന ഗാനവും കുറച്ചുപാടി. മകള്‍ ബിന്ദു കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. അവള്‍ അവിടെയുണ്ടായിരുന്നില്ല. മടവൂര്‍ പോയിരിക്കയായിരുന്നു. മിക്കപ്പോഴും നൃത്തവും സംഗീതവും ഇടകലരുന്ന ഇടമായി അവിടം തുടരുന്നു എന്നതില്‍ സന്തോഷം തോന്നി. അവിടെ നിന്നും തുടര്‍ന്ന യാത്ര എത്തിയത് കുറ്റിവട്ടെത്തെ പുതുവീട്ടിലായിരുന്നു. സഹപാഠിയുടെ വീട്ടില്‍ കയറാതെ അതുവഴി പോകാന്‍ പാടില്ല എന്നാണ് നിയമം. ദേശീയപാത വികസനം നടക്കുന്നതിനാല്‍ വീട് കണ്ടുപിടിക്കാന്‍ വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാല് ഡോക്ടറന്മാരുള്ള വീടിന് മുന്നിലെ നീല ബോര്‍ഡ് ആ ബുദ്ധിമുട്ട് ഒഴിവാക്കുന്നു. മക്കളും കൊച്ചുമക്കളുമായി സസുഖം കഴിയുകയാണ് പ്രസന്നനും ജയപ്രഭയും. അവിടെ കുറേ സമയം ചിലവഴിച്ച് താമശയും പറഞ്ഞിരുന്നു. രണ്ടാം ദിനം തങ്ങാന്‍ നിശ്ചയിച്ചിട്ടുള്ളത് ജയഛന്ദ്രന്‍റെ ചാങ്ങര കുടുംബത്തിലാണ്. കുറ്റിവട്ടത്തുനിന്നും ചാമ്പക്കടവ് വഴി പോകുന്നതാണ് എളുപ്പം. പക്ഷെ കുറ്റിവട്ടം തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ കരുനാഗപ്പള്ളിയില്‍ എത്തിയാണ് കല്ലേലിഭാഗത്തേക്ക് പോയത്. കരുനാഗപ്പള്ളി വലിയൊരു നഗരംപോലെ വളരുന്ന കാഴ്ച ഓരോ യാത്രയിലും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും അങ്ങിനെതന്നെ. കിഴക്കോട്ടുള്ള യാത്രയില്‍ ചന്തഭാഗത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ട്രാഫിക് ബ്ലോക്കുണ്ടായി. റയില്‍ ഫ്ലൈഓവറിന്‍റെ പണി ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കോട്ടവീട്ടില്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യാത്ര തുടര്‍ന്നു. ഐടിഐക്ക് സമീപം എത്തി വലത്തോട്ടാണ് പോകേണ്ടത് എന്നറിയാമെങ്കിലും അവിടെയും സംശയമുണ്ടായി. ഒടുവില്‍ സ്കൂള്‍ ജംഗ്ഷനിലെത്തി. നാലാം ക്ലാസ് പഠനം അവിടെയായിരുന്നു എന്നത് പെട്ടെന്ന് ഓര്‍ത്തു. കുറച്ചുമുന്നോട്ട് പോയി വീണ്ടും വലത്തോട്ടും പിന്നെ ഇടത്തോട്ടും ചാടി വീട്ടിലെത്തി.

നല്ലൊരു മുറ്റവും പൂന്തോട്ടവുംകൊണ്ട് സജീവമായ ചാങ്ങര നല്ല പ്രസരിപ്പുള്ള ഇടമാണ്. എണ്‍പത് കഴിഞ്ഞ ഭാനുമതിയമ്മയിലും ആ പ്രസരിപ്പ് കാണാം. അനിതയുടെ കൈയ്യൊപ്പുപതിഞ്ഞ പരിസരങ്ങള്‍ പച്ചവിരിച്ച് ഞങ്ങളെ സ്വാഗതം ചെയ്തു. അമ്മയ്ക്ക് ശാരീരികമായ അസ്വസ്ഥതകളുണ്ടെങ്കിലും മനസ് അതിനെയൊക്കെ തള്ളിനീക്കി ഉത്സാഹത്തോടെ മുന്നോട്ടുപോകുന്നു. നാട്ടുകാര്യങ്ങളും സീരിയലുകളും പാട്ടും പാചകവുമൊക്കെ കണ്ടും കേട്ടും തുടരുന്ന ജീവിതം. മോനും മരുമോളും അവരുടെ ആവശ്യങ്ങള്‍ക്കായി യാത്രപോകുന്നതൊന്നും അമ്മയ്ക്ക് വിഷമമേയല്ല. ഏതെങ്കിലും ഒരു ബന്ധുവീട്ടിലാക്കിയാല്‍ മതി. അമ്മ അവിടെ നില്‍ക്കും. മോള്‍ ഗീത അമേരിക്കയിലായതിനാലാണ്. അല്ലെങ്കില്‍ അവര്‍ ഒന്നിച്ച് നിന്നുകൊള്ളും. ഞങ്ങള്‍ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോള്‍ അമ്മയെ കൂടി വരാന്‍ നിര്‍ബ്ബന്ധിച്ചു. വേണ്ട മക്കളെ,നിങ്ങള് പോയിട്ടുവാ എന്ന് സമ്മതം പറഞ്ഞു. ഞാന്‍ പഠിച്ച ബോയ്സ് സ്കൂള്‍ പരിസരമൊക്കെ ആകെ മാറി. അതിനടുത്തുള്ള നല്ലഭൂമിയിലാണ് രാത്രിഭക്ഷണം കഴിച്ചത്. നല്ല തിരക്കുള്ള ഹോട്ടല്‍. നല്ല ഭക്ഷണവും നല്ല പെരുമാറ്റവും. നാടന്‍ കോഴിക്കറിയും ബീഫും അരിപ്പത്തിരിയും ഒക്കെയായി കുറേ സമയം. മടങ്ങുമ്പോഴാണ് ജയനോട് ലീലാടാക്കീസിനെ പറ്റി ചോദിച്ചത്. ഒരുപാട് സിനിമകള്‍ അവിടെ കണ്ടിട്ടുള്ളതാണ്. തീയറ്റര്‍ ഇരുന്ന ഇടത്താണ് നല്ലഭൂമി നടത്തുന്ന കോംപ്ലക്സ് എന്നറിഞ്ഞപ്പോള്‍ ആ ഇടം മനസിലായില്ലല്ലോ എന്നു ഞാന്‍ അത്ഭുതപ്പെട്ടു. കാലം നാടിനെ വലിയ തോതില്‍ മാറ്റിയിരിക്കുന്നു.

  രാവിലെ ബാലചന്ദ്രനെയും ഗീതയേയും ഡോക്ടര് ഷൈലജയേയും കണ്ടു. ഒരു ചായകുടിച്ചു, രണ്ടിടങ്ങഴി രാഷ്ട്രീയം പറഞ്ഞു, തമാശകള്‍ പൊട്ടിച്ചു,ചിരിച്ചു. ഗീതയ്ക്ക് ശുദ്ധമായ കിച്ചന്‍ ഉത്പ്പന്നങ്ങളുടെ ഒരു സ്ഥാപനം സ്വന്തമായുണ്ട്. അയല്‍ക്കാര്‍ക്കും തൊഴില്‍ ലഭിക്കുന്ന കൂട്ടായ്മ. മതിലുകള്‍ക്ക് പുറത്തേക്കും സ്നേഹവും സൌഹൃദവും നീളുന്ന ഒരു സംവിധാനം. പിന്നെ പൂന്തോട്ടവും കൃഷിയും. ഗീതയുടെ അമ്മയേയും കണ്ടു,സംസാരിച്ചു. പ്രായാധിക്യത്തിന്‍റെ പ്രശ്നങ്ങളുണ്ട്, എങ്കിലും ആള്‍ ഉഷാറാണ്. (തുടരും)

 






Friday, 20 October 2023

A village for Jasmine saplings

 


മുല്ലതൈകള്‍ക്കായൊരു ഗ്രാമം

-വി.ആര്‍.അജിത് കുമാര്‍

പൂവ് തമിഴ്നാട്ടുകാര്‍ക്ക് ഒരു ലഹരിയാണ്,പ്രണയമാണ്,മുടിയുടെ അഴകാണ്. ഉപ്പുകലര്‍ന്ന ഭൂഗര്‍ഭ ജലമാണ് എവിടെയും ലഭിക്കുന്നതെങ്കിലും തഴച്ചുവളരുന്ന മുടി തമിഴ് സ്ത്രീകള്‍ക്ക് ഒരു വരദാനമായി കിട്ടിയതാണെന്നു തോന്നുന്നു. അതൊരു ജനിതക കാന്തി തന്നെ. സ്ത്രീയും പുരുഷനും ഇടയ്ക്കൊക്കെ ഭക്തിയുടെ ഭാഗമായി ക്ഷേത്രത്തില് പോയി മുടി കളയുന്നതും ഇവിടെ പതിവാണ്. ഏത് പൂവും സ്ത്രീകള്‍ തലയില്‍ ചൂടും, എങ്കിലും പൂക്കളില്‍ രാജകുമാരി മുല്ലപ്പൂ തന്നെ. തമിഴില്‍ മല്ലി എന്നറിയപ്പെടുന്ന ,മനം മയക്കുന്ന മുല്ലപ്പൂ. വീട്ടിലേക്ക് മടങ്ങുന്ന പുരുഷന്‍ മറ്റെന്ത് മറന്നാലും പൊണ്ടാട്ടിക്കുള്ള പൂവ് മറക്കില്ല എന്നത് അത്ര പഴയതല്ലാത്ത ഓര്‍മ്മ.

   ക്ഷേത്രങ്ങളിലേക്ക് നിത്യവും എത്തിച്ചേരുന്നതും ടണ്‍ കണക്കിന് പൂവാണ്. മുല്ല എന്നു കേട്ടാല്‍ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുക മധുരയിലെ പൂചന്തയാണ്. ഏറ്റവും പ്രസിദ്ധമായ മുല്ലപ്പൂവും മധുരയുടേതാണ്. മധുര മീനാക്ഷി ക്ഷേത്രത്തിന് ചുറ്റിലുമായി വളര്‍ന്ന നഗരത്തിന്‍റെയും ഗ്രാമങ്ങളുടേയും മുറ്റങ്ങളില്‍ മുല്ല സാധാരണം. മുല്ല കൃഷിചെയ്യുന്ന നൂറുകണക്കിന് ഏക്കര്‍ സ്ഥലവും ഇവിടുണ്ട്. എന്നാല്‍ ഇതിനാവശ്യമായ, ഗുണമേന്മയുള്ള മുല്ലതൈകള്‍ വരുന്നത് അടുത്ത ജില്ലയായ രാമനാഥപുരത്തുനിന്നാണ്. ശരിക്കും പറഞ്ഞാല്‍ രാമേശ്വരം ദ്വീപില്‍ നിന്നാണ്. ഡോക്ടര്‍ ഏപിജെ അബ്ദുല്‍ കലാം സ്മാരകം നില്‍ക്കുന്ന തങ്കച്ചിമഠം എന്ന ഗ്രാമം മൂന്നരകിലോമീറ്റര്‍ മാത്രം നീളം വരുന്ന ഒരു ചെറിയ തീരദേശഗ്രാമമാണ്. ഈ ഗ്രാമത്തില്‍ നൂറ് ഏക്കറിലേറെ വരുന്ന ഇടങ്ങളിലാണ് മികച്ച മുല്ലതൈകള്‍ ഉത്പ്പാദിപ്പിക്കുന്നത്. തമിഴ്നാടിന്‍റെ നാനാഭാഗത്തുനിന്നും കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മുല്ലപ്പൂ കര്‍ഷകര്‍ ഇവിടെ വന്ന് തൈകള്‍ വാങ്ങിപ്പോകുന്നു. വന്‍തോതില്‍ തൈകള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. അമേരിക്ക, ശ്രീലങ്ക,കാനഡ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ തൈകളും പോകുന്നത്. കഴിഞ്ഞ വര്‍ഷം ഒരു നഴ്സറിയില്‍ നിന്നുതന്നെ മൂന്ന് ലക്ഷം തൈകള്‍ ശ്രീലങ്കയിലേക്ക് കയറ്റി അയച്ചിരുന്നു.

തങ്കച്ചിമഠം വെറ്റക്കൊടികളുടെ നാടായിരുന്നു. ഒരുകാലത്ത് വെറ്റിലയാണ് ഇവിടെനിന്നും പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്നത്. വെറ്റിലചെടികള്‍ രോഗം ബാധിച്ച് നശിച്ചതോടെ ഇനി എന്ത് കൃഷി ചെയ്യാം എന്ന ചിന്തയില്‍, ടി.സുബ്ബയ്യ എന്ന കര്‍ഷകനാണ് മുല്ലകൃഷി എന്ന ആശയം മുന്നോട്ടുവച്ചതും കൃഷി തുടങ്ങിയതും. ചെടികള്‍ നന്നായി വളരാന്‍ തുടങ്ങി. ഇടയ്ക്കിടെ ചെടികള്‍ പ്രൂണ്‍ ചെയ്യുമായിരുന്നു. അപ്പോള്‍ മുറിച്ചുമാറ്റിയ കമ്പുകള്‍ തറയില്‍ കിടന്ന് മുളയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ മണ്ണ് മുല്ലത്തൈകള്‍ വളര്‍ത്താന്‍ അനുഗുണമാണല്ലോ എന്ന ചിന്ത ഉണര്‍ന്നത്.

രാമനാഥപുരവും പരിസരവും ചെളിമണ്ണാണ്, എന്നാല്‍ തങ്കച്ചിമഠത്തില്‍ മണലാണ്. മണലില്‍ മുല്ലത്തൈകള്‍ വേഗം വളരാന്‍ തുടങ്ങി. അതുവരെ തൈകളുണ്ടാക്കാന്‍ ലേയറിംഗ് രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. ചെടിയുടെ ശാഖകള്‍ വളച്ച് മണ്ണില്‍ പൂഴ്ത്തി വേരിറക്കിയായിരുന്നു ഇത്തരത്തില്‍ തൈകള്‍ ഉണ്ടാക്കിയിരുന്നത്. വളരെ കുറച്ച് തൈകള്‍ മാത്രമെ ഈ രീതിയില്‍ ഉണ്ടാക്കാന്‍ കഴിയൂ. മാത്രമല്ല, വേരുകള്‍ നഷ്ടമാകാനും കാരണമാകും. മുല്ലയുടെ കമ്പ് നട്ട് കിളിര്‍പ്പിക്കാം എന്ന് മനസിലാക്കിയതോടെ പൂകൃഷി എന്നതില്‍ നിന്നും കര്‍ഷകര്‍ മുല്ലതൈ കൃഷിയിലേക്ക് മാറി.

ഇപ്പോള്‍ ഒരു വര്‍ഷം അഞ്ചുകോടി തൈകളാണ് ഈ കൊച്ചുഗ്രാമം തയ്യാറാക്കുന്നത്. ഒരേക്കറില്‍ ആറായിരം തൈകള്‍ എന്ന നിലയില്‍ എണ്ണായിരം ഏക്കറിലെ പൂകൃഷിക്ക് ഇത്രയും തൈകള്‍ മതിയാകും. ഒരു തൈയ്ക്ക് രണ്ടു മുതല്‍ ഏഴ് രൂപവരെ വിലയുണ്ട്. ചുരുക്കത്തില്‍ ,കോടികളുടെ വ്യാപാരമാണ് ഇവിടെ നടക്കുന്നത്.

മനുഷ്യരുടെ നേരിട്ടുള്ള പരിചരണം ആവശ്യമായ തൈകൃഷിയില്‍ നൂറുകണക്കിനാളുകളാണ് ജോലിചെയ്യുന്നത്. രോഗം വരാതെയും പ്രാണികളുടെ ആക്രമണമില്ലാതെയും കൃത്യമായ നന നല്‍കിയും തൈകളെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഒരു തൈ പാകമാകാന്‍ അഞ്ചുമാസമെടുക്കും. ഓലമേഞ്ഞ ഷെഡുകളിലാണ് തൈ നടുന്നത്. വെള്ളം നനച്ച് പാകമാക്കിയ മണ്ണ് കിളച്ച് അതില്‍ തടമെടുത്ത്, ഓരോ തടത്തിലും നാല് അഞ്ച് തണ്ട് എന്ന ക്രമത്തിലാണ് നടുക. നന തുടരണം. ആറാഴ്ച കഴിയുമ്പോള്‍ സൂര്യപ്രകാശം ലഭിക്കാനായി ഓലകള്‍ കുറേശ്ശെയായി നീക്കും. രണ്ട്-മൂന്ന് മാസം ആകുന്നതോടെ ഷെഡ് പൊളിച്ചുമാറ്റും. അഞ്ചു മാസമാകുമ്പോള്‍ വില്‍പ്പന തുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ടുവരെയാണ് ജോലിയുണ്ടാവുക. സ്ത്രീകള്‍ക്ക് 700 രൂപയും പുരുഷന്മാര്‍ക്ക് 850 രൂപയും ഭക്ഷണവുമാണ് കൂലി. പൂവിനെ പ്രണയിക്കുന്നത് സ്ത്രീകളാണെന്നതിനാല്‍ കൂലിക്കുറവില്‍ അവര്‍ക്ക് പരാതിയില്ല.  

 


Wednesday, 18 October 2023

Is same sex marriage a sin ?

 


സ്വവര്‍ഗ്ഗ വിവാഹം പാപമോ ?

-വി.ആര്.അജിത് കുമാര്‍

ഒരു സമൂഹം പുരോഗമിക്കുന്നതിന്‍റെ ഉദാഹരണമാണ് സമൂഹത്തിനും മറ്റു വ്യക്തികള്‍ക്കും ദോഷകരമാകാത്തവിധമുള്ള പൌരന്‍റെ സ്വാതന്ത്ര്യം. പാരമ്പര്യവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് അതിന് തടസ്സം നില്‍ക്കുന്നത് യാഥാസ്ഥിതിക സമൂഹത്തിന്‍റെ ലക്ഷണമായെ കാണാന്‍ കഴിയൂ.

 സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കാന്‍ കഴിയില്ല എന്ന സുപ്രിംകോടതി ഭരണഘടന ബഞ്ചിന്‍റെ വിധി ഇത്തരമൊരു കണ്ണിലൂടെ മാത്രമെ കാണാന്‍ കഴിയൂ. ഇത്തരം അപൂര്‍വ്വങ്ങളായ വിവാഹങ്ങളെ അംഗീകരിക്കാനും നിയന്ത്രിക്കാനും നിയമനിര്‍മ്മാണസഭകള്‍ക്കാണ് അധികാരം എന്നാണ് കോടതി പറയുന്നത്. ഇത്തരം വിവാഹിതരെ ഗാര്‍ഹികപങ്കാളികളായി അംഗീകരിക്കുന്നതില്‍ പോലും സമവായമുണ്ടായില്ല. എന്നാല്‍ സ്വവര്‍ഗ്ഗവിവാഹിതരോടുള്ള വിവേചനം അവസാനിപ്പിക്കണം എന്ന് ബഞ്ച് ഒരേ ശബ്ദത്തില്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൌളും ഇവര്‍ക്ക് നിയമപരിരക്ഷ നല്‍കി ,ഭൌതികസൌകര്യങ്ങളും അവകാശങ്ങളും അനുവദിക്കണമെന്നാണ് വാദിച്ചത്. എന്നാല്‍ നിയമനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന നിയമം ഉപയോഗിച്ചുള്ള പരിരക്ഷ മതി എന്നായിരുന്നു ജസ്റ്റീസുമാരായ എസ്.ആര്‍.ഭട്ടും ഹിമ കോഹ്ലിയും പി.എസ്.നരസിംഹയും അഭിപ്രായപ്പെട്ടത്. സ്പെഷ്യല്‍ മാരേജ് ആക്ടില്‍ മാറ്റം വരുത്താന്‍ കോടതി തയ്യാറായില്ല. ഏതായാലും തുടര്‍പരിശോധനകള്‍ക്കും നിയമനിര്‍മ്മാണത്തിനും ഉപകാരപ്പെടുംവിധം സര്‍ക്കാര്‍ ഒരു ഹൈപവേര്‍ഡ് സമിതിയെ നിയമിക്കണം എന്നതില്‍ അഭിപ്രായൈക്യം ഉണ്ടായിട്ടുള്ളത് ആശ്വാസകരമാണ്.

സതി അനുഷ്ടാനം അവസാനിച്ചതും വിധവാ വിവാഹവും മിശ്രമത-മിശ്രജാതി വിവാഹവുമൊക്കെ നടപ്പായതും സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അതിജീവിച്ച് തന്നെയാണ്. വിവാഹം ഒരിക്കലും നിശ്ചലാവസ്ഥയിലുള്ള ഒന്നല്ല. മാറ്റം അതിന്‍റെ ഭാഗം തന്നെയാണ്. സ്ത്രീ സഹനത്തിന്‍റെയും പുരുഷന്‍ ശക്തിയുടെയും പ്രതീകമായി ചിന്തിച്ചിരുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ തുല്യതയും ചിലപ്പോള്‍ സ്ത്രീമേല്‍ക്കോയ്മയുമൊക്കെ ആയിമാറിക്കഴിഞ്ഞു.ചില മതങ്ങള്‍ പരിപാവനമായ ഒന്നായി വിവാഹത്തെ കാണുമ്പോള്‍ മറ്റു ചിലര്‍ക്ക് വെറും കരാര്‍ മാത്രമാണത്.അതുകൊണ്ടുതന്നെ സ്വവര്‍ഗ്ഗ വിവാഹവും നിയമസാധുത അര്‍ഹിക്കുന്നുണ്ട്.

 ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരാനുണ്ട്.ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് ദത്ത് അനുവദിക്കുന്ന നിയമം ഒരേ ലിംഗത്തില്‍പെട്ട രണ്ടുപേര്‍ ചേര്‍ന്ന് ദത്തെടുക്കാന്‍ അനുവദിക്കാത്തതിലും പൊരുത്തക്കേടുണ്ട്. പൊതുസമൂഹത്തിലെ ഭൂരിപക്ഷവും സ്വവര്‍ഗ്ഗ വിവാഹത്തിന് എതിരാണ് എന്നതുകൊണ്ടുതന്നെ  അവരെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളും മറിച്ചാകാന്‍ തരമില്ല. അതുകൊണ്ടുതന്നെ സമീപകാലത്തൊന്നും ഈ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷകള്‍ പൂവണിയും എന്ന് തോന്നുന്നില്ല. എങ്കിലും ഇവരുടെ പ്രിതിനിധികള്‍ ജനപ്രതിനിധിസഭകളിലേക്ക് നോമിനേറ്റു ചെയ്യപ്പെടുകയും അവരുടെ അവകാശങ്ങള്‍ക്കായി വാദിക്കുകയും ചെയ്യുന്ന ഒരു രീതിയെങ്കിലും അടിയന്തിരമായി സംഭവിക്കേണ്ടതുണ്ട്🙏


Tuesday, 17 October 2023

Who is the real accused in the Nithari case ?

 


നിതാരി കേസ്സിലെ പ്രതി ആരാണ്

-വി.ആര്.അജിത് കുമാര്

നിതാരി കേസിലെ അലഹബാദ് ഹൈക്കോടതി വിധി തികച്ചും ആശങ്ക ഉളവാക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ നിതാരി ഗ്രാമത്തില്‍ സെക്ടര്‍ 31 ലെ വ്യവസായിയായ മൊനിന്ദര്‍ സിംഗ് പാണ്ഡെയുടെ വീട്ടിലും പരിസരത്തുമായി പതിനഞ്ചിലേറെ കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ 2006 ല്‍ കണ്ടെത്തിയത് ലോകത്തെയാകെ നടുക്കിയിരുന്നു.കുട്ടികളെ കാണാതാകുന്ന കേസുകള്‍ തികച്ചും നിരുത്തരവാദപരമായി കൈകാര്യം ചെയ്ത പോലീസിനെതിരെ വലിയ വിമര്‍ശനങ്ങളും അന്ന് ഉയര്‍ന്നുവന്നിരുന്നു. മുലായം സിംഗ് സര്‍ക്കാര്‍ രാജിവയ്ക്കണം എന്ന മുറവിളിയും അന്നുയര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനിടയിലാണ് ഇത്രയേറെ കുട്ടികളെ കൊല ചെയ്തത്. അവയവ കച്ചവടം, പോര്‍നോഗ്രാഫി ,കാനിബാളിസം തുടങ്ങി പല ആരോപണങ്ങളും മാധ്യമ വിചാരണകളും ബിബിസി ,നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററികളും സിനിമയും അനേകം പുസ്തകങ്ങളും നിതാരി കേസ്സിനെ  സംബ്ബന്ധിച്ച് രചിക്കപ്പെട്ടു.

പോലീസ് പണത്തിനും സ്വാധീനത്തിനും വഴങ്ങുക പുതിയ കാര്യമല്ലല്ലോ. വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ട് എസ്പിമാരെ സസ്പെന്‍റ് ചെയ്യുകയും ആറ് പോലീസുകാരെ പിരിച്ചുവിടുകയും ചെയ്തു.  ഡിഎന്‍എ ടെസ്റ്റും പോളിഗ്രാഫും നാര്‍ക്കോഅനാലിസിസുമൊക്കെ നടന്നു. മൊനിന്ദറും അയാളുടെ ജോലിക്കാരന്‍ സുരിന്ദര്‍ കോലിയും ചേര്‍ന്നാണ് കൊല നടത്തിയത് എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ കോലി എല്ലാ കുറ്റവും ഏറ്റെടുക്കുന്നതായി പോലീസിനോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ സമ്മര്‍ദ്ദം കാരണം കേസ് സിബിഐക്കു വിട്ടു. അവര്‍ കോലി ഒരു സൈക്കോപാത്ത് ആണെന്നും കൊലനടത്തിയത് അവനാണ് എന്നും കണ്ടെത്തി. സിബിഐ മൊനിന്ദറിനെ സംരക്ഷിക്കുന്നു എന്ന് ആരോപണമുണ്ടായി. 2009 ഫെബ്രുവരിയില്‍ ഈ സീരിയല്‍ മരണങ്ങളുമായി ബന്ധപ്പെട്ട ആദ്യ വിധി വന്നു. ഗാസിയാബാദിലെ സ്പെഷ്യല്‍ സെഷന്‍സ് കോര്‍ട്ട് രണ്ടുപേരും കുറ്റക്കാരാണെന്നു കണ്ടെത്തി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് രേഖപ്പെടുത്തി മരണശിക്ഷ വിധിച്ചു. 2009 ല്‍ അലഹബാദ് ഹൈക്കോടതി മൊനിന്ദറിനെ കുറ്റവിമുക്തനാക്കി.2010 ല്‍ അടുത്ത കേസ്സില്‍ കോലിക്ക് വീണ്ടും മരണശിക്ഷ ലഭിച്ചു.ആ വര്‍ഷം സെപ്തബറില്‍ കോലിക്ക് അടുത്ത മരണ വിധി വന്നു.ഡിസംബറിലായിരുന്നു നാലാമത്തെ വിധി. 2011 ഫെബ്രുവരിയില്‍ കോലിയുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു.2012 ല്‍ കോലിക്ക് അഞ്ചാമത്തെ വധശിക്ഷയും വിധിച്ചു. 2014 ജൂലൈയില്‍ കോലിയുടെ ദയാഹര്‍ജി രാഷ്ട്രപതി നിരസിച്ചു. 2014 സെപ്തംബര്‍ മൂന്നിന് കോലിക്കെതിരെ മരണവാറണ്ട് പുറപ്പെടുവിച്ചു. നാലിന് ഗാസിയാബാദില്‍ തൂക്കികൊലയ്ക്കുള്ള സൌകര്യമില്ല എന്നു പറഞ്ഞ് കോലിയെ മീററ്റ് ജയിലിലേക്ക് മാറ്റി, സെപ്തംബര്‍ പന്ത്രണ്ടിന് തൂക്കിലിടാന്‍ തീരുമാനിച്ചു. എന്നാല്‍ സുപ്രിംകോടതിയില്‍ വന്ന പരാതി പരിഗണിച്ച് വധശിക്ഷ ഒരാഴ്ചത്തേക്ക് മാറ്റി വച്ചു. 2014 ഒക്ടോബര്‍ 29 ന് സുപ്രിംകോടതി ചീഫ്ജസ്റ്റീസ് റിവ്യൂ പെറ്റിഷന്‍ തള്ളി.എന്നാല്‍ 2014 ലെ ഒരര്‍ദ്ധരാത്രി ഹിയറിംഗിലൂടെ കോലിയുടെ തൂക്കിന് വിലക്കേര്‍പ്പെടുത്തി. 2015 ജാനുവരി 28 ന് ചീഫ്ജസ്റ്റീസ്സ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഹൈക്കോടതി ബഞ്ച് ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകി എന്ന കാരണത്താല്‍ കോലിയുടെ ശിക്ഷ ജീവപര്യന്തമാക്കി നല്‍കി.2017 ല്‍ വിധി പറഞ്ഞ എട്ടാമത് കേസില്‍ ഗാസിയാബാദ് കോടതി വീണ്ടും മൊനിന്ദറിനും കോലിക്കും വധശിക്ഷ വിധിച്ചു. 2019 ല്‍ പത്താമത്തെ കേസ്സില്‍ കോലിക്ക് വീണ്ടും ഒരു വധശിക്ഷ കൂടിവന്നു.

ഇതാണ് കേസ്സിന്‍റെ നിലയെങ്കിലും ഇന്നലെ സംഭവിച്ചത് ഇങ്ങിനെ. അലഹബാദ് ഹൈക്കോടതി രണ്ടുപേരെയും കുറ്റവിമുക്തരാക്കി. എന്നാല്‍ നേരത്തെ വിധി പറഞ്ഞ ഒരു കേസ്സില്‍ ജീവപര്യന്തം തടവ് ലഭിച്ച കോലി അത് പൂര്‍ത്തിയാക്കണം എന്ന് മാത്രം. പതിനഞ്ചിലേറെ കൌമാരപ്രായക്കാരെ ക്രൂരമായി കൊലചെയ്ത കേസ്സില്‍ അപ്പോള്‍ യഥാര്‍ത്ഥ പ്രതികള്‍ ആര് ? ഇവരെ നിരന്തരം വധശിക്ഷയ്ക്കു വിധിച്ച ഗാസിയാബാദ് പ്രത്യേക കോടതിയാണോ? ശിക്ഷ ശരിവച്ച സുപ്രിംകോടതിയോ? ഉത്തര്‍പ്രദേശിലെ ഒരുഗ്രാമത്തിലെ കുഞ്ഞുങ്ങളുടെ മരണം നിസ്സാരമായി കണ്ട് അന്വേഷണം പ്രഹസനമാക്കിയ പോലീസ്സോ? അതോ ആ കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളോ ? ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടത് അനിവാര്യമാണ്.


Monday, 16 October 2023

A doctor from devadasi family

 


ദേവദാസി കുടുംബത്തില്‍ നിന്നൊരു ഡോക്ടര്‍

-വി.ആര്‍.അജിത് കുമാര്‍

ജീവിതം പലപ്പോഴും യാദൃശ്ചികതകളുടെ ഒരു ചങ്ങലയാണ്. അത്തരത്തിലുള്ള ഒരു ചങ്ങലയിലൂടെയാണ് ദേവദാസി കുടുംബത്തില്‍ പിറന്ന ചന്ദ്രമ്മാളിന്‍റെ മകള്‍ മുത്തുലക്ഷ്മി ഡോക്ടര്‍ മുത്തുലക്ഷ്മിയായത്. മുത്തുലക്ഷ്മിയുടെ അമ്മ കോവിലൂര്‍ ചന്ദ്രമ്മാളിനോട് നാരായണസ്വാമി അയ്യര്‍ എന്ന ചെറുപ്പക്കാരന് തോന്നിയ ഇഷ്ടമാണ് ഇവിടത്തെ യാദൃശ്ചികത. അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് ആ കാലത്ത് ഒരാളും ചിന്തിക്കപോലും ചെയ്യാത്ത ഒന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ ഇന്ത്യയില്‍ പലയിടങ്ങളിലും പ്രത്യേകിച്ചും ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന ഒരു അനാചാരമായിരുന്നു ദേവദാസി സമ്പ്രദായം. സ്ത്രീകള്‍ സ്വമേധയാലോ സമ്മര്‍ദ്ദത്താലോ ക്ഷേത്രജോലികള്‍ ചെയ്യുകയും പൂജാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേശ്യാവൃത്തി നടത്തുകയും ചെയ്യേണ്ടിവന്ന ഒരു മോശം സമ്പ്രദായമായിരുന്നു ഇത്. പുരുഷകേന്ദ്രീകൃത സമൂഹം ഈ സമ്പ്രദായത്തെ ആഘോഷിച്ചപ്പോള്‍ ,സ്ത്രീകളിലെ പുരോഗമനവാദികള്‍ ശക്തമായി എതിര്‍ത്തിരുന്നു. പലവിധ കടമ്പകള്‍ കടന്നാണ് നാരായണ സ്വാമിയും ചന്ദ്രമ്മാളും വിവാഹിതരായത്. ഇതോടെ നാരായണ സ്വാമിയെ ബ്രാഹ്മണസമൂഹവും കുടുംബവും ഭ്രഷ്ട് കല്‍പ്പിച്ച് സമൂഹത്തില്‍ നിന്നും പുറത്താക്കി. എന്നാല്‍ അതൊന്നും വകവയ്ക്കാതെ അവര്‍ പുതുക്കോട്ടയില്‍ പലവിധ ജോലികള്‍ ചെയ്ത് ജീവിച്ചു.

  1886 ജൂലൈ 30ന് ആ ദമ്പതികള്‍ക്ക് ഒരു പുത്രി പിറന്നു. അക്കാലത്ത് പെണ്‍കുട്ടികള്‍ സ്കൂളില്‍ പോവുക അപൂര്‍വ്വമാണ്. അന്നത്തെ സമ്പ്രദായങ്ങള്‍ ലംഘിച്ച് മാതാപിതാക്കള്‍ അവളെ  സ്കൂളില്‍ അയച്ചു പഠിപ്പിച്ചു.അധ്യാപകരും നല്ല പിന്തുണ നല്‍കി.പ്രായപൂര്‍ത്തിയായപ്പോള്‍  മകളുടെ വിവാഹം നടത്താന്‍ അമ്മ ഒരു ശ്രമം നടത്തി.അവള്‍ അതിന് വഴങ്ങിയില്ല.പഠനത്തില്‍ മികവ് കാട്ടിയ മുത്തുലക്ഷ്മിയെ മഹാരാജാസ് കോളേജില്‍ ചേര്‍ക്കാന്‍ അച്ഛന്‍ ആഗ്രഹിച്ചു. കോളേജില്‍ ആണ്‍കുട്ടികള്‍ മാത്രമെയുള്ളു. അഡ്മിഷന്‍ നല്‍കുന്നതിനെ കോളേജ് പ്രിന്‍സിപ്പാളും ആണ്‍കുട്ടികളുടെ മാതാപിതാക്കളും എതിര്‍ത്തു. ക്ലാസ്സില്‍ പെണ്‍കുട്ടി എത്തുന്നതോടെ ആണ്‍കുട്ടികള്‍ ചീത്തയാകും എന്നായിരുന്നു വാദം. പുതുക്കൊട്ട രാജാവ് ഈ വാദം അംഗീകരിച്ചില്ല എന്നുമാത്രമല്ല അവള്‍ക്ക് സ്കോളര്‍ഷിപ്പും അനുവദിച്ചു. ആ പഠനം അവസാനിച്ചത് 1912 ലാണ്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ മുത്തുലക്ഷ്മി ഇന്ത്യയിലെ ആദ്യ വനിത ഡോക്ടര്‍മാരില്‍ ഒരാളായി മാറി. 1914 ല്‍ തന്‍റെ ആശയങ്ങളോട് യോജിക്കുന്ന സുന്ദരറെഡ്ഡിയെ അവര്‍  വിവാഹം കഴിച്ചു. അദ്ദേഹം മുത്തുലക്ഷ്മിക്ക് എല്ലാവിധ പ്രവര്‍ത്തന സ്വാതന്ത്യവും നല്‍കിയിരുന്നു.ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തിയെങ്കിലും ആതുരസേവനത്തിന് പകരം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലായി മുത്തുലക്ഷ്മിയുടെ ശ്രദ്ധ. 1926 ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൌണ്‍സില്‍ അംഗവും 1927 ല്‍ കൌണ്‍സിലിന്‍റെ ഡപ്യൂട്ടി പ്രസിഡന്‍റുമായി. ഇതും രാജ്യത്ത് ആദ്യമായിരുന്നു. അതുവരെ ഒരു വനിതയും ഈ പദവികളില്‍ എത്തിയിരുന്നില്ല.

മുത്തുലക്ഷ്മിയുടെ ആദ്യ പോരാട്ടം ദേവദാസികള്‍ക്കുവേണ്ടിയായിരുന്നു.ആ കാലത്ത് ദേവദാസി ജീവിതം മടുത്ത് ചെമ്പകവല്ലി എന്ന പതിമൂന്ന് വയസുകാരി ആത്മഹത്യ ചെയ്തിരുന്നു. അതിന് മുന്നെ അവള്‍ എഴുതിയ കത്ത് മുത്തുലക്ഷ്മിയെ ഏറെ സ്വാധീനിച്ചു. ദേവദാസികള്‍ അനുഭവിക്കുന്ന പീഢനങ്ങളുടെ കാഠിന്യം ബോധ്യപ്പെട്ട അവര്‍ ഈ സമ്പ്രദായം അവസാനിപ്പിക്കണം എന്നു തന്നെ തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാവ് പി.വരദരാജുലു നായിഡു പത്രാധിപരായ തമിഴ്നാട് എന്ന പത്രത്തില്‍ ചെമ്പകവല്ലിയുടെ കത്ത് പ്രസിദ്ധീകരിച്ചു. മദ്രാസ് ഹിന്ദു സോഷ്യല്‍ റിഫോംസ് അസോസിയേഷന്‍റെ പിന്തുണയും മുത്തുലക്ഷ്മിക്ക് ലഭിച്ചു. 1909 ഏപ്രിലില്‍ മൈസൂര്‍ രാജാവ് ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചിരുന്നു എന്നതും തമിഴ്നാട്ടിലെ പ്രസ്ഥാനത്തിന് ബലമേകി.

ദേവദാസി സമ്പ്രദായത്തില്‍ കൂടുങ്ങിയവര്‍ പാരമ്പര്യത്തിന്‍റെ ഇരകളാണെന്നും മാനസികവും ശാരീരികവുമായ രോഗങ്ങളാല്‍ വിഷമിക്കുന്നവരാണെന്നും ഈ തൊഴിലില്‍ നിന്നും മാറുന്നവര്‍ക്ക് ഭൂമിയും സഹായങ്ങളും നല്‍കണമെന്നും മുത്തുലക്ഷ്മി വാദിച്ചു. തഞ്ചാവൂരിലും മയിലാടുതുറയിലുമുള്ള ഇശൈ വെള്ളാളര്‍ സംഘവും കൊച്ചിയിലെ ദേവദാസികളും മുത്തുലക്ഷ്മിക്ക് പിന്‍തുണ നല്‍കി. എന്നാല്‍ മദ്രാസിലെ കോണ്‍ഗ്രസ് നേതാക്കള്‍ ദേവദാസി സമ്പ്രദായം തുടരണം എന്ന അഭിപ്രായക്കാരായിരുന്നു. ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാനായി മുത്തുലക്ഷ്മി കൊണ്ടുവന്ന ബില്ലിനെ മഹാത്മാഗാന്ധി അംഗീകരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കളായ എസ്.സത്യമൂര്‍ത്തിയും സി.രാജഗോപാലാചാരിയും ശക്തമായി എതിര്‍ത്തു. ഒരു വലിയ സംസ്ക്കാരം നഷ്ടമാകുമെന്നും ദേവദാസികളുടെ പരമ്പരാഗത കലകള്‍ അവരില്‍ നിന്നും പിടിച്ചെടുക്കുന്ന നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു. ദേവദാസി നേതാക്കളായ ദുരൈക്കണ്ണു അമ്മാളും ബാംഗ്ലൂര്‍ നാഗരത്നമ്മയും നേതാക്കളെ പിന്‍തുണച്ചു. ദേവദാസി സമ്പ്രദായത്തിനെതിരെയുള്ള പ്രക്ഷോഭം തുടര്‍ന്നെങ്കിലും ഇന്ത്യ സ്വതന്ത്രയായ ശേഷമെ തമിഴ്നാട്ടില്‍ ഈ സമ്പ്രദായം അവസാനിച്ചുള്ളു. 1947 നവംബര്‍ 26നായിരുന്നു ബില്ല് പാസായത്. ഓമന്‍ഡൂര്‍.പി.രാമസ്വാമി റെഡ്യാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.സുബ്ബരായന്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ ഇത് ഡോക്ടര്‍ മുത്തുലക്ഷ്മി റെഡ്ഡിയുടെ പോരാട്ടവിജയമാണ് എന്ന് രേഖപ്പെടുത്തിയിരുന്നു.

 

അനാഥരായ പെണ്‍കുട്ടികള്‍ക്കുവേണ്ടി മദ്രാസില്‍ അവ്വൈ ഹോം തുടങ്ങിയതും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പ്രത്യേക ആശുപത്രി ആരംഭിക്കാന്‍ മുന്‍കൈ എടുത്തതും ഡോക്ടര്‍ മുത്തുലക്ഷ്മിയാണ്. സ്കൂള്‍ കുട്ടികള്‍ക്കായി സ്കൂള്‍ ആരോഗ്യക്യാമ്പുകള്‍ ആദ്യമായി സംഘടിപ്പിച്ചതും മുത്തുലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു.മദ്രാസ് ട്രിപ്പിളിക്കനിലെ കസ്തൂര്‍ബ ആശുപത്രിക്കും പ്രേരണയായത് മുത്തുലക്ഷ്മിയാണ്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലും ഹരിജന്‍ പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും തുടങ്ങാനും അവര്‍ പരിശ്രമിച്ചു. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിനും തുടക്കമിട്ടത് മുത്തുലക്ഷ്മിയാണ്. പര്‍ട്ടോഗ് എഡ്യൂക്കേഷന്‍ കമ്മറ്റിയുടെ ഭാഗമായി ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിനായി നിരവധി പദ്ധതികള്‍ക്ക് അവര്‍ തുടക്കമിട്ടു. 1968 ജൂലൈ 22നാണ് മുത്തുലക്ഷ്മി റെഡ്ഡി മരണമടഞ്ഞത്.രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ബഹുമാനിച്ചിരുന്നു.🙏 

 

Saturday, 14 October 2023

Now India's own GPS

 


ഇനി ഇന്ത്യയുടെ സ്വന്തം ജിപിഎസ് 

വി.ആര്.അജിത് കുമാര്

അമേരിക്കന്‍ എയര്‍ഫോഴ്സിന്‍റെ സ്വന്തമായ ജിപിഎസിനെ ആശ്രയിക്കുന്ന ഗൂഗിള്‍ ലൊക്കേഷന്‍ മാപ്പാണ് ഏറെക്കാലമായി നമ്മുടെ വഴികാട്ടി. രാജ്യത്തെ ഏത് മുക്കിലും മൂലയിലും നമ്മള്‍ എത്തിച്ചേരുന്നത് ഗൂഗിള്‍ നല്‍കുന്ന ദിശാസൂചകം വച്ചാണ്. എന്നാല്‍ ഇത് തെറ്റുകയും മുന്നോട്ടുപോകാന്‍ കഴിയാത്തിടത്ത് വഴി അവാസാനിക്കുന്നതുമൊക്കെ സാധാരണം. 2019 ല്‍ ഭൂട്ടാന്‍ യാത്രയുടെ ഭാഗമായി ബംഗാളിലെ സിലിഗുരിയില്‍ വച്ച് സുഹൃത്ത് രാധാകൃഷ്ണനെ ഒപ്പം കൂട്ടാനായി സന്ധ്യാസമയത്ത് അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍  തിരക്കിപ്പോയ ഞങ്ങളുടെ വാഹനം ചതുപ്പില്‍ വീണുപോകാതെ രക്ഷപെട്ടത് പ്രായോഗിക ചിന്ത ഒന്നുകൊണ്ടു മാത്രമാണ്. വീണ്ടും മുന്നോട്ട് എന്നായിരുന്നു ഗൂഗിള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഈയിടെ അനേകം ജീവിതങ്ങള്‍ ഇത്തരത്തിലുള്ള ജിപിഎസ് നിര്‍ദ്ദേശങ്ങളില്‍ നഷ്ടമായിട്ടുമുണ്ട്. രാത്രിയില്‍ ,തകര്‍ന്നുപോയ പാലത്തിലേക്ക് ജിപിഎസ് നയിച്ച ഒരു സംഘം യുവാക്കള്‍ മരണപ്പെട്ടത് വാര്‍ത്തയായിരുന്നു. ഈയിടെ ആലപ്പുഴയില്‍ നിന്നുള്ള യുവഡോക്ടറന്മാര്‍ കൊച്ചി ഗോതുരുത്തിലെ കുളത്തിലേക്ക് വണ്ടി ഓടിച്ചതും മരണപ്പെട്ടതും ഏറ്റവും ഒടുവിലത്തെ ഞടുക്കുന്ന ഓര്‍മ്മയാണ്.

ഈ സാഹചര്യത്തിലാണ് ഐഎസ്ആര്‍ഓ വികസിപ്പിച്ച നാവിഗേഷന്‍ സംവിധാനമായ നാവ്ഐസി(നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കണ്‍സ്റ്റലേഷന്‍)യുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഇന്ത്യന്‍ സാറ്റലൈറ്റുകളുടെ ഒരു നാവിഗേഷന്‍ സംവിധാനമാണ് നാവ്ഐസി. ജിപിഎസ് മാതൃകയിലാണ് ഇതും പ്രവര്‍ത്തിക്കുക.2006 ല്‍ വികസിപ്പിച്ച് 2018 ല്‍ ഇത് പ്രവര്‍ത്തനനിരതമായെങ്കിലും മൊബൈല്‍ നിര്‍മ്മാതാക്കള്‍ ഈ സംവിധാനം മൊബൈലില്‍ സമന്വയിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകളില്‍ ഇത് നിര്‍ബ്ബന്ധമാക്കാന്‍ സര്‍ക്കാര്‍ ശ്രമവും ഉണ്ടായില്ല.

 ഏഴ് ഉപഗ്രഹങ്ങളുടെ കൂട്ടായ്മയാണ് നാവ്ഐസിക്കായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നെണ്ണം ജിയോസ്റ്റേഷനറിയും നാലെണ്ണം ജിയോസിങ്ക്രണസുമാണ്. ഇവയുടെ ഭ്രമണപഥം വളരെ ഉയര്‍ന്ന തലത്തിലാണ്. ഉപഗ്രഹങ്ങള്‍ ഇന്ത്യ ഫോക്കസ്ഡ് ആയതിനാലും ഡ്യുവല്‍ ഫ്രീക്വന്‍സി ബാന്‍ഡ്  ഉപയോഗിക്കുന്നതിനാലും ജിപിഎസിനെക്കാള്‍ കൃത്യതയോടെയുള്ള  നാവിഗേഷന് ഇത് സഹായകമാകും. എല്‍ 5 –ബാന്‍ഡും എസ്-ബാന്‍ഡുമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യയ്ക്കുള്ളില്‍  പത്ത് മീറ്ററില്‍ താഴെയും ഇന്ത്യാ സമുദ്രത്തില്‍ 20 മീറ്ററില്‍ താഴെയും കൃത്യതയാണ് ഇത് ഉറപ്പാക്കുന്നത്.

നാവ്ഐസി ഉപയോഗത്തില്‍ വരുന്നതോടെ വിദേശരാജ്യങ്ങള്‍ നിയന്ത്രിക്കുന്ന നാവിഗേഷനെ ആശ്രയിക്കുന്നത് ഒഴിവാക്കാം. 1999 ലെ കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യന്‍ പട്ടാളത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ അമേരിക്ക അനുമതി നല്‍കാതിരുന്നത് ഇവിടെ പ്രസക്തമാകുന്നു. പാകിസ്ഥാന്‍ പട്ടാളം നില്‍ക്കുന്ന ഇടങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ പട്ടാളം ഏറെ ബുദ്ധിമുട്ടിയിരുന്നു. നാവ്ഐസി വരുന്നതോടെ ഈ ദുരവസ്ഥ ഒഴിവാകും.

അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റമാണ് ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. റഷ്യയുടെ നാവിഗേഷന്‍ സംവിധാനമാണ് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം അഥവാ ഗ്ലോനോസ്. യൂറോപ്യന്‍ യൂണിയന്‍റേത് ഗലീലിയോയും ചൈനയുടേത് ബീഡോവും ജപ്പാന്‍റേത് ക്വാസി സെനിത്തുമാണ് .ജിപിഎസിന് 55 സാറ്റലൈറ്റുകളുണ്ട്.ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ജിയോസിങ്ക്രൊണസ് ഉപഗ്രഹങ്ങളാണിവ. നാവ്ഐസിയുടെ മൂന്ന് ഉപഗ്രഹങ്ങള്‍ ജിയോസ്റ്റേഷനറിയാണ് എന്നതാണ് അതിന്‍റെ മേന്മയും കൃത്യതയും ഉറപ്പാക്കുന്നത്.  

2025 അവസാനത്തോടെ ഇന്ത്യയില്‍ ലഭിക്കുന്ന എല്ലാ ഫോണിലും ഈ സംവിധാനം നിര്‍ബ്ബന്ധിതമാക്കുകയാണ് സര്‍ക്കാര്‍. നാവ്ഐസി സപ്പോര്‍ട്ടിംഗ് ചിപ്സ് ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് ഇന്‍സന്‍റീവ്സും പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിള്‍ അതിന്‍റെ ഐഫോണ്‍ 15 പ്രോയിലും പ്രോ മാക്സിലും ഇന്ത്യന്‍ നാവിഗേഷന്‍ ചേര്‍ക്കാന്‍ നടപടി തുടങ്ങികഴിഞ്ഞു. മറ്റുള്ള മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും  ഈ വഴിക്ക് എത്തുന്നതോടെ നമുക്ക് ഒരിന്ത്യന്‍ ശബ്ദത്തിലുള്ള നാവിഗേഷന്‍ കേള്‍ക്കാന്‍ കഴിയും എന്നുറപ്പ്. 

Thursday, 12 October 2023

A way of forest conservation

 


വനസംരക്ഷണം ഇങ്ങനെയും 

-വി.ആര്.അജിത് കുമാര്

ഏതൊരു ഗ്രാമവാസിയും ആഗ്രഹിക്കുന്നത് കുടിവെള്ളം, വൈദ്യുതി,ആശുപത്രി, റോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങള്‍ ഗ്രാമത്തിലെത്തണം എന്നാണല്ലോ. എന്നാല്‍ സ്വന്തം ഊരിലേക്ക് വഴി നിര്‍മ്മിക്കുന്നതിനെതിരെ സമരത്തിലാണ് ജാര്‍ഖണ്ഡിലെ സിംഡെഗ ജില്ലയിലെ ചിംമ്തിഘട്ടി ഗ്രാമവാസികള്‍. ഇതൊരു ആദിവാസി ഗ്രാമമാണ്. തികച്ചും ഒറ്റപ്പെട്ട ഇടം. വനമേഖലയാണ്. ഒരു സൈക്കിള്‍ പോലും എത്തിച്ചേരാത്ത ഇടം. ഇവിടെ ചിലര്‍ക്ക് സൈക്കിളുണ്ട്. അവര്‍ അത് തോളിലേറ്റി മലകടന്നശേഷമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

ജില്ലാ അധികാരികള്‍ റോഡ് നിര്‍മ്മാണത്തിന് രണ്ടുതവണ ഫണ്ട് അനുവദിക്കുകയും പണി തുടങ്ങാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഗ്രാമവാസികള്‍ അനുവദിച്ചില്ല. അവര്‍ പറയുന്ന കാരണം ഇതാണ്. റോഡ് വന്നാല്‍ കാറും ലോറിയും എത്തും. ഞങ്ങള്‍ ദൈവത്തെപ്പോലെ കരുതുന്ന ഞങ്ങളുടെ വനത്തെയും മരങ്ങളെയും കാട്ടുകള്ളന്മാര്‍ വെട്ടിക്കൊണ്ടുപോകും. ഞങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടിയ ഈ പ്രകൃതി സൌന്ദര്യവും അതിലെ വിഭവങ്ങളും ശുദ്ധവായുവും ശുദ്ധജലവും ഞങ്ങളുടെ വരുംതലമുറയ്ക്കും കിട്ടണം.

ഇപ്പോള്‍ ആശുപത്രിയില്‍ എത്താന്‍ കിലോമീറ്ററുകള്‍ നടക്കണം. സുഖമില്ലാതാകുന്നവരെ നാലുപേര്‍ ചേര്‍ന്ന് കട്ടിലില്‍ ചുമക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ പഠിക്കാന്‍ പോകുന്നതും വളരെ പ്രയാസപ്പെട്ടാണ്. അതൊന്നും ഒരു പ്രശ്നമല്ല, അതൊക്കെ ഞങ്ങള്‍ സന്തോഷത്തോടെ അനുഭവിച്ചുകൊള്ളാം എന്നാണ് ഗ്രാമമുഖ്യന്‍ പറയുന്നത്.

ഇതൊരു വലിയ അടയാളപ്പെടുത്തലാണ്. കാട്ടിലേക്ക് വികസനം വരുന്നത് കാടിനെ ഇല്ലാതാക്കാനാണ് എന്ന ആദിവാസിയുടെ തിരിച്ചറിവ്. വികസനമല്ല ജീവിതാനന്ദത്തിന് നിദാനം,പകരം ഉള്ളതുകൊണ്ട് സംതൃപ്തിപ്പെട്ട് പ്രകൃതിയോട് ഇണങ്ങി താമസിക്കുന്നതാണ് എന്നതാണ് മറ്റൊരു സൂചകം. ലഭിക്കുന്നതൊന്നും പോരാ പോരാ എന്നു പറയുന്ന മനുഷ്യരാണ് ഏറെയും. അവര്‍ അസംതൃപ്തരുമാണ്. എന്നിട്ട് പറയും, എല്ലാം ഇട്ടെറിഞ്ഞ് വല്ല കാട്ടിലെങ്ങാനും പോയിജീവിച്ചാല്‍ മതിയായിരുന്നു എന്ന്. അത് വെറുംവാക്കാണ് എന്ന് അവര്‍ക്കുതന്നെ അറിയാം. മൊബൈലിന്‍റെ സിഗ്നല്‍ പോകുന്നതോടെ ജീവിതം തന്നെ നഷ്ടപ്പെട്ടപോലെ അസ്വസ്ഥരാകും എന്നതും ഉറപ്പ്.

ഓരോരുത്തര്‍ക്കും ഓരോ തരം ജീവിതം. ഉള്ളതില്‍ സംതൃപ്തി കണ്ടെത്തുക എന്നതാണ് പ്രധാനം. പിന്നെ പ്രകൃതിയോട് ഒരിറ്റു സ്നേഹവും കാത്തുസൂക്ഷിക്കുക. 

Wednesday, 11 October 2023

Is Godawan a bird or a liquor brand ?

 


ഗോദവന്‍ - പക്ഷിയോ മദ്യമോ ?

-വി.ആര്‍.അജിത് കുമാര്‍

പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഭാരം കൂടിയ ഇനത്തില്‍പെട്ട പക്ഷിയാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്. രാജസ്ഥാനി ഭാഷയില്‍ വിളിപ്പേര് ഗോദവന്‍. ഒരു കാലത്ത് രാജാക്കന്മാരുടെയും തുടര്‍ന്ന് ബ്രിട്ടീഷുകാരുടെയും നിരന്തര വേട്ടയാടലിന് വിധേയരായ പക്ഷികള്‍. ഇവയെ വേട്ടയാടി കൊല്ലുക എന്നത് സമ്പന്നരുടെ ഒരു വിനോദമായിരുന്നു, ഒപ്പം അതിനെ ഭക്ഷണവുമാക്കിയിരുന്നു. ഇപ്പോള്‍ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ താര്‍ മരുഭൂമിയില്‍ നൂറിലേറെ പക്ഷികള്‍ മാത്രം ബാക്കി. വേട്ടയാടലും മരുഭൂമിയിലെ പുല്‍മേടുകള്‍ ഇല്ലാതായതും ഇവയുടെ നിലനില്‍പ്പിന് ഭീഷണിയായി. ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ഗോദവനെ ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്.

ഗോദവനും മദ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നാണ് ഉത്തരം. രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ഗോദവന്‍ സംരക്ഷണപദ്ധതിയുടെ ഭാഗമായിരിക്കുകയാണ് ഡയജിയോ ഇന്ത്യ എന്ന് മദ്യനിര്‍മ്മാണശാല. അല്‍വാറിലെ ഫാക്ടറിയില്‍ ഡയജിയോ നിര്‍മ്മിക്കുന്ന ലിമിറ്റഡ് എഡിഷന്‍ മദ്യത്തിന്‍റെ പേര് ഗോദവന്‍ എന്നാണ്. ഗുണമേന്മയും സുഗന്ധവുമുള്ള സിംഗിള്‍ മാള്‍ട്ട് വിസ്ക്കിയായ ഗോദവന്‍ അല്‍വാറിലെ കൃഷിയിടത്തില്‍ പ്രത്യേകം തയ്യാറാക്കിയ സിക്സ് റോ ബാര്‍ലിയില്‍ നിന്നാണ് ഉത്പ്പാദിപ്പിക്കുന്നത്. സാധാരണയായി മദ്യത്തിന് ടൂ റോ ബാര്‍ലിയാണ് ഉപയോഗിക്കാറുള്ളത്. 2022 മാര്‍ച്ചില്‍ ലോഞ്ച് ചെയ്ത മദ്യത്തിന്‍റെ നൂറ് കുപ്പികളാണ് 2023 മെയില്‍ പുറത്തിറക്കിയത്. ചില്ല്കുപ്പിയില്‍ ഗോദവന്‍റെ ചിത്രം കൊത്തിയ ഒരു ബോട്ടില്‍ മദ്യത്തിന്  വില 92,000 രൂപയാണ്.

അമേരിക്കന്‍ ബര്‍ബണ്‍ ബാരലിലും യൂറോപ്യന്‍ ഓക്ക് കാസ്കിലും ഡബിള്‍ മച്യുര്‍ ചെയ്ത മദ്യമാണിത്. മൂന്നര വര്‍ഷത്തെ ഏജിംഗാണ് മദ്യത്തിനുള്ളത്. മദ്യം തടിഭരണിയുമായി നാല്‍പ്പത് ഡിഗ്രി ചൂടിലാണ് സംവദിക്കുന്നത് എന്നതാണ് ഇതിന്‍റെ രുചി ഏറ്റുന്നത്. സ്കോട്ട്ലന്‍റില്‍ ഇത് 4-5 ഡിഗ്രി മാത്രമാണ് എന്നോര്‍ക്കുക. രണ്ടിനം മദ്യമാണ് കമ്പനി ഉത്പ്പാദിപ്പിക്കുന്നത്. ഗോദവന്‍ സിംഗിള്‍ മാള്‍ട്ട് റിച്ച് ആന്‍റ് റൌണ്ട്സ് ആര്‍ട്ടിസാന്‍ വിസ്ക്കി 01 ആണ് ഒരിനം. ഇത് സ്പെയിനില്‍ നിന്നും കൊണ്ടുവന്ന റിഡ്രോ ലിമെന്‍സ് ഷെറി കാസ്ക്കില്‍ ആറുമാസം കിടന്നാണ് പാകപ്പെടുന്നത്. ചിറ്റരത്തയും ജടാമാഞ്ചിയും ചേര്‍ത്താണ് രാജസ്ഥാനി രുചിക്കൂട്ടാക്കി ഇതിനെ മാറ്റുന്നത്. ഗോദവന്‍ സിംഗിള്‍ മാള്‍ട്ട് ഫ്രൂട്ട് ആന്‍റ് സ്പൈസസ് ആര്‍ട്ടിസാന്‍ വിസ്കി 02 ആണ് രണ്ടാമന്‍. ഇത് ചെറി വുഡ് കാസ്ക്കിലാണ് പരുവപ്പെടുന്നത്. ഇത് സോഫ്റ്റ് വുഡ് ആയതിനാല്‍ സാധാരണയായി വൈനുണ്ടാക്കാനാണ് ഉപയോഗിക്കുക. തടിയുമായുള്ള സംവേദനം വേഗത്തിലാകും എന്നതിനാല്‍ ഇതിന് രുചിയേറും. ബദാമും ഉണക്കമുന്തിരിയും ചിറ്റരത്തയും ജടാമാഞ്ചിയും ചേര്‍ത്താണ് ഇതിനെ പൊലിപ്പിച്ചെടുക്കുന്നത്.

മദ്യത്തിന്‍റെ പ്രൊമോഷനായി പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ അമിത് പാഷ്റിച്ച, സാമൂഹിക സംരംഭകൻ ചൈതന്യ രാജ് സിംഗ് എന്നിവരെയാണ് ഡയജിയോ കളത്തിലിറക്കിയിരിക്കുന്നത്. ഇന്ത്യ ആണവപരീക്ഷണം നടത്തി ശ്രദ്ധനേടിയ പൊഖ്റാനില്‍ 200 ഏക്കര്‍ ഭൂമിയില്‍ ഗോദവന് അനുഗുണമാകുന്ന പുല്‍മേട് നിര്‍മ്മിക്കുകയാണ് ഡയജിയോ. ഗോദവന്‍ എന്ന ബ്രാന്‍ഡിലൂടെ ലോകമൊട്ടാകെ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിനെ കുറിച്ച് ബോധവത്ക്കരിക്കാനും ഈ ബ്രാന്‍ഡിന്‍റെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന തുകയുടെ ഒരു വിഹിതം പുല്‍മേട് സംരക്ഷണത്തിന് ഉപയോഗിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

കേരളത്തിനും ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ആയുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്ന ചില സസ്യങ്ങള്‍ കൂടി ചേര്‍ത്ത് ഇത്തരത്തില്‍ മികച്ച മദ്യങ്ങള്‍ തയ്യാറാക്കാന്‍ നല്ല ബ്രുവറികളുമായി ബന്ധം സ്ഥാപിക്കുന്നത് നല്ലതാണ്. ഇവിടെ വംശനാശം വന്നുകൊണ്ടിരിക്കുന്ന വെള്ളിമൂങ്ങ, തൂക്കണാംകുരുവി, നക്ഷത്ര ആമ തുടങ്ങിയവയുടെ സംരക്ഷണവും ഇത്തരം ബ്രാന്‍ഡിലൂടെ ആലോചിക്കാവുന്നതാണ്🙏


Monday, 9 October 2023

Pitfalls in the Co-operative sector

 


സഹകരണ മേഖലയിലെ ചതിക്കുഴികള്‍

-വി.ആര്‍.അജിത് കുമാര്‍

സ്വകാര്യവത്ക്കരണത്തിന് മുന്‍പ് പൊതുമേഖല ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒരിടമായിരുന്നു. അവിടെ ഒരക്കൌണ്ട് തുടങ്ങുക തന്നെ പ്രയാസം. വായ്പ കിട്ടാക്കനിയും. അക്കാലത്ത് സ്വകാര്യ ചിട്ടിസംഘങ്ങള്‍ വലിയ തട്ടിപ്പുകള്‍ നടത്തിയിരുന്നു. വന്‍പലിശ വാങ്ങുന്ന വട്ടിപ്പണക്കാരും ഗുണ്ടകളും ധാരാളം. നൂറ് രൂപയ്ക്ക് മാസം പത്തുരൂപ വരെ പലിശ വാങ്ങിയിരുന്നവരുണ്ട്. ആവശ്യക്കാര്‍ അത്തരം കുരുക്കുകളില്‍പെട്ട് ജീവിതം ഹോമിച്ചിരുന്നു. ഈ കാലത്ത് സാധാരണ ജനങ്ങളുടെ സാമ്പത്തികകാര്യങ്ങളില്‍ അഭയകേന്ദ്രമായിരുന്നു സഹകരണ സംഘങ്ങള്‍.ചെറുനിക്ഷേപങ്ങള്‍ നടത്താനും വായ്പ എടുക്കാനുമൊക്കെ സഹായിക്കുന്ന സ്ഥാപനം. അതിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലൊക്കെ നാട്ടിലെ അറിയപ്പെടുന്ന പാര്‍ട്ടിനേതാക്കളാണ്. ജീവനക്കാരും അയല്‍പക്കത്തുള്ളവര്‍. തികച്ചും ഒരു സഹകരണപ്രസ്ഥാനം. അവിടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമ്പോള്‍ ഒരു ചായ കുടിക്കുന്നത് പോലും ബാങ്കിന് ദോഷമാകുമോ എന്ന് ചിന്തിക്കുന്ന നേതാക്കളുണ്ടായിരുന്നു. അത്രയേറെ കാര്യമായാണ് അവര്‍ പ്രസ്ഥാനത്തെ വളര്‍ത്തിയത്.

സഹകരണ പ്രസ്ഥാനം ഗുജറാത്ത്, മഹാരാഷ്ട്ര,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തിലേത് പോലെ സമസ്തമേഖലയിലും വ്യാപരിക്കുന്ന ഒരു പ്രസ്ഥാനമല്ല. 1625 പ്രാഥമിക സഹകരണ സംഘങ്ങളും അവയ്ക്ക് 2700 ശാഖകളും ഒന്നരക്കോടിയോളം ഇടപാടുകാരമുണ്ട്  കേരളത്തില്‍. 14 ജില്ലാ സഹകരണബാങ്കുകള്‍ക്ക് 784 ശാഖകളുണ്ട്. പുറമെ 60 അര്‍ബന്‍ സഹകരണ ബാങ്കുകളും അവയ്ക്ക് 390 ശാഖകളും. മൊത്തം 1332 കോടി ഓഹരി മൂലധനമുള്ളതില്‍ സര്‍ക്കാര്‍ മൂലധനം കഴിച്ച് ബാക്കിയുള്ളത് സാധാരണ ജനങ്ങളുടേതാണ്. 1,27,000 കോടിയാണ് ഈ മേഖലയിലെ നിക്ഷേപം. ക്ഷീരകര്‍ഷകര്‍,നാളികേര കര്‍ഷകര്‍,റബര്‍ കര്‍ഷകര്‍,അധ്യാപകര്‍,സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി സമസ്ത മേഖലയിലും സഹകരണ പ്രസ്ഥാനങ്ങള്‍ സജീവമാണ്. ഈ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനായി 2016 ഡിസംബര്‍ 29 ന് കേരളത്തില്‍ മനുഷ്യചങ്ങല തീര്‍ത്തിരുന്നു. അന്ന് നമ്മള്‍ അഭിമാനത്തോടെ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്, നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാന്‍ കഴിയാതെ ലോകത്തെ വന്‍കിട ബാങ്കുകള്‍ പോലും പൂട്ടേണ്ടിവരുമ്പോള്,കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു നിക്ഷേപകന്‍റെയും പണം മടക്കിക്കൊടുക്കാതിരുന്നിട്ടില്ല എന്നത് ചെറിയ കാര്യമല്ല എന്നതായിരുന്നു അത്. ആ ആത്മാഭിമാനത്തിനാണ് ഇപ്പോള്‍ ക്ഷതം പറ്റിയിരിക്കുന്നത്.

 അന്ന് ചങ്ങലപിടിച്ചത് നോട്ടുനിരോധനത്തോടനുബന്ധിച്ച് ആറ് ദിവസം മാത്രം നോട്ട് മാറിക്കൊടുക്കാന്‍ അനുമതി കിട്ടിയ സഹകരണ ബാങ്കുകളെ തുടര്‍ന്നും ഈ പ്രക്രിയ തുടരാന്‍ അനുവദിക്കാതിരുന്നതിനും ദേശീയ ബാങ്കുകളില്‍ നിന്നും പണം പിന്‍വിലക്കാന്‍ അനുവദിക്കാതിരുന്നതിനും ആയിരുന്നു. വന്‍തോതില്‍ കള്ളപ്പണം സഹകരണ സംഘങ്ങളിലൂടെ മാറിയെടുത്തു എന്നുള്ള ആരോപണമാണ് അന്നുണ്ടായിരുന്നത്.അതിലെ ശരിയും തെറ്റും അജ്ഞാതം.  

അതൊന്നും ഇപ്പോഴത്തെ ചര്‍ച്ചയുടെ വിഷയമല്ല. ഇവിടെ ചില സംഘങ്ങളിലെ വലിയ വെട്ടിപ്പുകള്‍ പുറത്തുവന്നിട്ടും തട്ടിപ്പുസംഘങ്ങളെ സഹായിക്കുകയും നിക്ഷേപകരുടെയോ വായ്പത്തട്ടിപ്പിന് ഇരയായവരുടേയോ സങ്കടങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്‍കൈ എടുക്കുകയോ ചെയ്യാന്‍ സര്‍ക്കാരിനോ ഭരണസംവിധാനത്തിനോ കഴിയുന്നില്ല എന്നതാണ് ചര്‍ച്ച ചെയ്യുന്നത്. കള്ളന്മാരെ സംരക്ഷിക്കുന്ന സമീപനം സഹകരണമേഖലയെ തകര്‍ക്കുകയേയുള്ളു എന്നതില്‍ സംശയമില്ല. ബാങ്കുകളിലും ട്രഷറിയിലും പോസ്റ്റാഫീസിലും ലഭിക്കുന്നതിനേക്കാള്‍ അല്‍പ്പം കൂടി പലിശ കിട്ടും എന്ന മോഹം കൊണ്ടും പരിചിതരായ നേതാക്കള്‍ നിര്‍ബ്ബന്ധിക്കുന്നതുകൊണ്ടുമാണല്ലോ ആളുകള്‍ സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത്. അപ്പോള്‍ അവര്‍ക്ക് ചില കണക്കുകളുണ്ടാകും, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്, അല്ലെങ്കില്‍ വിവാഹത്തിന്, അതുമല്ലെങ്കില്‍ രോഗങ്ങള്‍ വന്നാല്‍ ചികിത്സയ്ക്ക് , ഇങ്ങിനെ ഓരോ ആവശ്യങ്ങള്‍ മനസില്‍കണ്ട് നിക്ഷേപിക്കുന്ന തുക തിരികെക്കിട്ടാതാകുമ്പോഴുണ്ടാകുന്ന അങ്കലാപ്പ് പണിയെടുക്കാതെ പണമുണ്ടാക്കി ജീവിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മനസിലാവില്ല.

 ഏഷ്യാനെറ്റ് സഹകരണം അപഹരണം എന്നൊരു പരമ്പര അവതരിപ്പിക്കുന്നുണ്ട്. അതുകാണുമ്പോള്‍ നമ്മുടെ വ്യവസ്ഥിതി ഇരകള്‍ക്കെതിരെയും വേട്ടക്കാര്‍ക്കൊപ്പവും നില്‍ക്കുന്ന ശോചനീയമായ കാഴ്ച നമുക്ക് അനുഭവപ്പെടുന്നു. ദുര്‍ബ്ബലരായി നില്‍ക്കുന്ന മനുഷ്യര്‍ക്കുവേണ്ടി നമുക്കൊന്നും ചെയ്യാന് കഴിയുന്നില്ലല്ലോ എന്ന വേദന ഉള്ളില്‍ മുറിവേല്‍പ്പിക്കും. വെള്ളൂര്‍ സഹകരണ ബാങ്കില്‍ 1998-2018 കാലത്തുണ്ടായ തട്ടിപ്പില്‍ 44 കോടിയാണ് നഷ്ടമായത്. ഭരണസമിതി ഇഷ്ടക്കാര്‍ക്ക് വഴിവിട്ട് വായ്പ നല്‍കുകയായിരുന്നു. മലപ്പുറം എആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്‍റും സെക്രട്ടറിയും ചേര്‍ന്ന് കുടുംബക്കാര്‍ക്കായി തട്ടിപ്പ് നടത്തി. കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ ഏഴ് വര്‍ഷം മുന്നെ 63 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. ഇരകളായ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു. വേട്ടക്കാര്‍ ഇന്നും സുഖമായി ജീവിക്കുന്നു. തിരുവനന്തപുരം കണ്ടല ബാങ്കില്‍ നൂറ് കോടിയുടെ ക്രമക്കേടാണ് നടന്നത്. പ്രസിഡന്‍റിന്‍റെ ഭാര്യ,മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വഴിവിട്ട വായ്പ നല്‍കിയത്. അവര്‍ സുഖമായി ജീവിക്കുന്നു. കോട്ടയം കണ്ണിമല ബാങ്കിലെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നവരെ പോലീസ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇവിടെ ജീവനക്കാര്‍ നാല് കോടിയുടെ തട്ടിപ്പാണ് നടത്തിയത്. പേരാവൂര് സഹകരണ സൊസൈറ്റിയിലെ ചിട്ടിതട്ടിപ്പില്‍ അറുപത് സാധാരണക്കാരാണ് ചതിക്കപ്പെട്ടത്. ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്സ് സഹകരണബാങ്കിലെ 260 കോടിയുടെ തട്ടിപ്പില്‍ സമ്പന്നര്‍ മാത്രമല്ല വീട്ടുജോലി ചെയ്തു ജീവിക്കുന്നവരും പൂകെട്ടി അമ്പലപറമ്പില് വില്‍ക്കുന്നവരും തട്ടുകടക്കാരുമൊക്കെയുണ്ട്. ദയനീയമാണ് അവരുടെ ഇപ്പോഴത്തെ ജീവിതം. പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ലോണെടുത്തവരെ തട്ടിച്ച് എട്ടുകോടി മുപ്പത് ലക്ഷമാണ് അമുക്കിയത്. അവിടെ ഒരാള്‍ ആത്മഹത്യ ചെയ്തു. മറ്റു പലരും ആ വഴിയാകും ഭേദം എന്നു പറയുന്നു. തട്ടിപ്പുകാരില്‍ നിന്നും തുക ഈടാക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പ് സര്‍ചാര്‍ജ്ജ് ഇറക്കി. അവര്‍ അതിനെതിരെ സര്‍ക്കാരില്‍ അപ്പീല്‍ പോയി. അപ്പീലിന് മുകളില്‍ കിടന്നുറങ്ങുകയാണ് അധികാരികള്‍ ഇപ്പോള്‍. കരുവണ്ണൂരാണല്ലോ ഇപ്പോള്‍ വലിയ വിവാദം. കള്ളപ്പണം വെളുപ്പിക്കല്‍ വലിയ എളുപ്പമായിരുന്ന കാലം കഴിഞ്ഞു. ഡിജിറ്റല്‍ ഫിനാന്‍സിംഗില്‍ ആധാറും പാനും അക്കൌണ്ടുകളും ബന്ധപ്പെടുത്തികഴിഞ്ഞിട്ടും പുതിയ മാജിക്കുകളാണ് തട്ടിപ്പുകാര്‍ കണ്ടെത്തിയിരിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ ചതിക്കപ്പെട്ടിരിക്കുന്നു.

ഇവിടെ ശ്രദ്ധേയമാകുന്ന ഒരു കാര്യമുണ്ട്. സഹകരണ തട്ടിപ്പിലെ ഇരകള്‍ കൂടുതലും പാവപ്പെട്ട മനുഷ്യരും വേട്ടക്കാര്‍ രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളുമാണ് എന്നതാണ്. രാഷ്ട്രീയം ഒരു നികൃഷ്ടമായ തൊഴിലായി മാറുകയാണോ?  മോര്‍ഗന്‍ ഹൌസല്‍ എഴുതിയ ദ സൈക്കോളജി ഓഫ് മണി  എന്നൊരു പുസ്തകമുണ്ട്. അതില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. മതി എന്ന തോന്നലുണ്ടാകാത്തിടത്തോളം മനുഷ്യന്‍ ആര്‍ത്തിയോടെ പണം വാരിക്കൂട്ടും. അത്തരമൊരവസ്ഥയിലാണ് ഇന്നത്തെ ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാരും . അതിനായി പരിചയക്കാരെയും ആയല്‍ക്കാരെയും ബന്ധുക്കളെയും വരെ ചിരിച്ചുകൊണ്ട് ചതിക്കാനും അവര്‍ക്കൊപ്പം കരഞ്ഞുകാണിക്കാനും അവര്‍ പഠിച്ചുകഴിഞ്ഞു. ആഗോളവത്ക്കരണവും സ്വകാര്യവത്ക്കരണവും തുറന്നുകൊടുത്ത ലോകം കണ്ട് അന്ധാളിക്കുകയും ഭ്രമിക്കുകയും ചെയ്തത് വ്യവസായികള്‍ മാത്രമല്ല രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടിയാണ്. പണം ഒന്നിനും തികയുന്നില്ല എന്നതിനാല്‍ വീണ്ടുംവീണ്ടും വാരിക്കൂട്ടുന്നു. ഒരു കാര്യം സത്യമാണ്. മതങ്ങളെ പൊതുവായി തൊട്ടാല്‍ മതനേതാക്കള്‍ ഒന്നിക്കും. ജാതികളെ പൊതുവായി തൊട്ടാല്‍ ആ മതത്തിലെ ജാതിക്കാര്‍ ഒന്നിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളവരാണെങ്കിലും അവര്‍ക്ക് ദോഷകരമാകുന്ന പൊതുവിഷയം വന്നാല്‍ ഒന്നിച്ചു നില്‍ക്കും. വ്യാപാരികളും വ്യവസായികളും അങ്ങിനെതന്നെ. രാഷ്ട്രീയക്കാരും ഇതിനൊരപവാദമല്ല, പുറമെ അടിപിടി അഭിനയിക്കുമെങ്കിലും അവര്‍ ഒറ്റക്കെട്ടാണ്. അവരുടേതാണ് യഥാര്‍ത്ഥ സഹകരണ പ്രസ്ഥാനം. അവര്‍ ഒന്നിച്ച് ഉണ്ണുന്നു, ഉറങ്ങുന്നു. ന്യായീകരണക്കാര്‍ക്കും അതിലൊരു വറ്റ് കിട്ടും എന്നതില്‍ സംശയമില്ല. താഴെതട്ടില്‍ ഈ നേതാക്കള്‍ക്കായി അടിപിടി കൂടുന്നവരുണ്ട്. അവരാണ് ചാവേറുകള്‍!!

ഇപ്പോഴത്തെ പോക്ക് സഹകരണ പ്രസ്ഥാത്തെ ഗുരുതരമായി ബാധിക്കും എന്നതില്‍ സംശയമില്ല. സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ അങ്കലാപ്പിലാണ്. ഏതാണ് നല്ല ബാങ്ക്, ഏതാണ് മോശം എന്ന് തിരിച്ചറിയാതെ വന്നാല്‍ അവര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കും. ഈ സാഹചര്യം ഒഴിവാകണമെങ്കില്‍ നല്ല സഹകാരികളും ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി ഇരകളായവര്‍ക്ക് പണം അതിവേഗം തിരികെ നല്‍കാന്‍ സര്‍ക്കാരിനെ നിര്‍ബ്ബന്ധിതരാക്കണം. വേട്ടക്കാരുടെ മുഴുവന്‍ സ്വത്തും കണ്ടുകെട്ടി, അവരെ ജയിലിലാക്കുകയും ചെയ്യണം. ഇതിന് കഴിയുന്നില്ലെങ്കില്‍ ഈ മേഖലയും അധികം വൈകാതെ ഊര്‍ദ്ധശ്വാസം വലിക്കും എന്നതില്‍ സംശയമില്ല. നമുക്ക് സഹകരണ മേഖലയെ രക്ഷിക്കാന്‍ രാഷ്ട്രീയം മറന്നൊരു മനുഷ്യചങ്ങല കൂടി തീര്‍ക്കാം🙏 

 


Wednesday, 4 October 2023

Newsclick controversy and some links

 



ന്യൂസ് ക്ലിക്ക് വിവാദവും ചില കണ്ണികളും

 

-വി.ആര്‍.അജിത് കുമാര്‍

2023 ഒക്ടോബര്‍ മൂന്നിന് ഉച്ചവാര്‍ത്ത കേള്‍ക്കുമ്പോഴാണ് ന്യൂസ്ക്ലിക്ക് എന്ന പത്രസ്ഥാപനത്തിലും വിവിധ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടേയും വീടുകളിലും ഡല്‍ഹി പോലീസ് റെയ്ഡ് നടത്തി എന്നും പേഴ്സണല്‍ കംപ്യൂട്ടറും മൊബൈലും ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തു എന്നും കേള്‍ക്കുന്നത്. ചൈനയും റഷ്യയും ഇസ്ലാമിക രാജ്യങ്ങളും മറ്റും പ്രയോഗിക്കുന്ന വിധത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണോ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് ആശങ്കപ്പെടുകയും ചെയ്തു. നേരത്തെ ബിബിസി ഓഫീസില്‍ ഇത്തരമൊരു ഇടപെടല്‍ നടന്നിരുന്നു. അതില്‍ എന്തൊക്കെയോ കാര്യങ്ങളുണ്ടായിരുന്നു എന്ന് പിന്നീട് വെളിപ്പെടുകയും ആരോപണങ്ങള്‍ കെട്ടടങ്ങുകയും ചെയ്തിരുന്നു. പിന്നീട് ബിബിസിയുടെ മാനേജ്മെന്‍റില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

ഇന്നലെവരെ ഞാന്‍ ശ്രദ്ധിക്കാതിരുന്ന ന്യൂസ്ക്ലിക്കിന്‍റെ വെബ്സൈറ്റിലേക്കും ആരോപണവിധേയരായ വ്യക്തികളിലേക്കും ഗൂഗിള്‍ വഴി ഒരു യാത്ര നടത്തി. പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലേയും മറ്റിടങ്ങളിലേയും വാര്‍ത്തകള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമസ്ഥാപനമാണ് ന്യൂസ്ക്ലിക്ക് എന്ന് സൈറ്റില്‍ പറയുന്നു. 2009 ല്‍ ആരംഭിച്ച സ്ഥാപനം ജനങ്ങളുടെ സമരങ്ങളും പ്രസ്ഥാനങ്ങളുമായി ഒത്തുപോകുന്ന ഒന്നാണ് എന്ന് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്തെ സമ്പന്നരും ശക്തന്മാരുമായവരുടെ അജണ്ടകള്‍ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്ത നിലപാടുള്ള സ്ഥാപനമാണ് ന്യൂസ് ക്ലിക്ക് എന്നും പറയുന്നു. രാജ്യത്ത് എല്ലാ മേഖലകളിലും ലേഖകരുള്ള ന്യൂസ്ക്ലിക്ക് ഇതിന് പുറമെ പ്രശസ്ത എഴുത്തുകാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. പൊതു വിഷയങ്ങള്‍ക്ക് പുറമെ സയന്‍സ്, ടെക്നോളജി,ഡേറ്റ ജേര്‍ണലിസം എന്നിവയും സ്ഥാപനം പ്രൊമോട്ടു ചെയ്യുന്നു.

പ്രബിര്‍ പുര്‍കായസ്ത എഡിറ്റര്‍-ഇന്‍-ചീഫ് ആയ ന്യൂസ്ക്ലിക്കിന്‍റെ ഉടമ പിപികെ ന്യൂസ്ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് ആണ്. പിപികെ എന്നാല്‍ പ്രബിര്‍ പുര്‍ കായസ്ത എന്നുതന്നെ. 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ ഉടമയും പ്രബിര്‍ തന്നെ. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ ഓപ്പറേറ്റിംഗ് റവന്യൂ നൂറ് കോടിയാണ്. 2021 ജൂണ്‍ 29 ന് പത്രപ്രവര്‍ത്തകനായ സുബോദ് വര്‍മ്മയെ കൂടി സ്ഥാപനത്തില്‍ ഡയറക്ടര്‍ ആക്കിയിട്ടുണ്ട്.

ന്യൂസ് ക്ലിക്ക് കവര്‍ ചെയ്യുന്നത് ഇന്ത്യയ്ക്ക് പുറമെ അന്തര്‍ദേശീയം, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക,നേപ്പാള്‍,പാകിസ്ഥാന്‍,ശ്രീലങ്ക, യുഎസ്,വെസ്റ്റ് ഏഷ്യ എന്നീ രാജ്യങ്ങളാണ്. ഒരു കൌതുകത്തിന് അവരുടെ സൈറ്റില്‍ ചൈന എന്നൊന്ന് സര്‍ച്ച് ചെയ്ത് നോക്കി. ഏഷ്യന്‍ ഗയിംസ് അല്ലാതെ മറ്റൊന്നും വാര്‍ത്തയായി കണ്ടില്ല. സന്ദേശം സിനിമയില്‍ സഖാവ് കുമാരപിള്ള പറയുന്നപോലെ ചൈനയെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നുവല്ല നിബന്ധനയും ഉണ്ടാകുമോ എന്തോ? ഇത് മന:പൂര്‍വ്വം അല്ലായിരിക്കും എന്നു കരുതാം!!

ലെഫ്റ്റ് വേര്‍ഡ് സൈറ്റ് പറയുന്നത് പ്രബിര്‍ ഊര്‍ജ്ജം, ടെലികോം, സോഫ്റ്റ്വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍-സയന്‍റിസ്റ്റ് ആക്ടിവിസ്റ്റാണ് എന്നാണ്. ഡല്‍ഹി സയന്‍സ് ഫോറം സ്ഥാപകരില്‍ ഒരാളുമാണ് പ്രബിര്‍. ഇദ്ദേഹം  വിജയ പ്രസാദുമായി ചേര്‍ന്ന് എന്‍റോണ്‍ ബ്ലോ ഔട്ട്- കാപ്പിറ്റലിസം ആന്‍റ് തെഫ്റ്റ് ഓഫ് ദ ഗ്ലോബല്‍ കോമണ്‍ എന്ന പുസ്കം 2002 ലും നൈനാന്‍ കോശി, എം.കെ.ഭദ്രകുമാര്‍ എന്നിവര്‍ക്കൊപ്പം 2007 ല്‍ അങ്കിള്‍ സാംസ് ന്യൂക്ലിയര്‍ കാബിന്‍ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. 2007 കാലത്താണ് പ്രകാശ് കാരാട്ടിന്‍റെ സ്വാധീനത്തില്‍ , അമേരിക്കയുമായുള്ള ആണവകരാറിനെതിരെ ഇടുപക്ഷം നിലപാടെടുത്തതും യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതും എന്നത് യാദൃശ്ചികമല്ല എന്ന് കരുതേണ്ടിയിരിക്കുന്നു.

2021 സെപ്തംബറിലാണ് പ്രബിറിന്‍റെ ദല്‍ഹി സാകേതിലെ വീട്ടില്‍ ഈഡി റെയ്ഡ് നടക്കുന്നത്. ന്യൂസ് പോര്‍ട്ടലിലേക്ക് 88 കോടി രൂപ വന്നു എന്നാണ് ഈഡിയുടെ കണക്ക്. 2018 മാര്‍ച്ചിനും 2021 നും ഇടയില്‍ അമേരിക്കയിലെ ജസ്റ്റീസ് ആന്‍റ് എഡ്യൂക്കേഷണല്‍ ഫണ്ടില്‍ നിന്നും 76.84 കോടിയും വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ്സില്‍ നിന്നും 9.59 കോടിയും ട്രൈകോണ്ടിനെന്‍റില്‍ നിന്നും 1.61 കോടിയും ജിഎസ്പിഎഎന്നില്‍ നിന്നും 26.98 ലക്ഷവും ബ്രസീലിലെ സെന്‍ട്രോ പോപ്പുലര്‍ ഡേ മിസാസില്‍ നിന്നും 2.03 ലക്ഷവും ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇതെല്ലാം കയറ്റുമതിയില്‍ നിന്നാണ് ലഭിച്ചത് എന്ന് പ്രബിര്‍ അവകാശപ്പെട്ടെങ്കിലും എന്താണ് കയറ്റി അയച്ചത് എന്നു പറയാന്‍ കഴിഞ്ഞില്ല എന്നും റിപ്പോര്‍ട്ടുണ്ട്. അവിടെനിന്നാണ് ഈ കമ്പനികളെ കുറിച്ച് അന്വേഷണം നീങ്ങുന്നത് . ആ അന്വേഷണം എത്തിനിന്നത് നെവില്ലെ റോയ് സിങ്കത്തിലാണ്. ഈ സ്ഥാപനങ്ങളെല്ലാം നെവില്ലെയുമായി ബന്ധപ്പെട്ടവയാണ് എന്നാണ് കണ്ടെത്തല്‍.

നെവില്ലെ 2023 ആഗസ്റ്റ് എട്ടിലെ ദ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ ഇടംപിടിച്ചത് ചൈനയ്ക്കുവേണ്ടി ലോകമൊട്ടാകെ ഫണ്ടുചെയ്യുന്ന വലിയൊരു ബിസിനസ് ടൈക്കൂണ്‍ എന്ന നിലയിലാണ്. ഇദ്ദേഹം ഇന്ത്യയിലെ ചില പത്രപ്രവര്‍ത്തകരും ഇടതുപക്ഷ സഹചാരികളുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്നു. പ്രകാശ് കാരാട്ടുമായി നല്ല സൌഹൃദത്തിലുമാണ് നെവില്ലെ. കോവിഡില്‍ ചൈനയ്ക്ക് അനുകൂലമായ നിലപാട് എടുപ്പിക്കാനും കര്‍ഷകബില്ലിനെ എതിര്‍ക്കുന്ന സമരത്തിന് സഹായം നല്കാനും കമ്മ്യൂണിസ്റ്റ് ഐക്യം വളര്‍ത്താനും ചൈനയുടെ ആഗോള സമീപനങ്ങള്‍ക്ക് പിന്തുണ നല്‍കാനും അതിര്‍ത്തിതര്‍ക്കത്തില്‍ ചൈനക്കനുകൂല നിലപാട് എടുക്കാനും ആയിരുന്നു ഈ സൌഹൃദം ഉപയോഗിച്ചുവന്നത് എന്ന് പറയപ്പെടുന്നു.

ആരാണ് നെവില്ലെ. അമേരിക്കന്‍ ബിസിനസുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ നെവില്ലെ തോട്ട് വര്‍ക്ക്സ് എന്ന ഐടി കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു. അമേരിക്കയില്‍ പൊളിറ്റിക്സും ചരിത്രവും പഠിപ്പിച്ചിരുന്ന,ശ്രീലങ്കക്കാരനായ  പ്രൊഫസര്‍ ആര്‍ച്ചിബാള്‍ഡ് സിങ്കത്തിന്‍റെ മകനാണ് നെവില്ലേ. ബ്ലാക് നാഷണലിസ്റ്റ്-മാവോയിസ്റ്റ് ഗ്രൂപ്പില്‍ അംഗമായിരുന്ന നെവില്ലെ 1972 ല്‍ ക്രിസ്ലര്‍ പ്ലാന്‍റില്‍ ജോലിയില്‍ പ്രവേശിച്ചു. ഹോവാര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിച്ചശേഷം ചിക്കാഗോ കേന്ദ്രമാക്കി ഐടി കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു. 2001-2008 ല്‍ ചൈനീസ് കമ്പനിയായ ഹുവായുടെ സ്ട്രാറ്റജിക് ടെക്നോളജി കണ്‍സള്‍ട്ടന്‍റായി. 2008 ആയപ്പോഴേക്കും തോട്ട് വര്‍ക്ക്സില്‍ ആയിരത്തിലേറെ ജീവനക്കാരുണ്ടായിരുന്നു. മൈക്രോസോഫ്റ്റും ഒറക്കിളും അനേകം ബാങ്കുകളും ദ ഗാര്‍ഡിയന്‍ പത്രവുമൊക്കെ തോട്ട് വര്‍ക്സിന്‍റെ ഉപഭോക്താക്കളായിരുന്നു. 2010 ല് ബംഗളൂരുവില്‍ ഓഫീസ് തുറന്നു. ഈ വര്‍ഷം തന്നെ ബീജിംഗില്‍ അഞ്ചാമത് ഏജില്‍ സോഫ്റ്റ്വെയര്‍ ഡവലപ്പ്മെന്‍റ് കോണ്‍ഫറന്‍സ് നടത്തി. പിന്നീട് ചൈനയിലെ ഫുഡ് ആന്‍റ് കണ്‍സള്‍ട്ടന്‍സി മാര്‍ക്കറ്റിലായി ശ്രദ്ധ. 2013 ല്‍ ഷാങ്ഹായില്‍ ഓഫീസ് തുടങ്ങി. ചൈനയുടെ മാന്ത്രികത ലോകത്തെ അറിയിക്കുക എന്നതാണ് നെവില്ലെയുടെ പ്രധാനമിഷന്‍. 2017 ലാണ് സ്വന്തം ഐടി കണ്‍സള്‍ട്ടന്‍സി കമ്പനിയായ തോട്ട് വര്‍ക്കിനെ 785 ദശലക്ഷം ഡോളറിന് വിറ്റത്.

ഇവിടെ ശ്രദ്ധേയമാകുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് രാജ്യത്തെ ഭീമന്‍ കോര്‍പ്പറേറ്റുകള്‍ മാധ്യമസ്ഥാപനങ്ങളെ വിലയ്ക്കുവാങ്ങി സ്വന്തം ഇംഗിതങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന് മുറവിളി കൂട്ടുന്നവര്‍ തന്നെ രാജ്യത്തെ തകര്‍ക്കാനായി ഓരോ നിമിഷവും പ്രവര്‍ത്തിക്കുന്ന ആഗോളഭീമനായ ചൈനയുടെ പങ്ക് പറ്റി രാജ്യദ്രോഹപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നു എന്നതാണ്. വികസന മുന്നേറ്റങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ചാലകശക്തിയാകാന്‍ രാജ്യത്തിനുള്ളിലെ സോ കാള്‍ഡ് തിങ്ക് ടാങ്ക്സിനെ വിനിയോഗിക്കുന്നു എന്നത് വലിയ ഷോക്ക് തന്നെയാണ്. ഡല്‍ഹിയിലുണ്ടായ ഈ മാധ്യമ കുലുക്കത്തിന്‍റെ തുടര്‍ചലനങ്ങള് വരുംദിവസങ്ങളില്‍ ഉണ്ടാകും എന്നുവേണം കരുതാന്‍🙏

   



Monday, 2 October 2023

How should the end of life be ?

 


ജീവിതത്തിന്‍റെ അവസാന കാലം എങ്ങിനെയായിരിക്കണം ?

-വി.ആര്.അജിത് കുമാര്

അറുപത് കഴിഞ്ഞവരുടെ ചിന്തയില്‍ ഇടയ്ക്കെങ്കിലും വന്നുപോകാറുള്ള ഒരു ചോദ്യമാണ് ജീവിതത്തിന്‍റെ അവസാന കാലം എങ്ങിനെയായിരിക്കണം എന്നത്. പലര്‍ക്കും പലതരത്തിലുള്ള ചിന്തകളാണ് ഉണ്ടാവുക. ചിലര്‍ക്ക് മക്കളും കൊച്ചുമക്കളും ഭാര്യ/ ഭര്‍ത്താവും ബന്ധുക്കളുമൊക്കെ അടുത്തുണ്ടാകണം എന്നാവും ആഗ്രഹം. ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ല എന്ന സമീപനമാകും മറ്റു ചിലര്‍ക്ക്. ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ തണുത്ത് വിറങ്ങലിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരും സ്വസ്ഥമായി വീട്ടില്‍ കിടന്ന് മരിക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഏതായാലും മരണം എന്നത് ഒരു സനാതന സത്യമാണ്.

ഈയിടെ കെ.ജി.ജോര്‍ജ്ജിനെ വൃദ്ധസദനത്തില്‍ പാര്‍പ്പിച്ച് ഭാര്യയും മക്കളും കൈയ്യൊഴിഞ്ഞു എന്നമട്ടില്‍ കുറേ വാര്‍ത്തകള്‍ വന്നിരുന്നു. എം.എസ്.സ്വാമിനാഥന്‍ തന്‍റെ വീട്ടില്‍ മകള്‍ ഡോക്ടര്‍ സൌമ്യയുടെയും ജോലിക്കാരുടെയും പരിചരണത്തില്‍ സുഖമായി അന്ത്യശ്വാസം വലിച്ചു എന്നും വാര്‍ത്തയുണ്ടായി. വലിയ തിരക്കുകളുള്ള മക്കളോ ചെറുമക്കളോ അടുത്ത് വന്നിരുന്ന് പരിചരിക്കണം എന്നദ്ദേഹം ആഗ്രഹിച്ചില്ല.മറ്റ് രണ്ട് മക്കളും എത്തിയശേഷമാണ് അന്തിമകര്‍മ്മങ്ങള്‍ നടന്നത്. അദ്ദേഹം ജീവിതാവസാനം ആശുപത്രിയിലാകരുത് എന്നാഗ്രഹിച്ചിരുന്നതായി മകള്‍ പറയുകയും ചെയ്തു. ഇത് രണ്ടും ചേര്‍ത്തുവച്ചാണ് ഞാന്‍ എന്‍റെ ചിന്ത പങ്കുവയ്ക്കുന്നത്.

എന്‍റെ ആഗ്രഹം ഇങ്ങിനെയാണ്.സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നിടത്തോളം വീട്ടില്‍ തനിച്ചോ കുടുംബത്തോടൊപ്പമോ കഴിയണം എന്നതാണ് മോഹം. മറ്റൊരാളുടെ സഹായം വേണ്ടിവരുന്ന സാഹചര്യത്തില്‍,നല്ല പരിചരണം ലഭിക്കുന്ന ഒരു വൃദ്ധസദനത്തില്‍ താമസിക്കണം എന്നും ആഗ്രഹിക്കുന്നു. ഡോക്ടറും നഴ്സും സൈക്കോളജിസ്റ്റും സോഷ്യല്‍ വര്‍ക്കറുമൊക്കെയുള്ള നല്ല സ്ഥാപനങ്ങള്‍ ഇപ്പോള്‍ ധാരാളമായി ഉണ്ടാകുന്നുണ്ടല്ലോ. ഭാര്യ,മക്കള്‍ എന്നിവര്‍ക്ക് ഒരു നിമിഷം പോലും ഇയാളൊരു ബുദ്ധിമുട്ടായല്ലോ എന്ന് തോന്നാന്‍ പാടില്ല.അവരുടെ ദൈനംദിന ജീവിതത്തിന് ഒരു നിമിഷം പോലും ഒരു തടസ്സമാകാനും പാടില്ല. ഒരു കാരണവശാലും ആശുപത്രിയിലെ ജീവിതത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യരുത് എന്നാഗ്രഹിക്കുന്നു. വയസുകാലത്ത് പാലിയേറ്റീവ്  കെയര്‍ മാത്രമാണ് ആവശ്യം. അതിനപ്പുറമുള്ളതെല്ലാം ആശുപത്രിക്കാരുടെ ക്രൂരതയ്ക്ക് വിട്ടുകൊടുക്കലാകും. ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ് എന്നറിയിക്കട്ടെ. വ്യത്യസ്തമായ അഭിപ്രയങ്ങളുണ്ടാകാം. അത് സ്വാഗതം ചെയ്യുന്നു.

Sunday, 1 October 2023

The world discovered by Logamani

 


ലോഗമണി കണ്ടെത്തിയ ലോകം 

- വി.ആര്.അജിത് കുമാര്

തേനി ജില്ലയില്‍ ഉത്തമപാളയം ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമമാണ് നഗയഗൌണ്ടന്‍പട്ടി. നഗയഗൌണ്ടന്‍പട്ടിയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിലാണ് ലോഗമണി ജനിച്ചത്. അവളുടെ മാതാപിതാക്കള്‍ കേരളത്തിലെ വിവിധ ഇടങ്ങളിലായി ജോലിചെയ്താണ് അവളെ വളര്‍ത്തിയത്. അച്ഛനമ്മമാരുടെ അസാന്നിധ്യത്തില് അമ്മുമ്മയുടെ പരിചരണത്തിലാണ് അവള്‍ വളര്‍ന്നത്. ബുദ്ധിമുട്ടുകള്‍ കാരണം കുട്ടികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ സ്കൂളിലായിരുന്നു അവളുടെയും പഠനം. അവിടത്തെ അധ്യാപകര്‍ എന്നും ക്ലാസില്‍ പറഞ്ഞിരുന്ന ഒരു കാര്യം പഠനം നിര്‍ത്തരുത് എന്നതായിരുന്നു. പഠിപ്പിലൂടെ മാത്രമെ ഇന്നത്തെ ദുരിതജീവിതത്തില്‍ നിന്നും കരകയറാന്‍ കഴിയൂ എന്നവര്‍ നിരന്തരം പറയുമായിരുന്നു. അത് ലോഗമണിയെ നന്നായി സ്വാധീനിച്ചു. എന്ത് വന്നാലും പഠനം ഉപേക്ഷിക്കില്ല എന്നവള്‍ ദൃഢനിശ്ചയം ചെയ്തു.വീട്ടുജോലികള്‍ക്കൊപ്പം പഠനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് നല്ല മാര്‍ക്കോടെ പ്ലസ്ടു പാസ്സായി.

കേരളത്തില്‍ പണിയെടുക്കുന്ന മാതാപിതാക്കള്‍ക്ക് അമ്മുമ്മയോടൊപ്പം താമസിക്കുന്ന,പ്രായപൂര്‍ത്തിയായ മകള്‍ ഒരു പേടിസ്വപ്നമായിരുന്നു. അവളെ ആരെങ്കിലും ഉപദ്രവിക്കുമോ,അതല്ലെങ്കില്‍ അവള്‍ ആര്‍ക്കെങ്കിലുമൊപ്പം ഒളിച്ചോടുമോ എന്നൊക്കെയുള്ള ആശങ്കയില്‍ ഭ്രാന്തെടുക്കുന്ന അവസ്ഥ. തുടര്‍ന്നു പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിന് വിലകല്‍പ്പിക്കാതെ, വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അവളുടെ വിവാഹം ഉറപ്പിച്ചു. തമിഴ്നാടിന്‍റെ പാരമ്പര്യം അനുസരിച്ച് അവളുടെ മാമന്‍ സൌന്ദരപാണ്ഡ്യനെയാണ് വരനായി അവര്‍ കണ്ടെത്തിയത്. അവള്‍ കരഞ്ഞും പട്ടിണികിടന്നും പ്രതിഷേധിച്ചു. ആരും അതൊന്നും ചെവിക്കൊണ്ടില്ല. ഒടുവില്‍ അവള്‍ വീടുവിട്ടു. ഒരു കൂട്ടുകാരിയുടെ സഹായത്തോടെ കര്‍ഷകത്തൊഴിലാളിയായി. വയലില്‍ വിയര്‍പ്പൊഴുക്കി കുറേനാള്‍ ജീവിച്ചു. അപ്പോഴൊക്കെയും തുടര്‍പഠനമായിരുന്നു മനസുനിറയെ. ആറ് മാസം കഴിഞ്ഞിട്ടും അവളുടെ മനസ് മാറുന്നില്ല എന്നുകണ്ട് സൌന്ദരപാണ്ഡ്യന്‍ അവളെ നേരിട്ടുകണ്ട് തുടര്‍പഠനം അനുവദിക്കാം എന്ന് സമ്മതിച്ചു. അവരുടെ വിവാഹവും നടന്നു. സൌന്ദരപാണ്ഡ്യന്‍ വാക്കുപാലിച്ചു. അവള്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമയ്ക്ക് ചേര്‍ന്നു. സമാന്തരമായി വിദൂരവിദ്യാഭ്യാസത്തിലൂടെ ബിഎസ്സി മാത്സും പഠിച്ചു.

തുടര്‍ന്ന് ഒരു സ്വകാര്യ സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ച് ലോഗമണി വിദൂരവിദ്യാഭ്യാസത്തിലൂടെതന്നെ മാത്സ് എംഎസ്സിയും ബിഎഡും നേടി. 2012 ലാണ് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് എഴുതിയത്. അവിടെ വിജയിച്ച ലോഗമണി മാമ്മണിയൂര്‍ പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്കൂളില്‍ സെക്കണ്ടറി ഗ്രേഡ് അധ്യാപികയായി. ലോഗമണിയുടെ അധ്യാപനത്തിലുള്ള സമീപനവും ആത്മാര്‍ത്ഥയും അവളെ ആ സ്ഥാപനത്തിന്‍റെയും കുട്ടികളുടെയും ഒരനിവാര്യ ഘടകമാക്കി മാറ്റി. കളിയിലൂടെ പഠനം എന്നതായിരുന്നു സ്വീകരിച്ച രീതി. അത് കുട്ടികള്‍ ഏറ്റെടുത്തു. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരമോ ആശ്വാസമോ ലഭിക്കാനുള്ള ഒരിടമായി ലോഗമണി ടീച്ചര്‍ മാറി.കുട്ടികള്‍ക്ക് അവരുടെ എല്ലാ വിഷമങ്ങളും ഇറക്കിവയ്ക്കാനുള്ള ഒരത്താണിയായി ടീച്ചര്‍ മാറി.

   അവളുടെ പ്രവര്‍ത്തനമികവ് മനസിലാക്കിയ വിദ്യാഭ്യാസ വകുപ്പ് അവളെ ബംഗളൂരുവിലെ റീജിയണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഒരു മാസത്തെ പരിശീലനത്തിന് അയച്ചു. ഇപ്പോള്‍ ഐഎസ്ആര്‍ഓ ശ്സ്ത്രജ്ഞരുടെയും ഐഐടി ഡല്‍ഹി,ഐഎസ്ആര്‍ഓ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഹോണററി പ്രൊഫസറുമായിട്ടുള്ള പത്മഭൂഷണ്‍ എ.ശിവതാണുപിള്ളയുടെയും നേതൃത്വത്തില്‍ തമിഴ്നാട്ടിലെ ഗ്രാമീണ സ്കൂളുകളിലെ കുട്ടികള്‍ക്ക് സ്പെയ്സ് ടെക്നോളജി, സ്പെയ്സ് സയന്‍സ് ആന്‍റ് ആപ്ലിക്കേഷന്‍സ് എന്നിവയില്‍ അവബോധം ജനിപ്പിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള റോക്കറ്റ് സയന്‍സ് പ്രോജക്ട് ഡവലപ്പ്മെന്‍റ് കോഴ്സിലും സെലക്ഷന്‍ ലഭിച്ചു. കുട്ടികളെ സ്പേയ്സ് സയന്‍സിലെ അടിസ്ഥാന സാങ്കേതികതകള്‍  മനസിലാക്കിക്കൊടുത്തും അവര്‍ക്കൊപ്പം ചെന്നൈയിലെ എംജിആര്‍  സര്‍വ്വകലാശാലയിലും ബംഗളൂരു ഐഎസ്ആര്‍ഓയിലും ഒപ്പം സഞ്ചരിച്ചും ഭാവിയിലെ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുകയാണ് ഇപ്പോള്‍ ലോഗമണി. 2021 ല്‍ ഡിന്‍ഡിഗല്‍ വാനൊലി കല്‍വിയുടെ ബസ്റ്റ് ടീച്ചര്‍ പുരസ്ക്കാരവും 2022 ല്‍ ഷില്ലോംഗ് എന്‍സിഈആര്‍ടിയില്‍ മികച്ച ഗവേഷണ പ്രബന്ധാവതരാക എന്ന ബഹുമതിയും ലോഗമണിക്ക് ലഭിച്ചിരുന്നു.

  കൌമാരകല്യാണത്തെ എതിര്‍ത്ത് വയലിലേക്കിറങ്ങിയ തന്‍റെ ഭാവി ,സൌന്ദരപാണ്ഡ്യന്‍ വന്ന് പഠനത്തിന് സമ്മതം മൂളി വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് തനിക്കറിയില്ല, എങ്കിലും തന്‍റെ ജീവിതം മാറ്റിമറിച്ച തീരുമാനം അതായിരുന്നു എന്ന് ലോഗമണി ഓര്‍ക്കുന്നു. ആവശ്യമുള്ളപ്പോള്‍ കൃത്യമായ നിലപാടെടുക്കുന്നവരെ വിജയിക്കുകയുള്ളു എന്ന് ലോഗമണി നമ്മെ പഠിപ്പിക്കുന്നു.🙏