മുല്ലതൈകള്‍ക്കായൊരു ഗ്രാമം
-വി.ആര്‍.അജിത് കുമാര്‍
പൂവ് തമിഴ്നാട്ടുകാര്‍ക്ക് ഒരു ലഹരിയാണ്,പ്രണയമാണ്,മുടിയുടെ അഴകാണ്. ഉപ്പുകലര്‍ന്ന ഭൂഗര്‍ഭ ജലമാണ് എവിടെയും ലഭിക്കുന്നതെങ്കിലും തഴച്ചുവളരുന്ന മുടി തമിഴ് സ്ത്രീകള്‍ക്ക് ഒരു വരദാനമായി കിട്ടിയതാണെന്നു തോന്നുന്നു. അതൊരു ജനിതക കാന്തി തന്നെ. സ്ത്രീയും പുരുഷനും ഇടയ്ക്കൊക്കെ ഭക്തിയുടെ ഭാഗമായി ക്ഷേത്രത്തില് പോയി മുടി കളയുന്നതും ഇവിടെ പതിവാണ്. ഏത് പൂവും സ്ത്രീകള്‍ തലയില്‍ ചൂടും, എങ്കിലും പൂക്കളില്‍ രാജകുമാരി മുല്ലപ്പൂ തന്നെ. തമിഴില്‍ മല്ലി എന്നറിയപ്പെടുന്ന ,മനം മയക്കുന്ന മുല്ലപ്പൂ. വീട്ടിലേക്ക് മടങ്ങുന്ന പുരുഷന്‍ മറ്റെന്ത് മറന്നാലും പൊണ്ടാട്ടിക്കുള്ള പൂവ് മറക്കില്ല എന്നത് അത്ര പഴയതല്ലാത്ത ഓര്‍മ്മ.
ക്ഷേത്രങ്ങളിലേക്ക് നിത്യവും എത്തിച്ചേരുന്നതും ടണ്‍ കണക്കിന് പൂവാണ്. മുല്ല എന്നു കേട്ടാല്‍ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുക മധുരയിലെ പൂചന്തയാണ്. ഏറ്റവും പ്രസിദ്ധമായ മുല്ലപ്പൂവും മധുരയുടേതാണ്. മധുര മീനാക്ഷി ക്ഷേത്രത്തിന് ചുറ്റിലുമായി വളര്‍ന്ന നഗരത്തിന്‍റെയും ഗ്രാമങ്ങളുടേയും മുറ്റങ്ങളില്‍ മുല്ല സാധാരണം. മുല്ല കൃഷിചെയ്യുന്ന നൂറുകണക്കിന് ഏക്കര്‍ സ്ഥലവും ഇവിടുണ്ട്. എന്നാല്‍ ഇതിനാവശ്യമായ, ഗുണമേന്മയുള്ള മുല്ലതൈകള്‍ വരുന്നത് അടുത്ത ജില്ലയായ രാമനാഥപുരത്തുനിന്നാണ്. ശരിക്കും പറഞ്ഞാല്‍ രാമേശ്വരം ദ്വീപില്‍ നിന്നാണ്. ഡോക്ടര്‍ ഏപിജെ അബ്ദുല്‍ കലാം സ്മാരകം നില്‍ക്കുന്ന തങ്കച്ചിമഠം എന്ന ഗ്രാമം മൂന്നരകിലോമീറ്റര്‍ മാത്രം നീളം വരുന്ന ഒരു ചെറിയ തീരദേശഗ്രാമമാണ്. ഈ ഗ്രാമത്തില്‍ നൂറ് ഏക്കറിലേറെ വരുന്ന ഇടങ്ങളിലാണ് മികച്ച മുല്ലതൈകള്‍ ഉത്പ്പാദിപ്പിക്കുന്നത്. തമിഴ്നാടിന്‍റെ നാനാഭാഗത്തുനിന്നും കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മുല്ലപ്പൂ കര്‍ഷകര്‍ ഇവിടെ വന്ന് തൈകള്‍ വാങ്ങിപ്പോകുന്നു. വന്‍തോതില്‍ തൈകള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. അമേരിക്ക, ശ്രീലങ്ക,കാനഡ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ തൈകളും പോകുന്നത്. കഴിഞ്ഞ വര്‍ഷം ഒരു നഴ്സറിയില്‍ നിന്നുതന്നെ മൂന്ന് ലക്ഷം തൈകള്‍ ശ്രീലങ്കയിലേക്ക് കയറ്റി അയച്ചിരുന്നു.
തങ്കച്ചിമഠം വെറ്റക്കൊടികളുടെ നാടായിരുന്നു. ഒരുകാലത്ത് വെറ്റിലയാണ് ഇവിടെനിന്നും പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്നത്. വെറ്റിലചെടികള്‍ രോഗം ബാധിച്ച് നശിച്ചതോടെ ഇനി എന്ത് കൃഷി ചെയ്യാം എന്ന ചിന്തയില്‍, ടി.സുബ്ബയ്യ എന്ന കര്‍ഷകനാണ് മുല്ലകൃഷി എന്ന ആശയം മുന്നോട്ടുവച്ചതും കൃഷി തുടങ്ങിയതും. ചെടികള്‍ നന്നായി വളരാന്‍ തുടങ്ങി. ഇടയ്ക്കിടെ ചെടികള്‍ പ്രൂണ്‍ ചെയ്യുമായിരുന്നു. അപ്പോള്‍ മുറിച്ചുമാറ്റിയ കമ്പുകള്‍ തറയില്‍ കിടന്ന് മുളയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ മണ്ണ് മുല്ലത്തൈകള്‍ വളര്‍ത്താന്‍ അനുഗുണമാണല്ലോ എന്ന ചിന്ത ഉണര്‍ന്നത്.
രാമനാഥപുരവും പരിസരവും ചെളിമണ്ണാണ്, എന്നാല്‍ തങ്കച്ചിമഠത്തില്‍ മണലാണ്. മണലില്‍ മുല്ലത്തൈകള്‍ വേഗം വളരാന്‍ തുടങ്ങി. അതുവരെ തൈകളുണ്ടാക്കാന്‍ ലേയറിംഗ് രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. ചെടിയുടെ ശാഖകള്‍ വളച്ച് മണ്ണില്‍ പൂഴ്ത്തി വേരിറക്കിയായിരുന്നു ഇത്തരത്തില്‍ തൈകള്‍ ഉണ്ടാക്കിയിരുന്നത്. വളരെ കുറച്ച് തൈകള്‍ മാത്രമെ ഈ രീതിയില്‍ ഉണ്ടാക്കാന്‍ കഴിയൂ. മാത്രമല്ല, വേരുകള്‍ നഷ്ടമാകാനും കാരണമാകും. മുല്ലയുടെ കമ്പ് നട്ട് കിളിര്‍പ്പിക്കാം എന്ന് മനസിലാക്കിയതോടെ പൂകൃഷി എന്നതില്‍ നിന്നും കര്‍ഷകര്‍ മുല്ലതൈ കൃഷിയിലേക്ക് മാറി.
ഇപ്പോള്‍ ഒരു വര്‍ഷം അഞ്ചുകോടി തൈകളാണ് ഈ കൊച്ചുഗ്രാമം തയ്യാറാക്കുന്നത്. ഒരേക്കറില്‍ ആറായിരം തൈകള്‍ എന്ന നിലയില്‍ എണ്ണായിരം ഏക്കറിലെ പൂകൃഷിക്ക് ഇത്രയും തൈകള്‍ മതിയാകും. ഒരു തൈയ്ക്ക് രണ്ടു മുതല്‍ ഏഴ് രൂപവരെ വിലയുണ്ട്. ചുരുക്കത്തില്‍ ,കോടികളുടെ വ്യാപാരമാണ് ഇവിടെ നടക്കുന്നത്.
മനുഷ്യരുടെ നേരിട്ടുള്ള പരിചരണം ആവശ്യമായ തൈകൃഷിയില്‍ നൂറുകണക്കിനാളുകളാണ് ജോലിചെയ്യുന്നത്. രോഗം വരാതെയും പ്രാണികളുടെ ആക്രമണമില്ലാതെയും കൃത്യമായ നന നല്‍കിയും തൈകളെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഒരു തൈ പാകമാകാന്‍ അഞ്ചുമാസമെടുക്കും. ഓലമേഞ്ഞ ഷെഡുകളിലാണ് തൈ നടുന്നത്. വെള്ളം നനച്ച് പാകമാക്കിയ മണ്ണ് കിളച്ച് അതില്‍ തടമെടുത്ത്, ഓരോ തടത്തിലും നാല് അഞ്ച് തണ്ട് എന്ന ക്രമത്തിലാണ് നടുക. നന തുടരണം. ആറാഴ്ച കഴിയുമ്പോള്‍ സൂര്യപ്രകാശം ലഭിക്കാനായി ഓലകള്‍ കുറേശ്ശെയായി നീക്കും. രണ്ട്-മൂന്ന് മാസം ആകുന്നതോടെ ഷെഡ് പൊളിച്ചുമാറ്റും. അഞ്ചു മാസമാകുമ്പോള്‍ വില്‍പ്പന തുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ടുവരെയാണ് ജോലിയുണ്ടാവുക. സ്ത്രീകള്‍ക്ക് 700 രൂപയും പുരുഷന്മാര്‍ക്ക് 850 രൂപയും ഭക്ഷണവുമാണ് കൂലി. പൂവിനെ പ്രണയിക്കുന്നത് സ്ത്രീകളാണെന്നതിനാല്‍ കൂലിക്കുറവില്‍ അവര്‍ക്ക് പരാതിയില്ല.
No comments:
Post a Comment