Monday, 9 October 2023

Pitfalls in the Co-operative sector

 


സഹകരണ മേഖലയിലെ ചതിക്കുഴികള്‍

-വി.ആര്‍.അജിത് കുമാര്‍

സ്വകാര്യവത്ക്കരണത്തിന് മുന്‍പ് പൊതുമേഖല ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒരിടമായിരുന്നു. അവിടെ ഒരക്കൌണ്ട് തുടങ്ങുക തന്നെ പ്രയാസം. വായ്പ കിട്ടാക്കനിയും. അക്കാലത്ത് സ്വകാര്യ ചിട്ടിസംഘങ്ങള്‍ വലിയ തട്ടിപ്പുകള്‍ നടത്തിയിരുന്നു. വന്‍പലിശ വാങ്ങുന്ന വട്ടിപ്പണക്കാരും ഗുണ്ടകളും ധാരാളം. നൂറ് രൂപയ്ക്ക് മാസം പത്തുരൂപ വരെ പലിശ വാങ്ങിയിരുന്നവരുണ്ട്. ആവശ്യക്കാര്‍ അത്തരം കുരുക്കുകളില്‍പെട്ട് ജീവിതം ഹോമിച്ചിരുന്നു. ഈ കാലത്ത് സാധാരണ ജനങ്ങളുടെ സാമ്പത്തികകാര്യങ്ങളില്‍ അഭയകേന്ദ്രമായിരുന്നു സഹകരണ സംഘങ്ങള്‍.ചെറുനിക്ഷേപങ്ങള്‍ നടത്താനും വായ്പ എടുക്കാനുമൊക്കെ സഹായിക്കുന്ന സ്ഥാപനം. അതിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലൊക്കെ നാട്ടിലെ അറിയപ്പെടുന്ന പാര്‍ട്ടിനേതാക്കളാണ്. ജീവനക്കാരും അയല്‍പക്കത്തുള്ളവര്‍. തികച്ചും ഒരു സഹകരണപ്രസ്ഥാനം. അവിടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമ്പോള്‍ ഒരു ചായ കുടിക്കുന്നത് പോലും ബാങ്കിന് ദോഷമാകുമോ എന്ന് ചിന്തിക്കുന്ന നേതാക്കളുണ്ടായിരുന്നു. അത്രയേറെ കാര്യമായാണ് അവര്‍ പ്രസ്ഥാനത്തെ വളര്‍ത്തിയത്.

സഹകരണ പ്രസ്ഥാനം ഗുജറാത്ത്, മഹാരാഷ്ട്ര,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തിലേത് പോലെ സമസ്തമേഖലയിലും വ്യാപരിക്കുന്ന ഒരു പ്രസ്ഥാനമല്ല. 1625 പ്രാഥമിക സഹകരണ സംഘങ്ങളും അവയ്ക്ക് 2700 ശാഖകളും ഒന്നരക്കോടിയോളം ഇടപാടുകാരമുണ്ട്  കേരളത്തില്‍. 14 ജില്ലാ സഹകരണബാങ്കുകള്‍ക്ക് 784 ശാഖകളുണ്ട്. പുറമെ 60 അര്‍ബന്‍ സഹകരണ ബാങ്കുകളും അവയ്ക്ക് 390 ശാഖകളും. മൊത്തം 1332 കോടി ഓഹരി മൂലധനമുള്ളതില്‍ സര്‍ക്കാര്‍ മൂലധനം കഴിച്ച് ബാക്കിയുള്ളത് സാധാരണ ജനങ്ങളുടേതാണ്. 1,27,000 കോടിയാണ് ഈ മേഖലയിലെ നിക്ഷേപം. ക്ഷീരകര്‍ഷകര്‍,നാളികേര കര്‍ഷകര്‍,റബര്‍ കര്‍ഷകര്‍,അധ്യാപകര്‍,സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി സമസ്ത മേഖലയിലും സഹകരണ പ്രസ്ഥാനങ്ങള്‍ സജീവമാണ്. ഈ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനായി 2016 ഡിസംബര്‍ 29 ന് കേരളത്തില്‍ മനുഷ്യചങ്ങല തീര്‍ത്തിരുന്നു. അന്ന് നമ്മള്‍ അഭിമാനത്തോടെ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്, നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാന്‍ കഴിയാതെ ലോകത്തെ വന്‍കിട ബാങ്കുകള്‍ പോലും പൂട്ടേണ്ടിവരുമ്പോള്,കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു നിക്ഷേപകന്‍റെയും പണം മടക്കിക്കൊടുക്കാതിരുന്നിട്ടില്ല എന്നത് ചെറിയ കാര്യമല്ല എന്നതായിരുന്നു അത്. ആ ആത്മാഭിമാനത്തിനാണ് ഇപ്പോള്‍ ക്ഷതം പറ്റിയിരിക്കുന്നത്.

 അന്ന് ചങ്ങലപിടിച്ചത് നോട്ടുനിരോധനത്തോടനുബന്ധിച്ച് ആറ് ദിവസം മാത്രം നോട്ട് മാറിക്കൊടുക്കാന്‍ അനുമതി കിട്ടിയ സഹകരണ ബാങ്കുകളെ തുടര്‍ന്നും ഈ പ്രക്രിയ തുടരാന്‍ അനുവദിക്കാതിരുന്നതിനും ദേശീയ ബാങ്കുകളില്‍ നിന്നും പണം പിന്‍വിലക്കാന്‍ അനുവദിക്കാതിരുന്നതിനും ആയിരുന്നു. വന്‍തോതില്‍ കള്ളപ്പണം സഹകരണ സംഘങ്ങളിലൂടെ മാറിയെടുത്തു എന്നുള്ള ആരോപണമാണ് അന്നുണ്ടായിരുന്നത്.അതിലെ ശരിയും തെറ്റും അജ്ഞാതം.  

അതൊന്നും ഇപ്പോഴത്തെ ചര്‍ച്ചയുടെ വിഷയമല്ല. ഇവിടെ ചില സംഘങ്ങളിലെ വലിയ വെട്ടിപ്പുകള്‍ പുറത്തുവന്നിട്ടും തട്ടിപ്പുസംഘങ്ങളെ സഹായിക്കുകയും നിക്ഷേപകരുടെയോ വായ്പത്തട്ടിപ്പിന് ഇരയായവരുടേയോ സങ്കടങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്‍കൈ എടുക്കുകയോ ചെയ്യാന്‍ സര്‍ക്കാരിനോ ഭരണസംവിധാനത്തിനോ കഴിയുന്നില്ല എന്നതാണ് ചര്‍ച്ച ചെയ്യുന്നത്. കള്ളന്മാരെ സംരക്ഷിക്കുന്ന സമീപനം സഹകരണമേഖലയെ തകര്‍ക്കുകയേയുള്ളു എന്നതില്‍ സംശയമില്ല. ബാങ്കുകളിലും ട്രഷറിയിലും പോസ്റ്റാഫീസിലും ലഭിക്കുന്നതിനേക്കാള്‍ അല്‍പ്പം കൂടി പലിശ കിട്ടും എന്ന മോഹം കൊണ്ടും പരിചിതരായ നേതാക്കള്‍ നിര്‍ബ്ബന്ധിക്കുന്നതുകൊണ്ടുമാണല്ലോ ആളുകള്‍ സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത്. അപ്പോള്‍ അവര്‍ക്ക് ചില കണക്കുകളുണ്ടാകും, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്, അല്ലെങ്കില്‍ വിവാഹത്തിന്, അതുമല്ലെങ്കില്‍ രോഗങ്ങള്‍ വന്നാല്‍ ചികിത്സയ്ക്ക് , ഇങ്ങിനെ ഓരോ ആവശ്യങ്ങള്‍ മനസില്‍കണ്ട് നിക്ഷേപിക്കുന്ന തുക തിരികെക്കിട്ടാതാകുമ്പോഴുണ്ടാകുന്ന അങ്കലാപ്പ് പണിയെടുക്കാതെ പണമുണ്ടാക്കി ജീവിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മനസിലാവില്ല.

 ഏഷ്യാനെറ്റ് സഹകരണം അപഹരണം എന്നൊരു പരമ്പര അവതരിപ്പിക്കുന്നുണ്ട്. അതുകാണുമ്പോള്‍ നമ്മുടെ വ്യവസ്ഥിതി ഇരകള്‍ക്കെതിരെയും വേട്ടക്കാര്‍ക്കൊപ്പവും നില്‍ക്കുന്ന ശോചനീയമായ കാഴ്ച നമുക്ക് അനുഭവപ്പെടുന്നു. ദുര്‍ബ്ബലരായി നില്‍ക്കുന്ന മനുഷ്യര്‍ക്കുവേണ്ടി നമുക്കൊന്നും ചെയ്യാന് കഴിയുന്നില്ലല്ലോ എന്ന വേദന ഉള്ളില്‍ മുറിവേല്‍പ്പിക്കും. വെള്ളൂര്‍ സഹകരണ ബാങ്കില്‍ 1998-2018 കാലത്തുണ്ടായ തട്ടിപ്പില്‍ 44 കോടിയാണ് നഷ്ടമായത്. ഭരണസമിതി ഇഷ്ടക്കാര്‍ക്ക് വഴിവിട്ട് വായ്പ നല്‍കുകയായിരുന്നു. മലപ്പുറം എആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്‍റും സെക്രട്ടറിയും ചേര്‍ന്ന് കുടുംബക്കാര്‍ക്കായി തട്ടിപ്പ് നടത്തി. കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ ഏഴ് വര്‍ഷം മുന്നെ 63 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. ഇരകളായ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു. വേട്ടക്കാര്‍ ഇന്നും സുഖമായി ജീവിക്കുന്നു. തിരുവനന്തപുരം കണ്ടല ബാങ്കില്‍ നൂറ് കോടിയുടെ ക്രമക്കേടാണ് നടന്നത്. പ്രസിഡന്‍റിന്‍റെ ഭാര്യ,മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വഴിവിട്ട വായ്പ നല്‍കിയത്. അവര്‍ സുഖമായി ജീവിക്കുന്നു. കോട്ടയം കണ്ണിമല ബാങ്കിലെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നവരെ പോലീസ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇവിടെ ജീവനക്കാര്‍ നാല് കോടിയുടെ തട്ടിപ്പാണ് നടത്തിയത്. പേരാവൂര് സഹകരണ സൊസൈറ്റിയിലെ ചിട്ടിതട്ടിപ്പില്‍ അറുപത് സാധാരണക്കാരാണ് ചതിക്കപ്പെട്ടത്. ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്സ് സഹകരണബാങ്കിലെ 260 കോടിയുടെ തട്ടിപ്പില്‍ സമ്പന്നര്‍ മാത്രമല്ല വീട്ടുജോലി ചെയ്തു ജീവിക്കുന്നവരും പൂകെട്ടി അമ്പലപറമ്പില് വില്‍ക്കുന്നവരും തട്ടുകടക്കാരുമൊക്കെയുണ്ട്. ദയനീയമാണ് അവരുടെ ഇപ്പോഴത്തെ ജീവിതം. പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ലോണെടുത്തവരെ തട്ടിച്ച് എട്ടുകോടി മുപ്പത് ലക്ഷമാണ് അമുക്കിയത്. അവിടെ ഒരാള്‍ ആത്മഹത്യ ചെയ്തു. മറ്റു പലരും ആ വഴിയാകും ഭേദം എന്നു പറയുന്നു. തട്ടിപ്പുകാരില്‍ നിന്നും തുക ഈടാക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പ് സര്‍ചാര്‍ജ്ജ് ഇറക്കി. അവര്‍ അതിനെതിരെ സര്‍ക്കാരില്‍ അപ്പീല്‍ പോയി. അപ്പീലിന് മുകളില്‍ കിടന്നുറങ്ങുകയാണ് അധികാരികള്‍ ഇപ്പോള്‍. കരുവണ്ണൂരാണല്ലോ ഇപ്പോള്‍ വലിയ വിവാദം. കള്ളപ്പണം വെളുപ്പിക്കല്‍ വലിയ എളുപ്പമായിരുന്ന കാലം കഴിഞ്ഞു. ഡിജിറ്റല്‍ ഫിനാന്‍സിംഗില്‍ ആധാറും പാനും അക്കൌണ്ടുകളും ബന്ധപ്പെടുത്തികഴിഞ്ഞിട്ടും പുതിയ മാജിക്കുകളാണ് തട്ടിപ്പുകാര്‍ കണ്ടെത്തിയിരിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ ചതിക്കപ്പെട്ടിരിക്കുന്നു.

ഇവിടെ ശ്രദ്ധേയമാകുന്ന ഒരു കാര്യമുണ്ട്. സഹകരണ തട്ടിപ്പിലെ ഇരകള്‍ കൂടുതലും പാവപ്പെട്ട മനുഷ്യരും വേട്ടക്കാര്‍ രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളുമാണ് എന്നതാണ്. രാഷ്ട്രീയം ഒരു നികൃഷ്ടമായ തൊഴിലായി മാറുകയാണോ?  മോര്‍ഗന്‍ ഹൌസല്‍ എഴുതിയ ദ സൈക്കോളജി ഓഫ് മണി  എന്നൊരു പുസ്തകമുണ്ട്. അതില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. മതി എന്ന തോന്നലുണ്ടാകാത്തിടത്തോളം മനുഷ്യന്‍ ആര്‍ത്തിയോടെ പണം വാരിക്കൂട്ടും. അത്തരമൊരവസ്ഥയിലാണ് ഇന്നത്തെ ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാരും . അതിനായി പരിചയക്കാരെയും ആയല്‍ക്കാരെയും ബന്ധുക്കളെയും വരെ ചിരിച്ചുകൊണ്ട് ചതിക്കാനും അവര്‍ക്കൊപ്പം കരഞ്ഞുകാണിക്കാനും അവര്‍ പഠിച്ചുകഴിഞ്ഞു. ആഗോളവത്ക്കരണവും സ്വകാര്യവത്ക്കരണവും തുറന്നുകൊടുത്ത ലോകം കണ്ട് അന്ധാളിക്കുകയും ഭ്രമിക്കുകയും ചെയ്തത് വ്യവസായികള്‍ മാത്രമല്ല രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടിയാണ്. പണം ഒന്നിനും തികയുന്നില്ല എന്നതിനാല്‍ വീണ്ടുംവീണ്ടും വാരിക്കൂട്ടുന്നു. ഒരു കാര്യം സത്യമാണ്. മതങ്ങളെ പൊതുവായി തൊട്ടാല്‍ മതനേതാക്കള്‍ ഒന്നിക്കും. ജാതികളെ പൊതുവായി തൊട്ടാല്‍ ആ മതത്തിലെ ജാതിക്കാര്‍ ഒന്നിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളവരാണെങ്കിലും അവര്‍ക്ക് ദോഷകരമാകുന്ന പൊതുവിഷയം വന്നാല്‍ ഒന്നിച്ചു നില്‍ക്കും. വ്യാപാരികളും വ്യവസായികളും അങ്ങിനെതന്നെ. രാഷ്ട്രീയക്കാരും ഇതിനൊരപവാദമല്ല, പുറമെ അടിപിടി അഭിനയിക്കുമെങ്കിലും അവര്‍ ഒറ്റക്കെട്ടാണ്. അവരുടേതാണ് യഥാര്‍ത്ഥ സഹകരണ പ്രസ്ഥാനം. അവര്‍ ഒന്നിച്ച് ഉണ്ണുന്നു, ഉറങ്ങുന്നു. ന്യായീകരണക്കാര്‍ക്കും അതിലൊരു വറ്റ് കിട്ടും എന്നതില്‍ സംശയമില്ല. താഴെതട്ടില്‍ ഈ നേതാക്കള്‍ക്കായി അടിപിടി കൂടുന്നവരുണ്ട്. അവരാണ് ചാവേറുകള്‍!!

ഇപ്പോഴത്തെ പോക്ക് സഹകരണ പ്രസ്ഥാത്തെ ഗുരുതരമായി ബാധിക്കും എന്നതില്‍ സംശയമില്ല. സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ അങ്കലാപ്പിലാണ്. ഏതാണ് നല്ല ബാങ്ക്, ഏതാണ് മോശം എന്ന് തിരിച്ചറിയാതെ വന്നാല്‍ അവര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കും. ഈ സാഹചര്യം ഒഴിവാകണമെങ്കില്‍ നല്ല സഹകാരികളും ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി ഇരകളായവര്‍ക്ക് പണം അതിവേഗം തിരികെ നല്‍കാന്‍ സര്‍ക്കാരിനെ നിര്‍ബ്ബന്ധിതരാക്കണം. വേട്ടക്കാരുടെ മുഴുവന്‍ സ്വത്തും കണ്ടുകെട്ടി, അവരെ ജയിലിലാക്കുകയും ചെയ്യണം. ഇതിന് കഴിയുന്നില്ലെങ്കില്‍ ഈ മേഖലയും അധികം വൈകാതെ ഊര്‍ദ്ധശ്വാസം വലിക്കും എന്നതില്‍ സംശയമില്ല. നമുക്ക് സഹകരണ മേഖലയെ രക്ഷിക്കാന്‍ രാഷ്ട്രീയം മറന്നൊരു മനുഷ്യചങ്ങല കൂടി തീര്‍ക്കാം🙏 

 


No comments:

Post a Comment