Monday, 16 October 2023

A doctor from devadasi family

 


ദേവദാസി കുടുംബത്തില്‍ നിന്നൊരു ഡോക്ടര്‍

-വി.ആര്‍.അജിത് കുമാര്‍

ജീവിതം പലപ്പോഴും യാദൃശ്ചികതകളുടെ ഒരു ചങ്ങലയാണ്. അത്തരത്തിലുള്ള ഒരു ചങ്ങലയിലൂടെയാണ് ദേവദാസി കുടുംബത്തില്‍ പിറന്ന ചന്ദ്രമ്മാളിന്‍റെ മകള്‍ മുത്തുലക്ഷ്മി ഡോക്ടര്‍ മുത്തുലക്ഷ്മിയായത്. മുത്തുലക്ഷ്മിയുടെ അമ്മ കോവിലൂര്‍ ചന്ദ്രമ്മാളിനോട് നാരായണസ്വാമി അയ്യര്‍ എന്ന ചെറുപ്പക്കാരന് തോന്നിയ ഇഷ്ടമാണ് ഇവിടത്തെ യാദൃശ്ചികത. അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് ആ കാലത്ത് ഒരാളും ചിന്തിക്കപോലും ചെയ്യാത്ത ഒന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ ഇന്ത്യയില്‍ പലയിടങ്ങളിലും പ്രത്യേകിച്ചും ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന ഒരു അനാചാരമായിരുന്നു ദേവദാസി സമ്പ്രദായം. സ്ത്രീകള്‍ സ്വമേധയാലോ സമ്മര്‍ദ്ദത്താലോ ക്ഷേത്രജോലികള്‍ ചെയ്യുകയും പൂജാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേശ്യാവൃത്തി നടത്തുകയും ചെയ്യേണ്ടിവന്ന ഒരു മോശം സമ്പ്രദായമായിരുന്നു ഇത്. പുരുഷകേന്ദ്രീകൃത സമൂഹം ഈ സമ്പ്രദായത്തെ ആഘോഷിച്ചപ്പോള്‍ ,സ്ത്രീകളിലെ പുരോഗമനവാദികള്‍ ശക്തമായി എതിര്‍ത്തിരുന്നു. പലവിധ കടമ്പകള്‍ കടന്നാണ് നാരായണ സ്വാമിയും ചന്ദ്രമ്മാളും വിവാഹിതരായത്. ഇതോടെ നാരായണ സ്വാമിയെ ബ്രാഹ്മണസമൂഹവും കുടുംബവും ഭ്രഷ്ട് കല്‍പ്പിച്ച് സമൂഹത്തില്‍ നിന്നും പുറത്താക്കി. എന്നാല്‍ അതൊന്നും വകവയ്ക്കാതെ അവര്‍ പുതുക്കോട്ടയില്‍ പലവിധ ജോലികള്‍ ചെയ്ത് ജീവിച്ചു.

  1886 ജൂലൈ 30ന് ആ ദമ്പതികള്‍ക്ക് ഒരു പുത്രി പിറന്നു. അക്കാലത്ത് പെണ്‍കുട്ടികള്‍ സ്കൂളില്‍ പോവുക അപൂര്‍വ്വമാണ്. അന്നത്തെ സമ്പ്രദായങ്ങള്‍ ലംഘിച്ച് മാതാപിതാക്കള്‍ അവളെ  സ്കൂളില്‍ അയച്ചു പഠിപ്പിച്ചു.അധ്യാപകരും നല്ല പിന്തുണ നല്‍കി.പ്രായപൂര്‍ത്തിയായപ്പോള്‍  മകളുടെ വിവാഹം നടത്താന്‍ അമ്മ ഒരു ശ്രമം നടത്തി.അവള്‍ അതിന് വഴങ്ങിയില്ല.പഠനത്തില്‍ മികവ് കാട്ടിയ മുത്തുലക്ഷ്മിയെ മഹാരാജാസ് കോളേജില്‍ ചേര്‍ക്കാന്‍ അച്ഛന്‍ ആഗ്രഹിച്ചു. കോളേജില്‍ ആണ്‍കുട്ടികള്‍ മാത്രമെയുള്ളു. അഡ്മിഷന്‍ നല്‍കുന്നതിനെ കോളേജ് പ്രിന്‍സിപ്പാളും ആണ്‍കുട്ടികളുടെ മാതാപിതാക്കളും എതിര്‍ത്തു. ക്ലാസ്സില്‍ പെണ്‍കുട്ടി എത്തുന്നതോടെ ആണ്‍കുട്ടികള്‍ ചീത്തയാകും എന്നായിരുന്നു വാദം. പുതുക്കൊട്ട രാജാവ് ഈ വാദം അംഗീകരിച്ചില്ല എന്നുമാത്രമല്ല അവള്‍ക്ക് സ്കോളര്‍ഷിപ്പും അനുവദിച്ചു. ആ പഠനം അവസാനിച്ചത് 1912 ലാണ്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ മുത്തുലക്ഷ്മി ഇന്ത്യയിലെ ആദ്യ വനിത ഡോക്ടര്‍മാരില്‍ ഒരാളായി മാറി. 1914 ല്‍ തന്‍റെ ആശയങ്ങളോട് യോജിക്കുന്ന സുന്ദരറെഡ്ഡിയെ അവര്‍  വിവാഹം കഴിച്ചു. അദ്ദേഹം മുത്തുലക്ഷ്മിക്ക് എല്ലാവിധ പ്രവര്‍ത്തന സ്വാതന്ത്യവും നല്‍കിയിരുന്നു.ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തിയെങ്കിലും ആതുരസേവനത്തിന് പകരം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലായി മുത്തുലക്ഷ്മിയുടെ ശ്രദ്ധ. 1926 ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൌണ്‍സില്‍ അംഗവും 1927 ല്‍ കൌണ്‍സിലിന്‍റെ ഡപ്യൂട്ടി പ്രസിഡന്‍റുമായി. ഇതും രാജ്യത്ത് ആദ്യമായിരുന്നു. അതുവരെ ഒരു വനിതയും ഈ പദവികളില്‍ എത്തിയിരുന്നില്ല.

മുത്തുലക്ഷ്മിയുടെ ആദ്യ പോരാട്ടം ദേവദാസികള്‍ക്കുവേണ്ടിയായിരുന്നു.ആ കാലത്ത് ദേവദാസി ജീവിതം മടുത്ത് ചെമ്പകവല്ലി എന്ന പതിമൂന്ന് വയസുകാരി ആത്മഹത്യ ചെയ്തിരുന്നു. അതിന് മുന്നെ അവള്‍ എഴുതിയ കത്ത് മുത്തുലക്ഷ്മിയെ ഏറെ സ്വാധീനിച്ചു. ദേവദാസികള്‍ അനുഭവിക്കുന്ന പീഢനങ്ങളുടെ കാഠിന്യം ബോധ്യപ്പെട്ട അവര്‍ ഈ സമ്പ്രദായം അവസാനിപ്പിക്കണം എന്നു തന്നെ തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാവ് പി.വരദരാജുലു നായിഡു പത്രാധിപരായ തമിഴ്നാട് എന്ന പത്രത്തില്‍ ചെമ്പകവല്ലിയുടെ കത്ത് പ്രസിദ്ധീകരിച്ചു. മദ്രാസ് ഹിന്ദു സോഷ്യല്‍ റിഫോംസ് അസോസിയേഷന്‍റെ പിന്തുണയും മുത്തുലക്ഷ്മിക്ക് ലഭിച്ചു. 1909 ഏപ്രിലില്‍ മൈസൂര്‍ രാജാവ് ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചിരുന്നു എന്നതും തമിഴ്നാട്ടിലെ പ്രസ്ഥാനത്തിന് ബലമേകി.

ദേവദാസി സമ്പ്രദായത്തില്‍ കൂടുങ്ങിയവര്‍ പാരമ്പര്യത്തിന്‍റെ ഇരകളാണെന്നും മാനസികവും ശാരീരികവുമായ രോഗങ്ങളാല്‍ വിഷമിക്കുന്നവരാണെന്നും ഈ തൊഴിലില്‍ നിന്നും മാറുന്നവര്‍ക്ക് ഭൂമിയും സഹായങ്ങളും നല്‍കണമെന്നും മുത്തുലക്ഷ്മി വാദിച്ചു. തഞ്ചാവൂരിലും മയിലാടുതുറയിലുമുള്ള ഇശൈ വെള്ളാളര്‍ സംഘവും കൊച്ചിയിലെ ദേവദാസികളും മുത്തുലക്ഷ്മിക്ക് പിന്‍തുണ നല്‍കി. എന്നാല്‍ മദ്രാസിലെ കോണ്‍ഗ്രസ് നേതാക്കള്‍ ദേവദാസി സമ്പ്രദായം തുടരണം എന്ന അഭിപ്രായക്കാരായിരുന്നു. ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാനായി മുത്തുലക്ഷ്മി കൊണ്ടുവന്ന ബില്ലിനെ മഹാത്മാഗാന്ധി അംഗീകരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കളായ എസ്.സത്യമൂര്‍ത്തിയും സി.രാജഗോപാലാചാരിയും ശക്തമായി എതിര്‍ത്തു. ഒരു വലിയ സംസ്ക്കാരം നഷ്ടമാകുമെന്നും ദേവദാസികളുടെ പരമ്പരാഗത കലകള്‍ അവരില്‍ നിന്നും പിടിച്ചെടുക്കുന്ന നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു. ദേവദാസി നേതാക്കളായ ദുരൈക്കണ്ണു അമ്മാളും ബാംഗ്ലൂര്‍ നാഗരത്നമ്മയും നേതാക്കളെ പിന്‍തുണച്ചു. ദേവദാസി സമ്പ്രദായത്തിനെതിരെയുള്ള പ്രക്ഷോഭം തുടര്‍ന്നെങ്കിലും ഇന്ത്യ സ്വതന്ത്രയായ ശേഷമെ തമിഴ്നാട്ടില്‍ ഈ സമ്പ്രദായം അവസാനിച്ചുള്ളു. 1947 നവംബര്‍ 26നായിരുന്നു ബില്ല് പാസായത്. ഓമന്‍ഡൂര്‍.പി.രാമസ്വാമി റെഡ്യാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.സുബ്ബരായന്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ ഇത് ഡോക്ടര്‍ മുത്തുലക്ഷ്മി റെഡ്ഡിയുടെ പോരാട്ടവിജയമാണ് എന്ന് രേഖപ്പെടുത്തിയിരുന്നു.

 

അനാഥരായ പെണ്‍കുട്ടികള്‍ക്കുവേണ്ടി മദ്രാസില്‍ അവ്വൈ ഹോം തുടങ്ങിയതും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പ്രത്യേക ആശുപത്രി ആരംഭിക്കാന്‍ മുന്‍കൈ എടുത്തതും ഡോക്ടര്‍ മുത്തുലക്ഷ്മിയാണ്. സ്കൂള്‍ കുട്ടികള്‍ക്കായി സ്കൂള്‍ ആരോഗ്യക്യാമ്പുകള്‍ ആദ്യമായി സംഘടിപ്പിച്ചതും മുത്തുലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു.മദ്രാസ് ട്രിപ്പിളിക്കനിലെ കസ്തൂര്‍ബ ആശുപത്രിക്കും പ്രേരണയായത് മുത്തുലക്ഷ്മിയാണ്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലും ഹരിജന്‍ പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും തുടങ്ങാനും അവര്‍ പരിശ്രമിച്ചു. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിനും തുടക്കമിട്ടത് മുത്തുലക്ഷ്മിയാണ്. പര്‍ട്ടോഗ് എഡ്യൂക്കേഷന്‍ കമ്മറ്റിയുടെ ഭാഗമായി ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിനായി നിരവധി പദ്ധതികള്‍ക്ക് അവര്‍ തുടക്കമിട്ടു. 1968 ജൂലൈ 22നാണ് മുത്തുലക്ഷ്മി റെഡ്ഡി മരണമടഞ്ഞത്.രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ബഹുമാനിച്ചിരുന്നു.🙏 

 

No comments:

Post a Comment