Tuesday, 31 October 2023

Come around - a travel experience -Part-1

 


യാത്രാനുഭവം – ഭാഗം -1

ഒന്നു ചുറ്റി വന്നു

-വി.ആര്‍.അജിത് കുമാര്‍

കിളികള്‍ക്കൊരു സ്വഭാവമുണ്ട്. മരത്തിലങ്ങിനെയിരുന്ന് മുഷിയുമ്പോള്‍ ഒന്ന് പറന്ന് ചുമ്മാചുറ്റിക്കറങ്ങി ,വല്ല തീറ്റയും കിട്ടിയാല്‍ അതും കഴിച്ച് പഴയ സ്ഥലത്തുതന്നെ വന്നിരിക്കും. മനുഷ്യര്‍ അത്തരം യാത്രകള്‍ നടത്തുക ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ യാത്ര അത്തരത്തിലായിരുന്നില്ല, ചില ഉദ്ദേശങ്ങളും അതിന് പിന്നിലുണ്ടായിരുന്നു.

ഒക്ടോബര്‍ ഇരുപത്തിയഞ്ചിനാണ് ജയശ്രീയും ശ്രീക്കുട്ടനും രാജശ്രീയും ഞാനും കൂടി ശിവഗംഗയില്‍ നിന്നും യാത്ര പുറപ്പെട്ടത്. കൊച്ചുമകള്‍ പത്മാവതിയെ നോക്കാനായി നാട്ടില്‍ നിന്നും വിഷ്ണുവിന്‍റെ അമ്മ ഗീതയും രാമനാഥപുരത്തുനിന്നും നാഗറാണിയും എത്തിയതോടെ സമാധാനമായി. മോളെ സ്കൂളിലാക്കിയശേഷം പുറപ്പെട്ടപ്പോള്‍ രാവിലെ പതിനൊന്നരയായി. 2015 മുതല്‍ കൂട്ടിനുള്ള മാരുതി സ്വിഫ്റ്റിനെ നാല് ദിവസം മുന്നെ കാര്‍ഡോക്ടറെ കാണിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. ആറ് മാസം മുന്നെ ചെന്നൈയില്‍ വച്ച് ഷെല്‍ കമ്പനിയുടെ എന്‍ജിന്‍ ഓയില്‍ വാങ്ങി ഒഴിച്ചതാണ്. അത് മാരുതിവണ്ടിക്ക് ശരിയാകില്ല എന്ന് പറഞ്ഞ് വര്‍ക്ക്ഷോപ്പുകാരന്‍ അത് മാറ്റി. അതുകൊണ്ട് അയ്യായിരത്തിന് മുകളില്‍ ചിലവ് വന്നു. ആ അബദ്ധം പറ്റാതിരിക്കാന്‍ വായനക്കാരും ശ്രദ്ധിക്കുക.

    മധുര, വിരദുനഗര്‍,ചെങ്കോട്ട, ആര്യങ്കാവ് ,കുളത്തൂപ്പുഴ,മടത്തറ വഴി നിലമേലേക്കാണ് യാത്ര. നല്ല റോഡ്, പ്രകൃതി ദൃശ്യങ്ങള്‍, ഇടയ്ക്കൊക്കെ ചെറിയ മഴ, നല്ല ചൂടുള്ള കാപ്പി, ചായ, വട,പഴംപൊരി ഇത്യാദികളുടെ അകമ്പടിയോടെയാണ് യാത്ര. ഉച്ചയ്ക്ക് നല്ല മഴയുടെ താളത്തിനൊപ്പം വീട്ടില്‍ നിന്നും കൊണ്ടുവന്ന ഫ്രൈഡ് റൈസ് കഴിച്ചു. ഉലഹപ്പന്‍ എന്ന കൈപ്പുണ്യമുള്ള ചെട്ടിനാടുകാരന്‍ തയ്യാറാക്കിത്തന്നതായിരുന്നു അത്. മല കയറിഇറങ്ങുമ്പോള്‍ ജയശ്രിക്കുണ്ടായ തലവേദനയും അസ്വാസ്ഥ്യവും ഒഴിച്ചാല്‍ യാത്ര സുന്ദരം,സുഖകരം. വൈകിട്ട് ആറ് മണി കഴിഞ്ഞപ്പോള്‍ നിലമേലെത്തി. കൊട്ടാരക്കര ഗണപതികോവിലില്‍ നിന്നും കിട്ടുന്നപോലെ സ്വാദിഷ്ടമായ ഉണ്ണിയപ്പം, വിനീത തയ്യാറാക്കി വച്ചിരുന്നു. അതൊക്കെ കഴിച്ച് അവിടെയിരുന്നു കുറേ നേരം വിശേഷം പറഞ്ഞു. അമ്മയ്ക്ക് പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിലും പ്രായാധിക്യത്തിന്‍റെ ചില അസ്വസ്ഥതകള്‍. അമ്മയുടെ ചെറിയ വിഷമങ്ങളൊക്കെ കേട്ടു. ഫിഷ്ലാന്‍റില്‍ നിന്നും പതിവുപോലെ താറാവും ബീഫും പൊറോട്ടയും വാങ്ങി. കപ്പ പുഴുങ്ങിയതും ചപ്പാത്തിയും മുട്ടക്കറിയുമൊക്കെ  വീട്ടിലുണ്ടായിരുന്നു. സമൃദ്ധമായ അത്താഴം കഴിഞ്ഞ് പരവൂരേക്ക് പോയി. പത്തുമണി കഴിഞ്ഞു അവിടെ എത്തിയപ്പോള്‍. പാരിപ്പള്ളി-പരവൂര്‍ റോഡ് വര്‍ഷങ്ങളായി കേടില്ലാതെ കിടക്കുകയായിരുന്നു. ഇപ്പോള്‍ അവിടവിടെ പണി നടക്കുന്നു. യാത്രക്ഷീണം കാരണം നന്നായി ഉറങ്ങി.

രാവിലെ ഏഴുമണിക്ക് എഴുന്നേറ്റു തയ്യാറായി. എട്ടേമുക്കാലിന് കടല്‍തീരത്തുള്ള പനമൂട്ടില്‍ ക്ഷേത്രത്തിലെത്തി. പൂജയ്ക്ക് ഞാനും ജയശ്രീയും മാത്രമെ ഉണ്ടായിരുന്നുള്ളു. കടലിരമ്പവും മണിയൊച്ചയും മന്ത്രവും ഭക്തിപാട്ടും മാത്രം. അമ്പലത്തിലെ മുഖ്യപ്രതിഷ്ഠ ശിവനാണ്. അതൊന്നും എനിക്കത്ര നിശ്ചയമില്ലാത്തതിനാല്‍ ഞാന്‍ ആദ്യം തൊഴുതത് വിഷ്ണുവിനേയും പിന്നെ മഹാലക്ഷ്മിയേയുമാണ്. അപ്പോള്‍ പോറ്റി പറഞ്ഞു ഇതല്ല രീതിയെന്ന്. അതിന്‍റെ കാരണവും മൂപ്പിളപ്പവുമൊന്നും പുള്ളിയോട് ചോദിക്കാന്‍ പോയില്ല. തര്‍ക്കിക്കാനല്ലല്ലോ അമ്പലത്തില്‍ പോകുന്നത്. തിരക്കില്ലാത്ത ക്ഷേത്രമാണെങ്കില്‍ മണിയൊച്ച കേള്‍ക്കുമ്പോള്‍ കണ്ണടച്ചുനിന്നാല്‍ ഒരു പ്രത്യേക സുഖമാണ്. അവിടെനിന്നും പായസവും വാങ്ങി മടങ്ങി. രാജശ്രീയെ പരവൂരാക്കി ഞങ്ങള്‍ ഇടവയിലേക്ക് പോയി. ബാങ്കില്‍ ചില ഇടപാടുകളുണ്ടായിരുന്നു. വിജയശ്രീ പേപ്പറുകളെല്ലാം നേരത്തെ ശരിയാക്കി വച്ചിരുന്നു. സജീവും ഒപ്പം വന്നതിനാല്‍ ജോലികള്‍ വേഗം തീര്‍ന്നു. അവിടെനിന്നും മടങ്ങും വഴി സജീവിന്‍റെ സുഹൃത്ത് നിസ്സാറിന്‍റെ വെറ്റക്കടയിലുള്ള റിസോര്‍ട്ടില്‍ കയറി. ഇടവയ്ക്കും കാപ്പിലിനും ഇടയില്‍ കടലിനോട് ചേര്‍ന്നുള്ള ഒരു കുന്നിലാണ് മറീന്‍ പ്രൈഡ്. രണ്ട് നിലയിലായി പണി നടക്കുന്ന റിസോര്‍ട്ടിലെ താഴത്തെ നില ഇപ്പോള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. ദിവസവാടക 5000 രൂപയാണ്. മനോഹരമായ പുല്‍ത്തകിടിയും കടല്‍ കണ്ടിരിക്കാന്‍ ഇരിപ്പിടങ്ങളും നല്ലൊരു റസ്റ്റാറന്‍റും ഇവിടുണ്ട്. ഇപ്പോള്‍ കടല്‍ ക്ഷോഭിച്ചുകിടക്കുന്നതിനാല്‍ ബീച്ചില്ല. എന്നാല്‍ നവംബര്‍ മുതല്‍ ബീച്ച് പ്രത്യക്ഷപ്പെടുമെന്ന് നിസ്സാര്‍ പറഞ്ഞു. താമസിക്കാന്‍ താത്പ്പര്യമില്ലാത്തവര്‍ക്ക് റസ്റ്ററന്‍റില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങാം. ജന്മദിനം,വിവാഹവാര്‍ഷികം തുടങ്ങിയവ ആഘോഷിക്കാനും നല്ല ഇടമാണിത്. സജീവ് വിളിച്ചപ്പോള്‍ നിസ്സാര്‍ വന്നു,പരിചയപ്പെട്ടു.സഹൃദയനായ ഒരു മദ്ധ്യവയസ്ക്കന്‍.ബഹ്റിനിലാണ് ജോലി ചെയ്യുന്നത്. വിരമിച്ചു വരുമ്പോള്‍ സമയം പോക്കാന്‍ ഒരു ചെറിയ കട തുടങ്ങണം എന്നായിരുന്നു മോഹം. ബാപ്പ കടല്‍ത്തീരത്ത് കുറച്ചു ഭൂമിയുള്ളത് മക്കള്‍ക്കായി വീതിച്ചപ്പോള്‍ മറ്റുള്ളവരുടേതുകൂടി നിസ്സാര്‍ വാങ്ങി.അടുത്തുള്ള വസ്തു മറ്റൊരു ബന്ധുവിന്‍റേതായിരുന്നു. അതുകൂടി വാങ്ങാന്‍ അവര്‍ നിര്‍ബ്ബന്ധിച്ചു. അങ്ങിനെ കൈവന്ന ഭൂമിയിലാണ് മറീന്‍ പ്രൈഡ് ഉയര്‍ന്നത്. മലയാളികളും മറുനാട്ടുകാരുമായി പതിനഞ്ച് ജോലിക്കാരുണ്ട്. നിസ്സാര്‍ ബഹ്റിനിലും നാട്ടിലുമായി സമയം ചിലവഴിക്കുന്നു. ഫാത്തിമ കോളേജില്‍ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ ബിരുദം നേടിയ ആളാണ് നിസ്സാര്‍. പൈനാപ്പിള്‍ ജ്യൂസും കഴിച്ച് ,നല്ലൊരു സുഹൃത്തിനെ ലഭിച്ച സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി.

 തീരദേശം വഴി കൊല്ലത്തേക്ക് പുറപ്പെട്ടു. പാറയടുക്കി കരയെരക്ഷിക്കാന്‍ പരമാവധി ശ്രമം നടക്കുന്നുണ്ടെങ്കിലും കരയെടുക്കാന്‍ കിട്ടുന്ന ഇടങ്ങളൊന്നും കടല്‍ ഉപേക്ഷിക്കുന്നില്ല. തീരദേശത്തുകൂടിയുള്ള യാത്ര മനോഹരമാണ്. പലയിടത്തും കായലിനും കടലിനും ഇടയിലൂടെയാണ് യാത്ര. നല്ല പെടയ്ക്കുന്ന മീനും വില്‍പ്പനയ്ക്കുണ്ട്. ആ യാത്ര ചെന്നെത്തിയത് കൊല്ലം ക്ലോക്ക്ടവറിനടുത്തുള്ള നാണി ഹോട്ടലിലാണ്. രവി മുതലാളിയുടെ നാണി. ഇടയ്ക്ക് കുറച്ചുകാലം അടച്ചിട്ടിരിക്കയായിരുന്നു. തീരെ തിരക്കില്ല. ഞങ്ങള്‍ ചെല്ലുമ്പോള്‍ ആറ്പേരെ കഴിക്കാനുണ്ടായിരുന്നുള്ളു. പണ്ട് ചെമ്മീന്‍ ബിരിയാണി കഴിച്ച ഓര്‍മ്മയിലായിരുന്നു സജീവ്. ഞാനാണെങ്കില്‍ താലിമീല്‍സിന്‍റെ ഓര്‍മ്മയിലും. ഏതായാലും താലി മീല്‍സ് ഉണ്ടായിരുന്നു. ബിരിയാണിയൊന്നും തുടങ്ങിയിട്ടില്ല. ഒരു വെജ് മീല്‍സ്, ഒരു നോണ്‍വെജ് മീല്‍സ്, ചാപ്പാത്തി, പൊറോട്ട, കൊഞ്ച് വഴറ്റിയത്, ബീഫ് ഒക്കെയായി ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണം, നല്ല വിളമ്പുകാര്‍,നല്ല അന്തരീക്ഷം. പൊതുവെ അത് നന്നായി. ജയശ്രീയുടെ ശാസ്ത്രപ്രകാരം തിരക്കില്ലാത്ത ഹോട്ടലിലെ ഭക്ഷണം പഴയതാകും എന്നതാണ്. എന്നാല്‍ ഇവിടെ അവര്‍ അന്തസ് കാത്തുസൂക്ഷിക്കുന്നുണ്ട്. വിളമ്പുകാരെ സന്തോഷം അറിയിച്ച് അവിടെനിന്നും ഇറങ്ങി. സജീവിന് യാത്ര പറഞ്ഞ് ഞങ്ങള്‍ വള്ളിക്കീഴിലെത്തി. അവിടെ സ്കൂളിനോട് ചേര്‍ന്നാണ് കൊല്ലം ഗോപിനാഥന്‍ നായരും സരസ്വതിയമ്മ സാറും താമസിക്കുന്നത്. പ്രസിദ്ധ കഥാപ്രാസംഗികന്‍ കൊല്ലം ബാബുവിന്‍റെ ജ്യേഷ്ടനാണ് ഗോപിനാഥന്‍ സാര്‍. ഞങ്ങളുടെ വളരെവേണ്ടപ്പെട്ട കുടുംബസുഹൃത്തുക്കളാണ്. കരുനാഗപ്പള്ളിയിലുണ്ടായിരുന്ന കാലം ഒരു കുടുംബം പോലെ കഴിഞ്ഞവര്‍. പിന്നെ കാലം ഓരോരുത്തരേയും പലവഴിക്കാക്കി. ഏതാണ്ട് മുപ്പത് വര്‍ഷത്തിന് ശേഷമാണ് അവരെ കാണുന്നത്.

ഗോപിസാര്‍ ഈയിടെ നവതി ആഘോഷിച്ചു. സാറമ്മ എണ്‍പത്തിനാലിലും എത്തി. നവതി വലിയ ആഘോഷമായിരുന്നു. മകന്‍ പ്രസിദ്ധ സംഗീതജ്ഞന്‍ ബാലമുരളി ഒരുക്കിയ സംഗീതസദസില്‍ സംഗീതസംവിധായകന്‍ എം.ജയഛന്ദ്രന്‍ ഉള്‍പ്പെടെ പല പ്രഗത്ഭരും പങ്കെടുത്തിരുന്നു. സമ്മിശ്രവികാരങ്ങള്‍ നിറഞ്ഞൊരു കൂടിക്കാഴ്ചയായിരുന്നു അത്. ഗോപിസാറ് എപ്പോഴും സംഗീതത്തോടൊപ്പമാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സന്തോഷവാനും മനസുകൊണ്ട് ചെറുപ്പക്കാരനുമാണ്. സാറമ്മ വര്‍ഷങ്ങള്‍ക്കുമുന്നെ കണ്ട അതേ ഉഷാറില്‍ ഓടിനടക്കുന്നു. ജീവിതത്തില്‍ സങ്കീര്‍ണ്ണങ്ങളായ പല അവസ്ഥകളേയും അതിജീവിക്കുന്നവരുടെ ഊര്‍ജ്ജം അവരില്‍ ദൃശ്യമായിരുന്നു. ശ്രുതിപ്പെട്ടിവച്ച് അദ്ദേഹം നാല് പാട്ടുകള്‍ പാടി. സാറമ്മയും അദ്ദേഹവും ചേര്‍ന്ന് പാടി പലവട്ടം കേട്ട ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന ഗാനവും കുറച്ചുപാടി. മകള്‍ ബിന്ദു കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. അവള്‍ അവിടെയുണ്ടായിരുന്നില്ല. മടവൂര്‍ പോയിരിക്കയായിരുന്നു. മിക്കപ്പോഴും നൃത്തവും സംഗീതവും ഇടകലരുന്ന ഇടമായി അവിടം തുടരുന്നു എന്നതില്‍ സന്തോഷം തോന്നി. അവിടെ നിന്നും തുടര്‍ന്ന യാത്ര എത്തിയത് കുറ്റിവട്ടെത്തെ പുതുവീട്ടിലായിരുന്നു. സഹപാഠിയുടെ വീട്ടില്‍ കയറാതെ അതുവഴി പോകാന്‍ പാടില്ല എന്നാണ് നിയമം. ദേശീയപാത വികസനം നടക്കുന്നതിനാല്‍ വീട് കണ്ടുപിടിക്കാന്‍ വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാല് ഡോക്ടറന്മാരുള്ള വീടിന് മുന്നിലെ നീല ബോര്‍ഡ് ആ ബുദ്ധിമുട്ട് ഒഴിവാക്കുന്നു. മക്കളും കൊച്ചുമക്കളുമായി സസുഖം കഴിയുകയാണ് പ്രസന്നനും ജയപ്രഭയും. അവിടെ കുറേ സമയം ചിലവഴിച്ച് താമശയും പറഞ്ഞിരുന്നു. രണ്ടാം ദിനം തങ്ങാന്‍ നിശ്ചയിച്ചിട്ടുള്ളത് ജയഛന്ദ്രന്‍റെ ചാങ്ങര കുടുംബത്തിലാണ്. കുറ്റിവട്ടത്തുനിന്നും ചാമ്പക്കടവ് വഴി പോകുന്നതാണ് എളുപ്പം. പക്ഷെ കുറ്റിവട്ടം തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ കരുനാഗപ്പള്ളിയില്‍ എത്തിയാണ് കല്ലേലിഭാഗത്തേക്ക് പോയത്. കരുനാഗപ്പള്ളി വലിയൊരു നഗരംപോലെ വളരുന്ന കാഴ്ച ഓരോ യാത്രയിലും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും അങ്ങിനെതന്നെ. കിഴക്കോട്ടുള്ള യാത്രയില്‍ ചന്തഭാഗത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ട്രാഫിക് ബ്ലോക്കുണ്ടായി. റയില്‍ ഫ്ലൈഓവറിന്‍റെ പണി ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കോട്ടവീട്ടില്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യാത്ര തുടര്‍ന്നു. ഐടിഐക്ക് സമീപം എത്തി വലത്തോട്ടാണ് പോകേണ്ടത് എന്നറിയാമെങ്കിലും അവിടെയും സംശയമുണ്ടായി. ഒടുവില്‍ സ്കൂള്‍ ജംഗ്ഷനിലെത്തി. നാലാം ക്ലാസ് പഠനം അവിടെയായിരുന്നു എന്നത് പെട്ടെന്ന് ഓര്‍ത്തു. കുറച്ചുമുന്നോട്ട് പോയി വീണ്ടും വലത്തോട്ടും പിന്നെ ഇടത്തോട്ടും ചാടി വീട്ടിലെത്തി.

നല്ലൊരു മുറ്റവും പൂന്തോട്ടവുംകൊണ്ട് സജീവമായ ചാങ്ങര നല്ല പ്രസരിപ്പുള്ള ഇടമാണ്. എണ്‍പത് കഴിഞ്ഞ ഭാനുമതിയമ്മയിലും ആ പ്രസരിപ്പ് കാണാം. അനിതയുടെ കൈയ്യൊപ്പുപതിഞ്ഞ പരിസരങ്ങള്‍ പച്ചവിരിച്ച് ഞങ്ങളെ സ്വാഗതം ചെയ്തു. അമ്മയ്ക്ക് ശാരീരികമായ അസ്വസ്ഥതകളുണ്ടെങ്കിലും മനസ് അതിനെയൊക്കെ തള്ളിനീക്കി ഉത്സാഹത്തോടെ മുന്നോട്ടുപോകുന്നു. നാട്ടുകാര്യങ്ങളും സീരിയലുകളും പാട്ടും പാചകവുമൊക്കെ കണ്ടും കേട്ടും തുടരുന്ന ജീവിതം. മോനും മരുമോളും അവരുടെ ആവശ്യങ്ങള്‍ക്കായി യാത്രപോകുന്നതൊന്നും അമ്മയ്ക്ക് വിഷമമേയല്ല. ഏതെങ്കിലും ഒരു ബന്ധുവീട്ടിലാക്കിയാല്‍ മതി. അമ്മ അവിടെ നില്‍ക്കും. മോള്‍ ഗീത അമേരിക്കയിലായതിനാലാണ്. അല്ലെങ്കില്‍ അവര്‍ ഒന്നിച്ച് നിന്നുകൊള്ളും. ഞങ്ങള്‍ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോള്‍ അമ്മയെ കൂടി വരാന്‍ നിര്‍ബ്ബന്ധിച്ചു. വേണ്ട മക്കളെ,നിങ്ങള് പോയിട്ടുവാ എന്ന് സമ്മതം പറഞ്ഞു. ഞാന്‍ പഠിച്ച ബോയ്സ് സ്കൂള്‍ പരിസരമൊക്കെ ആകെ മാറി. അതിനടുത്തുള്ള നല്ലഭൂമിയിലാണ് രാത്രിഭക്ഷണം കഴിച്ചത്. നല്ല തിരക്കുള്ള ഹോട്ടല്‍. നല്ല ഭക്ഷണവും നല്ല പെരുമാറ്റവും. നാടന്‍ കോഴിക്കറിയും ബീഫും അരിപ്പത്തിരിയും ഒക്കെയായി കുറേ സമയം. മടങ്ങുമ്പോഴാണ് ജയനോട് ലീലാടാക്കീസിനെ പറ്റി ചോദിച്ചത്. ഒരുപാട് സിനിമകള്‍ അവിടെ കണ്ടിട്ടുള്ളതാണ്. തീയറ്റര്‍ ഇരുന്ന ഇടത്താണ് നല്ലഭൂമി നടത്തുന്ന കോംപ്ലക്സ് എന്നറിഞ്ഞപ്പോള്‍ ആ ഇടം മനസിലായില്ലല്ലോ എന്നു ഞാന്‍ അത്ഭുതപ്പെട്ടു. കാലം നാടിനെ വലിയ തോതില്‍ മാറ്റിയിരിക്കുന്നു.

  രാവിലെ ബാലചന്ദ്രനെയും ഗീതയേയും ഡോക്ടര് ഷൈലജയേയും കണ്ടു. ഒരു ചായകുടിച്ചു, രണ്ടിടങ്ങഴി രാഷ്ട്രീയം പറഞ്ഞു, തമാശകള്‍ പൊട്ടിച്ചു,ചിരിച്ചു. ഗീതയ്ക്ക് ശുദ്ധമായ കിച്ചന്‍ ഉത്പ്പന്നങ്ങളുടെ ഒരു സ്ഥാപനം സ്വന്തമായുണ്ട്. അയല്‍ക്കാര്‍ക്കും തൊഴില്‍ ലഭിക്കുന്ന കൂട്ടായ്മ. മതിലുകള്‍ക്ക് പുറത്തേക്കും സ്നേഹവും സൌഹൃദവും നീളുന്ന ഒരു സംവിധാനം. പിന്നെ പൂന്തോട്ടവും കൃഷിയും. ഗീതയുടെ അമ്മയേയും കണ്ടു,സംസാരിച്ചു. പ്രായാധിക്യത്തിന്‍റെ പ്രശ്നങ്ങളുണ്ട്, എങ്കിലും ആള്‍ ഉഷാറാണ്. (തുടരും)

 






No comments:

Post a Comment