Sunday, 16 February 2025

Let the brewery come......

മദ്യനിര്മ്മാണ ശാല വരട്ടെ

============

വി. ആർ. അജിത് കുമാർ 

********

സിപിഎം പ്രതിപക്ഷത്തായിരിക്കുമ്പോള്‍ നേതാക്കള്‍ അടിമകളെവിട്ട് ഏതെങ്കിലും പുതിയ നയത്തെയോ വികസന പ്രവര്‍ത്തനത്തെയോ തടഞ്ഞാല്‍ നമ്മള്‍ മനസിലാക്കേണ്ടത് അവര്‍ ഭരണത്തിലെത്തുമ്പോള്‍ ഇത് നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്നാണ്. വിഴിഞ്ഞം പദ്ധതിയായാലും വിമാനത്താവള സ്വകാര്യവത്ക്കരണമായാലും റോഡ് വികസനമായാവും പ്രീഡിഗ്രി കോളേജില്‍ നിന്നും വേര്‍പെടുത്തുന്നതായാലും സ്വകാര്യ-വിദേശ സര്‍വ്വകലാശാലകള്‍ കൊണ്ടുവരുന്നതായാലും സീ പ്ലേയിനായാലും മദ്യനിര്‍മ്മാണം തുടങ്ങുന്നതായാലും ടോള്‍ പിരിവായാലും ഇത്തരം ഉദാഹരണങ്ങള്‍ നൂറുകണക്കിനുണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഈ വിഷയം വേണമെങ്കില്‍ പഠിക്കാവുന്നതാണ്.


ഏതായാലും പാലക്കാട് എലപ്പുള്ളിയില്‍ ഇടതുപക്ഷ ഭരണകാലത്ത് മദ്യനിര്മ്മാണ ശാല വരട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് കുടിവെള്ളം ഇല്ലാതാക്കും എന്ന് തോന്നുന്നില്ല. ഏറ്റവുമധികം ഡിസ്റ്റിലറികളുള്ളത് ബാംഗ്ലൂരിലും മുംബയിലുമൊക്കെയാണ്. രാജസ്ഥാനിലും ഡിസ്റ്റിലറികളുണ്ട്. അപ്പോള്‍ പാലക്കാട് ഇതൊരു വലിയ ജലക്ഷാമമുണ്ടാക്കും എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. സ്ഥാപനം വരട്ടെ. പ്രശ്നങ്ങളുണ്ടായാല്‍ പരിഹരിക്കാമല്ലോ. എല്ലാറ്റിനും തുടക്കത്തിലെ പ്രതിരോധം തീര്ക്കുക നല്ല സമീപനമല്ലല്ലോ. പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭിക്കും എന്നുറപ്പാക്കണം. റോബോട്ടാവില്ലല്ലോ പണിയെടുക്കുക. കൂടുതലാളുകള്‍ വരുകയും തിരക്കാവുകയും ചെയ്യുന്നതോടെ അവിടത്തെ സാധാരണക്കാരുടെ ജീവിതം മെച്ചമാകും. സാങ്കേതിക തടസ്സങ്ങളൊക്കെ ഒഴിവാക്കി ഒയാസിസിന് അനുമതി കൊടുക്കട്ടെ. ഇത് വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ ഡിസ്റ്റിലറികളുണ്ടാവട്ടെ. നമ്മള്‍ മദ്യം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്നതിന് പകരം ഇവിടെ ഉത്പ്പാദിപ്പിച്ച് പുറത്തേക്ക് അയയ്ക്കട്ടെ. ഉപഭോഗ സംസ്ഥാനം എന്ന നിലയില്‍ എന്നും ജീവിക്കുന്നത് നല്ലതല്ലല്ലോ. ഇവിടെ പാഴാകുന്ന കോടിക്കണക്കിന് പഴങ്ങളുണ്ട്. അതൊക്കെ ഉപയോഗിച്ച് മദ്യം നിര്മ്മിക്കാനുള്ള സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകളും നോക്കണം. പോളണ്ടില്‍ പോയി ബിയറുണ്ടാക്കി കച്ചവടം ചെയ്യുന്ന മിടുക്കന്മാരുണ്ട് കേരളത്തില്‍ നിന്നും പോയവരായി. ചുമ്മാ രാഷ്ട്രീയം കളിക്കാതെ നാടിനെകുറിച്ച് ചിന്തിക്കുന്നവരായി സാധാരണക്കാര് മാറണം. രാഷ്ട്രീയം കളിക്കുന്നവരുടെ ഉദ്ദേശം അവനവന്‍റെ താത്പ്പര്യം മാത്രമാണ്. നമുക്ക് മാറി ചിന്തിക്കാം🧐
 

Saturday, 15 February 2025

When dredging sea sand.....

 

കടല്‍ മണല്‍ കോരുമ്പോള്‍

***************

വി. ആർ. അജിത് കുമാർ 

-------

കേരളം,ഗുജറാത്ത്,ആന്‍ഡമാന്‍-നിക്കോബാര്‍ തീരങ്ങളില്‍ നിന്നും കടല്‍ മണലും ധാതുക്കളും ഖനനം ചെയ്യാന്‍ കേന്ദ്ര ഖനി മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിരിക്കയാണ്.കേരളത്തിലെ കടല്‍ മേഖലയില്‍ നിര്‍മ്മാണ ആവശ്യത്തിനുള്ള 74.5 കോടി ടണ്‍ മണല്‍ ശേഖരമുണ്ട് എന്നാണ് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.കേന്ദ്ര സര്‍ക്കാരിന്‍റെ ബ്ലൂ ഇക്കോണമി നയത്തിന്‍റെ ഭാഗമായാണ് ഈ നീക്കം.കടലിലെ ധാതുക്കളും ഖനിജങ്ങളും പ്രകൃതി വാതകങ്ങളും എല്ലാം വരുമാന മാര്‍ഗങ്ങളാക്കുക എന്നതാണ് ലക്ഷ്യം. മണലിന്‍റെ റോയല്‍റ്റി,കപ്പല്‍ ഗതാഗതം,വ്യാപാരം,ജിഎസ്ടി എന്നിവ വഴി കോടിക്കണക്കിന് രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം നിര്‍മ്മാണ മേഖല സജീവമാകുകയും ചെയ്യും. മത്സ്യ സമ്പത്തിന്‍റെ ശോഷണം,കടലാക്രമണം,ചുഴലിക്കാറ്റ് എന്നിവയാല്‍ ജീവിതം ഗതിമുട്ടിനില്‍ക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് പകരം തൊഴില്‍ കണ്ടെത്തുകയും നല്ല നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടാകണം ഇത്തരമൊരു നീക്കം നടത്താന്‍ എന്നതില്‍ സംശയമില്ല.തീരപ്രദേശം സംഘര്‍ഷഭരിതമാക്കാതെ രേഖാമൂലമുള്ള ഉറപ്പ് നല്‍കി അവരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.മണലിന് പുറമെ ധാതുമണലും ഖനനം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് ആധുനിക ലോകത്തിന് അതിപ്രധാനമാണുതാനും. 


സിംഗപ്പൂരും ചൈനയും നെതര്‍ലാന്‍ഡ്സും യുണൈറ്റഡ് അറബ് എമിറേറ്റ്സുമൊക്കെ വന്‍തോതില്‍ കടല്‍ മണല്‍ ഖനനം നടത്തുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇവ പരമാവധി ആഭ്യന്തര ഉപയോഗത്തിന് മാത്രമെ   ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കുക എന്നതാണ്. മണലിന്‍റെയും ധാതുക്കളുടെയും കയറ്റുമതി അനിവാര്യ ഘട്ടത്തില്‍ മാത്രമെ അനുവദിക്കാവൂ. 🧐

Friday, 14 February 2025

Decent salary for pre-primary employees

 

പ്രീപ്രൈമറി ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളം
====================
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ പിടിഎ നടത്തുന്ന പ്രീപ്രൈമറി ബാച്ചുകളില്‍ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായി വര്‍ദ്ധിപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്.ഇപ്പോള്‍ ഇത് 12,500 രൂപയും 7500 രൂപയുമാണ്. കുട്ടികള്‍ക്ക് പഠനത്തിന് അടിസ്ഥാനമിടുന്ന പ്രീപ്രൈമറിയിലെ അധ്യാപകര്ക്കും ആയമാര്‍ക്കും ലഭിക്കുന്ന വലിയ അംഗീകാരവും ആശ്വാസവുമാണ് ഈ വിധി. എത്ര സാമ്പത്തിക ബാധ്യതയുണ്ട് എന്നു പറഞ്ഞാലും നടപ്പാക്കേണ്ട കാര്യം. ഇത് എയ്ഡഡ്-സ്വകാര്യ സ്കൂളുകളിലെ പ്രീപ്രൈമറി അധ്യാപകര്ക്കും ആയമാര്‍ക്കും കൂടി ബാധകമാകത്തക്കവിധം യുക്തമായ ഒരുത്തരവ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. അതിനുള്ള സമ്മര്‍ദ്ദം രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം🙏

Thursday, 13 February 2025

Ananthu and half price scam

 

അനന്തുവും പാതിവില തട്ടിപ്പും

-വി. ആർ. അജിത് കുമാർ 

---------------------------------------------

പാതിവില തട്ടിപ്പിലെ പിടിക്കപ്പെട്ട ഒന്നാം പ്രതിയായ അനന്തു കൃഷ്ണന്‍റെ ലിങ്ക്ട് ഇന്‍ എടുത്തു നോക്കിയപ്പോള്‍ പ്രൊഫൈലില്‍ പറയുന്നത് സോഷ്യല്‍ ആക്ടിവിസ്റ്റ്,നാഷണല്‍ എന്‍ജിഓസ് കോണ്‍ഫെഡറേഷന്‍ എന്നാണ്. 9 മാസം മുന്നെയുള്ള ഒരു പോസ്റ്റ് കണ്ടു. കേരളത്തിലെ 44 നദികളെയും ബന്ധിപ്പിച്ച് മണ്ണും ജലവും നദീതടങ്ങളും സംരക്ഷിക്കുന്ന ഒരു ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു.എല്ലാ മേഖലയിലെയും പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും. സമാനതകളില്ലാത്ത ദേശസ്നേഹി, 3000 ത്തിലധികം സന്നദ്ധ സംഘടനകള്‍ കേരള ഘടകത്തില്‍ തന്നെ ഭാഗമായിട്ടുള്ള ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ, നാഷണല്‍ കോണ്‍ഫെഡറേഷന്‍റെ ചെയര്‍മാന്‍ ശ്രീ.കെ.എന്‍.ആനന്ദകുമാര്‍ സാര്‍ നയിക്കുന്ന നദിയാത്ര. 21 ദിവസം 44 നദികള്‍ 1700 കിലോമീറ്റര്‍ എന്നൊക്കെ എഴുതിയ പോസ്റ്ററില്‍ ചിരിക്കുന്ന ആനന്ദ കുമാറും അനന്തു കൃഷ്ണനും ജലവിഭവ വകുപ്പ് മുന്‍ഡയറക്ടര്‍ ഡോ.സുഭാഷ് ചന്ദ്ര ബോസുമുണ്ട്.


ഈ ജലയാത്ര നടന്നോ എന്നറിയില്ല, ഏതായാലും പാവപ്പെട്ട അനേകം പേരുടെ കൈയ്യിലുണ്ടായിരുന്ന ശുദ്ധജലം പോലുള്ള പണം ഇവര്‍ ഒഴുക്കിക്കൊണ്ടുപോയി എന്നത് ഒരു യാഥാര്‍ത്ഥ്യം. എൻജിഓകള്‍ പലതും തട്ടിപ്പ് സംഘങ്ങളാണ് എന്ന് പറയാറുണ്ട്. ചിലര്‍ പണം കിട്ടിയാല്‍ രാജ്യവിരുദ്ധ പ്രവര്ത്തനങ്ങളും നടത്തും എന്നും കേട്ടിട്ടുണ്ട്. അവരില് നിന്നെല്ലാം ഒരുളുപ്പുമില്ലാതെ പണം പറ്റാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും കഴിയും. ജോണ്‍സണ്‍ മാവുങ്കലിന്‍റെ തട്ടിപ്പിന് വിധേയരായത് പണമുള്ളവരാണെങ്കില്‍ ഇവിടെ ഇത് പാവങ്ങളാണ്. നോട്ടിരട്ടിപ്പിനും കൂടുതല്‍ പലിശ എന്ന വാഗ്ദാനത്തിനും നിയമപരമല്ലാത്ത ഏത് തട്ടിപ്പിനും തല വച്ചുകൊടുക്കുന്ന മലയാളി ഈ തട്ടിപ്പില്‍ വീണുപോയതിന് കുറ്റം പറയാന്‍ കഴിയില്ല. കാരണം ദേശീയ എന്‍ജിഓ കോണ്‍ഫെഡറേഷന് പകുതി വിലയ്ക്ക് സാധനങ്ങള്‍ നല്‍കാന്‍ കഴിയുന്ന സിഎസ്ആര്‍ ഫണ്ടും വ്യക്തിഗത ഫണ്ടും സ്വരൂപിക്കാന്‍ കഴിവുള്ള സംവിധാനമാണ് എന്ന് ഞാനും വിശ്വസിച്ചേനെ.കാരണം അതിന്‍റെ തലപ്പത്ത് വലിയ സ്വാധീനവും നേതൃപാടവവുമുള്ള ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറായ കെ.എന്‍.ആനന്ദകുമാറാണല്ലോ ഉള്ളത്. ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന്‍ നായരാണ് സംഘടനയുടെ പേട്രണ്‍ എന്ന് പറയപ്പെടുന്നു.അപ്പോള്‍ നിയമപരമായി ഒന്നാം പ്രതി അനന്തു ആകാം,എന്നാല്‍ ഇതിന്‍റെ പിന്നിലെ യഥാര്ത്ഥ പ്രതികളെല്ലാം പുറത്തുവരുമോ എന്നത് സംശയമാണ്.എന്താണ് സമൂഹത്തിലെ മാന്യന്മാര്‍ ഇങ്ങിനെയായി മാറുന്നത്. ഒട്ടും മനസിലാക്കാന്‍ കഴിയുന്നില്ല. ✍️

Wednesday, 12 February 2025

Kamakhya temple, Gohatti

 



2025 ഫെബ്രുവരി 02-09 ലക്കം കലാകൗമുദിയിൽ ഞാൻ എഴുതിയ യാത്രാ വിവരണം ("യോനി പ്രതിഷ്ഠയായ കാമാഖ്യയുടെ കഥ ") - അവസാന ഭാഗം വായനയ്ക്കായി സമർപ്പിക്കുന്നു 🙏🏿

=============

ഊബറില്‍ ആദ്യം പ്രത്യക്ഷപ്പെട്ട രണ്ട് ഡ്രൈവറന്മാരും എത്താതെ അല്‍പ്പം വൈകി. ഒടുവില്‍ ഗൌതംദാസ് എത്തി. അയാള്‍ ഞങ്ങളേയും കൂട്ടി കാമാഖ്യയിലേക്ക് പുറപ്പെട്ടു.നിലാചല കുന്നിലേക്കായിരുന്നു ആ യാത്ര.ക്ഷേത്രത്തിലെ പ്രോട്ടോകോള്‍ ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ട് ഞങ്ങള്‍ അവിടെയെത്തി.ചെറിയ ക്ഷേത്രമാണ്.പടികള്‍ കയറിയാണ് അവിടെയെത്തുക.ഹിമാചലിലെ ചില ക്ഷേത്രങ്ങളില്‍ പോയ ഓര്‍മ്മ ഉണര്‍ത്തി അവിടം.നല്ല തിരക്കാണ്.എന്നാല്‍ വലിയ ക്യൂ ഇല്ലതാനും.അവിടെയുള്ള ഗസ്റ്റ് ഹൌസില്‍ ബാഗ് വച്ചശേഷം വിഐപി ക്യൂവില്‍ കയറി അമ്പലത്തില്‍ പ്രവേശിച്ചു.പോകുംവഴിയില്‍ ആടുകളും പ്രാവുകളുമൊക്കെയുണ്ട്. ഭക്തര്‍ നേര്‍ച്ച നല്‍കിയ മൃഗങ്ങളാണ്.മൃഗബലി ഇപ്പോഴും നടക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് കാമാഖ്യ.ഒരു ക്ഷേത്രം പ്രസിദ്ധമാകുന്നതും മറ്റു ചിലവ അറിയപ്പെടാതെ പോകുന്നതും എന്തുകൊണ്ടാണ് എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മനുഷ്യരില്‍ ചിലര്‍ അധികാരത്തിലെത്തുന്നതും ചിലര്‍ സമ്പന്നരാകുന്നതും ചിലര്‍ പ്രശസ്തരാകുന്നതും പോലെ ഒരു പ്രതിഭാസമാകാം ഇതും. എല്ലാവര്‍ക്കും എല്ലാ ഇടങ്ങള്‍ക്കും പ്രസിദ്ധിയും സമ്പത്തും ഉണ്ടാകില്ലല്ലോ.

           ഒന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദത്തില്‍ ഹിന്ദുമതത്തിലും ബുദ്ധമതത്തിലും വികസിച്ചുവന്ന നിഗൂഢമായ യോഗപാരമ്പര്യം സ്വീകരിച്ചവരുടെ ആരാധനാ ഇടമായിരുന്നു നിലാചല കുന്നുകള്‍.ഗുരുവില്‍ നിന്നും ശിഷ്യരിലേക്ക് വാമൊഴിയായി മാത്രം പകരുന്ന ധ്യാനരീതികളും കുണ്ഡലിനി ഉണര്‍ത്തുകളുമൊക്കെയായിരുന്നു ഇവര്‍ സ്വീകരിച്ചിരുന്നത്.ചക്രങ്ങളിലൂടെയും നാഡികളിലൂടെയും ആന്തരിക ഊര്‍ജ്ജത്തെ സജീവമാക്കുന്ന രീതിയായിരുന്നു ഇത്. ധ്യാനത്തിനും ആത്മീയവളര്‍ച്ചയ്ക്കും ശബ്ദങ്ങളേയും ജ്യാമിതീയ രൂപങ്ങളേയും ഇവര്‍ ഉപയോഗപ്പെടുത്തിയിരുന്നു.കാശ്മീര്‍ ശൈവിസവും ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ശ്രീവിദ്യയും ഹഠയോഗയും ഇത്തരം സമ്പ്രദായങ്ങളായിരുന്നു. കാമാഖ്യ ക്ഷേത്രവും ഇത്തരത്തില്‍ താന്ത്രിക് പരിശീലനം നേടിയവരുടെ ഒരു ക്ഷേത്രമായിരുന്നു. ജീവിതത്തിന്‍റെ ഭൌതികവും ആത്മീയവുമായ വശങ്ങളെ സമന്വയിപ്പിച്ച് പ്രപഞ്ചത്തെയും വ്യക്തിയെയും ഒന്നാക്കിമാറ്റുന്ന ഒരു ഗുരു ശിഷ്യ സമ്പ്രദായം അഥവാ കുലാചാര തന്ത്ര മാര്‍ഗ്ഗമായിരുന്നു ഇവിടെ രൂപപ്പെട്ടിരുന്നത്. ശിവന്‍ അഥവാ ബോധത്തിന്‍റെയും ശക്തി അഥവാ ഊര്‍ജ്ജത്തിന്‍റെയും ഐക്യമായിരുന്നു ഇവിടെ കുലം.അത് ദൈവിക മാതാവായ ശക്തിയുടെ ആരാധനയും ആത്യന്തിക യാഥാര്‍ത്ഥ്യമായി ശിവനുമായുള്ള അവളുടെ ഐക്യവും ഊന്നിപ്പറയുന്നു. ശരീരവും ഇന്ദ്രിയാനുഭവങ്ങളും പവിത്രമായി കാണുന്ന രീതി എന്നു പറയാം. വഴിപാടും മന്ത്രങ്ങളും യന്ത്രങ്ങളും ധ്യാനവും ഉള്‍പ്പെട്ട ഈ സമ്പ്രദായത്തില്‍ മദ്യം മാംസം മത്സ്യം ധാന്യം മൈഥുനം എന്നീ പഞ്ചകര്മ്മ സാധനകളും ഉള്‍ച്ചേര്‍ത്തിരുന്നു. ബുദ്ധമതത്തിലെ ഒരു വിഭാഗത്തോടും അദ്വൈതവുമായും ഇത് അടുപ്പം സൂക്ഷിക്കുന്നുണ്ട്. ഏറ്റവും പൌരാണികരായ മനുഷ്യരെ അമ്പരപ്പിച്ചത് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള വലിയ ജീവികളില്‍ സൃഷ്ടി പ്രത്യക്ഷമാക്കുന്ന യോനിയാകണം.അതുകൊണ്ടാകാം യോനിപൂജ തുടങ്ങിയതും.നിലാചല കുന്നിലെ ഒരു പാറയില്‍ യോനിയുടെ മാതൃകയിലുള്ള പിളര്‍പ്പ് കണ്ടതും അവിടെനിന്നും ജലപ്രവാഹമുണ്ടായതും അവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും.അവിടെ പൂജ ചെയ്യുക ഒരു ശീലമായി വളരുകയും ആധുനിക കാലത്ത് അത് വര്ദ്ധിക്കുകയും ചെയ്തിട്ടുണ്ടാകണം. ഖാസി,ഗാരോ എന്നീ സമൂഹങ്ങളുടെ ബലിതര്‍പ്പണ ഇടമായിരുന്നു ഇവിടം എന്നും വിശ്വസിക്കപ്പെടുന്നു.ഗാരോസ് പന്നിയെ ആയിരുന്നു ബലിയായി കൊടുത്തിരുന്നത്. ആധുനികതയുടെ തുടക്കത്തില്‍ ബുദ്ധമതത്തിലെ ഹെവജ്ര തന്ത്ര പിന്‍തുടര്‍ന്നവരുടെ കേന്ദ്രമായി ഇവിടം മാറി.അനേക മാളുകള്‍ പ്രാര്‍ത്ഥിക്കുകയും പൂജ ചെയ്യുകയും ചെയ്യുന്ന ഇടത്തിന് ഒരു ശക്തിയുണ്ടാവുക സ്വാഭാവികം.എത്രയോ മനുഷ്യരുടെ നല്ല ഊര്‍ജ്ജമാണ് പ്രാര്ത്ഥന നടക്കുന്ന ഇടത്ത് പ്രവഹിക്കുക.അങ്ങിനെ യോനീമുഖമുള്ള പാറ ക്രമേണ കാമാഖ്യ ക്ഷേത്രമായി രൂപപ്പെട്ടു.ബ്രഹ്മപുത്ര അതിന്‍റെ മുഴുവന് ശക്തിയുമെടുത്ത് ഒഴുകുന്ന അഹാര്‍ മാസത്തില്‍ അമ്പലത്തിനടുത്തുവച്ച് ജലം മൂന്ന് നാള്‍ ചുവപ്പാകും.ആ ദിവസങ്ങളില്‍ മാത്രം കാമാഖ്യ ദേവിക്ക് തീണ്ടാരിയാകുന്നു എന്നാണ് വിശ്വാസം.ആദ്യകാലത്ത് സ്വാഭാവികമായി ഭൂമിയിലെ ഏതെങ്കിലും ഒരു മൂലകം ഇളകിമറിഞ്ഞ് നദി ചുവന്നിട്ടുണ്ടാകും.പിന്നീട് അതൊരാചാരമാവുകയും നദി ചുവപ്പിക്കേണ്ട ഉത്തരവാദിത്തം ക്ഷേത്രാധികാരികളില്‍ വന്നുചേരുകയും ചെയ്തിട്ടുണ്ടാവണം.ഹിമാചലിലെ ജ്വാലാമുഖി ക്ഷേത്രത്തില്‍ പ്രകൃതി വാതകം കത്തുന്നത് പോലെയോ കുളുവിലും മറ്റും ഫോസ്ഫറസ് കത്തി പുഴവെള്ളം തിളക്കുന്നപോലെയും ശബരിമലയില്‍ മണ്ഡലവിളക്കിന് കര്‍പ്പൂരം കത്തിക്കുന്നപോലെയുമാകും കാമാഖ്യയിലും നദി ചുവക്കുന്നത്. കാലം എത്ര മാറിയാലും ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മാറ്റം വരുക എളുപ്പമല്ലല്ലോ. അമേതി അഥവാ അംബുബാചി മേള എന്ന ഈ താന്ത്രിക് ഫെര്‍ട്ടിലിറ്റി ആഘോഷകാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന താന്ത്രിക് ബാബമാരും ഇവിടെയുണ്ട്. ബാക്കി സമയം അവര്‍ കാട്ടിനുള്ളിലാകും വസിക്കുക.കുംഭമേളയിലും മറ്റും പങ്കെടുക്കുന്ന ബാബമാരെ ഓര്‍മ്മിപ്പിക്കുന്നു ഇവിടത്തെ ബാബമാരും.ഈ മൂന്ന് ദിവസം ക്ഷേത്രം അടച്ചിടും.ഈ സമയം ഭക്ഷണം പാകം ചെയ്യലും പൂജ നടത്തലും പുണ്യപുസ്തകങ്ങളുടെ വായനയും കൃഷിയും ഉണ്ടാകില്ല.മൂന്നാം നാള്‍ വിഗ്രഹത്തെ കുളിപ്പിച്ച് തിരികെ പ്രതിഷ്ഠിക്കും.അതോടെ പൂജയും പ്രസാദ വിതരണവും ആരംഭിക്കും.ലക്ഷക്കണക്കിനാളുകള്‍ ഈ ദിവസങ്ങളില്‍ ഇവിടം സന്ദര്‍ശിക്കും.

        ക്ഷേത്രം സ്ഥാപിച്ചത് 8-9 നൂറ്റാണ്ടുകളിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു.അതിന് മുന്നെയും യോനിപൂജ നടന്നിട്ടുണ്ടാവണം.നാരക രാജാവിന്‍റെ വരവോടെ ഇവിടം ആര്യ സംസ്ക്കാരത്തിലേക്ക് പറിച്ചുനടപ്പെട്ടു.അതോടെയാണ് ശക്തി ആരാധന തുടങ്ങുന്നത്.ക്ഷേത്രം പലവട്ടം പുതുക്കി പണിതാണ് ഇപ്പോള്‍ കാണുന്ന നിലയില്‍ എത്തിയത്. ബംഗാള്‍ സുല്‍ത്താനേറ്റിന്‍റെ ജനറലായിരുന്ന കാലാ പഹാര്‍ നശിപ്പിച്ച ക്ഷേത്രം 1565 ല്‍ പുതുക്കി പണിതത് കോച്ച് വംശത്തിലെ ചിലറായി രാജാവാണ്.പണികള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യയിലെ 51 ശക്തിപീഠംങ്ങളില്‍ പഴക്കംകൊണ്ട് നാലാം സ്ഥാനത്താണ് കാമാഖ്യ. ഇവിടെ എത്തുന്നവരില്‍ അധികവും ബംഗാളികളാണ്.

             പാറയുടെ വിള്ളലിനെ യോനിയായി സങ്കല്‍പ്പിച്ച് പൂജ നടത്തിയിരുന്ന കാലത്തുനിന്നും ഇന്ന് കാണുന്ന ക്ഷേത്രത്തിലേക്ക് കാമാഖ്യ വളരാന്‍ തുടങ്ങിയത് കാമരൂപ സാമ്രാജ്യം ഭരിച്ച മ്ലേഛ രാജവംശത്തിന്‍റെ കാലത്താണ്.പിന്നീട് പാലാസ്,കോച്ച്,അഹോലസ് എന്നിവരും ക്ഷേത്രത്തെ വികസിപ്പിച്ചു.മ്ലേഛ രാജവംശം യോനിയെയും പാലാസ് യോഗിനിയെയും കോച്ചുകള്‍ മഹാവിദ്യയെയും പൂജിച്ചു.ഇത് സംസ്ക്കാരത്തിലുണ്ടാകുന്ന വികാസവും ഐക്യപ്പെടലുമായി കണക്കാക്കാം. പ്രകൃതി പൂജയില്‍ നിന്നും ബിംബത്തിലേക്കും പിന്നീട് ബിംബങ്ങളിലേക്കും വളര്ച്ച പ്രാപിക്കുകയാണ് ഭക്തി. ഒപ്പം പല ആശയങ്ങളുടെയും കൂടിച്ചേരലും. മഹാവിദ്യ എന്നത് പത്ത് താന്ത്രിക് ദേവതകളാണ്.കാളി,താര,ത്രിപുര സുന്ദരി,ഭുവനേശ്വരി,ഭൈരവി,ചിന്നമസ്ത,ധുമാവതി,ബഗലമുഖി,മാതംഗി,കമലാത്മിക എന്നിവരാണിവര്‍.ഇതിലൂടെ യോഗിനിയെ ആരാധിക്കുന്നവര്‍,ശൈവമതക്കാര്‍,വൈഷ്ണവമതക്കാര്‍,വജ്റായന ബുദ്ധിസ്റ്റുകള്‍ എന്നിവരെ ഒന്നിപ്പിക്കുകയായിരുന്നു കോച്ച് രാജവംശം ചെയ്തത്. പരമോന്നത ദൈവം സ്ത്രീയാണ് എന്ന ചിന്തയ്ക്കും അന്ന് പ്രാധാന്യം ലഭിച്ചിരുന്നു.യോനി പൂജയില്‍ തുടങ്ങിയ ഒരു മതത്തിന്‍റെ വികാസമായി ഇതിനെ കാണാം. ശിവലിംഗ പൂജ അതിന് മുന്നെ തുടങ്ങിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്.വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും മനുഷ്യസൃഷ്ടിയുടെ അധിപന്‍ പുരുഷനാണ് എന്ന നിലപാടില്‍ നിന്നാവാം ശിവലിംഗ പൂജ തുടങ്ങിയത്. ഇതെല്ലാം വളരെ പ്രാകൃതമായ ഒരു സമൂഹം ശാസ്ത്രം വികസിക്കും മുന്നെ എഴുതി തയ്യാറാക്കിയ അറിവുകളുടെ ആകെത്തുകയാണ് എന്നുകാണാം. എങ്കിലും ആ വിശ്വാസം ലോകം അറിവിന്‍റെ മഹാസാഗരത്തില്‍ ആറാടുമ്പോഴും വിടാതെ ഒപ്പം നില്‍ക്കുന്നു എന്നത് മനുഷ്യാതീതമായി പലതും സംഭവിക്കുന്നതുകൊണ്ടും അവനവനിലെ വിശ്വാസം പൂര്‍ണ്ണമാകാത്തതുകൊണ്ടുമാകാം. അത് പൂര്‍ണ്ണതയിലെത്തിക്കാന് കഴിയും വിധമുള്ള ഗുരുക്കന്മാരും ഇപ്പോള്‍ ഉണ്ടാകുന്നില്ല.ഭക്തിയുടെ ആഴം തീര്‍ച്ചയായും അമ്പരപ്പിക്കുന്നതാണ്.അത് എല്ലാ മതങ്ങള്‍ക്കും ബാധകമാണുതാനും.അതില്‍ സ്നേഹത്തേക്കാളും വെറുപ്പിന് മുന്‍തൂക്കം ലഭിക്കുന്നു എന്നതും കാണാതിരിക്കാന്‍ കഴിയില്ല.

         കാമാഖ്യ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ ത്രിപുര സുന്ദരിയും മാതംഗിയും കമലയുമാണ്.മറ്റ് ഏഴുപേര്‍ക്കും പ്രത്യേകം ക്ഷേത്രങ്ങളുണ്ട്. ഇത്തരത്തില്‍ പത്ത് ദേവതകളും ഒന്നിച്ചൊരിടത്ത് സ്ഥാപിച്ചിട്ടുള്ളത് വളരെ അപൂര്‍വ്വമാണ്.സമ്പന്നമായ ക്ഷേത്രങ്ങളില്‍ പൊതുവെ സംഭവിക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഇവിടെയും സംഭവിക്കുന്നു.പൂജാരികളുടെ സഭയായ ബോര്‍ഡ്യൂരി സമാജ് വര്‍ഷങ്ങളായി നടത്തിവന്ന ക്ഷേത്രത്തില്‍ വരുമാനവും വസ്തുവകകളും കൈകാര്യം ചെയ്യുന്നതില്‍ ക്രമക്കേടുണ്ട് എന്നാരോപിച്ച് കാമാഖ്യ ഡെബട്ടര്‍ ബോര്‍ഡ് രൂപീകരിച്ച് ഭരണം അതിന് കീഴിലാക്കി.ഇതിനെതിരെ പൂജാരി സമൂഹം സുപ്രിംകോടതിയില്‍ പോവുകയും അവര്‍ക്കനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു.ഇപ്പോള്‍ പൂജാരി സമൂഹമാണ് ഭരണം നടത്തുന്നത്.പാരമ്പര്യവും ചരിത്രവും ആവശ്യപ്പെടുന്നത് പൂജാരി സമൂഹം ക്ഷേത്രം നടത്തണം എന്നാണ് എന്നായിരുന്നു കോടതി വിധി.ട്രസ്റ്റ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളും ദുര്‍ഭരണവും ഇതിന് ബലം നല്കുന്നതായും കോടതി വിധിച്ചു.ആധുനിക ഭരണസംവിധാനം കൊണ്ടുവരുന്നതിന് കോടതി വിധി തടസ്സമായി എന്നാണ് ട്രസ്റ്റ് അഭിപ്രായപ്പെടുന്നത്. ഏതായാലും ദൈവത്തിനേക്കാള്‍ മുന്‍തൂക്കം പണത്തിനും അധികാരത്തിനുമാണ് എന്നുതന്നെയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.

     ഏതൊരിടവും കാണുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഒരനുഭവം വായിച്ചാലും ദൃശ്യങ്ങള്‍ കണ്ടാലും ലഭിക്കുകയില്ല.കാമാഖ്യയും അതിനൊരുദാഹരണമാണ് എന്ന് എയര്‍പോര്‍ട്ടിലേക്കുള്ള മടക്കയാത്രയില്‍ മനസ് പറയുന്നുണ്ടായിരുന്നു (അവസാനിച്ചു )✍🏿

Tuesday, 11 February 2025

Travelogue - Kamakhya - temple with yoni as deity

 

2025 ഫെബ്രുവരി 02-09 ലക്കം കലാകൗമുദിയിൽ ഞാൻ എഴുതിയ യാത്രാ വിവരണം ("യോനി പ്രതിഷ്ഠയായ കാമാഖ്യയുടെ കഥ ") - ഒന്നാം ഭാഗം 🙏🏿

=============

ഗോഹട്ടിയും കാമാഖ്യയും

*****************

-വി.ആര്‍.അജിത് കുമാര്‍

-----------------------------------

ആസ്സാമിന്‍റെ തലസ്ഥാനമായ ഗോഹട്ടിയെ തൊട്ട് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ട്. ഒന്ന് സിക്കിമിലേക്കും മറ്റൊന്ന് ഭൂട്ടാനിലേക്കും.ഗോഹട്ടി വിമാനത്താവളത്തിന് പുറത്തേക്ക് ആ രണ്ട് യാത്രകളിലും ഇറങ്ങിയിരുന്നില്ല.അവിടെനിന്നും അടുത്ത വിമാനത്തില്‍ ബാഗ്ദോഗ്രക്ക് പറന്ന് പിന്നീട് റോഡ് യാത്ര നടത്തുകയായിരുന്നു.2024 ഡിസംബറിലെ യാത്രയില്‍ ഗോഹട്ടിയില്‍ ഇറങ്ങി.എന്നാല്‍ നഗരത്തിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര കാണുന്നതിനും കാമാഖ്യ ക്ഷേത്ര ദര്‍ശനത്തിനും അപ്പുറത്ത് ആസ്സാം കാണാന്‍ ഇത്തവണയും സാധിച്ചില്ല.

ഈ യാത്രയിലെ സഹയാത്രികന്‍ മരുമകന്‍ വിഷ്ണു ചന്ദ്രനായിരുന്നു.പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നെ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസില്‍ പ്രൊബേഷന്‍ കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു പരിശീലനം.അക്കാലത്ത് പലവട്ടം പോയിട്ടുള്ള കാമാഖ്യ ക്ഷേത്രം ഒന്നുകൂടി കാണണം എന്ന ചിന്തയാണ് ത്രിപുരയ്ക്ക് പോകുംവഴിയുള്ള ഈ ഹ്രസ്വസന്ദര്‍ശനം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

വൈകുന്നേരം ചെന്നൈയില്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ രാത്രിയിലാണ് ഗോഹട്ടിയിലെത്തിയത്.2020 ല്‍ കണ്ട വിമാനത്താവളത്തിന് കുറച്ചുകൂടി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മഞ്ഞുകാലത്തിന്‍റെ മൂടലിലാണ് പ്രകൃതി പൊതുവെ.എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി റബുല്‍ അലി സാരഥിയായ ഊബര്‍ ടാക്സിയില്‍ സര്‍ക്കാര്‍ ഗസ്റ്റ്ഹൌസായ ബ്രഹ്മപുത്രയിലേക്ക് യാത്ര തിരിച്ചു.രാത്രിയുടെ വെളിച്ചത്തില്‍ നഗരം കണ്ടുള്ള യാത്ര.എയര്‍പോര്‍ട്ട് റോഡിലും നഗരവീഥികളിലുമൊക്കെ ഭോജനശാലകള്‍ തുറന്നിരിക്കുന്നുണ്ട്. പത്ത് വര്ഷം മുന്നെ ഗോഹട്ടിക്ക് രാത്രിജീവിതമുണ്ടായിരുന്നില്ല എന്ന് വിഷ്ണു പറഞ്ഞു.എട്ടുമണിക്ക് മുന്നെതന്നെ കടകള്‍ അടയ്ക്കും.നേരത്തെ വീടണയുക എന്നതായിരുന്നു രീതി.

ബ്രഹ്മപുത്ര നദിയാണ് ആസ്സാമിന്‍റെ ജീവനാഡി. നദീതീരത്താണ് നഗരം വികസിച്ചിരിക്കുന്നത്.രാത്രിനദിയെ കണ്ടുകണ്ട് ഞങ്ങള്‍ നദിയുടെ വലതുകരയിലുള്ള കുന്നിന്‍ മുകളിലെ ബ്രഹ്മപുത്ര ഗസ്റ്റ്ഹൌസിലെത്തി. മൂന്നാം നിലയിലായിരുന്നു താമസം.അവിടത്തെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നദി കാണാം.വെള്ളമേഘം പോലെ മൂടല്‍.അതിനുതാഴെ നദിയും. ഒഴുക്ക് കുറവാണ്.മഴക്കാലത്ത് കുത്തിയൊഴുകി തിമിര്‍ക്കുന്ന ബ്രഹ്മപുത്ര ശാന്തമായൊഴുകുന്നു.റവന്യൂ വകുപ്പിലെ ഒരു ജീവനക്കാരന്‍ വന്നു പരിചയപ്പെട്ടു.കാമാഖ്യയില്‍ പോകാനുള്ള പ്രോട്ടോകോള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നും രാവിലെ പുറപ്പെടണമെന്നും പറഞ്ഞു.ഗോഹട്ടിയിലെ കാമ്രൂപ് മെട്രോപൊളിറ്റനിലെ ജില്ല കമ്മീഷണറായ സുമിത് സത്താവാന്‍ വിഷ്ണുവിന്‍റെ ബാച്ചിലുള്ള ഐഎഎസ് ഓഫീസറായതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി.വിമാനത്തില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നെങ്കിലും കുറച്ചെന്തെങ്കിലുംകൂടി കഴിക്കണം എന്നുണ്ടായിരുന്നു.റൂംബോയ് വന്നു.അയാള്‍ ഭക്ഷണം തയ്യാറാക്കി കൊണ്ടുവരാം എന്നു പറഞ്ഞു.കുറച്ചുകഴിഞ്ഞ് ഭക്ഷണം എത്തി.ചോറും ചപ്പാത്തിയും കറികളും തൈരുമൊക്കെയായി ഭക്ഷണം കഴിച്ചു. പ്രഭാതഭക്ഷണം ആലുപൊറോട്ടയും തൈരും മതിയെന്ന് പറഞ്ഞ് ഏര്‍പ്പാടാക്കി.

ഞങ്ങള്‍ നല്ലൊരുറക്കത്തിലേക്ക് കടന്നു.രാവിലെ നേരത്തെ എഴുന്നേറ്റു.മഞ്ഞിന്‍റെ മറ മാറിയിട്ടില്ല.അതിനിടയിലൂടെ നദി കാണാം. ബ്രഹ്മപുത്ര തീരത്തുകൂടെ ഒരു സഞ്ചാരമാകാം എന്നു തീരുമാനിച്ചു.തണുപ്പിനെ പ്രതിരോധിക്കുന്ന വേഷഭൂഷകളോടെ പുറത്തിറങ്ങി.ഗസ്റ്റ്ഹൌസ് നില്‍ക്കുന്ന കുന്നിറങ്ങി താഴെ എത്തി.പുഴയുടെ തീരത്ത് ഉത്സവത്തിരക്കാണ്.അവിടം രാവിലെ മീന്‍ചന്തയാണ്.ബ്രഹ്മപുത്രയിലെ മീനാണ് ഗോഹട്ടി ജനങ്ങളുടെ പ്രധാന ഭക്ഷണം.കട്ല,രോഹു,പലയിനം ക്യാറ്റ്ഫിഷുകള്‍ ഒക്കെയാണ് ഇവയില്‍ പ്രിയങ്കരം. പിടയ്ക്കുന്ന മീനുകള്‍ ബക്കറ്റിലും കൂടകളിലുമൊക്കെ നിറയുന്ന കാഴ്ചകളും ആസ്സാമീസ്സ് ഭാഷയിലുള്ള സംഭാഷണങ്ങളും ആരവങ്ങളും മോട്ടോര്‍ ഘടിപ്പിച്ച സൈക്കിള്‍ റിക്ഷകളും പിക്അപ്പ് വാനുകളും ആട്ടോറിക്ഷകളും കാറുകളുമൊക്കെയായി റോഡ് സജീവം.

ഇതിനൊപ്പം ബ്രഹ്മപുത്ര നദിയുടെ തീരം വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള വലിയ പണികളും തുടരുകയാണ് അവിടെ. നദിയുടെ തീരത്തേക്ക് എത്താന്‍ കഴിയാത്തവിധം കെട്ടിമറച്ചാണ് പണികള്‍ നടക്കുന്നത്. ജനങ്ങളുടെ ഒരു പ്രധാന വിശ്രമ വിനോദ കേന്ദ്രമാക്കി നദീതീരത്തെ മാറ്റാനുള്ള പരിശ്രമമാണ് നടക്കുന്നത്.പണി തീരുമ്പോള്‍ ഗുജറാത്തിലെ സബര്‍മതി നദീതീരം പോലെ മനോഹരമാകാനുള്ള സാധ്യതയാണുള്ളത്. മഴക്കാലത്ത് മുടിയഴിച്ചാടുന്ന ബ്രഹ്മപുത്രയെ പ്രതിരോധിക്കാന്‍ കഴിയുംവിധമാകും നിര്‍മ്മാണം എന്നു കരുതാം. പണി പൂര്‍ത്തിയാകുമ്പോള്‍ കാമാഖ്യ ക്ഷേത്രത്തില്‍ നിന്നും രാജ്ഭവന്‍ വരെ വരുന്ന ആറ് കിലോമീറ്റര്‍ ദൂരത്തില്‍ നദീതീരം വികസിക്കും.ലോകത്തിലെ വലിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്ര ആസ്സാമിന്‍റെ സാംസ്ക്കാരികവും പാരിസ്ഥിതികവുമായ അടയാളപ്പെടുത്തലായി കാണാം. കാമാഖ്യ ക്ഷേത്രം നില്ക്കുന്ന നിലാചല കുന്നില്‍ നിന്നുള്ള ബ്രഹ്മപുത്രയുടെ കാഴ്ച മനോഹരമാണ്.അവിടെ ഒരു വ്യൂപോയിന്‍റ് വികസിപ്പിച്ചിട്ടുണ്ട്. ജില്ല കമ്മീഷണറുടെ പഴയ ബംഗ്ലാവ് റിവര്‍ ഹെറിറ്റേജ് കേന്ദ്രമായി വികസിപ്പിച്ചു.പോലീസ്സ് കമ്മീഷണറുടെ പഴയ ബംഗ്ലാവ് സുന്ദരമായ പബ്ളിക് സ്പേയ്സ് ആക്കി.ഏറ്റവും പ്രധാന വികസനം ഉസാന്‍ ബസാര്‍ ഭാഗത്താണ് നടക്കുന്നത്.ആ വഴിയിലാണ് ഞങ്ങള്‍ നടക്കാനിറങ്ങിയത്. വിശാലമായ വാക്ക് വേയും സൈക്കിള്‍ ട്രാക്കും ജോഗിംഗ് ട്രാക്കും റിക്രിയേഷനുള്ള ഇടങ്ങളും ഫുഡ്സ്റ്റാളുകളും സാംസ്ക്കാരിക പരിപാടികള്‍ക്കുള്ള ഇടങ്ങളുമാണ് ഇവിടെ ഒരുക്കുക.നദിയുടെ തെക്കുഭാഗത്തെ ഫാന്‍സി ബസാറിനേയും വടക്കുഭാഗത്തെ ചാങ്സോയിയും ഗൌരിപൂരും തമ്മില്‍ ബന്ധിപ്പിക്കുന്ന ആറുവരി പാലവും പാലത്തിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന ലചിത് ബോര്‍ഭുകന്‍ പ്രതിമയും ആകര്‍ഷണമാകും.1671 ല്‍ മുഗള്‍ സൈന്യത്തെ ചെറുത്തുനിന്ന അഹോം ആര്മിയുടെ ജനറലായിരുന്നു ലചിത്. ഫാന്‍സി ബസാര്‍ ഘട്ടില്‍ നിന്നും ലോകോത്തര നിലവാരത്തിലുള്ള ഫെറി സര്‍വ്വീസും ആരംഭിക്കും.പ്രാദേശിക കച്ചവടക്കാര്‍ക്ക് നല്ല ബിസിനസ്സും പ്രദേശവാസികള്‍ക്ക് മികച്ച ജീവിതസൌകര്യങ്ങളുമാണ് ഒരുക്കുന്നത്. 850 കോടി ചിലവു വരുന്ന പദ്ധതിയുടെ ആര്‍ക്കിടെക്റ്റ് സ്റ്റുഡിയോ ഡിആര്‍എ ആര്‍ക്കിടെക്ട്സും നിര്‍മ്മാണം ഐടിഡി സിമന്‍റേഷന്‍ ഇന്ത്യയുമാണ് നിര്‍വ്വഹിക്കുന്നത്.

വികസന വഴികള്‍ കണ്ട് മടങ്ങിയ ഞങ്ങള്‍ വേഗം തയ്യാറായി.മൈദുല്‍ ഇസ്ലാം കൊണ്ടുവന്ന ആലുപൊറോട്ട കഴിച്ച് പേയ്മെന്‍റും നല്‍കി.മെയ്ദുല്‍ കരാര്‍ ജീവനക്കാരനാണ്.മാസം പതിനായിരം രൂപയാണ് ലഭിക്കുക.ഒരു ജിപേ ടിപ്പ് നല്‍കാന്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അത് തന്നു.പണം അയയ്ക്കാനായി ജിപേ ആപ്പില്‍ നമ്പര്‍ കൊടുത്തപ്പോള്‍ വന്ന പേര് ഗുണ്ട ടെക് എന്നാണ്.രസം തോന്നി.”എന്താണ് മൈദുല്‍ ഈ ഗുണ്ട ടെക്”, ഞാന്‍ ചോദിച്ചു.

  “സര്‍, ടെക്നോളജി പരിചയപ്പെടുത്തുന്ന യൂട്യൂബ് അക്കൌണ്ടാണ്.” ഞാന്‍ ചിരിച്ചു. മൈദുല്‍ ഒരു യൂട്യൂബറാണ്.ഇത്രയും ചോദിച്ചതിന്‍റെ ആവേശത്തില്‍ അവന്‍ യൂട്യൂബ് എടുത്ത് കാണിച്ചുതന്നു.ജോലിവിട്ട് മുഴുവന്‍ സമയ വ്ലോഗറാകാനാണ് ആലോചന എന്നൊക്കെ പറഞ്ഞു (തുടരും )✍🏿

Who is crazy? Trump or unauthorized migrants 🤔

 


ആര്‍ക്കാണ് ഭ്രാന്ത് ?


ഫെബ്രുവരി ഏഴിന്‍റെ മനോരമ പത്രത്തിലെ തലക്കെട്ട് ചങ്ങലയിട്ട ഭ്രാന്ത് എന്നായിരുന്നു.നിയമരഹിതമായി ഒരു കാര്യവും ചെയ്യാന്‍ ധൈര്യമില്ലാത്ത ഞാന്‍ കുറേനേരം ഇരുന്നാലോചിച്ചു.45-50 ലക്ഷം രൂപ മുടക്കി കടലും കരയും കാടും താണ്ടി പലിവിധ പീഢനങ്ങള്‍ സഹിച്ച് അനധികൃതമായി അമേരിക്കയിലേക്ക് പോകാന്‍ എനിക്ക് ആഗ്രഹം തോന്നുമായിരുന്നോ. ഒരിക്കലുമില്ല എന്നായിരുന്നു എന്‍റെ മറുപടി.വിദേശ രാജ്യങ്ങള്‍ കാണാന്‍ പോകണം എന്നല്ലാതെ അവിടെ തികച്ചും ഒരന്യനെപോലെ താമസിക്കാന്‍ എനിക്കൊരിക്കലും ആഗ്രഹം തേന്നിയിട്ടില്ല. എന്നുമാത്രമല്ല,മക്കളെയോ ബന്ധുക്കളെയോ അയയ്ക്കണം എന്ന് തീരുമാനിച്ചാലും എംബസ്സി വഴി പേപ്പറുകള്‍ ശരിയാക്കിയെ അയയ്ക്കുകയുള്ളു. അക്കരപ്പച്ച തേടി ബോട്ടില്‍ കയറി എഴുപതുകളിലും മറ്റും ഗള്‍ഫില്‍ പോയി സമ്പന്നരായവരുടെ ഒക്കെ കഥ കേട്ടിട്ടുണ്ട്. ഇന്ന് അത്തരത്തില്‍ സൌദിയിലോ ദുബായിലോ എത്തുന്നവരുടെ സ്ഥിതി എന്താകും. അതിനേക്കാളും ഭീകരമാകുമല്ലോ ലോകത്തിന്‍റെ നെറുകയിലാണ് എന്നഹങ്കരിക്കുന്ന അമേരിക്കയുടെ സമീപനം.രാവിലെ വെറുതെ ഒരു സ്കൂളില്‍ കയറി തോക്കുപയോഗിച്ച് പത്തുപേരെ വെടിവച്ചു കൊല്ലാം എന്ന് ചിന്തിക്കുന്ന തരം ഭ്രാന്തന്മാരും വസിക്കുന്ന ഇടമാണ് അമേരിക്ക. ഒരു നിയമവുമില്ലാത്ത കാലത്ത് അമേരിക്കയിലെത്തി റെഡ് ഇന്ത്യന്‍സിന്‍റെ കൊന്നുതള്ളി നാട് സ്വന്തമാക്കിയ കുടിയേറ്റക്കാരുടെ പിന്മുറക്കാരല്ലെ ഇപ്പോള്‍ നമ്മള്‍ കാണുന്ന അമേരിക്കക്കാര്‍ എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ അവര്‍ ബുദ്ധിമുട്ടിയേക്കും. എങ്കിലും നിലവില്‍ ശക്തമായ നിയമ ചട്ടക്കൂട് ഉള്ള ഒരു രാജ്യത്ത് അതിര്‍ത്തിയിലൂടെ കടന്നുകയറിയവരെ ഏത് വിധമാകും ട്രീറ്റ് ചെയ്യുക എന്ന് പ്രത്യേകം പറയേണ്ടതില്ല.ഇന്ത്യ മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്നവരെ പിടികൂടുമ്പോള്‍ ബൊക്കെയും പൂവും നല്‍കി സ്വീകരിക്കാറില്ല എന്നും ഓര്‍ക്കുക. വെടിവച്ചു കൊല്ലുന്നതിന് പകരം അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയില്‍ എത്തിച്ചു എന്നതില്‍ ആശ്വസിക്കുകയാണ് ഞാന്‍. ഒപ്പം നാടിന് നാണക്കേടുണ്ടാക്കിയ ഇവരോട് അരിശവും തോന്നുന്നു. ഈ വിഷയത്തിന് ഇത്രയേറെ പ്രാധാന്യം പഞ്ചാബിലും ഹരിയാനയിലും ഗുജറാത്തിലുമൊക്കെ ലഭിച്ചു എങ്കില്‍ നന്നായിരുന്നു. ഇനി ആരും ഇത്തരം ക്രിമിനല്‍ കുറ്റം ചെയ്യാതിരിക്കാനുള്ള പ്രേരണയാകും ഇത് നല്കുക✍️