============
വി. ആർ. അജിത് കുമാർ
********
സിപിഎം പ്രതിപക്ഷത്തായിരിക്കുമ്പോള്‍ നേതാക്കള്‍ അടിമകളെവിട്ട് ഏതെങ്കിലും പുതിയ നയത്തെയോ വികസന പ്രവര്‍ത്തനത്തെയോ തടഞ്ഞാല്‍ നമ്മള്‍ മനസിലാക്കേണ്ടത് അവര്‍ ഭരണത്തിലെത്തുമ്പോള്‍ ഇത് നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്നാണ്. വിഴിഞ്ഞം പദ്ധതിയായാലും വിമാനത്താവള സ്വകാര്യവത്ക്കരണമായാലും റോഡ് വികസനമായാവും പ്രീഡിഗ്രി കോളേജില്‍ നിന്നും വേര്‍പെടുത്തുന്നതായാലും സ്വകാര്യ-വിദേശ സര്‍വ്വകലാശാലകള്‍ കൊണ്ടുവരുന്നതായാലും സീ പ്ലേയിനായാലും മദ്യനിര്‍മ്മാണം തുടങ്ങുന്നതായാലും ടോള്‍ പിരിവായാലും ഇത്തരം ഉദാഹരണങ്ങള്‍ നൂറുകണക്കിനുണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഈ വിഷയം വേണമെങ്കില്‍ പഠിക്കാവുന്നതാണ്.
ഏതായാലും പാലക്കാട് എലപ്പുള്ളിയില്‍ ഇടതുപക്ഷ ഭരണകാലത്ത് മദ്യനിര്മ്മാണ ശാല വരട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് കുടിവെള്ളം ഇല്ലാതാക്കും എന്ന് തോന്നുന്നില്ല. ഏറ്റവുമധികം ഡിസ്റ്റിലറികളുള്ളത് ബാംഗ്ലൂരിലും മുംബയിലുമൊക്കെയാണ്. രാജസ്ഥാനിലും ഡിസ്റ്റിലറികളുണ്ട്. അപ്പോള്‍ പാലക്കാട് ഇതൊരു വലിയ ജലക്ഷാമമുണ്ടാക്കും എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. സ്ഥാപനം വരട്ടെ. പ്രശ്നങ്ങളുണ്ടായാല്‍ പരിഹരിക്കാമല്ലോ. എല്ലാറ്റിനും തുടക്കത്തിലെ പ്രതിരോധം തീര്ക്കുക നല്ല സമീപനമല്ലല്ലോ. പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭിക്കും എന്നുറപ്പാക്കണം. റോബോട്ടാവില്ലല്ലോ പണിയെടുക്കുക. കൂടുതലാളുകള്‍ വരുകയും തിരക്കാവുകയും ചെയ്യുന്നതോടെ അവിടത്തെ സാധാരണക്കാരുടെ ജീവിതം മെച്ചമാകും. സാങ്കേതിക തടസ്സങ്ങളൊക്കെ ഒഴിവാക്കി ഒയാസിസിന് അനുമതി കൊടുക്കട്ടെ. ഇത് വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ ഡിസ്റ്റിലറികളുണ്ടാവട്ടെ. നമ്മള്‍ മദ്യം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്നതിന് പകരം ഇവിടെ ഉത്പ്പാദിപ്പിച്ച് പുറത്തേക്ക് അയയ്ക്കട്ടെ. ഉപഭോഗ സംസ്ഥാനം എന്ന നിലയില്‍ എന്നും ജീവിക്കുന്നത് നല്ലതല്ലല്ലോ. ഇവിടെ പാഴാകുന്ന കോടിക്കണക്കിന് പഴങ്ങളുണ്ട്. അതൊക്കെ ഉപയോഗിച്ച് മദ്യം നിര്മ്മിക്കാനുള്ള സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകളും നോക്കണം. പോളണ്ടില്‍ പോയി ബിയറുണ്ടാക്കി കച്ചവടം ചെയ്യുന്ന മിടുക്കന്മാരുണ്ട് കേരളത്തില്‍ നിന്നും പോയവരായി. ചുമ്മാ രാഷ്ട്രീയം കളിക്കാതെ നാടിനെകുറിച്ച് ചിന്തിക്കുന്നവരായി സാധാരണക്കാര് മാറണം. രാഷ്ട്രീയം കളിക്കുന്നവരുടെ ഉദ്ദേശം അവനവന്‍റെ താത്പ്പര്യം മാത്രമാണ്. നമുക്ക് മാറി ചിന്തിക്കാം🧐
No comments:
Post a Comment