Wednesday, 12 February 2025

Kamakhya temple, Gohatti

 



2025 ഫെബ്രുവരി 02-09 ലക്കം കലാകൗമുദിയിൽ ഞാൻ എഴുതിയ യാത്രാ വിവരണം ("യോനി പ്രതിഷ്ഠയായ കാമാഖ്യയുടെ കഥ ") - അവസാന ഭാഗം വായനയ്ക്കായി സമർപ്പിക്കുന്നു 🙏🏿

=============

ഊബറില്‍ ആദ്യം പ്രത്യക്ഷപ്പെട്ട രണ്ട് ഡ്രൈവറന്മാരും എത്താതെ അല്‍പ്പം വൈകി. ഒടുവില്‍ ഗൌതംദാസ് എത്തി. അയാള്‍ ഞങ്ങളേയും കൂട്ടി കാമാഖ്യയിലേക്ക് പുറപ്പെട്ടു.നിലാചല കുന്നിലേക്കായിരുന്നു ആ യാത്ര.ക്ഷേത്രത്തിലെ പ്രോട്ടോകോള്‍ ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ട് ഞങ്ങള്‍ അവിടെയെത്തി.ചെറിയ ക്ഷേത്രമാണ്.പടികള്‍ കയറിയാണ് അവിടെയെത്തുക.ഹിമാചലിലെ ചില ക്ഷേത്രങ്ങളില്‍ പോയ ഓര്‍മ്മ ഉണര്‍ത്തി അവിടം.നല്ല തിരക്കാണ്.എന്നാല്‍ വലിയ ക്യൂ ഇല്ലതാനും.അവിടെയുള്ള ഗസ്റ്റ് ഹൌസില്‍ ബാഗ് വച്ചശേഷം വിഐപി ക്യൂവില്‍ കയറി അമ്പലത്തില്‍ പ്രവേശിച്ചു.പോകുംവഴിയില്‍ ആടുകളും പ്രാവുകളുമൊക്കെയുണ്ട്. ഭക്തര്‍ നേര്‍ച്ച നല്‍കിയ മൃഗങ്ങളാണ്.മൃഗബലി ഇപ്പോഴും നടക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് കാമാഖ്യ.ഒരു ക്ഷേത്രം പ്രസിദ്ധമാകുന്നതും മറ്റു ചിലവ അറിയപ്പെടാതെ പോകുന്നതും എന്തുകൊണ്ടാണ് എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മനുഷ്യരില്‍ ചിലര്‍ അധികാരത്തിലെത്തുന്നതും ചിലര്‍ സമ്പന്നരാകുന്നതും ചിലര്‍ പ്രശസ്തരാകുന്നതും പോലെ ഒരു പ്രതിഭാസമാകാം ഇതും. എല്ലാവര്‍ക്കും എല്ലാ ഇടങ്ങള്‍ക്കും പ്രസിദ്ധിയും സമ്പത്തും ഉണ്ടാകില്ലല്ലോ.

           ഒന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദത്തില്‍ ഹിന്ദുമതത്തിലും ബുദ്ധമതത്തിലും വികസിച്ചുവന്ന നിഗൂഢമായ യോഗപാരമ്പര്യം സ്വീകരിച്ചവരുടെ ആരാധനാ ഇടമായിരുന്നു നിലാചല കുന്നുകള്‍.ഗുരുവില്‍ നിന്നും ശിഷ്യരിലേക്ക് വാമൊഴിയായി മാത്രം പകരുന്ന ധ്യാനരീതികളും കുണ്ഡലിനി ഉണര്‍ത്തുകളുമൊക്കെയായിരുന്നു ഇവര്‍ സ്വീകരിച്ചിരുന്നത്.ചക്രങ്ങളിലൂടെയും നാഡികളിലൂടെയും ആന്തരിക ഊര്‍ജ്ജത്തെ സജീവമാക്കുന്ന രീതിയായിരുന്നു ഇത്. ധ്യാനത്തിനും ആത്മീയവളര്‍ച്ചയ്ക്കും ശബ്ദങ്ങളേയും ജ്യാമിതീയ രൂപങ്ങളേയും ഇവര്‍ ഉപയോഗപ്പെടുത്തിയിരുന്നു.കാശ്മീര്‍ ശൈവിസവും ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ശ്രീവിദ്യയും ഹഠയോഗയും ഇത്തരം സമ്പ്രദായങ്ങളായിരുന്നു. കാമാഖ്യ ക്ഷേത്രവും ഇത്തരത്തില്‍ താന്ത്രിക് പരിശീലനം നേടിയവരുടെ ഒരു ക്ഷേത്രമായിരുന്നു. ജീവിതത്തിന്‍റെ ഭൌതികവും ആത്മീയവുമായ വശങ്ങളെ സമന്വയിപ്പിച്ച് പ്രപഞ്ചത്തെയും വ്യക്തിയെയും ഒന്നാക്കിമാറ്റുന്ന ഒരു ഗുരു ശിഷ്യ സമ്പ്രദായം അഥവാ കുലാചാര തന്ത്ര മാര്‍ഗ്ഗമായിരുന്നു ഇവിടെ രൂപപ്പെട്ടിരുന്നത്. ശിവന്‍ അഥവാ ബോധത്തിന്‍റെയും ശക്തി അഥവാ ഊര്‍ജ്ജത്തിന്‍റെയും ഐക്യമായിരുന്നു ഇവിടെ കുലം.അത് ദൈവിക മാതാവായ ശക്തിയുടെ ആരാധനയും ആത്യന്തിക യാഥാര്‍ത്ഥ്യമായി ശിവനുമായുള്ള അവളുടെ ഐക്യവും ഊന്നിപ്പറയുന്നു. ശരീരവും ഇന്ദ്രിയാനുഭവങ്ങളും പവിത്രമായി കാണുന്ന രീതി എന്നു പറയാം. വഴിപാടും മന്ത്രങ്ങളും യന്ത്രങ്ങളും ധ്യാനവും ഉള്‍പ്പെട്ട ഈ സമ്പ്രദായത്തില്‍ മദ്യം മാംസം മത്സ്യം ധാന്യം മൈഥുനം എന്നീ പഞ്ചകര്മ്മ സാധനകളും ഉള്‍ച്ചേര്‍ത്തിരുന്നു. ബുദ്ധമതത്തിലെ ഒരു വിഭാഗത്തോടും അദ്വൈതവുമായും ഇത് അടുപ്പം സൂക്ഷിക്കുന്നുണ്ട്. ഏറ്റവും പൌരാണികരായ മനുഷ്യരെ അമ്പരപ്പിച്ചത് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള വലിയ ജീവികളില്‍ സൃഷ്ടി പ്രത്യക്ഷമാക്കുന്ന യോനിയാകണം.അതുകൊണ്ടാകാം യോനിപൂജ തുടങ്ങിയതും.നിലാചല കുന്നിലെ ഒരു പാറയില്‍ യോനിയുടെ മാതൃകയിലുള്ള പിളര്‍പ്പ് കണ്ടതും അവിടെനിന്നും ജലപ്രവാഹമുണ്ടായതും അവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും.അവിടെ പൂജ ചെയ്യുക ഒരു ശീലമായി വളരുകയും ആധുനിക കാലത്ത് അത് വര്ദ്ധിക്കുകയും ചെയ്തിട്ടുണ്ടാകണം. ഖാസി,ഗാരോ എന്നീ സമൂഹങ്ങളുടെ ബലിതര്‍പ്പണ ഇടമായിരുന്നു ഇവിടം എന്നും വിശ്വസിക്കപ്പെടുന്നു.ഗാരോസ് പന്നിയെ ആയിരുന്നു ബലിയായി കൊടുത്തിരുന്നത്. ആധുനികതയുടെ തുടക്കത്തില്‍ ബുദ്ധമതത്തിലെ ഹെവജ്ര തന്ത്ര പിന്‍തുടര്‍ന്നവരുടെ കേന്ദ്രമായി ഇവിടം മാറി.അനേക മാളുകള്‍ പ്രാര്‍ത്ഥിക്കുകയും പൂജ ചെയ്യുകയും ചെയ്യുന്ന ഇടത്തിന് ഒരു ശക്തിയുണ്ടാവുക സ്വാഭാവികം.എത്രയോ മനുഷ്യരുടെ നല്ല ഊര്‍ജ്ജമാണ് പ്രാര്ത്ഥന നടക്കുന്ന ഇടത്ത് പ്രവഹിക്കുക.അങ്ങിനെ യോനീമുഖമുള്ള പാറ ക്രമേണ കാമാഖ്യ ക്ഷേത്രമായി രൂപപ്പെട്ടു.ബ്രഹ്മപുത്ര അതിന്‍റെ മുഴുവന് ശക്തിയുമെടുത്ത് ഒഴുകുന്ന അഹാര്‍ മാസത്തില്‍ അമ്പലത്തിനടുത്തുവച്ച് ജലം മൂന്ന് നാള്‍ ചുവപ്പാകും.ആ ദിവസങ്ങളില്‍ മാത്രം കാമാഖ്യ ദേവിക്ക് തീണ്ടാരിയാകുന്നു എന്നാണ് വിശ്വാസം.ആദ്യകാലത്ത് സ്വാഭാവികമായി ഭൂമിയിലെ ഏതെങ്കിലും ഒരു മൂലകം ഇളകിമറിഞ്ഞ് നദി ചുവന്നിട്ടുണ്ടാകും.പിന്നീട് അതൊരാചാരമാവുകയും നദി ചുവപ്പിക്കേണ്ട ഉത്തരവാദിത്തം ക്ഷേത്രാധികാരികളില്‍ വന്നുചേരുകയും ചെയ്തിട്ടുണ്ടാവണം.ഹിമാചലിലെ ജ്വാലാമുഖി ക്ഷേത്രത്തില്‍ പ്രകൃതി വാതകം കത്തുന്നത് പോലെയോ കുളുവിലും മറ്റും ഫോസ്ഫറസ് കത്തി പുഴവെള്ളം തിളക്കുന്നപോലെയും ശബരിമലയില്‍ മണ്ഡലവിളക്കിന് കര്‍പ്പൂരം കത്തിക്കുന്നപോലെയുമാകും കാമാഖ്യയിലും നദി ചുവക്കുന്നത്. കാലം എത്ര മാറിയാലും ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മാറ്റം വരുക എളുപ്പമല്ലല്ലോ. അമേതി അഥവാ അംബുബാചി മേള എന്ന ഈ താന്ത്രിക് ഫെര്‍ട്ടിലിറ്റി ആഘോഷകാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന താന്ത്രിക് ബാബമാരും ഇവിടെയുണ്ട്. ബാക്കി സമയം അവര്‍ കാട്ടിനുള്ളിലാകും വസിക്കുക.കുംഭമേളയിലും മറ്റും പങ്കെടുക്കുന്ന ബാബമാരെ ഓര്‍മ്മിപ്പിക്കുന്നു ഇവിടത്തെ ബാബമാരും.ഈ മൂന്ന് ദിവസം ക്ഷേത്രം അടച്ചിടും.ഈ സമയം ഭക്ഷണം പാകം ചെയ്യലും പൂജ നടത്തലും പുണ്യപുസ്തകങ്ങളുടെ വായനയും കൃഷിയും ഉണ്ടാകില്ല.മൂന്നാം നാള്‍ വിഗ്രഹത്തെ കുളിപ്പിച്ച് തിരികെ പ്രതിഷ്ഠിക്കും.അതോടെ പൂജയും പ്രസാദ വിതരണവും ആരംഭിക്കും.ലക്ഷക്കണക്കിനാളുകള്‍ ഈ ദിവസങ്ങളില്‍ ഇവിടം സന്ദര്‍ശിക്കും.

        ക്ഷേത്രം സ്ഥാപിച്ചത് 8-9 നൂറ്റാണ്ടുകളിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു.അതിന് മുന്നെയും യോനിപൂജ നടന്നിട്ടുണ്ടാവണം.നാരക രാജാവിന്‍റെ വരവോടെ ഇവിടം ആര്യ സംസ്ക്കാരത്തിലേക്ക് പറിച്ചുനടപ്പെട്ടു.അതോടെയാണ് ശക്തി ആരാധന തുടങ്ങുന്നത്.ക്ഷേത്രം പലവട്ടം പുതുക്കി പണിതാണ് ഇപ്പോള്‍ കാണുന്ന നിലയില്‍ എത്തിയത്. ബംഗാള്‍ സുല്‍ത്താനേറ്റിന്‍റെ ജനറലായിരുന്ന കാലാ പഹാര്‍ നശിപ്പിച്ച ക്ഷേത്രം 1565 ല്‍ പുതുക്കി പണിതത് കോച്ച് വംശത്തിലെ ചിലറായി രാജാവാണ്.പണികള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യയിലെ 51 ശക്തിപീഠംങ്ങളില്‍ പഴക്കംകൊണ്ട് നാലാം സ്ഥാനത്താണ് കാമാഖ്യ. ഇവിടെ എത്തുന്നവരില്‍ അധികവും ബംഗാളികളാണ്.

             പാറയുടെ വിള്ളലിനെ യോനിയായി സങ്കല്‍പ്പിച്ച് പൂജ നടത്തിയിരുന്ന കാലത്തുനിന്നും ഇന്ന് കാണുന്ന ക്ഷേത്രത്തിലേക്ക് കാമാഖ്യ വളരാന്‍ തുടങ്ങിയത് കാമരൂപ സാമ്രാജ്യം ഭരിച്ച മ്ലേഛ രാജവംശത്തിന്‍റെ കാലത്താണ്.പിന്നീട് പാലാസ്,കോച്ച്,അഹോലസ് എന്നിവരും ക്ഷേത്രത്തെ വികസിപ്പിച്ചു.മ്ലേഛ രാജവംശം യോനിയെയും പാലാസ് യോഗിനിയെയും കോച്ചുകള്‍ മഹാവിദ്യയെയും പൂജിച്ചു.ഇത് സംസ്ക്കാരത്തിലുണ്ടാകുന്ന വികാസവും ഐക്യപ്പെടലുമായി കണക്കാക്കാം. പ്രകൃതി പൂജയില്‍ നിന്നും ബിംബത്തിലേക്കും പിന്നീട് ബിംബങ്ങളിലേക്കും വളര്ച്ച പ്രാപിക്കുകയാണ് ഭക്തി. ഒപ്പം പല ആശയങ്ങളുടെയും കൂടിച്ചേരലും. മഹാവിദ്യ എന്നത് പത്ത് താന്ത്രിക് ദേവതകളാണ്.കാളി,താര,ത്രിപുര സുന്ദരി,ഭുവനേശ്വരി,ഭൈരവി,ചിന്നമസ്ത,ധുമാവതി,ബഗലമുഖി,മാതംഗി,കമലാത്മിക എന്നിവരാണിവര്‍.ഇതിലൂടെ യോഗിനിയെ ആരാധിക്കുന്നവര്‍,ശൈവമതക്കാര്‍,വൈഷ്ണവമതക്കാര്‍,വജ്റായന ബുദ്ധിസ്റ്റുകള്‍ എന്നിവരെ ഒന്നിപ്പിക്കുകയായിരുന്നു കോച്ച് രാജവംശം ചെയ്തത്. പരമോന്നത ദൈവം സ്ത്രീയാണ് എന്ന ചിന്തയ്ക്കും അന്ന് പ്രാധാന്യം ലഭിച്ചിരുന്നു.യോനി പൂജയില്‍ തുടങ്ങിയ ഒരു മതത്തിന്‍റെ വികാസമായി ഇതിനെ കാണാം. ശിവലിംഗ പൂജ അതിന് മുന്നെ തുടങ്ങിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്.വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും മനുഷ്യസൃഷ്ടിയുടെ അധിപന്‍ പുരുഷനാണ് എന്ന നിലപാടില്‍ നിന്നാവാം ശിവലിംഗ പൂജ തുടങ്ങിയത്. ഇതെല്ലാം വളരെ പ്രാകൃതമായ ഒരു സമൂഹം ശാസ്ത്രം വികസിക്കും മുന്നെ എഴുതി തയ്യാറാക്കിയ അറിവുകളുടെ ആകെത്തുകയാണ് എന്നുകാണാം. എങ്കിലും ആ വിശ്വാസം ലോകം അറിവിന്‍റെ മഹാസാഗരത്തില്‍ ആറാടുമ്പോഴും വിടാതെ ഒപ്പം നില്‍ക്കുന്നു എന്നത് മനുഷ്യാതീതമായി പലതും സംഭവിക്കുന്നതുകൊണ്ടും അവനവനിലെ വിശ്വാസം പൂര്‍ണ്ണമാകാത്തതുകൊണ്ടുമാകാം. അത് പൂര്‍ണ്ണതയിലെത്തിക്കാന് കഴിയും വിധമുള്ള ഗുരുക്കന്മാരും ഇപ്പോള്‍ ഉണ്ടാകുന്നില്ല.ഭക്തിയുടെ ആഴം തീര്‍ച്ചയായും അമ്പരപ്പിക്കുന്നതാണ്.അത് എല്ലാ മതങ്ങള്‍ക്കും ബാധകമാണുതാനും.അതില്‍ സ്നേഹത്തേക്കാളും വെറുപ്പിന് മുന്‍തൂക്കം ലഭിക്കുന്നു എന്നതും കാണാതിരിക്കാന്‍ കഴിയില്ല.

         കാമാഖ്യ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ ത്രിപുര സുന്ദരിയും മാതംഗിയും കമലയുമാണ്.മറ്റ് ഏഴുപേര്‍ക്കും പ്രത്യേകം ക്ഷേത്രങ്ങളുണ്ട്. ഇത്തരത്തില്‍ പത്ത് ദേവതകളും ഒന്നിച്ചൊരിടത്ത് സ്ഥാപിച്ചിട്ടുള്ളത് വളരെ അപൂര്‍വ്വമാണ്.സമ്പന്നമായ ക്ഷേത്രങ്ങളില്‍ പൊതുവെ സംഭവിക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഇവിടെയും സംഭവിക്കുന്നു.പൂജാരികളുടെ സഭയായ ബോര്‍ഡ്യൂരി സമാജ് വര്‍ഷങ്ങളായി നടത്തിവന്ന ക്ഷേത്രത്തില്‍ വരുമാനവും വസ്തുവകകളും കൈകാര്യം ചെയ്യുന്നതില്‍ ക്രമക്കേടുണ്ട് എന്നാരോപിച്ച് കാമാഖ്യ ഡെബട്ടര്‍ ബോര്‍ഡ് രൂപീകരിച്ച് ഭരണം അതിന് കീഴിലാക്കി.ഇതിനെതിരെ പൂജാരി സമൂഹം സുപ്രിംകോടതിയില്‍ പോവുകയും അവര്‍ക്കനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു.ഇപ്പോള്‍ പൂജാരി സമൂഹമാണ് ഭരണം നടത്തുന്നത്.പാരമ്പര്യവും ചരിത്രവും ആവശ്യപ്പെടുന്നത് പൂജാരി സമൂഹം ക്ഷേത്രം നടത്തണം എന്നാണ് എന്നായിരുന്നു കോടതി വിധി.ട്രസ്റ്റ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളും ദുര്‍ഭരണവും ഇതിന് ബലം നല്കുന്നതായും കോടതി വിധിച്ചു.ആധുനിക ഭരണസംവിധാനം കൊണ്ടുവരുന്നതിന് കോടതി വിധി തടസ്സമായി എന്നാണ് ട്രസ്റ്റ് അഭിപ്രായപ്പെടുന്നത്. ഏതായാലും ദൈവത്തിനേക്കാള്‍ മുന്‍തൂക്കം പണത്തിനും അധികാരത്തിനുമാണ് എന്നുതന്നെയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.

     ഏതൊരിടവും കാണുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഒരനുഭവം വായിച്ചാലും ദൃശ്യങ്ങള്‍ കണ്ടാലും ലഭിക്കുകയില്ല.കാമാഖ്യയും അതിനൊരുദാഹരണമാണ് എന്ന് എയര്‍പോര്‍ട്ടിലേക്കുള്ള മടക്കയാത്രയില്‍ മനസ് പറയുന്നുണ്ടായിരുന്നു (അവസാനിച്ചു )✍🏿

No comments:

Post a Comment