അനന്തുവും പാതിവില തട്ടിപ്പും
-വി. ആർ. അജിത് കുമാർ
---------------------------------------------
പാതിവില തട്ടിപ്പിലെ പിടിക്കപ്പെട്ട ഒന്നാം പ്രതിയായ അനന്തു കൃഷ്ണന്‍റെ ലിങ്ക്ട് ഇന്‍ എടുത്തു നോക്കിയപ്പോള്‍ പ്രൊഫൈലില്‍ പറയുന്നത് സോഷ്യല്‍ ആക്ടിവിസ്റ്റ്,നാഷണല്‍ എന്‍ജിഓസ് കോണ്‍ഫെഡറേഷന്‍ എന്നാണ്. 9 മാസം മുന്നെയുള്ള ഒരു പോസ്റ്റ് കണ്ടു. കേരളത്തിലെ 44 നദികളെയും ബന്ധിപ്പിച്ച് മണ്ണും ജലവും നദീതടങ്ങളും സംരക്ഷിക്കുന്ന ഒരു ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു.എല്ലാ മേഖലയിലെയും പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും. സമാനതകളില്ലാത്ത ദേശസ്നേഹി, 3000 ത്തിലധികം സന്നദ്ധ സംഘടനകള്‍ കേരള ഘടകത്തില്‍ തന്നെ ഭാഗമായിട്ടുള്ള ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ, നാഷണല്‍ കോണ്‍ഫെഡറേഷന്‍റെ ചെയര്‍മാന്‍ ശ്രീ.കെ.എന്‍.ആനന്ദകുമാര്‍ സാര്‍ നയിക്കുന്ന നദിയാത്ര. 21 ദിവസം 44 നദികള്‍ 1700 കിലോമീറ്റര്‍ എന്നൊക്കെ എഴുതിയ പോസ്റ്ററില്‍ ചിരിക്കുന്ന ആനന്ദ കുമാറും അനന്തു കൃഷ്ണനും ജലവിഭവ വകുപ്പ് മുന്‍ഡയറക്ടര്‍ ഡോ.സുഭാഷ് ചന്ദ്ര ബോസുമുണ്ട്.
ഈ ജലയാത്ര നടന്നോ എന്നറിയില്ല, ഏതായാലും പാവപ്പെട്ട അനേകം പേരുടെ കൈയ്യിലുണ്ടായിരുന്ന ശുദ്ധജലം പോലുള്ള പണം ഇവര്‍ ഒഴുക്കിക്കൊണ്ടുപോയി എന്നത് ഒരു യാഥാര്‍ത്ഥ്യം. എൻജിഓകള്‍ പലതും തട്ടിപ്പ് സംഘങ്ങളാണ് എന്ന് പറയാറുണ്ട്. ചിലര്‍ പണം കിട്ടിയാല്‍ രാജ്യവിരുദ്ധ പ്രവര്ത്തനങ്ങളും നടത്തും എന്നും കേട്ടിട്ടുണ്ട്. അവരില് നിന്നെല്ലാം ഒരുളുപ്പുമില്ലാതെ പണം പറ്റാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും കഴിയും. ജോണ്‍സണ്‍ മാവുങ്കലിന്‍റെ തട്ടിപ്പിന് വിധേയരായത് പണമുള്ളവരാണെങ്കില്‍ ഇവിടെ ഇത് പാവങ്ങളാണ്. നോട്ടിരട്ടിപ്പിനും കൂടുതല്‍ പലിശ എന്ന വാഗ്ദാനത്തിനും നിയമപരമല്ലാത്ത ഏത് തട്ടിപ്പിനും തല വച്ചുകൊടുക്കുന്ന മലയാളി ഈ തട്ടിപ്പില്‍ വീണുപോയതിന് കുറ്റം പറയാന്‍ കഴിയില്ല. കാരണം ദേശീയ എന്‍ജിഓ കോണ്‍ഫെഡറേഷന് പകുതി വിലയ്ക്ക് സാധനങ്ങള്‍ നല്‍കാന്‍ കഴിയുന്ന സിഎസ്ആര്‍ ഫണ്ടും വ്യക്തിഗത ഫണ്ടും സ്വരൂപിക്കാന്‍ കഴിവുള്ള സംവിധാനമാണ് എന്ന് ഞാനും വിശ്വസിച്ചേനെ.കാരണം അതിന്‍റെ തലപ്പത്ത് വലിയ സ്വാധീനവും നേതൃപാടവവുമുള്ള ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറായ കെ.എന്‍.ആനന്ദകുമാറാണല്ലോ ഉള്ളത്. ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന്‍ നായരാണ് സംഘടനയുടെ പേട്രണ്‍ എന്ന് പറയപ്പെടുന്നു.അപ്പോള്‍ നിയമപരമായി ഒന്നാം പ്രതി അനന്തു ആകാം,എന്നാല്‍ ഇതിന്‍റെ പിന്നിലെ യഥാര്ത്ഥ പ്രതികളെല്ലാം പുറത്തുവരുമോ എന്നത് സംശയമാണ്.എന്താണ് സമൂഹത്തിലെ മാന്യന്മാര്‍ ഇങ്ങിനെയായി മാറുന്നത്. ഒട്ടും മനസിലാക്കാന്‍ കഴിയുന്നില്ല. ✍️
No comments:
Post a Comment