Tuesday, 11 February 2025

Travelogue - Kamakhya - temple with yoni as deity

 

2025 ഫെബ്രുവരി 02-09 ലക്കം കലാകൗമുദിയിൽ ഞാൻ എഴുതിയ യാത്രാ വിവരണം ("യോനി പ്രതിഷ്ഠയായ കാമാഖ്യയുടെ കഥ ") - ഒന്നാം ഭാഗം 🙏🏿

=============

ഗോഹട്ടിയും കാമാഖ്യയും

*****************

-വി.ആര്‍.അജിത് കുമാര്‍

-----------------------------------

ആസ്സാമിന്‍റെ തലസ്ഥാനമായ ഗോഹട്ടിയെ തൊട്ട് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ട്. ഒന്ന് സിക്കിമിലേക്കും മറ്റൊന്ന് ഭൂട്ടാനിലേക്കും.ഗോഹട്ടി വിമാനത്താവളത്തിന് പുറത്തേക്ക് ആ രണ്ട് യാത്രകളിലും ഇറങ്ങിയിരുന്നില്ല.അവിടെനിന്നും അടുത്ത വിമാനത്തില്‍ ബാഗ്ദോഗ്രക്ക് പറന്ന് പിന്നീട് റോഡ് യാത്ര നടത്തുകയായിരുന്നു.2024 ഡിസംബറിലെ യാത്രയില്‍ ഗോഹട്ടിയില്‍ ഇറങ്ങി.എന്നാല്‍ നഗരത്തിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര കാണുന്നതിനും കാമാഖ്യ ക്ഷേത്ര ദര്‍ശനത്തിനും അപ്പുറത്ത് ആസ്സാം കാണാന്‍ ഇത്തവണയും സാധിച്ചില്ല.

ഈ യാത്രയിലെ സഹയാത്രികന്‍ മരുമകന്‍ വിഷ്ണു ചന്ദ്രനായിരുന്നു.പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നെ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസില്‍ പ്രൊബേഷന്‍ കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു പരിശീലനം.അക്കാലത്ത് പലവട്ടം പോയിട്ടുള്ള കാമാഖ്യ ക്ഷേത്രം ഒന്നുകൂടി കാണണം എന്ന ചിന്തയാണ് ത്രിപുരയ്ക്ക് പോകുംവഴിയുള്ള ഈ ഹ്രസ്വസന്ദര്‍ശനം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

വൈകുന്നേരം ചെന്നൈയില്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ രാത്രിയിലാണ് ഗോഹട്ടിയിലെത്തിയത്.2020 ല്‍ കണ്ട വിമാനത്താവളത്തിന് കുറച്ചുകൂടി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മഞ്ഞുകാലത്തിന്‍റെ മൂടലിലാണ് പ്രകൃതി പൊതുവെ.എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി റബുല്‍ അലി സാരഥിയായ ഊബര്‍ ടാക്സിയില്‍ സര്‍ക്കാര്‍ ഗസ്റ്റ്ഹൌസായ ബ്രഹ്മപുത്രയിലേക്ക് യാത്ര തിരിച്ചു.രാത്രിയുടെ വെളിച്ചത്തില്‍ നഗരം കണ്ടുള്ള യാത്ര.എയര്‍പോര്‍ട്ട് റോഡിലും നഗരവീഥികളിലുമൊക്കെ ഭോജനശാലകള്‍ തുറന്നിരിക്കുന്നുണ്ട്. പത്ത് വര്ഷം മുന്നെ ഗോഹട്ടിക്ക് രാത്രിജീവിതമുണ്ടായിരുന്നില്ല എന്ന് വിഷ്ണു പറഞ്ഞു.എട്ടുമണിക്ക് മുന്നെതന്നെ കടകള്‍ അടയ്ക്കും.നേരത്തെ വീടണയുക എന്നതായിരുന്നു രീതി.

ബ്രഹ്മപുത്ര നദിയാണ് ആസ്സാമിന്‍റെ ജീവനാഡി. നദീതീരത്താണ് നഗരം വികസിച്ചിരിക്കുന്നത്.രാത്രിനദിയെ കണ്ടുകണ്ട് ഞങ്ങള്‍ നദിയുടെ വലതുകരയിലുള്ള കുന്നിന്‍ മുകളിലെ ബ്രഹ്മപുത്ര ഗസ്റ്റ്ഹൌസിലെത്തി. മൂന്നാം നിലയിലായിരുന്നു താമസം.അവിടത്തെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നദി കാണാം.വെള്ളമേഘം പോലെ മൂടല്‍.അതിനുതാഴെ നദിയും. ഒഴുക്ക് കുറവാണ്.മഴക്കാലത്ത് കുത്തിയൊഴുകി തിമിര്‍ക്കുന്ന ബ്രഹ്മപുത്ര ശാന്തമായൊഴുകുന്നു.റവന്യൂ വകുപ്പിലെ ഒരു ജീവനക്കാരന്‍ വന്നു പരിചയപ്പെട്ടു.കാമാഖ്യയില്‍ പോകാനുള്ള പ്രോട്ടോകോള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നും രാവിലെ പുറപ്പെടണമെന്നും പറഞ്ഞു.ഗോഹട്ടിയിലെ കാമ്രൂപ് മെട്രോപൊളിറ്റനിലെ ജില്ല കമ്മീഷണറായ സുമിത് സത്താവാന്‍ വിഷ്ണുവിന്‍റെ ബാച്ചിലുള്ള ഐഎഎസ് ഓഫീസറായതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി.വിമാനത്തില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നെങ്കിലും കുറച്ചെന്തെങ്കിലുംകൂടി കഴിക്കണം എന്നുണ്ടായിരുന്നു.റൂംബോയ് വന്നു.അയാള്‍ ഭക്ഷണം തയ്യാറാക്കി കൊണ്ടുവരാം എന്നു പറഞ്ഞു.കുറച്ചുകഴിഞ്ഞ് ഭക്ഷണം എത്തി.ചോറും ചപ്പാത്തിയും കറികളും തൈരുമൊക്കെയായി ഭക്ഷണം കഴിച്ചു. പ്രഭാതഭക്ഷണം ആലുപൊറോട്ടയും തൈരും മതിയെന്ന് പറഞ്ഞ് ഏര്‍പ്പാടാക്കി.

ഞങ്ങള്‍ നല്ലൊരുറക്കത്തിലേക്ക് കടന്നു.രാവിലെ നേരത്തെ എഴുന്നേറ്റു.മഞ്ഞിന്‍റെ മറ മാറിയിട്ടില്ല.അതിനിടയിലൂടെ നദി കാണാം. ബ്രഹ്മപുത്ര തീരത്തുകൂടെ ഒരു സഞ്ചാരമാകാം എന്നു തീരുമാനിച്ചു.തണുപ്പിനെ പ്രതിരോധിക്കുന്ന വേഷഭൂഷകളോടെ പുറത്തിറങ്ങി.ഗസ്റ്റ്ഹൌസ് നില്‍ക്കുന്ന കുന്നിറങ്ങി താഴെ എത്തി.പുഴയുടെ തീരത്ത് ഉത്സവത്തിരക്കാണ്.അവിടം രാവിലെ മീന്‍ചന്തയാണ്.ബ്രഹ്മപുത്രയിലെ മീനാണ് ഗോഹട്ടി ജനങ്ങളുടെ പ്രധാന ഭക്ഷണം.കട്ല,രോഹു,പലയിനം ക്യാറ്റ്ഫിഷുകള്‍ ഒക്കെയാണ് ഇവയില്‍ പ്രിയങ്കരം. പിടയ്ക്കുന്ന മീനുകള്‍ ബക്കറ്റിലും കൂടകളിലുമൊക്കെ നിറയുന്ന കാഴ്ചകളും ആസ്സാമീസ്സ് ഭാഷയിലുള്ള സംഭാഷണങ്ങളും ആരവങ്ങളും മോട്ടോര്‍ ഘടിപ്പിച്ച സൈക്കിള്‍ റിക്ഷകളും പിക്അപ്പ് വാനുകളും ആട്ടോറിക്ഷകളും കാറുകളുമൊക്കെയായി റോഡ് സജീവം.

ഇതിനൊപ്പം ബ്രഹ്മപുത്ര നദിയുടെ തീരം വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള വലിയ പണികളും തുടരുകയാണ് അവിടെ. നദിയുടെ തീരത്തേക്ക് എത്താന്‍ കഴിയാത്തവിധം കെട്ടിമറച്ചാണ് പണികള്‍ നടക്കുന്നത്. ജനങ്ങളുടെ ഒരു പ്രധാന വിശ്രമ വിനോദ കേന്ദ്രമാക്കി നദീതീരത്തെ മാറ്റാനുള്ള പരിശ്രമമാണ് നടക്കുന്നത്.പണി തീരുമ്പോള്‍ ഗുജറാത്തിലെ സബര്‍മതി നദീതീരം പോലെ മനോഹരമാകാനുള്ള സാധ്യതയാണുള്ളത്. മഴക്കാലത്ത് മുടിയഴിച്ചാടുന്ന ബ്രഹ്മപുത്രയെ പ്രതിരോധിക്കാന്‍ കഴിയുംവിധമാകും നിര്‍മ്മാണം എന്നു കരുതാം. പണി പൂര്‍ത്തിയാകുമ്പോള്‍ കാമാഖ്യ ക്ഷേത്രത്തില്‍ നിന്നും രാജ്ഭവന്‍ വരെ വരുന്ന ആറ് കിലോമീറ്റര്‍ ദൂരത്തില്‍ നദീതീരം വികസിക്കും.ലോകത്തിലെ വലിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്ര ആസ്സാമിന്‍റെ സാംസ്ക്കാരികവും പാരിസ്ഥിതികവുമായ അടയാളപ്പെടുത്തലായി കാണാം. കാമാഖ്യ ക്ഷേത്രം നില്ക്കുന്ന നിലാചല കുന്നില്‍ നിന്നുള്ള ബ്രഹ്മപുത്രയുടെ കാഴ്ച മനോഹരമാണ്.അവിടെ ഒരു വ്യൂപോയിന്‍റ് വികസിപ്പിച്ചിട്ടുണ്ട്. ജില്ല കമ്മീഷണറുടെ പഴയ ബംഗ്ലാവ് റിവര്‍ ഹെറിറ്റേജ് കേന്ദ്രമായി വികസിപ്പിച്ചു.പോലീസ്സ് കമ്മീഷണറുടെ പഴയ ബംഗ്ലാവ് സുന്ദരമായ പബ്ളിക് സ്പേയ്സ് ആക്കി.ഏറ്റവും പ്രധാന വികസനം ഉസാന്‍ ബസാര്‍ ഭാഗത്താണ് നടക്കുന്നത്.ആ വഴിയിലാണ് ഞങ്ങള്‍ നടക്കാനിറങ്ങിയത്. വിശാലമായ വാക്ക് വേയും സൈക്കിള്‍ ട്രാക്കും ജോഗിംഗ് ട്രാക്കും റിക്രിയേഷനുള്ള ഇടങ്ങളും ഫുഡ്സ്റ്റാളുകളും സാംസ്ക്കാരിക പരിപാടികള്‍ക്കുള്ള ഇടങ്ങളുമാണ് ഇവിടെ ഒരുക്കുക.നദിയുടെ തെക്കുഭാഗത്തെ ഫാന്‍സി ബസാറിനേയും വടക്കുഭാഗത്തെ ചാങ്സോയിയും ഗൌരിപൂരും തമ്മില്‍ ബന്ധിപ്പിക്കുന്ന ആറുവരി പാലവും പാലത്തിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന ലചിത് ബോര്‍ഭുകന്‍ പ്രതിമയും ആകര്‍ഷണമാകും.1671 ല്‍ മുഗള്‍ സൈന്യത്തെ ചെറുത്തുനിന്ന അഹോം ആര്മിയുടെ ജനറലായിരുന്നു ലചിത്. ഫാന്‍സി ബസാര്‍ ഘട്ടില്‍ നിന്നും ലോകോത്തര നിലവാരത്തിലുള്ള ഫെറി സര്‍വ്വീസും ആരംഭിക്കും.പ്രാദേശിക കച്ചവടക്കാര്‍ക്ക് നല്ല ബിസിനസ്സും പ്രദേശവാസികള്‍ക്ക് മികച്ച ജീവിതസൌകര്യങ്ങളുമാണ് ഒരുക്കുന്നത്. 850 കോടി ചിലവു വരുന്ന പദ്ധതിയുടെ ആര്‍ക്കിടെക്റ്റ് സ്റ്റുഡിയോ ഡിആര്‍എ ആര്‍ക്കിടെക്ട്സും നിര്‍മ്മാണം ഐടിഡി സിമന്‍റേഷന്‍ ഇന്ത്യയുമാണ് നിര്‍വ്വഹിക്കുന്നത്.

വികസന വഴികള്‍ കണ്ട് മടങ്ങിയ ഞങ്ങള്‍ വേഗം തയ്യാറായി.മൈദുല്‍ ഇസ്ലാം കൊണ്ടുവന്ന ആലുപൊറോട്ട കഴിച്ച് പേയ്മെന്‍റും നല്‍കി.മെയ്ദുല്‍ കരാര്‍ ജീവനക്കാരനാണ്.മാസം പതിനായിരം രൂപയാണ് ലഭിക്കുക.ഒരു ജിപേ ടിപ്പ് നല്‍കാന്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അത് തന്നു.പണം അയയ്ക്കാനായി ജിപേ ആപ്പില്‍ നമ്പര്‍ കൊടുത്തപ്പോള്‍ വന്ന പേര് ഗുണ്ട ടെക് എന്നാണ്.രസം തോന്നി.”എന്താണ് മൈദുല്‍ ഈ ഗുണ്ട ടെക്”, ഞാന്‍ ചോദിച്ചു.

  “സര്‍, ടെക്നോളജി പരിചയപ്പെടുത്തുന്ന യൂട്യൂബ് അക്കൌണ്ടാണ്.” ഞാന്‍ ചിരിച്ചു. മൈദുല്‍ ഒരു യൂട്യൂബറാണ്.ഇത്രയും ചോദിച്ചതിന്‍റെ ആവേശത്തില്‍ അവന്‍ യൂട്യൂബ് എടുത്ത് കാണിച്ചുതന്നു.ജോലിവിട്ട് മുഴുവന്‍ സമയ വ്ലോഗറാകാനാണ് ആലോചന എന്നൊക്കെ പറഞ്ഞു (തുടരും )✍🏿

No comments:

Post a Comment