Tuesday, 3 November 2026

The Communist Movement in India – Part 3: Is It Any Wonder That the People Isolated the Communists?

 


ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം (കലാകൌമുദി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര- ഭാഗം -3)

കമ്മ്യൂണിസ്റ്റുകാരെ ജനം ഒറ്റപ്പെടുത്തുന്നതിൽ അത്ഭതമുണ്ടോ?

*********************************

         കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സാമ്രാജ്യവിരുദ്ധ മുന്നണി ശക്തമാക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ വച്ച നിര്‍ദ്ദേശം നെഹ്റുവും പുരോഗമന വാദികളും അംഗീകരിച്ചെങ്കിലും കോണ്‍ഗ്രസിലെ വലതുപക്ഷം അതിനെ നിരസിച്ചു.മാര്‍ക്സിസത്തിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ചുചേര്‍ന്ന് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ ഒറ്റപാര്‍ട്ടി രൂപീകരിക്കണം എന്ന നിര്‍ദ്ദേശം മറ്റൊരവസരത്തില്‍ മുന്നോട്ടുവച്ചതിനെ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ വലതുപക്ഷവും എതിര്‍ത്തു.രണ്ട് നിര്‍ദ്ദേശങ്ങളും കോണ്‍ഗ്രസിലെയും സോഷ്യലിസ്റ്റ് പാർട്ടിയിലെയും  ഭൂരിപക്ഷം അംഗീകരിച്ചില്ലെങ്കിലും രണ്ട് പാര്‍ട്ടികളിലും കുറേ ഇഷ്ടക്കാരെ സൃഷ്ടിച്ചെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞു.

എന്നാല്‍ ഫാസിസത്തിന്‍റെയും യുദ്ധങ്ങളുടെയും ആ കാലത്ത്,ദേശീയ ജനാധിപത്യ വിപ്ലവത്തിന്‍റെ ആശയപരവും രാഷ്ട്രീയവുമായ കളമൊരുക്കലിന് പാര്‍ട്ടിക്ക് കഴിഞ്ഞില്ല.വിപ്ലവത്തിന്‍റെ പ്രത്യേകതകളെയും ദേശീയ പ്രസ്ഥാനത്തെ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്നങ്ങളേയും കുറിച്ച് സമൂര്‍ത്തമായ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ വേണ്ടിയിരുന്നു ഈ കളമൊരുക്കല്‍.നിയമവിധേയവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ കൂട്ടിചേര്‍ത്ത് കൊണ്ടുപോകാന്‍ കഴിവുള്ള സംഘടന എന്ന നിലയില്‍ രാഷ്ട്രീയമായും സംഘടനാപരമായും പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു.മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ജന്മിത്വത്തിനെതിരായ കര്‍ഷക സമരങ്ങളും നാട്ടുരാജ്യങ്ങളിലെ നാടുവാഴിത്ത വിരുദ്ധസമരങ്ങളും നാട്ടിന്‍പുറങ്ങളിലെ പാവപ്പെട്ട വിഭാഗങ്ങളുടെ സാമൂഹ്യമായ പിന്നോക്കനിലക്കെതിരായ സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരാനുള്ള മുന്നൊരുക്കം നടത്താൻ പാര്‍ട്ടി പരാജയപ്പെട്ടു.

      ഫാസിസ്റ്റ് ജര്‍മ്മനിക്കെതിരായ യുദ്ധത്തില്‍ ഇന്ത്യയും കക്ഷിയാണെന്ന് 1939 സെപ്തംബര്‍ മൂന്നിന് വൈസ്രോയി പ്രഖ്യാപിച്ചതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തു.മനുഷ്യരാശിയുടെ പ്രധാന ശത്രു ഫാസിസമാണെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ഫാസിസത്തെ വളര്‍ത്തിയതെന്നും അതിനെ സോവിയറ്റ് യൂണിയനെതിരായ ആയുധമാക്കുകയാണ് ചെയ്യുന്നതെന്നും കമ്മ്യൂണിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യേണ്ടിവരുന്ന സാഹചര്യം മുതലെടുത്ത് സ്വാതന്ത്യസമരം ശക്തിപ്പെടുത്തണം എന്നായിരുന്നു പാര്‍ട്ടി അഭിപ്രായപ്പെട്ടതും.ഈ ആഹ്വാനത്തിന്‍റെ ആവേശം കോണ്‍ഗ്രസിലും സ്പഷ്ടമായിരുന്നു.അതുള്‍ക്കൊണ്ടാണ് 1939 ജനുവരിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ത്രിപുരി സെഷനില്‍ സുഭാഷ് ചന്ദ്രബോസിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.എന്നാല്‍ ഗാന്ധിജിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് പരാജയപ്പെടുകയും ബോസ് കോണ്‍ഗ്രസ് വിട്ട് ഇടതുനിലപാട് സ്വീകരിക്കുകയും ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിക്കുകയും ചെയ്തത്.എന്നാല്‍ സുഭാഷ് ചന്ദ്ര ബോസിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല.

     നാടിന്‍റെ നാനാഭാഗങ്ങളില്‍ നടന്ന യുദ്ധവിരുദ്ധ സമരങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കി.യുദ്ധഫലമായി വിലക്കയറ്റമുണ്ടായതോടെ തൊഴിലാളികള്‍ കൂലിക്കൂടുതലിനായി സമരം തുടങ്ങി.1940 ല്‍ മാത്രം നാലരലക്ഷം തൊഴിലാളികള്‍ പങ്കെടുത്ത 322 പണിമുടക്കങ്ങള്‍ ഉണ്ടായി.യുദ്ധം പ്രഖ്യാപിച്ച് അധികംകഴിയുംമുന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മര്‍ദ്ദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി.പാര്‍ട്ടി പത്രങ്ങള്‍ നിരോധിച്ചു.അനേകം പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് ശിക്ഷിച്ചു.നേതാക്കന്മാരെ വിചാരണ ചെയ്യാതെ തടങ്കലില്‍ വച്ചു.രാജ്യത്ത് പലയിടത്തും നിരോധനാജ്ഞകള്‍ നിലവില്‍ വന്നു.എന്നാല്‍ കോണ്‍ഗ്രസ്സ് അവരുടെ പ്രതിഷേധം വാക്കുകളില്‍ ഒതുക്കുകയും ഒടുവില്‍ വ്യക്തിസത്യാഗ്രഹം എന്ന ലാഘവമായ സമരത്തിലേക്ക് കടക്കുകയും ചെയ്തു.ഇത് കോണ്‍ഗ്രസ് അണികളില്‍ വന്‍പ്രതിഷേധത്തിന് ഇടയാക്കി.ധാരാളം കോണ്‍ഗ്രസ്സുകാരും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകളും ഇതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.എന്നാല്‍ അപ്പോഴും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താനോ ഈ സാഹചര്യം മുതലെടുത്ത് മുന്നേറാനോ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.പ്രമുഖ നേതാക്കളിൽ നല്ലൊരു വിഭാഗം ജയിലിലായിരുന്നതും ഇതിന് കാരണമായി.

   ഇന്ത്യന്‍ ദേശാഭിമാനികള്‍ ഫാസിസത്തെ എതിര്‍ത്തെങ്കിലും അവര്‍ക്ക് സോവിയറ്റ് യൂണിയനോടും ചൈനയോടും പ്രത്യേക മമതയും ഉണ്ടായിരുന്നില്ല.എങ്കിലും 1942 ജനുവരിയില്‍ ചേര്‍ന്ന എഐസിസി സോവിയറ്റ് യൂണിയനോടും ചൈനയോടും  അനുഭാവം പ്രകടിപ്പിച്ച് പ്രമേയം പാസാക്കിയിരുന്നു.പക്ഷെ അതിനെ വേണ്ടവിധം വിനിയോഗിക്കാന്‍ സിപിഐക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല ലോകത്ത് ഫാസിസവും കമ്മ്യൂണിസവും തമ്മില്‍ പുതിയ ഏറ്റുമുട്ടല്‍ നടക്കുന്നത് മനസ്സിലാക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുറച്ചുവൈകി.എങ്കിലും ജനകീയ യുദ്ധമെന്ന മുദ്രാവാക്യം അംഗീകരിച്ചുകൊണ്ട് അധികം വൈകാതെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.ഈ ഘട്ടത്തില്‍ പാര്‍ട്ടി നിയമവിധേയമാവുകയും 1943 മെയ് 23 മുതല്‍ ജൂണ്‍ ഒന്നുവരെ ബോംബെയില്‍ ആദ്യത്തെ സ്വതന്ത്ര പാര്‍ട്ടി കോണ്‍ഗ്രസ്സ് ചേരുകയും ചെയ്തു.പതിനാറായിരം മെമ്പറന്മാരുള്ള പാര്‍ട്ടിയായിരുന്നു അന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.ദേശീയ നേതാക്കളെ ജയിലില്‍ നിന്നും വിടുന്നതിനും ദേശീയ ഐക്യം സ്ഥാപിക്കുന്നതിനും ദേശീയ സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനുമുള്ള പ്രസ്ഥാനം തുടങ്ങാന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനിച്ചു.എന്നാല്‍ ഈ കാലത്ത് ദേശീയ സമരങ്ങളില്‍ നിന്നും ജനകീയ സമരങ്ങളില്‍ നിന്നും പാര്‍ട്ടി വിട്ടുനിന്നു എന്നതാണ് സത്യം.ദേശീയ സര്‍ക്കാര്‍ അനവദിച്ചാല്‍ യുദ്ധത്തില്‍ പങ്കെടുക്കാം എന്ന കോണ്‍ഗ്രസ്സ് നിലപാട് ശരിയായിരുന്നു എന്ന് മനസ്സിലാക്കാതെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നിന്നും സിപിഐ മാറിനിന്നത് മാപ്പ് അര്‍ഹിക്കാത്ത തെറ്റായിരുന്നു.പ്രാദേശിക വികാരത്തെ മാനിക്കാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അന്തർദേശീയ നിലപാടിനൊപ്പം നിന്നതിന്‍റെ പരിണതിയായിരുന്നു ഇത്.ഫാസിസ്റ്റ് വിരുദ്ധതയോടൊപ്പം ദേശീയത കൂടി ഇണക്കിച്ചേര്‍ത്ത് മുന്നോട്ടുപോകേണ്ടതിന് പകരം തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയത്വത്തെ സംബ്ബന്ധിച്ച വരട്ടുതത്വവാദത്തില്‍ ഊന്നിയായിരുന്നു പാര്‍ട്ടി നിന്നത്.

  സിപിഐ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സി.അച്യുതമേനോൻ ഒരു ലേഖനത്തിൽ ഇങ്ങിനെ പറയുന്നു,” 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എടുത്ത നിലപാട് സാർവ്വദേശീയതയേയും ദേശീയതയേയും വേണ്ടവിധത്തിൽ ശരിയായി സമന്വയിപ്പിക്കുന്നതിൽ പറ്റിയ പരാജയമാണ്.യുദ്ധത്തിൽ റഷ്യ ജയിക്കണം,ഹിറ്റ്ലർ പരാജയപ്പെടുകയും വേണം.അത് ലോകത്തിൽ ജനാധിപത്യവും സ്വാതന്ത്ര്യവും നിലനിൽക്കുന്നതിന് ആവശ്യമാണ്.അക്കാര്യത്തിൽ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും തമ്മിൽ തർക്കമുണ്ടായിരുന്നില്ല.ക്വിറ്റ് ഇന്ത്യ സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള 1942 ആഗസ്റ്റ് എട്ടിലെ ബോംബെ എഐസിസിയിലെ പ്രമേയത്തിൽതന്നെ അന്ന് നടന്നുകൊണ്ടിരുന്ന ആഗോളയുദ്ധത്തിൽ ഫാസിസ്റ്റ് ശക്തികള്‍ പരാജയപ്പെടേണ്ടതിന്‍റെയും സോവിയറ്റ് റഷ്യ ജയിക്കേണ്ടതിന്‍റെയും ആവശ്യത്തെപ്പറ്റി എടുത്തുപറഞ്ഞിരുന്നു.എന്നാൽ അതിനുവേണ്ടി ഹിറ്റ്ലറെ എതിർക്കുന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് നമ്മുടെ ശത്രുവായ നമ്മെ അടക്കിവച്ചിരിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തെ സഹായിക്കേണമെന്നുണ്ടോ? ഇല്ല എന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചു പറഞ്ഞു.അന്തസോടുകൂടി യുദ്ധത്തിൽ പങ്കെടുക്കത്തക്കവണ്ണം ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകി ഇന്ത്യയെ തുല്യപങ്കാളിയാക്കാതെ യുദ്ധത്തെ സഹായിക്കുന്ന പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.ആ പ്രഖ്യാപനം ഇന്ത്യയിലെ സകലമാന ജനങ്ങളേയും കമ്മ്യൂണിസ്റ്റുകാരൊഴിച്ചുള്ള സോഷ്യലിസ്റ്റുകാരെയും ഫോർവേഡ് ബ്ലോക്കുകാരെയും മറ്റെല്ലാ രാജ്യസ്നേഹികളേയും ബ്രിട്ടനെതിരായി അണിനിരത്തി.അന്ന് കമ്മ്യൂണിസ്റ്റുകള്‍ ആ ദേശീയവികാരത്തിൽ പങ്കുകൊള്ളാതെ മാറിനിന്നു.1944ൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തുവന്ന നെഹ്റു കമ്മ്യൂണിസ്റ്റുകാരെപ്പറ്റി പറഞ്ഞത് അവർ അപ്പുറത്തായിരുന്നു എന്നാണ്.സമരത്തിൽ തങ്ങള്‍ പങ്കുകൊള്ളാതിരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് കമ്മ്യൂണിസ്റ്റുകാർ പറഞ്ഞ മറുപടി എന്താണെന്നോ?ആഗസ്റ്റ് സമരം ഗാന്ധിജി ആഹ്വാനം ചെയ്ത ഒന്നല്ല എന്നാണ്.കാരണം അഹിംസാവാദിയായ ഗാന്ധിജി കമ്പി മുറിക്കലും തീവണ്ടി മറിച്ചിടലും പാലം ബോംബ് വച്ച് തകർക്കലും മറ്റുമായ സമരരീതികള്‍ ഒരിക്കലും അനുകൂലിക്കുമായിരുന്നില്ലത്രെ.അതുവരെ ഗാന്ധിജിയുടെ അഹിംസവാദത്തെ അവസരം കിട്ടുമ്പോഴൊക്കെ പരിഹസിക്കുകയും എതിർക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാർ ഒറ്റ രാത്രികൊണ്ട് എത്ര പെട്ടെന്ന് അഹിംസവാദികളായി.ജനങ്ങളുടെ മുന്നിൽ പരിഹാസ്യരായി തീരുകയാണെന്ന സത്യം കമ്മ്യൂണിസ്റ്റുകാരറിഞ്ഞില്ല.ഇന്ത്യയാകെ തിളച്ചുമറിഞ്ഞുവരുന്ന അവസരത്തിൽ ഇന്ത്യൻ ജനതയുടെ വികാരത്തിനൊത്തുനിൽക്കാൻ കഴിയാതിരുന്ന കമ്മ്യൂണിസ്റ്റുകാരെ ജനങ്ങള്‍ ഒറ്റപ്പെടുത്തിയതിൽ അത്ഭുതമുണ്ടോ?അന്ന് പാർട്ടിക്കുണ്ടായ നഷ്ടം പിന്നീടൊരിക്കലും നികത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് എന്‍റെ അഭിപ്രായം.ഒരു രാജ്യം അതിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുമ്പോള്‍ ആ പോരാട്ടത്തിൽ സർവ്വസ്വവും ഉപേക്ഷിച്ച് എടുത്തുചാടുക എന്നതാണ് യഥാർത്ഥ ദേശാഭിമാനം.അതുതന്നെയാണ് അക്കാലത്തെ ഉത്തമ സാർവ്വദേശീയതയും  “.അച്യുതമേനോന്‍റെ ഈ വിലയിരുത്തൽ ശരിയാണ് എന്നതിൽ ഇന്നാർക്കും തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല.

     യുദ്ധാനന്തരം തെറ്റുമനസ്സിലാക്കി ഉണര്‍ന്നുപ്രവര്‍ത്തിച്ച പാര്‍ട്ടി ക്ഷാമനിവാരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍കൈ എടുത്തു.ജനങ്ങളെ ബാധിച്ച നിരാശ തീര്‍ക്കുന്നതിനും ദേശീയ ഐക്യം വളര്‍ത്തുന്നതിനും പാര്‍ട്ടി ശ്രമിച്ചു.1945 ല്‍ തൊഴിലാളി-കര്‍ഷക പ്രക്ഷോഭങ്ങള്‍ മൂര്‍ച്ഛിച്ചു.ഭക്ഷണത്തിനുവേണ്ടിയുള്ള മുറവിളി എവിടെയും ഉയര്‍ന്നു.1945 ല്‍ മാത്രം എട്ടുലക്ഷം തൊഴിലാളികള്‍ പണിമുടക്കി.സ്വന്തം സാമ്പത്തിക കാലാവസ്ഥ മെച്ചമാക്കാന്‍ മാത്രമായിരുന്നില്ല സമരങ്ങള്‍.ഇന്തോനേഷ്യയിലെ സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ ആയുധങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്നതിനെതിരെയും ഐഎന്‍എ തടവുകാരുടെ ശിക്ഷക്കെതിരെയും സമരമുണ്ടായി.1946 ജനുവരി ഫെബ്രുവരി കാലത്ത് വ്യോമസേനയിലും നാവികസേനയിലും കലാപം പൊട്ടിപ്പുറപ്പെട്ടു.ബോംബെയില്‍ 1500 വൈമാനികരും 2000 നാവികരും പണിമുടക്കി.വിപ്ലവം ജയിക്കട്ടെ,സാമ്രാജ്യത്വം നശിക്കട്ടെ എന്നായിരുന്നു മുദ്രാവാക്യം.ബ്രിട്ടീഷ് പടക്കപ്പലിലെ സൈനികര്‍ സംഘടിപ്പിച്ച റോയല്‍ ഇന്ത്യന്‍ നേവി കലാപം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സുപ്രധാനമായ ഒന്നായിരുന്നു.ബോംബെയിലെ നാവിക സിഗ്നല്‍ പരിശീലന കേന്ദ്രമായ എച്ച്എംഐഎസ് തല്‍വാറിലായിരുന്നു കലാപം തുടങ്ങിയത്.ഇത് വിശാഖപട്ടണം,കറാച്ചി,കല്‍ക്കട്ട,മദ്രാസ്,കോട്ട തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.മോശപ്പെട്ട ഭക്ഷണം,ജീവിതാവസ്ഥ,അവഗണന,കുറഞ്ഞകൂലി തുടങ്ങി അനേകം വിഷയങ്ങള്‍ സമരത്തിന് കാരണമായി.കലാപക്കാര്‍ കോണ്‍ഗ്രസ്സ്,ലീഗ്,കമ്മ്യൂണിസ്റ്റ് പതാകകള്‍ ഉയര്‍ത്തി.ഇവരോട് അനുഭാവം പ്രകടിപ്പിച്ച് ബോംബെയില്‍ രണ്ടുലക്ഷം തൊഴിലാളികള്‍ ഹര്‍ത്താല്‍ നടത്തി.എന്നാല്‍ ഗാന്ധിജി കലാപത്തെ എതിര്‍ത്തു.കോണ്‍ഗ്രസ്സും മുസ്ലിംലീഗും നാവികരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.ഫെബ്രുവരി 23-24 തീയതികളിലായി സമരക്കാര്‍ കീഴടങ്ങി.നൂറുകണക്കിന് നാവികരെ അറസ്റ്റു ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തു.ഈ സമരവും സിപിഐക്ക് വേണ്ടവിധം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സങ്കടകരം.

    കൽക്കത്ത തീസിസും തുടർ ചലനങ്ങളും

    1945-46 കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ തെരഞ്ഞെടുപ്പ് നടന്നു. സ്വാതന്ത്ര്യസമരം തുടരണമെന്നും ജനപ്രതിനിധി സഭക്ക് കൂടുതല്‍ അധികാരം നല്കണമെന്നും ദേശീയ ജനവിഭാഗങ്ങള്‍ക്ക് സ്വയം നിര്‍ണ്ണായകാവകാശം നല്‍കണമെന്നും ജന്മിത്വം അവസാനിപ്പിക്കണമെന്നും അടിസ്ഥാന വ്യവസായങ്ങള്‍ ദേശസാല്‍ക്കരിക്കണെമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐ തനിച്ചാണ് മത്സരിച്ചത്.പ്രോവിൻസുകളിലെ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച പാർട്ടി കേന്ദ്ര അസംബ്ലിയിലേക്ക് സ്ഥാനാർത്ഥികളെ നിർത്തിയില്ല.പ്രോവിന്‍സുകളിൽ 108 സ്ഥാനർത്ഥികള്‍ മത്സരിച്ചെങ്കിലും തൊഴിലാളികള്‍ക്ക് സംവരണം ചെയ്തിരുന്ന ഒന്‍പതിടത്ത് മാത്രമെ പാർട്ടിക്ക് ജയിക്കാന്‍ കഴിഞ്ഞുള്ളു.എട്ടുലക്ഷം വോട്ടുകളും ലഭിച്ചു.ഹിന്ദു ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ കോണ്‍ഗ്രസ്സും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ലിംലീഗും വിജയിച്ചു.കേന്ദ്ര നിയമ സഭയിലെ 102 സീറ്റുകളില്‍ 57 എണ്ണം കോണ്‍ഗ്രസിനും 30 സീറ്റ് ലീഗിനും ലഭിച്ചു.എട്ട് പ്രോവിന്‍സുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് ലീഗും മേല്‍ക്കൈ നേടി.1946 ൽ ജവഹർലാൽ നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രൂപീകരിച്ചു.ലീഗ് ആദ്യം സർക്കാരിൽ ചേര്‍ന്നില്ലെങ്കിലും പിന്നീട് ഭരണത്തിന്‍റെ ഭാഗമായി.ഈ തെരഞ്ഞെടുപ്പോടെ പാകിസ്ഥാന്‍ രൂപീകരണത്തിനുള്ള ലീഗിന്‍റെ അവകാശവാദത്തിന് ആക്കം കൂടി.

   ഇന്ത്യയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ല.തന്മൂലം സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു.ഖനിത്തൊഴിലാളികള്‍,റെയില്‍വേ,ടെക്സ്റ്റയില്‍ തൊഴിലാളികള്‍ ഒക്കെയും സമരപാതയിലായിരുന്നു.1466 പണിമുടക്കുകള്‍ നടന്നു.ഇതില്‍ പതിനേഴര ലക്ഷം തൊഴിലാളികള്‍  പങ്കെടുത്തു.സര്‍ക്കാര്‍ പൈശാചികമായാണ് സമരത്തെ നേരിട്ടത്.രാജഭരണത്തിനെതിരെ നാട്ടുരാജ്യങ്ങളിലും പ്രക്ഷോഭം ശക്തമായി.തിരുവിതാംകൂറിലെ പുന്നപ്ര-വയലാര്‍ സമരത്തിലും ഹൈദരാബാദിലെ തെലുങ്കാന സമരത്തിലും അനേകംപേര്‍ രക്തസാക്ഷികളായി.ഈ കാലം വടക്കേയിന്ത്യയില്‍ ബ്രിട്ടീഷ് ഏജന്‍റുമാരുടെയും വര്‍ഗ്ഗീയവാദികളുടെയും ശ്രമഫലമായി സമുദായിക ലഹളകളും പൊട്ടിപ്പുറപ്പെട്ടു.മതസൌഹാര്‍ദ്ദം സ്ഥാപിക്കാനും ലഹളകള്‍ ഇല്ലാതാക്കാനും കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങി.

      സ്വാതന്ത്ര്യ ലഭ്യത ആഘോഷിക്കുന്നതിനൊപ്പം സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം,കോമണ്‍വെല്‍ത്തില്‍ നിന്നുള്ള പിന്‍വാങ്ങല്‍,ബ്രിട്ടീഷ് മൂലധനത്തിന്‍റെ ദേശവല്‍ക്കരണം,നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കല്‍,ജന്മിത്തം അവസാനിപ്പിക്കല്‍,തൊഴിലാളികളുടെ കൂലിയും തൊഴില്‍ സൌകര്യങ്ങളും മറ്റു ജീവിത സൌകര്യങ്ങളും വര്‍ദ്ധിപ്പിക്കല്‍ എന്നീ അജണ്ടകളും സിപിഐ മുദ്രാവാക്യമാക്കി.എന്നാല്‍ പക്വമായ ഈ നിലപാടിനെ എതിര്‍ക്കുന്ന ഒരു തീവ്രപക്ഷം പാര്‍ട്ടിയിലുണ്ടായിരുന്നു.അവര്‍ പാര്‍ട്ടിയില്‍ വിഭാഗീയത കൊണ്ടുവന്നു.നൈസാം ഭരിച്ചിരുന്ന ഹൈദരാബാദ് നാട്ടുരാജ്യത്തെ തെലങ്കാനയില്‍ വലിയ ഭൂഉടമകളായ ദേശ്മുഖ്,ജാഗിർദാര്‍ എന്നിവര്‍ക്കെതിരെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച് നടത്തിയ മുന്നേറ്റത്തില്‍ മൂവായിരം പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കിയതും പത്തുലക്ഷം ഏക്കര്‍ ഭൂമി പുനര്‍വിതരണം ചെയ്തതും വലിയ പ്രചോദനമായിരുന്നു.ചൈനയിലെ മാവോ വിപ്ലവം പോലെ ഒന്ന് ഇന്ത്യയില്‍ സാധിതമാകും എന്ന് ഒരുകൂട്ടർ കണക്കുകൂട്ടി.1948 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിൽ പുതിയ നയപരിപാടികള്‍ അവതരിപ്പിച്ചു.വിപ്ലവത്തിന്‍റെ സ്വഭാവം,മുന്നണിയുടെ സ്വഭാവം,ബൂര്‍ഷ്വാസിയുടെ നേരെയുള്ള സമീപനം,ദേശീയ സര്‍ക്കാരിന്‍റെ സ്വഭാവം തുടങ്ങി പലകാര്യങ്ങളിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച തീസിസും രണദിവേ പ്രസംഗവും പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ അടവുകളും ചേര്‍ന്നതായിരുന്നു പുതിയ പരിപാടി. സ്വാതന്ത്ര്യസമരം വഞ്ചിക്കപ്പെട്ടിരിക്കയാണെന്നും കോണ്‍ഗ്രസിന്‍റെ ബൂര്‍ഷ്വാ ചാഞ്ചാട്ടങ്ങള്‍ ഒടുവില്‍ രാജ്യത്തെ കീഴടങ്ങലില്‍ എത്തിച്ചിരിക്കുകയാണ് എന്നുമായിരുന്നു പാര്‍ട്ടി നിലപാട്.ബ്രിട്ടീഷ് ആധിപത്യം രൂപം മാറുകയല്ലാതെ അവസാനിച്ചിട്ടില്ല എന്നും മൌണ്ട്ബാറ്റണ്‍ അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വത്തിന്‍റെ പിന്‍വാങ്ങല്‍ അല്ല മറിച്ച് ഉയര്‍ന്നുവരുന്ന ഇന്ത്യന്‍ ജനതയുടെ ശക്തികള്‍ക്കെതിരായ തന്ത്രപൂര്‍വ്വമായ ഒരു പ്രത്യാക്രമണമാണ് എന്നും പാര്‍ട്ടി വിലയിരുത്തി.

  ദേശീയ സര്‍ക്കാര്‍ കീഴടങ്ങലിന്‍റെ സര്‍ക്കാരാണ് എന്നും സാമ്രാജ്യത്വ പങ്കാളികളുടെ ഈ സര്‍ക്കാര്‍ ദേശീയ സന്ധി മനോഭാവത്തിന്‍റെ സര്‍ക്കരാണ് എന്നും പാര്‍ട്ടി വിശ്വസിച്ചു.സാമ്രാജ്യത്വ ബൂര്‍ഷ്വാ നാടുവാഴിത്ത കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ തൊഴിലാളി വര്‍ഗ്ഗവും കൃഷിക്കാരും വിപ്ലവകാരികളായ ബുദ്ധിജീവികളും മര്‍ദ്ദിതരായ ഇടത്തരക്കാരും തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തിന്‍ കീഴില്‍ ഒന്നിക്കണം എന്നതായിരുന്നു സിപിഐയുടെ ഭാവിലക്ഷ്യം.ജനാധിപത്യ വിപ്ലവത്തിന് തയ്യാറെടുക്കാനും അതോടൊപ്പം സോഷ്യലിസം കെട്ടിപ്പടുക്കാനും ജനകീയ വിപ്ലവം സംഘടിപ്പിച്ച് വിജയിക്കേണ്ടതുണ്ട് എന്നതായിരുന്നു വിലയിരുത്തൽ. അതിനാവശ്യമായ ജനാധിപത്യ രാഷ്ട്രമെന്നാല്‍ തൊഴിലാളികളും കൃഷിക്കാരും മര്‍ദ്ദിതരായ പെറ്റിബൂര്‍ഷ്വാസിയും ചേര്‍ന്നതാണ് എന്നും പാർട്ടി നേതൃത്വം വിശ്വസിച്ചു.ധനികകൃഷിക്കാരടക്കമുള്ള ബൂര്‍ഷ്വാവര്‍ഗ്ഗം ആകെത്തന്നെ സാമ്രാജ്യത്വപക്ഷത്ത് ചേര്‍ന്നിരിക്കുന്നു എന്ന വിധമായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട തീസിസ്.സാമ്രാജ്യത്വം,ദേശീയ ബൂര്‍ഷ്വാ വര്‍ഗ്ഗം,നാടുവാഴിത്ത ശക്തികള്‍ എന്നിവ ഒന്നുചേര്‍ന്ന് ഉണ്ടായിട്ടുള്ള കൂട്ടുകെട്ടിനെതിരെ സോഷ്യലിസ്റ്റ് വിപ്ലവത്തിന് കളമൊരുങ്ങുന്നു എന്ന ധ്വനിയും അതിലുണ്ടായിരുന്നു.രാജ്യത്തെ ആകെ ജനതയുടെ ഒരു ചെറുശതമാനം മാത്രം വരുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് എടുക്കാന്‍ കഴിയാത്തൊരു ഭാരമായിരുന്നു സത്യത്തിൽ കൽക്കട്ട തീസിസിലുണ്ടായിരുന്നത്.നാടിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയുള്ള ഈ നീക്കം പാര്‍ട്ടിയുടെ മുന്നേറ്റത്തെ തടയുകയാണ് ചെയ്തത്.തീസിസ് മുന്നോട്ടുവച്ച ലക്ഷ്യസാധ്യത്തിനായുള്ള നീക്കത്തെ ചെറുക്കാന്‍ ഭരണാധികാരികള്‍ മര്‍ദ്ദനമുറകള്‍ ശക്തമാക്കി.പൊതുസുരക്ഷാനിയമം എന്ന കരിനിയമം പാസാക്കി പാര്‍ട്ടിയെ കടന്നാക്രമിച്ചു.1948 മാര്‍ച്ചില്‍ ബംഗാളിലും സെപ്തംബറില്‍ ഹൈദരാബാദിലും 1949 സെപ്തംബറില്‍ മദിരാശിയിലും 1950 ല്‍ തിരുകൊച്ചിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും തൊഴിലാളി സംഘടനകളെയും നിരോധിച്ചു.പ്രവര്‍ത്തകരെ ജയിലിലടച്ചു.അതികഠിനമായ മര്‍ദ്ദനം നാടാകെ അഴിച്ചുവിട്ടു.പാര്‍ട്ടിപത്രങ്ങള്‍ നിരോധിച്ചു.തൊഴിലാളി സംഘടനകളെ ഭിന്നിപ്പിക്കാനും കഴിഞ്ഞു.1947 മേയില്‍ ഐഎന്‍ടിയുസിയും 1948 ഡിസംബറില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഹിന്ദ് മസ്ദൂര്‍ സഭയും ഫോര്‍വേഡ് ബ്ലോക്കിന്‍റെ അസോസിയേഷന്‍ ഓഫ് ട്രേയ്ഡ് യൂണിയന്‍ കമ്മറ്റിയും നിലവില്‍ വന്നു.കേന്ദ്ര സംഘടന നാലായി പിരിഞ്ഞത് പ്രസ്ഥാനത്തെ ക്ഷീണിപ്പിച്ചു.ജനാധിപത്യത്തിന്‍റെ ശൈശവദശയില്‍ അതിനുള്ളില്‍ നിന്നുകൊണ്ട് ജനവിശ്വാസം ആര്‍ജ്ജിക്കാനുള്ള ശ്രമമായിരുന്നു പാര്‍ട്ടി നടത്തേണ്ടിയിരുന്നത്.ഇവിടെ വീണ്ടും ബോണ്‍സായ് ഇഫക്ട് ഉണ്ടായത് കാണാന്‍ കഴിയും.

    തെറ്റായ നയങ്ങള്‍ മൂലം ഒറ്റപ്പെട്ട പാര്‍ട്ടിക്ക് സ്വതന്ത്ര ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിന്‍റെ ആക്രമണങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല.ഒടുവിൽ ആന്ധ്രയിലെ പാർട്ടി ഘടകം നയംമാറ്റ നിര്‍ദ്ദേശവുമായി മുന്നോട്ടുവന്നു.ഇതിന്മേലുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ 1950 ജൂണില്‍ കേന്ദ്രക്കമ്മറ്റി പുതിയ രാഷ്ട്രീയ പ്രമേയം കൊണ്ടുവന്നു.ദേശീയ ബൂര്‍ഷ്വാസിയിലെ ഒരു വിഭാഗം സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ പങ്കാളിയാകും എന്ന് പാര്‍ട്ടി കണക്കുകൂട്ടി.തെലങ്കാന സമരം പോലുള്ള സമരങ്ങള്‍ കൂടി സംഘടിപ്പിച്ച് മുന്നേറാന്‍ കഴിയുമെന്നും കേന്ദ്രക്കമ്മറ്റി വിലയിരുത്തി.എന്നാല്‍ അത് അസാധ്യമായ ഒരു കണക്കായിരുന്നു.തെലുങ്കാന സമരം ഐതിഹാസികമായിരുന്നെങ്കിലും അത് ഒരു ജനാധിപത്യ സംവിധാനത്തില്‍ തുടരാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യമായിരുന്നു.അത്  മറ്റിടങ്ങള്‍ക്ക്  യോജ്യവുമായിരുന്നില്ല.ചൈനീസ് വിപ്ലവത്തിന്‍റെ സമാനസ്വഭാവം ഇന്ത്യന്‍ വിപ്ലവത്തിന് വേണമെന്ന് ചില സഖാക്കള്‍ നിര്‍ബ്ബന്ധം പിടിച്ചു.ഈ രണ്ട് ചിന്തകളും മറ്റു പലനേതാക്കള്‍ക്കും ഇഷ്ടപ്പെട്ടില്ല.തന്മൂലം പാര്‍ട്ടിയില്‍ അഭിപ്രാഭിന്നതകള്‍ തുടരുകതന്നെ ചെയ്തു.പിന്നീട് പാര്‍ട്ടിയെ വളര്‍ത്താനുള്ള ശ്രമമല്ല നടന്നത്,മറിച്ച് പ്രസ്ഥാനത്തിലുടനീളം ആശയപരമായ ചര്‍ച്ചകള്‍ മാത്രമായി.ബഹുജനപ്രവര്‍ത്തനങ്ങളില്‍ നിന്നും പാര്‍ട്ടി പൂര്‍ണ്ണമായും അകന്നുപോയി.ആശയൈക്യമില്ലാതായി എന്നുമാത്രമല്ല അരാജകത്വവും സാഹസസമരത്തിനുള്ള ശ്രമവും കാരണം ശരിയായ രാഷ്ട്രീയപ്രശ്നങ്ങളില്‍ ഇടപെടാത്ത കാലമായി അത് മാറി.ഒടുവിൽ പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ സജീവമാകാം എന്ന ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുകയും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ പ്രസ്ഥാനത്തിൽ വരുകയും ചെയ്തു.(തുടരും)