Saturday, 15 February 2025

When dredging sea sand.....

 

കടല്‍ മണല്‍ കോരുമ്പോള്‍

***************

വി. ആർ. അജിത് കുമാർ 

-------

കേരളം,ഗുജറാത്ത്,ആന്‍ഡമാന്‍-നിക്കോബാര്‍ തീരങ്ങളില്‍ നിന്നും കടല്‍ മണലും ധാതുക്കളും ഖനനം ചെയ്യാന്‍ കേന്ദ്ര ഖനി മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിരിക്കയാണ്.കേരളത്തിലെ കടല്‍ മേഖലയില്‍ നിര്‍മ്മാണ ആവശ്യത്തിനുള്ള 74.5 കോടി ടണ്‍ മണല്‍ ശേഖരമുണ്ട് എന്നാണ് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.കേന്ദ്ര സര്‍ക്കാരിന്‍റെ ബ്ലൂ ഇക്കോണമി നയത്തിന്‍റെ ഭാഗമായാണ് ഈ നീക്കം.കടലിലെ ധാതുക്കളും ഖനിജങ്ങളും പ്രകൃതി വാതകങ്ങളും എല്ലാം വരുമാന മാര്‍ഗങ്ങളാക്കുക എന്നതാണ് ലക്ഷ്യം. മണലിന്‍റെ റോയല്‍റ്റി,കപ്പല്‍ ഗതാഗതം,വ്യാപാരം,ജിഎസ്ടി എന്നിവ വഴി കോടിക്കണക്കിന് രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം നിര്‍മ്മാണ മേഖല സജീവമാകുകയും ചെയ്യും. മത്സ്യ സമ്പത്തിന്‍റെ ശോഷണം,കടലാക്രമണം,ചുഴലിക്കാറ്റ് എന്നിവയാല്‍ ജീവിതം ഗതിമുട്ടിനില്‍ക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് പകരം തൊഴില്‍ കണ്ടെത്തുകയും നല്ല നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടാകണം ഇത്തരമൊരു നീക്കം നടത്താന്‍ എന്നതില്‍ സംശയമില്ല.തീരപ്രദേശം സംഘര്‍ഷഭരിതമാക്കാതെ രേഖാമൂലമുള്ള ഉറപ്പ് നല്‍കി അവരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.മണലിന് പുറമെ ധാതുമണലും ഖനനം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് ആധുനിക ലോകത്തിന് അതിപ്രധാനമാണുതാനും. 


സിംഗപ്പൂരും ചൈനയും നെതര്‍ലാന്‍ഡ്സും യുണൈറ്റഡ് അറബ് എമിറേറ്റ്സുമൊക്കെ വന്‍തോതില്‍ കടല്‍ മണല്‍ ഖനനം നടത്തുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇവ പരമാവധി ആഭ്യന്തര ഉപയോഗത്തിന് മാത്രമെ   ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കുക എന്നതാണ്. മണലിന്‍റെയും ധാതുക്കളുടെയും കയറ്റുമതി അനിവാര്യ ഘട്ടത്തില്‍ മാത്രമെ അനുവദിക്കാവൂ. 🧐

No comments:

Post a Comment