Sunday, 7 July 2019

Story - Thikachum sadharanam

കഥ

തികച്ചും സാധാരണം

(2004 ല്‍ ജൂലൈയില്‍ കുങ്കുമത്തില്‍  പ്രസിദ്ധീകരിച്ചത്)

പുലരിവെട്ടം വീണ് കുളിര്‍മ്മ മാറിയ മുറ്റം. അവിടം നിറയെ റോസാപ്പൂക്കളുടെ സുഗന്ധം പരത്തുന്ന കാറ്റ്.

ഇത് പ്രൊഫസര്‍ ജോസഫ് അഗസ്റ്റിന്‍ ഫെര്‍ണാണ്ടസിന്റെയും ചിന്നമ്മു ഫെര്‍ണാണ്ടസിന്റെയും വീട്ടുമുറ്റം. ഇവരെകൂടാതെ ഈ വീട്ടില്‍ ഏക മകള്‍ റോസിയും ഡ്രൈവര്‍ സുരേഷും അടുക്കളയില്‍ ത്രേസ്യ ചേച്ചിയും പിന്നെ കുറെ കിളികളും ഒരു പൊമറേനിയന്‍ നായയും സുന്ദരിപ്പൂച്ചയുമുണ്ട്.

കിളികള്‍ കൊത്തിച്ചിനയ്ക്കുന്ന ബഹളത്തിനൊപ്പം അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ കിലുങ്ങുന്ന സ്വരവും വ്യക്തമായി കേള്‍ക്കാം.

പ്രൊഫസര്‍ സുസ്‌മേരവദനനായി പ്രധാനഹാളിലെത്തി. ഹാള്‍ നിറയെ കോളേജ് കുമാരന്മാരും കുമാരികളും. ഹാളിലെ ബഹളം പെട്ടെന്നു നിലച്ചു.

പ്രൊഫസര്‍ ഒന്നുരണ്ട് കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് ശേഷം പുസ്തകം കൈയ്യിലെടുത്ത് മാക്ബത്ത് നാടകത്തിന്റെ രണ്ടാമങ്കത്തിലേക്ക് ഓടിക്കയറി.

നാടകാന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രൊഫസറുടെ ചാതുര്യം അപാരമാണ്. ഉയര്‍ന്ന ശബ്ദവും ഭാവങ്ങളും കരചലനവും കൊണ്ട് കുട്ടികളെ നിശബ്ദരാക്കിയിരുത്താന്‍ പ്രൊഫസര്‍ക്ക് തീരെ പ്രയാസമില്ല.

ശ്വാസമടക്കിയിരുന്ന് കേള്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. മണിക്കൂറുകള്‍ വിടചൊല്ലി പിരിഞ്ഞു. എല്ലാം മറന്നുള്ള ഒഴുക്കാണ്. ആര്‍ക്കും തടയാന്‍ തോന്നാത്തൊരൊഴുക്ക്. എന്നാല്‍ തടയാതിരിക്കാനും കഴിയില്ല. കോളേജില്‍ എത്തേണ്ട കുട്ടികളാണ്. പ്രൊഫസര്‍ക്കും കോളേജില്‍ എത്തേണ്ടതുണ്ട്. സമയത്തിനൊപ്പം ഒരിക്കലും നടക്കാത്ത ആളാണ് പ്രൊഫസര്‍. പലപ്പോഴും പിന്നാലെ, ചിലപ്പോള്‍ മുന്നെയും.

' സാര്‍ ', സുരേഷ് വിളിച്ചു. വാതിലിനു മുന്നില്‍ അവന്‍ പ്രത്യക്ഷപ്പെട്ട് നല്‍കുന്ന സൂചന എന്തെന്ന് പ്രൊഫസര്‍ക്കറിയാം. സമയം ഏറെയാകുന്നു, ക്ലാസ് മതിയാക്കാം എന്നാണ് ആ സൂചന. പ്രൊഫസര്‍ തലയുയര്‍ത്തി വിളിയുടെ പൊരുള്‍ മനസിലാക്കി പുസ്തകം മടക്കി. കുട്ടികള്‍ ഹാള്‍വിട്ട് പുറത്തേക്ക് പാഞ്ഞു. ഇനി അടുത്ത വണ്ടി കിട്ടിയിട്ടുവേണം കോളേജിലെത്താന്‍.

പ്രൊഫസറും ധൃതിയില്‍ ഒരുങ്ങിയിറങ്ങി.

ആദ്യ പീരിയഡ് സെക്കന്റ് ബിഎയ്ക്കാണ്.

സുരേഷിന്റെ കരചലനങ്ങള്‍ക്കൊപ്പം മാരുതി പാഞ്ഞു. വേഗത പോരായെന്ന് പ്രൊഫസര്‍ക്കു തോന്നി. എഴുപതിന് താഴെയായാല്‍ പിന്നെ  അസ്വസ്ഥതയാണ്.

' എന്താടാ സുരേഷെ, ഇത് എറുമ്പുവണ്ടിയൊ ? ', പ്രൊഫസര്‍ കളിയാക്കും.

' സാര്‍, ട്രാഫിക്  ?', അവന്‍ പതിയെ പറയും

' എന്ത് ട്രാഫിക്, നീ മാറ് , ഞാനോടിച്ച് കാണിക്കാം ', അവന്‍ വെറുതെ ചിരിച്ചു, പതിവുള്ളൊരു പരാതി കേട്ടപോലെ.

 കാറിനുള്ളിലെ കണ്ണാടിയില്‍ പ്രൊഫസര്‍ സൂക്ഷിച്ചുനോക്കി. കാലം മുഖത്ത് അനേകം വികൃതികള്‍ കാട്ടിയിരിക്കുന്നു.

കണ്ണിനു താഴെ കറുപ്പ്.

വികസിച്ചു വരുന്ന നെറ്റി

തേജസു കുറഞ്ഞ മുഖചര്‍മ്മം.

എങ്കിലും മനസില്‍ യൗവ്വനം ചിറകടിക്കുന്നു, ഒരു മോഹപക്ഷിയായി പറന്നുയരാന്‍ കൊതിക്കുന്നു.

കോളേജ് എത്തിയതറിഞ്ഞില്ല. വണ്ടിയില്‍ നിന്നിറങ്ങി നേരെ ക്ലാസിലേക്ക് -

ഹാളില്‍ നിറഞ്ഞു നില്‍ക്കുന്ന നിറങ്ങളുടെ പ്രസരിപ്പ്. കൗമാരത്തിന്റെ ഗന്ധമാണ് ചുറ്റിലും. പ്രൊഫസറുടെ കണ്ണിലേക്ക്, തലച്ചോറിലേക്ക് ഒരു ജ്വാലയായിറങ്ങി വന്നത് സുമവും രാജിയും.

കുട്ടികളാണെങ്കിലും തീഷ്ണമായ ഒരാവേശത്തോടെ അവര്‍ -

പലപ്പോഴും കുറ്റബോധത്തിന്റെ ഒരു ചങ്ങല -

പിന്നെ എല്ലാം മറന്നൊരു സുഖാനുഭൂതി

വീണ്ടും --

ആവര്‍ത്തിക്കപ്പെടുന്ന ശരികളുടെയും തെറ്റുകളുടെയും മലകളിലൂടെ ചവിട്ടിത്തളര്‍ന്ന് ഒടുവില്‍ -

പര്‍ണ്ണശാല കെട്ടി പഴങ്ങളും കഴിച്ച് ,പുഴവെള്ളം കുടിച്ച് ഒരു വാത്മീകത്തിലൊളിക്കാന്‍ കഴിഞ്ഞാല്‍ -

എങ്കില്‍ - എല്ലാ തെറ്റുകളില്‍ നിന്നും മോചനമായി.

പിന്നൊരു രാമായണം കഥ

അതുറക്കെ പാടി , കിളിപ്പെണ്ണിനെ പാടി പഠിപ്പിച്ച് --

സ്വപ്‌നജീവിയായ പ്രൊഫസര്‍ക്ക് ചിന്നമ്മു ഫെര്‍ണാണ്ടസിനെ കുറിച്ച് ചിന്തിക്കാന്‍ എവിടെ നേരം. ചിലപ്പോള്‍ ഒന്നോ രണ്ടോ വാക്കുകള്‍, പലപ്പോഴും മറുപടിയായി നീണ്ട മൗനം.
ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ വ്യാപ്തിയും രാസഘടനയുമൊന്നും ആലോചിച്ച് പ്രൊഫസര്‍ സമയം കളയാറില്ല. അതൊക്കെ ഒരുതരം പഴഞ്ചന്‍ --

കോളേജില്‍ പഠിക്കുമ്പോള്‍ മോഹമുല്ല പൂത്തപോലെയായിരുന്നു ചിന്നമ്മുവിന് ജോസഫുമായുണ്ടായ പ്രേമബന്ധം. പുതുതായി വന്ന ലക്ചററും കോളേജ് ബ്യൂട്ടിയും തമ്മിലുള്ള പ്രണയം അന്നൊരു ചര്‍ച്ചാവിഷയമായിരുന്നു. സദാചാരത്തിന്റെ ഏതോ മുന ഒടിഞ്ഞതായും മറ്റും കോളേജ് ചുവരുകളില്‍ പരസ്യം വന്ന കാലം. വീട്ടുകാരുടെയും പള്ളിക്കാരുടെയും അനുഗ്രഹത്തോടെ വിവാഹം നടന്നപ്പോള്‍ എന്തൊക്കെയൊ നേടിയെന്നു കരുതിയ ചിന്നമ്മുവിന് പലതും നഷ്ടപ്പെടുകയായിരുന്നു.

ചിന്നമ്മു ഗര്‍ഭിണിയാകും വരെ ജോസഫിന് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അതിനുശേഷം അയാള്‍ അകലാന്‍ തുടങ്ങി. വീട്ടില്‍ ചിലവഴിക്കുന്ന സമയം ചുരുങ്ങി. രണ്ടുപേരും ഒന്നിച്ചുള്ള യാത്രകള്‍ ഇല്ലാതായി.

ചിന്നമ്മുവിന്റെ സ്വപ്‌നങ്ങള്‍ക്ക് ക്ഷതമേറ്റു. അവള്‍ നിരാശയായി. ദുഃഖം താങ്ങാനാവാതെ ഒരിക്കല്‍ അവള്‍ ചോദിച്ചു, ' നിങ്ങള്‍ക്കെന്നോട് ഒട്ടും സ്‌നേഹമില്ല- ല്ലെ? '
നീണ്ട മൗനമായിരുന്നു മറുപടി.

' എന്റെ വയറ്റില്‍ വളരുന്ന നിങ്ങളുടെ കുഞ്ഞിനോടെങ്കിലും - ' , അവര്‍ പറഞ്ഞുതീരും മുന്‍പ് അയാളുടെ മറുപടി വന്നു.

' എനിക്കാരോടും അത്ര മമതയില്ല , എന്നോടുപോലും . സൗന്ദര്യാസ്വാദകനാണു ഞാന്‍. തേനുണ്ടെങ്കില്‍ നുകരും. സ്വാതന്ത്യത്തോടെ പറന്നു നടക്കും. നീ ഇന്നു സ്വതന്ത്രയല്ല, നിന്റെയുള്ളില്‍ മറ്റൊരു ജീവന്‍ തുടിക്കുന്നു. ബന്ധത്തിന്റെ ആ ചങ്ങല മുറിച്ചാല്‍ - ', ചിന്നമ്മുവിന് സഹിക്കാവുന്നതിലും ഏറെയായിരുന്നു അത്. അവള്‍ കോപം കൊണ്ടു ജ്വലിച്ചു.

' നിര്‍ത്തൂ നിങ്ങളുടെ പ്രസംഗം. ഐ ഹേറ്റ് യൂ. നിങ്ങള്‍ - നിങ്ങള്‍ -- ഒരു മാതാവാകാനുള്ള എന്റെ സ്വാതന്ത്രൃം ഞാന്‍ നഷ്ടപ്പെടുത്തില്ല'

അയാള്‍ക്കും ദേഷ്യം വന്നു. ' ചിന്നമ്മു, നീ പറഞ്ഞതുതന്നെ ഞാനും ആവര്‍ത്തിക്കുന്നു. ഐ ഹേറ്റ് യൂ. നിന്റെ തുറന്നുകണ്ട ഈ ശരീരം, നിന്റെ ഗന്ധം, വീര്‍ത്തുവരുന്ന ഈ വയര്‍- എല്ലാം- എല്ലാം -', അയാള്‍ സിഗററ്റിന്റെ പുകയൂതി ,മദ്യഗ്ലാസില്‍ നിന്നും ഒരു സിപ്പെടുത്തു.

ദുഃഖഭാരം താങ്ങാനാവാതെ ചിന്നമ്മു കട്ടിലില്‍ കമിഴ്ന്നു വീണു കരഞ്ഞു. ജോസഫ് ഒരു പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.

ചിന്നമ്മുവില്‍ ദുഃഖം കടുത്ത് വൈരാഗ്യത്തിന്റെ രൂപം പ്രാപിച്ചു. ജോസഫിനൊപ്പം അവള്‍ പുറത്തിറങ്ങാതായി. വീട്ടില്‍ പ്രത്യേകം മുറികളിലേക്ക് മാറിയില്ലെങ്കിലും അവര്‍ക്കിടയില്‍ അകല്‍ച്ചയുടെ ഒരു മറയുണ്ടായി.

ചിന്നമ്മു പ്രസവിച്ചു. പ്രകൃതിയുടെ നിയോഗംപോലെ അവള്‍ വളര്‍ന്നു. വളര്‍ച്ചയുടെ പടവുകളിലൊന്നും അവള്‍ അച്ഛനെ കണ്ടില്ല. അന്യഥാബോധത്തോടെ ദൂരെനിന്നു മാത്രം അവള്‍ പ്രൊഫസറെ വീക്ഷിച്ചു. അമ്മയില്‍ നിന്നും അപൂര്‍വ്വമായി ലഭിക്കുന്ന ലാളനയേറ്റും ചിലപ്പോള്‍ അച്ഛനോടുള്ള ദേഷ്യം തീര്‍ക്കുന്ന കോപാഗ്നിയില്‍ എരിഞ്ഞും സ്‌നേഹമെന്തെന്നറിയാതെ അവള്‍ -

ത്രേസ്യത്തള്ളയാണെങ്കില്‍ എപ്പോഴും സങ്കടം പറച്ചിലാണ്.' പാവം കുട്ടി, രാജകുമാരിയെപോലെ ജീവിക്കേണ്ടതാണ്, എന്നിട്ടിപ്പോള്‍ -- കഷ്ടം തന്നെ '

അത് കേള്‍ക്കുമ്പോള്‍ അവള്‍ക്ക് ദേഷ്യവും സങ്കടവും വരും. സന്തോഷത്തോടെ എന്തെങ്കിലുമൊന്നു പറയാന്‍ ആരുമില്ല.

വെള്ളയും കറുപ്പും ഇടകലര്‍ന്ന മുഖമുള്ള സുന്ദരനായ പൊമറേനിയന്‍ നായയും സപ്തവര്‍ണ്ണ കൂടാരത്തിലെ ലവ് ബേര്‍ഡ്‌സും സുന്ദരിപ്പൂച്ചയുമായിരുന്നു അവളുടെ കൂട്ടുകാര്‍. കിളികളോട് കളി പറഞ്ഞും നായയ്ക്കും പൂച്ചയ്ക്കുമൊപ്പം കളിച്ചും നടക്കാന്‍ നല്ല രസം. അവള്‍ അങ്ങിനെ വളര്‍ന്നു.

പ്രൊഫസര്‍ ജോസഫ് അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് കാര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഡ്രൈവറെക്കുറിച്ചായിരുന്നു വേവലാതി. പരാതിപ്പെടാത്തവന്‍ വേണം.
വേഗത്തില്‍ വണ്ടിയോടിക്കണം
ബന്ധുജനങ്ങളുടെ രോഗം, കല്യാണം ഇതൊന്നും പറഞ്ഞ് ജോലിക്ക് വരാതിരിക്കരുത്.
എല്ലാം ഒത്തുവന്നപ്പോള്‍ ഡ്രൈവറായി സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.

സുമുഖനായ ചെറുപ്പക്കാരന്‍. ആരോരുമില്ലാത്തവന്‍. വേഗത്തില്‍ വണ്ടിയോടിച്ച് എത്തേണ്ടിടത്ത് എത്തിക്കും.
പ്രൊഫസര്‍ക്ക് അവനെ ഇഷ്ടമായി.
വീട്ടില്‍ പോകാന്‍ ധൃതി കൂട്ടില്ല
വീടുണ്ടെങ്കിലല്ലെ പ്രശ്‌നമുള്ളു.

രാത്രിയില്‍ വളരെ താമസിച്ച് , ബോധം കെട്ട്, ക്ലബ്ബില്‍ നിന്നിറങ്ങുന്ന പ്രൊഫസറെ കൃത്യമായി വീട്ടിലെത്തിക്കുന്ന വിശ്വസ്തന്‍.

' അവന്‍ കൊള്ളാം, നല്ല കൊച്ചനാടോ ', പ്രൊഫസര്‍ റിട്ടയേര്‍ഡ് മേജര്‍ തമ്പിയോട് പറഞ്ഞു. ' ഭാര്യയും പിള്ളേരും നന്നായില്ലെങ്കിലും ഡ്രൈവര്‍ നന്നായിരിക്കണം, അതാ പ്രധാനം. '
മേജര്‍ തലകുലുക്കി സമ്മതിച്ചു. ' പയ്യന്‍ ചെറുപ്പമാണ്, താമസം തന്റെ വീട്ടിലും. കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാ ', തമ്പിയുടെ വാക്കുകളില്‍ ദുഃസൂചന.

' എന്ത് ശ്രദ്ധയെടൊ തമ്പി, കിളികളെ ആരാ ശ്രദ്ധിക്കുന്നത്. അവ വളരുന്നു. മാനുകളെ കണ്ടിട്ടുണ്ടൊ താന്‍. കാട്ടില്‍ സിംഹത്തെയും പുലിയെയും വെട്ടിച്ച് അവരും വളരുന്നു. എത്ര ശ്രദ്ധിച്ചാലും ഇല്ലെങ്കിലും കാലം മുന്നോട്ടൊഴുകുമെടൊകൂവെ', തമ്പി ഒഴിച്ചുകൊടുത്ത ഒരു ലാര്‍ജ്കൂടി പ്രൊഫസര്‍ മോന്തി.

സുരേഷിന്റെ തല വാതിലില്‍ പ്രത്യക്ഷപ്പെട്ടു.

പ്രൊഫസര്‍ പറഞ്ഞു, ' കണ്ടൊ, അവനാ എന്റെ ഘടികാരം. സമയമായെന്ന്, ഇനി കുടിക്കണ്ടാന്ന്. എടാ സുരേഷെ, ഒരു സ്മാളുകൂടി '

' വേണ്ട സാര്‍, ഇന്ന് ഒരു പെഗ്ഗധികാ '

' എന്നാ വേണ്ടാടോ കണക്കപ്പിള്ളെ , പോകാം', പ്രൊഫസര്‍ ആടിക്കുഴഞ്ഞ് എഴുന്നേറ്റു. സുരേഷ് താങ്ങായി നിന്നു.  ' തമ്പി, എടോ മേജറെ, നാളെ കാണാം', അവര്‍ നടന്നു തുടങ്ങി.

പ്രൊഫസറെ താങ്ങിയെടുത്ത് മുറിയില്‍ കൊണ്ടുകിടത്തുക സുരേഷിന്റെ പതിവ് ജോലിയില്‍ പെട്ടിരുന്നു. ത്രേസ്യത്തള്ള നല്ല ഉറക്കമായിരിക്കും. ചിന്നമ്മുവാണ് സഹായിയാവുക. സുരേഷിന് ഭക്ഷണം വിളമ്പികൊടുക്കുന്നതും അവര്‍ തന്നെ. ഇങ്ങിനെ തുടര്‍ന്നുവന്ന അനേകം രാത്രികളിലൊന്നിലാണ് ചിന്നമ്മുവും സുരേഷും സ്പര്‍ശനത്തിന്റെ  ആവേഗത്തിലൂടെ പ്രേരണകള്‍ക്ക് വിധേയരായത്.

അനേകകാലമായി  അടക്കിവച്ചിരുന്ന വികാരത്തിന്റെ ചങ്ങലകള്‍ പൊട്ടി. വിയര്‍പ്പിന്റെ ഗന്ധം മുറിയാകെ പരന്നു. പ്രതികാരത്തിന്റെ വശ്യത മുറ്റിയ ദിനങ്ങള്‍ കടന്നുപോയി. ചിന്നമ്മു രാവുകളില്‍ പ്രസന്നവതിയായി. ദുഃഖത്തിന്റെ കറുത്തകണ്ണട മാറി നേര്‍പ്രകാശം ജ്വലിച്ചു. സുരേഷ് ചിന്നമ്മുവിന്റെ സ്വപ്‌നങ്ങള്‍ക്ക് ചായം പൂശി. ' ഭരണിയിലടച്ച ഭൂതത്തിന് മോചനം കിട്ടിയപോലെയാണ് എനിക്കിപ്പോള്‍. നിനക്കറിയോ, ആ കഥ', ചിന്നമ്മു ഒരിക്കല്‍ അവനോട് ചോദിച്ചു.

' എനിക്കറിയില്ല. എനിക്ക് കഥ പറഞ്ഞുതരാന്‍ അമ്മച്ചിയുണ്ടായിരുന്നില്ലല്ലൊ', അവന്‍ പറഞ്ഞു.

' എങ്കില്‍ കേട്ടോളൂ-'

ഭരണിയിലടച്ച് കടലിലെറിഞ്ഞ ഭൂതത്തെ മുക്കുവന്‍ തുറന്നുവിട്ട കഥ അവര്‍ രസകരമായി പറഞ്ഞുകേള്‍പ്പിച്ചു. മാതൃത്വത്തിന്റെ പനിയേറ്റുകിടന്ന് അവന്‍ കഥ കേട്ടു.

പിന്നെ എത്രയെത്ര കഥകള്‍.

ആയിരത്തൊന്നു രാവുകളിലെ കഥകള്‍. വിക്രമാദിത്യന്‍ കഥകള്‍

ഗന്ധര്‍വന്മാരുടെയും മോഹിനിയുടെയും രതിക്കഥകള്‍.

അങ്ങിനെ- അങ്ങിനെ -

രാത്രിയുടെ അന്ത്യയാമങ്ങളില്‍ പറഞ്ഞുതീരാത്ത കഥകളുമായി ഇണപിരിയുന്ന ചിന്നമ്മുവും സുരേഷും.

റോസി ഇപ്പോഴും കുട്ടികളെപോലെയാണ്. നായയ്‌ക്കൊപ്പം കളിച്ചും കിളികളോടൊത്ത് രസിച്ചും അവള്‍ -
സുന്ദരിപ്പൂച്ചയെ താലോലിക്കുന്നതോടൊപ്പം അവള്‍ പുസ്തകങ്ങളും വായിക്കുമായിരുന്നെന്നു മാത്രം.

സമയം കിട്ടുമ്പോഴൊക്കെ സുരേഷ് പൊമറേനിയന്‍ നായയുമായി ചങ്ങാത്തം കൂടും. പന്ത് കളിക്കാനും രണ്ടുകാലില്‍ നടക്കാനുമൊക്കെ അവനെ പഠിപ്പിച്ചത് സുരേഷാണ്. അങ്ങിനെയാണ് റോസിക്ക് സുരേഷിനെ ഇഷ്ടമായത്. സുരേഷിന്റെ ചിരിയും തമാശയും അഭ്യാസങ്ങളും അഭിനയിച്ചുള്ള കഥ പറച്ചിലും അവളെ അവനിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു.

ചിന്നമ്മു പറഞ്ഞുകൊടുത്ത കഥകള്‍ ഒന്നൊന്നായി അവന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു.

ഭൂതത്തിന്റെ കഥ-

ആയിരത്തൊന്നു രാവുകളിലെ കഥകള്‍

വിക്രമാദിത്യന്‍ കഥകള്‍

ഗന്ധര്‍വന്മാരുടെയും മോഹിനിയുടെയും രതിക്കഥകള്‍

പിന്നെ ചിന്നമ്മു പറയാത്ത കഥകളും

' എന്താടാ സുരേഷെ, ഈയിടെ ഒരു പകലുറക്കം', കാറിലിരുന്നു മയങ്ങുകയായിരുന്ന സുരേഷ് ഞെട്ടിയുണര്‍ന്നു. ' എെന്നപോലെ കണ്ടെടം നിരങ്ങുന്ന സൂക്കേട് നിനക്കും തുടങ്ങിയൊ ? ഉം-പോയി മുഖം കഴുകി വാ ', പ്രൊഫസര്‍ കാറില്‍ കയറി ഇരുന്നു.

അവന്‍ ഓടിപ്പോയി പൈപ്പ് വെള്ളത്തില്‍ മുഖം കഴുകി മടങ്ങി വന്നു.

പ്രൊഫസര്‍ക്ക് എന്തെങ്കിലും സംശയം -?

ഓ - എന്ത് സംശയം -മകളുടെ പ്രായമുള്ള കുട്ടികള്‍ക്കൊപ്പം --

- ശ്ശെ - ഓര്‍ക്കുമ്പോള്‍തന്നെ വല്ലാതെയാകുന്നു

അപ്പോള്‍ ചിന്നമ്മു -

അതൊരു പ്രതികാരമല്ലെ, തന്നെ ഉപയോഗിച്ചുള്ള ഒരു പ്രതികാരം. എങ്കിലും --?

വേണ്ട, ഒന്നും ഓര്‍ക്കണ്ട. ഓര്‍മ്മകള്‍ പലതും വല്ലായ്മകളാണ്. അതൊഴിവാക്കാനായി അവന്‍ റോഡിലേക്ക് അലസമായി നോക്കി വണ്ടിയോടിച്ചു.

അനേകം വൈരുദ്ധ്യങ്ങള്‍ നിലനിന്നെങ്കിലും കാലത്തിന്റെ കുത്തൊഴുക്കില്‍ പറ്റിക്കിടക്കുന്ന പരല്‍മീനുകള്‍ പോലെ ജീവിതം മാറ്റമില്ലാതെ തുടര്‍ന്നു.

ഒരു ദിനം ആ പതിവുകളെല്ലാം തെറ്റി.

തികച്ചും സാധാരണമായൊരു പകലിന്റെ തുടക്കത്തില്‍ പ്രൊഫസറുടെ വീട്ടുമുറ്റത്തെ കിളികള്‍ ചിലച്ചില്ല.

നായ കുരച്ചില്ല

ത്രേസ്യത്തള്ള മുറ്റത്തിറങ്ങി നോക്കി. 

കിളിയും കിളിക്കൂടും നഷ്ടമായിരിക്കുന്നു.

പൊമറേനിയന്‍ നായയെ കാണാനില്ല.

കര്‍ത്താവിനെ വിളിച്ച് സങ്കടം പറഞ്ഞ് അങ്കലാപ്പോടെ ഓടിവന്ന് അവര്‍ റോസിക്കുഞ്ഞിന്റെ മുറി തള്ളിത്തുറന്നു.

മുറി ശൂന്യം.

പ്രൊഫസര്‍ ജോസഫ് അഗസ്റ്റിന്‍ ഫെര്‍ണാണ്ടസിന്റെ മാരുതി ചലനമറ്റ് കാര്‍ഷെഡില്‍ തന്നെകിടപ്പുണ്ട്. അകത്തെ മുറിയില്‍ എവിടെയോ നിന്ന് ചിന്നമ്മുവിന്റെ അടക്കിപ്പിടിച്ചുള്ള കരച്ചില്‍ മാത്രം അവ്യക്തമായി, ഒരു കിളിയുടെ രോദനം പോലെ , പുറത്തേക്ക് ഒഴുകിവന്നു. 

No comments:

Post a Comment