അതിരന്‍ - മെച്ചമാക്കാമായിരുന്ന ചിത്രം
വിവേകിന്റെ ആദ്യ ചിത്രമാണ് അതിരന്‍. കഥയുടെ ത്രഡ് വിദേശിയാണെങ്കിലും കേരളത്തിലെ എഴുപതുകളുടെ പശ്ചാത്തലത്തിലേക്ക് അതിനെ കൊണ്ടുവരുകയും വളരെ ക്ലീഷെ ഉളവാക്കുന്ന കോവിലകത്തെ സ്വത്ത് തര്‍ക്കത്തിലേക്കും അതുമായി ബന്ധപ്പെട്ട കോലപാതക പരമ്പരകളിലേക്കും അതിനെ ഏറ്റിയിടാനും വിവേക് ശ്രമിച്ചു. ഒരു സൈക്കോ-ത്രില്ലറിന് ആവശ്യമായ വിധം കോവിലകത്തെ ഇളയ തലമുറയില്‍ ഒരാളെ സ്‌കിസോഫ്രീനിയയ്ക്കും മറ്റൊരാളെ ഓട്ടിസത്തിനും വിട്ടുകൊടുത്തു. ഇവരുടെ കഥയാണ് അതിരന്‍. ഊട്ടിയിലെ മനോഹരമായ ലൊക്കേഷനും പലപ്പോഴും കണ്ടതാണെങ്കിലും ഇഷ്ടം തോന്നുന്ന ഊട്ടിയുടെ പ്രകൃതി ഭംഗിയും ബ്രിട്ടീഷ് കാലത്തെ കെട്ടിടങ്ങളും നന്നായി സന്നിവേശിപ്പിക്കാന്‍ സംവിധായകനും ക്യാമറ ചെ്ത അനു മൂത്തേടത്തിനും കഴിഞ്ഞിട്ടുണ്ട്. പി.എഫ്. മാത്യൂസിന് കുറേക്കൂടി സമയമെടുത്തും മനസിരുത്തിയും തിരക്കഥ-സംഭാഷണം തയ്യാറാക്കാന്‍ കഴിഞ്ഞെങ്കില്‍ ഷട്ടര്‍ ഐലന്റ് പോലെയല്ലെങ്കിലും മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു മനോഹര സൈക്കോ ത്രില്ലറാക്കി ഇതിനെ മാറ്റാമായിരുന്നു.
തുടക്കത്തില്‍ ചിത്രം നല്കുന്ന പ്രതീക്ഷകള്‍ ക്രമേണ കുറഞ്ഞു വരുന്നു എന്നതാണ് ഇതിലെ കുഴപ്പം. പേരന്‍പില്‍ ഓട്ടിസം കൈകാര്യം ചെയ്യുന്ന രീതി നമ്മള്‍ കണ്ടതാണ്. സായി പല്ലവി നന്നായി ഈ ചിത്രത്തില്‍ ഓട്ടിസം ബാധിച്ച ഒരു കൗമാരക്കാരിയെ അവതരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്, എങ്കിലും സംവിധായകന് വേണ്ടത്ര മികവില്‍ ആ കഥാപാത്രത്തെ എത്തിക്കാന്‍ കഴിഞ്ഞില്ല. പാട്ടിനുവേണ്ടിയും പ്രണയത്തിനുവേണ്ടിയുമൊക്കെ ഒരുക്കിയ രംഗങ്ങള്‍ കുറയ്ക്കാമായിരുന്നു. എങ്കില്‍ സിനിമ കാണുന്നവര്‍ക്ക് റിലാക്‌സ് ചെയ്യാന്‍ അവസരം കൊടുക്കാതെ മുന്നോട്ടു പോകാമായിരുന്നു. ഡോക്ടര്‍ ബഞ്ചമിനായി വരുന്ന അതുല്‍ കുല്‍ക്കര്‍ണിയുടെ ക്യാരക്ടറിനെയും കുറേക്കൂടി മെച്ചമാക്കാന്‍ കഴിയേണ്ടതായിരുന്നു. കൊട്ടാരവും 500 ഏക്കര്‍ ഭൂമിയുമുള്‍പ്പെടുന്ന സ്വത്ത് ബെഞ്ചമിനെ ഏല്‍പ്പിക്കുന്നതിലുമൊക്കെ ഒരു കണ്‍വിന്‍സിംഗ് എലിമെന്റ് കുറവാണ്. ഫഹദിന് സൈക്കോളജിസ്റ്റ് ഡോക്ടര്‍.നായരുടെ അപരന്‍ വേഷം ഭംഗിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അയാളൊരു സ്‌കിസോഫ്രീനിക്കാണ് എന്ന് കൊടുംസൈക്കോളജിസ്റ്റായ ബെഞ്ചമിന് മനസിലാവുന്നില്ല എന്നത് പോരായ്മയാണ് . വളരെ കുറച്ചു കഥാപാത്രങ്ങളെ ഉള്ളുവെങ്കിലും എല്ലാവരും മനസില്‍ തട്ടും വിധം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
എങ്കിലും ഒരു തവണ കണ്ടിരിക്കുന്നതില്‍ മുഷിവ് തോന്നാത്ത ചിത്രമാണ് അതിരന്‍. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഇതില്‍ നിന്നും ഉള്‍ക്കൊണ്ട അനുഭവ പാഠത്തില്‍ നിന്നംു വിവേക് മനോഹരമായ ഒരു ചിത്രവുമായി 2020ല്‍ നമുക്ക് മുന്നിലെത്തും എന്നു പ്രതീക്ഷിക്കാം. പശ്ചാത്തല സംഗീതമൊരുക്കിയ ജിബ്രാനും എഡിറ്റിംഗ് നിര്‍വ്വഹിച്ച അയൂബ് ഖാനും അഭിനന്ദനം അര്‍ഹിക്കുന്നു.
ശാന്തി കൃഷ്ണ, ലെന, പ്രകാശ് രാജ്, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, ലിയോണ ലിഷോയ്, സുരഭി ലക്ഷ്മി, വിജയ് മേനോന്‍ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
No comments:
Post a Comment