ആയിരത്തില്‍ ഒരുവന്‍
1965 ല്‍ ഇറങ്ങിയ ഒരു എംജിആര്‍ ചിത്രമാണ് ആയിരത്തിലൊരുവന്‍. അതേ പേരില്‍ 2010 ല്‍ ഇറങ്ങിയ ചിത്രവും പഴയ ചിത്രവും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും ഒരു കപ്പല്‍ യാത്രയുടെ ദൃശ്യങ്ങളില്‍ അതിലെ ഒരു പാട്ടുകൂടി ചേര്‍ത്തിട്ടുണ്ട് പുതിയ ചിത്രത്തിന്റെ സംവിധായകന്‍ ശെല്‍വരാഘവന്‍. സാഹസികതയും സംഘട്ടനങ്ങളും നിറഞ്ഞ ചിത്രമാണ് ആയിരത്തിലൊരുവന്‍. എഡി 1279ല്‍ ചോളസാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച് പാണ്ഡ്യപ്പട തമിഴകം സ്വന്തമാക്കി. ചോളന്മാര്‍ക്ക് എന്തു സംഭവിച്ചു, ആ വംശം പൂര്‍ണ്ണമായും അറ്റുപോയോ എന്ന ചോദ്യത്തില്‍ നിന്നാകണം സംവിധായകന്‍ ഇത്തരമൊരു ചിത്രത്തിന്റെ ബീജം കണ്ടെത്തിയത്. പരാജിതനായ ചോള ചക്രവര്‍ത്തി മരിക്കും മുന്നെ തന്റെ മകനെയും കുറെ വിശ്വസ്തരെയും ഒരു രഹസ്യനാട്ടിലേക്ക് കടത്തിയെന്നും എന്നെങ്കിലും ഒരു സന്ദേശവാഹകന്‍ വന്ന് തഞ്ചാവൂരില്‍ അധികാരമേറാന്‍ വിളിക്കുമെന്നും അപ്പോള്‍ മടങ്ങാമെന്ന പ്രതീക്ഷയോടെ ്അവര്‍ ഒരു ദ്വീപില്‍ കഴിയുന്നുവെന്നുമുളള രീതിയിലാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നത്. രഹസ്യ താവളം മലേഷ്യയുടെയും വിയറ്റ്‌നാമിന്റെയും തായ്‌ലന്റിന്റെയും അതിരാണെന്നും സങ്കല്‍പ്പിക്കുന്നു. പാണ്ഡ്യരുടെ അനന്തരാവകാശികള്‍ക്കും ഇവരെ കണ്ടെത്തി നശിപ്പിക്കുകയും അവരുടെ പ്രിയപ്പെട്ട ഒരു വിഗ്രഹം വീണ്ടെടുക്കുകയും വേണം.
കഥ തുടങ്ങുന്നത് 2009 ല്‍ ചോളരെ അന്വേഷിച്ചുപോയ ചന്ദ്രമൗലി എന്ന ആര്‍ക്കയോളജിസ്റ്റ് മടങ്ങി വരാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അയാളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുന്നതോടെയാണ്. അനിത എന്ന ക്രൂര സ്വാഭാവത്തിനു പേരുകേട്ട ഇന്റലിജന്‍സ് ഓഫീസറും രവിശേഖരന്‍ എന്ന മറ്റൊരു പരുക്കന്‍ പട്ടാളമേധാവിയും പട്ടാളക്കാരുമാണ് സംഘത്തിലുള്ളത്. ചന്ദ്രമൗലിയുമായി പിണങ്ങികഴിയുന്ന അയാളുടെ മകള്‍ ലാവണ്യയുടെ കൈയ്യില്‍ അച്ഛന്‍ തയ്യാറാക്കിയ റൂട്ടും വിവര ശേഖരവുമുണ്ട്. അതിനാല്‍ അവളെയും ഒപ്പം കൂട്ടുന്നു. മുത്തു എന്ന പോര്‍ട്ടര്‍ നേതാവിന്റെ നേതൃത്വത്തിലുളള ഒരു പോര്‍ട്ടര്‍ സംഘവും ഒപ്പമുണ്ട്.
ഇവരുടെ സാഹസിക യാത്രയാണ് സിനിമ പറയുന്നത്. ചോളര്‍ വിരിച്ചിട്ട ഏഴ് ട്രാപ്പുകള്‍ അതിജീവിച്ചാലെ അവര്‍ക്ക് ദ്വീപിലെത്താന്‍ കഴിയൂ. കടല്‍ ജീവികളാണ് ആദ്യ ട്രാപ്പ്. അവിടെ കുറേപേര്‍ മരിക്കും. പിന്നീട് മനുഷ്യരെ തിന്നികള്‍, യോദ്ധാക്കള്‍, പാമ്പുകള്‍, പട്ടിണിയുടെ നാളുകള്‍, വേഗം പ്രകൃതി മാറുന്ന മണല്‍കാട്, ബ്ലാക് മാജിക്കിന്റെ ഗ്രാമം ഇങ്ങിനെയാണ് സ്വീക്വന്‍സ്. ഓരോ ഘട്ടത്തിലും മരണങ്ങളും വേര്‍പെടലും വേദനയുമാണ്. വളരെ സാഹസപ്പെട്ടാണ് ഷൂട്ടിംഗ് നടത്തിയിരിക്കുന്നത്.
കുറച്ചധികം ഭാഗം ആതിരപ്പിളളിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. കുറേ കാടുകള്‍ നശിപ്പിക്കുന്ന കാഴ്ച കാണേണ്ടി വന്നു. മണലാരണ്യത്തിലെ ഷോട്ടുകളും പാമ്പുകളുടെ ആനിമേഷനുമൊക്കെ വളരെ നന്നായി ചെയ്തിട്ടുണ്ട്. സിനിമയുടെ ഒരു സ്വഭാവമനുസരിച്ച് പോര്‍ട്ടര്‍ മുത്തു ഒരു സൂപ്പര്‍ ഹീറോയായി അവതരിപ്പിക്കപ്പെടുന്നു. അവനോട് റൊമാന്‍സുമായി ഇന്റലിജന്‍സ് മേധാവിയും ആര്‍ക്കയോളജിസ്റ്റും. അതുമായി ബന്ധപ്പെട്ട രംഗങ്ങളും പാട്ടുകളും കൊമേഴ്‌സ്യല്‍ സിനിമയുടെ അനിവാര്യതകള്‍ എന്നെ പറയേണ്ടു. ഒടുവില്‍ അനിതയും ലാവണ്യയും മുത്തുവും ചോളരുടെ അടുത്തെത്തുന്നു. ഇതിലാരാണ് സന്ദേശവാഹകന്‍ എന്നറിയാതെ അനിതയെ വിശ്വസിക്കുന്ന രാജാവിന് അബദ്ധം പറ്റുന്നു. യഥാര്‍ത്ഥത്തില്‍ അനിത പാണ്ഡ്യ പരമ്പരയിലെ കണ്ണിയാണ്. അവള്‍ വിഗ്രഹം സ്വന്തമാക്കുകയും സൈന്യത്തെ എത്തിക്കുകയും ചെയ്യുന്നു. മുത്തുവാണ് സന്ദേശവാഹകന്‍ എന്നവര്‍ തിരിച്ചറിയുന്നു. അനിത നല്‍കിയ വിഷം കാരണം മരണപ്പെടുന്ന പുരോഹിതന്‍ അതിനു മുന്‍പായി അത്ഭുത സിദ്ധികള്‍ മുത്തുവിന് നല്‍കുന്നു. പ്രാകൃതായുധങ്ങള്‍ മാത്രമുളള ചോളരും ആധുനിക യുദ്ധ സന്നാഹമുള്ള ഇന്ത്യന്‍ സൈന്യവും ഏറ്റുമുട്ടുന്നു. രാജാവ് ഉള്‍പ്പെടെയുള്ളവര്‍ മരിക്കുന്നു. എന്നാല്‍ മുത്തു ഇളമുറയിലെ രാജകുമാരനെയും കൊണ്ട് രക്ഷപെടുന്നു. ഇതാണ് ശെല്‍വരാഘവന്റെ സിനിമ പറയുന്നത്.
3000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വച്ച് സിനിമ ചെയ്യുക, പഴയ കാലം ചിത്രീകരിക്കുക, ഫാന്റസി കൊണ്ടു വരുക, ആക്ഷന്‍ ഒരുക്കുക തുടങ്ങി പ്രയാസമേറിയ ഒത്തിരി സംഗതികള്‍ ചിത്രത്തിലുണ്ട്. ആനിമേഷന്റെയും സാങ്കേതികതയുടെയും ധാരാളം മഹൂര്‍ത്തങ്ങള്‍. ആര്‍.രവീന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന് സിനിമാറ്റോഗ്രാഫി ചെയ്തത് രാംജിയും സംഗീതം ജി.വി.പ്രകാശ് കുമാറും എഡിറ്റിംഗ് കോല ഭാസ്‌ക്കറുമാണ് നിര്‍വ്വഹിച്ചത്. റാംബോ രാജ്കുമാറിന്റെ ആക്ഷന്‍ എടുത്തു പറയേണ്ടതാണ്.
മുത്തുവായി കാര്‍ത്തിയും അനിതയായി റീമ സെന്നും ലാവണ്യയായി ആന്‍ഡ്രിയ ജെര്‍മിയയും ചോളരാജാവായി പാര്‍ത്ഥിപനും രവിശേഖരനായി അഴകം പെരുമാളും ചന്ദ്രമൗലിയായി പ്രതാപ് പോത്തനും വേഷമിട്ട ചിത്രം കുറേക്കൂടി ഒതുക്കി ചെയ്യാമായിരുന്നു എന്നു തോന്നി. കാര്‍ത്തിയുടെയും പെണ്ണുങ്ങളുടെയും തമാശകള്‍ കുറച്ചും ചോളരുടെ ജീവിതത്തിലെ ചിത്രീകരണം ഒതുക്കിയും ചെയ്യേണ്ടതായിരുന്നു. ചിത്രത്തിന് പിന്നിലെ അധ്വാനം ഒന്നു മാത്രം ചിന്തിച്ചാല്‍ ഒരിക്കല്‍ കണ്ടിരിക്കേണ്ട ചിത്രമാണ് എന്നു പറയാന്‍ കഴിയും.
No comments:
Post a Comment