തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രം
തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ ത്വാത്തികോര്‍ജ്ജം ആവാഹിക്കപ്പെട്ടിരിക്കുന്നത് സുകുമാരന്‍ നായരിലാണെന്നു തോന്നും. ക്ഷേത്രത്തിലെത്തുന്ന അന്വേഷണത്വരയുള്ള ഏതൊരാള്‍ക്കും ക്ഷേത്രസംബ്ബന്ധിയായ വിവരങ്ങള്‍ നല്‍കാന്‍ ഈ എഴുപത്കാരന് അത്യുത്സാഹമാണ്. ശ്രീകോവിലിലേക്കുള്ള പ്രധാനവാതില്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ എതിലെയാണ് കയറേണ്ടത് എന്ന സംശയത്തില്‍ നില്‍ക്കുമ്പോള്‍ സുകുമാരന്‍ നായരുടെ പ്രസന്നമായ മുഖം ഞങ്ങളെ തേടിയെത്തി. വരൂ, ഇടതുവശത്തെ ഈ വാതിലിലൂടെ കടക്കാം. വാലായ്മയായതിനാലാണ് പ്രധാന വാതില്‍ തുറക്കാത്തത്, അദ്ദേഹം പറഞ്ഞു. അകത്തുകയറിയ ഉടന്‍ മൂന്ന് വാതിലും തുറന്നിട്ട ആദികേശവ രൂപം കണ്ടു. തെക്കോട്ട് തലവച്ച് ഇടംകൈ അനന്തന് മുകളില്‍ ഉദാസീനമായി ചരിച്ചിട്ടും വലംകൈ ഉയര്‍ത്തിയുമുള്ള യോഗനിന്ദ്ര അഥവാ അഭയഹസ്ത എന്ന നിലയാണ് വിഗ്രഹം. ആദിശേഷന്‍ കാലത്തിന്റെ പ്രതീകമാണ് എന്നു വിശ്വസിക്കപ്പെടുന്നു. സമാധാനപൂര്‍വ്വം പടിഞ്ഞാറോട്ടുനോക്കിയാണ് കിടപ്പ്. പ്രപഞ്ചത്തെ സ്വപ്‌നം കണ്ടുള്ള ആനന്ദശയനമായതിനാല്‍ നരസിംഹമൂര്‍ത്തിയുടെ ക്ഷേത്രം പ്രധാനക്ഷേത്രത്തിന് പുറത്തായി തെക്കു ദിക്കില്‍ നദിയോട് ചേര്‍ന്നാണുള്ളത്. 22 അടി നീളമുള്ള വിഗ്രഹത്തിന്റെ അസ്ഥി കരിമരമാണ്. തേങ്ങാത്തൊണ്ടാണ് നാഡീവ്യവസ്ഥ. 16008 സാളഗ്രമങ്ങളാണ് ശരീരാവയവങ്ങളെയും ശരീരത്തെയും പ്രതിനിധീകരിക്കുന്നത്. ത്വക്ക് അഥവാ പുറം കവചം കടുശര്‍ക്കര കൊണ്ട് നിര്‍മ്മിതം. അതുകൊണ്ടുതന്നെ ആദികേശവനെ അഭിഷേകം ചെയ്യാറില്ല. വിഗ്രഹത്തിന് പിന്നിലായി ഗരുഢന്‍,സൂര്യ -ചന്ദ്രന്മാര്‍,പഞ്ചായുധങ്ങള്‍, മധു, കൈബദ എന്നീ അസുരന്മാര്‍ എന്നിവരെ കാണാം. മുന്നില്‍ തലഭാഗത്ത് മഹര്‍ഷി ഹദലേയനും നടുക്കായി ശ്രീദേവിയും ഭൂദേവിയും ഇരിക്കുന്നു. പാദഭാഗത്താണ് ശിവലിംഗം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലും വിഗ്രഹത്തില്‍ സൂര്യരശ്മി പതിയുംവിധമാണ് നിര്‍മ്മാണം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പത്മനാഭപുരം കേന്ദ്രമാക്കി വേണാടും തിരുവിതാംകൂറും ഭരിച്ചിരുന്ന കാലത്ത് ആദികേശവനായിരുന്നു കുലദൈവം. പിന്നീട് തിരുവന്തപുരത്തേക്ക് തലസ്ഥാനം മാറ്റിയപ്പോള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചു. അതോടെ രാജാവിന്റെ വരവ് കുറഞ്ഞു, എന്നാല്‍ പള്ളിവേട്ട, ആറാട്ട് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അമുന്‍തുരുത്തി മഠം പോറ്റിക്കാണ് രാജാവിന്റെ അധികാരം തുല്യം ചാര്‍ത്തി നല്‍കിയിരുന്നത്. അതിപ്പോഴും തുടര്‍ന്നു വരുന്നു. 18 അടി നീളത്തിലുള്ള ശ്രീ പത്മനാഭന്‍ കിഴക്കോട്ട് ദര്‍ശനത്തില്‍ ആദി കേശവനെ നോക്കികിടക്കുന്നു എന്നാണ് സങ്കല്‍പ്പം. ശ്രീരംഗത്തെ വിഗ്രഹം 16 അടിയാണ്. മലയാള നാട്ടിലെ പ്രധാന 13 ദേശങ്ങളില്‍ ഒന്നും 108 ദിവ്യക്ഷേത്രങ്ങളില്‍ ഒന്നുമാണ് ആദികേശവ ക്ഷേത്രം. ചേരവംശത്തിന്റെ ശ്രീരംഗം എന്നും വിളിപ്പേരുണ്ടായിരുന്നു. പട്ടാളത്തിലും തുടര്‍ന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും ജോലി ചെയ്തിരുന്ന സുകുമാരന്‍ നായര്‍ക്ക് കന്യാകുമാരി ജില്ല കേരളത്തിന്റെ ഭാഗമല്ലാതായിതീര്‍ന്നതിന്റെ ദുഃഖം ഇപ്പോഴുമുണ്ട്. സമ്പല്‍സമൃദ്ധവും ചരിത്രപരമായും ഭൂമിശാസ്ത്രപരമായും കേരളത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ഇടവുമായ കന്യാകുമാരിയെ പാലക്കാടിന്റെ ഒരു ചെറിയ ഇടം വാങ്ങി വിട്ടുകൊടുത്തില്ലെ എന്ന സങ്കടം അദ്ദേഹത്തിന്റെ മാത്രമല്ല, കന്യാകുമാരിയില്‍ പരിചയപ്പെടുന്ന ഓരോ പഴയ തിരുവിതാംകൂറുകാരന്റെയും വികാരമാണ്. നമ്മള്‍ യാത്രചെയ്യുമ്പോഴും ഏത് ഭാഗവും കേരളമാണെന്നേ തോന്നുകയുള്ളു താനും. മലയാളം പറയുന്നവര്‍ ധാരാളവും.
2500 വര്‍ഷം പഴക്കമുള്ള ആദികേശവ ക്ഷേത്രത്തില്‍ ഇപ്പോള്‍ വലിയ പണികള്‍ നടക്കുകയാണ്. പത്തുവര്‍ഷം മുന്നെ വരുമ്പോള്‍ കണ്ട ക്ഷേത്രമല്ല ഇപ്പോള്‍. അന്ന് കടുത്ത ദാരിദ്ര്യം പേറുന്ന, ഉറക്കച്ചടവ് മാറാത്തൊരു ,ക്ഷയിച്ച ഇല്ലം പോലെ തോന്നിച്ചിരുന്ന ക്ഷേത്രത്തിന് ഇപ്പോള്‍ കുറച്ച് ഉഷാറൊക്കെ വന്നിട്ടുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 98 ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. പുറമെ പലരും സഹായിക്കുന്നു. വലിയ തുക വേണ്ടിവരും എന്നാണ് കണക്ക്. ഞങ്ങള്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ ഒരു സംഘം ഹരേകൃഷ്ണക്കാര്‍ അവിടെ വന്നു പോകുന്നത് കണ്ടു. ക്ഷേത്രകൊടിമരമെന്നത് മനുഷ്യന്റെ നട്ടെല്ലുപോലെയാണ് എന്നു സുകുമാരന്‍ നായര്‍. 32 കശേരുക്കള്‍ പോലെ 32 ഖണ്ഡങ്ങളാണ് കൊടിമരത്തിനുള്ളത്. കശേരുക്കള്‍ തേഞ്ഞാല്‍ മനുഷ്യന്‍ വളഞ്ഞുപോകുന്നപോലെ കൊടിമരത്തിന് തേയ്മാനം സംഭവിച്ചാല്‍ ക്ഷേത്രത്തിന് ബലക്ഷയം വരുമെന്ന് നായര്‍ പറഞ്ഞു. അത്തരത്തില്‍ അടിത്തറയിക്ക് തേയ്മാനം സംഭവിച്ച ആദികേശവ ക്ഷേത്രത്തിലെ കൊടിമരം ഒരു ഹിന്ദുവിന്റെ മരണാനന്തര ചടങ്ങുകള്‍പോലെ പൂജകള്‍ നടത്തി ദഹിപ്പിച്ച് ഭസ്മം പുഴയിലൊഴുക്കിയ ശേഷം പുതിയ കൊടിമരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് 2016ലാണ്. കോന്നിയില്‍ നിന്നും കൊണ്ടുവന്ന 70 അടിയിലേറെ നീളമുള്ള തേക്കിന്‍ തടി എള്ളെണ്ണ തോണിയില്‍ ഇട്ടിരിക്കയാണ്. അത് പാകമാകാന്‍ 18 മാസം വേണം. ആ സമയം കഴിഞ്ഞിരിക്കയാണ്. ഇനി ചെമ്പ് പൂശി സ്ഥാപിക്കുന്നതോടെ ക്ഷേത്രത്തിന് നഷ്ടമായ പ്രതാപം വീണ്ടുകിട്ടുമെന്ന് സുകുമാരന്‍ നായര്‍ വിശ്വസിക്കുന്നു. ഞങ്ങളോട് സംസാരിച്ചു നില്‍ക്കെ സഹപൂജാരി വന്നുപറഞ്ഞു, പൂജയ്ക്ക് സമയമയെന്ന്. അദ്ദേഹം ബാലാലയത്തിന് മുന്നില്‍ കയര്‍കെട്ടി നിവേദ്യപൂജയ്ക്ക് സൗകര്യമൊരുക്കി.
ആദികേശവന് നാല് കാവല്‍ക്കാരാണുള്ളത്. ജയവിജയന്മാര്‍ കൊടിമരത്തിനടുത്തും ചണ്ഡനും പ്രചണ്ഡനും ശ്രീകോവിലനടുത്തുമാണുള്ളത്. കൊടിമരം തൊഴുത് ബലിപീഠം കടന്നുപോകുമ്പോള്‍ ഭക്തനെ ആവാഹിച്ചിട്ടുള്ള ദോഷങ്ങള്‍ ഒഴിവാകുന്നു എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. ഈ ഭാഗത്ത് നാല് വ്യാളികളും വിഭീഷണനും ശംഖുചൂഡനും താണ്ഡവമാടുന്ന ശിവപെരുമാളും ശ്രീകൃഷ്ണനും ഇന്ദ്രജിത്തും രതി മന്മഥന്മാരും കൊത്തിയിട്ടുണ്ട്. ശിവപെരുമാളിന് ചുറ്റിലുമായി വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും ഹനുമാന്റെയും സാന്നിധ്യം കാണാം. എത്ര മനോഹരമായ ബിംബങ്ങളെയാണ് കല്ലില്‍ കൊത്തിവയ്ക്കുന്നത്. ഇത്തരം ക്ഷേത്രങ്ങളെല്ലാം നമ്മെ അത്ഭുത്തപ്പെടുത്തുന്നു, കലാകാരന്മാരെ നമ്മള്‍ ബഹുമാനപുരസരം നമിക്കുന്നു. ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന് ചുറ്റും ജീവികള്‍ ലയിച്ചു നില്‍ക്കുന്നു. പാമ്പിന്റെ തലയില്‍ എലി, സിംഹത്തിന്റെ പാല് കുടിക്കുന്ന മാന്‍കുട്ടി എന്നിങ്ങനെ സംഗീതത്തിന്റെ ദിവ്യത്വം അറിയിക്കുന്ന ശില്‍പ്പങ്ങള്‍.
ഉദയമാര്‍ത്താണ്ഡ വര്‍മ്മ മണ്ഡപം ഒറ്റക്കല്ലിലാണ് തീര്‍ത്തിരിക്കുന്നത്. 18 അടി നീളവും വീതിയും മൂന്നടി കനവുമുള്ള മണ്ഡപത്തിന്റെ മഖപ്പും തൂണുകളും തടിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. മനോഹരമായ ചെറുതും വലുതുമായ ശില്പ്പങ്ങളാണ് സൂക്ഷ്മതയോടെ നടയില്‍ കൊത്തിയിരിക്കുന്നത്. അഷ്ടദിക് പാലകര്‍ക്കു പുറമെ പാലാഴി മഥനമാണ് കൊത്തിയിട്ടുള്ളത്. വാസുകി സര്‍പ്പത്തെ ഉപയോഗിച്ച് പാലാഴി കടയുന്നു. ഒരു വശത്ത് ദേവന്മാര്‍. അതില്‍ മുന്നെ നില്‍ക്കുന്നത് ഗണപതിയാണ്. മറുവശം അസുരന്മാരും. ഗണപതി തീറ്റപ്രിയനായതിനാല്‍ ഗണപതിക്കുള്ള ഭക്ഷണം കൊണ്ടുവരുന്നതാണ് മറുവശം കൊടുത്തിരിക്കുന്നതെന്ന് സുകുമരന്‍ നായര്‍ പറയുന്നു. അസുരന്മാര്‍ക്ക് വിശപ്പില്ല. അവര്‍ രാക്ഷസികളുടെ നൃത്തം കണ്ടുകൊണ്ടാണ് പാലാഴി കടയുന്നത്. ഐപിഎല്‍ നടക്കുമ്പോഴത്തെ നൃത്തവുമായാണ് സുകുമാരന്‍ നായര്‍ അതിനെ ഉപമിക്കുന്നത്. ഏറ്റവും അത്ഭുതമുണര്‍ത്തുന്ന ഒന്നാണ് തിരുഅള്ള മണ്ഡപം. 1740ല്‍ ആര്‍ക്കോട്ട് നവാബാണ് ഇത് നിര്‍മ്മിച്ചത്. രണ്ടര കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു തൊപ്പി അദ്ദേഹം സംഭാവന ചെയ്തിരുന്നു. എന്നാലത് പില്‍ക്കാലത്ത്‌മോഷണം പോയി എന്നതാണ് സങ്കടകരം.ഇപ്പോഴും വര്‍ഷത്തില്‍ 21 ദിവസം തിരുഅള്ള പൂജ നടക്കുന്നുണ്ട്. ക്ഷേത്രച്ചുവരുകളിലെ ചുവര്‍ചിത്രങ്ങള്‍ നഷ്ടമായത് ആരെയും വേദനിപ്പിച്ചില്ല എന്നതും സങ്കടമുണര്‍ത്തുന്ന കാര്യമാണ്. അധികാരികളില്‍ കല, സംസ്‌കാരം, ചരിത്രം എന്നിവയെകുറിച്ച് അവബോധമില്ലാതെ വരുന്നതിനാല്‍ നമുക്ക് കൈമോശം വരുന്നത് വലിയ സംഭാവനകളാണ്. ഇത് ലോകമൊട്ടാകെ സംഭവിച്ചുകൊണ്ടിരിക്കുന്നു.
മാര്‍ത്താണ്ടത്തുനിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ ഹരിതാഭ നിറഞ്ഞ ഇടങ്ങളിലൂടെ സഞ്ചരിച്ചാണ് തിരുവട്ടാറിലെത്തുക. അവിടെ ആല്‍ത്തറയില്‍ നാഗപൂജ കാണാം. 30 അടി ഉയരത്തിലാണ് ക്ഷേത്രമതില്‍. വണ്ടി ക്ഷേത്രമുറ്റത്തുതന്നെ പാര്‍ക്ക് ചെയ്യാം. കിഴക്കോട്ട് പടവുകളിറങ്ങിയാല്‍ പുഴയായി. പടവുകളും കല്‍മണ്ഡപവും വേണ്ടത്ര വൃത്തിയായി സൂക്ഷിച്ചിട്ടില്ല. പുഴയിലേക്ക് ഇറങ്ങുന്ന ഭാഗവും അങ്ങിനെതന്നെ. പടിഞ്ഞാറു ഭാഗത്തുള്ള ആറാട്ടുകടവില്‍ ജലം തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. അവിടെ ആളുകള്‍ കുളിക്കുന്നുണ്ടായിരുന്നു.ഇടതുവശത്തായി കുട്ടികളുടെ ഒരു പാര്‍ക്കുണ്ട്. അവിടെ നില്‍ക്കുന്ന കൂറ്റന്‍ ഇലവുമരവും നമ്മെ അതിശയിപ്പിക്കും. ക്ഷേത്രത്തിലേക്ക് കിഴക്കേനട വഴിയും പടിഞ്ഞാറെ നട വഴിയും പ്രവേശിക്കാം. ഉള്‍വരാന്തകള്‍ വളരെ വിശാലമാണ്. അവിടെ തൂണുകളിലെ 224 ദീപാലക്ഷ്മിമാരും വ്യത്യസ്ത മുഖഭാവമുള്ളവരാണ്. ഒരേക്കറിലേറെ വരുന്ന ക്ഷേത്രപറമ്പില്‍ തമിഴ്‌നാട് ദേവസ്വം കേന്ദ്രസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെയാണ് പുനരുദ്ധാരണം നടത്തുന്നത്. ക്ഷേത്രത്തില്‍ വിവിധ ഇടങ്ങളിലായി വട്ടെഴുത്തിലും മറ്റുമായി 50 ഭാഗങ്ങളില്‍ തമിഴിലും സംസ്‌കൃതത്തിലും രേഖപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്. കുലോത്തുംഗ ചോളന്‍ I, രാജേന്ദ്ര ചോളന്‍ I എന്നിവരുടെ കാലത്തെ പണികളെകുറിച്ചും രേഖകളുണ്ട്.
എല്ലാ ക്ഷേത്രങ്ങള്‍ക്കുമെന്നപോലെ ആദികേശവനെകുറിച്ചും ഐതീഹ്യങ്ങളുണ്ട്. ഒരു കഥ ഇങ്ങിനെയാണ്. ദേവന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് വിഷ്ണു ഭഗവാന്‍ കേശവപ്പെരുമാളായി വന്ന് കേശി എന്ന അസുരനെ നിഗ്രഹിച്ചു. അയാളുടെ ഭാര്യ കഠിന പ്രാര്‍ത്ഥനയിലൂടെ ഗംഗയെയും താമ്രപര്‍ണ്ണിയെയും കൊണ്ടുവന്ന് ക്ഷേത്രത്തിന് നാശം വിതയ്ക്കാന്‍ തീരുമാനിച്ചു. ജലം ക്ഷേത്രത്തെ വിഴുങ്ങാതിരിക്കാന്‍ ഭൂമാതാവ് ക്ഷേത്രത്തെ ഉയര്‍ത്തി. ഭഗവല്‍ സാന്നിധ്യം മനസിലാക്കിയ നദികള്‍ ക്ഷമ യാചിക്കുകയും ഭഗവാനെ ചുറ്റാന്‍ ആരംഭിക്കുകയും ചെയ്തു. ക്ഷേത്രത്തിനെ നദികള്‍ ചുറ്റുന്നതിനാലാണ് പ്രദേശത്തിന് തിരുവട്ടാര്‍ എന്നു പേരുവന്നത്. മറ്റൊരു ഐതീഹ്യം ഇങ്ങിനെ. സരസ്വതി ദേവിയുടെ സാന്നിധ്യമില്ലാതെ ബ്രഹ്മാവ് യാഗം നടത്തി. കോപിഷ്ടയായ സരസ്വതി ദേവി കേശന്‍, കേശി എന്നീ അസുരന്മാരെ ഹോമാഗ്നിയില്‍ നിന്നും ജ്വലിപ്പിച്ചെടുത്തു. ഇവര്‍ മൂന്നു ലോകത്തിലും ശല്യമുണ്ടാക്കാന്‍ തുടങ്ങി. ദേവന്മാര്‍ വിഷ്ണുവിനെ സമീപിച്ചു. വിഷ്ണു കേശവപെരുമാളായി വന്ന് കേശനെ തോല്‍പ്പിച്ചു. കേശിയുടെ ആക്രമത്തില്‍ നിന്നും ദേവനെ രക്ഷിക്കാനായി ആദിശേഷന്‍ കേശവനെ പൊതിഞ്ഞു നിന്നു. അതാണ് ആദികേശവന്‍ എന്ന പേരുലഭിക്കാന്‍ കാരണം. സഹോദരന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ കേശിയും സുഹൃത്തായ കോതൈയും രണ്ട് നദികളായി രൂപം മാറി ക്ഷേത്രത്തെ നശിപ്പിക്കാന്‍ പുറപ്പെട്ടു. ഭൂമിദേവി ക്ഷേത്രത്തെ സംരക്ഷിച്ചു. നദികള്‍ ഇപ്പോഴും ചുറ്റി ഒഴുകുന്നു എന്നതാണ് മറ്റൊരു കഥ. പറളിയും കോതൈയും താമ്രപര്‍ണ്ണിയുമാണ് ചുറ്റി ഒഴുകുന്ന നദികള്‍. കേശനെ കൊന്നശേഷം കേശിയെ തലയണയാക്കി എന്നും കഥയുണ്ട്. 12 കൈകളുള്ള കേശി രക്ഷപെടാന്‍ പലവട്ടം ശ്രമിച്ചു. ഒടുവില്‍ 12 രുദ്രാക്ഷങ്ങള്‍ കൈയ്യിലിട്ട് ബന്ധിച്ചുവെന്നും ഈ രുദ്രക്ഷങ്ങള്‍ വളര്‍ന്ന് 12 ശിവക്ഷേത്രങ്ങളായി എന്നും വിശ്വാസം. ഈ ക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടത്തുന്നത്. അത് സമാപിക്കുന്നത് തിരുവട്ടാറിലും .
ഉച്ചയോടെ ക്ഷേത്രം അടയ്ക്കും മുന്നെ സുകുമാരന്‍ നായരോട് യാത്ര പറഞ്ഞിറങ്ങി. ഒരു ദക്ഷിണ നല്‍കട്ടെ എന്ന ചോദ്യത്തിന് ഭഗവാന്‍ രണ്ട് പെന്‍ഷനുകളിലായി നാല്‍പ്പതിനായിരത്തിലേറെ രൂപ നല്‍കുന്നുണ്ട്. ഇതെന്റെ സന്തോഷമാണ്. രാവിലെ തുടങ്ങി ഉച്ചവരെയും വൈകിട്ടും ഇങ്ങിനെ കര്‍മ്മം ചെയ്ത് തുടരാന്‍ ഭഗവാന്റെ അനുഗ്രഹം മാത്രംമതി എന്ന് സന്തോഷം രേഖപ്പെടുത്തി. ഒരു പൂമാലയും തന്നു. സജീവ് മൊബൈല്‍ നമ്പര്‍ ചോദിച്ചു. അതൊന്നും ഇല്ലാത്തിന്റെ സുഖത്തിലാണ് ജീവിതം എന്നു മറുപടിയും. ക്ഷേത്രപറമ്പില്‍ ഒരു ടോയ്‌ലറ്റ് സമുച്ചയമുണ്ട്. അവിടെ ആണ്‍-പെണ്‍ എന്നത് തമിഴിലാണ് എഴുത്ത്. ചിത്രവുമില്ല. തമിഴ് അറിയാത്തവന് അടി കിട്ടാന്‍ സാധ്യതയുണ്ട് എന്ന ബോധ്യത്തോടെ ഞങ്ങള്‍ ( ഞാനും ജയശ്രീയും സജീവും രാധാകൃഷ്ണനും) വണ്ടിയില്‍ കയറി. ഇനി യാത്ര ചിതറാള്‍ മലയിലേക്ക്.