Friday, 31 May 2019

Hygiene rating is essential for online food supply


ഫുഡ് ഡെലിവറി ആപ്പുകള്‍ ഹൈജീന്‍ റേറ്റിംഗ് ഉറപ്പാക്കണം.

ഭക്ഷണരീതികള് അതിവേഗം മാറുകയാണ്. ഇപ്പോള് ഓണ്ലൈന് ഡെലിവറി ആപ്പുകള് വഴി ഭക്ഷണം വീട്ടില് വരുത്തി കഴിക്കുകയാണ് പുതിയ ട്രെന്ഡ്.

ഭക്ഷണം ഉത്പ്പാദിപ്പിക്കുന്ന സ്ഥാപനവും വാങ്ങുന്ന ആളും തമ്മില് നേരിട്ടുള്ള ബന്ധം അവസാനിച്ചിരിക്കയാണ്. രണ്ടുകൂട്ടര്ക്കും ഇടയിലായി നില്ക്കുന്ന സ്വിഗി, ഊബര്,സൊമാറ്റോ,ഫുഡ് പാണ്ട ഒക്കെയാണ് നല്ല ഭക്ഷണമാണ് ലഭിക്കുന്നത് എന്നുറപ്പാക്കേണ്ടത്.

ഇതിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റ്ന്ഡാര്ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ചില ശുചിത്വ മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങള് കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

പഞ്ചാബ് സര്ക്കാര് ഈ വിഷയം ഗൌരവമായെടുത്ത് ഓണ്ലൈന് കമ്പനികള്ക്ക് നോട്ടീസ് അയച്ചിരിക്കയാണ്. ഭക്ഷണം നല്കാനായി ഓണ്ലൈന് കമ്പനികളില് രജിസ്റ്ററ് ചെയ്യുന്ന കടകളുടെ ഹൈജീനിക് റേറ്റിംഗ് കൂടി ഓണ്ലൈന് കമ്പനികള് നല്കണം എന്നതാണ് ആവശ്യം.

വളരെ അനിവാര്യമായ ഒരാവശ്യമാണിത്. കേരളത്തിനും ഈ നിര്ദ്ദേശം ഓണ്ലൈന് കമ്പനികള്ക്ക് മുന്നില് വയ്ക്കാവുന്നതാണ്.

License for selling tobacco is essential




പുകയില വില്‍പ്പനയ്ക്ക് പുതിയ നിയമം

ഇന്ന്( മെയ് 31 ) ലോകപുകയില ദിനമാണ്. പുകവലി കാര്യമായി കുറഞ്ഞെങ്കിലും പൂര്ണ്ണമായും മാറിയിട്ടില്ല. സിഗററ്റും ബീഡിയും ഗുഡ്കയും ലഭിക്കുന്ന കടകള് എവിടെയുമുണ്ട്. എന്നാല് നിയമം മൂലം പുകയില ഉത്പ്പന്നങ്ങളുടെ വില്പ്പന നിരോധിച്ചിട്ടില്ല. സര്ക്കാരിന് വര്ഷവും ഒരു മയവുമില്ലാതെ വില ഉയര്ത്താനുള്ള ഒരു ഉത്പ്പന്നം മാത്രമാണ് സിഗററ്റ്.

തമിഴ്നാട് സര്ക്കാര് ഒരു പുതിയ സംവിധാനം കൊണ്ടുവരുകയാണ്. കേരളത്തിനും പരീക്ഷിക്കാവുന്ന ഒന്ന്. പുകയില ഉതപ്പന്നങ്ങള് വില്ക്കാന് പ്രത്യേക ലൈസന്സ് എടുക്കണം എന്നതാണ് നിയമം. അങ്ങിനെ ലൈസന്സ് എടുക്കാതെ പുകയില ഉതപ്പന്നങ്ങള് വില്ക്കുന്ന കടയുടെ ലൈസന്സുതന്നെ ക്യാന്സല് ചെയ്യും.

നിലവിലുള്ള നിയമ പ്രകാരം പ്രായപൂര്ത്തിയാകാത്തവര്ക്ക് വില്പ്പന നടത്തുന്നവര്, സ്കൂള് പരിസരത്ത് വില്പ്പന നടത്തുന്നവര്ക്കൊക്കെ പിഴ വിധിക്കാറുണ്ട്. അവര് തുക അടച്ച് പോകുകയും വീണ്ടും കുറ്റം ആവര്ത്തിക്കുകയും ചെയ്യുന്നതാണ് നിലവിലെ അവസ്ഥ. എന്നാല് കടയുടെ ലൈസന്സ് നഷ്ടമാകും എന്നുവന്നാല് റിസ്ക് എടുക്കുകയില്ല.ഭക്ഷണ സാധനങ്ങള് വില്ക്കുന്ന കടകള്ക്ക് സിഗററ്റ് വില്ക്കാന് ലൈസന്സ് നല്കില്ല എന്നൊരു വ്യവസ്ഥയും പുതിയ നിയമത്തിലുണ്ടാകും എന്നറിയുന്നു.

Thursday, 30 May 2019

How to revamp Congress - request to Mr. Rahul


Dear Rahul Gandhi

Don’t feel dejected on the debacle happened to UPA and personally for you at Amethi. It was a war between David and Goliath . Naturally, the winner was Goliath. But, David is young and he gets a chance if plan wisely. 

Your party is not a cadre party. It is a crowd. That should change first. You should continue as congress president, not as CLP leader. Make a plan for democratic elections in the party from the ward level. 

The term of ward members and other office bearers can be fixed as three years. The ward members can be elected from the ordinary members of that locality. The ward members can elect the block members and block members can elect the district committee. The district committee can elect the state committee. Sate committee can be made the apex body of that state and they can elect the representatives of that state for the central committee.

 The central committee can be made the accountable body for national level campaigns. The working committee members can be elected from the central committee.

Ask all veterans sitting at CWC to opt out and young blood should be inducted. Caste and  religion  should not be made the base for selecting members. It should be based on the mass support the candidate has. 

By systematic  planning, you can make such a change with in six months. Forget about coming state elections , that will go parallelly. After identifying a leader to become the congress president, you place him/her on that seat and then take over the post of CLP leader. You can counter Modi  and party president can counter Amit sha .

It is a humble plan from V.R.Ajith Kumar.


Story-- Adimatham

കഥ

  അടിമത്തം (1995)

   കുടികിടപ്പുകാര്‍ക്ക് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നനാളില്‍, സ്വന്തമായൊരുതുണ്ടു ഭൂമിയുടെ ജന്മിയായി തീര്‍ന്ന വെളുത്തകുഞ്ഞ് സന്തോഷം കൊണ്ട് തുള്ളിയാര്‍ത്തു. പ്രവര്‍ത്തിയാരായി പെന്‍ഷന്‍ പറ്റിയ ചെല്ലപ്പന്‍പിള്ളയദ്ദേഹം, നാട്ടിലെ ചുവപ്പന്മാരായ നായന്മാരെയൊക്കെ ശപിച്ചുകൊണ്ടും കാലികാലത്തിന്റെ ആപത്തുകളെകുറിച്ച് ചിന്തിച്ചു ഭയന്നും ഭൂമി വിട്ടുകൊടുത്തു. സഖാവ് വേണു നായര്‍ ഇടപെട്ട് അപേക്ഷ കൊടുത്ത് കുറെ പണം അനുവദിപ്പിച്ച് കൂരയും നന്നാക്കി.

  അന്യരുടെ പത്തായം നിറയാന്‍ പണിയെടുത്ത തനിക്ക് അധ്വാനിക്കാന്‍ അഞ്ചുസെന്റ് ഭൂമി. അവന്റെ മനസില്‍ സ്വപ്‌നങ്ങള്‍ വിരിഞ്ഞു. നല്ലൊരു നാളെയുടെ വരവ് വിളിച്ചറിയിച്ചുകൊണ്ട് , അവന്റെ തെങ്ങില്‍ പുതിയ കൂമ്പുകള്‍ വിരിഞ്ഞു.

   വെളുത്തകുഞ്ഞിന്റെ പൊണ്ടാട്ടി തങ്കമ്മ നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു, ' ഇതൊന്നും കാണാന്‍ അങ്ങോര്‍ ഇല്ലാതെ പോയല്ലൊ തമ്പിരാനെ.' വെളുത്ത കുഞ്ഞിന്റെ ചേട്ടന്‍ തേവനാണ് തങ്കമ്മയ്ക്ക് താലികെട്ടിയതും പുടവ കൊടുത്തതും. എന്നാല്‍ കൗമാരത്തിന്റെ ചപലതകള്‍ ഉണര്‍ന്നുവന്ന നാളില്‍ തന്നെ തങ്കമ്മയുടെ മാദകത്വമാര്‍ന്ന ശരീരവടിവുകളില്‍ മയങ്ങിയും വിയര്‍പ്പുചാലില്‍ കുളിച്ചുമാണ് വെളുത്തകുഞ്ഞ് സുഖശീതളമായ ലോകം കണ്ടത്. ചെറുപ്പത്തിലെ ക്ഷയരോഗിയായിരുന്ന തേവന്‍, ചുമച്ചും കുരച്ചും മരണപ്പെട്ടപ്പോള്‍ തങ്കമ്മയെ ഏറ്റെടുക്കാന്‍ വെളുത്തകുഞ്ഞിന് സന്തോഷമെയുണ്ടായിരുന്നുള്ളു. മഹാസഭ കൂടി അവനോട് ചോദിച്ചു, ' തങ്കമ്മയും കുഞ്ഞുങ്ങളും അനാഥരാകാതെ നീ നോക്കിക്കൊള്ളാമോ ?', അവന്‍ സമ്മതിച്ചു. അങ്ങിനെ ഒളിച്ചും പതുങ്ങിയും തങ്കമ്മയ്‌ക്കൊപ്പം കഴിഞ്ഞുവന്ന വെളുത്തകുഞ്ഞ്, ചേട്ടന്റെ തഴപ്പായില്‍ രാത്രിയുടെ തീഷ്ണതയുള്‍ക്കൊണ്ട് മയങ്ങി.

  മുറുക്കാന്‍ കടയില്‍ വെടി പറഞ്ഞും കറവ വീടുകളില്‍ തരവുകച്ചവടത്തിന്റെ നന്മതിന്മകള്‍ വിളമ്പിയും കാലം കഴിച്ചിരുന്ന വെളുത്തകുഞ്ഞ് മൂവന്തിക്കുമുന്നെ കപ്പയും മീനും വാങ്ങി വീടണയാന്‍ തുടങ്ങി. വലത്തെ നാസാരന്ധ്രത്തില്‍ തിളങ്ങുന്ന കല്ലുള്ള മുക്കുത്തിയും ചുണ്ടത്ത് ചിരിയും മാറില്‍ നിറതേനുമായി തങ്കമ്മ അവനെ കാത്തിരുന്നു. കനത്തുരുണ്ട മാംസകരുത്തില്‍ ഞെരുങ്ങിയമര്‍ന്ന് , ഉന്മാദത്തിന്റെ ഉച്ചസ്ഥായിയില്‍ ഉരുകിയൊലിക്കുന്ന വിയര്‍പ്പില്‍ ചുണ്ടമര്‍ത്തി അയാള്‍ രാത്രികള്‍ക്ക് വിടപറഞ്ഞു. തങ്കമ്മ വീണ്ടും വീണ്ടും പെറ്റു. ഓരോ പേറു കഴിയുമ്പോഴും അവളുടെ അഴക് വര്‍ദ്ധിച്ചു.

   കുട്ടികള്‍ വളരുകയും ചിലവേറുകയും ചെയ്തകാലം തങ്കമ്മ കൊയ്ത്തിന് പാടത്തിറങ്ങി. തങ്കമ്മയുടെ മേനിത്തിളക്കത്തില്‍ ഭ്രമിച്ച തമ്പ്രാക്കന്മാര്‍ നെടുവീര്‍പ്പിടുന്നതും ചുണ്ടുനനയ്ക്കുന്നതും അവള്‍ ഇടംകണ്ണിട്ട് അവരെ നോക്കുന്നതും ചിരിക്കുന്നതും വെളുത്തകുഞ്ഞ് കണ്ടില്ല. പതമളന്ന നെല്ല് കൂടുതല്‍ കിട്ടിയപ്പോഴും തഴപ്പായില്‍ പഴയ താത്പ്പര്യം കാണാതായപ്പോഴും വീട്ടില്‍ ദുര്‍ഭിക്ഷത മാറി ശ്രീ കളിയാടിയപ്പൊഴും വെളുത്തകുഞ്ഞ് ഒന്നും മനസിലാക്കിയില്ല.

  കുട്ടികള്‍ വളരുകയാണെന്ന യാഥാര്‍ത്ഥ്യം ഒരു രാത്രിയില്‍ തങ്കമ്മ അയാളെ ഓര്‍മ്മിപ്പിച്ചു. മൂത്തവള്‍ രാധയ്ക്ക് പ്രായം തികഞ്ഞു. ഗോപാലകൃഷ്ണന്‍ പഠിത്തം നിര്‍ത്തി കൂലിപ്പണിക്ക് പോകയാണ്. എന്നാല്‍ ഗിരിജയെകുറിച്ച് തങ്കമ്മയ്ക്ക് അഭിമാനമായിരുന്നു. അവള്‍ മിടുക്കിയാ.

   സര്‍ക്കാര്‍ പ്രൊമോഷനുണ്ടായിട്ടും പല ക്ലാസുകളില്‍ മുട്ടിവീണും പരുക്കേറ്റുമാണ് ഗിരിജ പത്താം ക്ലാസിലെത്തിയത്. തങ്കമ്മയുടെ മോള്‍ കൊഴുത്തുരുണ്ട് എന്തിനും പോന്നവളായി വളര്‍ന്നു. ക്ലാസിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ അവള്‍ ബ്ലൗസ് താഴോട്ടുപിടിച്ചു വലിക്കും. അപ്പോള്‍ സമൃദ്ധമായ മാറിടം വല്ലാതെ ഞെരുങ്ങുന്നതുകണ്ട് ചെറുപ്പക്കാരായ അധ്യാപകര്‍ക്ക് വാക്കുകള്‍ തെറ്റി. അവള്‍ മുന്നോട്ടു കുനിഞ്ഞിരുന്ന് എഴുതുകയും ഇടയ്ക്കിടെ ചില വാക്കുകള്‍ വീണ്ടും ചോദിക്കുകയും ചെയ്തപ്പോള്‍, അയല്‍പക്കക്കാരനായ രാജന്‍ മാഷിന്  അവളുടെ ബുക്കിലെ അക്ഷരങ്ങള്‍ തെറ്റുന്നുവോ എന്നറിയാന്‍ അടുത്തുചെന്നു നില്‍ക്കാതെ കഴിയില്ലെന്നായി.

  പുത്തന്‍ വീട്ടില്‍ ചന്ദ്രശേഖരപിളളയദ്ദേഹത്തിന്റെ മകന്റെ ക്ലാസില്‍ പഠിക്കുക, വേണ്ടത്ര ശ്രദ്ധ കിട്ടുക, ചോദ്യത്തിനുത്തരം പറയാതിരിക്കുമ്പോള്‍ ആ വെളുത്ത വിരലുകള്‍കൊണ്ട് കാര്‍മേഘകാന്തിയുളള കൊഴുത്ത കൈകളില്‍ നുള്ളുക. അവള്‍ക്ക് അതെല്ലാം സുഖകരമായ ഓര്‍മ്മകളായി. പുസ്തകം തുറന്നുനോക്കുമ്പോള്‍ കൈകാലുകളില്‍ ഒരു തണുപ്പ്. നക്ഷത്രങ്ങള്‍ തിളങ്ങുന്ന ആകാശത്തേക്ക് ഉറ്റുനോക്കിയിരുന്ന് അവള്‍ ചിരിച്ചു.

   വെളുത്ത കുഞ്ഞും തങ്കമ്മയും കെട്ടിപ്പിടിച്ച് തളര്‍ന്നുറങ്ങുന്നതു കണ്ടുവളര്‍ന്ന പെണ്ണ് രാജന്‍ മാഷിനൊപ്പം കെട്ടിമറിയുന്നതായി സ്വപ്‌നം കണ്ടു. അവളുടെ സ്വപ്‌നം ഒരു പൂവായി വിരിഞ്ഞു. ദളങ്ങളില്‍ തേന്‍ നിറഞ്ഞു കനത്തു. രാധ യൗവ്വനത്തിന്റെ പുതുപുഷ്പങ്ങള്‍ വിടര്‍ത്തി കണ്ണില്‍ പൂചൂടി നിന്ന കാലം ചെല്ലപ്പന്‍ വന്നു കണ്ടു. മാഹാസഭ കൂടി പതിവുപോലെ മദ്യപാനവും അടികലശലും നടത്തി. അതിനിടെ താലികെട്ടും. രാധ കണ്ണീരോടെ തങ്കമ്മയോടും ഇളയവരോടും യാത്രപറഞ്ഞ് പടിയിറങ്ങി. പിന്നെ ഏഴാം മാസം വീര്‍ത്ത വയറുമായി കയറി വന്നു. പെറ്റുവീണ കുഞ്ഞുമായി തിരിച്ചും പോയി.

    ഗിരിജ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ നില്‍ക്കുന്ന കാലം. പുത്തന്‍ വീട്ടില്‍ രാജന്‍ മാഷിനോട് അവള്‍ക്ക് കലശലായ പ്രേമം ഉറഞ്ഞുകൂടി. ഒരിക്കല്‍ അയാള്‍ പറഞ്ഞു, ' ഗിരിജെ, നീ നാളെ വീട്ടില്‍ വരണം. അവിടുന്നെല്ലാവരും അമ്പലത്തില്‍ പോകും. ഞാന്‍ മാത്രമെ വീട്ടില്‍ കാണൂ..' ഗിരിജ അയാളെ നോക്കി. അവളുടെ നനഞ്ഞ ചുണ്ടുകള്‍ വിറച്ചു. കണ്‍കോണുകള്‍ ഇളകി.
' വരില്ലെ?', ആ ചോദ്യത്തിനു മുന്നില്‍ അവള്‍ വിറച്ചു.
' വരാം.', അവള്‍ പറഞ്ഞു.

   രാത്രിയുടെ ഓരോ നിമിഷവും അവസാനിക്കാത്തവണ്ണം നീണ്ടതായി. പകല്‍ വെളിച്ചത്തില്‍ കുളിച്ചീറന്‍ മാറി നന്നായൊന്നൊരുങ്ങി തങ്കമ്മയുടെ കണ്ണുവെട്ടിച്ച് അവള്‍ പുറത്തുചാടി. ദൂരെ നിന്നുള്ള അവളുടെ വരവുകണ്ട് രാജന്റെ മനസുകുളുര്‍ത്തു. ഇലയനങ്ങുന്ന താളത്തോടെ വീട്ടിലെത്തിയ പെണ്ണിനെ മുറിയിലേക്ക് കയറ്റുമ്പോള്‍ തന്നെ അയാളുടെ ഹൃദയമിടിപ്പ് അവളറിഞ്ഞു. ഉന്മാദത്തിന്റെ തീര്‍ത്ഥക്കുളത്തില്‍ മുങ്ങിപ്പൊങ്ങി തിരുവാതിരയാടി കുഴഞ്ഞുവീഴുമ്പോള്‍ ,ജന്മസാഫല്യം നേടിയപോലെ അയാള്‍ക്കു തോന്നി.

' ഗരിജെ, നീയെന്റെ സുന്ദരിക്കുട്ടിയാണ്', അയാള്‍ പറഞ്ഞു

' സാര്‍, ഞാന്‍ - എനിക്ക് -- ', അവള്‍ വാക്കുകള്‍ക്കായി പരതി.

' ഇല്ല മോളെ, നിനക്കൊന്നും വരില്ല, നിനക്കു ഞാനുണ്ട് ', അയാള്‍ അവളെ ആശ്വസിപ്പിച്ചു.
   
    അത് ഒരാവര്‍ത്തനത്തിന്റെ തുടക്കമായിരുന്നു. രാത്രികളില്‍ വീടിന്റെ കതക് തുറന്നടഞ്ഞു. പറമ്പിലെ വിരിയിട്ട പൂഴിമണ്ണില്‍ അവര്‍ പരസ്പരം അറിഞ്ഞു. എത്ര നാള്‍ തുടര്‍ന്നു എങ്ങിനെ തുടര്‍ന്നു എന്നൊന്നും ചോദിക്കേണ്ടതില്ല. ഒരു ദിനം തങ്കമ്മ യാദൃശ്ചികമായുണര്‍ന്ന് വിളക്കുകൊളുത്തുമ്പോള്‍ പായില്‍ ഗിരിജയില്ല. അവര്‍ പുറത്തിറങ്ങി നോക്കി. പെണ്ണിനെ കാണാനില്ല.

' നിങ്ങള്‍ പോത്തുപോലെ കിടന്നുറങ്ങാതെ മനുഷ്യാ, പെണ്ണിനെ കാണാനില്ല', അവര്‍ വെളുത്തകുഞ്ഞിനെ വിളിച്ചു.

ലഹരിയുടെ മയക്കത്തിലും വെളുത്തകുഞ്ഞുണര്‍ന്നു. ഗോപാലകൃഷ്ണനുണര്‍ന്നു.ഇളയവളുണര്‍ന്നു.വിളക്കുമായി അവര്‍ പരക്കം പാഞ്ഞു. അയല്‍വീടുകളിലും വിളക്കുതെളിഞ്ഞു. അന്വേഷണം ശക്തിപ്പെട്ടു. പുത്തന്‍വീട്ടിലെ പറമ്പില്‍ വിളക്കുകള്‍ പ്രവേശിക്കുമ്പോള്‍ ഒരു നിഴല്‍ ഓടുന്നതവര്‍ കണ്ടു. മറ്റൊന്ന് അവരുടെ നേര്‍ക്കും. ഗിരിജ അഴിഞ്ഞുലഞ്ഞ ബ്ലൗസ് നേരെയാക്കി പാവടയുടെ കെട്ടുപിണച്ചിട്ട്,മുടി മാടിയൊതുക്കി സംതൃപ്തമായ മുഖത്തോടെ കൂസലില്ലാതെ നിന്നു.

' നീ എവിടെ പോയെടി ?', വെളുത്തകുഞ്ഞ് ചോദിച്ചു.

അവള്‍ ഒന്നും പറഞ്ഞില്ല. മുടിക്ക് കുത്തിപ്പിടിച്ച് അയാള്‍ അവളെ അടിച്ചു. അവള്‍ പ്രതിഷേധിച്ചില്ല. അവള്‍ മറ്റേതോ ലോകത്തായിരുന്നു. ആരോ വെളുത്തകുഞ്ഞിനെ പിടിച്ചുമാറ്റി. രാത്രിയുടെ നിശബ്ദതയെ ഞെട്ടിച്ച ബഹളം കാരണം അയല്‍വീടുകളിലെല്ലാം വിളക്കുതെളിഞ്ഞു. എന്നാല്‍ പുത്തന്‍ വീട്ടില്‍ കത്തിക്കിടന്ന വിളക്കുപോലും അണയുകയാണുണ്ടായത്.

  നാട്ടുകാര്‍ക്കിടയില്‍ ചൂടുള്ള വാര്‍ത്തയായി ആ സംഭവം പടര്‍ന്നു കത്തി ചൂരും ചൂടും വര്‍ദ്ധിപ്പിച്ചു. വാധ്യാരുടെ പ്രേമം മതിലുകളില്‍ പാട്ടായി. ഇതിനിടെ ഗരിജയ്ക്ക് കുളിതെറ്റി. തങ്കമ്മയ്ക്ക് കൂടുതലൊന്നും അറിയേണ്ടതില്ലായിരുന്നു.

'കൊച്ചിന്റെ തന്ത പുത്തന്‍പുരയിലെ കൊച്ചമ്പ്രാനാണോടി ?', അവര്‍ ചോദിച്ചു.

അവള്‍ മിണ്ടിയില്ല. എങ്കിലും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

' അയാള് നിന്നെ കെട്ട്യോടി ?', അതിനും അവള്‍ മറുപടി പറഞ്ഞില്ല.

അവര്‍ വെളുത്തകുഞ്ഞിന് നേരെ തിരിഞ്ഞു. ' ഏയ് മനുഷ്യാ, നിങ്ങളെന്ത് കൂത്താ കാണുന്നെ ? പഞ്ചായത്ത് മെമ്പറെ ഒന്നു കാണ്. പാര്‍ട്ടിക്കാരെ ചെന്ന് കാണ്. കൊടി പിടിക്കാന്‍ പോന്നോരല്ല്യോ, ഒരു സമാതാനം കാണാന്‍ പറ '

   വെളുത്തകുഞ്ഞ് ഇറങ്ങി നടന്നു. മെമ്പറെ കണ്ട് പറയാന്‍ പറ്റുന്നതരത്തില്‍ പറഞ്ഞു. മെമ്പര്‍ക്ക് എല്ലാം ബോധ്യപ്പെട്ടു. വോട്ടുബാങ്കാണ് മുന്നില്‍ നില്‍ക്കുന്നത്. പ്രതി ഉന്നതകുടുംബാംഗവും ധനശേഷിയുള്ളവനും. രാഷ്ട്രീയതാത്പ്പര്യത്തിന്റെ തുലാസ് ഇരുപുറവും ഒരുപോലെ തൂങ്ങുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം ഒതുക്കണം. അയാള്‍ വെളുത്തകുഞ്ഞിനെ ഒന്നു നോക്കി, അര്‍ത്ഥഗര്‍ഭമായി മൂളി.

   ' രണ്ടുകൂട്ടരും തെറ്റുകാരാണ്. ഈ പ്രായത്തില്‍ കൂട്ടിലിട്ട് വളര്‍ത്താന്‍ കഴിയില്ലെന്ന് എനിക്കുമറിയാം. എങ്കിലും -- ഏതായാലും വന്നതുവന്നു. നമ്മള്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയാല്‍ പെണ്ണിനാ കേട്. ഒരു സംബ്ബന്ധം കൂടി കിട്ടാതാകും. അയാളെക്കൊണ്ട് കെട്ടിക്കാമെന്നു വച്ചാല്‍ അതു നടക്വോ. വേണ്ടത്ര തെളിവുകൊടുക്കാനോ കോടതി കയറാനോ നമുക്ക് കഴിയില്ല. പിന്നെ കൊടിപിടിക്ക്വാ സത്യാഗ്രഹമിരിക്ക്വാ ഒക്കെ ചെയ്താലും പോലീസും സര്‍ക്കാരുമൊക്കെ നമുക്കെതിരായുള്ള സമയാ -- ', അയാള്‍ സിഗററ്റിന്റെ ചാരം തട്ടി, വെളുത്തകുഞ്ഞിനെ നോക്കി.

' മെമ്പര്‍ എന്തു പറഞ്ഞാലും ഞാള് കേക്കും', വെളുത്തകുഞ്ഞ് നയം വ്യക്തമാക്കി.

' അധികകാലായില്ലല്ലൊ, നമുക്ക് വയറ്റീകിടക്കുന്നത് വേണ്ടെന്നു വയ്ക്കാം. പെണ്ണിനെ കെട്ടിക്കാന്‍ കുറച്ചു രൂപ വാങ്ങിത്തരാം, ഇരുചെവി അറിയണ്ട', മെമ്പര്‍ പറഞ്ഞു.

   മെമ്പറുടെ ബുദ്ധിയില്‍ അങ്ങേയറ്റം മതിപ്പുള്ള വെളുത്തകുഞ്ഞ് സന്തോഷത്തോടെ മടങ്ങി. അടുത്ത ദിവസം മെമ്പര്‍ വീട്ടില്‍ വന്ന് തങ്കമ്മയുമായി ദീര്‍ഘനേരം സംസാരിച്ചു. മെമ്പറുടെ സാമര്‍ത്ഥ്യത്തില്‍ അവര്‍ക്കും അശേഷം സംശയമില്ല. സാധുക്കളുടെ ഉന്നമനമാണ് അദ്യത്തിന്റെ ലക്ഷ്യം. കുട്ടികളെ നോക്കാന്‍ കൂടി നേരം കിട്ടാഞ്ഞ് അവരെ പട്ടണത്തിലെ സ്‌കൂളില്‍ നിര്‍ത്തി പഠിപ്പിക്കുകയാണ്. കഷ്ടം', തങ്കമ്മ ഇങ്ങിനെയൊക്കെ പലവട്ടം ചിന്തിച്ചിട്ടുള്ളതാണ്. അതിനാല്‍ മെമ്പര്‍ പറഞ്ഞത് വള്ളിപുള്ളി അവള്‍ക്കിഷ്ടപ്പെട്ടു.

 പുത്തന്‍ വീട്ടിലും മെമ്പര്‍ക്ക് നല്ല സ്വീകരണം കിട്ടി. പഴങ്കഥകളും നാട്ടുവിശേഷങ്ങളും പറഞ്ഞ്, അടുത്തൂണ്‍ പറ്റിയ തഹസീല്‍ദാരും മെമ്പറും കുറേ സമയം ചിലവിട്ടു. ഒടുവില്‍ യഥാര്‍ത്ഥ വിഷയത്തിലേക്ക് കടന്നു. ' പിന്നെ ഞാന്‍ വന്നത് , ആ വെളുത്തകുഞ്ഞിന്റെ മകളുടെ -- ', ഇതുകേട്ടതും തഹസീല്‍ദാരുടെ മുഖം ചുവന്നു. ' നിങ്ങളൊക്കെകൂടി എന്റെ കുടുംബത്തെയും മകനെയും ചീത്തയാക്കാന്‍ തുടങ്ങാണ്--ല്ലെ '

    ' ചേട്ടന്‍ കോപിക്കുകയൊന്നും വേണ്ട, ഞാന്‍ ഇതില്‍ ഇടപെടുന്നത് നിങ്ങളെ കരുതിയാ. നാളെ ഒരു നല്ല കുടുംബത്തില്‍ നിന്നൊരു വിവാഹം കിട്ടേണ്ട പയ്യനാണ്. പെണ്ണിപ്പോള്‍ ഗര്‍ഭിണിയാണ്. നാട്ടുകാര്‍ വിവരമറിഞ്ഞാല്‍ ഇളകും. അവര് ഗര്‍ഭ സത്യാഗ്രഹം നടത്തും. ചിലപ്പോള്‍ -- ',  മെമ്പര്‍ റിട്ടയേര്‍ഡ് തഹസീല്‍ദാരെ ഒന്നു നോക്കി . അയാള്‍ തുടര്‍ന്നു, ' എനിക്കുതന്നെ അത് ഉത്ഘാടനം ചെയ്യേണ്ടിവരും. അപ്പൊ പിന്നെ കൊച്ചാട്ടന്‍ അതുമിതും പറയരുത്. നാറാതിരുന്നാല്‍ ഭാവിയില്‍ പെണ്ണുവീട്ടിന്നു കണക്കുപറഞ്ഞു വാങ്ങാം. '

   മെമ്പറുടെ വാക്കുകള്‍  കൊള്ളേണ്ടിടത്ത് കൊണ്ടു. ചന്ദ്രശേഖര പിള്ളയുടെ കോപം തണുത്തു. ' ഒരു പക്ഷെ ഇതൊക്കെ സത്യമാകാം. ഇനി ഇല്ലാത്തതായാലും കുറേപേര്‍ വിചാരിച്ചാല്‍ മാനക്കേടാകും.-- എന്താ-- ഞാന്‍ ചെയ്യേണ്ടത് ', അയാള്‍ ചോദിച്ചു.

   ' ചേട്ടന് വലിയ ബുദ്ധിമുട്ടുണ്ടകാതെ തീര്‍ക്കാം. ചെറുക്കന്റെ ഭാവിയുടെ കാര്യമല്ലെ- ഒരു ചെറിയ തുക- ഒരു ഇരുപത്തിയഞ്ച് -- ' , മെമ്പര്‍ പറഞ്ഞു.

       ' എത്രയാ ?', കുറേകൂടിപ്പോയി എന്ന മട്ടില്‍ ചന്ദ്രശേഖരപിള്ള എടുത്തു ചോദിച്ചു.

      ' ഒരു ട്വൊന്റി ഫൈവ് തൗസന്റ് --പ്രശ്‌നം ഒതുങ്ങും. ഇല്ലേല്‍ ഒതുങ്ങില്ല, വഷളാകും, നാറും', മെമ്പര്‍ പറഞ്ഞു.

   പിള്ളസാറിന്റെ കണ്ഠത്തില്‍ ഉമിനീരിറങ്ങി. മെമ്പര്‍ ഡയറി എടുത്ത് എഴുനേറ്റു.

     ' മെമ്പര്‍ ഇരിക്യാ- എടേ കാപ്പി-', പിള്ള അകത്തേക്കു നോക്കി പറഞ്ഞു. ' എപ്പൊ വേണം ? '

    ' എത്ര വേഗം ഇടപാട് തീര്‍ക്കുന്നൊ അത്രേം നല്ലത് ', മെമ്പര്‍ പറഞ്ഞു.

     ' ഒരാഴ്ച അവധി വേണം മെമ്പറെ ', പിള്ള പറഞ്ഞു.

    '  ഒരാഴ്ച എങ്കില്‍ ഒരാഴ്ച. പിന്നെ മെമ്പറ് ഇടപെടുന്നത് നിങ്ങളെ കരുതിയാ. ഒന്നും പ്രതീക്ഷിച്ചോണ്ടല്ല', മെമ്പറുടെ ചിരിയില്‍ മഞ്ഞ വ്യാപിച്ചു.

   അടുത്തയാഴ്ച തന്നെ പ്രശ്‌നം അവസാനിച്ചു. പതിനയ്യായിരം വെളുത്തകുഞ്ഞിനും പതിനായിരം മെമ്പര്‍ക്കും.

       ' ഇനിയെങ്കിലും പെണ്ണിനെ നോക്കിക്കൊള്ളണം. തലേം മൊലേം വളര്‍ന്നാ പിന്നെ വീട്ടി നിര്‍ത്തരുത്. ഒരു ചെറുക്കനെ കണ്ടുപിടിക്കാന്‍ നമ്മുടെ പെണ്ണുകൊച്ചുരാമനെ ഏര്‍പ്പാടാക്കാം.     ', മെമ്പര്‍ പറഞ്ഞു നിര്‍ത്തി. തങ്കമ്മയും വെളുത്തകുഞ്ഞും ശരിവച്ചു.

   പച്ചക്കപ്പയ്ക്കാ പുഴുങ്ങി ചതച്ച് നീരെടുത്ത് തങ്കമ്മ ഗിരിജയ്ക്കു കൊടുത്തു. അവള്‍ കുടിച്ചില്ല. തങ്കമ്മയ്ക്ക് ദേഷ്യം കയറി. ' കുടിയെടി നെഷേധി , ഇറങ്ങിപ്പോരട്ടെ '. അവള്‍ കൈ തട്ടിമാറ്റി. ഒടുവില്‍ അല്‍പ്പം ബലം പ്രയോഗിച്ചുതന്നെ നീര് ഉള്ളിലെത്തിച്ചു. മൂന്നാം നാള്‍ ഗിരിജയുടെ ഗര്‍ഭമലസി.

   വടക്കൊരു നാട്ടില്‍ നിന്നാണ് ശ്രീധരന്‍ പെണ്ണുകാണാന്‍ വന്നത്. പട്ടണത്തിലെ സോപ്പുകമ്പനിയില്‍ ജോലി ചെയ്യുന്ന കുറുകിയ കറുപ്പു നിറമുള്ള പയ്യന്‍. തങ്കമ്മയ്ക്ക് പയ്യനെ ബോധിച്ചു. ' നല്ല നെറമുള്ള ദേഹം, നെനക്ക് ഇഷ്ടപ്പെട്ടോടി ', തങ്കമ്മ ചോദിച്ചു. ഗിരിജ മുഖം തിരിച്ചു. അവളുടെ ഓര്‍മ്മയില്‍ വെളുത്ത മാഷ് നിറഞ്ഞുനിന്നു. ഒന്നു കാണാന്‍ പോലും കഴിയുന്നില്ലല്ലൊ എന്നവള്‍ പരിഭവിച്ചു. അവള്‍ പായില്‍ കിടന്നുരുണ്ടു.

ശ്രീധരന് പെണ്ണിനെ ഇഷ്ടപ്പെട്ടു. അവളുടെ ഉറക്കം കെടുത്തുന്ന മാദകത്വത്തില്‍ അവന്‍ മയങ്ങി വീണു. വാക്കുകള്‍ വഴിമുട്ടി നില്‍ക്കുന്ന മുഖവുമായി അവന്‍ വീണ്ടും വീണ്ടും വന്നു. നാട്ടുകാരില്‍ ചിലര്‍ ഗിരിജയുടെ പ്രണയ കഥ അവനോട് പറഞ്ഞു. തങ്കമ്മയും ചില സൂചനയൊക്കെ കൊടുത്തു. ' അസൂയ പെരുത്ത നാട്ടാരാ, ആരും നന്നാകുന്നത് കണ്ടൂട. വല്ലോരും വല്ലതും പറഞ്ഞാല്‍ -- ' , തങ്കമ്മയുടെ വാക്കുകള്‍ മുറിച്ചുകൊണ്ട് ശ്രീധരന്‍ പറഞ്ഞു, ' ചിലതൊക്കെ ഞാനും കേട്ടു. എനിക്കതില്‍ വിഷമമില്ല. ചെറുപ്പത്തില്‍ ചില അബദ്ധങ്ങളൊക്കെ ആര്‍ക്കും പറ്റും. ഇനി ഞാനവളെ പൊന്നുപോലെ നോക്കും '

 രാജന്‍ സാറിനെ ധ്യാനിച്ചു നടക്കുന്നതുകൊണ്ട് ഗുണമോന്നുമില്ലെന്ന് അറിയാന്‍ തക്ക പ്രായോഗിക ബുദ്ധി ഗിരിജയ്ക്കുമുണ്ടായിരുന്നു. അവള്‍ ഒടുവില്‍ സമ്മതം മൂളി. വടക്കുനിന്നും രണ്ടു വണ്ടി നിറയെ ആളുകള്‍ എത്തി. ഗിരിജയെ താലികെട്ടി ശ്രീധരന്‍ കൊണ്ടുപോയി. അവള്‍ക്ക് അവന്റെ വീട്ടില്‍ കൂടുതല്‍ നാള്‍ തങ്ങാന്‍ കഴിഞ്ഞില്ല. ഓര്‍മ്മയില്‍ എപ്പോഴും രാജന്‍ സാര്‍ തന്നെ. വല്ലപ്പോഴും ഒന്നു കാണാന്‍ കഴിഞ്ഞാല്‍ തന്നെ സന്തോഷമായെന്നു തോന്നി.

'  നമുക്കു നാട്ടില്‍ പോകാം. ജോലിക്ക് പോകാനും സൗകര്യം അതല്ലെ', അവള്‍ പറഞ്ഞു.

അവന്‍ അവള്‍ പറഞ്ഞതനുസരിച്ചു.നാട്ടില്‍ തിരിച്ചെത്തി. ഇതിനിടെ രാജന്‍ വിവാഹിതനായി. വൃശ്ചികത്തിന്റെ കുളിരണിഞ്ഞ ഒരു രാത്രിയില്‍ ഗിരിജ ഒരു കുട്ടിക്കു ജന്മം നല്‍കി. അധികകാലം കഴിയും മുന്നെ ശ്രീധരന്റെ കമ്പനി ലോക്കൗട്ടിലായി. പണിയും പണവുമില്ലാതെ അയാള്‍ കഷ്ടപ്പെട്ടു. തങ്കമ്മയ്ക്കും മരുമകനെ ഇഷ്ടപ്പെടാതായി.

' ഞാനും എന്റങ്ങേരും ജോലിചെയ്ത്‌കൊണ്ടുവന്നിട്ടു വേണോല്ലൊ കാല്‍ക്കാശിന് പ്രയോജനമില്ലാത്ത മരുമോനെ തീറ്റാന്‍ --' , ഒരു ദിവസം അവന്‍ കേള്‍ക്കെ തങ്കമ്മ ഗിരിജയോട് പറഞ്ഞു. അതുകേട്ട് ശ്രീധരന്‍ അസ്വസ്ഥനായി. ഭര്‍ത്താവ് ചെറുതായി ചെറുതായി ചുരുങ്ങി ഇല്ലാതാകുന്നതുകണ്ട് ഗിരിജ ചിരിച്ചു. അവള്‍ സാവധാനം സ്വതന്ത്രയാകുകയായിരുന്നു. സ്‌കൂട്ടറില്‍ പോകുന്ന രാജന്‍ മാഷിനെ അവള്‍ നോക്കിനില്‍ക്കാന്‍ തിടങ്ങി. അയാളുടെ മുഖം തെളിയുന്നതു കണ്ട് അവള്‍ സന്തോഷിച്ചു. ചിരപരിചിതമായ ഒരു ഗന്ധം ഉള്ളിലെവിടെയോ ഉടക്കിയപോലെ. അവള്‍ വഴിയരുകില്‍ വണ്ടിയുടെ ശബ്ദം കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചു നിന്നു. അയാളുടെ വണ്ടിയുടെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു. വേലിക്കെട്ടിനപ്പുറവും ഇപ്പുറവും വേദനയുള്ള ഓര്‍മ്മകള്‍ നിറഞ്ഞു. ഗിരിജയുടെ കണ്ണിലേക്ക് നോക്കിനില്‍ക്കെ രാജന്‍ സ്വയം ഉരുകിയൊലിച്ചു. അയാളുടെ ചുണ്ടുകള്‍ വിറച്ചു. അവര്‍ക്ക് ഒരായിരം കഥകള്‍ പറയാനുണ്ടായിരുന്നു.

' സാറെന്നെ ഉപേക്ഷിക്കുമെന്നു ഞാന്‍ കരുതിയില്ല', അവള്‍ പറഞ്ഞു.

' എനിക്കും മനസുണ്ടായിട്ടല്ല, അച്ഛന്റേം കുടുംബത്തിന്റേം നെലേം വെലേം വച്ചോണ്ട് -- ', അയാള്‍ പറയാന്‍ തുടങ്ങി.

' അല്ലേലും ഞങ്ങള്  അടിയാക്കളല്ലെ  ? ', അവള്‍ മറുപടിയായി പറഞ്ഞു.

' വിഷമമുണ്ടാക്കുന്ന കാര്യങ്ങളൊന്നും പറയാതെ ഗിരിജെ. എനിക്ക് -- എനിക്ക് നിന്നെ ഒരിക്കലും മറക്കാന്‍ കഴിയില്ല', അയാള്‍ വികാരാധീനനായി.

   പതുപതുത്ത മെത്തില്‍ ഗീതയുടെ മുടിയിഴകള്‍ തഴുകിക്കിടക്കുമ്പോള്‍ , രാജന്റെ മനസില്‍ നനഞ്ഞ മണ്ണിലെ വിയര്‍പ്പില്‍ കുളിക്കുന്ന ഗിരിജയായിരുന്നു. അവളുടെ കൈതപ്പൂ ഗന്ധമായിരുന്നു. ദിവസവും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ അകന്നുപോയൊരു പക്ഷി മടങ്ങിവന്നപോലെ.

 ഗിരിജ ഉറക്കത്തില്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ ശ്രീധരന് സഹികെട്ടു.

' നെന്റെ കൊഞ്ചലും കുഴച്ചിലും കണ്ടോണ്ടു നില്‍ക്കാന്‍ ഞാനാരാടി ', അയാള്‍ ചോദിച്ചു.

' അതന്നെ ഞാനും ചോദിക്കുന്നത് ', അവള്‍ തിരിച്ചടിച്ചു.

ശ്രീധരന്റെ കൈയ്യുയര്‍ന്നു. പക്ഷെ അത് ഉയര്‍ന്നപോലെ താണു.

' വന്നു വന്ന് എന്റെ മോളെ അടിക്കാനായോടാ നീ ' ,തങ്കമ്മ അലറിത്തുള്ളി. ശ്രീധരന്‍ ഇറങ്ങി നടന്നു, വടക്കോട്ട്.

ഗീതക്ക് സ്ഥലംമാറ്റമായതോടെ അവളെ അവളുടെ വീട്ടില്‍ കൊണ്ടുവിട്ടു. രാജന്‍ ഗിരിജയെ സന്തോഷത്തോടെ സ്വീകരിച്ചു. ഗിരിജയുടെ ഗന്ധം രാത്രികളില്‍ വീണ്ടും ഒരനുഭവമായി പടര്‍ന്നു കയറാന്‍ തുടങ്ങി. രാജന്റെ മനസു നിറഞ്ഞു. അവളുടെ ദുരിതങ്ങള്‍ മനസിലാക്കി അയാള്‍ സഹായം ചെയ്യാന്‍ തുടങ്ങി. അവളുടെ വീട്ടില്‍ സംതൃപ്തിയുടെ കാലമായി. തങ്കമ്മ പാലിനും മീനിനുമൊന്നും കടം വാങ്ങേണ്ടി വന്നില്ല. ഐശ്വര്യത്തിന്റെ ശുക്രനക്ഷത്രമായി ഗിരിജ തിളങ്ങി. അവള്‍ ഒരു ജ്വാലയായി ഉയര്‍ന്നുകൊണ്ടേയിരുന്നു.

' നിന്റെ കുട്ടി എന്റേം കുട്ടിയാ മേളെ, അതിനൊരു ദുഃഖവും ഉണ്ടാകരുത്', ഉണര്‍ത്തുപാട്ടിന്റെ ശീലുപോലെ അയാള്‍ പറഞ്ഞു.

മകനെകുറിച്ച് ചിന്തിച്ച് ദുഃഖം ഉറഞ്ഞുകൂടുമ്പോള്‍ ആരും വിളിക്കാതെതന്നെ ശ്രീധരന്‍ നാട്ടില്‍ വരും. രാത്രിയില്‍ അയാള്‍ക്ക് വരാന്തയില്‍ പായകിട്ടി. വെളുത്തകുഞ്ഞിന് കൂട്ടായി അയാള്‍ കിടന്നു. ബീഡി വലിച്ചും ചിന്തിച്ചും എപ്പൊഴോ ഉറങ്ങി. ഇങ്ങനെ മാസങ്ങള്‍ നീങ്ങവെ ശ്രീധരന്റെ കമ്പനി തുറന്നു. അയാള്‍ പണിക്ക് പോയിത്തുടങ്ങി. കൈനിറയെ പലഹാരങ്ങളുമായി ഇടയ്ക്കിടെ വന്ന്, കുട്ടിയോട് കളിച്ചു ചിരിച്ച് , ഗിരിജയുടെ പായ പങ്കിട്ട് അയാള്‍ മടങ്ങി.

ഗിരിജ വീണ്ടും ഗര്‍ഭിണിയായി. നിലാവുള്ള ആകാശം നോക്കി രാജന്റെ മടിയില്‍ തലവച്ചു കിടന്ന് ഒരു രാത്രിയില്‍ അവള്‍ അയാളോടു പറഞ്ഞു, ' എന്റെ വയറ്റില്‍ വളരുന്ന കുട്ടിയെ ഇനി ഞാന്‍ നശിപ്പിക്കില്ല. നമ്മുടെ --- ' രാജന്‍ ഞെട്ടി . അയാള്‍ കുറച്ചു സമയം മിണ്ടാതിരുന്നു. എന്നിട്ട് മരവിച്ച ശബ്ദത്തില്‍ പറഞ്ഞു, ' വേണ്ട ഗിരിജെ, നമുക്ക് ഡോക്ടരെ കാണാം.എന്റെ ഛായയുള്ളൊരു കുട്ടി നിനക്ക് -- വേണ്ട , അതു ശരിയാകില്ല'.

 അവള്‍ പിന്നീടൊന്നും പറഞ്ഞില്ല. അയാളുടെ കൈകളില്‍ നിന്നും മോചനം നേടി  അവള്‍ നടന്നു. ശ്രീധരന്‍ മുറിയില്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു. അവന്റെ അടുത്തുചെന്ന് സുരക്ഷിതത്വത്തിനായി അവനോട് ചേര്‍ന്നു കിടന്നുകൊണ്ട് അവള്‍ മെല്ലെ ചോദിച്ചു, ' നമ്മുടെ കുട്ടി പെണ്ണായിരിക്കുമൊ ആണായിരിക്കുമോ ? '
ശ്രീധരന്‍ ഒന്നും പറയാതെ തിരിഞ്ഞ് കണ്ണടച്ചു കിടന്നു. 

Tuesday, 28 May 2019

Respect to dead body


  ജഡത്തിനോട് നീതി കാട്ടണം 

      അന്നമ്മയുടെ ശരീരത്തില്‍ നിന്നും ജീവശ്വാസം നഷ്ടമായത് മെയ് 14 നാണ്. അതായത് ഏകദേശം 15 ദിവസത്തിനു മുന്‍പ്. 75 ാം വയസില്‍ പ്രായാധിക്യം കൊണ്ടു മരിച്ച ഒരു വ്യക്തിയുടെ ശരീരം ചിതയില്‍ വച്ചാല്‍ മണിക്കൂറുകള്‍കൊണ്ടും അടക്കിയാല്‍ ദിവസങ്ങള്‍കൊണ്ടും ഇല്ലാതാകേണ്ടതാണ്. ആ അന്നമ്മയാണ്  ജീവിച്ചിരിക്കുന്നവരുടെ സാമൂഹ്യമോ മതപരമോ ആയ പ്രശ്‌നങ്ങള്‍ മൂലം മരവിച്ച് ഒരു പെട്ടിയില്‍ ഇരിക്കുന്നത്.

     നവോത്ഥാനത്തിന്റെ തലതൊട്ടപ്പന്മാരായ മലയാളികള്‍ക്കും നമ്മുടെ ഭരണ സംവിധാനത്തിനും മരിച്ച അന്നമ്മയോട് ഒരു പ്രതിബദ്ധതയുമില്ലെ?

    ശ്മശാനത്തിനടുത്ത് ജീവിക്കുന്നവരുടെ വികാരം ന്യായമാകാം. കാരണം കേരളം പോലെ ജനസാന്ദ്രത ഉയര്‍ന്ന ഇടങ്ങളില്‍ അടക്കപ്പെടുന്ന ശവങ്ങളുടെ നീരൊലിപ്പ് കിണറുകളെയും കുളങ്ങളെയും ബാധിക്കുന്നുണ്ടാകാം.അ്‌വരുടെ നീതി അതാണ്. മറുവശത്ത് വിശ്വാസം മുറുകെ പിടിക്കുന്നവരുടെ പ്രശ്‌നമാണ്. സെമിത്തേരിയില്‍ അടക്കിയാല്‍ മാത്രമെ സ്വര്‍ഗ്ഗലോകം ലഭിക്കൂ എന്ന വിശ്വാസിയുടെ കടുംപിടുത്തം. ഇതില്‍ രണ്ടിലും അന്നമ്മ വരുന്നില്ല. അവര്‍ക്ക് ശബ്ദവുമില്ല.

  ശബ്ദമുള്ളവര്‍ നിശബ്ദരാകരുത്. പ്രബുദ്ധരായ മക്കള്‍ ഈ അന്നമ്മയ്ക്കുണ്ടായിരുന്നെങ്കില്‍ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഈ ശരീരം ഇങ്ങനെ വച്ചുകൊണ്ടിരിക്കാതെ ഇലക്ട്രിക് ക്രിമറ്റോറിയത്തില്‍ ദഹിപ്പിക്കാനുള്ള ആര്‍ജ്ജവം അവര്‍ കാട്ടിയിരുന്നെങ്കില്‍ .

      കേരളം പോലെയുള്ള ഇടങ്ങളില്‍ ഇടുങ്ങിയ ജാതി മത ബോധങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ മനുഷ്യനെ പ്രപ്തനാക്കാന്‍ കഴിയുന്ന പ്രസ്ഥാനങ്ങളുണ്ടാവേണ്ടിയിരിക്കുന്നു. ദൈവത്തിനും കാലഹരണപ്പെട്ട ജാതി മത ബോധത്തിനും അപ്പുറമുളള ഒരു ജനതയെ സൃഷ്ടിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയാത്തവിധം അവര്‍ താഴ്ന്നപോയിരിക്കുന്നിടത്ത് പുതിയ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണ്ടായി വരും എന്നു പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ മത സാമൂഹിക പ്രസ്ഥാനങ്ങള്‍ ഇടപെട്ട് അന്നമ്മയ്ക്ക് മോചനം നല്‍കും എന്നു പ്രതീക്ഷിക്കുന്നു.

Monday, 27 May 2019

2018 Kochi Biennale

A view from TKM ware house

കൊച്ചി ബിനാലെ 2019

2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെ നീണ്ടുനിന്ന അനിത ദുബെ ക്യുറേറ്റ് ചെയ്ത 2018ലെ കൊച്ചി മുസുരിസ് ബിനാലെയെ കൊച്ചി ബിനാലെ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. അതില്‍ ഒരു പഴമ ക്ഷണിച്ചുകൊണ്ടുവരാനായി മുസിരിസ് ചേര്‍ക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 

മാര്‍ച്ച് അവസാന വാരമാണ് ബിനാലെ കാണാന്‍ പോയത്. ആര്‍ട്ടിസ്റ്റ് സതീഷ് തോപ്രത്തും ഒപ്പമുണ്ടായിരുന്നു. ഫോര്‍ട്ടു കൊച്ചിയിലെത്തി സതീഷിനെ കാത്തുനില്‍ക്കുമ്പോള്‍ വെറുതെ ഒന്നു നടന്നു. ഫോര്‍ട്ട് കൊച്ചിയുടെ ഭൂമിക തന്നെ ഒരു ബിനാലെയാണെന്നു നമുക്ക് തോന്നിപ്പോകും. പഴമയും പച്ചപ്പും ഇടകലരുന്ന ഇടങ്ങള്‍. യൂറോപ്പിന്റെ തണുപ്പ് അനുഭവപ്പെടുന്ന കേരളത്തിന്റെ ഉഷ്ണമുള്ള പരിസരങ്ങളിലെ ചീനവലയും മീന്‍ വില്‍പ്പനയും ജങ്കാറുകളുടെയും കപ്പലുകളുടെയും ബോട്ടിന്റെയും വരുത്തുപോക്കും ചൂണ്ടലിടുന്ന മനുഷ്യരും കടലിന്റെ ഇടുക്കുകളില്‍ അടിയുന്ന അഴുക്കുപോലും സൗന്ദര്യമുള്ള ഓരോ ചിത്രങ്ങളും ദൃശ്യങ്ങളുമായി മാറുന്ന അവസ്ഥ. 

ഒരു പക്ഷെ ബിനാലെ എന്നാല്‍ പെയിന്റിംഗുകളോ ദൃശ്യ- ശ്രാവ്യ-നിശ്ചല- ചലന വസ്തുക്കളൊ അതിനപ്പുറമൊക്കെയുള്ള ശാസ്ത്രത്തിന്റെയും ചിന്തയുടെയും സാമൂഹികാവസ്ഥകളുടെയും രാഷ്ട്രീയത്തിന്റെയും പരിഛേദമൊ ഒക്കെയാണ് എന്ന ചിന്തമൂലമാകാം ഈ തോന്നലുകള്‍ ഉണ്ടായത്. 

സതീഷ് എത്തിയതോടെ ബസ്സ്റ്റാന്റില്‍ നിന്നും ഓരോ തട്ടുചായ കുടിച്ച് ഞങ്ങള്‍ ബെല്ലാര്‍ റോഡിലെ ആസ്പിന്‍ വാളിലേക്ക് നടന്നു. ഇത്തരം ഷോകള്‍ നടത്താന്‍ ഏറ്റവും അനുയോജ്യമായ കുറെ കെട്ടിടങ്ങള്‍ കൊച്ചിയില്‍ ഉണ്ട് എന്നത് ബിനാലെയുടെ മാറ്റുകൂട്ടുന്നു. ബോസും റിയാസും ഈ കാര്യത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. വന്‍ പ്രതിഷേധങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടയില്‍ അവര്‍ക്കൊപ്പം നിന്ന എംഎ ബേബിയെയും ഇത്തരുണത്തില്‍ സ്മരിക്കാം. 

  നൂറു രൂപയുടെ ടിക്കറ്റെടുത്ത് ഉള്ളിലേക്ക് കടന്നു. ടിക്കറ്റ് എടുക്കാന്‍ വലിയ തിരക്കായിരുന്നു. കൗണ്ടര്‍ ഒന്നു മാത്രവും. കലശലായ ചൂട്. ഉള്ളിലേക്ക് കടന്നതോടെ കുറച്ചു സമാധാനമായി. അക്രം സാത്രി, ഓട്ടോലിത്ത് ഗ്രൂപ്പ്, സോംഗ് ദോംഗ്, റിന ബാനര്‍ജി, സൂ വില്യംസണ്‍, റനിയ സ്‌റ്റെഫാന്‍ എന്നിവരുടെ സംഭാവനകളായിരുന്നു ബംഗ്ലാവിന്റെ താഴത്തെ നിലയില്‍ ഉണ്ടായിരുന്നത്. 

ലബോറട്ടറി ഭാഗത്ത് ചിത്ര രമേഷും മര്‍സിയ ഫറാനയും കൗഷിക് മുഖോപാധ്യയും എസ് ഇറ്റ്‌സോയും ടെംസു യാന്‍ഗര്‍ ലോംഗ്കുമേറും ഒരുക്കിയ കലകളായിരുന്നു. 

കയര്‍ ഗോഡൗണില്‍ പ്രിയ രവീഷ് മെഹ്‌റ, സുനില്‍ ജന, അരുണ്‍ കുമാര്‍, ടനിയ കന്‍ദിയാനി, തേജല്‍ ഷാ, സോണിയ ഖുരാന, രുണ ഹല്‍വാനി, സാന്തു മൊഫോകെംഗ്, എബ് ഇട്‌സോ, ഷാംഭവി, മാധ്വി പരേഖ്, ബി.വി.സുരേഷ്, സൈറസ് കാബിരു, വിപിന്‍ ധനുര്‍ധരന്‍ എന്നിവരും കലാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. 

സ്റ്റോറില്‍ ലിയോണ്‍ട്രോ ഫിയല്‍, താബിത്ത റെസേയര്‍, രഹാന സമാന്‍, യംഗ് ഹേ ചാംഗ് ഹെവി ഇന്‍ഡസ്ട്രീസ്, ഗറില്ല ഗേള്‍സ്, ചിത്ര ഗണേഷ്, ഏണൗട്ട് മിക്ക്, സൈറസ് കാബിരു, സെലിയ യുണിയോര്‍, ഗോഷ്‌ക മക്ഗുവ, വാലി എക്‌സ്‌പോര്‍ട്ട് എന്നിവരുടെ സംഭാവനകളായിരുന്നു. 

ഹാംഗറില്‍ സൂ വില്യംസണും ജുണ്‍ ഗുയേല്‍ ഹത് സുബയും പ്രദര്‍ശനങ്ങള്‍ നടത്തി. 

അഡ്മിന്‍ ബ്ലോക്കിലെ പ്രദര്‍ശനങ്ങള്‍ വിക്കി റോയ്,മോണിക്ക മേയര്‍, അനോലി പെരേര, ബ്രാച്ചാ എട്ടിന്‍ഗര്‍, വി.വി.വിനു, യംഗ് ഹേ ചാംഗ് ഹെവി ഇന്‍ഡസ്ട്രീസ്, ആര്യ കൃഷ്ണന്‍, റെയ്‌ന സ്റ്റെഫാന്‍, സോണിയ ഖുറാന, ദുര്‍ഗാഭായ് വ്യാം- സുഭാഷ് വ്യാം, ഖാലിദ് രാദ്, മര്‍ലിന്‍ ദുമാസ്, സതീഷ്, നിലിമ ഷേഖ്, ആര്യ ഡെന്നിസ് മുരാഗുരി, ചന്ദന്‍ ഗോമസ്, ഊരാളി, അഞ്ജലി മോണ്‍ടൈറോ- കെ.പി.ജയശങ്കര്‍, അനു പാലക്കുന്നത്ത് മാത്യു, ബപി ദാസ്, ശില്‍പ്പ ഗുപ്ത, ഷിറിന്‍ നെഷാത്ത് എന്നിവരുടേതായിരുന്നു.
 
ഒരു തെരുവോര കടയില്‍ നിന്നും ബിരിയാണി കഴിച്ച് , കലാവതി റോഡിലെ പെപ്പര്‍ ഹൗസില്‍ സിസ്റ്റര്‍ ലൈബ്രറിയില്‍ വിശ്രമിച്ചു. തുടര്‍ന്ന് ടെംസു യാന്‍ഗര്‍ ലോംഗ്കുമേര്‍, മിറിലെ കാസര്‍, ബര്‍തലേമി,തോഗുവൊ, വേദ തൊളുര്‍ കൊലേരി, വിവിയന്‍ കാക്കുരി, ഹെറി ഡോണോ , ലുബ്‌ന ചൗധരി, ജൂലി ഗോഗ് എന്നിവരുടെ രചനകള്‍ക്ക് സാക്ഷിയായി. 

 കലാവതിയിലെ മാപ്പ് പ്രോജക്ട് സ്‌പേസിലായിരുന്നു റാന ഹമദെ, ഇനെസ് ദൊജാക്ക്- ജോണ്‍ ബാര്‍ക്കര്‍ , തനിയ ബ്രുഗേറ, ടെംസു യാന്‍ഗര്‍ ലോംഗ്കുമേര്‍, എര്‍നോട്ട് മിക് എന്നിവരുടെ രചനകള്‍. 

 കാശി ടൗണ്‍ ഹൗസ് കണ്ടുപിടിക്കാന്‍ കുറച്ചു കറങ്ങി. മോച്ചു - സുവാനി സുരി, മോച്ചു , സുനില്‍ ഗുപ്ത-ചരണ്‍ സിംഗ്, ശാന്ത.കെ.വി, അഷ്‌റഫ് ഷഫീഖ് എന്നിവരുടെ സംഭാവനകളാല്‍ സമൃദ്ധം കാശി. 

കാശി ആര്‍ട്ട് കഫേയില്‍ കിബുക്ക മുകിസ ഓസ്‌ക്കാറിന്റെ രചനകളും കോഫിപ്രിയരുടെ തിരക്കും

ടികെഎംവെയര്‍ ഹൗസിലേക്ക് ഒരു ഓട്ടോ പിടിച്ചു. ബ്രീക് ആന്‍ഡ്രൂ, പ്രൊബിര്‍ ഗുപ്ത, ജിതിഷ് കല്ലാട്ട്, ഡൊമെനെക്, അജയ് ദേശായ്, സിലിയ-യുണിയോര്‍ എന്നിവരുടെ രചനകളും ശ്രീനഗര്‍ ബിനാലെയിലെ ആര്‍ട്ട് വര്‍ക്കുകളും അവിടെ ഇടം പിടിച്ചിരുന്നു. 

ഉരു ആര്‍ട്ട് ഹാര്‍ബര്‍ ട്രാവല്‍ ആന്‍ഡ് റിസര്‍ച്ച് പ്രൊജക്ട് കെ.ആര്‍ സുനിലിന്റെ മാഞ്ചൂക്കാര് എന്ന എക്‌സിബിഷനും കണ്ടു. ഉരുവിലെ തൊഴിലാളികളുടെ കദനകഥകളാണ് ഫോട്ടോകളിലൂടെ സുനില്‍ പറയുന്നത്. 

അവിടെ നിന്നും ബസില്‍ നേരെ ഡര്‍ബാര്‍ ഹാളിലേക്ക്. മൃണാളിനി മുഖര്‍ജി, കെ.പി.കൃഷ്ണകുമാര്‍, ചിത്തപ്രസാദ് എന്നിവരുടെ ശ്രദ്ധേയ ചിത്രങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. 

ഡേവിഡ് ഹാളിലും ആനന്ദ് വെയര്‍ ഹൗസിലും കബ്രാള്‍ യാര്‍ഡിലും കയറാന്‍ സമയം കിട്ടിയില്ല.

ഡോക്യുമെന്ററികളും പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള കലാരൂപങ്ങളുമൊക്കെ ബിനാലെയുടെ പ്രത്യേകതകളാണ്. ശബ്ദവും ദൃശ്യവും സംഗീതവും ശ്വാസവും അലര്‍ച്ചയും വേദനയും സന്തോഷവുമെല്ലാം കലാരൂപങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. 

പഴമയുടെ ചേരുവകളും പുതുമയുടെ മണവും കലരുന്ന ഇടമാണ് ബിനാലെ. ഒന്നാം ബിനാലെയില്‍ നിന്നും കാഴ്ചയുടെ വസന്തം ഓരോ ബിനാലെയിലും മങ്ങുകയാണെങ്കിലും കൊച്ചി ബിനാലെ കേരളത്തിന് ലോകകലാഭൂപടത്തില്‍ ഒരു സ്ഥാനം ലഭിക്കാന്‍ ഉപകരിച്ചു എന്നുതന്നെ പറയാം. 

ഒന്നാം ബിനാലെയുടെ തുടക്കകാലത്ത് അതിനുവേണ്ടി വലിയ തുക ചിലവാക്കുന്ന എംഎ ബേബിയുടെ സമീപനത്തെ എതിര്‍ത്തവരില്‍ ഒരാളായിരുന്നു ഞാനും. ഇപ്പോഴും സാമ്പത്തിക ഇടപാടുകള്‍ സംബ്ബന്ധിച്ച് അസ്വാരസ്യം നിലനില്‍ക്കുന്നു എന്നത് കഷ്ടതരം. വരും ബിനാലെ മികച്ചതാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. 
Chinese net

View from beach 

Old man fishing 

An art work at Aspinwall

At Aspin wall 

Work at Aspinwall

Mix of painting and light 

Haunting pic on alienation 

Psychopath

gallery view 

A thought on lust and sex 

Eulogy 

Man and man made 

One the most beautiful work of Biennale 

Technology on local materials 

Crow made of coir

The seafarers of Malabar 

Photo story  by Jithesh Kallat

Kashmir weeps 

Sunday, 26 May 2019

Raj Ghat



     രാജ്ഘട്ട് 

1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 8

     ഇതുവരെയും രാജ്ഘട്ടില്‍ പോയില്ല എന്ന ചിന്ത തന്നെ ശ്രീക്കുട്ടനെ വിഷമിപ്പിക്കുന്ന ഒന്നായിരുന്നു. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥന നടക്കാറുള്ള വെള്ളിയാഴ്ച തന്നെ രാജ്ഘട്ടില്‍ പോകാന്‍ അവര്‍ തീരുമാനിച്ചത്. കേരളഹൗസില്‍ നിന്നും കിഴക്കോട്ടു യാത്ര ചെയ്ത് ഐടിഓയില്‍ നിന്നും ദല്‍ഹി ഗേറ്റിലെത്തി വീണ്ടും കിഴക്കോട്ടു തിരിഞ്ഞാണ് റിംഗ് റോഡിലെ രാജ്ഘട്ടില്‍ എത്തിയത്. 

    യമുന നദിയോടു ചേര്‍ന്ന് അനേകം ഏക്കറിലായി പരന്നുകിടക്കുകയാണ് വൃക്ഷസമൃദ്ധമായ ഈ പുണ്യഭൂമി. മനോഹരമായ പുല്‍ത്തകിടികള്‍ ആ പ്രദേശത്തിന്റെ ചാരുത കൂട്ടുന്നു. ' ഒരു മഹാത്മാവിന് വിശ്രമിക്കാന്‍ അനുയോജ്യമായ ഇടം തന്നെ ', ശ്രീക്കുട്ടി പറഞ്ഞു.

    ' നോക്ക്, ഈ പറമ്പിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്നത്. മനസില്‍ പ്രാര്‍ത്ഥനയുമായി മാത്രമെ ഈ മഹനീയമായ സ്ഥലത്ത് കയറാവൂ ', അച്ഛന്‍ പറഞ്ഞു.

    ' 1948 ജാനുവരി 30ന് ബിര്‍ലാ ഹൗസില്‍ പ്രാര്‍ത്ഥനയ്ക്കായി വന്ന മഹാത്മാവിനെ ഗോഡ്‌സെ എന്ന മതഭ്രാന്തന്‍ വെടിവച്ചുകൊന്ന സംഭവം നിങ്ങള്‍ക്കറിയാമല്ലൊ. അന്ന് ലോകത്തിലെ സമാധാനകാംഷികളായ കോടിക്കണക്കിനു ജനങ്ങള്‍ ദുഃഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. പതിനായിരക്കണക്കിനു ജനങ്ങള്‍ ദല്‍ഹിയിലേക്ക് പ്രയാണം നടത്തി, മഹാത്മാവിനെ ഒരു നോക്കുകാണാനായി. ജാനുവരി 31 നാണ് ലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി ഈ ഭൂമിയില്‍, യമുനയുടെ പടിഞ്ഞാറെ തീരത്ത് അദ്ദേഹത്തിന്റെ ഭൗതികശരീരം ദഹിപ്പിച്ചത്', അച്ഛന്‍ തുടര്‍ന്നു പറഞ്ഞു. 

   ചുവന്ന കല്ലുകള്‍ കൊണ്ടുതീര്‍ത്ത വാതിലുകള്‍ കടന്ന് ഞങ്ങള്‍ ഉള്ളില്‍ കടന്നു. ഇരുവശവും പച്ചപ്പുല്ലുകള്‍ നിറഞ്ഞ വലിയ നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നു. മനസ് പിടയ്ക്കുന്നുണ്ടായിരുന്നു. ' ദേ , ആ തുറന്നയിടത്താണ് സമാധി. ചെരുപ്പുകള്‍ ഇവിടെ വച്ച് ഉള്ളില്‍ കടക്കാം', അച്ഛന്‍ പറഞ്ഞു. 

ഉയര്‍ന്ന സമചതുരമായ പ്ലാറ്റ്‌ഫോമില്‍ ' ഹേ റാം ' എന്നെഴുതിയിട്ടുള്ളത് ശ്രീക്കുട്ടന്‍ ശ്രദ്ധിച്ചു.

' മോനെ, അദ്ദേഹം അവസാനം ഉച്ചരിച്ച വാക്കുകളാണത്. എന്റെ ദൈവമെ എന്നു തന്നെയാണ് ആ വിളി. അത് രാമനും കൃഷ്ണനും അല്ലാഹുവും ക്രിസ്തുവും ബുദ്ധനും എല്ലാമായിരുന്നു അദ്ദേഹത്തിന്. മനുഷ്യസ്‌നേഹത്തില്‍ മാത്രം ഉറച്ചു വിശ്വസിച്ചിട്ടും ഇതാണല്ലൊ അവസാനമുണ്ടായത് എന്നോര്‍ക്കുമ്പോള്‍ ദുഃഖം സഹിക്കാന്‍ കഴിയുന്നില്ല', അച്ഛന്‍ പറഞ്ഞു.

 സമാധിയിലെ കെടാവിളക്കില്‍ മഹാത്മാവിനെ കാണുന്നതായി ശ്രീക്കുട്ടനു തോന്നി. സമാധിക്ക് ചുറ്റിലുമായി വെണ്‍നിറത്തിലുള്ള കല്ലുകളാണ് പാകിയിട്ടുള്ളത്. നാലുമൂലകളിലും പൂക്കളുടെ കൂമ്പാരവും. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും ഇതൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും രക്തസാക്ഷിദിനമായ ജാനുവരി മുപ്പതിനും മഹാത്മാവിന്റെ ചിതാഭസ്മം ഇന്ത്യിയലെ പ്രധാന നദികളില്‍ ഒഴുക്കിയ ഫെബ്രുവരി പന്ത്രണ്ടിനും വന്‍ജനാവലിയാണ് ഇവിടം സന്ദര്‍ശിക്കുക. 

   മരണം നടന്നത് ഒരു വെള്ളിയാഴ്ച ആയിരുന്നതിനാല്‍ എല്ലാ വെള്ളിയാഴ്ചകളിലും ധാരാളം പേര്‍ എത്തും. ഈ ദിനങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്താറുണ്ട്. 

    ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശനേതാക്കള്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താറുണ്ട്. അനേകം വിശിഷ്ട വ്യക്തികള്‍ നട്ടവൃക്ഷങ്ങളും അവിടെ കാണാന്‍ കഴിഞ്ഞു. 
ലബനനില്‍ നിന്നുള്ള ദേവദാരു, വടക്കേ അമേരിക്കയിലെ സൈപ്രസ്, ജപ്പാനിലെ കര്‍പ്പൂര മരം, അര്‍ജന്റീനയിലെ ജകരന്‍ഡ, യുഗോസ്ലാവിയയിലെ പോളില്‍തിയ എന്നിവ ശ്രദ്ധേയമാണ്. 

   അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസന്‍ ഹോവര്‍ 1959 ഡിസംബര്‍ 10 ന് ഒരു അമേരിക്കന്‍ ഫ്‌ളാനല്‍ നട്ടതും രേഖപ്പെടുത്തിയിട്ടുണ്ട്.അങ്ങിനെ എത്രയെത്ര വൃക്ഷങ്ങള്‍.

      രാജഘട്ടിനോട് ചേര്‍ന്നുതന്നെയാണ് രാജീവ് ഗാന്ധിയുടെ സമാധിയായ വീര്‍ഭൂമി. രാജീവ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മനോഹരമായ ഒരു ശില്‍പ്പം അവിടെ കാണാം. ഇന്ത്യയെകുറിച്ചുള്ള രാജീവിന്റെ പ്രതീക്ഷകള്‍ 19 ഭാഷകളില്‍ ചിത്രണം ചെയ്തിട്ടുമുണ്ട് അവിടെ . കുറച്ചുമാറി ഇന്ദിരാ ഗാന്ധിയുടെ സമാധിയായ ശക്തിസ്ഥല്‍ കണ്ടു. രാജ്ഘട്ടിനോടു ചേര്‍ന്നുതന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമാധിയായ ശാന്തിവനവും . 

     മനോഹരമായ പുല്‍മേടുകളും വൃക്ഷങ്ങളും നിറഞ്ഞ സ്മൃതിവനത്തില്‍ ചെറിയ പൊയ്കകളുമുണ്ട്. സായാഹ്നത്തില്‍ നൂറുകണക്കിനാളുകള്‍ അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങളും ആ കൂട്ടത്തില്‍ ചേര്‍ന്നു. സൂര്യസ്തമന സമയത്ത് അവിടെ നിന്നിറങ്ങി എതിര്‍വശത്തുള്ള ഗാന്ധിമ്യൂസിയത്തില്‍ നിന്നും കുറച്ച് പുസ്തകങ്ങളും വാങ്ങി തിരികെ പോരുന്നു. 


  


Friday, 24 May 2019

India Gate


              ഇന്ത്യാ ഗേറ്റ്

1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റി ട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 7
   ശ്രീക്കുട്ടന്‍ ഇന്ത്യാ ഗേറ്റ് പലവട്ടം കണ്ടിട്ടുണ്ട്. അതിനടുത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ അനേകം തവണ കളിക്കാനും പോയിട്ടുണ്ട്. എന്നാല്‍ ഇന്ത്യാ ഗേറ്റ് എന്തിനു വേണ്ടി നിര്‍മ്മിച്ചു, എപ്പോള്‍ നിര്‍മ്മിച്ചു എന്നൊന്നും അവനറിയില്ലായിരുന്നു. ശ്രീക്കുട്ടിയും അതിനെകുറിച്ച് ചിന്തിച്ചിരുന്നില്ല. അച്ഛന്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് അവരില്‍ അതറിയാനുള്ള താത്പര്യം ജനിച്ചത്. പിന്നെ അമാന്തിച്ചില്ല. അച്ഛനോടൊപ്പം നേരെ ഇന്ത്യാ ഗേറ്റിലേക്ക് യാത്രയായി. ഡല്‍ഹിയില്‍ വരുംമുന്‍പ് ശ്രീക്കുട്ടി കരുതിയിരുന്നത് ഇന്ത്യയിലേക്ക് കടക്കുന്ന അതിര്‍ത്തി ഗേറ്റാണ് ഇന്ത്യാ ഗേറ്റ് എന്നായിരുന്നു. ഡല്‍ഹിയില്‍ എത്തിയതോടെ ആ സംശയം മാറി.

  അനേകം ഏക്കറിലായി പരന്നുകിടക്കുന്ന പ്രിന്‍സസ് പാര്‍ക്കിന്റെ ദക്ഷിണ കോണിലാണ് ഇന്ത്യാ ഗേറ്റ് നില്‍ക്കുന്നത്. അതിനടുത്തെത്തി നിന്നിട്ട് അച്ഛന്‍ വിവരിക്കാന്‍ തുടങ്ങി. ' ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച എഴുപതിനായിരം ഇന്ത്യന്‍ പട്ടാളക്കാരുടെ സ്മരണയ്ക്കാണ് ഇന്ത്യാ ഗേറ്റ് നിര്‍മ്മിച്ചത്. വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിക്കപ്പുറത്ത് മരണമടഞ്ഞ പതിമൂവായിരത്തി അഞ്ഞൂറ്റി പതിനാറ് പട്ടാളക്കാരുടെ പേരുകള്‍ ഇതില്‍ കൊത്തിയിട്ടുണ്ട്. വലത് തൂണില്‍ ബ്രിട്ടീഷുകാരുടെയും ഇടതു തൂണില്‍ ഇന്ത്യക്കാരുടെയും പേരുകളാണുള്ളത് '

   ശ്രീക്കുട്ടി അടുത്തേക്ക് നീങ്ങി നിന്ന് പേരുകള്‍ വായിക്കാന്‍ തുടങ്ങി. അച്ഛന്‍ തുടര്‍ന്നു, ' ഇന്ത്യാ ഗേറ്റ്, ആള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. 1921 ഫെബ്രുവരി 10 ന് കൊണാട്ട് പ്രഭുവാണ് ഇതിന്റെ തറക്കല്ലിട്ടത്. സര്‍ എഡ്വിന്‍ ലൂട്ടന്‍ രാജ്പഥില്‍ ഒരു വിജയകമാനം എന്ന നിലയിലാണ് ആദ്യ മാതൃകയുണ്ടാക്കിയത്. എന്നാല്‍ മാറ്റങ്ങളോടെ 1920 മാര്‍ച്ചില്‍ മാതൃക അംഗീകരിച്ചു. 1931 ല്‍ പണി പൂര്‍ത്തിയാക്കി. 48.7 മീറ്റര്‍ ഉയരമുള്ള ഇന്ത്യാ ഗേറ്റിന്റെ വീതി 21.3 മീറ്ററാണ്. മുകളില്‍ ചിത്രവേലകള്‍ക്കു പുറമെ ചെറുതായി ചെറുതായി കേന്ദ്രഭാഗത്തെത്തുന്ന അനേകം പടികളും കാണാം. '

   ശ്രീക്കുട്ടന്‍ ബൈനോക്കുലറിലൂടെ മുകള്‍വശം അടുത്തുകാണാന്‍ ശ്രമിച്ചു. ' ഏറ്റവും മുകളില്‍ കാണുന്നത് എന്താണച്ഛാ?', അവന്‍ ചോദിച്ചു.

  ' 3.5 മീറ്റര്‍ വ്യാസമുള്ള വൃത്താകാരമായ കല്‍ക്കുടമാണ് അത്. വിശേഷ ദിവസങ്ങളില്‍ ഇതില്‍ എണ്ണ നിറച്ച് കത്തിക്കുമായിരുന്നു. രാത്രിയില്‍ അത് കാണാന്‍ ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്. ഇപ്പോള്‍ ഒരു മീറ്ററിലേറെ ഉയരമുള്ള ദീപനാളം നിത്യവും വൈകിട്ട് ഏഴു മുതല്‍ പതിനൊന്നു വരെ കത്തിക്കാറുണ്ട്. അത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കുറച്ചു ദൂരെമാറിനിന്ന് നോക്കണമെന്നു മാത്രം.', അച്ഛന്‍ പറഞ്ഞു നിര്‍ത്തി.

 ' കമാനത്തിന്റെ താഴെ കാണുന്നത് എന്താണച്ഛാ ?', ശ്രീക്കുട്ടന്‍ അടുത്ത സംശയം എറിഞ്ഞു.

' അതാണ് മോളെ അമര്‍ ജവാന്‍ ജ്യോതി. 1971 ഡിസംബറില്‍ നടന്ന ഇന്ത്യാ- പാക് യുദ്ധത്തില്‍ മരണമടഞ്ഞ വീരജവാന്മാരുടെ സ്മരണാര്‍ത്ഥം 1972 ജനുവരി 26നാണ് ഇതുണ്ടാക്കിയത്. 4.5 മീറ്റര്‍ സമചതുരത്തിലുള്ള ഇതിന്റെ ഉയരം 1.29 മീറ്ററാണ്. മുകളിലെ കൈവരിയില്‍ തിരിച്ചുവച്ച ഒരു റൈഫിളും അതിന്റെ പാത്തിയില്‍ പട്ടാളഹെല്‍മറ്റും കണ്ടൊ. നാലുവശത്തും ഹിന്ദിയില്‍ ' അമര്‍ ജവാന്‍' എന്നെഴുതിയിട്ടുണ്ട്. ഇവിടെ കെടാത്ത നാളവും കാണാം', അച്ഛന്‍ പറഞ്ഞു.

ശ്രീക്കുട്ടനും ശ്രീക്കുട്ടിയും അത് ശ്രദ്ധിച്ചു കേള്‍ക്കുകയും ചുറ്റാകെ നടന്നു കാണുകയും ചെയ്തു.

  ' ഇവിടെ ഇരുപത്തിനാല് മണിക്കൂറും സേനയുടെ നിതാന്ത ജാഗ്രതയുണ്ട്. പ്രധാന ചടങ്ങുകള്‍ക്കെല്ലാം മൂന്നു സേനകളുടെയും പ്രതിനിധികള്‍ ഇവിടെ പുഷ്പാര്‍ച്ചന നടത്തും. സ്മാരകത്തിനു പിന്നില്‍ കാണുന്ന ഈ പതാകകള്‍ കര-നാവിക-വ്യോമ സേനകളുടേതാണ്. റിപ്പബ്ലിക് ദിന പരേഡിനു മുന്‍പായി പ്രധാനമന്ത്രി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് നിങ്ങള്‍ ടീവിയില്‍ കണ്ടിട്ടുള്ളത് ഓര്‍ക്കുന്നുണ്ടോ?', അവര്‍ തലയാട്ടി. ഒരു നിമിഷം മൗനമായി നിന്ന് ജവാന്മാരുടെ സ്മരമ പുതുക്കി അവര്‍ വലതുവശത്തേക്ക് നടന്നു.

  വേനല്‍കാലം തുടങ്ങിയതിന്റെ തിരക്ക് ഇന്ത്യഗേറ്റിനു ചുറ്റാകെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. വശങ്ങളിലെ ചെറുകുളങ്ങളില്‍ കൊത്തിവച്ച വലിയ താമരകളില്‍ നിന്നും ജലധാരകള്‍ പ്രവഹിക്കാന്‍ തുടങ്ങി. അടുത്തുള്ള ബോട്ട്ക്ലബ്ബില്‍ ആളുകള്‍ ചെറുബോട്ടുകള്‍ തുഴയുകയും അസ്തമയ സൂര്യനിലൂടെ രാഷ്ട്രപതി ഭവനും നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും കണ്ടിരിക്കുകയും ചെയ്യുന്നതും അവര്‍ കണ്ടു. ബലൂണ്‍, പന്ത് തുടങ്ങി പല കളിപ്പാട്ടങ്ങളും വില്‍ക്കുന്നവരും കളിച്ചു രസിക്കുന്ന കുട്ടികളും എല്ലാം ചേര്‍ന്ന ആ ഉത്സവപ്പറമ്പില്‍ അവരും ലയിച്ചു ചേര്‍ന്നു.






Wednesday, 22 May 2019

Election 2019 - Final episode

കലാശക്കൊട്ട്

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി നടന്നു വരുന്ന ജനാധിപത്യത്തിന്റെ വലിയ ഉത്സവത്തിന് ഈ ആഴ്ച കൊടിയിറങ്ങും. ചെറു പൂരങ്ങളൊക്കെ കഴിഞ്ഞ് മഹാപൂരം നാളെയാണല്ലൊ. പിന്നെ ദൈവങ്ങളുടെ പ്രതിഷ്ഠയും ചില പൂജകളുമൊക്കെയുണ്ടാകും.

ഏഷ്യാനെറ്റ് രാവിലെ 5 മണിക്ക് ലൈവ് തുടങ്ങുമെന്നു പറയുന്നത് കേട്ടു. ഇന്നു രാത്രി 12 മണിക്ക് തുടങ്ങുന്ന ലൈവ് ഏതെങ്കിലും ചാനലിലുണ്ടോ എന്നറിയില്ല.ഒരു വിരുതന്‍ ഇന്ന് വാട്‌സ്ആപ്പില്‍ എഴുതിയിരിക്കുന്നതുകണ്ടു, നമ്മള്‍ സഖാക്കള്‍ എല്ലാവരും കൈരളി കണ്ട് മറ്റു ചാനലുകളുടെ പ്രൈംറേറ്റ് കുറപ്പിക്കണമെന്ന്.ഒരു തലച്ചോറില്‍ ന്തൈാക്കെയാ കിടന്നോടുന്നതെന്നു നോക്കണെ ?

  ഏതായാലും പ്രീപോള്‍ സര്‍വ്വെ, ഇലക്ഷന്‍ റിപ്പോര്‍ട്ടിംഗ്, വ്യക്തിഹത്യ, തല്ല്, കൊലപാതകം, വിവാദങ്ങള്‍, മരിച്ചവരെ പോലും വെറുതെ വിടാത്ത അഴിമതി ആരോപണ -പ്രത്യാരോപണങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ എതിര്‍ക്കുന്നവര്‍, ഇഷ്ടപ്പെടുന്നവര്‍, ഉദ്യോഗസ്ഥരെ സംശയിക്കുന്നവര്‍, സ്‌നേഹിക്കുന്നവര്‍, ഒടുവില്‍ എക്‌സിറ്റ് പോള്‍ എന്ന പോസ്റ്റ് പോള്‍ സര്‍വ്വെ വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

സര്‍വ്വെ തട്ടിപ്പാണെന്നും നൂറു ശതമാനം ശരിയാണെന്നും ശരിയാകാമെന്നും ആകാതിരിക്കാമെന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍. ഇവിഎം മെഷീനും വിവിപാറ്റും ഒക്കെ വലിയ താരങ്ങളായി മാറിയ ഇലക്ഷനാണ് കഴിഞ്ഞത്.

പേരില്‍ ഹിന്ദുവും ഇടതുപക്ഷ ചായ്വുമുള്ള ഹിന്ദു പത്രത്തിന്റെ അഭിപ്രായ സര്‍വ്വെയും വിലയിരുത്തലുകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതിലും ജനം മാറ്റം വരുത്തിയിട്ടുണ്ടാകാം. ജനാധിപത്യം പല അത്ഭുതങ്ങളും പ്രവര്‍ത്തിച്ചിട്ടുളള രാജ്യമാണ് ഇന്ത്യ, ഇനിയും അങ്ങിനെ തന്നെയാകട്ടെ എന്നാണ് ആഗ്രഹിക്കുന്നതും.

ഹിന്ദു-സിഎസ്ഡിഎസ്-ലോക്‌നീതി സര്‍വ്വെ പറയുന്നത്  പ്രാദേശിക പാര്‍ട്ടികള്‍ക്കും യുപിയെയ്ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തവിധം മോദി നേട്ടം കൈവരിച്ച തെരഞ്ഞെടുപ്പാണ് നടന്നത് എന്നാണ്. മോശം പ്രകടനം കാഴ്ചവച്ച എംപിമാര്‍ക്കുപോലും അവസരം നല്‍കിയ ബിജെപിയും മോദിയും നരേന്ദ്ര മോഡിക്കൊരവസരം കൂടി എന്ന നിലയില്‍ ഉയര്‍ത്തിവിട്ട ഇലക്ഷന്‍ പ്രചരണം ഫലം കണ്ടു എന്നതാണ് വിശേഷം. ഭരണത്തിലെ കുഴപ്പങ്ങളും തൊഴിലില്ലായ്മയും റഫേല്‍ അഴിമതിയുമൊന്നും വേണ്ടത്ര ഏശിയില്ല, എന്നാല്‍ രാജ്യരക്ഷയ്ക്ക് ഉറച്ചഭരണം എന്ന കാര്‍ഡും ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഏകീകരണവും വിജയിച്ചു.

 വടക്കും പടിഞ്ഞാറും ശക്തമായി ബിജെപിക്കൊപ്പം നില്‍ക്കുകയും കിഴക്കും വടക്കു കിഴക്കും 2014 നേക്കാള്‍ മേല്‍ക്കൈ നേടുകയും ചെയ്ത ബിജെപിക്ക് വേണ്ടത്ര വിജയിക്കാന്‍ കഴിയാതെപോയ ഇടം തെക്കേ ഇന്ത്യയാണ്. അവിടെയും കര്‍ണ്ണാടകയില്‍ ഭരണപക്ഷത്തിന്റെ തമ്മിലടി ഗുണം ചെയ്തതായി സര്‍വ്വെ പറയുന്നു. ആന്ധ്രയിലും തെലങ്കാനയിലും ചെറുതായെങ്കിലും നേട്ടമുണ്ടാകാമെങ്കിലും കേരളവും തമിഴ് നാടും ബിജെപിക്ക് മുഖം തരിഞ്ഞു നില്‍ക്കുകയാണ്.

കോണ്‍ഗ്രസും ബിജെപിയും നേരിട്ടു മത്സരിക്കുന്ന ഇടങ്ങളിലെല്ലാം മോദിക്കാണ് മേല്‍ക്കൈ. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ ഉള്ള ഇടങ്ങളില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല ബിജെപിക്ക്.

ഏറ്റവും പ്രധാനമായ കണ്ടെത്തല്‍ 2014 ലെ വോട്ടു ശതമാനം തന്നെ ബിജെപിയും കോണ്‍ഗ്രസും നിലനിര്‍ത്തുന്നു എന്നതാണ്. അത് തീര്‍ച്ചയായും ഗുണം ചെയ്യുന്നത് ബിജെപിയ്ക്കായിരിക്കും. കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ക്കും വോട്ടുചോര്‍ച്ചയുണ്ടാകില്ല. എന്നാല്‍ ബിജെപിയുടെ ചില സഖ്യകക്ഷികള്‍ക്ക് വോട്ടു കുറയാനും സാധ്യത കാണുന്നു.

എന്നാല്‍ ഏറ്റവും വലിയ ചോര്‍ച്ചയുണ്ടാകുന്നത് ഇടതുപക്ഷത്തിനാണ്. 2014 ല്‍ ഇടതുപക്ഷത്തിന് വോട്ടു നല്‍കിയിരുന്നവരില്‍ പകുതിയും ബിജെപിയിലേക്ക് മാറിയിരിക്കയാണ്. ഇത് തെക്കേ ഇന്ത്യയില്‍ ശരിയല്ല എങ്കിലും ബംഗാളിലും ത്രിപുരയിലും ഒറീസയിലും മറ്റും തികഞ്ഞ യാഥാര്‍ത്ഥ്യമാണ് എന്നു കാണാന്‍ കഴിയും. ബംഗാളും ഒറീസയും അത്ഭുതകരമായ ചില ഫലങ്ങളാകും നാളെ ഇന്ത്യയ്ക്ക് നല്‍കാന്‍ പോകുന്നത്.

ഇതെല്ലാം കഴിയുമ്പോള്‍ ഇവിഎം മെഷീനും വിവിപാറ്റും ഇലക്ഷന്‍ കമ്മീഷനുമെല്ലാം കുറ്റക്കാരാണ് എന്നു പറയാതെ , ആര് ജിയച്ചാലും തോറ്റാലും രാജ്യത്ത് ശാന്തിയും സമാധാനവും പുരോഗതിയും നല്‍കി  ലോക രാഷ്ട്രങ്ങള്‍ക്ക ് മാതൃകയായ ഒരു ഭരണം കാഴ്ചവയ്ക്കാന്‍ ഭരണ പക്ഷത്തിനും ക്രിയാത്മക പതിപക്ഷമാകാന്‍ മറ്റു പാര്‍ട്ടികള്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Qutab Minar


 കുത്തബ് മിനാര്‍
 
1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 6

 ' ശ്രീക്കുട്ടാ, ഇന്നു നമ്മള്‍ പോകുന്നത് ലോകത്തെ ഏറ്റവും ഉയരമുള്ള ഗോപുരം കാണാനാണ്', അച്ഛന്‍ പറഞ്ഞു.

ഏതാണാ ഗോപുരം എന്നു ചോദിക്കും മുന്‍പെ ശ്രീക്കുട്ടന്‍ മറുപടി പറഞ്ഞു, ' കുത്തബ് മിനാറാണോ അച്ഛാ '.

' അതേല്ലൊ ', അച്ഛന്‍ പറഞ്ഞു.

' അപ്പൊ ഇറ്റലിയിലെ പിസയിലുള്ള ചരിഞ്ഞ ഗോപുരമൊ ?', അവന്‍ ചോദിച്ചു.

' പിസ ഗോപുരവും ചൈനയിലെ പെക്കിനിലുള്ള ഗ്രേയ്റ്റ് പഗോഡയും കുത്തബ് മിനാറിനേക്കാള്‍ ഉയരം കുറഞ്ഞവയാണ്. ഇരുനൂറ്റി മുപ്പത്തിനാലടി പൊക്കമുള്ള ഒറ്റ ഗോപുരമാണ് എന്നതാണ് കുത്തബ് മിനാറിന്റെ മാറ്റ് കൂട്ടുന്നത്. കുത്തബ് എന്നാല്‍ അച്ചുതണ്ടെന്നും മിനാര്‍ എന്നാല്‍ ഗോപുരമെന്നുമാണ് അര്‍ത്ഥം. അപ്പോള്‍ ഒരു അച്ചുതണ്ടില്‍ നില്‍ക്കുന്ന ഗോപുരം എന്ന അര്‍ത്ഥം ഇതിന് വരുന്നു. ഗോപുരം നിര്‍മ്മിച്ചത് എന്തിനാണ് എന്നതിനെകുറിച്ച് പല അഭിപ്രായങ്ങളുണ്ട്. എങ്കിലും യുദ്ധ വിജയത്തിന്റെ പ്രതീകമാണ് എന്ന് പൊതുവെ കരുതപ്പെടുന്നു', അച്ഛന്‍ പറഞ്ഞു.

' അച്ഛാ, കുത്തബുദ്ദീന്‍ ഐബക്ക് പണി കഴിപ്പിച്ചതുകൊണ്ടാകില്ലെ കുത്തബ്മിനാര്‍ എന്നു പേരു വന്നത് ', ശ്രീക്കുട്ടന്‍ ചോദിച്ചു.

' ചിന്തിച്ചു നോക്കിയാല്‍ അതിനാണ് ഏറെ സാധ്യത. ആട്ടെ, കുത്തബുദ്ദീന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശ്രീക്കുട്ടനറിയാമൊ ?', അച്ഛന്‍ ചോദിച്ചു.

' അറിയില്ല', അവന്‍ പറഞ്ഞു.

' ദൈവത്തിന്റെ ജോലിക്കാരന്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ശ്രീക്കുട്ടാ, ദേ നോക്ക്, ദൂരെ ഉയര്‍ന്നു കാണുന്ന ആ ഗോപുരമാണ് കുത്തബ് മിനാര്‍. ഇത്ര ദൂരെനിന്ന് കാണുമ്പോള്‍ തന്നെ അതിന്റെ ഗാംഭീര്യം നമുക്കറിയാന്‍ കഴിയും ', കാറിലിരുന്നുകൊണ്ട് അച്ഛന്‍ അവനോട് പറഞ്ഞു.

ആ കാഴ്ച കണ്ട് ശ്രീക്കുട്ടന്റെ കണ്ണുകള്‍ വികസിച്ചു.

' തോമര്‍ രാജ്പുത്തുകളില്‍ നിന്നും ഡല്‍ഹി പിടിച്ചടക്കിയ ഓര്‍മ്മ നിലനിര്‍ത്താന്‍ പൃത്ഥ്വിരാജിന്റെ അമ്മാവന്‍ വിഗ്രഹരാജയാണ് മിനാറിന്റെ പണിക്ക് തുടക്കമിട്ടതെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. ഏതായാലും പണി തീര്‍ത്തത് കുത്തബുദ്ദീനും ഇല്‍ത്തുമിഷുമാണ്. യുദ്ധസജ്ജരായി വരുന്ന ശത്രുക്കളെ ദൂരെനിന്നുതന്നെ വീക്ഷിക്കാന്‍ കുത്തബ് മിനാറിനെ ചക്രവര്‍ത്തിമാര്‍ ഉപയോഗിച്ചിരുന്നു', അച്ഛന്‍ ചരിത്രം പറഞ്ഞിരിക്കെ ശ്രീക്കുട്ടന്‍ കുത്തബ് മിനാറിന്റെ മുകളില്‍ കയറുന്നതായി സങ്കല്‍പ്പിച്ചുകൊണ്ട് ഗോപുരം നോക്കി കണ്ണിമ ചിമ്മാതെ ഇരുന്നു.

 അധികം കഴിയും മുന്നെ അവര്‍ കുത്തബ് മിനാറിലെത്തി. അതിന്റെ താഴത്തെ കല്ലുകളില്‍ തൊട്ട് അവന്‍ കൈകള്‍ കണ്ണുകളില്‍ വച്ചു. തുടര്‍ന്ന് മിനാറിന്റെ ഫോട്ടോകള്‍ എടുത്തു. ചുറ്റാകെ സൂക്ഷ്മവീക്ഷണം നടത്തി.

' എന്തിനാണച്ഛാ മിനാറിന്റെ  താഴ്ത്തട്ടില്‍ ചെറിയ ഗ്ലാസ് പ്ലേറ്റുകള്‍ വച്ചിരിക്കുന്നത് ', ശ്രീക്കുട്ടന്‍ ചോദിച്ചു.

' മിനാറിന് ചെറിയ അനക്കമൊ കല്ലില്‍ പൊട്ടലൊ വന്നാല്‍ ഗ്ലാസ് പൊട്ടും. അപ്പോള്‍ തന്നെ ദ്രവസിമന്റ് ഉപയോഗിച്ച് കേടുപാട് തീര്‍ക്കും . 1934 ല്‍ ബീഹാറിലുണ്ടായ ഭൂമികുലുക്കത്തിന്റെ ഭാഗമായി പല ഗ്ലാസുകളും പൊട്ടിയിരുന്നു', അച്ഛന്‍ വിശദീകരിച്ചു.

' എഡി 1200 ലാണ് കുത്തബ് മിനാറിന്റെ പണി തീര്‍ന്നത്. അന്നു മുതല്‍ ഡല്‍ഹിയുടെ കാവല്‍ക്കാരനായി ഗോപുരം ഉയര്‍ന്നു നില്‍ക്കയാണ് ', അച്ഛന്‍ പറഞ്ഞു.

' അച്ഛാ താഴത്തെ മൂന്നു നിലകള്‍ ചെങ്കല്ലിലും മുകളിലത്തെ രണ്ടു നിലകള്‍ വെള്ള മാര്‍ബിളിലുമായതെങ്ങനെ ? ', ശ്രീക്കുട്ടന്‍ സംശയം ചോദിച്ചു.

' ആദ്യം എല്ലാം ചെങ്കല്ലായിരുന്നു. ഫിറോസ് ഷായുടെ കാലത്ത് ഭൂമികുലുക്കത്തില്‍ മുകള്‍ നിലകള്‍ കേടായി. അവ പുതുക്കി പണിതപ്പോള്‍ മാര്‍ബിള്‍ ഉപയോഗിച്ചതാണ്. 1505 ല്‍ സിക്കന്ദര്‍ ലോധി വീണ്ടും ഇത് പുതുക്കുകയുണ്ടായി. 1794 ലെ ഭൂമികുലുക്കത്തില്‍ ഗോപുരത്തിന് പിന്നെയും കേട് സംഭവിച്ചു. അന്ന് മേജര്‍ സ്മിത്ത് എന്ന എന്‍ജിനീയര്‍ മുകളിലത്തെ പവിലിയന്‍ പുതുക്കി പണിതു. 1848 ല്‍ ഹാര്‍ഡിംഗ് പ്രഭു അത് നീക്കുകയും ഇവിടെ പൂന്തോട്ടത്തില്‍ സ്ഥാപിക്കുകയും ചെയ്തു', അച്ഛന്‍ പറഞ്ഞു നിര്‍ത്തിയിട്ട് ശ്രീക്കുട്ടന് അത് കാണിച്ചു കൊടുത്തു.

 അവിടെ നിന്നും മുന്നോട്ടു പോയപ്പോഴാണ് കുത്തബ് മിനാറിനടുത്ത് പൊളിഞ്ഞുകിടക്കുന്ന വേറെ ചില ഗോപുരഭാഗങ്ങള്‍ അവന്‍ കണ്ടത്.അത് ചൂണ്ടി അവന്‍ ചോദിച്ചു, ' ഇതെന്താണച്ഛാ ? '

' ഡക്കാണ്‍ യുദ്ധം ജയിച്ച അലാവുദ്ദീന്‍ യുദ്ധസ്മാരകമായി കുത്തബ് മിനാറിന്റെ ഇരട്ടി വലുപ്പമുള്ള ഒരു ഗോപുരമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ തന്നെ അലാവുദ്ദീന്‍ മരിച്ചു. മറ്റാര്‍ക്കും അത് പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. ആ അവശിഷ്ടങ്ങളാണ് ഇവിടെ കിടക്കുന്നത്. '

' കുത്തബ് മിനാറിന്റെ മുകളില്‍ കയറാന്‍ കഴിയുമൊ അച്ഛാ', ശ്രീക്കുട്ടന്‍ ചോദിച്ചു.

' മുന്‍കാലത്ത് ഇതിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നു. പണ്ട് അച്ഛന്‍ കയറിയിട്ടുമുണ്ട്. 378 പടികളുണ്ടിതിന്. ജുമാ മസ്ജിദില്‍ നമ്മള്‍ കയറിയതുപോലെയുളള പിരിയന്‍ കോണികളാണ് ഇവിടെയുമുള്ളത്. മുകളില്‍ നിന്നുള്ള കാഴ്ച മനോഹരവും.1981 ല്‍ സന്ദര്‍ശകര്‍ തിരക്കില്‍പെട്ട് വീഴുകയും കുറേപേര്‍ മരിക്കുകയും ചെയ്തു. അതോടെ പ്രവേശനം നിര്‍ത്തലാക്കുകയായിരുന്നു. ', അച്ഛന്‍ പറഞ്ഞു.

ശ്രീക്കുട്ടന് വല്ലാത്ത ദുഃഖം തോന്നി. എങ്കിലും നിരാശ മറച്ചുപിടിച്ച് അവന്‍ അവിടൊക്കെ ചുറ്റി നടന്നു. ചിത്രപണികള്‍ ശ്രദ്ധിച്ചു. മന്ത്രശാലകളുടെ നടുക്ക് സ്ഥതിചെയ്യുന്ന പ്രശസ്തമായ അശോകസ്തംഭത്തില്‍ ശ്രീക്കുട്ടന്‍ തൊട്ടുനോക്കി. തുരുമ്പൊ കറയൊ പിടിക്കാത്തതും ഉരുക്കുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ളതുമാണ് ഈ സ്തംഭം. രാത്രിയായി, ഇരുട്ടു പരക്കുംവരെ ഈ അത്ഭുതഗോപുരം നോക്കി അവര്‍ പൂന്തോട്ടത്തില്‍ ഇരുന്നു. ഇത്ര മനോഹരമായ ചരിത്ര സ്മാരകം മറ്റെവിടെയെങ്കിലും ഉണ്ടാകുമൊ എന്നവന്‍ ആലോചിച്ചിരിക്കെ അച്ഛന്‍ തിരികെ പോകാനായി അവനെ വന്നു വിളിച്ചു.