Thursday 30 May 2019

Story-- Adimatham

കഥ

  അടിമത്തം (1995)

   കുടികിടപ്പുകാര്‍ക്ക് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നനാളില്‍, സ്വന്തമായൊരുതുണ്ടു ഭൂമിയുടെ ജന്മിയായി തീര്‍ന്ന വെളുത്തകുഞ്ഞ് സന്തോഷം കൊണ്ട് തുള്ളിയാര്‍ത്തു. പ്രവര്‍ത്തിയാരായി പെന്‍ഷന്‍ പറ്റിയ ചെല്ലപ്പന്‍പിള്ളയദ്ദേഹം, നാട്ടിലെ ചുവപ്പന്മാരായ നായന്മാരെയൊക്കെ ശപിച്ചുകൊണ്ടും കാലികാലത്തിന്റെ ആപത്തുകളെകുറിച്ച് ചിന്തിച്ചു ഭയന്നും ഭൂമി വിട്ടുകൊടുത്തു. സഖാവ് വേണു നായര്‍ ഇടപെട്ട് അപേക്ഷ കൊടുത്ത് കുറെ പണം അനുവദിപ്പിച്ച് കൂരയും നന്നാക്കി.

  അന്യരുടെ പത്തായം നിറയാന്‍ പണിയെടുത്ത തനിക്ക് അധ്വാനിക്കാന്‍ അഞ്ചുസെന്റ് ഭൂമി. അവന്റെ മനസില്‍ സ്വപ്‌നങ്ങള്‍ വിരിഞ്ഞു. നല്ലൊരു നാളെയുടെ വരവ് വിളിച്ചറിയിച്ചുകൊണ്ട് , അവന്റെ തെങ്ങില്‍ പുതിയ കൂമ്പുകള്‍ വിരിഞ്ഞു.

   വെളുത്തകുഞ്ഞിന്റെ പൊണ്ടാട്ടി തങ്കമ്മ നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു, ' ഇതൊന്നും കാണാന്‍ അങ്ങോര്‍ ഇല്ലാതെ പോയല്ലൊ തമ്പിരാനെ.' വെളുത്ത കുഞ്ഞിന്റെ ചേട്ടന്‍ തേവനാണ് തങ്കമ്മയ്ക്ക് താലികെട്ടിയതും പുടവ കൊടുത്തതും. എന്നാല്‍ കൗമാരത്തിന്റെ ചപലതകള്‍ ഉണര്‍ന്നുവന്ന നാളില്‍ തന്നെ തങ്കമ്മയുടെ മാദകത്വമാര്‍ന്ന ശരീരവടിവുകളില്‍ മയങ്ങിയും വിയര്‍പ്പുചാലില്‍ കുളിച്ചുമാണ് വെളുത്തകുഞ്ഞ് സുഖശീതളമായ ലോകം കണ്ടത്. ചെറുപ്പത്തിലെ ക്ഷയരോഗിയായിരുന്ന തേവന്‍, ചുമച്ചും കുരച്ചും മരണപ്പെട്ടപ്പോള്‍ തങ്കമ്മയെ ഏറ്റെടുക്കാന്‍ വെളുത്തകുഞ്ഞിന് സന്തോഷമെയുണ്ടായിരുന്നുള്ളു. മഹാസഭ കൂടി അവനോട് ചോദിച്ചു, ' തങ്കമ്മയും കുഞ്ഞുങ്ങളും അനാഥരാകാതെ നീ നോക്കിക്കൊള്ളാമോ ?', അവന്‍ സമ്മതിച്ചു. അങ്ങിനെ ഒളിച്ചും പതുങ്ങിയും തങ്കമ്മയ്‌ക്കൊപ്പം കഴിഞ്ഞുവന്ന വെളുത്തകുഞ്ഞ്, ചേട്ടന്റെ തഴപ്പായില്‍ രാത്രിയുടെ തീഷ്ണതയുള്‍ക്കൊണ്ട് മയങ്ങി.

  മുറുക്കാന്‍ കടയില്‍ വെടി പറഞ്ഞും കറവ വീടുകളില്‍ തരവുകച്ചവടത്തിന്റെ നന്മതിന്മകള്‍ വിളമ്പിയും കാലം കഴിച്ചിരുന്ന വെളുത്തകുഞ്ഞ് മൂവന്തിക്കുമുന്നെ കപ്പയും മീനും വാങ്ങി വീടണയാന്‍ തുടങ്ങി. വലത്തെ നാസാരന്ധ്രത്തില്‍ തിളങ്ങുന്ന കല്ലുള്ള മുക്കുത്തിയും ചുണ്ടത്ത് ചിരിയും മാറില്‍ നിറതേനുമായി തങ്കമ്മ അവനെ കാത്തിരുന്നു. കനത്തുരുണ്ട മാംസകരുത്തില്‍ ഞെരുങ്ങിയമര്‍ന്ന് , ഉന്മാദത്തിന്റെ ഉച്ചസ്ഥായിയില്‍ ഉരുകിയൊലിക്കുന്ന വിയര്‍പ്പില്‍ ചുണ്ടമര്‍ത്തി അയാള്‍ രാത്രികള്‍ക്ക് വിടപറഞ്ഞു. തങ്കമ്മ വീണ്ടും വീണ്ടും പെറ്റു. ഓരോ പേറു കഴിയുമ്പോഴും അവളുടെ അഴക് വര്‍ദ്ധിച്ചു.

   കുട്ടികള്‍ വളരുകയും ചിലവേറുകയും ചെയ്തകാലം തങ്കമ്മ കൊയ്ത്തിന് പാടത്തിറങ്ങി. തങ്കമ്മയുടെ മേനിത്തിളക്കത്തില്‍ ഭ്രമിച്ച തമ്പ്രാക്കന്മാര്‍ നെടുവീര്‍പ്പിടുന്നതും ചുണ്ടുനനയ്ക്കുന്നതും അവള്‍ ഇടംകണ്ണിട്ട് അവരെ നോക്കുന്നതും ചിരിക്കുന്നതും വെളുത്തകുഞ്ഞ് കണ്ടില്ല. പതമളന്ന നെല്ല് കൂടുതല്‍ കിട്ടിയപ്പോഴും തഴപ്പായില്‍ പഴയ താത്പ്പര്യം കാണാതായപ്പോഴും വീട്ടില്‍ ദുര്‍ഭിക്ഷത മാറി ശ്രീ കളിയാടിയപ്പൊഴും വെളുത്തകുഞ്ഞ് ഒന്നും മനസിലാക്കിയില്ല.

  കുട്ടികള്‍ വളരുകയാണെന്ന യാഥാര്‍ത്ഥ്യം ഒരു രാത്രിയില്‍ തങ്കമ്മ അയാളെ ഓര്‍മ്മിപ്പിച്ചു. മൂത്തവള്‍ രാധയ്ക്ക് പ്രായം തികഞ്ഞു. ഗോപാലകൃഷ്ണന്‍ പഠിത്തം നിര്‍ത്തി കൂലിപ്പണിക്ക് പോകയാണ്. എന്നാല്‍ ഗിരിജയെകുറിച്ച് തങ്കമ്മയ്ക്ക് അഭിമാനമായിരുന്നു. അവള്‍ മിടുക്കിയാ.

   സര്‍ക്കാര്‍ പ്രൊമോഷനുണ്ടായിട്ടും പല ക്ലാസുകളില്‍ മുട്ടിവീണും പരുക്കേറ്റുമാണ് ഗിരിജ പത്താം ക്ലാസിലെത്തിയത്. തങ്കമ്മയുടെ മോള്‍ കൊഴുത്തുരുണ്ട് എന്തിനും പോന്നവളായി വളര്‍ന്നു. ക്ലാസിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ അവള്‍ ബ്ലൗസ് താഴോട്ടുപിടിച്ചു വലിക്കും. അപ്പോള്‍ സമൃദ്ധമായ മാറിടം വല്ലാതെ ഞെരുങ്ങുന്നതുകണ്ട് ചെറുപ്പക്കാരായ അധ്യാപകര്‍ക്ക് വാക്കുകള്‍ തെറ്റി. അവള്‍ മുന്നോട്ടു കുനിഞ്ഞിരുന്ന് എഴുതുകയും ഇടയ്ക്കിടെ ചില വാക്കുകള്‍ വീണ്ടും ചോദിക്കുകയും ചെയ്തപ്പോള്‍, അയല്‍പക്കക്കാരനായ രാജന്‍ മാഷിന്  അവളുടെ ബുക്കിലെ അക്ഷരങ്ങള്‍ തെറ്റുന്നുവോ എന്നറിയാന്‍ അടുത്തുചെന്നു നില്‍ക്കാതെ കഴിയില്ലെന്നായി.

  പുത്തന്‍ വീട്ടില്‍ ചന്ദ്രശേഖരപിളളയദ്ദേഹത്തിന്റെ മകന്റെ ക്ലാസില്‍ പഠിക്കുക, വേണ്ടത്ര ശ്രദ്ധ കിട്ടുക, ചോദ്യത്തിനുത്തരം പറയാതിരിക്കുമ്പോള്‍ ആ വെളുത്ത വിരലുകള്‍കൊണ്ട് കാര്‍മേഘകാന്തിയുളള കൊഴുത്ത കൈകളില്‍ നുള്ളുക. അവള്‍ക്ക് അതെല്ലാം സുഖകരമായ ഓര്‍മ്മകളായി. പുസ്തകം തുറന്നുനോക്കുമ്പോള്‍ കൈകാലുകളില്‍ ഒരു തണുപ്പ്. നക്ഷത്രങ്ങള്‍ തിളങ്ങുന്ന ആകാശത്തേക്ക് ഉറ്റുനോക്കിയിരുന്ന് അവള്‍ ചിരിച്ചു.

   വെളുത്ത കുഞ്ഞും തങ്കമ്മയും കെട്ടിപ്പിടിച്ച് തളര്‍ന്നുറങ്ങുന്നതു കണ്ടുവളര്‍ന്ന പെണ്ണ് രാജന്‍ മാഷിനൊപ്പം കെട്ടിമറിയുന്നതായി സ്വപ്‌നം കണ്ടു. അവളുടെ സ്വപ്‌നം ഒരു പൂവായി വിരിഞ്ഞു. ദളങ്ങളില്‍ തേന്‍ നിറഞ്ഞു കനത്തു. രാധ യൗവ്വനത്തിന്റെ പുതുപുഷ്പങ്ങള്‍ വിടര്‍ത്തി കണ്ണില്‍ പൂചൂടി നിന്ന കാലം ചെല്ലപ്പന്‍ വന്നു കണ്ടു. മാഹാസഭ കൂടി പതിവുപോലെ മദ്യപാനവും അടികലശലും നടത്തി. അതിനിടെ താലികെട്ടും. രാധ കണ്ണീരോടെ തങ്കമ്മയോടും ഇളയവരോടും യാത്രപറഞ്ഞ് പടിയിറങ്ങി. പിന്നെ ഏഴാം മാസം വീര്‍ത്ത വയറുമായി കയറി വന്നു. പെറ്റുവീണ കുഞ്ഞുമായി തിരിച്ചും പോയി.

    ഗിരിജ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ നില്‍ക്കുന്ന കാലം. പുത്തന്‍ വീട്ടില്‍ രാജന്‍ മാഷിനോട് അവള്‍ക്ക് കലശലായ പ്രേമം ഉറഞ്ഞുകൂടി. ഒരിക്കല്‍ അയാള്‍ പറഞ്ഞു, ' ഗിരിജെ, നീ നാളെ വീട്ടില്‍ വരണം. അവിടുന്നെല്ലാവരും അമ്പലത്തില്‍ പോകും. ഞാന്‍ മാത്രമെ വീട്ടില്‍ കാണൂ..' ഗിരിജ അയാളെ നോക്കി. അവളുടെ നനഞ്ഞ ചുണ്ടുകള്‍ വിറച്ചു. കണ്‍കോണുകള്‍ ഇളകി.
' വരില്ലെ?', ആ ചോദ്യത്തിനു മുന്നില്‍ അവള്‍ വിറച്ചു.
' വരാം.', അവള്‍ പറഞ്ഞു.

   രാത്രിയുടെ ഓരോ നിമിഷവും അവസാനിക്കാത്തവണ്ണം നീണ്ടതായി. പകല്‍ വെളിച്ചത്തില്‍ കുളിച്ചീറന്‍ മാറി നന്നായൊന്നൊരുങ്ങി തങ്കമ്മയുടെ കണ്ണുവെട്ടിച്ച് അവള്‍ പുറത്തുചാടി. ദൂരെ നിന്നുള്ള അവളുടെ വരവുകണ്ട് രാജന്റെ മനസുകുളുര്‍ത്തു. ഇലയനങ്ങുന്ന താളത്തോടെ വീട്ടിലെത്തിയ പെണ്ണിനെ മുറിയിലേക്ക് കയറ്റുമ്പോള്‍ തന്നെ അയാളുടെ ഹൃദയമിടിപ്പ് അവളറിഞ്ഞു. ഉന്മാദത്തിന്റെ തീര്‍ത്ഥക്കുളത്തില്‍ മുങ്ങിപ്പൊങ്ങി തിരുവാതിരയാടി കുഴഞ്ഞുവീഴുമ്പോള്‍ ,ജന്മസാഫല്യം നേടിയപോലെ അയാള്‍ക്കു തോന്നി.

' ഗരിജെ, നീയെന്റെ സുന്ദരിക്കുട്ടിയാണ്', അയാള്‍ പറഞ്ഞു

' സാര്‍, ഞാന്‍ - എനിക്ക് -- ', അവള്‍ വാക്കുകള്‍ക്കായി പരതി.

' ഇല്ല മോളെ, നിനക്കൊന്നും വരില്ല, നിനക്കു ഞാനുണ്ട് ', അയാള്‍ അവളെ ആശ്വസിപ്പിച്ചു.
   
    അത് ഒരാവര്‍ത്തനത്തിന്റെ തുടക്കമായിരുന്നു. രാത്രികളില്‍ വീടിന്റെ കതക് തുറന്നടഞ്ഞു. പറമ്പിലെ വിരിയിട്ട പൂഴിമണ്ണില്‍ അവര്‍ പരസ്പരം അറിഞ്ഞു. എത്ര നാള്‍ തുടര്‍ന്നു എങ്ങിനെ തുടര്‍ന്നു എന്നൊന്നും ചോദിക്കേണ്ടതില്ല. ഒരു ദിനം തങ്കമ്മ യാദൃശ്ചികമായുണര്‍ന്ന് വിളക്കുകൊളുത്തുമ്പോള്‍ പായില്‍ ഗിരിജയില്ല. അവര്‍ പുറത്തിറങ്ങി നോക്കി. പെണ്ണിനെ കാണാനില്ല.

' നിങ്ങള്‍ പോത്തുപോലെ കിടന്നുറങ്ങാതെ മനുഷ്യാ, പെണ്ണിനെ കാണാനില്ല', അവര്‍ വെളുത്തകുഞ്ഞിനെ വിളിച്ചു.

ലഹരിയുടെ മയക്കത്തിലും വെളുത്തകുഞ്ഞുണര്‍ന്നു. ഗോപാലകൃഷ്ണനുണര്‍ന്നു.ഇളയവളുണര്‍ന്നു.വിളക്കുമായി അവര്‍ പരക്കം പാഞ്ഞു. അയല്‍വീടുകളിലും വിളക്കുതെളിഞ്ഞു. അന്വേഷണം ശക്തിപ്പെട്ടു. പുത്തന്‍വീട്ടിലെ പറമ്പില്‍ വിളക്കുകള്‍ പ്രവേശിക്കുമ്പോള്‍ ഒരു നിഴല്‍ ഓടുന്നതവര്‍ കണ്ടു. മറ്റൊന്ന് അവരുടെ നേര്‍ക്കും. ഗിരിജ അഴിഞ്ഞുലഞ്ഞ ബ്ലൗസ് നേരെയാക്കി പാവടയുടെ കെട്ടുപിണച്ചിട്ട്,മുടി മാടിയൊതുക്കി സംതൃപ്തമായ മുഖത്തോടെ കൂസലില്ലാതെ നിന്നു.

' നീ എവിടെ പോയെടി ?', വെളുത്തകുഞ്ഞ് ചോദിച്ചു.

അവള്‍ ഒന്നും പറഞ്ഞില്ല. മുടിക്ക് കുത്തിപ്പിടിച്ച് അയാള്‍ അവളെ അടിച്ചു. അവള്‍ പ്രതിഷേധിച്ചില്ല. അവള്‍ മറ്റേതോ ലോകത്തായിരുന്നു. ആരോ വെളുത്തകുഞ്ഞിനെ പിടിച്ചുമാറ്റി. രാത്രിയുടെ നിശബ്ദതയെ ഞെട്ടിച്ച ബഹളം കാരണം അയല്‍വീടുകളിലെല്ലാം വിളക്കുതെളിഞ്ഞു. എന്നാല്‍ പുത്തന്‍ വീട്ടില്‍ കത്തിക്കിടന്ന വിളക്കുപോലും അണയുകയാണുണ്ടായത്.

  നാട്ടുകാര്‍ക്കിടയില്‍ ചൂടുള്ള വാര്‍ത്തയായി ആ സംഭവം പടര്‍ന്നു കത്തി ചൂരും ചൂടും വര്‍ദ്ധിപ്പിച്ചു. വാധ്യാരുടെ പ്രേമം മതിലുകളില്‍ പാട്ടായി. ഇതിനിടെ ഗരിജയ്ക്ക് കുളിതെറ്റി. തങ്കമ്മയ്ക്ക് കൂടുതലൊന്നും അറിയേണ്ടതില്ലായിരുന്നു.

'കൊച്ചിന്റെ തന്ത പുത്തന്‍പുരയിലെ കൊച്ചമ്പ്രാനാണോടി ?', അവര്‍ ചോദിച്ചു.

അവള്‍ മിണ്ടിയില്ല. എങ്കിലും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

' അയാള് നിന്നെ കെട്ട്യോടി ?', അതിനും അവള്‍ മറുപടി പറഞ്ഞില്ല.

അവര്‍ വെളുത്തകുഞ്ഞിന് നേരെ തിരിഞ്ഞു. ' ഏയ് മനുഷ്യാ, നിങ്ങളെന്ത് കൂത്താ കാണുന്നെ ? പഞ്ചായത്ത് മെമ്പറെ ഒന്നു കാണ്. പാര്‍ട്ടിക്കാരെ ചെന്ന് കാണ്. കൊടി പിടിക്കാന്‍ പോന്നോരല്ല്യോ, ഒരു സമാതാനം കാണാന്‍ പറ '

   വെളുത്തകുഞ്ഞ് ഇറങ്ങി നടന്നു. മെമ്പറെ കണ്ട് പറയാന്‍ പറ്റുന്നതരത്തില്‍ പറഞ്ഞു. മെമ്പര്‍ക്ക് എല്ലാം ബോധ്യപ്പെട്ടു. വോട്ടുബാങ്കാണ് മുന്നില്‍ നില്‍ക്കുന്നത്. പ്രതി ഉന്നതകുടുംബാംഗവും ധനശേഷിയുള്ളവനും. രാഷ്ട്രീയതാത്പ്പര്യത്തിന്റെ തുലാസ് ഇരുപുറവും ഒരുപോലെ തൂങ്ങുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം ഒതുക്കണം. അയാള്‍ വെളുത്തകുഞ്ഞിനെ ഒന്നു നോക്കി, അര്‍ത്ഥഗര്‍ഭമായി മൂളി.

   ' രണ്ടുകൂട്ടരും തെറ്റുകാരാണ്. ഈ പ്രായത്തില്‍ കൂട്ടിലിട്ട് വളര്‍ത്താന്‍ കഴിയില്ലെന്ന് എനിക്കുമറിയാം. എങ്കിലും -- ഏതായാലും വന്നതുവന്നു. നമ്മള്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയാല്‍ പെണ്ണിനാ കേട്. ഒരു സംബ്ബന്ധം കൂടി കിട്ടാതാകും. അയാളെക്കൊണ്ട് കെട്ടിക്കാമെന്നു വച്ചാല്‍ അതു നടക്വോ. വേണ്ടത്ര തെളിവുകൊടുക്കാനോ കോടതി കയറാനോ നമുക്ക് കഴിയില്ല. പിന്നെ കൊടിപിടിക്ക്വാ സത്യാഗ്രഹമിരിക്ക്വാ ഒക്കെ ചെയ്താലും പോലീസും സര്‍ക്കാരുമൊക്കെ നമുക്കെതിരായുള്ള സമയാ -- ', അയാള്‍ സിഗററ്റിന്റെ ചാരം തട്ടി, വെളുത്തകുഞ്ഞിനെ നോക്കി.

' മെമ്പര്‍ എന്തു പറഞ്ഞാലും ഞാള് കേക്കും', വെളുത്തകുഞ്ഞ് നയം വ്യക്തമാക്കി.

' അധികകാലായില്ലല്ലൊ, നമുക്ക് വയറ്റീകിടക്കുന്നത് വേണ്ടെന്നു വയ്ക്കാം. പെണ്ണിനെ കെട്ടിക്കാന്‍ കുറച്ചു രൂപ വാങ്ങിത്തരാം, ഇരുചെവി അറിയണ്ട', മെമ്പര്‍ പറഞ്ഞു.

   മെമ്പറുടെ ബുദ്ധിയില്‍ അങ്ങേയറ്റം മതിപ്പുള്ള വെളുത്തകുഞ്ഞ് സന്തോഷത്തോടെ മടങ്ങി. അടുത്ത ദിവസം മെമ്പര്‍ വീട്ടില്‍ വന്ന് തങ്കമ്മയുമായി ദീര്‍ഘനേരം സംസാരിച്ചു. മെമ്പറുടെ സാമര്‍ത്ഥ്യത്തില്‍ അവര്‍ക്കും അശേഷം സംശയമില്ല. സാധുക്കളുടെ ഉന്നമനമാണ് അദ്യത്തിന്റെ ലക്ഷ്യം. കുട്ടികളെ നോക്കാന്‍ കൂടി നേരം കിട്ടാഞ്ഞ് അവരെ പട്ടണത്തിലെ സ്‌കൂളില്‍ നിര്‍ത്തി പഠിപ്പിക്കുകയാണ്. കഷ്ടം', തങ്കമ്മ ഇങ്ങിനെയൊക്കെ പലവട്ടം ചിന്തിച്ചിട്ടുള്ളതാണ്. അതിനാല്‍ മെമ്പര്‍ പറഞ്ഞത് വള്ളിപുള്ളി അവള്‍ക്കിഷ്ടപ്പെട്ടു.

 പുത്തന്‍ വീട്ടിലും മെമ്പര്‍ക്ക് നല്ല സ്വീകരണം കിട്ടി. പഴങ്കഥകളും നാട്ടുവിശേഷങ്ങളും പറഞ്ഞ്, അടുത്തൂണ്‍ പറ്റിയ തഹസീല്‍ദാരും മെമ്പറും കുറേ സമയം ചിലവിട്ടു. ഒടുവില്‍ യഥാര്‍ത്ഥ വിഷയത്തിലേക്ക് കടന്നു. ' പിന്നെ ഞാന്‍ വന്നത് , ആ വെളുത്തകുഞ്ഞിന്റെ മകളുടെ -- ', ഇതുകേട്ടതും തഹസീല്‍ദാരുടെ മുഖം ചുവന്നു. ' നിങ്ങളൊക്കെകൂടി എന്റെ കുടുംബത്തെയും മകനെയും ചീത്തയാക്കാന്‍ തുടങ്ങാണ്--ല്ലെ '

    ' ചേട്ടന്‍ കോപിക്കുകയൊന്നും വേണ്ട, ഞാന്‍ ഇതില്‍ ഇടപെടുന്നത് നിങ്ങളെ കരുതിയാ. നാളെ ഒരു നല്ല കുടുംബത്തില്‍ നിന്നൊരു വിവാഹം കിട്ടേണ്ട പയ്യനാണ്. പെണ്ണിപ്പോള്‍ ഗര്‍ഭിണിയാണ്. നാട്ടുകാര്‍ വിവരമറിഞ്ഞാല്‍ ഇളകും. അവര് ഗര്‍ഭ സത്യാഗ്രഹം നടത്തും. ചിലപ്പോള്‍ -- ',  മെമ്പര്‍ റിട്ടയേര്‍ഡ് തഹസീല്‍ദാരെ ഒന്നു നോക്കി . അയാള്‍ തുടര്‍ന്നു, ' എനിക്കുതന്നെ അത് ഉത്ഘാടനം ചെയ്യേണ്ടിവരും. അപ്പൊ പിന്നെ കൊച്ചാട്ടന്‍ അതുമിതും പറയരുത്. നാറാതിരുന്നാല്‍ ഭാവിയില്‍ പെണ്ണുവീട്ടിന്നു കണക്കുപറഞ്ഞു വാങ്ങാം. '

   മെമ്പറുടെ വാക്കുകള്‍  കൊള്ളേണ്ടിടത്ത് കൊണ്ടു. ചന്ദ്രശേഖര പിള്ളയുടെ കോപം തണുത്തു. ' ഒരു പക്ഷെ ഇതൊക്കെ സത്യമാകാം. ഇനി ഇല്ലാത്തതായാലും കുറേപേര്‍ വിചാരിച്ചാല്‍ മാനക്കേടാകും.-- എന്താ-- ഞാന്‍ ചെയ്യേണ്ടത് ', അയാള്‍ ചോദിച്ചു.

   ' ചേട്ടന് വലിയ ബുദ്ധിമുട്ടുണ്ടകാതെ തീര്‍ക്കാം. ചെറുക്കന്റെ ഭാവിയുടെ കാര്യമല്ലെ- ഒരു ചെറിയ തുക- ഒരു ഇരുപത്തിയഞ്ച് -- ' , മെമ്പര്‍ പറഞ്ഞു.

       ' എത്രയാ ?', കുറേകൂടിപ്പോയി എന്ന മട്ടില്‍ ചന്ദ്രശേഖരപിള്ള എടുത്തു ചോദിച്ചു.

      ' ഒരു ട്വൊന്റി ഫൈവ് തൗസന്റ് --പ്രശ്‌നം ഒതുങ്ങും. ഇല്ലേല്‍ ഒതുങ്ങില്ല, വഷളാകും, നാറും', മെമ്പര്‍ പറഞ്ഞു.

   പിള്ളസാറിന്റെ കണ്ഠത്തില്‍ ഉമിനീരിറങ്ങി. മെമ്പര്‍ ഡയറി എടുത്ത് എഴുനേറ്റു.

     ' മെമ്പര്‍ ഇരിക്യാ- എടേ കാപ്പി-', പിള്ള അകത്തേക്കു നോക്കി പറഞ്ഞു. ' എപ്പൊ വേണം ? '

    ' എത്ര വേഗം ഇടപാട് തീര്‍ക്കുന്നൊ അത്രേം നല്ലത് ', മെമ്പര്‍ പറഞ്ഞു.

     ' ഒരാഴ്ച അവധി വേണം മെമ്പറെ ', പിള്ള പറഞ്ഞു.

    '  ഒരാഴ്ച എങ്കില്‍ ഒരാഴ്ച. പിന്നെ മെമ്പറ് ഇടപെടുന്നത് നിങ്ങളെ കരുതിയാ. ഒന്നും പ്രതീക്ഷിച്ചോണ്ടല്ല', മെമ്പറുടെ ചിരിയില്‍ മഞ്ഞ വ്യാപിച്ചു.

   അടുത്തയാഴ്ച തന്നെ പ്രശ്‌നം അവസാനിച്ചു. പതിനയ്യായിരം വെളുത്തകുഞ്ഞിനും പതിനായിരം മെമ്പര്‍ക്കും.

       ' ഇനിയെങ്കിലും പെണ്ണിനെ നോക്കിക്കൊള്ളണം. തലേം മൊലേം വളര്‍ന്നാ പിന്നെ വീട്ടി നിര്‍ത്തരുത്. ഒരു ചെറുക്കനെ കണ്ടുപിടിക്കാന്‍ നമ്മുടെ പെണ്ണുകൊച്ചുരാമനെ ഏര്‍പ്പാടാക്കാം.     ', മെമ്പര്‍ പറഞ്ഞു നിര്‍ത്തി. തങ്കമ്മയും വെളുത്തകുഞ്ഞും ശരിവച്ചു.

   പച്ചക്കപ്പയ്ക്കാ പുഴുങ്ങി ചതച്ച് നീരെടുത്ത് തങ്കമ്മ ഗിരിജയ്ക്കു കൊടുത്തു. അവള്‍ കുടിച്ചില്ല. തങ്കമ്മയ്ക്ക് ദേഷ്യം കയറി. ' കുടിയെടി നെഷേധി , ഇറങ്ങിപ്പോരട്ടെ '. അവള്‍ കൈ തട്ടിമാറ്റി. ഒടുവില്‍ അല്‍പ്പം ബലം പ്രയോഗിച്ചുതന്നെ നീര് ഉള്ളിലെത്തിച്ചു. മൂന്നാം നാള്‍ ഗിരിജയുടെ ഗര്‍ഭമലസി.

   വടക്കൊരു നാട്ടില്‍ നിന്നാണ് ശ്രീധരന്‍ പെണ്ണുകാണാന്‍ വന്നത്. പട്ടണത്തിലെ സോപ്പുകമ്പനിയില്‍ ജോലി ചെയ്യുന്ന കുറുകിയ കറുപ്പു നിറമുള്ള പയ്യന്‍. തങ്കമ്മയ്ക്ക് പയ്യനെ ബോധിച്ചു. ' നല്ല നെറമുള്ള ദേഹം, നെനക്ക് ഇഷ്ടപ്പെട്ടോടി ', തങ്കമ്മ ചോദിച്ചു. ഗിരിജ മുഖം തിരിച്ചു. അവളുടെ ഓര്‍മ്മയില്‍ വെളുത്ത മാഷ് നിറഞ്ഞുനിന്നു. ഒന്നു കാണാന്‍ പോലും കഴിയുന്നില്ലല്ലൊ എന്നവള്‍ പരിഭവിച്ചു. അവള്‍ പായില്‍ കിടന്നുരുണ്ടു.

ശ്രീധരന് പെണ്ണിനെ ഇഷ്ടപ്പെട്ടു. അവളുടെ ഉറക്കം കെടുത്തുന്ന മാദകത്വത്തില്‍ അവന്‍ മയങ്ങി വീണു. വാക്കുകള്‍ വഴിമുട്ടി നില്‍ക്കുന്ന മുഖവുമായി അവന്‍ വീണ്ടും വീണ്ടും വന്നു. നാട്ടുകാരില്‍ ചിലര്‍ ഗിരിജയുടെ പ്രണയ കഥ അവനോട് പറഞ്ഞു. തങ്കമ്മയും ചില സൂചനയൊക്കെ കൊടുത്തു. ' അസൂയ പെരുത്ത നാട്ടാരാ, ആരും നന്നാകുന്നത് കണ്ടൂട. വല്ലോരും വല്ലതും പറഞ്ഞാല്‍ -- ' , തങ്കമ്മയുടെ വാക്കുകള്‍ മുറിച്ചുകൊണ്ട് ശ്രീധരന്‍ പറഞ്ഞു, ' ചിലതൊക്കെ ഞാനും കേട്ടു. എനിക്കതില്‍ വിഷമമില്ല. ചെറുപ്പത്തില്‍ ചില അബദ്ധങ്ങളൊക്കെ ആര്‍ക്കും പറ്റും. ഇനി ഞാനവളെ പൊന്നുപോലെ നോക്കും '

 രാജന്‍ സാറിനെ ധ്യാനിച്ചു നടക്കുന്നതുകൊണ്ട് ഗുണമോന്നുമില്ലെന്ന് അറിയാന്‍ തക്ക പ്രായോഗിക ബുദ്ധി ഗിരിജയ്ക്കുമുണ്ടായിരുന്നു. അവള്‍ ഒടുവില്‍ സമ്മതം മൂളി. വടക്കുനിന്നും രണ്ടു വണ്ടി നിറയെ ആളുകള്‍ എത്തി. ഗിരിജയെ താലികെട്ടി ശ്രീധരന്‍ കൊണ്ടുപോയി. അവള്‍ക്ക് അവന്റെ വീട്ടില്‍ കൂടുതല്‍ നാള്‍ തങ്ങാന്‍ കഴിഞ്ഞില്ല. ഓര്‍മ്മയില്‍ എപ്പോഴും രാജന്‍ സാര്‍ തന്നെ. വല്ലപ്പോഴും ഒന്നു കാണാന്‍ കഴിഞ്ഞാല്‍ തന്നെ സന്തോഷമായെന്നു തോന്നി.

'  നമുക്കു നാട്ടില്‍ പോകാം. ജോലിക്ക് പോകാനും സൗകര്യം അതല്ലെ', അവള്‍ പറഞ്ഞു.

അവന്‍ അവള്‍ പറഞ്ഞതനുസരിച്ചു.നാട്ടില്‍ തിരിച്ചെത്തി. ഇതിനിടെ രാജന്‍ വിവാഹിതനായി. വൃശ്ചികത്തിന്റെ കുളിരണിഞ്ഞ ഒരു രാത്രിയില്‍ ഗിരിജ ഒരു കുട്ടിക്കു ജന്മം നല്‍കി. അധികകാലം കഴിയും മുന്നെ ശ്രീധരന്റെ കമ്പനി ലോക്കൗട്ടിലായി. പണിയും പണവുമില്ലാതെ അയാള്‍ കഷ്ടപ്പെട്ടു. തങ്കമ്മയ്ക്കും മരുമകനെ ഇഷ്ടപ്പെടാതായി.

' ഞാനും എന്റങ്ങേരും ജോലിചെയ്ത്‌കൊണ്ടുവന്നിട്ടു വേണോല്ലൊ കാല്‍ക്കാശിന് പ്രയോജനമില്ലാത്ത മരുമോനെ തീറ്റാന്‍ --' , ഒരു ദിവസം അവന്‍ കേള്‍ക്കെ തങ്കമ്മ ഗിരിജയോട് പറഞ്ഞു. അതുകേട്ട് ശ്രീധരന്‍ അസ്വസ്ഥനായി. ഭര്‍ത്താവ് ചെറുതായി ചെറുതായി ചുരുങ്ങി ഇല്ലാതാകുന്നതുകണ്ട് ഗിരിജ ചിരിച്ചു. അവള്‍ സാവധാനം സ്വതന്ത്രയാകുകയായിരുന്നു. സ്‌കൂട്ടറില്‍ പോകുന്ന രാജന്‍ മാഷിനെ അവള്‍ നോക്കിനില്‍ക്കാന്‍ തിടങ്ങി. അയാളുടെ മുഖം തെളിയുന്നതു കണ്ട് അവള്‍ സന്തോഷിച്ചു. ചിരപരിചിതമായ ഒരു ഗന്ധം ഉള്ളിലെവിടെയോ ഉടക്കിയപോലെ. അവള്‍ വഴിയരുകില്‍ വണ്ടിയുടെ ശബ്ദം കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചു നിന്നു. അയാളുടെ വണ്ടിയുടെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു. വേലിക്കെട്ടിനപ്പുറവും ഇപ്പുറവും വേദനയുള്ള ഓര്‍മ്മകള്‍ നിറഞ്ഞു. ഗിരിജയുടെ കണ്ണിലേക്ക് നോക്കിനില്‍ക്കെ രാജന്‍ സ്വയം ഉരുകിയൊലിച്ചു. അയാളുടെ ചുണ്ടുകള്‍ വിറച്ചു. അവര്‍ക്ക് ഒരായിരം കഥകള്‍ പറയാനുണ്ടായിരുന്നു.

' സാറെന്നെ ഉപേക്ഷിക്കുമെന്നു ഞാന്‍ കരുതിയില്ല', അവള്‍ പറഞ്ഞു.

' എനിക്കും മനസുണ്ടായിട്ടല്ല, അച്ഛന്റേം കുടുംബത്തിന്റേം നെലേം വെലേം വച്ചോണ്ട് -- ', അയാള്‍ പറയാന്‍ തുടങ്ങി.

' അല്ലേലും ഞങ്ങള്  അടിയാക്കളല്ലെ  ? ', അവള്‍ മറുപടിയായി പറഞ്ഞു.

' വിഷമമുണ്ടാക്കുന്ന കാര്യങ്ങളൊന്നും പറയാതെ ഗിരിജെ. എനിക്ക് -- എനിക്ക് നിന്നെ ഒരിക്കലും മറക്കാന്‍ കഴിയില്ല', അയാള്‍ വികാരാധീനനായി.

   പതുപതുത്ത മെത്തില്‍ ഗീതയുടെ മുടിയിഴകള്‍ തഴുകിക്കിടക്കുമ്പോള്‍ , രാജന്റെ മനസില്‍ നനഞ്ഞ മണ്ണിലെ വിയര്‍പ്പില്‍ കുളിക്കുന്ന ഗിരിജയായിരുന്നു. അവളുടെ കൈതപ്പൂ ഗന്ധമായിരുന്നു. ദിവസവും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ അകന്നുപോയൊരു പക്ഷി മടങ്ങിവന്നപോലെ.

 ഗിരിജ ഉറക്കത്തില്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ ശ്രീധരന് സഹികെട്ടു.

' നെന്റെ കൊഞ്ചലും കുഴച്ചിലും കണ്ടോണ്ടു നില്‍ക്കാന്‍ ഞാനാരാടി ', അയാള്‍ ചോദിച്ചു.

' അതന്നെ ഞാനും ചോദിക്കുന്നത് ', അവള്‍ തിരിച്ചടിച്ചു.

ശ്രീധരന്റെ കൈയ്യുയര്‍ന്നു. പക്ഷെ അത് ഉയര്‍ന്നപോലെ താണു.

' വന്നു വന്ന് എന്റെ മോളെ അടിക്കാനായോടാ നീ ' ,തങ്കമ്മ അലറിത്തുള്ളി. ശ്രീധരന്‍ ഇറങ്ങി നടന്നു, വടക്കോട്ട്.

ഗീതക്ക് സ്ഥലംമാറ്റമായതോടെ അവളെ അവളുടെ വീട്ടില്‍ കൊണ്ടുവിട്ടു. രാജന്‍ ഗിരിജയെ സന്തോഷത്തോടെ സ്വീകരിച്ചു. ഗിരിജയുടെ ഗന്ധം രാത്രികളില്‍ വീണ്ടും ഒരനുഭവമായി പടര്‍ന്നു കയറാന്‍ തുടങ്ങി. രാജന്റെ മനസു നിറഞ്ഞു. അവളുടെ ദുരിതങ്ങള്‍ മനസിലാക്കി അയാള്‍ സഹായം ചെയ്യാന്‍ തുടങ്ങി. അവളുടെ വീട്ടില്‍ സംതൃപ്തിയുടെ കാലമായി. തങ്കമ്മ പാലിനും മീനിനുമൊന്നും കടം വാങ്ങേണ്ടി വന്നില്ല. ഐശ്വര്യത്തിന്റെ ശുക്രനക്ഷത്രമായി ഗിരിജ തിളങ്ങി. അവള്‍ ഒരു ജ്വാലയായി ഉയര്‍ന്നുകൊണ്ടേയിരുന്നു.

' നിന്റെ കുട്ടി എന്റേം കുട്ടിയാ മേളെ, അതിനൊരു ദുഃഖവും ഉണ്ടാകരുത്', ഉണര്‍ത്തുപാട്ടിന്റെ ശീലുപോലെ അയാള്‍ പറഞ്ഞു.

മകനെകുറിച്ച് ചിന്തിച്ച് ദുഃഖം ഉറഞ്ഞുകൂടുമ്പോള്‍ ആരും വിളിക്കാതെതന്നെ ശ്രീധരന്‍ നാട്ടില്‍ വരും. രാത്രിയില്‍ അയാള്‍ക്ക് വരാന്തയില്‍ പായകിട്ടി. വെളുത്തകുഞ്ഞിന് കൂട്ടായി അയാള്‍ കിടന്നു. ബീഡി വലിച്ചും ചിന്തിച്ചും എപ്പൊഴോ ഉറങ്ങി. ഇങ്ങനെ മാസങ്ങള്‍ നീങ്ങവെ ശ്രീധരന്റെ കമ്പനി തുറന്നു. അയാള്‍ പണിക്ക് പോയിത്തുടങ്ങി. കൈനിറയെ പലഹാരങ്ങളുമായി ഇടയ്ക്കിടെ വന്ന്, കുട്ടിയോട് കളിച്ചു ചിരിച്ച് , ഗിരിജയുടെ പായ പങ്കിട്ട് അയാള്‍ മടങ്ങി.

ഗിരിജ വീണ്ടും ഗര്‍ഭിണിയായി. നിലാവുള്ള ആകാശം നോക്കി രാജന്റെ മടിയില്‍ തലവച്ചു കിടന്ന് ഒരു രാത്രിയില്‍ അവള്‍ അയാളോടു പറഞ്ഞു, ' എന്റെ വയറ്റില്‍ വളരുന്ന കുട്ടിയെ ഇനി ഞാന്‍ നശിപ്പിക്കില്ല. നമ്മുടെ --- ' രാജന്‍ ഞെട്ടി . അയാള്‍ കുറച്ചു സമയം മിണ്ടാതിരുന്നു. എന്നിട്ട് മരവിച്ച ശബ്ദത്തില്‍ പറഞ്ഞു, ' വേണ്ട ഗിരിജെ, നമുക്ക് ഡോക്ടരെ കാണാം.എന്റെ ഛായയുള്ളൊരു കുട്ടി നിനക്ക് -- വേണ്ട , അതു ശരിയാകില്ല'.

 അവള്‍ പിന്നീടൊന്നും പറഞ്ഞില്ല. അയാളുടെ കൈകളില്‍ നിന്നും മോചനം നേടി  അവള്‍ നടന്നു. ശ്രീധരന്‍ മുറിയില്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു. അവന്റെ അടുത്തുചെന്ന് സുരക്ഷിതത്വത്തിനായി അവനോട് ചേര്‍ന്നു കിടന്നുകൊണ്ട് അവള്‍ മെല്ലെ ചോദിച്ചു, ' നമ്മുടെ കുട്ടി പെണ്ണായിരിക്കുമൊ ആണായിരിക്കുമോ ? '
ശ്രീധരന്‍ ഒന്നും പറയാതെ തിരിഞ്ഞ് കണ്ണടച്ചു കിടന്നു. 

No comments:

Post a Comment