Wednesday, 22 May 2019

Qutab Minar


 കുത്തബ് മിനാര്‍
 
1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 6

 ' ശ്രീക്കുട്ടാ, ഇന്നു നമ്മള്‍ പോകുന്നത് ലോകത്തെ ഏറ്റവും ഉയരമുള്ള ഗോപുരം കാണാനാണ്', അച്ഛന്‍ പറഞ്ഞു.

ഏതാണാ ഗോപുരം എന്നു ചോദിക്കും മുന്‍പെ ശ്രീക്കുട്ടന്‍ മറുപടി പറഞ്ഞു, ' കുത്തബ് മിനാറാണോ അച്ഛാ '.

' അതേല്ലൊ ', അച്ഛന്‍ പറഞ്ഞു.

' അപ്പൊ ഇറ്റലിയിലെ പിസയിലുള്ള ചരിഞ്ഞ ഗോപുരമൊ ?', അവന്‍ ചോദിച്ചു.

' പിസ ഗോപുരവും ചൈനയിലെ പെക്കിനിലുള്ള ഗ്രേയ്റ്റ് പഗോഡയും കുത്തബ് മിനാറിനേക്കാള്‍ ഉയരം കുറഞ്ഞവയാണ്. ഇരുനൂറ്റി മുപ്പത്തിനാലടി പൊക്കമുള്ള ഒറ്റ ഗോപുരമാണ് എന്നതാണ് കുത്തബ് മിനാറിന്റെ മാറ്റ് കൂട്ടുന്നത്. കുത്തബ് എന്നാല്‍ അച്ചുതണ്ടെന്നും മിനാര്‍ എന്നാല്‍ ഗോപുരമെന്നുമാണ് അര്‍ത്ഥം. അപ്പോള്‍ ഒരു അച്ചുതണ്ടില്‍ നില്‍ക്കുന്ന ഗോപുരം എന്ന അര്‍ത്ഥം ഇതിന് വരുന്നു. ഗോപുരം നിര്‍മ്മിച്ചത് എന്തിനാണ് എന്നതിനെകുറിച്ച് പല അഭിപ്രായങ്ങളുണ്ട്. എങ്കിലും യുദ്ധ വിജയത്തിന്റെ പ്രതീകമാണ് എന്ന് പൊതുവെ കരുതപ്പെടുന്നു', അച്ഛന്‍ പറഞ്ഞു.

' അച്ഛാ, കുത്തബുദ്ദീന്‍ ഐബക്ക് പണി കഴിപ്പിച്ചതുകൊണ്ടാകില്ലെ കുത്തബ്മിനാര്‍ എന്നു പേരു വന്നത് ', ശ്രീക്കുട്ടന്‍ ചോദിച്ചു.

' ചിന്തിച്ചു നോക്കിയാല്‍ അതിനാണ് ഏറെ സാധ്യത. ആട്ടെ, കുത്തബുദ്ദീന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശ്രീക്കുട്ടനറിയാമൊ ?', അച്ഛന്‍ ചോദിച്ചു.

' അറിയില്ല', അവന്‍ പറഞ്ഞു.

' ദൈവത്തിന്റെ ജോലിക്കാരന്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ശ്രീക്കുട്ടാ, ദേ നോക്ക്, ദൂരെ ഉയര്‍ന്നു കാണുന്ന ആ ഗോപുരമാണ് കുത്തബ് മിനാര്‍. ഇത്ര ദൂരെനിന്ന് കാണുമ്പോള്‍ തന്നെ അതിന്റെ ഗാംഭീര്യം നമുക്കറിയാന്‍ കഴിയും ', കാറിലിരുന്നുകൊണ്ട് അച്ഛന്‍ അവനോട് പറഞ്ഞു.

ആ കാഴ്ച കണ്ട് ശ്രീക്കുട്ടന്റെ കണ്ണുകള്‍ വികസിച്ചു.

' തോമര്‍ രാജ്പുത്തുകളില്‍ നിന്നും ഡല്‍ഹി പിടിച്ചടക്കിയ ഓര്‍മ്മ നിലനിര്‍ത്താന്‍ പൃത്ഥ്വിരാജിന്റെ അമ്മാവന്‍ വിഗ്രഹരാജയാണ് മിനാറിന്റെ പണിക്ക് തുടക്കമിട്ടതെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. ഏതായാലും പണി തീര്‍ത്തത് കുത്തബുദ്ദീനും ഇല്‍ത്തുമിഷുമാണ്. യുദ്ധസജ്ജരായി വരുന്ന ശത്രുക്കളെ ദൂരെനിന്നുതന്നെ വീക്ഷിക്കാന്‍ കുത്തബ് മിനാറിനെ ചക്രവര്‍ത്തിമാര്‍ ഉപയോഗിച്ചിരുന്നു', അച്ഛന്‍ ചരിത്രം പറഞ്ഞിരിക്കെ ശ്രീക്കുട്ടന്‍ കുത്തബ് മിനാറിന്റെ മുകളില്‍ കയറുന്നതായി സങ്കല്‍പ്പിച്ചുകൊണ്ട് ഗോപുരം നോക്കി കണ്ണിമ ചിമ്മാതെ ഇരുന്നു.

 അധികം കഴിയും മുന്നെ അവര്‍ കുത്തബ് മിനാറിലെത്തി. അതിന്റെ താഴത്തെ കല്ലുകളില്‍ തൊട്ട് അവന്‍ കൈകള്‍ കണ്ണുകളില്‍ വച്ചു. തുടര്‍ന്ന് മിനാറിന്റെ ഫോട്ടോകള്‍ എടുത്തു. ചുറ്റാകെ സൂക്ഷ്മവീക്ഷണം നടത്തി.

' എന്തിനാണച്ഛാ മിനാറിന്റെ  താഴ്ത്തട്ടില്‍ ചെറിയ ഗ്ലാസ് പ്ലേറ്റുകള്‍ വച്ചിരിക്കുന്നത് ', ശ്രീക്കുട്ടന്‍ ചോദിച്ചു.

' മിനാറിന് ചെറിയ അനക്കമൊ കല്ലില്‍ പൊട്ടലൊ വന്നാല്‍ ഗ്ലാസ് പൊട്ടും. അപ്പോള്‍ തന്നെ ദ്രവസിമന്റ് ഉപയോഗിച്ച് കേടുപാട് തീര്‍ക്കും . 1934 ല്‍ ബീഹാറിലുണ്ടായ ഭൂമികുലുക്കത്തിന്റെ ഭാഗമായി പല ഗ്ലാസുകളും പൊട്ടിയിരുന്നു', അച്ഛന്‍ വിശദീകരിച്ചു.

' എഡി 1200 ലാണ് കുത്തബ് മിനാറിന്റെ പണി തീര്‍ന്നത്. അന്നു മുതല്‍ ഡല്‍ഹിയുടെ കാവല്‍ക്കാരനായി ഗോപുരം ഉയര്‍ന്നു നില്‍ക്കയാണ് ', അച്ഛന്‍ പറഞ്ഞു.

' അച്ഛാ താഴത്തെ മൂന്നു നിലകള്‍ ചെങ്കല്ലിലും മുകളിലത്തെ രണ്ടു നിലകള്‍ വെള്ള മാര്‍ബിളിലുമായതെങ്ങനെ ? ', ശ്രീക്കുട്ടന്‍ സംശയം ചോദിച്ചു.

' ആദ്യം എല്ലാം ചെങ്കല്ലായിരുന്നു. ഫിറോസ് ഷായുടെ കാലത്ത് ഭൂമികുലുക്കത്തില്‍ മുകള്‍ നിലകള്‍ കേടായി. അവ പുതുക്കി പണിതപ്പോള്‍ മാര്‍ബിള്‍ ഉപയോഗിച്ചതാണ്. 1505 ല്‍ സിക്കന്ദര്‍ ലോധി വീണ്ടും ഇത് പുതുക്കുകയുണ്ടായി. 1794 ലെ ഭൂമികുലുക്കത്തില്‍ ഗോപുരത്തിന് പിന്നെയും കേട് സംഭവിച്ചു. അന്ന് മേജര്‍ സ്മിത്ത് എന്ന എന്‍ജിനീയര്‍ മുകളിലത്തെ പവിലിയന്‍ പുതുക്കി പണിതു. 1848 ല്‍ ഹാര്‍ഡിംഗ് പ്രഭു അത് നീക്കുകയും ഇവിടെ പൂന്തോട്ടത്തില്‍ സ്ഥാപിക്കുകയും ചെയ്തു', അച്ഛന്‍ പറഞ്ഞു നിര്‍ത്തിയിട്ട് ശ്രീക്കുട്ടന് അത് കാണിച്ചു കൊടുത്തു.

 അവിടെ നിന്നും മുന്നോട്ടു പോയപ്പോഴാണ് കുത്തബ് മിനാറിനടുത്ത് പൊളിഞ്ഞുകിടക്കുന്ന വേറെ ചില ഗോപുരഭാഗങ്ങള്‍ അവന്‍ കണ്ടത്.അത് ചൂണ്ടി അവന്‍ ചോദിച്ചു, ' ഇതെന്താണച്ഛാ ? '

' ഡക്കാണ്‍ യുദ്ധം ജയിച്ച അലാവുദ്ദീന്‍ യുദ്ധസ്മാരകമായി കുത്തബ് മിനാറിന്റെ ഇരട്ടി വലുപ്പമുള്ള ഒരു ഗോപുരമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ തന്നെ അലാവുദ്ദീന്‍ മരിച്ചു. മറ്റാര്‍ക്കും അത് പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. ആ അവശിഷ്ടങ്ങളാണ് ഇവിടെ കിടക്കുന്നത്. '

' കുത്തബ് മിനാറിന്റെ മുകളില്‍ കയറാന്‍ കഴിയുമൊ അച്ഛാ', ശ്രീക്കുട്ടന്‍ ചോദിച്ചു.

' മുന്‍കാലത്ത് ഇതിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നു. പണ്ട് അച്ഛന്‍ കയറിയിട്ടുമുണ്ട്. 378 പടികളുണ്ടിതിന്. ജുമാ മസ്ജിദില്‍ നമ്മള്‍ കയറിയതുപോലെയുളള പിരിയന്‍ കോണികളാണ് ഇവിടെയുമുള്ളത്. മുകളില്‍ നിന്നുള്ള കാഴ്ച മനോഹരവും.1981 ല്‍ സന്ദര്‍ശകര്‍ തിരക്കില്‍പെട്ട് വീഴുകയും കുറേപേര്‍ മരിക്കുകയും ചെയ്തു. അതോടെ പ്രവേശനം നിര്‍ത്തലാക്കുകയായിരുന്നു. ', അച്ഛന്‍ പറഞ്ഞു.

ശ്രീക്കുട്ടന് വല്ലാത്ത ദുഃഖം തോന്നി. എങ്കിലും നിരാശ മറച്ചുപിടിച്ച് അവന്‍ അവിടൊക്കെ ചുറ്റി നടന്നു. ചിത്രപണികള്‍ ശ്രദ്ധിച്ചു. മന്ത്രശാലകളുടെ നടുക്ക് സ്ഥതിചെയ്യുന്ന പ്രശസ്തമായ അശോകസ്തംഭത്തില്‍ ശ്രീക്കുട്ടന്‍ തൊട്ടുനോക്കി. തുരുമ്പൊ കറയൊ പിടിക്കാത്തതും ഉരുക്കുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ളതുമാണ് ഈ സ്തംഭം. രാത്രിയായി, ഇരുട്ടു പരക്കുംവരെ ഈ അത്ഭുതഗോപുരം നോക്കി അവര്‍ പൂന്തോട്ടത്തില്‍ ഇരുന്നു. ഇത്ര മനോഹരമായ ചരിത്ര സ്മാരകം മറ്റെവിടെയെങ്കിലും ഉണ്ടാകുമൊ എന്നവന്‍ ആലോചിച്ചിരിക്കെ അച്ഛന്‍ തിരികെ പോകാനായി അവനെ വന്നു വിളിച്ചു.






No comments:

Post a Comment