Sunday, 26 May 2019

Raj Ghat



     രാജ്ഘട്ട് 

1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 8

     ഇതുവരെയും രാജ്ഘട്ടില്‍ പോയില്ല എന്ന ചിന്ത തന്നെ ശ്രീക്കുട്ടനെ വിഷമിപ്പിക്കുന്ന ഒന്നായിരുന്നു. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥന നടക്കാറുള്ള വെള്ളിയാഴ്ച തന്നെ രാജ്ഘട്ടില്‍ പോകാന്‍ അവര്‍ തീരുമാനിച്ചത്. കേരളഹൗസില്‍ നിന്നും കിഴക്കോട്ടു യാത്ര ചെയ്ത് ഐടിഓയില്‍ നിന്നും ദല്‍ഹി ഗേറ്റിലെത്തി വീണ്ടും കിഴക്കോട്ടു തിരിഞ്ഞാണ് റിംഗ് റോഡിലെ രാജ്ഘട്ടില്‍ എത്തിയത്. 

    യമുന നദിയോടു ചേര്‍ന്ന് അനേകം ഏക്കറിലായി പരന്നുകിടക്കുകയാണ് വൃക്ഷസമൃദ്ധമായ ഈ പുണ്യഭൂമി. മനോഹരമായ പുല്‍ത്തകിടികള്‍ ആ പ്രദേശത്തിന്റെ ചാരുത കൂട്ടുന്നു. ' ഒരു മഹാത്മാവിന് വിശ്രമിക്കാന്‍ അനുയോജ്യമായ ഇടം തന്നെ ', ശ്രീക്കുട്ടി പറഞ്ഞു.

    ' നോക്ക്, ഈ പറമ്പിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്നത്. മനസില്‍ പ്രാര്‍ത്ഥനയുമായി മാത്രമെ ഈ മഹനീയമായ സ്ഥലത്ത് കയറാവൂ ', അച്ഛന്‍ പറഞ്ഞു.

    ' 1948 ജാനുവരി 30ന് ബിര്‍ലാ ഹൗസില്‍ പ്രാര്‍ത്ഥനയ്ക്കായി വന്ന മഹാത്മാവിനെ ഗോഡ്‌സെ എന്ന മതഭ്രാന്തന്‍ വെടിവച്ചുകൊന്ന സംഭവം നിങ്ങള്‍ക്കറിയാമല്ലൊ. അന്ന് ലോകത്തിലെ സമാധാനകാംഷികളായ കോടിക്കണക്കിനു ജനങ്ങള്‍ ദുഃഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. പതിനായിരക്കണക്കിനു ജനങ്ങള്‍ ദല്‍ഹിയിലേക്ക് പ്രയാണം നടത്തി, മഹാത്മാവിനെ ഒരു നോക്കുകാണാനായി. ജാനുവരി 31 നാണ് ലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി ഈ ഭൂമിയില്‍, യമുനയുടെ പടിഞ്ഞാറെ തീരത്ത് അദ്ദേഹത്തിന്റെ ഭൗതികശരീരം ദഹിപ്പിച്ചത്', അച്ഛന്‍ തുടര്‍ന്നു പറഞ്ഞു. 

   ചുവന്ന കല്ലുകള്‍ കൊണ്ടുതീര്‍ത്ത വാതിലുകള്‍ കടന്ന് ഞങ്ങള്‍ ഉള്ളില്‍ കടന്നു. ഇരുവശവും പച്ചപ്പുല്ലുകള്‍ നിറഞ്ഞ വലിയ നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നു. മനസ് പിടയ്ക്കുന്നുണ്ടായിരുന്നു. ' ദേ , ആ തുറന്നയിടത്താണ് സമാധി. ചെരുപ്പുകള്‍ ഇവിടെ വച്ച് ഉള്ളില്‍ കടക്കാം', അച്ഛന്‍ പറഞ്ഞു. 

ഉയര്‍ന്ന സമചതുരമായ പ്ലാറ്റ്‌ഫോമില്‍ ' ഹേ റാം ' എന്നെഴുതിയിട്ടുള്ളത് ശ്രീക്കുട്ടന്‍ ശ്രദ്ധിച്ചു.

' മോനെ, അദ്ദേഹം അവസാനം ഉച്ചരിച്ച വാക്കുകളാണത്. എന്റെ ദൈവമെ എന്നു തന്നെയാണ് ആ വിളി. അത് രാമനും കൃഷ്ണനും അല്ലാഹുവും ക്രിസ്തുവും ബുദ്ധനും എല്ലാമായിരുന്നു അദ്ദേഹത്തിന്. മനുഷ്യസ്‌നേഹത്തില്‍ മാത്രം ഉറച്ചു വിശ്വസിച്ചിട്ടും ഇതാണല്ലൊ അവസാനമുണ്ടായത് എന്നോര്‍ക്കുമ്പോള്‍ ദുഃഖം സഹിക്കാന്‍ കഴിയുന്നില്ല', അച്ഛന്‍ പറഞ്ഞു.

 സമാധിയിലെ കെടാവിളക്കില്‍ മഹാത്മാവിനെ കാണുന്നതായി ശ്രീക്കുട്ടനു തോന്നി. സമാധിക്ക് ചുറ്റിലുമായി വെണ്‍നിറത്തിലുള്ള കല്ലുകളാണ് പാകിയിട്ടുള്ളത്. നാലുമൂലകളിലും പൂക്കളുടെ കൂമ്പാരവും. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും ഇതൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും രക്തസാക്ഷിദിനമായ ജാനുവരി മുപ്പതിനും മഹാത്മാവിന്റെ ചിതാഭസ്മം ഇന്ത്യിയലെ പ്രധാന നദികളില്‍ ഒഴുക്കിയ ഫെബ്രുവരി പന്ത്രണ്ടിനും വന്‍ജനാവലിയാണ് ഇവിടം സന്ദര്‍ശിക്കുക. 

   മരണം നടന്നത് ഒരു വെള്ളിയാഴ്ച ആയിരുന്നതിനാല്‍ എല്ലാ വെള്ളിയാഴ്ചകളിലും ധാരാളം പേര്‍ എത്തും. ഈ ദിനങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്താറുണ്ട്. 

    ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശനേതാക്കള്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താറുണ്ട്. അനേകം വിശിഷ്ട വ്യക്തികള്‍ നട്ടവൃക്ഷങ്ങളും അവിടെ കാണാന്‍ കഴിഞ്ഞു. 
ലബനനില്‍ നിന്നുള്ള ദേവദാരു, വടക്കേ അമേരിക്കയിലെ സൈപ്രസ്, ജപ്പാനിലെ കര്‍പ്പൂര മരം, അര്‍ജന്റീനയിലെ ജകരന്‍ഡ, യുഗോസ്ലാവിയയിലെ പോളില്‍തിയ എന്നിവ ശ്രദ്ധേയമാണ്. 

   അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസന്‍ ഹോവര്‍ 1959 ഡിസംബര്‍ 10 ന് ഒരു അമേരിക്കന്‍ ഫ്‌ളാനല്‍ നട്ടതും രേഖപ്പെടുത്തിയിട്ടുണ്ട്.അങ്ങിനെ എത്രയെത്ര വൃക്ഷങ്ങള്‍.

      രാജഘട്ടിനോട് ചേര്‍ന്നുതന്നെയാണ് രാജീവ് ഗാന്ധിയുടെ സമാധിയായ വീര്‍ഭൂമി. രാജീവ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മനോഹരമായ ഒരു ശില്‍പ്പം അവിടെ കാണാം. ഇന്ത്യയെകുറിച്ചുള്ള രാജീവിന്റെ പ്രതീക്ഷകള്‍ 19 ഭാഷകളില്‍ ചിത്രണം ചെയ്തിട്ടുമുണ്ട് അവിടെ . കുറച്ചുമാറി ഇന്ദിരാ ഗാന്ധിയുടെ സമാധിയായ ശക്തിസ്ഥല്‍ കണ്ടു. രാജ്ഘട്ടിനോടു ചേര്‍ന്നുതന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമാധിയായ ശാന്തിവനവും . 

     മനോഹരമായ പുല്‍മേടുകളും വൃക്ഷങ്ങളും നിറഞ്ഞ സ്മൃതിവനത്തില്‍ ചെറിയ പൊയ്കകളുമുണ്ട്. സായാഹ്നത്തില്‍ നൂറുകണക്കിനാളുകള്‍ അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങളും ആ കൂട്ടത്തില്‍ ചേര്‍ന്നു. സൂര്യസ്തമന സമയത്ത് അവിടെ നിന്നിറങ്ങി എതിര്‍വശത്തുള്ള ഗാന്ധിമ്യൂസിയത്തില്‍ നിന്നും കുറച്ച് പുസ്തകങ്ങളും വാങ്ങി തിരികെ പോരുന്നു. 


  


No comments:

Post a Comment