Tuesday, 28 May 2019

Respect to dead body


  ജഡത്തിനോട് നീതി കാട്ടണം 

      അന്നമ്മയുടെ ശരീരത്തില്‍ നിന്നും ജീവശ്വാസം നഷ്ടമായത് മെയ് 14 നാണ്. അതായത് ഏകദേശം 15 ദിവസത്തിനു മുന്‍പ്. 75 ാം വയസില്‍ പ്രായാധിക്യം കൊണ്ടു മരിച്ച ഒരു വ്യക്തിയുടെ ശരീരം ചിതയില്‍ വച്ചാല്‍ മണിക്കൂറുകള്‍കൊണ്ടും അടക്കിയാല്‍ ദിവസങ്ങള്‍കൊണ്ടും ഇല്ലാതാകേണ്ടതാണ്. ആ അന്നമ്മയാണ്  ജീവിച്ചിരിക്കുന്നവരുടെ സാമൂഹ്യമോ മതപരമോ ആയ പ്രശ്‌നങ്ങള്‍ മൂലം മരവിച്ച് ഒരു പെട്ടിയില്‍ ഇരിക്കുന്നത്.

     നവോത്ഥാനത്തിന്റെ തലതൊട്ടപ്പന്മാരായ മലയാളികള്‍ക്കും നമ്മുടെ ഭരണ സംവിധാനത്തിനും മരിച്ച അന്നമ്മയോട് ഒരു പ്രതിബദ്ധതയുമില്ലെ?

    ശ്മശാനത്തിനടുത്ത് ജീവിക്കുന്നവരുടെ വികാരം ന്യായമാകാം. കാരണം കേരളം പോലെ ജനസാന്ദ്രത ഉയര്‍ന്ന ഇടങ്ങളില്‍ അടക്കപ്പെടുന്ന ശവങ്ങളുടെ നീരൊലിപ്പ് കിണറുകളെയും കുളങ്ങളെയും ബാധിക്കുന്നുണ്ടാകാം.അ്‌വരുടെ നീതി അതാണ്. മറുവശത്ത് വിശ്വാസം മുറുകെ പിടിക്കുന്നവരുടെ പ്രശ്‌നമാണ്. സെമിത്തേരിയില്‍ അടക്കിയാല്‍ മാത്രമെ സ്വര്‍ഗ്ഗലോകം ലഭിക്കൂ എന്ന വിശ്വാസിയുടെ കടുംപിടുത്തം. ഇതില്‍ രണ്ടിലും അന്നമ്മ വരുന്നില്ല. അവര്‍ക്ക് ശബ്ദവുമില്ല.

  ശബ്ദമുള്ളവര്‍ നിശബ്ദരാകരുത്. പ്രബുദ്ധരായ മക്കള്‍ ഈ അന്നമ്മയ്ക്കുണ്ടായിരുന്നെങ്കില്‍ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഈ ശരീരം ഇങ്ങനെ വച്ചുകൊണ്ടിരിക്കാതെ ഇലക്ട്രിക് ക്രിമറ്റോറിയത്തില്‍ ദഹിപ്പിക്കാനുള്ള ആര്‍ജ്ജവം അവര്‍ കാട്ടിയിരുന്നെങ്കില്‍ .

      കേരളം പോലെയുള്ള ഇടങ്ങളില്‍ ഇടുങ്ങിയ ജാതി മത ബോധങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ മനുഷ്യനെ പ്രപ്തനാക്കാന്‍ കഴിയുന്ന പ്രസ്ഥാനങ്ങളുണ്ടാവേണ്ടിയിരിക്കുന്നു. ദൈവത്തിനും കാലഹരണപ്പെട്ട ജാതി മത ബോധത്തിനും അപ്പുറമുളള ഒരു ജനതയെ സൃഷ്ടിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയാത്തവിധം അവര്‍ താഴ്ന്നപോയിരിക്കുന്നിടത്ത് പുതിയ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണ്ടായി വരും എന്നു പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ മത സാമൂഹിക പ്രസ്ഥാനങ്ങള്‍ ഇടപെട്ട് അന്നമ്മയ്ക്ക് മോചനം നല്‍കും എന്നു പ്രതീക്ഷിക്കുന്നു.

No comments:

Post a Comment