ഇന്ത്യാ ഗേറ്റ്
1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റി ട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 7
ശ്രീക്കുട്ടന്‍ ഇന്ത്യാ ഗേറ്റ് പലവട്ടം കണ്ടിട്ടുണ്ട്. അതിനടുത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ അനേകം തവണ കളിക്കാനും പോയിട്ടുണ്ട്. എന്നാല്‍ ഇന്ത്യാ ഗേറ്റ് എന്തിനു വേണ്ടി നിര്‍മ്മിച്ചു, എപ്പോള്‍ നിര്‍മ്മിച്ചു എന്നൊന്നും അവനറിയില്ലായിരുന്നു. ശ്രീക്കുട്ടിയും അതിനെകുറിച്ച് ചിന്തിച്ചിരുന്നില്ല. അച്ഛന്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് അവരില്‍ അതറിയാനുള്ള താത്പര്യം ജനിച്ചത്. പിന്നെ അമാന്തിച്ചില്ല. അച്ഛനോടൊപ്പം നേരെ ഇന്ത്യാ ഗേറ്റിലേക്ക് യാത്രയായി. ഡല്‍ഹിയില്‍ വരുംമുന്‍പ് ശ്രീക്കുട്ടി കരുതിയിരുന്നത് ഇന്ത്യയിലേക്ക് കടക്കുന്ന അതിര്‍ത്തി ഗേറ്റാണ് ഇന്ത്യാ ഗേറ്റ് എന്നായിരുന്നു. ഡല്‍ഹിയില്‍ എത്തിയതോടെ ആ സംശയം മാറി.
അനേകം ഏക്കറിലായി പരന്നുകിടക്കുന്ന പ്രിന്‍സസ് പാര്‍ക്കിന്റെ ദക്ഷിണ കോണിലാണ് ഇന്ത്യാ ഗേറ്റ് നില്‍ക്കുന്നത്. അതിനടുത്തെത്തി നിന്നിട്ട് അച്ഛന്‍ വിവരിക്കാന്‍ തുടങ്ങി. ' ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച എഴുപതിനായിരം ഇന്ത്യന്‍ പട്ടാളക്കാരുടെ സ്മരണയ്ക്കാണ് ഇന്ത്യാ ഗേറ്റ് നിര്‍മ്മിച്ചത്. വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിക്കപ്പുറത്ത് മരണമടഞ്ഞ പതിമൂവായിരത്തി അഞ്ഞൂറ്റി പതിനാറ് പട്ടാളക്കാരുടെ പേരുകള്‍ ഇതില്‍ കൊത്തിയിട്ടുണ്ട്. വലത് തൂണില്‍ ബ്രിട്ടീഷുകാരുടെയും ഇടതു തൂണില്‍ ഇന്ത്യക്കാരുടെയും പേരുകളാണുള്ളത് '
ശ്രീക്കുട്ടി അടുത്തേക്ക് നീങ്ങി നിന്ന് പേരുകള്‍ വായിക്കാന്‍ തുടങ്ങി. അച്ഛന്‍ തുടര്‍ന്നു, ' ഇന്ത്യാ ഗേറ്റ്, ആള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. 1921 ഫെബ്രുവരി 10 ന് കൊണാട്ട് പ്രഭുവാണ് ഇതിന്റെ തറക്കല്ലിട്ടത്. സര്‍ എഡ്വിന്‍ ലൂട്ടന്‍ രാജ്പഥില്‍ ഒരു വിജയകമാനം എന്ന നിലയിലാണ് ആദ്യ മാതൃകയുണ്ടാക്കിയത്. എന്നാല്‍ മാറ്റങ്ങളോടെ 1920 മാര്‍ച്ചില്‍ മാതൃക അംഗീകരിച്ചു. 1931 ല്‍ പണി പൂര്‍ത്തിയാക്കി. 48.7 മീറ്റര്‍ ഉയരമുള്ള ഇന്ത്യാ ഗേറ്റിന്റെ വീതി 21.3 മീറ്ററാണ്. മുകളില്‍ ചിത്രവേലകള്‍ക്കു പുറമെ ചെറുതായി ചെറുതായി കേന്ദ്രഭാഗത്തെത്തുന്ന അനേകം പടികളും കാണാം. '
ശ്രീക്കുട്ടന്‍ ബൈനോക്കുലറിലൂടെ മുകള്‍വശം അടുത്തുകാണാന്‍ ശ്രമിച്ചു. ' ഏറ്റവും മുകളില്‍ കാണുന്നത് എന്താണച്ഛാ?', അവന്‍ ചോദിച്ചു.
' 3.5 മീറ്റര്‍ വ്യാസമുള്ള വൃത്താകാരമായ കല്‍ക്കുടമാണ് അത്. വിശേഷ ദിവസങ്ങളില്‍ ഇതില്‍ എണ്ണ നിറച്ച് കത്തിക്കുമായിരുന്നു. രാത്രിയില്‍ അത് കാണാന്‍ ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്. ഇപ്പോള്‍ ഒരു മീറ്ററിലേറെ ഉയരമുള്ള ദീപനാളം നിത്യവും വൈകിട്ട് ഏഴു മുതല്‍ പതിനൊന്നു വരെ കത്തിക്കാറുണ്ട്. അത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കുറച്ചു ദൂരെമാറിനിന്ന് നോക്കണമെന്നു മാത്രം.', അച്ഛന്‍ പറഞ്ഞു നിര്‍ത്തി.
' കമാനത്തിന്റെ താഴെ കാണുന്നത് എന്താണച്ഛാ ?', ശ്രീക്കുട്ടന്‍ അടുത്ത സംശയം എറിഞ്ഞു.
' അതാണ് മോളെ അമര്‍ ജവാന്‍ ജ്യോതി. 1971 ഡിസംബറില്‍ നടന്ന ഇന്ത്യാ- പാക് യുദ്ധത്തില്‍ മരണമടഞ്ഞ വീരജവാന്മാരുടെ സ്മരണാര്‍ത്ഥം 1972 ജനുവരി 26നാണ് ഇതുണ്ടാക്കിയത്. 4.5 മീറ്റര്‍ സമചതുരത്തിലുള്ള ഇതിന്റെ ഉയരം 1.29 മീറ്ററാണ്. മുകളിലെ കൈവരിയില്‍ തിരിച്ചുവച്ച ഒരു റൈഫിളും അതിന്റെ പാത്തിയില്‍ പട്ടാളഹെല്‍മറ്റും കണ്ടൊ. നാലുവശത്തും ഹിന്ദിയില്‍ ' അമര്‍ ജവാന്‍' എന്നെഴുതിയിട്ടുണ്ട്. ഇവിടെ കെടാത്ത നാളവും കാണാം', അച്ഛന്‍ പറഞ്ഞു.
ശ്രീക്കുട്ടനും ശ്രീക്കുട്ടിയും അത് ശ്രദ്ധിച്ചു കേള്‍ക്കുകയും ചുറ്റാകെ നടന്നു കാണുകയും ചെയ്തു.
' ഇവിടെ ഇരുപത്തിനാല് മണിക്കൂറും സേനയുടെ നിതാന്ത ജാഗ്രതയുണ്ട്. പ്രധാന ചടങ്ങുകള്‍ക്കെല്ലാം മൂന്നു സേനകളുടെയും പ്രതിനിധികള്‍ ഇവിടെ പുഷ്പാര്‍ച്ചന നടത്തും. സ്മാരകത്തിനു പിന്നില്‍ കാണുന്ന ഈ പതാകകള്‍ കര-നാവിക-വ്യോമ സേനകളുടേതാണ്. റിപ്പബ്ലിക് ദിന പരേഡിനു മുന്‍പായി പ്രധാനമന്ത്രി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് നിങ്ങള്‍ ടീവിയില്‍ കണ്ടിട്ടുള്ളത് ഓര്‍ക്കുന്നുണ്ടോ?', അവര്‍ തലയാട്ടി. ഒരു നിമിഷം മൗനമായി നിന്ന് ജവാന്മാരുടെ സ്മരമ പുതുക്കി അവര്‍ വലതുവശത്തേക്ക് നടന്നു.
വേനല്‍കാലം തുടങ്ങിയതിന്റെ തിരക്ക് ഇന്ത്യഗേറ്റിനു ചുറ്റാകെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. വശങ്ങളിലെ ചെറുകുളങ്ങളില്‍ കൊത്തിവച്ച വലിയ താമരകളില്‍ നിന്നും ജലധാരകള്‍ പ്രവഹിക്കാന്‍ തുടങ്ങി. അടുത്തുള്ള ബോട്ട്ക്ലബ്ബില്‍ ആളുകള്‍ ചെറുബോട്ടുകള്‍ തുഴയുകയും അസ്തമയ സൂര്യനിലൂടെ രാഷ്ട്രപതി ഭവനും നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും കണ്ടിരിക്കുകയും ചെയ്യുന്നതും അവര്‍ കണ്ടു. ബലൂണ്‍, പന്ത് തുടങ്ങി പല കളിപ്പാട്ടങ്ങളും വില്‍ക്കുന്നവരും കളിച്ചു രസിക്കുന്ന കുട്ടികളും എല്ലാം ചേര്‍ന്ന ആ ഉത്സവപ്പറമ്പില്‍ അവരും ലയിച്ചു ചേര്‍ന്നു.
No comments:
Post a Comment