Thursday, 21 April 2022

KSEB chairman B.Asok is the real left

 

 
 അശോകാണ് ശരിയായ ഇടതുപക്ഷം

 കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്  സംസ്ഥാന സര്‍ക്കാരിന്റെ കമ്പനിയായി രജിസ്റ്റര്‍ ചെയ്തത് 2011 ലാണ്. അന്നു മുതലെ കമ്പനി നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചു വന്നത്. എന്നാല്‍ 2021-22 ല്‍ 600 കോടി ലാഭം നേടി കമ്പനിയുടെ ചിട്ടവട്ടങ്ങളിലേക്ക് വന്നു. ഇങ്ങനെ ആയിത്തീരരുത് , എന്നും സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ഉപഭോക്താക്കളെ നന്നായി പിഴിയുന്ന ഒരു സംവിധാനവും കെടുകാര്യസ്ഥതയും തോന്ന്യാസങ്ങളും നടക്കുന്ന ഒരിടമായിത്തന്നെ തുടരണം എന്ന അപൂര്‍വ്വം ചിലരുടെ അജണ്ടയില്‍ പിറന്ന സമരാഭാസമാണ് ഇപ്പോള്‍ വൈദ്യുതി ഭവന് മുന്നില്‍ നടക്കുന്നത്. സസ്‌പെന്‍ഷനും സ്ഥലംമാറ്റവുമൊക്കെ മറയാക്കിയുള്ള ഒരു ചൂതുകളി. കോടിക്കണക്കിന് രൂപയുടെ പര്‍ച്ചേയ്‌സുകള്‍ മാസവും നടക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നും കൃത്യമായി പകിടി കിട്ടിക്കൊണ്ടിരുന്നവര്‍ക്ക് അത് പെട്ടെന്നില്ലാതെയാകുന്നതിലെ മാനസിക പിരിമുറക്കമാകാം ഈ സമരത്തിന് കാരണം.

  സമരം നടത്തുന്നവരുടെ അജണ്ട കൃത്യമായി അറിയുന്നൊരാള്‍ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയാകണം. അവിടെ കുറേക്കാലം മന്ത്രിയായിരുന്ന അദ്ദേഹത്തിന് കാര്യങ്ങള്‍ മാറ്റാരേക്കാളും നന്നായി അറിയാം എന്നത് സത്യം. സിപിഎമ്മിനെ സംബ്ബന്ധിച്ചിടത്തോളം ഇപ്പോള്‍ ടേയ്ഡ് യൂണിയന്‍ നേതാക്കളും സംഘടനാ നേതാക്കളും കുടത്തില്‍ നിന്നും തുറന്നുവിട്ട ഭൂതം പോലെയാണ്. ഇവരെ പിടിച്ചുകെട്ടിയല്ലാതെ ഭരണവുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഭരിക്കുന്നവരെ 'ക്ഷ,റ 'വരപ്പിക്കാന്‍ ഈ ഭൂതങ്ങള്‍ ഉപകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യജമാനനെ അനുസരിക്കാന്‍ തയ്യാറാകാത്ത വിധം വളര്‍ന്നു വലുതായിരിക്കയാണ് ഈ ഭൂതങ്ങള്‍. ചുമട്ടുതൊഴിലാളി പ്രസ്ഥാനത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ പിണറായിക്കു കഴിഞ്ഞു. വലിയ തലവേദനയാണ് കെഎസ്ആര്‍ടിസി. അവിടെ ബിജു പ്രഭാകറെ വച്ചു പരീക്ഷിച്ചു. വേണ്ടത്ര വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. അത്തരത്തില്‍ നോക്കിയാല്‍ മറ്റൊരു തലവേദനയാണ് കെഎസ്ഇബി. അവിടെ 'വെട്ടൊന്ന് തുണ്ടം രണ്ട് 'എന്ന സമീപനമുള്ള അശോകിനെ പരീക്ഷിച്ചത് വെറുതെയാവില്ല. തികഞ്ഞ കര്‍ഷകനായ മന്ത്രിക്ക് ഇക്കാര്യത്തില്‍ ചെയര്‍മാനും ബോര്‍ഡിനും ഒപ്പം നില്‍ക്കുക എന്ന ജോലി മാത്രമെയുള്ളു.

 ചെയര്‍മാന്‍ അശോക് മാതൃഭൂമി ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയ ഒരു കാര്യം ഗൗരവമുള്ളതാണ്. രണ്ടോ മൂന്നോ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഭരണസൗകര്യാര്‍ത്ഥം സ്ഥലം മാറ്റിയതാണ് സമരത്തിന് കാരണം. സ്ഥലം മാറ്റത്തിന് കാരണം അപമര്യാദയായ പെരുമാറ്റവും. സമരം ചെയ്യുന്നവര്‍ തൊഴിലാളികളല്ല, അവരെ മാനേജ് ചെയ്യേണ്ട ഉദ്യോഗസ്ഥരാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ അവര്‍ക്കുതന്നെ ജാള്യത ഉണ്ടാക്കുന്നതും നാണം തോന്നേണ്ടതുമായ കാര്യങ്ങളാണ് താനും. ദിവസ ശമ്പളം 5000 മുതല്‍ പതിനായിരം വരെയുള്ള ഈ ഉദ്യോഗസ്ഥര്‍ സമരം ചെയ്യുന്ന ദിവസങ്ങളില്‍ ശമ്പളവും അനുവദിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. എത്രമാത്രം തരംതാണുപോകുന്നു ഈ ഉദ്യോഗസ്ഥര്‍ എന്നാലോചിക്കുന്നത് നല്ലതാകും. നിരുത്തരവാദപരമായി സമരം ചെയ്യുന്ന ഇവരുടെ കീഴില്‍ ജോലി ചെയ്യുന്ന സാധാരണ ജീവനക്കാര്‍ക്ക് വരും കാലങ്ങളില്‍ തരിമ്പെങ്കിലും ബഹുമാനം ഇവരോടുണ്ടാകുമോ ?  

  സംഘടന നേതാക്കളുടെ തോന്ന്യാസ സമരത്തിന് കൂട്ടുനില്‍ക്കുന്ന ഭൂരിപക്ഷവും പറയുന്നത് സമരം അനാവശ്യമാണ്, ഞങ്ങള്‍ നേതാക്കളെ ഭയന്നിട്ടാണ് ഒപ്പം നില്‍ക്കുന്നത് എന്നാണ്. സംഘടന നേതാവിന്റെ അരഗന്‍സിനെകുറിച്ചും രണ്ടഭിപ്രായമില്ല. അപ്പോള്‍ കെഎസ്ഇബിയിലെ ഓഫീസര്‍മാര്‍ ആദ്യം ചെയ്യേണ്ടത് ഭയത്തില്‍ നിന്നും മുക്തരാവുക എന്നതാണ്. അതിന് കഴിയുന്നതോടെ അവര്‍ നട്ടെല്ലുളള മനുഷ്യരായി മാറും . ഒരിക്കല്‍ മാത്രം എടുക്കേണ്ട തീരുമാനമാണത്. അതോടെ നടുവ് നിവര്‍ത്തി നടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പിന്നീടൊരിക്കലും  അഭിമാനമില്ലാത്തവിധം  നട്ടെല്ലില്ലാത്തവരായി ജീവിക്കേണ്ടി വരില്ല. അശോകിനെ നോക്കൂ, സുരേഷിന്റെ തോളിലൊക്കെ കൈയ്യിട്ടും കൊച്ചുവര്‍ത്തമാനം പറഞ്ഞും പലതിന്റെയും പങ്കുകള്‍ സ്വീകരിച്ചും സുഖമായി ജീവിച്ചുകൂടെ.സ്വന്തം കമ്പനിയല്ല, കുടുംബസ്വത്തല്ല, സ്ഥിരമായ സീറ്റുപോലുമല്ല. മുഖ്യമന്ത്രി നാളെ മുതല്‍ താന്‍ അങ്ങോട്ടുപോകണ്ട എന്നു പറഞ്ഞാല്‍ തീരുന്നൊരു കസേര. എന്നിട്ടും എന്താണ് ഇത്രയേറെ പ്രതിഷേധമുണ്ടായിട്ടും നേരിന്റെ നേര്‍ക്ക് ചങ്കുറപ്പോടെ നില്‍ക്കുന്നത്, അത് ആ നട്ടെല്ലിന്റെ ഒരു ശക്തിയാണ്.

ഈ ചൂതുകളിയില്‍ നമുക്ക് വെറും കാഴ്ചക്കാരായി നില്‍ക്കണ്ട , കമ്പനിയുടെ ഉപഭോക്താക്കളായ നമുക്ക് ബോര്‍ഡിനൊപ്പവും ചെയര്‍മാനൊപ്പവും മന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പവും നില്‍ക്കാം. ശരിയായ ഇടതുപക്ഷ സമീപനവും അതാണല്ലൊ, നേരിനൊപ്പം നമുക്കും പങ്കുചേരാം. ധിക്കാരവും ധാര്‍ഷ്ട്യവുമുള്ളവരെ പിരിച്ചുവിട്ട് മാതൃക കാട്ടാന്‍ ഇടത് സര്‍ക്കാരിന് കഴിയട്ടെ. അതോടെ വാട്ടര്‍ അതോറിറ്റിയും കെഎസ്ആര്‍ടിസിയും മറ്റ് പല വെള്ളാനകളും നന്നാവും എന്നുറപ്പ്.  



Sunday, 17 April 2022

Sharmaji Namkeen- Rishi kapoor's last movie -very impressive acting

 

ശര്‍മ്മാജി നംകീന്‍ - റിഷി കപൂറിന്റെ  അവസാന സിനിമ

      സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേരളത്തില്‍ പെന്‍ഷന്‍ പ്രായം 56 ആണ്. മറ്റിടങ്ങളില്‍ അന്‍പത്തിയെട്ട്-അറുപത്  എന്നിങ്ങനെയാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ 58-60 എന്ന നിലയില്‍ ഇത് സംഭവിക്കുന്നു. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍,മുതലാളിമാര്‍ ഇവരൊക്കെ അവര്‍ ആഗ്രഹിക്കുമ്പോഴാണ് റിട്ടയര്‍ ചെയ്യുന്നത്. അല്ലെങ്കില്‍ സിപിഎമ്മിലെപോലെ 75 എന്നൊക്കെ സീലിംഗ് വയ്ക്കും. അമേരിക്കയിലും യൂറോപ്പിലുമൊക്കെ റിട്ടയര്‍മെന്റ് ,ജോലിചെയ്യുന്നവര്‍ ആഗ്രഹിക്കുന്ന സമയത്താണ് എന്നു കേട്ടിട്ടുണ്ട്, ശരിയാണോ എന്നറിയില്ല. ഏതായാലും വക്കീലിനും ഡോക്ടര്‍ക്കും അതങ്ങിനെയാണ് എന്നത് സത്യം.

    ഇവിടെ ഇത് പറയാന്‍ കാരണം റിഷി കപൂറിന്റെ അവസാന ചിത്രമായ ശര്‍മ്മാജി നംകീന്‍ (ശര്‍മ്മാജിയുടെ സ്വാദിഷ്ട ലഘുഭക്ഷണം എന്ന് വിവര്‍ത്തനം)ആണ്. റിട്ടയര്‍ ചെയ്യുമ്പോള്‍ കൊച്ചുമക്കളെ നോക്കുക തുടങ്ങിയ ആക്ടിവിറ്റികള്‍ ഉണ്ടെങ്കില്‍ സമയം പോകുന്നതറിയില്ല( ഇത് സ്വന്തം അനുഭവം) എന്നാല്‍ പലരുടെയും സ്ഥിതി അതല്ല. സമയം പോകില്ല. എത്ര നേരം പത്രം വായിക്കും? എത്ര നേരം ടിവി കാണും? എത്ര നേരം സോഷ്യല്‍ മീഡിയയില്‍ എഴുത്തും വായനയും കാഴ്ചയും കേള്‍വിയും നടക്കും. മടുക്കില്ലെ. പിന്നെ കുറച്ചു നടത്തം, സമപ്രായക്കാരുമായി സൊറ പറച്ചില്‍. എന്നാല്‍, പലതും ചെയ്യണം എന്നാഗ്രഹിക്കുന്നവരുണ്ട്. ആ കൂട്ടത്തിലാണ് റിഷി കപൂര്‍ അഭിനയിക്കുന്ന ബ്രിജ് ഗോപാല്‍ ശര്‍മ്മ എന്ന കഥാപാത്രം. സങ്കടത്തോടെയാണ് അദ്ദേഹം മിക്‌സി നിര്‍മ്മാണ കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നത്.വിഭാര്യനായ ശര്‍മ്മയ്ക്ക്  രണ്ട് ആണ്‍മക്കളാണുള്ളത്. അവര്‍ക്കുള്ള ഭക്ഷണമുണ്ടാക്കലാണ് അദ്ദേഹത്തിന്റെ പ്രധാന ജോലി. പാചകം ശര്‍മ്മയുടെ ഇഷ്ടവിനോദമാണ്. മൂത്തയാള്‍ ജോലിക്കും ഇളയവന്‍ കോളേജിലും പോകുന്നതോടെ വീട് ശൂന്യമാകും. ഒറ്റപ്പെടല്‍ വലിയ പ്രശ്‌നമാണ്.

       പാചകം പ്രൊഫഷണലായി ചെയ്യാം എന്നു വിചാരിക്കുമ്പോള്‍ മൂത്തമകന്‍ അതിനെ എതിര്‍ത്തു. എങ്കിലും അവനറിയാതെ,ചില വീടുകളിലെ ചെറു പാര്‍ട്ടികള്‍ ശര്‍മ്മാജി നടത്തിക്കൊടുക്കുന്നു. മകന്‍ സന്ദീപ് ശര്‍മ്മയ്ക്ക് ഒരു പ്രണയമുണ്ട്. അവള്‍ അവരേക്കാള്‍ സമ്പന്നയുമാണ്. മകന് പുതിയ ഫഌറ്റ് വാങ്ങി കുറച്ചുകൂടി മെച്ചപ്പെട്ട ഇടത്തേക്ക് മാറണം. അവന്‍ അച്ഛനോട് പറയാതെ ഫഌറ്റിന് അഡ്വാന്‍സ് നല്‍കുന്നു. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റുകാരന്‍ അവനെ ചതിക്കുന്നു. അവന്‍ റിയല്‍ എസ്റ്റേറ്റുകാരനെ കാണാനെത്തുമ്പോള്‍  സെക്യൂരിറ്റി ജീവനക്കാരുമായി അടിപിടിയുണ്ടായി പോലീസ് സ്‌റ്റേഷനിലാകുന്നു. വിവരം അറിഞ്ഞ് ശര്‍മ്മാജിയും ശര്‍മ്മയുടെ ഫാന്‍സായ സ്ത്രീ സുഹൃത്തുക്കളും പോലീസ് സ്‌റ്റേഷനില്‍ എത്തുന്നു. അവരെയും പോലീസ് തടഞ്ഞുവയ്ക്കുകയാണ്. ഒടുവില്‍ ശര്‍മ്മയുടെ സുഹൃത്തായ വീണ മന്‍ചന്ദയുടെ സഹോദരി ഭര്‍ത്താവ് മേയര്‍ റോബി (അയാളും ശര്‍മ്മയുടെ ഫാന്‍ ആണ്) സ്റ്റേഷനില്‍ വന്ന് എല്ലാവരേയും മോചിപ്പിക്കുകയും ഫഌറ്റ് ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നു.

         പല പ്രമുഖരുടെയും ബലഹീനതയാണല്ലൊ നല്ല ഭക്ഷണം. മേയറുടെ ആ ബലഹീനതയാണ് ശര്‍മ്മാജിക്ക് ഗുണമായത്. ഈ സംഭവത്തോടെ മക്കളും അച്ഛന്റെ ആരാധകരായി മാറുകയാണ്.

  നല്ലൊരു ഫീല്‍ഗുഡ് മൂവിയാണ് ശര്‍മ്മാജി നംകീന്‍. വയസുകാലത്തും വളരെ ക്യൂട്ടായിരിക്കുന്ന റിഷി കപൂറാണ് സിനിമയുടെ ആത്മാവ്. എന്നാല്‍ ചിത്രം മുഴുവന്‍ ഷൂട്ടു ചെയ്യും മുന്നെ അദ്ദേഹം മരിച്ചുപോയി. ബാക്കി രംഗങ്ങളില്‍ പകരം അഭിനയിച്ചത് പരേഷ് റാവലാണ്. അദ്ദേഹം മികച്ച അഭിനേതാവാണെങ്കിലും റിഷി കപൂറിന് പകരമാകുന്നില്ല എന്നതൊരു പോരായ്മയാണ്. ജൂഹി ചൗള,സുഹൈല്‍ നയ്യാര്‍,ഇഷ തല്‍വാര്‍,സതീഷ് കൗശിക് തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തില്‍. ഹിതേഷ് ഭാട്ടിയയും സുപ്രതീക് സെന്നും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയില്‍ ഹിതേഷ് ഭാട്ടിയയാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമറ്റോഗ്രഫി പിയൂഷ് പുട്ടിയും എഡിറ്റിംഗ് ബോധാദിത്യ ബാനര്‍ജിയും സംഗീതം സ്‌നേഹ കന്‍വല്‍ക്കറും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്❤

Friday, 15 April 2022

Naradan- A malayalam movie which tells on dirt in visual journalism

 


 നാരദന്‍

 ഹിന്ദു പുരാണങ്ങളിലെ വാര്‍ത്താ പ്രചാരകനാണ് നാരദന്‍. വെറും വാര്‍ത്ത പറയലല്ല അദ്ദേഹത്തിന്റെ രീതി. ഒരാള്‍ പറഞ്ഞത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മറ്റൊരാളില്‍ എത്തിക്കുക, അവര്‍ തമ്മില്‍ പകയുണ്ടെങ്കില്‍ അത് വളര്‍ത്തി പരസ്പ്പര പോരാട്ടമാക്കി മാറ്റുക, അതുകണ്ട് ആസ്വദിക്കുക, ഒക്കെയാണ് ഇഷ്ടന്റെ വിനോദം. എഴുത്തിലൂടെയല്ല, നാവിലൂടെയായിരുന്നു ഈ വാര്‍ത്ത പ്രചരണം എന്നതിനാല്‍ ഇന്നത്തെ വിഷ്വല്‍ മീഡിയയുമായി നാരദനെ ഉപമിക്കുന്നതില്‍ തെറ്റില്ല. നിത്യവും എന്തുമാത്രം നെഗറ്റീവ് ചിന്തകളാണ് സമൂഹത്തിലേക്ക് വാര്‍ത്തചാനലുകള്‍ പ്രസരിപ്പിക്കുന്നത്. വാര്‍ത്ത കണ്ടാല്‍ മനസും ശരീരവും രോഗാതുരമാകും, കണ്ടില്ലെങ്കില്‍ കൂടുതല്‍ പ്രസരിപ്പുണ്ടാകും എന്നതാണ് അവസ്ഥ.

  ആര്‍.ഉണ്ണി എഴുതി ആഷിക് അബു സംവിധാനം ചെയ്ത നാരദന്‍ എന്ന സിനിമ പറയുന്നതും ഇത്തരം അഴുക്കുചാലുകളുടെ കഥയാണ്. വിവധ ചാനലുകളുടെ ഉള്ളിലും പുറത്തുമായി നടക്കുന്ന കുറേ ചീത്തകാര്യങ്ങളാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളും വ്യക്തികേന്ദ്രീകൃത വിഷയങ്ങളും ജേര്‍ണലിസ്റ്റുകളുടെ ഈഗോയും കച്ചവടതാത്പ്പര്യമുള്ള ചാനല്‍ ഉടമകളുമെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നു. ഇന്ന് ജനാധിപത്യത്തിന്റെ മൂന്ന് പില്ലറുകളും ഒടിഞ്ഞുവീണു എന്നും ജുഡീഷ്യറി മാത്രമാണ് അഭയം എന്നുമുള്ള സാധാരണ ജനതയുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.

  മുന്‍കാല ആഷിക് അബു ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍, അദ്ദേഹത്തിന്റെ മോശം ചിത്രങ്ങളുടെ കൂട്ടത്തിലെ നാരദനെ ഉള്‍പ്പെടുത്താന്‍ കഴിയൂ. ആര്‍.ഉണ്ണിയുടെ തിരക്കഥയ്ക്ക് ജീവനില്ലാതെ പോയതാണ് സംവിധായകന് തിരിച്ചടിയായത്. പല ചാനലുകളിലെ അനുഭവങ്ങളുടെ കൂട്ടുചേരലില്‍ ചിത്രം ഒരവിയല്‍ പരുവത്തിലായിപ്പോയി. ടൊവിനോ തോമസും അന്ന ബന്നും ഷറഫുദീനും ജോയ് മാത്യുവും വിജയരാഘവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും രഘുനാഥ് പലേരിയും ഇന്ദ്രന്‍സും രണ്‍ഞ്ജി പണിക്കരും ഉള്‍പ്പെട്ട ഒരു വലിയ താരനിരയുണ്ട് ചിത്രത്തില്‍.

ജാഫര്‍ സാദിക്ക് സിനിമറ്റോഗ്രഫിയും സാജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. കാണുന്നതുകൊണ്ട് വലിയ നഷ്ടമൊന്നുമില്ലാത്ത ചിത്രം എന്നു പറയാം✌

Tuesday, 12 April 2022

Irudhi pakkam (The last page) - review of the tamil movie

 

 
 ഇരുതി പക്കം അഥവാ അവസാന പേജ്

തമിഴ് ഭാഷയില്‍ ഇരുതി പക്കം എന്നാല്‍ അവസാന പേജ്  എന്നാണ് അര്‍ത്ഥം. മനോ വി കണ്ണദാസന്റെ ആദ്യ ചിത്രത്തിന്റെ പേരും ഇതുതന്നെയാണ്. ഒരാളുടെ ഉള്ളില്‍ അയാള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ശത്രവുണ്ടാവുക സാധാരണമാണ്. തന്നെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന ഒരാള്‍, അതല്ലെങ്കില്‍ കൊല ചെയ്യാന്‍ ശ്രമിക്കുന്ന ഒരാള്‍ അതുമല്ലെങ്കില്‍ തന്നെ രോഗിയാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍. ഇതൊരു മാനസിക നിലയാണ്. പലപ്പോഴും മുന്നോട്ടുള്ള യാത്രയില്‍ അവനവന്‍ തന്നെ നിശ്ചയിക്കുന്ന ഒരു ശത്രു.

 ഇരുതി പക്കം പറയുന്നതും അത്തരമൊരു കഥയാണ്. അനാഥയായി വളര്‍ന്ന് എഴുത്തുകാരിയായി തീര്‍ന്ന ഇയല്‍ ആണ് കഥാപാത്രം. ഒരു ദിവസം ഇയല്‍ കൊല ചെയ്യപ്പെടുന്നു. അതന്വേഷിക്കുന്ന സബ് ഇന്‍സെപ്കടറും സംഘവും പ്രതിയെ കണ്ടെത്തുന്നു. അയാളൊരു വാടക കൊലയാളിയായിരുന്നു.പണം നല്‍കിയ അജ്ഞാതനെ കണ്ടെത്തുക, കൊല എന്തിനുവേണ്ടിയായിരുന്നു എന്നറിയുക, ഈ അന്വേഷണമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഫഌറ്റില്‍ വന്നു പോയവരും ഇയലിന്റെ പരിചയക്കാരും സംശയത്തിന്റെ നിഴലിലാകുന്നു. അന്വേഷണം അവളുടെ കാമുകനിലേക്കും മറ്റൊരു കൂട്ടുകാരനിലേക്കും നീളുന്നു.

 എഴുത്ത് ഭാവനയിലല്ല അനുഭവങ്ങളില്‍ നിന്നാണ് ജനിക്കേണ്ടത് എന്നു വിശ്വസിച്ചിരുന്ന ഇയല്‍ ഒരു ഇറോട്ടിക് നോവലിനായുള്ള അനുഭവം തേടലിലായിരുന്നു കുറേ കാലമായി. ഇതറിഞ്ഞ കാമുകന്‍ അവളില്‍ നിന്നും അകലുന്നു. മറ്റൊരു സുഹൃത്ത് ലൈഗികവേഴ്ചകളില്‍ അവളെ വല്ലാതെ പീഡിപ്പിക്കുന്നു. തന്റെ ജീവിതരീതികളും ചിന്തയും പ്രിയപ്പെട്ടവര്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്ന കണ്ടെത്തലാണ് ഇയലിനെ വ്യത്യസ്തമായ ഒരു ഫിക്ഷന്‍ രീതിയില്‍ തന്റെ മരണം ഒരുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒടുവില്‍ ഇന്‍സ്‌പെക്ടര്‍ അത് മനസിലാക്കുകയാണ്. അപ്പോഴും അയാളെ ആദ്യമായി പ്രണയിച്ച അദൃശ്യ വ്യക്തിയായിരുന്നു ഇയല്‍ എന്ന് ഇന്‍സ്‌പെക്ടര്‍ തിരിച്ചറിയുന്നില്ല എന്നതാണ് കഥയിലെ മറ്റൊരു ട്വിസ്റ്റ്.

 സാധാരണ ക്രൈംകഥകളില്‍ നിന്നും മാറി ചിന്തിച്ചു എന്നതില്‍ മനോ എന്ന സംവിധായകന് അഭിമാനിക്കാം. ഇയല്‍ ആയി അമൃത ശ്രീനിവാസനും ഇന്‍സ്‌പെക്ടര്‍ കുമാറായി രാജേഷ് ബാലചന്ദ്രനും കാമുകന്‍ പ്രശാന്തായി വിഗ്നേഷ് ശ്രീനിവാസനും മിഥുന്‍ എന്ന സുഹൃത്തായി ശ്രീരാജും അസിസ്റ്റന്റ് പോലീസ് ഓഫീസര്‍ ജെനിഫറായി ഗിരിജ ഹരിയും നല്ല അഭിനയം കാഴ്ചവച്ചു. പ്രവീണ്‍ ബാലുവിന്റെ സിനിമറ്റോഗ്രഫിയും രാം പാണ്ഡ്യന്റെ എഡിറ്റിംഗും എം.എസ്.ജോണ്‍സ് റുപേര്‍ട്ടിന്റെ സംഗീതവും ചിത്രത്തിന് മിഴിവേകുന്നു👃


 

Monday, 11 April 2022

Bheshmaparvam - Malayalam movie - a review

 


 ഭീഷ്മപര്‍വ്വം

 അഞ്ഞൂറ്റി കുടുംബത്തിലെ കരുത്തനായ നാഥന്‍ മൈക്കിളും അയാളുടെ മൂത്ത സഹോദരന്‍ മരണപ്പെട്ട പൈലിയുടെ ഭാര്യ ഫാത്തിമയും മക്കളും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ബാന്ധവം ശക്തമായ പ്രമേയമാകുന്നതുകൊണ്ടാവാം ചിത്രത്തിന് അമല്‍ നീരദ് ഭീക്ഷ്മപര്‍വ്വം എന്ന തലക്കെട്ടുകൂടി നല്‍കി ചിത്രം പൂര്‍ത്തിയാക്കിയത്.
 
 കുടുംബങ്ങള്‍ തമ്മിലുള്ള പകയും കുടുംബങ്ങളിലെ ഉള്‍പ്പോരും നൂറുകണക്കിന് സിനിമകളില്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ വീണ്ടും വീണ്ടും ഇതൊക്കെത്തന്നെയല്ലാതെ, സിനിമയ്ക്കായി മനുഷ്യാതീതമായ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയില്ലല്ലോ. അതിനാല്‍ അവതരണത്തിലെ വ്യത്യസ്തതകളാണ് ഇത്തരം ചിത്രങ്ങളെ ആകര്‍ഷകമാക്കുന്നത്.

 രജനികാന്തും മമ്മൂട്ടിയും ഒരേ പ്രായക്കാരാണ്. രണ്ടു പേരും ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഇവരെക്കൊണ്ടിതൊക്കെ ആവുമോ എന്ന് പ്രേക്ഷകര്‍ ചിന്തിക്കാറില്ല. ഈ ചിത്രത്തിലും അതങ്ങിനെതന്നെ. വ്യത്യസ്തമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മാനറിസങ്ങളും അവതരണരീതിയും കൊണ്ടാണ് ഈ മമ്മൂട്ടിചിത്രം  ശ്രദ്ധേയമാകുന്നത്. അമല്‍ ആ സാധ്യതകള്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്.

 നിയമസംവിധാനങ്ങള്‍ക്കും പോലീസിനുമൊന്നും തീരെ സാധ്യതകളില്ലാത്ത ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നതെന്ന് പ്രേക്ഷകര്‍ സങ്കല്‍പ്പിക്കണം. നന്മയുടെ വഴികള്‍ മൈക്കിള്‍ നിശ്ചയിക്കും.തിന്മകളെ മൈക്കിള്‍ ഇല്ലായ്മ ചെയ്യും. എത്ര അടിയും വെട്ടും കൊണ്ടാലും ചോര തെറിച്ചാലും ഭീക്ഷ്മരെപോലെ മൈക്കിള്‍ അങ്ങിനെ നില്‍ക്കും.

 ദുഷ്ടന്മാര്‍ ഒത്തുകൂടി ശിഷ്ടനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ദുഷ്ടന്മാര്‍ കാലപുരി പൂകുന്നു. പൈലിയില്‍ നിന്നും കൈമാറി കിട്ടിയ അധികാരദണ്ഡ് മൈക്കിള്‍ അടുത്ത തലമുറയിലെ അജാസ് അലിക്ക് കൈമാറുന്നു. ശുഭപര്യവസായിയാണ് ചിത്രം.

 തീരെ മുഷിവില്ലാതെ കണ്ടിരിക്കാവുന്ന ഒരു മമ്മൂട്ടി ചിത്രം. സൗബിന്‍ നല്ലൊരു നടനാണെങ്കിലും അജാസ് എന്ന കഥാപാത്രം ഷൈന്‍ ടോം ചാക്കോയുടെ പീറ്റര്‍ എന്ന കഥാപാത്രത്തെയും ഫര്‍ഹാന്‍ ഫാസിലിന്റെ പോള്‍ എന്ന കഥാപാത്രത്തെയും ഒറ്റയ്ക്ക് നേരിടുന്നതൊക്കെ ഒഴിവാക്കാമായിരുന്നു. അയാളുടെ ഒപ്പം വരുന്ന ഗുണ്ട സംഘത്തെ അടിപിടിയില്‍ പങ്കെടുപ്പിച്ചാല്‍ മതിയായിരുന്നു. അഭിനേതാക്കള്‍ മൊത്തത്തില്‍ മികച്ചുനിന്ന ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയം സുഷിന്‍ ശ്യാമിന്റെ സംഗീതം തന്നെയാണ്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നെഴുതി അമല്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ആനന്ദ്.സി.ചന്ദ്രന്റെ സിനിമറ്റോഗ്രഫിയും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും എടുത്തുപറയേണ്ടവയാണ്. വിനായക് ശശികുമാറും റഫീക് അഹമ്മദുമാണ് ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്.

Sunday, 10 April 2022

Reddiarpatti - a new hub on National Highway between Tirunelveli and Nagarkovil

 


റെഡ്യാര്‍പട്ടിയിലേക്കൊരു സൈക്കിള്‍ സവാരി

കുറച്ചു ദിവസമായി തിരുനെല്‍വേലിയില്‍ ഇടയ്ക്കും മുറയ്ക്കും മഴ പെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കടുത്ത ചൂട് മാറി സുഖമുള്ളൊരന്തരീക്ഷമാണ് ഇവിടെ. ഇന്നും ചെറുമഴയുണ്ടായി. വൈകിട്ട് നല്ല കാറ്റും തണുപ്പും. ഒന്നു നടക്കാമെന്നു കരുതിയപ്പോഴാണ് വിഷ്ണു പറഞ്ഞത് നമുക്ക് സൈക്കിളില്‍ റെഡ്ഡ്യാര്‍പട്ടി വരെ പോകാം, സൈക്കിള്‍ ചവിട്ടാന്‍ പറ്റിയ കാലാവസ്ഥ. നല്ല ദൂരമല്ലെ എന്ന് മനസില്‍ തോന്നിയെങ്കിലും പറഞ്ഞില്ല. പോകാം എന്നായി ഞാന്‍. പാളയംകോട്ടയില്‍ നിന്നും മധുര -കന്യാകുമാരി ദേശീയപാത കയറിയാണ് യാത്ര. നല്ല റോഡ്, സൈക്കിള്‍ പാത്തുണ്ട്. ഇളം കാറ്റും സ്േ്രപ ചെയ്യുപോലെ മഴയും. ദൂരെയായി മിന്നലിന്റെ വെളിച്ചം. പരന്നു കിടക്കുന്ന ഭൂമിയാണ്. അവിടവിടെ ചെറിയ കുളങ്ങളും പുല്‍മേടുകളും. വയലുകള്‍ പലതും നികത്തി വീടുകള്‍ വയ്ക്കുന്നുണ്ട്. പാടത്ത് നൂറുകണക്കിന് കൊക്കുകള്‍.

 'ജില്ല' എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിന് ശേഷം റെഡ്ഡ്യാര്‍പട്ടിയിലെ മല ഒരു സെല്‍ഫി സ്‌പോട്ടാണ്. യാത്രക്കാര്‍ മിക്കവരും അവിടെ വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കാറുണ്ട്. മല മുറിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. തിരുനെല്‍വേലി കോര്‍പ്പറേഷന്റെ അതിരാണ് ഈ പ്രദേശം. ഇവിടെ കോര്‍പ്പറേഷന്‍ ഒരു വ്യൂപോയിന്റും റസ്റ്ററന്റും എന്റര്‍ടെയിന്റ്‌മെന്റ്  സംവിധാനവും തയ്യാറാക്കുകയാണ്. അടുത്തായി ഒരു ആര്‍ക്കയോളജിക്കല്‍ മ്യൂസിയവും തയ്യാറാകുന്നുണ്ട്. താമസിയാതെ ഒരു ആക്ടിവിറ്റി ഹബ്ബായി മാറുകയാണ് ഇവിടം.

 ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ അസ്തമയം കഴിഞ്ഞിരുന്നു. റോഡിലൂടെയുള്ള  വാഹനങ്ങളുടെ കാഴ്ചയും ഇരുട്ടിലേക്ക് യാത്രയാകുന്ന പ്രകൃതിയും ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. അവിടെനിന്നും അതേ പാതയില്‍ രാത്രിയുടെ നിശബ്ദതയിലൂടെ ഞങ്ങള്‍ മടങ്ങി.നിങ്ങളും ഈ വഴി പോകുമ്പോള്‍ റെഡ്യാര്‍പട്ടി മറക്കണ്ട 🙏👍



Saturday, 9 April 2022

Proposal submitted to PM to increase number of MBBS seats

 


The proposal sent by People for Better Society (PEBS) to Hon.Prime Minister of India 

Sir,
Sub:- Doubling of the medical seats to cater the aspirants and to make the country self sufficient in medical sector-reg

Prime Minister’s thought
----------------------------------------
Prime Minister said recently ,” our children today are going to small countries for study, especially in medical education. Can our private sector not enter this field in a big way? Can our state governments not frame good policies for land allotment regarding this?” A serious thought and action is needed to address this issue .
Present day migration of candidates
-------------------
It is estimated that 20,000 -25,000 students from India go abroad to study medicine every year. One key factor driving this trend is that pursuing  MBBS is relatively cheaper in several other countries. It is easier to get into one of these foreign colleges than into medical colleges in India  where there is intense competition for limited seats. China, Russia and Ukraine account for about 60% of the outflow. The fee for the entire MBBS   course ,which is 6 years abroad, including living expenses and cost of coaching to clear the screening test on return to India , would cost about   Rs.35 lakhs in a fairly decent college in one of these countries. In comparison, just the tuition fee for the MBBS course in private medical colleges in  India typically costs Rs.45 lakhs to 55 lakhs or even more.
Demand –Supply gap
-------------------------------
In addition to affordability, the demand –supply gap in medical seats is just as much  a reason for the migration. For the 7 to 8 lakh students who qualify through NEET ,there are only 90,000 plus seats in India. A little over half the seats are in Government colleges, where the fee structure is affordable for general students, but are extremely difficult to get into unless one has a very high NEET score. Government quota seats in private medical colleges also need high NEET score. Other than these, there are only about 20,000 management quota seats available in private colleges. The NRI quota, sponsored by NRIs has a sky high fee ,hence affordable for a select few of NEET qualified students. The fee alone for management and NRI quota range from roughly Rs.30 lakh to over 1.2 crore as the  course fees. The present system of 50% seats in private colleges are on subsidised fee, means remaining 50% are forced to remit higher fee. Hence, students opt foreign countries where fee is comparatively less. The only way to arrest  the trend is to have more affordable medical colleges in India. According to Ministry of Health, there are 88,120 under graduate seats in Medical colleges in India as of December 2021.Over 15.44 lakh candidates appeared for NEET –UG in 2021, around 8.7 lakh candidates cleared the examination last year, that means only 10% of the total qualifying candidates. The gap in demand and availability for MBBS seats are huge.
Quality of education
-------------------------
These are the major reasons for the migration of students. One set of students applying abroad are those aiming for top colleges in countries like US and UK, but a chunk of aspirants are those who couldn’t manage a seat in the Government medical colleges or expensive private colleges. They prefer even Bangladesh and Nepal to fulfil their aspirations. But, it’s a known fact that only 14 to 20 % of the students going abroad are clearing the Foreign Medical Graduate examinations conducted  by Government of India.
Present reality
------------------
At present,medical colleges are concentrated in certain states. TN(69),UP(67),Karnataka(63),Maharashtra(61),Telangana(34) and AP(31).Total colleges are 422 which produce over 57,000 doctors and 25,000 specialists. Country in 2022 needs 4,17,119 doctors and 2,09,091 specialists. Our average out put per college is less than that of 149 in West Europe,220 in East Europe and 930 in China.
PPP model with CSR part
--------------------------------
It is high time to think of a Public-Private partnership to expand the seat capacity in MBBS over the next few years to cater the aspirations of the students to study inside the country and to fulfil the UN standard of one doctor for 1000 people. It is needed at least to add 30,000 seats every year .Private sector could have acted as a fruitful partner for the Government where the latter could focus on giving quality medical education for economically and socially backward at affordable prices and letting the former to cater to those who missed out on Government seats. Presently, private sector faces two chief problems. First is the suffocating regulations that put forth earlier by MCI and now by NMC. It is extremely hard for genuine edu-prenuers to open medical colleges . One requires hundreds of crores of initial investment ,annual license approvals that need 6 months official work every year, requirement of setting up various teaching departments, setting up an attached hospital with certain number of beds, more approvals to even add seats /beds in already functioning colleges/hospitals etc. Government can change the traditional way of education to use the facilities already available to boost the medical education .
Suggestions
----------------
1.Government could ask large hospital groups to set up colleges and provide attractive incentives ,while keeping the fee affordable

2. In small states  where land is scarce ,allow PPP model to start colleges with a minimum of 5 acres of land. The present ,the institution needed 20 acres of land or on lease for 99 years. Applicant could have a hospital of not less than 300 beds with necessary infrastructure. Teaching professionals, students’ hostels, lab, lecture hall, library and all other facilities can be made essential except 20 acre land and 300 bed hospital. Theory classes can be conducted at the college which can be established in 5 acre land and for practical ,existing infrastructure of  Government hospitals and private hospitals in that Taluka can be pooled. A coordinated mechanism should be made by effective academic-administrative forum to be constituted by the state government in consultation with NMC .

3.It is important to have a mechanism for fee and quality regulation.NMC can make state level committee of medical experts to assess the quality of education on a quarterly basis .

4.Present system of granting permission initially for a period of one year and renewal on yearly basis should go. Permission to be given for 5 years under the supervision of state level academic committees.

Anticipating a positive action in this regard.

Thanking you,

Yours faithfully,

 

V.R.Ajith kumar
PresidentPEBS
M-9567011942



Thursday, 7 April 2022

Kerala needs people who are independent from religion and politics

 

മതവും രാഷ്ട്രീയവും മനസിനെ ഭരിക്കാത്ത കുറച്ചുപേരെങ്കിലും കേരളത്തിനും വേണ്ടേ !!

2022 ജനുവരി 23 ന് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പിന്റെ പ്രത്യേകപതിപ്പ് ഈയിടെയാണ് കണ്ടതും വായിച്ചതും. അതില്‍ കേളപ്പനെ കുറിച്ച് ടി.പത്മനാഭന്‍ എഴുതിയ ലേഖനമുണ്ട്. അത് വായിച്ചപ്പോഴാണ് മതവും രാഷ്ട്രീയവും അന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്നവര്‍ സ്വതന്ത്ര നിലപാടുകളുള്ളവരെ എത്രമാത്രം തള്ളിപ്പറഞ്ഞിരുന്നു, അപമാനിച്ചിരുന്നു എന്നു മനസിലാകുന്നത്. സാമൂഹിക മാധ്യമങ്ങളൊക്കെ വരുന്നതിന് മുന്നെ തന്നെ നട്ടെല്ലും സ്വതന്ത്രവ്യക്തിത്വവുമുള്ളവരെ സംഘടിത രാഷ്ട്രീയ-മത ശക്തികള് എതിര്‍ക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്നത് സ്വതന്ത്ര നിലപാടുകള്‍ എടുക്കുന്ന എന്നെപോലെയുള്ള സാധാരണ മനുഷ്യര്‍ക്കും ആശ്വാസം നല്‍കുന്ന ഒന്നായി. പത്മനാഭന്‍ എഴുതുന്നു, ' അങ്ങാടിപ്പുറത്തെ തളിക്ഷേത്രം ഒരുകാലത്ത് ധാരാളം സ്വത്തുക്കളുള്ള ഒരു വലിയ ആരാധനാലയമായിരുന്നു.കാലാന്തരത്തില്‍ സ്വത്തുക്കളെല്ലാം കൈയേറ്റങ്ങളാല്‍ അന്യാധീനപ്പെട്ടു.ക്ഷേത്രവും പതുക്കെ പതുക്കെ പൊളിഞ്ഞ് നാമാവശേഷമായി.ഒടുവില്‍ പാതവക്കില്‍ നിരാംലംബമായി ഒരു ബിംബം മാത്രം അവശേഷിച്ചു. ഈ ഘട്ടത്തിലാണ് പ്രാദേശികരായ ഏതാനും ക്ഷേത്രവിശ്വാസികള്‍ തളിയുടെ പുനരുദ്ധാരണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. തങ്ങളുടെ പരിശ്രമത്തിന് സഹായമഭ്യര്‍ത്ഥിച്ചുവന്ന വിശ്വാസികളെ കേളപ്പന്‍ നിരാശനാക്കിയില്ല. തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണ ശ്രമങ്ങളുടെ നേതൃസ്ഥാനം സ്വാഭാവികമായും അദ്ദേഹം ഏറ്റെടുത്തു. പിന്നീടെന്തുണ്ടായി എന്നു ഞാന്‍ വിസ്തരിച്ചു പറയുന്നില്ല. അന്നത്തെ ഭരണകൂടത്തിന്റെ മര്‍ദ്ദനമുറകള്‍ ഒരു വശത്ത്; ഒരു പ്രത്യേക മതവിഭാഗത്തില്‍പെടുന്ന പ്രാദേശികവാസികളുടെ എതിര്‍പ്പ് മറുവശത്ത്. ' നായ പാത്തിയ കല്ലിന്മേല്‍ ചന്ദനം പൂശിയ കേളപ്പാ' എന്ന ആക്രോശങ്ങള്‍ എമ്പാടും. ബ്രിട്ടീഷ് ഭരണകാലത്ത് അറസ്റ്റും ജയില്‍വാസവും മര്‍ദ്ദനങ്ങളുമൊക്കെ കേളപ്പന്‍ എത്രയോ തവണ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, സ്വതന്ത്ര ഇന്ത്യയില്‍ കേളപ്പന് നേരിടേണ്ടിവന്ന ആദ്യത്തെ അറസ്റ്റ് തളി സമരത്തോടനുബന്ധിച്ചായിരുന്നു. അറസ്റ്റ് ചെയ്തത് മന്ത്രി ഇമ്പിച്ചിബാവയുടെ പോലീസ്. അറസ്റ്റിന് കാരണം സമാധാന ഭഞ്ജനം.

 കേളപ്പനെതിരെ അന്ന് ഒട്ടേറെ അപവാദങ്ങള്‍ ഉയരുകയുണ്ടായി. കേളപ്പന്‍ മുസ്ലിം വിരോധിയാണ്, കേളപ്പന്‍ സംഘിയാണ് എന്നൊക്കെ.മലപ്പുറം ജില്ല രൂപവത്ക്കരണത്തെ ന്യായമെന്ന് തനിക്കുതോന്നിയ കാരണങ്ങളാല്‍ പരസ്യമായി എതിര്‍ത്ത കേളപ്പനെതിരെ ഈ അപവാദശരങ്ങള്‍ ഏറക്കുറെ പര്യാപ്തമായിരുന്നുതാനും. എന്നാല്‍, ഈ അപവാദ കര്‍ത്താക്കള്‍ സൗകര്യപൂര്‍വ്വം മറന്ന ചില കാര്യങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം:

1.മലബാര്‍ കലാപകാലത്ത് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയെ രക്ഷിക്കാന്‍ ജീവന്‍ പണയം വച്ച് കേളപ്പന്‍ നടത്തിയ വീരോചിത പ്രയത്‌നങ്ങള്‍.

2. വാടാനപ്പള്ളിയിലെ മുസ്ലിം പള്ളിക്ക് മുന്നിലൂടെ ചന്ദനക്കുടമെഴുന്നള്ളിച്ച്  അവിടെ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഹിന്ദുമതഭ്രാന്തരെ തടഞ്ഞുനിര്‍ത്തുന്നതില്‍ കേളപ്പന്‍ വഹിച്ച പങ്ക്്.ഈ കാലത്ത് കേളപ്പന് കിട്ടിയ പുതിയ ബിരുദം '  കേളപ്പന്‍ ഹാജി' എന്നായിരുന്നു.

ജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ പൊലിപ്പിച്ചുകാട്ടാന്‍ കേളപ്പന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. നാമിന്ന് ജീവിക്കുന്നത് ഉദ്ഘാടനങ്ങളുടെയും അനാച്ഛാദനങ്ങളുടെയും സമര്‍പ്പണങ്ങളുടെയുമൊക്കെ നടുവിലാണ്. ബസ് ഷെല്‍ട്ടര്‍ മുതല്‍ പൊതുശുചിമുറിവരെ ജനപ്രതിനിധികളാല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു. പലപ്പോഴും അതൊക്കെ എംഎല്‍എ ഫണ്ടില്‍ നിന്നോ എംപി ഫണ്ടില്‍ നിന്നോ കാശെടുത്ത് നിര്‍മ്മിച്ചതായിരിക്കും. എന്നിട്ട് ഈ കാര്യം ഏതോ ഒരു വലിയ പരിത്യാഗകര്‍മ്മം ചെയ്തതുപോലെ ബസ് ഷെല്‍ട്ടറിന്റെയും പൊതുശുചിമുറിയുടെയും മുകളില്‍ മുട്ടന്‍ അക്ഷരത്തില്‍ എഴുതി വയ്ക്കുകയും ചെയ്യും!

തീര്‍ന്നിട്ടില്ല. പൊതഖജനാവില്‍ നിന്ന് പണമെടുത്ത് നിര്‍മ്മിച്ച പാലങ്ങള്‍,സ്‌കൂളുകള്‍, ആശുപത്രികെട്ടിടങ്ങല്‍ തുടങ്ങിയവ ഉദ്ഘാടനത്തിനായി വരേണ്ടുന്ന മന്ത്രിയുടെ സൗകര്യക്കുറവ് മൂലം പൊതുജനത്തിന് തുറന്നുകൊടുക്കാതെ വെറുതെയിട്ട അവസ്ഥ ഇവിടെ ഉണ്ടായിട്ടില്ലേ? ഒടുവില്‍ എന്നെങ്കിലും മന്ത്രി എത്തുമ്പോള്‍ കെട്ടിടം ഉപയോഗപ്രദമല്ലാതായ അനുഭവവും ഇവിടെയില്ലേ? മന്ത്രി യഥാസമയം തന്നെ തുറന്നുകൊടുത്ത പാലം മൂന്നുമാസത്തിനുള്ളില്‍ പൊളിഞ്ഞു നദിയില്‍ വീണതും ഈ കേരളത്തില്‍തന്നെയല്ലേ?

 പഴയ കാലത്ത് ഏതോ ഒരു പുണ്യാത്മാവ് ജനോപകാരാര്‍ത്ഥം കുഴിച്ച ഒരു കുളത്തിന്റെ കരയില്‍ ഒരു ഹാഫ് മാസ്റ്റ്(ഫുള്ളല്ല!) വിളക്ക് എംപി ഫണ്ടില്‍ നിന്നെടുത്ത് നിര്‍മ്മിച്ചതിന്റെയും ഉദ്ഘാടനം ചെയ്തതിന്റെയും വീരസ്യം കൃഷ്ണശിലാഫലകത്തിലൂടെ പ്രദര്‍ശിപ്പിക്കുന്ന ജനപ്രതിനിധികളും നമ്മുടെ നാട്ടിലുണ്ടല്ലോ! എന്തിനാണ് ഇപ്പോള്‍ ഇതൊക്കെ പറയുന്നത് എന്നു ചോദിച്ചാല്‍ ,ഒരു കാരണമുണ്ട്. 1940 ല്‍ കേളപ്പന്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന കാലത്താണ് കോരപ്പുഴ പാലം നിര്‍മ്മിച്ചത്. കേളപ്പനാണ് നാട്ടുകാരുടെ ചിരകാലാഭിലാഷം സാധിച്ചുകൊടുത്തത്. എന്നും വൈകുന്നേരങ്ങളില്‍ നിര്‍മ്മാണ പുരോഗതി കാണാന്‍ കേളപ്പന്‍ പോകുമായിരുന്നു. പാലവും അപ്രോച്ചുറോഡും പൂര്‍ത്തിയാപ്പോള്‍ ആ വഴി ഭാരം കയറ്റിവന്ന വയസനായ ഒരു കാളവണ്ടിക്കാരനെ കേളപ്പന്‍ പാലത്തിലൂടെ കടത്തിവിട്ടു.അതായിരുന്നു ഉദ്ഘാടനം. ഒരുതരത്തിലുളള ഉദ്ഘാടന മഹാമഹവും അവിടെനടന്നില്ല. ഫലകങ്ങളൊന്നുമില്ലാതെ അനേകകാലം പാലം അവിടെ നിലനിന്നു.

 തികഞ്ഞ വിപ്ലവകാരിയായിരുന്നതിനാലാകാം കേളപ്പന് ഉചിതമായ ഒരു സ്മാരകവും ഉയര്‍ന്നുവരാതിരുന്നതും. ഗുവായൂരില്‍ ക്ഷേത്രപ്രവേശനത്തിന് മുന്നില്‍ നിന്ന അദ്ദേഹത്തിന് അവിടെയാണ് ഒരു സ്മാരകം ഉണ്ടാകേണ്ടത്. പക്ഷെ കിഴക്കേനടയില്‍ ഈയിടെ കേളപ്പന്റെ ശിഷ്യനായിരുന്ന എകെജിയുടെ പേരിലാണ് സ്മാരകം ഉയര്‍ന്നത്. ഇത് ചരിത്രത്തെ തമസ്‌ക്കരിക്കലാണ്, ചരിത്രത്തെ വളച്ചൊടിക്കലാണ്, ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇത് ചെയ്തവര്‍ക്ക് കാലം മാപ്പുകൊടുക്കില്ല. ' , പത്മനാഭന്‍ ഇങ്ങിനെ അവസാനിപ്പിക്കുന്നു.

    കേളപ്പനെപോലെയുള്ളവര്‍ ഇന്ന് അപൂര്‍വ്വ ജനുസാണ്. എപ്പോഴും എന്തിനെയോ ഭയന്നു ജീവിക്കുന്ന മനുഷ്യരാണ് കൂടുതലും. മികച്ച കഥാകൃത്തും ആര്‍ജ്ജവമുള്ള ശബ്ദത്തിനുടമയുമാണ് ടി.പത്മനാഭന്‍. പൊതുവെ എഴുത്തുകാര്‍ പഞ്ചപുച്ഛമടക്കി ജീവിക്കുന്ന ഈ കാലത്ത് പത്മനാഭന്റെ എഴുത്ത് വിലയൊരാശ്വാസമാണ്. മതവും രാഷ്ട്രീയവും മനസിനെ ഭരിക്കാത്ത കുറച്ചുപേരെങ്കിലും കേരളത്തിനും വേണ്ടേ!!👃👃👌👌


 


Wednesday, 6 April 2022

4 cinemas , 4 feelings -Pada,83,lalitham sundaram,RRR

 

നാല് സിനിമകള്‍ , നാല് അനുഭവങ്ങള്‍

 പട,83,ലളിതം സുന്ദരം, RRR  എന്നവയാണ് ഞാന്‍ ഈയിടെ കണ്ട സിനിമകള്‍. പടയും 83 ഉം നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കുമ്പോള്‍ ലളിതം സുന്ദരം ഒരു കുടുംബത്തില്‍ നടക്കാവുന്ന സാധാരണമായ കാര്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. RRR തികഞ്ഞ ഫിക്ഷനാണ്. ലോജിക്കിനെ കുറിച്ചൊന്നും ചിന്തിക്കാതെ, ഓരോ ഫ്രെയിമിലും എത്ര നന്നായി ഫിലിം ക്രാഫ്റ്റ് ഉപയോഗിച്ചിരിക്കുന്നു എന്നു മാത്രമെ ചിന്തിക്കേണ്ടതുള്ളൂ. എന്നാലും സാങ്കേതികത നമ്മുടെ യുക്തിയെ മൂടുമ്പോള്‍ ഒരു വല്ലായ്ക ഇല്ലാതെ ഇല്ല. RRR തീയറ്ററിലല്ല കാണുന്നതെങ്കില്‍ ആ ചിത്രം കാണാതിരിക്കുകയാണ് ഉചിതം. സിനിമ ജീവിതത്തോടടുത്തു നില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ ആ ചിത്രം കണ്ടാല്‍ നിരാശപ്പെടും.

 ഈ സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായത് പട തന്നെയാണ്. ആദിവാസി ഭൂമി തട്ടിയെടുത്ത അനാദിവാസികള്‍ക്ക് ആ ഭൂമി സ്വന്തമാക്കാന്‍ സഹായിക്കുന്ന നിയമം 1996 ലാണ് പാസാക്കിയത്. 1986 ജാനുവരി 24 വരെ ആദിവാസിയില്‍ നിന്നും ചതിച്ചോ വഞ്ചിച്ചോ വാങ്ങിയ ഭൂമിയില്‍ അനാദിവാസികള്‍ക്ക് അവകാശം നല്‍കാന്‍ തീരുമാനിച്ചത് നായനാര്‍ സര്‍ക്കാരാണ്. ഇതിനായി 1975 ലെ ആദിവാസി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്തപ്പോള്‍ സഭയിലുണ്ടായിരുന്ന 140 എംഎല്‍എമാരും അതിനെ അനുകൂലിക്കയായിരുന്നു. നക്‌സല്‍ പ്രസ്ഥാനങ്ങള്‍ സജീവമായിരുന്ന കാലമാണ്. മുണ്ടൂര്‍ രാവുണ്ണിയുടെ സംഘത്തില്‍പെട്ട രമേശ് കാഞ്ഞങ്ങാടും അജയന്‍ മണ്ണൂരും ബാബു കല്ലറയും വിളയോടി ശിവന്‍കുട്ടിയും ചേര്‍ന്ന് ആദിവാസി അവകാശം ലോക ശ്രദ്ധയില്‍ കൊണ്ടുവരാനായി 1996 ഒക്ടോബര്‍ നാലിന് അന്നത്തെ പാലക്കാട് കളക്ടര്‍ ഡബ്യു.ആര്‍.റെഡ്ഡിയെ തടവിലാക്കി. 9 മണിക്കൂര്‍ നീണ്ട ഈ സംഭവം ഒടുവില്‍ ആദിവാസി പ്രശ്‌നങ്ങളോട് അനുകൂലനിലപാടുള്ള ഒരു വക്കീലിന്റെ മധ്യസ്ഥതയില്‍ ഒത്തുതീരുകയായിരുന്നു. കേസെടുക്കില്ല എന്നു പറഞ്ഞെങ്കിലും ഇവരെയും സഹായിച്ചവരെയും പോലീസ് പിന്നീട് വേട്ടയാടി. പക്ഷെ ആദിവാസി സമരത്തിന് വലിയ ശക്തിയായത് ഈ അയ്യന്‍കാളി പടയുടെ സമരമായിരുന്നു. പലപ്പോഴും വിപ്ലവങ്ങള്‍  ചെറുസംഘങ്ങളുടെ പോരാട്ടങ്ങളാണല്ലോ. അത്തരത്തില്‍ ഒന്നായിരുന്നു ഇതും. ഈ സംഭവത്തിന്റെ മനോഹരമായ ദൃശ്യവിഷ്‌ക്കാരമാണ് പട. 2012 ല്‍ ഇത്തരം ഒരു സാമൂഹിക പ്രശ്‌നം ചര്‍ച്ച ചെയ്ത ഐഡി എന്ന ഹിന്ദി സിനിമയുടെ സംവിധായകന്‍ കെ.എം.കമലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമിര്‍ താഹിറിന്റെ കാമറയും ഷാന്‍ മുഹമ്മദിന്റെ എഡിറ്റിംഗും വിഷ്ണു വിജയയുടെ സംഗീതവും. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും വിനായകനും ദിലീഷ് പോത്തനും പ്രകാശ് രാജുമാണ് പ്രധാന റോളുകളില്‍.

 83 മറ്റൊരു റിയല്‍ സ്റ്റോറിയുടെ ദൃശ്യവിഷ്‌ക്കാരമാണ്. 1983 ലെ ക്രിക്കറ്റ് ലോകക്കപ്പ് ടിവിയില്‍ കണ്ടവരും റേഡിയോയില്‍ കേട്ടവരും പത്രത്തില്‍ വായിച്ചവരും ആവേശത്തോടെ മാത്രമെ ആ കാലം ഓര്‍ക്കുകയുള്ളു. ഇന്ത്യന്‍ ക്രക്കറ്റിനെ ലോകം മാത്രമല്ല,നമ്മുടെ ക്രിക്കറ്റ് അസോസിയേഷനുകളും സര്‍ക്കാരും എല്ലാം എഴുതിത്തള്ളിയിരുന്ന കാലത്താണ് കപിലും സംഘവും അപ്രതീക്ഷിതമായ പ്രകടനത്തിലൂടെ ഒരു സ്വപ്‌ന സാക്ഷാത്ക്കാരത്തിലെത്തിച്ചേര്‍

ന്നത്. അതിന്റെ ആവേശവും ഭയാശങ്കകളും ആകുലതകളും ഇല്ലായ്മകളുമൊക്കെ ഭംഗിയായി കോര്‍ത്തിണക്കിയ ചിത്രമാണ് 83. ഈ വിജയം രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനത്തിന് വലിയ നിമിത്തമായി. ക്രിക്കറ്റിനെ ആവേശമായി ഉള്‍ക്കൊള്ളാന്‍ ഇന്ത്യക്കാരനെ ഈ വിജയം പ്രേരിപ്പിക്കുകയും ചെയ്തു. ഇല്ലായ്മകളുടെ നടുവില്‍ നിന്നും ക്രിക്കറ്റിനെ സമ്പന്നതയിലേക്ക് നയിച്ച ലോകക്കപ്പ് ആവേശം ഉള്‍ക്കൊള്ളുന്നതാണ് ഈ ചിത്രം. കബീര്‍ ഖാനും സുമിത് അറോറയും ചേര്‍ന്നാണ് സംഭാഷണം എഴുതിയിരിക്കുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സിനിമറ്റോഗ്രഫി അസിം മിത്രയുടേതാണ്. എഡിറ്റിംഗ് നിതിന്‍ ബെയ്ജിന്റേതും. രണ്‍വീര്‍ സിംഗാണ് കപില്‍ദേവായി വേഷമിട്ടിരിക്കുന്നത്. നടീനടന്മാരെല്ലാം നല്ല അഭിനയമാണ് കാഴ്ചവച്ചത്.

 ലളിതം സുന്ദരം മധു വാരിയര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ്. നല്ലൊരു സംവിധായകനാണ് മധു എന്ന് ചിത്രം ബോധ്യമാക്കിത്തരുന്നു. അമ്മ മരണപ്പെട്ട രണ്ട് സഹോദരന്മാരും ഒരു സഹോദരിയും അവരുടെ അച്ഛനും ഉള്‍പ്പെടുന്ന കുടുംബത്തിലെ സ്‌നേഹവും സങ്കടങ്ങളും അബദ്ധങ്ങളും തെറ്റിദ്ധാരണകളും മനോഹരമായി കോര്‍ത്തിണക്കിയ ചിത്രമാണ് ലളിതം സുന്ദരം. രഘുനാഥ് പലേരിയംു ബിജു മോനോനും മഞ്ജു വാരിയരും ഷൈജു കുറുപ്പും ദീപ്തി സതിയും അനു മോഹനും രമ്യ നമ്പീശനും സുധീഷുമൊക്കെ നല്ല അഭിനയം കാഴ്ചവച്ച ചിത്രം. സിനിമറ്റോഗ്രഫി പി.സുകുമാരനും ഗൗതം ശങ്കറും,എഡിറ്റിംഗ് ലിജോ പോളും സംഗീതം ബിജിബാലും നിര്‍വ്വഹിച്ചിരിക്കുന്നു.

  ബാഹുബലി തയ്യാറാക്കിയ എസ്.എസ്.രാജമൗലിയുടെ മറ്റൊരു ദൃശ്യവിരുന്നാണ് RRR.അച്ഛന്‍ കെ.വി.വിജയേന്ദ്ര പ്രസാദുമായി ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തില്‍ പ്രധാന അഭിനേതാക്കള്‍ ജൂനിയര്‍ എന്‍.ടി.രാമറാവു,രാം ചരണ്‍, റേ സ്റ്റീവന്‍സണ്‍,അലിസണ്‍ ഡൂഡി,ഒളിവിയ മോറിസ്, അജയ് ദേവഗണ്‍,അലിയ ഭട്ട്,ശ്രേയ ശരണ്‍,സമുദ്രക്കനി തുടങ്ങിയവരാണ്. ഓരോ ഫ്രയിമും മനോഹരമായി തയ്യാറാക്കിയ ചിത്രത്തിന് പറയാനുള്ളത് 1920-30 കാലഘട്ടത്തിലെ കഥയാണ്. അതിനായി അക്കാലത്ത് ജീവിച്ചിരുന്ന രണ്ട് സ്വാതന്ത്യസമര പോരാളികളുടെ പേര് ഉപയോഗിച്ചിരിക്കുന്നു. അത് അല്ലൂരി സീതാരാമരാജുവും കോമരം ഭീമുമാണ്. ആദിവാസികളെ ഉപദ്രവിക്കുകയും അവര്‍ക്ക് ഭൂമിയും നീതിയും നിഷേധിക്കുകയും ചെയ്ത  ബ്രിട്ടീഷുകാരെ രണ്ടു വര്‍ഷത്തിലേറെ വിറപ്പിച്ച ആളാണ് അല്ലൂരി. അദ്ദേഹം പോലീസ് സ്‌റ്റേഷനുകള്‍ കൊള്ളയടിക്കുകയും ആയുധങ്ങള്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയും ബ്രിട്ടീഷ് പോലീസിനെ കൊല ചെയ്യുകയും ചെയ്തിരുന്നു. ഗോണ്ട് ട്രൈബിന്റെ നേതാവായിരുന്നു കോമരം ഭീം. ജല്‍,ജംഗള്‍, സമീന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പോരാട്ടം നടത്തിയ വ്യക്തിത്വമാണ് അദ്ദേഹം. ഇവരുടെ പേര് മാത്രമെ ചിത്രത്തിനായി ഉപയോഗിച്ചിട്ടുള്ളു. കഥ തികഞ്ഞ ഫിക്ഷനാണ്. അതിലേക്ക് ത്രേതായുഗത്തിലെ രാമനെയും ദ്വാപരയുഗത്തിലെ ഭീമനെയുമൊക്കെ കൊണ്ടുവന്ന്, സിനിമയ്ക്കാവശ്യമായ മസാലകളും വലിയ ആള്‍ക്കൂട്ടങ്ങളും ത്രിഡി ചിത്രത്തിനാവശ്യമായ ദൃശ്യസാധ്യതകളുമൊക്കെ ഉപയോഗിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിശയോക്തിയും അമാനുഷികതയുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. മിക്ക ഫ്രെയിമിലും നമ്മള്‍ ചിന്തിക്കുക ഇതായിരിക്കും, ഒരു മനുഷ്യന് ഇതെങ്ങിനെ സാധിക്കും?? ജീവിത കഥകള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കായി തയ്യാറാക്കിയിട്ടുള്ളതല്ല ഈ ചിത്രം. അതുകൊണ്ടുതന്നെ ഓരോ ഫ്രയിമും ഉണര്‍ത്തുന്ന അത്ഭുതങ്ങള്‍ക്കപ്പുറത്തേക്ക് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല. ചിത്രം പകുതി ആയപ്പോള്‍ തന്നെ സിനിമ തീര്‍ന്നു എന്നാണ് ഞാന്‍ ആദ്യം കരുതിയത്. ഹോളിവുഡ് ചിത്രങ്ങള്‍ ഇഷ്ടമല്ലാത്ത എനിക്ക് ബാഹുബലി പോലെ ആസ്വാദ്യകരമായില്ല RRR. കെ.കെ.സെന്തില്‍ കുമാറിന്റെ സിനിമറ്റോഗ്രഫിയും ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗും എം.എം.കീരവാണിയുടെ സംഗീതവും സാബു സിറിളിന്റെ കലാസംവിധാനവുമൊക്കെ മികച്ചു നില്‍ക്കുന്നു.

 




Friday, 1 April 2022

How do America dictate India on Russia relation?

 

അമേരിക്ക ഇന്ത്യയോട് വിവരം അറിയും എന്നു പറയുക , എന്താ -ല്ലേ -

 അമേരിക്കക്ക് ഒരു ധാരണയുണ്ട്, തങ്ങളാണ് ലോകം ഭരിക്കുന്നത് എന്ന്. മുതലാളിത്ത സ്വഭാവമുള്ള മനുഷ്യര്‍ക്കുപോലും അത്തരമൊരു ഹുങ്കുണ്ട് എന്നത് ശരിയാണെങ്കിലും ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തന്റെ തീരുമാനങ്ങളെ തിരുത്താനോ ആ രാജ്യത്തെ ഭീഷണിപ്പെടുത്താനോ  അവകാശമില്ല. പ്രത്യേകിച്ചും ജനാധിപത്യ രാജ്യത്ത്. അമേരിക്കയുടെ തലപ്പത്തൊക്കെ ഇന്ത്യന്‍ ജീനുള്ള നേതാക്കള്‍ വരുന്നതൊക്കെ സന്തോഷമുള്ള കാര്യമാണ്. പക്ഷെ, അങ്ങിനെ എത്തുന്നവര്‍ യജമാനനോട് തീവ്രഭക്തി കാണിക്കുന്നതിനായി അന്യന്റെ മേക്കിട്ടു കേറുന്നത് നന്നല്ല. അമേരിക്കയുടെ ഡപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ദലീപ് സിംഗിന്റെ അപ്പനോ അമ്മയോ അല്ലെങ്കില്‍ പഴയ തലമുറയില്‍പെട്ട ആരെങ്കിലും ഇന്ത്യയില്‍ നിന്നും മൈഗ്രേറ്റ് ചെയ്തവരാകാം. മിടുക്കനായതുകൊണ്ട് നല്ല പൊസിഷനില്‍ എത്തുകയും ചെയ്തു. അതില്‍ നമുക്കെല്ലാം അഭിമാനവുമുണ്ട്. പക്ഷെ ന്യൂഡല്‍ഹിയില്‍ ഇന്ത്യ സര്‍ക്കാരിന്റെ അതിഥിയായി എത്തിയിട്ട്, റഷ്യയുടെ സെന്‍ട്രല്‍ ബാങ്കുമായി ഇന്ത്യ രൂപയില്‍ വിനിമയം നടത്തുകയോ അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് അവഗണിച്ച് പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ വിവരമറിയും എന്നു പറയാനുള്ള ധാര്‍ഷ്ട്യം അതിരുകടന്നതാണ്. എന്നുമത്രമല്ല, ചൈന അതിര്‍ത്തിയില്‍ അലോസരമുണ്ടാക്കിയാല്‍ ചൈനയുടെ അനിയനായ റഷ്യ നിങ്ങളെ രക്ഷിക്കും എന്നും കരുതേണ്ടെന്ന് മറ്റൊരു താക്കീതും.'അതായത് അമേരിക്ക യുക്രയിനെ രക്ഷിച്ചപോലെ ഇന്ത്യയെ രക്ഷിക്കാന്‍ ആളുണ്ടാവില്ലെന്ന്'. എവിടെ യുദ്ധമുണ്ടാക്കാനും കമ്പമരുന്ന് വിറ്റ് കാശുണ്ടാക്കാനും മടിക്കാത്തവരാണ് ഈ ഭയപ്പെടുത്തല്‍ നടത്തുന്നത്.

 ഇന്ത്യ-പാക് യുദ്ധം നടന്നപ്പോള്‍ അമേരിക്ക എന്ന രാജ്യം എവിടെയാണ് നിന്നതെന്നും അന്നത്തെ സോവിയറ്റ് യൂണിയന്‍ ഇന്ത്യയെ എത്രമാത്രം സഹായിച്ചുവെന്നും ചരിത്രം വായിച്ചാല്‍ ദലീപ് സിംഗിന് മനസിലാകും. ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക പുരോഗതിക്ക് സാമ്പത്തിക ലക്ഷ്യം മാത്രം മനസില്‍ വയ്ക്കാതെ സഹായിച്ചവരും സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് യൂണിയന്‍ ഇല്ലാതായിട്ടും പുട്ടിന്‍ സ്വേച്ഛാധിപതിയായി വന്നെങ്കിലും അമേരിക്കയെക്കാള്‍ ആത്മാര്‍ത്ഥത ഇന്ത്യയോട് പുലര്‍ത്തുന്നത് റഷ്യയാണ്.

 ശരിയാണ്, നേരത്തെ കൂട്ടുകുടുംബം ഭാഗം വച്ചു പിരിഞ്ഞ സഹോദരനാണ് റഷ്യക്ക് യുക്രയിന്‍. അവര്‍ താരതമ്യേന ദുര്‍ബ്ബലരുമാണ്. അവര്‍ പരസ്പ്പരം കലഹിക്കുന്നതും ജനങ്ങളെയും നാടിനെയും നശിപ്പിക്കുന്നതും നല്ലതല്ല. യുദ്ധം എത്രയും വേഗം അവസാനിക്കേണ്ടതുണ്ട്. അതിന് ലോകം ഉറ്റുനോക്കുകയാണ്. അമേരിക്കയ്ക്ക് അത്ര ആത്മാര്‍ത്ഥമായി അങ്ങിനെ ഒരാഗ്രഹം ഉണ്ടാകാനിടയില്ലെങ്കിലും ഇന്ത്യ അതാഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് യുദ്ധകാര്യത്തില്‍ ഒരു ചേരിചേരാ നയം സ്വീകരിച്ചിരിക്കുന്നത്. രാജ്യതാത്പ്പര്യമാണ് ഒന്നാമത്.അതുകഴിഞ്ഞേ, ലോക സമസ്ത സുഖിനോ ഭവന്തു വരുകയുള്ളൂ. രാജ്യത്തിന് വൈദ്യുതി ഉത്പ്പാദിപ്പിച്ചു നല്‍കുന്ന ആണവനിലയങ്ങള്‍ മുതല്‍ പ്രതിരോധത്തിനുള്ള ആയുധങ്ങള്‍, ഇന്ധനം തുടങ്ങി പലതിനും ഇന്ത്യ ആശ്രയിക്കുന്നതും പരസ്പ്പര ബന്ധത്തില്‍ ഏര്‍പ്പെട്ടുനില്‍ക്കുന്നതുമായ ഒട്ടേറെ കാര്യങ്ങളുണ്ട് റഷ്യയുമായി. ഇന്ത്യ ഒരിക്കലും അമേരിക്കയുടെ പാവ ആയിരുന്നിട്ടില്ല. ഇന്ത്യയിലെ ബിസിനസ് പൊട്ടന്‍ഷ്യല്‍ കാണും വരെയും ചൈനയോട് കൊമ്പുകോര്‍ക്കുമ്പോള്‍ ഏഷ്യയില്‍ ബദലായി കാണാവുന്ന ഒരു രാജ്യം എന്ന നിലയിലും മാത്രമാണ് അമേരിക്ക ഇന്ത്യയെ കാണുന്നത്. ആത്മാര്‍ത്ഥ സ്‌നേഹം നമ്മളോട് ഉണ്ടാവാനുള്ള സാധ്യതയും ഇല്ല. വിദൂരമായ ഒരു ദേശത്തിന്റെ മിത്രതയേക്കാള്‍ എപ്പോഴും നല്ലത് ഏഷ്യയുടെ ഭാഗവും പരമ്പരാഗത സൗഹൃദമുള്ളതുമായ റഷ്യതന്നെയാണ്. അത് നിലനിര്‍ത്താന്‍ മുന്‍ഗണന നല്‍കും എന്ന സൂചന തന്നെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി ഇന്നു നടത്തിയ യോഗവും. ഡോളറിനുണ്ടാകുന്ന തിരിച്ചടിയില്‍ അങ്കലാപ്പുള്ള അമേരിക്ക തങ്ങള്‍ ഇന്ത്യയെപോലെയും റഷ്യയെപ്പോലെയും  മറ്റൊരു രാജ്യം മാത്രമാണെന്ന് സ്വയം തിരിച്ചറിയാന്‍ ഈ യുദ്ധം സഹായിക്കട്ടെ.

അമേരിക്ക നേതൃത്വം നല്‍കിയില്ലെങ്കിലും ലോകം മുന്നോട്ടുതന്നെ പോകും എന്നവര്‍ അറിയേണ്ടതുണ്ട്.