Friday, 1 April 2022

How do America dictate India on Russia relation?

 

അമേരിക്ക ഇന്ത്യയോട് വിവരം അറിയും എന്നു പറയുക , എന്താ -ല്ലേ -

 അമേരിക്കക്ക് ഒരു ധാരണയുണ്ട്, തങ്ങളാണ് ലോകം ഭരിക്കുന്നത് എന്ന്. മുതലാളിത്ത സ്വഭാവമുള്ള മനുഷ്യര്‍ക്കുപോലും അത്തരമൊരു ഹുങ്കുണ്ട് എന്നത് ശരിയാണെങ്കിലും ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തന്റെ തീരുമാനങ്ങളെ തിരുത്താനോ ആ രാജ്യത്തെ ഭീഷണിപ്പെടുത്താനോ  അവകാശമില്ല. പ്രത്യേകിച്ചും ജനാധിപത്യ രാജ്യത്ത്. അമേരിക്കയുടെ തലപ്പത്തൊക്കെ ഇന്ത്യന്‍ ജീനുള്ള നേതാക്കള്‍ വരുന്നതൊക്കെ സന്തോഷമുള്ള കാര്യമാണ്. പക്ഷെ, അങ്ങിനെ എത്തുന്നവര്‍ യജമാനനോട് തീവ്രഭക്തി കാണിക്കുന്നതിനായി അന്യന്റെ മേക്കിട്ടു കേറുന്നത് നന്നല്ല. അമേരിക്കയുടെ ഡപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ദലീപ് സിംഗിന്റെ അപ്പനോ അമ്മയോ അല്ലെങ്കില്‍ പഴയ തലമുറയില്‍പെട്ട ആരെങ്കിലും ഇന്ത്യയില്‍ നിന്നും മൈഗ്രേറ്റ് ചെയ്തവരാകാം. മിടുക്കനായതുകൊണ്ട് നല്ല പൊസിഷനില്‍ എത്തുകയും ചെയ്തു. അതില്‍ നമുക്കെല്ലാം അഭിമാനവുമുണ്ട്. പക്ഷെ ന്യൂഡല്‍ഹിയില്‍ ഇന്ത്യ സര്‍ക്കാരിന്റെ അതിഥിയായി എത്തിയിട്ട്, റഷ്യയുടെ സെന്‍ട്രല്‍ ബാങ്കുമായി ഇന്ത്യ രൂപയില്‍ വിനിമയം നടത്തുകയോ അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് അവഗണിച്ച് പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ വിവരമറിയും എന്നു പറയാനുള്ള ധാര്‍ഷ്ട്യം അതിരുകടന്നതാണ്. എന്നുമത്രമല്ല, ചൈന അതിര്‍ത്തിയില്‍ അലോസരമുണ്ടാക്കിയാല്‍ ചൈനയുടെ അനിയനായ റഷ്യ നിങ്ങളെ രക്ഷിക്കും എന്നും കരുതേണ്ടെന്ന് മറ്റൊരു താക്കീതും.'അതായത് അമേരിക്ക യുക്രയിനെ രക്ഷിച്ചപോലെ ഇന്ത്യയെ രക്ഷിക്കാന്‍ ആളുണ്ടാവില്ലെന്ന്'. എവിടെ യുദ്ധമുണ്ടാക്കാനും കമ്പമരുന്ന് വിറ്റ് കാശുണ്ടാക്കാനും മടിക്കാത്തവരാണ് ഈ ഭയപ്പെടുത്തല്‍ നടത്തുന്നത്.

 ഇന്ത്യ-പാക് യുദ്ധം നടന്നപ്പോള്‍ അമേരിക്ക എന്ന രാജ്യം എവിടെയാണ് നിന്നതെന്നും അന്നത്തെ സോവിയറ്റ് യൂണിയന്‍ ഇന്ത്യയെ എത്രമാത്രം സഹായിച്ചുവെന്നും ചരിത്രം വായിച്ചാല്‍ ദലീപ് സിംഗിന് മനസിലാകും. ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക പുരോഗതിക്ക് സാമ്പത്തിക ലക്ഷ്യം മാത്രം മനസില്‍ വയ്ക്കാതെ സഹായിച്ചവരും സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് യൂണിയന്‍ ഇല്ലാതായിട്ടും പുട്ടിന്‍ സ്വേച്ഛാധിപതിയായി വന്നെങ്കിലും അമേരിക്കയെക്കാള്‍ ആത്മാര്‍ത്ഥത ഇന്ത്യയോട് പുലര്‍ത്തുന്നത് റഷ്യയാണ്.

 ശരിയാണ്, നേരത്തെ കൂട്ടുകുടുംബം ഭാഗം വച്ചു പിരിഞ്ഞ സഹോദരനാണ് റഷ്യക്ക് യുക്രയിന്‍. അവര്‍ താരതമ്യേന ദുര്‍ബ്ബലരുമാണ്. അവര്‍ പരസ്പ്പരം കലഹിക്കുന്നതും ജനങ്ങളെയും നാടിനെയും നശിപ്പിക്കുന്നതും നല്ലതല്ല. യുദ്ധം എത്രയും വേഗം അവസാനിക്കേണ്ടതുണ്ട്. അതിന് ലോകം ഉറ്റുനോക്കുകയാണ്. അമേരിക്കയ്ക്ക് അത്ര ആത്മാര്‍ത്ഥമായി അങ്ങിനെ ഒരാഗ്രഹം ഉണ്ടാകാനിടയില്ലെങ്കിലും ഇന്ത്യ അതാഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് യുദ്ധകാര്യത്തില്‍ ഒരു ചേരിചേരാ നയം സ്വീകരിച്ചിരിക്കുന്നത്. രാജ്യതാത്പ്പര്യമാണ് ഒന്നാമത്.അതുകഴിഞ്ഞേ, ലോക സമസ്ത സുഖിനോ ഭവന്തു വരുകയുള്ളൂ. രാജ്യത്തിന് വൈദ്യുതി ഉത്പ്പാദിപ്പിച്ചു നല്‍കുന്ന ആണവനിലയങ്ങള്‍ മുതല്‍ പ്രതിരോധത്തിനുള്ള ആയുധങ്ങള്‍, ഇന്ധനം തുടങ്ങി പലതിനും ഇന്ത്യ ആശ്രയിക്കുന്നതും പരസ്പ്പര ബന്ധത്തില്‍ ഏര്‍പ്പെട്ടുനില്‍ക്കുന്നതുമായ ഒട്ടേറെ കാര്യങ്ങളുണ്ട് റഷ്യയുമായി. ഇന്ത്യ ഒരിക്കലും അമേരിക്കയുടെ പാവ ആയിരുന്നിട്ടില്ല. ഇന്ത്യയിലെ ബിസിനസ് പൊട്ടന്‍ഷ്യല്‍ കാണും വരെയും ചൈനയോട് കൊമ്പുകോര്‍ക്കുമ്പോള്‍ ഏഷ്യയില്‍ ബദലായി കാണാവുന്ന ഒരു രാജ്യം എന്ന നിലയിലും മാത്രമാണ് അമേരിക്ക ഇന്ത്യയെ കാണുന്നത്. ആത്മാര്‍ത്ഥ സ്‌നേഹം നമ്മളോട് ഉണ്ടാവാനുള്ള സാധ്യതയും ഇല്ല. വിദൂരമായ ഒരു ദേശത്തിന്റെ മിത്രതയേക്കാള്‍ എപ്പോഴും നല്ലത് ഏഷ്യയുടെ ഭാഗവും പരമ്പരാഗത സൗഹൃദമുള്ളതുമായ റഷ്യതന്നെയാണ്. അത് നിലനിര്‍ത്താന്‍ മുന്‍ഗണന നല്‍കും എന്ന സൂചന തന്നെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി ഇന്നു നടത്തിയ യോഗവും. ഡോളറിനുണ്ടാകുന്ന തിരിച്ചടിയില്‍ അങ്കലാപ്പുള്ള അമേരിക്ക തങ്ങള്‍ ഇന്ത്യയെപോലെയും റഷ്യയെപ്പോലെയും  മറ്റൊരു രാജ്യം മാത്രമാണെന്ന് സ്വയം തിരിച്ചറിയാന്‍ ഈ യുദ്ധം സഹായിക്കട്ടെ.

അമേരിക്ക നേതൃത്വം നല്‍കിയില്ലെങ്കിലും ലോകം മുന്നോട്ടുതന്നെ പോകും എന്നവര്‍ അറിയേണ്ടതുണ്ട്.

No comments:

Post a Comment