Friday 15 April 2022

Naradan- A malayalam movie which tells on dirt in visual journalism

 


 നാരദന്‍

 ഹിന്ദു പുരാണങ്ങളിലെ വാര്‍ത്താ പ്രചാരകനാണ് നാരദന്‍. വെറും വാര്‍ത്ത പറയലല്ല അദ്ദേഹത്തിന്റെ രീതി. ഒരാള്‍ പറഞ്ഞത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മറ്റൊരാളില്‍ എത്തിക്കുക, അവര്‍ തമ്മില്‍ പകയുണ്ടെങ്കില്‍ അത് വളര്‍ത്തി പരസ്പ്പര പോരാട്ടമാക്കി മാറ്റുക, അതുകണ്ട് ആസ്വദിക്കുക, ഒക്കെയാണ് ഇഷ്ടന്റെ വിനോദം. എഴുത്തിലൂടെയല്ല, നാവിലൂടെയായിരുന്നു ഈ വാര്‍ത്ത പ്രചരണം എന്നതിനാല്‍ ഇന്നത്തെ വിഷ്വല്‍ മീഡിയയുമായി നാരദനെ ഉപമിക്കുന്നതില്‍ തെറ്റില്ല. നിത്യവും എന്തുമാത്രം നെഗറ്റീവ് ചിന്തകളാണ് സമൂഹത്തിലേക്ക് വാര്‍ത്തചാനലുകള്‍ പ്രസരിപ്പിക്കുന്നത്. വാര്‍ത്ത കണ്ടാല്‍ മനസും ശരീരവും രോഗാതുരമാകും, കണ്ടില്ലെങ്കില്‍ കൂടുതല്‍ പ്രസരിപ്പുണ്ടാകും എന്നതാണ് അവസ്ഥ.

  ആര്‍.ഉണ്ണി എഴുതി ആഷിക് അബു സംവിധാനം ചെയ്ത നാരദന്‍ എന്ന സിനിമ പറയുന്നതും ഇത്തരം അഴുക്കുചാലുകളുടെ കഥയാണ്. വിവധ ചാനലുകളുടെ ഉള്ളിലും പുറത്തുമായി നടക്കുന്ന കുറേ ചീത്തകാര്യങ്ങളാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളും വ്യക്തികേന്ദ്രീകൃത വിഷയങ്ങളും ജേര്‍ണലിസ്റ്റുകളുടെ ഈഗോയും കച്ചവടതാത്പ്പര്യമുള്ള ചാനല്‍ ഉടമകളുമെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നു. ഇന്ന് ജനാധിപത്യത്തിന്റെ മൂന്ന് പില്ലറുകളും ഒടിഞ്ഞുവീണു എന്നും ജുഡീഷ്യറി മാത്രമാണ് അഭയം എന്നുമുള്ള സാധാരണ ജനതയുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.

  മുന്‍കാല ആഷിക് അബു ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍, അദ്ദേഹത്തിന്റെ മോശം ചിത്രങ്ങളുടെ കൂട്ടത്തിലെ നാരദനെ ഉള്‍പ്പെടുത്താന്‍ കഴിയൂ. ആര്‍.ഉണ്ണിയുടെ തിരക്കഥയ്ക്ക് ജീവനില്ലാതെ പോയതാണ് സംവിധായകന് തിരിച്ചടിയായത്. പല ചാനലുകളിലെ അനുഭവങ്ങളുടെ കൂട്ടുചേരലില്‍ ചിത്രം ഒരവിയല്‍ പരുവത്തിലായിപ്പോയി. ടൊവിനോ തോമസും അന്ന ബന്നും ഷറഫുദീനും ജോയ് മാത്യുവും വിജയരാഘവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും രഘുനാഥ് പലേരിയും ഇന്ദ്രന്‍സും രണ്‍ഞ്ജി പണിക്കരും ഉള്‍പ്പെട്ട ഒരു വലിയ താരനിരയുണ്ട് ചിത്രത്തില്‍.

ജാഫര്‍ സാദിക്ക് സിനിമറ്റോഗ്രഫിയും സാജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. കാണുന്നതുകൊണ്ട് വലിയ നഷ്ടമൊന്നുമില്ലാത്ത ചിത്രം എന്നു പറയാം✌

No comments:

Post a Comment