Wednesday 6 April 2022

4 cinemas , 4 feelings -Pada,83,lalitham sundaram,RRR

 

നാല് സിനിമകള്‍ , നാല് അനുഭവങ്ങള്‍

 പട,83,ലളിതം സുന്ദരം, RRR  എന്നവയാണ് ഞാന്‍ ഈയിടെ കണ്ട സിനിമകള്‍. പടയും 83 ഉം നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കുമ്പോള്‍ ലളിതം സുന്ദരം ഒരു കുടുംബത്തില്‍ നടക്കാവുന്ന സാധാരണമായ കാര്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. RRR തികഞ്ഞ ഫിക്ഷനാണ്. ലോജിക്കിനെ കുറിച്ചൊന്നും ചിന്തിക്കാതെ, ഓരോ ഫ്രെയിമിലും എത്ര നന്നായി ഫിലിം ക്രാഫ്റ്റ് ഉപയോഗിച്ചിരിക്കുന്നു എന്നു മാത്രമെ ചിന്തിക്കേണ്ടതുള്ളൂ. എന്നാലും സാങ്കേതികത നമ്മുടെ യുക്തിയെ മൂടുമ്പോള്‍ ഒരു വല്ലായ്ക ഇല്ലാതെ ഇല്ല. RRR തീയറ്ററിലല്ല കാണുന്നതെങ്കില്‍ ആ ചിത്രം കാണാതിരിക്കുകയാണ് ഉചിതം. സിനിമ ജീവിതത്തോടടുത്തു നില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ ആ ചിത്രം കണ്ടാല്‍ നിരാശപ്പെടും.

 ഈ സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായത് പട തന്നെയാണ്. ആദിവാസി ഭൂമി തട്ടിയെടുത്ത അനാദിവാസികള്‍ക്ക് ആ ഭൂമി സ്വന്തമാക്കാന്‍ സഹായിക്കുന്ന നിയമം 1996 ലാണ് പാസാക്കിയത്. 1986 ജാനുവരി 24 വരെ ആദിവാസിയില്‍ നിന്നും ചതിച്ചോ വഞ്ചിച്ചോ വാങ്ങിയ ഭൂമിയില്‍ അനാദിവാസികള്‍ക്ക് അവകാശം നല്‍കാന്‍ തീരുമാനിച്ചത് നായനാര്‍ സര്‍ക്കാരാണ്. ഇതിനായി 1975 ലെ ആദിവാസി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്തപ്പോള്‍ സഭയിലുണ്ടായിരുന്ന 140 എംഎല്‍എമാരും അതിനെ അനുകൂലിക്കയായിരുന്നു. നക്‌സല്‍ പ്രസ്ഥാനങ്ങള്‍ സജീവമായിരുന്ന കാലമാണ്. മുണ്ടൂര്‍ രാവുണ്ണിയുടെ സംഘത്തില്‍പെട്ട രമേശ് കാഞ്ഞങ്ങാടും അജയന്‍ മണ്ണൂരും ബാബു കല്ലറയും വിളയോടി ശിവന്‍കുട്ടിയും ചേര്‍ന്ന് ആദിവാസി അവകാശം ലോക ശ്രദ്ധയില്‍ കൊണ്ടുവരാനായി 1996 ഒക്ടോബര്‍ നാലിന് അന്നത്തെ പാലക്കാട് കളക്ടര്‍ ഡബ്യു.ആര്‍.റെഡ്ഡിയെ തടവിലാക്കി. 9 മണിക്കൂര്‍ നീണ്ട ഈ സംഭവം ഒടുവില്‍ ആദിവാസി പ്രശ്‌നങ്ങളോട് അനുകൂലനിലപാടുള്ള ഒരു വക്കീലിന്റെ മധ്യസ്ഥതയില്‍ ഒത്തുതീരുകയായിരുന്നു. കേസെടുക്കില്ല എന്നു പറഞ്ഞെങ്കിലും ഇവരെയും സഹായിച്ചവരെയും പോലീസ് പിന്നീട് വേട്ടയാടി. പക്ഷെ ആദിവാസി സമരത്തിന് വലിയ ശക്തിയായത് ഈ അയ്യന്‍കാളി പടയുടെ സമരമായിരുന്നു. പലപ്പോഴും വിപ്ലവങ്ങള്‍  ചെറുസംഘങ്ങളുടെ പോരാട്ടങ്ങളാണല്ലോ. അത്തരത്തില്‍ ഒന്നായിരുന്നു ഇതും. ഈ സംഭവത്തിന്റെ മനോഹരമായ ദൃശ്യവിഷ്‌ക്കാരമാണ് പട. 2012 ല്‍ ഇത്തരം ഒരു സാമൂഹിക പ്രശ്‌നം ചര്‍ച്ച ചെയ്ത ഐഡി എന്ന ഹിന്ദി സിനിമയുടെ സംവിധായകന്‍ കെ.എം.കമലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമിര്‍ താഹിറിന്റെ കാമറയും ഷാന്‍ മുഹമ്മദിന്റെ എഡിറ്റിംഗും വിഷ്ണു വിജയയുടെ സംഗീതവും. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും വിനായകനും ദിലീഷ് പോത്തനും പ്രകാശ് രാജുമാണ് പ്രധാന റോളുകളില്‍.

 83 മറ്റൊരു റിയല്‍ സ്റ്റോറിയുടെ ദൃശ്യവിഷ്‌ക്കാരമാണ്. 1983 ലെ ക്രിക്കറ്റ് ലോകക്കപ്പ് ടിവിയില്‍ കണ്ടവരും റേഡിയോയില്‍ കേട്ടവരും പത്രത്തില്‍ വായിച്ചവരും ആവേശത്തോടെ മാത്രമെ ആ കാലം ഓര്‍ക്കുകയുള്ളു. ഇന്ത്യന്‍ ക്രക്കറ്റിനെ ലോകം മാത്രമല്ല,നമ്മുടെ ക്രിക്കറ്റ് അസോസിയേഷനുകളും സര്‍ക്കാരും എല്ലാം എഴുതിത്തള്ളിയിരുന്ന കാലത്താണ് കപിലും സംഘവും അപ്രതീക്ഷിതമായ പ്രകടനത്തിലൂടെ ഒരു സ്വപ്‌ന സാക്ഷാത്ക്കാരത്തിലെത്തിച്ചേര്‍

ന്നത്. അതിന്റെ ആവേശവും ഭയാശങ്കകളും ആകുലതകളും ഇല്ലായ്മകളുമൊക്കെ ഭംഗിയായി കോര്‍ത്തിണക്കിയ ചിത്രമാണ് 83. ഈ വിജയം രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനത്തിന് വലിയ നിമിത്തമായി. ക്രിക്കറ്റിനെ ആവേശമായി ഉള്‍ക്കൊള്ളാന്‍ ഇന്ത്യക്കാരനെ ഈ വിജയം പ്രേരിപ്പിക്കുകയും ചെയ്തു. ഇല്ലായ്മകളുടെ നടുവില്‍ നിന്നും ക്രിക്കറ്റിനെ സമ്പന്നതയിലേക്ക് നയിച്ച ലോകക്കപ്പ് ആവേശം ഉള്‍ക്കൊള്ളുന്നതാണ് ഈ ചിത്രം. കബീര്‍ ഖാനും സുമിത് അറോറയും ചേര്‍ന്നാണ് സംഭാഷണം എഴുതിയിരിക്കുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സിനിമറ്റോഗ്രഫി അസിം മിത്രയുടേതാണ്. എഡിറ്റിംഗ് നിതിന്‍ ബെയ്ജിന്റേതും. രണ്‍വീര്‍ സിംഗാണ് കപില്‍ദേവായി വേഷമിട്ടിരിക്കുന്നത്. നടീനടന്മാരെല്ലാം നല്ല അഭിനയമാണ് കാഴ്ചവച്ചത്.

 ലളിതം സുന്ദരം മധു വാരിയര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ്. നല്ലൊരു സംവിധായകനാണ് മധു എന്ന് ചിത്രം ബോധ്യമാക്കിത്തരുന്നു. അമ്മ മരണപ്പെട്ട രണ്ട് സഹോദരന്മാരും ഒരു സഹോദരിയും അവരുടെ അച്ഛനും ഉള്‍പ്പെടുന്ന കുടുംബത്തിലെ സ്‌നേഹവും സങ്കടങ്ങളും അബദ്ധങ്ങളും തെറ്റിദ്ധാരണകളും മനോഹരമായി കോര്‍ത്തിണക്കിയ ചിത്രമാണ് ലളിതം സുന്ദരം. രഘുനാഥ് പലേരിയംു ബിജു മോനോനും മഞ്ജു വാരിയരും ഷൈജു കുറുപ്പും ദീപ്തി സതിയും അനു മോഹനും രമ്യ നമ്പീശനും സുധീഷുമൊക്കെ നല്ല അഭിനയം കാഴ്ചവച്ച ചിത്രം. സിനിമറ്റോഗ്രഫി പി.സുകുമാരനും ഗൗതം ശങ്കറും,എഡിറ്റിംഗ് ലിജോ പോളും സംഗീതം ബിജിബാലും നിര്‍വ്വഹിച്ചിരിക്കുന്നു.

  ബാഹുബലി തയ്യാറാക്കിയ എസ്.എസ്.രാജമൗലിയുടെ മറ്റൊരു ദൃശ്യവിരുന്നാണ് RRR.അച്ഛന്‍ കെ.വി.വിജയേന്ദ്ര പ്രസാദുമായി ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തില്‍ പ്രധാന അഭിനേതാക്കള്‍ ജൂനിയര്‍ എന്‍.ടി.രാമറാവു,രാം ചരണ്‍, റേ സ്റ്റീവന്‍സണ്‍,അലിസണ്‍ ഡൂഡി,ഒളിവിയ മോറിസ്, അജയ് ദേവഗണ്‍,അലിയ ഭട്ട്,ശ്രേയ ശരണ്‍,സമുദ്രക്കനി തുടങ്ങിയവരാണ്. ഓരോ ഫ്രയിമും മനോഹരമായി തയ്യാറാക്കിയ ചിത്രത്തിന് പറയാനുള്ളത് 1920-30 കാലഘട്ടത്തിലെ കഥയാണ്. അതിനായി അക്കാലത്ത് ജീവിച്ചിരുന്ന രണ്ട് സ്വാതന്ത്യസമര പോരാളികളുടെ പേര് ഉപയോഗിച്ചിരിക്കുന്നു. അത് അല്ലൂരി സീതാരാമരാജുവും കോമരം ഭീമുമാണ്. ആദിവാസികളെ ഉപദ്രവിക്കുകയും അവര്‍ക്ക് ഭൂമിയും നീതിയും നിഷേധിക്കുകയും ചെയ്ത  ബ്രിട്ടീഷുകാരെ രണ്ടു വര്‍ഷത്തിലേറെ വിറപ്പിച്ച ആളാണ് അല്ലൂരി. അദ്ദേഹം പോലീസ് സ്‌റ്റേഷനുകള്‍ കൊള്ളയടിക്കുകയും ആയുധങ്ങള്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയും ബ്രിട്ടീഷ് പോലീസിനെ കൊല ചെയ്യുകയും ചെയ്തിരുന്നു. ഗോണ്ട് ട്രൈബിന്റെ നേതാവായിരുന്നു കോമരം ഭീം. ജല്‍,ജംഗള്‍, സമീന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പോരാട്ടം നടത്തിയ വ്യക്തിത്വമാണ് അദ്ദേഹം. ഇവരുടെ പേര് മാത്രമെ ചിത്രത്തിനായി ഉപയോഗിച്ചിട്ടുള്ളു. കഥ തികഞ്ഞ ഫിക്ഷനാണ്. അതിലേക്ക് ത്രേതായുഗത്തിലെ രാമനെയും ദ്വാപരയുഗത്തിലെ ഭീമനെയുമൊക്കെ കൊണ്ടുവന്ന്, സിനിമയ്ക്കാവശ്യമായ മസാലകളും വലിയ ആള്‍ക്കൂട്ടങ്ങളും ത്രിഡി ചിത്രത്തിനാവശ്യമായ ദൃശ്യസാധ്യതകളുമൊക്കെ ഉപയോഗിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിശയോക്തിയും അമാനുഷികതയുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. മിക്ക ഫ്രെയിമിലും നമ്മള്‍ ചിന്തിക്കുക ഇതായിരിക്കും, ഒരു മനുഷ്യന് ഇതെങ്ങിനെ സാധിക്കും?? ജീവിത കഥകള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കായി തയ്യാറാക്കിയിട്ടുള്ളതല്ല ഈ ചിത്രം. അതുകൊണ്ടുതന്നെ ഓരോ ഫ്രയിമും ഉണര്‍ത്തുന്ന അത്ഭുതങ്ങള്‍ക്കപ്പുറത്തേക്ക് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല. ചിത്രം പകുതി ആയപ്പോള്‍ തന്നെ സിനിമ തീര്‍ന്നു എന്നാണ് ഞാന്‍ ആദ്യം കരുതിയത്. ഹോളിവുഡ് ചിത്രങ്ങള്‍ ഇഷ്ടമല്ലാത്ത എനിക്ക് ബാഹുബലി പോലെ ആസ്വാദ്യകരമായില്ല RRR. കെ.കെ.സെന്തില്‍ കുമാറിന്റെ സിനിമറ്റോഗ്രഫിയും ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗും എം.എം.കീരവാണിയുടെ സംഗീതവും സാബു സിറിളിന്റെ കലാസംവിധാനവുമൊക്കെ മികച്ചു നില്‍ക്കുന്നു.

 




No comments:

Post a Comment