Monday 11 April 2022

Bheshmaparvam - Malayalam movie - a review

 


 ഭീഷ്മപര്‍വ്വം

 അഞ്ഞൂറ്റി കുടുംബത്തിലെ കരുത്തനായ നാഥന്‍ മൈക്കിളും അയാളുടെ മൂത്ത സഹോദരന്‍ മരണപ്പെട്ട പൈലിയുടെ ഭാര്യ ഫാത്തിമയും മക്കളും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ബാന്ധവം ശക്തമായ പ്രമേയമാകുന്നതുകൊണ്ടാവാം ചിത്രത്തിന് അമല്‍ നീരദ് ഭീക്ഷ്മപര്‍വ്വം എന്ന തലക്കെട്ടുകൂടി നല്‍കി ചിത്രം പൂര്‍ത്തിയാക്കിയത്.
 
 കുടുംബങ്ങള്‍ തമ്മിലുള്ള പകയും കുടുംബങ്ങളിലെ ഉള്‍പ്പോരും നൂറുകണക്കിന് സിനിമകളില്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ വീണ്ടും വീണ്ടും ഇതൊക്കെത്തന്നെയല്ലാതെ, സിനിമയ്ക്കായി മനുഷ്യാതീതമായ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയില്ലല്ലോ. അതിനാല്‍ അവതരണത്തിലെ വ്യത്യസ്തതകളാണ് ഇത്തരം ചിത്രങ്ങളെ ആകര്‍ഷകമാക്കുന്നത്.

 രജനികാന്തും മമ്മൂട്ടിയും ഒരേ പ്രായക്കാരാണ്. രണ്ടു പേരും ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഇവരെക്കൊണ്ടിതൊക്കെ ആവുമോ എന്ന് പ്രേക്ഷകര്‍ ചിന്തിക്കാറില്ല. ഈ ചിത്രത്തിലും അതങ്ങിനെതന്നെ. വ്യത്യസ്തമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മാനറിസങ്ങളും അവതരണരീതിയും കൊണ്ടാണ് ഈ മമ്മൂട്ടിചിത്രം  ശ്രദ്ധേയമാകുന്നത്. അമല്‍ ആ സാധ്യതകള്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്.

 നിയമസംവിധാനങ്ങള്‍ക്കും പോലീസിനുമൊന്നും തീരെ സാധ്യതകളില്ലാത്ത ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നതെന്ന് പ്രേക്ഷകര്‍ സങ്കല്‍പ്പിക്കണം. നന്മയുടെ വഴികള്‍ മൈക്കിള്‍ നിശ്ചയിക്കും.തിന്മകളെ മൈക്കിള്‍ ഇല്ലായ്മ ചെയ്യും. എത്ര അടിയും വെട്ടും കൊണ്ടാലും ചോര തെറിച്ചാലും ഭീക്ഷ്മരെപോലെ മൈക്കിള്‍ അങ്ങിനെ നില്‍ക്കും.

 ദുഷ്ടന്മാര്‍ ഒത്തുകൂടി ശിഷ്ടനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ദുഷ്ടന്മാര്‍ കാലപുരി പൂകുന്നു. പൈലിയില്‍ നിന്നും കൈമാറി കിട്ടിയ അധികാരദണ്ഡ് മൈക്കിള്‍ അടുത്ത തലമുറയിലെ അജാസ് അലിക്ക് കൈമാറുന്നു. ശുഭപര്യവസായിയാണ് ചിത്രം.

 തീരെ മുഷിവില്ലാതെ കണ്ടിരിക്കാവുന്ന ഒരു മമ്മൂട്ടി ചിത്രം. സൗബിന്‍ നല്ലൊരു നടനാണെങ്കിലും അജാസ് എന്ന കഥാപാത്രം ഷൈന്‍ ടോം ചാക്കോയുടെ പീറ്റര്‍ എന്ന കഥാപാത്രത്തെയും ഫര്‍ഹാന്‍ ഫാസിലിന്റെ പോള്‍ എന്ന കഥാപാത്രത്തെയും ഒറ്റയ്ക്ക് നേരിടുന്നതൊക്കെ ഒഴിവാക്കാമായിരുന്നു. അയാളുടെ ഒപ്പം വരുന്ന ഗുണ്ട സംഘത്തെ അടിപിടിയില്‍ പങ്കെടുപ്പിച്ചാല്‍ മതിയായിരുന്നു. അഭിനേതാക്കള്‍ മൊത്തത്തില്‍ മികച്ചുനിന്ന ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയം സുഷിന്‍ ശ്യാമിന്റെ സംഗീതം തന്നെയാണ്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നെഴുതി അമല്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ആനന്ദ്.സി.ചന്ദ്രന്റെ സിനിമറ്റോഗ്രഫിയും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും എടുത്തുപറയേണ്ടവയാണ്. വിനായക് ശശികുമാറും റഫീക് അഹമ്മദുമാണ് ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്.

No comments:

Post a Comment